ഭാഗം 7
തലേന്ന് മനു അഴിച്ചിട്ട ടീ ഷര്‍ട്ടെടുത്ത് കിടക്കയിലിട്ടവള്‍ വെറുതെ കിടന്നു. ആ വിയര്‍പ്പിന്റെ ഗന്ധമില്ലാതെ ജീവിക്കാനാവില്ലെന്നു വരെ തോന്നി. താന്‍ തന്റെ ഭര്‍ത്താവിനെ അത്രമാത്രം സ്നേഹിക്കുന്നു. മുറിയുടെ വാതില്‍ പതുക്കെ തട്ടി ഏട്ത്തി കയറിവന്നു.
''മാളൂ താഴോട്ടു വാ.അടുത്ത വീട്ടിലെ പെണ്ണുങ്ങളൊക്കെ നിന്നെ കാണാന്‍ വന്നേക്കുണു.''
ഏട്ത്തിയോടൊപ്പം നടക്കുമ്പോള്‍ അവള്‍ അവരെ നോക്കി. തുളസി ഇത്തിരി തടിച്ചേക്കുണു. ഗര്‍ഭിണിയാണ്. ഒന്നുകൂടി ചന്തം വന്നിട്ടുണ്ട്. ആദ്യത്തെ മരുമോന്‍ തന്നെയാവട്ടെ അവള്‍ പ്രാര്‍ത്ഥിച്ചു.
വെളുത്തേടത്തെ കുഞ്ചീമയാണ്. അമ്പലത്തിലെ കര്‍മ്മത്തിന് കോടിയും വെളുത്തേടന്‍ അലക്കീതും വേണം.
"എന്തൊക്കെ കുഞ്ചീമേ", മാളു കുശലം ചോദിച്ചു.
"ഏട്ത്തീമെപ്പോലെ വിശേഷം വേണ്ടെ മാളൂട്ടീഎനിക്കൊരു അലക്ക് തരില്ലെ", കുഞ്ചീമടെ കുശലം കേട്ട്
അവള്‍ വിവര്‍ണ്ണയായി.
"ചായ കുടിച്ചോ കുഞ്ചീ", അമ്മ വിഷയം മാറ്റി.
രാത്രി ജനാല തുറന്നിട്ടു.മാളു. വയല്‍ക്കരയിലെ അമ്പലം ഇരുട്ടില്‍ രക്ഷസ്സിനെ പോലെ തോന്നി വള്‍ക്ക്. സര്‍പ്പംപാട്ട് മുടങ്ങിയ കൊല്ലം. താനന്ന് പ്രീഡിഗ്രി റിസല്‍റ്റ് കാത്തിരിപ്പാണ്. മധുരപതിനേഴ് കാലം കാണുന്ന കാഴ്ചകള്‍ക്ക് ഇത്രം ചന്ത മുള്ള മറ്റൊരു കാലമില്ല. നിലാവിന്കുളിരും .കാറ്റിന് സുഗന്ധവും പൂവിന് ചന്തവും. പ്രകൃതിയിലെ ഓരോന്നിനോടും പ്രണയം തോന്നും കാലം. മഴയോടും പുഴയോടും മഞ്ഞിനോടുംമലരിനോടും. പൂമ്പാറ്റയോടും. എല്ലാറ്റിനോടും കൗതുകം. പ്രഭാതങ്ങളില്‍ പട്ടുപ്പാവാട ചുറ്റി ദേവിയെ തൊഴാനെത്തുമ്പോള്‍ തിരുമേനികുട്ടി കണ്ണോണ്ട് കോരികുടിക്കും തന്റെ മേനിയഴക്. കണ്ടില്ലെന്നു നടിക്കും. അല്ലെങ്കില്‍ താനും അത് ആഗ്രഹിച്ചിരിക്കാം. ഏത് പെണ്ണും ആഗ്രഹിക്കും തന്നെ ആരാധനയോടെ നോക്കുന്ന പുരുഷന്റെ മിഴികളെ.
തറവാട്ടില്‍ സര്‍പ്പം പാട്ട്. തുടങ്ങി ആഞ്ഞിലിചോട്ടിലെ നാഗത്തറക്കു മുന്നില്‍ മണിപ്പന്തല്‍ കെട്ടി. മണിപ്പന്തല്‍
കുരുത്തോലകൊണ്ട് അലങ്കരിക്കുന്നു അലരിപൂവും തെച്ചിയും തുളസിയും കോര്‍ത്തു കെട്ടിയമാലയും അലങ്കരിക്കാന്‍ എടുക്കും പന്തലിന്റെ നാലുമൂലക്കും ചങ്ങലവിളക്ക് തൂക്കും കളത്തിന്റെ നാലു മൂലക്കും
ഏഴുതിരിയിട്ട വിളക്കു കത്തിച്ചു വെയ്ക്കും.
പുള്ളുവന്‍ കളമെഴുത്തു തുടങ്ങായി. ആദ്യം കൃഷ്ണപ്പൊടിയിലാണ് രൂപം തുടങ്ങേണ്ടത്..(കരിപ്പൊടിയാണ് കൃഷ്ണ പ്പൊടി. ഉമിക്കരിപൊടിച്ചുണ്ടാക്കുന്നത്) പിന്നീട് മഞ്ഞള്‍പ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത ചുവന്ന പൊടി വെളുത്ത അരിപ്പൊടി..മഞ്ചാടിയില ഉണക്കിപ്പൊടിച്ച പച്ചപ്പൊടി ഇതാണ് പഞ്ചവര്‍ണ്ണപ്പൊടി. ഇതു കൊണ്ടാണ് കളമെഴുത്ത്..
അഷ്ട നാഗക്കളമെഴുതി കഴിഞ്ഞാല്‍ നെയ് വിളക്കിനു മുന്നില്‍ അപ്പം അട അവില്‍ മലര്‍ ശര്‍ക്കര ചെറുപഴം ഇളനീര്‍ എന്നീ പൂജാദ്രവ്യങ്ങള്‍ വെക്കുന്നു. കത്തിച്ചു വെച്ച ധൂപ ദീപങ്ങള്‍ക്കു മുന്നിലിരുന്ന് പുള്ളോന്‍ നന്തുണിയും പുള്ളോത്തി കുടവും കൊട്ടി പാട്ടുതുടങ്ങ്വായി.
കദ്രുവാണ് നാഗ മാതാവ്. അനന്ദന്‍, വാസുകീ, തക്ഷകന്‍, തുടങ്ങി പതിനായിരം സര്‍പ്പങ്ങളേയൂം വാഴ്ത്തി പാടാന്‍ തുടങ്ങും. ഈ പാട്ടിന്റെ മൂര്‍ദ്ധന്യത്തില്‍ കന്യകമാരില്‍ സര്‍പ്പങ്ങള്‍ ആവേശിക്കും.
"ഞാന്‍ കരിനാഗം, ഞാന്‍ മണിനാഗം"
"ഞാന്‍ അഞ്ജന മണിനാഗം"
ഇങ്ങനെ അവ്യക്തമായി പറഞ്ഞോണ്ട് മുടിയഴിച്ചാടി ഏതോ ഉന്മാദാവസ്ഥയില്‍ ഇരിക്കുന്ന അവരുടെ കയ്യില്‍ പുള്ളോന്‍ കമുങ്ങിന്‍ പൂക്കുല കൊടുക്കും. കന്യകമാര്‍ പൂക്കുലകൊണ്ട് കളം മായ്ക്കും.
പുള്ളുവര്‍ പരമശിവന്‍ ശിവകുലം ഗോത്രത്തെ ദര്‍ഭപുല്ലിനാല്‍ സൃഷ്ടിച്ച ദ്രാവിഡരാണത്രെ. പുല്ലുകൊണ്ടു ഉണ്ടായവര്‍ പുല്ലുവര്‍ ആയത്രെ. പറഞ്ഞു പറഞ്ഞു പുള്ളുവരായെന്നും. ഇവര്‍ പരമശിവ ഭക്തരായ നാഗങ്ങളെ പാടി സംപ്രീതരാക്കണമെന്നും. ഇവരുടെ പാട്ടില്‍ സര്‍പ്പദോഷം വിട്ടകലുമെന്നും കൈലാസ നാഥന്‍ കൊടുത്ത വരമാണ് ഈ ഗോത്രത്തിനെന്നും പറയുന്നു.
നാഗങ്ങളെ പാടി പ്രീതിപ്പെടുത്താന്‍ ബ്രഹ്മകൂടം വിഷ്ണു കൈത്താളംനാഗ വീണ എന്നീ മൂന്നു വാദ്യോപ
കരണങ്ങള്‍ ഭഗവാനിവര്‍ക്കു കൊടുത്തു എന്നും പറയുന്നു. ഏത് കണ്ണേറും നാവേറും ഇവര്‍ പാടി ആട്ടിയകറ്റും എന്നൊക്കെയാണ് കഥകള്‍.
മുത്തശ്ശിയിലൂടെ മാളു അറിഞ്ഞ കഥകളാണ്. അതോണ്ടന്നെ നാഗക്കളം തൊഴാനവള്‍ ദിവസവും പോയി. കസിന്‍സിനോടൊപ്പം. അന്ന് അമ്മായിമാരുടെ മക്കളും ചുറ്റുവട്ടത്തെ മറ്റു വീടുകളിലെ തന്റെ പ്രായമുള്ള കുട്ടികളും എല്ലാവരും കൂടി
യാണ് തുള്ളല്‍ കാണാന്‍ പോയത്. ഒരു പടതന്നെയുണ്ട്. താനന്ന് മഞ്ഞയില്‍ സ്വര്‍ണ്ണകസവുള്ള പട്ടുപാവാടയും ജാക്കറ്റും അണിഞ്ഞു നീളമുള്ള മുടി പിന്നി മുല്ലമാല ചൂടി. കഴുത്തില്‍ പച്ചകല്ലുള്ള പാലക്കാമാല കാതിലൊരു കുടക്കടുക്കന്‍ ഞാന്നു കിടക്കുന്നതും അണിഞ്ഞു. പുള്ളുവന്‍ തന്ന പ്രസാദം മഞ്ഞപ്പൊടി നെറ്റീലും തൊട്ട്. സുന്ദരിയായി നിന്നു.
എല്ലാവരും തന്റെ പ്രായമുള്ളവരും ഒന്നോ രണ്ടോ വയസ്സ് മൂപ്പിളമ ഉള്ളവരോ ആയിരുന്നു. തെക്കേപ്പാട്ടെ കുട്ടികളെല്ലാവരും കൂടി നിന്നാ കണ്ണു പെടും മറ്റുള്ളോരുടെ അത്ര സാമ്യമാണ് തമ്മില്‍ തമ്മില്‍.
നല്ല തിരക്കായിരുന്നു പന്തലിനു ചുറ്റും ആ ആള്‍ക്കൂട്ടത്തിലും ഒരാള്‍ തന്നെ ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു. തനിക്കതില്‍ ഒന്നും തോന്നീല. തിരുമേനികുട്ടീടെ നോട്ടം എന്നും തന്റെ മേലില്‍ തന്നെ.
തുടരും...