mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രാവിലെ പക്ഷികളും ശലഭങ്ങളും വലിയ ആഘോഷത്തിമിർപ്പോടെ ശബ്ദിക്കുന്നതു കേട്ടാണ്, പുളവൻ ഉറക്കമുണർന്നത്. മുങ്ങിക്കുളിച്ച്, കാവിലമ്മയെ വലം വെച്ച് ശബ്ദങ്ങളുടെ പ്രഭവ സ്ഥാനത്തേക്ക് പുളവൻ തിരിഞ്ഞു. അത് പൂവത്തേൽ കുന്നിൽ രാക്ഷസനുറുമ്പിന്റെ വാസസ്ഥലത്തിന് അടുത്തു നിന്നാണെന്ന് അവൻ തിരിച്ചറിഞ്ഞു.

എന്തായിരിക്കും ഈ ബഹളത്തിനു കാരണം? അറിയുക തന്നെ. പുളവൻ കുന്നുകയറി മേരിചേച്ചിയുടെ വീടിന്റെ പുറകിലെത്തി. അവിടെ രാക്ഷസനുറുമ്പ് നൃത്തം ചെയ്യുകയാണ്.സ്ഥലകാല ബോധം മറന്ന്, ഏതോ മാസ്മര ലഹരിയിൽ മുഴുകി , സ്പരശനികൾ നീട്ടിയുയർത്തി നൃത്തം വെക്കുന്നു. അതുകണ്ടിട്ടാണ് ജീവികൾ ബഹളം വെക്കുന്നത്.

പുളവൻ നീട്ടി വിളിച്ചു: "എറുമ്പു ഭായ്...

ഭായ്..., പുളവനാ വിളിക്കുന്നത്."

യാതൊരുവിധ പ്രതികരണവുമില്ല.

പുളവൻ നിശ്ചലനായി. ധ്യാനത്തിൽ മുഴുകി. തന്റെ മനസ്സിനെ എറുമ്പു മനസ്സിലേക്കു പായിച്ചു.

എറുമ്പു മനസ്സ്, മറ്റൊരു ലോകത്താണ്. ഏതോ മാസ്മര സംഗീത വീചികളിലലിഞ്ഞ്

ഏതോ വിസ്മയക്കാഴ്ചകൾ കണ്ട് ആനന്ദ നൃത്തം തുടരുകയാണ്. 

ആ സംഗീതത്തിന്റെ അവ്യക്തമായ ധ്വനി പുളവനു കേൾക്കാം. കാഴ്ചകൾ തലച്ചോറിലേക്ക് എത്തുന്നില്ല. തന്റെ ധ്യാനത്തെ കൂടുതൽ ഏകാഗ്രമാക്കി. മൂടൽ മഞ്ഞിലെ കാഴ്ചകൾ പോലെ വേറൊരു ലോകം പുളവൻ കണ്ടു. ഇത് ഭൂമിയല്ല.

സൗരയൂഥത്തിനും അപ്പുറം മറ്റൊരു ഗ്രഹമാണ്. അവിടെയുള്ള വിചിത്ര

ജീവികൾ പുറപ്പെടുവിക്കുന്ന ശബ്ദവും കാഴ്ചകളുമാണ്, രാക്ഷസനുറുമ്പിന്റെ സ്പർശിനിയിലൂടെ അവന്റെ നാഡീകേന്ദ്രത്തിലേക്ക് അരിച്ചിറങ്ങുന്നത്.അതു പൂർണമായും തിരിച്ചറിയാനുള്ള ശേഷി പുളവനില്ല.

ഇനി രാക്ഷസനുറുമ്പിന്റെ വിവരണം കേട്ടാലേ, അതെന്താണെന്ന്, തിരിച്ചറിയാൻ കഴിയൂ.

എറുമ്പിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്ന പുളവന്റെ ശരീരവും വളഞ്ഞു പുളഞ്ഞ് നൃത്തമുദ്രകൾ പ്രകടിപ്പിക്കാൻ തുടങ്ങി. അതായത്, സന്തോഷത്തിന്റെ പ്രസരണം എറുമ്പിൽ നിന്ന്, സഹജീവികളിലേക്കും കടന്നെത്തുന്നു. ആ പരിസരം ഒന്നാകെ

ആനന്ദാനുഭൂതിയിൽ സ്പന്ദിക്കുന്നതായി തോന്നി.

നീണ്ട സമയത്തെ ആനന്ദ നൃത്തത്തിനു ശേഷം രാക്ഷസനുറുമ്പ് തളർന്നു വീണതുപോലെ നിശ്ചലനായി. അവൻ കൂർക്കം വലിച്ച് ഉറങ്ങാൻ തുടങ്ങി.

എല്ലാവരും വിസ്മയത്തോടെ നോക്കിനില്ക്കുമ്പോൾ അവൻ ഞെട്ടിയുണർന്നു. കണ്ണടച്ചു തുറന്ന്, പുളവനെ നോക്കി ചോദിച്ചു:

"ഭായ്, എന്താ ഇത്ര നേരത്തെ? വിശേഷം വല്ലതുമുണ്ടോ?"

പുളവൻ: " വിശേഷമെന്തെന്ന്, ഞാനാണ് ചോദിക്കേണ്ടത്. ഇവിടെ നിന്നൊരു ബഹളം കേട്ട്, കയറി വന്നതാണ് ഞാൻ."

"ബഹളമോ, ആരുടെ?"

"ഈ പാറക്കെട്ടിന്റെ പരിസരത്തുള്ള സർവ ചരാചരങ്ങളും ഏതോ അദൃശ്യ സ്പന്ദനത്തിന്റെ താളക്രമത്തിൽ ലയിച്ച് ആനന്ദനൃത്തം ചവിട്ടുകയായിരുന്നു."

"അപ്പോൾ, ഞാൻ കണ്ട സ്വപ്നം അവരും കണ്ടോ?"

"സ്വപ്നം കണ്ടില്ല. അങ്ങയുടെ ശരീരത്തിൽ നിന്നും പ്രസരിച്ചിരുന്ന തേജോസ്ഫുലിംഗങ്ങൾ, ഞങ്ങളിലും ആനന്ദാനുഭൂതി ഉണർത്തുകയായിരുന്നു."

"അങ്ങനെയോ..."

"താങ്കളെന്താണ് കണ്ടതും കേട്ടതും?"

ര്ക്ഷസനുറുമ്പ്, അപാരതയിലേക്കു നോക്കി ഒരു നിമിഷം നിന്നു. എന്തോ ഓർമിച്ചടുക്കുന്നതു പോലെ. പിന്നെ പറയാൻ തുടങ്ങി.

"ഈ പ്രപഞ്ചത്തിൽ, നമ്മൾ ഭൂലോകവാസികൾ മാത്രമല്ല നിലനില്ക്കുന്നത്. പ്രപഞ്ചം നമ്മളുടേത് മാത്രവുമല്ല. പ്രപഞ്ചത്തിൽ ദശലക്ഷക്കോടിക്കണക്കിന് ഊർജരൂപങ്ങൾ വേറെയുമുണ്ട്.നമ്മുടെ ഭൂമിയിൽ നിന്നും ആയിരക്കണക്കിന് പ്രകാശവർഷങ്ങൾക്കകലെ, മറ്റൊരു ഗ്രഹത്തിലെ ഊർജരൂപങ്ങൾ പുറപ്പെടുവിച്ച തരംഗങ്ങളെ പിൻതുടർന്ന് എന്റെ ബോധം അവരിലേക്കെത്തുകയായിരുന്നു. എന്റെ ശരീരമവിടെയും ബോധം അവിടെയുമായിരുന്നു. അവർ സന്തോഷിക്കുന്നവരാണ്. സംഗീത സാന്ദ്രമാണ് അവിടുത്തെ അന്തരീക്ഷം.

നൃത്തച്ചുവടുകളിലൂടെയാണ് അവരുടെ ചലനം. ഞാനും അവരിലൊരാളായി.

ഭൂമിയിയിലെ എന്റെ ശരീരത്തിലേക്ക് പ്രസരണം ചെയ്യപ്പെട്ട ഊർജതരംഗങ്ങളാണ്, അതിനെ ചലിപ്പിച്ചത്."

"വിശ്വസിക്കാൻ പ്രയാസമായ വാക്കുകൾ!"

"എന്റെ ശരീരത്തെപ്പറ്റി ഞാൻ ചിന്തിച്ചതേയില്ല. ശരീരമില്ലാത്ത ബോധമായിരുന്നു ഞാൻ. ഇത്തരം ബോധരൂപങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്."

 

"അതിശയം തന്നെ! അങ്ങയ്ക്കൊപ്പം ആ വിചിത്ര ലോകത്തു പോകാൻ എനിക്കു കഴിഞ്ഞില്ലല്ലോ."

"അതിനെന്താ, ഇനിയും പോകാമല്ലോ.

അവരുടെ ഊർജപ്രസരണത്തിന്റെ ആവൃത്തിയും ( ഫ്രിക്വൻസി) തരംഗദൈർഘ്യവും ( വേവ് ലെംഗ്ത്) എന്റെ തലച്ചോറിൽ എൻകോഡു ചെയ്യപ്പട്ടു കഴിഞ്ഞു. ഇനി എന്റെ ഇച്ഛയനുസരിച്ച് അവിടേയ്ക്കു പ്രവേശിക്കാം!

എന്റെ മനസ്സിലേക്ക് അങ്ങയുടെ മനസ്സിനെ സന്നിവേശിപ്പിക്കണം. ഞാനതിനെ വഹിച്ചുകൊണ്ട് ഞാനവിടേക്കു പായും."

"നമ്മുടെ ശരീരങ്ങളോ?"

അവ ഈ ഭൂമിയിൽ കിടക്കും. ശരീരം ബോധത്തിന്റെ താത്ക്കാലിക കൂടുമാത്രം.

നമ്മൾ പോകുന്നത് ബോധരൂപങ്ങളായാണ്."

"ഞാൻ തയ്യാറാണു ഭായ്!"

"ഭൂമിയുടെ അന്തരീക്ഷം ശാന്തമായ ഒരു രാത്രിയിൽ നമുക്കു പോകാം. അവിടെ നിന്നും ലഭിക്കുന്ന അറിവുകൾ, മാതൃകകൾ എല്ലാം ഭൂമിയുടെ നന്മയ്ക്കുവേണ്ടി വിനിയോഗിക്കാം."

(യാത്രാ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ