കുടംതുടി മുറുകി കന്യകമാരില്‍ നാഗങ്ങള്‍ കയറിത്തുള്ളാന്‍ തുടങ്ങി. പെട്ടെന്നാണ് മാളുവിന് ആ തോന്നലുണ്ടായത്- തന്റെ ദേഹത്തേക്കും ആ പാമ്പ് ഇഴഞ്ഞു കേറുന്നു. അവള്‍ ഇരിപ്പിടത്തില്‍ നിന്നിഴഞ്ഞിറങ്ങി. മുടിയഴിച്ചാടാന്‍ തുടങ്ങി. അമ്മ ഓടി അടുത്തപ്പോള്‍ പുള്ളുവന്‍ വേണ്ടെന്നു കൈകാട്ടി. എല്ലാവരും പരിഭ്രമത്തോടെ നില്ക്കാണ്. അവളാടി ആടി കളം മായ്ക്കാന്‍ തുടങ്ങി. അവള്‍ അവ്യക്തമായി പറഞ്ഞു, "ഞാന്‍ ...ഞാന്‍...ബ്രഹ്മരക്ഷസ്സ്." ഒരു പെണ്ണിന്റെ ബോധാബോധങ്ങളില്‍ ഇഴഞ്ഞൊരു പാമ്പ്. അവളുടെ ജീവിതം കൈമോശം വന്നു തുടങ്ങിയതവിടെ നിന്നാണ്. ആ ദുഃസ്വപ്നങ്ങളില്‍ നിന്ന്.
കുളിരുന്ന തണുത്തവെള്ളത്തിലേക്കാഴ്ന്നിറങ്ങിയപ്പോള്‍ ഒരു പുതുജീവന്‍ വെച്ചതുപോലെ തോന്നി മാളൂന്. കരിങ്കല്‍ പടവിലിരുന്ന് ഏട്ത്തി തന്നെ ആപാദചൂഢം നോക്കി കാണാണ്.
''ഏട്ത്തി എറണാകുളത്തെ ഫ്ലാറ്റിലെ അടച്ചിട്ട കുളിമുറീലെ കുളി.ഇതിന്റെ സുഖം ഒന്നു വേറെന്നെ!!'', അവള്‍ കുളിരിന്റെ ആഴങ്ങളിലേക്ക് വീണ്ടും മുങ്ങി.
''മതി ഇനി മുങ്ങിയാല്‍ പനി പിടിക്കും'', ഏട്ത്തി ശാസിച്ചു.
'' ഒരുവട്ടം കൂടി ഏട്ത്തി'', അവള്‍ കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചി.
''എന്താ നാത്തൂമ്മാര് തമ്മില് കൊളക്കടവില്?'', നനക്കാനുള്ള തുണിയും താളിയുമായി അമ്മായി പടവിറങ്ങിത്തുടങ്ങി.
''ഏയ് കുട്ടി കുളത്തീന്നു കേറണില്ല. പനി പിടിച്ചോലോന്ന് പറയേ'', ഏട്ത്തി മുഴുവനാക്കും മുന്നേ അമ്മായീടെ മറുചോദ്യം
''ഇത്തവണ നമ്മുടെ കാവില് സര്‍പ്പം പാട്ടുണ്ടല്ലേ? തിയ്യതി നിശ്ചയിച്ചൂന്നൊക്കെ അമ്മാമ പറയുന്നു. എല്ലാരും കൂടിയാലേ പൂര്‍ണ്ണാവൂ. ഡല്ലീന്ന് വലീമാമയും കുടുംബോം വര്വോ?", അമ്മായി തുളസിയെ നോക്കി.
''അറിയില്ല അമ്മായീ അച്ഛന്‍ എല്ലാരേം വിളിച്ചിരിക്കുണു.സൗകര്യം പോലെ ചെയ്യട്ടെ. '' തുളസി കൂട്ടി ചേര്‍ത്തു.
''ഇവള്‍ എത്രീസംണ്ടാവും മാളു", അമ്മായി വീണ്ടു മാളൂനോടും ഏട്ത്തിയോടുമായി ചോദിച്ചു.
''ഇല്ല അടുത്തൊന്നും ഞാന്‍ പോണില്ല അമ്മായീ'', മാളു വെള്ളത്തില്‍ നിന്നു ചിരിയോടെ പറഞ്ഞു.
അവള്‍ കൈകാലടിച്ച് നീന്തിയപ്പൊ അമ്മായി തുളസിയോടൊരു രഹസ്യം ചോദിച്ചു.
''ഇവക്ക് എന്തോ പന്തിയല്ലാന്നു പറയുന്നു. മീന്വേടത്തി പറഞ്ഞേ അമ്പലത്തീന്നു കണ്ടപ്പൊ.''
അമ്മായി മുഴുവനാക്കും മുന്നേ മാളു കരക്കു കയറി തോര്‍ത്താന്‍ തുടങ്ങി. തുളസി കണ്ണിറുക്കി മിണ്ടല്ലേന്നു!! കാണിച്ചു അമ്മായിയോട്.
തുളസി തുടര്‍ന്നു, ''അമ്മായീ വീട്ടിലോട്ടൊന്നിറങ്ങൂ അമ്മ പറയുണു അമ്മായിക്കിപ്പോ തിരക്കു കൂടീന്ന്. ''
''വരാം മാളൂന്റെ നായരില്ലെ അവടെ. കുറെ ആയി കണ്ടിട്ട്. '' അമ്മായി രണ്ടുപേരോടുമായി പറഞ്ഞു.
അമ്മായിയോട് യാത്ര പറഞ്ഞ് തൊടീലൂടെ വീട്ടിലേക്ക് നടന്നു തുളസിയും അമ്മുവും.
പൂമുഖത്ത് അച്ഛനും ഏട്ടനും വേറെ കുറെ ആള്‍ക്കാരും ഉച്ചത്തില്‍ സംസാരാണ്. കളം പാട്ട് നടത്തേണ്ടതിന്റെ ചര്‍ച്ചയാണ്. അമ്മുവും തുളസിയും വടക്കു പുറത്തൂടെ അകത്തേക്ക് കേറി. മുകളിലെ അറയാണ് മാളൂന്റെ മനു
കിടക്കയിലുണ്ട്. ഏതോ പുസ്തകവായനയാണ്.
''താഴെ എല്ലാരൂണ്ട് അങ്ങോട്ട് ഒന്നു പോവായിരുന്നില്ലെ?'', മനൂനോട് മാളു ചോദിച്ചു.
''പോവാം ഇത്തിരി നേരം ഇവിടിരിക്ക് എന്റെ അമ്മാള്വോമ '' മനു മാളൂനെ അടുത്തിരിക്കാന്‍ ക്ഷണിച്ചു.
അമ്മാള്വോമ - വല്ലാതെ സ്നേഹം വന്നാലെ മനു മാളൂനെ അങ്ങിനെ വിളിക്കു.
അവള്‍ കിടക്കയില്‍ അവനരുകില്‍ ഇരുന്നു. അവള്‍ ആകെ തുടുത്തിരിക്കുന്നു മനു അവളെ ചേര്‍ത്തിരുത്തി.
''ആഹാ ചന്ദനമണം ഏത് സോപ്പാ ഇട്ടു കുളിച്ചെ എന്റെ അമ്മാളു.''
അവള്‍ ഒന്നും മിണ്ടീല.മിഴി താഴ്ത്തി ഇരുന്നു.
വാതിലടച്ചു വന്ന മനു അവളെ കിടക്കയിലേക്ക് മറിച്ചിട്ടു. അവളുടെ കവിളില്‍ കഴുത്തില്‍..അവന്റെ ചുണ്ടു കള്‍ അമര്‍ന്നു.
വികാരത്തിന്റെ നിമിഷങ്ങളില്‍ അവള്‍ കണ്ണടച്ചു അവനെ അറിയാന്‍ കാത്ത നിമിഷങ്ങളില്‍ അവളുടെ ബോധം മറയാന്‍ തുടങ്ങി. അവളുടെ ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു കയറുന്നു. അവള്‍ അറപ്പോടും ഞെട്ടലോടും നിലവിളിയോടെ അതിനെ കുടഞ്ഞു കളയാന്‍ തുടങ്ങി.പിന്നീടെല്ലാം നിശ്ച ലം.!!!!!!
അവള്‍ ബോധരഹിതയായി.
തുടരും...
ഭാഗം 2
ഉറക്കെയുള്ള അവളുടെ അലര്‍ച്ച താഴെയുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ അവന്‍ പ്രാര്‍ത്ഥിച്ചു.
'ദൈവമേ എന്റെ വിധി ഇനി ആര്‍ക്കും വരരുതേ?', മനു മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
മാളു കിടക്കയില്‍ മുഖംചേര്‍ത്ത് കരയുകയാണ്. കല്യാണ രാത്രി മുതല്‍ ഇതാണ് അവസ്ഥ. ആറുമാസം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. താനിന്നും കന്യകയാണ്. ഇരുപത്തെട്ട് വയസ്സു കഴിഞ്ഞ വിദ്യാഭ്യാസമുള്ള അമ്മൂനറിയാം ജീവിതം ഇതല്ല തമ്മില്‍ പങ്കുവെച്ചും സ്നേഹിച്ചും കഴിഞ്ഞാലേ ദാമ്പത്യം ആവൂ. ഇതുവരെ ആ പങ്കുവെക്കല്‍ നടന്നിട്ടില്ല. താനും വല്ലാതെ കൊതിക്കുന്നു എല്ലാ അര്‍ത്ഥത്തിലും ഒരു ഭാര്യയാവാന്‍. അമ്മയാവാന്‍.
''പോട്ടെ സാരമില്ല'', മനു അവളെ തന്റെ മാറില്‍ ചേര്‍ത്തി ഇറുകെ പുണര്‍ന്നു നെറ്റിയില്‍ ഉമ്മവെച്ചു.
''ഈ അന്തരീക്ഷത്തിലെങ്കിലും നീ തയ്യാറാവുമെന്ന് തോന്നി. പോട്ടെ.നമുക്കു കാത്തിരിക്കാം.", മനു അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
''ആറുമാസമായില്ലെ മനു?', അവള്‍ നിരാശയോടെ മറു ചോദ്യമെറിഞ്ഞു.
''എനിക്കു എന്തോ കുഴപ്പോണ്ട്. എന്റെ കുട്ടി എന്നെ ഉപേക്ഷിക്ക് '', അവള്‍ തേങ്ങലോടെ പറഞ്ഞു.
''ഏന്റെ മാളൂട്ടിക്ക് ഒരു കുഴപ്പോം ഇല്ല ഡോക്ടറും പറഞ്ഞതല്ലെ.''
''ടാബ്ലെറ്റും കഴിക്കുന്നില്ലെ ശരിയാവും എല്ലാം ''! മനു വളരെ ശാന്തതയോടെ പറഞ്ഞു.
ഈ സ്നേഹമാണ് അവളെ ഏറെ തളര്‍ത്തുന്നത്. ഐടി പ്രൊഫഷണായ മനൂന്റെ ആലോചന എല്ലാര്‍ക്കും ഇഷ്ടായി. ഡല്ലീല്‍ താമസമാക്കിയ വലീമാമെടെ ദാസേട്ടനും തന്നെ ആലോചിക്കണമെന്നുണ്ടായിരുന്നു.
അതിനുമുന്നെ ഈ ആലോചന വന്നു. തറവാട്ടിലെ കല്യാണത്തിന് ദേവീ സന്നിധിയില്‍ നിമിത്തം നോക്കുന്ന ചടങ്ങുണ്ട്.
രണ്ടു തരം പൂവെടുത്ത് അരയാലിലയില്‍ പൊതിഞ്ഞ് ദേവീടെ നടക്ക് വെക്കും. അതിലൊന്ന് വിളക്കു വെക്കുന്ന കാരണവര്‍ ദേവിയെ നന്നായി പ്രാര്‍ത്ഥിച്ച് എടുക്കും. ആ ഇല പൊതിയില്‍ വെളുത്ത പുഷ്പമാണെങ്കില്‍ !! കല്യാണം നടത്താം. ചുവന്ന പൂവാണെങ്കില്‍ ? അശുഭം ഫലം.
പ്രാര്‍ത്ഥനയോടെ ദേവിയുടെ നടക്കല്‍ നിന്ന് മാളൂന്റെ അച്ഛന്‍ ആ ഇലപ്പൊതിയെടുത്തു.
തുടരും...
ഭാഗം 3
മനൂന് വേണ്ടി അച്ഛനെടുത്ത പൂവ് വെളുത്ത കുടമുല്ലപ്പൂവായിരുന്നു. ജാതകം പത്തിലെട്ടു പൊരുത്തം. നടത്താമെന്ന് എല്ലാവരും കൂടി തീരുമാനിക്കേര്‍ന്നു. ഏട്ത്തിയെ ഇങ്ങോട്ടു കൊണ്ട്വന്നതും അന്നുതന്നെ. രണ്ടു കല്യാണം ഒരു പന്തലില്‍.
തുളസിക്കും തന്റെ പ്രായാണ്. പക്ഷെ സ്ഥാനം കൊണ്ടാണ് ഏട്ടത്തിയമ്മയെന്നു വിളിക്കണെ. ഏട്ടന്‍ കനറാ ബാങ്കില്‍ മാനേജരാണ്. അച്ഛന്‍ ട്രഷറീലാര്‍ന്നു. തനിക്കും ബിരുദമുണ്ട്. എറണാകുളത്തല്ലെ ജോലിക്കും പോവാം എന്നു വിചാരിച്ചാണ് രണ്ടുപേരും. താനും മനുവും കണക്കുകൂട്ടിയതെല്ലാം തകിടം മറിഞ്ഞില്ലെ. വിവാഹ രാത്രി ഇവിടെ ആയിരുന്നു. ഏട്ത്തി അവരുടെ വീട്ടില്‍.
നിശ്ചയം കഴിഞ്ഞത് മുതല്‍ എന്നും ഫോണ്‍ ചെയ്തും വീഡിയോ ചാറ്റിങ്ങും ആയി മനൂനെ പരിചയമായി ജീവിത സ്റ്റൈല്‍ വരെ പഠിച്ചു.
എന്നാലും ആദ്യമായി ഒരപരിചിതനോടൊപ്പം അന്തിയുറങ്ങുന്ന ഫീല്‍. സഹിക്കാന്‍ വയ്യ ചമ്മലോ. മറ്റെന്തൊക്കെയോ.
''ഇന്ന് നമുക്ക് വെറുതെ സംസാരിച്ചിരി ക്കാം മാളൂട്ടീമേ", തന്റെ വേവലാതി കണ്ട് ചിരിയോടെ മനു പറഞ്ഞു.
തന്റെ ഫണ്ട്സൊക്കെ പറഞ്ഞിട്ടുള്ള കഥ. വേറെന്തൊക്കെയോ ആണ്. വലീമാമടെ ദീപ, ചെറീമാമടെ നിത്യ, ശ്രീജ ദിവ്യ. അങ്ങിനെ തന്റെ കസിന്‍സൊക്കെ പറഞ്ഞു ഭയപ്പെടുത്തീര്‍ന്നു. പിറ്റേന്ന് മനൂന്റെ എറണാകുളത്തെ ഫ്ലാറ്റില്‍.
അച്ഛനും അമ്മയും മനുവും എറണാകുളത്ത് താമസായിട്ട് വര്‍ഷങ്ങളായി. മനൂന്റെ അച്ഛന് ഒരു കമ്പനിയില്‍ ജോലി ആയതു മുതല്‍ കുടുംബവീടായ പട്ടാമ്പീന്ന് മാറി. മനൂന്റെ പഠിത്തമെല്ലാ. ഇവിടാര്‍ന്നു. ഇപ്പൊ ഐടി കമ്പനീല്‍ ജോലീം. സ്വന്തം ഫ്ലാറ്റാണ്. അവിടായിരുന്നു രണ്ടാം രാത്രി. താന്‍ മാനസീകമായി ഒരുങ്ങി. മനുവും ഹാപ്പിയാണ്. രാത്രി മനൂനോട് ചേര്‍ന്ന് സ്നേഹ സല്ലാപങ്ങള്‍ക്കു ശേഷം. മനു തന്നോട് അടുക്കാന്‍ വന്ന നിമിഷം. തന്റെ ബോധം നഷ്ടമായി.
ശരീരത്തിലൂടെ ഒരു പാമ്പിഴയുന്നു.?? കാലില്‍നിന്നത് തന്നെ ചുറ്റി വരിയാണ്? പേടികൊണ്ട് നിലവിളിച്ചു. ആ നിലവിളി അബോധാവസ്ഥയിലാണ്. മനൂന്റെ അച്ഛനും അമ്മയും വാതിലില്‍ മുട്ടി വിളിച്ചു. മനുവും വിളറി വെളുത്തു. ഇതെന്താണ് ഇങ്ങനെ.
''എന്തേ?'', അമ്മ അമ്പരപ്പോടെ ചോദിച്ചു. അവളപ്പോഴും ബോനരഹിതയായിരുന്നു. അമ്മ ഇത്തിരി തണുത്തവെള്ളം മുഖത്തു തളിച്ചപ്പൊ അവളുണര്‍ന്നു.
"പാമ്പ് !! സ്വപ്നം!!", അവള്‍ പിച്ചും പേയും പറഞ്ഞു.
''രണ്ടീസായി യാത്രയും തിരക്കും. കണ്ണ് വീണതാവും ഒന്നു നന്നായുറങ്ങട്ടെ'', അവളെ പുതപ്പിച്ച് കിടത്തുമ്പോള്‍ അമ്മ മനൂനോട് പറഞ്ഞു.
പിറ്റേന്ന് സാധാരണത്തെപോലെ ഉണര്‍ന്നെണീറ്റ മാളൂനോട് മനു പരിഭവിച്ചു
''ബാക്കിള്ളോന്‍ ഇപ്പോഴും പട്ടിണി.'', അവള്‍ ദീനതയോടെ അവനെ നോക്കി. ഇത് എല്ലാ രാത്രിയും ആവര്‍ത്തിച്ചപ്പോള്‍ ???
മനു ഹണിമൂണിനു പോവുന്നതിനു പകരം നല്ലൊരു മനോരോഗ വിദഗ്ധനെ കാണിച്ചു മാളൂനെ. ഡോക്ടര്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്‍സള്‍ട്ടു ചെയ്തിട്ട് വീണ്ടും വരാനാവശ്യപ്പെട്ടു.
പ്രിസ്ക്രിപ്ഷന്‍ നോക്കി സൈക്ക്യാട്രിസ്റ്റു പറഞ്ഞു.,''ശാരീരികമായി തകരാറൊന്നൂല്ല്യ. മാനസീകമായി വീടു മാറിയതിന്റെയോ മറ്റെന്തേലുമാവാം.''
''കുറച്ചു ദിവസം നിങ്ങള്‍ തനിച്ചെവിടേലും പോവൂ ഹണിമൂണല്ലെ കൂടുതല്‍ അടുക്കാന്‍ ശ്രമിക്കു. എന്നിട്ടെന്നെ വന്നു കാണു.''
ഡോക്ടറോട് യാത്ര പറഞ്ഞു മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഊട്ടീലും തേക്കടീലും യാത്ര പ്ലാന്‍ ചെയ്തു. എല്ലായിടത്തും ഒരേ അവസ്ഥ. അവസാനം അമ്മയാണ് മാളൂന്റമ്മയോട് കാര്യങ്ങള്‍ സംസാരിച്ചത്.
തറവാട്ടില്‍ കാര്യം ചര്‍ച്ച ചെയ്തു. ജോത്സ്യരെ വരുത്തി നോക്കിയപ്പോള്‍.?
തുടരും...
ഭാഗം 4
തറവാട്ടില്‍ കാര്യം ചര്‍ച്ച ചെയ്തു. ജോത്സ്യരെ വരുത്തി നോക്കിയപ്പോള്‍..
ബ്രഹ്മരക്ഷസിന്റെ കോപം. സര്‍പ്പ ശാപവും. ദേവിക്ക് ഒന്നും ചെയ്യാനാവില്ല. കളം പൂജ വേണം. പണ്ട് മുടങ്ങിയ നാഗപ്പാട്ട് നടത്തണം. ബ്രഹ്മരക്ഷസ്സിനെ ദേവീടെ അടുത്തായി കുടിയിരുത്തണം. ബ്രാഹ്മണന്റെ അപമൃത്യു തറവാട്ടിലെല്ലാരേയും ബാധിക്കും സന്തതിയുണ്ടാവില്ല..സുകൃതക്ഷയമാണ് ഫലം. അങ്ങിനെ എല്ലാവരും വരാന്‍ അച്ഛനറിയിച്ചതിനെ തുടര്‍ന്നാണ് മനുവും മാളുവും വന്നത്.
എല്ലാവരും വന്നിട്ടേ പൂജ തുടങ്ങു ഒന്‍പതു ദിവസത്തെ പൂജയാണ്. കരക്കാരും തറവാട്ടുകാരും ചേര്‍ന്ന് നടത്തുന്നത്. മനു നാളെ മടങ്ങും പൂജ തുടങ്ങിയാല്‍ അവസാനിക്കുന്ന ദിവസം വരും. അതുവരെ മാളു തറവാട്ടില്‍ നില്ക്കും.
പുറത്തെ ഇടനാഴിയില്‍ ആരുടെയോ കാലൊച്ച. ഏട്ത്തിയാണ്.''ഊണ് വിളമ്പിയെന്ന്'' പറയാനെത്തീതാണ്.
കതക് തുറന്ന് ഏട്ത്തിയോടൊപ്പം തളത്തിലേക്ക് നടന്നു. മനു ഒപ്പമെത്തി .എല്ലാവരും കാത്തിരിപ്പാണ് മനൂനെ. അമ്മയും എട്ത്തിയും മാളുവും കൂടി ഊണു വിളമ്പി ആണുങ്ങള്‍ക്ക്. മാമ്പഴ പുളിശ്ശേരിയും കടുമാങ്ങയും മനൂന് വളരെ ഇഷ്ടം. ആരും ഊണുകഴിക്കുമ്പോള്‍ സംസാരിക്കില്ല. തറവാട്ടിലെ നിയമങ്ങളില്‍ ഒന്നാണ്. പണ്ടു കാലം മുതലെ ആ തറവാട്ടില്‍ ഒരുപാട് ചിട്ടവട്ടങ്ങളുണ്ട്.
കുടുംബഭര ദേവി നിലവറയിലുണ്ട്. അതിനാല്‍ത്തന്നെ വല്ലാതെ ബഹളം പാടില്ല. അപ്പോഴത്തെ കാരണവര്‍ ആരോ അവരാണ് ദേവിക്ക് വിളക്കു തെളിക്കല്‍. ഊണു കഴിക്കുമ്പോള്‍ മറ്റു കാര്യങ്ങള്‍ സംസാരിക്കില്ല. ആ തറവാട്ടില്‍ നിന്നു പിരിഞ്ഞ താവഴിയിലെ ഒരു കുടുംബം തറവാട്ടിന് ചുറ്റുവട്ടത്ത് താമസിക്കണം. കൊല്ലത്തിലൊരിക്കല്‍ ദേവി ക്ക് താലപ്പൊലി. വൃശ്ചികത്തിലെ കാര്‍ത്തികക്കാണ് താലപ്പൊലി. നിലവറയില്‍ വെച്ചാരാധന പതിവില്ല. വിളക്കു തെളിക്കും സന്ധ്യക്കും രാവിലെയും.
കാവില്‍ പൂജ ഒരു തിരുമേനിയാണ്. നാട്ടില്‍ എല്ലാവരും തൊഴാനെത്തും. ദേവിയെ വഴിപാട് കഴിക്കും. വനദുര്‍ഗ്ഗയാണ് പ്രതിഷ്ഠ.
തറവാട്ടുകാരുടെ കണ്ണെത്താ നെല്‍ വയലിനു നടുവില്‍ ഒരു അരയാല്‍. പടര്‍ന്നു പന്തലിച്ചു കുടയായി നില്പാണ്. അതിനുതാഴെ രൂപമൊന്നും ഇല്ലാത്ത ഒരു കരിങ്കല്‍. അത് ദേവിയാണെന്ന് സങ്കല്പം. പണ്ടെന്നൊ സ്വയംഭൂവായ ഈ
ശിലയില്‍ ദേവീ ചൈതന്യമുണ്ടെന്ന് ഒരില്ലത്തെ തിരുമേനിവഴി തറവാട്ട് കാരണവര്‍ അറിയുന്നുത്.
തുടരും...
ഭാഗം 5
പണ്ടെന്നൊ സ്വയംഭൂവായ ഈ ശിലയില്‍ ദേവീ ചൈതന്യമുണ്ടെന്ന് ഒരില്ലത്തെ തിരുമേനിവഴി തറവാട്ട് കാരണവര്‍ അറിയുന്നുത്. അതിന് ക്ഷേത്രമോ ശ്രീലകമോ വേണ്ടെന്നും, വനദുര്‍ഗ്ഗയാണെന്നും തറവാട്ടിലെ നിലവറയിലും ദേവീസാന്നി
ധ്യമുണ്ടെന്നും, ആ തിരുമേനിയാണ് പറയുന്നത്. തറവാട്ടിലെ ഓരോ അംഗങ്ങളും ആയുരാരോഗ്യത്തോടെ സമ്പത്തോടെ പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. പൂജകൂടി ആയപ്പോള്‍ ഐശ്വര്യം പതിനായിരം മടങ്ങായി. നായര്‍ തറവാടാണെങ്കിലും ഇല്ലങ്ങളിലെ പോലെ മത്സ്യമാംസം കടത്തില്ല. തറവാട്ടിന് മറ്റൊരു കാവുണ്ട് നാഗകാവ് അതും ഈ ദേവീ ക്ഷേത്രത്തിനടുത്ത് വലിയൊരു ആഞ്ഞിലി ചോട്ടില്‍. നാഗഫണമാണ് പ്രതിഷ്ഠ.
നായന്‍മാരുടെ കുലദൈവമാണ് സര്‍പ്പങ്ങള്‍. ഇത്തവണ സര്‍പ്പംപാട്ട് നടത്താനാണ് നാട്ടുകാരുടേയും തറവാട്ടു കാരണവരുടേയും തീരുമാനം. മാളു അടുക്കളയിലേക്ക് വന്നു. നാലുമണി ചായക്ക് ഒരുക്കത്തിലാണ്
അമ്മയും ഏട്ത്തിയും കമലമ്മയും ഇലയടക്കുള്ള ഒരുക്കാണ്. പുറത്ത് കുറച്ചുപേരുണ്ട്. തറവാട്ടിലെ
മുതിര്‍ന്നആള്‍ക്കാര്‍. അടുക്കളേലും അമ്മായിമാരെല്ലാം ഉണ്ട്. പാടത്തിന്റെ നാലുകരയിലും തെക്കേപ്പാട്ടുകാര്‍ തന്നെയാണ്. അകന്നു പോയത് പുതു തലമുറയിലെ മക്കളും മരുമക്കളും.
ദൂരെ വല്യേമാമ മാത്രം ഡല്‍ഹീലാണ്. ഉദ്യോഗം അവിടാണ്. വരും തറവാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും. അച്ഛന്റെ മൂത്ത പെങ്ങളാണ് വല്യേമാമടെ അമ്മായി. പേര് തങ്കം. സാധാരണ നായര്‍ തറവാട് സ്ത്രീകള്‍
ക്കാണ് കൊടുക്കാറ്. ഇവിടെ ദേവിക്ക് വിളക്ക് വെയ്ക്കുന്നത് അന്യവീട്ടിലെആണുങ്ങള്‍ ചെയ്തൂടാ.
അച്ഛനൊറ്റ ആണ്‍തരി. നാലു പെങ്ങന്‍മാര്‍. എല്ലാവരും പാടത്തിന്റെ നാലു കരയില്‍ താമസം. തെക്കേപ്പാട്ടുകാര്‍ നാട്ടിലെ പ്രമാണിമാര്‍ തന്നെ.
കുളത്തീന്നു കണ്ട അമ്മായി നാളികേരം ചിരവുന്നു.ശാന്തമ്മായി അമ്മ അടുപ്പു കത്തിക്കും ഇപ്പോഴും
തീ കത്തിച്ച് അതിന്റെ നാളം ഉയരുമ്പോഴാണ് കുടുംബത്തിലെ ശ്രീ എന്നാണ് അമ്മ പറയാറ്. രാവിലെ പശൂനെ കറന്നെടുത്ത് കാച്ചുന്ന പാല്‍ ഒരു സ്പൂണെടുത്ത് കത്തുന്നഅടുപ്പിലൊഴിക്കും. വിശേഷായി എന്തുണ്ടാക്കിയാലും ആദ്യം അഗ്നിക്ക് കൊടുക്കും അതും ഈ തറവാടിന്റെ ചിട്ടകളിലൊന്ന്.
അച്ഛന്റെ അമ്മ രാമായണം വായിക്കും എന്നും. അതിലൊരു വരിയുണ്ട് ലക്ഷ്മണന്‍ രാമനോട് ചോദിക്കും
ഈശ്വര സങ്കല്പം നമ്മള്‍ എന്തിലാണ് നടത്തേണ്ടതെന്ന്. ഭഗവാന്‍ പറയുന്നു.
''നീ നിന്റെ ഭാവനക്കനുസരിച്ച് ഈശ്വരനെ കാണൂ. കാരണം അദ്ദേഹം എല്ലാറ്റിലുമുണ്ട്. സൂര്യ ചന്ദ്രന്‍മാരെഈശ്വരനായി കാണാം. കടലിനെ, മലയെ ,അഗ്നിയെ, ബിംബാരാധന, ഏതില്‍ വേണമെങ്കിലും നീ ഈശ്വരനെ സങ്കല്പിച്ചോ. സ്വന്തം ഹൃദയത്തിലും അന്തര്യാമിയായി അദ്ദേഹം കുടികൊള്ളുന്നു ''
അതോണ്ടാണ് അച്ഛമ്മ അഗ്നിയെ ഭഗവാനായി സങ്കല്പിക്കുന്നത്.
''ഇവിടെ നമ്മള്‍ ഉണ്ണുന്ന അന്നം യജ്ഞം ചെയ്യുന്നതിന് തുല്യാണ് അഗ്നിയില്‍ അര്‍പ്പിച്ചാലെന്ന് '' അച്ഛമ്മപറയും.
അതാണ് അമ്മ എന്തുണ്ടാക്കിയാലും. അഗ്നിയില്‍ സമര്‍പ്പിക്കുന്നത്.
തുടരും...
ഭാഗം 6
അരിമാവ് പരത്തി അതില്‍ നെയ്യും, ശര്‍ക്കരയും, തേങ്ങയും, വരട്ടിയെടുത്ത് ഏലക്കാപൊടിയും ,ചുക്കും ,ജീരകവും, പൊടിച്ചിട്ട കൂട്ടും ഇട്ട് ആവിയില്‍ വേവിക്കുന്ന ഇലയടയുടെ രുചി പറയേണ്ട.
''കുട്ട്യേ നീ ഒന്നുറങ്ങ്യോ ഊണു കഴിഞ്ഞ് മനു എട്ത്തു.'' ശാന്തമ്മായിയാണ്
''വരൂ മോളില്‍ പോവാം. മുറീത്തന്നെ ഇരിപ്പാ. താഴെ എല്ലാരും വയസ്സിനു ത്തോരല്ലെ?എന്താ സംസാരിക്കാ അവരോടൊക്കെ? കരക്കാര് അമ്മാമമാര്. അതോണ്ടാ. '' മാളു ചിരിയോടെ അമ്മായിയോടു പറഞ്ഞു.മുകളിലേക്കു കോണി കയറുന്നതിനിടയില്‍.
അമ്മായിയുമായി മുറിയില്‍ ചെന്നു
''നീ അങ്ങോട്ടൊക്കെ ഒന്നിറങ്ങാര്‍ന്നു മുരളീം കുട്ട്യോളൂ എപ്പ്ളും പറേം നിങ്ങടെക്കെ കാര്യം ''
മനു വെറുതെ പുഞ്ചിരിച്ചു.
തറവാട്ടിലെ എല്ലാ മരുമക്കളിലും സുന്ദരന്‍ എന്റെ മനുക്കുട്ടനാ മാളു മനസ്സിലോര്‍ത്തു. ആ കവിളിലൊരു ഉമ്മ കൊടുക്കാന്‍ പോലും തോന്നി. അമ്മായി ഉള്ളതോണ്ട് മോഹമടക്കി. തനിക്കീ അവസ്ഥ ഇല്ലായിരുന്നെങ്കില്‍
സ്വര്‍ഗ്ഗം തീര്‍ക്കേണ്ട ദിവസങ്ങളാണ് പാവം മനു. വേറാരെങ്കിലുമായിരുന്നേല്‍ കളഞ്ഞിട്ടു പോയേനെ. അറിയാതെ മാളൂന്റെ കണ്ണു കലങ്ങി.
അമ്മായി താഴേക്ക് വിളിച്ചു. അവള്‍ കൂടെ കോണിപ്പടിയിറങ്ങി. ഇടക്കൊ ന്നു തിരിഞ്ഞു നോക്കിയപ്പോള്‍ മനു കണ്ണിറുക്കുന്നു. ബോറടിയാണ്. കൂടെയിരിക്കാന്‍.
വീണ്ടും അടുക്കളേലെത്തീപ്പൊ തന്റെ എല്ലാ കസിന്‍ സിസ്റ്റേര്‍സും വന്നിരിക്കുന്നു. കളം പാട്ടിന്റെ ക്ഷണം കിട്ടീട്ട്. എല്ലാവരുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. എല്ലാവര്‍ക്കും ഇലയടയും ചായയും വിളമ്പി. സന്ധ്യക്ക് ദീപാരാധനക്ക് വരാമെന്നേറ്റ് എല്ലാവരും അവരവരുടെ, വീടുകളിലേക്കു പോയി.
മനുവുമൊത്താണ് ദീപാരാധനക്കു പോയത്. മറ്റാരും വന്നില്ല വീട്ടില്‍ നിന്ന്. തങ്ങളെ തനിച്ചു വിടാന്‍ തന്നെയായിരുന്നു.
വയലിന്റെ കാറ്റേറ്റ് വരമ്പിലൂടെ നടന്നു മുന്നില്‍ നടന്ന മനു പിന്നിലേക്ക് കൈനീട്ടി തന്റെ കൈ പിടിച്ചിരുന്നു. അരയാല്‍ ചുവട്ടില്‍ കൈകൂപ്പി നിന്ന് ദേവിയോട് സങ്കടം പറഞ്ഞു. മനുവും പ്രാര്‍ത്ഥനയിലാണ്. അമ്മായിമാരുടെ മക്കളും ഭര്‍ത്താക്കന്‍മാരും. ചേര്‍ന്ന് അമ്പലത്തിലെ ചുറ്റുവിളക്ക് തെളിയിച്ചിരുന്നു. എല്ലാവരും തൊഴുതു മടങ്ങിയത് ഒരുമിച്ചാണ്. പടിപ്പുരക്കല്‍ വെച്ച് എല്ലാവരും പിരിഞ്ഞു. നാളെ കാണാമെന്ന യാത്രാമൊഴിയോടെ. തിരുമേനി ഉത്തമവും, അധമ,വുമായ പൂജാ സാധനങ്ങളെല്ലാം എഴുതിയ ചാര്‍ത്ത് അച്ഛനെ ഏല്‍പ്പിച്ചു. എന്നിട്ടു രാശിഫലം പറയാന്‍ തുടങ്ങി
''ബ്രഹ്മ രക്ഷസ്സ്. ആണ്‍ യക്ഷി തന്നെ യാണ്. ദ്രോഹിക്കും ആള്വോളെ.''തിരുമേനി പറഞ്ഞു.
''കാരണം ദുര്‍മരണം സംഭവിച്ച ബ്രാഹ്മണന്റെ ആത്മാവ് ഗതിയില്ലാതെ അലയാണ്. അതും മന്ത്രതന്ത്രങ്ങളറിയുന്ന ദേവീ ഉപാസകന്‍.''
''ദേവിക്കു നേദിക്കുന്ന നേദ്യങ്ങളെ അശുദ്ധമാക്കുന്നു. പായസത്തില്‍ ചെറുപ്രാണി വീഴും. ചത്ത ജീവികിടക്കുന്നത് അശുദ്ധിയാവും. ദേവി കഴിക്കില്ല. ദേവിക്കും തറവാട്ടിലുള്ളോരോട് മന്ദ്യം കടാക്ഷിക്കില്ല."' തിരുമേനി തുടര്‍ന്നു പറഞ്ഞു.
''സര്‍പ്പ കോപം വേറെ.? ഒരിക്കല്‍ മുടങ്ങിയ തുള്ളല്‍ നടത്തീട്ടില്ല. വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ മറഞ്ഞിരിക്കാണ്. കടാക്ഷമില്ല. എല്ലാം ഈ ബ്രാഹ്മണനാണ് (ബ്രഹ്മരക്ഷസ്സ്)ചെയ്യുന്നത്. '' തിരുമേനി നിമിത്തം നോക്കി പറഞ്ഞു.
''ഇളയിടത്ത് തിരുമേനീക്കാ ഒഴി കണ്ടേക്കണേ. കര്‍മ്മങ്ങള്‍ക്ക് വിരോധംണ്ടോ?'', അച്ഛനെ നോക്കി അദ്ദേഹം ചോദിച്ചു
''ഇല്ല്യാ സന്തോഷേ ഉള്ളു.'' അച്ഛന്‍ പറഞ്ഞു.
''സര്‍പ്പം തുള്ളല്‍ സാധാരണ വരണ പുള്ള്വോനെ ഏല്‍പ്പിക്കാം ഒമ്പതീസം ''
''എല്ലാം തിരുമേനി പറേം പോലെ'', അച്ഛന്‍ സമ്മതം പറഞ്ഞു.
പ്രശ്നം വെച്ചു കഴിഞ്ഞ് തിരുമേനി പോയി. എല്ലാവരും കൂടിയാലോചിച്ചു.
''മറ്റന്നാള്‍ ബ്രഹ്മ രക്ഷസ്സിനെ കുടീരുത്താം'' തീരുമാനമായി. എല്ലാവരും പിരിഞ്ഞു. മാളു സ്വന്തം മുറിയിലേക്കു പോയി.
തുടരും...
ഭാഗം 7
തലേന്ന് മനു അഴിച്ചിട്ട ടീ ഷര്‍ട്ടെടുത്ത് കിടക്കയിലിട്ടവള്‍ വെറുതെ കിടന്നു. ആ വിയര്‍പ്പിന്റെ ഗന്ധമില്ലാതെ ജീവിക്കാനാവില്ലെന്നു വരെ തോന്നി. താന്‍ തന്റെ ഭര്‍ത്താവിനെ അത്രമാത്രം സ്നേഹിക്കുന്നു. മുറിയുടെ വാതില്‍ പതുക്കെ തട്ടി ഏട്ത്തി കയറിവന്നു.
''മാളൂ താഴോട്ടു വാ.അടുത്ത വീട്ടിലെ പെണ്ണുങ്ങളൊക്കെ നിന്നെ കാണാന്‍ വന്നേക്കുണു.''
ഏട്ത്തിയോടൊപ്പം നടക്കുമ്പോള്‍ അവള്‍ അവരെ നോക്കി. തുളസി ഇത്തിരി തടിച്ചേക്കുണു. ഗര്‍ഭിണിയാണ്. ഒന്നുകൂടി ചന്തം വന്നിട്ടുണ്ട്. ആദ്യത്തെ മരുമോന്‍ തന്നെയാവട്ടെ അവള്‍ പ്രാര്‍ത്ഥിച്ചു.
വെളുത്തേടത്തെ കുഞ്ചീമയാണ്. അമ്പലത്തിലെ കര്‍മ്മത്തിന് കോടിയും വെളുത്തേടന്‍ അലക്കീതും വേണം.
"എന്തൊക്കെ കുഞ്ചീമേ", മാളു കുശലം ചോദിച്ചു.
"ഏട്ത്തീമെപ്പോലെ വിശേഷം വേണ്ടെ മാളൂട്ടീഎനിക്കൊരു അലക്ക് തരില്ലെ", കുഞ്ചീമടെ കുശലം കേട്ട്
അവള്‍ വിവര്‍ണ്ണയായി.
"ചായ കുടിച്ചോ കുഞ്ചീ", അമ്മ വിഷയം മാറ്റി.
രാത്രി ജനാല തുറന്നിട്ടു.മാളു. വയല്‍ക്കരയിലെ അമ്പലം ഇരുട്ടില്‍ രക്ഷസ്സിനെ പോലെ തോന്നി വള്‍ക്ക്. സര്‍പ്പംപാട്ട് മുടങ്ങിയ കൊല്ലം. താനന്ന് പ്രീഡിഗ്രി റിസല്‍റ്റ് കാത്തിരിപ്പാണ്. മധുരപതിനേഴ് കാലം കാണുന്ന കാഴ്ചകള്‍ക്ക് ഇത്രം ചന്ത മുള്ള മറ്റൊരു കാലമില്ല. നിലാവിന്കുളിരും .കാറ്റിന് സുഗന്ധവും പൂവിന് ചന്തവും. പ്രകൃതിയിലെ ഓരോന്നിനോടും പ്രണയം തോന്നും കാലം. മഴയോടും പുഴയോടും മഞ്ഞിനോടുംമലരിനോടും. പൂമ്പാറ്റയോടും. എല്ലാറ്റിനോടും കൗതുകം. പ്രഭാതങ്ങളില്‍ പട്ടുപ്പാവാട ചുറ്റി ദേവിയെ തൊഴാനെത്തുമ്പോള്‍ തിരുമേനികുട്ടി കണ്ണോണ്ട് കോരികുടിക്കും തന്റെ മേനിയഴക്. കണ്ടില്ലെന്നു നടിക്കും. അല്ലെങ്കില്‍ താനും അത് ആഗ്രഹിച്ചിരിക്കാം. ഏത് പെണ്ണും ആഗ്രഹിക്കും തന്നെ ആരാധനയോടെ നോക്കുന്ന പുരുഷന്റെ മിഴികളെ.
തറവാട്ടില്‍ സര്‍പ്പം പാട്ട്. തുടങ്ങി ആഞ്ഞിലിചോട്ടിലെ നാഗത്തറക്കു മുന്നില്‍ മണിപ്പന്തല്‍ കെട്ടി. മണിപ്പന്തല്‍
കുരുത്തോലകൊണ്ട് അലങ്കരിക്കുന്നു അലരിപൂവും തെച്ചിയും തുളസിയും കോര്‍ത്തു കെട്ടിയമാലയും അലങ്കരിക്കാന്‍ എടുക്കും പന്തലിന്റെ നാലുമൂലക്കും ചങ്ങലവിളക്ക് തൂക്കും കളത്തിന്റെ നാലു മൂലക്കും
ഏഴുതിരിയിട്ട വിളക്കു കത്തിച്ചു വെയ്ക്കും.
പുള്ളുവന്‍ കളമെഴുത്തു തുടങ്ങായി. ആദ്യം കൃഷ്ണപ്പൊടിയിലാണ് രൂപം തുടങ്ങേണ്ടത്..(കരിപ്പൊടിയാണ് കൃഷ്ണ പ്പൊടി. ഉമിക്കരിപൊടിച്ചുണ്ടാക്കുന്നത്) പിന്നീട് മഞ്ഞള്‍പ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്ത ചുവന്ന പൊടി വെളുത്ത അരിപ്പൊടി..മഞ്ചാടിയില ഉണക്കിപ്പൊടിച്ച പച്ചപ്പൊടി ഇതാണ് പഞ്ചവര്‍ണ്ണപ്പൊടി. ഇതു കൊണ്ടാണ് കളമെഴുത്ത്..
അഷ്ട നാഗക്കളമെഴുതി കഴിഞ്ഞാല്‍ നെയ് വിളക്കിനു മുന്നില്‍ അപ്പം അട അവില്‍ മലര്‍ ശര്‍ക്കര ചെറുപഴം ഇളനീര്‍ എന്നീ പൂജാദ്രവ്യങ്ങള്‍ വെക്കുന്നു. കത്തിച്ചു വെച്ച ധൂപ ദീപങ്ങള്‍ക്കു മുന്നിലിരുന്ന് പുള്ളോന്‍ നന്തുണിയും പുള്ളോത്തി കുടവും കൊട്ടി പാട്ടുതുടങ്ങ്വായി.
കദ്രുവാണ് നാഗ മാതാവ്. അനന്ദന്‍, വാസുകീ, തക്ഷകന്‍, തുടങ്ങി പതിനായിരം സര്‍പ്പങ്ങളേയൂം വാഴ്ത്തി പാടാന്‍ തുടങ്ങും. ഈ പാട്ടിന്റെ മൂര്‍ദ്ധന്യത്തില്‍ കന്യകമാരില്‍ സര്‍പ്പങ്ങള്‍ ആവേശിക്കും.
"ഞാന്‍ കരിനാഗം, ഞാന്‍ മണിനാഗം"
"ഞാന്‍ അഞ്ജന മണിനാഗം"
ഇങ്ങനെ അവ്യക്തമായി പറഞ്ഞോണ്ട് മുടിയഴിച്ചാടി ഏതോ ഉന്മാദാവസ്ഥയില്‍ ഇരിക്കുന്ന അവരുടെ കയ്യില്‍ പുള്ളോന്‍ കമുങ്ങിന്‍ പൂക്കുല കൊടുക്കും. കന്യകമാര്‍ പൂക്കുലകൊണ്ട് കളം മായ്ക്കും.
പുള്ളുവര്‍ പരമശിവന്‍ ശിവകുലം ഗോത്രത്തെ ദര്‍ഭപുല്ലിനാല്‍ സൃഷ്ടിച്ച ദ്രാവിഡരാണത്രെ. പുല്ലുകൊണ്ടു ഉണ്ടായവര്‍ പുല്ലുവര്‍ ആയത്രെ. പറഞ്ഞു പറഞ്ഞു പുള്ളുവരായെന്നും. ഇവര്‍ പരമശിവ ഭക്തരായ നാഗങ്ങളെ പാടി സംപ്രീതരാക്കണമെന്നും. ഇവരുടെ പാട്ടില്‍ സര്‍പ്പദോഷം വിട്ടകലുമെന്നും കൈലാസ നാഥന്‍ കൊടുത്ത വരമാണ് ഈ ഗോത്രത്തിനെന്നും പറയുന്നു.
നാഗങ്ങളെ പാടി പ്രീതിപ്പെടുത്താന്‍ ബ്രഹ്മകൂടം വിഷ്ണു കൈത്താളംനാഗ വീണ എന്നീ മൂന്നു വാദ്യോപ
കരണങ്ങള്‍ ഭഗവാനിവര്‍ക്കു കൊടുത്തു എന്നും പറയുന്നു. ഏത് കണ്ണേറും നാവേറും ഇവര്‍ പാടി ആട്ടിയകറ്റും എന്നൊക്കെയാണ് കഥകള്‍.
മുത്തശ്ശിയിലൂടെ മാളു അറിഞ്ഞ കഥകളാണ്. അതോണ്ടന്നെ നാഗക്കളം തൊഴാനവള്‍ ദിവസവും പോയി. കസിന്‍സിനോടൊപ്പം. അന്ന് അമ്മായിമാരുടെ മക്കളും ചുറ്റുവട്ടത്തെ മറ്റു വീടുകളിലെ തന്റെ പ്രായമുള്ള കുട്ടികളും എല്ലാവരും കൂടി
യാണ് തുള്ളല്‍ കാണാന്‍ പോയത്. ഒരു പടതന്നെയുണ്ട്. താനന്ന് മഞ്ഞയില്‍ സ്വര്‍ണ്ണകസവുള്ള പട്ടുപാവാടയും ജാക്കറ്റും അണിഞ്ഞു നീളമുള്ള മുടി പിന്നി മുല്ലമാല ചൂടി. കഴുത്തില്‍ പച്ചകല്ലുള്ള പാലക്കാമാല കാതിലൊരു കുടക്കടുക്കന്‍ ഞാന്നു കിടക്കുന്നതും അണിഞ്ഞു. പുള്ളുവന്‍ തന്ന പ്രസാദം മഞ്ഞപ്പൊടി നെറ്റീലും തൊട്ട്. സുന്ദരിയായി നിന്നു.
എല്ലാവരും തന്റെ പ്രായമുള്ളവരും ഒന്നോ രണ്ടോ വയസ്സ് മൂപ്പിളമ ഉള്ളവരോ ആയിരുന്നു. തെക്കേപ്പാട്ടെ കുട്ടികളെല്ലാവരും കൂടി നിന്നാ കണ്ണു പെടും മറ്റുള്ളോരുടെ അത്ര സാമ്യമാണ് തമ്മില്‍ തമ്മില്‍.
നല്ല തിരക്കായിരുന്നു പന്തലിനു ചുറ്റും ആ ആള്‍ക്കൂട്ടത്തിലും ഒരാള്‍ തന്നെ ആര്‍ത്തിയോടെ നോക്കുന്നുണ്ടായിരുന്നു. തനിക്കതില്‍ ഒന്നും തോന്നീല. തിരുമേനികുട്ടീടെ നോട്ടം എന്നും തന്റെ മേലില്‍ തന്നെ.
തുടരും...
ഭാഗം 8
നാലാം നാളത്തെ തുള്ളലിനു പോവാനൊരുങ്ങാന്‍ ധൃതിയില്‍ മേല്‍ കഴുകാണ് കുളത്തില്‍. നേരം സന്ധ്യ അമ്മ പറഞ്ഞതാണ് ഇരുട്ടാവും ഇനി കുളിമുറീല്‍ മേല്‍കഴുക്യാമതീന്ന്. അടുക്കളേലെ അമ്മേടെ സഹായി കമലമ്മ കൂടെവരാമെന്നുപറഞ്ഞതാ. പുള്ളുവന്‍ മാര്‍ക്കും മറ്റുള്ളോര്‍ക്കും സദ്യയുണ്ട്. ഓരോദിവസംഓരോരുത്തരുടെ വക.പക്ഷെ ഒരുക്കുന്നതും വിളമ്പുന്നതും തറവാട്ടില്‍. പാലക്കാട്ടെ പട്ടമ്മാരാണ് ദെഹണ്ണം. അവര് ഓരോന്ന് ചോദിച്ചോണ്ടിരിക്കും കമലമ്മക്കു കൈ ഒഴിവേ ഇല്ല. അതാ ഒറ്റക്കു വന്നത് കുളത്തിലേക്ക്.
പെട്ടെന്നാണത് സംഭവിച്ചത് പടവിറങ്ങി തിരുമേനിക്കുട്ടി. മേല്‍ കഴുകി കഴിഞ്ഞ് പടവു കയറിത്തുടങ്ങിയ തന്നെ വിചാരിക്കാത്ത നിമിഷം കെട്ടിയൊരു പിടുത്തം. താനാകെ വിറച്ചുപോയി. തിരുമേനിയെ തള്ളി മാറ്റി കരഞ്ഞോണ്ടോടി.. "അമ്മേ..."
വടക്കു വശത്തെ പാചകക്കാരും പരികര്‍മ്മികളും ഓടി വന്നു. "എന്താ കുട്ടീ". അച്ഛനും എട്ടനും എല്ലാരും എത്തി..
കുളപ്പടവില്‍..തനിക്ക്പറയാനാവുന്നില്ല. അവരെല്ലാം കുളക്കരയിലേക്കോടി
"അവിടൊന്നൂല്ല്യ കുട്ടി നിഴലെന്തേലും കണ്ടതാവും,. ആളുകള്‍ പരസ്പരം പറഞ്ഞു പിരിഞ്ഞു. താനപ്പോഴും പരിഭ്രമത്തിലായിരുന്നു. അമ്മ അടുത്തന്നെ ഉണ്ട്. "അപ്പളേ പറഞ്ഞതാ ഈ നേരത്ത് കുളത്തില്‍ ചെല്ലണ്ടാന്ന്."
താനെന്തോ കണ്ടു ഭയന്നതുതന്നെയെന്ന് അമ്മയും കരുതുന്നു. അങ്ങിനെ കരുതിക്കോട്ടെ ശ്ശേ എങ്ങിനെ പറയും. ആ വിടുവായന്‍ കെട്ടിപ്പിടിച്ചൂന്ന്. ആദ്യമായൊരു ആണിന്റെ ആലിംഗനം. സ്വര്‍ണ്ണനിറവും നീലകണ്ണുമുള്ള സുന്ദര
നായ തിരുമേനിക്കുട്ടീടെ. എന്തോ കൗമാരത്തിന്റെ. ആ നിമിഷത്തില്‍ അതൊരു സുഖമുള്ള ഓര്‍മ്മ തന്നെയായിരുന്നു മാളൂന്. ആ രഹസ്യം തന്റെ സ്വന്തം രഹസ്യമായിത്തന്നെ ഇരിക്കട്ടെ.
അന്നവള്‍ കളം തൊഴാന്‍ പോയില്ല. തിരുമേനികുട്ട്യേ നേരിടാന്‍ വയ്യ. സുഖകരമായ ഒരോര്‍മ്മയില്‍ തന്റെ
മുറിയില്‍ കഴിച്ചു കൂട്ടി. ദൂരെ സര്‍പ്പകാവില്‍ നിന്ന് കുടം തുടിയും നന്തുണിയും ഇടകലര്‍ന്ന താളം. നാഗപ്പാട്ടിന്റേയും. ജനലിലൂടെ ഏതേതോ പൂക്കളുടെ മണവുമായി കാറ്റ് വന്നു തഴുകി.
തിരുമേനികുട്ടി പേടിച്ചിട്ടുണ്ടാവും തന്റെ നിലവിളിയില്‍. അതോ സ്ഥലം വിട്ടിരിക്കുമോ?? കിടന്ന് ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ അവള്‍ മയങ്ങി. താഴെ വല്ലാത്ത ബഹളം കേട്ടാണവള്‍ ഉണരുന്നത്. നന്നേ പുലര്‍ന്നീരിക്കുന്നു
അവള്‍ വേഗം താഴേക്കിറങ്ങി.
അമ്മയും അമ്മായിമാരും കമലേമ്മയും. മ്ലാനവദനരായി. തന്നെ കണ്ടതും കമലേമ്മ പറഞ്ഞു.
"തിരുമേനികുട്ട്യെ വിഷം തീണ്ടീരിക്കുണു. ഇന്നലെ രത്രി. പാടത്തൂന്ന്. എത്രപേര് ആ വഴി കളം തൊഴാനെത്തീതാ..അതിന്റെ വിധി.വെളുത്ത ദേഹം നീലയായിരിക്കുണൂത്രെ.."
ബാക്കികേള്‍ക്കാന്‍ നിന്നില്ല. ഓടി മുറിയിലെത്തി കതകടച്ചു. കരഞ്ഞു ഏറെ നേരം. വെളുത്തമ്മാരെ. ഞാനുംകുറ്റക്കാരിയാണ്. എന്നേം ശിക്ഷിക്ക്. തിരുമേനികുട്ടിയേ മോഹിപ്പിച്ചത് ഞാനാണ്. എന്നേം കൊത്ത്. കൊത്ത്.
ആ വലിയ നഷ്ടം താനറിഞ്ഞത് തിരുമേനിക്കുട്ടി മരിച്ചപ്പോഴാണ്. തിരുമേനിക്കുട്ടി. തന്റെ ആരൊക്കെയോ ആയിരുന്നെന്ന്.പിന്നീട് ഭഗോതിയെ തൊഴാന്‍ പോയില്ല മാസങ്ങളോളം. വയ്യ അവിടുത്തെ ശൂന്യത സഹിക്കാന്‍.
തന്നെ നിര്‍നിമേഷം നോക്കി നില്ക്കുന്ന തിരുമേനികുട്ടിയില്ലാത്തിടത്ത് ചെല്ലാന്‍. ആ അവസ്ഥ എന്താണെന്ന്
അവള്‍ക്കറിയില്ല.
നെഞ്ചില്‍ വിങ്ങിപൊട്ടിയൊരു സങ്കടം വര്‍ഷങ്ങള്‍ രണ്ടോ മൂന്നോ വേണ്ടി വന്നു സാധാരണ നിലയിലാവാന്‍, മനസ്സ്.
തുടരും...
ഭാഗം 9
തിരുമേനിക്കുട്ടീടെ മരണത്തോടെ കളമെഴുത്ത് നിര്‍ത്തി വെച്ചു.ദുഃശകുനമല്ലെ. മരണം നടന്നിടത്ത്. നല്ല കര്‍മ്മങ്ങള്‍ പാടില്ലാലോ. ഇപ്പൊ വര്‍ഷം പത്ത് കഴിഞ്ഞിരിക്കുന്നു. തിരുമേനീടേത് ദുര്‍മ്മരണമല്ലെ. ആ ആത്മാവാണ്. ബ്രഹ്മ രക്ഷസ്സായി അലഞ്ഞ് തറവാടിനെ ദ്രോഹിക്കുന്നത്. ഓരോ ഓര്‍മ്മകളില്‍ കിടന്നവള്‍ പുലര്‍ച്ചയെപ്പോഴോ മയങ്ങി. താഴെ വലീമാമയും കുടുംബവും എത്തിയതിന്റെ ബഹളം കേട്ടവള്‍ ഉണര്‍ന്നു. താഴേക്ക് ചെല്ലുമ്പോള്‍ വലീമാമ കാത്തു നില്ക്കുന്നു.
"മാളൂ". സ്നേഹത്തോടെ വിളിച്ചു അമ്മാമ.
"സുഖല്ലെ എന്റെ കുട്ടിക്ക്?"
ആ തോളില്‍ ചാഞ്ഞവള്‍ മൂളി . "ഉം"
അമ്മായിയും ദാസേട്ടനും എല്ലാരും അവളുടെ വിശേഷങ്ങളറിയാനിരിക്കാണ്. അമ്മായി നല്ലോണം വണ്ണം വെച്ചേ
ക്കുണു. അടുക്കളേലും എല്ലാരും ഉണ്ട്. ബ്രഹ്മരക്ഷസ്സിനെ കുടീരുത്തണ പൂജയല്ലെ.
മാളു ഇല്ലാന്ന് ഉറപ്പു വരുത്തി തങ്കമ്മായി മാളൂന്റമ്മ്യേടു ചോദിച്ചു. "എന്താ എന്റെ കുട്ടിക്ക് മീനു."
"അറിയില്ലാ ഏട്ത്തി. അവനാവോണ്ടാ ഉപേക്ഷിക്കാത്തേ. ആറുമാസായില്ലെ കല്യാണം കഴിഞ്ഞിട്ട്. ഇതുവരേം.. പോയപോലെത്തന്യാ. ഒന്നും ണ്ടായിട്ടില്ല്യാത്രേ. മനൂന്റമ്മ പറയാ. രാത്രിയായാ ഒരൂട്ടം നിലവിളീം ബോധക്ഷയൂം." മാളൂന്റമ്മ പറഞ്ഞു നിര്‍ത്തി.
"ഇനീപ്പൊ കാവിലെ പൂജ നടത്താണ്ടെ കുട്ട്യോളെ ഉപദ്രവിക്കണ്ട. വെളുത്തമ്മാര്. അവര്‍ തുടര്‍ന്നു പറഞ്ഞു. ഈ കണ്ട കാലത്തിനെടക്ക് നിക്ക് കേട്ട് കേള്‍വീല്ല ഇതൊന്നും." അമ്മായി ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
ദേവീടെ അടുത്തായി ആല്‍മരത്തിന്റെ മറു ഭാഗത്ത് ബ്രഹ്മരക്ഷസ്സിനെ കുടീരുത്തി. ഇളയിടത്ത് തിരുമേനിയും
പരികര്‍മ്മികളും കൂടിയാണ് എല്ലാം നടത്തിയത്. ആത്മശാന്തിയാണ് ആദ്യം തിലഹോമം പിന്നീട്. ശുദ്ധീകരണം. അതും കഴിഞ്ഞ് ദേവനാക്കിയാണ്കാഞ്ഞിരപ്രതിമയിലേക്ക് ആത്മാവിനെ ആവാഹനം. പിന്നെ പഞ്ചഭൂതങ്ങളെയും ആവാഹിച്ച് അതൃപ്തനായ ബ്രാഹ്മണനെ ദേവനാക്കുന്ന ചടങ്ങ്. പഞ്ചഭൂതങ്ങളായി സങ്ക
ല്പിക്കുന്നത്..അഗ്നി, ജലം, സുഗന്ധ പുഷ്പം, ദീപ, ധൂപങ്ങള്‍. ഓരോന്നും ഒന്‍പതു പ്രാവശ്യം പ്രതിമയിലേക്ക് അര്‍ച്ചിക്കും. ചന്ദനം തൊട്ട്, തുളസിപ്പൂ ജലത്തില്‍ മുക്കി ഭഗവാനെ ധ്യാനിച്ച് അര്‍ച്ചിച്ച് കര്‍മ്മി സാഷ്ടാംഗ ദണ്ഡ നമസ്കാരം ചെയ്തു കഴിഞ്ഞാല്‍. ദുരാത്മാവ് അനുഗ്രഹിക്കാന്‍ കഴിവുള്ള ശക്തിയായി എന്നു സങ്കല്പം. പിന്നെ നിത്ത്യ പൂജ വേണംന്നില്ല. മാസത്തിലൊരു പാല്‍പ്പായസം. കരക്കാര്‍ക്കു സ്വൈര്യമായി. അങ്ങിനെ
ദേവീ ദാസനായി ബ്രാഹ്മണന്‍ അവളുടെ തിരുമേനിക്കുട്ടി.
ഇനി കളംപാട്ട്..
കന്നീലെ ആയില്യത്തിനും, മകരകൊയ്ത്തു കഴിഞ്ഞാലും തറവാട്ടില്‍ നാവേറുപാടാന്‍ വരാറുള്ള പുള്ളോനാണ് സര്‍പ്പം തുള്ളലിന്റെ ചുമതല. ആ തറവാടുമായി ഏറെ കാലത്തെ പരിചയാണ് .പുള്ളോന്‍ കുടുംബത്തിന്
മാളൂന്റെ എന്തോ സുഖമില്ലായ്മ പുള്ളോനും കേട്ടു. ദുഃസ്വപ്നം കാണലും മറ്റും. പുള്ളോന്‍ ശരിക്കും പ്രാര്‍ത്ഥന
യോടെ വ്രതം തുടങ്ങി. സാത്വകനാണ്, പ്രായവും, ഉണ്ട്. ചെറ്യമ്പ്രാട്ടീടെ ദീനം മാറാന്‍ മനം നൊന്തു പ്രാര്‍ത്ഥിച്ചാണ്. ഇത്തവണ അയാളുടെ വരവ്.
പിറ്റേന്നുമുതല്‍ സര്‍പ്പം തുള്ളല്‍ തുടങ്ങി. പുള്ളുവന്‍ മാളൂന്റെ പേരും നാളും പ്രത്യേകം പറഞ്ഞ് പൂജയും പാട്ടും നടത്തും. ഒന്‍പതാം നാള്‍ പൂജ അവസാനിക്കാണ്. മനുവുമുണ്ട്. മനൂന്റെ അച്ഛനും അമ്മേംണ്ട്. എല്ലാരും കൂടി തൊഴാനെത്തി. മനൂന്റെ അരികിലായിട്ടാണ് മാളു ഇരുന്നത്. പാലാഴി മഥന കഥ പാടാന്‍ തുടങ്ങി പുള്ളോന്‍. വിഷം ശക്തിയായി പുറത്തേക്കു തള്ളുന്ന വാസുകി. ദേവന്‍മാര്‍ പരിഭ്രമിച്ചു. മഹാവിഷ്ണു
പോലും ഒരു നിമിഷം പകച്ചു. ആ കാളകൂട വിഷം ലോകത്തെ ഭസ്മമാക്കും. ദേവാസുരന്‍മാര്‍ അമ്പരന്നു നില്ക്കെ ആ സര്‍വ്വേശ്വരന്‍ ശിവന്‍ ആ നീല വിഷം സ്വന്തം കൈക്കുള്ളിലാക്കി കുടിക്കാണ്.
തുടരും...
ഭാഗം 10
കുടംതുടി മുറുകി കന്യകമാരില്‍ നാഗങ്ങള്‍ കയറിത്തുള്ളാന്‍ തുടങ്ങി. പെട്ടെന്നാണ് അവള്‍ക്കാ തോന്നലു
ണ്ടായത്..
മാളൂന് തന്റെ ദേഹത്തേക്കും ആ പാമ്പ് ഇഴഞ്ഞു കേറുന്നു. അവള്‍ ഇരിപ്പിടത്തില്‍ നിന്നിഴഞ്ഞിറങ്ങി. മുടിയഴിച്ചാടാന്‍ തുടങ്ങി. അമ്മ ഓടി അടുത്തപ്പോള്‍ പുള്ളുവന്‍ വേണ്ടെന്നു കൈകാട്ടി. എല്ലാവരും പരിഭ്രമത്തോടെ നില്ക്കാണ്. അവളാടി ആടി കളം മായ്ക്കാന്‍ തുടങ്ങി.
അവള്‍ അവ്യക്തമായി പറഞ്ഞു. "ഞാന്‍ ..ഞാന്‍..ബ്രഹ്മരക്ഷസ്സ്"
പുള്ളുവനൊന്ന് ഞെട്ടി. അയാള്‍ നാഗക്കളമിട്ട പൊടി കുറച്ച് വാരിയെടുത്ത് അവളുടെ നിറുകിലിട്ടു.
"ആരായാലും പോ..." പുള്ളുവനവളെ കമുങ്ങിന്‍ പൂക്കുലകൊണ്ടു അടിമുടി
ഉഴിഞ്ഞു അത് ദൂരേക്കെറിഞ്ഞു.
ഒടുക്കമവള്‍ ബോധ രഹിതയായി. എല്ലാം കണ്ട് മിണ്ടാനാവാതെ നില്പാണ് മനുവും മറ്റുള്ളവരും..
പുള്ളുവനിത്തിരി വെള്ളം തളിച്ച് (പൂജക്കുവെച്ച ജലം) അവളെ ഉണര്‍ത്തി.
ഇന്നവള്‍ അമ്മയാണ്, മാളു..ഒരു ആണ്‍ കുഞ്ഞിന്റെ.
മനു ഓഫീസിലേക്ക് ഒരുങ്ങാണ്. മോന് ഒരുമ്മ കൊടുത്ത് അവനെ എടുത്ത മാളൂനും ഒരുമ്മ കൊടുത്ത്
"ഇപ്പൊ അന്നത്തെ പകരം വീട്ടാണോ?", കളിയോടെ,അവനവളുടെ കാതില്‍ ചോദിച്ചു..
"ഒന്നു പോ മനു ദേ അമ്മേം അച്ഛനും നോക്കണുണ്ട്." നാണത്തോടെ അവള്‍ പറഞ്ഞു. കാറില്‍ കേറിയ അച്ഛന് മോനും കൈയിളക്കി കാട്ടി. അര്‍ത്ഥമറിയില്ലേലും റ്റാറ്റ കാണിക്കാന്‍ പഠിച്ചേക്കുന്നു കുറുമ്പന്‍.
അവന്‍ കാറില്‍ കേറി. സംതൃപ്തിയോടെ ദൂരെ അവര്‍ അത് നോക്കി നിന്നു മനൂന്റെ അച്ഛനും അമ്മയും.
അവസാനിച്ചു.