തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
പൊതുമരാമത്തു വകുപ്പിൽ അസ്ഥിരമായ ഒരു ജോലിയുണ്ട്. തുച്ഛമായ വരുമാനവും. അതുകൊണ്ടു വെല്ലപ്പോഴുമൊക്കെയേ ആപ്പീസിൽപ്പോക്കുള്ളൂ.
ഗാന്ധിഗ്രാം ബസ്റ്റോപ്പിലിറങ്ങി രാംനഗറിലേക്കു നടക്കുമ്പോൾ നീലഗിരിക്കാറ്റിന് പഴയപോലെ കുളിരില്ലെന്നു തോന്നി. സിറ്റിടവർ ഹോട്ടലും കടന്നു സെൻഗുപ്ത സ്ട്രീറ്റിലേക്കാണ് ആദ്യം കാലുകൾ നടക്കുക. കാലുകളെ കുറ്റം പറയാനൊക്കില്ല. വർഷങ്ങളായി അതാണ് ശീലം.
സെൻഗുപ്ത തെരുവിലെ ഇരുപത്തിയേഴാം നമ്പർ കെട്ടിടത്തിന്റെ മുന്നിലെ അശോകമരച്ചുവട്ടിലെത്തുമ്പോൾ കാൽപ്പാദങ്ങൾ തനിയെ നിൽക്കും. ഇടത്തോട്ട് തിരിഞ്ഞാൽ ആദ്യം കാണുന്ന ഇരുമ്പുഗേറ്റ് തുറന്നു പടിക്കെട്ടുകൾ കയറിച്ചെന്നാൽ പരിചയമുള്ള മുഖങ്ങൾ അനവധിയുണ്ട്. കുറേനാൾ കുത്തിയിരുന്ന് പണിയെടുത്ത ഓഫീസ്സാണ്.
അക്കാലത്തിനിടക്ക് എത്രയോ വീടുകളുടെയും, തുണിമില്ലുകളുടെയും, പഞ്ചസാര ഫാക്ടറികളുടെയും ഫ്ളാറ്റുകളുടെയും പ്ലാൻ വരച്ചു തള്ളിയതാണ്. ഊട്ടി മുതൽ ചെന്നൈ വരെയുള്ള കെട്ടിടങ്ങൾ അതിൽപ്പെടും. ബണ്ണാരിയമ്മനും, ശക്തിയും, ശോഭാസിറ്റിയും, എസ്ബിടിയും എന്തിനു തൃശൂർ എലൈറ്റ് വരെ കൈവെച്ചവയിലുണ്ട്. അതൊക്കെയൊരു സമയം.
ഒരിക്കൽ പടിയിറങ്ങിയതാണ്. ഇനി കൂടെക്കൂടെ അങ്ങോട്ട് കയറിച്ചെല്ലുന്നതിൽ എന്തോ ഒരഭംഗി. ആയിടെ കൂട്ടത്തോടെയാണ് സ്റ്റാഫുകളുടെ കൊഴിഞ്ഞുപോക്ക്. അക്കൊല്ലമാദ്യം പോയത് വിശാലാക്ഷിയാണ്. ഞാനന്നേരം കരഞ്ഞു. വല്ലപ്പോഴും ഉച്ചക്കൊരുനേരം കഴിച്ചുകൊണ്ടിരുന്നത് വിശാലാക്ഷിയുടെ മനസ്സലിയുമ്പോഴാണ്.
ഗുണശേഖർ പിരിഞ്ഞുപോയപ്പോൾ കരഞ്ഞത് മണിമേഘലയാണ്. അവൾക്കവനോട് അന്നേരമൊരു പ്രേമമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. ഓരോരുത്തർക്കും കരയുവാൻ വ്യത്യസ്തമായ കാരണങ്ങളായിരിക്കും. അങ്ങനെ ഓരോരുത്തരും ജോലിയിൽനിന്നും പിരിഞ്ഞുപോയപ്പോൾ ആരെങ്കിലുമൊക്കെ കരയുമായിരുന്നു.
ഞാനിറങ്ങിയപ്പോൾ കരഞ്ഞത് പൂർണിമയാണ്. അവളൊരു രാത്രിയും ഒരു പകലും കരഞ്ഞെന്നാണ് അറിഞ്ഞത്. ഞാനവളെ മനഃപൂർവം കരയിപ്പിച്ചതാണ്. അല്ലെങ്കിൽ പിന്നീടവൾക്കു ജീവിതം മുഴുവൻ കരയേണ്ടിവന്നേനെ.
സെൻഗുപ്‌ത സ്ട്രീറ്റിൽനിന്നും വലത്തോട്ടുതിരിഞ്ഞു നേരെ നടന്നാൽ പാർസൺ ഗണപതിലെത്താം. അവിടെയും വേണ്ടപ്പെട്ടവരുണ്ട്. പക്ഷെ അങ്ങോട്ടുമധികം പോകാറില്ല. അശോകമരവും കടന്നു ഇടത്തോട്ടുത്തന്നെ നടന്നാൽ ഇക്കാന്റെ ടീക്കട. അവിടെനിന്നും കാലിച്ചായ വാങ്ങിക്കുടിച്ചു കഴിച്ചുകൂട്ടിയ എത്രയോ ഉച്ചകൾ.
കോയമ്പത്തൂർ വിട്ടിട്ടും വെല്ലപ്പോഴുമുള്ള ഈ യാത്രകളിലും ഇക്കാന്റെ കടയിൽച്ചെന്നിരിക്കും. എന്നിട്ടു ഒരു ചായയും ഒരു ബണ്ണും ഓർഡർ ചെയ്യും. ഇക്ക ബണ്ണിനൊപ്പം ഒരു ചായയും രണ്ടു ഗ്ലാസുകളും കൊണ്ടുവെക്കും. പഴയ ഓർമ്മ പുതുക്കാനായിരിക്കണം. അന്നൊക്കെ ഒരു ചായകൊണ്ടു രണ്ടുപേരുടെ വിശപ്പാണ് ഇക്ക മാറ്റിക്കൊണ്ടിരുന്നത്.
ചായകുടിച്ചുകഴിഞ്ഞാൽ നടത്തം നേരെ കാട്ടൂരിലേക്കാണ്. പോണവഴിയിൽ വലതുഭാഗത്തായിട്ടാണ് പട്ടരുടെ ഊട്ടുമാളികൈ. അഞ്ചുരൂപ കൊടുത്തു ഒരു ഉച്ചയൂണ് വാങ്ങിക്കഴിക്കാൻ പറ്റാതിരുന്ന കാലത്തു പട്ടരോട് കടംപറഞ്ഞു ശാപ്പാട് വാങ്ങിക്കഴിച്ചിട്ടുണ്ട്. കടം തരാൻ പട്ടർക്കു വിരോധമൊന്നുമില്ല, പക്ഷെ ആരെങ്കിലും ജാമ്യം നിൽക്കണം. പട്ടരുടെ കത്രിക്കാ സാമ്പാറും, പച്ചമുളകിട്ട മോരും, മല്ലിയിലയിട്ട രസവുമൊക്കെ ഒരുകാലത്തെ ആവേശമായിരുന്നു.
കാട്ടൂരെത്തുന്നതിനു മുൻപേ കാലുകൾ നേരെ വലത്തോട്ടുതിരിഞ്ഞു രാജ്യരത്തിനം സ്ട്രീറ്റിലേക്കു പോകും. എന്തോ, ഇപ്പോഴും പോകാനാഗ്രഹിച്ചിരുന്ന വീടാണ് അതെന്നു കാലുകൾക്കറിയാം.
മുപ്പത്തിയാറാം നമ്പർ വീടിന്റെ ഗേറ്റുകൾ ഒരിക്കലും പൂട്ടിയിട്ടതായി കണ്ടിട്ടില്ല. പതുക്കെ ഗേറ്റ് തുറന്നു മുറ്റത്തേക്ക് ചെല്ലുമ്പോഴേ മനസ്സിനൊരു ആശ്വാസമാണ്. പൂമുഖത്തെ ചാരുകസേരയിൽ അയാൾ ഇരിപ്പുണ്ടാകും. അച്ഛൻപട്ടേലാണ്. പേരറിയില്ല. വായനയിൽ മുഴുകിയിരിക്കുന്ന അച്ഛൻപട്ടേൽ കയറിയിരിക്കാൻ ആംഗ്യം കാണിക്കും. അയാളെപ്പോഴും വായിക്കുന്ന ഗുജറാത്തിപുസ്തകത്തിൽ നിന്നും കണ്ണെടുക്കില്ല.
സന്ദീപ് പട്ടേൽ ഉച്ചയൂണിനു വരുന്ന സമയത്താണ് സാധാരണ ചെല്ലാറു. അയാൾക്കും അതാണ് സൗകര്യം. ചിലപ്പോൾ അരമണിക്കൂറോ അതിലധികമോ കാത്തിരിക്കേണ്ടിവരും. ഞാൻ പൂമുഖത്തു വന്നിട്ടുണ്ടെന്നറിഞ്ഞാൽ സന്ദീപ് പട്ടേലിന്റെ 'അമ്മ കുരുമുളക് പൊടിച്ചിട്ട, കടുപ്പത്തിലുള്ള ഒരു ചായ ഉണ്ടാക്കിക്കൊണ്ടുവരും. എന്നിട്ടു ഭക്ഷണം കഴിച്ചോ എന്ന് ഗുജറാത്തിയിൽ ചോദിക്കും. അവർക്കു തമിഴ് അറിയാമായിരിക്കും. പക്ഷെ ഗുജറാത്തിയിലേ സംസാരിക്കൂ.
എനിക്കൊന്നും മനസ്സിലാകില്ല. എന്നാലും ഞാൻ ചിരിച്ചുകൊണ്ടേയിരിക്കും. ഭക്ഷണം കഴിച്ചൂന്നു കള്ളം പറയും. കള്ളമല്ലല്ലോ, ഇക്കാന്റെ കടയിലെ ബണ്ണും ചായയും വയറ്റിൽക്കിടപ്പില്ലെ. സ്കൂൾ അവധിയാണെങ്കിൽ സന്ദീപ് പട്ടേലിന്റെ രണ്ടുമക്കളും ചുറ്റും വന്നിരിക്കും. ഞാൻ ഗുജറാത്തിയാണോന്നവർക്കു ഇപ്പോഴും സംശയമുണ്ട്. കാരണം ഗുജറാത്തികളല്ലാതെ വേറെയാരും വീട്ടിലേക്കു വരുന്നതവരു കണ്ടിട്ടില്ല.
പട്ടേലിനുവേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണെങ്കിൽ കുട്ടികൾ രണ്ടുമൊരു ബാധ്യതയാവും. അവർക്കു കഥകൾ കേൾക്കണം. അതും എന്തെങ്കിലും ബഡായിക്കഥകൾ. ബഡായി പറയാൻ ഞാൻ കേമനാണെന്നു പണ്ടേ ആളുകൾ പറയാറുണ്ട്. കഥകൾ പറയുന്ന കൂട്ടത്തിൽ ഞാനിടക്കിടെ അച്ഛൻപട്ടേലിനെ ശ്രദ്ധിക്കും. അയാളും ഇടയ്ക്കിടെ വായന നിർത്തി എന്റെ കഥകൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പാണ്.
ഞാനന്നു പോൾഭായിയുടെ കഥയാണ് പറഞ്ഞത്. ഗുജറാത്തിലെ ജാംനഗറിലുള്ള പോൾഭായിയെക്കുറിച്ചു. ജാംനഗർ എന്നുകേട്ടപ്പോൾ അച്ഛൻപട്ടേൽ വായിച്ചിരുന്ന പുസ്തകം മടക്കി കണ്ണാടിക്കു മുകളിലൂടെ എന്നെ നോക്കി. ഞാൻ തൊണ്ടയൊന്നു ശരിയാക്കി നേരെയിരുന്നു. ഇംഗ്ലീഷിലുള്ള കഥപറച്ചിലാണ്, കുറച്ചു ആയാസ്സപ്പെടണം. പോൾഭായിയെ മനസ്സിൽകണ്ടു. കുടവയറും മൊട്ടത്തലയും. പിന്നെ ഞാൻ ജാംനഗറിന്റെ ഗല്ലികളിലൂടെ നടക്കാൻ തുടങ്ങി.
വേനൽ ചുട്ടുപഴുക്കുമ്പോൾ ഒരു കുടം തലയിലും വേറൊരു കുടം ഒക്കത്തുമായി രംഗമതി നദിയിലേക്കു പോകുന്ന ജാംനഗറുകാർ. രാവിലെ പോയാൽ അലക്കും കുളിയും കഴിഞ്ഞു രണ്ടുകുടം വെള്ളവുമായാണ് തിരിച്ചുവരവ്. അടുപ്പിൽ ഭക്ഷണം കാലമാവുമ്പോഴേക്കും എവിടെനിന്നോ മയിൽക്കൂട്ടങ്ങൾ പറന്നെത്തും. എല്ലാവരുടെയും കാര്യങ്ങൾ നോക്കിനടത്താൻ പോൾഭായിയുണ്ട്. പക്ഷെ പോൾഭായിയുടെ കാര്യങ്ങൾ നോക്കിനടത്താൻ പോൾഭായിമാത്രം.
തൊഴിലാളി പ്രശ്നമുണ്ടായാലും, അതിർത്തി തർക്കമുണ്ടായാലും, വീട്ടുകാർക്കിടയിൽ കുത്തിത്തിരുപ്പുണ്ടായാലും പോൾഭായി ഇടപെട്ടാൽ മാത്രമേ സംഗതി ഒത്തുതീർപ്പാവുകയുള്ളു. ഉത്സവം നടത്തിപ്പിന് പണം പിരിക്കാനും, സമാജംവക കലാപരിപാടികൾ സംഘടിപ്പിക്കാനും, പള്ളിപ്പെരുന്നാൽ നടത്താനും പോൾഭായിത്തന്നെ വേണം. കള്ളനെ പിടിക്കാനും പോലിസിനെ വിളിക്കാനും പോൾഭായിക്കുമാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ.
ഓണത്തിന്റെ ഇടയിൽ പുട്ടുകച്ചോടം എന്നുപറഞ്ഞപോലെ പിള്ളേരുടെ ആദ്യത്തെ ചോദ്യം വന്നു.
"പോൾഭായി കള്ളനെ പിടിച്ചിട്ടുണ്ടോ?"
ഞാനൊന്ന് ഞെളിഞ്ഞിരുന്ന് അച്ഛൻപട്ടേലിനെ നോക്കി. ആളും കഥ കേൾക്കാൻ വേണ്ടി കാതുകൂർപ്പിച്ച് ഇരിക്കുകയാണ്.
"ഇല്ലാതെ പിന്നെ, അതും ഒരു മുഴുത്ത കള്ളനെ." പിള്ളാരുടെ അടുത്ത ചോദ്യം വരുന്നതിനുമുമ്പ് കഥയെങ്ങനെ അവസാനിപ്പിക്കും എന്ന് ചിന്തിച്ച് തല ചൊറിഞ്ഞിരിക്കുമ്പോൾ അച്ഛൻപട്ടേൽ കൈകൊണ്ടൊരു ആംഗ്യവും കണ്ണുകൊണ്ടൊരു ചോദ്യവും.
"ആരാ പോൾഭായി?" ഉത്തരം പറയാൻ വാ തുറക്കുന്നതിനുമുൻപ് സന്ദീപ് പട്ടേലിന്റെ ബജാജ് സ്കൂട്ടർ പടികടന്നെത്തി. പട്ടേലിനെ കണ്ടതും പിള്ളാരെണീറ്റു പഠിക്കാനുണ്ടെന്നും പറഞ്ഞ് അകത്തോട്ടുപോയി. അച്ഛൻപട്ടേൽ ഒന്നുമറിയാത്തപോലെ വായനയിൽ മുഴുകി.
പോൾഭായിയെക്കുറിച്ചുള്ള കഥകൾ അടുത്തവരവിൽ തള്ളിമറിക്കാം. സന്ദീപ് പട്ടേൽ ഒരുകെട്ട് ഡ്രോയിങ്‌സ് എടുത്തുതന്നു. കൂട്ടത്തിൽ ഒരഞ്ഞൂറു രൂപയും. എല്ലാം വരച്ചു അടുത്താഴ്ച കൊണ്ടുവരാമെന്നു പറഞ്ഞു പടിയിറങ്ങുമ്പോൾ അടുത്ത വരവിൽ പറയാനുള്ള ബഡായി കഥയെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.