ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
മാർക്ക്തന്നെ നിർദേശിച്ച റഖിയ നിറച്ച രണ്ട് ഗ്ലാസുകളാണ് ഞങ്ങൾക്കിടയിൽ. മാർക്കിന്റെ കഥകൾ കേൾക്കാനൊരിമ്പം തോന്നിയതുകൊണ്ട് മാർക്ക്തന്നെ കഥ തുടരട്ടേയെന്നു തീരുമാനിച്ചു. ഓർമ്മകളിൽ ചികഞ്ഞുചികഞ്ഞ് മാർക്ക് വർഷങ്ങൾക്കു പുറകിലേക്ക് പാഞ്ഞു.
ഓസ്ട്രിയയുടെ ഒരു മലഞ്ചെരുവിലുള്ള വില്ലാഹ് സ്റ്റേഷനിൽനിന്നും ട്രെയിൻ പുറപ്പെടുമ്പോൾ ഉച്ചകഴിഞ്ഞു. അങ്ങകലെ ആൽപ്സ് പർവ്വതനിരകളിൽ തങ്ങിനിൽക്കുന്ന മഞ്ഞിൽതട്ടി സൂര്യപ്രകാശമിങ്ങു താഴ് വരകളിലും വെള്ളിവെളിച്ചം പരത്തുന്നുണ്ടു.
മലയടിവാരങ്ങളിലെ മഞ്ഞൊഴിഞ്ഞതിനാൽ കറുപ്പും വെളുപ്പുമണിഞ്ഞ സുന്ദരികളായ ദേശാടനപ്പക്ഷികൾ സൈബീരിയയിലേക്ക് തിരിച്ചുപറക്കാൻ തുടങ്ങിയിരിക്കുന്നു.
കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ തീരാതിരിക്കാൻ പരിമിതമായേ കഴിപ്പുണ്ടായിരുന്നുള്ളു. സാമും ജോണും മേലെത്തട്ടിൽ കിടന്നുറക്കമാണ്. ട്രെയിനിന്റെ ആട്ടത്തിനനുസരിച്ച് അവരും പതിയെ ചലിക്കുന്നുണ്ടു.
ഓറിയന്റ് എക്സ്പ്രസിലൊരു യാത്ര ഏറെ നാളത്തെ സ്വപ്നമാണ്. ഇംഗ്ലണ്ടിൽ നിന്നും ഫെറികടന്നു ഫ്രാൻസിലേക്ക്. പാരീസിൽ നിന്നും ഏതൻസിലേക്ക്. മൂന്നര ദിവസത്തെ യാത്രയ്ക്കുള്ള ഭക്ഷണമൊക്കെ കരുതിയിരുന്നു. പക്ഷേ ഒന്നരദിവസം കൊണ്ടതെല്ലാം തീരുമെന്നുള്ള കാര്യത്തിലേതാണ്ട് തീരുമാനമായി.
റൊട്ടികൾ കടിച്ചാൽ മുറിയാത്തവണ്ണം കട്ടിയായിത്തീർന്നു. സ്വിറ്റ്സർലാൻഡിലെ തണുപ്പിൽ സ്വസ്ഥമായിരുന്ന ചീസ് സ്ലൈസുകൾ ഓസ്ട്രിയയിലെ ചൂടിൽ കേടു വരുമോന്നൊരു സംശയമില്ലാതില്ല. ഇനിയും രണ്ടുദിവസത്തെ യാത്ര ബാക്കിയുണ്ടു.
ഓസ്ട്രിയയിലെ പാടശേഖരങ്ങളിൽ മഞ്ഞപ്പൂക്കളുടെ ഒരു പരവതാനി തന്നെ വിരിഞ്ഞിട്ടുണ്ടു. ബീച്ച് മരങ്ങളിൽ കിളിർത്തിരിക്കുന്ന തളിരിലകൾക്കിടയിൽ മാഗ്പൈ പക്ഷികൾ ഒറ്റയും തെറ്റയുമായി പറന്നിറങ്ങുന്നു. ഗ്രാമങ്ങൾ പിന്നിടുമ്പോൾ വീട്ടുമുറ്റങ്ങളിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങളിൽ ഇനിയും പൂക്കൾ വിരിയുന്നതേയുള്ളൂ എന്നുകാണാം.
അഗതാ ക്രിസ്റ്റിയുടെ "ദി മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ്" വായിച്ചതാണ് യാത്രയുടെ പ്രചോദനം. ഇരുപത്തിയേഴ് പൗണ്ടാണ് യാത്രയ്ക്കുള്ള ഒരാളുടെ ബഡ്ജറ്റ്. ഏതൻസിൽ ഒരാഴ്ച തങ്ങണം. രാത്രി ഹോട്ടൽ മുറിയില്ല. രാത്രികളിൽ എവിടെ കിടന്നുറങ്ങും, എങ്ങനെ ഭക്ഷണത്തിനുള്ള വകകൾ കണ്ടെത്തും.
ഇരുപത്തിയേഴ് പൗണ്ടുകൊണ്ട് ഇതിനെല്ലാം പരിഹാരം കാണാൻ പറ്റുമോയെന്നെല്ലാം ചിന്തിച്ച് ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.സാമും ജോണും വരും വരാഴികകളെക്കുറിച്ച് ഒട്ടും ആകുലതയുള്ളവരല്ല. ഏതൻസിലേക്ക് പോരുന്നോയെന്ന് ചോദിച്ചയുടനെ ഒന്നുമാലോചിക്കാതെ കൂടെയിറങ്ങിപ്പോന്നു.
കൈയിലിരുന്ന ഗ്ലാസിൽ നിന്നും ഒരല്പം റഖിയ നുണഞ്ഞിറക്കിക്കൊണ്ട് മാർക്ക് കുറച്ചുനേരം നിശബ്ദനായിരുന്നു. ക്രൊയേഷ്യയിൽ സുലഭമായ പഴങ്ങളിൽ നിന്നെടുത്ത ബ്രാണ്ടിയാണ് റഖിയ. ഓറഞ്ചിന്റെയും, ലെമണിന്റെയും, ചെറിയുടെയും, മുന്തിരിയുടെയുമെല്ലാം രുചിഭേദങ്ങളിൽ റഖിയ ലഭിക്കും. വീര്യമൊരല്പം കൂടുതലാണ്.
സാമിനെക്കുറിച്ചും, ജോണിനെക്കുറിച്ചും മാർക്ക് കൂടുതലെന്തെങ്കിലുമൊക്കെ ഓർത്തെടുത്തു പറയുമായിരിക്കുമെന്നു കരുതി ഞാൻ കാത്തിരുന്നു. റഖിയ തലയ്ക്കടിച്ചു തുടങ്ങിക്കാണണം. മാർക്കെന്തോ ഓർത്തു പുഞ്ചിരിക്കുന്നുണ്ടു. അൻപത്തിയൊൻപത് വർഷത്തെ ഓർമ്മയുടെ മാറാപ്പിൽനിന്നും ചികഞ്ഞെടുക്കണ്ടെ.
അഡ്രിയാറ്റിക് കടലലകൾ വാരിപ്പുണരുന്ന ഒരു ക്രൊയേഷ്യൻ നഗരതീരത്തെ ഹോട്ടൽ ബാറിൽ മാർക്കിനോടൊപ്പമാണ് ഇരിക്കുന്നതെന്ന് ഞാൻ മറന്നു പോയി. മാർട്ടിനോടൊപ്പം ഓറിയന്റ് എക്സ്പ്രസ്സിൽ ഓടിക്കയറാൻ ഞാനാവേശംകൊണ്ടിരുന്നു.
അതിനിടയിൽ വയസ്സെഴുപത്തിയാറായി എന്ന് മാർക്കെപ്പൊഴോ പറഞ്ഞത് ഞാനോർത്തെടുത്തു സൂക്ഷിച്ചുനോക്കി.
"ഇല്ല, ഒരിക്കലും പറയില്ല. ഏറിവന്നാൽ അറുപത്തിയഞ്ച്, അതിൽ കൂടില്ല."
കേൾക്കുമ്പോൾ മാർക്കിന് സന്തോഷമാകുമെന്ന് കരുതിയാണതു പറഞ്ഞത്. പക്ഷേ മാർക്ക് മറുപടിയൊന്നും പറഞ്ഞില്ല. വയസ്സായിയെന്ന് സമ്മതിക്കാൻ മാർക്കേറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ആ മൗനത്തിൽ നിന്നും മനസ്സിലായി.
മാർക്കിപ്പോളെന്തായിരിക്കും ചിന്തിക്കുന്നതെന്നറിയാൻ ചെറിയൊരു ശ്രമം നടത്തിനോക്കാമെന്നു കരുതി. സാമിനെയും ജോണിനെയും മാർക്കിനു മുൻപിലേക്കൊരു തുറുപ്പുചീട്ടായിറക്കുക. അതോ ഓറിയന്റ് എക്സ്പ്രസിലെ യാത്രയെക്കുറിച്ചു നാലു ചോദ്യങ്ങൾ.
"കലൈസിൽ ഫെറി വന്നിറങ്ങിയപ്പോൾ ആദ്യമെന്താണ് ചെയ്തതെന്നറിയാമോ?"
ഒരു മറുചോദ്യവുമായാണ് മാർക്ക് വീണ്ടും സംസാരമാരംഭിച്ചത്. ഏതൻസിലേക്കുള്ള ട്രെയിൻയാത്രയിൽ വണ്ടി സ്ലാവിയൻ അതിർത്തിയെത്താറായെങ്കിലും മാർക്കിപ്പോഴും ഇംഗ്ലീഷ്ചാനലും കടന്ന് ഫ്രാൻസിന്റെ കരക്കടിഞ്ഞിട്ടേയുള്ളു.
കലൈസിൽ വന്നിറങ്ങിയതും മെഗനൊരു കാർഡെഴുതി പോസ്റ്റ് ചെയ്തു. കാർഡെല്ലാം എഴുതി നേരത്തെ വെച്ചിരുന്നു. ഫ്രഞ്ച് സ്റ്റാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു.പാരീസിലും ഇതുതന്നെ ചെയ്തു.
ചെന്നിറങ്ങുന്ന സ്ഥലങ്ങളിൽനിന്നെല്ലാം അവൾക്കൊരു കാർഡെഴുതിയയക്കാമെന്ന് മനസ്സിൽ പണ്ടേ ഉറപ്പിച്ചിരുന്നതാണ്. സൂറിച്ചിൽ സ്റ്റാമ്പൊപ്പിക്കാൻ ട്രെയിനിൽ നിന്നുമിറങ്ങുന്ന ഒരു ജർമൻ ജെന്റിൽമാനെ ഏൽപ്പിച്ചു.
ഇംഗ്ലീഷിലുള്ള അഭ്യർത്ഥന കേട്ടപ്പോഴേ അയാളുടെ മുഖം അരിശം കൊള്ളുന്നത് കാണാമായിരുന്നു. പക്ഷേയെന്തോ, മറുത്തൊന്നും പറയാതെ, അയാളാകാർഡുമായി തീവണ്ടിയിൽനിന്നിറങ്ങിപ്പോയി. ഓസ്ട്രിയയിൽ സാമിന്റെയും ജോണിന്റെയും കണ്ണിൽപ്പെടാതെ കാർഡ് പോസ്റ്റുചെയ്യാൻ വില്ലാഹ് സ്റ്റേഷൻവരെ കാത്തിരിക്കേണ്ടി വന്നു.
മെഗനീ കാർഡുകളൊക്കെ കിട്ടുമ്പോൾ എന്തായിരിക്കുമവളുടെ പ്രതികരണമെന്നറിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ ചില പ്രണയലേഖനങ്ങൾ തപാലിൽ വരുമ്പോഴവൾ ആശയക്കുഴപ്പത്തിലായേക്കാം.
നീണ്ട നാലുവർഷത്തെ സൗഹൃദത്തിനിടയിൽ സാമും ജോണുമവളോടു പ്രണയമാണെന്നു പറഞ്ഞിട്ടുണ്ടെങ്കിലും മറുപടിയിൽ മെഗനത് ഒരു പുഞ്ചിരിയായി മാത്രം ഒതുക്കുകയാണുണ്ടായത്.
ട്രെയിൻ സ്ലാവിയൻ ബോർഡറിലെത്തിയപ്പോൾ ആരോ കൈകാണിച്ചപോലെ ശക്തമായി ബ്രേക്കിട്ടുനിന്നു. അതിന്റെ ആഘാതത്തിൽ സാമും ജോണും ചാടിയെഴുന്നേറ്റു. ചുവന്ന നക്ഷത്രങ്ങൾ പതിപ്പിച്ച തൊപ്പിയുള്ള രണ്ട് പട്ടാളക്കാർവീതം ഓരോ കമ്പാർട്ട്മെന്റിലേക്കും കയറിവന്നു. അവരുടെ കാക്കിഷർട്ടിൽ ഇടതുതോളിലായി രണ്ട് കഴുകന്മാരുടെ ചിത്രം ആലേഖനം ചെയ്തിരുന്നു.
യുഗോസ്ലാവിയൻ പീപ്പിൾസ് ആർമിയിലെ ഉദ്യോഗസ്ഥർ ട്രെയിനിലുണ്ടായിരുന്ന ഓരോരുത്തരുടെയും പാസ്പോർട്ടുകൾ പരിശോധിച്ചു. അവരുടെ കൈയിലുണ്ടായിരുന്ന M70 അസ്സോൾട്ട് റൈഫിളുകൾ സാമിന്റേയും ജോണിന്റേയും നേരെയുയർത്തി ബാഗുകൾ പരിശോധിച്ചു.
എന്തൊക്കെയോ മനസ്സിലാവാത്ത ഭാഷയിൽ ചോദിച്ചുകൊണ്ടിരുന്നു.
പാസ്പോർട്ടും രേഖകളുമൊക്കെ ശരിയായിരുന്നതുകൊണ്ടാകാം അവരെ വിട്ടിങ്ങോട്ട് തിരിഞ്ഞു. തോൾബാഗിലുണ്ടായിരുന്നതെല്ലാം എടുത്തു താഴെയിട്ടു പരതി. അതിൽനിന്നും മെഗന്റെ ഒരു ഫോട്ടോയും ബാക്കിയുണ്ടായിരുന്ന പോസ്റ്റ്കാർഡുകളുമൊക്കെയെടുത്തു സൂക്ഷിച്ചുനോക്കി. എന്നിട്ടവർ പൊട്ടിച്ചിരിച്ചു. അതിലൊരാൾ ചൂളമടിക്കുകയും ബൂട്സിട്ട കാലുകൊണ്ട് തറയിൽ താളത്തിൽ ചവിട്ടുകയും ചെയ്തു. മറ്റേ പട്ടാളക്കാരൻ ലജ്ജകൊണ്ട് ചുവക്കുന്നുണ്ടായിരുന്നു. അവരിരുവർക്കും ഏകദേശം ഇരുപതിനോടടുത്ത പ്രായമേ ഉണ്ടായിരുന്നുള്ളു.
മെഗന്റെ ഫോട്ടോയും പോസ്റ്റ്കാർഡുകളും അവർ സാമിനും ജോണിനുമാണ് തിരികെകൊടുത്തത്. ഒരു കള്ളനെ കണ്ടുപിടിച്ച രീതിയിൽ ഏറെനേരം സാമും ജോണും ഉറ്റുനോക്കുന്നുണ്ടായിരുന്നു.
മെഗനോടുള്ള ഇഷ്ടം അവരിൽനിന്നും മറച്ചുപിടിച്ചതിനുള്ള ശിക്ഷ വഴിയെ വരുമെന്നറിയാം. പട്ടാളക്കാർ പോയ ഉടനെ അവർ സ്നേഹത്തോടെ തലങ്ങും വിലങ്ങും പഞ്ചിങ്ങ് തുടങ്ങി.
സ്കൂൾകാലം കഴിഞ്ഞയുടനെയുള്ള യാത്ര എത്ര സാഹസികമായിരിക്കുമെന്നൊന്നും ഓർത്തിരുന്നില്ല. മെഗനും കൂടെയുണ്ടായിരുന്നെങ്കിലെന്നാശിച്ചു. ഗ്രീസിലേക്കുള്ള യാത്രയെക്കുറിച്ചു പറഞ്ഞപ്പോൾ, ഇത് വട്ടാണെന്നും പറഞ്ഞവൾ ഒഴിഞ്ഞുമാറി.
മാർക്ക് വീണ്ടും നിശബ്ദനായി. എവിടെയോ എന്തോ നഷ്ടപ്പെട്ടപോലെ അയാളിരുന്നു. അയാളുടെ ഗ്ലാസിലെ റഖിയ അന്നേരം തീർന്നിരുന്നു. വീണ്ടും ഒരു റഖിയ വാങ്ങികൊടുത്താലോ എന്നാലോചിച്ചു. പിന്നെയത് വേണ്ടെന്ന് വെച്ചു.
എഴുപതുകഴിഞ്ഞ സുന്ദരിയായ ഒരു സ്ത്രീ അടുത്തുവന്നതുകൊണ്ട് മാർക്കിന്റെ നിശബ്ദത അധികം നീണ്ടുനിന്നില്ല. ഒന്നും പറഞ്ഞില്ലെങ്കിലും കൊണ്ടുപോകാനാണ് അവർ വന്നതെന്നൂഹിച്ച് മാർക്കിരിപ്പിടം വിട്ടെഴുന്നേറ്റു. റഖിയ ശരിക്കും മാർക്കിന്റെ തലയ്ക്കു പിടിച്ചിട്ടുണ്ടു. വന്നസ്ത്രീ പക്ഷേ മാർക്കിനടുത്തുള്ള ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചു.
ഡ്രിങ്കൊരണ്ണം ഓർഡർ ചെയ്യട്ടേയെന്നു ചോദിച്ചെങ്കിലും വേണ്ടെന്നവർ ആംഗ്യം കാണിച്ചു. ഭാര്യയുടെ സാമീപ്യം മാർക്കിന് കഥതുടരാനുള്ള ഊർജ്ജമായി. പലതവണ കേട്ടിട്ടുള്ളതുകൊണ്ടാകാം മാർക്കിന്റെ ഭാര്യ കാര്യമായ താല്പര്യമൊന്നും കാണിക്കുന്നത് കണ്ടില്ല. ബാറിനു മുകളിൽ തൂക്കിയിട്ടിരിക്കുന്ന ചാന്റ്ലിയറുകളിൽനിന്നുള്ള പ്രകാശത്തിൽ ആ സ്ത്രീ ഈവയസ്സിലും വളരെ സുന്ദരിയായിത്തോന്നി.
ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിലെ ഒരു സായാഹ്നത്തിലാണ് തീവണ്ടിയന്ന് യുഗോസ്ലാവിയൻ ബോർഡറിൽ നിർത്തിയിട്ടിരുന്നത്. വെയിലുണ്ടായിരുന്നെങ്കിലും ആൽപ്സിൽ നിന്നൊഴുകിയെത്തുന്ന കാറ്റിൽ ശരീരമെല്ലാം കുളിരുന്നുണ്ടായിരുന്നു. നായ്ക്കളും പൂച്ചകളും നിർത്തിയിട്ടിരുന്ന തീവണ്ടിക്കുചുറ്റും നടപ്പുണ്ടു.
യുഗോസ്ലാവിയയിലൂടെ യാത്ര ചെയ്യാനുള്ള എൻജിൻ ഘടിപ്പിക്കാൻ അരമണിക്കൂറിലധികമെടുത്തു. ഈ സമയംകൊണ്ടു യാത്രക്കാരുടെ പാസ്പോർട്ടുകളും ലഗേജുകളും ചെക്ക് ചെയ്തുകഴിഞ്ഞിരിക്കും. എന്തെങ്കിലും സംശയം തോന്നുന്നവരെ ചെമ്പടയിലെ പട്ടാളക്കാർ പിടിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയിരുത്തും. അടുത്ത ട്രെയിൻ വരുന്നതുവരെ ചിലപ്പോൾ ഒന്നോ രണ്ടോദിവസം ആ ഇരിപ്പ് ഇരിക്കേണ്ടിവരും.
യുഗോസ്ലാവിയൻ എൻജിൻ വലിക്കുന്ന കരിവണ്ടിക്ക് പതിവിലധികം വേഗത കുറഞ്ഞു. ഇതിലും വേഗത്തിൽ അലാസ്കയിലെ സ്ലഡ്ജുകൾ വലിക്കുന്ന നായ്ക്കൾക്കോടാനാവും. രണ്ടുദിവസമെടുത്തു ടിറ്റോയുടെ യുഗോസ്ലാവിയ കടന്ന് ഗ്രീസിലെ തെസ്ലോനിക്കയിലെത്താൻ.
ഗ്രീസിന്റെ അതിർത്തിയിലെത്തിയ ഉടനെ യുഗോസ്ലാവിയൻ എൻജിൻ മാറ്റി വേഗതയുള്ള മറ്റൊരു എൻജിൻ ഘടിപ്പിച്ചു. തെസ്ലോനിക്കയിൽനിന്നും ഏതൻസിലേക്ക് പിന്നെയും അനേകം മണിക്കൂറുകളുടെ യാത്രയുണ്ടു.
സാമും ജോണും മെഗന്റെ ഫോട്ടോയും കാർഡുകളും കണ്ടതുകൊണ്ട് പിന്നെയൊന്നും പോസ്റ്റ്ചെയ്യാൻ കഴിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് യുഗോസ്ലാവിയയിൽ വെച്ച് തീവണ്ടിയിൽനിന്നിറങ്ങി പുറത്തുകറങ്ങി നടക്കരുതെന്ന് വിലക്കുമുണ്ടായിരുന്നു.
ഏതൻസിൽ വന്നെത്തിയതിനു ശേഷമാണ് ബാഗിൽ നിന്നും ബാക്കിയുള്ള പോസ്റ്റ്കാർഡുകളെടുത്ത് നോക്കിയത്.
സുരക്ഷിതമായി ഏതൻസിലെത്തിയെങ്കിലും ഒരാഴ്ചയെങ്ങനെ കഴിയുമെന്നോർത്ത് വ്യാകുലതയുണ്ടായിരുന്നു. ഒപ്പം മെഗനെക്കുറിച്ച് മനസ്സിലൊരു വിങ്ങലും. രണ്ടാഴ്ചക്കാണെങ്കിലും ഇംഗ്ലണ്ട് വിട്ടു പോന്നത് ഒരു തെറ്റായ തീരുമാനമായോ എന്നതായിരുന്നു ഏറെ വിഷമിപ്പിച്ചത്. രണ്ടാഴ്ചകൊണ്ട് മെഗനുമായുള്ള അടുപ്പം കുറയുമോന്നൊരു പേടി.
ഇതുവരെ അയച്ചുകൊടുത്ത കാർഡുകളിലൊന്നുംതന്നെ മെഗനോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതിത്തുടങ്ങിയിരുന്നില്ല. ഇനിയഥവാ ബാക്കിയുള്ള പോസ്റ്റ്കാർഡുകളിൽ ഹൃദയം തുറന്നൊന്നെഴുതി അയച്ചാലും അവളതു സ്വീകരിക്കുമോ എന്നുമറിയില്ല.
എജിയൻ കടൽകടന്നു തുർക്കിയിൽനിന്നെത്തിയ ട്രോജൻ പടയാളികളെക്കുറിച്ചുള്ള കഥകളായിരുന്നു പുറപ്പെടുന്നതിനു മുൻപ് മനസ്സിനെയേറെ അപഗ്രഥിച്ചിരുന്നത്. ഏതൻസിലെ പുരാതനമായ കല്ലുകൾക്കോ ചുമരുകൾക്കോ ഗ്രീസിലെ വിവിധ ദേവീ ദേവന്മാരുടെ ദേവാലയങ്ങൾക്കോ മെഗനെക്കുറിച്ചുള്ള ചിന്തകൾക്കു മുൻപിൽ പിടിച്ചുനിൽക്കാനായില്ല.
രണ്ടുദിവസം ഏതൻസ് ട്രെയിൻ സ്റ്റേഷനിലെ സിമന്റുബഞ്ചുകളിൽ കിടന്നുറങ്ങി. പൈപ്പിലെ വെള്ളവും കുടിച്ച് രാവിലെയും ഉച്ചയ്ക്കും കഴിച്ചുകൂട്ടി. വൈകുന്നേരം മാത്രം ചൂടോടെ വറുത്തെടുത്ത എന്തെങ്കിലും വാങ്ങിക്കഴിക്കും. സ്റ്റേഷൻ ഗാർഡുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ രാത്രിയുറക്കം കടൽക്കരയിലേക്കു മാറ്റി. യാതൊരു പരിഭവവുമില്ലാതെ സാമും ജോണും ഒപ്പം കൂടി.
മാർക്കിന്റെ കഥപറച്ചിൽ പെട്ടെന്നൊന്നും തീരില്ലായെന്ന് കണ്ടിട്ടായിരിക്കണം മാർക്കിന്റെ ഭാര്യ ബൈ ബൈ കാണിച്ചു എഴുന്നേറ്റുപോയി. അവർക്കുറങ്ങാനുള്ള സമയം അതിക്രമിച്ചുകാണും. ഏതായാലും റഖിയയുടെ കെട്ടടങ്ങുന്നതുവരെ മാർക്ക് കഥ തുടരുമെന്നുറപ്പായി.
രാത്രികളിൽ കടൽക്കരയിലുറങ്ങാൻ എന്തു സുഖമാണെന്നൊ. തിരകളുടെ താരാട്ടും ആകാശത്ത് വിരിയുന്ന ആയിരക്കണക്കിന് താരകങ്ങളും സ്വപ്നം കണ്ടുറങ്ങാൻ കൂട്ടിനുണ്ടാകും. കണ്ണുതുറന്നു കിടന്നാൽ സകല ഗ്രീക്ക് ദേവന്മാരും ദേവികളും ആകാശത്ത് വെച്ച് കണ്ടുമുട്ടുന്നത് കാണാം. ചിലരൊക്കെ തേരിലേറി ഭൂമിയിലേക്ക് പെട്ടെന്നിറങ്ങി വരുന്നതുപോലെ തോന്നും.
പഴയ ട്രോയ്കഥകൾ പറഞ്ഞ് ചിലദിവസങ്ങളിൽ കാറ്റും കടലുമായി വഴക്കാവും. ട്രോജൻ പടയാളികളെ ഗ്രീസിലെത്താൻ സഹായിച്ചത് നീയല്ലേയെന്ന് കാറ്റ് കടലിനോടും, നീ ഗതിയൊരിക്കില്ലായിരുന്നെങ്കിൽ അവർ മറ്റേതെങ്കിലും ദിശയിലേക്ക് പോകുമായിരുന്നില്ലേയെന്ന് കടൽ കാറ്റിനോടും തർക്കിച്ചുകൊണ്ടേയിരിക്കും.
കാറ്റും കടലുമായി യുദ്ധമാരംഭിച്ചാൽപ്പിന്നെ കടൽതീരത്ത് കിടന്നുറങ്ങുന്നത് അസാധ്യമാവും. മണൽത്തരികളെടുത്തവർ വാരിയെറിയും. പനമരങ്ങളെ ചുഴറ്റിയവർ പിടിവലിയാവും. കടൽക്കരയെ വിട്ട് പിന്നെയുറക്കം ദൂരം മാറിയുള്ള പൈൻമരക്കാട്ടിലാക്കും. പൈൻമരങ്ങളിൽ നിന്നും കൊഴിയുന്ന സൂചികണക്കെയുള്ള ഇലകൾ തടുത്തുകൂട്ടി മെത്തയാക്കിയാണ് കിടന്നുറക്കം.
ഒരാഴ്ചകൊണ്ട് ഏതൻസെല്ലാം ചുറ്റിനടന്നു കണ്ടു. തിരിച്ചുപോക്കിനുള്ള സമയമായി. ഓർമ്മകളിൽ ഒരുപാട് കുത്തിനിറച്ചു കൊണ്ട് ഏതൻസിൽ നിന്നും വീണ്ടും യുഗോസ്ലാവിയയിലേക്ക്. അതിർത്തിക്കടുത്തുവെച്ച് തീവണ്ടിയുടെ എൻജിൻ മാറ്റാൻ നിർത്തിയപ്പോഴാണ് ബാക്കിയുള്ള പോസ്റ്റ്കാർഡുകളെക്കുറിച്ച് ഓർമ്മവന്നത്. സാമും ജോണും കണ്ട സ്ഥിതിക്ക് മെഗനിനി കാർഡുകളൊന്നും അയക്കണ്ടായെന്ന് തീരുമാനിച്ചിരുന്നു. തിരിച്ചു ചെന്നിട്ടെല്ലാം തുറന്നു പറയാമെന്നും കരുതി.
ബാഗിൽ പരതിയെങ്കിലും പോസ്റ്റ്കാർഡുകളൊന്നും കണ്ടെത്താനായില്ല. അതെല്ലാം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഫോട്ടോ മാത്രമുണ്ടു ബാഗിൽ. സാമും ജോണും കൈമലർത്തി. അവരെടുത്തിട്ടില്ലായെന്ന് സത്യം ചെയ്തു.
മെഗനെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും നൊമ്പരത്തിത്തുടങ്ങി. നേരിൽ കാണുമ്പോൾ അവളോടെന്തു പറഞ്ഞു തുടങ്ങുമെന്നാലോചിച്ചാണ് ഏറെ ടെൻഷൻ. പ്രേമാഭ്യർത്ഥന അവൾ നിരസിച്ചാലൊ.
മാസിഡോണിയൻ അതിർത്തിയിലെ സ്റ്റേഷനുചുറ്റും പൈൻമരക്കാടുകളാണ്. ട്രാക്കിനരികിലായി ചുവന്ന പൂക്കളുള്ള പോപ്പിച്ചെടികൾ വളർന്നുനിൽപ്പുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച മനുഷ്യരെ ഓർമ്മപ്പെടുത്തുന്ന വിധം ഒരു ശ്മശാന മൂകതയവിടെ തളംകെട്ടി നിന്നിരുന്നു. ട്രെയിനിന് യുഗോസ്ലാവിയൻ എൻജിൻ ഘടിപ്പിക്കുന്ന തിരക്കിലായിരുന്നു പട്ടാളക്കാർ. അവരിൽ ചിലർ വീണ്ടും കമ്പാർട്ട്മെന്റിനുള്ളിലേക്ക് വരികയും, പാസ്പോർട്ട് ചെക്ക് ചെയ്യുകയും, ബാഗുകൾ പരിശോധിക്കുകയും ചെയ്തു.
ഇത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും മാർക്കിന്റെ കണ്ണുകളിൽ ഉറക്കം തളംകെട്ടി നിൽക്കുന്നത് കാണാമായിരുന്നു. ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് മാർക്കെഴുന്നേറ്റു. റഖിയ നൽകിയ ഊർജ്ജസ്വലതയൊന്നും ഇപ്പോൾ മാർക്കിനില്ല. എഴുപത്തിയാറു വയസ്സുള്ള ഒരു വൃദ്ധനെപോലെ മാർക്കെഴുന്നേറ്റു നടന്നു. കൈ പിടിക്കാമെന്നൊരോഫർ കൊടുത്തെങ്കിലും മാര്‍ക്കത് സ്വീകരിച്ചില്ല.
തിരിച്ച് ചെന്നിട്ടെന്തുണ്ടായി എന്ന് ചോദിക്കാനൊരു മടി. ഒരുപക്ഷേ മെഗൻ ഒരനുകൂല മറുപടി പറഞ്ഞിട്ടില്ലായിരുന്നെങ്കിൽ മാർക്കിനെകൊണ്ടത് പറയിപ്പിക്കുന്നത് ശരിയല്ല. അത് അയാളെ വേദനിപ്പിക്കും.
കഥയുടെ ബാക്കിയറിയാനുള്ള ത്വര മറ്റൊരു വശത്തുള്ളതുകൊണ്ട് മാർക്കിനെ അയാളുടെ റൂംവരെ അനുഗമിക്കാമെന്ന് തീരുമാനിച്ചു. നാളെ വീണ്ടും കാണുകയാണെങ്കിൽ എങ്ങനെയെങ്കിലും ചോദിച്ചറിയണം. ഹോട്ടൽ വിട്ടുപോകാനുള്ള ടാക്സി ഏഴുമണിക്ക് വരും. അതിനുമുൻപു മാർക്കുണരുമൊ.
ആറുമണിക്ക് ആരംഭിക്കുന്ന ബ്രേക്ക്ഫാസ്റ്റിന് മാർക്ക് വരണമെന്നില്ല. കഥ മുഴുവൻ കേൾക്കാനുള്ള ആവേശംകൊണ്ട് ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.
റൂമിനു മുൻപിലെത്തിയപ്പോൾ വാതിലിൽ മുട്ടുന്നതിന് മാർക്കൊന്ന് ശങ്കിച്ചു. അയാൾ തിരിഞ്ഞുനിന്ന് പതിയെ മന്ത്രിച്ചു.
"മെഗനുറങ്ങിക്കാണും. ഉണർത്താനൊരു മടി. ഇന്നീരാത്രി ക്രൊയേഷ്യൻ കടൽത്തീരത്ത് കിടന്നുറങ്ങിയാലോ?"
ഞാനതിശയത്തോടെ മാര്‍ക്കിനെ നോക്കി. അയാൾ അർത്ഥവത്തായൊന്നു തലയാട്ടി. മെഗനടുത്തു വന്നിരുന്നിട്ടും യാതൊരു സൂചനയും തരാതെ കഥ പറഞ്ഞ മാർക്കിന്റെ ശൈലിയേറെ ഇഷ്ടമായി.
"അപ്പോൾ പോസ്റ്റ്കാർഡുകളല്ല നിങ്ങളുടെ പ്രേമത്തിന് വഴിയൊരുക്കിയത്, അല്ലേ?"
മാർക്കിന്റെ കണ്ണുകളപ്പോഴൊന്നു തിളങ്ങി. അതിൽനിന്നുമിപ്പോൾ കണ്ണുനീരടർന്നു വീഴുമോ എന്നുശങ്കിച്ചു.
"സാമും ജോണും ചേർന്ന് കാർഡുകളിൽ പ്രേമാഭ്യർത്ഥനയെഴുതിച്ചേർത്ത് എന്റെ പേരിൽ ഏതൻസിൽ നിന്നും പോസ്റ്റ് ചെയ്തു. എന്നിട്ട് ഒന്നുമറിയാത്തപോലെയവർ കൈമലർത്തി."
പുറത്ത് സംസാരം കേട്ടിട്ടാകണം റൂമിന്റെ വാതിൽ പതിയെ തുറന്നു. ഒരു പതിനേഴു വയസ്സുകാരി മെഗൻ വാതിലിനു പുറകിൽ പുഞ്ചിരിയോടെ നിൽക്കുന്നത് കണ്ടു. ക്രൊയേഷ്യൻ കടൽപരപ്പിനു മുകളിലന്നേരം പൂർണചന്ദ്രൻ ഉദിച്ചുയർന്നു നിൽപ്പുണ്ടായിരുന്നു. മെഗന്റെ മുഖത്തും അതേ തേജസ് കാണാമായിരുന്നു.