ഭാഗം 5
"നന്ദൂ... ഞാൻ ഇറങ്ങുകയാണ്. എനിക്കെന്തോ നല്ല സുഖം തോന്നുന്നില്ല."
"എന്ത് പറ്റി മാഷിന്. പനികോൾ ഉണ്ടോ?"
"ഒന്നുമില്ല, വീട്ടിൽ പോയി ഒന്ന് കിടക്കണം."
"സാറെ വിഷമങ്ങൾ എല്ലാം നമുക്കറിയാം... ഒട്ടും വിഷമിക്കരുത്, എല്ലാം നല്ലതായി വരും. "അതും പറഞ്ഞു ചെറിയമ്മ അകത്തേക്ക് പോയി. അവർ എന്തിനാണ് അത് പറഞ്ഞത് എന്ന് വേണുവിന് ഒട്ടും മനസ്സിലായില്ല.
അയാൾ യാത്ര പറഞ്ഞ് ഇറങ്ങാൻ നോക്കിയപ്പോൾ നന്ദനയുടെ അമ്മ നളിനി അല്പം വ്യസന ഭാവത്തോടെ പറഞ്ഞു.വേണു അല്പം കൂടി ഇരിക്കാമെങ്കിൽ ഞാനൊരു കഥ പറയാം.
"പാർവതിയമ്മക്കും, കാന്തദാസിനും, രണ്ട് ആൺകുട്ടികൾ, മുരളിദാസും, ദേവദാസും.ഗുരു കാരണവർ ഉണ്ടാക്കി വെച്ചിരുന്ന ഭൂമിയും, പ്രതാപവും, വേണ്ടുവോളമുള്ളത് കൊണ്ട് അത് അനുഭവിച്ചു തീർക്കുക എന്നതായിരുന്നു കാന്താദാസിന്റെ രീതി.അങ്ങിനെ ഒരു ദിവസം കാന്താദാസിന്റെ ചില പ്രത്യേക മട്ടും, മാതിരിയൊക്കെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. മുറിയിൽ കയറി തനിച്ചിരിക്കുക. ഒന്നിനും ഒരു പ്രതികരണമില്ലാതെ എപ്പോഴും മൗ നത്തിൽ തന്നെയായിരുന്നു. ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അയാൾ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു സന്യാസിയെ പോലെ കാവിമുണ്ട് ധരിച്ചുകൊണ്ട് എങ്ങോട്ടില്ലാതെ നടന്നു നീങ്ങി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. മക്കളിൽ മുരളീദാസ് അല്പം മുതിർന്നിരുന്നു, എന്നാൽ ദേവദാസ്, തീരെ ചെറിയ കുട്ടി, പിന്നീട് അമ്മയുടെ സംരക്ഷണണത്തിൽ വളർന്നു.
മുരളി പഠനത്തിൽ വളരെയേറെ മികവ് പുലർത്തിയിരുന്നു. എന്നാൽ ദാസ് എന്നു വിളിക്കുന്ന ദേവദാസ്, എല്ലാവരും കൂടെ താലോലിച്ചു വഷ ളാക്കിയത്കൊണ്ട് അവൻ ആവട്ടെ വളരെ വികൃതിയായി വളർന്നു.അമ്മ പെട്ടെന്ന് മരിക്കുകയും ചെയ്തു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവനൊരു കൂട്ടുകാരിയെ കിട്ടി, 'ഹസീന ബീഗം.'അവൾ ഗസൽ രാജക്കന്മാരുടെ കടുത്ത ആരാധികയായിരുന്നു, അവളുടെ ചുണ്ടിൻ തുമ്പത്ത് എന്നും ഓരോരോ ഗസലുകൾ തത്തി കളിച്ചു. അവളോടുള്ള ആരാധന മൂത്ത്, ദാസും, ഗസലിന്റെ മാന്ത്രിക ശബ്ദത്തെ കുറിച്ചും, സ്നേഹസാന്ദ്രമായ വരികളെ കുറിച്ചും ആഴത്തിൽ പഠിച്ചു.ഹിന്ദു സ്ഥാനി സംഗീതത്തിൻറെ ശാഖയായ ഗസൽ പ്രിയപെട്ടവരെ ഹൃദയപൂർവ്വം അനുഭൂതിയിലേക്ക് ലയിപ്പിച്ചുകൊണ്ട് സംവേദിക്കുക എന്നതായിരുന്നു. അങ്ങിനെ ഗസലിന്റെ ഓരോ ആലാപനവും ദാസിലേക്കും എത്തിപെട്ടു. ഹൃദയ ചെപ്പിനുള്ളിൽ ആരും കാണാതെ സൂക്ഷിച്ച പ്രണയം പറഞ്ഞ് അവർ രണ്ട് പേരും ഉള്ളറയിൽ സൂക്ഷിച്ച മഞ്ചാടികുരുകളെയും, മയിൽപീലികളെയും,ഗസലിന്റെ രൂപത്തിൽ പുറത്തേക്ക് വിട്ടു.
'ഒരു പുഷ്പം മാത്രാമെൻ പൂങ്കുലയിൽ നിർത്താൻ ഞാൻ
ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ
ഒരു ഗാനമാത്രമെൻ.... ഒരു ഗാനമാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാൻ
ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ.
ഒരു മുറി മാത്രം തുറക്കാതെ വെക്കാം ഞാൻ
അതി ഗൂഢമെന്നുടെ ആരാമത്തിൽ
സ്വപ്നങ്ങൾ കണ്ടു... സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ....
പുഷ്പത്തിൻതൽപ്പമങ്ങ് ഞാൻ വിരിക്കാം... (ഒരു പുഷ്പം )
അവർ രണ്ട് പേരും കൂടെ പലപ്പോഴും ഗസലുകളിൽ ഇഴകൾ കോർത്ത ഗാനമായിരുന്നു ഇത്.
ഗസൽ പോലെ തന്നെ ഇവരുടെ പ്രണയത്തിന്റെ മാന്ത്രിക അനുഭൂതിയിൽ ചാറ്റൽമഴപെയ്തു. ഓരോ ഗാനത്തിന്റെയും അവസാനത്തിൽ വിരഹം താങ്ങാൻ കഴിയാതെ പ്രണയത്തിന്റെ മഞ്ഞു തുള്ളികൾ ഉരുകി, ഉള്ളം നനഞ്ഞു.ഒടുവിൽ ഹസീനബീഗം എന്ന പ്രണയിനി ന്യൂമോണിയ വന്നു മരിച്ചപ്പോൾ, അവളുടെ കാൽ കീഴിൽ പ്രണയസ്മാരകം പോലെ അയാൾ വാവിട്ട് കരഞ്ഞു കൊണ്ട് ഗസൽ ആലപിച്ചത്, കാണികളെ മുഴുവൻ കരയിപ്പിച്ചു.
ചുപ്കേ ചുപ്കേ രാത് ദിൻ, ആസു ബഹാനാ യാദ് ഹെ
(രാവും പകലും രഹസ്യമായി കണ്ണീരൊഴുകിയത് ഓർമ്മയുണ്ട്)
ഹംകോ അബ് തക് ആഷികി കാ വോ സമാനാ യാദ് ഹെ
(അനുരാഗത്തിന്റെ ഉന്മാദ നാളുകൾ അതേ പോലെ ഇന്നും ഓർക്കുന്നു.
അതേ...രാവും, പകലും, അവർ ഒന്നിച്ചല്ലാത്ത വേളയിൽ വിരഹവേദന സഹിക്കാൻ കഴിയാതെ അവർ രഹസ്യമായി കണ്ണീർ പൊഴിച്ചിരുന്നത്രെ.
"ഇതിനു മുമ്പ് പറഞ്ഞിരുന്നതായി ഞാൻ ഓർക്കുന്നു.
ഞാൻ എഴുതിയ "യാത്രമൊഴി"എന്ന നോവലും, ചെറിയമ്മയുടെ ജീവിതവും തമ്മിൽ നല്ല സാമ്യം ഉണ്ടെന്ന്. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.പിന്നെ എപ്പോഴാണ് ചെറിയമ്മയെ വിവാഹം കഴിച്ചത്. "വേണു ചോദിച്ചു.
"ഹസീന ബീഗത്തിന്റെ കബറിനരികെ പോയിരുന്നു മിഴികൾ പെയ്യിക്കുമ്പോൾ, ആ സ്മരണയിൽ ഉന്മാദം പൂണ്ട്, ചേഷ്‌ടകൾ കാട്ടികൂട്ടുമ്പോൾ,ഒരു ദിവസം പൊട്ടി കരഞ്ഞു കൊണ്ട് മുരളി തന്റെ കൊച്ചനുജനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു,അല്പം മനശാന്തി കിട്ടുവാൻ വേണ്ടി. ദാസ് പെട്ടെന്ന് റിക്കവർ ആയെങ്കിലും,അവനെ ശുഷ്രൂഷിച്ച ഹസീനയുടെ ഛായയുള്ള ദേവയാനിയുമായി പെട്ടെന്ന് കൂട്ടായി.ഹസീനയുടെ പോലെയുള്ള വെള്ളാരം കണ്ണുകൾ നോക്കി ദാസ് സ്നേഹപൂർവ്വം, കവിതകൾ ചൊല്ലി.ഗോതമ്പിന്റെ നിറമുള്ള മേനിയഴകിൽ അയാളുടെ ചുണ്ടുകളിൽ തേൻ കിനിഞ്ഞു. ദേവയോടത്ത് ഗസലിന്റെ ആലാപനത്തിൽ നൃത്തം ചവിട്ടുമ്പോൾ, ദേവ ശരിക്കും ആ സ്നേഹത്തിന്റെ കരുതൽ അനുഭവിക്കുകയായിരുന്നു. പ്രണയത്തിന്റെ മാധുര്യം നുണയുകയായിരുന്നു.അങ്ങിനെ 'മുരളി 'ദാസിന്റെയും, ദേവയുടെയും വിവാഹം നടത്തി കൊടുത്തു.എന്നാൽ അന്ന് രാത്രി ദാസ് ഞങ്ങളെ പറ്റിച്ചു. ഞാൻ ഒരു യാത്രപോകുകയാണ്,ഈ പ്രപഞ്ചത്തിലെ നിഗൂഢത തേടിയുള്ള യാത്രയിൽ ആണ് ഞാൻ, അത് കണ്ടെത്തും വരെ കാത്തിരിക്കണം എന്ന കുറുപ്പ് എഴുതി വെച്ചുകൊണ്ട് ദാസ് പോയി, പിന്നെ ദാസിനെ ആരും കണ്ടിട്ടില്ല."