ഭാഗം - 7
ആഗ്രഹം നിറവേറിയപ്പോൾ തോമാച്ചേട്ടന് ഒരു പത്തുവയസ്സ് പ്രായം കുറഞ്ഞതുപോലെ. ജോലിയിലും നടപ്പിലുമെല്ലാം വല്ലാത്ത ചുറുചുറുക്കും ആവേശവും കൈവന്നിരിക്കുന്നു. മറ്റുള്ളവരോടുള്ള ഇടപെടലിലും സംസാരത്തിലുമെല്ലാം ഉണ്ട് ആ മാറ്റം. ആളുകൾ ഇതുകണ്ട് അത്ഭുതം കൊണ്ടു.
മാളിയേക്കൽ കുടുംബവുമായി ബന്ധമുണ്ടായതിന്റെ ഫലം. പഴയതുപോലെ ദേഷ്യമില്ല. എടുത്തുചാട്ടമില്ല എല്ലാവരോടും സ്നേഹവും സൗമ്യവുമായ പെരുമാറ്റം. സാദാ പുഞ്ചിരിനിറഞ്ഞ മുഖം. പുത്തൻ മുണ്ടും ഷർട്ടുമൊക്കെ ധരിച്ചാണ് എപ്പോഴും നടപ്പ്.
ഉന്നതിയിലുള്ളവരുമായുള്ള ബന്ധം. മനുഷ്യനെ ഇങ്ങനെ മാറ്റുമോ... ആളുകൾക്ക് അത്ഭുതം. പണവും പ്രശസ്തിയും കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. കാഴ്ചയിൽ നിന്നും ആളുകൾ അത് മനസ്സിലാക്കി. ചെറിയ ചീത്തസ്വഭാവങ്ങളൊക്കെ അപ്പാടെ ചേട്ടനെ വിട്ടുപോയിരുന്നു.
ത്രേസ്യാമ്മക്കും ഉണ്ട് മാറ്റം. സദാ വിഷാദഭാവം മാറി മുഖത്ത് ഒരു പ്രസരിപ്പ് കൈവന്നിട്ടുണ്ട്. ശാരീരിക ആസ്വാസ്ഥ്യതകൾ പഴയതുപോലെ അലട്ടുന്നില്ല. ഒക്കെത്തിനും മനസ്സിന്റെ ആരോഗ്യമാണല്ലോ പ്രധാനം. കുടുംബത്തിൽ സന്തോഷം നിറഞ്ഞ ദിനങ്ങൾ പിറവിയെടുത്തിരിക്കുന്നു.
മനുഷ്യർക്ക് ജീവിതം ഒരു പരീക്ഷണമാണ്. സുഖവും ദുഃഖവുമൊക്കെ മാറിമാറി അവരെ പരീക്ഷിച്ചുകൊണ്ടിരിക്കും. എക്കാലവും ഒന്ന് തന്നെ നിലനിൽക്കില്ല. തങ്ങളുടെ കഷ്ടകാലമൊക്കെ മോളുടെ വിവാഹത്തോടെ കഴിഞ്ഞുവെന്ന് ത്രേസ്യാമ്മ മനസ്സിൽ കരുതി.
സായാഹ്നം. കവലയിലെ ചായക്കട. തോമാച്ചേട്ടൻ പതിവുപോലെ കവലയ്ക്ക് ഇറങ്ങിയപ്പോൾ ഒരു ചായ കുടിക്കാമെന്നുകരുതി കടയിൽ കയറിയതാണ്. ഈ സമയം കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ബ്രോക്കർ പൈലിച്ചേട്ടൻ തോമാച്ചേട്ടനെ നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു.
"എന്തൊക്കെയുണ്ട് ചേട്ടാ വിശേഷങ്ങൾ...മോളും മരുമകനുമൊക്കെ എന്തെടുക്കുന്നു... സുഖമായിരിക്കുന്നോ.?"
"സുഖമായിരുന്നാലെന്താ ഇല്ലെങ്കിലെന്താ... നിനക്കെന്താ അറിയണ്ട കാര്യം."
"ചൂടാവണ്ട ചേട്ടാ... വെറുതേ അറിയാൻ ചോദിച്ചെന്നേയുള്ളൂ... ഒരു മര്യാദ... കല്യാണം കഴിഞ്ഞിട്ട് ചേട്ടൻ അവിടെ പോയിരുന്നോ.?"
"എന്തിന് പോകണം... അവൾക്കവിടെ സുഖമാണ്. എന്നും വിളിച്ചു സംസാരിക്കുന്നുണ്ടല്ലോ..."
"പിന്നെ നല്ല സുഖത്തിലാണ്... ആ കൊച്ച് അനുഭവിക്കുന്നതൊന്നും നിങ്ങളാരും അറിയുന്നില്ലെന്നു മാത്രം. അറിയണമെങ്കിൽ അവിടെപ്പോയി നോക്കണം."
"ചീ... പോടാ മറ്റവനെ... നിനക്കൊക്കെ അസൂയയാണ്."
"പിന്നെ അസൂയ... ഞാനെന്റെ ചെവിക്ക് കേട്ടതാണ് പറഞ്ഞത്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. മോള് ചിലപ്പോൾ ഇതൊന്നും പറയുന്നുണ്ടാവില്ല."
"ഓഹോ... ആട്ടെ എന്താ നീ കേട്ടത്... ആരാ നിന്നോട് ഈ വേണ്ടാത്തതൊക്കെ പറഞ്ഞുകേൾപ്പിച്ചത്."
തോമാച്ചേട്ടൻ ദേഷ്യംകൊണ്ട് വിറച്ചു. ആ കണ്ണുകൾ ചുവന്നുതുടുത്തു. മറുപടിക്കായി അയാൾ പൈലിച്ചേട്ടനെ തുറിച്ചുനോക്കി.
"മാറ്റാരുമല്ല... അവിടെ ജോലിക്ക് നിക്കുന്ന ആളുതന്നെയാ പറഞ്ഞത്."
അത്രയുംപറഞ്ഞിട്ട് തൊമ്മാച്ചേട്ടനെ നോക്കാതെ ചായയുടെ പൈസയും കൊടുത്തിട്ട് പൈലിച്ചേട്ടൻ കടയിൽനിന്ന് ഇറങ്ങിനടന്നു.
ഒരുനിമിഷം തോമാച്ചേട്ടന്റെ ദേഷ്യം അടങ്ങി. മനസ്സിൽ പലവിധചിന്തകൾ ഉടലെടുത്തു. ഒപ്പം ഭയവും. ശരിയായിരിക്കുമോ... താൻ കേട്ടത്. ഉള്ളം പിടഞ്ഞു. ശരീരം വിറകൊണ്ടു. പെട്ടെന്നുതന്നെ ചായകുടി കഴിച്ചിട്ട് ചേട്ടൻ കടയിൽ നിന്നിറങ്ങിനടന്നു.
പലവിധചിന്തകളാൽ ഇളകിമറിയുന്ന മനസ്സ്. വിറയ്ക്കുന്ന കാലടികൾ. കണ്ണുകളിൽ ഇരുട്ട് പടരുന്നതുപോലെ. പരിസരം മറന്നെന്നോണം തോമാച്ചേട്ടൻ വീട്ടിലേയ്ക്ക് നടന്നു. മനസ്സുനിറച്ചും കരയുന്ന മകളുടെ ചിത്രം നിറഞ്ഞുനിൽക്കുന്നു.
വിഷാദം തളംകെട്ടിയെ മുഖവുമായി വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു കണ്ണുനീർ വാർക്കുന്ന ത്രേസ്യാമ്മയെ കണ്ട് പടികടന്നുചെന്ന തോമാച്ചേട്ടൻ വീണ്ടും ഭയന്നു.
കുളിക്കാൻ പോയപ്പോൾ ലക്ഷ്മി ചേച്ചിയെ കണ്ടതും...മാളിയേക്കൽ തറവാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു ക്രൂരതകൾ അവർ പറഞ്ഞുകേൾപ്പിച്ചതും ത്രേസ്യാമ്മ ഭർത്താവിനോട് പറഞ്ഞു.
ഇരുവരും മുഖത്തോടുമുഖം നോക്കി കുറേനേരം മിണ്ടാതിരുന്നു. മകൾ വല്ലാത്ത ദുരിതക്കടലിൽ പെട്ടുഴറുകയാണെന്ന് ഇരുവർക്കും മനസ്സിലായി. ഇനി എന്തുചെയ്യും.... തെറ്റുപറ്റിയിരിക്കുന്നു... ഇരുവരും പരസ്പരം കൂടിയാലോചിച്ചു.
"എന്ത് ചെയ്യാൻ... ഞാൻ പറഞ്ഞിട്ട് കേട്ടോ... തന്റേടം കൊണ്ടു വരുത്തിവെച്ചതല്ലേ... എന്നിട്ടിപ്പോൾ അനുഭവിക്കുന്നത് എന്റെ കുട്ടിയും. മറ്റുള്ളവർ പറയുന്നതൊന്നും കേൾക്കണ്ട. നാളെത്തന്നെ പോയി മോളെ കാണണം."
പുലർച്ചെ തന്നെ വേഷംമാറി വീടുപൂട്ടി ഇരുവരും പുറത്തിറങ്ങി യാത്ര പുറപ്പെട്ടു. മകളെ വിവാഹം ചെയ്തയച്ച മാളിയേക്കൽ വീട്ടിലേക്കുള്ള ആദ്യത്തെ യാത്ര.
പണ്ടുകാലങ്ങളിൽ ഇലക്ഷൻ സമയത്ത് ഭക്ഷണം കഴിക്കാനും പാർട്ടി മീറ്റിങ്ങുകൾക്കും മറ്റുമായി മാളിയേക്കൽതറവാട്ടിൽ പോയിരുന്നത് തോമാച്ചേട്ടൻ ഒരുനിമിഷം ഓർത്തു. അന്ന് വീട് പുതുക്കിപ്പണിതിരുന്നില്ല. വിരുന്നുകാരും, അഭയം തേടിച്ചെന്നവരുമായി ഒരുപാട് പേര് വീട്ടിലും മുറ്റത്തുമുണ്ടാവും. തോമസ് മുതലാളിയുടെ അപ്പൻ കരപ്രമാണിയായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടേയുമൊക്കെ ഇഷ്ടം നേടിയ മനുഷ്യൻ. അന്നത്തെ പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ ഒരുപരിധിവരെ മാളിയേക്കൽ വീടുതന്നെയായിരുന്നു.
മകളെ കെട്ടിച്ചയച്ച വീടാണെങ്കിൽപോലും മാളിയേക്കൽ വീടിന്റെ ഗെയിറ്റുകടന്നു ചെല്ലുമ്പോൾ തോമാച്ചേട്ടന്റെ മനസ്സിൽ വല്ലാത്ത ആശങ്ക. കാലുകൾ വിറക്കുന്നു. ശരീരം വിയർക്കുന്നു. തലചുറ്റുന്നതുപോലെ...ധൈര്യം സംഭരിച്ചുകൊണ്ട് ഭാര്യയെയും കൂട്ടി അയാൾ പൂമുഖത്തിനുനേർക്ക് നടന്നു.
"അല്ലാ ഇതാരൊക്കെയാ ഈ വന്നേക്കുന്നെ ഒരുമുന്നറിയിപ്പുമില്ലാണ്ടാണല്ലോ വരവ് ... മോളുടെ സുഖവിവരം അറിയാൻ വന്നതാണോ... അതിനിങ്ങനെയാണോ വരുന്നേ... ചില മര്യാദകളൊക്കെയില്ലേ.?"
പൂമുഖത്തിരുന്ന മോളികുട്ടി ചാടി എഴുന്നേറ്റ് പുച്ഛത്തോടെ ഇരുവരെയും നോക്കികൊണ്ട് പറഞ്ഞു.
തോമാച്ചേട്ടന്റെ ശരീരമൊന്നാകെ ഒരുതരിപ്പ് പടർന്നുകയറി. ഉള്ളം വല്ലാതെ നൊന്തു. പക്ഷേ, അത് പുറത്തുകാണിക്കാതെ അയാൾ വീണ്ടും പുഞ്ചിരിയോടെ മുന്നോട്ട് ചുവടുകൾ വെച്ചു.
"നിൽക്കൂ... എങ്ങോട്ടാ...പറഞ്ഞത് മനസ്സിലായില്ലേ... തോന്നുമ്പോൾ വലിഞ്ഞുകയറിവരാൻ ഇത് സത്രമല്ല. ഇവിടെ ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട്."
"എന്റെ മോളെ കെട്ടിക്കൊണ്ടുവന്നിടത്തേയ്ക്ക് ആണ് ഞാൻ വന്നത്. അവളെ കണ്ടിട്ട് ഞങ്ങൾ പോകും."
അപമാനത്താൽ മുറിവേറ്റ ഹൃദയവുമായി തോമാച്ചേട്ടൻ പറഞ്ഞു.
"ഓഹോ... ബന്ധം പറഞ്ഞു വന്നതാണല്ലേ... ചീ നാണമില്ലല്ലോ..."
"നിങ്ങള് മിണ്ടാണ്ടിരിക്കൂ... ഞങ്ങളോട് എന്തേലും പറയാനുണ്ടെങ്കിൽ ഇവിടെ ആണുങ്ങളില്ലേ... അവർ പറയട്ടെ."
തോമാച്ചേട്ടൻ ദേഷ്യംകൊണ്ട് വിറച്ചു. മോളിക്കുട്ടിയുടെ വാക്കുകൾ വകവെക്കാതെ ഭാര്യയുടെ കൈയും പിടിച്ചുകൊണ്ട് അയാൾ പൂമുഖത്തേയ്ക്ക് കയറി.
അഹങ്കാരത്തിന്റെ മൂർദ്ധാവിൽ അടിയേറ്റ മോളിക്കുട്ടി കോപംകൊണ്ട് ജ്വലിച്ചു. ഉള്ളിലേയ്ക്ക് നോക്കി അവർ അലറി.
"മത്തായിച്ചേട്ടാ... ജോസപ്പേ... ഒന്ന് വേഗം വന്നേ..."
തടിമാടനായ മത്തായിച്ചേട്ടനും ജോസഫും അകത്തുനിന്ന് ഓടിയിറങ്ങിവന്നു. മോളിക്കുട്ടിയുടെ ആജ്ഞപ്രകാരം മത്തായിച്ചേട്ടൻ ഇരുവർക്കും മുന്നിൽ കടന്നു വഴിതടഞ്ഞുനിന്നു. അകത്തുനിന്നും ബഹളംകേട്ട് ഓടിയെത്തിയ ജാൻസിയും വേലക്കാരികളും ഇതുകണ്ടുനിന്നു.
"എന്റെ മേത്തുതൊട്ടാൽ ഏത് വലിയവനായാലും വിവരമറിയും. മര്യാദക്ക് എന്റെ മുന്നിൽനിന്ന് മാറിക്കോ..."
കോപംകൊണ്ട് ഭ്രാന്തുബാധിച്ചതുപോലെ തോമാച്ചേട്ടൻ അലറി. ഉയർത്തിപ്പിടിച്ച മത്തായിച്ചേട്ടന്റെ കൈ അയാൾ തട്ടിമാറ്റി.
"അപ്പച്ചാ... "
അകത്തുനിന്നും നിലവിളിച്ചുകൊണ്ട് തങ്ങൾക്കരികിലേയ്ക്ക് ഓടിയെത്തിയ മകളെ കണ്ടിട്ട് ഇരുവർക്കും മനസ്സിലായില്ല. ഏതാനുംദിവസങ്ങൾകൊണ്ട് അവൾ വല്ലാത്തൊരു കോലമായിക്കഴിഞ്ഞിരുന്നു.
അരുതെന്ന് കണ്ണുനീർ വാർത്തുകൊണ്ട് അവൾ അപ്പനെയും അമ്മയെയും മാറിമാറിനോക്കി. ഭർത്താവിനെ കുളിപ്പിച്ചു ഡ്രസ്സ് മാറ്റുമ്പോഴാണ് പുറത്തുനിലുള്ള ബഹളം കേട്ടത്. കണ്ണുനീർ ഷാളുകൊണ്ട് തുടച്ചിട്ട് ഇടറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.
"എന്തിനാ അപ്പനും അമ്മയും കൂടി ഇവിടേയ്ക്ക് വന്നത്... വരണ്ടായിരുന്നു."
തോമാച്ചേട്ടൻ അതുകേട്ടില്ല. അയാളുടെ നോട്ടം മത്തായിയുടെയും ജോസഫിന്റേം നേർക്കായിരുന്നു. അവർ എന്താണ് പ്രവർത്തിക്കുന്നതെന്ന് അയാൾ വീക്ഷിച്ചുകൊണ്ട് തറപ്പിച്ചുനോക്കി നിന്നു.
പുറത്തുനിന്നുള്ള ബഹളംകേട്ട് തോമസുമുതലാളി മുറിയിൽ നിന്നിറങ്ങിവന്നു. അയാളുടെ കണ്ണുകളിൽ ദേഷ്യവും നാണക്കേടും നിറഞ്ഞു. നെറ്റിയിൽ ചുളിവുകൾ വീണു. തന്റെ അടുക്കലേയ്ക്ക് നടന്നെത്തുന്ന ഭർത്താവിനെ നോക്കി മോളിക്കുട്ടി ആവലാതികൊണ്ടുകൊണ്ട് പറഞ്ഞു.
"കണ്ടില്ലേ... ഇവറ്റകളുടെ അഹങ്കാരം. മത്തായിച്ചേട്ടനെ കൈവെക്കാന്മാത്രം വളർന്നിരിക്കുന്നു."
തോമസുമുതലാളി മിണ്ടിയില്ല. അയാളുടെ മുഖവും കണ്ണുകളും കോപംകൊണ്ട് ചുവന്നുതുടുത്തു.കൈകൊണ്ട് മത്തായിച്ചേട്ടനോട് വഴിമാറാൻ അയാൾ ആഗ്യം കാണിച്ചു.
ഈ സമയം തോമാച്ചേട്ടൻ സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ബഹുമാനത്തോടെ മുതലാളിയെ നോക്കി ഇടറുന്നശബ്ദത്തിൽ പറഞ്ഞു.
"ഞങ്ങൾ വഴക്കിനൊന്നും വന്നതല്ല... മോളെ ഒന്ന് കണ്ടുപോകാൻ വന്നതാണ്."
"അതിനാണോ ഈ ഒച്ചയും ബഹളവുമൊക്കെ... അയൽക്കാരെക്കൂടി കേൾപ്പിക്കാൻ."
"ഒന്നും ഞങ്ങളായിട്ട് മനഃപൂർവ്വം ഉണ്ടാക്കിയതല്ല."
"ഇത് മാളിയേക്കൽ വീടാണ്. ഇവിടേയ്ക്ക് എപ്പോഴും ആളുകൾ കടന്നുവരും അതിന്റെടേലാണ്..."
"ഒക്കെ ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഇവിടേയ്ക്ക് അഭയംതേടി വന്നതൊന്നുമല്ല... മോളെ ഇവിടേയ്ക്ക് വിവാഹം കഴിച്ചുകൊണ്ടുവന്നിട്ട് അവളെ കാണാനായിട്ട് വന്നതാണ്... അത് പറ്റില്ലെന്നുപറഞ്ഞാൽ എന്താ ചെയ്യുക.?"
തോമാച്ചേട്ടൻ ദേഷ്യംകയറിനിൽക്കുകയാണെന്ന് മുതലാളിക്ക് മനസ്സിലായി. ഇനിയും എതിർക്കാൻ നിന്നാൽ ചിലപ്പോൾ സംഗതി വഷളാവും. അതുകൊണ്ട് എങ്ങനെയും പ്രശ്നം അവസാനിപ്പിക്കുന്നതാണ് നല്ലത്. മുതലാളിയുടെ മുഖത്തൊരു അയവ് വന്നു.
ഈ സമയം ത്രേസ്യാമ്മ മകളുടെ കരംകവർന്നുകൊണ്ട് തേങ്ങിക്കരയുകയാണ്. ഏതാനുംദിവസത്തെ ജീവിതം കൊണ്ട് മകളുടെ രൂപത്തിനുവന്ന മാറ്റം ആ മാതാവിനെ വല്ലാതെ വേദനിപ്പിച്ചു. കണ്ണിലെ നനവുകൾ തുടച്ചുകൊണ്ട് സങ്കടത്തോടെ ചോദിച്ചു.
"നീ സമയത്തിന് ഭക്ഷണവും ഉറക്കവുമൊന്നും ഇല്ലേമോളെ.?"
ഇതുകേട്ടുകൊണ്ട് നിന്ന മോളിക്കുട്ടിയും ജാൻസിയും പരസ്പരം നോക്കികൊണ്ട് ചിറികോട്ടി. എൽസമ്മ കണ്ണുനീരോഴുക്കിക്കൊണ്ട് അങ്ങനെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഈ സമയം തോമാച്ചേട്ടൻ ശബ്ദമുയർത്തി പറഞ്ഞു.
"മോള് എന്താ എടുക്കാനുള്ളത് എന്നുവെച്ചാൽ എടുത്തോ... നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോകാം. ഇവിടുള്ളവരൊന്നും മനുഷ്യരല്ല. എല്ലാം എന്റെ തെറ്റാണ്."
ആരും ഒന്നുംമിണ്ടിയില്ല. ഒരുനിമിഷം അവിടെ നിശബ്ദത നിറന്നു. അമ്മയുടെ കൈയിലുള്ള പിടിവിട്ടുകൊണ്ട് കണ്ണുനീർതുടച്ചിട്ട് അപ്പനെനോക്കി എൽസമ്മ പറഞ്ഞു.
"ഞാൻ വരുന്നില്ല അപ്പച്ച... എന്റെ സുഖമില്ലാത്ത ഭർത്താവിനേം ശുഷ്‌റൂശിച്ചുകൊണ്ട് ഞാനിവിടെ ഒതുങ്ങിക്കഴിഞ്ഞോളാം."
തോമാച്ചേട്ടൻ എന്തുപറയണമെന്നറിയാതെ നിന്നു. ത്രേസ്യാമ്മ വിശ്വാസം വരാത്തതുപോലെ മകളെനോക്കി. മോളിക്കുട്ടിയുടെയും ജാൻസിയുടെയും കണ്ണുകളിൽ പുച്ഛം.
"പൊയ്ക്കോ...കല്യാണം കഴിഞ്ഞിട്ട് ഇത്രദിവസമായില്ലേ. ജോർജുകുട്ടി ഇവിടെ നിന്നോളും. മത്തായിച്ചേട്ടനുണ്ടല്ലോ. പോയി രണ്ടുദിവസം കഴിഞ്ഞിട്ട് വന്നാമതി. ഇനി വീട്ടിൽ വിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞുണ്ടാക്കേണ്ട."
തോമസുമുതലാളി ആജ്ഞപോലെ പറഞ്ഞു. എന്നിട്ട് അകത്തേയ്ക്ക് കയറിപ്പോയി.
വിവാഹം കഴിഞ്ഞുപോയ പെൺകുട്ടികൾ വീട്ടിൽ വിരുന്നുവരുന്നത് സാധാരണയാണ്. പക്ഷേ, ഭർത്താവില്ലാതെ ഒറ്റയ്ക്ക് വീട്ടിലെത്തിയ എൽസമ്മയുടെ വരവ് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ വാർത്തയായി.സഹോദരിമാരും ബന്ധുക്കളും അയൽക്കാരുമൊക്കെ അവളെ കാണാനെത്തി. അവർക്കെല്ലാം ചോദിക്കാനുള്ളത് ഒന്നുമാത്രമായിരുന്നു.
"ജോർജുകുട്ടി എന്താണ് വരാത്തത്. അവനുമായി വഴക്കിട്ടിട്ടാണോ എൽസമ്മ വന്നിരിക്കുന്നത്. ഇനി മടങ്ങിപ്പോകുന്നില്ലേ. ജോർജുകുട്ടിക്ക് കാര്യമായി ഭ്രാന്തുണ്ടോ.?"
എന്തൊക്കെപ്പറഞ്ഞാലും ചിലർക്ക് വിശ്വാസമാകുന്നില്ല. ചിലർക്ക് ഉള്ളിൽ സന്തോഷം. ചിലർക്ക് സഹതാപം.എൽസമ്മയ്ക്ക് എല്ലാവരോടും വെറുപ്പ്‌തോന്നി. പലരുടേയും കളിയാക്കൽ കേട്ടില്ലെന്നുനടിച്ചുകൊണ്ട് അവൾ ഒഴിഞ്ഞുമാറി. വരുന്നവർക്കൊക്കെ ചായയെടുത്തും വിരുന്നൊരുക്കിയും ത്രേസ്യാമ്മയും തോമാച്ചേട്ടനും മടുത്തു.
"പാവം എന്റെ കുട്ടി... കണ്ടാലറിയാത്ത കോലമായി. വെളുത്തുതുടുത്തിരുന്ന പെങ്കൊച്ചിന്റെ ഒരു കോലം...ചാകാറായി."
എൽസമ്മയുടെ ഭർത്താവിന് ഭ്രാന്താണെന്നും മാളിയേക്കൽ തറവാട്ടിൽ അവൾ കണ്ണുനീർ കുടിച്ചുജീവിക്കുകയാണെന്നും അറിഞ്ഞ ലക്ഷ്മിച്ചേച്ചി അടങ്ങാത്ത ആകാംഷയോടെ വീണ്ടും ഓരോന്നുചോദിച്ച് എൽസമ്മയുടെ സങ്കടം കണ്ട് ആനന്തം കൊണ്ടു.
"ജോർജുകുട്ടി ആളുകളെ ഉപദ്രവിക്കുമോ മോളെ.?"
"ഇല്ല..."
"ആ തള്ളയും മരുമകളും മഹാ കൂടിയതാണല്ലേ... അവര് നിന്നോട് പോരെടുക്കുമല്ലേ.?"
"ങ്‌ഹും..."
"അവിടെ നേരത്തിനും കാലത്തിനുമൊക്കെ വല്ലതും തിന്നാൻ കിട്ടുമോ.?"
"കിട്ടും..."
"ഒരുപാട് അനുഭവിച്ചല്ലേ ഇത്രദിവസം കൊണ്ട്... ഇനി അങ്ങോട്ട് പോണില്ലേ മോള്."
"പിന്നെ പോകാതെ..."
അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ലക്ഷ്മിച്ചേച്ചിയെ ഒഴിവാക്കി വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങി.തന്നെനോക്കി നിച്ഛലം നിൽക്കുന്ന പശുക്കൾ. മുറ്റത്തിനുചുറ്റും താൻ നട്ടുവളർത്തിയ ചെടികൾ. ഒക്കെയും പൂവിട്ടുനിൽക്കുന്നു. പ്രകൃതിയുടെ ആ മനോഹാരിത ആസ്വദിച്ചുകൊണ്ട് എല്ലാം മറക്കാൻ ശ്രമിക്കവേ അവളുടെ മനസ്സിലേയ്ക്ക് ജോർജുകുട്ടിയുടെ മുഖം കടന്നുവന്നു.
മാളിയേക്കൽ വീട്ടിൽ നിന്നും യാത്രപറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് തിരിക്കും മുൻപുള്ള രംഗം അവൾ ഒരുനിമിഷം മനസ്സിലോർത്തു. ഹൃദയത്തിൽ വല്ലാത്ത നൊമ്പരം പിറവിയെടുക്കുന്നു.
വസ്ത്രംമാറി ബാഗുമെടുത്തുകൊണ്ട് ജോർജുകുട്ടിയോട് പറയാനായി മുറിയിൽ ചെല്ലുമ്പോൾ എല്ലാം കേട്ടുകൊണ്ട് കിടന്ന ഭർത്താവ് അവളെ ദയനീയമായി നോക്കി. എല്ലാം മനസ്സിലാക്കിയതുപോലെ ആ മിഴികൾ ഈറനണിഞ്ഞിരിക്കുന്നു.
"ഞാൻ വീടുവരെ പോയിട്ട് വരാം. അപ്പനും അമ്മയും വന്നിട്ടുണ്ട്."
സങ്കടത്തോടെയാണ് പറഞ്ഞത്. പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാകില്ലെന്നു കരുതി. പക്ഷേ, പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
തന്റെ വാക്കുകൾകേട്ട് ഒരുനിമിഷം തന്നെ തുറിച്ചുനോക്കി ഇരുന്നിട്ട് പെട്ടെന്ന് കരയാൻ തുടങ്ങി. അമ്മ തനിച്ചാക്കി പോകുന്ന കുഞ്ഞിനെയെന്നോണം.
"നീ പോയാ ഇനി വര്വോ...?"
"തീർച്ചയായും... രണ്ടുദിവസം കഴിഞ്ഞിട്ട് ഞാനിങ്ങു വരും. പോകാൻ ആഗ്രഹമുണ്ടായിട്ടല്ല. എല്ലാരും നിർബന്ധിക്കുമ്പോൾ...ജോർജുകുട്ടിയെ കൂടെ കൊണ്ടുപോകണമെന്നുണ്ട് പക്ഷേ, ഇവിടുള്ളവർ അനുവദിക്കില്ല."
കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു. ആശ്വാസവാക്കുകൾ കേട്ട് കരച്ചിൽ നിന്നു. പകരം ചുണ്ടിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.തലകുലുക്കിക്കൊണ്ട് എല്ലാം അനുസരിക്കുന്നു എന്നഭാവം ആ മുഖത്ത് മിന്നി. വല്ലാത്ത സങ്കടം തോന്നി. ഒരിക്കൽക്കൂടി പോകണോ എന്നാലോചിച്ചു.
പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല. പക്ഷേ, ക്രൂരമായ അമ്മായി അമ്മയുടെയും, ചേട്ടത്തിയുടെയും, ഒക്കെ പീഡനത്തിൽ നിന്നും രണ്ടുദിവസം മാറിനിന്നിട്ട് ധൈര്യം വീണ്ടെടുത്തു തിരിച്ചുവരാനൊരാഗ്രഹം.
ഈ സമയം അപ്പനും അമ്മച്ചിയും കൂടി വന്ന് ജോർജുകുട്ടിയോട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് അനുവാദം വാങ്ങി. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ടെന്നപോലെ എല്ലാവരെയും നോക്കി അവൻ മിണ്ടാതിരുന്നപ്പോൾ...ഒരിക്കൽക്കൂടി യാത്രപറഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി.
പൂച്ചെടികൾ കാറ്റിൽ തലയിളക്കിക്കൊണ്ട് അവളോട് ലോഹ്യം പറഞ്ഞു. തൊഴുത്തിൽ നിന്നുകൊണ്ട് മെല്ലെ കരഞ്ഞ് പശുക്കൾ സ്നേഹം പ്രകടിപ്പിച്ചു. ഒരുനിമിഷം അവളുടെ നോട്ടം തൊഴുത്തിന്റെ സൈഡിലുള്ള വാടകവീടിനുനേർക്ക് നീണ്ടു.
സണ്ണിച്ചന്റെരൂപം മനസ്സിൽ തെളിഞ്ഞെങ്കിലും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഭർതൃമതിയായ താനിന്ന് ഒരന്യപുരുഷനെക്കുറിച്ച് ഓർക്കുന്നത് തന്നെ തെറ്റാണെന്ന് അവൾക്കറിയാമായിരുന്നു.
(തുടരും...)