കുമരകത്ത്
അർധഗോളാകാരികളുടെ ഗ്രഹത്തിൽ നിന്ന്, ഭൂമിയിൽ തിരിച്ചെത്തി സ്വന്തം ശരീരം സ്വീകരിച്ചു. അവർ പഴയ എറുമ്പും പുളവനുമായി മാറി. പുളവൻ സ്വന്തം മാളത്തിലെത്തി, ഉറങ്ങി എണീറ്റപ്പോൾ, കൂട്ടുകാരി കുളക്കോഴിപ്പെണ്ണ് മുണ്ടി, വാതില്ക്കൽ നില്ക്കുന്നു.
"എന്താ പെണ്ണേ, ഈ നേരം വെളുത്തപ്പഴെ?"
"അണ്ണാ, വലിയ ആപത്തു വന്നിരിക്കുവാ.
പുതിയ രോഗം പരക്കുന്നു, പക്ഷിപ്പനി.
രോഗം ഇവിടെ പരന്ന് ഞങ്ങളു ചത്തുപോകുമോ അണ്ണാ?"
"ഓഹോ അങ്ങിനെയോ? അതു പകരാതിരിക്കാനുള്ള വഴി കണ്ടുപിടിക്കാം"
"നമ്മുടെ വൈക്കത്തും കോട്ടയത്തും കോഴികളും താറാവുകളും ചത്തുകോണ്ടിരിക്കുകയാ. ചാകാത്തതിനെ സർക്കാരു കൊന്നുകൊണ്ടും ഇരിക്കുന്നു. രോഗം
ഇല്ലെങ്കിലും പരക്കുമെന്നു പേടിച്ചാ പാവങ്ങളെ കൊല്ലുന്നത്."
"അതു കഷ്ടം തന്നെ. കോവിഡ് വന്നപ്പോൾ മനുഷ്യൻ മാരെ കൂട്ടത്തോടെ കൊന്നില്ലല്ലോ. ചോദിക്കാനും പറയാനും
ആരുമില്ലെന്നു ധരിച്ചാ, പാവം പക്ഷികളെ കൊല്ലുന്നത്."
"എന്തെങ്കിലും ചെയ്യണ്ണാ."
"ചെയ്യാം, ഞാൻ ഉറുമ്പു ഭായിയോട് ഒന്നാലോചിക്കട്ടെ."
ആലോചനയ്ക്കു ശേഷം പുതിയ ദൗത്യം നിർവഹിക്കാൻ ഉണ്ട് എന്ന ബോധ്യത്തോടെ പുളവനും എറുമ്പും കുമരകത്തേക്കു തിരിച്ചു.
രാത്രിയിലായിരുന്നു അവരുടെ യാത്ര.മനുഷ്യരും മൃഗങ്ങളും രാക്ഷസനുറുമ്പിനെ കണ്ട് പരിഭ്രമിക്കരുതല്ലോ.
അവരൊരു വൃക്ഷത്തിന്റെ മറവിൽ ചെന്നിറങ്ങി.അവിടുള്ള പക്ഷികളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
പുളവൻ പറഞ്ഞു: "ഭായ്, ഈ രോഗം വരുത്തുന്ന വൈറസ്സുകൾ ഇവിടെ വ്യാപിക്കുന്നത് ദേശാടനക്കിളികൾ എത്തുന്ന തണുപ്പുകാലത്താണ്. അവരുടെ വരവും ഈ രോഗവുമായി എന്തോ ബന്ധമുണ്ട് എന്നു തോന്നുന്നു.
ഉറുമ്പ്:. "ചിലപ്പോൾ ഒരു പ്രത്യേക കാലാവസ്ഥയിൽ മാത്രം ഊർജസ്വലരാകുന്ന വൈറസ്സുകളാവാം."
"ആകാം. കോവിഡ് രോഗം തുടങ്ങിയതും തണുപ്പുകാലത്താണ്. പക്ഷിപ്പനിയും തണുപ്പുകാലത്ത്. കോവിഡ് ചൈനയിൽ നിന്നു വന്നതുപോലേ പക്ഷിപ്പനിയും അവിടെ നിന്നാവാമല്ലോ."
"നമുക്കു കണ്ടു പിടിക്കാം. താങ്കൾ സൂക്ഷമമായി നിരീക്ഷിക്കുക. ഇവിടുത്തെ പക്ഷികളുടെ ശബ്ദവും ചലനവും ഒരേഫോലെയാണോ, എന്നു പരിശോധിക്കുക. എന്റെ മനസ്സിൽ ചില സംശയങ്ങളുണ്ട്. അതിന് ഉത്തരം കണ്ടു പിടിക്കണം."
"എന്താണാ സംശയങ്ങൾ?"
"അതു പിന്നെ പറയാം. നിരീക്ഷണം തുടരുക."
"ശരി"
വൃക്ഷങ്ങളിലും ചതുപ്പുനിലത്തും പുഞ്ചപ്പാടത്തും പറന്നു നടക്കുന്ന പക്ഷികളെ അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
കുറച്ചു സമയത്തിനുശേഷം പുളവൻ ഒരു പ്രത്യേക കൊക്കിനെ ചൂണ്ടിക്കാട്ടി ഉറുമ്പിനോടു പറഞ്ഞു:
"ഭായ്, ആ കൊക്ക് സാധാരണ പക്ഷികളെപ്പോലെയല്ല. അതിന്റെ ചലനം യാന്ത്രികമാണ്. അത് കണ്ണു ചിമ്മുന്നില്ല."
രാക്ഷസൻ ഉറുമ്പ്, ആ കൊക്കിനെ സസ്സൂക്ഷ്മം നോക്കിക്കണ്ടു. അതിന്റെ ചലനവും രീതികളും മനസ്സിലാക്കാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു "അതൊരു ജീവിയാണോയെന്ന് സംശയമുണ്ട്. അത് ശ്വസിക്കുന്നില്ല. ചലനം യാന്ത്രികമാണ്. അത് ചിലച്ചിട്ടില്ല."
"ശരിയാണ്. ഞാനുമത് ശ്രദ്ധിച്ചു."
"അതൊരു റോബോട്ടിക് ബേർഡാവാനാണ് സാധ്യത. പക്ഷിയുടെ ആകൃതിയിൽ രൂപകല്പന ചെയ്ത ബയോണിക് റോബോട്ട്."
"എന്തിനു വേണ്ടി?"
"അതായിരിക്കാ. ഈ വൈറസ്സുകളെ ഇവിടെ വിതറുന്നത്."
"അതിശയം."
"നമുക്കവനെ സമീപിക്കാൻ കഴിയില്ല. അതിന്റെ ഉള്ളിൽ മുഴുവൻ അണുക്കളായിരിക്കും."
"എന്തു ചെയ്യും?"
"വഴിയുണ്ട്. വീണ്ടും ശരീരം ഉപേക്ഷിച്ച്, അവന്റെ അടുത്തെത്തി അവനു ലഭിക്കുന്ന സന്ദേശങ്ങളുടെ ഫ്രിക്വൻസിയും വേവ്ലെംഗ്തും മനസ്സിലാക്കണം.അവന്റെ ആന്റിനകൾ നശിപ്പിക്കണം!"
പുളവൻ പറഞ്ഞു: "ഞാൻ പോകാം."
"ശരി. പോയിവരൂ. ഞാനിവിടെ കാത്തുനില്ക്കാം"
പുളവൻ ശരീരമില്ലാതെ കൊക്കിനടുത്തെത്തി. ആ കൊക്ക് കണ്ണടയ്ക്കുകയോ, ചിറകുകൾ അനക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ ഡ്രോണുകൾ പോലെ പറന്നുയർന്ന്, എന്തൊ പൊടിപടലങ്ങൾ താഴോട്ടു വർഷിക്കുന്നുണ്ടായിരുന്നു.
ഈ അറിവ് എറുമ്പിനു കൈമാറി.
രാക്ഷസൻ ഉറുമ്പ് നിർദേശം കൊടുത്തു,
"താങ്കളവനെ ആകർഷിച്ച് എന്റെയടുത്തേക്ക് വലിക്കുക. ഞാനെന്റെ കണ്ണിലെ ചൂടുകോണ്ട് അവനെ എരിച്ചു കളയാം"
ആകർഷണ ശക്തിക്കു വിധേയമായി ഒഴുകിയെത്തിയ യന്ത്ര കൊക്ക് അടുത്തെത്തുന്നതിനു മുമ്പുതന്നെ അവൻ ഭസ്മമായി മാറിക്കഴിഞ്ഞിരുന്നു.
ഔത്യം പൂർത്തിയാക്കി പുളവനും എറുമ്പും പൂവത്തേൽ കുന്നിലേക്കു തിരിച്ചു.
(തുടരും)