Rajesh Attiri

അന്ന്  മേഘനാഥന്റെ  ആദ്യത്തെ  കച്ചേരിയാണ്. വെളുത്ത  ജുബ്ബയും  മുണ്ടും  ധരിച്ചു  പക്കമേളക്കാരുടെ  നടുവിൽ സൂര്യതേജസ്സോടെ  അതാ  അവനിരിക്കുന്നു! അവനു  മുന്നിൽ  അനന്തസാഗരമായ  സദസ്സ്. അവൻ  സദസ്സിനെ  വന്ദിച്ചു. ഒരു നിമിഷം  കണ്ണുകളടച്ചു  കൈകൂപ്പി  വിശ്വചൈതന്യത്തെ  സ്മരിച്ചു. 

ആദ്യ കീർത്തനം  തേന്മഴയായി  ശ്രവണപുടങ്ങളിൽ  ഇറ്റിവീണു. അടുത്ത  കീർത്തനം  തുടങ്ങുന്നതിനു  മുമ്പ്  വെറുതേ  അവൻ  സദസ്സിലേക്ക്  നോക്കി. അതാ  വാതിലിൽ  ചാരി  ഊന്നുവടിയുമായി  നിൽക്കുന്നു  ഒരു  വൃദ്ധൻ! നീണ്ട  താടിയും  മുടിയും  ജുബ്ബയും  പൈജാമയും  ധരിച്ച തോളിൽ തുണിസ്സഞ്ചിയുമായി നിൽക്കുന്ന  ആ  രൂപം  കണ്ട്  അവനൊന്നു  ഞെട്ടി. ശരീരത്തിലാകെ  ഒരു  വിറയൽ! ഒരു വിധം  മനസ്സിനെ  നിയന്ത്രിച്ചു  അവൻ  പാടാനൊരുങ്ങി. ദൈവമേ ! സ്വരം പുറത്തേക്കു  വരുന്നില്ലല്ലോ! കണ്ണിൽ  ഇരുട്ട്  പടരുന്നു! അശ്രുവിന്റെ  ഗംഗാനദി അവൻ്റെ  കവിളുകളാകുന്ന  താഴ്വരകളിലൂടെ  ഒഴുകാൻ  തുടങ്ങിയോ? അവസാനം  കൈകൾ  കൂപ്പി  ഇടറുന്ന  സ്വരത്തിൽ  അവൻ  പറഞ്ഞൊപ്പിച്ചു. "എനിക്ക് .... എനിക്ക് ... പാടാനാകില്ല .... മാപ്പ് ... മാപ്പ് ...." അവൻ  മുഖം  താഴ്ത്തി തേങ്ങിക്കരഞ്ഞു. 

"ഇത്രയ്ക്കു  ആത്മവിശ്വാസമില്ലാത്ത  ആളുടെ  കച്ചേരിക്ക്  വന്നു  സമയം മെനക്കെടുത്തിയ  നിന്നെയൊക്കെ  തല്ലിക്കൊല്ലുകയാണ്  വേണ്ടത്!" ആക്രോശിച്ചുകൊണ്ടു  കാണികളിലൊരാൾ  മേഘനാഥന്റെ  നേരെ  കുതിച്ചു.  

"നിൽക്കൂ ! അയാളും  ഒരു  മനുഷ്യനാണ് ! മനസ്സിനെ  തളർത്തുന്ന  എന്തെങ്കിലും കാരണമുണ്ടായിക്കാണും! ദയവായി   അയാളെ  ഒന്നും ചെയ്യരുത് !" വൃദ്ധന്റെ  സ്വരം  ആ  കുതിപ്പിനെത്തടഞ്ഞു. കാണികൾ  ശാന്തമായി വിടവാങ്ങി. പക്കമേളക്കാർ  തങ്ങളുടെ  വാദ്യോപകരണങ്ങളുമായി   സ്റ്റേജിന്റെ ഇരുവശങ്ങളിലേക്കുമായി  പിൻവാങ്ങി.  

മേഘനാഥൻ  പതുക്കെ  കലങ്ങിയ  കണ്ണുകൾ  ഉയർത്തി  വൃദ്ധനെ  നോക്കി. പതുക്കെ  എഴുന്നേറ്റു  അയാളുടെ  അടുത്തേക്ക്  വന്നു . 

"ഗുരോ ... മാപ്പ് ....."; കൈകൾ  കൂപ്പി  അവൻ  വൃദ്ധന്റെ  കാൽക്കൽ  വീണു. 

"എഴുന്നേൽക്കൂ .  ആദ്യമായി  തട്ടകത്തിൽ  കയറുമ്പോൾ  ഗുരുവിന്റെ  അനുഗ്രഹം  നിനക്ക്  വേണ്ട  അല്ലേ ?" 

"ഞാൻ  കരുതി ....." 

"ഞാൻ  മരിച്ചുപോയെന്ന് ... അല്ലേ ?" 

"അല്ല ! അങ്ങയെ  അഭിമുഖീകരിക്കാൻ  ധൈര്യമില്ലാത്തതു  കൊണ്ട്! ശാപവാക്കുകളെ  ഭയക്കുന്നത്  കൊണ്ട്!" 

"ശപിക്കാൻ  ഒരു  യഥാർത്ഥ  ഗുരുവിനു  കഴിയില്ല  കുട്ടീ ! അഥവാ  ശപിച്ചാൽ അതിൻ്റെ  ഫലം  സഹിക്കാൻ  ഒരു  ശിഷ്യനുമാകില്ല! വാ  എൻ്റെ  കൂടെ  എൻ്റെ  

വീട്ടിലേക്ക് ! ചില  സത്യങ്ങൾ  നീ  അറിയാനുണ്ട്! " 

അവർ  പുറത്തേക്കു  കടന്നു. 

ഗുരുവിനെ  മുൻസീറ്റിൽ  ഇരുത്തി  മേഘനാഥൻ  കാറിന്റെ  ഡ്രൈവറുടെ  സീറ്റിൽ വന്നിരുന്നു. 

കാർ  മുന്നോട്ടു  പോകുന്നുണ്ടെങ്കിലും  അവരുടെ  മനസ്സ്  പിറകോട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ