കുമ്മാച്ചിറ പാലം കടന്ന് കരിമ്പനക്കാവിന്റെ കിഴക്കുവശത്തുകൂടെ കുത്തനെയുള്ള കയറ്റം കയറിയാൽ പൂവത്തേൽകുന്നിന്റെ മുകളിലെത്തും. കുന്നിന്റെ നിറുകയിൽ കാണുന്ന പൂവത്തേൽ മേരിയുടെ വീടിന്റെ പിറകിലെ തേക്കുമരം കണ്ടോ?
ആമരത്തിന്റെ മുകളിൽ നിറയെ നീറിന്റെ കൂടുകളാണ്. നീറു കുടുംബങ്ങൾ ഏറുമാടത്തിലെന്നതുപോലെ ചുറ്റും കാണുന്ന വലിയ കുന്നുകളിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സന്തോഷത്തോടെ കഴിയുന്ന കാലം. ഏറ്റവും രസമായി തോന്നുന്നത് കുന്നുകളുടെ മുകളിൽ കൊടിമരംപോലെ തലയുയർത്തി നിൽക്കുന്ന ടെലിഫോൺ ടവറുകളാണ്. പടിഞ്ഞാറ് വെള്ളം നീക്കിപ്പാറയിൽ രണ്ടു ടവറുകൾ. കിഴക്ക് പള്ളിക്കുന്നേലും പഞ്ചായത്ത് പുറകിലും ഓരോ ടവറുകൾ. വടക്ക് വീരമലച്ചെരുവിലെ ടവറിന്റെ തല കാണാം. വടക്കു കിഴക്കായി പുത്തൻപള്ളി സൈഡിലുണ്ട് വേറെ രണ്ടു ടവറുകൾ. തീർന്നില്ല, കിഴക്കിന്റെ അങ്ങേ കോണിൽ പഴമറ്റം സൈഡിൽ മറ്റൊരു ടവർ. ദൂരെ വടക്കു പടിഞ്ഞോട്ടു നോക്കിയാൽ പുറപ്പുഴ ടവർ. അങ്ങനെ ഒൻപതു ടവറുകൾക്കു നടുവിലാണ് നമ്മുടെ തേക്കുമരം.
റാണി ഈച്ചകള്ൾ മുട്ടയിട്ട് വിശ്രമിക്കുകയായിരുന്നു. വേലക്കാരി ഉറുമ്പുകൾ എല്ലാ മുട്ടകളെയും നല്ലവണ്ണം പരിചരിച്ചിരുന്നു മുട്ടകൾ ഓരോന്നായി വിരിഞ്ഞു തുടങ്ങി. ഒരു മുട്ട മാത്രം വിരിയുന്നില്ല. സേവക ഉറുമ്പുകൾ അതിനു കാവൽ ഇരുന്നു. റാണിക്ക് വലിയ വിഷമം തോന്നി. തന്റെ മുട്ട വന്ധ്യമാവുകയാണോ?
അതിനു വിരിയാനുള്ള കരുത്തില്ലേ?
അങ്ങിനെ ആവില്ലെന്നവൾ ആശ്വസിച്ചു.
അതു വിരിയും, വിരിയാതിരിക്കില്ല. പക്ഷേ, എന്തോ പന്തി കേടുണ്ട്. പതുക്കെപ്പതുക്കെ ആ മുട്ടയുടെ തോടിൽ ഒരു കറുപ്പു ബാധിക്കുന്നതായി തോന്നി.അത് ഇടയ്ക്കിടെ ഇളകുന്നുണ്ട്.
ദിവസങ്ങൾക്കു ശേഷം അതിന്റെ തോടുപൊട്ടി, ഒരു വിചിത്ര ജീവി പുറത്തു വന്നു.നീണ്ട കാലുകൾ, ഇരുകാലിൽ നിവർന്നു നില്ക്കാവുന്ന ശരീരം, വളരെ വലിയ തല, ഭീകരമായ മുഖം, തലയിൽ എഴുന്നു നിൽക്കുന്ന രണ്ടു സ്പർശനികൾ, ഉരുണ്ട കണ്ണുകൾ, അരിവാൾ പോലെ മൂർച്ചയുള്ള ചുണ്ടുകളും ഉള്ള ഭീകരജീവി.
ജനിച്ച നിമിഷം മുതൽ അതു വളരാൻ തുടങ്ങി, വളർന്നു വളർന്ന് കുന്നിലും ഉയരത്തിൽ വളർന്ന്, ഭീമാകാരനായ ഡയനോസേറിനെപ്പോലെ തലയുയർത്തി അവൻ നടന്നു. അവനെ കണ്ട മനുഷ്യരും മറ്റു ജീവികളും പേടിച്ചു വിറച്ചു. ശാന്തനാണ്, എന്നാൽ ഉപദ്രവിക്കാനാണെന്നറിഞ്ഞാൽ, കടിച്ചു കീറും. കുരച്ചു ചാടിയെത്തിയ വീട്ടു പട്ടികളും, കൊത്താനെത്തിയ കാക്കകളും കുറുനരിയും കുസൃതിക്കുരങ്ങന്മാരും അവന്റെ കടിയുടെ വേദനകൊണ്ടു പുളഞ്ഞു.
അവന്റെ സ്പർശനി ഉയർത്തിപ്പിടിച്ച്, എപ്പോഴും എന്തോ ശ്രദ്ധിച്ചു കൊണ്ടിരിക്കും. ചില പ്രത്യേക തരം ചലനമുദ്രകൾ കാട്ടി അവൻ നൃത്തം വെച്കുന്നതു പോലെ തോന്നും.
രാക്ഷസനെറുമ്പിന്റെ ചിത്രവും നൃത്തവും ചലനങ്ങളും പത്രവാർത്തയായി. ടെലിവിഷൻ ചാനലുകൾ അവന്റെ വിവരങ്ങൾ നിത്യവും പങ്കു വെച്ചു. ആഎറുമ്പു ഭീമൻ ഭരണ കർത്താക്കളുടെയും ശാസ്ത്ര സമൂഹത്തിന്റെയും സുരക്ഷാ ഭടന്മാരുടെയും ഉറക്കം കെടുത്തി. സർക്കാർ പ്രഗത്ഭരായ ജന്തുവർഗ ശാസ്രജ്ഞന്മാരുടെ പാനലിനെ വിദഗ്ധ പഠനത്തിന് നിയോഗിച്ചു. അവനു ചുറ്റും കാണുന്ന ക്യാമറക്കണ്ണുകളും സ്കാനറുകളും പഠനോപകരണങ്ങളും നിരന്നു. വായുസേന ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ സജ്ജമായി നിലയുറപ്പിച്ചു. പക്ഷേ, അവന്റെ ശാന്തതയും, ആഹ്ലാദ നൃത്ത ചലനങ്ങളും അവരെ അമ്പരപ്പിച്ചു.
ഒരു ദിവസം അഴികണ്ണിത്തോട്ടിലെ വരപ്രസാദം കിട്ടിയ പുളവൻ, കുന്നുകയറി രാക്ഷസനുറുമ്പിന്റെ അടുത്തെത്തി.
ഉറുമ്പ് പുളവനെ അഭിവാദ്യം ചെയ്തു.
പരിചയക്കാരെപ്പോലെ പെരുമാറി.
പുളവന് ഏതു ഏതു ജന്തുവിന്റെ ഭാഷയും സംസാരിക്കാൻ കഴിയും.
ഉറുമ്പ് പറഞ്ഞു: " സലാം സഖാവേ, ഞാൻ മുട്ടയ്ക്കുള്ളിൽ കിടന്നപ്പോൾ താങ്കളുടെ കഥകൾ കേട്ടിട്ടുണ്ട്. മുട്ടത്തോടിനുള്ളിസെ അരണ്ട വെളിച്ചത്തിൽ മയങ്ങുമ്പോൾ, അങ്ങയുടെ വൈജ്ഞാനിക സന്ദേശങ്ങൾ സ്വപ്നത്തിലൂടെ ശ്രവിച്ചിട്ടുണ്ട്. നേരിൽ കാണാൻ കാത്തിരിക്കുകയായിരുന്നു. താങ്കളെന്നെ തേടിവരുമെന്ന് ഞാനറിഞ്ഞിരുന്നു. താങ്കൾ മാളം വിട്ടിറങ്ങിയപ്പപ്പോൾ മുതൽ എന്റെ സ്പർശനിയിൽ പ്രകമ്പന വിചികൾ പതിച്ചുകൊണ്ടിരുന്നു."
പുളവൻ ചോദിച്ചു: " അതെങ്ങനെയാണ് സാധിക്കുന്നത്?"
"ഈ സ്പർശനികൾ കണ്ടോ? ഇതിൽ നിന്ന് പ്രസരിപ്പിക്കുന്ന സൂക്ഷ്മ തരംഗങ്ങൾക്ക് ഈ പ്രപഞ്ചത്തിന്റെ ഏതു കോണിലുമുള്ള ജൈവജൈവ ഘടകങ്ങളുടെ ഉള്ളിൽ കടന്നുചെന്ന് ചിന്തകളെ അറിഞ്ഞു തിരിച്ചുവരാൻ, പ്രകാശ വേഗത്തിന്റെ പത്തിലൊന്നു സമയം മതി."
"അത്ഭുതമായിരിക്കുന്നല്ലോ."
"താങ്കളുടെ പ്രകൃതി സംരക്ഷണ ദൗത്യങ്ങളെക്കുറിച്ച് പ്രപഞ്ച മനസ്സ് എന്നോടു സംവദിച്ചിരുന്നു. താങ്കൾക്ക് കൂട്ടായി, പ്രകൃതി പരിപാലനത്തിൽ പങ്കു ചേരണമെന്നും അറിയിച്ചിരുന്നു."
"അതെയോ? താങ്കളെങ്ങനെയാണ് ഇത്രയും വലുതായത്?"
"ചുറ്റിലും നോക്കൂ. ഒൻപതു ടെലിഫോൺ ടവറുകൾക്കു നടുവിലാണ് എന്റെ അമ്മയുടെ കൂട്. അമ്മയിട്ട മുട്ടകളിൽ വികിരണങ്ങൾ ജനിതകമാറ്റം വരുത്തി.
അത്, യാദൃച്ഛികമാകണമെന്നില്ല, നിയതിയുടെ തീരുമാനമായിരുന്നിരിക്കാം.
എനിക്ക് ശരീരം മാത്രമല്ല, സംവേദനക്ഷമതയും മറ്റേതൊരു ജന്തുവിനേക്കാളും പതിൻമടങ്ങാണ്.
നിങ്ങളെപ്പോലെ ഭക്ഷണം വെള്ളം വായു ഒന്നും ആവശ്യമില്ല. ഊർജം ചിന്തയിലൂടെ ബ്രഹ്മാണ്ഡത്തിന്റെ ഏതറകളിൾ നിന്നും സംഭരിക്കാം. തണുപ്പും ചൂടും കാറ്റും മഴയും ഇടിയും മിന്നലും എന്നെ സ്പർശിക്കുകയില്ല. ഉറങ്ങുകശും ഉണരുകയും വേണ്ട. ഏതു യാന്ത്രിക കൈകളേക്കായിലും ബലിഷ്ഠമാണ് എന്റെ കൈകളും ചുണ്ടും. എന്താ താങ്കളുടെ സംരക്ഷണ യജ്ഞത്തിന് ഇത്രയും യോഗ്യതകൾ പോരേ?"
"മതി, മതി! പെഗാസ്സസിനെപ്പോലും ചോർത്താനുള്ള ശക്തി, ഏതു ദുഷ്ട ചിന്തയുടെയും ഉറവിടം തേടാനും വേരോടെ പിഴുതു നശിപ്പിക്കുവിനും സഹായിക്കും."
നോക്കൂ, എനിക്ക് കയ്യും കാലും ചലിപ്പിക്കാതെ, വായകൊണ്ടു കടിക്കാതെ, അതിയങ്ങൾ കാട്ടാൻ കഴിയും! അതാ, ആ കാണുന്ന വലിയകല്ല്. ചെറിയൊരു ഭൂകമ്പം ഉണ്ടായാൽ പോലും ഇളകി ഉരുണ്ട് താഴോട്ടു പതിച്ച് വീടുകൾക്കും വസ്തുക്കൾക്കും ആളുകൾക്കും, ജീവികൾക്കും സസ്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താം. ഞാനിതാ ആകല്ലിനെ മന:ശക്തികൊണ്ട് ഉയർത്തി മാറ്റി വെക്കുന്നു."
നോക്കിനില്ക്കെ ആ കല്ല് തനിയെ ഉയർന്നു. സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറിയീരുന്നു.
"അത്ഭുതം മഹാത്ഭുതം! നമുക്കൊരുമിച്ച് പ്രപഞ്ച ശക്തിയുടെ കല്പനയ്ക്കനുസരിച്ച് പ്രവർത്തിക്കാം."
(അത്ഭുതങ്ങളുടെ പരമ്പരകൾ തുടർന്നു വരുന്ന കഥകളിൽ)
മുല്ലപ്പെരിയാർ
മഴക്കാലം എത്തിക്കഴിഞ്ഞു. വായുവിൽ നിറഞ്ഞു നിൽക്കുന്ന കാർബൺ ഡയോക്സൈഡും ഹൈഡ്രോകാർബണു"ളും നൈട്രജൻ സംയുക്തങ്ങളും വായു മണ്ഡലത്തെ പുതപ്പുപോലെ മൂടി ചൂടാക്കിയിരിക്കുന്നു.
കരയും കടലും അന്തരീക്ഷവും ചൂടായിക്കൊണ്ടിരിക്കുന്നു. കാർമേഘങ്ങൾ പറന്നെത്തി, കട്ടികൂടി, ശക്തമായ മഴ പെയ്യിക്കുന്ന മേഘവിസ്ഫോടനങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ചുരുങ്ങിയ കാലയളവിൽ പെയ്യുന്ന ശക്തമായ മഴ ഉരുൾ പൊട്ടലിനും പ്രളയത്തിനും കാരണമാകുന്നു. ഇതെല്ലാം മനുഷ്യന്റെ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുടെ പരിണിതഫലവും!
നമ്മുടെ നാടിന്റെ തെക്കുകിഴക്കു ഭാഗത്ത്,
സഹ്യശൃംഗങ്ങളുടെ ഇടയിൽ മുല്ലപ്പെരിയാർ എന്ന ജലബോംബുണ്ട്. നൂറിലേറെ വർഷങ്ങൾക്കു മുമ്പ് കരിങ്കല്ലും സുർക്കിയെന്ന കുമ്മായക്കൂട്ടും ചേർത്തു ബ്രിട്ടീഷ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ നിർമിച്ച അണക്കെട്ട്. അതിനു കാലപ്പഴക്കം കൊണ്ടു ബലക്ഷയം വന്നിരിക്കുന്നു. വിടവുകൾ രൂപം കൊണ്ടിരിക്കുന്നു. ഉള്ളിൽ നിറയുന്ന വെള്ളത്തിന്റെ ഉയരം കൂടുമ്പോൾ അടിത്തട്ടിലുണ്ടാവുന്ന സമ്മർദം അണക്കെട്ടിനെ തകർത്തെറിയാം എന്ന പേടിസ്വപ്നം സ്ഥലവാസികളുടെ ഉറക്കം കെടുത്തുന്നു. അണക്കെട്ടു തകർന്ന് പെരിയാറിലൂടെ കുതിച്ചെത്തുന്ന ജലം ജീവനും സ്വത്തിനും വലിയ നാശനഷ്ടം ഉണ്ടാക്കുന്നതായിരിക്കുമെന്ന് കേരളം ഭയപ്പെടുന്നു.
പശ്ചിമഘട്ടത്തിന്റെ കിഴക്കുവശം മഴനിഴൽ പ്രദേശമായ തമിഴ്മാടാണ്. മുല്ലപ്പരിയാറിൽ നിന്നു കിട്ടുന്ന ജലം ഉപയോഗിച്ചാണ് അവിടെ കൃഷി നടക്കുന്നത്. തമിഴ് നാട്ടിൽ വിളയുന്ന പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യ- വസ്തുക്കളുമാണ്, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം, ഇടുക്കി,എർണാകുളം, തൃശൂർ ജില്ലകളിലെത്തുന്നത്.
തമിഴ്നാടിനു വെള്ളവും കേരളത്തിനു ഭക്ഷണവും നല്കാൻ മുല്ലപ്പെരിയാർ പ്രാപ്തമാണ്. അതു തകരാതെ സൂക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യവുമാണ്.
രാക്ഷസനുറുമ്പിന്റെ ബുദ്ധിയിലേക്ക് ഈ വിഷയം കടന്നു വന്നിട്ടുണ്ട്. ഒന്നും തകരാതെ, രണ്ടു സംസ്ഥാനങ്ങളുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു പ്രായോഗിക പദ്ധതിക്ക് രൂപം കൊടുക്കണം, അതു നടപ്പാക്കണം. കൂട്ടുകാരനായ പുളവനുമൊത്ത് മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിനുള്ള ആലോചനകൾ നടത്തി.
ഉറുമ്പു ചോദിച്ചു: " പുളവൻ ഭായ്, ഈ തമിഴർക്കും മലയാളികൾക്കും ഒരേപോലെ സ്വീകാര്യനായ വ്യക്തിത്വമുണ്ടോ?"
പുളവൻ: " തമിഴരെ കൂടുതൽ സ്വാധീനിക്കുന്നത്, സിനിമാ നായകന്മാരാണ്. തമിഴർക്കും മലയാളികൾക്കും സ്വീകാര്യനായ ഒരു വ്യക്തി കമൽഹാസനാണ്."
"ഭായിയുടെ പ്രത്യേക വരപ്രസാദം ഉപയോഗിച്ച്, അദ്ദേഹത്തിന്റെ ചിന്തയിൽ കയറിപ്പറ്റാൻ കഴിയുമോ?"
"കഴിയും"
"കമൽഹാസനെപ്പോലെ കേരളത്തിൽ നിന്ന് സ്വാധീനമുള്ള ഒരാളിനെ കിട്ടുമോ?"
"കമലിനോളം വരുന്നില്ലെങ്കിലും ഇടുക്കി എം എൽ എ, റോഷി അഗസ്റ്റിൻ, ജനസ്വാധീനമുള്ള ആളാണ്."
"എങ്കിൽ അവരിലേക്ക് സന്നിവേശം ചെയ്ത്, ഈ പ്രശ്നത്തിന്റെ കാര്യഗൗരവം
ചിന്തയിൽ ജനിപ്പിക്കുക. ഞാനെന്റെ കഴിവുപയോഗിച്ച് അവരുടെ തലച്ചോറിലേക്ക് ചില മായക്കാഴ്ചകളെ ട്രാൻസ്മിറ്റ് ചെയ്യാം. മുല്ലപ്പെരിയാറിന്റെ
തകർച്ചയും തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും ദുരിതങ്ങളും അവരേ നേർക്കാഴ്ചപോലെ കാണിക്കാം. അതിനു വേണ്ട ഭാവനകളെ വിദ്യുത്കാന്തിക തരംഗങ്ളാക്കി മസ്തിഷ്ക കേന്ദ്രങ്ങളിലേക്ക് പ്രസരണം ചെയ്യിക്കാൻ എനിക്കു കഴിയും. രണ്ടു ജനനായകന്മാർക്കും നമ്മുടെ പ്രവർത്തനങ്ങളിലൂടെ മാനസിക പരിണാമമുണ്ടാവും. അവരുടെ നേതൃത്തത്തിൽ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളും ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കും."
"ജനഹൃദയങ്ങളിലുയർന്നുവരുന്ന പൊതു വികാരത്തെ അവഗണിക്കാനോ, മാറ്റിയെടുക്കാനോ രാഷ്ട്രീയ നേതൃത്വത്തിനു കഴിയില്ല."
"അങ്ങനെ കേരളവും തമിഴ്നാടും കേന്ദ്രസർക്കാരും സംയുക്തമായി ഇപ്പോഴത്തെ പുതിയ അണക്കെട്ടിനു മുകളിൽ പുതിയ അണക്കെട്ടു നിർമിക്കും.
കേരളത്തിനു സുരക്ഷയും തമിഴ്നാടിനു വെള്ളവും ലഭിക്കും."
"വർഷങ്ങളിലൂടെ പരിഹാരം കാണാതെ കിടന്ന ഒരു തർക്കം പരിഹരിച്ച്, പ്രകൃതി
സന്തുലനത്തെ സുശക്തമാക്കാം!"
"ശരിയാണു ഭായ്. നമുക്ക് പ്രവർത്തനം തുടങ്ങാം."
"കമലിനെക്കൊണ്ട് 'മുല്ലപ്പെരിയാർ' എന്ന സിനിമ നിർമിക്കാൻ, പ്രേരണ കൊടിത്തിട്ടുണ്ട്. അദ്ദേഹം കാണുന്ന സ്വപ്ന ദൃശ്യങ്ങളുടെ ചിത്രീകരണം ജനങ്ങളിലെത്തുമ്പോൾ ഒരു തർക്കവും അവശേഷിക്കില്ല."
"ശരിയായ അവബോധം ജനിപ്പിക്കുന്ന മാനസിക പരിവർത്തനമാണ് നമ്മൾ സൃഷ്ടിച്ചെടുക്കേണ്ടത്."
(തുടരും)
രാവിലെ പക്ഷികളും ശലഭങ്ങളും വലിയ ആഘോഷത്തിമിർപ്പോടെ ശബ്ദിക്കുന്നതു കേട്ടാണ്, പുളവൻ ഉറക്കമുണർന്നത്. മുങ്ങിക്കുളിച്ച്, കാവിലമ്മയെ വലം വെച്ച് ശബ്ദങ്ങളുടെ പ്രഭവ സ്ഥാനത്തേക്ക് പുളവൻ തിരിഞ്ഞു. അത് പൂവത്തേൽ കുന്നിൽ രാക്ഷസനുറുമ്പിന്റെ വാസസ്ഥലത്തിന് അടുത്തു നിന്നാണെന്ന് അവൻ തിരിച്ചറിഞ്ഞു.
എന്തായിരിക്കും ഈ ബഹളത്തിനു കാരണം? അറിയുക തന്നെ. പുളവൻ കുന്നുകയറി മേരിചേച്ചിയുടെ വീടിന്റെ പുറകിലെത്തി. അവിടെ രാക്ഷസനുറുമ്പ് നൃത്തം ചെയ്യുകയാണ്.സ്ഥലകാല ബോധം മറന്ന്, ഏതോ മാസ്മര ലഹരിയിൽ മുഴുകി , സ്പരശനികൾ നീട്ടിയുയർത്തി നൃത്തം വെക്കുന്നു. അതുകണ്ടിട്ടാണ് ജീവികൾ ബഹളം വെക്കുന്നത്.
പുളവൻ നീട്ടി വിളിച്ചു: "എറുമ്പു ഭായ്...
ഭായ്..., പുളവനാ വിളിക്കുന്നത്."
യാതൊരുവിധ പ്രതികരണവുമില്ല.
പുളവൻ നിശ്ചലനായി. ധ്യാനത്തിൽ മുഴുകി. തന്റെ മനസ്സിനെ എറുമ്പു മനസ്സിലേക്കു പായിച്ചു.
എറുമ്പു മനസ്സ്, മറ്റൊരു ലോകത്താണ്. ഏതോ മാസ്മര സംഗീത വീചികളിലലിഞ്ഞ്
ഏതോ വിസ്മയക്കാഴ്ചകൾ കണ്ട് ആനന്ദ നൃത്തം തുടരുകയാണ്.
ആ സംഗീതത്തിന്റെ അവ്യക്തമായ ധ്വനി പുളവനു കേൾക്കാം. കാഴ്ചകൾ തലച്ചോറിലേക്ക് എത്തുന്നില്ല. തന്റെ ധ്യാനത്തെ കൂടുതൽ ഏകാഗ്രമാക്കി. മൂടൽ മഞ്ഞിലെ കാഴ്ചകൾ പോലെ വേറൊരു ലോകം പുളവൻ കണ്ടു. ഇത് ഭൂമിയല്ല.
സൗരയൂഥത്തിനും അപ്പുറം മറ്റൊരു ഗ്രഹമാണ്. അവിടെയുള്ള വിചിത്ര
ജീവികൾ പുറപ്പെടുവിക്കുന്ന ശബ്ദവും കാഴ്ചകളുമാണ്, രാക്ഷസനുറുമ്പിന്റെ സ്പർശിനിയിലൂടെ അവന്റെ നാഡീകേന്ദ്രത്തിലേക്ക് അരിച്ചിറങ്ങുന്നത്.അതു പൂർണമായും തിരിച്ചറിയാനുള്ള ശേഷി പുളവനില്ല.
ഇനി രാക്ഷസനുറുമ്പിന്റെ വിവരണം കേട്ടാലേ, അതെന്താണെന്ന്, തിരിച്ചറിയാൻ കഴിയൂ.
എറുമ്പിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്ന പുളവന്റെ ശരീരവും വളഞ്ഞു പുളഞ്ഞ് നൃത്തമുദ്രകൾ പ്രകടിപ്പിക്കാൻ തുടങ്ങി. അതായത്, സന്തോഷത്തിന്റെ പ്രസരണം എറുമ്പിൽ നിന്ന്, സഹജീവികളിലേക്കും കടന്നെത്തുന്നു. ആ പരിസരം ഒന്നാകെ
ആനന്ദാനുഭൂതിയിൽ സ്പന്ദിക്കുന്നതായി തോന്നി.
നീണ്ട സമയത്തെ ആനന്ദ നൃത്തത്തിനു ശേഷം രാക്ഷസനുറുമ്പ് തളർന്നു വീണതുപോലെ നിശ്ചലനായി. അവൻ കൂർക്കം വലിച്ച് ഉറങ്ങാൻ തുടങ്ങി.
എല്ലാവരും വിസ്മയത്തോടെ നോക്കിനില്ക്കുമ്പോൾ അവൻ ഞെട്ടിയുണർന്നു. കണ്ണടച്ചു തുറന്ന്, പുളവനെ നോക്കി ചോദിച്ചു:
"ഭായ്, എന്താ ഇത്ര നേരത്തെ? വിശേഷം വല്ലതുമുണ്ടോ?"
പുളവൻ: " വിശേഷമെന്തെന്ന്, ഞാനാണ് ചോദിക്കേണ്ടത്. ഇവിടെ നിന്നൊരു ബഹളം കേട്ട്, കയറി വന്നതാണ് ഞാൻ."
"ബഹളമോ, ആരുടെ?"
"ഈ പാറക്കെട്ടിന്റെ പരിസരത്തുള്ള സർവ ചരാചരങ്ങളും ഏതോ അദൃശ്യ സ്പന്ദനത്തിന്റെ താളക്രമത്തിൽ ലയിച്ച് ആനന്ദനൃത്തം ചവിട്ടുകയായിരുന്നു."
"അപ്പോൾ, ഞാൻ കണ്ട സ്വപ്നം അവരും കണ്ടോ?"
"സ്വപ്നം കണ്ടില്ല. അങ്ങയുടെ ശരീരത്തിൽ നിന്നും പ്രസരിച്ചിരുന്ന തേജോസ്ഫുലിംഗങ്ങൾ, ഞങ്ങളിലും ആനന്ദാനുഭൂതി ഉണർത്തുകയായിരുന്നു."
"അങ്ങനെയോ..."
"താങ്കളെന്താണ് കണ്ടതും കേട്ടതും?"
ര്ക്ഷസനുറുമ്പ്, അപാരതയിലേക്കു നോക്കി ഒരു നിമിഷം നിന്നു. എന്തോ ഓർമിച്ചടുക്കുന്നതു പോലെ. പിന്നെ പറയാൻ തുടങ്ങി.
"ഈ പ്രപഞ്ചത്തിൽ, നമ്മൾ ഭൂലോകവാസികൾ മാത്രമല്ല നിലനില്ക്കുന്നത്. പ്രപഞ്ചം നമ്മളുടേത് മാത്രവുമല്ല. പ്രപഞ്ചത്തിൽ ദശലക്ഷക്കോടിക്കണക്കിന് ഊർജരൂപങ്ങൾ വേറെയുമുണ്ട്.നമ്മുടെ ഭൂമിയിൽ നിന്നും ആയിരക്കണക്കിന് പ്രകാശവർഷങ്ങൾക്കകലെ, മറ്റൊരു ഗ്രഹത്തിലെ ഊർജരൂപങ്ങൾ പുറപ്പെടുവിച്ച തരംഗങ്ങളെ പിൻതുടർന്ന് എന്റെ ബോധം അവരിലേക്കെത്തുകയായിരുന്നു. എന്റെ ശരീരമവിടെയും ബോധം അവിടെയുമായിരുന്നു. അവർ സന്തോഷിക്കുന്നവരാണ്. സംഗീത സാന്ദ്രമാണ് അവിടുത്തെ അന്തരീക്ഷം.
നൃത്തച്ചുവടുകളിലൂടെയാണ് അവരുടെ ചലനം. ഞാനും അവരിലൊരാളായി.
ഭൂമിയിയിലെ എന്റെ ശരീരത്തിലേക്ക് പ്രസരണം ചെയ്യപ്പെട്ട ഊർജതരംഗങ്ങളാണ്, അതിനെ ചലിപ്പിച്ചത്."
"വിശ്വസിക്കാൻ പ്രയാസമായ വാക്കുകൾ!"
"എന്റെ ശരീരത്തെപ്പറ്റി ഞാൻ ചിന്തിച്ചതേയില്ല. ശരീരമില്ലാത്ത ബോധമായിരുന്നു ഞാൻ. ഇത്തരം ബോധരൂപങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്."
"അതിശയം തന്നെ! അങ്ങയ്ക്കൊപ്പം ആ വിചിത്ര ലോകത്തു പോകാൻ എനിക്കു കഴിഞ്ഞില്ലല്ലോ."
"അതിനെന്താ, ഇനിയും പോകാമല്ലോ.
അവരുടെ ഊർജപ്രസരണത്തിന്റെ ആവൃത്തിയും ( ഫ്രിക്വൻസി) തരംഗദൈർഘ്യവും ( വേവ് ലെംഗ്ത്) എന്റെ തലച്ചോറിൽ എൻകോഡു ചെയ്യപ്പട്ടു കഴിഞ്ഞു. ഇനി എന്റെ ഇച്ഛയനുസരിച്ച് അവിടേയ്ക്കു പ്രവേശിക്കാം!
എന്റെ മനസ്സിലേക്ക് അങ്ങയുടെ മനസ്സിനെ സന്നിവേശിപ്പിക്കണം. ഞാനതിനെ വഹിച്ചുകൊണ്ട് ഞാനവിടേക്കു പായും."
"നമ്മുടെ ശരീരങ്ങളോ?"
അവ ഈ ഭൂമിയിൽ കിടക്കും. ശരീരം ബോധത്തിന്റെ താത്ക്കാലിക കൂടുമാത്രം.
നമ്മൾ പോകുന്നത് ബോധരൂപങ്ങളായാണ്."
"ഞാൻ തയ്യാറാണു ഭായ്!"
"ഭൂമിയുടെ അന്തരീക്ഷം ശാന്തമായ ഒരു രാത്രിയിൽ നമുക്കു പോകാം. അവിടെ നിന്നും ലഭിക്കുന്ന അറിവുകൾ, മാതൃകകൾ എല്ലാം ഭൂമിയുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കാം."
(യാത്രാ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ)
അർധഗോളാകാരികളുടെ ഗ്രഹത്തിൽ
ഒരു വെള്ളിയാഴ്ച രാത്രിയിൽ, നക്ഷത്രങ്ങൾ "ിന്നിത്തെളിഞ്ഞു നില്ക്കുന്ന ആകാശത്തിലെ, അത്ഭുത ജീവികളുടെ ഇടയിലേക്ക് യാത്ര തിരിക്കുവാൻ, രാക്ഷസനുറുമ്പും പുളവനും തീരുമാനിച്ചു.
പാറക്കെട്ടിന്റെ അടിയിലെ ഗുഹയിൽ അവരുടെ ഭൗതിക ശരീരം ഉപേക്ഷിക്കുവാനും ഊർജരൂപികളായി യാത്ര ചെയ്യുവാനും തീരുമാനിച്ചു.
യാത്രക്കു മുമ്പ്, തന്റെ കാവൽ ദേവതകളെ, മനസ്സിൽ ധ്യാനിച്ച്, പുളവ മനസ്സ് ഉറുമ്പുമനറസ്സിലേക്ക് പരകായ പ്രവേശനം നടത്തി. പുളവന്റെ ശരീരം ഭദ്രമായി മാറ്റിവെച്ചിട്ട്, ഉറുമ്പ്, ധ്യാനത്തിലൂടെ തന്റെ മനസ്സിനെ ശരീരത്തിൽ നിന്ന് നിന്നു വിടുതൽ ചെയ്ത് പ്രകാശത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിച്ച്, സൗരയൂഥത്തിന്റെ പുറത്ത് പ്രകാശവർഷങ്ങൾക്കപ്പുറം പറന്നെത്തി. സ്ഥലകാലബന്ധത്തിന്റ പരിമിതികള അതിജീവിച്ച് പുതിയ ഗ്രഹത്തിൽ അവരിറങ്ങി.
അവരവിടെ എത്തുന്നത് ഒരു പ്രഭാതത്തിലാണ്. അവിടെ മണ്ണില്ല, കരിമ്പാറകളാണ്. പാറക്കുന്നുകളും സമതലങ്ങളുമുണ്ട്.നദികളും കായലും കടലും അവിടെയില്ല. പാറപ്പുറത്ത് കമിഴ്ത്തി വെച്ച കണ്ണൻ ചിരട്ടകൾ പോലെ പറ്റിപ്പിടിച്ചിരിക്കുന്ന രൂപങ്ങളെ ചൂണ്ടിക്കാട്ടി എറുമ്പു പറഞ്ഞു: "ആ കാണുന്നവരാണ് ഇവിടുത്തെ ജീവികൾ! അവരുണരുന്നതേയുള്ളു. നമുക്ക് ഈ ഗ്രഹം മുഴുവൻ ചുറ്റിക്കറങ്ങി കാണാം."
വളരെ വേഗത്തിൽ അവരാ ഗ്രഹ പ്രതലത്തിലുടെ പലവട്ടം കറങ്ങി. അവർക്ക് ശരീരം ഇല്ലാതിരുന്നതുകൊണ്ട് ആരും തിരിച്ചറിഞ്ഞില്ല.
നേരം വെളുത്തു തുടങ്ങി. ആ ചിരട്ട രൂപങ്ങൾ ചലിക്കാൻ തുടങ്ങി. അവർ തെന്നി നീങ്ങുകയാണ്. ചലിക്കുന്നതിനു മുമ്പേ, തലയുടെ നടുവിൽ നിന്ന് രണ്ടു നീണ്ട ഏരിയലുകൾ ഉയർന്നു വരും. കയ്യും കാലും കണ്ണും മൂക്കും വായും തലയും ഇല്ലാത്ത വിചിത്ര ജീവികൾ!
അവരുടെ ചലനം അടുത്തു കാണുന്നതിനായി, അവരൊരു പാറയുടെ മുകളിൽ കയറി നിന്നു. അന്തരീക്ഷത്തിൽ ഭക്തിസാന്ദ്രമായ സംഗീതം അലയടിക്കുന്നുണ്ട്. അവർ ചലിക്കുന്നതും ആ താളത്തിനനുസരിച്ചാണ്.
അവിടുത്തെ അന്തരീക്ഷത്തിലും തറയിലും ശക്തമായ കാന്തമണ്ഡലമുണ്ട്. കാന്തശക്തിയാണ്, അവരെ തെന്നി മാറ്റുന്നത്.
ഓരോ ജീവിക്കും ശരീരത്തിലെ കാന്തമണ്ഡലത്തിന്റെ പോളാരിറ്റി ഇച്ഛാനുസരണം ക്രമീകരിക്കാനും ആകർഷണ വികർഷണങ്ങൾക്ക് വിധേയമായി, ചലിക്കുവാനും കഴിയും.
ഭക്ഷണം വേണ്ട, വെള്ളം വേണ്ട, വായു വേണ്ട, വിസർജ്ജനം വേണ്ട. അവരുടെ ശരീരത്തിൽ പതിക്കുന്ന പ്രകാശത്തിൽ നിന്ന് സ്വയം ചാർജ് ചെയ്യപ്പെട്ട്, ഒഴുകി നടക്കുന്നവരാണവർ!
ഒരാളുടെ ചിന്ത, ഒരു പ്രത്യേക അകലത്തിൽ ആയിരിക്കുമ്പോൾ
മറ്റൊരാൾക്കു മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് നുണപറയാനോ, കള്ളത്തരമെടുക്കാനോ കഴിയില്ല. ആ പ്രത്യേക ദൂരപരിധിയിൽ നിന്ന് അകലുമ്പോൾ അയാളുടെ മനസ്സും അകന്നു കഴിഞ്ഞിരിക്കും!
പെട്ടെന്ന് രാക്ഷസനുറുമ്പിന്റെ ശക്തി ക്ഷീണിക്കുന്നതുപോലെ തോന്നി.
അവന്റെ ചിന്താതരഗങ്ങളെ ആരോ 'ജാ'മാക്കിയതുപോലെ! ആ ഗ്രഹത്തിലെ സെക്യൂരിറ്റി സിസ്റ്റം പകൽ വെളിച്ചത്തിൽ പ്രവർത്തനക്ഷമമാപ്പോൾ രാക്ഷസനുറുമ്പന്റ സാന്നിധ്യം തിരിച്ചറിഞ്ഞു.
കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ അവർ അവനെ നിശ്ചലനാക്കിയതണ്. അവനെ ആകർഷിച്ച് ഒരു വിദ്യുത്കാന്തിക മണ്ഡലത്തിൽ തളച്ചു. ആ മണ്ഡലത്തിനു പുറത്തേയ്ക്ക് അവന് ആശയ വിനിമയം നടത്താൻ കഴിയില്ല.
ഇനി എറുമ്പു മനസ്സിനു രക്ഷപ്പെടാനുള്ള മാർഗം അവരുട നേതവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതാണ്. പക്ഷെ, അവന്റെ ചിന്തകൾക്ക് കാന്തിക വലയം ഭേദിച്ച്,പുറത്തു കടക്കാൻ കഴിയില്ല.
ഇനിയെന്തു ചെയ്യും? അവന്റെ മനസ്സിന്റെ ഉള്ളിൽ പുളവ മനസ്സുണ്ട്. അവരുടെ സെക്യൂരിറ്റി സിസ്റ്റം അതു മനസ്സിലാക്കിയിട്ടില്ല. പുളവ മനസ്സിന് പരകായ പ്രവേശനം സാധ്യവുമാണ്.
ഉറുമ്പു പറഞ്ഞതനുസരിച്ച്, പുളവൻ അവരിൽ നേതാവെന്നു തോന്നിക്കുന്ന രൂപത്തിന്റെ മനസ്സിലേക്കു കടന്നു. ആ മനസ്സിൽ ഭൂമിയും സസ്യജന്തുജാലങ്ങളും അവരുടെ പ്രവർത്തനങ്ങളും ഈ യാത്രയും അതിന്റെ ലക്ഷ്യങ്ങളും തിരപ്പടം പോലെ തെളിയിച്ചു. അതിനുശേഷം ഇപ്പോൾ സംഭവിച്ചിരിക്കുന്ന തടങ്കലിൽ നിന്ന് ഉറുമ്പിനെ മോചിപ്പിക്കണമെന്ന, അപേക്ഷയും പങ്കുവെച്ചു. സന്ദേശം നല്കിയതിനു ശേഷം പുളവ മനസ്സ് എറുമ്പുമനസ്സലേക്കതിരിച്ചു വന്നു.
അല്പസമയത്തിനുള്ളിൽ അവർ സ്വതന്ത്രമാക്കപ്പെട്ടു. ഒരു പ്രത്യേക സംഗീതം അവരെ സ്വാഗതം ചെയ്തു. ചിരട്ട ജീവികൾ അവർക്കുവേണ്ടി നൃത്തം വെച്ചു.
പുളവനവരോട് മനസ്സിന്റെ ഭാഷയിൽ പറഞ്ഞു.
"നല്ലവരേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ."
മറുപടി വന്നു. "വിരുന്നുകാരേ, നിങ്ങൾക്കു സ്വാഗതം. നിങ്ങളിവിടെ അതിഥികളായി എത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വളരെ നാളുകളായി അന്യ ഗ്രഹങ്ങളിലേക്ക് സന്ദേശമയച്ച്, കാത്തിരിക്കുകയായിരുന്നു. ആദ്യമായി ഭൂമിയെപ്പറ്റി ഞങ്ങളോടു പറയൂ. നിങ്ങൾ മനസ്സാൽ കാഴ്ചകളിലൂടെ സഞ്ചരിക്കൂ, നിങ്ങളുടെ മനസ്സിലെ ചിത്രങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും!"
മണ്ണും മണലും കുന്നും മലകളും പുഴകളും കായലുകളും കടലും പൂരവും തീർത്ഥാടനവും ഉത്സവങ്ങളും ഭരണവും യുദ്ധവും ശാസ്ത്ര പരീക്ഷണങ്ങളും അവരെ പരിചയപ്പെടുത്തി. സസ്യ ജന്തു ലോകങ്ങളും കാണിച്ചു കൊടുത്തു. അവർ പറഞ്ഞു: "മനോഹരമായിരിക്കുന്നു. നമുക്ക് ഈ ബന്ധം നിലനിർത്തണം. താങ്കൾ വിളിക്കുന്ന സമയത്ത്, ഞങ്ങൾ ഭൂമിയിലെത്താം. നിങ്ങളുടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. പക്ഷേ, ഞങ്ങളെ കാണാൻ മനുഷ്യർക്കോ, ജന്തുക്കൾക്കോ കഴിയില്ല."
ഉറുപു പറഞ്ഞു: " സന്തോഷമായി. പ്രോത്സാഹനമായി."
"ഇവിടെ വന്നതിന്റെ സന്തോഷമായി ഒരു സമ്മാനം തന്നു വിടാം. അത് സൗരോർജത്തിനെ രാസോർജമാക്കി മാറ്റാൻ കഴിവുള്ള ജീനുകളാണ്.
ഇത് ആർക്കു നല്കണമെന്ന് നിങ്ങൾ തീരുമാനിക്കുക."
പുളവൻ പറഞ്ഞു: "നല്ലവരേ, അത് ഞങ്ങടെ ജനിതക ശാസ്ത്രജ്ഞന്മാർക്ക് കൈമാറുക അവരത് ക്ളോൺ ചെയ്ത് സസ്യ ജന്തു ജാലങ്ങളിൽ സന്നിവേശിപ്പിച്ചുകൊള്ളും. പച്ചിലകളില്ലാത്തിടത്തും ജീവിതം സാധ്യമാകുമല്ലോ!"
"നല്ല തീരുമാനം"
"ഞങ്ങൾക്ക് താത്ക്കാലിക വിട നല്കുക"
"നിങ്ങൾക്കും ഭൂലോക വാസികൾക്കും ഈ പ്രതലത്തിലേക്ക് സ്വാഗതം."
(തുടരും)
കുമരകത്ത്
അർധഗോളാകാരികളുടെ ഗ്രഹത്തിൽ നിന്ന്, ഭൂമിയിൽ തിരിച്ചെത്തി സ്വന്തം ശരീരം സ്വീകരിച്ചു. അവർ പഴയ എറുമ്പും പുളവനുമായി മാറി. പുളവൻ സ്വന്തം മാളത്തിലെത്തി, ഉറങ്ങി എണീറ്റപ്പോൾ, കൂട്ടുകാരി കുളക്കോഴിപ്പെണ്ണ് മുണ്ടി, വാതില്ക്കൽ നില്ക്കുന്നു.
"എന്താ പെണ്ണേ, ഈ നേരം വെളുത്തപ്പഴെ?"
"അണ്ണാ, വലിയ ആപത്തു വന്നിരിക്കുവാ.
പുതിയ രോഗം പരക്കുന്നു, പക്ഷിപ്പനി.
രോഗം ഇവിടെ പരന്ന് ഞങ്ങളു ചത്തുപോകുമോ അണ്ണാ?"
"ഓഹോ അങ്ങിനെയോ? അതു പകരാതിരിക്കാനുള്ള വഴി കണ്ടുപിടിക്കാം"
"നമ്മുടെ വൈക്കത്തും കോട്ടയത്തും കോഴികളും താറാവുകളും ചത്തുകോണ്ടിരിക്കുകയാ. ചാകാത്തതിനെ സർക്കാരു കൊന്നുകൊണ്ടും ഇരിക്കുന്നു. രോഗം
ഇല്ലെങ്കിലും പരക്കുമെന്നു പേടിച്ചാ പാവങ്ങളെ കൊല്ലുന്നത്."
"അതു കഷ്ടം തന്നെ. കോവിഡ് വന്നപ്പോൾ മനുഷ്യൻ മാരെ കൂട്ടത്തോടെ കൊന്നില്ലല്ലോ. ചോദിക്കാനും പറയാനും
ആരുമില്ലെന്നു ധരിച്ചാ, പാവം പക്ഷികളെ കൊല്ലുന്നത്."
"എന്തെങ്കിലും ചെയ്യണ്ണാ."
"ചെയ്യാം, ഞാൻ ഉറുമ്പു ഭായിയോട് ഒന്നാലോചിക്കട്ടെ."
ആലോചനയ്ക്കു ശേഷം പുതിയ ദൗത്യം നിർവഹിക്കാൻ ഉണ്ട് എന്ന ബോധ്യത്തോടെ പുളവനും എറുമ്പും കുമരകത്തേക്കു തിരിച്ചു.
രാത്രിയിലായിരുന്നു അവരുടെ യാത്ര.മനുഷ്യരും മൃഗങ്ങളും രാക്ഷസനുറുമ്പിനെ കണ്ട് പരിഭ്രമിക്കരുതല്ലോ.
അവരൊരു വൃക്ഷത്തിന്റെ മറവിൽ ചെന്നിറങ്ങി.അവിടുള്ള പക്ഷികളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
പുളവൻ പറഞ്ഞു: "ഭായ്, ഈ രോഗം വരുത്തുന്ന വൈറസ്സുകൾ ഇവിടെ വ്യാപിക്കുന്നത് ദേശാടനക്കിളികൾ എത്തുന്ന തണുപ്പുകാലത്താണ്. അവരുടെ വരവും ഈ രോഗവുമായി എന്തോ ബന്ധമുണ്ട് എന്നു തോന്നുന്നു.
ഉറുമ്പ്:. "ചിലപ്പോൾ ഒരു പ്രത്യേക കാലാവസ്ഥയിൽ മാത്രം ഊർജസ്വലരാകുന്ന വൈറസ്സുകളാവാം."
"ആകാം. കോവിഡ് രോഗം തുടങ്ങിയതും തണുപ്പുകാലത്താണ്. പക്ഷിപ്പനിയും തണുപ്പുകാലത്ത്. കോവിഡ് ചൈനയിൽ നിന്നു വന്നതുപോലേ പക്ഷിപ്പനിയും അവിടെ നിന്നാവാമല്ലോ."
"നമുക്കു കണ്ടു പിടിക്കാം. താങ്കൾ സൂക്ഷമമായി നിരീക്ഷിക്കുക. ഇവിടുത്തെ പക്ഷികളുടെ ശബ്ദവും ചലനവും ഒരേഫോലെയാണോ, എന്നു പരിശോധിക്കുക. എന്റെ മനസ്സിൽ ചില സംശയങ്ങളുണ്ട്. അതിന് ഉത്തരം കണ്ടു പിടിക്കണം."
"എന്താണാ സംശയങ്ങൾ?"
"അതു പിന്നെ പറയാം. നിരീക്ഷണം തുടരുക."
"ശരി"
വൃക്ഷങ്ങളിലും ചതുപ്പുനിലത്തും പുഞ്ചപ്പാടത്തും പറന്നു നടക്കുന്ന പക്ഷികളെ അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
കുറച്ചു സമയത്തിനുശേഷം പുളവൻ ഒരു പ്രത്യേക കൊക്കിനെ ചൂണ്ടിക്കാട്ടി ഉറുമ്പിനോടു പറഞ്ഞു:
"ഭായ്, ആ കൊക്ക് സാധാരണ പക്ഷികളെപ്പോലെയല്ല. അതിന്റെ ചലനം യാന്ത്രികമാണ്. അത് കണ്ണു ചിമ്മുന്നില്ല."
രാക്ഷസൻ ഉറുമ്പ്, ആ കൊക്കിനെ സസ്സൂക്ഷ്മം നോക്കിക്കണ്ടു. അതിന്റെ ചലനവും രീതികളും മനസ്സിലാക്കാൻ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു "അതൊരു ജീവിയാണോയെന്ന് സംശയമുണ്ട്. അത് ശ്വസിക്കുന്നില്ല. ചലനം യാന്ത്രികമാണ്. അത് ചിലച്ചിട്ടില്ല."
"ശരിയാണ്. ഞാനുമത് ശ്രദ്ധിച്ചു."
"അതൊരു റോബോട്ടിക് ബേർഡാവാനാണ് സാധ്യത. പക്ഷിയുടെ ആകൃതിയിൽ രൂപകല്പന ചെയ്ത ബയോണിക് റോബോട്ട്."
"എന്തിനു വേണ്ടി?"
"അതായിരിക്കാ. ഈ വൈറസ്സുകളെ ഇവിടെ വിതറുന്നത്."
"അതിശയം."
"നമുക്കവനെ സമീപിക്കാൻ കഴിയില്ല. അതിന്റെ ഉള്ളിൽ മുഴുവൻ അണുക്കളായിരിക്കും."
"എന്തു ചെയ്യും?"
"വഴിയുണ്ട്. വീണ്ടും ശരീരം ഉപേക്ഷിച്ച്, അവന്റെ അടുത്തെത്തി അവനു ലഭിക്കുന്ന സന്ദേശങ്ങളുടെ ഫ്രിക്വൻസിയും വേവ്ലെംഗ്തും മനസ്സിലാക്കണം.അവന്റെ ആന്റിനകൾ നശിപ്പിക്കണം!"
പുളവൻ പറഞ്ഞു: "ഞാൻ പോകാം."
"ശരി. പോയിവരൂ. ഞാനിവിടെ കാത്തുനില്ക്കാം"
പുളവൻ ശരീരമില്ലാതെ കൊക്കിനടുത്തെത്തി. ആ കൊക്ക് കണ്ണടയ്ക്കുകയോ, ചിറകുകൾ അനക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ ഡ്രോണുകൾ പോലെ പറന്നുയർന്ന്, എന്തൊ പൊടിപടലങ്ങൾ താഴോട്ടു വർഷിക്കുന്നുണ്ടായിരുന്നു.
ഈ അറിവ് എറുമ്പിനു കൈമാറി.
രാക്ഷസൻ ഉറുമ്പ് നിർദേശം കൊടുത്തു,
"താങ്കളവനെ ആകർഷിച്ച് എന്റെയടുത്തേക്ക് വലിക്കുക. ഞാനെന്റെ കണ്ണിലെ ചൂടുകോണ്ട് അവനെ എരിച്ചു കളയാം"
ആകർഷണ ശക്തിക്കു വിധേയമായി ഒഴുകിയെത്തിയ യന്ത്ര കൊക്ക് അടുത്തെത്തുന്നതിനു മുമ്പുതന്നെ അവൻ ഭസ്മമായി മാറിക്കഴിഞ്ഞിരുന്നു.
ഔത്യം പൂർത്തിയാക്കി പുളവനും എറുമ്പും പൂവത്തേൽ കുന്നിലേക്കു തിരിച്ചു.
(തുടരും)
സിക്കിം മുതൽ അരുണാചൽ വരെ
മൂടൽ മഞ്ഞു മാറി സൂര്യകിരണങ്ങൾ അരിച്ചിറങ്ങിയപ്പോൾ, ഇളവെയിലാസ്വദിച്ച് പാറപ്പുറത്തിരുന്ന രാക്ഷസനുറുമ്പിന്റെ ചെവിയിലേക്ക് ദൂരദർശൻ വാർത്തയുടെ ശബ്ദതരംഗങ്ങൾ അലയടിച്ചെത്തി.
ചൈന, ഇന്ത്യൻ അതിർത്തി ലംഘിച്ച് കയ്യേറാൻ ശ്രമിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. കയ്യേറ്റശ്രമം പരാജയപ്പെടുത്തി. അതിർത്തിയിൽ സംഘർഷ സാധ്യത.
ഭൂമിയിലെ യുദ്ധങ്ങളുടെ അർഥശൂന്യത അന്യഗ്രഹ ജീവികളിൽ നിന്ന് ഉറുമ്പ് മനസ്സിലാക്കിയിട്ടുണ്ട്.തമ്മിലടിച്ച് മരിക്കാനുള്ള വിഡ്ഢിത്തത്തിന്റെ മൂർത്തതയാണു യുദ്ധം.
പണ്ടൊരിക്കൽ പുളവനും പറഞ്ഞിട്ടുണ്ട്, പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യസൃഷ്ടിയായ പ്രധാന ഘടകം യുദ്ധമാണെന്ന്. യുദ്ധം സംഭവിക്കരുത്. അതു തടയണം. യുദ്ധം തടയണമെങ്കിൽ മനുഷ്യന്റെ അഹങ്കാരം ഇല്ലാതാക്കണം. സ്വന്തം ആയുധങ്ങളുടെ നശീകരണശക്തിയിലാണ് അധികാരികൾ
അഹങ്കരിക്കുന്നത്. ആ ആയുധങ്ങൾ പ്രവർത്തിക്കില്ല എന്നു മനസ്സിലായാൽ അഹങ്കാരസൃഷ്ടിയായ യുദ്ധം സംഭവിക്കുകയില്ല. പുളവനെ വിളിക്കണം.
ഉടനെ ഇന്ത്യ ചൈന അതിർത്തിയിലേക്ക് കുതിക്കുക. അതിർത്തിയിൽ ആയുധങ്ങളെ പ്രതിരോധിക്കാനുള്ള രക്ഷാകവചമൊരുക്കുക.
തിര്യക്കുകൾക്ക് ദേശങ്ങളും അതിർത്തികളുമില്ല. മനുഷ്യനാണ് രാജ്യവും അതിർത്തിയും. മനുഷ്യനെഴുതിയ കഥകളിൽ മാത്രം പക്ഷിമൃഗാദികൾക്ക് അതിർത്തികളുണ്ട്. ഒരു യുദ്ധം കൊണ്ട്; എത്ര വർഷങ്ങൾ സുഖമായി കഴിയാനുള്ള സമ്പത്താണ് കത്തിച്ചെരിക്കുന്നത്? അതുമൂലം എത്ര വലിയ ആഘാതമാണ് പ്രകൃതിക്കുണ്ടാവുന്നത്?
ആവശ്യമെങ്കിൽ അർധഗോളാകാരികളുടെ സഹായം തേടാം. ഇന്ത്യയോ, ചൈനയോ ഈ യുദ്ധത്തിൽ വിജയിക്കാൻ പോകുന്നില്ല. അവരുടെ തീ തുപ്പുന്ന ആയുധങ്ങൾ അവരിലേക്കുതന്നെ മടങ്ങിയെത്തും അല്ലെങ്കിൽ തകർന്നു വീഴും! അഹങ്കാരത്തിന്റെ മുനയൊടിച്ചിട്ടേ അതിർത്തിയിൽ നിന്ന് തിരിച്ചു പോരൂ. ഹിമസാനുക്കളേ, ഞങ്ങളിതാ എത്തിക്കഴിഞ്ഞു.
ഒട്ടും താമസിക്കാതെ പുളവന് ടെലിപ്പതിക് കമ്മ്യൂണിക്കേഷനിലൂടെ എറുമ്പിന്റ വിളിയെത്തി. തയ്യാറായി എത്താൻ നിർദേശം നല്കി. പ്രകാശ വേഗത്തിൽ വടക്കിനെ നോക്കി പായാൻ; ഹിമശൈലങ്ങളുടെ കൊടുമുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ!
ചൈനയുടെ കടന്നുകയറ്റം കൂടുതലുള്ള വടക്കുകിഴക്കൻ മേഖലയിലേക്ക് അവർ തിരിച്ചു. കാഞ്ചൻജംഗയും തവാംങ്ങും
ജ്യോമൽഹാരിയും കാംങ്ടോവും തലയുയർത്തി നിൽക്കുന്ന പർവത ഭൂമിയിൽ, ബ്രഹ്മപുത്ര മലമുറിച്ചൊഴുകുന്ന പുണ്യ ഭൂവീൽ, സംഘർഷത്തിന്റെ തീജ്വാലകൾ അണച്ചു കളയാൻ ഒരു തീർഥാടന കർമം.
നിമിഷ നേരത്തെ യാത്രകൊണ്ട് അവർ ഹിമാചൽപ്രദേശിന്റെ വടക്കൻ അതിർത്തിയിൽ എത്തി. അവിടെ നടക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും യുദ്ധസന്നാഹങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി. രണ്ടു സൈഡിലും ആയുധങ്ങളും സൈനികരും എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. നിരങ്ങിയെത്തുന്ന മിലിട്ടറി ട്രക്കുകൾ, സ്വന്തം അതിർത്തിയിൽ വട്ടമിടുന്ന ഹെലികോപ്റ്ററുകൾ. സ്വന്തം മലമടക്കുകളിൽ എതിർരാജ്യത്തെ ലക്ഷ്യമാക്കി വിന്ന്യസിച്ചു വെച്ചിരിക്കുന്ന യന്ത്രത്തോക്കുകളും റോക്കറ്റുകളും!
പരസ്പരം കൊല്ലാനുള്ള തയ്യാറെടുപ്പുകൾ! ജീവിക്കാൻ പരിശീലനമില്ലെങ്കിലും കൊല്ലാൻ പരിശീലനം കൊടുക്കുന്ന സൈനികാഭ്യാസങ്ങൾ! എത്ര വികലമാണ് മനുഷ്യ മനസ്സ്?
ഈ ആയുധങ്ങൾ തീ തുപ്പരുത്. അതിർത്തി ലംഘിക്കരുത്. അതിനുള്ള മാർഗം അതിശക്തമായ കാന്തിക മണ്ഡലം അതിർത്തിയിൽ വൻഭിത്തിപോലെ നിർമിക്കുകയാണ്. ചീറി വരുന്ന ആയുധങ്ങൾ, ഈ ഭിത്തിയിൽ തട്ടി നിശ്ചലമാകണം.
പ്രപഞ്ചത്തിൽ കാന്തശക്തി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അർധഗോളാകാരികളാണ്. രാക്ഷസനുറുമ്പ് അർധഗോളാകാരികളെ സ്മരിച്ചു. അവരോട് ഹിമാലയത്തിലെത്തി ഒരു യുദ്ധസന്നാഹം തകർക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു.
"ഞങ്ങളെത്തിക്കഴിഞ്ഞു" എന്ന സന്ദേശം ഉറുമ്പീനു കിട്ടി. അധികം വൈകുന്നതിനു മുമ്പുതന്നെ ആകാശത്തിലൂടെ ഒരു പ്രകാശവലയം അവരുടെ അടുത്തേക്ക് ഒഴുകിയെത്തി.ആ വലയത്തിനുള്ളിൽ അനേകം അർധഗഗോളാകാരികൾ ഒട്ടിച്ചേർന്നിരിക്കുകയായിരുന്നു. ഹിമവാനെ വലംവെച്ച് അവർ മഞ്ഞിലിറങ്ങി. ഉറുമ്പിന്റെ ആവശ്യമനുസരിച്ച് ഉടൻ തന്നെ കാന്തിക ഭിത്തിയുടെ പണിയാരംഭിച്ചു.കിഴക്കു പടിഞ്ഞാറായി, അരുണാചൽ മുതൽ സിക്കിം വരെ നീളുന്ന ഒരു കാന്തിക മണ്ഡലം അവർ പ്ലാൻ ചെയ്തിരുന്നു. അതിനു സ്വീകരിച്ച മാർഗം ഈ അതിർത്തി പ്രദേശങ്ങളിലൂടെ പ്രകാശവേഗത്തിൽ പല തവണ സഞ്ചരിക്കുകയും അവരുടെ ശരീരത്തിന്റെ കാന്തിക ബലം 'സിംഗൾടച്ച് രീതി' പോലെ ഭൂമിയെ കാന്തീകരിക്കുകയുമായിരുന്നു. മണ്ണിലെ തന്മാത്രകളെ ഒരേ ക്രമത്തിൽ സജ്ജീകരിച്ച് കാന്തമാക്കുന്ന രീതി. പ്രവർത്തനം കഴിഞ്ഞ ഉടനെ തന്നെ ചൈനയുടെ ഒരു യുദ്ധ വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി പറന്നുയർന്നു. അതു പറന്നുവന്ന് കാന്തിക ഭിത്തിയിലിടിച്ച് ചൈനയുടെ മണ്ണിൽ തന്നെ തകർന്നു വീണു. ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടതാവുമെന്ന് സംശയിച്ച ചീനപ്പട,മിസ്സൈലുകൾ വർഷിച്ചു തുടങ്ങി.
അവയെല്ലാം തട്ടിത്തെറിക്കുന്ന റബർപ്പന്തുകൾ പൊലെ അവരുടെ സൈഡിലേക്ക് തിരിഞ്ഞു പതിച്ചു.
ഈ ദൃശ്യങ്ങൾ റഡാർ സൗകര്യത്തിലൂടെ കണ്ടുകൊണ്ടിരുന്ന ഇന്ത്യൻ സൈനിക കേന്ദ്രത്തിലെ ഓഫീസർമാർ കൈകൾ കൂപ്പി 'ഹർ ഹർ മഹാദേവ്' എന്നു മന്തിച്ചുകൊണ്ടിരുന്നു.
ചൈനയുടെ സൈനിക കേന്ദ്രത്തിലെ അധികാരികൾ ഞെട്ടി. ഇതേതോ,അലൗകിക ശക്തികളുടെ പ്രവർത്തനമാണ്, എന്നു വിലയീരുത്തിയ
അധികാരികളുടെ നിഗമനം ടിബറ്റൻ ലാമമാരോ, ഹിന്ദു സന്യാസിമാരോ ആത്മീയ ശക്തിയുണർത്തി മാന്ത്രിക മറ സൃഷ്ടിച്ചു എന്നാണ്.
സ്വന്തം സൈനികരോട് നിശ്ചലമാകാൻ അവർ സന്ദേശമയച്ചു. കൂടുതൽ പഠനങ്ങൾക്കും, വിശദീകരണത്തിനും വേണ്ടി വിദഗ്ധ ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘത്തെ നിയോഗിച്ചു. അവരുടെ പ്രജ്ഞയുടെ പരിധിക്കപ്പുറമാണ് സംഭവ പരമ്പരകൾ എന്ന് അവർക്കറിയാൻ കഴിയില്ലല്ലോ!
(തുടരും)
തീപ്പൊരികളുടെ നാട്ടിൽ
മനസ്സിനെ പ്രപഞ്ച സീമകളിലേക്ക് തുറന്നു വിട്ട്, ധ്യാനിച്ചിരിക്കുമ്പോൾ; തീപ്പൊരികൾ പാറിക്കളിക്കുന്ന ഒരു ഗോളപ്രതലം രാക്ഷസനുറുമ്പിന്റെ മനക്കണ്ണിൽ കണ്ടു.
അത് തിരുവാതിര നക്ഷത്ര സമൂഹത്തിലെ ഒരു ഗ്രഹത്തിൽ നിന്നായിരുന്നു. ഉറുമ്പ് ധ്യാനത്തിൽ നിന്ന് ഉണർന്ന്, ആ വിചിത്ര ഗോളത്തിലേക്ക് ഒരു യാത്ര പോകാൻ തീരുമിനിച്ചു. ഈ യാത്ര തനിച്ചു മതി.എന്തെങ്കിലും വിപരീത ഫലമുണ്ടായാൽ, അത് തന്നെ മാത്രമേ ബാധിക്കുകയുള്ളല്ലോ. പുളവനെ കൂട്ടുവിളിക്കാതെ തനിച്ചൊരു അന്യഗ്രഹ യാത്ര.
ശരീരം ഉപേക്ഷിച്ച്, മനസ്സിനെ സ്വതന്ത്ര- മാക്കി. ആ ഗോളത്തെ ലക്ഷ്യമാക്കി പറന്നു.കമ്പിത്തിരി കത്തിത്തെറിക്കുന്ന തീപ്പൊരികൾ പോലെ, ചിതറിത്തെറിക്കുന്ന തീപ്പൊരികളെ കണ്ടുകൊണ്ട്,അവനാ ഗോള പ്രതലത്തിലേക്ക് പതിയെ ഇറങ്ങി.
അവരുമായി ഇടപഴകുന്നതിനു മുമ്പ്, അവിടെ നടക്കുന്നതെന്താണെന്ന്, സസൂക്ഷമം നിരീക്ഷിക്കാൻ തീരുമാനിച്ചു. ഈ തീപ്പൊരികൾ എങ്ങനെ രൂപം കൊള്ളുന്നു? അതവരെ പൊള്ളിക്കുന്നുണ്ടോ? അവ സ്നേഹത്തിന്റെ അടയാളമോ, വെറുപ്പിന്റെ പ്രകടനമോ? എല്ലാം അറിയണം.
പ്രതലത്തിലേക്ക് ഇറങ്ങിയപ്പോൾത്തന്നെ മനസ്സിസിലായിരുന്നു, അവിടെ ഒരു അന്തരീക്ഷമുണ്ടെന്ന്. വായുവല്ല, കണ്ണിനുകാണാൻ കഴിയാത്ത ചെറുകണികകൾ തങ്ങി നില്ക്കുന്ന ഒരു കൊളോയിഡൽ മീഡിയമാണ് ആ അന്തരീക്ഷം.
ആ ജീവികൾ ത്രികോണാകൃതിക്കാരാണ്. പ്രത്യേകിച്ച് തലയും ഉടലും വാലും ഇല്ല. അവർ പരസ്പരം അടുക്കുമ്പോൾ ത്രികോണങ്ങളുടെ ശീർഷങ്ങളാണ് അടുത്തുവരുന്നത്. എല്ലാ ശീർഷങ്ങളും കൂട്ടിമുട്ടുമ്പോൾ, തീപ്പൊരികൾ ഉണ്ടാകുന്നില്ല. ചില പ്രത്യേക ശീർഷങ്ങൾ തമ്മിലുരസുമ്പോഴാണ് തീപ്പൊരികൾ ചിതറി വീഴുന്നത്.
നിരീക്ഷണത്തിനൊടുവിൽ എറുമ്പു മനസ്സിലാക്കി, അവരുടെ ശരീരം ചാർജു ചെയ്യപ്പെട്ടതാണെന്ന്. പൊടി നിറഞ്ഞ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ പൊടിപടലവും ശരീരവും തമ്മിലുള്ള ഘർഷണമാണ് ചാർജ് ഉണ്ടാക്കുന്നത്. ഈ ചാർജുകൾ ത്രികോണത്തിന്റെ ശീർഷങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ത്രികോണങ്ങളുടെ മൂന്നു ശീർഷങ്ങളിൽ ഒന്ന് പോസിറ്റീവ്, മറ്റൊന്ന് നെഗറ്റീവ് ,മൂന്നാമത്തെ ശീർഷം ന്യൂട്രൽ. അവരുടെ ശരീരം ഒരു കപ്പാസിറ്റർ പോലെ പ്രവർത്തിക്കുന്നു. വിപരീത ചാർജുള്ള ശീർഷങ്ങൾ കൂട്ടിമുട്ടുമ്പോൾ സ്പാർക്ക് ഉണ്ടാവുന്നു. ഇവർ തിന്നുകയും കുടിക്കുകയും ചെയ്യുന്നവരല്ല. ശ്വസിക്കുന്നില്ല, വിസർജ്ജനവുമില്ല.
ഉറുമ്പിന്റെ സാന്നിധ്യം അവർക്ക് മനസ്സിലായിട്ടുണ്ടോ? ഏതായാലും അവന്റെ ബോധം നിലയുറപ്പിച്ചിടത്തേക്ക് അവരാരും അടുത്തില്ല. അവൻ സ്ഥലം മാറിയാൽ അതനുസരിച്ച് അവർ അകലുന്നുണ്ട്. അതായത് അവന്റെ സാന്നിധ്യം അവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിനു മുമ്പായി പരകായപ്രവേശനം നടത്തി തന്റെ സന്ദർശനത്തിന്റെ ലക്ഷ്യം അവരെ ബോധ്യപ്പെടുത്തണം.
നിരീക്ഷണസമയത്ത് പ്രധാനിയെന്നു തോന്നിയ ഒരു രൂപത്തിന്റെ മനസ്സിലേക്ക് ഉറുമ്പ് കടന്നു. ആ മനസ്സ് പകച്ചു നില്ക്കുന്നതായി തോന്നി. രാക്ഷസനുറുമ്പ് അവരോട് കടന്നു കയറിയതിൽ ക്ഷമ ചോദിച്ചു. എല്ലാവർക്കും നമസ്കാരം പറഞ്ഞു. താൻ ഭൂമിയെന്ന ഗ്രഹത്തിൽ നിന്ന്, അവരെ തേടിയെത്തിയ സഞ്ചാരിയാണെന്നും കൂടുതൽ അടുത്തറിയുക മാത്രമാണ് ലക്ഷ്യമെന്നും അറിയിച്ചു.
ഉടനെതന്നെ അവരുടെ ഭാഗത്തുനിന്ന് സ്വാഗതം ചെയ്യപ്പെട്ടു. അവരുടെ ശാസ്ത്ര സാങ്കേതിക വീകാസം, അർദ്ധഗോളാകാരികളുടെതിനേക്കാളും കുറവായിരുന്നു. എന്നാൽ ചിലകാര്യങ്ങളിൽ അവർ മനുഷ്യരേക്കാളും മുന്നിലുമിയിരുന്നു. ചില രംഗങ്ങളിൽ മനുഷ്യന്റെ പിന്നിലും.
ഇതരഗ്രഹങ്ങളിൽ ഊർജ രൂപികൾ ഉണ്ടായിരിക്കുമെന്ന് അവർ ചിന്തിച്ചിരുന്നതേയില്ല. ഏതായാലും ഭൂമിയിൽ നിന്ന് ഒരു വിചിത്ര സ്വഭാവമുള്ള
അതിഥി എത്തിയതിൽ, സന്തോഷം രേഖപ്പെടുത്തി.ഭൂമിയെപ്പറ്റി കൂതുതലറിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ആ രൂപത്തിന്റെ മനസ്സിലേക്ക് സംവേദനം ചെയ്യപ്പെടുന്ന വിവരങ്ങൾ, ആ ഗ്രഹത്തിലെ എല്ലാവരിലേക്കും പ്രസരിക്കുന്നുണ്ടായിരുന്നു. എല്ലാ മനസ്സുകളും ഒരേപോലെ പ്രവർത്തിക്കുന്ന ഗ്രഹം. ഒരേ മനസ്സുള്ള അനേകായിരങ്ങളുടെ ഗ്രഹം.
രാക്ഷസനുറുമ്പ് അവരെ കേരളത്തിന്റെ പ്രകൃതി രമണീയതയിലൂടെ കൂട്ടി സഞ്ചരിച്ചു. സമുദ്രവും തിരകളും പൂക്കളും ശലഭങ്ങളും പക്ഷികളും ഉരഗവർഗങ്ങളും മാമരങ്ങളും പുഷ്പങ്ങളും വലിയ കൗതുകം തന്നെയായിരുന്നു. അവസാനം ഇടുക്കിയിലെ ഡാമും മൂലമറ്റത്തെ പവർഹൗസും കാണിച്ചുകൊടുത്തപ്പോൾ കൂട്ടച്ചിരിയുണ്ടായി. കാരണം ഊർജനിർമാണത്തിനുവേണ്ടി എത്രമാത്രം പ്രകൃതി നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മല തുരന്ന്, നദിയുടെ ഗതി മുടക്കി, പാറക്കല്ലുകൾ കുന്നുകൂട്ടി നിർമിച്ചിരിക്കുന്ന പദ്ധതി അവർക്ക് ഇഷ്ടമായില്ല.
അവരുപറഞ്ഞത്: " പ്രകൃതി ദൃശ്യങ്ങൾ കണ്ടപ്പോൾ മനുഷ്യരെത്ര അനുഗ്രഹീതർ ആണെന്നു കരുതി. എന്നാൽ ഡാം നിർമാണം പോലേയുള്ള നശീകരണ സംരംഭങ്ങൾ മനുഷ്യന്റെ ബുദ്ധി ശൂന്യതയും ദീർഘവീക്ഷണക്കുറവും കാണിക്കുന്നു." അവരുടെ അഭിപ്രായത്തിൽ ഊർജസംഭരണത്തിന് മറ്റുപായങ്ങളുണ്ട് എന്നാണ്. അതു വിശദമാക്കിത്തരാം എന്നും അറിയിച്ചു.
അവർക്ക് ഭൂമിയിൽ നിന്ന് കമ്പ്യൂട്ടറുകളെപ്പറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെപ്പറ്റിയും കൂടുതൽ അറിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
ഉറുമ്പിന്റെ മറുപടി ഇത്തരത്തിലായിരുന്നു.
" വിവരങ്ങൾ കൈമാറുന്ന ഗൂഗിൾ എന്നൊരു നെറ്റ്‌വർക്ക്, നിങ്ങളുടെ മനസ്സുപോലെ, ഭൂമിയിലുണ്ട്. അതിലേക്കുള്ള ആക്സസ്സ് നേടിയെടുക്കാനുള്ള ഉപായം പറഞ്ഞു തരാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരു മനുഷ്യ മനസ്സുമായി നിങ്ങളെ ബന്ധിപ്പിക്കാം. ആ മനസ്സിലൂടെ നെറ്റുവർക്കിൽ നിന്ന് വിവരങ്ങൾ സംഭരിക്കാം."
അതവർക്ക് സന്തോഷം നല്കി.
രാക്ഷസനുറുമ്പ് അവന്റെ ഭൗതിക ശരീരം അവർക്കു കാണിച്ചുകൊടുത്തു. അവരതിനെ വിശ്വരൂപദർശനം പോലെ അത്ഭുതത്തോടെ നോക്കിക്കണ്ടു.
ഭൂമിക്കു വേണ്ടി എന്തു സംഭാവനയാണ് അവരുടെ ഭാഗത്തുനിന്ന് വേണ്ടത് എന്നുചോദിച്ചു. ഉറുമ്പിന്റെ മറുപടി:-
"മനുഷ്യനാണ് ഭൂമിയിലെ എല്ലാമെല്ലാം എന്നു ധരിക്കരുത്. മനുഷ്യന്റെ ആവശ്യങ്ങളല്ല, മറ്റു തിര്യക്കുകൾക്ക്. ഭൂമിയുടെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യം പരിസ്ഥിതി നാശം തടയുക എന്നതാണ്. മനുഷ്യജന്യമായ മലിനീകരണം ഇല്ലാതായാലേ ഭൂമി നിലനില്ക്കു."
അവർ പറഞ്ഞത്:- "ഊർജനിർമാണത്തിനും വിനിയോഗത്തിനും വേണ്ടിയാണ് ഏറ്റവും കൂടുതൽ മലിനീകരണം മണ്ണിൽ നടക്കുന്നത്. സൂര്യനിൽ നിന്ന് ആവശ്യത്തിലുമധികം ഊർജം പ്രസരിപ്പിക്കപ്പെടുന്നുണ്ടെങ്ങിലും അതു സംഭരിക്കാനുള്ള ശേഷി മനുഷ്യനില്ല. അതു സംഭരിച്ചു വെക്കാനുള്ള ഭണ്ഡാരങ്ങൾ അവനില്ല. അതു നേടിക്കൊടുത്താൽ ഭൂമിയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകും."
"അതെങ്ങനെ സാധിക്കും?"
"മാർഗമുണ്ട്. ഞങ്ങളതിനു സഹായിക്കാം.
ഞങ്ങളുടെ ശരീരത്തിലെ പ്രത്യേകതരം തന്മാത്രകളാണ് ഊർജം സ്വീകരിക്കുന്നതും സംഭരിക്കുന്നതും. ഭൂലോക ജീവികളിലുള്ള ATP (അഡ്നോസിൻ ട്രൈ ഫോസ്ഫേറ്റ്) പോലുള്ള മറ്റൊരു തന്മാത്ര. അതിനെ ജനറ്റിക് എൻജിനീയറിങ്ങ് ടെക്നോളജിയുടെ സഹായത്തോടെ ഭൂലോക ജീവികളിലേക്ക് കൂട്ടിച്ചേർക്കാൻ കഴിയും. അതുണ്ടാക്കുന്ന ജീനിന്റെ സാമ്പിൾ തന്നുവിടാം. താങ്കളൊരു ജനിതക ശാസ്ത്രജ്ഞന്റെ പ്രജ്ഞയിൽ കടന്ന് ഈ വിവരങ്ങൾ ധരിപ്പിച്ച്, ജീൻ കൈമാറിയാൽ, ബാക്കി കാര്യങ്ങൾ മനുഷ്യർ ചെയ്തുകൊള്ളും. അവർക്കതിനെ ക്ലോൺ ചെയ്ത് മറ്റു സസ്യജന്തുജാലങ്ങളിലേക്ക് പകരാൻ കഴിയും."
"വളരെ നന്ദി. ഞാൻ തിരിച്ചു പോവുകയാണ്. നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് എന്നെ വിളിക്കുക. എല്ലാ സഹായങ്ങൾക്കും ഞാനുണ്ടാവും."
"ഗുഡ്ബൈ."
(തുടരും)
ഓർമകളുടെ ഭാണ്ഡാരം
സർക്കാർ വക ഏൽ പി സ്കൂളിലേക്കും പള്ളിവക ഹൈസ്കൂളിലേക്കും കുട്ടികൾ താങ്ങാനാവാത്ത പുസ്തകകെട്ടുമായി കുന്നുകയറി പോകുന്നതും തിരികെ വരുന്നതും ഉറുമ്പ് ശ്രദ്ധിക്കാറുണ്ട്.
കാൽ ക്വിന്റൽ ഭാരമുള്ള ബാഗും തൂക്കി കൂനിക്കുനിഞ്ഞു കിതിച്ചു കിതച്ച് പൂവത്തേൽക്കുന്നു കയറുന്ന കൊച്ചുകുട്ടികളുടെ കാര്യം മഹാ
കഷ്ടം തന്നെ.
ചില പത്താംക്ലസ്സുകാർ നോട്ടുബുക്കും വായിച്ചുകൊണ്ട് വേച്ചുവേച്ചാണ് കയറ്റം കയറുന്നത്. ഉറുമ്പിന്റെ ചിന്തയിൽ ഈ പഠനം വലിയ കഷ്ടപ്പാടുള്ള പണിയാണ്. പണ്ട്, പുളവൻ പറഞ്ഞിട്ടുണ്ട്, ഈ മനുഷ്യപിള്ളേര് കളിക്കാതെയും രസിക്കാതെയും വളരുന്നെന്ന്. മൂന്നു വയസ്സു തികയും മുൻപേ കുട്ടിക്കുറ്റവാളിയെ ജയിലിൽ അടയ്ക്കുന്നതുപോലെ സ്കൂളിലേക്ക് വിടും. പിന്നെ പതിനഞ്ചു മുതൽ ഇരുപത് ഇരുപതഞ്ചു വർഷങ്ങൾ കഷ്ടപ്പെട്ടലാണ്. മറ്റൊരു ജീവിക്കും ഇല്ലാത്ത പരിഷ്കാരത്തിന്റെ കഷ്ടപ്പാട്. ഇത്ര കഷ്ടപ്പെട്ടിട്ടും ചിലരൊക്കെ പരീക്ഷയിൽ തോറ്റുപോകുകയും ചെയ്യും. ഉത്തരം മറന്നുപോയി എന്നാണവർ പറയുന്നത്. ഈ ഓർമ്മ നിലനിർത്താൻ ഏന്തണു വഴി? മറവി തടയാനെന്താ മാർഗം? കണ്ടുപിടിച്ചു സഹായിച്ചാൽ ഈ കുട്ടിൾക്ക് വലിയ സഹായമാകും! ഈ വിഷയത്തെപ്പറ്റി അടുത്ത ദിവസം പുളവനുമായി സംസാരിക്കുമ്പോൾ, പുളവൻ ചോദിച്ചു :
"ഭായ്, അജന്താ എല്ലോറ ഗുഹകളറിയുമോ?"
"ഇല്ല "
"എന്തുകൊണ്ട്?"
"അതു ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല."
"സമ്മതിക്കുന്നു.".
"അർദ്ധഗോളകാരികളുടെ ഗ്രഹം ഓർമയിലുണ്ടോ?".
"ഉണ്ട്."
"എന്തുകൊണ്ട്?"
"അതു ഞാൻ കണ്ടതാണ്, കേട്ടതാണ്, അനുഭവിച്ചറിഞ്ഞതാണ്."
"അപ്പോൾ, കണ്ടതും കേട്ടതും അനുഭവിച്ചതും മാത്രമേ മനസ്സിൽ ഉണ്ടാവുകയുള്ളു. അതുപോലെയാ കുഞ്ഞുങ്ങൾക്കും. നല്ല പഠനാനുഭവങ്ങൾ
ലഭിച്ചാലെ അത് അവരുടെ മനസ്സിൽ തങ്ങിനിൽക്കൂ."
"ഇതിന് നമുക്കൊന്നും ചെയ്യാനില്ലേ?"
"മനഷ്യന്റെ നിയമങ്ങളും രീതികളും മാറ്റാൻ നമ്മളാര്? ഈ കാര്യങ്ങളൊക്കെ വിദ്യാഭ്യാസ വിദഗ്ദന്മാർക്ക് അറിവുള്ളതാണ്. നല്ല പഠനാനുഭവങ്ങൾ സൃഷ്ടിച്ച്, പാഠങ്ങൾ രസകരമാക്കുക എന്നതാണ് ചെയ്യേണ്ടത്. അതോടൊപ്പം കുട്ടിക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തണം."
"ഇതൊക്കെ പലരും പറഞ്ഞതും കേട്ടതും ആയ കാര്യങ്ങൾ.മനുഷ്യരേക്കാളും ഓർമയും ബുദ്ധിയുമുള്ള ജീവികൾ പ്രപഞ്ചത്തിലുണ്ടാവുകയില്ലേ?"
"ഉണ്ടാവുമെങ്കിൽ അവരുടെ ഗ്രഹത്തിലേക്ക്. ഒരു യാത്ര പോയാലോ?"
"ആശയം കൊള്ളാം."
"ഞാനെന്റെ കാവൽ ദേവതമാരോട് ഒന്നു ചോദിക്കട്ടെ, അവർക്കറിയാതിരിക്കില്ലല്ലോ!"
"ചോദിച്ചറിയൂ. എന്നിട്ടാവാം യാത്ര."
പുളവൻ കടുത്ത വ്രതാനുഷ്ഠാനത്തോടെ ദേവതമാരെ ഭജിച്ചു. അവരുടെ അറിയിപ്പിനായി കാത്തിരുന്നു.
ഒരു നിലാവുള്ള രാത്രിയിൽ, തന്റെ മാളത്തിൽ നിന്ന് തല പുറത്തേക്കു നീട്ടി
നീലാകാശവും നക്ഷത്രങ്ങളും കണ്ടു കിടക്കുമ്പോൾ, ആകാശത്ത് ഒരു വെളിച്ചം അവനെ മാടിവിളിക്കുന്നതായി തോന്നി.
പുളവൻ പ്രാർത്ഥിച്ചു:
"എന്റെ ദേവതമാരേ, ഇതെന്തൊരു മിയാജാലം? എന്താണാ വെളിച്ചം?"
അന്തരീക്ഷത്തിൽ നിന്ന് അതിനുള്ള ഉത്തരം കിട്ടി.
"അത്, നീ അന്വേഷിക്കുന്ന ബുദ്ധിജീവീകളുടെ ഗ്രഹമാണ്. അങ്ങോട്ടു പോകൂ!"
"നന്ദി, ദേവതമാരേ, ഞാനവിടെ പോയി വരാം."
അടുത്ത പ്രഭാതത്തിൽ കുന്നുകയറീ രാക്ഷസനുറുമ്പിന്റെ അടുത്തെത്തി.
ഉറുമ്പ് ചോദിച്ചു,"എന്താ ചങ്ങാതി, അരുളപ്പാടുണ്ടായോ?"
"ഉണ്ടായി! ബുദ്ധികേന്ദ്രന്മാരുടെ ഗ്രഹത്തിലേക്ക് പോകുവാനുള്ള ആജ്ഞ കിട്ടിയിരിക്കുന്നു."
"ഭേഷ്! മറ്റൊരു പഠനയാത്ര."
"ഇന്നു രാത്രി നമുക്കു തിരിക്കാം."
"ഞാൻ റെഡി."
അന്നു വൈകുന്നേരം നക്ഷത്രങ്ങൾ ഉദിച്ചപ്പോൾ, കുന്നിലെ പാറയിൽ നിന്ന്, മാടിവിളിക്കുന്ന ഗ്രഹത്തിലേക്ക് തിരിച്ചു.
അവിടെയെത്തിയപ്പോൾ, വർണക്കാവടിപോലെ തെന്നി നടക്കുന്ന വിചിത്ര ജീവികളെ കണ്ടു. കാവടിത്തലയും നീണ്ടു മെലിഞ്ഞ ഉടലും ഉടലിന്റെ അറ്റത്ത് രണ്ടായി പിരിയുന്ന വാലും ഉണ്ടായിരുന്നു. കുട്ടികളുടെ ജീവശാസ്ത്ര പുസ്തകത്തിലെ ന്യൂറോണുകളുടെ രൂപം.
ഏറ്റവും വർണവിതാനങ്ങളുള്ള കാവടിത്തലയന്, പുളവൻ അഭിവാദ്യം അർപ്പിച്ചു.
ആ രൂപം മൊഴിഞ്ഞു:- "ഭൂമിയിൽ നിന്നു വന്ന വിരുന്നുകാർക്ക് സ്വാഗതം."
പിന്നീട് പുളവന്റെ ത്രികാല ജീവിതം വിവരിച്ചു കേൾപ്പിച്ചു. രാക്ഷസനുറുമ്പിന്റെ കഥയും അവനറിയാമായിരുന്നു. പ്രപഞ്ചത്തിലെ എല്ലാ അറിവുകളും ആ കാവടിത്തലയിൽ ഉണ്ട്.
ഉറുമ്പ് ചോദിച്ചു:- " പ്രഭോ, ഭൂമിയിലെ മനുഷ്യക്കുഞ്ഞുങ്ങൾ മറവികൊണ്ട് പരീക്ഷകൾ തോൽക്കുന്നു. നിരാശരായി ആത്മഹത്യ വരെ ചെയ്യുന്നു. അവർക്ക് ഓർമശക്തിയും ബുദ്ധിശക്തിയും കിട്ടാനുള്ള മാർഗം തേടിയെത്തിയതാണ് ഞങ്ങൾ."
കാവടിത്തലയൻ പറഞ്ഞു: "താങ്കളുടെ നല്ല ഉദ്ദേശത്തെ മാനിക്കുന്നു. എന്നാൽ ഭൂമിയിലെ മനുഷ്യക്കുഞ്ഞുങ്ങൾക്ക് ബുദ്ധിയും ഓർമയും കുറഞ്ഞതല്ല, ശരിയായ സമയത്ത് ശരിയായ വിധത്തിൽ അവയെ പുറത്തെടുക്കാൻ സാധിക്കാത്തതാണ്. കാരണം അവരുടെ ആലസ്യവും മലിനീകരണവുമാണ്.
മസ്തിഷ്ക്കത്തെ പ്രചോദിപ്പിക്കുന്ന യോഗമുറകൾ അനുഷ്ഠിക്കാറില്ല, തലച്ചോറിനെ മന്ദീഭവിപ്പിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം മൂലം ശുദ്ധ വായുവിന്റെ കുറവ്, സോഷ്യൽ മീഡിയയിൽ നിന്നും ടെലിവിഷനിൽ നിന്നും തലച്ചോറിൽ നിറയുന്ന മാലിന്യങ്ങൾ എന്നിവയാണ് ഓർമയെ നശിപ്പിക്കുന്നത്. അതായത് മസ്തിഷ്ക ശുചിത്വം ഇല്ലാതായിരിക്കുന്നു.
മസ്തിഷ്കത്തെ ശുദ്ധമാക്കി, ആരോഗ്യമുള്ള അന്തരീക്ഷം സൃഷ്ടിച്ചാൽ, മനുഷ്യക്കുഞ്ഞുങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും."
"ഞങ്ങൾക്കെങ്ങനെ അവരെ സഹായിക്കാൻ പറ്റും?"
"നിങ്ങൾക്ക് കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. മനുഷ്യരു തീരുമാനിച്ചാലെ മനുഷ്യരു നന്നാവുകയുള്ളു.
ചെയ്യാൻ കഴിയുന്ന കാര്യം, ഈ വിശദാംശങ്ങൾ കാഴ്ചയായും ശബ്ദമായും നല്ല അനുഭവമാക്കി നല്ലൊരധ്യാപകന് പകർന്നു നല്കുക എന്നതാണ്. ആ അധ്യാപകനിലൂടെ അവ നാടുനീളെ പരക്കണം."
"അതെങ്ങനെ?"
"പുളവന് മറ്റുള്ളവരുടെ ഉള്ളിൽ കടന്നുചെന്ന് സ്വപ്നങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് ദേവതകൾ നല്കിയിട്ടില്ലേ? ആ കഴിവുപയോഗിച്ച്
അയൽവാസിയായ അധ്യാപകനിൽ സ്വപ്നാനുഭവം ഉണ്ടാക്കണം"
"ശരി, അങ്ങനെ ചെയ്യാം."
"ഞങ്ങളുടെ ഗ്രഹത്തിലേക്ക് വന്നതിനു നന്ദി. വീണ്ടും വീണ്ടും വരണം. ഇനി എന്നെ ശ്രദ്ധിച്ചോ? എന്റെ ആകൃതി, നിറങ്ങൾ, എന്തെങ്കിലും സൂചിപ്പിക്കുന്നുണ്ടോ?"
"നാഡീകോശത്തിന്റെ രൂപമായി തോന്നി."
നന്നായി, കുണ്ഡലീയശക്തിയുടെ വികാസ പരിണാമങ്ങളെ കാണിക്കുന്ന ഷഡാധാര
ചക്രങ്ങളെ പ്രതിബിംബിപ്പിക്കുന്നതാണീ രൂപം. ഈ ശരീരത്തിലെ ആറ് സന്ധികൾ, ഷഡ്ച്ചക്രങ്ങളാണ്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങൾ.
അവയ്ക്ക് ആറുനിറങ്ങളും കാണാം. തലയിലെ പൂവുകൾ വിടർന്നു നില്ക്കുന്ന സഹസ്രാരപത്മങ്ങളാണ്.
ധ്യാന,യോഗ മുറകളിലൂടെ നിങ്ങളിലും മനുഷ്യനിലുമുള്ള കുണ്ഡലിനിയെ ഉണർത്തി ഉയർത്തുക. ബുദ്ധിയും ഓർമയും ഒരിക്കലും മങ്ങുകയില്ല."
"ഈ അറിവുകൾക്ക് എങ്ങനെ നന്ദി പറയും?"
"നന്ദി വാക്കുകളിലൂടെ വേണ്ട, പ്രവൃത്തിയിലൂടെ കാട്ടുക. നിങ്ങളെ ഏല്പിച്ചിരീക്കുന്ന ദൗത്യം പൂർത്തിയാക്കുക. പോയി വീണ്ടും വരുക."
"പ്രണാമം!"
(തുടരും)
തൊടുപുഴയാറ് ഗതിമാറുന്നു.
കാവടിത്തലയരുടെ ഗ്രഹത്തിൽ നിന്ന് തിരിച്ചു വന്ന്, ദൗത്യങ്ങൾ പൂർത്തിയാക്കി വിശ്രമിക്കുന്ന കാലം. ഒരു രാത്രിയിൽ വളരെ വലിയ മഴ പെയ്തു. മലയോരങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. തോടുകളും നദികളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടു.
പുളവനും രാക്ഷസനുറുമ്പും പ്രളയജലത്തിലൂടെ, സ്ഥലങ്ങൾ കണ്ട്, ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് നീന്തി നടക്കുകയാണ്. അപ്പോഴാണ് ടെലിവിഷനിൽ നിന്നും ആ വാർത്ത കേട്ടത്.
"ഇടുക്കിയിലെ കുടയത്തൂർ മലകളിൽ വലിയ ഉരുൾപൊട്ടൽ. കല്ലും മണ്ണും മരങ്ങളും വീണ് തൊടുപുഴയാറിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കുടയത്തൂരിനും മൂലമറ്റത്തിനുമിടയിൽ ജലവിതാനംഉയരുന്നു! തീരവിസികൾക്ക് ജാഗ്രത മുന്നറിയിപ്പ്. ദുരന്തനിവാരണ സേന, വായുസേന, കരസേന എന്നിവർ സംഭവസ്ഥലത്തേയ്ക്ക് കുതിക്കുന്നു."
ഉറുമ്പ് പറഞ്ഞു: "നമുക്ക് അങ്ങോട്ടു തിരിക്കാം. പലതും ചെയ്യാൻ കഴിഞ്ഞേക്കും. അവർ നിമിഷാർധം കൊണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്കു മുകളിലെത്തി. കാര്യങ്ങൾ നോക്കിക്കണ്ടു.
ശരംകുത്തിയുടെ സമീപമുള്ള മലയിലാണ് ഉരുൾ പൊട്ടിയത്. ഒഴുകി വന്ന മണ്ണും കല്ലും വൃക്ഷാവശിഷ്ടങ്ങളും കാരണം മലങ്കര ഡാമിനു സമാന്തരമായി മറ്റൊരു ഡാം മഴ നിർമിച്ചിരിക്കുന്നു. തീരവാസികൾ മാറി താമസിച്ചു തുടങ്ങി.
തൊടുപുഴ കുളമാവ് റൂട്ടിലെ ഗതാഗതം മുടങ്ങിക്കിടക്കുന്നു.
പുളവൻ ചോദിച്ചു:- "എന്തു ചെയ്യും ഭായ്?"
" ചെയ്യണം എന്റെ ശരീരംകൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം. അടിയന്തിരമായി നദി ഒഴുകാനുള്ള മാർഗം തുറന്നു കൊടുക്കണം. പ്രളയം തടയണം."
പുളവൻ തുടർന്നു: പണ്ട് ശ്രീ കെ. എം. മിണി MLAയും മന്ത്രിയുമായിരുന്നപ്പോൾ,
കുടയത്തൂരിനു മുകളിൽ നിന്ന് ഒരു
തുരങ്കം നിർമിച്ച് നദിയിലെ വെള്ളം മീനച്ചിലാറ്റിലേക്കൊഴുക്കണം എന്ന് പദ്ധതിയിട്ടിരുന്നു."
ഉറുമ്പ് ആലോചിച്ചു പറഞ്ഞു: "നല്ല ആശയം. അതേ വിധത്തിൽ കുറച്ചു വെള്ളം നീലൂർ മറ്റത്തിപ്പാറ മല തുരന്ന് അഴികണ്ണിത്തോട്ടിലൂടെ ഒഴുക്കി , പുറപ്പുഴ മാറിക വഴി, വാഴക്കുളത്തിനടുത്ത് നദിയിലേക്ക് ചേരുന്ന വിധത്തിൽ ക്രമീകരിച്ചാൽ ഭാവിയിലത് നാടിന് ഗുണം ചെയ്യും."
" ഇതൊക്കെ എങ്ങനെ സഹിക്കും?"
" വഴിയുണ്ട്. താങ്കൾക്ക് മണ്ണു തുരക്കുന്ന ജന്തുക്കളേയും മണ്ണു മാറ്റുന്ന ജന്തുക്കളേയും സംഘടിപ്പിക്കാമോ? എന്റെ താടിയെല്ലുകളുടെ ബലം ഏതു പാറയേയും തുരന്നു മാറ്റാൻ കഴിയുന്നതാണ്. എന്റെ കൈകൾ ഏതു പാറയേയും പിഴുതു മാറ്റാൻ കരുത്തുള്ളതുമാണ്. ഈ ശക്തിയേ ഏവരുടെയും നന്മയ്ക്കു വേണ്ടി വിനിയോഗിക്കും. ഈ കൈകൾക്ക് ആയിരം മൺമാന്തികളുടെ പണിചെയ്യാൻ കഴിയും."
ഇരുപത്തിനിലു മണിക്കൂറിനുള്ളിൽ, രണ്ടു തുരങ്കങ്ങളും നിർമിക്കപ്പെട്ടു. കെട്ടിക്കിടന്ന ജലം ഒഴുകി മാറാൻ തുടങ്ങി. പുളവന്റെ നേതൃത്വത്തിൽ
ലക്ഷക്കണക്കിന് തുരപ്പന്മാരും കീരികളും
പന്നിയെലികളും മൃഗങ്ങളും മണ്ണുമാറ്റാൻ പണിയെടുത്തു. ബുദ്ധിജീവികളുടെ ഗ്രഹത്തിൽ നിന്ന് ഉറുമ്പിന് എൻജിനീയറിങ്ങ് നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു.
തുരങ്കത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ രാക്ഷസനുറുമ്പിന്റെ ചിത്രമെടുക്കാൻ ചാനൽ ഫോട്ടോഗ്രാഫർമാരും ജനങ്ങളും
തിങ്ങിനിന്നിരുന്നു. പുളവൻ ജില്ലാ കളക്ടറുടെ മനസ്സിലേക്ക് അവരേപ്പറ്റിയുള്ള വിവരങ്ങൾ പകർന്നു കൊടുത്തു. കളക്ടർ പത്രസമ്മേളനം വിളിച്ച്, സംഭവങ്ങൾ വിവരിച്ചു കൊടുത്തു.
ഒരു പുരോഗമന പ്രസിദ്ധീകരണത്തിന്റെ പ്രതിനിധി ചോദിച്ചു:-
" ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഈ അസംബന്ധങ്ങളൊക്കെ ജനം വിശ്വസിക്കുമോ? "
കളക്ടർ പറഞ്ഞു:- "വിശ്വസിക്കണ്ട. വസ്തുതകൾ താങ്കൾ കണ്ടറിഞ്ഞതാണ്,
അതു സത്യസന്ധമായി റിപ്പോർട്ട് ചെയ്താൽ മതി. ഈ മിണ്ടാപ്രാണികളെ അന്തിച്ചർച്ചയ്ക്കു വിളിച്ചിരുത്തി ചോദ്യം ചോദിച്ചു റേറ്റിങ്ങ് കൂട്ടാൻ പറ്റില്ലല്ലോ!
മനുഷ്യന്റെ കണ്ടുപിടിത്തങ്ങളും പുരോഗമനത്തിന്റെ വായ്ത്താരികളും വിറങ്ങലിച്ചു നിന്നപ്പോൾ, രണ്ടു വിചിത്ര ജീവികൾ വലിയ കാര്യം ചെയ്തു. അവർക്ക് അന്യഗ്രഹ ജീവികളുടെ സഹായം കിട്ടിയിരുന്നു. അഹങ്കരിച്ചു മദിക്കുന്ന മനുഷ്യനു കിട്ടാത്ത സഹായങ്ങൾ തിര്യക്കുകൾക്ക് നല്കാൻ പ്രപഞ്ചത്തിൽ ശക്തികളുണ്ട്, ആ ശക്തികളുടെ മുമ്പിൽ മനുഷ്യൻ വെറും നിസ്സാരം എന്നും ലോകം തിരിച്ചറിയട്ടെ!
മാത്രമല്ല കേരള ഗവൺമെന്റ് കോടിക്കണക്കിന് രൂപയുടെ ചെലവ് വകയിരുത്തി പ്രഖ്യാപിച്ച രണ്ടു സ്വപ്ന പദ്ധതികളാണ്, ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നയാപൈസയുടെ ചെലവില്ലാതെ പൂർത്തിയായിരിക്കുന്നത്.
ഇതെല്ലാം അന്ധവിശ്വാസവും അനാചാരങ്ങളുമാണെന്ന് എഴുതി പിടിപ്പിക്കാനും വീവാദങ്ങളുയർത്താനുമുള്ള കുടിലതന്ത്രം പ്രയോഗിക്കാതിരിക്കുക."
അപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം സർക്കാർ അധികിരികളെയും ജനപ്രതിനിധികളെയും അഭിസംബോധന ചെയ്തു കൊണ്ട് ചോദിച്ചു:-
അവിടെ നടന്നതെല്ലാം ഞങ്ങളുടെ സാറ്റലൈറ്റ് ക്യാമറകൾ ഒപ്പിയെടുത്തിട്ടുണ്ട്. ഞൊടിയിടയിൽ തുരംഗം നിർമിച്ച അത്ഭുത ജീവീയെ ഞങ്ങൾക്കു കൈമാറുമോ? പഠനങ്ങൾക്കു വേണ്ടിയാണ്."
കളക്ടർ മറുപടി പറഞ്ഞു; ഈ ശക്തി രാക്ഷസൻ ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ല. അവന്റെ സമ്മതം കൂടാതെ ആർക്കും അവനെ തൊടാൻപോലും കഴിയില്ല. നിങ്ങൾക്ക് അവനുമായി ആശയങ്ങൾ പങ്കു വെക്കാനുള്ള പാത തുറന്നുതരാൻ ശ്രമിക്കാം."
മറുപടിക്കു മുൻപേ സ്ക്രീൻ ബ്ലാങ്കായി.
(തുടരും)
പെന്റഗൺ പകയ്ക്കുന്നു
കളക്ടറുടെ പത്രസമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ പുളവനും രാക്ഷസനുറുമ്പും അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. അവർ പൂവത്തേൽ കുന്നിലെ പാറപ്പുറത്തെത്തി, എന്തോ വലിയ കാര്യം ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയായിരുന്നു. അപ്പോൾ അവരുടെ ശരീരം തുടിക്കാൻ തുടങ്ങി. അത് ഏതോ ഗോളാന്തര സന്ദേശത്തിന്റെ മുന്നറിയിപ്പാണ്. മനസ്സിനെ ഏകാഗ്രമാക്കി. വന്നെത്തിയ സന്ദേശം ബുദ്ധി ജീവികളുടെ ഗ്രഹത്തിൽ നിന്നായിരുന്നു.
അമേരിക്കയുടെ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും കൊച്ചി ലക്ഷ്യമാക്കി തിരിച്ചിരിക്കുന്നു. രാക്ഷസനുറുമ്പാണ് അവരുടെ ലക്ഷ്യം. അവരുടെ ശാസ്ത്ര നേട്ടങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞ ശക്തി സ്രോതസ്സിനെ കൈവശപ്പെടുത്തണം. അവൻ സ്വതന്ത്രനായി നിലനില്ക്കുന്നത് അവരുടെ മേൽക്കോയ്മക്ക് വെല്ലുവിളിയാണ്. കീഴടക്കാതിരിക്കാൻ എന്തു സഹിയത്തിനും അന്യഗ്രഹ ജീവികൾ തയ്യാർ, എന്നായിരുന്നു, ആ സന്ദേശം.
പുളവൻ പറഞ്ഞു:- "ഒന്നും ഭയപ്പെടാനില്ല. ചുരുങ്ങിയത് പത്തു മണിക്കൂറെങ്കിലും കഴിയാതെ അവരുടെ ഒരു വാഹനവും ഇവിടെ എത്തില്ല. അതിനു മുമ്പ് നമ്മൾ ഇന്ത്യ-ചൈന അതിർത്തിയിൽ ചെയ്തതുപോലെ ഒരു മാഗ്നറ്റിക് ഷീൽഡ് ഇവിടെ ഒരുക്കണം. ഞാൻ അർദ്ധഗോളാകാരികളെ വിളിച്ചു കഴിഞ്ഞു. അവരിപ്പോൾ പറന്നെത്തും.
പെന്റഗണിലെ പട്ടാള മേധാവികളുടെ മനസ്സിലെ ചിന്തകളും പ്ലാനുകളും ബുദ്ധി ജീവികൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നു. പഠിച്ച്, ഉചിതമായ നിർദ്ദേശങ്ങൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. വൃത്തികേടുകൾക്കും അഹങ്കാരത്തിനുമുളള മറുപടി നമ്മൾ നല്കിയിരിക്കും."
രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അർദ്ധഗോളാകാരികൾ പൂവത്തേൽ കുന്നിലിറങ്ങി. കുമ്മാച്ചിറ പാലം മുതൽ ലക്ഷംവീടു കോളനിവരെ വ്യാസത്തീൽ രണ്ടു കിലോമീറ്റർ ഉയരത്തിൽ, ഒരു കാന്തക്കുമിള അവർ സൃഷ്ടിച്ചു. അതു. അർദ്ധഗോളാകാരമായിരുന്നു. അതിന്റെ ഉള്ളിലേക്ക് മനുഷ്യ നിർമിതമിയ വലിയ വാഹനങ്ങളോ, ആയുധങ്ങളോ കടക്കില്ല. ഏതു ലോഹത്തേയും ആകർഷിച്ച് ഒട്ടിച്ചു നിർത്താൻ ശക്തിയുള്ള കാന്തക്കൂടാരത്തിലാണവർ.
അമേരിക്കൻപ്ലാൻ ബുദ്ധിജീവികൾ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു റോബോട്ടിക് വല വീശി രാക്ഷസനുറുമ്പിനെ അകത്താക്കി, പൊക്കിയെടുത്ത് പെന്റഗൺ ജയിലറകളിൽ പൂട്ടീയിടാനാണു പ്ലാൻ.
വായുസേനയെ സഹായിക്കാനാണ് നേവി എത്തുനാനത്. അവർ കൊച്ചിക്കു വെളിയിൽ പുറം കടലിൽ നിലയുറപ്പിച്ചിരിക്കും. രഹസ്യമായിട്ടാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തിരിക്കുന്നത്.
പുളവൻ ഈ വിവരങ്ങളൊക്കെ കളക്ടറുടെ മനസ്സിലേക്ക് കൈമാറി. വളരെ ശാന്തമായി ഇരിക്കാനും ഈ വാർത്തകളൊക്കെ രഹസ്യമായി വെക്കാനും ആവശ്യപ്പെട്ടു. പുറംലോകം ഒന്നും അറിയാതിരിക്കട്ടെ. ഇന്ത്യൻ മണ്ണിൽ
അമേരിക്ക പരാജയപ്പെട്ടു എന്ന് പുറംലോകമറിഞ്ഞാൽ ,അത് ഇൻഡോഅമേരിക്കൻ ബന്ധത്തെ ബാധിക്കും. ഇനി സംഭവിക്കുന്നത്, മനക്കണ്ണിലൂടെ കാണാനുള്ള കഴിവും കളക്ടർക്കു കൊടുത്തു. ഒരു കിലോമീറ്റർ അകലത്തുള്ള പോലീസുകാർ പോലും ഒന്നുമറിയേണ്ട. അമേരിക്കയുടെ വരവും പോക്കും നിശ്ളബ്ദമായും എല്ലാ കണ്ണുകളെയും വെട്ടിച്ചുമിയിരിക്കും.
ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ശബ്ദമില്ലാത്ത, ആർക്കും കാണാൻ കഴിയാത്ത, അമേരിക്കൻ വിമാനങ്ങൾ പൂവത്തൽ കുന്നു വട്ടമിട്ടു പറന്നു. ഉറുമ്പ് കൈവീശി അവരേ സ്വാഗതം ചെയ്തു. ഒരു യന്ത്രവല അദൃശ്യമായി ഇറങ്ങി വന്നു.
രണ്ടു കിലോമീറ്റർ ഉയരത്തിൽ നില്ക്കുന്ന കാന്തമണ്ഡലത്തിൽ തട്ടി അനങ്ങാതെ നിന്നു. ഒരു വിമാനം താഴ്ന്നു പറന്ന് തങ്ങി നില്ക്കുന്ന വലയുടെ കീഴെ വെടിയുതിർത്തു. വെടിയുണ്ടകൾ ഇരുമ്പു പൊടിപോലെ കാന്തമേൽക്കൂരയിൽ തങ്ങി നിന്നു. അടുത്തത് ശക്തമായ ലേസർ പ്രയോഗമായിരുന്നു. ലേസർ തരംഗങ്ങളും വളഞ്ഞുപുളഞ്ഞ് വഴിതെറ്റിയലഞ്ഞു!
അടുത്ത നടപടി മിസ്സൈൽ അക്രമണമായിരുന്നു. ചീറീപ്പാഞ്ഞ മിസ്സൈലുകൾ കത്തിക്കരിഞ്ഞ തീപ്പെട്ടി ക്കൊള്ളികൾ പോലെ കുമിളയിൽ പറ്റി നിന്നു. എല്ലാം കണ്ട് രസിച്ച് പുളവനും ഉറുമ്പും താഴെയിരുന്നു.
തിരിച്ചു പോകാനുള്ള നിർദ്ദേശം ആ വിമാനങ്ങൾക്കു ലഭിച്ചു. അതുമനസ്സിലാക്കിയ ബുദ്ധിരാക്ഷസൻമാർ വിമാനങ്ങളുടെ കംപ്യൂട്ടർ സംവിധിനത്തിൽ മറ്റൊരു കമാൻഡ് നല്കി അവയെ ശൂന്യാകാശത്തേക്ക് പറപ്പിച്ചു.
സംഭവിക്കുന്നതെന്തെന്നറിയാതെ അമേരിക്കൻ സൈനിക കേന്ദ്രം അമ്പരന്നു നിന്നു. അവരുടെ കംപ്യൂട്ടർ സ്ക്രീനിൽ രാക്ഷസനുറുമ്പിന്റെ ചിത്രം തെളിഞ്ഞു. അവരെ കൈകൾ കൂപ്പി അഭിവാദ്യം ചെയ്തു. സ്ക്രീനിൽ ഇങ്ങനെയൊരു വാചകം തെളിഞ്ഞു,
'കുസൃതി കുറേ കൂടുതലാവുന്നു.'
സ്ക്രീൻ , ബ്ലാങ്ക് ആയി.(അവസാനിച്ചു)