സിക്കിം മുതൽ അരുണാചൽ വരെ
മൂടൽ മഞ്ഞു മാറി സൂര്യകിരണങ്ങൾ അരിച്ചിറങ്ങിയപ്പോൾ, ഇളവെയിലാസ്വദിച്ച് പാറപ്പുറത്തിരുന്ന രാക്ഷസനുറുമ്പിന്റെ ചെവിയിലേക്ക് ദൂരദർശൻ വാർത്തയുടെ ശബ്ദതരംഗങ്ങൾ അലയടിച്ചെത്തി.
ചൈന, ഇന്ത്യൻ അതിർത്തി ലംഘിച്ച് കയ്യേറാൻ ശ്രമിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. കയ്യേറ്റശ്രമം പരാജയപ്പെടുത്തി. അതിർത്തിയിൽ സംഘർഷ സാധ്യത.
ഭൂമിയിലെ യുദ്ധങ്ങളുടെ അർഥശൂന്യത അന്യഗ്രഹ ജീവികളിൽ നിന്ന് ഉറുമ്പ് മനസ്സിലാക്കിയിട്ടുണ്ട്.തമ്മിലടിച്ച് മരിക്കാനുള്ള വിഡ്ഢിത്തത്തിന്റെ മൂർത്തതയാണു യുദ്ധം.
പണ്ടൊരിക്കൽ പുളവനും പറഞ്ഞിട്ടുണ്ട്, പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യസൃഷ്ടിയായ പ്രധാന ഘടകം യുദ്ധമാണെന്ന്. യുദ്ധം സംഭവിക്കരുത്. അതു തടയണം. യുദ്ധം തടയണമെങ്കിൽ മനുഷ്യന്റെ അഹങ്കാരം ഇല്ലാതാക്കണം. സ്വന്തം ആയുധങ്ങളുടെ നശീകരണശക്തിയിലാണ് അധികാരികൾ
അഹങ്കരിക്കുന്നത്. ആ ആയുധങ്ങൾ പ്രവർത്തിക്കില്ല എന്നു മനസ്സിലായാൽ അഹങ്കാരസൃഷ്ടിയായ യുദ്ധം സംഭവിക്കുകയില്ല. പുളവനെ വിളിക്കണം.
ഉടനെ ഇന്ത്യ ചൈന അതിർത്തിയിലേക്ക് കുതിക്കുക. അതിർത്തിയിൽ ആയുധങ്ങളെ പ്രതിരോധിക്കാനുള്ള രക്ഷാകവചമൊരുക്കുക.
തിര്യക്കുകൾക്ക് ദേശങ്ങളും അതിർത്തികളുമില്ല. മനുഷ്യനാണ് രാജ്യവും അതിർത്തിയും. മനുഷ്യനെഴുതിയ കഥകളിൽ മാത്രം പക്ഷിമൃഗാദികൾക്ക് അതിർത്തികളുണ്ട്. ഒരു യുദ്ധം കൊണ്ട്; എത്ര വർഷങ്ങൾ സുഖമായി കഴിയാനുള്ള സമ്പത്താണ് കത്തിച്ചെരിക്കുന്നത്? അതുമൂലം എത്ര വലിയ ആഘാതമാണ് പ്രകൃതിക്കുണ്ടാവുന്നത്?
ആവശ്യമെങ്കിൽ അർധഗോളാകാരികളുടെ സഹായം തേടാം. ഇന്ത്യയോ, ചൈനയോ ഈ യുദ്ധത്തിൽ വിജയിക്കാൻ പോകുന്നില്ല. അവരുടെ തീ തുപ്പുന്ന ആയുധങ്ങൾ അവരിലേക്കുതന്നെ മടങ്ങിയെത്തും അല്ലെങ്കിൽ തകർന്നു വീഴും! അഹങ്കാരത്തിന്റെ മുനയൊടിച്ചിട്ടേ അതിർത്തിയിൽ നിന്ന് തിരിച്ചു പോരൂ. ഹിമസാനുക്കളേ, ഞങ്ങളിതാ എത്തിക്കഴിഞ്ഞു.
ഒട്ടും താമസിക്കാതെ പുളവന് ടെലിപ്പതിക് കമ്മ്യൂണിക്കേഷനിലൂടെ എറുമ്പിന്റ വിളിയെത്തി. തയ്യാറായി എത്താൻ നിർദേശം നല്കി. പ്രകാശ വേഗത്തിൽ വടക്കിനെ നോക്കി പായാൻ; ഹിമശൈലങ്ങളുടെ കൊടുമുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ!
ചൈനയുടെ കടന്നുകയറ്റം കൂടുതലുള്ള വടക്കുകിഴക്കൻ മേഖലയിലേക്ക് അവർ തിരിച്ചു. കാഞ്ചൻജംഗയും തവാംങ്ങും
ജ്യോമൽഹാരിയും കാംങ്ടോവും തലയുയർത്തി നിൽക്കുന്ന പർവത ഭൂമിയിൽ, ബ്രഹ്മപുത്ര മലമുറിച്ചൊഴുകുന്ന പുണ്യ ഭൂവീൽ, സംഘർഷത്തിന്റെ തീജ്വാലകൾ അണച്ചു കളയാൻ ഒരു തീർഥാടന കർമം.
നിമിഷ നേരത്തെ യാത്രകൊണ്ട് അവർ ഹിമാചൽപ്രദേശിന്റെ വടക്കൻ അതിർത്തിയിൽ എത്തി. അവിടെ നടക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും യുദ്ധസന്നാഹങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി. രണ്ടു സൈഡിലും ആയുധങ്ങളും സൈനികരും എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. നിരങ്ങിയെത്തുന്ന മിലിട്ടറി ട്രക്കുകൾ, സ്വന്തം അതിർത്തിയിൽ വട്ടമിടുന്ന ഹെലികോപ്റ്ററുകൾ. സ്വന്തം മലമടക്കുകളിൽ എതിർരാജ്യത്തെ ലക്ഷ്യമാക്കി വിന്ന്യസിച്ചു വെച്ചിരിക്കുന്ന യന്ത്രത്തോക്കുകളും റോക്കറ്റുകളും!
പരസ്പരം കൊല്ലാനുള്ള തയ്യാറെടുപ്പുകൾ! ജീവിക്കാൻ പരിശീലനമില്ലെങ്കിലും കൊല്ലാൻ പരിശീലനം കൊടുക്കുന്ന സൈനികാഭ്യാസങ്ങൾ! എത്ര വികലമാണ് മനുഷ്യ മനസ്സ്?
ഈ ആയുധങ്ങൾ തീ തുപ്പരുത്. അതിർത്തി ലംഘിക്കരുത്. അതിനുള്ള മാർഗം അതിശക്തമായ കാന്തിക മണ്ഡലം അതിർത്തിയിൽ വൻഭിത്തിപോലെ നിർമിക്കുകയാണ്. ചീറി വരുന്ന ആയുധങ്ങൾ, ഈ ഭിത്തിയിൽ തട്ടി നിശ്ചലമാകണം.
പ്രപഞ്ചത്തിൽ കാന്തശക്തി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അർധഗോളാകാരികളാണ്. രാക്ഷസനുറുമ്പ് അർധഗോളാകാരികളെ സ്മരിച്ചു. അവരോട് ഹിമാലയത്തിലെത്തി ഒരു യുദ്ധസന്നാഹം തകർക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു.
"ഞങ്ങളെത്തിക്കഴിഞ്ഞു" എന്ന സന്ദേശം ഉറുമ്പീനു കിട്ടി. അധികം വൈകുന്നതിനു മുമ്പുതന്നെ ആകാശത്തിലൂടെ ഒരു പ്രകാശവലയം അവരുടെ അടുത്തേക്ക് ഒഴുകിയെത്തി.ആ വലയത്തിനുള്ളിൽ അനേകം അർധഗഗോളാകാരികൾ ഒട്ടിച്ചേർന്നിരിക്കുകയായിരുന്നു. ഹിമവാനെ വലംവെച്ച് അവർ മഞ്ഞിലിറങ്ങി. ഉറുമ്പിന്റെ ആവശ്യമനുസരിച്ച് ഉടൻ തന്നെ കാന്തിക ഭിത്തിയുടെ പണിയാരംഭിച്ചു.കിഴക്കു പടിഞ്ഞാറായി, അരുണാചൽ മുതൽ സിക്കിം വരെ നീളുന്ന ഒരു കാന്തിക മണ്ഡലം അവർ പ്ലാൻ ചെയ്തിരുന്നു. അതിനു സ്വീകരിച്ച മാർഗം ഈ അതിർത്തി പ്രദേശങ്ങളിലൂടെ പ്രകാശവേഗത്തിൽ പല തവണ സഞ്ചരിക്കുകയും അവരുടെ ശരീരത്തിന്റെ കാന്തിക ബലം 'സിംഗൾടച്ച് രീതി' പോലെ ഭൂമിയെ കാന്തീകരിക്കുകയുമായിരുന്നു. മണ്ണിലെ തന്മാത്രകളെ ഒരേ ക്രമത്തിൽ സജ്ജീകരിച്ച് കാന്തമാക്കുന്ന രീതി. പ്രവർത്തനം കഴിഞ്ഞ ഉടനെ തന്നെ ചൈനയുടെ ഒരു യുദ്ധ വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി പറന്നുയർന്നു. അതു പറന്നുവന്ന് കാന്തിക ഭിത്തിയിലിടിച്ച് ചൈനയുടെ മണ്ണിൽ തന്നെ തകർന്നു വീണു. ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടതാവുമെന്ന് സംശയിച്ച ചീനപ്പട,മിസ്സൈലുകൾ വർഷിച്ചു തുടങ്ങി.
അവയെല്ലാം തട്ടിത്തെറിക്കുന്ന റബർപ്പന്തുകൾ പൊലെ അവരുടെ സൈഡിലേക്ക് തിരിഞ്ഞു പതിച്ചു.
ഈ ദൃശ്യങ്ങൾ റഡാർ സൗകര്യത്തിലൂടെ കണ്ടുകൊണ്ടിരുന്ന ഇന്ത്യൻ സൈനിക കേന്ദ്രത്തിലെ ഓഫീസർമാർ കൈകൾ കൂപ്പി 'ഹർ ഹർ മഹാദേവ്' എന്നു മന്തിച്ചുകൊണ്ടിരുന്നു.
ചൈനയുടെ സൈനിക കേന്ദ്രത്തിലെ അധികാരികൾ ഞെട്ടി. ഇതേതോ,അലൗകിക ശക്തികളുടെ പ്രവർത്തനമാണ്, എന്നു വിലയീരുത്തിയ
അധികാരികളുടെ നിഗമനം ടിബറ്റൻ ലാമമാരോ, ഹിന്ദു സന്യാസിമാരോ ആത്മീയ ശക്തിയുണർത്തി മാന്ത്രിക മറ സൃഷ്ടിച്ചു എന്നാണ്.
സ്വന്തം സൈനികരോട് നിശ്ചലമാകാൻ അവർ സന്ദേശമയച്ചു. കൂടുതൽ പഠനങ്ങൾക്കും, വിശദീകരണത്തിനും വേണ്ടി വിദഗ്ധ ശാസ്ത്രജ്ഞന്മാരുടെ ഒരു സംഘത്തെ നിയോഗിച്ചു. അവരുടെ പ്രജ്ഞയുടെ പരിധിക്കപ്പുറമാണ് സംഭവ പരമ്പരകൾ എന്ന് അവർക്കറിയാൻ കഴിയില്ലല്ലോ!
(തുടരും)