ഭാഗം 1
നേരം നാലുമണി അടുക്കുന്ന സമയം, പോക്കു വെയിൽ തന്റെ ദൗത്യം നിറവേറ്റികൊണ്ട്, തെല്ലൊരു വിരഹവേദനയോടെ പോകാൻ മടിച്ചു നിൽപ്പുണ്ടായിരുന്നു. അതൊന്നും വക വെക്കാതെ 'നന്ദന' തന്റെ വീടിന്റെ ഉമ്മറ വശത്തേക്കുള്ള വാതിൽ തുറന്നു.
നന്ദനയുടെ ആഗമനത്തിൽ അനിലൻ ഓടി കിതച്ചെത്തി അവളെ പുൽകിയെങ്കിലും, പിടിത്തംവിട്ട് വീടിന്റെ അകത്തേക്ക് കയറാൻ വെമ്പൽ കൊണ്ടു. നന്ദന ഇപ്പോ ശരിയാക്കി തരാം എന്ന് മനസ്സിൽ കുസൃതിയോടെ പറഞ്ഞു കൊണ്ട് പൂമുഖ വാതിൽ വലിച്ചടച്ചു. മന്ദം മന്ദമായി ഇന്റർ ലോക്ക് ചെയ്ത വിശാലമായ് പരന്നു കിടക്കുന്ന ഇടത്തിലൂടെ കടന്ന് പടിഞ്ഞാറെ വശത്തുള്ള ഉദ്യാനത്തിൽ എത്തി. അവിടെയുള്ള സിമന്റ് ബെഞ്ചിൽ നിറയെ പാരിജാതം കൊഴിച്ചിട്ട, സൗരഭ്യം പരത്തിയ പൂവുകളും, ഇലകളും, വേർപാടിന്റെ ആലസ്യത്തിൽ കിടപ്പുണ്ടായിരുന്നു. എന്തുകൊണ്ടോ അവയൊന്നും തൂകി കളയാതെ നന്ദന അവിടെ നിലയുറപ്പിച്ചു. പൂന്തോട്ടത്തിലെ പുതിയ അതിഥികളെ അലസ്യമായി കണ്ണോടിക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും എന്നും ഇതേ സമയത്ത് വരാറുള്ള റെഡ്കളർ ബി എം ഡബ്ലിയു കാറിന്റെ നേർത്ത ശബ്‌ദം അവരുടെ കാതിൽ വന്നലച്ചതിനാൽ നന്ദന വേഗത്തിൽ എണീറ്റ് പാഞ്ഞു ഗേറ്റ് തുറന്നു പുറത്തിറങ്ങി.
വേണുവിന്റെ കാർ ഒഴുകി ഒഴുകി അവസാനം വന്നു നിന്നത് നന്ദനയുടെ അടുത്തായിരുന്നു. അയാൾ ഡോർ തുറന്നു പുഞ്ചിരിയോടെ പുറത്തിറങ്ങി.
"ഞാൻ നേരം വൈകിയില്ലല്ലോ?"അയാൾ ബാക്ക് ഡോർ തുറന്നു തന്റെ ബാഗിൽ നിന്ന് ഒരു പുസ്തകം പുറത്തെടുത്തു. എന്നിട്ട് ഡോർ അടച്ചു പുസ്തകം നന്ദനക്ക് സമ്മാനിച്ചു.
പ്രകാശന ചടങ്ങ് അല്പം വൈകി. ഗോപുസുന്ദർ സാറിന്റെ വൈഫ് ഹോസ്പിറ്റലിൽ. അവസാനം സേതു രാമൻ മാഷ് ആണ് പ്രകാശന ചടങ്ങ് നിർവഹിച്ചത്. വേണു മാഷ് തന്റെ കയ്യിലുള്ള കർചീഫ് എടുത്തു നെറ്റി തുടച്ചു കൊണ്ട് പറഞ്ഞു. അയാൾ കൂളിംഗ് ഗ്ലാസ് ഇട്ടത് കാരണം അയാളുടെ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ പിടിച്ചെടുക്കാൻ കഴിയാതെ നന്ദന ഉഴറി നിന്നു.
"വണ്ടി മാഷിന്റെ പോർച്ചിൽ തന്നെ ഒതുക്കി ഇട്ടോളൂ, നമുക്ക് ചെറിയമ്മയോട് തണുത്തതെങ്കിലും എടുക്കാൻ പറയാം."
"ഒക്കെ...ഞാനിതാ വരുന്നു." അതും പറഞ്ഞു അയാൾ തന്റെ വണ്ടി ഗേറ്റ് തുറന്ന് 'നന്ദനം'എന്ന വീടിന്റെ ഇടത്തെ സൈഡിൽ കൂടി കൊണ്ട് പോയി പാർക്ക് ചെയ്തു.
ഇതേ സമയം 'നന്ദന'തന്റെ വീടിന്റെ അകത്തേക്ക് കയറി ചെറിയമ്മയോട് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു, പിന്നെ സ്വീകരണ മുറിയിൽ ഇരുന്നു കൊണ്ട് തന്റെ കയ്യിലുള്ള 'സ്നേഹപൂർവ്വം എന്റെ നന്ദനക്ക്' എന്ന പുസ്തകത്തിന്റെ പുറം ചട്ട പരിശോധിക്കുകയായിരുന്നു. പിന്നെ അതിന്റെ വക്കുകൾ വലത്തോട്ട് പായിപ്പിച്ചു കൊണ്ട് അതിൽ നിന്ന് വരുന്ന പുതു പുസ്തകത്തിന്റെ ഗന്ധം തന്റെ നാസികയോട് ചേർത്ത് കൊണ്ട് പതുക്കെ ആസ്വദിച്ചു വലിച്ചു.
"നന്ദു...ഒന്നിങ്ങോട്ട് വന്നേ..."വീടിന്റെ ഉമ്മറത്തു നിന്ന് മാഷിന്റെ വിളി കേട്ടതിനാൽ നന്ദന പെട്ടെന്ന് പുറത്തെത്തി. എന്നിട്ട് ചോദിച്ചു.
"എന്താ മാഷേ...."
"നീ ഇത് കണ്ടോ?മുല്ല വള്ളികൾ പുഷ്പിച്ചിരിക്കുന്നു."
"ഇല്ല... ഞാൻ ശ്രദ്ധിച്ചില്ല... ഞാനിന്ന് മാഷിന്റെ പുസ്തക പ്രകാശത്തിന്റെ ഹാങ്ങ് ഓവറിൽ ആയിരുന്നു."
"നല്ല ആളാ... നമ്മൾ എത്ര ദിവസമായി മുല്ല വള്ളികൾ പെറ്റിടുന്നത് കാത്തിരിക്കുന്നു."
നന്ദന കൗതുകത്തോടെ പല വർണത്തിലുള്ള ജെറാനിയം കടന്ന്,വിരിഞ്ഞു നിരനിരയായി നിൽക്കുന്ന സൂര്യകാന്തിയെ ഒന്ന് തലോടി , മതിലിന്റെ ചുവട്ടിലായി മുല്ല വള്ളികൾ പടർന്നു പന്തലിച്ചു പൂവിട്ടു നിൽക്കുന്ന സ്ഥലത്തെത്തി.പിന്നെ വള്ളികളെയോ, പൂവിനെയോ, നോവിക്കാതെ, ഹർഷ പുളകിതയായി കുനിഞ്ഞു നിന്ന് മുല്ല പൂവിന്റെ ഗന്ധം ആസ്വദിച്ചു. മാഷും അവളെ അടുത്തു തന്നെ ഉണ്ടായിരുന്നു.
"കുട്ടിയേളേ..."ചെറിയമ്മ അകത്തു നിന്ന് വിളിക്കുന്നുണ്ടായിരുന്നു.
"ഇതാ വരുന്നു, ചെറിയമ്മേ, ഒരു സർപ്രൈസ് ഉണ്ട്,"നന്ദന വാതിൽക്കൽ നിൽക്കുന്ന ചെറിയമ്മയെ നോക്കി വിളിച്ചു പറഞ്ഞു.
"ഞാൻ കണ്ടതാ..."നല്ല മംഗോ ജ്യൂസ് എടുത്തു വെച്ചിട്ടുണ്ട്, വേഗം വാ..."
ഹാളിൽ ഇരുന്നു കൊണ്ട് വേണുവും, നന്ദനയും ജ്യൂസ് മൊത്തി കുടിക്കുന്നതും നോക്കി ചെറിയമ്മ അവിടെ തന്നെ നിൽക്കുന്നത് കണ്ട് വേണു, നന്ദനയോട് ചോദിച്ചു.
"എന്റെ പുസ്തകത്തെ കുറിച്ചു നീ ചെറിയമ്മയോടെ പറഞ്ഞില്ലേ..."
"ഇല്ല ഞാൻ സർപ്രൈസ് ആക്കി വെച്ചതായിരുന്നു,ചെറിയമ്മയെന്ന പുസ്തക പുഴുവിന് എന്റെ വായന കഴിഞ്ഞിട്ടേ ഞാൻ കാണിക്കുകയുള്ളൂ എന്ന് വിചാരിച്ചിരുന്നു."
"മതി എനിക്കത് മതി തിരക്കിട്ട് വായിക്കുന്നത് എനിക്കിഷ്ടമില്ല, ഐസ് ക്രീം നുണയും പോലെ നുണഞ്ഞു, നുണഞ്ഞു എനിക്ക് വായിക്കണം. എന്നാലേ വായനയുടെ മാന്ത്രിക ലോകത്തിലെ അപ്സരസുകളായി നീന്തി തുടിക്കാൻ കഴിയുകയുള്ളൂ..."
ചെറിയമ്മ പറയുന്നത് കേട്ട് നന്ദന കൊച്ചു കുട്ടികളുടെ കൗതുക കണ്ണുകളോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
"എന്നാൽ ഞാൻ ഇറങ്ങട്ടെ... എനിക്ക് കുറച്ചു വർക്ക് പെന്റിങ് ഉണ്ട്. പുസ്തകം എഴുത്ത് പ്രമാണിച്ചു ഞാൻ കുറച്ചു ദിവസം കോളേജിൽ നിന്ന് ലീവ് എടുത്തത് പാരയായി, പ്രിൻസിപ്പാൾ സർ,കുട്ടികൾക്ക് മാത്‍സ് ഒന്നും മനസിലാവുന്നില്ല, ട്യൂഷൻ എടുക്കേണ്ടി വരുമെന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ നിന്ന് തിരിയാൻ സമയമുണ്ടാവില്ല."
"അപ്പോൾ യോഗ ചെയ്യേണ്ടേ"നന്ദിനി അയാളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
ആ കണ്ണുകളിൽ നിന്ന് നിർഗമിക്കുന്ന കാന്തിക ശക്തി നേരിടാനാവാതെ അയാൾ കണ്ണുകൾ പിൻവലിച്ചു. എന്നിട്ട് കൂൾ അഭിനയിച്ചു കൊണ്ട് പറഞ്ഞു,
"നന്ദൂ...ഞാൻ പോയി ഫ്രഷ് ആവട്ടെ!എന്നിട്ട് വരാം."
"അത്തായത്തിനുള്ള ചിട്ട വട്ടങ്ങളൊന്നും ഇന്ന് നോക്കേണ്ടട്ടൊ വേണൂ... ഞാൻ ചപ്പാത്തി ഉണ്ടാക്കാം... ഫ്രഷ് ആയി വന്നോളൂ... "ചെറിയമ്മ പറഞ്ഞു.
"ചെറിയമ്മ ബുദ്ധിമുട്ടണമെന്നില്ല!ഒരു തട്ടികൂട്ട് ഉപ്പുമാവ് ഞാൻ പെട്ടെന്ന് റെഡിയാക്കും."
"മ്മ്.. റെഡിയാക്കും! പൂപ്പൽ പിടിച്ച ബ്രെഡ് ചവച്ചരച്ചു ഒരു ഗ്ലാസ് വെള്ളവും കുടിച്ചു മാഷ് വയർ നിറയ്ക്കും, ഇതാണ് സംഭവിക്കാൻ പോകുന്നത്. നന്ദന ചിരിയോടെ പറഞ്ഞു."
"ഞാൻ വന്നേക്കാവേ... അതും പറഞ്ഞ് വേണു യാത്രയായി."
'നന്ദന' മാഷിന്റെ, 'സ്നേഹപൂർവ്വം എന്റെ നന്ദനക്ക് ' എന്നെഴുതിയ പുറം ചട്ടയിലേക്ക് നോക്കി അല്പനേരം ഇരുന്നു. ഒരു വൃക്ഷകൊമ്പിൽ രണ്ട് ഇണപ്രാവുകൾ ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്, ചിറകുകൾ അടിയിലേക്ക് ഒരു വൃത്തം പോലെ, അതിന്റെ നടുവിലായി പ്രണയപൂർവ്വം നോക്കി നിൽക്കുന്ന ഒരു യുവാവും, യുവതിയും.
വേണുഗോപാലൻ നല്ലൊരു എഴുത്തുകാരനാണ്. നോവലുകൾ, ചെറുകഥകൾ ഒക്കെയായി ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈയിടെയായി എല്ലാത്തിനും ഒരു ഗ്യാപ് വന്നിരിക്കുന്നു. ഒന്നിനും ഒരു ഉന്മേഷമില്ലായ്മ...
വേണുവിന്റെ തൂലികയിൽ വിരിഞ്ഞിറങ്ങുന്ന ഓരോ സൃഷ്‌ടിയുടെ ആരാധകരാണ്, നന്ദനയും, ചെറിയമ്മയും.അയാളുടെ മൂകാവസ്ഥ പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ആ കണ്ണുകളിൽ കാണാറുള്ള തിളക്കത്തിനും, മുഖത്ത് കാണാറുള്ള ചൈതന്യത്തിനും അല്പം മങ്ങൽ ഏറ്റിട്ടുണ്ടോ എന്ന് സംശയം, എന്നും രാവിലെ എണീറ്റ് ഫ്രഷ് ആയി വേണുവിന്റെ വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള നന്ദനയുടെ വീട്ടിൽ എത്തുന്നത്, എക്സെസൈസ്, യോഗ, ഉദ്യാന പരിപാലനം ഒക്കെ മുന്നിൽ കണ്ടാണ്. നന്ദനയെ കൊണ്ട് ചെയ്യിക്കുക എന്നതാണ് പ്രധാനം. കൂട്ടായി, അവളുടെ ചെറിയമ്മ ദേവയും, ഉണ്ടായിരിക്കും.
ഒരു ദിവസം ചെറിയമ്മയാണ് വേണുവിനോട് ചോദിച്ചത്.
"വേണു... കുട്ടിയേ... ഈ എഴുത്ത് എന്ന് പറയുന്നത് എല്ലാവർക്കും കിട്ടുന്ന സിദ്ധിയല്ല. അത് കുട്ടിക്ക് കിട്ടിയിട്ടുണ്ട് താനും, നീ എന്തിന് എഴുത്ത് നിർത്തി, നിനക്ക് എഴുതികൂടെ, ഈയിടെയായി നീ കൂടുതൽ ഡെസ്പ് ആയിരിക്കുന്നു. ഒന്ന് റീലാക്സ് ആവൂ..."
"കാരണം ചെറിയമ്മക്ക് തന്നെ അറിയാമല്ലോ, ഇപ്പോൾ തോന്നുക, നമ്മുടെ വിധി മുഴുവൻ മാറ്റി മറിച്ച ആ ഷോക്ക് നന്ദനയെക്കാളും എന്നെയാണ് ബാധിച്ചത് എന്ന്.അതിനു ശേഷം നന്നായി ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല എനിക്ക്."
അടുത്തിരിക്കുന്ന നന്ദന ഒന്നും മനസ്സിലാകാത്ത രൂപത്തിൽ വേണുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
"എന്താ മാഷിന് വല്ല പ്രണയ നൈരാശ്യമെങ്ങാൻ?
അത് കേട്ട് വേണുവും, ചെറിയമ്മയുടെയും മുഖത്ത് ഞെട്ടൽ പ്രകടമായി. പെട്ടെന്ന് എന്തോ ഓർമ ഓർത്തെടുത്തത് പോലെ നന്ദന പറഞ്ഞു.
"മാഷിന്റെ 'ദേവയാനി'എന്ന നോവൽ ഇല്ലേ... അത് പോലെ എന്നെ കുറിച്ചു ഒരു നോവൽ എഴുതുമോ?"
നന്ദനയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് മാഷ് വീണ്ടും ഞെട്ടി പോയി.
ഭാഗം 2
വേണു എങ്ങിനെ ഞെട്ടാതിരിക്കും, അയാളുടെ മനസ്സിൽ മാസങ്ങളായി നന്ദന എന്നെഴുതിയ ഒരു പട്ടുറുമാൽ രൂപം കൊണ്ടിരിക്കുന്നു, അതിനെ അലങ്കരിക്കാനായി സ്വർണ ലിപികൾ ഉരുക്കിയെടുക്കുമ്പോൾ, പൂർണത കിട്ടാത്ത അവസ്ഥ.
പുസ്തകത്തിന് 'സ്നേഹപൂർവ്വം എന്റെ നന്ദനക്ക് 'എന്ന പേരു കൊടുത്തിട്ട് വരികൾ ഒന്നും കിട്ടാത്ത അവസ്ഥ. വാക്കുകൾ ഓരോന്നും ബ്ലോക്ക് ആയപ്പോൾ ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി. ഉറക്കം നഷ്ടപ്പെട്ടു. ഉറങ്ങാനുള്ള ടാബ്ലറ്റ് കഴിച്ചു. അവസാനം സുഹൃത്ത് ആയ സൈക്കോളജിസ്റ്റ് 'കിരൺദാസ്' തന്നെ വേണ്ടി വന്നു, ഒരു സൊല്യൂഷൻ കണ്ടെത്താൻ.
"മാഷെന്താ....ഉത്തരം മുട്ടിയിരിക്കുന്നത്. ഞാൻ ചോദിച്ചത് കേട്ടില്ലെന്ന് ഉണ്ടോ?.എന്നും അവൾ നോക്കുന്നത് പോലെ അയാളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കികൊണ്ട് അവൾ ചോദിച്ചു.ആ നോട്ടത്തെ നേരിടാനാവാതെ സാധാരണയായി അയാൾ തന്റെ കണ്ണുകളെ പിൻവലിക്കുകയാണ് ചെയ്യാറ്, ഇത്തവണ എന്ത് കൊണ്ടോ അയാൾക്ക് പിൻവലിക്കാൻ സാധിച്ചില്ല, തെല്ലൊരു അലിവോടെ വേണു ചോദിച്ചു.
"നന്ദൂ... നിന്നെ കുറിച്ച് ഞാൻ എന്തെഴുതും.
"ഒന്നും അറിയില്ലാന്ന് ഉണ്ടോ? ചെറിയമ്മ പറഞ്ഞിട്ടില്ലേ!ആക്ഡിഡന്റിൽ ന്റെ അച്ഛനും, അമ്മയും മരിച്ചത്! എനിക്ക് ആരുമില്ലാതായത്! എന്റെ കഥതന്നെ ഒരു നോവലോളം വരില്ലേ?
മാഷേ... അവൾ അയാളെ വിളിച്ചു."
അയാൾ കണ്ണുകൾ കൊണ്ട് തന്നെ എന്തെ... എന്ന് ചോദിച്ചു.
"ഇപ്പോ ഞാൻ അച്ഛനുമമ്മയെ കുറിച്ചോർത്തു സങ്കടപെടാറില്ല. അവര് രണ്ട് പേരും ഒരുമിച്ച് ഉണ്ടല്ലോ! സ്വർഗത്തിൽ അവരങ്ങനെ കഴിയട്ടെ!"
അയാൾ അവളുടെ മുഖത്തേക്ക് വേദനയോടെ നോക്കി. ആ മുഖത്തെ ഭാവം അറിയാനായി, എന്നാൽ ആ മുഖത്ത് നിറയെ സന്തോഷം തന്നെയായിരുന്നു.
"എന്നാൽ കേട്ടോളൂ... നന്ദൂ.. ഞാൻ ഇനി പുതിയൊരു കഥയുടെ പണിപ്പുരയിൽ ആയിരിക്കും, പേര്, സ്നേഹപൂർവ്വം എന്റെ നന്ദനക്ക് " നന്ദനക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു, അവൾ ഒട്ടും ആലോചിക്കാതെ പെട്ടെന്ന് വേണുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.
വല്ലാത്തൊരു ഷോക്കേറ്റ അവസ്ഥ പോലെ വേണു ഒന്ന് പിന്നോട്ട് മാറി, ആ കണ്ണിൽ നിന്ന് കണ്ണീര് ഉരുണ്ടു ചാടി അയാളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നന്ദന അകത്തേക്ക് പാഞ്ഞു.
നന്ദനയോട് വാക്ക് കൊടുത്തെങ്കിലും എഴുത്തിന് ഒരിക്കലും ഒഴുക്ക് വന്നിരുന്നില്ല.എവിടെനിന്ന് തുടങ്ങണം, എന്ത് തുടങ്ങണമെന്നറിയാതെ പല നാളുകൾ, അവസാനം കോളേജിൽ നിന്ന് ലീവ് എടുത്തു, കാരണം അയാൾക്ക് മുന്നോട്ടുള്ള ജീവിതത്തിന് അത് എഴുതിയേ മതിയാകുമായിരുന്നുള്ളൂ.
വേണു തന്റെ കയ്യിൽ നോവൽ തന്ന് ജ്യൂസും, കുടിച്ചു പോയതിനു ശേഷം, നന്ദന പെട്ടെന്ന് മേൽ കഴുകി, എന്നിട്ട് വല്ലാത്തൊരു ആകാംക്ഷയോടെ ബുക്ക്‌മായി തന്റെ ബെഡിൽ എത്തി,പില്ലോ ചെരിച്ചു വെച്ചുകൊണ്ട് വിറക്കുന്ന കൈയ്യോടെ, നെഞ്ചിടിപ്പോടെ അവൾ പേജുകൾ മറിച്ചു.തന്റെ കഥ!തന്റെ കഥ എഴുതാന്ന് അല്ലെ മാഷ് പറഞ്ഞത്. അവൾ ചിന്തിച്ചു.എന്നിട്ട് പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു. പിന്നെ വായിക്കാൻ തുടങ്ങി.
ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് കറക്റ്റ് ചെയ്യുന്നതിനിടയിൽ ആണ് 'നന്ദന മുരളി ദാസ് 'എന്ന കുട്ടിയുടെ ആൻസർ ഷീറ്റ് വേണുഗോപാൽ എന്ന മാഷിന്റെ കണ്ണിൽ ഉടക്കിയത്, അതിൽ ഒരു ആൻസറും ശരിയല്ല എന്നു മാത്രമല്ല, പൊട്ടതെറ്റുമായിരുന്നു.വേണു സാറെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.കുട്ടികളുടെ മുന്നിൽ എത്ര തൊണ്ട പൊട്ടിയിട്ടാണ് ഓരോന്ന് പഠിപ്പിക്കുന്നത്, കൂടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ്.ആൻസർ ഷീറ്റ് വിതരണം ചെയ്തപ്പോൾ നന്ദനയുടെ ഷീറ്റ് പിടിച്ചു വെച്ചു, സ്റ്റാഫ് റൂമിലേക്ക് വരാൻ പറഞ്ഞു.
വിറക്കുന്ന കാലുകളോടെയായിരിക്കും നന്ദന സ്റ്റാഫ് റൂമിലേക്ക് വരുകയെന്നാണ് വേണു സാർ, വിചാരിച്ചത്,എന്നാൽ ആ മുഖത്തുള്ള തിളങ്ങുന്ന ആ കണ്ണുകളിൽ ഭയത്തിന്റെ ഒരു ലാഞ്ചന പോലുമില്ല.ചുണ്ടിൽ ഇളം പുഞ്ചിരി തത്തി നിന്നിരുന്നു.
അവളുടെ മുഖം കണ്ടപ്പോൾ വേണുസാറിന്റെ ദേഷ്യമൊക്കെ എങ്ങോ വഴി മാറി. അയാൾ അവളോട് സ്നേഹത്തിൽ ചോദിച്ചു.
"കുട്ടിക്ക് ഞാൻ എടുക്കുന്നതൊന്നും മനസ്സിലാവുന്നില്ലേ."
"ഇല്ല സാർ... ഉണ്ട്," അവൾ മറുപടി പറഞ്ഞു.
ഏതെങ്കിലും ഒന്ന് പറയൂ. സത്യത്തിൽ മാഷേ... എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു. ആരും അയാളെ മാഷ് എന്ന് വിളിക്കാറില്ലായിരുന്നു. അത് അയാളെ അമ്പരിപ്പിച്ചു. സ്റ്റാഫ് റൂമിൽ വെച്ച് തന്നെ എല്ലാ ആൻസറും വേണു സാർ അവളെ കൊണ്ട് ചെയ്യിച്ചു. അപ്പോളും അവളുടെ തിളങ്ങുന്ന കണ്ണുകൾ അയാളുടെ മുഖത്തേക്ക് നോക്കി എ ന്തൊക്കൊയോ വരച്ചടുക്കുന്നത് പോലെ അയാൾക്ക് തോന്നി. പലപ്പോഴും അത് നേരിടാനാവാതെ അയാൾ കണ്ണുകൾ താഴ്ത്തി.
ക്ലാസ്സ് റൂമിൽ നിന്ന് ക്ലാസ്സ് എടുക്കുമ്പോളും ആ കണ്ണുകളുടെ കാന്തിക രശ്മികളുടെ ദീപ്തി തന്നിൽ, തന്റെ കണ്ണുകളെ, കൊളുത്തി വലിക്കുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.
താൻ ഒരു അദ്ധ്യാപകൻ ആണ്. വിവരമുള്ളവനെ കണ്ടെത്തി പഠിപ്പിക്കുന്നതല്ല അധ്യാപക ധർമ്മം. ദിശാബോധമില്ലാത്തവരെ ബോധവാന്മാർ ആക്കുകയും നേരിന്റെയും അറിവിന്റെയും പാത തെളിയിക്കുകയും ചെയ്യുന്നതാണ് ശരിയായ അധ്യാപക ധർമ്മം.
ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാൾക്ക് അറിവും ജീവിതവും പകർന്നു നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ അധ്യാപകർ എന്ന് വിളിച്ചിട്ട് എന്ത് കാര്യം.അയാളുടെ മനസ്സിൽ ഓരോന്നു തെളിഞ്ഞു വന്നു.
എന്നാൽ..പിന്നീട് അങ്ങോട്ട് നടന്നത്, വേണുവിന്റെ ജീവിതത്തിൽ ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ ആയിരുന്നു.
ലാസ്റ്റ് ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത്തിനു മുമ്പായി, എപ്പോഴോ അതിഥിയായെത്തിയ തലവേദന കലശമായിയെന്ന് തോന്നിയപ്പോൾ ഒരു ചായ കുടിക്കാനായി നേരെ കാന്റീൻലേക്ക് നടന്നു.ചായ പറഞ്ഞ് വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് അയാളുടെ മുന്നിലെ സീറ്റിലേക്ക് അവളും വന്നിരുന്നത്.
"ന്റെ മാഷേ...അവൾ ചിരകാല പരിചിതപോലെ തെളിഞ്ഞ മന്ദഹാസത്തോടെ വിളിച്ചു.
"മാഷിനെ ഞാൻ എവിടെയൊക്കെ അന്വേഷിച്ചു."
"എന്തേ.... കുട്ടി, എനി ഡൌട്ട്?
"ഒന്നുമില്ല മാഷേ... "വെറുതെ....മാഷിനെ ഒന്ന് കാണാന്, മിണ്ടാന്, എനിക്ക് മാഷേ, വളരെ വളരെ ഇഷ്‌ടമാണ്."
"ഞാൻ കുട്ടീടെ അധ്യാപകനാണ്, അതിലെന്താ കുഴപ്പം."
"കുഴപ്പമിപ്പോ...ൾ നന്ദന നിർത്തി നിർത്തി പറഞ്ഞു. എനിക്കറിയില്ല! മാഷേ കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ ഉള്ളം വേവുന്നു. പുറവും അത്ര തന്നെ. എന്തോ ഒരു പരവേശം, സഹിക്കാൻ വയ്യാതെ ആയിരിക്കുന്നു, മാഷില്ലാതെ നിക്ക് വയ്യ! ഈ പ്രതിസന്ധിയിൽ എന്നെ ഒന്ന് രക്ഷിക്കണം, അല്ലെങ്കിൽ ഞാൻ ചത്തു കളയും." ഇത് കേട്ട് അയാൾ ഉറക്കെ ചിരിച്ചു പോയി.
നന്ദനയുടെ മുഖത്തെ ചിരി മാഞ്ഞു, ദേഷ്യത്തിൽ ചുവന്നു, ഇപ്പോൾ കരയുമെന്നമട്ടായി.
വേണുവിന് പെട്ടെന്ന് വല്ലാത്ത കുറ്റബോധം തോന്നി, തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടി സീരിയസ് ആണ്. താൻ ഒരു അദ്ധ്യാപകൻ എന്ന നിലയിൽ കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. പാഠ പുസ്തകങ്ങളിലെ സിലബസുകൾ മാത്രമല്ല അധ്യാപനം. അധ്യാപനം തൊഴിലാക്കിയ ഒരു വ്യക്തി ഒരിക്കലും തന്റെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് പുസ്തകത്തിലെ വിജ്ഞാനം മാത്രമല്ലതാനും, മറിച്ചു അയാളുടെ അറിവിലൂടെ അനുഭവത്തിലൂടെ നേടിയ കാര്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഒരിക്കലും ശരിയും തെറ്റും കണ്ടെത്താൻ കഴിവുള്ള ഒരു വ്യക്തിയ്ക്കല്ല അധ്യാപകന്റെ കൂട്ട് വേണ്ടത്. മറിച്ചു അത് തിരിച്ചറിയാൻ ഉള്ള കഴിവുകളെ നഷ്ടമായവരെയാണ്. പലപ്പോഴും സ്കൂളുകളിൽ നന്നായി പഠിക്കുന്ന കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ അധ്യാപകർ ശ്രമിക്കാറുണ്ട്, എന്നാൽ അത് ആ അധ്യാപകന്റെ വിവരക്കേട് തന്നെയാണ്. ഒരു അദ്ധ്യാപകൻ ഏറ്റവും അധികം ശദ്ധിക്കേണ്ടത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തന്നെയാണ്. അതാണ് അദ്ദേഹത്തിന്റെ ധർമ്മവും. അറിവുള്ളവനല്ല, അറിവില്ലാത്ത വനാണ് അത് പകർന്നു നൽകേണ്ടത്.അദ്ദേഹത്തിന് മനസ്സിലൂടെ പലതും കടന്നു പോയി. കുട്ടിയെ സാവധാനം പറഞ്ഞു മനസ്സിലാക്കാൻ കഴിയുമെന്ന് മനസ്സിൽ ഉറപ്പുണ്ടായിരുന്നു.
"കുട്ടീടെ വീട് എവിടെയാണ്." അയാൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
മാഷേ വീട്ടിന്റെ ഏകദേശം അടുത്തു തന്നെയാണ്.
"എന്നാൽ ഞാൻ ഡ്രോപ്പ് ചെയ്യാം."അയാൾ പറഞ്ഞു. വഴിയിലുടനീളം അവൾ വാതോരാതെ സംസാരിച്ചു. അച്ഛൻ വിദേശത്ത്, അമ്മയുടെയും, ചെറിയമ്മയുടെയും പെറ്റായി കഴിയുന്നു.
"മാഷേ.... അവൾ വിളിച്ചു. എനിക്ക് മാഷിനോട് പ്രണയമാണോന്ന് ഒന്നും എനിക്കറിയില്ല, ഫസ്റ്റ് കണ്ടമാത്രയിൽ തന്നെ മാഷാണെന്റെ മനസ്സിൽ."
"കുട്ടി ഇപ്പോൾ പഠിക്കുന്നതിലേക്ക് കോൺസ്രെൻറ്റേഷൻ കൊടുക്ക്. ഈ പ്രായത്തിൽ മനസ്സിലേക്ക് ഓരോ വേണ്ടാത്ത ചിന്തകൾ കടന്നു വരും, അതിനെല്ലാം നമ്മൾ തടയണ ഇടണം."
ഇതൊരു കുട്ടിക്കളിയാണെന്ന് ചിന്തിച്ച മാഷിന് തെറ്റ് പറ്റി. ഐ ആം സീരിയസ്, എത്രയോ ദിവസം മാഷിനെ കുറിചോർത്ത് ഉറങ്ങാതെ വിങ്ങൽ കൊള്ളുമ്പോൾ ഞാനെടുത്ത തീരുമാനമാണിത്, എനിക്ക് മാഷില്ലാതെ ജീവിക്കാൻ കഴിയൂല.. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും. നന്ദനയെന്ന ആ കുട്ടിയുടെ വാക്കുകൾ കേട്ട് വേണുഗോപാൽ എന്ന അധ്യാപകൻ തരിച്ചിരുന്നു പോയി.
ഭാഗം 3
അയാൾ അവളെ വീടിന്റെ പടിപ്പുരയിൽ ഇറക്കി. അവളെ വീട്ടിലേക്ക് പോയി പേരെന്റ്സ്നെ ഒന്ന് പരിചയപെടണമെന്നൊക്കെ അയാൾ വിചാരിച്ചു. നന്ദന അയാളിൽ എല്പിച്ച ആഘാതത്തിൽ അയാൾ തളർന്നു പോയിരുന്നു.
കാറിന്റെ ഡോർ തുറന്നു അവൾ ഇറങ്ങി. എന്നിട്ട് ഗേറ്റ് തുറന്നു കൊണ്ട് വണ്ടി അകത്തേക്ക് എടുക്കാനുള്ള ആക്ഷൻ കാണിച്ചു. അയാൾ ഏതോ മായയിൽ പെട്ടത് പോലെ അവളെ അനുസരിക്കുകയായിരുന്നു. വണ്ടിയുടെ ശബ്‌ദം കേട്ടതിനാൽ രണ്ട് സുന്ദരിയായ സ്ത്രീകൾ വാതിൽ തുറന്നു പുറത്തേക്ക് വന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ വേണുവിനെ അവർക്ക് പരിചയപെടുത്താൻ വേണ്ടി യാതൊരു സങ്കോചവും ഇല്ലാതെ അയാളുടെ കൈ വിരലുകളിൽ കോർത്ത് പിടിച്ചു അയാളെ ആനയിച്ചു കൊണ്ട് സിറ്റ്ഔട്ടിൽ കൊണ്ടിരുത്തി.
"അമ്മേ, ചെറിയമ്മേ..."നന്ദന രണ്ട് പേരെയും വിളിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.
"ഇത് ആരാണെന്ന് ഒന്ന് ഊഹിക്കാൻ കഴിയോ?"
"നിന്റെ മട്ടും, മാതിരിയും കണ്ട് വേണു സാർ ആണെന്ന് തോന്നുന്നു." ചെറിയമ്മ പറഞ്ഞു.
വേണുവിന് എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. അയാൾ ശരിക്കും നന്ദനയുടെ നിയന്ത്രണത്തിൽ ആയിരുന്നു.
"അതെ, അത് തന്നെ" അവൾ ആഹ്ലാദത്തോടെ പറഞ്ഞു.
"കേട്ടോ സാറെ, ഞാൻ 'നളിനി', ഇവളുടെ അമ്മയാണ്, ഇത് ഇവളുടെ ചെറിയമ്മ 'ദേവയാനി'. നന്ദന മോൾക്ക് കോളേജിൽ നിന്ന് വന്നാൽ സാറിനെ കുറിച്ചു പറയാനേ നേരമുണ്ടാകുകയുള്ളൂ... അതിന് പ്രത്യേകിച്ച് കാരണമുണ്ട് എന്ന് കൂട്ടിക്കോളൂ, ഇവിടെ ഒരു പുസ്തക പുഴുവുണ്ട്. 'ദേവ', ഇവൾ നിങ്ങളുടെ കടുത്ത ആരാധികയാണ്, നിങ്ങളുടെ 'യാത്രാമൊഴി'എന്ന നോവലും,ദേവയാനി എന്ന നോവലും, ദേവയുടെ ജീവിതവും തമ്മിൽ നല്ല സാമ്യം ഉണ്ട്. ദേവ പറഞ്ഞു, പറഞ്ഞു നന്ദനമോളും നിങ്ങളുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ഇപ്പോ വായ തുറന്നാൽ സാറെ കാര്യങ്ങൾ മാത്രമേ പറയാൻ നേരമുള്ളൂ...ഞങ്ങൾക്ക് സാറെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു."
"അമ്മ സംസാരിച്ചിരിക്കാത്തെ മാഷിന് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്, നന്ദന നല്ലൊരു ആതിഥേയൻ ആയി." നളിനി അമ്മ അകത്തേക്ക് പോയി, എത്ര പ്രൗഡയായ സ്ത്രീകൾ, സിനിമയിൽ കാണുന്ന പോലെ, അഴകും, ആഭിജാത്യവും, വേണ്ടുവോളമുണ്ട്. വേണു ഓരോന്ന് ഓർത്തു. ദേവയാനി ചെറിയമ്മയാണ് അയാളെ ചിന്തകളെ മുറിച്ചത്.
"സർ..."അവർ വിളിച്ചു.
ഞാൻ കാണാൻ ഒത്തിരി മോഹിച്ചിരുന്നു. ഈ ചെറുപ്രായത്തിൽ ഇത്ര മാത്രം കഥകൾ എഴുതാൻ എങ്ങിനെ കഴിയുന്നു."അവർ ചോദിച്ചു.
വേണു സാർ വെറുതെ ചിരിക്കുകമാത്രം ചെയ്തു.
"വീട്ടിൽ ആരൊക്കെഉണ്ട് "
ഒരു സഹോദരി മാത്രമേ ഉള്ളൂ. അമ്മ മരിച്ചിട്ട് കുറച്ചായി, അച്ഛൻ ഈയിടെ അടുത്തും.
അയ്യോ!സോറി ട്ടോ.
"ഇറ്റ്സ് ഓൾ റൈറ്റ്" ഞാനൊതൊക്കെ എന്നോ മറന്നു. സിസ്റ്ററുടെ വിവാഹം കഴിഞ്ഞു, സുഖമായിരിക്കുന്നു.
നന്ദനയുടെ അമ്മ കോഫിയുമായി വന്നു, വേണു സാറിന് കൊടുത്തു.ഏകദ്ദേശം ഒരു മണിക്കൂർ എങ്കിലും എല്ലാവരുംകൂടെ ഇരുന്നു സംസാരിച്ചു.എന്ത് കൊണ്ടോ ഒരു പോസിറ്റീവ് എനർജി പ്രസരിക്കുന്ന ആ വീട് വേണു സാറെ അവിടെ പിടിച്ചിരുത്തി.
പോകാൻ നേരം ചെറിയമ്മ ചോദിച്ചു.
ഏതെങ്കിലും എഴുത്ത് നടക്കുന്നുണ്ടോ, ഐ മീൻ, പുതിയതായ എന്തെങ്കിലും?
"യെസ് "എഴുതി പൂർത്തിയാക്കാൻ കഴിയാതെ കാരണമില്ലാതെ ഒരു ബ്ലോക്ക് വന്നു പെട്ടു. എന്നും പേനയും പേപ്പറും എടുത്തു വെച്ച് ടൈം പാഴാക്കുന്നത് മാത്രം മെച്ചം. പേര് പോലും സെലക്ട് ചെയ്തെന്നെ!'അന്ധകാരത്തിനും, നിലാവിനും മദ്ധ്യത്തിലായി.'
"പേരിൽ തന്നെ നല്ലൊരു ക്യൂറോസിറ്റി മറഞ്ഞിരിപ്പുണ്ടല്ലോ, എത്രയും പെട്ടെന്ന് വേണുസാറിന് ഈ പുസ്തകം പൂർത്തിയാക്കാൻ കഴിയട്ടെ!"ചെറിയമ്മ എളിമയോടെ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.
വേണു നന്ദനയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വല്ലാത്തൊരു നഷ്‌ടബോധം അയാളെ അലട്ടാൻ തുടങ്ങി, എന്താന്ന് അറിയൂല, ആ വീട്ടിൽ എന്തോ ഒന്ന് മറന്നു വെച്ചത് പോലെ അയാളെ വീണ്ടും, വീണ്ടും അങ്ങോട്ട് ആകർഷിക്കുന്നുണ്ടായിരുന്നു.
പിന്നീട് പലപ്പോഴും, വേണു സാർ നന്ദനക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും,അവൾ ഉടുമ്പിനെ പോലെ തന്നെ പിടികൂടിയിരിക്കുകയാണെന്ന സത്യത്തിന് എത്രയോ മീതെയായി,അയാളുടെ ഉള്ളിലും അവൾ ഒരു ഉടുമ്പായി മാറിയിരുന്നു.
ഡിഗ്രി ഫ്രസ്റ്റ് ഇയർ തുടങ്ങി ആറു മാസം കഴിഞ്ഞിരിക്കുന്നു, ഇതിനിടയിൽ ഒരിക്കൽ പോലും അയാൾ നന്ദനയെ ശ്രദ്ധിച്ചിരുന്നില്ല. എല്ലാ വിദ്യാർത്ഥിനിയെ പോലെ തന്നെ, അല്ലാതെ അവളിൽ ഒരു പ്രത്യേകതയും അയാൾക്ക് കാണാൻ സാധിച്ചില്ല. എന്നാൽ ഇന്ന് വേണു സാറെ കണ്ണുകളും, മനസ്സും, എത്ര വിലക്കിയിട്ടും, അവൾക്ക് വേണ്ടി, കവിത എഴുതാൻ തുടങ്ങി. അവളുടെ തിളങ്ങുന്ന മാൻ മിഴികളുടെ വശ്യതയും, പവിഴചെഞ്ചുണ്ടും,സുന്ദരമായ വദനവും, എല്ലാത്തിനുമുപരിയായി, അവളെ താൻ, തന്നേക്കാളും എത്രയോ അനന്തമായും, അന്ധമായും സ്നേഹിക്കുന്നുണ്ടെന്ന സത്യം അയാൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
അവളുടെ വശ്യമായചിരിയിൽ നിന്നും, തന്നെ കീഴ്പെടുത്തുന്ന നോട്ടത്തിൽ നിന്നും, അയാൾ എത്രയോ തവണ ഓടി ഒളിക്കാൻ നോക്കിയിട്ടുണ്ട്, എന്നാൽ അയാൾ പലപ്പോഴും തോറ്റു പിന്മാറി. അവളുടെ മാഷേ, മാഷേ എന്ന വിളി കേട്ടിട്ടില്ലെങ്കിൽ അയാളുടെ നെഞ്ചിൻ കൂട് അകാരണമായി മിടിക്കാൻ തുടങ്ങും.
ഒരിക്കൽ അയാൾ അവളോട് പറഞ്ഞു.
"ന്റെ കുട്ടീ... നീ എനിക്ക് വല്ലാതെ നോവായി മാറിയിരിക്കുന്നു. നിന്റെ ഓർമകൾ എന്നെ ആഹ്ലാദിപ്പിക്കുകയും, നിന്റെ അസാന്നിധ്യം എന്നെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു."
"ന്റെ മാഷേ... മാഷും അനുഭവിച്ചോ? കഴിഞ്ഞ ആറു മാസമായി എനിക്ക് ഇതേ അവസ്ഥയാണ് മാഷ് സമ്മാനിച്ചത്. പ്ലസ് 2 വിന് 90ശതമാനം മാർക്ക് വാങ്ങിയ ഞാൻ ആണ് ഒന്നുമില്ലാത്ത അവസ്ഥയിൽ ആയത്. അവസാനം എന്റെ ഉള്ളിൽ കിടന്ന് ഇതൊക്കെ അഗ്നിപർവതം പൊട്ടി ചിതറുമ്പോലെ, ആയി തീരും എന്നായപ്പോൾ എനിക്ക് മാഷിനോട് തുറന്നു പറയുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു."
അയാൾ ഒന്നും പറയാതെ വാക്കുകൾ മുട്ടി നിന്നു.
അവൾ വീണ്ടും കലാ പിലാന്ന് സംസാരിച്ചു കൊണ്ടേ ഇരുന്നു.
"ഒരു കാര്യം കേൾക്കണോ, മാഷിന്റെ 'യാത്രാമൊഴി'എന്ന നോവൽ വായിച്ചത് ഞാൻ പ്ലസ് വണ് ന് പഠിക്കുമ്പോൾ ആണ്, ചെറിയമ്മയാണ് എന്നിലെ വായനാ ശീലം വളർത്തിയത്.അന്ന് മുതൽ വേണുഗോപാൽ എന്ന അതുല്യ പ്രതിഭയെ കാണാൻ ഏറെ കൊതിച്ചിരുന്നു. അതിൽ പിന്നെ മാഷിന്റെ പുസ്തകങ്ങൾ എല്ലാം തിരഞ്ഞു പിടിച്ചു വായിച്ചു,ആരാധന തലപ്പത്ത് എത്തിയിരിക്കുമ്പോഴാണ് ഡിഗ്രിക്ക് ചേർന്നത്.ദൈവത്തിന്റെ നിയോഗം പോലെയായിരുന്നു, അപ്രതീക്ഷിതമായി മാഷിന്റെ രംഗപ്രവേശനം. ഞാൻ തീർത്തും വണ്ടറടിച്ചു പോയി."
"നന്ദൂട്ടീ...അയാൾ അവളെ ആർദ്രതയോടെ വിളിച്ചു. എന്നെ സംബന്ധിച്ച് നീ എനിക്ക് വരണ്ട ഭൂമിയിലേക്ക് എപ്പോഴെങ്കിലും കിട്ടുന്ന ജല പ്രവാഹം പോലെയാണ് തോന്നുന്നത്, കഥകളിൽ എനിക്ക് ഒരു പാട് കൂട്ട് കുടുംബമൊക്കെ ഉണ്ട് എങ്കിലും ഞാൻ ജീവിതത്തിൽ എകാകിനിയാണ്.
എന്റെ സഹോദരി പ്രിയ പോയതോടെ ഞാൻ ഒറ്റപ്പെട്ടു. അവളുടെ ഭർത്താവ് ബന്ധങ്ങൾക്ക് ഒന്നും വില കൽപ്പിക്കാത്ത ഒരാളാണ്, പതുക്കെ അവളും മാറുന്നത് പോലെ തോന്നി. അയാളുടെ കണ്ഠമിടറി.
മാഷേ... ഇനി വിഷമിക്കരുത്. ഞാൻ എന്നും പ്രാണൻ വെടിയുന്നത് വരെ അങ്ങയുടെ കൂടെയുണ്ടാവും, പ്രിയ നന്ദൂട്ടിയായിട്ട്."അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി ദൃഡസ്വരത്തിൽ പറഞ്ഞു.
ഭാഗം 4
ഒരു ദിവസം അമ്മ നളിനിയുടെയും, ചെറിയമ്മയുടെയും അനുവാദത്തിൽ വേണു സാർ നന്ദനക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനിച്ചു. സ്മാർട്ട് ഫോൺ അപൂർവമായേ എല്ലാവരുടെയും കയ്യിൽ ഉണ്ടായിരുന്നുള്ളൂ, ഫോൺ കിട്ടിയ നന്ദന തുള്ളിചാടി. വിദേശത്തുള്ള അച്ഛൻ മുരളിയുമായി ഏറെ നേരം സംസാരിച്ചു.
അവസാനം അവളുടെ അതിരില്ലാത്ത ആഹ്ലാദം കണ്ട് മോളോട് അച്ഛൻ പറഞ്ഞു.
"മോളൂ... മാഷ് ഫോൺ വാങ്ങിച്ചു തന്നു എന്ന് വിചാരിച്ച് പഠിത്തം ഉഴപ്പരുത്." മൊബോൽ സ്പീക്കറിൽ ആയിരുന്നു. അമ്മ നളിനി അപ്പോൾ ഒരു വശത്തു നിന്ന് വിളിച്ചു പറഞ്ഞു.
"പെണ്ണ്, പഠിത്തത്തിൽ ആകെ മോശമായി വരുകയാണ്. അച്ഛൻ തന്നെ മോളോട് പറഞ്ഞു മനസ്സിലാക്ക്."
"ആണോ മോളേ... അയാൾ ചോദിച്ചു.
"അച്ഛാ.... പ്രോമിസ്... ഞാൻ ഇനി പഠിച്ചോളും."
"പഠിച്ചാൽ മോൾക്ക് നല്ലത്. അച്ഛനുമമ്മയുമൊന്നും ഏറെ കാലമൊന്നും ഉണ്ടാവില്ലട്ടൊ, സ്വന്തം കാലിൽ നിൽക്കേണ്ടേ നിനക്ക്!"
"എനിക്കറിയാം അച്ഛാ... "അവളുടെ കണ്ഠമിടറി, പെട്ടെന്ന് ഫോൺ അമ്മക്ക് കൊടുത്തു.
അച്ഛനും എന്തിണെന്നറിയാതെ സങ്കടം വന്നിരുന്നു.
"ദേവയോട് അന്വേഷിച്ചതായി പറയൂ..." അതും പറഞ്ഞു അയാൾ ഫോൺ വെച്ചു.
ഫോണിൽ മാഷിന്റെ മെസ്സേജുകൾ വന്ന് കിടന്നിരുന്നു. എല്ലാം തുറന്നു നോക്കി ആവൾ അതിനു റിപ്ലൈ കൊടുത്തു.
"ഇനീ.. നന്ദൂട്ടിക്ക് ഞാൻ ഫോണിൽ കൂടി ട്യൂഷൻ തരുകയാണ്. ക്ലാസ്സിൽ വെച്ച് ശ്രദ്ധിക്കാൻ കഴിയില്ല. ആർക്കെങ്കിലും ഡൌട്ട് അടിച്ചാൽ പണി കിട്ടും."
"ശരി മാഷേ..."
പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം എനിയങ്ങോട്ട്, എക്സാം വരികയല്ലേ..."
"ശരി.... "അവൾ റിപ്ലൈ കൊടുത്തു.
"കുട്ടിക്ക് എന്തേലും വിഷമമുണ്ടോ? എന്താ ഒരു സന്തോഷമില്ലാതെ!"
"അച്ഛൻ വിളിച്ചിരുന്നു.എന്റെ പാവം അച്ഛൻ, എനിക്കൊത്തിരി മിസ്സ് ആവുന്നു അച്ഛനെ."
"സാരല്ല... നന്ദൂട്ടി... ഇനി അച്ഛൻ നാട്ടിൽ വന്നാൽ നമുക്ക് അച്ഛനെ വിടണ്ട...നാട്ടിൽ നിൽക്കട്ടെ. ന്റെ നന്ദൂട്ടിയുടെ അടുത്ത്."
"മാഷ് പറയണട്ടൊ അച്ഛനോട്."
"ഒക്കെ.... "
"എന്നാൽ പോയി കിടന്നോ.. നാളെ മുതൽ 2 മണിക്കൂർ ക്ലാസ്സ് ഉണ്ട്, ഡൌട്ട് ഒക്കെ ക്ലിയർ ചെയ്ത് തരാം."
മെസ്സേജുകൾ അവസാനിച്ചു എങ്കിലും രണ്ട് പേരും ഒറ്റപ്പെടലിന്റെ പിടച്ചിലിൽ കുറെ നേരം വാട്സ്അപ്പ് തുറന്നു പരിശോധിച്ചു.
വല്ലാത്തൊരു പ്രണയമായിരുന്നു അത്. പ്രണയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയും, വിരഹത്തിന്റെ കൈപ്പ്നീര്, നീറ്റൽ ഉണ്ടാക്കിയും, വല്ലാത്തൊരു ഞെരിപിരി കൊള്ളുന്ന അവസ്ഥ. മാഷേ... മാഷേ... എന്ന് വിളിച്ചുള്ള കിളി കൊഞ്ചൽ കേൾക്കാതെ മാഷിനും, ന്റെ നന്ദൂട്ടി എന്ന് കേൾക്കാതെ നന്ദനക്കും ഉറക്കം വരില്ലായിരുന്നു. വീട്ടുകാരുടെ അറിവോടെആയതിനാലും, തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടും, ശരിക്കും പറഞ്ഞാൽ ഒട്ടും ആലോസരമില്ലാതെ പ്രണയിനികൾ ആത്മാവിനോടൊത്ത് നൃത്തം ചവിട്ടി.
ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന ദിവാകരൻ മാഷ്, വേണുവിനോട് ചോദിച്ചു.
"സാർ നന്ദനയുടെ കാര്യത്തിൽ സീരിയസ് ആണെങ്കിൽ, വിവാഹം നീട്ടി വെക്കേണ്ട..."
"ഞാൻ കുട്ടീടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു.വേണു പറഞ്ഞു. അച്ഛന് ലീവ് കിട്ടുന്നത് നോക്കി നടത്തണം. പിന്നെ കുട്ടിയുടെ ഡിഗ്രി കംപ്ലീറ്റ് ആവണ്ടേ..."
എന്നാൽ നന്ദനക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യാനൊന്നും ഒട്ടും താല്പര്യമില്ലായിരുന്നു.എന്നാൽ വേണു സാർ അവളുടെ ഉഴപ്പൽ ഭാവത്തിന് കൂട്ട് നിൽക്കാൻ തയ്യാറായില്ല. പിന്നെ അയാളുടെ ജോലി അവളെ വീട്ടിൽ പോയിരുന്നു പഠിപ്പിക്കുക എന്നായിരുന്നു. അവൾക്ക് മാർക്ക് കുറയുന്നതോ, തോൽക്കുന്നതോ, അയാൾക്ക് ഒട്ടും സഹിക്കൂലാ യിരുന്നു.
ഒരു ദിവസം വേണു സാറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു ഗൾഫ് കാൾ വന്നു. വേണു ആകാംക്ഷയോടെ മൊബൈൽ എടുത്തു ചെവിയോട് ചേർത്തു. നന്ദനയുടെ അച്ഛനായിരുന്നു ലൈനിൽ.
"ഇത് മുരളിയാ.... നന്ദനയുടെ അച്ഛൻ, വേണു അല്ലെ അത്."
"അച്ഛാ.... "വേണു ഭവ്യതയോടെ വിളിച്ചു.
"എന്തൊക്കെയുണ്ട് വിശേഷം?"
"അങ്ങിനെ പോകുന്നു അച്ഛാ...." വേണു മറുപടി പറഞ്ഞു.
"നമ്മൾ തമ്മിൽ സംസാരിച്ചിട്ട് ഇല്ലാ... നളിനിയും, ദേവയും എല്ലാ വിശേഷവും എന്നോട് പറയാറുണ്ട്."
"അച്ഛന്റെ വിശേഷം ഞാനും അറിയാറുണ്ട്. വിളിക്കണമെന്ന് നീരിച്ചിരുന്നു. അച്ഛന് സുഖം തന്നെയല്ലേ... "വേണു അങ്ങിനെ ചോദിച്ചെങ്കിലും, അയാളുടെ ഹൃദയം ശക്തിയായി മിടിക്കാനും, വിയർക്കാനും തുടങ്ങി.
"സുഖം തന്നെ മോനെ.... എനിക്ക് എന്ത് ചോദിക്കണമെന്ന് വല്ലാത്തൊരു ആശയകുഴപ്പം. എന്റെ മോൾ പാവമാണ്, അത്രയേ നിക്ക് പറയാനുള്ളൂ. വെറുമൊരു പൊട്ടിപെണ്ണ്."
പെട്ടെന്ന് വേണുവിന്റെ കണ്ണുകൾ നിറഞ്ഞു. സംസാരിക്കാൻ കഴിയാതെ വാക്കുകൾ മുറിഞ്ഞു.
"നീ കേൾക്കുന്നില്ലേ... അയാൾ ചോദിച്ചു.
മ്മ്മ്... വേണു മൂളി. 'അയാൾക്ക് പറയണമെന്നുണ്ടായിരുന്നു, നന്ദന അയാൾക്കും വളരെ പ്രിയപ്പെട്ടതാണ് എന്നും, അവളെ കണ്ണ് നിറയുന്നത് അയാൾക്ക് സഹിക്കാൻ കഴിയൂല എന്നും.' എന്നാൽ ഒന്നും പറഞ്ഞില്ല.
"ദേവയുടെ കാര്യം നിനക്കറിയരുതോ!അവളുടെ അവസ്ഥ വേറെയൊരാൾക്കും ഉണ്ടാവരുത്. അത് കൊണ്ട് പറഞ്ഞതാ മോനെ." അതും പറഞ്ഞു ഫോൺ ഡിസ്കണക്ട് ആയി.
വേണുവിന് നന്ദനയെ ഒന്ന് കാണണമെന്ന് തോന്നി. അയാൾ നേരെ വീട്ടിലേക്ക് നടന്നു. ചെറിയമ്മയുടെ കാര്യം എന്നും ചോദിക്കണമെന്ന് വേണു വിചാരിച്ചിരുന്നു, എന്നാൽ എന്ത് കൊണ്ടോ വേണുവിന് ചോദിക്കാൻ തോന്നിയില്ല.
നന്ദനയുടെ വീട്ടിൽ എത്തിയപ്പോൾ വേണു ആകെ അപ്സെറ്റ് ആയിരുന്നു, അത് പെട്ടെന്ന് എല്ലാവരും കണ്ട് പിടിക്കുകയും ചെയ്തു.
"വേണുവിന് എന്ത് പറ്റി,"മാധവി കുട്ടിയുടെ 'നീർമാതളം പൂത്ത കാലം' എന്ന നോവലിൽ ലയിച്ച് , ഇരുന്നിരുന്ന ചെറിയമ്മ മുഖം ഉയർത്തി വേണുവിനോട് ചോദിച്ചു.
"ഒന്നുമില്ലെന്നെ... "അതും പറഞ്ഞു വേണു പതുക്കെ ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അമ്മ നളിനി പെട്ടെന്ന് പൊട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അച്ഛൻ വിളിച്ചിരുന്നു അല്ലെ, എന്നെ ഇപ്പോൾ വിളിച്ചിരുന്നു. വേണു വല്ലാതെ ഉത്തരം മുട്ടി നിന്നു എന്നൊക്കെ പറഞ്ഞു, പേടിച്ചു പോയോ?"
"പേടിയല്ല.... എന്താ പറയാന്ന് എനിക്കറിയില്ല. ഞാനും ഒരു പാവമാണ്."
ഇത് കേട്ട് നന്ദന പൊട്ടി ചിരിച്ചു.പിന്നീട് എല്ലാവരും കൂടെ ഇരുന്നു ചിരിയും, സംസാരമൊക്കെയായപ്പോൾ വേണു മാഷിന്റെ മനസ്സിനും, ശരീരത്തിനും അല്പം അയവ് വന്നു. അയാൾ ചോദിച്ചു.
"ഞാൻ എന്നും ചോദിക്കണമെന്ന് വിചാരിക്കും, പിന്നെ വേണ്ടാന്ന് വെക്കും.അമ്മേടെ സിസ്റ്റർ അല്ലെ ചെറിയമ്മ?ചെറിയമ്മയുടെ ഫാമിലി?
അവിടെ പെട്ടെന്ന് നിശബ്ദത പരന്നു. എല്ലാവരും മുഖത്തോട് മുഖം നോക്കി. ഈ പ്രതിസന്ധിയിൽ നിന്ന് ഒന്ന് കരകയറണമെന്ന് നന്ദനക്ക് തോന്നി. അവൾ പറഞ്ഞു.
"ചെറിയമ്മ, അമ്മേടെ സിസ്റ്റർ അല്ല!അച്ഛന്റെ അനിയന്റെ ഭാര്യയാണ്." നന്ദന പറഞ്ഞത് കേട്ട് അയാൾക്ക് അപ്പോൾ ഓർമ വന്നത്. അച്ഛൻ ഫോൺ ചെയ്തപ്പോൾ പറഞ്ഞതായിരുന്നു.'ദേവയുടെ കാര്യം നിനക്കറിയരുതോ!അവളുടെ അവസ്ഥ വേറെയൊരാൾക്കും ഉണ്ടാവരുത്.'വേണുവിന് ഒന്നും മനസ്സിലായില്ല. കൂടുതൽ ഒന്നും ചോദിക്കാനുള്ള ശേഷിയും അയാൾക്ക് നഷ്‌ടപെട്ടിരുന്നു.
ഭാഗം 5
"നന്ദൂ... ഞാൻ ഇറങ്ങുകയാണ്. എനിക്കെന്തോ നല്ല സുഖം തോന്നുന്നില്ല."
"എന്ത് പറ്റി മാഷിന്. പനികോൾ ഉണ്ടോ?"
"ഒന്നുമില്ല, വീട്ടിൽ പോയി ഒന്ന് കിടക്കണം."
"സാറെ വിഷമങ്ങൾ എല്ലാം നമുക്കറിയാം... ഒട്ടും വിഷമിക്കരുത്, എല്ലാം നല്ലതായി വരും. "അതും പറഞ്ഞു ചെറിയമ്മ അകത്തേക്ക് പോയി. അവർ എന്തിനാണ് അത് പറഞ്ഞത് എന്ന് വേണുവിന് ഒട്ടും മനസ്സിലായില്ല.
അയാൾ യാത്ര പറഞ്ഞ് ഇറങ്ങാൻ നോക്കിയപ്പോൾ നന്ദനയുടെ അമ്മ നളിനി അല്പം വ്യസന ഭാവത്തോടെ പറഞ്ഞു.വേണു അല്പം കൂടി ഇരിക്കാമെങ്കിൽ ഞാനൊരു കഥ പറയാം.
"പാർവതിയമ്മക്കും, കാന്തദാസിനും, രണ്ട് ആൺകുട്ടികൾ, മുരളിദാസും, ദേവദാസും.ഗുരു കാരണവർ ഉണ്ടാക്കി വെച്ചിരുന്ന ഭൂമിയും, പ്രതാപവും, വേണ്ടുവോളമുള്ളത് കൊണ്ട് അത് അനുഭവിച്ചു തീർക്കുക എന്നതായിരുന്നു കാന്താദാസിന്റെ രീതി.അങ്ങിനെ ഒരു ദിവസം കാന്താദാസിന്റെ ചില പ്രത്യേക മട്ടും, മാതിരിയൊക്കെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. മുറിയിൽ കയറി തനിച്ചിരിക്കുക. ഒന്നിനും ഒരു പ്രതികരണമില്ലാതെ എപ്പോഴും മൗ നത്തിൽ തന്നെയായിരുന്നു. ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അയാൾ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു സന്യാസിയെ പോലെ കാവിമുണ്ട് ധരിച്ചുകൊണ്ട് എങ്ങോട്ടില്ലാതെ നടന്നു നീങ്ങി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. മക്കളിൽ മുരളീദാസ് അല്പം മുതിർന്നിരുന്നു, എന്നാൽ ദേവദാസ്, തീരെ ചെറിയ കുട്ടി, പിന്നീട് അമ്മയുടെ സംരക്ഷണണത്തിൽ വളർന്നു.
മുരളി പഠനത്തിൽ വളരെയേറെ മികവ് പുലർത്തിയിരുന്നു. എന്നാൽ ദാസ് എന്നു വിളിക്കുന്ന ദേവദാസ്, എല്ലാവരും കൂടെ താലോലിച്ചു വഷ ളാക്കിയത്കൊണ്ട് അവൻ ആവട്ടെ വളരെ വികൃതിയായി വളർന്നു.അമ്മ പെട്ടെന്ന് മരിക്കുകയും ചെയ്തു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവനൊരു കൂട്ടുകാരിയെ കിട്ടി, 'ഹസീന ബീഗം.'അവൾ ഗസൽ രാജക്കന്മാരുടെ കടുത്ത ആരാധികയായിരുന്നു, അവളുടെ ചുണ്ടിൻ തുമ്പത്ത് എന്നും ഓരോരോ ഗസലുകൾ തത്തി കളിച്ചു. അവളോടുള്ള ആരാധന മൂത്ത്, ദാസും, ഗസലിന്റെ മാന്ത്രിക ശബ്ദത്തെ കുറിച്ചും, സ്നേഹസാന്ദ്രമായ വരികളെ കുറിച്ചും ആഴത്തിൽ പഠിച്ചു.ഹിന്ദു സ്ഥാനി സംഗീതത്തിൻറെ ശാഖയായ ഗസൽ പ്രിയപെട്ടവരെ ഹൃദയപൂർവ്വം അനുഭൂതിയിലേക്ക് ലയിപ്പിച്ചുകൊണ്ട് സംവേദിക്കുക എന്നതായിരുന്നു. അങ്ങിനെ ഗസലിന്റെ ഓരോ ആലാപനവും ദാസിലേക്കും എത്തിപെട്ടു. ഹൃദയ ചെപ്പിനുള്ളിൽ ആരും കാണാതെ സൂക്ഷിച്ച പ്രണയം പറഞ്ഞ് അവർ രണ്ട് പേരും ഉള്ളറയിൽ സൂക്ഷിച്ച മഞ്ചാടികുരുകളെയും, മയിൽപീലികളെയും,ഗസലിന്റെ രൂപത്തിൽ പുറത്തേക്ക് വിട്ടു.
'ഒരു പുഷ്പം മാത്രാമെൻ പൂങ്കുലയിൽ നിർത്താൻ ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനമാത്രമെൻ.... ഒരു ഗാനമാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാൻ
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ.
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടു... സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ....
പുഷ്പത്തിൻതൽപ്പമങ്ങ് ഞാൻ വിരിക്കാം... (ഒരു പുഷ്പം )
അവർ രണ്ട് പേരും കൂടെ പലപ്പോഴും ഗസലുകളിൽ ഇഴകൾ കോർത്ത ഗാനമായിരുന്നു ഇത്.
ഗസൽ പോലെ തന്നെ ഇവരുടെ പ്രണയത്തിന്റെ മാന്ത്രിക അനുഭൂതിയിൽ ചാറ്റൽമഴപെയ്തു. ഓരോ ഗാനത്തിന്റെയും അവസാനത്തിൽ വിരഹം താങ്ങാൻ കഴിയാതെ പ്രണയത്തിന്റെ മഞ്ഞു തുള്ളികൾ ഉരുകി, ഉള്ളം നനഞ്ഞു.ഒടുവിൽ ഹസീനബീഗം എന്ന പ്രണയിനി ന്യൂമോണിയ വന്നു മരിച്ചപ്പോൾ, അവളുടെ കാൽ കീഴിൽ പ്രണയസ്മാരകം പോലെ അയാൾ വാവിട്ട് കരഞ്ഞു കൊണ്ട് ഗസൽ ആലപിച്ചത്, കാണികളെ മുഴുവൻ കരയിപ്പിച്ചു.
ചുപ്കേ ചുപ്കേ രാത് ദിൻ, ആസു ബഹാനാ യാദ് ഹെ
(രാവും പകലും രഹസ്യമായി കണ്ണീരൊഴുകിയത് ഓർമ്മയുണ്ട്)
ഹംകോ അബ് തക് ആഷികി കാ വോ സമാനാ യാദ് ഹെ
(അനുരാഗത്തിന്റെ ഉന്മാദ നാളുകൾ അതേ പോലെ ഇന്നും ഓർക്കുന്നു.
അതേ...രാവും, പകലും, അവർ ഒന്നിച്ചല്ലാത്ത വേളയിൽ വിരഹവേദന സഹിക്കാൻ കഴിയാതെ അവർ രഹസ്യമായി കണ്ണീർ പൊഴിച്ചിരുന്നത്രെ.
"ഇതിനു മുമ്പ് പറഞ്ഞിരുന്നതായി ഞാൻ ഓർക്കുന്നു.
ഞാൻ എഴുതിയ "യാത്രമൊഴി"എന്ന നോവലും, ചെറിയമ്മയുടെ ജീവിതവും തമ്മിൽ നല്ല സാമ്യം ഉണ്ടെന്ന്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.പിന്നെ എപ്പോഴാണ് ചെറിയമ്മയെ വിവാഹം കഴിച്ചത്. "വേണു ചോദിച്ചു.
"ഹസീന ബീഗത്തിന്റെ കബറിനരികെ പോയിരുന്നു മിഴികൾ പെയ്യിക്കുമ്പോൾ, ആ സ്മരണയിൽ ഉന്മാദം പൂണ്ട്, ചേഷ്‌ടകൾ കാട്ടികൂട്ടുമ്പോൾ,ഒരു ദിവസം പൊട്ടി കരഞ്ഞു കൊണ്ട് മുരളി തന്റെ കൊച്ചനുജനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു,അല്പം മനശാന്തി കിട്ടുവാൻ വേണ്ടി. ദാസ് പെട്ടെന്ന് റിക്കവർ ആയെങ്കിലും,അവനെ ശുഷ്രൂഷിച്ച ഹസീനയുടെ ഛായയുള്ള ദേവയാനിയുമായി പെട്ടെന്ന് കൂട്ടായി.ഹസീനയുടെ പോലെയുള്ള വെള്ളാരം കണ്ണുകൾ നോക്കി ദാസ് സ്നേഹപൂർവ്വം, കവിതകൾ ചൊല്ലി.ഗോതമ്പിന്റെ നിറമുള്ള മേനിയഴകിൽ അയാളുടെ ചുണ്ടുകളിൽ തേൻ കിനിഞ്ഞു. ദേവയോടത്ത് ഗസലിന്റെ ആലാപനത്തിൽ നൃത്തം ചവിട്ടുമ്പോൾ, ദേവ ശരിക്കും ആ സ്നേഹത്തിന്റെ കരുതൽ അനുഭവിക്കുകയായിരുന്നു. പ്രണയത്തിന്റെ മാധുര്യം നുണയുകയായിരുന്നു.അങ്ങിനെ 'മുരളി 'ദാസിന്റെയും, ദേവയുടെയും വിവാഹം നടത്തി കൊടുത്തു.എന്നാൽ അന്ന് രാത്രി ദാസ് ഞങ്ങളെ പറ്റിച്ചു. ഞാൻ ഒരു യാത്രപോകുകയാണ്,ഈ പ്രപഞ്ചത്തിലെ നിഗൂഢത തേടിയുള്ള യാത്രയിൽ ആണ് ഞാൻ, അത് കണ്ടെത്തും വരെ കാത്തിരിക്കണം എന്ന കുറുപ്പ് എഴുതി വെച്ചുകൊണ്ട് ദാസ് പോയി, പിന്നെ ദാസിനെ ആരും കണ്ടിട്ടില്ല."
ഭാഗം 6
ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഇരുളിലേക്ക് മുഖം പൂഴ്ത്താൻ സന്ധ്യ തയ്യാറെടുപ്പോടെ വശംവദയായിരിക്കുന്നു എന്ന് വേണുവിന് തോന്നി. നേർത്ത കാറ്റിനൊപ്പം കരിയില കൂട്ടങ്ങൾ പ്രേതങ്ങൾ പോലെ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ, അയാൾക്ക് തന്റെ ബാല്യം ഓർമവന്നു.
പ്രിയയെ പ്രസവിച്ചപ്പോളാണ് അമ്മ മരിച്ചത്. പട്ടാളത്തിൽ ആയിരുന്ന അച്ഛൻ അമ്മ മരിച്ചതിൽ പിന്നെ പ്രിയാഗോപലിനെ നോക്കാൻ വേണ്ടി നാട്ടിൽ തന്നെ നിൽക്കേണ്ടി വന്നു. വേണുവിന് നാലു വയസ്സുള്ളപ്പോൾ ആണ്, പ്രിയയുടെ ജനനം, അങ്ങിനെ വളരെ ചെറുപ്പത്തിൽ തന്നെ, പ്രിയയുടെ അമ്മയും, അച്ഛനും, കളി കൂട്ടുകാരനുമൊക്കെ
വേണുവിന്റെ അച്ഛൻ ആകെ മാറിയിരുന്നു. അച്ഛൻ അമ്മയുടെ മരണത്തിന്റെ ഷോക്കിൽ സാദാനേരവും, മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നുവല്ലോ...
അതെ... കരിയിലകൾ പോലെ രണ്ട് ജന്മങ്ങൾ, മനസ്സ് പ്രേതത്തെ പോലെ അലഞ്ഞു നടക്കും, അയൽവാസികളുടെ വീട്ടിൽ, അമ്മബന്ധുക്കളുടെയും, അച്ഛൻ ബന്ധുക്കളുടെ വീട്ടിലുമൊക്കെ. എല്ലാവരുടെയും ജീവിതരീതികൾ ആ കുഞ്ഞു മനസ്സുകൾ കൊണ്ട് വില ഇരുത്തുമ്പോൾ, വല്ലാത്തൊരു ഉൾനോവ് ആണ്, അമ്മയുണ്ടായിരുന്നെങ്കിൽ.
അമ്മയുടെ സ്നേഹലാളനകൾ, കിട്ടാത്ത പ്രിയകുട്ടിയുടെ വാശിക്ക് മുന്നിൽ,പലപ്പോഴും പതറി പോയിട്ടുണ്ട്, അമ്മയോട് പിന്നെ പരിഭവമായി.കുഞ്ഞു നാളിൽ അച്ഛൻ അമ്മക്ക് എഴുതുന്ന എഴുത്തുകൾ പിന്നീട് വായിച്ചപ്പോൾ അത്ഭുതം കൂറിയിട്ടുണ്ട്. നോക്കെത്താദൂരത്തു ഇരുന്നു കൊണ്ട് രണ്ട് പേരും പ്രണയം അങ്ങോട്ടും, എങ്ങോട്ടും, കൈമാറുമ്പോളുള്ള അനുഭൂതിയിൽ മാത്രം ജീവിച്ച ജീവിതങ്ങൾ. എന്നിട്ടും അതിൽ വിരിഞ്ഞുണ്ടായ കുരുന്നുകളെ വേണ്ടപോലെ ശ്രദ്ധിക്കാതിരിക്കാൻ അച്ഛന് എങ്ങിനെ കഴിഞ്ഞു.പലപ്പോഴും മദ്യം വിട്ടൊഴിഞ്ഞ നേരത്ത് എപ്പോഴെങ്കിലും കുട്ടികൾക്ക് ഒരു തലോടൽ എങ്കിലും കിട്ടുന്നതിൽ നിന്ന്, തീർക്കും നിരാലംബരായത് അച്ഛൻ ഒരു സ്ത്രീയെയും കൊണ്ട് വന്നപ്പോൾ ആണ്.
അങ്ങിനെ കുട്ടികാലം എകാന്താതയുടെ തടവറയിലും, വേദനിപ്പിക്കുന്ന പല ഓർമകളിലുമാണെങ്കിലും, നന്നായി രണ്ടു പേരും പഠിച്ചു. അനിയത്തിക്ക് വേണ്ടി, ജീവൻ പോലും തയ്യാറായ ഏട്ടൻ, നേരെ മറിച്ചും.പ്രിയകുട്ടിയുടെ കല്യാണം കഴിഞ്ഞ ശേഷമാണ് വേണു ആത്മഹത്യയെ കുറിച്ചു ചിന്തിക്കാൻ തുടങ്ങിയത്. അതിനിടയിൽ മനസ്സിന് പ്രയാസങ്ങൾ വരുമ്പോൾ ഓരോന്നും കുറിച്ചിടുന്ന സ്വഭാവവും ഉണ്ടായിരുന്നത് കൊണ്ട് ചെറിയൊരു എഴുത്ത് കാരനായി അറിയപെട്ടും തുടങ്ങിയിരുന്നു.പഴയത് പോലെ പ്രിയയെ കിട്ടാതെ വന്നപ്പോൾ തീർത്തും ഒറ്റപെട്ടു. ഹസ്ബൻഡ് നാണെങ്കിൽ എന്തോ അകൽച്ച പോലെ വേണുവിന് ഫീൽ ചെയ്തു.
ഏതായാലും അച്ഛൻ മരിച്ചതിൽ പിന്നെ തറവാട്ടിൽ നിന്നില്ല, ഒരു വീട് വിലക്ക് വാങ്ങി അങ്ങോട്ട് താമസം മാറി.പ്രിയ കുട്ടി അവളുടേതായ ജീവിത രീതികളുമായി വളരെയേറെ മാറിപോയതിനാൽ വല്ലാത്തൊരു ശൂന്യതയിലേക്ക് കൂപ്പി കുത്തിയ വേണു ഇതിനകം കിട്ടിയ ജോലി പോലും രാജി വെച്ചാലോ എന്ന് ചിന്തിച്ച ദിനങ്ങളിലെപ്പോഴോ ആണ് മുടങ്ങികിടന്നിരുന്ന എഴുത്ത് ഉന്മാദം പോലെ അയാളെ വല വീശി പിടിച്ചത്.
'ദേവയാനി'എന്ന നോവലിലെ 'ദേവയാനി'എന്ന കഥാപാത്രവും, 'യാത്ര മൊഴി'എന്ന നോവലിലെ ദേവദാസ് എന്ന കഥാപാത്രവും,ഒരു തരത്തിലും സാമ്യമില്ലായിരുന്നു. എന്നാൽ ആ രണ്ട് കഥകളും കൂടി ഒന്നായ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നു എന്ന സത്യം വേണുവിന് ഞെട്ടൽ ഉളവാക്കി.പേരിനു പോലും എത്ര സാമ്യം. അത്ഭുതത്തോടെ അയാൾ ചിന്തിച്ചു. സംഗീതം കൊണ്ട് പറുദീസ തീർത്ത ദേവദാസ് നാടുവിടുന്നതും, അവസാനം, മുംബയിൽ അനേകായിരം പങ്കെടുത്ത സദസിന്റെ മുന്നിൽ ദേവദാസ് എത്തുകയും, എന്നിട്ട്, ആർപ്പ് വിളിക്കുന്ന സദസരോട് ഇരിക്കാനുള്ള ആക്ഷൻ കൊടുത്തു കൊണ്ട് പറയുന്നു.
പ്രിയമുള്ളവരേ... ഇത് എന്റെ അവസാനത്തെ സംഗീതമാണ്. എന്റെ പ്രിയതമ ദേവക്ക് വേണ്ടി ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു. ഇനി മുതൽ എന്റെ ജീവിതം അവൾക്ക് വേണ്ടി മാത്രം ഞാൻ മാറ്റി വെക്കുന്നതാണ്. അതും പറഞ്ഞു ദേവദാസ് പാടി തുടങ്ങി.
ഒരു നോക്കു കാണാനായ് വിടപറയും മുമ്പേ...
ദേവാ.... അത്രമേൽ അത്ര മേൽ നീ എന്നെയും, ഞാൻ നിന്നെയും പ്രണയം
പറയുവാൻ പാടുന്നു....നിനക്കായ് മാത്രം ദേവാ....
'പാടുന്നതിനിടയിൽ, മുൻ നിരയിൽ ഇരിക്കുന്ന തന്റെ പ്രണയിനി ദേവയെ കാണുന്നതും അയാൾ ഒന്ന് ഞെട്ടി. പിന്നെ പാട്ടു നിർത്തി എണീക്കാൻ നോക്കിയപ്പോൾ അയാൾ കുഴഞ്ഞു വീഴുന്നതാണ് യാത്രമൊഴി എന്ന നോവലിന്റെ ഇതിവൃത്തം.'
'എന്നാൽ ദേവയാനിയെന്ന കഥാപാത്രം, വരില്ല എന്നറിഞ്ഞിട്ടും തന്റെ പ്രിയതമനെ പ്രണയപൂർവ്വം കാത്തിരിക്കുന്നവളാണ്. അവളുടെ മുഖത്തു വിരഹത്തിന്റെ ലവലാഞ്ചന പോലുമില്ല. കാത്തിരിപ്പിന്റെ സുഖത്തിൽ അവൾ തന്റെ ജീവിതം ആസ്വദിക്കുന്നവളാണ്.'
വേണു തന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന നിഗൂഢത നിറഞ്ഞ രഹസ്യങ്ങളിലേക്ക് ഒന്ന് എത്തിനോക്കി. ഒരു നിയോഗം പോലെ തന്റെ തൂലികയിൽ വിരിഞ്ഞ സൃഷ്ടികൾക്ക് എങ്ങിനെ ജീവൻ വെച്ചു. അയാൾക്ക് അത്ഭുതവും, അതിനേക്കാൾ ഉപരി ഭയവും തോന്നി.പിന്നെ അയാൾ വിചാരിച്ചു. തന്റെ ജീവിതം എന്നും ഈ ഭൂമിക്ക് ഭാരമാണെന്ന് തോന്നിയിരുന്നു. ആത്മഹത്യയെ കുറിച്ചായിരുന്നു, മിക്കവാറും ചിന്തകൾ, അതിൽ നിന്നും ഒരു വിട്തൽ കിട്ടാനായി ദൈവത്തിന്റെ കരങ്ങൾ ആയിരിക്കാം തന്നെ കൊണ്ട് ഇത്രയൊക്കെ ചെയ്യിച്ചത്.
ഭാഗം 7
മുരളീദാസ്, നന്ദനയുടെ കല്യാണം ഉറപ്പിക്കാനായി ഗൾഫിൽ വരുന്നു എന്ന് അമ്മ നളിനി വേണുവിനോട് പറഞ്ഞു. ഡിഗ്രി ഫൈനൽ ഇയറിന്റെ അവസാനത്തെ എക്സാം കഴിഞ്ഞ ദിവസമായിരുന്നു അന്ന്.
"വേണൂ....നീ നന്ദനയുമായ വിവാഹത്തിന് പ്രീപെർഡ് അല്ലെ. അച്ഛൻ വരുന്നുണ്ട്. അച്ഛന് എപ്പോഴും നന്ദനയുടെ കാര്യത്തിൽ ആധിയായിരുന്നു.അവൾക്ക് നല്ലൊരു സ്വാഭാവഗുണമുള്ള ചെറുപ്പക്കാരനെ കിട്ടുമോ എന്നോർത്ത്.ഇന്നത്തെ കാലത്ത് അതിനുള്ള ചാൻസ് കുറവാണ്. ഓരോ ദിവസവും എന്തൊക്കെ വേദനിപ്പിക്കുന്ന വാർത്തകളാ കേൾക്കുന്നത്. പെൺ കുട്ടിയോൾക്ക് ഒന്നും നേരിടാനുള്ള ശക്തിയില്ല. നന്ദനക്കാണെങ്കിൽ കുട്ടിക്കളി ഇച്ചിരി കൂടുതൽ ആണ്."
"അമ്മ ഒന്നും കൊണ്ടും പേടിക്കേണ്ട... ഞാൻ കാരണം നന്ദുവിന്റെ കണ്ണുകൾ നിറയേണ്ടി വരില്ല, എന്നരികിൽ അവൾ എപ്പോഴും ഹാപ്പിയായിരിക്കും. അച്ഛനോട് പറഞ്ഞേക്കൂ."
അമ്മ പറയുന്നത് പോലെ തന്നെ നന്ദനക്ക് കൊച്ചു കുട്ടികളുടെ സ്വഭാവമാണ്. അവൾ അയക്കുന്ന മെസ്സേജിന് റിപ്ലൈ കൊടുക്കാൻ കുറച്ചു നേരം വൈകിയാൽ മതി, അപ്പൊ പിണങ്ങും. എന്നാൽ ആ പിണക്കത്തിന് ഇത്തിരി ആയുസ്സെ ഉണ്ടായിരിക്കുള്ളൂ. അപ്പൊ തന്നെ മാഷേ... എന്ന് വിളിച്ചിട്ട് വരും.അവളുടെ കുസൃതികളോരോന്നും എന്നും ആസ്വദിച്ചിട്ടെ ഉള്ളൂ... പ്രിയകുട്ടിയെ വാത്സല്യം കണ്ടും,കുറുമ്പ് കണ്ടും,കണ്ണും, മനസ്സും നിറഞ്ഞിരുന്നു. സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചു. എന്നിട്ടും ഈ ഏട്ടനെ അവൾക്ക് മനസ്സിലായില്ല. അത് കൊണ്ട് ആരുമായും മനസ്സ് തുറന്ന് അടുക്കുവാൻ ഭയമായിരുന്നു. അതാണ് നന്ദു പൊളിച്ചെഴുതിയത്. അയാൾ ചിന്തിച്ചു. ചെറുപ്പം മുതലേ സ്നേഹിക്കുന്നവരെ എല്ലാം ദൈവം തട്ടി എടുക്കുന്നത് പതിവായിരുന്നത് കൊണ്ട് തന്റെ കൂടെ കല പില കൂട്ടി കൊണ്ട് മരണം വരെ ജീവിതം നെയ്‌തെടുക്കാൻ അവളുണ്ടാകണേ... എന്ന് ശിവന്റെ അമ്പലത്തിൽ പോയി പ്രത്യേക വഴിപാട് നടത്തി.
നന്ദനയുടെ അച്ഛൻ വന്നതിനു ശേഷമാണ്, അനിയത്തി പ്രിയയോട് കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി അവളുടെ അടുക്കൽ പോയത്.
അവളുടെ ഭർത്താവ് അവിടെ ഇല്ലായിരുന്നു. ഏട്ടാ ... എന്ന് വിളിച്ചു അവൾ കുറെ കരഞ്ഞു.
എന്ത് പറ്റി മോളേ... നീ ഹാപ്പിയല്ലേ, അയാൾ അവളുടെ താടി പിടിച്ചു കൊണ്ട് ചോദിച്ചു.
സ്വർണ കൂട്ടിലെ തത്തമ്മ, അവൾ കരച്ചിലോടെ പറഞ്ഞു. എന്നെ വലിയ ഇഷ്‌ടമാണ്, എന്നാൽ ഞാൻ ആരെയും സ്നേഹിക്കാൻ പാടില്ല. വേണു ഏട്ടനെ പോലും, അയാളെ അച്ഛനമ്മമാരെ പോലും എന്നിൽ നിന്ന് അകറ്റി.
"മോളേ, നിന്നെ ഞാൻ എങ്ങിനെ വളർത്തിയതാണ്.നിനക്ക് ഇവിടെ മടുപ്പ് തോന്നിയാൽ ഓടി എന്റെ അടുത്തേക്ക് വരണം.ഈ ഏട്ടന്റെ അടുത്തേക്ക് എപ്പോൾ വേണമെങ്കിലും നിനക്ക് വരാം.
ഒന്നും വേണ്ട.... ഇയാൾക്ക് എന്നെ വലിയ കാര്യമാണ്. പിന്നെ നന്ദനയോട് പറയണം എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന്. ചടങ്ങിന് ഞാൻ എത്താം നോക്കാം... അതും പറഞ്ഞു അവൾ കണ്ണീര് തുടച്ചു.
അവിടെ നിന്ന് ഇറങ്ങുമ്പോൾ വേണുവിന് താൻ ഈ ഭൂമിയിൽ തനിച്ചാണല്ലോ എന്ന തിരിച്ചറിവ് അയാളുടെ ശരീരവും, മനസ്സും ആടി ഉലഞ്ഞു പോയിരുന്നു.അയാളുടെ ജീവിതത്തിൽ ഇന്നേ വരെ വെച്ചു നോക്കുമ്പോൾ അയാളുടെ ഭാവിയെ കുറിച്ചു ആലോചിച്ചപ്പോൾ വല്ലാത്തൊരു ആകുലതയിൽ മനം തേങ്ങി. നന്ദനയോടത്തുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള ഉല്കണ്ഠ വർധിച്ചു, ആധികേറിയിരിക്കുന്ന സമയത്താണ് നന്ദനയുടെ വീട്ടിൽ നിന്ന് ഫാമിലിഎല്ലാവരും വേണുവിന്റെ വീട്ടിലേക്ക് വന്നത്.
എല്ലാവരും കണ്ടമാത്രയിൽ വേണു ഒന്ന് പരിഭ്രമിച്ചു. ഉറക്കച്ചടവോടെ വീർത്ത കണ്ണുകളും, പാറി പറന്ന മുടിയും കണ്ടപ്പോൾ അമ്മ നളിനി ചോദിച്ചു.
"ഇത് എന്ത് കോലമാ വേണൂ... അവധി ദിവസമായത് കൊണ്ട്, കുളിയും, ജപവും ഒന്നുമില്ലേ."
"ഒന്നുമില്ല അമ്മേ,"അതും പറഞ്ഞു അയാളുടെ കണ്ണുകൾ നിറഞ്ഞു.
"ഏ... കരയുന്നോ...ഇയാൾക്ക് ഇതെന്തു പറ്റി. ഏതു സമയവും കിലു കിലാന്ന് സംസാരിക്കുന്നയാളാ..." ചെറിയമ്മ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു കൊണ്ട് ചോദിച്ചു.ഒന്നുമില്ല എന്ന ഉത്തരം കൊടുത്തു കൊണ്ട് അയാൾ അവർ വന്ന വഴി കടന്ന് പുറത്തേക്ക് കണ്ണുകൾ പായിച്ചു.
അത് മനസ്സിലാക്കിയ നളിനി പറഞ്ഞു, "നോക്കുന്നതാരാണെന്ന് മനസ്സിലായി, അച്ഛനും, നന്ദനയും ഉമ്മറത്തുണ്ട്. വേണൂ ഇവിടെ ഒരു വൃന്ദാവനം തന്നെ ഒരുക്കിയിട്ടുണ്ട് അല്ലെ. ഒരു ബാച്ചിലർ എങ്ങിനെ ഇത് ഒപ്പിച്ചടുത്തു.ഇതിന് വേണു പ്രത്യേക അപ്രിസിയേഷൻ അർഹിക്കുന്നുണ്ട്."
"കൂടുതൽ ഒന്നും കളിയാക്കണ്ട ചെറിയമ്മാ..."
"കളിയാക്കിയതല്ല കുട്ടീ... ഒരു കുടുംബംമില്ലാതെ വേണു തനിച്ചാണ് ഈ വീടും, പരിസരവും കൊണ്ട് നടക്കുന്നത് എന്ന് തോന്നില്ല. അത്രയും ഒരുങ്ങിയിരിക്കുന്നു."
കണ്ടപാടെ ഒച്ചപ്പാട് ഉണ്ടാക്കി മാഷേ, എന്ന് വിളിക്കാതെ, അച്ഛന്റെ ഓരം പറ്റി പതുങ്ങി നടന്നു വരുന്ന നന്ദനയെ കണ്ടപ്പോൾ വേണുവിന് ചിരി പൊട്ടി.എത്ര മര്യാദക്കാരി.അയാൾ ഓർത്തു.
"വേണൂ..." മുരളീദാസിന്റെ ഘനഗംഭീരമായ സൗണ്ടിൽ വേണു ആദ്യം ചെറുതായി നടുങ്ങാതെ ഇരുന്നില്ല. പിന്നെ അയാൾ വാതോരാതെ സംസാരിച്ചപ്പോൾ അയാളുടെ ശൈലി അത് തന്നെയാണെന്ന് അറിഞ്ഞു അയാൾ സമാധാനിച്ചു.
"എനിക്ക് അധികം ലീവ് ഇല്ല... നമുക്ക് പരസ്പരം ബോധിപ്പിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്നു വിവാഹം നടത്തുന്നതാണ് ഉചിതം. ബന്ധുക്കളോടൊക്കെ തീരുമാനിച്ചിട്ട് തിയ്യതി കുറിക്കാം എന്താ..."
വേണു സമ്മതത്തിൽ തലയാട്ടി.
"അച്ഛൻ മാത്രം എല്ലാം നിശ്ചയിച്ചു എന്ന് വേണ്ട!വേണുവിന്റെ അഭിപ്രായവും പറയാം..."
"സഹോദരി പ്രിയയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഈ ആഴ്ച നാട്ടിലൊട്ടൊന്ന് പോണം, ബന്ധുക്കളോടൊക്കെ സമ്മതം വാങ്ങണം. തറവാട്ടിൽ ഇപ്പോഴും അച്ഛൻ കെട്ടികൊണ്ട് വന്ന ഇളയമ്മയുണ്ട് അവരെ അനുഗ്രഹം വാങ്ങണം."
"ഒക്കെ വേണൂ..."നന്ദനയുടെ അച്ഛൻ തന്റെ ഭാവി മരുമകന്റെ സ്വഭാവശുദ്ധിയിൽ അല്പം അഹങ്കരിച്ചുകൊണ്ട് പറഞ്ഞു.
അപ്പോഴേക്കും, ചെറിയയമ്മയും, നന്ദനയും, ചായയും, പലഹാരങ്ങളുമൊക്കെ എടുത്തിരുന്നു. അതൊക്കെ കഴിച്ച്, എല്ലാവർക്കും അനുയോജ്യമായ തിയ്യതി നോക്കി, അവിടെനിന്ന് മടങ്ങുമ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു.
ഭാഗം 8
വിവാഹം പ്രമാണിച്ചു വേണുവിന് ഒരുപാട് ഒരുക്കം ഉണ്ടായിരുന്നു. പ്രിയയും, ഇളയമ്മയും, ബന്ധുക്കളുമൊക്കെ, രണ്ടോ, മൂന്നോ ദിവസം മുമ്പേ വരുള്ളൂ എന്ന് അറിയിച്ചിരുന്നു.കുറച്ചു പണിക്കാരെ ഒക്കെ വിളിച്ചു വീട് വൃത്തിയാക്കാനും, പെയിന്റ് അടിക്കാനും ഏർപ്പാടാക്കിയിരുന്നു. വേണുവിന്റെ കോളേജിലുള്ള സഹപ്രവർത്തകരൊക്കെ എല്ലാവരും കട്ടക്ക് കൂടെ നിന്നു വന്നും പോയിയുമൊക്കെ ഇരുന്നു.
അന്നൊരു ബുധനാഴ്ച ആയിരുന്നു. വിവാഹത്തിന് നാലുനാൾ ബാക്കി നിൽക്കെ, അന്ന് വേണുവിന് പതിവിലധികം സന്തോഷം തോന്നി. സ്നേഹിച്ച കുട്ടിയെ തന്നെ വിവാഹം കഴിക്കാൻ പറ്റുക എന്ന ഭാഗ്യം ചില്ലറയല്ല.അയാൾ ദൈവത്തോട് ആദ്യമായി സോറി പറഞ്ഞു. എന്നും പരാതിയും, പരിഭവവും മാത്രം പറഞ്ഞ് ദൈവത്തിന്റെ സ്വസ്ഥത കെ ടുത്തിയതിൽ!നല്ലൊരു നാളെ തനിക്ക് താരനായി ദൈവം ഒരുക്കിയ മഹാഭാഗ്യം ഓർത്തു അയാൾ ദൈവത്തോട് നന്ദിയും പറഞ്ഞു.
പതിവിന് വിപരീതമായി മാനമൊക്കെ പ്രകാശിച്ചു നിന്നു.
'എന്റെ മഴദേവതെ... കുറച്ചു ദിവസം ഒന്ന് കണ്ണടക്കണേ... നാളെ പന്തൽ പണി തുടങ്ങുവാൻ പോവുകയാണ്.' അയാൾ മാനത്ത് നോക്കി കൊണ്ട് പറഞ്ഞു.
മുറ്റത്തെ വിരിഞ്ഞു നിൽക്കുന്ന പൂവുകളെ നോക്കി അയാൾ സങ്കടപ്പെട്ടു.
'എന്റെ വിവാഹം കഴിയുന്നത് വരെ പൊഴിഞ്ഞു പോകരുത്. നിങ്ങൾക്ക് പുതിയ യജമാനത്തി വരുകയാണ്. ആരും പരിഭവമില്ലാതെ എനിക്കായ് അനുഗ്രഹം തരണം.' അതും പറഞ്ഞു വേണു, ഓരോ ചെടികളോടും, പൂക്കളോടും, കിന്നാരം പറയുകയും,അവരെ തലോടുകയും ചെയ്തു. പെട്ടെന്നാണ് വേണുവിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ ശബ്ദിച്ചത്. നന്ദന യാണെന്നാണ് വിചാരിച്ചത്. എന്നാൽ പിന്നെ ഇന്ന് ഒരു ജോലിയും നോക്കണ്ട... സംസാരിച്ചു മണിക്കൂറോളം നീളും. ഒന്ന് ഫ്രീയാകുമ്പോൾ വിളിക്കാമെന്ന് കരുതിയതാണ്, അയാൾ അതും വിചാരിച്ചു മൊബൈൽ എടുത്തപ്പോൾ, നന്ദനയുടെ അച്ഛൻ.
"അച്ഛാ..." അയാൾ സ്നേഹത്തോടെ വിളിച്ചു.
"മോനെ... നീ ഫ്രീ യാണോ...?"
"എന്താ അച്ഛാ.... ഫ്രീയാണ്!"
"നന്ദുവിനും, ചെറിയമ്മക്കും ഒരേ നിർബന്ധം, ഡ്രസ്സ് എടുക്കുമ്പോൾ നീയും കൂടെ വരണമെന്ന്. മോന്ക്കും എടുക്കാമല്ലോ."
"വരാം.. അച്ഛാ... ഞാൻ പ്രിയ വരാൻ കാത്തിരിക്കുകയായിരുന്നു. പിന്നെ താലി മാലയും വാങ്ങണം, എന്നാൽ പിന്നെ നന്ദുവിന്റെ ഇഷ്‌ടത്തിന് വാങ്ങാം അല്ലെ."
"എന്നാൽ നീ പെട്ടെന്ന് വരൂ..." അതും പറഞ്ഞു മുരളി ഫോൺ വെച്ചു.
വേണുവിന് വളരെ ഉത്സാഹം തോന്നി. തന്റെ സ്വന്തം അച്ഛനെയും, അമ്മയെയും, പോലെ വേണു അവരെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. ചെറിയമ്മക്കാവട്ടെ, വേണുവിനെ കാണുമ്പോൾ ഒരു കുഞ്ഞനിയനിയനോടുള്ള വാത്സല്യമാണ്.
വേണുവിന്റെ കാർ നന്ദനയുടെ വീട്ടിൽ പാർക്ക് ചെയ്ത്, അച്ഛന്റെ ഇന്നോവയിൽ ആണ് എല്ലാവരും ടൗണിലേക്ക് പോയത്.വീട്ടിൽ നിന്ന് ഏകദേശം പത്തു കിലോമീറ്ററുള്ള യാത്രയിൽ വണ്ടി ഓടിച്ചിരുന്നത് വേണുവായിരുന്നു . എല്ലാവരും ഏറെ ഹാപ്പിയിൽ ആയിരുന്നു. കളിയും, ചിരിയുമൊക്കെ ഉള്ള ഒരു കൊച്ചു ഉല്ലാസയാത്രയെപോലെ തോന്നിക്കുകയും ചെയ്തു.
ഒരു പോലെയുള്ള മെറൂൺ കളർ ഡ്രസ്സ് ആയിരുന്നു മുരളി രണ്ട് പേർക്കും സെലക്ട് ചെയ്തത്. തലേന്ന് അണിയാനുള്ളതും പിന്നീട് അണിയാനുള്ളതുമൊക്കെയായി ധാരാളം ഡ്രസ്സ് മുരളി വാങ്ങി കൂട്ടി. ആഭരണങ്ങൾ വാങ്ങി ജ്വല്ലറിയിൽ വെച്ചു തന്നെ അണിഞ്ഞപ്പോൾ, തന്റെ നന്ദൂട്ടിയെ കോരിഎടുത്തു വട്ടം കറക്കാൻ നോക്കി വേണുവിന്, താലി മാല, നന്ദനയുടെ ഇഷ്‌ടപ്രകാരം തന്നെ എടുത്തു. എല്ലാം കഴിഞ്ഞപ്പോൾ രാത്രി പത്തുമണി കഴിഞ്ഞു. വേണു വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ മുരളിക്കും വണ്ടി ഓടിക്കുവാൻ ഒരു ആഗ്രഹം.
നാട്ടിൽ നിന്ന് വണ്ടി ഓടിക്കുമ്പോൾ ഒരു കൺഫ്യൂഷൻ ആണ്, അതും പറഞ്ഞു മുരളി വണ്ടി എടുത്തു. വഴിക്ക് വെച്ചു വണ്ടി നിർത്തി നല്ലൊരു റെസ്റ്റോറന്റ്ൽ കയറി ഭക്ഷണം കഴിച്ചു. അതിനു ശേഷം എന്താന്ന് അറിയാത്ത ഒരു നിശബ്‌ദത തളം കെട്ടി നിന്നു. നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് മുരളി പറഞ്ഞു.
"ദേവ നന്നായി പാടുന്ന ആളല്ലേ, ഒന്നു പാടൂ... നിന്റെ പാട്ട് കേട്ടിട്ട് കുറെയായി."അതും പറഞ്ഞു മുരളി തിരിഞ്ഞു ബാക്കിൽ ഇരുന്നിരുന്ന ദേവയെ നോക്കിയതായിരുന്നു. എതിർ വശത്തു നിന്ന് വരുന്ന ലോറി നേരെ വരുന്നതും, എല്ലാവരും നിലവിളിച്ചതും മാത്രം ഓർമയുണ്ട്, പിന്നെ ബോധം വന്നപ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു.
നന്ദൂ... നന്ദൂ... അതായിരുന്നു ഉള്ളം നിറയെ. എണീക്കാൻ നോക്കിയപ്പോ കഴിഞ്ഞില്ല. വേണു ഉണർന്നത് കണ്ട് ആപ്പോൾ അവിടെയുണ്ടായിരുന്ന സിസ്റ്ററ്റരുടെ കണ്ണുകൾ വിടർന്നു.
എണീക്കണ്ടാ, കാലുകൾക്ക് പൊട്ടലുണ്ട്, പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.
മറ്റുള്ളവരൊക്കെ എവിടെ?. നന്ദന!
അപ്പുറത്തുണ്ട്. കൂടെ ദേവയാനി യെന്ന അവരുടെ ചെറിയമ്മയുണ്ട്.
അച്ഛനും, അമ്മയും?മുന്നിൽ അവരായിരുന്നുവല്ലോ ഇരുന്നത്.
സിസ്റ്റരുടെ കണ്ണുകൾ താഴ്ന്നു.
എന്തു പറ്റി? വേണു അന്തലാപ്പോടെ ചോദിച്ചു.
"ഒന്നുമില്ല," അവർ ഒന്നും പറയാതെ കടന്നു കളഞ്ഞു.
പിന്നെയാണ് അറിഞ്ഞത്, അമ്മയും, അച്ഛനും, ഈ ഭൂമിവിട്ട് തന്നെ പോയി, നന്ദന ഐ സി യു വിന്റെ തണുപ്പിൽ ജീവൻമരണ പോരാട്ടം നടത്തുന്നു.
പിന്നെ വേണുവിന് ഒന്നും ഓർമയില്ലായിരുന്നു. ഓർമ വന്നപ്പോൾ ആകെ ബഹളം വെച്ചു. പ്രിയയുടെയും, ഭർത്താവിന്റെയും കരങ്ങൾ തട്ടി മാറ്റി, അലറി കരഞ്ഞു.
"എനിക്കവളെ കാണണം, ഒരു നോക്ക് പ്ലീസ്, എന്നെ ഒന്ന് കൊണ്ട് പോകൂ..." അയാൾ അവരോട് യാചിച്ചു. കട്ടിലിന്റെ അടുത്തു ഒരു കസേര ഇട്ടുകൊണ്ട് ഇളയമ്മ ഇരുന്നു കര യുന്നുണ്ടായിരുന്നു.
"മോനെ, നീ ഒന്ന് അടങ്ങ്, നന്ദനക്ക് ഒന്നും സംഭവിച്ചിട്ടില്ല. നീ ഒന്ന് എണീക്കാൻ ആവട്ടെ, ഞാൻ കൊണ്ട് പോകാൻ നിന്നെ. "അവരുടെ സ്നേഹം തുളുമ്പുന്ന മുഖത്തേക്ക് വേണു, ആദ്യമായി കാണുന്നത് പോലെ നോക്കി വിതുമ്പി കിടന്നു.
'ദൈവമേ... എന്തിനീ പരീക്ഷണം,' അയാൾ പറയുന്നുണ്ടായിരുന്നു.
മൂന്ന് മാസത്തെ ആശുപത്രി വാസം, അതിന്റെയിടയിൽ, നന്ദനക്ക് ഹെഡ് ഇൻജ്വറിയുള്ളത് കൊണ്ട്, രണ്ട് തവണ ഓപ്പറേഷൻ വേണ്ടി വന്നു.വേണുവും, ചെറിയമ്മയുമായിരുന്നു, ഹോസ്പിറ്റലിൽ നന്ദനയുടെ അടുത്ത്.നന്ദന ഒന്നിനും പ്രതികരിക്കുന്നില്ല എന്ന് പലപ്പോഴും വേണുവിന് തോന്നിയിരുന്നു.വേണുവിനെ കാണുമ്പോൾ അവളുടെ കണ്ണിൽ പഴയ ആ തിളക്കമില്ല.അപരിചതരെ കാണുമ്പോൾ എങ്ങിനെയാണോ, അത് പോലെയാണ് വേണുവിനെ കാണുമ്പോൾ അവൾ പെരുമാറുന്നത്, ഒരു ദിവസം ബെഡ് ഷീറ്റ് മാറ്റാൻ വേണ്ടി നന്ദനയെ ഒന്ന് താങ്ങി പിടിക്കാൻ ചെറിയമ്മ വേണുവിനോട് പറഞ്ഞു. വേണു അടുക്കാൻ ശ്രമിച്ചപ്പോൾ തൊടരുത് എന്ന രൂപത്തിൽ രണ്ട് കയ്യും വിലക്കി കൊണ്ട് നന്ദന ആക്ഷൻ കാണിച്ചു. വേണു ആകെ തകർന്നു പോയി. അയാൾക്ക് മനസ്സിലായി അവളുടെ ആക്സിഡന്റോടോപ്പം അയാൾ അവളുടെ മനസ്സിൽ നിന്ന് തന്നെ മാഞ്ഞു പോയിരിക്കുന്നു, എന്ന്.
ഡോക്ടർ സാഗറിന്റെ മുന്നിൽ ചെറിയമ്മയും, വേണുവും ഇരിക്കുമ്പോൾ, ഡോക്ടർ ഇവരോട് എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം പതറി. പിന്നെ സാവധാനം പറഞ്ഞു.
നിങ്ങൾ വിഷമിക്കേണ്ട... പ്രതീക്ഷക്ക് വകയുണ്ട്. കുറച്ചു സമയം എടുക്കുമെന്ന് മാത്രം. ഇതുപോലെ ഒരു കേസ് ഞാൻ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ആ കുട്ടി പിന്നീട് ബെറ്റർ ആയി.
"ഡോക്ടർ...ബെറ്റർ ആവാത്ത കേസും കൈകാര്യം ചെയ്തിട്ടില്ലേ. അയാൾ ദീർഘ ശ്വാസം വിട്ടുകൊണ്ട് ചോദിച്ചു.
ഡോക്ടർ ഒന്നും പറയാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഭാഗം 9
പിന്നീട് അങ്ങോട്ട് പ്ലാനിംഗോടെ ആയിരുന്നു, ചെറിയമ്മയും, വേണുവും ജീവിച്ചത്. നന്ദനയുടെ വീടിന്റെ എതിർ വശത്ത്, ചെറിയമ്മയുടെ വീട് ഉണ്ട്. എപ്പോഴെങ്കിലും പോയി അടിച്ചു വാരി, തുടച്ചിടും, എന്നാൽ ദേവദാസ് പോയതിൽ പിന്നെ അവിടെ ആരും താമസിച്ചിട്ടില്ല. ഒരു ദിവസത്തെ അടുപ്പമാണെങ്കിലും,ഒരുപാട് നല്ല ഓർമകൾ ഉറങ്ങികിടക്കുന്ന വീട്ടിലേക്ക് കയറാൻ തന്നെ ദേവയാനിക്ക് ഇഷ്‌ടമില്ല.
ദാസ് വരും, വരാതിരിക്കില്ല, അപ്പോൾ താമസിക്കാമല്ലോ, എന്നാണ് പുറത്ത് നിന്ന് ആരെങ്കിലും ചോദിച്ചാൽ പറയുക. എന്നാൽ നളിനിക്കും, മുരളിക്കും, ദേവ അപ്പുറം പോയി താമസിക്കുന്നത് ഒട്ടും ഇഷ്‌ടവും ഇല്ല, അവളെന്റെ മൂത്ത കുട്ടിയാണ്, എന്നാണ് മുരളി പറയുക. ഈ വീട്ടിലേക്ക് വേണു താമസം മാറ്റി. കൂടുതൽ ടൈം നന്ദനയോട് അടുത്തു അവളുടെ പഴയ ഓർമകൾ വീണ്ടെടുക്കുക എന്നതായിരുന്നു ഉദ്ദേശം. അതിന്റെയിടയിൽ വേണു തന്നെ, യോഗയും, മെഡിറ്റേഷനും, ചെയ്യിക്കുന്നുണ്ട്.
ഏതായാലും വേണുവിനെ നന്ദന മാഷ് എന്നുതന്നെയാണ് വിളിക്കുക. അത് എങ്ങിനെ സംഭവിച്ചു എന്ന് ദൈവത്തിനു മാത്രമേ അറിയൂ. മാഷ്, മാഷ്, എന്ന് വിളിച്ചു അടുപ്പമുള്ള ആളെ പോലെ കലപില കൂട്ടി നടക്കും, ഇത്തിരി നേരം മാഷിനെ കണ്ടില്ലെങ്കിൽ സങ്കടമാവും.
ചെറിയമ്മേ... മാഷ് എന്താ വരാത്തെ എന്ന് ചോദിച്ചു സ്വൈര്യം കൊടുക്കൂല... കാലമങ്ങിനെ പോയി പത്തു വർഷം കടന്നു പോയിരിക്കുന്നു.
ഒരു ദിവസം ചെറിയമ്മ വേണുവിനോട് ചോദിച്ചു.
,"വേണൂ... നിന്റെ,'യാത്രാമൊഴി'യെന്ന നോവലിൽ അവസാനം പാട്ടുപാടികൊണ്ടിരിക്കെ, തന്റെ പ്രാണസഖിയെ കാണുമ്പോൾ, കുഴഞ്ഞു വീഴുന്നതാണ് ഇതിവൃത്തം, ഇനിയിപ്പോ ഞങ്ങളുടെ ജീവിതത്തിൽ അത് മാത്രമേ സംഭവിക്കാനുള്ളൂ, ബാക്കി ഒക്കെ വേണുവിന്റെ നോവലും, ഞങ്ങളുടെ ജീവിതവും അച്ഛട്ടാ, ദേവയാനി എന്ന എന്റെ പേരുപോലും, നോവലിന് എങ്ങിനെ വേണു സെലക്ട് ചെയ്തു. ഇത് ചോദിക്കണമെന്ന് ഞാൻ കുറെ കാലമായി വിചാരിക്കുന്നു."
"എനിക്കറിയില്ല ചെറിയമ്മേ... പ്രപഞ്ചത്തിന്റെ നിഗൂഢശക്തികൾ എന്നെ കൊണ്ട് എഴുതിച്ചതാവാം ഇതൊക്കെ. എല്ലാം ദൈവനിയോഗം."
"അതെ വേണൂ... ഇനി എന്ത് വന്നാലും സങ്കടമില്ല, എന്തും നേരിടാനുള്ള കരുത്ത് ആർജിച്ചിരിക്കുന്നു ഇപ്പോൾ. എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ."
"എനിക്കറിയാം എന്റെയും, ദാസിന്റെയും പ്രണയം, ഈ പ്രപഞ്ചത്തിന്റെ ഓരോ മണ്തരികൾക്ക് പോലും അറിയാം, ഞാനൊന്ന് ശക്തമായി ആഗ്രഹിച്ചാൽ ദാസ് ഇവിടെ പറന്നെത്തും, എന്നാൽ ഞാൻ ആഗ്രഹിക്കില്ല. ഈ കാത്തിരിപ്പിനു വല്ലാത്തൊരു സുഖമാണ്. ദാസിന്റെ ധൗത്യമെല്ലാം നിറവേറ്റി കഴിയുമ്പോൾ എന്റെ അടുത്തെത്തും. അപ്പോൾ എനിക്കായ് പാടാൻ അദ്ദേഹത്തിന്റെ കയ്യിൽ പുതിയൊരു ഗസൽ ഉണ്ടായിരിക്കും."
മ്മ്.. വേണു വെറുതെ മൂളുകമാത്രം ചെയ്തു. അയാളുടെ മനസ്സ് നിറയെ നന്ദനയോടുള്ള പ്രണയമായിരുന്നു, ഇനി അവൾക്ക് തന്നെ ഓർക്കാൻ കഴിഞ്ഞില്ലെങ്കിലും, അവളുടെ സാമീപ്യം മാത്രം മതി അയാളുടെ ജീവിതം ധന്യമാകാൻ...
"സ്നേഹപൂർവ്വം എന്റെ നന്ദനക്ക് എന്ന നോവൽ അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അപ്പോൾ ആയിരുന്നു നന്ദനയുടെ അപ്രതീക്ഷിതമായ ചോദ്യം.
മാഷേ... ദേവയാനിയെന്ന നോവൽ മാഷ് എഴുതിയില്ലേ, അത് പോലെ നന്ദന എന്ന് പേരിൽ മാഷ് ഒരു നോവൽ എഴുതുമോ, കൊച്ചു കുട്ടികളുടെ നിഷ്കളങ്കഭാവത്തിലുള്ള ചോദ്യം കേട്ടപ്പോൾ മാഷ് ഞെട്ടിപ്പോയി. കാരണം അയാളുടെ മനസ്സിലും അത് തന്നെയായിരുന്നു.
ഇതിനകം നന്ദന ഒരു വായന പ്രിയ ആയിരിക്കുന്നു.
വേണു വിന്റെ നോവൽ വായിച്ചു തുടങ്ങിയപ്പോ വായനയോടുള്ള ഇഷ്‌ട ത്തിൽ കവിഞ്ഞു, പ്രത്യേകിച്ച് അവൾക്കൊന്നും തോ ന്നിയിട്ടില്ലായിരുന്നു. എന്നാൽ പുസ്തകത്തിലേക്ക് കുറെ നൂഴ്ന്ന് ഇറങ്ങിയപ്പോൾ നന്ദനക്ക് കാര്യങ്ങൾക്ക് ഒരു വ്യക്തത വന്നു. ആകാംഷ നിറഞ്ഞ ഉൾക്കിടിലത്തോടെ നന്ദന ആ പുസ്തകം മുഴുവൻ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. വിഴുങ്ങി എന്ന് പറയുന്നതായിരിക്കും ശരി. തനിക്ക് വേണ്ടി മാഷും, ചെറിയമ്മയും, സഹിച്ച ത്യാഗത്തെ കുറിച്ചോർത്തപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞു. പുസ്തകം വായിച്ചു തീർത്തു എന്ന് പറഞ്ഞു ചെറിയമ്മക്ക് കൈ മാറുമ്പോൾ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു.
നന്ദനയുടെയും, വേണുവിന്റെയും, വിവാഹം ആർഭാടം ഒന്നും കൂടാതെ ലളിതമായി നടത്താം എന്നായിരുന്നു എല്ലാവരുടെയും തീരുമാനം. എന്നാൽ നന്ദൻ തലേന്ന് രാത്രിക്ക് വേണ്ടി ചില പ്രത്യേക ഫുഡ് ഒക്കെ അറേഞ്ച്ചെയ്തിട്ടുണ്ടായിരുന്നു. വേണുവിന്റെ ഫ്രെണ്ട്സ്ന്റെ വക ചെറിയൊരു ഗാനമേള ഉണ്ട്, അതായിരുന്നു എല്ലാവരോടും പറഞ്ഞത്. എന്നാൽ അകത്ത് അതിഥി ക്കളെ സ്വീകരിക്കുന്ന ദേവയാനി, എവിടെനിന്നാണ് ഈ മധുരിക്കുന്ന ഗാനം ഒഴുകി വരുന്നത് എന്നറിയാൻ സ്റ്റേജിലേക്ക് ഓടിയടുത്തപ്പോൾ അവിടെ കണ്ട ആളെ കണ്ട് ഞെട്ടലോടെ നിന്നു.
'ദേവദാസ്, ദേവദാസ് ആയിരുന്നു അത് '
അപ്പോഴും അവൾക്കേറ്റവും, പ്രിയമുള്ള ഗസൽ ദേവദാസ് പാടുകയായിരുന്നു.
ഒരു പുഷ്പം മാത്രാമെൻ പൂങ്കുലയിൽ നിർത്താൻ ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനമാത്രമെൻ.... ഒരു ഗാനമാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാൻ
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ.
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടു... സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ....
പുഷ്പത്തിൻതൽപ്പമങ്ങ് ഞാൻ വിരിക്കാം... (ഒരു പുഷ്പം ).
ദേവദാസ്, ദേവയാനിയെ സ്റ്റേജിലേക്ക് കൈ കാണിച്ചു കൊണ്ട് വിളിച്ചു, അപ്പോഴേക്കും, പാട്ടിന്റെ ബഹളമൊക്കെ കേട്ട് നന്ദനയും അവിടെ എത്തിയിരുന്നു.
"നിന്റെ ചെറിയച്ചനാണ് മോളേ..."ചെറിയമ്മ, നന്ദനയോട് പറയുമ്പോൾ അവരുടെ കണ്ണുകൾ സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടായിരുന്നു. നന്ദന ചെറിയച്ഛന്റെ കാൽക്കൽ വീണു. അവൾ കരയുകയായിരുന്നു. വേണു അവളെ പിടിച്ചെണീപ്പിച്ചപ്പോൾ ഒരു കുറുകലോടെ അവൾ അയാളെ നെഞ്ചിലേക്ക് ചാഞ്ഞു.
(അവസാനിച്ചു.)