mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 7

മുരളീദാസ്, നന്ദനയുടെ കല്യാണം ഉറപ്പിക്കാനായി ഗൾഫിൽ വരുന്നു എന്ന് അമ്മ നളിനി വേണുവിനോട് പറഞ്ഞു. ഡിഗ്രി ഫൈനൽ ഇയറിന്റെ അവസാനത്തെ എക്സാം കഴിഞ്ഞ ദിവസമായിരുന്നു അന്ന്.

"വേണൂ....നീ നന്ദനയുമായ വിവാഹത്തിന് പ്രീപെർഡ് അല്ലെ. അച്ഛൻ വരുന്നുണ്ട്. അച്ഛന് എപ്പോഴും നന്ദനയുടെ കാര്യത്തിൽ ആധിയായിരുന്നു.അവൾക്ക് നല്ലൊരു സ്വാഭാവഗുണമുള്ള ചെറുപ്പക്കാരനെ കിട്ടുമോ എന്നോർത്ത്.ഇന്നത്തെ കാലത്ത് അതിനുള്ള ചാൻസ് കുറവാണ്. ഓരോ ദിവസവും എന്തൊക്കെ വേദനിപ്പിക്കുന്ന വാർത്തകളാ കേൾക്കുന്നത്. പെൺ കുട്ടിയോൾക്ക് ഒന്നും നേരിടാനുള്ള ശക്തിയില്ല. നന്ദനക്കാണെങ്കിൽ കുട്ടിക്കളി ഇച്ചിരി കൂടുതൽ ആണ്."

"അമ്മ ഒന്നും കൊണ്ടും പേടിക്കേണ്ട... ഞാൻ കാരണം നന്ദുവിന്റെ കണ്ണുകൾ നിറയേണ്ടി വരില്ല, എന്നരികിൽ അവൾ എപ്പോഴും ഹാപ്പിയായിരിക്കും. അച്ഛനോട് പറഞ്ഞേക്കൂ."

അമ്മ പറയുന്നത് പോലെ തന്നെ നന്ദനക്ക് കൊച്ചു കുട്ടികളുടെ സ്വഭാവമാണ്. അവൾ അയക്കുന്ന മെസ്സേജിന് റിപ്ലൈ കൊടുക്കാൻ കുറച്ചു നേരം വൈകിയാൽ മതി, അപ്പൊ പിണങ്ങും. എന്നാൽ ആ പിണക്കത്തിന് ഇത്തിരി ആയുസ്സെ ഉണ്ടായിരിക്കുള്ളൂ. അപ്പൊ തന്നെ മാഷേ... എന്ന് വിളിച്ചിട്ട് വരും.അവളുടെ കുസൃതികളോരോന്നും എന്നും ആസ്വദിച്ചിട്ടെ ഉള്ളൂ... പ്രിയകുട്ടിയെ വാത്സല്യം കണ്ടും,കുറുമ്പ് കണ്ടും,കണ്ണും, മനസ്സും നിറഞ്ഞിരുന്നു. സ്നേഹം കൊണ്ടവളെ വീർപ്പുമുട്ടിച്ചു. എന്നിട്ടും ഈ ഏട്ടനെ അവൾക്ക് മനസ്സിലായില്ല. അത് കൊണ്ട് ആരുമായും മനസ്സ് തുറന്ന് അടുക്കുവാൻ ഭയമായിരുന്നു. അതാണ് നന്ദു പൊളിച്ചെഴുതിയത്. അയാൾ ചിന്തിച്ചു. ചെറുപ്പം മുതലേ സ്നേഹിക്കുന്നവരെ എല്ലാം ദൈവം തട്ടി എടുക്കുന്നത് പതിവായിരുന്നത് കൊണ്ട് തന്റെ കൂടെ കല പില കൂട്ടി കൊണ്ട് മരണം വരെ ജീവിതം നെയ്‌തെടുക്കാൻ അവളുണ്ടാകണേ... എന്ന് ശിവന്റെ അമ്പലത്തിൽ പോയി പ്രത്യേക വഴിപാട് നടത്തി.

നന്ദനയുടെ അച്ഛൻ വന്നതിനു ശേഷമാണ്, അനിയത്തി പ്രിയയോട് കാര്യങ്ങൾ ഒക്കെ പറയാൻ വേണ്ടി അവളുടെ അടുക്കൽ പോയത്.

അവളുടെ ഭർത്താവ് അവിടെ ഇല്ലായിരുന്നു. ഏട്ടാ ... എന്ന് വിളിച്ചു അവൾ കുറെ കരഞ്ഞു.

എന്ത് പറ്റി മോളേ... നീ ഹാപ്പിയല്ലേ, അയാൾ അവളുടെ താടി പിടിച്ചു കൊണ്ട് ചോദിച്ചു.

സ്വർണ കൂട്ടിലെ തത്തമ്മ, അവൾ കരച്ചിലോടെ പറഞ്ഞു. എന്നെ വലിയ ഇഷ്‌ടമാണ്, എന്നാൽ ഞാൻ ആരെയും സ്നേഹിക്കാൻ പാടില്ല. വേണു ഏട്ടനെ പോലും, അയാളെ അച്ഛനമ്മമാരെ പോലും എന്നിൽ നിന്ന് അകറ്റി.

"മോളേ, നിന്നെ ഞാൻ എങ്ങിനെ വളർത്തിയതാണ്.നിനക്ക് ഇവിടെ മടുപ്പ് തോന്നിയാൽ ഓടി എന്റെ അടുത്തേക്ക് വരണം.ഈ ഏട്ടന്റെ അടുത്തേക്ക് എപ്പോൾ വേണമെങ്കിലും നിനക്ക് വരാം.

ഒന്നും വേണ്ട.... ഇയാൾക്ക് എന്നെ വലിയ കാര്യമാണ്. പിന്നെ നന്ദനയോട് പറയണം എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്ന്. ചടങ്ങിന് ഞാൻ എത്താം നോക്കാം... അതും പറഞ്ഞു അവൾ കണ്ണീര് തുടച്ചു.

അവിടെ നിന്ന് ഇറങ്ങുമ്പോൾ വേണുവിന് താൻ ഈ ഭൂമിയിൽ തനിച്ചാണല്ലോ എന്ന തിരിച്ചറിവ് അയാളുടെ ശരീരവും, മനസ്സും ആടി ഉലഞ്ഞു പോയിരുന്നു.അയാളുടെ ജീവിതത്തിൽ ഇന്നേ വരെ വെച്ചു നോക്കുമ്പോൾ അയാളുടെ ഭാവിയെ കുറിച്ചു ആലോചിച്ചപ്പോൾ വല്ലാത്തൊരു ആകുലതയിൽ മനം തേങ്ങി. നന്ദനയോടത്തുള്ള തന്റെ ജീവിതത്തെ കുറിച്ചുള്ള ഉല്കണ്ഠ വർധിച്ചു, ആധികേറിയിരിക്കുന്ന സമയത്താണ് നന്ദനയുടെ വീട്ടിൽ നിന്ന് ഫാമിലിഎല്ലാവരും വേണുവിന്റെ വീട്ടിലേക്ക് വന്നത്.

എല്ലാവരും കണ്ടമാത്രയിൽ വേണു ഒന്ന് പരിഭ്രമിച്ചു. ഉറക്കച്ചടവോടെ വീർത്ത കണ്ണുകളും, പാറി പറന്ന മുടിയും കണ്ടപ്പോൾ അമ്മ നളിനി ചോദിച്ചു.

"ഇത് എന്ത് കോലമാ വേണൂ... അവധി ദിവസമായത് കൊണ്ട്, കുളിയും, ജപവും ഒന്നുമില്ലേ."

"ഒന്നുമില്ല അമ്മേ,"അതും പറഞ്ഞു അയാളുടെ കണ്ണുകൾ നിറഞ്ഞു.

"ഏ... കരയുന്നോ...ഇയാൾക്ക് ഇതെന്തു പറ്റി. ഏതു സമയവും കിലു കിലാന്ന് സംസാരിക്കുന്നയാളാ..." ചെറിയമ്മ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു കൊണ്ട് ചോദിച്ചു.ഒന്നുമില്ല എന്ന ഉത്തരം കൊടുത്തു കൊണ്ട് അയാൾ അവർ വന്ന വഴി കടന്ന് പുറത്തേക്ക് കണ്ണുകൾ പായിച്ചു.

അത് മനസ്സിലാക്കിയ നളിനി പറഞ്ഞു, "നോക്കുന്നതാരാണെന്ന് മനസ്സിലായി, അച്ഛനും, നന്ദനയും ഉമ്മറത്തുണ്ട്. വേണൂ ഇവിടെ ഒരു വൃന്ദാവനം തന്നെ ഒരുക്കിയിട്ടുണ്ട് അല്ലെ. ഒരു ബാച്ചിലർ എങ്ങിനെ ഇത് ഒപ്പിച്ചടുത്തു.ഇതിന് വേണു പ്രത്യേക അപ്രിസിയേഷൻ അർഹിക്കുന്നുണ്ട്."

"കൂടുതൽ ഒന്നും കളിയാക്കണ്ട ചെറിയമ്മാ..."

"കളിയാക്കിയതല്ല കുട്ടീ... ഒരു കുടുംബംമില്ലാതെ വേണു തനിച്ചാണ് ഈ വീടും, പരിസരവും കൊണ്ട് നടക്കുന്നത് എന്ന് തോന്നില്ല. അത്രയും ഒരുങ്ങിയിരിക്കുന്നു."

കണ്ടപാടെ ഒച്ചപ്പാട് ഉണ്ടാക്കി മാഷേ, എന്ന് വിളിക്കാതെ, അച്ഛന്റെ ഓരം പറ്റി പതുങ്ങി നടന്നു വരുന്ന നന്ദനയെ കണ്ടപ്പോൾ വേണുവിന് ചിരി പൊട്ടി.എത്ര മര്യാദക്കാരി.അയാൾ ഓർത്തു.

"വേണൂ..." മുരളീദാസിന്റെ ഘനഗംഭീരമായ സൗണ്ടിൽ വേണു ആദ്യം ചെറുതായി നടുങ്ങാതെ ഇരുന്നില്ല. പിന്നെ അയാൾ വാതോരാതെ സംസാരിച്ചപ്പോൾ അയാളുടെ ശൈലി അത് തന്നെയാണെന്ന് അറിഞ്ഞു അയാൾ സമാധാനിച്ചു.

"എനിക്ക് അധികം ലീവ് ഇല്ല... നമുക്ക് പരസ്പരം ബോധിപ്പിച്ച സ്ഥിതിക്ക് എത്രയും പെട്ടെന്നു വിവാഹം നടത്തുന്നതാണ് ഉചിതം. ബന്ധുക്കളോടൊക്കെ തീരുമാനിച്ചിട്ട് തിയ്യതി കുറിക്കാം എന്താ..."

വേണു സമ്മതത്തിൽ തലയാട്ടി.

"അച്ഛൻ മാത്രം എല്ലാം നിശ്ചയിച്ചു എന്ന് വേണ്ട!വേണുവിന്റെ അഭിപ്രായവും പറയാം..."

"സഹോദരി പ്രിയയോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഈ ആഴ്ച നാട്ടിലൊട്ടൊന്ന് പോണം, ബന്ധുക്കളോടൊക്കെ സമ്മതം വാങ്ങണം. തറവാട്ടിൽ ഇപ്പോഴും അച്ഛൻ കെട്ടികൊണ്ട് വന്ന ഇളയമ്മയുണ്ട് അവരെ അനുഗ്രഹം വാങ്ങണം."

"ഒക്കെ വേണൂ..."നന്ദനയുടെ അച്ഛൻ തന്റെ ഭാവി മരുമകന്റെ സ്വഭാവശുദ്ധിയിൽ അല്പം അഹങ്കരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴേക്കും, ചെറിയയമ്മയും, നന്ദനയും, ചായയും, പലഹാരങ്ങളുമൊക്കെ എടുത്തിരുന്നു. അതൊക്കെ കഴിച്ച്, എല്ലാവർക്കും അനുയോജ്യമായ തിയ്യതി നോക്കി, അവിടെനിന്ന് മടങ്ങുമ്പോൾ എല്ലാവരുടെയും മനസ്സ് നിറഞ്ഞിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ