മുല്ലപ്പെരിയാർ
മഴക്കാലം എത്തിക്കഴിഞ്ഞു. വായുവിൽ നിറഞ്ഞു നിൽക്കുന്ന കാർബൺ ഡയോക്സൈഡും ഹൈഡ്രോകാർബണു"ളും നൈട്രജൻ സംയുക്തങ്ങളും വായു മണ്ഡലത്തെ പുതപ്പുപോലെ മൂടി ചൂടാക്കിയിരിക്കുന്നു.
കരയും കടലും അന്തരീക്ഷവും ചൂടായിക്കൊണ്ടിരിക്കുന്നു. കാർമേഘങ്ങൾ പറന്നെത്തി, കട്ടികൂടി, ശക്തമായ മഴ പെയ്യിക്കുന്ന മേഘവിസ്ഫോടനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ കാലയളവിൽ പെയ്യുന്ന ശക്തമായ മഴ ഉരുൾ പൊട്ടലിനും പ്രളയത്തിനും കാരണമാകുന്നു. ഇതെല്ലാം മനുഷ്യന്റെ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുടെ പരിണിതഫലവും!
നമ്മുടെ നാടിന്റെ തെക്കുകിഴക്കു ഭാഗത്ത്,
സഹ്യശൃംഗങ്ങളുടെ ഇടയിൽ മുല്ലപ്പെരിയാർ എന്ന ജലബോംബുണ്ട്. നൂറിലേറെ വർഷങ്ങൾക്കു മുമ്പ് കരിങ്കല്ലും സുർക്കിയെന്ന കുമ്മായക്കൂട്ടും ചേർത്തു ബ്രിട്ടീഷ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ നിർമിച്ച അണക്കെട്ട്. അതിനു കാലപ്പഴക്കം കൊണ്ടു ബലക്ഷയം വന്നിരിക്കുന്നു. വിടവുകൾ രൂപം കൊണ്ടിരിക്കുന്നു. ഉള്ളിൽ നിറയുന്ന വെള്ളത്തിന്റെ ഉയരം കൂടുമ്പോൾ അടിത്തട്ടിലുണ്ടാവുന്ന സമ്മർദം അണക്കെട്ടിനെ തകർത്തെറിയാം എന്ന പേടിസ്വപ്നം സ്ഥലവാസികളുടെ ഉറക്കം കെടുത്തുന്നു. അണക്കെട്ടു തകർന്ന് പെരിയാറിലൂടെ കുതിച്ചെത്തുന്ന ജലം ജീവനും സ്വത്തിനും വലിയ നാശനഷ്ടം ഉണ്ടാക്കുന്നതായിരിക്കുമെന്ന് കേരളം ഭയപ്പെടുന്നു.
പശ്ചിമഘട്ടത്തിന്റെ കിഴക്കുവശം മഴനിഴൽ പ്രദേശമായ തമിഴ്മാടാണ്. മുല്ലപ്പരിയാറിൽ നിന്നു കിട്ടുന്ന ജലം ഉപയോഗിച്ചാണ് അവിടെ കൃഷി നടക്കുന്നത്. തമിഴ് നാട്ടിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യ- വസ്തുക്കളുമാണ്, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി,എർണാകുളം, തൃശൂർ ജില്ലകളിലെത്തുന്നത്.
തമിഴ്നാടിനു വെള്ളവും കേരളത്തിനു ഭക്ഷണവും നല്കാൻ മുല്ലപ്പെരിയാർ പ്രാപ്തമാണ്. അതു തകരാതെ സൂക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യവുമാണ്.
രാക്ഷസനുറുമ്പിന്റെ ബുദ്ധിയിലേക്ക് ഈ വിഷയം കടന്നു വന്നിട്ടുണ്ട്. ഒന്നും തകരാതെ, രണ്ടു സംസ്ഥാനങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു പ്രായോഗിക പദ്ധതിക്ക് രൂപം കൊടുക്കണം, അതു നടപ്പാക്കണം. കൂട്ടുകാരനായ പുളവനുമൊത്ത് മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിനുള്ള ആലോചനകൾ നടത്തി.
ഉറുമ്പു ചോദിച്ചു: " പുളവൻ ഭായ്, ഈ തമിഴർക്കും മലയാളികൾക്കും ഒരേപോലെ സ്വീകാര്യനായ വ്യക്തിത്വമുണ്ടോ?"
പുളവൻ: " തമിഴരെ കൂടുതൽ സ്വാധീനിക്കുന്നത്, സിനിമാ നായകന്മാരാണ്. തമിഴർക്കും മലയാളികൾക്കും സ്വീകാര്യനായ ഒരു വ്യക്തി കമൽഹാസനാണ്."
"ഭായിയുടെ പ്രത്യേക വരപ്രസാദം ഉപയോഗിച്ച്, അദ്ദേഹത്തിന്റെ ചിന്തയിൽ കയറിപ്പറ്റാൻ കഴിയുമോ?"
"കഴിയും"
"കമൽഹാസനെപ്പോലെ കേരളത്തിൽ നിന്ന് സ്വാധീനമുള്ള ഒരാളിനെ കിട്ടുമോ?"
"കമലിനോളം വരുന്നില്ലെങ്കിലും ഇടുക്കി എം എൽ എ, റോഷി അഗസ്റ്റിൻ, ജനസ്വാധീനമുള്ള ആളാണ്."
"എങ്കിൽ അവരിലേക്ക് സന്നിവേശം ചെയ്ത്, ഈ പ്രശ്നത്തിന്റെ കാര്യഗൗരവം
ചിന്തയിൽ ജനിപ്പിക്കുക. ഞാനെന്റെ കഴിവുപയോഗിച്ച് അവരുടെ തലച്ചോറിലേക്ക് ചില മായക്കാഴ്ചകളെ ട്രാൻസ്മിറ്റ് ചെയ്യാം. മുല്ലപ്പെരിയാറിന്റെ
തകർച്ചയും തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും ദുരിതങ്ങളും അവരേ നേർക്കാഴ്ചപോലെ കാണിക്കാം. അതിനു വേണ്ട ഭാവനകളെ വിദ്യുത്കാന്തിക തരംഗങ്ളാക്കി മസ്തിഷ്ക കേന്ദ്രങ്ങളിലേക്ക് പ്രസരണം ചെയ്യിക്കാൻ എനിക്കു കഴിയും. രണ്ടു ജനനായകന്മാർക്കും നമ്മുടെ പ്രവർത്തനങ്ങളിലൂടെ മാനസിക പരിണാമമുണ്ടാവും. അവരുടെ നേതൃത്തത്തിൽ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളും ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കും."
"ജനഹൃദയങ്ങളിലുയർന്നുവരുന്ന പൊതു വികാരത്തെ അവഗണിക്കാനോ, മാറ്റിയെടുക്കാനോ രാഷ്ട്രീയ നേതൃത്വത്തിനു കഴിയില്ല."
"അങ്ങനെ കേരളവും തമിഴ്നാടും കേന്ദ്രസർക്കാരും സംയുക്തമായി ഇപ്പോഴത്തെ പുതിയ അണക്കെട്ടിനു മുകളിൽ പുതിയ അണക്കെട്ടു നിർമിക്കും.
കേരളത്തിനു സുരക്ഷയും തമിഴ്നാടിനു വെള്ളവും ലഭിക്കും."
"വർഷങ്ങളിലൂടെ പരിഹാരം കാണാതെ കിടന്ന ഒരു തർക്കം പരിഹരിച്ച്, പ്രകൃതി
സന്തുലനത്തെ സുശക്തമാക്കാം!"
"ശരിയാണു ഭായ്. നമുക്ക് പ്രവർത്തനം തുടങ്ങാം."
"കമലിനെക്കൊണ്ട് 'മുല്ലപ്പെരിയാർ' എന്ന സിനിമ നിർമിക്കാൻ, പ്രേരണ കൊടിത്തിട്ടുണ്ട്. അദ്ദേഹം കാണുന്ന സ്വപ്ന ദൃശ്യങ്ങളുടെ ചിത്രീകരണം ജനങ്ങളിലെത്തുമ്പോൾ ഒരു തർക്കവും അവശേഷിക്കില്ല."
"ശരിയായ അവബോധം ജനിപ്പിക്കുന്ന മാനസിക പരിവർത്തനമാണ് നമ്മൾ സൃഷ്ടിച്ചെടുക്കേണ്ടത്."
(തുടരും)