mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 8 

അൽപ്പ നേരമേ  നടന്നുള്ളൂ  അപ്പോഴേക്കും  അതാ  കാട്ടാന  മുന്നിൽ ! 

"കദംബ, ഓൻ  വെടി  വെക്കാൻ  ബന്നതല്ല ! പൊയ്‌ക്കോ !"-ചോപ്പൻ  

ഉറക്കെപ്പറഞ്ഞു. 

ആന  ശാന്തമായി  തിരികേ  നടന്നു. എന്താ  ഒരു  പാടു  നടന്നിട്ടും  കാടിന്റെ  അതിർത്തിയിൽ  എത്താത്തത് ? 

"വയ്യ ! ഇനിയും  നടക്കാൻ  വയ്യ !"- മേഘനാഥൻ  തളർന്നിരുന്നു. 

ചോപ്പൻ  അവൻ്റെ  മുന്നിൽ  കുനിഞ്ഞിരുന്നു . 

"പൊറത്തു  കേറിക്കോളി !" 

തലക്കു  ഇരുവശത്തും  കാലിട്ടു  മേഘനാഥൻ  അയാളുടെ  തോളിൽക്കയറി. 

അവൻ്റെ  ഇരുകാലുകളും  കൈകൾ  കൊണ്ട്  പിടിച്ചു കൊണ്ട് ചോപ്പൻ  നടത്തം  തുടർന്നു . 

കാടിന്റെ  അതിർത്തിയിലെത്തിയപ്പോഴേക്കും  സമയം  ഉച്ചയായിക്കഴിഞ്ഞിരുന്നു. വിശപ്പ്  ശരീരത്തെ  കാർന്നു  തിന്നാൻ തുടങ്ങി. 

"ഇനി  പൊയ്ക്കോ ! ഞാള്  അങ്ങോട്ട്  ബരുന്നില്ല !"-ചോപ്പൻ  മേഘനാഥനെ  താഴെയിറക്കി . 

നടക്കാനൊന്നും  വയ്യ ! കനത്ത  വെയിൽ ! അവനെ  ഇറക്കിയ  സ്ഥലത്തു  തന്നെ  അവൻ  ഇരുന്നു . 

"മോന്  ബെസക്കിണ്ടാവും ! അല്ലേ ?"- ചോപ്പൻ  അങ്ങനെ  ചോദിച്ചു  കൊണ്ട്  ചുറ്റും  നോക്കി . 

"അയ്യോ ! കയ്യിക്കിന്നതൊന്നും ഈടെ  ഇല്യാലോ ! ഞാള്ക്കു  പോയേ  പറ്റൂ ! മൂപ്പൻ  പണി  ഏൽപ്പിച്ചിട്ടുണ്ട് !" 

ചോപ്പൻ  നടന്നു  നീങ്ങി. മേഘനാഥൻ  അടുത്ത്  കണ്ട  കുറേ  ഇലകൾ  ആർത്തിയോടെ  തിന്നു. വയറിനു  അല്പം  ആശ്വാസം  തോന്നിയപ്പോൾ  നടത്തം  തുടർന്നു. 

അങ്ങനെ  വീണ്ടും  അവൻ  വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി. 

ഒഴുകിക്കൊണ്ടിരിക്കുന്ന  ജലം  ജീവിതമല്ലേ? 

എത്ര  ഉയരത്തിലുള്ള  വെള്ളത്തിനും  താഴേക്ക്  പതിച്ചേ  പറ്റൂ! 

മനുഷ്യന്റെ  പദവികളും  അങ്ങനെത്തന്നെയല്ലേ ? 

തിരിച്ചുവരവിന്  ശേഷം  പത്തുവർഷത്തോളം  സന്തോഷത്തിന്റെ പാരമ്യതയിലായിരുന്നില്ലേ ? ഇപ്പോൾ  വീണ്ടും  വീഴ്ചകളുടെ  സമയം ! 

അപ്പോൾ  സെക്യൂരിറ്റി  അവൻ്റെ  അടുത്തേക്ക്  ഓടിവന്നു . 

"സാറിന്റെ  കാർ  നേരെയാക്കിയിട്ടുണ്ട് ! എൻ്റെ  അനിയനൊപ്പിച്ച  പണിയായിരുന്നു . ലഹരിയുടെ  പുറത്തായത്  കൊണ്ട്  ഞാനൊന്നുമറിഞ്ഞില്ല. എന്നെക്കുറിച്ചു  ആരോടും  പരാതി  കൊടുക്കരുതേ !എൻ്റെ  ഈ  മാസത്തെ  ശമ്പളം  മുഴുവൻ  തീർന്നുവെങ്കിലും  എനിക്കിപ്പോൾ  മനസ്സമാധാനമാണ് ! എൻ്റെ  തെറ്റ്  ഞാൻ  തന്നെ  തിരുത്തിയല്ലോ !" 

"സാരമില്ല ! എങ്ങനെയായാലും  നേരെയാക്കിയല്ലോ ?"- അവൻ  കുറച്ചു  തുക  സെക്യൂരിറ്റിക്ക്  കൊടുത്തു, 

"ഇതിൽ  കൂടുതൽ  ചിലവായിട്ടുണ്ടെങ്കിൽ  എൻ്റെ  വീട്ടിൽ  വരിക. ഇതാണെന്റെ  അഡ്രസ്സ്‌ !"- അവൻ  തൻ്റെ  അഡ്രസ്സ്  പ്രിന്റ്  ചെയ്ത  കാർഡ്  സെക്യൂരിറ്റിക്ക്  നൽകി . 

മേഘനാഥൻ  കാറിന്റെ  അടുത്തേക്ക്  നടന്നു . 

അപ്പോഴാണ്  ശ്രുതിമധുരമായ  ഒരു  ഗാനം  അവൻ്റെ  കാതുകളെ  കീഴടക്കിയത്. 

അവൻ  അതിൻ്റെ  ഉത്ഭവം  തേടി  നടന്നു .വെള്ളച്ചാട്ടത്തിൽ  നിന്ന്  അല്പം അകലെയുള്ള  ഒരു  അരുവിയുടെ  അടുത്തുള്ള  പാറയിന്മേൽ  ഇരുന്നു  ഒരാൾ  പാടുന്നു !താടിയും  മുടിയും  നീട്ടിവളർത്തിയിട്ടുണ്ട് . ജുബ്ബയും  പൈജാമയുമാണ്  വേഷം . അവൻ  പാട്ടു  തീരാനായി  കാത്തു  നിന്നു . 

"താങ്കൾ  ആരാ ?" 

"ഞാൻ  ദേവദത്തൻ . ഒരു  ഭാഗവതരായിരുന്നു . ആ ! എന്ത്  ചെയ്യാം ! ആ  പ്രതാപകാലമൊക്കെ  കഴിഞ്ഞു  പോയി ! ഇപ്പോൾ  വീണേടം  വിഷ്ണുലോകമായി  ജീവിക്കുന്നു . ഇടയ്ക്കു  ഇവിടെ  വന്നു  എന്തെങ്കിലും  മൂളും. ഭ്രാന്താണെന്നാണ്  ചിലർ  പറയാറുള്ളത് ! എനിക്ക്  പരിസരബോധമില്ലത്രേ !" 

"എൻ്റെ  കൂടെ  വന്നു   എന്നെ  പാട്ടു  പഠിപ്പിക്കാമോ?" 

"സഹതാപമാണെങ്കിൽ  വേണ്ട !" 

"സഹതാപമല്ല, പാട്ടു  പഠിക്കാനുള്ള  മോഹം  കൊണ്ട്  തന്നെയാണ് !" 

"ശരി ! ഞാൻ  വരാം! പക്ഷേ  ഞാൻ  ഒരു  ഭാരമാണെന്നു  നിങ്ങൾക്കോ  എനിക്കോ  തോന്നിയാൽ  ഞാൻ  ആ  നിമിഷം  ഇറങ്ങിപ്പോകും!" 

"സമ്മതം ! വരൂ!" അയാളുടെ  കൈ  പിടിച്ചു  മേഘനാഥൻ  കാറിന്റെ  അടുത്തേക്ക്  നടന്നു . 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ