mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

interview

മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

ഓഫീസ് അസിസ്റ്റൻറ്, ക്ലാർക്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിങ്ങനെയുള്ള തസ്തികകളിലേക്ക് സ്ഥിരമായി അപേക്ഷകൾ അയയ്കുക എന്നതായിരുന്നു പോസ്റ്റ് ഗ്രാജുയേഷൻ കഴിഞ്ഞുള്ള അയാളുടെ പ്രധാന പണി. വല്ലപ്പോഴുമൊക്കെ ചില താൽക്കാലിക നിയമനങ്ങൾ, ചില പാർട്-ടൈം ജോലികൾ എന്നിവയും ലഭിച്ചിരുന്നു. എങ്കിലും സ്ഥിരവരുമാനത്തിനുള്ള മാർഗ്ഗമായിരുന്നില്ല അവയൊന്നും. വേനലിലെ മഴപോലെ ഇടയ്ക്കൊക്കെ ഇന്റർവ്യൂ ലഭിച്ചിരുന്നു. പക്ഷെ അതൊന്നും വിത്തുകളെ മുളപ്പിക്കാൻ കെൽപ്പുള്ള വർഷപാതമായിരുന്നില്ല. 

എന്തായാലും ആ പുതുവത്സരത്തിൽ ജോണിക്കുട്ടി വിചിത്രമായ ഒരു തീരുമാനമെടുത്തു. എന്നാണോ നൂറു അപേക്ഷകൾ തികയുന്നത്, അന്നത്തോടെ ജോലിക്ക് അപേക്ഷ അയയ്ക്കുന്ന വിനോദപരിപാടി നിർത്തും. പക്ഷെ തൊണ്ണൂറ്റി രണ്ടാമത്തെ അപേക്ഷ പുണ്യവാളൻ പരിഗണിച്ചു. ഇന്റർവ്യൂവിനു ക്ഷണിക്കപ്പെട്ടു. ഇന്റർവ്യൂ ഒരു വൻ ദുരന്തമായിരുന്നു. എങ്കിലും അല്പം സന്തോഷമുണ്ടാക്കുന്ന ചില കാര്യങ്ങൾ അന്നു സംഭവിച്ചു. അത്ഭുതമെന്നു പറയട്ടെ, തൊണ്ണൂറ്റി ഏഴാമത്തെ അപേക്ഷയും, പുണ്യവാളൻ പരിഗണിച്ചു. അന്നും പുണ്യവാളനു മെഴുകുതിരി കത്തിച്ചിട്ടാണ് ജോണിക്കുട്ടി ഇന്റർവ്യൂവിനു പോയത്. ഇന്റർവ്യൂ വലിയ സംഗതിയൊന്നും ആയിരുന്നില്ല എങ്കിലും, അവളെ വീണ്ടും കണ്ടുമുട്ടി. ഉള്ള ധൈര്യം വാരിക്കൂട്ടി അവളോടു ചോദിച്ചു, "സ്കൈലാർക് കൺസ്ട്രക്ഷൻ കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നോ? കണ്ടതായി ഓർക്കുന്നു."

"ഉവ്വ്, നിങ്ങളെയും അവടെ കണ്ടതായി ഓർക്കുന്നു." അവൾ പ്രതിവചിച്ചു.

പിന്നെ അവർ പലതും പറഞ്ഞു. ഇക്കാലത്തു ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട്, മുഖാമുഖത്തിൽ എഴുന്നള്ളിക്കുന്ന മണ്ടൻ ചോദ്യങ്ങൾ, പുറം വാതിൽ നിയമനങ്ങൾ... അന്നു പിരിയുന്നതിനു മുൻപ്, അവളുടെ പേര് 'ശിവകാമി' എന്നാണെന്ന് ജോണിക്കുട്ടി ചോദിച്ചറിഞ്ഞു. സ്വയം പരിചയപ്പെടുത്തിയ കൂട്ടത്തിൽ ഇഷ്ട വിനോദം 'ഗാർഡനിങ്' ന്നാണെന്നു പറയാൻ അയാൾ മറന്നില്ല. ഇത്തിരി എന്തെങ്കിലും കുത്തിക്കുറിക്കുന്നതിൽ തനിക്കു താല്പര്യമുണ്ട് എന്ന് ശിവകാമിയും പറഞ്ഞു. 

അങ്ങനെയിരിക്കെ അതിനോടകം പ്രൈവറ്റ് കമ്പനി ആയി മാറിക്കഴിഞ്ഞിരുന്ന 'സതേൺ റെയിവെയിൽ ജോണിക്കുട്ടിയുടെ അപേക്ഷ ചലനം സൃഷ്ടിച്ചു. സി വി യിൽ എഴുതി വച്ചിരുന്ന നുണകളുടെ അടിസ്ഥാനത്തിൽ കസ്റ്റമർ സർവീസ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവിനു ജോണിക്കുട്ടി ആദരപൂർവ്വം ക്ഷണിക്കപ്പെട്ടു. 

പുണ്യവാളനുള്ള നൂറാമത്തെ മെഴുകുതിരിയും കത്തിച്ച ശേഷം ജോണിക്കുട്ടി പാലക്കാട്ടേയ്ക്കു വണ്ടി കയറിയപ്പോൾ തന്റെ തീരുമാനം അയാൾ ഒന്നുകൂടി ഓർത്തു. തന്റെ നൂറാമത്തെ അപേക്ഷയിൽ പുണ്യവാളൻ ഒരു കളി കളിക്കും എന്നു ജോണിക്കുട്ടിയ്ക്കു നല്ല ഉറപ്പുണ്ടായിരുന്നു. കാരണം മെഴുകുതിരികൾ നൂറെണ്ണമാണ് കത്തിച്ചത്! 

"എനിക്കറിയാമായിരുന്നു ജോണിക്കുട്ടി ഇന്നിവിടെ ഉണ്ടാകുമെന്ന്" ഇതു പറഞ്ഞുകൊണ്ട്  ശിവകാമി അയാളുടെ അടുത്തേയ്ക്കു കടന്നുവന്നപ്പോൾ അയാൾ പകച്ചുപോയി.

"അതെങ്ങനെ? എന്തടിസ്ഥാനത്തിൽ? നൂറുകണക്കിന് അപേക്ഷകരുള്ളപ്പോൾ ഇന്റർവ്യൂവിനു എന്നെ വിളിക്കാൻ പ്രത്യേകിച്ചു കാരണം വല്ലതുമുണ്ടോ?"

"അതൊരു രഹസ്യമാണ്. എങ്കിലും പറയാം. പിള്ളയാർ കോവിലിൽ ഉടച്ച തേങ്ങായുടെ മുറി കണ്ടാലറിയാം, ആഗ്രഹിച്ച കാര്യം നടക്കുമോ എന്ന്. അതു കണിശമാണ്." 

"അപ്പോൾ ശിവകാമിക്കു ജോലി കിട്ടണമേ എന്നല്ലേ പിള്ളയാരോടു പ്രാർത്ഥിച്ചത്?"

ഒരു കള്ളച്ചിരിയോടെ അവൾ  അവന്റെ കണ്ണുകളിലേക്കു നോക്കി. 

"പിന്നെന്താണ് പ്രാർഥിച്ചത്?

"അതു പറയില്ല." എന്നു പറയുമ്പോൾ അവളുടെ നുണക്കുഴിയുള്ള കവിളുകളിൽ മറ്റൊരു സൂര്യൻ ഉദിച്ചിരുന്നു. 

ജോണിക്കുട്ടി അവളുടെ ആഴമുള്ള കണ്ണുകളിലേക്ക് ഊളിയിട്ടിറങ്ങി. "എനിക്കും ഉറപ്പുണ്ടായിരുന്നു, ശിവകാമി ഇന്റർവ്യൂവിനു എത്തുമെന്ന്. നൂറാമത്തെ മെഴുകുതിരി പുണ്യവാളനു കത്തിച്ചിട്ടാ ഞാൻ വന്നത്." 

ഇന്റർവ്യൂ കഴിഞ്ഞ ശേഷം ഇരുവരും അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഒത്തുകൂടി. ഓർഡർ ചെയ്ത സമോസയും കാപ്പിയും എത്തിയപ്പോൾ അവൻ പറഞ്ഞു. 

"ഇതെന്റെ അവസാനത്തെ ഇന്റർവ്യൂ ആണ്. നൂറാമത്തെ അപേക്ഷ അയച്ച ശേഷം ഞാൻ ജോലിക്കായി മറ്റൊരു അപേക്ഷയും അയച്ചിട്ടില്ല. ഇനി മറ്റൊരു ഇന്റർവ്യൂവിനു വിളിച്ചാലും ഞാൻ പോകില്ല."

"അപ്പോൾ ഇനി കാണാൻ പറ്റില്ലേ! ജോലിയില്ലാതെ പിന്നെ എന്ത് ചെയ്യാനാണ് പരിപാടി?" അവൾ ആകാംക്ഷയോടെ ചോദിച്ചു. 

"ഞാൻ പറഞ്ഞിട്ടില്ലേ ഗാർഡനിങ് ആണ് എന്റെ ഹോബി എന്ന്. അതൊരു ബിസിനസ് ആക്കി മാറ്റണം. ഒർണമെന്റൽ ചെടികളും, ബോൺസായിയും, ഫലവൃക്ഷ തൈകളും ഒക്കെയായി ചെറിയ ഒരു ബിസിനസ്. കുറച്ചു പരിശ്രമിക്കണം. എപ്പോളും നല്ല ശ്രദ്ധ വേണം."

"വീട്ടുകാർക്ക് ഇഷ്ട്ടപ്പെടുമോ, പോസ്റ്റ് ഗ്രാജുവേഷൻ ഉള്ള മകനൊരുത്തൻ കൃഷിക്കിറങ്ങുന്നത്?" ശിവകാമിയുടെ ചോദ്യം ന്യായമായിരുന്നു.  

"അതെ.., എന്റെ അപ്പൻ ഒരു നല്ല കൃഷിക്കാരനാണ്. ഞാനിതിനിറങ്ങിയാൽ അപ്പന്റെ കട്ട സപ്പോർട്ടുണ്ടാകും. പെങ്ങൾ മേരിക്കുട്ടിയെ കെട്ടിച്ചുവിട്ട ശേഷം അമ്മച്ചിക്കു ലേശം വിഷമമുണ്ട്. ജോലികിട്ടി ഞാൻ ദൂരെ എവിടേലും പോയാലോ എന്ന ഭയമാണ് അതിന്റെ പ്രധാന കാരണം. വലിയ ശമ്പളവും, പത്രാസും ഒന്നുമില്ലേലും, ഞാൻ വീട്ടുകാര്യങ്ങൾ നോക്കി അമ്മച്ചീടെ കൂടെ നിൽക്കണം എന്നതാണ് അമ്മച്ചീടെ ആഗ്രഹം. പിന്നുള്ളത് കെട്ടിയോളായി വരുന്നവളുടെ കാര്യമാണ്. അതു വഴിയേ കാണാം."

അവൻ തുടർന്നു. "അതു പോകട്ടെ, ശിവകാമിക്കു കൃഷിയും ഗാർഡനിംഗും ഒക്കെ ഇഷ്‍ടമാണോ?"  

ഉണ്ടെന്നോ, ഇല്ലെന്നോ അവൾ പറഞ്ഞില്ല. അവൾ പറഞ്ഞതു മുഴുവൻ അവളെക്കുറിച്ചായിരുന്നു. പഠനം, ചെറുപ്പകാലം, കുടുംബം, ഹോബി, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ... അങ്ങനെ ആ പട്ടിക നീണ്ടുപോയി. 

കാപ്പി വീണ്ടുമെത്തി. പരിപ്പു വടയും ബജിയുമെത്തി. അന്നു പിരിയുമ്പോൾ അവർ പരസ്പരം മൊബൈൽ നമ്പറുകളും മേൽവിലാസങ്ങളും കൈമാറിയിരുന്നു. 

അടുത്ത ദിവസം ജോണിക്കുട്ടിയുടെ WhatsApp ൽ ശിവകാമിയുടെ മെസ്സേജ് വന്നു. 

"ഉദ്യാനപാലകാ, നിന്റെ തോട്ടത്തിൽ വാടാമല്ലിയുണ്ടോ?"

"ഉണ്ടല്ലോ, എന്റെ ഹൃദയത്തിൽ. അതു ശിവകാമിക്കുമാത്രമുള്ളതാണ്." അവന്റെ മറുപടി അവളെ പുളകമണിയിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ശിവകാമിയുടെ മറ്റൊരു മെസ്സേജ് ജോണിക്കുട്ടിയ്ക്കു ലഭിച്ചു. 

"നാളെ ഉച്ച തിരിഞ്ഞു ഞാൻ ജോണിക്കുട്ടിയുടെ വീട്ടിൽ വരും. കുറച്ചു ചെടികൾ വേണം."

അടുത്ത ദിവസം അവൾ എത്തുമ്പോൾ, കൈലിയും ബനിയനും ധരിച്ച ജോണിക്കുട്ടി തന്റെ തോട്ടത്തിൽ കളകൾ പറിച്ചു മാറ്റുകയായിരുന്നു. തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു തോളിൽ ഇട്ടുകൊണ്ട് അയാൾ അരികിൽ എത്തിയപ്പോൾ ശിവകാമി തന്റെ കൂടെയുള്ള ആളെ പരിചയപ്പെടുത്തി. 

"ഇത് എന്റെ അച്ഛനാണ്. അച്ഛന് ഫാമിങ്ങും, ഗാർഡനിങ്ങും ഒക്കെ ഇഷ്ടമാണ്. ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ ഉണ്ടായിരുന്ന കന്നുകാലികൾക്കെല്ലാം പേരുണ്ടായിരുന്നു. അമ്മിണി പാവമായിരുന്നു. മോഴ കുറുമ്പത്തിയായിരുന്നു. മണിക്കുട്ടിക്ക് ഭയങ്കര സ്നേഹമായിരുന്നു എന്നൊക്കെ ഇടയ്ക്കിടയ്ക്കു  പറയും. ജോണിക്കുട്ടിയുടെ കാര്യം പറഞ്ഞപ്പോൾ അച്ഛനൊരേ നിർബന്ധം ഇവിടെ വരണമെന്ന്. അതാ ഞാൻ ജോണിക്കുട്ടിയെ ബുദ്ധിമുട്ടിച്ചത്." 

ജോണിക്കുട്ടിയുടെ അപ്പച്ചൻ ശിവകാമിയുടെ അച്ഛനെ തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവർ മാത്രമായപ്പോൾ ജോണിക്കുട്ടി ചോദിച്ചു.

"അപ്പോൾ അച്ഛനെ കാണിക്കാനാണ് വന്നത്. അല്ലെ!"

"അത് പിന്നെ..." അവൾ എന്തോ ആലോചിക്കാനായി നിറുത്തി. 

"അതു പിന്നെ, എന്നെക്കാൾ എന്നെ അറിയാവുന്നത് അച്ഛനാണ്. അച്ഛനെ ഒന്നും ഒളിക്കാൻ പറ്റില്ല. അച്ഛനിഷ്ടമാണ്." 

വർത്തമാനം ജോണിക്കുട്ടി മറ്റൊരു ദിശയിലേക്കു തിരിച്ചുവിട്ടു. 

"ശിവകാമി സതേൺ റെയിവെയിലെ ജോലിക്കാര്യം വലതുമറിഞ്ഞോ?"

"ങാ... അറിഞ്ഞു. അതിന്റെ കാര്യം സംസാരിക്കാൻ കൂടിയാണ് ഞാൻ വന്നത്. എനിക്കു  കസ്റ്റമർ സർവീസ് അഡ്വൈസർ ആയി ജോലി കിട്ടി. പക്ഷെ..." അവൾ അർദ്ധോക്തിയിൽ നിറുത്തി.

"എന്തു പക്ഷേ?" ജോണിക്കുട്ടി ചോദിച്ചു.

"പക്ഷെ, ജോലി കിട്ടിയിട്ടും ജോയിൻ ചെയ്യാതിരുന്ന ഏതോ ഒരു മഹാനു പകരമാണ് എനിക്കു ജോലി കിട്ടിയത്. ഞാൻ കാര്യങ്ങൾ അവിടെപ്പോയി ചോദിച്ചു മനസ്സിലാക്കിയിരുന്നു. ജോണിക്കുട്ടി എന്തു പണിയാണ് ചെയ്തത്?" 

അവൻ ചോദിച്ചു "ഇനി പറ, നീ പിള്ളയാരോട് എന്താണ് പ്രാർത്ഥിച്ചത്?"

"പ്രാർത്ഥിച്ചതു പിള്ളായാർ തന്നു. പക്ഷെ അതു ജോണിക്കുട്ടി എനിക്കായിട്ടു വേണ്ട എന്നു വച്ചില്ലേ?" അവളുടെ കണ്ണുകൾ സജലങ്ങളായി. വിയർപ്പു നിറഞ്ഞ അവന്റെ നെഞ്ചിലേക്ക് അവൾ നോക്കി. ആ നോട്ടത്തിൽ വാക്കുകൾക്കതീതമായ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. യുഗങ്ങളായി പ്രകൃതി  പകർന്നേകുന്ന രാസത്വരികങ്ങൾ നോട്ടങ്ങളിലൂടെ, ഭാവങ്ങളിലൂടെ, ചലനങ്ങളിലൂടെ സംവേദനം ചെയ്യുന്നുണ്ടായിരുന്നു. 

അല്പം കൃത്രിമത്വം വരുത്തി അവൾ മൊഴിഞ്ഞു,  "ഞാനൊന്നു ചോദിച്ചോട്ടെ, നൂറാമത്തെ മെഴുകുതിരി കത്തിച്ചപ്പോൾ ജോണിക്കുട്ടി പുണ്യാളനോട് എന്നതാ പ്രാർത്ഥിച്ചത്?" 

തുളുമ്പി നിന്ന ജലകണം അവളുടെ കണ്ണിൽ നിന്നും തന്റെ വിരലുകൊണ്ട് അടർത്തിയെടുത്ത ശേഷം ജോണിക്കുട്ടി അതിലേക്കു നോക്കി മന്ദഹാസത്തോടെ നിശബ്ദനായി നിന്നു. ശേഷം അതു തന്റെ വിയർപ്പിൽ ഒട്ടിക്കിടന്ന ബനിയനിലേക്കു പതിപ്പിച്ചു. ജലം ജലവുമായി ചേർന്ന് അവന്റെ നെഞ്ചിലേക്ക് ആണ്ടിറങ്ങി വാടാമല്ലികൾ  തേടിപ്പോയി. അയാൾ കൃതാർത്ഥതയോടെ പറഞ്ഞു. "പ്രാർത്ഥിച്ചതു മൊത്തമായും ചില്ലറയായും പുണ്യാളൻ തന്നിരിക്കുന്നു. എനിക്കു സന്തോഷമായി." 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ