ഭാഗം - 3
വീട്ടുമുറ്റത്തെ ചാമ്പമരച്ചുവട്ടിൽ അകലേയ്ക്ക് നോക്കി നിശ്ചലയായി നിൽക്കുകയാണ് എൽസമ്മ. ചിന്തകൾ കൊണ്ട് ആധികയറിയ മനസ്സിൽ നൊമ്പരങ്ങൾ വിങ്ങൽ പടർത്തി.
അപ്പനും അമ്മയും തമ്മിലുണ്ടായ സംഭാഷണം അവൾ കേട്ടു. നനഞ്ഞൊലിച്ച വസ്ത്രവുമായി വീടിന്റെ പിന്നാമ്പുറത്തുള്ള കുളിമുറിയിലേയ്ക്ക് നടന്നുപോയ അമ്മയെ അവൾ കണ്ടിരുന്നു.
ചാമ്പമരത്തിന്റെ ശിഖിരങ്ങളിൽ നിറയെ പൂക്കളുണ്ട്.കാറ്റടിക്കുമ്പോൾ ഞെട്ടറ്റ മുല്ലമൊട്ടുകൽപോലെ അവ അടർന്നുവീണുകൊണ്ടിരുന്നു.പലപ്പോഴും ഇത് ആസ്വദിക്കാറുള്ള അവൾക്ക് ഇന്ന് വല്ലാത്ത അസ്വസ്ഥത തോന്നി. ചാമ്പമൊട്ടിന്റെ ദുരവസ്ഥ മനസ്സിൽ നൊമ്പരം തീർക്കുന്നു.
അവൾ മുഖമുയർത്തി ചാമ്പമരത്തിന്റെ ശികിരങ്ങൾക്കിടയിലൂടെ മിഴികൾ അയൽവീട്ടിലേയ്ക്ക് നീണ്ടു. പെയ്ന്റടിച്ചു മനോഹരമാക്കിയ ആ ഓടിട്ടവീട് കണ്ടപ്പോൾ അവൾക്ക് എന്തൊക്കെയോ തോന്നി. അവിടെ ആളനക്കമൊന്നും കാണാനില്ല.വാതിലുകളും ജനലുകളുമൊക്കെ അടഞ്ഞുകിടക്കുന്നു.
അന്നത്തെ സംഭവത്തിനുശേഷം സണ്ണിച്ചനെ കണ്ടിട്ടില്ല. അപ്പന്റെ പ്രവർത്തി ആ പാവത്തിനെ വല്ലാതെ നാണംകെടുത്തിയിട്ടുണ്ടാവും. അതിന് കാരണക്കാരി താനാണല്ലോ എന്ന ചിന്ത അവളെ വല്ലാതെ വേദനിപ്പിച്ചു.
"കാണുന്ന വരത്തനും പുതുപ്പണക്കാരനുമൊന്നും ഞാനെന്റെ മോളെ കൊടുക്കൂല. അവളെ കെട്ടിക്കുന്നുണ്ടെങ്കിൽ അതൊരു കുടുംബപാരമ്പര്യമുള്ളവന് തന്നെയായിരിക്കും."
സണ്ണിച്ചൻ കേൾക്കാൻ വേണ്ടിത്തന്നെയാണ് അന്ന് അപ്പൻ അങ്ങനെ വിളിച്ചുപറഞ്ഞത്.ഇനി അയാൾ അത് വെക്തമായി കേട്ടിട്ടില്ലെങ്കിൽ കൂടി പൈലിച്ചേട്ടൻ പറഞ്ഞ് എല്ലാം വെക്തമായി മനസ്സിലാക്കിയിട്ടുണ്ടാവും.
ഏതാനും ദിവസങ്ങളായി ട്യൂഷൻ ക്ലാസ് നടക്കുന്നില്ല. സാറ് ലീവിലാണെന്നു മാത്രം കുട്ടികളോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.ലീവെടുത്ത് എവിടേയ്ക്കാണ് പോയത്. എന്നാണ് ഇനി മടങ്ങിവരിക. അതോ ഇനി എന്നെന്നേക്കുമായി അവധിയെടുത്തുകൊണ്ട് മറ്റൊരു സ്ഥലത്തേയ്ക്ക് താമസം പോകുവോ.?അങ്ങനെയെങ്കിൽ ഇനിയൊരിക്കലും തനിക്ക് സണ്ണിച്ചനെ കാണാൻ കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിലും കണ്ടിട്ടെന്തിനാണ്. നടക്കാത്തതിന് വേണ്ടി ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ. എല്ലാം മറക്കുന്നതാണ് നല്ലത്. അപ്പന്റെ വാശിക്ക് കീഴടങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെന്തു ചെയ്യാനാവും.
അപ്പന്റെ ആവശ്യമില്ലാത്ത പൊങ്ങച്ചവും അപകർശതയും വലിയഭാവവും ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയുമൊക്കെയാണ് തന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയായത്.ഒരിക്കലും ഇതിനെ വിധിയെന്നു കരുതി സമാധാനിക്കാനാവില്ല. സ്വയം തീർത്ത വേലിക്കെട്ട് എങ്ങനെ വിധിയാവും.
സണ്ണിച്ചനെപ്പോലൊരു അന്തസ്സുള്ള യുവാവിനെ എത്രയൊക്കെ സ്ത്രീധനം കൊടുത്താലും കിട്ടിക്കൊള്ളണമെന്നുണ്ടോ. ഒരിക്കലും ഇല്ല. അപ്പന്റെ ഈ തോന്നൽ ചെകുത്താന്റെ പ്രവർത്തി എന്നല്ലാതെ എന്തുപറയാൻ.
ദുഃഖചിന്തകൾ വേദനപ്പടർത്തിയ മനസ്സുമായി അവൾ സൊയംമറന്നുകൊണ്ട് അങ്ങനെ നിൽക്കവേ വീടിനുമുന്നിലെ വഴിയിൽ എന്തൊ വാഹനം വന്നുനിൽക്കുന്ന ശബ്ദം കേട്ടു. മുഖമുയർത്തി അവിടെയ്ക്ക് നോക്കി. പൊടിപറത്തിക്കൊണ്ട് ഒരു ഓട്ടോറിക്ഷ വന്നുനിൽക്കുന്നു.പിന്നാലെ ഒരു ബൈക്കും.
ഓട്ടോറിക്ഷയിൽ നിന്ന് ആരോ പുറത്തിറങ്ങി. അയൽവക്കത്ത് അധികവും സാധാരണക്കാരാണ്.സ്വന്തമായി വണ്ടിയൊന്നും ഇല്ലാത്തവർ.അതുകൊണ്ടുതന്നെ വഴിയിലൂടെ എപ്പോഴും ടാക്ക്സി ഓട്ടോകൾ ഓടിക്കൊണ്ടിരിക്കും. പക്ഷേ, സണ്ണിച്ചന്റെ വീടിനുമുന്നിൽ ഓട്ടോ നിന്നപ്പോൾ അവൾക്ക് ആകാംഷയായി.
"സണ്ണിച്ചൻ..."
എൽസമ്മയുടെ മനസ്സിൽ പെരുന്നാളിന്റെ വെടിക്കെട്ട്. കണ്ണിൽ പൂത്തിരികൾ.അത്ഭുതമെന്തോ കണ്ടതുപോലെ ബൈക്കിൽ നിന്നിറങ്ങിയ സണ്ണിച്ചനെ കണ്ട് അവളുടെ മിഴികളുയർന്നു.
ബൈക്കിൽ സഞ്ചരിക്കുന്ന സണ്ണിച്ചൻ എന്തിനാണ് ഓട്ടോയുമായി വന്നിരിക്കുന്നത്.ഇവിടുന്ന് താമസം മാറിപ്പോകാനാണോ.വീട്ടുസാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ വന്നതാണോ ഈ സമയത്ത്.സന്തോഷം അസ്തമിക്കുകയാണോ, താൻ വിചാരിച്ചതുതന്നെ സംഭവിക്കാൻ പോവുകയാണോ.? ഉള്ളിലെ നീറ്റൽ വീണ്ടും വർധിക്കുകയാണ്.
വീട്ടിനുള്ളിൽ കടന്ന് എന്തൊക്കെയോ കവറുകൾ എടുത്തുകൊണ്ടുവന്നു ഓട്ടോയിൽ വെക്കുകയാണ് സണ്ണിച്ചൻ. കൂട്ടത്തിൽ ചെറുതരം വീട്ടുപകരണങ്ങളൊക്കെ ഓട്ടോയിൽ കയറ്റുകയാണ്.ഈ കാഴ്ച കണ്ടുനിൽക്കാനുള്ള കരുത്തില്ലാതെ എൽസമ്മ മിഴികൾ പിൻവലിച്ചുകൊണ്ട് ഉള്ളിലെ തേങ്ങൽ പണിപ്പെട്ടടക്കിക്കൊണ്ട് മുറിയിലേയ്ക്ക് ഓടി.
ഹൃദയം നുറുങ്ങുന്ന വേദന.തലയിൽ കൈ അമർത്തികൊണ്ട് അവൾ കട്ടിലിൽ കുനിഞ്ഞിരുന്നു തേങ്ങി. ഒച്ച പുറത്തുകേൾക്കാതിരിക്കാനായി ചുണ്ടുകൾ കടിച്ചമർത്തി.ഏതാനും സമയം കഴിഞ്ഞപ്പോൾ പുറത്തുനിന്നും ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതും വീട്ടുസാധനങ്ങളുമായി സണ്ണിച്ചൻ മടങ്ങുകയാണെന്ന് എൽസമ്മയ്ക്ക് മനസ്സിലായി.അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ജനാലക്കരികിലേയ്ക്ക് ചെന്നുകൊണ്ട് പുറത്തേയ്ക്ക് നോക്കി.വേലിക്കപ്പുറം ഇടവഴിയിൽ ഒരിക്കൽക്കൂടി പൊടിപറത്തിക്കൊണ്ട് കുലുങ്ങിക്കുലുങ്ങി നീങ്ങുന്ന ഓട്ടോറിക്ഷ കണ്ടു.പടിഞ്ഞാറു സൂര്യൻ മറയുകയാണ്.നെഞ്ചു വിങ്ങുന്നു.തല ചുറ്റുന്നു.പ്രിയപ്പെട്ടത് പറിച്ചെടുത്തുകൊണ്ടുപോകുന്നതുപോലെ ഓട്ടോ കണ്ണിൽനിന്ന് മറഞ്ഞതും അവൾ മുഖം തുടച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
പൂമുഖത്തേയ്ക്ക് ചെല്ലുമ്പോൾ കണ്ടു. മുറ്റത്ത് ഓട്ടോറിക്ഷ പോയതുംനോക്കി നിശ്ചലയായി നിൽക്കുകയാണ് അമ്മച്ചി. നിസ്സഹായതയുടെ പ്രതിമകണക്കെ.അമ്മയും മകളും എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് വീട്ടുപടിക്കൽ ബൈക്ക് വന്നുനിന്നു. മുണ്ടും ഷർട്ടും ധരിച്ചു ചുണ്ടിൽ നിറപുഞ്ചിരിയുമായി സുന്ദരനായ സണ്ണിച്ചൻ ഇറങ്ങിവന്നു.
എൽസമ്മ അകത്തേയ്ക്ക് പോയി മറയാൻ ഒരുങ്ങുമ്പോൾ ഇരുവരെയും നോക്കി സണ്ണിച്ചൻ പറഞ്ഞു.
"ഓടിയൊളിക്കണ്ട. ഞാൻ യാത്ര പറയാൻ വന്നതാണ്.കുറച്ചുദിവസങ്ങളെ താമസിച്ചുള്ളെങ്കിലും അയൽക്കാരോട് പറയാതെ പോകുന്നത് ശരിയല്ലല്ലോ."
"എങ്ങോട്ടാ സണ്ണിച്ചൻ പോകുന്നത്.?"
"ഇതുപോലെ മറ്റൊരു വാടകവീട്ടിലേയ്ക്ക്."
"ഇവിടെ സ്വസ്ഥതയില്ലല്ലേ...ദൈവത്തെ ഓർത്ത് ഞങ്ങളോട് ക്ഷമിക്ക്."
"എനിക്ക് നിങ്ങളോട് ആരോടും വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. ഇവിടെ ജോലികിട്ടിയപ്പോൾ നിങ്ങടെ അയൽവക്കത്തു വന്നു താമസിച്ചു. എൽസമ്മയെ കണ്ടപ്പോൾ ഇഷ്ടമായി.വിവാഹമാലോചിച്ചു. അവളുടെ അപ്പന് ഇഷ്ടമായില്ല.അതിലെന്താ തെറ്റ്. ഇതൊക്കെ സാധാരണയല്ലേ.ഈ കാര്യത്തിൽ അപ്പനമ്മമാരുടെ തീരുമാനത്തിനല്ലേ പ്രാധാന്യം. അവരെ ബഹുമാനിക്കുകയും അഗീകരിക്കുകയും വേണ്ടേ."
"എന്ത് ചെയ്യാനാ...ഇവടെ അപ്പനൊരു ദുർവാശിക്കാരനാണ്."
ത്രേസ്യമ്മ പറഞ്ഞു.
"ഏയ് അങ്ങനൊന്നും പറയണ്ട.എല്ലാ അപ്പന്മാർക്കും ഉണ്ടാകുമല്ലോ മക്കടെ കാര്യത്തിൽ ചില പ്രതീക്ഷകൾ.ദൈവം തീരുമാനിച്ചതല്ലേ നടക്കൂ. അമ്മച്ചി സങ്കടപ്പെടണ്ട.പിന്നെ അവിടെ കുറച്ച് വിറകുണ്ട്. അത് ഞാൻ കൊണ്ടുപോകുന്നില്ല. ചേട്ടൻ വഴക്ക് പറയില്ലെങ്കിൽ അത് എടുത്തുകൊള്ളൂ. ഞാൻ പോകുന്നു."
മറുപടിക്ക് കാത്തുനിൽക്കാതെ പോകാനൊരുങ്ങി ഒരടി മുന്നോട്ടുവെച്ചിട്ട് സണ്ണിച്ചൻ തിരിഞ്ഞുനിന്നുകൊണ്ട് എന്തൊ ഓർത്തിട്ടെന്നപോലെ മെല്ലെ പറഞ്ഞു.
"ഞാൻ ഇവിടുന്ന് താമസംമാറി പോയെന്നുകരുതി എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ പറയാൻ മടിക്കേണ്ട. എന്നെകൊണ്ട് കഴിയുന്ന എന്ത് സഹായത്തിനും ഞാനെന്നും ഉണ്ടാകും."
അവൻ ബൈക്ക് ഓടിച്ചുപോയി.
എൽസമ്മ തേങ്ങി.ശബ്ദം പുറത്തുവരാതെ തേങ്ങൽ അടക്കിക്കൊണ്ട് അവൾ മുറിയിലേയ്ക്ക് നടന്നു.
ത്രേസ്യാമ്മയുടെ വെളുത്തു മെലിഞ്ഞ ശരീരമാണ്.സൗന്ദര്യംവും കുലീനതയും നിറഞ്ഞ മുഖം.പക്ഷേ, മുഖത്ത് എപ്പോഴും വിഷാദം തളംകെട്ടിനിൽക്കുന്നുണ്ടാകും. ദുഃഖത്തിന്റെയും ദുരിതത്തിന്റെയുമൊക്കെ അടയാളം.ഒന്നിലും അധികം സന്തോഷിക്കുകയോ അധികം ദുഖിക്കുകയോ ചെയ്യാറില്ല. ദൈവത്തെ മറന്നു ഒന്നുംചെയ്യാറില്ല. നാലു പെണ്മക്കളാണെന്ന ഭയം എന്നും അവരെ അലട്ടിക്കൊണ്ടിരുന്നു.
മൂന്നുപെണ്മക്കളെ ഒരുവിധത്തിൽ കെട്ടിച്ചുവിട്ടു. ഒരുപാടൊന്നും കൊടുത്തില്ലെങ്കിലും കഴിവുപോലെ പൊന്നും പണവുമൊക്കെ കൊടുത്താണ് വിട്ടത്.എന്നിട്ടും കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരിൽ മക്കൾ ഇന്നും ദുഃഖം അനുഭവിക്കുന്നുണ്ട്.
ഇടയ്ക്ക് വരുമ്പോൾ ഭർതൃഗ്രഹത്തിലെ പോരുകൾ പറഞ്ഞുകൊണ്ട് മക്കൾ കരയുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്യും. അതുകാണുമ്പോൾ ത്രേസ്യായമ്മയുടെ മാതൃഹൃദയം പിടയും.
മൂത്തമോളെ കെട്ടിച്ചുവിട്ടിടത്തു വലിയ പ്രശ്നങ്ങളില്ല. കർത്താവിന്റെ അനുഗ്രഹം കൊണ്ട് അമ്മായിഅമ്മ പോരോ മറ്റു പ്രശ്നങ്ങളോ ഇല്ല. രണ്ടാമത്തവൾക്കാണ് ദുരിതം. തന്റേടിയും വഴക്കാളിയുമായ അമ്മായിഅമ്മയും അമ്മായിഅച്ഛനും. ദേഷ്യക്കാരനും വാശിക്കാരനുമായ ഭർത്താവ്. ബന്ധം ഉപേക്ഷിച്ചു വന്നുനിൽക്കുന്ന ഒരു നാത്തൂനും മോളും.
മൂന്നാമത്തവളുടെ അവസ്ഥയും ഇതുപോലൊക്കെതന്നെ. മദ്യപാനിയും അലസനുമായ ഭർത്താവ്. കുടുംബപാരമ്പര്യവും സമ്പത്തിന്റെ മഹിമയും പറഞ്ഞു പൊങ്ങച്ചം നടിക്കുന്ന മാതാപിതാക്കൾ. പക്ഷേ, അവൾ നിൽക്കാൻ പഠിച്ചവളാണ്. ഒരുവിധം പോരെടുക്കലിലൊന്നും അവൾ തളരില്ല. എന്തിനും വീറോടെ ചെറുത്തുനിൽക്കും.
മക്കൾ വീട്ടിൽ വരുമ്പോഴൊക്കെ ഇതുപറഞ്ഞുകൊണ്ട് ത്രേസ്യാമ്മയോട് വഴക്കുണ്ടാക്കും. അപ്പനും അമ്മയും കുടുംബമഹിമയും പാരമ്പര്യവുമൊക്കെ പറഞ്ഞുകെട്ടിച്ചുവിട്ടതാണ്. എന്നിട്ടോ... ഇതൊന്നും കൊണ്ട് കാര്യമില്ല. ഇന്നത്തെകാലത്ത് പണം വേണം.
"അതെങ്ങനാ മക്കൾക്ക് അപ്പൻ തന്നാലല്ലേ ഉള്ളൂ."
"എടീ മക്കളെ അപ്പന്റെ വരുമാനം എന്തൊക്കെയാണെന്നു നിങ്ങൾക്ക് അറിയില്ലേ.?"
ത്രേസ്യാമ്മ മക്കളെ സമാധാനിപ്പിക്കും.
"അപ്പന്റെ കൂട്ടുകാരനായ പാപ്പച്ചൻ ചേട്ടൻ മക്കൾക്ക് എന്തൊക്കെ കൊടുത്തു എന്നറിയുമോ.?"
"അതുപിന്നെ അയാള് രാഷ്ട്രീയത്തിലൊക്കെ ഇറങ്ങി ഒരുപാട് ഉണ്ടാക്കിയിട്ടില്ലേ. പോരാത്തതിന് അയാൾക്ക് നല്ല ബിസിനസ്സുമുണ്ട്."
"ഇവിടെ അപ്പനും കുറെയായില്ലേ പാർട്ടി കളിച്ചു നടക്കുന്നു."
"എന്നുകരുതി...പാർട്ടിക്കാർ പണം കൊണ്ടുത്തരുമോ.?"
"കൊണ്ടുതരില്ല. ചോദിച്ചുമേടിക്കണം. പണം ഉണ്ടാക്കാൻ പഠിക്കണം. എല്ലാവരും കള്ളന്മാരല്ലേ. അങ്ങനല്ലേ പണക്കാരായത്."
"നിറുത്തെടീ നിന്റെ പ്രസംഗം. പ്രസ്ഥാനത്തേയും നേതാക്കന്മാരെയും തള്ളിപ്പറഞ്ഞാലുണ്ടല്ലോ കൊന്നുകളയും ഞാൻ."
തോമച്ചേട്ടൻ മക്കൾക്ക് നേരെ കയർക്കും. പിന്നീട് മക്കൾ പോയിക്കഴിയുമ്പോൾ അവർ പറഞ്ഞതിലും കാര്യമില്ലേ എന്നോർത്തുകൊണ്ട് നെടുവീർപ്പുതിർക്കും.
ഇനി ഒരാളെകൂടി കെട്ടിച്ചയക്കാനുണ്ട്. ഒരുതരി പൊന്നോ, ഒരു രൂപയോ കൈയിലില്ല. വിൽക്കാനോ പണയം വെക്കാനോ കിടപ്പാടമല്ലാതെ ഒന്നുമില്ല. കർത്താവ് ഒരു വഴികാണിച്ചുതരാതിരിക്കില്ല.അവൻ കരുണാമയനും എല്ലാ അറിയുന്നവനുമാണ്.
മണ്ണിൽ പണിയെടുത്തും പശുക്കളെ വളർത്തിയും രാഷ്ട്രീയം കളിച്ചുമൊക്കെ കാലം കടന്നുപോയി.വയസ്സായിരിക്കുന്നു. പുറമെ തണ്ടും തടിയുമൊക്കെ ഉണ്ടെങ്കിലും ആരോഗ്യം ദുർബലമാണ്.വെറും ചണ്ടി.സർക്കാർ പെൻഷൻ കൂട്ടിയത് നന്നായി. ഇല്ലെങ്കിൽ പലതും മുടങ്ങിയേനെ.
എത്രയോ പേർക്കുവേണ്ടി കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കൃത്യമായി ഓർമ്മയില്ല. ഒരുപാടുപേരെ ഉയരങ്ങളിലെത്താൻ സഹായിച്ചിട്ടുണ്ട് അതുറപ്പ്.ഒരുകാര്യം നാട്ടിൽ പാട്ടാണ്...ഇന്ന് പഞ്ചായത്തിലും ബ്ലോക്കിലുമൊക്കെ ഇരിക്കുന്ന പ്രമുഖർക്കൊക്കെ വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പലപ്പോഴും ആ ഓർമ്മവെച്ചുകൊണ്ട് അവരെ കാണുമ്പോൾ സ്ഥലം മറന്നു അധികാരം പ്രകടിപ്പിക്കാറുണ്ട്.
ഇന്ന് രാപകൽ ജോലിചെയ്താലാണ് അഞ്ഞൂറുരൂപ ഉണ്ടാക്കാനാവുക.കർഷകൻ പണിയെടുത്തുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കാർക്കും കച്ചവടക്കാർക്കുമാണ്.പണിയെടുത്തു ഉണ്ടാക്കുന്നവന് ഒരിക്കലും ഗതി ഉണ്ടാകരുതെന്നാവും സമൂഹത്തിന്റെ തത്വം.
"തോമാചേട്ടനും വേണം പാർട്ടിയിൽ ഒരു നല്ല സ്ഥാനം."
ഒരിക്കൽ പാപ്പച്ചന്റെ മൂത്തമരുമകൻ വഴിയിൽ വെച്ചുകണ്ടപ്പോൾ പറഞ്ഞു.എതിർപാർട്ടിക്കാരനാണ് അവൻ.പാർട്ടി ഏരിയസെക്രട്ടറി. യുവനേതാവ്.എന്നിങ്ങനെയെല്ലാം പേരെടുത്തവൻ.
"ചേട്ടൻ പാർട്ടിയൊന്നു മാറ്. ബാക്കിയൊക്കെ ഞങ്ങൾ ഏറ്റു."
"നിന്റെ തന്തയോട് ചെന്നു പറ.എന്നെ അതിന് കിട്ടില്ല."
വല്ലാത്ത ദേഷ്യത്തോടെ ചേട്ടൻ അന്ന് അവനുനേരെ കയർത്തു.പിന്നീടൊരിക്കൽപോലും അവൻ ചേട്ടന്റെ കണ്മുന്നിൽ വരാറില്ല.
വർഷങ്ങളായി ഒരേ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്യുന്നത് കണ്ടിട്ട് മറ്റുപല നേതാക്കന്മാർക്കും സഹിക്കുന്നില്ലെന്നു തോമച്ചേട്ടന് അറിയാം.
പതിവുപോലെ ഉച്ചയ്ക്കുശേഷം കറന്നെടുത്ത പാല് ടൗണിൽ കൊണ്ടുപോയി കൊടുത്തിട്ട് വീട്ടിലേയ്ക്ക് നടക്കുകയാണ് ചേട്ടൻ.വെയിൽ കത്തിക്കാളുന്നുണ്ട്. പക്ഷേ, ക്ഷീണം തോന്നിയില്ല. തളർന്നാൽ പറ്റില്ല. വീട്ടിൽ ചെന്നിട്ട് ഇനിയും ഒരുപാട് ജോലികളുണ്ട്.ഒരുമാസത്തെ പാലിന്റെ പൈസ കൈയിലുണ്ട്. അതിന് നൂറുകൂട്ടം ആവശ്യങ്ങളും.
ചിന്തകളിൽ മുഴുകി പാൽപാത്രവും തൂക്കി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ട്യൂഷൻ കഴിഞ്ഞു കുട്ടികൾ വഴിയരികിലൂടെ നടന്നുപോകുന്നത് കണ്ടു. ഒരുനിമിഷം തോമാച്ചേട്ടൻ സണ്ണിച്ചനെ കുറിച്ചോർത്തു.
അവനിപ്പോൾ എവിടാണ് താമസിക്കുന്നത്.നല്ല ചെറുപ്പക്കാരനായിരുന്നു. സുന്ദരനും സൽസ്വഭാവിയും.പലപ്പോഴും ആ വിവാഹലോചന നടത്താതിരുന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ട്. പാരമ്പര്യത്തിന്റെയും സ്വത്തിന്റെയും പേര് പറഞ്ഞുകൊണ്ട് അവനെ തള്ളിപ്പറഞ്ഞു.ഇതെല്ലാം ഉള്ള വീട്ടിലാണ് മൂന്നുമക്കളെ കെട്ടിച്ചുവിട്ടത് എന്നിട്ടും അവരുടെ ഇപ്പോഴത്തെ സ്ഥിതി.
ഏയ് എന്തുതന്നെയായാലും ശരി. സണ്ണിച്ചനെപ്പോലൊരുവനെക്കൊണ്ട് മകളെ കെട്ടിക്കാനാവില്ല. സമ്പത്തുമാത്രമല്ല അവനില്ലാത്തത്.പാർട്ടിയും മതവുമൊന്നും ഇല്ലാത്തവനാണ് അവൻ.വിദ്യാഭ്യാസം നേടിയതിന്റെ അഹങ്കാരം.പാർട്ടിക്കാരെയും പാർട്ടിയെയും മത മേലദികാരികളെയുമൊക്കെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള അവന്റെ ലേഖനങ്ങൾ താനും വായിച്ചതാണ്. കൃസ്ത്യാനികളുടെ മാനം കളയാൻ പിറവിയെടുത്തവൻ എന്ന് തോന്നിയിട്ടുണ്ട്.
റോഡരികിൽ തല ഉയർത്തിനിൽക്കുന്ന പാപ്പച്ചന്റെ ഇരുന്നില്ല വീട് കണ്ടു.ആൾ മുറ്റത്തുനിന്നുകൊണ്ട് പണിക്കാർക്ക് എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുകയാണ്. തന്റെയൊപ്പം ഈ നാട്ടിൽ എത്തിച്ചേർന്നവനാണ് പാപ്പച്ചൻ. തന്നെപോലെ പണിയെടുത്ത് കഴിഞ്ഞുകൂടിയവൻ.പക്ഷേ, ഇന്ന് അവൻ തന്നേക്കാൾ ഒരുപാട് ഉയരത്തിലെത്തിയിരിക്കുന്നു.കർത്താവ് അനുഗ്രഹിക്കുന്നതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.തോമാച്ചേട്ടൻ മനസ്സിൽ ചിന്തിച്ചു.
പിന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടിയൊച്ച കേട്ടു. റോഡിന്റെ അരികുചേർന്നുനടന്നിട്ടും ചേട്ടൻ കുറച്ചുകൂടി ഒതുങ്ങിനിന്നുകൊണ്ട് തിരിഞ്ഞു കാറിനുനേർക്ക് നോക്കി.വെളുത്ത പുത്തൻ കാറ് മെല്ലെവന്നു ചേട്ടന്റെ അരികിൽ നിന്നു. സൂര്യപ്രകാശം തട്ടി അതിന്റെ കണ്ണാടി മിന്നിതിളങ്ങി.ഒരുനിമിഷം കാറിനുള്ളിൽ നിന്ന് വെളിയിലേയ്ക്ക് തലയിട്ടുകൊണ്ട് തന്നെനോക്കി പുഞ്ചിരിച്ച ആളെകണ്ടു ചേട്ടൻ അമ്പരന്നു.വെളുത്തുതുടുത്ത മുഖത്ത് പുഞ്ചിരി വിരിയിയിച്ചുകൊണ്ട് പറഞ്ഞു.
"തോമാചേട്ടൻ പാല് കൊടുക്കാൻ പോയതാണല്ലേ...വരൂ വീട്ടിൽ ഇറക്കം."
കാറിന്റെ ഡോർ തുറന്നുകൊടുത്തുകൊണ്ട് അയാൾ ക്ഷണിച്ചു. ഒരുനിമിഷം മടിച്ചുനിന്നിട്ട് പാൽപാത്രവുമായി കാറിന്റെ ഡോറിനുനേർക്ക് നടക്കുമ്പോൾ കാറിലിരിക്കുന്ന ആളെക്കുറിച്ച് ചേട്ടൻ ഓർക്കുകയായിരുന്നു.
'മാളിയേക്കൽ തോമസ്'. പേരെടുത്ത ബിസ്സിനസ്സുകാരൻ.അനവധി ഭൂസ്വത്തിന്റെ ഉടമ.പണക്കാരനാണെങ്കിലും അതിന്റെ അഹങ്കാരം ഒട്ടുമില്ല. നല്ല സമീപനവും സംസാരവും.
ചേട്ടൻ കാറിൽ കടന്നിരുന്നുകൊണ്ട് ഡോറടച്ചു.കാർ മെല്ലെ മുന്നോട്ട് നീങ്ങി.വിശേഷങ്ങൾ തിരക്കിക്കൊണ്ട് അയാൾ ചോദിച്ചു.
"ചേട്ടാ നല്ലൊരു പെണ്ണ് വേണം.സ്ത്രീധനമൊന്നും വേണ്ട. കാണാൻ സുന്ദരിയായിരിക്കണം.നല്ല സ്വഭാവം ഉണ്ടായിരിക്കണം. പിന്നെ ധൈവഭയമുള്ളവളാവണം.ചേട്ടന്റെ അറിവിലെങ്ങും ഉണ്ടോ.?"
"ആർക്കാണ്.?"
"മറ്റാർക്കുമല്ല. എന്റെ ഇളയമോന് തന്നെ."
"അവനെന്തോ സുഖക്കേട് ഉള്ളതല്ലേ.?"
"ഏയ് അതൊക്കെ ആളുകൾ വെറുതേ പറഞ്ഞുണ്ടാക്കുന്നതാ.ഇപ്പോൾ ഒരുപ്രശ്നവും ഇല്ല."
"ശരിയാ ഇന്നത്തെ കാലത്ത് ഇതൊക്കെ അത്രവലിയ കാര്യമാണോ.ചികിൽസിച്ചാൽ മാറാവുന്നതല്ലേയുള്ളൂ."
"മാളിയേക്കൽ കുടുംബത്തിലേയ്ക്ക് കെട്ടിക്കൊണ്ടുപോകാൻ പറ്റിയ പെൺകുട്ടിയൊന്നും എന്റെ അറിവിലില്ല.വെറുതേ നോക്കാന്ന് പറയുന്നതിൽ കാര്യമില്ലല്ലോ."
ചേട്ടൻ പറഞ്ഞൊഴിയാൻ ശ്രമിച്ചു.
"അതൊക്കെയുണ്ട്. ചേട്ടന് ഇഷ്ടക്കേട് ഉണ്ടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ... നമുക്കിടയിൽ ഒരു മൂന്നാമന്റെ ആവശ്യമില്ല അതുകൊണ്ട് തുറന്നു ചോദിക്കുവാ... ചേട്ടന്റെ മോളെ കെട്ടിച്ചു തന്നുകൂടെ.?"
"ഈശോയെ..."
തോമാച്ചേട്ടൻ ഞെട്ടിക്കൊണ്ട് നെഞ്ചിൽ കൈവെച്ചു സ്തംഭിച്ചിരുന്നുപോയി. താൻ കേട്ടത് സത്യമോ മിഥ്യയോ എന്നറിയാതെ.
(തുടരും...)