ഭാഗം 4
ഒരു ദിവസം അമ്മ നളിനിയുടെയും, ചെറിയമ്മയുടെയും അനുവാദത്തിൽ വേണു സാർ നന്ദനക്ക് ഒരു സ്മാർട്ട് ഫോൺ സമ്മാനിച്ചു. സ്മാർട്ട് ഫോൺ അപൂർവമായേ എല്ലാവരുടെയും കയ്യിൽ ഉണ്ടായിരുന്നുള്ളൂ, ഫോൺ കിട്ടിയ നന്ദന തുള്ളിചാടി. വിദേശത്തുള്ള അച്ഛൻ മുരളിയുമായി ഏറെ നേരം സംസാരിച്ചു.
അവസാനം അവളുടെ അതിരില്ലാത്ത ആഹ്ലാദം കണ്ട് മോളോട് അച്ഛൻ പറഞ്ഞു.
"മോളൂ... മാഷ് ഫോൺ വാങ്ങിച്ചു തന്നു എന്ന് വിചാരിച്ച് പഠിത്തം ഉഴപ്പരുത്." മൊബോൽ സ്പീക്കറിൽ ആയിരുന്നു. അമ്മ നളിനി അപ്പോൾ ഒരു വശത്തു നിന്ന് വിളിച്ചു പറഞ്ഞു.
"പെണ്ണ്, പഠിത്തത്തിൽ ആകെ മോശമായി വരുകയാണ്. അച്ഛൻ തന്നെ മോളോട് പറഞ്ഞു മനസ്സിലാക്ക്."
"ആണോ മോളേ... അയാൾ ചോദിച്ചു.
"അച്ഛാ.... പ്രോമിസ്... ഞാൻ ഇനി പഠിച്ചോളും."
"പഠിച്ചാൽ മോൾക്ക് നല്ലത്. അച്ഛനുമമ്മയുമൊന്നും ഏറെ കാലമൊന്നും ഉണ്ടാവില്ലട്ടൊ, സ്വന്തം കാലിൽ നിൽക്കേണ്ടേ നിനക്ക്!"
"എനിക്കറിയാം അച്ഛാ... "അവളുടെ കണ്ഠമിടറി, പെട്ടെന്ന് ഫോൺ അമ്മക്ക് കൊടുത്തു.
അച്ഛനും എന്തിണെന്നറിയാതെ സങ്കടം വന്നിരുന്നു.
"ദേവയോട് അന്വേഷിച്ചതായി പറയൂ..." അതും പറഞ്ഞു അയാൾ ഫോൺ വെച്ചു.
ഫോണിൽ മാഷിന്റെ മെസ്സേജുകൾ വന്ന് കിടന്നിരുന്നു. എല്ലാം തുറന്നു നോക്കി ആവൾ അതിനു റിപ്ലൈ കൊടുത്തു.
"ഇനീ.. നന്ദൂട്ടിക്ക് ഞാൻ ഫോണിൽ കൂടി ട്യൂഷൻ തരുകയാണ്. ക്ലാസ്സിൽ വെച്ച് ശ്രദ്ധിക്കാൻ കഴിയില്ല. ആർക്കെങ്കിലും ഡൌട്ട് അടിച്ചാൽ പണി കിട്ടും."
"ശരി മാഷേ..."
പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം എനിയങ്ങോട്ട്, എക്സാം വരികയല്ലേ..."
"ശരി.... "അവൾ റിപ്ലൈ കൊടുത്തു.
"കുട്ടിക്ക് എന്തേലും വിഷമമുണ്ടോ? എന്താ ഒരു സന്തോഷമില്ലാതെ!"
"അച്ഛൻ വിളിച്ചിരുന്നു.എന്റെ പാവം അച്ഛൻ, എനിക്കൊത്തിരി മിസ്സ് ആവുന്നു അച്ഛനെ."
"സാരല്ല... നന്ദൂട്ടി... ഇനി അച്ഛൻ നാട്ടിൽ വന്നാൽ നമുക്ക് അച്ഛനെ വിടണ്ട...നാട്ടിൽ നിൽക്കട്ടെ. ന്റെ നന്ദൂട്ടിയുടെ അടുത്ത്."
"മാഷ് പറയണട്ടൊ അച്ഛനോട്."
"ഒക്കെ.... "
"എന്നാൽ പോയി കിടന്നോ.. നാളെ മുതൽ 2 മണിക്കൂർ ക്ലാസ്സ് ഉണ്ട്, ഡൌട്ട് ഒക്കെ ക്ലിയർ ചെയ്ത് തരാം."
മെസ്സേജുകൾ അവസാനിച്ചു എങ്കിലും രണ്ട് പേരും ഒറ്റപ്പെടലിന്റെ പിടച്ചിലിൽ കുറെ നേരം വാട്സ്അപ്പ് തുറന്നു പരിശോധിച്ചു.
വല്ലാത്തൊരു പ്രണയമായിരുന്നു അത്. പ്രണയത്തിന്റെ മാധുര്യം നുണഞ്ഞിറക്കിയും, വിരഹത്തിന്റെ കൈപ്പ്നീര്, നീറ്റൽ ഉണ്ടാക്കിയും, വല്ലാത്തൊരു ഞെരിപിരി കൊള്ളുന്ന അവസ്ഥ. മാഷേ... മാഷേ... എന്ന് വിളിച്ചുള്ള കിളി കൊഞ്ചൽ കേൾക്കാതെ മാഷിനും, ന്റെ നന്ദൂട്ടി എന്ന് കേൾക്കാതെ നന്ദനക്കും ഉറക്കം വരില്ലായിരുന്നു. വീട്ടുകാരുടെ അറിവോടെആയതിനാലും, തടസ്സങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടും, ശരിക്കും പറഞ്ഞാൽ ഒട്ടും ആലോസരമില്ലാതെ പ്രണയിനികൾ ആത്മാവിനോടൊത്ത് നൃത്തം ചവിട്ടി.
ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന ദിവാകരൻ മാഷ്, വേണുവിനോട് ചോദിച്ചു.
"സാർ നന്ദനയുടെ കാര്യത്തിൽ സീരിയസ് ആണെങ്കിൽ, വിവാഹം നീട്ടി വെക്കേണ്ട..."
"ഞാൻ കുട്ടീടെ വീട്ടുകാരുമായി സംസാരിച്ചിരുന്നു.വേണു പറഞ്ഞു. അച്ഛന് ലീവ് കിട്ടുന്നത് നോക്കി നടത്തണം. പിന്നെ കുട്ടിയുടെ ഡിഗ്രി കംപ്ലീറ്റ് ആവണ്ടേ..."
എന്നാൽ നന്ദനക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യാനൊന്നും ഒട്ടും താല്പര്യമില്ലായിരുന്നു.എന്നാൽ വേണു സാർ അവളുടെ ഉഴപ്പൽ ഭാവത്തിന് കൂട്ട് നിൽക്കാൻ തയ്യാറായില്ല. പിന്നെ അയാളുടെ ജോലി അവളെ വീട്ടിൽ പോയിരുന്നു പഠിപ്പിക്കുക എന്നായിരുന്നു. അവൾക്ക് മാർക്ക് കുറയുന്നതോ, തോൽക്കുന്നതോ, അയാൾക്ക് ഒട്ടും സഹിക്കൂലാ യിരുന്നു.
ഒരു ദിവസം വേണു സാറിന്റെ മൊബൈൽ ഫോണിലേക്ക് ഒരു ഗൾഫ് കാൾ വന്നു. വേണു ആകാംക്ഷയോടെ മൊബൈൽ എടുത്തു ചെവിയോട് ചേർത്തു. നന്ദനയുടെ അച്ഛനായിരുന്നു ലൈനിൽ.
"ഇത് മുരളിയാ.... നന്ദനയുടെ അച്ഛൻ, വേണു അല്ലെ അത്."
"അച്ഛാ.... "വേണു ഭവ്യതയോടെ വിളിച്ചു.
"എന്തൊക്കെയുണ്ട് വിശേഷം?"
"അങ്ങിനെ പോകുന്നു അച്ഛാ...." വേണു മറുപടി പറഞ്ഞു.
"നമ്മൾ തമ്മിൽ സംസാരിച്ചിട്ട് ഇല്ലാ... നളിനിയും, ദേവയും എല്ലാ വിശേഷവും എന്നോട് പറയാറുണ്ട്."
"അച്ഛന്റെ വിശേഷം ഞാനും അറിയാറുണ്ട്. വിളിക്കണമെന്ന് നീരിച്ചിരുന്നു. അച്ഛന് സുഖം തന്നെയല്ലേ... "വേണു അങ്ങിനെ ചോദിച്ചെങ്കിലും, അയാളുടെ ഹൃദയം ശക്തിയായി മിടിക്കാനും, വിയർക്കാനും തുടങ്ങി.
"സുഖം തന്നെ മോനെ.... എനിക്ക് എന്ത് ചോദിക്കണമെന്ന് വല്ലാത്തൊരു ആശയകുഴപ്പം. എന്റെ മോൾ പാവമാണ്, അത്രയേ നിക്ക് പറയാനുള്ളൂ. വെറുമൊരു പൊട്ടിപെണ്ണ്."
പെട്ടെന്ന് വേണുവിന്റെ കണ്ണുകൾ നിറഞ്ഞു. സംസാരിക്കാൻ കഴിയാതെ വാക്കുകൾ മുറിഞ്ഞു.
"നീ കേൾക്കുന്നില്ലേ... അയാൾ ചോദിച്ചു.
മ്മ്മ്... വേണു മൂളി. 'അയാൾക്ക് പറയണമെന്നുണ്ടായിരുന്നു, നന്ദന അയാൾക്കും വളരെ പ്രിയപ്പെട്ടതാണ് എന്നും, അവളെ കണ്ണ് നിറയുന്നത് അയാൾക്ക് സഹിക്കാൻ കഴിയൂല എന്നും.' എന്നാൽ ഒന്നും പറഞ്ഞില്ല.
"ദേവയുടെ കാര്യം നിനക്കറിയരുതോ!അവളുടെ അവസ്ഥ വേറെയൊരാൾക്കും ഉണ്ടാവരുത്. അത് കൊണ്ട് പറഞ്ഞതാ മോനെ." അതും പറഞ്ഞു ഫോൺ ഡിസ്കണക്ട് ആയി.
വേണുവിന് നന്ദനയെ ഒന്ന് കാണണമെന്ന് തോന്നി. അയാൾ നേരെ വീട്ടിലേക്ക് നടന്നു. ചെറിയമ്മയുടെ കാര്യം എന്നും ചോദിക്കണമെന്ന് വേണു വിചാരിച്ചിരുന്നു, എന്നാൽ എന്ത് കൊണ്ടോ വേണുവിന് ചോദിക്കാൻ തോന്നിയില്ല.
നന്ദനയുടെ വീട്ടിൽ എത്തിയപ്പോൾ വേണു ആകെ അപ്സെറ്റ് ആയിരുന്നു, അത് പെട്ടെന്ന് എല്ലാവരും കണ്ട് പിടിക്കുകയും ചെയ്തു.
"വേണുവിന് എന്ത് പറ്റി,"മാധവി കുട്ടിയുടെ 'നീർമാതളം പൂത്ത കാലം' എന്ന നോവലിൽ ലയിച്ച് , ഇരുന്നിരുന്ന ചെറിയമ്മ മുഖം ഉയർത്തി വേണുവിനോട് ചോദിച്ചു.
"ഒന്നുമില്ലെന്നെ... "അതും പറഞ്ഞു വേണു പതുക്കെ ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അമ്മ നളിനി പെട്ടെന്ന് പൊട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അച്ഛൻ വിളിച്ചിരുന്നു അല്ലെ, എന്നെ ഇപ്പോൾ വിളിച്ചിരുന്നു. വേണു വല്ലാതെ ഉത്തരം മുട്ടി നിന്നു എന്നൊക്കെ പറഞ്ഞു, പേടിച്ചു പോയോ?"
"പേടിയല്ല.... എന്താ പറയാന്ന് എനിക്കറിയില്ല. ഞാനും ഒരു പാവമാണ്."
ഇത് കേട്ട് നന്ദന പൊട്ടി ചിരിച്ചു.പിന്നീട് എല്ലാവരും കൂടെ ഇരുന്നു ചിരിയും, സംസാരമൊക്കെയായപ്പോൾ വേണു മാഷിന്റെ മനസ്സിനും, ശരീരത്തിനും അല്പം അയവ് വന്നു. അയാൾ ചോദിച്ചു.
"ഞാൻ എന്നും ചോദിക്കണമെന്ന് വിചാരിക്കും, പിന്നെ വേണ്ടാന്ന് വെക്കും.അമ്മേടെ സിസ്റ്റർ അല്ലെ ചെറിയമ്മ?ചെറിയമ്മയുടെ ഫാമിലി?
അവിടെ പെട്ടെന്ന് നിശബ്ദത പരന്നു. എല്ലാവരും മുഖത്തോട് മുഖം നോക്കി. ഈ പ്രതിസന്ധിയിൽ നിന്ന് ഒന്ന് കരകയറണമെന്ന് നന്ദനക്ക് തോന്നി. അവൾ പറഞ്ഞു.
"ചെറിയമ്മ, അമ്മേടെ സിസ്റ്റർ അല്ല!അച്ഛന്റെ അനിയന്റെ ഭാര്യയാണ്." നന്ദന പറഞ്ഞത് കേട്ട് അയാൾക്ക് അപ്പോൾ ഓർമ വന്നത്. അച്ഛൻ ഫോൺ ചെയ്തപ്പോൾ പറഞ്ഞതായിരുന്നു.'ദേവയുടെ കാര്യം നിനക്കറിയരുതോ!അവളുടെ അവസ്ഥ വേറെയൊരാൾക്കും ഉണ്ടാവരുത്.'വേണുവിന് ഒന്നും മനസ്സിലായില്ല. കൂടുതൽ ഒന്നും ചോദിക്കാനുള്ള ശേഷിയും അയാൾക്ക് നഷ്‌ടപെട്ടിരുന്നു.