ഓർമകളുടെ ഭാണ്ഡാരം
സർക്കാർ വക ഏൽ പി സ്കൂളിലേക്കും പള്ളിവക ഹൈസ്കൂളിലേക്കും കുട്ടികൾ താങ്ങാനാവാത്ത പുസ്തകകെട്ടുമായി കുന്നുകയറി പോകുന്നതും തിരികെ വരുന്നതും ഉറുമ്പ് ശ്രദ്ധിക്കാറുണ്ട്.
കാൽ ക്വിന്റൽ ഭാരമുള്ള ബാഗും തൂക്കി കൂനിക്കുനിഞ്ഞു കിതിച്ചു കിതച്ച് പൂവത്തേൽക്കുന്നു കയറുന്ന കൊച്ചുകുട്ടികളുടെ കാര്യം മഹാ
കഷ്ടം തന്നെ.
ചില പത്താംക്ലസ്സുകാർ നോട്ടുബുക്കും വായിച്ചുകൊണ്ട് വേച്ചുവേച്ചാണ് കയറ്റം കയറുന്നത്. ഉറുമ്പിന്റെ ചിന്തയിൽ ഈ പഠനം വലിയ കഷ്ടപ്പാടുള്ള പണിയാണ്. പണ്ട്, പുളവൻ പറഞ്ഞിട്ടുണ്ട്, ഈ മനുഷ്യപിള്ളേര് കളിക്കാതെയും രസിക്കാതെയും വളരുന്നെന്ന്. മൂന്നു വയസ്സു തികയും മുൻപേ കുട്ടിക്കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്നതുപോലെ സ്കൂളിലേക്ക് വിടും. പിന്നെ പതിനഞ്ചു മുതൽ ഇരുപത് ഇരുപതഞ്ചു വർഷങ്ങൾ കഷ്ടപ്പെട്ടലാണ്. മറ്റൊരു ജീവിക്കും ഇല്ലാത്ത പരിഷ്കാരത്തിന്റെ കഷ്ടപ്പാട്. ഇത്ര കഷ്ടപ്പെട്ടിട്ടും ചിലരൊക്കെ പരീക്ഷയിൽ തോറ്റുപോകുകയും ചെയ്യും. ഉത്തരം മറന്നുപോയി എന്നാണവർ പറയുന്നത്. ഈ ഓർമ്മ നിലനിർത്താൻ ഏന്തണു വഴി? മറവി തടയാനെന്താ മാർഗം? കണ്ടുപിടിച്ചു സഹായിച്ചാൽ ഈ കുട്ടിൾക്ക് വലിയ സഹായമാകും! ഈ വിഷയത്തെപ്പറ്റി അടുത്ത ദിവസം പുളവനുമായി സംസാരിക്കുമ്പോൾ, പുളവൻ ചോദിച്ചു :
"ഭായ്, അജന്താ എല്ലോറ ഗുഹകളറിയുമോ?"
"ഇല്ല "
"എന്തുകൊണ്ട്?"
"അതു ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല."
"സമ്മതിക്കുന്നു.".
"അർദ്ധഗോളകാരികളുടെ ഗ്രഹം ഓർമയിലുണ്ടോ?".
"ഉണ്ട്."
"എന്തുകൊണ്ട്?"
"അതു ഞാൻ കണ്ടതാണ്, കേട്ടതാണ്, അനുഭവിച്ചറിഞ്ഞതാണ്."
"അപ്പോൾ, കണ്ടതും കേട്ടതും അനുഭവിച്ചതും മാത്രമേ മനസ്സിൽ ഉണ്ടാവുകയുള്ളു. അതുപോലെയാ കുഞ്ഞുങ്ങൾക്കും. നല്ല പഠനാനുഭവങ്ങൾ
ലഭിച്ചാലെ അത് അവരുടെ മനസ്സിൽ തങ്ങിനിൽക്കൂ."
"ഇതിന് നമുക്കൊന്നും ചെയ്യാനില്ലേ?"
"മനഷ്യന്റെ നിയമങ്ങളും രീതികളും മാറ്റാൻ നമ്മളാര്? ഈ കാര്യങ്ങളൊക്കെ വിദ്യാഭ്യാസ വിദഗ്ദന്മാർക്ക് അറിവുള്ളതാണ്. നല്ല പഠനാനുഭവങ്ങൾ സൃഷ്ടിച്ച്, പാഠങ്ങൾ രസകരമാക്കുക എന്നതാണ് ചെയ്യേണ്ടത്. അതോടൊപ്പം കുട്ടിക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തണം."
"ഇതൊക്കെ പലരും പറഞ്ഞതും കേട്ടതും ആയ കാര്യങ്ങൾ.മനുഷ്യരേക്കാളും ഓർമയും ബുദ്ധിയുമുള്ള ജീവികൾ പ്രപഞ്ചത്തിലുണ്ടാവുകയില്ലേ?"
"ഉണ്ടാവുമെങ്കിൽ അവരുടെ ഗ്രഹത്തിലേക്ക്. ഒരു യാത്ര പോയാലോ?"
"ആശയം കൊള്ളാം."
"ഞാനെന്റെ കാവൽ ദേവതമാരോട് ഒന്നു ചോദിക്കട്ടെ, അവർക്കറിയാതിരിക്കില്ലല്ലോ!"
"ചോദിച്ചറിയൂ. എന്നിട്ടാവാം യാത്ര."
പുളവൻ കടുത്ത വ്രതാനുഷ്ഠാനത്തോടെ ദേവതമാരെ ഭജിച്ചു. അവരുടെ അറിയിപ്പിനായി കാത്തിരുന്നു.
ഒരു നിലാവുള്ള രാത്രിയിൽ, തന്റെ മാളത്തിൽ നിന്ന് തല പുറത്തേക്കു നീട്ടി
നീലാകാശവും നക്ഷത്രങ്ങളും കണ്ടു കിടക്കുമ്പോൾ, ആകാശത്ത് ഒരു വെളിച്ചം അവനെ മാടിവിളിക്കുന്നതായി തോന്നി.
പുളവൻ പ്രാർത്ഥിച്ചു:
"എന്റെ ദേവതമാരേ, ഇതെന്തൊരു മിയാജാലം? എന്താണാ വെളിച്ചം?"
അന്തരീക്ഷത്തിൽ നിന്ന് അതിനുള്ള ഉത്തരം കിട്ടി.
"അത്, നീ അന്വേഷിക്കുന്ന ബുദ്ധിജീവീകളുടെ ഗ്രഹമാണ്. അങ്ങോട്ടു പോകൂ!"
"നന്ദി, ദേവതമാരേ, ഞാനവിടെ പോയി വരാം."
അടുത്ത പ്രഭാതത്തിൽ കുന്നുകയറീ രാക്ഷസനുറുമ്പിന്റെ അടുത്തെത്തി.
ഉറുമ്പ് ചോദിച്ചു,"എന്താ ചങ്ങാതി, അരുളപ്പാടുണ്ടായോ?"
"ഉണ്ടായി! ബുദ്ധികേന്ദ്രന്മാരുടെ ഗ്രഹത്തിലേക്ക് പോകുവാനുള്ള ആജ്ഞ കിട്ടിയിരിക്കുന്നു."
"ഭേഷ്! മറ്റൊരു പഠനയാത്ര."
"ഇന്നു രാത്രി നമുക്കു തിരിക്കാം."
"ഞാൻ റെഡി."
അന്നു വൈകുന്നേരം നക്ഷത്രങ്ങൾ ഉദിച്ചപ്പോൾ, കുന്നിലെ പാറയിൽ നിന്ന്, മാടിവിളിക്കുന്ന ഗ്രഹത്തിലേക്ക് തിരിച്ചു.
അവിടെയെത്തിയപ്പോൾ, വർണക്കാവടിപോലെ തെന്നി നടക്കുന്ന വിചിത്ര ജീവികളെ കണ്ടു. കാവടിത്തലയും നീണ്ടു മെലിഞ്ഞ ഉടലും ഉടലിന്റെ അറ്റത്ത് രണ്ടായി പിരിയുന്ന വാലും ഉണ്ടായിരുന്നു. കുട്ടികളുടെ ജീവശാസ്ത്ര പുസ്തകത്തിലെ ന്യൂറോണുകളുടെ രൂപം.
ഏറ്റവും വർണവിതാനങ്ങളുള്ള കാവടിത്തലയന്, പുളവൻ അഭിവാദ്യം അർപ്പിച്ചു.
ആ രൂപം മൊഴിഞ്ഞു:- "ഭൂമിയിൽ നിന്നു വന്ന വിരുന്നുകാർക്ക് സ്വാഗതം."
പിന്നീട് പുളവന്റെ ത്രികാല ജീവിതം വിവരിച്ചു കേൾപ്പിച്ചു. രാക്ഷസനുറുമ്പിന്റെ കഥയും അവനറിയാമായിരുന്നു. പ്രപഞ്ചത്തിലെ എല്ലാ അറിവുകളും ആ കാവടിത്തലയിൽ ഉണ്ട്.
ഉറുമ്പ് ചോദിച്ചു:- " പ്രഭോ, ഭൂമിയിലെ മനുഷ്യക്കുഞ്ഞുങ്ങൾ മറവികൊണ്ട് പരീക്ഷകൾ തോൽക്കുന്നു. നിരാശരായി ആത്മഹത്യ വരെ ചെയ്യുന്നു. അവർക്ക് ഓർമശക്തിയും ബുദ്ധിശക്തിയും കിട്ടാനുള്ള മാർഗം തേടിയെത്തിയതാണ് ഞങ്ങൾ."
കാവടിത്തലയൻ പറഞ്ഞു: "താങ്കളുടെ നല്ല ഉദ്ദേശത്തെ മാനിക്കുന്നു. എന്നാൽ ഭൂമിയിലെ മനുഷ്യക്കുഞ്ഞുങ്ങൾക്ക് ബുദ്ധിയും ഓർമയും കുറഞ്ഞതല്ല, ശരിയായ സമയത്ത് ശരിയായ വിധത്തിൽ അവയെ പുറത്തെടുക്കാൻ സാധിക്കാത്തതാണ്. കാരണം അവരുടെ ആലസ്യവും മലിനീകരണവുമാണ്.
മസ്തിഷ്ക്കത്തെ പ്രചോദിപ്പിക്കുന്ന യോഗമുറകൾ അനുഷ്ഠിക്കാറില്ല, തലച്ചോറിനെ മന്ദീഭവിപ്പിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം മൂലം ശുദ്ധ വായുവിന്റെ കുറവ്, സോഷ്യൽ മീഡിയയിൽ നിന്നും ടെലിവിഷനിൽ നിന്നും തലച്ചോറിൽ നിറയുന്ന മാലിന്യങ്ങൾ എന്നിവയാണ് ഓർമയെ നശിപ്പിക്കുന്നത്. അതായത് മസ്തിഷ്ക ശുചിത്വം ഇല്ലാതായിരിക്കുന്നു.
മസ്തിഷ്കത്തെ ശുദ്ധമാക്കി, ആരോഗ്യമുള്ള അന്തരീക്ഷം സൃഷ്ടിച്ചാൽ, മനുഷ്യക്കുഞ്ഞുങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും."
"ഞങ്ങൾക്കെങ്ങനെ അവരെ സഹായിക്കാൻ പറ്റും?"
"നിങ്ങൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. മനുഷ്യരു തീരുമാനിച്ചാലെ മനുഷ്യരു നന്നാവുകയുള്ളു.
ചെയ്യാൻ കഴിയുന്ന കാര്യം, ഈ വിശദാംശങ്ങൾ കാഴ്ചയായും ശബ്ദമായും നല്ല അനുഭവമാക്കി നല്ലൊരധ്യാപകന് പകർന്നു നല്കുക എന്നതാണ്. ആ അധ്യാപകനിലൂടെ അവ നാടുനീളെ പരക്കണം."
"അതെങ്ങനെ?"
"പുളവന് മറ്റുള്ളവരുടെ ഉള്ളിൽ കടന്നുചെന്ന് സ്വപ്നങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ദേവതകൾ നല്കിയിട്ടില്ലേ? ആ കഴിവുപയോഗിച്ച്
അയൽവാസിയായ അധ്യാപകനിൽ സ്വപ്നാനുഭവം ഉണ്ടാക്കണം"
"ശരി, അങ്ങനെ ചെയ്യാം."
"ഞങ്ങളുടെ ഗ്രഹത്തിലേക്ക് വന്നതിനു നന്ദി. വീണ്ടും വീണ്ടും വരണം. ഇനി എന്നെ ശ്രദ്ധിച്ചോ? എന്റെ ആകൃതി, നിറങ്ങൾ, എന്തെങ്കിലും സൂചിപ്പിക്കുന്നുണ്ടോ?"
"നാഡീകോശത്തിന്റെ രൂപമായി തോന്നി."
നന്നായി, കുണ്ഡലീയശക്തിയുടെ വികാസ പരിണാമങ്ങളെ കാണിക്കുന്ന ഷഡാധാര
ചക്രങ്ങളെ പ്രതിബിംബിപ്പിക്കുന്നതാണീ രൂപം. ഈ ശരീരത്തിലെ ആറ് സന്ധികൾ, ഷഡ്ച്ചക്രങ്ങളാണ്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങൾ.
അവയ്ക്ക് ആറുനിറങ്ങളും കാണാം. തലയിലെ പൂവുകൾ വിടർന്നു നില്ക്കുന്ന സഹസ്രാരപത്മങ്ങളാണ്.
ധ്യാന,യോഗ മുറകളിലൂടെ നിങ്ങളിലും മനുഷ്യനിലുമുള്ള കുണ്ഡലിനിയെ ഉണർത്തി ഉയർത്തുക. ബുദ്ധിയും ഓർമയും ഒരിക്കലും മങ്ങുകയില്ല."
"ഈ അറിവുകൾക്ക് എങ്ങനെ നന്ദി പറയും?"
"നന്ദി വാക്കുകളിലൂടെ വേണ്ട, പ്രവൃത്തിയിലൂടെ കാട്ടുക. നിങ്ങളെ ഏല്പിച്ചിരീക്കുന്ന ദൗത്യം പൂർത്തിയാക്കുക. പോയി വീണ്ടും വരുക."
"പ്രണാമം!"
(തുടരും)