അവൾ ഉറങ്ങിയില്ല. ശരീരവും മനസ്സും നീറിപ്പിടയുകയാണ്. ഏറെയും നീറ്റൽ മനസ്സിനാണ്. അപ്പൻ അവളെ തല്ലി. കാപ്പിവടി ഒടിയുന്നതുവരെ. ആദ്യമായിട്ടാണ് അപ്പൻ ഇങ്ങനെ ദയയില്ലാത്തവിധം തല്ലുന്നത്. സഹിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും കഴിയുന്നില്ല.
സങ്കടം അലയടിക്കുകയാണ്. മനസ്സ് നീറിപ്പുകയുന്നു. നിലക്കാത്ത ഉറവപോലെ കണ്ണുനീർ കവിളിലൂടെ ചാലിട്ട് ഒഴുകുന്നുണ്ട്. അവൾ കട്ടിലിൽ കിടന്നുകൊണ്ട് ശബ്ദമില്ലാതെ തേങ്ങി. ചുറ്റും കൂട്ടിന് കൂരാക്കൂരിരുട്ടും കുളിരും. ഇടയ്ക്ക് നിയന്ത്രണ മറ്റുകൊണ്ട് ചില തേങ്ങലുകൾ പുറത്തേയ്ക്ക് ഉയർന്നുപൊങ്ങി.
തോമാച്ചേട്ടന്റെ ഇളയമോളാണ് എൽസമ്മ. വെളുത്തുമെലിഞ്ഞ സുന്ദരിപ്പെണ്ണ്. തുടുത്ത കവിളുകളും വിസ്മയം കൊള്ളുന്ന കരിംകൂവള മിഴികളും. ശാലീനതയുടെ പൂർണ്ണരൂപം. ഭംഗിയുള്ള മൂക്കിനുതാഴെ ചെന്തൊണ്ടിപ്പഴംപൊലെ ചുവന്നുതുടുത്ത ചുണ്ടുകൾ.
എൽസമ്മ വീടിന്റെ വിളക്കാണ്. അയൽക്കാരുടെയൊക്കെയും കണ്ണിലുണ്ണി.മാതാപിതാക്കളുടെ അരുമ സന്തതി. തൊട്ടാവാടിപോലത്തെ പ്രകൃതമാണ് അവളുടേത്. നിസ്സാരകാര്യങ്ങൾക്ക് സങ്കടം കൊള്ളുകയും ചെറിയ തമാശകൾക്കു പോലും പൊട്ടിച്ചിരിച്ചുകൊണ്ട് സന്തോഷം കൊള്ളുകയും ചെയ്യുന്ന അവൾ ഭൂമിയെ ഒട്ടും നോവിക്കാതെയാണ് നടപ്പും ഇരിപ്പുമെല്ലാം.
ദുഃഖം നിറഞ്ഞ മനസ്സിനെ ഉറക്കംപോലും കൈവിട്ടിരിക്കുന്നു.ഒരു നിശ്വാസത്തോടെ അവൾ തിരിഞ്ഞുകിടന്നു. തലയണയിൽ മുഖമമർത്തി കണ്ണുനീർ തുടച്ചുകൊണ്ട് ജനാല വിടവിലേയ്ക്ക് നോക്കികൊണ്ട് അവൾ പകല് നടന്ന സംഭവങ്ങളെക്കുറിച്ചും അടികിട്ടിയ രംഗത്തേക്കുറിച്ചുമൊക്കെ ഒരിക്കൽക്കൂടി ഓർത്തു.
കലികയറിയ അപ്പൻ.നരച്ച മീശരോമങ്ങൾ വിറകൊള്ളുന്നുണ്ടായിരുന്നു. കണ്ണുകൾ രണ്ടും തീക്കട്ടപോലെ.ചുളിവുവീണ നെറ്റിത്തടത്തിലും മൂക്കിൻതുമ്പത്തും വിയർപ്പുകണങ്ങൾ മൊട്ടിട്ടുനിന്നു. കൈയിൽ പശുവിനെ തല്ലുന്ന കാപ്പിവടി.
അമ്മച്ചി ഓടിവന്നു പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ കലികയറിയ അപ്പൻ തല്ലികൊന്നേനെ. വടിവാങ്ങി വലിച്ചെറിഞ്ഞുകൊണ്ട് അമ്മച്ചി പറഞ്ഞു.
"നിങ്ങക്ക് ഭ്രാന്ത് പിടിച്ചോ... കെട്ടിക്കാൻ പ്രായമായ ഈ പെങ്കൊച്ചിനെ ഇങ്ങനെ തല്ലിച്ചതക്കാൻ."
ആറടിയോളം ഉയരവും അതിനൊത്ത വണ്ണവും പണിതുറച്ച ശരീരവുമുള്ള ആളാണ് തോമാച്ചേട്ടൻ.എന്നിട്ടും മെല്ലിച്ചുണങ്ങിയ ഭാര്യയുടെ വാക്കുകൾക്ക് മുന്നിൽ അദ്ദേഹം കലിയടക്കി.
തല്ലിയത് കൂടിപ്പോയി എന്ന് മനസ്സിലായതുകൊണ്ടാവും ശിക്ഷിക്കൽ മതിയാക്കിയത്.തല്ല് മതിയാക്കിയെങ്കിലും കലി അടങ്ങിയിരുന്നില്ല. മുറ്റത്തിറങ്ങിനിന്നുകൊണ്ട് അയൽവക്കത്തേക്ക് നോക്കി ഉച്ചത്തിൽ ഗർജിച്ചുകൊണ്ട് വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
അപ്പനെ ഇത്രമേൽ കോപിഷ്ടനാക്കാൻ മാത്രം താനെന്തു തെറ്റാണു ചെയ്തത്.എൽസമ്മ മനസ്സിൽ ചിന്തിച്ചു. അവളുടെ മനസ്സിൽ പലതും ഒരിക്കൽക്കൂടി തെളിഞ്ഞുവന്നു.
സൂര്യൻ ചാഞ്ഞുതുടങ്ങിയ വൈകുന്നേരസമയം.തോളിൽകിടന്ന തോർത്തുമുണ്ടുകൊണ്ട് വിയർപ്പക്കറ്റിക്കൊണ്ടാണ് മധ്യവയസ്കനായ 'പൈലി ചേട്ടൻ' വീട്ടിലേയ്ക്ക് കയറിവന്നത്.പുഞ്ചിരിയോടെ അപ്പനെനോക്കി സ്തുതി പറഞ്ഞിട്ട് അയാൾ പൂമുഖത്തേയ്ക്ക് കയറി.
"എന്തൊക്കെയുണ്ട് പൈലി വിശേഷങ്ങൾ.ഇതുവഴിയൊക്കെ കണ്ടിട്ട് കുറെയായല്ലോ.?"
അപ്പൻ ചോദിച്ചു.
"എന്ത് വിശേഷം.വിശേഷങ്ങളൊക്കെ നിങ്ങളെപ്പോലുള്ളവർക്കല്ലേ."
ചേട്ടൻ പുഞ്ചിരിയോടെ മറുപടി നൽകി.
"അതെന്താടോ ഞാനറിയാത്ത ഒരു വിശേഷം എനിക്ക്."
അപ്പൻ ഗൗരവത്തോടെ ചോദിച്ചു.
"അതൊക്കെയുണ്ട്. വല്ലാത്തൊരു ഭാഗ്യമല്ലേ വന്നുചേർന്നിരിക്കുന്നെ."
"ആഹാ അതുകൊള്ളാല്ലോ... എനിക്കെന്താ വല്ല ലോട്ടറിയും അടിക്കാൻ പോകുന്നുണ്ടോ.?"
"ഇത് അതിലും വലിയ ഭാഗ്യമാണെന്ന് വെച്ചോളൂ."
ചേട്ടൻ ഒന്ന് ചിരിച്ചു.
"നിന്റെയൊരു നേരംപോക്ക് കളിക്കാതെ കാര്യം എന്താണെന്നുവെച്ചാൽ മനസ്സിലാകുംവിധം പറയ്.എന്ത് കോളുംകൊണ്ടാണ് താനിപ്പോൾ വന്നിരിക്കുന്നത്.?"
"ഇതാണ് കുഴപ്പം. ഞാൻ എന്തൊരു നല്ലകാര്യവും കൊണ്ട് വന്നാലും ചേട്ടന് ഇഷ്ടമാവില്ല.എന്റെയൊരു ഗതികേട്."
"താൻ കൊണ്ടുവന്നിട്ടുള്ളതൊക്കെ അതുപോലത്തെ ഇടപാടുകളാണ്.അതുവിട് താനിപ്പോൾ വന്നകാര്യം പറയ്."
"അതെ...മകൾക്ക് നല്ലൊരു കല്യാണാലോചന ഒത്തുവന്നിട്ടുണ്ട്. അത് പറയാനാണ് ഞാനിപ്പോൾ വന്നത്."
"ഇത് ഇപ്പോൾ ആദ്യമായിട്ടൊന്നും അല്ലല്ലോ. എത്രയോ നല്ല ആലോചനകൾ വന്നതാണ്.പൈസയില്ലാത്തതുകൊണ്ടല്ലേ അതൊന്നും നടക്കാണ്ടിരുന്നത്.?"
"അതല്ലേ ഞാനും പറഞ്ഞുവന്നത്.ഒരു ഭാഗ്യം ഒത്തുവന്നിട്ടുണ്ടെന്ന്. കേട്ടോളൂ...പൊന്നും പണവുമൊന്നും ഇല്ലാതെ തന്നെ നിങ്ങടെ മോളെ കെട്ടാൻ ഒരു സുന്ദരൻ ചെറുക്കൻ തയ്യാർ."
"അതാരാ ആ പുണ്യവാളൻ.അങ്ങനൊരുത്തൻ വരണേൽ അവന് എന്തേലും കുറവ് ഉണ്ടാകണമല്ലോ. വെറുതേ തെക്കുവടക്കു നടക്കുന്നവനൊന്നും ഞാനെന്റെ മകളെ കൊടുക്കില്ല."
"ഞാനൊന്നു പറഞ്ഞുതീർത്തോട്ടെ എന്നിട്ട് നിങ്ങള് പറയ്....ആള് പൊട്ടനൊന്നുമല്ല. നല്ല സൗന്ദര്യവും, പഠിപ്പും, സമ്പത്തുമൊക്കെ ഉള്ളവൻ തന്നെയാണ്.ആളെ നിങ്ങൾ അറിയുകയും ചെയ്യും."
"അതാരാ ആള്.?"
"മാറ്റാരുമല്ല നിങ്ങടെ അയൽവക്കത്തു പുതുതായി വാടകയ്ക്ക് താമസത്തിന് വന്ന 'സണ്ണിച്ചൻ' തന്നെ."
"ചീ പൊക്കോ എന്റെ കണ്മുന്നിൽ നിന്ന്. ഇത്തരം ആലോചനയുംകൊണ്ട് ഇനിമേലിൽ ഇവിടെ വന്നുപോകരുത്."
"അതെന്താ ചേട്ടാ ഈ ആലോചനയ്ക്ക് കുഴപ്പം.സണ്ണി നല്ല ചെറുപ്പക്കാരനല്ലേ.ആവശ്യത്തിന് വിദ്യാഭ്യാസവും, സൗന്ദര്യവും, അത്യാവശ്യം സമ്പത്തും നമ്മളെപ്പോലെതന്നെ കർത്താവിൽ വിശ്വസിക്കുന്ന സത്യക്രിസ്ത്യാനി കുടുംബം."
"മതി നിന്റെ പ്രസംഗം. എനിക്ക് ദേഷ്യം വരുന്നതിനുമുൻപ് പൊയ്ക്കോ അതാ നല്ലത്.ഇല്ലെങ്കിൽ എന്റെ വായിൽ നിന്ന് ഇനിയും വല്ലതുമൊക്കെ കേൾക്കും."
അതൊരു ആജ്ഞപോലെയായിരുന്നു. പൈലിചേട്ടന്റെ ശബ്ദം പിന്നെ ഉയർന്നുകേട്ടില്ല. അയാൾ അവിടേയ്ക്ക് കടന്നുവരാൻ തോന്നിയ നിമിഷത്തെ മനസ്സിൽ ശപിച്ചുകൊണ്ട് മുറ്റംവിട്ടുപോയിട്ടുണ്ടാവണം.
ഉള്ളിൽ വല്ലാത്ത സങ്കടവും ഭയവുമൊക്കെ തോന്നിയ നിമിഷങ്ങൾ.
സണ്ണിച്ചനും വീട്ടുകാരും കേൾക്കാനാണ് അപ്പൻ മുറ്റത്തിറങ്ങിനിന്ന് ഉച്ചത്തിൽ പൈലി ചേട്ടനോട് ശബ്ദമുയർത്തിയത്.ആ നല്ലമനുഷ്യർക്ക് ഉണ്ടായ അപമാനത്തെക്കുറിച്ചോർത്തപ്പോൾ മനസ്സ് നൊന്തു. ഒരുനിമിഷത്തേയ്ക്ക് എല്ലാം മറന്നുകൊണ്ട് സർവ്വനിയത്രണവും അറ്റുകൊണ്ട് പുറത്തേയ്ക്ക് ചെന്നു.
മുറ്റത്തേയ്ക്ക് ഓടിച്ചെന്നുകൊണ്ട് കലികയറി അയൽക്കാരെ ചീത്തവിളിച്ചുകൊണ്ട് നിന്ന അപ്പനെനോക്കി താൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.ആ സമയത്ത് അതിനുള്ള ധൈര്യം എവിടുന്നു കിട്ടി എന്നറിയില്ല.
"സണ്ണിച്ചനെ എനിക്ക് ഇഷ്ടമാണ് അപ്പാ.അതുകൊണ്ടാണ് പൈലി ചേട്ടനെ ഇങ്ങോട്ട് ആലോചനയുമായി പറഞ്ഞുവിട്ടത്."
"എന്തുപറഞ്ഞെടി പിഴച്ചവളെ നീ...നിന്നെയിന്നു ഞാൻ..."
അതൊരു അലർച്ചയായിരുന്നു. കലികയറിക്കൊണ്ട് തൊഴുത്തിനുനേരെ ഓടിച്ചെന്ന് ഇറമ്പിൽ തിരുകിവെച്ചിരുന്ന കാപ്പിവടി എടുത്തുകൊണ്ടുവന്ന് മുന്നും പിന്നും നോക്കാതെ ശരീരത്തിൽ തലങ്ങുംവിലങ്ങും തല്ലി.
എൽസമ്മ തന്റെ കൈത്തണ്ടയിലെയും കാൽവണ്ണയിലെയും അടികൊണ്ടു തിണർത്ത പാടുകളിൽ തടവിക്കൊണ്ട് നെടുവീർപ്പുതിർത്തു. ഒഴുകിയിറങ്ങിയ കണ്ണുനീർ കൈകൊണ്ട് തുടച്ചുമാറ്റി.അവളുടെ വിങ്ങുന്ന മനസ്സിൽ നിന്ന് മൂർച്ചയുള്ള ഒരുപാട് ചോദ്യങ്ങൾ പിറവിയെടുത്തു.
സണ്ണിച്ചനെ ഇഷ്ടമാണെന്ന് പറഞ്ഞത് അത്ര വലിയ തെറ്റാണോ.? ഒരു യാഥാസ്തികയായ പ്രായപൂർത്തിയായ പെണ്ണിന് ഇഷ്ടാനിഷ്ടങ്ങൾ പാടില്ലെന്നുണ്ടോ.? ഹൃദയത്തിന്റെ അന്തരാത്മാവിൽ പ്രണയത്തിന്റെ എഴുനിറമുള്ള മഴവില്ലുകൾ വിരിയിച്ചുകൂടെ.?
വിലക്കപ്പെട്ടതൊന്നും ഇതുവരെ ആഗ്രഹിച്ചിട്ടില്ല. വീടിനും നാടിനും കൊള്ളരുതാത്തതൊന്നും പ്രവർത്തിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് അപ്പൻ ഇങ്ങനെ കലിയെടുത്തത്.ഭാഗ്യംകൊണ്ട് വന്നുചേർന്ന ഒരവസരത്തെ എന്തിനാണ് പുറംകൈകൊണ്ട് തട്ടിത്തെറിപ്പിച്ചത്.സുന്ദരനും സൽസ്വഭാവിയും വിദ്യാസമ്പന്നനുമായ സണ്ണിച്ചനെ എന്തുകൊണ്ടാണ് അപ്പന് ഇഷ്ടപ്പെടാത്തത്.
കൃഷിചെയ്തും പശുക്കളെ വളർത്തിയും കുടുംബത്തെ നോക്കുകയും മൂന്ന് പെണ്മക്കക്കളെ പഠിപ്പിച്ചു കെട്ടിച്ചയക്കുകയും ചെയ്ത ആളാണ് തോമാച്ചേട്ടൻ. ഉണ്ടായിരുന്ന സമ്പാദ്യമൊക്കെ ചേർത്ത് മൂത്തമോളെ കെട്ടിച്ചയച്ചു. കടംമേടിച്ചും ബാങ്കിൽനിന്ന് ലോണെടുത്തുമൊക്കെയാണ് രണ്ടാമത്തവളെ കെട്ടിച്ചയച്ചത്.ആ കടം വീട്ടിയതും മൂന്നാമത്തവളെ കെട്ടിച്ചയച്ചതും ആകെയുള്ള ഒരേക്കർ സ്ഥലത്തുനിന്നും എഴുപത്തിയഞ്ചുസെന്റ് സ്ഥലം വിറ്റിട്ടാണ്. ഇനിയുള്ളത് ഇരുപത്തഞ്ചുസെന്റു ഭൂമിയും പഴയൊരു ഓടുമേഞ്ഞ വീടും ഒരു കന്നുകാലി തൊഴുത്തുമാണ് അതുകൂടി പോയാൽ പിന്നെ വാടകവീടുതന്നെ ശരണം.
"ഇനി സ്ത്രീധനം കൊടുത്തു കെട്ടിക്കാൻ എന്നെകൊണ്ട് ആവില്ല. അത് വേണ്ടാത്ത ആരെങ്കിലും വന്നാൽ നോക്കാം."
ഇടക്കൊക്കെ തോമാച്ചേട്ടൻ ആരോടെന്നില്ലാതെ പറയും. അപ്പോൾ ഭാര്യ ത്രേസ്യാമ്മ പ്രതികരിക്കും.
"എങ്കിൽ മോള് മൂത്തുനരച്ചു വീട്ടിലിരിക്കത്തേയുള്ളൂ."
"എടി ത്രേസ്യേ എന്റെ മോള് സുന്ദരിയാണ്. അതിനുതക്ക പഠിപ്പും കഴിവും അവൾക്കുണ്ട്. അവളെ കെട്ടാൻ തക്ക കുടുംബത്തിൽ പിറന്ന യോഗ്യന്മാർ വരും. നീ നോക്കിക്കോ."
ആ യോഗ്യത സണ്ണിച്ചനില്ലേ. എൽസമ്മ സ്വയം മനസ്സിൽ ചോദിച്ചു. എന്നിട്ടും അപ്പൻ ഇങ്ങനെ ദേഷ്യപ്പെടാൻ പൈലി ചേട്ടനെ ആട്ടിയോടിക്കാൻ എന്താണ് കാരണം.?
ഓർമ്മകളുടെ വെള്ളിമാനത്ത് അവന്റെ മുഖം തെളിഞ്ഞു. രാജകുമാരന്റെ പരിവേഷങ്ങളോടെ. തിളക്കമുള്ള കണ്ണുകൾ. ചീകിവെച്ച കോലൻമുടി. നീണ്ട മൂക്ക്. തുടുത്ത കവിളുകൾ. കട്ടിമീശ.വെട്ടിയൊതുക്കിയ താടിരോമങ്ങൾ.
കയറും അരിവാളും എടുത്തുകൊണ്ടു അയൽവക്കത്തെ പറമ്പിലേയ്ക്ക് ചെന്നതായിരുന്നു പശുക്കൾക്ക് പുല്ലുവെട്ടാൻ. പഴയൊരു പട്ടുപാവാടയും ടീഷർട്ടും ആയിരുന്നു വേഷം.പാവാട മുട്ടോളം ഉയർത്തി കുത്തിയിരുന്നു.ആൾപ്പാർപ്പില്ലാത്ത പറമ്പായതുകൊണ്ട് കൂസലില്ലാതെയാണ് നടന്നത്.
ഓർക്കപ്പുറത്തു കൈയിൽ ഒരു വെട്ടുകത്തിയുമായി ഇടവഴിയിൽ നിന്ന് മുന്നിലേയ്ക്ക് കടന്നുവന്ന യുവാവിനെ കണ്ടു ഞെട്ടിപ്പോയി. ഉള്ളിൽ നേരിയ ഭയം നിറഞ്ഞു. കാലുകൾക്ക് ഒരു വിറയൽ.
പുല്ലു വെട്ടാൻ നിൽക്കാതെ അരിവാളും കയറുംകൊണ്ട് പെട്ടെന്നുതന്നെ തിരിച്ചുപോന്നു. അയാൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ട്. എന്ത് വിചാരിച്ചിട്ടുണ്ടാവും എന്ന ചിന്ത മനസ്സിൽ അസ്വസ്ഥത ഉളവാക്കി.
ഒറ്റക്കാഴ്ചയിൽ തന്നെ ആള് സുന്ദരനും മര്യാദക്കാരനുമാണെന്ന് മനസ്സിലായി.ആദ്യമായിട്ട് ഒറ്റയ്ക്ക് ഒരു പെണ്ണിനെ കാണുമ്പോഴുള്ള വഷളത്തം നിറഞ്ഞ നോട്ടമോ ചിരിയോ ഒന്നും ആ മുഖത്ത് ഉണ്ടായില്ല. അന്തസുനിറഞ്ഞ ഭാവം.അയാൾ തൊടിയിലെ കാട് വെട്ടാൻ വന്നതാണ്.
പുല്ലുവെട്ടാതെ തിരിച്ചെത്തിയപ്പോൾ അമ്മ വഴക്ക് പറഞ്ഞു. അയൽവീട്ടിൽ പുതുതായി താമസത്തിനെത്തിയ വീട്ടുകാർ പറമ്പ് തെളിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അമ്മയുടെ ശബ്ദത്തിന് മയംവന്നു.
ഏതാനുംദിവസങ്ങൾ കഴിഞ്ഞപ്പോൾ അയൽവീട്ടിലേയ്ക്ക് കുട്ടികൾ വന്നെത്തി.ബാഗിനുള്ളിൽ പാഠപുസ്തകവുമേന്തി വിവിധപ്രായക്കാർ ട്യൂഷൻ പഠിക്കാൻ. അവർ പറഞ്ഞാണ് അയൽക്കാരനെക്കുറിച്ചു കൂടുതൽ അറിഞ്ഞത്.
പുതുതായി താമസിക്കാനെത്തിയ സണ്ണിച്ചൻ അധ്യാപകനാണെന്നും, ഇപ്പോൾ തന്റെനാട്ടിൽ താൽക്കാലിക അധ്യാപകന്റെ ഒഴിവിൽ ജോലികിട്ടി ഇവിടേയ്ക്ക് വന്നതാണെന്നും, ഒരുപാട് വിദ്യാഭ്യാസമുള്ളവനാണെന്നും, ഏത് വിഷയവും നന്നായി പഠിപ്പിക്കുമെന്നുമൊക്കെ. ട്യൂഷന് ചേർന്ന് കൂട്ടികൾക്കൊപ്പം പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ആ ആഗ്രഹം നടന്നില്ല.എങ്കിലും വേലിക്കൽനിന്നുകൊണ്ട് പലപ്പോഴും ആ ക്ലാസ് ശ്രദ്ധിച്ചുകൊണ്ടിരുന്നു.തമാശയും അറിവും പകരുന്ന ക്‌ളാസുകൾ. എല്ലാം അവസാനിച്ചിരിക്കുന്നു. അപ്പന്റെ ചീത്തകേട്ട് ആ മനുഷ്യൻ ഒരുപാട് വേദനിച്ചിട്ടുണ്ടാവും.
ഇനി എങ്ങനെ ആ മുഖത്ത് നോക്കും. അവൾ തേങ്ങി. ഒടുവിൽ ആത്മാവിന്റെ ആഴങ്ങളിൽ നിന്നും നൊമ്പരങ്ങളുടെ തീരാത്ത നെടുവീർപ്പുയർന്നു. പെട്ടെന്ന് എന്തൊ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നുകൊണ്ട് മുഖം തിരിച്ചു വാതിലിനുനേരെ നോക്കി.ചാരിയിട്ടിരുന്ന വാതിൽവിടവിലൂടെ പ്രകാശം മുറിയിലേയ്ക്ക് അരിച്ചുകയറി.
അവൾ ഞെട്ടി. വാതിൽ തള്ളിതുറക്കുന്നതുകണ്ട് അവളുടെ ഉള്ളം പിടച്ചു. ലൈറ്റ് വെളിച്ചത്തിൽ അപ്പന്റെ രൂപം.മുഖം തുടച്ചുകൊണ്ട് അവൾ പിടഞ്ഞെഴുന്നേറ്റു.പേടികൊണ്ട് ശബ്ദം പുറത്തുവന്നില്ല.
"മോളെ..."
ആ വിളിയിൽ അവളുടെ മനസ്സ് കുളിർത്തു. ഭ്രാന്ത് ബാധിച്ചതുപോലെ കലിയെടുത്തു തുള്ളിയ അപ്പനല്ല.സ്നേഹത്തിന്റെ സ്വാന്തനത്തിന്റെയൊക്കെ ധൂതനായ അപ്പനാണ് കടന്നുവന്നിരിക്കുന്നത്.
തോമാച്ചേട്ടൻ മോളുടെ അടുക്കൽ കട്ടിലിന്റെ അരികെയിരുന്നു. കാപ്പിവടി കൊണ്ട് തല്ലിതിണർത്ത പാടുകളിൽ മെല്ലെ തലോടി.എന്നിട്ട് ശാന്തമായ സ്വരത്തിൽ മെല്ലെ ചോദിച്ചു.
"മോള് ഇതുവരെ ഉറങ്ങിയില്ലല്ലേ?"
"ഇല്ല അപ്പ.?"
"മോൾക്ക് ഒരുപാട് വേദനിച്ചൂല്ലേ.?"
"സാരമില്ല."
"അപ്പനോട് ക്ഷമിക്ക്. ദേഷ്യം കയറിയാൽ എന്റെ സ്വഭാവം മോൾക്ക് അറിയാല്ലോ എന്നെ പിടിച്ചാൽ കിട്ടില്ല."
"അപ്പൻ ഇതുവരെ ഉറങ്ങിയില്ലാരുന്നോ.?"
"നിന്റെ തേങ്ങലു കേട്ടാൽ എനിക്ക് ഉറക്കം വരുമോ...എന്റെ മോള് ഒന്നും കഴിച്ചില്ലല്ലോ.?"
"ഇല്ല..."
"എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. അത്താഴപട്ടിണി കിടക്കാതെ."
"വേണ്ടാ എനിക്ക് വിശപ്പില്ല."
"അത് വെറുതേ പറയുന്നതാണെന്നു എനിക്കറിയാം. കുറച്ചെങ്കിലും കഴിക്ക്.ഇനി അപ്പൻ മോളെ തല്ലൂല്ല.കർത്താവാണേ സത്യം."
"ആണോ... എങ്കിൽ ഞാനൊരു കാര്യം ചോദിച്ചാൽ അപ്പൻ ദേഷ്യപ്പെടുമോ.?"
"ഇല്ല എന്റെ മോള് എന്തുവേണേലും എന്നോട് ചോദിച്ചോ... ഞാൻ മറുപടി തരാം."
"എന്തിനാ ഇന്നെന്നെ തല്ലിയത്...സണ്ണിച്ചന് എന്താ കുറവ്.?"
"ഹാ ഇതാണോ കാര്യം. അവൻ ആള് നല്ലവനാണ്.പക്ഷേ,നമുക്ക് ചേരില്ല മോളെ. അവൻ പുതുപ്പണക്കാരനാണ്. പാരമ്പര്യം ഇല്ലാത്തവൻ.കുടുംബമഹിമ ഇല്ലാത്തവൻ.ഇപ്പോൾ മനസ്സിലായോ.?"
കളിയാക്കുംപോലെ തോമചേട്ടന്റെ ചിരി ഉയർന്നു.തൊഴുത്തിൽ നിന്ന് ആട്ടിൻകുട്ടികൾ മെല്ലെ ചിണുങ്ങി. എൽസമ്മ ഒന്നും പറഞ്ഞില്ല.വീണ്ടും കിടന്നു.അടുത്തമുറിയിൽ നിന്ന് അമ്മയുടെ നെടുവീർപ്പ് കേട്ടു.
"പാതിരാത്രിക്കാണോ അപ്പന്റെ പുന്നാരം പറച്ചില്."
അടുത്തമുറിയിൽ നിന്ന് ഭാര്യയുടെ ശബ്ദമുയർന്നതും തോമാച്ചേട്ടൻ കട്ടിലിൽ നിന്നെഴുന്നേറ്റു. മകളോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞിട്ട് തിരിച്ചുനടന്നു.
(തുടരും...)
ഭാഗം - 2
< /p>
പിന്നീടുള്ള രാത്രികളിൽ സുഖനിദ്ര എന്നത് അവൾക്ക് അന്യമായി. മനസ്സ് വേദനകൊണ്ട് വിങ്ങുമ്പോൾ എങ്ങനെ ഉറങ്ങാൻ കഴിയും.
സണ്ണിയുടെ രൂപവും അവന്റെ ട്യൂഷൻ സെന്ററുമൊക്കെ മനസ്സിലേയ്ക്ക് ഓടിയെത്തും. പശുവിനു പുല്ല് മുറിക്കാൻ പോകുമ്പോഴും, വിറക് പെറുക്കാൻ പോകുമ്പോഴും, കോളേജിൽ പോകുമ്പോഴുമൊക്കെ കേൾക്കാറുള്ള അവന്റെ ക്‌ളാസുകൾ, തമാശകൾ, അവൻ പാടുന്ന കവിതകൾ.
ഓരോ വിഷയവും പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അതിന്റെ പിന്നാമ്പുറകഥകളിലേയ്ക്ക് ഒരുപാട് സഞ്ചരിക്കും. ചരിത്രങ്ങളും മിത്തുകളും വിശദമായി പറഞ്ഞുകൊടുക്കും. കഥകൾ പറയും, കവിതകൾ പാടും. ദുരന്തത്തിന്റെ ഓർമ്മകളിൽ സങ്കടം കൊള്ളും. അനീതിക്കും അക്രമണങ്ങൾക്കുമേതിരെ ധീരമായി ശബ്ദമുയർത്തും.ബോധവൽക്കരണം നടത്തും.
ഒരുവിധം എല്ലാവിഷയത്തിലും അവന് അറിവുണ്ട്. സ്വന്തമായി കാഴ്ചപ്പാടുകളും അഭിപ്രായങ്ങളുമുണ്ട്. അത് സമൂഹത്തിനും നീതിക്കും മനുഷ്യപുരോഗതികുമൊക്കെ ഒരുപാട് ഗുണംചെയ്യുന്നതുമായിരിക്കും.
സ്ത്രീധനം എന്നാൽ സ്ത്രീതന്നെയാണ്. അവളുടെ പരിശുദ്ധിയാണ്. അത് മനസ്സിലാക്കാത്തവരാണ് തന്റെ ചിലവിനായി പെൺവീട്ടിൽ നിന്ന് ധനം കണക്കുപറഞ്ഞു മേടിക്കുന്നത്. മാതാപിതാക്കൾ കഷ്ട്ടപ്പെട്ടു തങ്ങളുടെ മക്കളുടെ നല്ല ജീവിതത്തിനുവേണ്ടി ഇത് ഉണ്ടാക്കിനൽകുന്നു. പണം ഉള്ളവർ കൊടുക്കുന്നതുകൊണ്ട് കുറ്റമില്ല. എന്നുകരുതി അതിന്റെപേരിൽ പാവങ്ങളുടെ വിവാഹം നടക്കാത്ത അവസ്ഥ വന്നാലോ.
ബുദ്ധിശൂന്യരായ ചിലർ തുടങ്ങിവെച്ച പൊങ്ങച്ചം ആചാരം ഇന്ന് സമൂഹത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ദുരാചാരമായി മാറിയിരിക്കുന്നു. പാവങ്ങളെ കണ്ണുനീർ കുടിപ്പിക്കുന്ന ഒന്നായി ഭവിച്ചിരിക്കുന്നു. ഇതിന്റെ പേരിലുള്ള സ്ത്രീപീഡനങ്ങൾ ഇന്നത്തെ വിദ്യാസമ്പന്നരായ തലമുറയെപ്പോലും പിടികൂടിയിരിക്കുന്ന ക്യാൻസറാണെന്നതാണ് സത്യം.
ജാതിയും മതവും വേഷവും ഭാഷയും ഒക്കെ പലതാണെങ്കിലും ഈ ഒരു കാര്യത്തിൽ എവിടെയും പീഡനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
പുരുഷധനത്തിന്റെ പേരിൽ എന്തുകൊണ്ട് പുരുഷൻ മരിക്കുന്നില്ല.പണം ഇല്ലാത്തതിന്റെ പേരിൽ എന്തുകൊണ്ട് ഭർത്താക്കന്മാർ പീഡനത്തിന് വിധേയരാവുന്നില്ല. സ്ത്രീ പുരുഷനും പുരുഷൻ സ്ത്രീക്കുമുള്ള ഇണകളാണെന്ന കാര്യം എന്തുകൊണ്ട് മനുഷ്യർ മറന്നുപോകുന്നു.
മനുഷ്യർ ഏത് മതത്തിലോ ജാതിയിലോ വർഗ്ഗത്തിലോ നിറത്തിലോ പെട്ടവനാകട്ടെ... പാർട്ടിയോ ഗ്രൂപ്പുകളോ എന്തുമാവട്ടെ നാടിനു വിപത്തുണ്ടാക്കുന്ന ഒന്നിനെ തുടച്ചുമാറ്റാൻ ഇവരെല്ലാം ഒത്തൊരുമിച്ചു പോരാടുകയാണ് വേണ്ടത്.
പാർട്ടിയും ഗ്രൂപ്പും ഒന്നും മോശമല്ല.മനുഷ്യന്റെ ആവശ്യപൂർത്ഥീകരണത്തിനും രാജ്യത്തിന്റെ നിലനിൽപ്പിനുമൊക്കെ ഇത് അത്യാവശ്യമാണ് താനും. പക്ഷേ,ഇന്നത്തെ രാഷ്‌ടീയപാർട്ടികളെല്ലാം മോശപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ള മേഖലയായി അതിനെ മാറ്റിയെടുത്തിരിക്കുന്നു. ആത്മാർത്ഥതയ്ക്കും സത്യത്തിനും അവിടെ സ്ഥാനമില്ല.അവസരവാദികളും അധികാരമോഹികളും അടക്കിവാഴുന്ന ഈ രംഗത്ത് മനുഷ്യരുടെ ആവശ്യങ്ങൾ പൂർത്ഥീകരിക്കാൻ എവിടെ സമയം.
പരസ്പരം തള്ളിപ്പറയുകയും ചെളിവാരിയെറിയുകയും ചെയ്യുന്നവർ ഇരുളിന്റെ മറവിൽ ഒന്നാകുന്നു. പരസ്പരം കൈകൊടുത്തുകൊണ്ട് ആഘോഷിക്കുന്നു.തലയിലേറ്റി നടന്നുകൊണ്ടിരിന്ന ഓട്ടുചെയ്തു വിജയിപ്പിച്ച അണികൾ വിഡ്ഢികളായി തുടരുന്നു.
തന്ത്രങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ ലോകം.അസത്യത്തെ സത്യമാക്കുന്നു. സത്യത്തിനു വിലയില്ലാതാവുന്നു.സത്യത്തിൽ അതിഷ്ഠിതമായ മതത്തെ ഇവിടെ ഉപാധിയായി ഉപയോഗപ്പെടുത്തുന്നു.ഈ പ്രവർത്തികൾക്കിടയിൽ പെട്ട് നീതിയും നിയമവും നോക്കുകുത്തികളാവുന്നു.
സണ്ണിച്ചന്റെ അച്ഛടിച്ചുവന്ന തീപ്പൊരി ലേഖനം എൽസമ്മ വായിക്കുകയാണ്. സത്യംതുടിക്കുന്ന ധീരമായ വാക്കുകൾ. അവയ്ക്ക് വജ്രത്തിന്റെ മൂർച്ച.
ഒരിക്കൽ വേലിക്കൽ നിന്നുകൊണ്ട് കുട്ടികളുടെ ക്ലാസ് കേട്ടുകൊണ്ട് നിന്ന എൽസമ്മയെ സണ്ണിച്ചൻ കണ്ടു ഒരു നിമിഷം ക്‌ളാസെടുക്കുന്നത് നിറുത്തികൊണ്ട് അവൻ കുട്ടികളെനോക്കി പറഞ്ഞു.
"എല്ലാവരും സൂക്ഷിച്ചോളൂ ഒരാൾ നമ്മളെ കാര്യമായി വീക്ഷിക്കുന്നുണ്ട്. നിങ്ങൾ ഉഴപ്പിയാൽ അയാൾ വീട്ടുകാരോട് പറഞ്ഞുകൊടുക്കും."
"അത് എൽസയാണ് സാർ. നേതാവ് തോമാചേട്ടന്റെ മകൾ.പാവമാണ് അവൾ."
"അതെന്താ നേതാവ് തോമാച്ചേട്ടൻ എന്ന് വിളിക്കുന്നെ.?"
മാഷ് അതുചോദിച്ചിട്ട് സംശയത്തോടെ കുട്ടികളെ നോക്കി.
ഇനിയും അവിടെ നിന്നാൽ കൂടുതൽ നാണം കെടുമെന്ന് തോന്നിയതുകൊണ്ട് അവൾ മെല്ലെ വീട്ടിലേയ്ക്ക് നടന്നു.
സണ്ണിച്ചന് കുടുംബപാരമ്പര്യമില്ല,പുതുപ്പണക്കാരനാണ് എന്നൊക്കെ പറഞ്ഞു വിവാഹാലോചന തള്ളിക്കളഞ്ഞ അപ്പന്റെ അവസ്ഥയെക്കുറിച്ച് അവളോർത്തു.അറിവില്ലായ്മയുടെ പുറത്തുള്ള തീരുമാനം.ശരിയായി ആളെ മനസ്സിലാക്കാത്തതിന്റെ കുഴപ്പം.
നേതാവ് എന്ന് അപ്പന് പെരുവരാനുള്ള കാര്യത്തെക്കുറിച്ചു ഒരുനിമിഷം അവളോർത്തു.എല്ലാ പാർട്ടിജാതകൾക്കും മീറ്റിങ്ങുകൾക്കും മുൻപിൽ തലയെടുപ്പോടെ കൊടിപിടിക്കാനും ബാനർ പിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ അപ്പനുണ്ടാകും.നെഞ്ചുവിരിച്ചുപിടിച്ചു വെള്ള ഷർട്ടും മുണ്ടും ധരിച്ചുകൊണ്ട് മുദ്രാവാക്യം ഉരുവിട്ടുകൊണ്ട് നീങ്ങുന്ന അപ്പനെക്കണ്ടാൽ ആള് ഈ ലോകത്തെങ്ങും അല്ലെന്ന് തൊന്നും. അല്പസമയം കിട്ടിയാൽ രാഷ്ട്രീയം പറയലാണ് അപ്പന്റെ ഹോബി.
കുഞ്ഞുനാളിലൊക്കെ ഇത് കാണുമ്പോൾ സന്തോഷവും അഭിമാനവുമൊക്കെ തോന്നിയിരുന്നു. തന്റെ പിതാവൊരു പാർട്ടിക്കാരനാണെന്ന അഹങ്കാരം. കൂട്ടുകാരോടൊക്കെ അതുപറഞ്ഞു ഊറ്റം കൊണ്ടിട്ടുമുണ്ട്. എന്നാൽ വളർന്നുവന്നപ്പോൾ ആ അഭിമാനത്തിന്റെ സ്ഥാനത്ത് അപമാനമാണ് ഉണ്ടായിട്ടുള്ളത്.
അപ്പൻ എന്നും ഒരു അടിമയെപ്പോലെയായിരുന്നു. മുതിർന്നനേതാക്കന്മാർക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തല്ലുണ്ടാക്കാനുമൊക്കെ വിധിക്കപ്പെട്ട വെറുമൊരു അണി. രാഷ്ട്രീയം കൊണ്ട് അപ്പനുള്ളത് നഷ്ടമല്ലാതെ ലാഭമൊന്നുമില്ല. പിന്നെ ആളുകളുടെ കളിയാക്കിയുള്ള നേതാവ് വിളിയും.
'നേതാവ് തോമാച്ചൻ.'
കൂട്ടുകാര്പോലും അങ്ങനെ വിളിച്ചു കളിയാക്കും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ.അപ്പനൊപ്പം പാർട്ടിയിൽ പ്രവർത്തിച്ചവരൊക്കെ ചെറുതെങ്കിലും ഒരു സ്ഥാനത്തെത്തി. ചിലർ വാർഡ് മെമ്പർ, ചിലർ ബ്ലോക്ക് മെമ്പർ, ചിലർ പ്രസിഡന്റ്. അപ്പന് മെമ്പറായി മത്സരിക്കാൻ പോലും ഒരവസരം ഇതുവരെ കിട്ടിയിട്ടില്ല. പദവിയും അധികാരവുമൊക്കെ സമ്പന്നർക്ക് മാത്രം ഉള്ളതാണെന്ന് അപ്പൻ വിശ്വസിച്ചു. പിന്നണി പ്രവർത്തനം കൊണ്ടുമാത്രം അപ്പൻ സന്തോഷം കൊണ്ടു.
രാഷ്ട്രീയത്തെ കച്ചവടമാക്കിയവരൊക്കെ ഇന്ന് ഉന്നതിയിലെത്തി.കൂട്ടുകാരിൽ പലർക്കും ഇന്ന് കാറും ബംഗ്ലാവുമൊക്കെയായി. അപ്പൻ അനധികൃതമായി സമ്പാദിക്കാത്തത്തിൽ എൽസമ്മക്ക് അഭിമാനമുണ്ട്. പക്ഷേ, മറ്റുള്ളവർക്കുവേണ്ടി ഒരുപ്രയോജനവുമില്ലാതെ പിന്നണികളിക്കാൻ നടക്കുന്നതിലാണ് ഇഷ്ടക്കേട്.
നാട്ടുകാരനും അപ്പന്റെ സമപ്രായക്കാരനും സുഹൃത്തുമൊക്കെയായ 'പാപ്പച്ചൻ' ചേട്ടനെക്കുറിച്ച് അവളോർത്തു.മൂന്നുപെൺകുട്ടികളുടെ പിതാവായ മനുഷ്യൻ.അപ്പനെപ്പോലെ കൃഷിയും രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന മനുഷ്യൻ.എന്നിട്ടും മക്കളെ അവർക്കിഷ്ടപ്പെട്ടവർക്ക് വിവാഹം ചെയ്തുകൊടുത്തു.
"ഒരു മനുഷ്യന് അഭിമാനവും രാഷ്ട്രീയവുമൊന്നുമല്ല വലുത്.മനുഷ്യത്വം അവന്റെ വിശ്വാസം ഒക്കെയാണ്."
അദ്ദേഹത്തിന്റെ വാക്കുകൾ അവളുടെ ഓർമ്മയിൽ ഒരിക്കൽക്കൂടി മുഴങ്ങി.എതാനും ആഴ്ചകൾക്കുമുമ്പ് അപ്പനുമായി സംസാരിച്ചിരിക്കുമ്പോഴാണ് അത് പറഞ്ഞത്.
തന്റെ ജീവിതത്തിലെ വില്ലൻ അപ്പന്റെ ദുരഭിഭിമാനബോധവും രാഷ്ട്രീയ ചിന്താഗതിയുമൊക്കെയാണെന്നു അവൾക്ക് മനസ്സിലായി.ഇതിലൊന്നും പെടാത്തതാണ് സണ്ണിച്ചന്റെ അയോഗ്യത.ഇത്രയധികം വിദ്യാഭ്യാസവും ഉയർന്നചിന്താശേഷിയുമുള്ള അയാൾക്ക് രാഷ്ട്രീയം തന്നെ ഉണ്ടാകില്ല. പിന്നെയല്ലേ മറ്റു മഹിമകളെക്കുറിച്ചുള്ള ആവലാതികൾ.
എല്ലാം അപ്പന്റെ മുൻവിധികളും തെറ്റിധാരണകളും വിവരമില്ലായ്മയുമായിരിക്കാം. മാറ്റം ഉണ്ടാകുമായിരിക്കും.എന്തൊക്കെത്തന്നെ ആണെങ്കിലും തന്റെ സ്വപ്നങ്ങളാണ് ചിറകറ്റുപോയിരിക്കുന്നത്.കാരമുള്ളൂ തറച്ചതുപോലെ ഹൃദയം നൊന്തുനീറുകയാണ്.ഒരിക്കൽക്കൂടി മനസ്സുതുറന്നു കരയനായി മനസ്സ് വെമ്പൽ കൊള്ളുമ്പോലെ.
സണ്ണിച്ചന്റെ ഭാര്യയാവുന്നത് ഏതൊരു പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്.ആൾ അത്രക്ക് സുന്ദരനാണ്. അതിലുപരി സൽസ്വഭാവിയും ആദർശദീരനുമാണ്. മാന്യതവിട്ടുള്ള ഒരു സംസാരമോ പ്രവർത്തിയോ എന്തിന് നോട്ടംപോലും അവനിൽ നിന്ന് ഉണ്ടായതായി അനുഭവമില്ല.
പാതിരാവിന്റെ നിശബ്ദതയെ ഭഞ്ചിച്ചുകൊണ്ട് എവിടെയോനിന്ന് നായ ഓരിയിട്ടു.ഉറക്കം വരുന്നില്ല. സങ്കടവും ഓർമ്മകളും ചിന്തകളും വേദനകളും ഒക്കെക്കൂടി അസ്വസ്ഥത തീർത്ത മനസ്സിൽ ഉറക്കത്തിന് തടവീണുകഴിഞ്ഞിരിക്കുന്നു.
ഉറക്കത്തിൽപോലും അവൾക്ക് സ്വസ്ഥത കിട്ടിയില്ല. പലവിധ പേക്കിനാവുകൾ അവളെ അലട്ടിക്കൊണ്ടിരുന്നു.വീടിന്റെ പൂമുഖത്ത് ആരൊക്കെയോ വന്നുനിൽക്കുന്നു.
അതിൽ പ്രധാനിക്ക് വെളുത്തുതടിച്ച രൂപം.ഉറച്ച മാംസപേഷികൾ. കണ്ണിൽ ചുപ്പപ്പ് രാശി.
"തോമാച്ചേട്ടാ..."
അവർ അപ്പനുമായി എന്തൊ കാര്യമായി സംസാരിക്കുകയാണ്.അമ്മ കൊണ്ടുവന്നുവെച്ച ചായ അവർ കുടിച്ചു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു. പൊട്ടിച്ചിരിച്ചു. ഒടുവിൽ കൈകൊടുത്തു വാക്ക് പറഞ്ഞു. വന്നവരുടെ മുഖത്ത് വല്ലാത്ത സന്തോഷം. വൈകാതെ ഏല്ലാവരും പിരിഞ്ഞു.
വീടിന്റെ അകത്തേയ്ക്ക് വന്നുകൊണ്ട് അപ്പൻ അമ്മയെനോക്കി എന്തൊക്കെയോ സംസാരിക്കുന്നു. എന്തൊ കാര്യമായ തീരുമാനം എടുത്തമട്ടിൽ.അതൊരു കല്യാണക്കാര്യമാണ്.
"കർത്താവെ.... കാത്തുകൊള്ളേണമേ..."
സ്വപ്നത്തിന്റെ മായാലോകത്തുനിന്ന് അവളുടെ നിലവിളി പുറത്തേയ്ക്ക് ഉയർന്നു.
ഗാഡനിദ്രയിലാണ്ടുകിടന്ന ത്രേസ്യാമ്മ മുറിയിലേയ്ക്ക് ഓടിയെത്തി.വാടിയ ചേമ്പിൻ തണ്ടുപോലെ എൽസമ്മ അമ്മയുടെ മാറിലേയ്ക്ക് തളർന്നുവീണു.
വൈകുന്നേരം, വീടിന് പിന്നിലെ കുളിക്കടവ്. കുളിക്കടവിന് മറതീർത്തുകൊണ്ടെന്നവണ്ണം ചുറ്റും കൈതക്കൂട്ടങ്ങൾ. അതിന്റെ മറവിൽ ഏതാനും പെണ്ണുങ്ങൾ കുളിക്കുകയും അലക്കുകയും നീന്തുകയുമൊക്കെ ചെയ്യുന്നതിന്റെ കോലാഹലം.നനഞ്ഞതുണി അലക്കുകല്ലിൽ അടിക്കുന്നതിന്റെ പട പട ശബ്ദത്തിനൊപ്പം ഓരോരുത്തരുടെയും സംസാരത്തിന്റെയും പൊട്ടിച്ചിരിയുടേയും അലയൊലികൾ.
വസ്ത്രത്തിലെ അഴുക്ക് കല്ലിൽ തല്ലി തോട്ടിലെവെള്ളത്തിൽ മുക്കി കഴുകിക്കളയുമ്പോൾ അവരുടെ മനസ്സിലുള്ള മാലിന്യങ്ങൾ വർധിച്ചുകൊണ്ടിരുന്നു. ലോകാത്ഭുതങ്ങൾ പങ്കുവെക്കുംപോലെയാണ് ചിലർ പരദൂഷണം പുറത്തെടുക്കുന്നത്. തേൻകുടിക്കുന്ന ലാഘവത്തോടെ മറ്റുപെണ്ണുങ്ങൾ അതുകേട്ടുൾക്കൊള്ളുന്നു. പിന്നെ അതിനെക്കുറിച്ച് അവരുടേതായ രീതിയിലുള്ള വർണ്ണനകൾ.
കടവിലെ പെൺകൂട്ടങ്ങളെ മറികടന്ന് ബക്കറ്റിൽ അഴുക്ക് തുണിയുമായി ത്രേസ്യാമ്മ വെള്ളത്തിലേക്കിറങ്ങി.പണിയെടുത്തു ക്ഷീണിച്ച ശരീരത്തിലും വസ്ത്രത്തിലുമൊക്കെ പലവിധ അഴുക്കുകൾ.പെണ്ണുങ്ങൾ ത്രേസ്യാമ്മയെ കണ്ട് പെട്ടെന്ന് സംസാരം നിറുത്തി. എന്നിട്ട് പരസ്പരം മുഖത്തോടുമുഖം നോക്കി എന്തൊ വിഷയം എടുത്തിടാനുള്ള തയ്യാറെടുപ്പ് നടത്തി.ഒപ്പം അലക്കിന്റെ ഒച്ചയും. എന്തും വിളിച്ചുപറയാനും ആരോടും കോർക്കാനും മടിയില്ലാത്ത അയൽക്കാരി 'ലക്ഷ്മി' ചേച്ചി ഒരുനിമിഷം അലക്ക് മതിയാക്കി നിവർന്നുനിന്നുകൊണ്ട് ത്രേസ്യാമ്മയെ നോക്കി ചോദിച്ചു.
"നിങ്ങടെ കെട്ട്യോന് കണ്ണുപിടിക്കൂല്ലെന്നുണ്ടോ... കണ്ണിനു കാഴ്ചയുള്ളോര് ഇങ്ങനെ നല്ലത് കണ്ടില്ലെന്നു നടിച്ചു തട്ടിക്കളയുമോ.?"
"എന്താ കാര്യമെന്നു വെച്ചാൽ തുറന്നുപറ... ലക്ഷ്മി. എനിക്ക് മനസ്സിലായില്ല."
"നിങ്ങടെ അടുത്ത് താമസത്തിന് വന്നിട്ടുള്ള സണ്ണിച്ചന്റെ കാര്യമാണ്. അവൻ ആരാണെന്ന വിചാരം.വാടകയ്ക്ക് കിടക്കുന്നുകൊണ്ട് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ടെന്നു കരുതി ജീവിക്കാൻ ഇതിന്റെ ആവശ്യമൊന്നുമില്ല അവന്."
"ആണോ... അത് നിനക്കെങ്ങനെ അറിയാം."
"അറിയും നന്നായി... എന്റെ അനിയത്തിയുടെ നാട്ടിലാണ് സണ്ണിച്ചന്റെ വീട്. അവര് അയൽക്കാരാണ്.ഇവിടെ താൽക്കാലികജോലി കിട്ടിയതുകൊണ്ട് വാടകയ്ക്ക് ഇവിടേയ്ക്ക് വന്നെന്നേയുള്ളൂ.വല്ല്യ ഭൂസ്വത്തും കുടുംബമഹിമയും ഒന്നുമില്ലെങ്കിലും നല്ല ആൾക്കാരാണ്.സ്വന്തമായി നല്ലൊരു വീടുണ്ട്. ബാദ്ധ്യതകൾ ഒന്നുംതന്നെയില്ല. ഒരു പെങ്ങളുള്ളതിനെ കെട്ടിച്ചുവിട്ടു."
ലക്ഷ്മി വാചാലയായി.അലക്കിന് ഇടവേള വന്നു.ചുറ്റും നിന്നവർ കൂടി കേൾക്കാനെന്നവണ്ണം ലക്ഷ്മി സണ്ണിച്ചനെക്കുറിച്ചും അവന്റെ നാടിനെക്കുറിച്ചുമുള്ള ഒരു മായാലോകം അവർക്കുമുന്നിൽ തുറന്നുവെച്ചു.
ത്രേസ്യാമ്മ മിണ്ടാത്തെ എല്ലാം കേട്ടുനിന്നു. ഒടുവിൽ നിസ്സഹായത വെളിവാക്കുംവിധം ഒരു നെടുവീർപ്പുതിർത്തുകൊണ്ട് വസ്ത്രങ്ങൾ വേഗന്ന് അലക്കിയെടുത്ത് കുളി വീട്ടിൽ ആക്കാമെന്നു തീരുമാനിച്ചുകൊണ്ട് അവിടുന്ന് രക്ഷപ്പെടാനൊരുങ്ങി.
"എന്ത് ചെയ്യാനാ ആ മനുഷ്യൻ കേക്കണ്ടേ..."
എല്ലാവരോടുമായി പറഞ്ഞിട്ട് അവർ വേഗത്തിൽ വീട്ടിലേയ്ക്ക് നടന്നു.
"ഈശോമിശിഹായെ എന്റെ ഭർത്താവിന്റെ മനസ്സിന് നല്ലബുദ്ധി തോന്നിക്കണേ."
അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. നടയിൽ മെഴുകുതിരി കത്തിച്ചുകൊള്ളാമെന്നു നേർച്ച നേർന്നു.നനഞ്ഞൊലിച്ച വസ്ത്രങ്ങളുമായി അവൾ വീട്ടുമുറ്റത്തെത്തി.അലക്കിക്കൊണ്ടുവന്ന വസ്ത്രങ്ങൾ മുറ്റത്തെ അയയിൽ വിരിച്ചിട്ടു.
തോമാച്ചേട്ടൻ വരാന്തയിൽ ഇരിക്കുകയാണ്.പണിതവശയായ കാളയെപ്പോലെ.ചെറിയ പനിയുള്ളതുകൊണ്ട് ഇന്ന് പണിക്ക് ഇറങ്ങിയിട്ടില്ല. നനഞ്ഞൊലിച്ചു കുളിക്കാതെ മടങ്ങിവന്ന ഭാര്യയെ കണ്ട് അയാൾ മുഖമുയർത്തി സംശയത്തോടെ നോക്കി.
"എന്തുപറ്റി പെട്ടെന്ന് പോന്നെ കുളിച്ചില്ലേ. കടവിൽ പെണ്ണുങ്ങളുടെ നീരാട്ടു തിരക്ക് ഒഴിഞ്ഞിട്ടുണ്ടാവില്ല അല്ലെ.?"
അയാൾ മെല്ലെ ചിരിച്ചു.
"വേഗന്നു കയറിവന്ന് ഒരു ചുക്കുകാപ്പി ഉണ്ടാക്കിക്കെ. അത് ഇത്തിരി ഉള്ളിൽ ചെല്ലാതെ ഈ പനിവിട്ടുപോകുന്ന ലക്ഷണമില്ല."
"ഇവിടെ ചുക്കുകാപ്പിക്കുള്ള സാധനങ്ങളൊന്നും ഇല്ല.നിർബന്ധമാണെങ്കിൽ അയൽവീട്ടീന്നെങ്ങും മേടിച്ച് കൊണ്ടുവന്നു ഉണ്ടാക്കാം."
"ഏത് ആ പുതിയ താമസക്കാരുടെ അവിടുന്നോ എനിക്ക് വേണ്ട. കുടിച്ചില്ലെങ്കിൽ കുടിച്ചില്ലെന്നേയുള്ളൂ."
"നിങ്ങൾക്കെന്താ അവരോട് ഇത്ര വെറുപ്പ്. അവരുമനുഷ്യരല്ലേ.?"
"കാരണം പലതാണെന്നു കൂട്ടിക്കോ... നിനക്കിപ്പോ അറിഞ്ഞിട്ട് എന്താ.?"
"എനിക്ക് അറിയേണ്ട കാര്യം ഉണ്ടെന്നു വെച്ചോളൂ..."
"ഞാൻ പറഞ്ഞല്ലോ പാരമ്പര്യമോ ഭൂസ്വത്തോ ഒന്നും ഇല്ലാത്ത ഒരു പുതുപ്പണക്കാരാണ് അവരുടെ കുടുംബം.മകനൊരു താൽക്കാലികജോലി ഉണ്ടെന്നുവെച്ചു ഇവിടെ വാടകയ്ക്കാണ് കിടക്കുന്നത്.എനിക്ക് സമൂഹത്തിന്റെ മുന്നിൽ ഒരുവിലയും നിലയുമൊക്കെയുണ്ട്. കുറച്ച് പണം കൊണ്ട് ഉണ്ടാവുന്നതല്ല അത്. ഞങ്ങടെ പാർട്ടിയേം ആശയങ്ങളേം വരെ കുറ്റം പറയുന്നവനാണ് അവൻ."
"പിന്നെ നിങ്ങള് കേട്ടോ വല്ലവരും വല്ലതും പറയുന്നത് കേട്ടിട്ട്."
വല്ലവരും പറയുന്നത് കേട്ടതല്ല. ഞാൻ വായിച്ചതാണ് അവൻ പത്രത്തിൽ എഴുതിയതൊക്കെ.അതെങ്ങനാ നീ ഈ ലോകത്ത് നടക്കുന്നത് വല്ലോം അറിയുന്നുണ്ടോ. നിന്റെ മോളോട് ചോദിക്ക് അവൾക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ."
"പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ കാര്യമായിരിക്കും.വെറുതേ ഒന്നും ആരും പറയില്ലല്ലോ.?"
"എനിക്ക് നിന്നോട് തർക്കിക്കാൻ വയ്യ.നീ നിന്റെ പണിനോക്ക്."
അയാൾ ഭാര്യക്കുനേരെ ശബ്ദമുയർത്തി.
"പാർട്ടിക്കാർ കാണിക്കുന്ന നെറികേടുകളും സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയും ഒക്കെയല്ലേ അയാൾ പറഞ്ഞിട്ടുള്ളൂ. നമ്മുടെ മതത്തെയും വിശ്വാസത്തേയും ഒന്നും തള്ളിപ്പറഞ്ഞില്ലല്ലോ.നമുക്ക് അതുപോരെ.ആള് നല്ലവനാണോ ഇരു പണിയുണ്ടോ എന്നൊക്കെ നോക്കിയാപ്പോരേ. നിങ്ങക്കറിയുമോ സമ്പത്തും പാരമ്പര്യവുമൊക്കെ ഇത്തിരി കുറവാണെന്നേയുള്ളൂ. അവര് നല്ല ആൾക്കാരുത്തന്നെയാണ്. നാട്ടിൽ സ്വന്തമായി വീടുണ്ട്.അറിയുന്നവർ പറഞ്ഞതാ."
"ആഹാ അപ്പോൾ നീ എല്ലാം അന്വേഷിച്ച് അറിഞ്ഞിട്ടാണോ വന്നിരിക്കുന്നത്. കൊള്ളാം. നിനക്ക് അവനെ ഒരുപാടങ്ങു പിടിച്ചമട്ടുണ്ടല്ലോ."
"അതെ എനിക്ക് ആ ചെറുക്കനെ ഒരുപാട് ഇഷ്ടമായി.നമ്മുടെ മോൾക്ക് എന്തുകൊണ്ടും ചേരും."
"അത് വേണ്ട അത്രയ്ക്ക് നിർബന്ധമാണെങ്കിൽ നിന്നെ ഞാനങ്ങു ഒഴിവാക്കിയേക്കാം. അവൻ നിന്നെ കേട്ടിക്കോട്ടെ."
"ഹോ എന്തൊരു വർത്തമാനമാണ് ഈ പറയുന്നത്.മോളെ കല്യാണം ആലോചിച്ചവന് അമ്മേനെ കെട്ടിച്ചു കൊടുക്കുന്ന പണി.ഞാൻ നിങ്ങളോടു സംസാരിക്കാനില്ല."
"അതാ നിനക്ക് നല്ലത്. ഇല്ലേൽ നീ എന്റെ കൈയിൽ നിന്ന് മേടിക്കും.എന്നോട് ഗുണദോഷിക്കാൻ നിൽക്കാതെ പോയി നിന്റെ പണി എടുക്കാൻ നോക്ക്."
തോമച്ചേട്ടൻ മുറ്റത്തേയ്ക്ക് ഇറങ്ങിക്കൊണ്ട് ഭാര്യയെനോക്കി മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞു.
(തുടരും...)
ഭാഗം - 3
വീട്ടുമുറ്റത്തെ ചാമ്പമരച്ചുവട്ടിൽ അകലേയ്ക്ക് നോക്കി നിശ്ചലയായി നിൽക്കുകയാണ് എൽസമ്മ. ചിന്തകൾ കൊണ്ട് ആധികയറിയ മനസ്സിൽ നൊമ്പരങ്ങൾ വിങ്ങൽ പടർത്തി.
അപ്പനും അമ്മയും തമ്മിലുണ്ടായ സംഭാഷണം അവൾ കേട്ടു. നനഞ്ഞൊലിച്ച വസ്ത്രവുമായി വീടിന്റെ പിന്നാമ്പുറത്തുള്ള കുളിമുറിയിലേയ്ക്ക് നടന്നുപോയ അമ്മയെ അവൾ കണ്ടിരുന്നു.
ചാമ്പമരത്തിന്റെ ശിഖിരങ്ങളിൽ നിറയെ പൂക്കളുണ്ട്.കാറ്റടിക്കുമ്പോൾ ഞെട്ടറ്റ മുല്ലമൊട്ടുകൽപോലെ അവ അടർന്നുവീണുകൊണ്ടിരുന്നു.പലപ്പോഴും ഇത് ആസ്വദിക്കാറുള്ള അവൾക്ക് ഇന്ന് വല്ലാത്ത അസ്വസ്ഥത തോന്നി. ചാമ്പമൊട്ടിന്റെ ദുരവസ്ഥ മനസ്സിൽ നൊമ്പരം തീർക്കുന്നു.
അവൾ മുഖമുയർത്തി ചാമ്പമരത്തിന്റെ ശികിരങ്ങൾക്കിടയിലൂടെ മിഴികൾ അയൽവീട്ടിലേയ്ക്ക് നീണ്ടു. പെയ്ന്റടിച്ചു മനോഹരമാക്കിയ ആ ഓടിട്ടവീട് കണ്ടപ്പോൾ അവൾക്ക് എന്തൊക്കെയോ തോന്നി. അവിടെ ആളനക്കമൊന്നും കാണാനില്ല.വാതിലുകളും ജനലുകളുമൊക്കെ അടഞ്ഞുകിടക്കുന്നു.
അന്നത്തെ സംഭവത്തിനുശേഷം സണ്ണിച്ചനെ കണ്ടിട്ടില്ല. അപ്പന്റെ പ്രവർത്തി ആ പാവത്തിനെ വല്ലാതെ നാണംകെടുത്തിയിട്ടുണ്ടാവും. അതിന് കാരണക്കാരി താനാണല്ലോ എന്ന ചിന്ത അവളെ വല്ലാതെ വേദനിപ്പിച്ചു.
"കാണുന്ന വരത്തനും പുതുപ്പണക്കാരനുമൊന്നും ഞാനെന്റെ മോളെ കൊടുക്കൂല. അവളെ കെട്ടിക്കുന്നുണ്ടെങ്കിൽ അതൊരു കുടുംബപാരമ്പര്യമുള്ളവന് തന്നെയായിരിക്കും."
സണ്ണിച്ചൻ കേൾക്കാൻ വേണ്ടിത്തന്നെയാണ് അന്ന് അപ്പൻ അങ്ങനെ വിളിച്ചുപറഞ്ഞത്.ഇനി അയാൾ അത് വെക്തമായി കേട്ടിട്ടില്ലെങ്കിൽ കൂടി പൈലിച്ചേട്ടൻ പറഞ്ഞ് എല്ലാം വെക്തമായി മനസ്സിലാക്കിയിട്ടുണ്ടാവും.
ഏതാനും ദിവസങ്ങളായി ട്യൂഷൻ ക്ലാസ് നടക്കുന്നില്ല. സാറ് ലീവിലാണെന്നു മാത്രം കുട്ടികളോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.ലീവെടുത്ത് എവിടേയ്ക്കാണ് പോയത്. എന്നാണ് ഇനി മടങ്ങിവരിക. അതോ ഇനി എന്നെന്നേക്കുമായി അവധിയെടുത്തുകൊണ്ട് മറ്റൊരു സ്ഥലത്തേയ്ക്ക് താമസം പോകുവോ.?അങ്ങനെയെങ്കിൽ ഇനിയൊരിക്കലും തനിക്ക് സണ്ണിച്ചനെ കാണാൻ കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിലും കണ്ടിട്ടെന്തിനാണ്. നടക്കാത്തതിന് വേണ്ടി ആഗ്രഹിച്ചിട്ടു കാര്യമില്ലല്ലോ. എല്ലാം മറക്കുന്നതാണ് നല്ലത്. അപ്പന്റെ വാശിക്ക് കീഴടങ്ങിക്കൊടുക്കുക എന്നല്ലാതെ വേറെന്തു ചെയ്യാനാവും.
അപ്പന്റെ ആവശ്യമില്ലാത്ത പൊങ്ങച്ചവും അപകർശതയും വലിയഭാവവും ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയുമൊക്കെയാണ് തന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയായത്.ഒരിക്കലും ഇതിനെ വിധിയെന്നു കരുതി സമാധാനിക്കാനാവില്ല. സ്വയം തീർത്ത വേലിക്കെട്ട് എങ്ങനെ വിധിയാവും.
സണ്ണിച്ചനെപ്പോലൊരു അന്തസ്സുള്ള യുവാവിനെ എത്രയൊക്കെ സ്ത്രീധനം കൊടുത്താലും കിട്ടിക്കൊള്ളണമെന്നുണ്ടോ. ഒരിക്കലും ഇല്ല. അപ്പന്റെ ഈ തോന്നൽ ചെകുത്താന്റെ പ്രവർത്തി എന്നല്ലാതെ എന്തുപറയാൻ.
ദുഃഖചിന്തകൾ വേദനപ്പടർത്തിയ മനസ്സുമായി അവൾ സൊയംമറന്നുകൊണ്ട് അങ്ങനെ നിൽക്കവേ വീടിനുമുന്നിലെ വഴിയിൽ എന്തൊ വാഹനം വന്നുനിൽക്കുന്ന ശബ്ദം കേട്ടു. മുഖമുയർത്തി അവിടെയ്ക്ക് നോക്കി. പൊടിപറത്തിക്കൊണ്ട് ഒരു ഓട്ടോറിക്ഷ വന്നുനിൽക്കുന്നു.പിന്നാലെ ഒരു ബൈക്കും.
ഓട്ടോറിക്ഷയിൽ നിന്ന് ആരോ പുറത്തിറങ്ങി. അയൽവക്കത്ത് അധികവും സാധാരണക്കാരാണ്.സ്വന്തമായി വണ്ടിയൊന്നും ഇല്ലാത്തവർ.അതുകൊണ്ടുതന്നെ വഴിയിലൂടെ എപ്പോഴും ടാക്ക്സി ഓട്ടോകൾ ഓടിക്കൊണ്ടിരിക്കും. പക്ഷേ, സണ്ണിച്ചന്റെ വീടിനുമുന്നിൽ ഓട്ടോ നിന്നപ്പോൾ അവൾക്ക് ആകാംഷയായി.
"സണ്ണിച്ചൻ..."
എൽസമ്മയുടെ മനസ്സിൽ പെരുന്നാളിന്റെ വെടിക്കെട്ട്. കണ്ണിൽ പൂത്തിരികൾ.അത്ഭുതമെന്തോ കണ്ടതുപോലെ ബൈക്കിൽ നിന്നിറങ്ങിയ സണ്ണിച്ചനെ കണ്ട് അവളുടെ മിഴികളുയർന്നു.
ബൈക്കിൽ സഞ്ചരിക്കുന്ന സണ്ണിച്ചൻ എന്തിനാണ് ഓട്ടോയുമായി വന്നിരിക്കുന്നത്.ഇവിടുന്ന് താമസം മാറിപ്പോകാനാണോ.വീട്ടുസാധനങ്ങൾ എടുത്തുകൊണ്ടുപോകാൻ വന്നതാണോ ഈ സമയത്ത്.സന്തോഷം അസ്തമിക്കുകയാണോ, താൻ വിചാരിച്ചതുതന്നെ സംഭവിക്കാൻ പോവുകയാണോ.? ഉള്ളിലെ നീറ്റൽ വീണ്ടും വർധിക്കുകയാണ്.
വീട്ടിനുള്ളിൽ കടന്ന് എന്തൊക്കെയോ കവറുകൾ എടുത്തുകൊണ്ടുവന്നു ഓട്ടോയിൽ വെക്കുകയാണ് സണ്ണിച്ചൻ. കൂട്ടത്തിൽ ചെറുതരം വീട്ടുപകരണങ്ങളൊക്കെ ഓട്ടോയിൽ കയറ്റുകയാണ്.ഈ കാഴ്ച കണ്ടുനിൽക്കാനുള്ള കരുത്തില്ലാതെ എൽസമ്മ മിഴികൾ പിൻവലിച്ചുകൊണ്ട് ഉള്ളിലെ തേങ്ങൽ പണിപ്പെട്ടടക്കിക്കൊണ്ട് മുറിയിലേയ്ക്ക് ഓടി.
ഹൃദയം നുറുങ്ങുന്ന വേദന.തലയിൽ കൈ അമർത്തികൊണ്ട് അവൾ കട്ടിലിൽ കുനിഞ്ഞിരുന്നു തേങ്ങി. ഒച്ച പുറത്തുകേൾക്കാതിരിക്കാനായി ചുണ്ടുകൾ കടിച്ചമർത്തി.ഏതാനും സമയം കഴിഞ്ഞപ്പോൾ പുറത്തുനിന്നും ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതും വീട്ടുസാധനങ്ങളുമായി സണ്ണിച്ചൻ മടങ്ങുകയാണെന്ന് എൽസമ്മയ്ക്ക് മനസ്സിലായി.അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ജനാലക്കരികിലേയ്ക്ക് ചെന്നുകൊണ്ട് പുറത്തേയ്ക്ക് നോക്കി.വേലിക്കപ്പുറം ഇടവഴിയിൽ ഒരിക്കൽക്കൂടി പൊടിപറത്തിക്കൊണ്ട് കുലുങ്ങിക്കുലുങ്ങി നീങ്ങുന്ന ഓട്ടോറിക്ഷ കണ്ടു.പടിഞ്ഞാറു സൂര്യൻ മറയുകയാണ്.നെഞ്ചു വിങ്ങുന്നു.തല ചുറ്റുന്നു.പ്രിയപ്പെട്ടത് പറിച്ചെടുത്തുകൊണ്ടുപോകുന്നതുപോലെ ഓട്ടോ കണ്ണിൽനിന്ന് മറഞ്ഞതും അവൾ മുഖം തുടച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
പൂമുഖത്തേയ്ക്ക് ചെല്ലുമ്പോൾ കണ്ടു. മുറ്റത്ത് ഓട്ടോറിക്ഷ പോയതുംനോക്കി നിശ്ചലയായി നിൽക്കുകയാണ് അമ്മച്ചി. നിസ്സഹായതയുടെ പ്രതിമകണക്കെ.അമ്മയും മകളും എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപ് വീട്ടുപടിക്കൽ ബൈക്ക് വന്നുനിന്നു. മുണ്ടും ഷർട്ടും ധരിച്ചു ചുണ്ടിൽ നിറപുഞ്ചിരിയുമായി സുന്ദരനായ സണ്ണിച്ചൻ ഇറങ്ങിവന്നു.
എൽസമ്മ അകത്തേയ്ക്ക് പോയി മറയാൻ ഒരുങ്ങുമ്പോൾ ഇരുവരെയും നോക്കി സണ്ണിച്ചൻ പറഞ്ഞു.
"ഓടിയൊളിക്കണ്ട. ഞാൻ യാത്ര പറയാൻ വന്നതാണ്.കുറച്ചുദിവസങ്ങളെ താമസിച്ചുള്ളെങ്കിലും അയൽക്കാരോട് പറയാതെ പോകുന്നത് ശരിയല്ലല്ലോ."
"എങ്ങോട്ടാ സണ്ണിച്ചൻ പോകുന്നത്.?"
"ഇതുപോലെ മറ്റൊരു വാടകവീട്ടിലേയ്ക്ക്."
"ഇവിടെ സ്വസ്ഥതയില്ലല്ലേ...ദൈവത്തെ ഓർത്ത് ഞങ്ങളോട് ക്ഷമിക്ക്."
"എനിക്ക് നിങ്ങളോട് ആരോടും വെറുപ്പോ ദേഷ്യമോ ഒന്നുമില്ല. ഇവിടെ ജോലികിട്ടിയപ്പോൾ നിങ്ങടെ അയൽവക്കത്തു വന്നു താമസിച്ചു. എൽസമ്മയെ കണ്ടപ്പോൾ ഇഷ്ടമായി.വിവാഹമാലോചിച്ചു. അവളുടെ അപ്പന് ഇഷ്ടമായില്ല.അതിലെന്താ തെറ്റ്. ഇതൊക്കെ സാധാരണയല്ലേ.ഈ കാര്യത്തിൽ അപ്പനമ്മമാരുടെ തീരുമാനത്തിനല്ലേ പ്രാധാന്യം. അവരെ ബഹുമാനിക്കുകയും അഗീകരിക്കുകയും വേണ്ടേ."
"എന്ത് ചെയ്യാനാ...ഇവടെ അപ്പനൊരു ദുർവാശിക്കാരനാണ്."
ത്രേസ്യമ്മ പറഞ്ഞു.
"ഏയ് അങ്ങനൊന്നും പറയണ്ട.എല്ലാ അപ്പന്മാർക്കും ഉണ്ടാകുമല്ലോ മക്കടെ കാര്യത്തിൽ ചില പ്രതീക്ഷകൾ.ദൈവം തീരുമാനിച്ചതല്ലേ നടക്കൂ. അമ്മച്ചി സങ്കടപ്പെടണ്ട.പിന്നെ അവിടെ കുറച്ച് വിറകുണ്ട്. അത് ഞാൻ കൊണ്ടുപോകുന്നില്ല. ചേട്ടൻ വഴക്ക് പറയില്ലെങ്കിൽ അത് എടുത്തുകൊള്ളൂ. ഞാൻ പോകുന്നു."
മറുപടിക്ക് കാത്തുനിൽക്കാതെ പോകാനൊരുങ്ങി ഒരടി മുന്നോട്ടുവെച്ചിട്ട് സണ്ണിച്ചൻ തിരിഞ്ഞുനിന്നുകൊണ്ട് എന്തൊ ഓർത്തിട്ടെന്നപോലെ മെല്ലെ പറഞ്ഞു.
"ഞാൻ ഇവിടുന്ന് താമസംമാറി പോയെന്നുകരുതി എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ പറയാൻ മടിക്കേണ്ട. എന്നെകൊണ്ട് കഴിയുന്ന എന്ത് സഹായത്തിനും ഞാനെന്നും ഉണ്ടാകും."
അവൻ ബൈക്ക് ഓടിച്ചുപോയി.
എൽസമ്മ തേങ്ങി.ശബ്ദം പുറത്തുവരാതെ തേങ്ങൽ അടക്കിക്കൊണ്ട് അവൾ മുറിയിലേയ്ക്ക് നടന്നു.
ത്രേസ്യാമ്മയുടെ വെളുത്തു മെലിഞ്ഞ ശരീരമാണ്.സൗന്ദര്യംവും കുലീനതയും നിറഞ്ഞ മുഖം.പക്ഷേ, മുഖത്ത് എപ്പോഴും വിഷാദം തളംകെട്ടിനിൽക്കുന്നുണ്ടാകും. ദുഃഖത്തിന്റെയും ദുരിതത്തിന്റെയുമൊക്കെ അടയാളം.ഒന്നിലും അധികം സന്തോഷിക്കുകയോ അധികം ദുഖിക്കുകയോ ചെയ്യാറില്ല. ദൈവത്തെ മറന്നു ഒന്നുംചെയ്യാറില്ല. നാലു പെണ്മക്കളാണെന്ന ഭയം എന്നും അവരെ അലട്ടിക്കൊണ്ടിരുന്നു.
മൂന്നുപെണ്മക്കളെ ഒരുവിധത്തിൽ കെട്ടിച്ചുവിട്ടു. ഒരുപാടൊന്നും കൊടുത്തില്ലെങ്കിലും കഴിവുപോലെ പൊന്നും പണവുമൊക്കെ കൊടുത്താണ് വിട്ടത്.എന്നിട്ടും കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരിൽ മക്കൾ ഇന്നും ദുഃഖം അനുഭവിക്കുന്നുണ്ട്.
ഇടയ്ക്ക് വരുമ്പോൾ ഭർതൃഗ്രഹത്തിലെ പോരുകൾ പറഞ്ഞുകൊണ്ട് മക്കൾ കരയുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്യും. അതുകാണുമ്പോൾ ത്രേസ്യായമ്മയുടെ മാതൃഹൃദയം പിടയും.
മൂത്തമോളെ കെട്ടിച്ചുവിട്ടിടത്തു വലിയ പ്രശ്നങ്ങളില്ല. കർത്താവിന്റെ അനുഗ്രഹം കൊണ്ട് അമ്മായിഅമ്മ പോരോ മറ്റു പ്രശ്നങ്ങളോ ഇല്ല. രണ്ടാമത്തവൾക്കാണ് ദുരിതം. തന്റേടിയും വഴക്കാളിയുമായ അമ്മായിഅമ്മയും അമ്മായിഅച്ഛനും. ദേഷ്യക്കാരനും വാശിക്കാരനുമായ ഭർത്താവ്. ബന്ധം ഉപേക്ഷിച്ചു വന്നുനിൽക്കുന്ന ഒരു നാത്തൂനും മോളും.
മൂന്നാമത്തവളുടെ അവസ്ഥയും ഇതുപോലൊക്കെതന്നെ. മദ്യപാനിയും അലസനുമായ ഭർത്താവ്. കുടുംബപാരമ്പര്യവും സമ്പത്തിന്റെ മഹിമയും പറഞ്ഞു പൊങ്ങച്ചം നടിക്കുന്ന മാതാപിതാക്കൾ. പക്ഷേ, അവൾ നിൽക്കാൻ പഠിച്ചവളാണ്. ഒരുവിധം പോരെടുക്കലിലൊന്നും അവൾ തളരില്ല. എന്തിനും വീറോടെ ചെറുത്തുനിൽക്കും.
മക്കൾ വീട്ടിൽ വരുമ്പോഴൊക്കെ ഇതുപറഞ്ഞുകൊണ്ട് ത്രേസ്യാമ്മയോട് വഴക്കുണ്ടാക്കും. അപ്പനും അമ്മയും കുടുംബമഹിമയും പാരമ്പര്യവുമൊക്കെ പറഞ്ഞുകെട്ടിച്ചുവിട്ടതാണ്. എന്നിട്ടോ... ഇതൊന്നും കൊണ്ട് കാര്യമില്ല. ഇന്നത്തെകാലത്ത് പണം വേണം.
"അതെങ്ങനാ മക്കൾക്ക് അപ്പൻ തന്നാലല്ലേ ഉള്ളൂ."
"എടീ മക്കളെ അപ്പന്റെ വരുമാനം എന്തൊക്കെയാണെന്നു നിങ്ങൾക്ക് അറിയില്ലേ.?"
ത്രേസ്യാമ്മ മക്കളെ സമാധാനിപ്പിക്കും.
"അപ്പന്റെ കൂട്ടുകാരനായ പാപ്പച്ചൻ ചേട്ടൻ മക്കൾക്ക് എന്തൊക്കെ കൊടുത്തു എന്നറിയുമോ.?"
"അതുപിന്നെ അയാള് രാഷ്ട്രീയത്തിലൊക്കെ ഇറങ്ങി ഒരുപാട് ഉണ്ടാക്കിയിട്ടില്ലേ. പോരാത്തതിന് അയാൾക്ക് നല്ല ബിസിനസ്സുമുണ്ട്."
"ഇവിടെ അപ്പനും കുറെയായില്ലേ പാർട്ടി കളിച്ചു നടക്കുന്നു."
"എന്നുകരുതി...പാർട്ടിക്കാർ പണം കൊണ്ടുത്തരുമോ.?"
"കൊണ്ടുതരില്ല. ചോദിച്ചുമേടിക്കണം. പണം ഉണ്ടാക്കാൻ പഠിക്കണം. എല്ലാവരും കള്ളന്മാരല്ലേ. അങ്ങനല്ലേ പണക്കാരായത്."
"നിറുത്തെടീ നിന്റെ പ്രസംഗം. പ്രസ്ഥാനത്തേയും നേതാക്കന്മാരെയും തള്ളിപ്പറഞ്ഞാലുണ്ടല്ലോ കൊന്നുകളയും ഞാൻ."
തോമച്ചേട്ടൻ മക്കൾക്ക് നേരെ കയർക്കും. പിന്നീട് മക്കൾ പോയിക്കഴിയുമ്പോൾ അവർ പറഞ്ഞതിലും കാര്യമില്ലേ എന്നോർത്തുകൊണ്ട് നെടുവീർപ്പുതിർക്കും.
ഇനി ഒരാളെകൂടി കെട്ടിച്ചയക്കാനുണ്ട്. ഒരുതരി പൊന്നോ, ഒരു രൂപയോ കൈയിലില്ല. വിൽക്കാനോ പണയം വെക്കാനോ കിടപ്പാടമല്ലാതെ ഒന്നുമില്ല. കർത്താവ് ഒരു വഴികാണിച്ചുതരാതിരിക്കില്ല.അവൻ കരുണാമയനും എല്ലാ അറിയുന്നവനുമാണ്.
മണ്ണിൽ പണിയെടുത്തും പശുക്കളെ വളർത്തിയും രാഷ്ട്രീയം കളിച്ചുമൊക്കെ കാലം കടന്നുപോയി.വയസ്സായിരിക്കുന്നു. പുറമെ തണ്ടും തടിയുമൊക്കെ ഉണ്ടെങ്കിലും ആരോഗ്യം ദുർബലമാണ്.വെറും ചണ്ടി.സർക്കാർ പെൻഷൻ കൂട്ടിയത് നന്നായി. ഇല്ലെങ്കിൽ പലതും മുടങ്ങിയേനെ.
എത്രയോ പേർക്കുവേണ്ടി കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കൃത്യമായി ഓർമ്മയില്ല. ഒരുപാടുപേരെ ഉയരങ്ങളിലെത്താൻ സഹായിച്ചിട്ടുണ്ട് അതുറപ്പ്.ഒരുകാര്യം നാട്ടിൽ പാട്ടാണ്...ഇന്ന് പഞ്ചായത്തിലും ബ്ലോക്കിലുമൊക്കെ ഇരിക്കുന്ന പ്രമുഖർക്കൊക്കെ വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. പലപ്പോഴും ആ ഓർമ്മവെച്ചുകൊണ്ട് അവരെ കാണുമ്പോൾ സ്ഥലം മറന്നു അധികാരം പ്രകടിപ്പിക്കാറുണ്ട്.
ഇന്ന് രാപകൽ ജോലിചെയ്താലാണ് അഞ്ഞൂറുരൂപ ഉണ്ടാക്കാനാവുക.കർഷകൻ പണിയെടുത്തുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കാർക്കും കച്ചവടക്കാർക്കുമാണ്.പണിയെടുത്തു ഉണ്ടാക്കുന്നവന് ഒരിക്കലും ഗതി ഉണ്ടാകരുതെന്നാവും സമൂഹത്തിന്റെ തത്വം.
"തോമാചേട്ടനും വേണം പാർട്ടിയിൽ ഒരു നല്ല സ്ഥാനം."
ഒരിക്കൽ പാപ്പച്ചന്റെ മൂത്തമരുമകൻ വഴിയിൽ വെച്ചുകണ്ടപ്പോൾ പറഞ്ഞു.എതിർപാർട്ടിക്കാരനാണ് അവൻ.പാർട്ടി ഏരിയസെക്രട്ടറി. യുവനേതാവ്.എന്നിങ്ങനെയെല്ലാം പേരെടുത്തവൻ.
"ചേട്ടൻ പാർട്ടിയൊന്നു മാറ്. ബാക്കിയൊക്കെ ഞങ്ങൾ ഏറ്റു."
"നിന്റെ തന്തയോട് ചെന്നു പറ.എന്നെ അതിന് കിട്ടില്ല."
വല്ലാത്ത ദേഷ്യത്തോടെ ചേട്ടൻ അന്ന് അവനുനേരെ കയർത്തു.പിന്നീടൊരിക്കൽപോലും അവൻ ചേട്ടന്റെ കണ്മുന്നിൽ വരാറില്ല.
വർഷങ്ങളായി ഒരേ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്യുന്നത് കണ്ടിട്ട് മറ്റുപല നേതാക്കന്മാർക്കും സഹിക്കുന്നില്ലെന്നു തോമച്ചേട്ടന് അറിയാം.
പതിവുപോലെ ഉച്ചയ്ക്കുശേഷം കറന്നെടുത്ത പാല് ടൗണിൽ കൊണ്ടുപോയി കൊടുത്തിട്ട് വീട്ടിലേയ്ക്ക് നടക്കുകയാണ് ചേട്ടൻ.വെയിൽ കത്തിക്കാളുന്നുണ്ട്. പക്ഷേ, ക്ഷീണം തോന്നിയില്ല. തളർന്നാൽ പറ്റില്ല. വീട്ടിൽ ചെന്നിട്ട് ഇനിയും ഒരുപാട് ജോലികളുണ്ട്.ഒരുമാസത്തെ പാലിന്റെ പൈസ കൈയിലുണ്ട്. അതിന് നൂറുകൂട്ടം ആവശ്യങ്ങളും.
ചിന്തകളിൽ മുഴുകി പാൽപാത്രവും തൂക്കി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ട്യൂഷൻ കഴിഞ്ഞു കുട്ടികൾ വഴിയരികിലൂടെ നടന്നുപോകുന്നത് കണ്ടു. ഒരുനിമിഷം തോമാച്ചേട്ടൻ സണ്ണിച്ചനെ കുറിച്ചോർത്തു.
അവനിപ്പോൾ എവിടാണ് താമസിക്കുന്നത്.നല്ല ചെറുപ്പക്കാരനായിരുന്നു. സുന്ദരനും സൽസ്വഭാവിയും.പലപ്പോഴും ആ വിവാഹലോചന നടത്താതിരുന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ട്. പാരമ്പര്യത്തിന്റെയും സ്വത്തിന്റെയും പേര് പറഞ്ഞുകൊണ്ട് അവനെ തള്ളിപ്പറഞ്ഞു.ഇതെല്ലാം ഉള്ള വീട്ടിലാണ് മൂന്നുമക്കളെ കെട്ടിച്ചുവിട്ടത് എന്നിട്ടും അവരുടെ ഇപ്പോഴത്തെ സ്ഥിതി.
ഏയ് എന്തുതന്നെയായാലും ശരി. സണ്ണിച്ചനെപ്പോലൊരുവനെക്കൊണ്ട് മകളെ കെട്ടിക്കാനാവില്ല. സമ്പത്തുമാത്രമല്ല അവനില്ലാത്തത്.പാർട്ടിയും മതവുമൊന്നും ഇല്ലാത്തവനാണ് അവൻ.വിദ്യാഭ്യാസം നേടിയതിന്റെ അഹങ്കാരം.പാർട്ടിക്കാരെയും പാർട്ടിയെയും മത മേലദികാരികളെയുമൊക്കെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള അവന്റെ ലേഖനങ്ങൾ താനും വായിച്ചതാണ്. കൃസ്ത്യാനികളുടെ മാനം കളയാൻ പിറവിയെടുത്തവൻ എന്ന് തോന്നിയിട്ടുണ്ട്.
റോഡരികിൽ തല ഉയർത്തിനിൽക്കുന്ന പാപ്പച്ചന്റെ ഇരുന്നില്ല വീട് കണ്ടു.ആൾ മുറ്റത്തുനിന്നുകൊണ്ട് പണിക്കാർക്ക് എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുകയാണ്. തന്റെയൊപ്പം ഈ നാട്ടിൽ എത്തിച്ചേർന്നവനാണ് പാപ്പച്ചൻ. തന്നെപോലെ പണിയെടുത്ത് കഴിഞ്ഞുകൂടിയവൻ.പക്ഷേ, ഇന്ന് അവൻ തന്നേക്കാൾ ഒരുപാട് ഉയരത്തിലെത്തിയിരിക്കുന്നു.കർത്താവ് അനുഗ്രഹിക്കുന്നതിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല.തോമാച്ചേട്ടൻ മനസ്സിൽ ചിന്തിച്ചു.
പിന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടിയൊച്ച കേട്ടു. റോഡിന്റെ അരികുചേർന്നുനടന്നിട്ടും ചേട്ടൻ കുറച്ചുകൂടി ഒതുങ്ങിനിന്നുകൊണ്ട് തിരിഞ്ഞു കാറിനുനേർക്ക് നോക്കി.വെളുത്ത പുത്തൻ കാറ് മെല്ലെവന്നു ചേട്ടന്റെ അരികിൽ നിന്നു. സൂര്യപ്രകാശം തട്ടി അതിന്റെ കണ്ണാടി മിന്നിതിളങ്ങി.ഒരുനിമിഷം കാറിനുള്ളിൽ നിന്ന് വെളിയിലേയ്ക്ക് തലയിട്ടുകൊണ്ട് തന്നെനോക്കി പുഞ്ചിരിച്ച ആളെകണ്ടു ചേട്ടൻ അമ്പരന്നു.വെളുത്തുതുടുത്ത മുഖത്ത് പുഞ്ചിരി വിരിയിയിച്ചുകൊണ്ട് പറഞ്ഞു.
"തോമാചേട്ടൻ പാല് കൊടുക്കാൻ പോയതാണല്ലേ...വരൂ വീട്ടിൽ ഇറക്കം."
കാറിന്റെ ഡോർ തുറന്നുകൊടുത്തുകൊണ്ട് അയാൾ ക്ഷണിച്ചു. ഒരുനിമിഷം മടിച്ചുനിന്നിട്ട് പാൽപാത്രവുമായി കാറിന്റെ ഡോറിനുനേർക്ക് നടക്കുമ്പോൾ കാറിലിരിക്കുന്ന ആളെക്കുറിച്ച് ചേട്ടൻ ഓർക്കുകയായിരുന്നു.
'മാളിയേക്കൽ തോമസ്'. പേരെടുത്ത ബിസ്സിനസ്സുകാരൻ.അനവധി ഭൂസ്വത്തിന്റെ ഉടമ.പണക്കാരനാണെങ്കിലും അതിന്റെ അഹങ്കാരം ഒട്ടുമില്ല. നല്ല സമീപനവും സംസാരവും.
ചേട്ടൻ കാറിൽ കടന്നിരുന്നുകൊണ്ട് ഡോറടച്ചു.കാർ മെല്ലെ മുന്നോട്ട് നീങ്ങി.വിശേഷങ്ങൾ തിരക്കിക്കൊണ്ട് അയാൾ ചോദിച്ചു.
"ചേട്ടാ നല്ലൊരു പെണ്ണ് വേണം.സ്ത്രീധനമൊന്നും വേണ്ട. കാണാൻ സുന്ദരിയായിരിക്കണം.നല്ല സ്വഭാവം ഉണ്ടായിരിക്കണം. പിന്നെ ധൈവഭയമുള്ളവളാവണം.ചേട്ടന്റെ അറിവിലെങ്ങും ഉണ്ടോ.?"
"ആർക്കാണ്.?"
"മറ്റാർക്കുമല്ല. എന്റെ ഇളയമോന് തന്നെ."
"അവനെന്തോ സുഖക്കേട് ഉള്ളതല്ലേ.?"
"ഏയ് അതൊക്കെ ആളുകൾ വെറുതേ പറഞ്ഞുണ്ടാക്കുന്നതാ.ഇപ്പോൾ ഒരുപ്രശ്നവും ഇല്ല."
"ശരിയാ ഇന്നത്തെ കാലത്ത് ഇതൊക്കെ അത്രവലിയ കാര്യമാണോ.ചികിൽസിച്ചാൽ മാറാവുന്നതല്ലേയുള്ളൂ."
"മാളിയേക്കൽ കുടുംബത്തിലേയ്ക്ക് കെട്ടിക്കൊണ്ടുപോകാൻ പറ്റിയ പെൺകുട്ടിയൊന്നും എന്റെ അറിവിലില്ല.വെറുതേ നോക്കാന്ന് പറയുന്നതിൽ കാര്യമില്ലല്ലോ."
ചേട്ടൻ പറഞ്ഞൊഴിയാൻ ശ്രമിച്ചു.
"അതൊക്കെയുണ്ട്. ചേട്ടന് ഇഷ്ടക്കേട് ഉണ്ടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ... നമുക്കിടയിൽ ഒരു മൂന്നാമന്റെ ആവശ്യമില്ല അതുകൊണ്ട് തുറന്നു ചോദിക്കുവാ... ചേട്ടന്റെ മോളെ കെട്ടിച്ചു തന്നുകൂടെ.?"
"ഈശോയെ..."
തോമാച്ചേട്ടൻ ഞെട്ടിക്കൊണ്ട് നെഞ്ചിൽ കൈവെച്ചു സ്തംഭിച്ചിരുന്നുപോയി. താൻ കേട്ടത് സത്യമോ മിഥ്യയോ എന്നറിയാതെ.
(തുടരും...)
ഭാഗം - 4
വീടിനുമുന്നിൽ കാറു നിറുത്തി ഇറങ്ങുമ്പോൾ തോമാച്ചേട്ടന്റെ ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.അഴയിൽ തുണി വിരിച്ചിട്ടുകൊണ്ട് നിന്ന എൽസമ്മ ഇതുകണ്ട് അത്ഭുതപ്പെട്ടു.സദാ ഗൗരവം തുടിക്കുന്ന മുഖത്ത് എന്തേ പതിവില്ലാത്ത സന്തോഷം.
"എടീ ത്രേസ്യാമ്മേ..."
ഉച്ചത്തിൽ വിളിച്ചുകൊണ്ട് ചേട്ടൻ പൂമുഖത്തുകയറി കസേരയിലിരുന്നു. വിളികേട്ട് ഓടിയെത്തിയ ഭാര്യയെനോക്കി ആവേശത്തോടെ അയാൾ ആ സന്തോഷവാർത്ത പറഞ്ഞുതുടങ്ങി.
"ഞാൻ എപ്പോഴും പറയാറില്ലേ...നമ്മുടെ എൽസമോളെ കെട്ടാൻ എല്ലാംകൊണ്ടും യോഗ്യനായ ഒരു ചെറുക്കൻ തേടി വരുമെന്ന്."
"അതിനിപ്പോ ആരാ തേടി വന്നത്.?"
"വന്നെടി വന്നു... എന്റെ മോള് ഭാഗ്യമുള്ളവളാണ്. അല്ലെങ്കിൽ ഇങ്ങനൊരു ആലോചന ഇങ്ങോട്ട് വരില്ലല്ലോ."
സന്തോഷം കൊണ്ട് മതിമറന്ന തോമാച്ചേട്ടൻ പാല് കൊടുത്തിട്ട് മടങ്ങിവരുംവഴി ഉണ്ടായതത്രയും ശബ്ദം താഴ്ത്തി ഭാര്യയെ പറഞ്ഞുകേൾപ്പിച്ചു. വല്ലാത്ത ആവേശത്തോടെ.
എല്ലാം കേട്ടിരുന്നശേഷം നെറ്റിചുളിച്ചുകൊണ്ട് ത്രേസ്യാമ്മ ഭർത്താവിനെ നോക്കി ചോദിച്ചു.
"ആ ചെറുക്കന് എന്തൊക്കെയോ സുഖക്കേട് ഉള്ളതല്ലേ.?"
"നീ വേണ്ടാത്തതൊന്നും പറയണ്ട. ആ ചെറുക്കന് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ആക്സിഡന്റിൽ പറ്റിയൊരു ചെറിയ മാനസിക പ്രശ്നം മാത്രം.അമ്മ കണ്മുന്നിൽ മരണപ്പെടുന്നത് കണ്ടതിന്റെ ആസ്വാസ്ഥ്യം.ഇപ്പോൾ കുഴപ്പമൊന്നുമില്ല."
"എന്തുതന്നെയായാലും എൽസയ്ക്ക് ഈ ആലോചന വേണ്ട. നമ്മുക്ക് പറ്റിയ ബന്ധമല്ല."
"മിണ്ടാതിരുന്നോണം. ഇല്ലെങ്കിൽ നിന്റെ നാക്ക് ഞാൻ കണ്ടിക്കും. മാളിയേക്കൽ കുടുംബക്കാർ ആരാണെന്ന നിന്റെ വിചാരം. അവരുമായുള്ള ബന്ധത്തേക്കുറിച്ച് ചിന്തിക്കാൻ പോലും യോഗ്യതയില്ല നമുക്ക്. അപ്പോഴാണ് ഇങ്ങനൊരവസരം തേടിവന്നിരിക്കുന്നത്."
"കർത്താവേ... ഇതിലും നല്ലത് എന്റെ മോളെ കൊന്നുകളയുന്നതാണ്."
ത്രേസ്യാമ്മ കരഞ്ഞു. തോമാച്ചേട്ടൻ ഭാര്യക്കുനേരെ കയർത്തു. എൽസമ്മ ഇതെല്ലാം കണ്ടുകൊണ്ട് അവിടേയ്ക്ക് ഓടിയെത്തി. അമ്മയെ തല്ലാനൊരുങ്ങുന്ന അപ്പനെ അവൾ തടഞ്ഞു.
"അപ്പന്റെ ഇഷ്ടം പോലെ നടക്കട്ടെ എല്ലാം. എനിക്ക് സമ്മതമാണ്. ഇതിന്റെ പേരിൽ അമ്മയെ തല്ലണ്ട."
അവൾ അമ്മയുടെ കരം കവർന്നുകൊണ്ട് തേങ്ങി. തോമാച്ചേട്ടൻ ഇതുകണ്ടുകൊണ്ട് മരംകണക്കെ നിന്നു.
നാട്ടിലെല്ലാം വിവാഹലോചനയുടെ വാർത്ത പരന്നു.പറഞ്ഞു ചിരിക്കാനും, രസിക്കാനും, അസൂയക്കൊള്ളാനുമൊക്കെ നാട്ടുകാർക്ക് ഒരു വാർത്തകിട്ടി.
തോമാച്ചേന്റെ മോളെ മാളിയേക്കൽ തോമസിന്റെ മകൻ കെട്ടാൻ പോകുന്നു.
കൂടുതൽപേർക്കും ഇതുകേട്ട് അതിശയമാണ് തോന്നിയത്. ചിലർക്ക് തോമാചേട്ടനോട് വെറുപ്പും എൽസമ്മയോട് സഹതാപവും തോന്നി.
അന്ന് രാവിലെ കവലയിലുള്ള അലിയാരിക്കയുടെ ചായക്കടയിലും ഇതുതന്നെയായിരുന്നു സംസാരവിഷയം.കൈയിൽ ലോട്ടറിയും പിടിച്ചു കക്ഷത്തിൽ ബാഗും തിരുകി കടയിലേയ്ക്ക് കയറിയ ലോട്ടറിക്കാരൻ 'കുഞ്ഞച്ചൻ' ചായയ്ക്ക് ഓർഡർ കൊടുത്തിട്ട് അടുത്ത ബെഞ്ചിലിരുന്നുകൊണ്ട് ചായ കുടിക്കുന്ന വാർഡ് മെമ്പർ 'മോഹനാനെ' നോക്കി ചോദിച്ചു.
"അല്ല മെമ്പറെ... നിങ്ങടെ പാർട്ടിക്കാരനായ തോമാച്ചേട്ടന് വട്ടാണോ... അയാളുടെ ഇളയമോളെ മാളിയേക്കലെ ആ ഭ്രാന്തുള്ള ചെറുക്കന് കെട്ടിച്ചുകൊടുക്കാൻ പോകുന്നെന്ന് കേട്ടു."
"തോമാച്ചേട്ടൻ ആള് ബുദ്ധിമാനാ. അട്ടയുടെ കണ്ണുകണ്ടവൻ. മരുമകന് ചെറിയ ഭ്രാന്തുണ്ടെങ്കിലെന്താ മാളിയേക്കൽ തറവാട്ടിലെ പാതി സ്വത്തിന്റെ അവകാശിയല്ലേ മരുമകനായിട്ട് വരുന്നത്. തോമാച്ചേട്ടന്റെ അന്തസ്സും അഭിമാനവുമൊക്കെ ഇനി ഉയരില്ലേ."
"എന്തൊക്കെ ഉണ്ടായിട്ടെന്താ... ചെറുക്കന് സുഖമില്ലല്ലോ."
"അതിനെന്താ എല്ലാർക്കും ഇല്ലേ ചെറിയ ഭ്രാന്ത്. ആ ചെറുക്കന് ഇത്തിരി കൂടുതലാണെന്നു മാത്രം. വിവാഹം കഴിയുന്നതോടെ അത് മാറിക്കൂട എന്നുമില്ലല്ലോ."
"ഇതിലും എത്രയോഭേതമായിരുന്നു ആ സണ്ണി മാഷ്. നല്ല ചെറുപ്പക്കാരൻ."
"കാര്യമൊക്കെ ശരിതന്നെ. അയാളെക്കുറിച്ചു പറയുന്നത് തോമാച്ചേട്ടൻ കേൾക്കണ്ട. പാർട്ടിയെയും പാർട്ടിക്കാരെയുമൊക്കെ പുച്ഛമല്ലേ അയാൾക്ക്."
"എന്തുതന്നെയായാലും ഇതിത്തിരി കടന്ന കൈയ്യായിപ്പോയി.കൊരങ്ങന്റെ കൈയിൽ പൂമാല കൊടുക്കുന്നതുപോലെ ആവും ആ പെങ്കൊച്ചിന്റെ കാര്യം."
ഈ സംസാരംകേട്ടുകൊണ്ട് കടയിലേയ്ക്ക് കയറിവന്ന പൈലി ചേട്ടൻ പറഞ്ഞു.
"ചേട്ടൻ കൊണ്ടുപോയ ആലോചനകളൊന്നും നടന്നില്ല. അതല്ലേ ചേട്ടന്റെ സങ്കടം."
കുഞ്ഞച്ചൻ കളിയാക്കുംപോലെ ചിരിച്ചുകൊണ്ടുപറഞ്ഞു.
"ആ ഒരു സങ്കടമൊന്നും പൈലിക്കില്ല. നാട്ടിൽ പെണ്ണും ആണും ഉള്ളിടത്തോളം കാലം കല്യാണങ്ങൾ ഞാൻ വേറെ നടത്തും."
ഈ സമയം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് തോമസ് മുതലാളിയുടെ ഇന്നോവകാറ് കടയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു.ഒരുനിമിഷം കാർ നിറുത്തി ഇറങ്ങി കവലയിലെ കടയിൽ നിന്നും സിഗരറ്റ് വാങ്ങിക്കൊണ്ട് തോമസ് മുതലാളി വീണ്ടും കാറിൽ കയറി. കാർ കവലയിൽ നിന്ന് തോമാച്ചേട്ടന്റെ വീട് സ്ഥിതിചെയ്യുന്ന വഴിയിലേയ്ക്ക് തിരിഞ്ഞു. ചായക്കടയിലിരുന്നവർ നിശബ്ദരായി ഇത് നോക്കിയിരുന്നു.
തോമസ് മുതലാളിയാണ് മൂത്ത മകനായ 'ജോസഫ്' ആണ് കാർ ഓടിക്കുന്നത്. കാറിനുള്ളിൽ മുതലാളിയുടെ രണ്ടാംഭാര്യ 'മോളിയും' ജോസഫിന്റെ ഭാര്യ 'ജാൻസിയും' ഇരിപ്പുണ്ട്.
"കുടുംബം മുഴുവൻ ഉണ്ടല്ലോ... പെണ്ണുകാണൽ ചടങ്ങാവും."
കാർ പോയിക്കഴിഞ്ഞപ്പോൾ പൈലി ചേട്ടൻ കടയിലിരുന്നവരെ നോക്കി പറഞ്ഞു.
ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങിയ കാറ് തോമാച്ചേട്ടന്റെ വീടിനുമുന്നിൽ ചെന്നു നിന്നു. തോമസ് മുതലാളിയും കുടുംബവും കാറിൽ നിന്നിറങ്ങി.
ഓടുമേഞ്ഞ പഴയവീട് കണ്ടപ്പോൾ മോളിയുടെയും ജൻസിയുടെയും മുഖത്ത് പുച്ഛം നിറഞ്ഞു. അറച്ചറച്ച് എന്നോണം അവർ മുറ്റത്തേയ്ക്ക് കടന്നു.നീല പട്ടുസാരി ചുറ്റി ശരീരംനിറയെ ആഭരണം അണിഞ്ഞ വെളുത്തുതടിച്ച സുന്ദരിയായ ജാൻസിക്കാണ് കൂടുതൽ പുച്ഛം.
തോമാച്ചേട്ടനും ഭാര്യക്കും ആകെ പരിഭ്രമം.അതിഥികളെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ അവർ കുഴങ്ങി. കസേരകൾ തുടച്ചു മുന്നോട്ട് നീക്കിയിട്ടുകൊണ്ട് തോമാച്ചേൻ വിനയത്തോടെ അതിഥികളോട് ഇരിക്കാൻ പറഞ്ഞു.
അതിഥികൾക്ക് തോമാച്ചേട്ടന്റെ തിണ്ണയിൽ നിൽക്കാനും ആ പഴയ കസേരകളിൽ ഇരിക്കാനുമൊക്കെ അറപ്പ് തോന്നി.
"വീട് ഒരുപാട് പഴയതാണല്ലേ. ഇന്നത്തെ കാലത്ത് ഇതുപോലുള്ള വീടുകൾ വിരളമാണ്."
മോളിക്കുട്ടി അൽപ്പം പരിഹാസം കലർത്തികൊണ്ട് ചോദിച്ചു.
തോമാച്ചേട്ടൻ ദയനീയമായി ചിരിച്ചുകൊണ്ട് മെല്ലെ എന്തൊ പറഞ്ഞു. ത്രേസ്യാമ്മ അപമാനം കൊണ്ട് തല താഴ്ത്തി.
എൽസമ്മയെ പെണ്ണുകാണാൻ വന്നതാണ് മാളിയേക്കൽ വീട്ടുകാർ. ചെറുക്കൻ മുൻപ് വന്നു കണ്ടിട്ട് പോയിരുന്നു.അറച്ചറച്ച് ചുവടുകൾവെച്ച് സ്ത്രീകൾ അകത്തേയ്ക്ക് കയറി. മുതലാളിയും മകനും പൂമുഖത്തെ കസേരയിലിരുന്നു.
ത്രേസ്യാമ്മ ഭവ്യതയോടെ അതിഥികളെ മകളുടെ അടുക്കലേയ്ക്ക് നയിച്ചു. മുറിയിൽ ലൈറ്റ് ഇട്ടിട്ടുണ്ട്. എങ്കിലും നല്ല വെളിച്ചം ഉണ്ടായിരുന്നില്ല. എന്നിട്ടും എൽസമ്മയുടെ സൗന്ദര്യം കണ്ട് പെണ്ണുങ്ങൾ ഞെട്ടി.
ഉദിച്ചുയരുന്ന സൂര്യനെപ്പോലെ, പൂർണ്ണ ചന്ദ്രനെപ്പോലെ, വെണ്ണക്കൽശിൽപ്പംപോലെ പുഞ്ചിരിതൂകി നിൽക്കുന്ന പെണ്ണിനെ കണ്ട് മോളികുട്ടിയും മരുമകൾ ജാൻസിയും തുറിച്ചുനോക്കി നിന്നു. എന്നിട്ട് എൽസമ്മയെ നോക്കി അസൂയയോടെ ജാൻസി ചോദിച്ചു.
"എൽസ എന്നാണല്ലേ പേര്."
അതേയെന്ന് അവൾ മൂളി.ലജ്ജകൊണ്ട് അവളുടെ മുഖം കുനിഞ്ഞു. കവിളിണകൾ ചുമക്കുകയും അവിടെ നുണക്കുഴികൾ വിടരുകയും ചെയ്തു.ഇതുകണ്ട് ത്രേസ്യാമ്മ നിറകണ്ണുകൾ തുടച്ചു.
അധികം വൈകാതെ ചായയും പലഹാരവുമൊക്കെ കഴിച്ചെന്നുവരുത്തി മുതലാളിയും കുടുംബവും അവിടുന്ന് യത്രപറഞ്ഞു മടങ്ങി.
ദിവസങ്ങൾ കടന്നുപോകാവേ വിളിച്ചുചൊല്ലലും മറ്റു ചടങ്ങുകളുമൊക്കെ അതിന്റെ മുറപോലെ നടന്നു. ചടങ്ങുകൾ എല്ലാം ലളിതമായ രീതിയിലായിരുന്നു. അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രം ചടങ്ങുകളിൽ പങ്കെടുത്തു.
ഒടുവിൽ ആ ദിനം വന്നെത്തി. കല്യാണദിവസം.
കല്യാണത്തിന്റെ തലേദിവസം തോമാച്ചേട്ടന്റെ വീട്ടുമുറ്റത്ത് പന്തൽ ഉയർന്നു.പിന്നാമ്പുറത്ത് പാചകപ്പുരയും തയ്യാറായി. മേശയും കസേരയുമൊക്കെ പന്തലിൽ നിരന്നു.വീടിനുള്ളിൽ മക്കളും മരുമക്കളും കുട്ടികളും ബന്ധുക്കളും നാട്ടുകാരുമൊക്കെ നിറഞ്ഞു. സന്തോഷത്തിന്റെ ആരവം. പൊട്ടിച്ചിരികൾ. അടക്കം പറച്ചിലുകൾ.
കല്യാണപെണ്ണായി മണവാളനെ സ്വീകരിക്കാൻ തയ്യാറെടുത്തിരിക്കുന്ന എൽസമ്മയെ കാണാൻ കൂട്ടുകാരികളെത്തി.എൽസമ്മയ്ക്ക് വാങ്ങിയ ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ മറ്റുള്ളവരെ എടുത്തുകാണിച്ചുകൊണ്ടും കല്യാണത്തിന്റെ പൊങ്ങച്ചം പറഞ്ഞുകൊണ്ടും സഹോദരിമാർ അവൾക്ക് ചുറ്റും നിന്നു. കുട്ടികൾ കുസൃതികാട്ടിയും വഴക്കുണ്ടാക്കിയും ഓടിനടന്നു.
അയൽക്കാരി പെണ്ണുങ്ങൾ കസേരയിലിരുന്നു ചായ കുടിച്ചുകൊണ്ട് മണവാട്ടിപ്പെണ്ണിനെ സൗന്ദര്യം കണ്ട് അസൂയക്കൊണ്ടു. ലക്ഷ്മി ചേച്ചി എൽസമ്മയുടെ അരികിലെത്തി ശബ്ദം താഴ്ത്തി മെല്ലെ കാതിൽ ചോദിച്ചു.
"മോള് ചെറുക്കനെ നന്നായി കണ്ടാരുന്നോ.?"
"ഒരുവട്ടം കണ്ടു..."
"എല്ലാം മനസ്സിലാക്കിയിട്ടു തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്.?"
"അതെ..."
"അവനൊരു മാനസിക രോഗിയാണെന്നു കേട്ടു... അമ്മയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആക്സിഡന്റ് ഉണ്ടായതാണത്രേ അമ്മ മരിച്ചു... അതിൽ പിന്നെയാണ് ഇങ്ങനെ സംഭവിച്ചതെന്നു പറയുന്നു. ശരിയാണോ എന്ന് ആർക്കറിയാം."
"കേട്ടതൊക്കെ ശരിതന്നെയാണ്."
"എന്നിട്ടും ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് മോള് ഇതിന് സമ്മതിച്ചത് എന്തുകൊണ്ടാണെന്ന എനിക്ക് മനസ്സിലാവാത്തത്."
"ആക്സിഡന്റ് മൂലമുണ്ടായ ഭ്രാന്ത് അല്ലെ അത് ചികിൽസിച്ചു മാറ്റാൻ പറ്റിയാലോ. ജന്മനാ ഭ്രാന്തുള്ളവരെ എന്ത് ചെയ്യും.ഞാൻ അത്രയേ ചിന്തിച്ചുള്ളൂ."
ലക്ഷ്മി ഞെട്ടിപ്പോയി. മറുപടി ഇഷ്ടപ്പെട്ടില്ലെങ്കിലും അവളുടെ ആ മനസ്സുറപ്പ് ലക്ഷ്മിക്ക് നന്നേ ബോധിച്ചു. ആശംസകൾ നേർന്നിട്ട് അവർ മെല്ലെ അവിടെനിന്നും നടന്നകന്നു.
അധികം വൈകാതെ ഭക്ഷണം കഴിച്ചുകൊണ്ട് എല്ലാവരും വീടുകളിലേയ്ക്ക് മടങ്ങിപ്പോയി.
പിറ്റേദിവസം പത്തുമണിയോടുകൂടെ എല്ലാവരും പള്ളിയിൽ ഒരുമിച്ചുചേർന്നു.എൽസമ്മ ഒരു മാലാഖയെപ്പോലെ മണവാട്ടിയായി അണിഞ്ഞൊരുങ്ങിനിന്നു.
"ചെറുക്കനും കൂട്ടരും വരുന്നുണ്ട്."
കൂടിനിന്നവരിൽ ആരോ വിളിച്ചുപറഞ്ഞു. എല്ലാവരും അവിടേയ്ക്ക് ജിജ്ഞാസയോടെ മിഴികൾ പായിച്ചു.പുതുപുത്തൻ കാറിൽ വന്നിറങ്ങിയ ചെറുക്കനെ കാണാൻ എല്ലാമിഴികളും ഒരേയിടത്തു പതിച്ചു. പള്ളിമുറ്റത്ത് തിക്കും തിരക്കും.
വെളുത്തുടുത്ത സുന്ദരമായ 'ജോർജുകുട്ടി' പാന്റും കോട്ടും അണിഞ്ഞുകൊണ്ട് മെല്ലെ പള്ളിനടകൾ കയറിവന്നു. കണ്ണുകളിൽ അലക്ഷ്യഭാവം. മുഖത്ത് കടുപ്പം. ഒപ്പം ബന്ധുക്കളും കൂട്ടുകാരുമൊക്കെ.
അധികം വൈകാതെ വിവാഹചടങ്ങുകൾ ആരംഭിച്ചു.തോമാച്ചേട്ടൻ സ്ത്രീധനമായി കൊടുത്ത പണവും പണ്ടവും സ്വീകരിച്ചുകൊണ്ട് മോതിരവാഴ്തും മറ്റും കഴിഞ്ഞു അച്ഛൻ എടുത്തുകൊടുത്ത മിന്നും ചരട് കഴുത്തിൽ കെട്ടി മന്ത്രകോടിയും പുതപ്പിച്ച് ആഘോഷമായി എൽസമ്മയെ ജോർജുകുട്ടി സ്വന്തമാക്കി.
വിവാഹം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചു.അൽപ്പം കഴിഞ്ഞ് അവർ മടങ്ങിപ്പോകാൻ തയ്യാറെടുത്തു. ഇനി ഭർതൃഗ്രഹത്തിലേയ്ക്കുള്ള യാത്ര. അലങ്കരിച്ച കാറിൽ ആരൊക്കെയോ ചേർന്ന് എൽസമ്മയെ കയറ്റി. അടുത്തായി ജോർജ്കുട്ടിയിരുന്നു. കാർ മെല്ലെ പള്ളിമുറ്റം പിന്നോട്ട് മുന്നോട്ട് നീങ്ങി. ആരാവങ്ങൾ ഒഴിഞ്ഞു.
ആ വലിയ വീട്ടിലെ മുറിക്കുള്ളിൽ എൽസമ്മ നിശ്ചലയായി നിന്നു. മൂകയായി നിമിഷങ്ങളെണ്ണിക്കൊണ്ട് അങ്ങനെ.അവളുടെ ആർദ്രത തുളുമ്പുന്ന മിഴികളിൽ നിസ്സഹായതയുടെ നനവ്.
താൻ സ്വപ്നം കാണുകയാണോ...? അവൾ നാലുപാടും നോക്കി. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏതോ മയികാലോകത്തു എത്തിപ്പെട്ട പ്രതീതി. സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലിയ വീട്.കോൺക്രീറ്റിൽ തീർത്ത ഒരു ഇരുനില്ലമാളിക .മുറ്റം നിറയെ ഗാർഡൻ. കട്ട വിരിച്ചു മനോഹരമാക്കിയ മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന വിവിധതരം കാറുകൾ.ആ മുറ്റത്തുകൂടെ കുട്ടികൾ കളിച്ചുനടക്കുന്നു. പുറത്ത് ഹാളിലും പൂമുഖത്തുമൊക്കെ ബന്ധുക്കൾ.
പടിഞ്ഞാറു വശത്തുള്ള മുറിയിലേയ്ക്കാണ് സ്ത്രീകൾ എൽസമ്മയെ കൊണ്ടുപോയത്. മനസ്സ് ആസ്വസ്ഥമാണെങ്കിലും അവൾ എല്ലാം നോക്കിക്കണ്ടു മനസ്സിലാക്കി ഒരു കാഴ്ചവസ്തുപോലെ അങ്ങനെ നിന്നു. പുത്തൻ ചുറ്റുപാടുകൾ വീർപ്പുമുട്ടിക്കുന്നു. വസ്ത്രവും ശരീരവും വിയർപ്പിൽ നനഞ്ഞു.
സാരിയാണ് വേഷം.അത്യാവശ്യം ആഭരണങ്ങൾ ശരീരത്തിലുണ്ട്.മാല, കമ്മൽ, വളകൾ എല്ലാം തോമാച്ചേട്ടൻ കണ്ടിടത്തുന്നൊക്കെ കടംമേടിച്ചു പെട്ടെന്ന് ഉണ്ടാക്കിയതാണ്.വലിയ വീട്ടിൽ നിന്നെത്തിയ പൊങ്ങച്ചക്കാരി പെണ്ണുങ്ങൾ അവൾക്കുചുറ്റും കൂടി. ശരീരം നിറയെ ആഭരണത്തിൽ പൊതിഞ്ഞു വന്നിട്ടുള്ള അവരുടെ കണ്ണിൽ പുച്ഛം നിറഞ്ഞു.ചുണ്ടിൽ പരിഹാസം ചിരിപടർത്തി.
"കുറച്ച് വരവെങ്കിലും വാങ്ങി ഇട്ടുകൂടാരുന്നോ കൊച്ചേ... കല്യാണമല്ലേ.?"
കൂട്ടത്തിൽ ഒരു പൊങ്ങച്ചക്കാരിയുടെ ചോദ്യം. ഉള്ളിൽ വല്ലാത്ത നീറ്റൽ. അപമാനംകൊണ്ട് തലകുമ്പിട്ട് അവൾ നിന്നു. ഇങ്ങനെ പലതും കേൾക്കുകയും അനുഭവിക്കുകയും വേണ്ടിവരുമെന്ന് മനസ്സിലാക്കികൊണ്ട് തന്നെയാണ് താൻ ഇങ്ങോട്ട് വന്നിട്ടുള്ളത്. അവൾ മനസ്സിലോർത്തു. ചോദ്യം എറിഞ്ഞുകൊണ്ട് തന്നെ കളിയാക്കിയ ആളെ അവൾക്ക് മനസ്സിലായി.'മേരി.' ചേട്ടത്തിയുടെ അമ്മ.
ചുറ്റും നിന്ന പെണ്ണുങ്ങൾ കിലുകിലെ ചിരിച്ചുകൊണ്ട് അവളെനോക്കി. ഇതുകണ്ട് ആവേശം കൊണ്ട് മേരി കുറച്ചുകൂടി അവളുടെ അടുത്തേയ്ക്ക് നീങ്ങിനിന്നുകൊണ്ട് കഴുത്തിലെ മാല യിലേയ്ക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട് ചോദിച്ചു.
"ഇപ്പോൾ ഉള്ളത് തന്നെ വരവ് ആണെന്ന് തോന്നുന്നല്ലോ.ചെമ്പുനിറം തെളിഞ്ഞിരിക്കുമ്പോലെ."
വീണ്ടും പെണ്ണുങ്ങളുടെ കൂട്ടച്ചിരി. എൽസമ്മ വീണ്ടും തലകുനിച്ചു. പണക്കാരിപെണ്ണുങ്ങൾക്ക് പാവപ്പെട്ടവരെ കളിയാക്കുന്നത് ഒരു രസമാണ്.
പെണ്ണിന്റെ സൗന്ദര്യം സ്വർണ്ണത്തിലും പട്ടുസാരിയിലുമൊന്നുമല്ല. നല്ല മനസ്സും പ്രവർത്തിയുമാണെന്ന് വിളിച്ചുപറയണമെന്ന് അവൾക്ക് തോന്നി. പക്ഷേ, തൊണ്ട വരണ്ടുപോയിരുന്നു.
"എന്തിനാ ഇങ്ങനെ നിൽക്കുന്നെ ആ കട്ടിലിലെങ്ങാനും ഇരിക്ക്."
അൽപ്പം പ്രൗഡികലർന്ന ശബ്ദം.മുഖമുയർത്തി നോക്കി. വെളുത്തുതടിച്ച തന്റെ അമ്മായിഅമ്മ. ഭർത്താവിന്റെ രണ്ടാനമ്മ.
അവൾ ഇരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ അവളെ തനിച്ചാക്കി പെണ്ണുങ്ങൾ ഓരോരുത്തരായി മുറിവിട്ടിറങ്ങിപ്പോയി.പട്ടുസാരിയുടെ തുമ്പു പിടിച്ചുകൊണ്ടു അമ്മായിഅമ്മയും പുറത്തേയ്ക്ക് പോയി. അപ്പുറത്തെ മുറിയിൽ നിന്നുകൊണ്ട് ചേട്ടത്തിയോട് അവരുടെ അമ്മ മേരി ചോദിക്കുന്നത് എൽസമ്മ കേട്ടു.
"നല്ല സുന്ദരി പെണ്ണ്. എങ്ങനെ കിട്ടി ഇവളെ.?"
"ഒരു ഗതിയുമില്ലാത്തയിടത്തെയാണ്.ആ നേതാവ് തോമാച്ചേട്ടന്റെ മോളാണ്."
"ഏത്...?"
"അമ്മയ്ക്ക് അറിഞ്ഞുകൂടെ തടിച്ചു പൊക്കമുള്ള അയാളെ... ഇലക്ഷൻ സമയത്തൊക്കെ വീടുകയറാൻ വരാറുണ്ട്."
"ഓ മനസ്സിലായി. അയാളുടെ മോളാണല്ലേ ഇവൾ. ഭംഗി ഉണ്ടായിട്ട് കാര്യമില്ലല്ലോ യോഗംകൂടി വേണ്ടേ... ഇല്ലെങ്കിൽ ഇങ്ങനൊരുത്തന്റെ ഭാര്യയായിട്ട്."
"അതിന് ഇവിടേയ്ക്ക് വരാൻ പറ്റിയത് അവളുടെ ഭാഗ്യമല്ലേ.?"
"ശരിതന്നെ പക്ഷേ, ജോർജുകുട്ടിയല്ലേ കെട്ടിയോൻ."
"പിന്നല്ലാതെ അവളെ ചേട്ടൻ കെട്ടിയതാണോ... എന്താ ഈ അമ്മച്ചിക്ക്.?"
"കാര്യമൊക്കെ ശരിതന്നെ. നീ ഒന്ന് സൂക്ഷിക്കണത് നല്ലതാ."
"എന്താ അമ്മച്ചി പറഞ്ഞുവരുന്നത്.?"
"ജോർജുകുട്ടിക്ക് ഭ്രാന്തല്ലേ... എപ്പോഴാ ഇളകുക എന്നറിയില്ലല്ലോ. അവനെങ്ങാനും ഈ പെണ്ണിനെ കഴുത്തുഞെരിച്ചു കൊന്നാലോ... നിങ്ങളും തൂങ്ങേടി വരില്ലേ."
"കൊല്ലട്ടെ... എന്നാലെങ്കിലും നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ മനസ്സിലാകുമല്ലോ കാര്യങ്ങൾ.ഞങ്ങൾക്ക് ജോർജുകുട്ടിയുടെ കാര്യത്തിൽ ശ്രദ്ധയില്ല, ചികിൽസിക്കുന്നില്ല, മൊതല് തട്ടിയെടുക്കാൻ വേണ്ടി ഇരിക്കുവാണ് ഇതൊക്കെയല്ലേ നാട്ടുകാരും ബന്ധുക്കളും പറയുന്നത്."
എൽസമ്മ ഇതുകേട്ട് വല്ലാതെ ഭയന്നു. തല കറങ്ങുന്നതുപോലെ. ശരീരം വീണ്ടും വിയർക്കാൻ തുടങ്ങി. ഉള്ളം വെന്തുരുക്കുകയാണ്.
തോമസു മുതലാളി തന്നെ മരുമകളായി കൊണ്ടുവന്നതിന്റെ കാരണം അവൾക്ക് മനസ്സിലായി. ആളുകളുടെ കണ്ണിൽ പൊടിയിടാൻ. അതിനുവേണ്ടി രണ്ടാനമ്മയായ അമ്മായിയമ്മയും, അവരുടെ ബന്ധുവായ മരുമകളും, ചേട്ടനുമൊക്കെ കൂട്ടുനിന്നു എന്നുമാത്രം.
അവരുടെ നിലപാട് ശരിയായിരുന്നു എന്ന് തെളിയിക്കാൻ അവർ പരിശ്രമിക്കും. അതിനുള്ള എളുപ്പവഴി ഭ്രാന്തനായ ഭർത്താവിനെക്കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യിക്കാനുള്ള വഴി നോക്കും. താനും ഭർത്താവും മരിച്ചാൽ പോലും ഇവിടാർക്കും ഒന്നുമില്ല. മറിച്ചു സന്തോഷം ആവുകയും ചെയ്യും. എൽസമ്മയുടെ നെഞ്ചിൽ ഭയം പെരുമ്പറകൊട്ടി.
(തുടരും...)
ഭാഗം - 5
അമ്മായിഅമ്മയും കൂടി മുറിവിട്ടുപോയതോടെ മുറിയിൽ എൽസമ്മ തനിച്ചായി.അടുത്തമുറിയിൽ നിന്നും പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ചുള്ള സംസാരവും പൊട്ടിച്ചിരിയും ഉയർന്നുകേൾക്കാം. എൽസമ്മയുടെ ഹൃദയം വല്ലാതെ മിടിച്ചു.
"ഇങ്ങനെ നിന്നാ മതിയോ... ഡ്രസ്സൊക്കെ മാറണ്ടേ...?"
സ്നേഹപൂർവ്വമുള്ള ചോദ്യം കേട്ടുകൊണ്ട് അവൾ മുഖംതിരിച്ചു നോക്കി. വെളുത്തുമെലിഞ്ഞ സുന്ദരിയായൊരു മധ്യവയസ്ക മുറിയിലേയ്ക്ക് കടന്നുവരുന്നു. അഹങ്കാരം ഇല്ലാത്ത കുലീനത നിറഞ്ഞ മുഖം.ഒട്ടും പൊങ്ങച്ചമില്ലാത്ത ആ സ്ത്രീ കുശലം പറഞ്ഞുകൊണ്ട് സ്വയം പരിചയപ്പെടുത്തി.
ഭർത്താവിന്റെ ഇളയമ്മയാണ്. പേര് 'ആലീസ്'. അടുത്തുതന്നെയാണ് വീട്. ഭർത്താവും രണ്ടുകുട്ടികളും ഉണ്ട്. ആലീസ് കുഞ്ഞമ്മയെ അവൾക്ക് വല്ലാതെ ഇഷ്ടമായി. മറ്റുപെണ്ണുങ്ങളെപ്പോലെ വാരിവലിച്ചുള്ള വസ്ത്രധാരണമോ, ആഭരണങ്ങളോ, പൊങ്ങച്ച വർത്തമാനമോ ഇല്ല. സ്നേഹമുള്ള പെരുമാറ്റം.
ആ വലിയവീട്ടിലെ പൊള്ളിപ്പിടയുന്ന അന്തരീക്ഷത്തിന് അൽപ്പം ആശ്വാസം കൈവന്നതുപോലെ.ആലീസ് ഇളയമ്മയെ വിശ്വസിക്കാൻ കൊള്ളാമെന്ന് അവൾക്ക് തോന്നി. അവൾ അവരോട് ചോദിച്ച് അറിയാത്ത പലതും മനസ്സിലാക്കി.
നാലുവർഷംമുൻപാണ് ജോർജുകുട്ടിക്ക് അപകടം ഉണ്ടായത്.അമ്മയും മകനുംകൂടി പള്ളിയിൽ പോയി മടങ്ങുംവഴി ബൈക്കിൽ ലോറി തട്ടിയതാണ്. അമ്മ കണ്മുന്നിൽ വെച്ചുവണ്ടികയറി മരിച്ചു. അന്നുതുടങ്ങിയതാണ് ജോർജുകുട്ടിയുടെ മനസ്സിന്റെ താളം തെറ്റൽ. വേണ്ടവിധത്തിൽ ചികിത്സയും പരിചരണവും കിട്ടിയെങ്കിൽ എല്ലാം ശരിയായേനെ. അതിനൊക്കെ ആർക്കാണ് സമയം. അമ്മയുടെ മരണശേഷം തോമസ് മുതലാളി വിവാഹം കഴിച്ചതാണ് മോളിക്കുട്ടിയെ. അവളുടെ ആങ്ങളയുടെ മകളാണ് ജോസഫിന്റെ ഭാര്യ ജാൻസി. ഇപ്പോൾ മാളിയേക്കൽ തറവാടിന്റെ ഭരണം മോളികുട്ടിയുടെയും മരുമകളുടെയും കയ്യിലാണ്. തോമസ് മുതലാളിയും മകൻ ജോസഫും അവരുടെ നിർദേശത്തിന് അനുസരിച്ചു ചലിക്കുന്ന വെറും പാവകൾ മാത്രം.
തടിമാടനും കാര്യസ്ഥനുമായ 'മത്തായി' ചേട്ടനാണ് ജോർജുകുട്ടിയുടെ ചികിത്സാകാര്യങ്ങളും മറ്റും നോക്കുന്നത്.മരുന്നും ആഹാരവുമൊക്കെ അയാളുടെ മേൽനോട്ടത്തിലാണ്.അയാളുടെ കിടപ്പും മറ്റും അവന്റെ മുറിയിൽ തന്നെയാണ്.അയാളെ നിയമിച്ചിട്ടുള്ളത് മോളിക്കുട്ടിയാണ്.മത്തായിച്ചേട്ടനെ ആരെങ്കിലും കുറ്റം പറയുന്നത് മോളികുട്ടിക്കോ മരുമകൾക്കോ ഇഷ്ടമല്ല.
പടിഞ്ഞാറുവശത്തുള്ള ഒരു കൊച്ചുമുറിയിലാണ് ജോർജുകുട്ടി താമസിക്കുന്നത്. അവൻ ആ മുറിവിട്ട് ഇറങ്ങിപ്പോകുന്നുണ്ടോ അനുസരണക്കേട് എന്തെങ്കിലും കാണിക്കുന്നുണ്ടോ എന്നൊക്കെ നോക്കിക്കൊണ്ട് മത്തായി എപ്പോഴും കൂടെയുണ്ടാവും.
പറമ്പുകളിൽ നിന്നുള്ള വിളവെടുപ്പും മറ്റും നടത്തുന്നതും വിൽക്കുന്നതുമൊക്കെ മത്തായിചേട്ടന്റെ മേൽനോട്ടത്തിലാണ്. ഇതിന്റെയൊക്കെ പണം വാങ്ങുന്നതും കണക്ക് നോക്കുന്നതുമൊക്കെ മോളിക്കുട്ടിയാണ്. മുതലാളിയോ മകനോ ഇതിൽ കൈകടത്താറില്ല.
"പുതുപ്പെണ്ണ് ഇതുവരെ വസ്ത്രം മാറി ഇറങ്ങിയില്ലേ... കാണാൻ കുറച്ചുപേർ പുറത്തുനിൽക്കുന്നു."
പുറത്തുനിന്നും മോളിക്കുട്ടിയുടെ കനത്ത ശബ്ദത്തിലുള്ള ചോദ്യം കേട്ടതും സംസാരം അവസാനിപ്പിച്ചുകൊണ്ട് വസ്ത്രം മാറി എൽസമ്മ അലീസിനൊപ്പം പുറത്തേയ്ക്ക് വന്നു. അവളെ കാണാൻ ഏതാനും പൊങ്ങച്ചക്കാരികളായ സ്ത്രീകൾ ഹാളിൽ ഒരുമിച്ചുകൂടി നിൽക്കുന്നുണ്ടായിരുന്നു. ഒരിക്കൽക്കൂടി അവർക്കുമുന്നിൽ ഒരു പ്രദർശനവസ്തുവായി അവൾ നിന്നു.കണ്ണുകൾകൊണ്ട് അടിമുടി ഉഴിഞ്ഞും പരസ്പരം കാതിൽ അടക്കംപറഞ്ഞും അവളെ നോക്കി വിലയിരുത്തിയ ശേഷം സ്ത്രീകൾ ഓരോരുത്തരായി പിരിഞ്ഞുപോയി.അധികം വൈകാതെ ആലീസും അവളോട് യത്രപറഞ്ഞു വീട്ടിലേയ്ക്ക് പോയി.
മുറിക്കുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു. ചന്ദ്രൻ മാനത്ത് പിറവിയെടുത്തുകഴിഞ്ഞിരിക്കുന്നു. കാല് വേദനിച്ചിട്ടുവയ്യ. അവൾ മുറിയിൽ ചെന്നു കട്ടിലിൽ കയറി ഇരുന്നു.ഇതുകണ്ടുകൊണ്ട് വന്ന മോളികുട്ടി അവളെനോക്കി ശബ്ദമുയർത്തി.
"കൊള്ളാം നീ ഇവിടെവന്നു സ്വപ്നം കണ്ടുകൊണ്ടിരിക്കുവാണോ... ഇതിനല്ല നിന്നെ ഇവിടേയ്ക്ക് കെട്ടിക്കൊണ്ടുവന്നത്. ജോർജ്കുട്ടിയുടെ കാര്യങ്ങൾ നോക്കാനാണ്.വന്ന് ഭക്ഷണം കഴിക്കാൻ നോക്ക്."
ഞെട്ടലോടെ അവൾ പിടഞ്ഞെഴുന്നേറ്റു. ഭക്ഷണം കഴിച്ചെന്നു വരുത്തിക്കൊണ്ട് കൈകഴുകി.എന്നിട്ട് ഭർത്താവിന്റെ അടുക്കലേയ്ക്ക് നടന്നു.
ഒരുപെണ്ണിന്റെ ജീവിതത്തിലെ അസുലഭ മുഹൂർത്തം. അനേകനാളുകൾ കണ്ടുകൂട്ടിയ സ്വപ്നങ്ങൾ ഒന്നിച്ചുപൂവണിയുന്ന നിമിഷങ്ങൾ.ഒരുജന്മത്തിലെ പുതുജീവിതത്തിന് തുടക്കമിടുന്ന സുന്ദര നിമിഷം.
കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെനോക്കി പല്ലിളിക്കുന്ന ഭർത്താവിനെ കണ്ട് അവൾ ചെറുതായി ഭയന്നു. വിവാഹവസ്ത്രങ്ങൾ അഴിച്ചുമാറ്റി... പാന്റും ബനിയനും ധരിച്ചിട്ടുണ്ട്. മത്തായി ചേട്ടൻ ചെയ്യിച്ചതാവണം.നെറ്റിയിലേയ്ക്ക് അലക്ഷ്യമായി പാറിക്കിടക്കുന്ന മുടിയിഴകൾ. നിർജീവമായ കണ്ണുകൾ. അവൾ ചുറ്റും കണ്ണോടിച്ചു.അധികം വലുതല്ലാത്ത ആവശ്യത്തിന് ഫർണിച്ചറുകൾ മാത്രമുള്ള വൃത്തിയില്ലാത്ത മുറി. മുഷിഞ്ഞതും നിറം മങ്ങിയതുമായ കർട്ടനുകൾ. ടേബിളിന് പുറത്ത് വിവിധതരം മരുന്നുകൾ. ഒപ്പം ഒരു ഗ്ലാസ് പാലും.
അവൾ മെല്ലെ അവന്റെ അരികിലെത്തി. ഭയം പണിപ്പെട്ടടക്കിക്കൊണ്ട് പാൽ നിറച്ച ഗ്ലാസ് കയ്യിലെടുത്ത് അവനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
"ദാ പാല്... കുടിക്കൂ..."
ജോർജുക്കുട്ടി മുഖമുയർത്തി അവളെനോക്കി. അവന്റെ മിഴികൾ അവളുടെ ശരീരത്തിലും പാൽനിറച്ച ഗ്ലാസിലും മാറിമാറി പതിഞ്ഞു. അവൻ അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്തു.എന്നിട്ട് മൃദുവായി പുഞ്ചിരിച്ചു.
എൽസമ്മ വീണ്ടും കുടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പാൽ ഗ്ലാസ് നീട്ടി. ജോർജുകുട്ടി കൈനീട്ടി അതുവാങ്ങി.പെട്ടെന്ന് വാതിൽ തുറന്നുകൊണ്ട് മോളിക്കുട്ടി അവിടേയ്ക്ക് കടന്നുവന്നു.
"എന്താ ഇവൻ അനുസരണക്കേട് വല്ലതും കാട്ടിയോ.?"
മോളിക്കുട്ടിയുടെ ഉറച്ചശബ്ദം. ഇതുകേട്ട് ജോർജുകുട്ടി ഞെട്ടിവിറച്ചു. അവന്റെ കൈയിലിരുന്ന ഗ്ലാസ് തറയിൽ വീണു ചിതറി.എൽസമ്മ ഞെട്ടി. അവൾ ഭർത്താവിന്റെ കാൽച്ചുവട്ടിൽ കുനിഞ്ഞിരുന്നുകൊണ്ട് ചില്ലുകൾ പെറുക്കി മാറ്റി.ഈ സമയം മോളികുട്ടി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.
"ആരമ്പത്തിലെ തുടങ്ങിയല്ലോ പൊട്ടിത്തെറി."
കാതിൽ തുളച്ചുകയറുന്ന വാക്കുകൾ. അപമാനഭാരത്താൽ തലകുനിഞ്ഞുപോയി. അവൾ മിണ്ടിയില്ല. വിധിയാണ് അനുഭവിച്ചേതീരൂ. പൊട്ടിച്ചിതറിയ ചില്ലുകൾ പെറുക്കിമാറ്റി നിലം തുടച്ചിട്ട് വീണ്ടും മുറിയിലേയ്ക്ക് നടക്കുംനേരം മോളികുട്ടി അവളെനോക്കി പറഞ്ഞു.
"തൽക്കാലം ജോർജുകുട്ടിക്കൊപ്പം കിടക്കേണ്ട. നിനക്ക് കാണിച്ചുതന്നിട്ടുള്ള മുറിയിൽ കിടന്നമതി."
മനസ്സിൽ കൂരമ്പു തറച്ചുകയറുന്ന അനുഭവം. വാതിൽ തള്ളിതുറന്നുകൊണ്ട് അകത്തേയ്ക്ക് പാഞ്ഞുകയറണമെന്ന് അവൾക്ക് തോന്നി. തല തല്ലിക്കൊണ്ട് ഒന്ന് അലറിക്കറയണമെന്ന് തോന്നി. പക്ഷേ, കഴിഞ്ഞില്ല. ലോക്ക് ചെയ്ത ഭർത്താവിന്റെ മുറിയുടെ വാതിലിനുനേർക്ക് ഒരുനിമിഷം വേദനയോടെ നോക്കിനിന്നിട്ട് അവൾ തന്റെ മുറിയിലേയ്ക്ക് നടന്നു. മുറിയുടെ വാതിലടച്ചിട്ട് ബെഡ്‌ഡിലേയ്ക്ക് തളർന്നുവീണു.
ഓർമ്മകളിൽപെട്ടുനീറി എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. അതുകൊണ്ടുതന്നെ ഉണർന്നപ്പോൾ അൽപ്പം വൈകി. കണ്ണുതുറന്നുകൊണ്ട് ചാടിഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.നേരം നന്നായി പുലർന്നിരിക്കുന്നു.അവൾക്ക് കുറ്റബോധം തോന്നി.ബാത്‌റൂമിൽ പോയി ശുദ്ധിവരുത്തിയിട്ട് നേരെ അടുക്കളയിലേയ്ക്ക് ചെന്നു.
വിശാലമായ അടുക്കള. അവിടെ ജോലിക്കാരികൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. ഒരാൾ ഇറച്ചി ഞുറുക്കുന്നു. മറ്റെയാൾ അപ്പം ചുടുന്നു. അവർക്ക് നിർദേശം കൊടുത്തുകൊണ്ടെന്നവണ്ണം മോളിക്കുട്ടി നിൽക്കുന്നു.ജാൻസി ചായകുടിച്ചുകൊണ്ട് സ്ലാബിൽ ചാരി നിൽക്കുന്നുണ്ട്.അവളുടെ ചുണ്ടിൽ കളിയാക്കുംപോലെ പുഞ്ചിരി.
"ങ്‌ഹാ പുതുപ്പെണ്ണ് എത്തിയോ... ഇപ്പോഴെങ്കിലും എഴുന്നേറ്റത് നന്നായി...ഇതാണോ വീട്ടുകാർ പഠിപ്പിച്ചു വിട്ടേക്കുന്നെ.?"
"അതുപിന്നെ..."
അവൾ എന്തുപറയണമെന്നറിയാതെ നിന്നു.
"കല്യാണപിറ്റേന്ന് ഏതുപെണ്ണും ഉറക്കമുണരാൻ കുറച്ചുവൈകും.രാത്രി ഉറക്കമൊഴിയുന്നതല്ലേ ക്ഷീണം ഉണ്ടാവില്ലേ."
ജാൻസിയുടെ കളിയാക്കൽ. ഉയർന്നുപൊങ്ങി.ഒപ്പം ജോലിക്കാരുടെ പൊട്ടിച്ചിരികൾ.എൽസമ്മയുടെ ഹൃദയം നുറുങ്ങിപ്പോയി.അപമാനഭാരത്താൽ മുഖം കുനിഞ്ഞു.എന്തുചെയ്യണമെന്നറിയാതെ അവൾ അങ്ങനെ നിശ്ചലംനിന്നു.
ഗ്യാസടുപ്പും വിറകടുപ്പുമൊക്കെ കത്തിയെരിയുന്നുണ്ട്. അതിനുമുകളിൽ വിവിധതരത്തിലുള്ള പാത്രങ്ങളിൽ ഇറച്ചി, മീൻ,ചോറ്, പലഹാരങ്ങൾ ഒക്കെ റെഡിയായിക്കൊണ്ടിരിക്കുന്നു.ജോലിക്കാരികൾ തകൃതിയായി പണിയെടുക്കുന്നുണ്ട്. ഇവിടെ താൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ എൽസമ്മ ഒരുനിമിഷം ശങ്കിച്ചുനിന്നു. എന്നിട്ട് മെല്ലെ വാഷ്ബേസനുനേരെ നടന്നുകൊണ്ട് തലേദിവസം ഭക്ഷണം കഴിച്ചിട്ട് കൊണ്ടിട്ട പാത്രങ്ങൾ എടുത്ത് കഴുകാൻ തുടങ്ങി.
"ഏയ് എന്താ കുട്ടി ഇത്... എച്ചിൽ പാത്രങ്ങളൊക്കെ ഞങ്ങൾ കഴുകിക്കോളാം."
നൈറ്റിയും തോർത്തും അണിഞ്ഞ കറുത്തുതടിച്ച 'ഏലിയാമ്മ' ചേട്ടത്തി പറഞ്ഞു. എൽസമ്മ ഒന്ന് പുഞ്ചിരിതൂകിയിട്ട് വീണ്ടും തന്റെ പ്രവർത്തി തുടർന്നു. പെട്ടെന്നാണ് മോളികുട്ടിയുടെ ഇടിമുഴക്കം പോലുള്ള ശബ്ദം അവളുടെ കാതുകളെ പ്രകമ്പനം കൊള്ളിച്ചത്.
"വീട്ടിൽ ചെയ്തുകൊണ്ടിരുന്നതുപോലെ ഇവിടെ പെരുമാറരുത്. ഇവിടെ എന്തിനും അതിന്റേതായ ഒരു അന്തസ്സുണ്ട്. അടുക്കളപണിക്ക് ഇവിടെ ആളെ നിറുത്തിയിട്ടുണ്ട്.അതെങ്ങനെയാ അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ."
ഉള്ളിൽ കാരമുള്ള് കുത്തിക്കയറുന്ന അനുഭവം. മോളികുട്ടിയോട് വല്ലാത്ത വെറുപ്പ് തോന്നി. ഈ സ്ത്രീ എന്തിനിങ്ങനെ തന്നെ അധിക്ഷേപിക്കുന്നു എന്ന് അവൾ മനസ്സിലോർത്തു.
"കുടുംബത്തിന്റെ അന്തസ്സ് കളയാൻ പിറവിയെടുത്ത വർഗം. സുഖമില്ലാത്ത ജോർജുകുട്ടിയുടെ കാര്യങ്ങൾ നോക്കാനാണ് നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. അടുക്കളജോലിക്ക് ഇവിടെ ആളുണ്ട്. രാത്രി കൂടെ കിടക്കാൻ എന്തായിരുന്നു ഉത്സാഹം. വേഗം അവന് ചായ കൊണ്ടുപോയി കൊടുക്ക്."
എൽസമ്മ ജോലി മതിയാക്കിക്കൊണ്ട് നിറമിഴികളോടെ കൈകൾ കഴുകി തുടച്ചു. ഇതുകണ്ട് ജോലിക്കാരികൾക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി. മോളികുട്ടിയെ ഭയന്ന് അവരാരും ഒന്നും മിണ്ടാതെ തങ്ങളുടെ ജോലി തുടർന്നു.
'മറിയച്ചേട്ടത്തി' ചായ എടുത്ത് അവളുടെ നേർക്ക് നീട്ടി. അതും വാങ്ങി നിറമിഴികൾ തുടച്ചുകൊണ്ട് അവൾ മെല്ലെ അടുക്കളയുടെ പുറത്തേയ്ക്ക് നടന്നു. ഹാള് കടന്ന് ഭർത്താവിന്റെ മുറി ലക്ഷ്യമാക്കി അവൾ നടന്നു.
മുറിയിലിട്ടുപൂട്ടിയ കൊച്ചുകുഞ്ഞിനെപ്പോലെ കൈകൾ ജനാലക്കമ്പിയിൽ പിടിച്ചുകൊണ്ട് പുറത്തേയ്ക്ക് നോക്കി എന്തൊ ആലോചിച്ചുകൊണ്ട് നിൽക്കുന്ന തന്റെ ഭർത്താവിനെ നിറമിഴികളോടെ അവൾ ഒരുനിമിഷം നോക്കിനിന്നു. ഭർത്താവിന്റെ രോഗം മാറ്റി നല്ലത് വരുത്തണെ എന്ന് അവൾ കർത്താവിനോട് നെഞ്ചിൽ കൈവെച്ചു മൂകമായി പ്രാർത്ഥിച്ചു. മുറിയിൽ കടന്ന് വാതിൽ ചാരിയശേഷം ചായയുമായി അവൾ ജനാലക്കുനേരെ നടന്നു. ജോർജുകുട്ടി അതുകണ്ടിട്ടും കാണാത്തതുപോലെ പുറത്തേയ്ക്ക് നോക്കി നിൽക്കുകയാണ്.
"ദാ ചായ കുടിക്കൂ..."
അവൻ കേട്ടതായി ഭാവിച്ചില്ല. കുറച്ചുകൂടി അടുത്തേയ്ക്ക് ചെന്നുകൊണ്ട് അവൾ വീണ്ടും തന്റെ ആവശ്യം ആവർത്തിച്ചു. ഇത്തവണ അവൻ മുഖംതിരിച്ച് അവളെ നോക്കി പല്ലിളിച്ചുകൊണ്ട് മെല്ലെ പറഞ്ഞു.
"അതിന് പല്ല് തേച്ചില്ലല്ലോ.?"
അഴുക്കുനിറഞ്ഞ മഞ്ഞപ്പല്ലും ഉറക്കച്ചടവുള്ള പീളകെട്ടിയ കണ്ണുകളും അവൾ കണ്ടു. ചായ ടേബിളിന് പുറത്തുവെച്ചിട്ട് ഭർത്താവിന്റെ കൈ പിടിച്ച് അവൾ ബാത്ത് റൂമിലേയ്ക്ക് നടന്നു. എന്നിട്ട് ബ്രഷിൽ പേസ്റ്റെടുത്തു ഭർത്താവിന്റെ പല്ല് ബ്രഷ് ചെയ്തു തുടങ്ങി. കൊച്ചുകുട്ടിയെപ്പോലെ അവൻ അനുസരണയോടെ ഒതുങ്ങിനിന്നു.
പല്ലുതേച്ചു വാ കഴുകിച്ചശേഷം ഭർത്താവിന്റെ മുഖം അവൾ ടവ്വൽകൊണ്ട് തുടച്ചുകൊടുത്തു. വല്ലാത്തൊരു നിർവൃതിയിൽ അവൾ പുളകംകൊണ്ട് ഒരുനിമിഷം അവനെനോക്കി നിന്നു. എന്നിട്ട് കസേരയിൽ കൊണ്ടിരുത്തിക്കൊണ്ട് ഒരിക്കൽക്കൂടി ചായ ഗ്ലാസ് എടുത്ത് അവന്റെ ചുണ്ടിനുനേർക്ക് നീട്ടി. അവൻ മെല്ലെ ചായ കുടിച്ചു.
അവൾ ഭർത്താവിനെ സൂക്ഷിച്ചുനോക്കി. ആറടിയോളം ഉയരം. വെളുത്ത ശരീരം. ഉറച്ച മാംസാപേഷികൾ. നീണ്ട മൂക്ക്. കട്ടിമീശ. ഇടതൂർന്ന മുടി. കവിളത്തു കുറ്റിരോമങ്ങൾ. കണ്ണുകളിൽ മാത്രം വല്ലാത്ത ദയനീയത.
ചായഗ്ലാസ് മാറ്റിവെച്ചിട്ട് അവന്റെ ചുണ്ടുകൾ തുടച്ചുകൊണ്ട് അവൾ ചോദിച്ചു.
"ഞാൻ ആരാണെന്നു മനസ്സിലായോ...?"
അവൻ വെറുതേ പുഞ്ചിരിക്കുക മാത്രം ചെയ്തു.
"ജോർജുകുട്ടിയുടെ ഭാര്യയാണ്. ഇന്നലെയല്ലാരുന്നോ നമ്മുടെ കല്യാണം.?"
അപ്പോഴും അവൻ മെല്ലെ പുഞ്ചിരിച്ചു.
"എന്തെങ്കിലും ഒന്ന് പറയൂന്നേ... എന്നോട് ഒന്നും പറയാനില്ലേ... എന്നെ ഇഷ്ടമായോ അതുപറ.?"
ഉം അവൻ തലകുലുക്കി.
"ബ്യൂട്ടിഫുൾ ഗേൾ."
അവന്റെ ചുണ്ടുകൾ അവ്യക്തമായി മന്ത്രിച്ചു.
ജോർജുകുട്ടി അവളെ നോക്കി പുഞ്ചിരിച്ചു. ആ ചിരിക്ക് ഒരു ജീവൻ ഇല്ലെന്ന് അവൾക്ക് തോന്നി. എങ്കിലും അവളുടെ ഉള്ളം വല്ലാതെ കുളിരണിഞ്ഞു. ഭർത്താവിന്റെ കൈയിലും കഴുത്തിലും കവിളിലും എല്ലാം സ്നേഹത്തോടെ അവൾ തലോടി. അവന്റെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് നെറ്റിയിൽ അവൾ മുഖമമർത്തി.പെട്ടെന്ന് അവൾ പിന്നിൽനിന്നുള്ള ശബ്ദം കേട്ട് ഞെട്ടിത്തരിച്ചു.
"ഇന്നലെ മുടങ്ങിപ്പോയ ആദ്യരാത്രി രാവിലെ ആഘോഷിക്കാനുള്ള പുറപ്പാടാണോ... നാണമില്ലാത്തവള്. പരിസരം മറന്നുകൊണ്ടുള്ള ഒരു സൃങ്കാരം."
വാതിൽക്കൽനിന്ന് കൂരമ്പുകൾപോലെ ഹൃദയത്തിനുനേരെ വാക്കുകൾ ചീറിവന്നു. എന്തുചെയ്യണമെന്നറിയാതെ എൽസമ്മ നിന്നു വിറച്ചു.അമ്മായിഅമ്മയുടെ ക്രൂരമായ മിഴികളെ നേരിടാനാവാതെ അവൾ മുഖം കുനിച്ചു.
"മത്തായി ചേട്ടാ... ഇയാൾ രാവിലെ ഇതെവിടെപ്പോയി."
ഭ്രാന്ത് ബാധിച്ചവളെപ്പോലെ മോളികുട്ടി അലറി. ആ ശബ്ദത്തിൽ ജോർജുകുട്ടിയും എൽസമ്മയും നടുങ്ങി. അവളുടെ ശരീരം വിയർപ്പിൽ കുതിർന്നു.ഈ സമയം പുറത്തുപോയ മത്തായിചേട്ടൻ വാതിൽ കടന്ന് അകത്തേയ്ക്ക് വന്നു.
"ജോർജുകുട്ടിക്ക് ചായ കൊണ്ടുകൊടുക്കാൻ പറഞ്ഞുവിട്ടതാണ് ഞാൻ ഇവളെ. ഏറെക്കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് വന്നുനോക്കിയപ്പോൾ കതകടച്ചിട്ട് തലക്ക് സുഖമില്ലാത്തവനുമായി സുഖംപങ്കിടുന്നു ഈ നശിച്ചവള്."
മത്തായിച്ചേട്ടൻ മുറിയിൽ കടന്നുകൊണ്ട് ജോർജുകുട്ടിയെ ഭയപ്പെടുത്തും വിധം തറപ്പിച്ചു നോക്കി. എന്നിട്ട് മുഖം തിരിച്ച് എൽസമ്മയെ നോക്കി പുച്ഛിച്ചുകൊണ്ട് എന്നതുപോലെ പറഞ്ഞു.
"ജോർജുകുട്ടിക്ക് ആയുർവേദ ട്രീറ്റ്മെന്റാണ് ചെയ്യുന്നത്. അതിന് ചില പത്യങ്ങളും മറ്റുമുണ്ട്. ശരീരം ഇളക്കിയുള്ള പണിയൊന്നും ഇപ്പോൾ നടപ്പില്ല."
എൽസമ്മ അയാളെ വെറുപ്പോടെ നോക്കി. അവൾക്ക് വല്ലാത്ത ദേഷ്യം വന്നു. ഭർത്താവിന്റെ കൂടെക്കഴിയാൻ മറ്റുള്ളവരുടെ അനുവാദം വേണ്ടാ എന്ന് വിളിച്ചു പറയണമെന്നുതോന്നി. പക്ഷേ, അവൾ എല്ലാം ഉള്ളിലൊതുക്കി. അമ്മായിഅമ്മയെ മാത്രം പേടിച്ചാൽ പോരാ... അവരുടെ കാര്യസ്ഥനേം പേടിക്കേണ്ടുന്ന അവസ്ഥയിലാണ് എന്തുചെയ്യും.
"അവളെ ഇങ്ങോട്ട് ഇറക്കിയിട്ട് വാതിലടക്ക് മത്തായി ചേട്ടാ...എന്ത് കണ്ടു നിക്കുവാ."
മോളിക്കുട്ടി വാതിൽക്കൽ നിന്നുകൊണ്ട് വീണ്ടും ശബ്ദമുയർത്തി.
"ഉം പുറത്തേക്ക് ഇറങ്ങ് ഇവിടുത്തെ കാര്യം തൽക്കാലം ഞാൻ നോക്കിക്കൊള്ളാം. ആവശ്യം വരുമ്പോൾ പറയാം."
മത്തായിച്ചേട്ടൻ വാതിലിനുനേരെ ചൂണ്ടിക്കൊണ്ട് എൽസമ്മയോട് പറഞ്ഞു. ഉടമസ്തയുടെ അനുവാദവും സാന്നിധ്യവും അയാൾക്ക് ആവേശം പകർന്നു.
ഭർത്താവിന്റെ അടുക്കൽനിന്ന് ഭാര്യയെ ആട്ടിപ്പായിക്കാൻ ഇയാൾക്ക് എന്തവകാശമെന്ന് ചോദിക്കണമെന്നുതോന്നി. പക്ഷേ, ജോർജുകുട്ടിയെ കരുതി എൽസമ്മ എല്ലാം ക്ഷമിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
(തുടരും...)
ഭാഗം - 6
നരകവും സ്വർഗ്ഗവുമൊക്കെ ഭൂമിയിൽ തന്നെയാണെന്ന് എൽസമ്മക്ക് തോന്നി. അത്തരം നരകത്തിലൊന്നാണ് മാളിയേക്കൽ വീട്. ഇവിടുന്ന് രക്ഷപ്പെടുക എന്നത് ഇനി സാധ്യമല്ല. പ്രതിസന്ധികളെ ക്ഷമയോടും ബുദ്ധിയോടുംകൂടി തരണം ചെയ്യുകയേ നിവൃത്തിയുള്ളൂ.
ഇതാണ് തനിക്ക് വിധിച്ചിട്ടുള്ളത്. അതനുഭവിച്ചേ തീരൂ. എല്ലാം അവസാനിപ്പിച്ചുകൊണ്ട് വീട്ടിലേയ്ക്ക് തിരിച്ചുപോകാനാവില്ല. പ്രായമായ അമ്മച്ചിയേയും, അഭിമാനിയായ അപ്പനെയും അത് വല്ലാതെ ദുഃഖത്തിലാക്കും.
പാവപ്പെട്ട കുടുംബത്തിലെ തനിക്ക് പിന്നൊരു ജീവിതം ഉണ്ടാവില്ല. മാതാപിതാക്കൾക്ക് പ്രായമായി എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. പിന്നെ തന്റെ അവസ്ഥ എന്താകുമെന്ന് പറയാനാവില്ല.
അന്തസ്സും അഭിമാനവുമൊക്കെ പറഞ്ഞുകൊണ്ട് അപ്പൻ നടത്തിയ വിവാഹമാണ്. വലിയ പ്രതീക്ഷകളും ആവേശവുമൊക്കെയാണ് അപ്പന്. ചെറുക്കന് ചെറിയൊരു മാനസിക പ്രശ്നം ഉണ്ടായി എന്നതുമാത്രമേ ഒരു കുറവുള്ളൂ. ഈ വലിയ വീടിനുള്ളിൽ താൻ മറ്റുള്ളവരുടെ ഭ്രാന്തിനടിമപ്പെട്ട് നീറുന്നതൊന്നും അപ്പന് അറിയില്ല.
"ചീ ഒരു സുന്ദരിക്കോത വന്നിരിക്കുന്നു. സുന്ദരിയായിട്ട് എന്തുകാര്യം കുറച്ചെങ്കിലും അന്തസ്സ് വേണ്ടേ... അതെങ്ങനാ നാണമുണ്ടെങ്കിലല്ലേ..."
മുറിക്ക് പുറത്തിറങ്ങിയ എൽസമ്മയെ നോക്കി ചുണ്ടുകോട്ടിക്കൊണ്ട് മോളിക്കുട്ടി പറഞ്ഞു. എൽസമ്മ അത് കേട്ടതായി ഭവിക്കാതെ മെല്ലെ മുന്നോട്ടുനടന്നു.
ഒന്നുകിൽ എല്ലാം എതിർത്തുപറഞ്ഞുകൊണ്ട് പൊട്ടിത്തെറിക്കണം. അതുമല്ലെങ്കിൽ എല്ലാം മറ്റൊരാളോട് ഏറ്റുപറഞ്ഞുകൊണ് സ്വയം മറന്നൊന്നു പൊട്ടിക്കരയണം. ഇതിലൊന്നെങ്കിലും ചെയ്തില്ലെങ്കിൽ താൻ ഭ്രാന്തിയായിപ്പോകുമെന്ന് അവൾക്ക് തോന്നി. ഹാള് പിന്നിട്ട് വരാന്തയിലൂടെ അവൾ നടന്നു. വീടിന്റെ പിന്നാമ്പുറത്തെത്തുക അതാണ് ലക്ഷം.
മാർബിൾപാകിയ തറയിൽ നിന്നും കട്ടവിരിച്ച മുറ്റത്തേയ്ക്ക് ഇറങ്ങി അവൾ. ചെടിച്ചട്ടികൾ നിറഞ്ഞ മുറ്റത്തുകൂടെ വീടിന്റെ പിൻവശത്തേയ്ക്ക് നടന്നു. ചെരുപ്പിടാതെ മുറ്റത്തു ചവിട്ടിയപ്പോൾ കാലിൽ ഇക്കിളി കൂടി. വീടിന്റെ പിൻവശത്തുള്ള മുറിയിൽ നിന്ന് ആരുടെയൊക്കെയോ സംസാരവും പൊട്ടിച്ചിരികളും ഉയർന്നുകേട്ടു. മുറിയിൽ ആരൊക്കെയാണ് ഉള്ളതെന്നറിയില്ല. തുറന്നുകിടന്ന ജനാലയിലൂടെ അവൾ മെല്ലെ അകത്തേയ്ക്ക് നോക്കി.
ഭർത്താവിന്റെ ജേഷ്ഠനായ തടിച്ചുരുണ്ട ജോസഫിനേയും, ഭാര്യയായ ജാൻസിയേയും, മറ്റു മൂന്നുപുരുഷൻമാരെയും അവൾ അവിടെ കണ്ടു. എല്ലാവരും ഒത്തുചേർന്നു മദ്യപിക്കുകയാണ്.ഒപ്പം ടേബിളിലിരുന്ന പാത്രത്തിൽ നിന്നും എന്തൊക്കെയോ എടുത്ത് കൊറിക്കുകയും ചെയ്യുന്നുണ്ട്. അവൾ ഞെട്ടലോടെ മുഖം തിരിച്ചുകൊണ്ട് അവിടെനിന്നു പിന്നോട്ടുമാറി. തന്നെ ആരും കണ്ടിട്ടുണ്ടാവല്ലേ കർത്താവേ എന്നവൾ മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു.
തിരികെ അടുക്കളയിലെത്തുമ്പോൾ മരുഭൂമിയിലെ കുളിർകാറ്റെന്നവണ്ണം അവളെനോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ജോലിക്കാരി ഏലിയാമ്മചേട്ടത്തിയെ കണ്ടു.അവൾ ഓടിച്ചെന്നുകൊണ്ട് അവരുടെ കരം കവർന്നു. സങ്കടംകൊണ്ട് അവളുടെ മിഴികൾ നിറഞ്ഞുതൂവി.
ചേട്ടത്തി അവളുടെ കൈയിലും കവിളിലും തലയിലുമെല്ലാം അരുമയോടെ തലോടി. തുടർന്ന് സ്നേഹപൂർവ്വം അവളോട് കാര്യം തിരക്കി.
"മോള് എന്തിനാ പിൻവശത്തേയ്ക്ക് പോയത്..."
"വെറുതേ... ഒന്ന് പൊട്ടിക്കരയാൻ."
"അങ്ങോട്ട് പോകണ്ടാരുന്നു... അവരെങ്ങും കണ്ടാൽ."
"ചേട്ടത്തിക്കും എന്നെ മനസ്സിലാക്കാനാവുന്നില്ലേ..."
"അതല്ല മോളെ... നിന്നെ മനസ്സിലാക്കിയതുകൊണ്ട് തന്നെ പറയുവാ...ഇവിടുള്ളോരുടെ സ്വഭാവം മോൾക്ക് അറിയില്ല. അവരുടെ രഹസ്യങ്ങൾ കേൾക്കാൻ പോയതാണെന്ന് പറയും.അവര് നിന്നെ കണ്ടില്ലെന്ന് ഉറപ്പാണോ.?"
"കണ്ടില്ല... ആരാ അവരൊക്കെ.?"
"അതൊക്കെ ജോസഫിന്റെ കൂട്ടുകാരാണ്... ഇവിടെ ഇതൊക്കെ പതിവാണ്. കള്ളുകുടിയും ചീട്ടുകളിയും എന്തിന് പെണ്ണുപിടുത്തം വരെയുണ്ട്. ഭാര്യയും രണ്ടാനമ്മയും ഒക്കെ ഇതിന് സൈഡാണ്. പിന്നെ തോമസുചേട്ടൻ പറഞ്ഞാൽ ഇവരൊന്നും കേൾക്കില്ല. അദ്ദേഹത്തിന് ഇതൊന്നും നോക്കാനൊട്ടു സമയവുമില്ല."
എൽസമ്മ കണ്ണുകൾ തുടച്ചുകൊണ്ട് ചേട്ടത്തിയെ നോക്കി പുഞ്ചിരിച്ചു.
"നീ എന്തിനാ സങ്കടപ്പെടുന്നത്. അതുകൊണ്ട് യാതൊരു ഫലവുമില്ല. നീ ഇന്നലെ ഇവിടെ എത്തിയതല്ലേയുള്ളൂ...അപ്പോഴേക്കും അമ്മായിഅമ്മയുടേം ചേട്ടത്തിയുടേയുമൊക്കെ പോരുകൊണ്ട് മടുത്തു. ചില മനുഷ്യർ ഇങ്ങനെയാണ്. കാട്ടിലെ വലിയ മൃഗങ്ങൾ സാധുമൃഗങ്ങളെ വേട്ടയാടുന്നത് കണ്ടിട്ടില്ലേ...അതുപോലെ പാവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. അത് അവർക്കൊരു വിനോദമാണ്."
ഒരുനിമിഷം നിറുത്തിയിട്ട് ചേട്ടത്തി ആരെങ്കിലും അവിടേയ്ക്ക് വരുന്നുണ്ടോ എന്നുനോക്കി. എന്നിട്ട് മെല്ലെ ശബ്ദം താഴ്ത്തി തുടർന്നു.
"ജോർജുകുട്ടിയുടെ അമ്മ എത്രനല്ല സ്ത്രീയായിരുന്നു. പക്ഷേ, കർത്താവു ആയുസ്സ് കൊടുത്തില്ല. മോളികുട്ടിയെ കെട്ടിക്കൊണ്ടുവന്നതിനു പിന്നാലെ മരുമകളായി ജാൻസിയും എത്തിയില്ലേ...ഇപ്പോൾ ഭരണമൊക്കെ അവരാണ്. ഇതുപോലൊരു സുഖം ഇരുവർക്കും എവിടെകിട്ടാനാണ്. മുതലാളി ഒരു പാവമാണ്. എന്തിന് ഏറെ പറയുന്നു. വഴിയേ നിനക്ക് എല്ലാം മനസ്സിലാവും."
ചേട്ടത്തി ഒരു ദീർഘനിശ്വാസമുതിർത്തു.
"കർത്താവെ... ഈ നരകത്തിൽ നിന്നൊന്നു രക്ഷപെട്ടാൽ മതിയായിരുന്നു."
എൽസമ്മ നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.
"നരകത്തിലെ ദുഷ്ടതകൾ മുഴുവൻ അനുഭവിക്കാനിരിക്കുന്നതല്ലേയുള്ളൂ..."
എൽസമ്മ നടുങ്ങിപ്പോയി. ഭയത്തോടെ അവൾ ചേട്ടത്തിയെ നോക്കി. സിംഹത്തിനുമുന്നിൽ അകപ്പെട്ട മാൻകുട്ടിയെപ്പോലെ ദയനീയത അവളുടെ മിഴികളിൽ ഉടലെടുത്തു.
"മോളെ നീയൊന്നും കുടിച്ചില്ലല്ലോ... "
സ്നേഹംനിറഞ്ഞ അന്വേഷണം. അവൾ ഇല്ലെന്ന് തലയാട്ടി. ഉള്ളിൽ തികട്ടിവന്ന തേങ്ങലിനെ അവൾ ഒരു ധീർഘനിശ്വാസത്തിലൊതുക്കി.
കൈ പൈപ്പിൽ കഴുകി തുടച്ചിട്ട് ചേട്ടത്തി ഫ്ലാസ്ക് തുറന്നു ഗ്ലാസിൽ ചായ എടുത്ത് അവൾക്ക് കൊടുത്തു.
ചൂട് ചായ കൈയിൽ കൊടുത്തുകൊണ്ട് ഒരമ്മയുടെ വാത്സല്ല്യത്തോടെ അത് കഴിക്കാൻ ചേട്ടത്തി പറഞ്ഞു. എൽസമ്മ അത് അനുസരിച്ചു.
ചൂടുചായ ഉള്ളിൽ ചെന്നപ്പോൾ ക്ഷീണത്തിന് അൽപ്പം ആശ്വാസം കിട്ടി. പെട്ടെന്ന് എന്തൊ ഓർത്തിട്ടെന്നപോലെ ഗ്ലാസ് സ്ലാബിനുമുകളിൽ വെച്ചുകൊണ്ട് അവൾ പറഞ്ഞു.
"ഞാൻ പോട്ടെ. ഇവിടിങ്ങനെ വർത്തമാനം പറഞ്ഞുനിന്നാൽ ചേട്ടത്തിയും വഴക്ക് കേൾക്കും. ഞാൻ മൂലം നിങ്ങള് കഷ്ടത്തിലാവരുത്."
അവൾ അകത്തേയ്ക്ക് പോകാനൊരുങ്ങി.
"എനിക്ക് ആരെയും പേടിയില്ല... എന്തിനാ ഞാൻ ഇവരെയൊക്കെ പേടിക്കുന്നെ.?"
"അതെന്താ പേടിയില്ലാത്തെ.?"
എൽസമ്മ ആകാംഷയോടെ ചേട്ടത്തിയെ നോക്കി.
"എന്നെ ഇവിടെ ജോലിക്ക് നിറുത്തിയത് മുതലാളിയാണ്. അതും ജോർജുകുട്ടിയുടെ അമ്മ ഉള്ള കാലത്ത്. അതിനുശേഷമാ ഇന്നുകാണുന്നവരൊക്കെ ഇവിടെ വന്നതും അധികാരം കയേറിയതും. ഞാനെന്റെ ജോലി കൃത്യമായി ചെയ്യും. അതിൽ എന്തേലും കുറ്റം കണ്ടാൽ പറഞ്ഞാൽ ഞാൻ കേൾക്കും. അല്ലാതെ എന്നെ വിരട്ടാൻ വന്നാൽ ഞാൻ വിട്ടുകൊടുക്കില്ല. എനിക്ക് ഇവിടല്ലെങ്കിൽ വേറൊരു വീട്. എവിടായാലും ജോലി ചെയ്യണം. എന്റെ സ്വഭാവം നന്നായി ഇവിടുള്ളോർക്ക് അറിയാം. അതുകൊണ്ടുതന്നെ എന്നോട് ഉടക്കാൻ വരില്ല."
എലിയാമ്മചേട്ടത്തി പറഞ്ഞു നിറുത്തി.
"എന്തുപണിയെടുക്കാനും ഞാൻ തയ്യാറാണ്. എത്ര ചീത്ത വേണമെങ്കിലും കേൾക്കുകയും ചെയ്യാം. പക്ഷേ, ഒന്നുമാത്രം... താലികെട്ടിയ ഭർത്താവിനോപ്പം കഴിയാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് ഈ ജീവിതം."
എൽസമ്മ തന്റെ ധർമ്മസങ്കടം ഏലിയാമ്മചേട്ടത്തിയോട് പറഞ്ഞു.
"ശരിയാണ് മോളെ... എന്ത് ചെയ്യാം നിന്നെ ഭർത്താവിന്റെ കൂടെ കഴിയാൻ ഇവിടുള്ളവർ അനുവദിക്കുന്നില്ല. ഇവിടെ ഓരോരുത്തർ മറ്റുള്ളവരുടെ ഭർത്താക്കന്മാരുടെ കൂടെ കഴിയുന്നതിന് ആർക്കും കുഴപ്പമില്ല."
എൽസമ്മ ഞെട്ടലോടെ മുഖമുയർത്തി ചേട്ടത്തിയെ നോക്കി. തുടർന്ന് ചെവി കൂർപ്പിച്ചുകൊണ്ട് പിൻവശത്തെ മുറിയിൽ നിന്നുയരുന്ന പൊട്ടിച്ചിരികളും സംസാരവും ശ്രദ്ധിച്ചു. കണ്ടുമരവിച്ച ദുഷിച്ച കാഴ്ചകൾ മറ്റൊരാളോട് പറയാൻ വെമ്പിനിന്നതുപോലെ ചേട്ടത്തി എല്ലാം പറഞ്ഞു.
പുറമെ സമ്പന്നതയുടേയും അന്തസ്സിന്റെയും പേരിൽ പേരുകേട്ട മാളിയേക്കൽ വീട്ടിൽ പല വൃത്തികേടുകളും അരങ്ങേറുന്നുണ്ടെന്ന് എൽസമ്മക്ക് മനസ്സിലായി. വെറുപ്പോടെ അവൾ മുഖം തിരിച്ചു.
ഭർത്താവിന്റെ ചേട്ടനും ഭാര്യയുമൊന്നും നല്ലവരല്ല. വഴിവിട്ട കൂട്ടുകെട്ടും വൃത്തികെട്ട ജീവിതവുമാണ് അവരുടേത്. വീട്ടിൽ അരങ്ങേരുന്ന ചെറിയ സൽക്കാരങ്ങൾ കൂടാതെ വലിയ പരിപാടികളൊക്കെ ഹോട്ടൽ മുറികളിലോ, ഗസ്റ്റ് ഹൗസുകളിലോ ഒക്കെ വെച്ചാണ് അരങ്ങേരുക. അതും രാത്രിയിൽ. പണവും അധികാരവും ഒരുമിച്ചുവന്നാൽ അത് പലവിധ തെറ്റുകളിലേയ്ക്കും മനുഷ്യരെ ആനയിക്കും അവൾ മനസ്സിലോർത്തു.
ഏലിയാമ്മചേട്ടത്തിയിൽ നിന്ന് മറ്റൊരു സത്യം കൂടി എൽസമ്മ മനസ്സിലാക്കി. തന്റെ ഭർത്താവിന്റെ ഭ്രാന്ത് മാറിക്കാണാൻ ആ കുടുംബത്തിൽ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ വേണ്ടവിധം ചികിത്സയോ പരിചരണമോ ഒന്നുംതന്നെ അവർ ജോർജുകുട്ടിക്ക് കൊടുക്കുന്നില്ല. ജോർജുകുട്ടിക്ക് സുഖപ്പെട്ടാൽ ചേട്ടനും, ചേട്ടത്തിക്കും, രണ്ടാനമ്മക്കുമൊക്കെ പലതും നഷ്ട്ടപ്പെടുമെന്ന് അവർക്കറിയാം.
മരിക്കുന്നതിനുമുൻപേ ജോർജുകുട്ടിയുടെ അമ്മച്ചി ഭർത്താവിനെക്കൊണ്ട് സ്വത്ത് രണ്ടു മക്കൾക്കുമായി ഭാഗം ചെയ്യിപ്പിച്ചിരുന്നു. നിയമപ്രകാരം മാളിയേക്കൽ വീടും ചുറ്റുമുള്ള മൂന്നേക്കർസ്ഥലവും, ടൗണിലുള്ള ഏതാനും ബിസിനസ്സ് സ്ഥാപനങ്ങളുമൊക്കെ ജോർജുകുട്ടിക്കാണ്.
പക്ഷേ, ഇന്ന് അതെല്ലാം അനുഭവിക്കുന്നത് രണ്ടാനമ്മയും, ചേട്ടനും ചേട്ടത്തിയും ഒക്കെയാണ്. ജോർജുകുട്ടിക്ക് ഭ്രാന്ത് സുഖമായാൽ ഇതൊക്കെയും കൈവിട്ടുപോകുന്നത് അവർക്ക് ഓർക്കാനേപറ്റുന്നില്ല. അതുകൊണ്ടുതന്നെ രോഗം മാറാതെ അവൻ മരിച്ചുപോകട്ടെ എന്ന് അവർ അതിയായി ആഗ്രഹിക്കുന്നു.
ബന്ധുക്കളുടേയും നാട്ടുകാരുടേയുമൊക്കെ വായടക്കാനാണ് ജോർജുകുട്ടിയെക്കൊണ്ട് ഇപ്പോൾ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. മാനസികരോഗിയാണെങ്കിലും ഭാര്യ കൂടെക്കഴിഞ്ഞാൽ കുട്ടികളുണ്ടായാലോ... അതുവഴി ഭാവിയിൽ സ്വത്തിന് അവകാശി ഉണ്ടാവും. അതുതടയാനാണ് ജോർജുകുട്ടിയിൽ നിന്ന് തന്നെ അകറ്റിനിറുത്തുന്നത്. കൂടപ്പിറപ്പുകളുടെ ചിന്താഗതി എത്ര ക്രൂരമാണ്. എൽസമ്മയുടെ സങ്കടം ദേഷ്യമായി മാറി. ഉറച്ച ശബ്ദത്തിൽ അവൾ ഏലിയാമ്മ ചേട്ടത്തിയെ നോക്കി പറഞ്ഞു.
"ഞാനൊന്നു തീരുമാനിച്ചുകഴിഞ്ഞു... കുടുംബാഗങ്ങളുടെ... കള്ളത്തരം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ. ഇന്നുമുതൽ ഞാൻ എന്റെ ഭർത്താവിന്റെ മുറിയിലേ കിടക്കുന്നുള്ളൂ..."
"എങ്ങനെ... അതിന് അവർ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ... എന്തും ചെയ്യാൻ മടിക്കാത്തവരാണ്."
ഏലിയാമ്മചേട്ടത്തി പേടിയോടെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"അവരെന്നെ എന്തും ചെയ്തോട്ടെ... ജീവൻ വെടിയേണ്ടി വന്നാലും ഞാനെന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല."
"കർത്താവു നിന്നെ രക്ഷിക്കട്ടെ... ഞാൻ പ്രാർത്ഥിക്കാം."
എലിയാമ്മചേട്ടത്തി അവളുടെ കരം കവർന്നു.
അവൾ ചേട്ടത്തിയോട് വിടപറഞ്ഞുകൊണ്ട് അടുക്കള വിട്ട് ഹാളിലിറങ്ങി ഭർത്താവിന്റെ മുറിയിലേയ്ക്ക് നടന്നു. മുറിയിൽ കടന്നു വാതിലടച്ചിട്ട് മുറിയിലൂടെ ഉലാത്തിക്കൊണ്ടിരുന്ന ഭർത്താവിന്റെ കൈപിടിച്ച് കണ്ണാടിക്കുമുന്നിൽ കസേരയിട്ട് ഇരുത്തി. തുടർന്ന് ഷേവ് ചെയ്തുകൊടുത്തു. ശേഷം കുളിമുറിയിൽ കയറ്റി സോപ്പ് തേച്ച് നന്നായി കുളിപ്പിച്ചു. തല തൂവർത്തി നല്ല വസ്ത്രങ്ങൾ എടുത്തണിയിച്ചു.
തുടർന്ന് ഭർത്താവിന്റെ അഴുക്കു വസ്ത്രങ്ങൾ കഴുകിയിട്ടശേഷം കുളിച്ചു വൃത്തിയായി.മുറിയിലെത്തി നല്ലൊരു ചുരിദാർ എടുത്തുധരിച്ചു. ഭംഗിയായി ഒരുങ്ങി പുറത്തിറങ്ങി. വീണ്ടും ഭർത്താവിന്റെ മുറിയിലേയ്ക്ക് നടന്നു.
"ഓഹോ... പുതുമണവാട്ടി കുളിച്ചൊരുങ്ങിയല്ലോ... ആര് കാണാനാ ഇതൊക്കെ... ആ തലക്ക് വെളിവില്ലാത്തവനെ കാണിക്കാനാണോ.?"
ഹാളിൽ ടി വി കണ്ടുകൊണ്ടിരുന്ന മോളിക്കുട്ടി അവളെനോക്കി പുച്ഛത്തോടെ പറഞ്ഞു.
"അതെ, അദ്ദേഹം കാണാൻ വേണ്ടി തന്നെയാണ്.തലക്ക് വെളിവില്ലെങ്കിലും ഇവിടുള്ള മറ്റുള്ളവരേക്കാൾ ഭേതമാണ്. എന്റെ ഭർത്താവ്."
"ആഹാ നീ ഒറ്റദിവസം കൊണ്ട് ഇത്രയൊക്കെ പറയാറായോ.?"
"ആയെന്ന് വെച്ചോളൂ..."
മോളിക്കുട്ടി എന്തൊക്കെയോ പറഞ്ഞെങ്കിലും മറുപടിക്ക് ചെവികൊടുക്കാതെ അവൾ ഭർത്താവിന്റെ മുറിയിലേയ്ക്ക് കയറാനൊരുങ്ങി. ഈ സമയം പുറത്തുപോയ മത്തായിച്ചേട്ടൻ അവിടേയ്ക്ക് പാഞ്ഞെത്തി.
"എന്തിനുള്ള പുറപ്പാടാ... ഇതൊന്നും തൽക്കാലം പറ്റില്ലെന്ന് ഇന്നലെ പറഞ്ഞില്ലേ. അസൂഖത്തിന്റെ കാര്യത്തിലൊരു തീരുമാനം ആകുന്നതുവരെ ഞാനുണ്ട് ഇവിടെ ജോർജുകുട്ടിയുടെ കാര്യങ്ങൾ നോക്കാൻ. എന്നെയാണ് എല്ലാം ഏൽപ്പിച്ചിരിക്കുന്നെ.?"
"എങ്കിൽ ഒന്ന് കേട്ടോളൂ... ഇന്നുമുതൽ ഞാനാണ് എന്റെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുന്നെ. ആവശ്യമില്ലാതെ ഞങ്ങടെ കാര്യത്തിൽ ഇടപെടാൻ വരരുത്. ഞങ്ങൾ ഭാര്യയും ഭർത്താവുമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അൽപ്പം സ്വകാര്യത വേണം. പറഞ്ഞത് മനസ്സിലായല്ലോ.?"
അവളുടെ ശബ്ദം ഉറച്ചതായിരുന്നു.
"ജോർജുകുട്ടിക്ക് സുഖമില്ലാത്തതുകൊണ്ട് എന്തും ചെയ്യാൻ മടിക്കില്ല അവൻ. അവന്റെ ഇഷ്ടങ്ങളും, അവനെ അടക്കിനിറുത്താനുള്ള ചിട്ടവട്ടങ്ങളും, കൊടുക്കേണ്ടുന്ന മരുന്നുമൊക്കെ എനിക്കെ അറിയൂ... അതൊന്നും തെറ്റിയാൽ പറ്റില്ല. പിന്നെ എല്ലാം ഒന്നേന്നു തുടങ്ങേണ്ടിവരും."
മത്തായിച്ചേട്ടൻ വീണ്ടും അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.
"ഇത്രേംകാലം ചികിൽസിച്ചിട്ടും അസൂഖം മാറിയില്ലല്ലോ.... ഇനി എന്തായാലും ഞാനൊന്നു പരിചരിച്ചു നോക്കട്ടെ. തല്ക്കാലം ചേട്ടൻ പൊയ്ക്കൊള്ളൂ..."
അവൾ കൂസാതെ പറഞ്ഞു. ആ കണ്ണുകളിൽ നിന്ന് അഗ്നി പാറി.
മത്തായിച്ചേട്ടൻ സ്തംഭിച്ചുനിന്നുപോയി. പൂച്ചക്കുഞ്ഞിനെപ്പോലെ ഇന്നലെ മുറിയിൽനിന്നിറങ്ങിപ്പോയ പെണ്ണ് ഇതാ ഒറ്റദിവസംകൊണ്ട് പെൺപുലിയായി മാറിയിരിക്കുന്നു.
"എന്താ മത്തായിച്ചേട്ടാ ഇവിടെ പ്രശ്നം...എന്തിനാ ഇവൾ കിടന്ന് ചീറുന്നെ.?"
മത്തായിച്ചേട്ടനെ സഹായിക്കാൻ മോളികുട്ടി അവിടേയ്ക്ക് പാഞ്ഞെത്തി. അവർ എൽസമ്മയുടെ കൈയിൽ കടന്നുപിടിച്ചു. പക്ഷേ, എൽസമ്മ ആ കൈ ശക്തമായി തട്ടിമാറ്റിക്കൊണ്ട് മുറിയിൽ കയറി വാതിലടച്ചു.
(തുടരും...)
ഭാഗം - 7
ആഗ്രഹം നിറവേറിയപ്പോൾ തോമാച്ചേട്ടന് ഒരു പത്തുവയസ്സ് പ്രായം കുറഞ്ഞതുപോലെ. ജോലിയിലും നടപ്പിലുമെല്ലാം വല്ലാത്ത ചുറുചുറുക്കും ആവേശവും കൈവന്നിരിക്കുന്നു. മറ്റുള്ളവരോടുള്ള ഇടപെടലിലും സംസാരത്തിലുമെല്ലാം ഉണ്ട് ആ മാറ്റം. ആളുകൾ ഇതുകണ്ട് അത്ഭുതം കൊണ്ടു.
മാളിയേക്കൽ കുടുംബവുമായി ബന്ധമുണ്ടായതിന്റെ ഫലം. പഴയതുപോലെ ദേഷ്യമില്ല. എടുത്തുചാട്ടമില്ല എല്ലാവരോടും സ്നേഹവും സൗമ്യവുമായ പെരുമാറ്റം. സാദാ പുഞ്ചിരിനിറഞ്ഞ മുഖം. പുത്തൻ മുണ്ടും ഷർട്ടുമൊക്കെ ധരിച്ചാണ് എപ്പോഴും നടപ്പ്.
ഉന്നതിയിലുള്ളവരുമായുള്ള ബന്ധം. മനുഷ്യനെ ഇങ്ങനെ മാറ്റുമോ... ആളുകൾക്ക് അത്ഭുതം. പണവും പ്രശസ്തിയും കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും. കാഴ്ചയിൽ നിന്നും ആളുകൾ അത് മനസ്സിലാക്കി. ചെറിയ ചീത്തസ്വഭാവങ്ങളൊക്കെ അപ്പാടെ ചേട്ടനെ വിട്ടുപോയിരുന്നു.
ത്രേസ്യാമ്മക്കും ഉണ്ട് മാറ്റം. സദാ വിഷാദഭാവം മാറി മുഖത്ത് ഒരു പ്രസരിപ്പ് കൈവന്നിട്ടുണ്ട്. ശാരീരിക ആസ്വാസ്ഥ്യതകൾ പഴയതുപോലെ അലട്ടുന്നില്ല. ഒക്കെത്തിനും മനസ്സിന്റെ ആരോഗ്യമാണല്ലോ പ്രധാനം. കുടുംബത്തിൽ സന്തോഷം നിറഞ്ഞ ദിനങ്ങൾ പിറവിയെടുത്തിരിക്കുന്നു.
മനുഷ്യർക്ക് ജീവിതം ഒരു പരീക്ഷണമാണ്. സുഖവും ദുഃഖവുമൊക്കെ മാറിമാറി അവരെ പരീക്ഷിച്ചുകൊണ്ടിരിക്കും. എക്കാലവും ഒന്ന് തന്നെ നിലനിൽക്കില്ല. തങ്ങളുടെ കഷ്ടകാലമൊക്കെ മോളുടെ വിവാഹത്തോടെ കഴിഞ്ഞുവെന്ന് ത്രേസ്യാമ്മ മനസ്സിൽ കരുതി.
സായാഹ്നം. കവലയിലെ ചായക്കട. തോമാച്ചേട്ടൻ പതിവുപോലെ കവലയ്ക്ക് ഇറങ്ങിയപ്പോൾ ഒരു ചായ കുടിക്കാമെന്നുകരുതി കടയിൽ കയറിയതാണ്. ഈ സമയം കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ബ്രോക്കർ പൈലിച്ചേട്ടൻ തോമാച്ചേട്ടനെ നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു.
"എന്തൊക്കെയുണ്ട് ചേട്ടാ വിശേഷങ്ങൾ...മോളും മരുമകനുമൊക്കെ എന്തെടുക്കുന്നു... സുഖമായിരിക്കുന്നോ.?"
"സുഖമായിരുന്നാലെന്താ ഇല്ലെങ്കിലെന്താ... നിനക്കെന്താ അറിയണ്ട കാര്യം."
"ചൂടാവണ്ട ചേട്ടാ... വെറുതേ അറിയാൻ ചോദിച്ചെന്നേയുള്ളൂ... ഒരു മര്യാദ... കല്യാണം കഴിഞ്ഞിട്ട് ചേട്ടൻ അവിടെ പോയിരുന്നോ.?"
"എന്തിന് പോകണം... അവൾക്കവിടെ സുഖമാണ്. എന്നും വിളിച്ചു സംസാരിക്കുന്നുണ്ടല്ലോ..."
"പിന്നെ നല്ല സുഖത്തിലാണ്... ആ കൊച്ച് അനുഭവിക്കുന്നതൊന്നും നിങ്ങളാരും അറിയുന്നില്ലെന്നു മാത്രം. അറിയണമെങ്കിൽ അവിടെപ്പോയി നോക്കണം."
"ചീ... പോടാ മറ്റവനെ... നിനക്കൊക്കെ അസൂയയാണ്."
"പിന്നെ അസൂയ... ഞാനെന്റെ ചെവിക്ക് കേട്ടതാണ് പറഞ്ഞത്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. മോള് ചിലപ്പോൾ ഇതൊന്നും പറയുന്നുണ്ടാവില്ല."
"ഓഹോ... ആട്ടെ എന്താ നീ കേട്ടത്... ആരാ നിന്നോട് ഈ വേണ്ടാത്തതൊക്കെ പറഞ്ഞുകേൾപ്പിച്ചത്."
തോമാച്ചേട്ടൻ ദേഷ്യംകൊണ്ട് വിറച്ചു. ആ കണ്ണുകൾ ചുവന്നുതുടുത്തു. മറുപടിക്കായി അയാൾ പൈലിച്ചേട്ടനെ തുറിച്ചുനോക്കി.
"മാറ്റാരുമല്ല... അവിടെ ജോലിക്ക് നിക്കുന്ന ആളുതന്നെയാ പറഞ്ഞത്."
അത്രയുംപറഞ്ഞിട്ട് തൊമ്മാച്ചേട്ടനെ നോക്കാതെ ചായയുടെ പൈസയും കൊടുത്തിട്ട് പൈലിച്ചേട്ടൻ കടയിൽനിന്ന് ഇറങ്ങിനടന്നു.
ഒരുനിമിഷം തോമാച്ചേട്ടന്റെ ദേഷ്യം അടങ്ങി. മനസ്സിൽ പലവിധചിന്തകൾ ഉടലെടുത്തു. ഒപ്പം ഭയവും. ശരിയായിരിക്കുമോ... താൻ കേട്ടത്. ഉള്ളം പിടഞ്ഞു. ശരീരം വിറകൊണ്ടു. പെട്ടെന്നുതന്നെ ചായകുടി കഴിച്ചിട്ട് ചേട്ടൻ കടയിൽ നിന്നിറങ്ങിനടന്നു.
പലവിധചിന്തകളാൽ ഇളകിമറിയുന്ന മനസ്സ്. വിറയ്ക്കുന്ന കാലടികൾ. കണ്ണുകളിൽ ഇരുട്ട് പടരുന്നതുപോലെ. പരിസരം മറന്നെന്നോണം തോമാച്ചേട്ടൻ വീട്ടിലേയ്ക്ക് നടന്നു. മനസ്സുനിറച്ചും കരയുന്ന മകളുടെ ചിത്രം നിറഞ്ഞുനിൽക്കുന്നു.
വിഷാദം തളംകെട്ടിയെ മുഖവുമായി വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു കണ്ണുനീർ വാർക്കുന്ന ത്രേസ്യാമ്മയെ കണ്ട് പടികടന്നുചെന്ന തോമാച്ചേട്ടൻ വീണ്ടും ഭയന്നു.
കുളിക്കാൻ പോയപ്പോൾ ലക്ഷ്മി ചേച്ചിയെ കണ്ടതും...മാളിയേക്കൽ തറവാട്ടിൽ നടന്നുകൊണ്ടിരിക്കുന്നു ക്രൂരതകൾ അവർ പറഞ്ഞുകേൾപ്പിച്ചതും ത്രേസ്യാമ്മ ഭർത്താവിനോട് പറഞ്ഞു.
ഇരുവരും മുഖത്തോടുമുഖം നോക്കി കുറേനേരം മിണ്ടാതിരുന്നു. മകൾ വല്ലാത്ത ദുരിതക്കടലിൽ പെട്ടുഴറുകയാണെന്ന് ഇരുവർക്കും മനസ്സിലായി. ഇനി എന്തുചെയ്യും.... തെറ്റുപറ്റിയിരിക്കുന്നു... ഇരുവരും പരസ്പരം കൂടിയാലോചിച്ചു.
"എന്ത് ചെയ്യാൻ... ഞാൻ പറഞ്ഞിട്ട് കേട്ടോ... തന്റേടം കൊണ്ടു വരുത്തിവെച്ചതല്ലേ... എന്നിട്ടിപ്പോൾ അനുഭവിക്കുന്നത് എന്റെ കുട്ടിയും. മറ്റുള്ളവർ പറയുന്നതൊന്നും കേൾക്കണ്ട. നാളെത്തന്നെ പോയി മോളെ കാണണം."
പുലർച്ചെ തന്നെ വേഷംമാറി വീടുപൂട്ടി ഇരുവരും പുറത്തിറങ്ങി യാത്ര പുറപ്പെട്ടു. മകളെ വിവാഹം ചെയ്തയച്ച മാളിയേക്കൽ വീട്ടിലേക്കുള്ള ആദ്യത്തെ യാത്ര.
പണ്ടുകാലങ്ങളിൽ ഇലക്ഷൻ സമയത്ത് ഭക്ഷണം കഴിക്കാനും പാർട്ടി മീറ്റിങ്ങുകൾക്കും മറ്റുമായി മാളിയേക്കൽതറവാട്ടിൽ പോയിരുന്നത് തോമാച്ചേട്ടൻ ഒരുനിമിഷം ഓർത്തു. അന്ന് വീട് പുതുക്കിപ്പണിതിരുന്നില്ല. വിരുന്നുകാരും, അഭയം തേടിച്ചെന്നവരുമായി ഒരുപാട് പേര് വീട്ടിലും മുറ്റത്തുമുണ്ടാവും. തോമസ് മുതലാളിയുടെ അപ്പൻ കരപ്രമാണിയായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടേയുമൊക്കെ ഇഷ്ടം നേടിയ മനുഷ്യൻ. അന്നത്തെ പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ ഒരുപരിധിവരെ മാളിയേക്കൽ വീടുതന്നെയായിരുന്നു.
മകളെ കെട്ടിച്ചയച്ച വീടാണെങ്കിൽപോലും മാളിയേക്കൽ വീടിന്റെ ഗെയിറ്റുകടന്നു ചെല്ലുമ്പോൾ തോമാച്ചേട്ടന്റെ മനസ്സിൽ വല്ലാത്ത ആശങ്ക. കാലുകൾ വിറക്കുന്നു. ശരീരം വിയർക്കുന്നു. തലചുറ്റുന്നതുപോലെ...ധൈര്യം സംഭരിച്ചുകൊണ്ട് ഭാര്യയെയും കൂട്ടി അയാൾ പൂമുഖത്തിനുനേർക്ക് നടന്നു.
"അല്ലാ ഇതാരൊക്കെയാ ഈ വന്നേക്കുന്നെ ഒരുമുന്നറിയിപ്പുമില്ലാണ്ടാണല്ലോ വരവ് ... മോളുടെ സുഖവിവരം അറിയാൻ വന്നതാണോ... അതിനിങ്ങനെയാണോ വരുന്നേ... ചില മര്യാദകളൊക്കെയില്ലേ.?"
പൂമുഖത്തിരുന്ന മോളികുട്ടി ചാടി എഴുന്നേറ്റ് പുച്ഛത്തോടെ ഇരുവരെയും നോക്കികൊണ്ട് പറഞ്ഞു.
തോമാച്ചേട്ടന്റെ ശരീരമൊന്നാകെ ഒരുതരിപ്പ് പടർന്നുകയറി. ഉള്ളം വല്ലാതെ നൊന്തു. പക്ഷേ, അത് പുറത്തുകാണിക്കാതെ അയാൾ വീണ്ടും പുഞ്ചിരിയോടെ മുന്നോട്ട് ചുവടുകൾ വെച്ചു.
"നിൽക്കൂ... എങ്ങോട്ടാ...പറഞ്ഞത് മനസ്സിലായില്ലേ... തോന്നുമ്പോൾ വലിഞ്ഞുകയറിവരാൻ ഇത് സത്രമല്ല. ഇവിടെ ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട്."
"എന്റെ മോളെ കെട്ടിക്കൊണ്ടുവന്നിടത്തേയ്ക്ക് ആണ് ഞാൻ വന്നത്. അവളെ കണ്ടിട്ട് ഞങ്ങൾ പോകും."
അപമാനത്താൽ മുറിവേറ്റ ഹൃദയവുമായി തോമാച്ചേട്ടൻ പറഞ്ഞു.
"ഓഹോ... ബന്ധം പറഞ്ഞു വന്നതാണല്ലേ... ചീ നാണമില്ലല്ലോ..."
"നിങ്ങള് മിണ്ടാണ്ടിരിക്കൂ... ഞങ്ങളോട് എന്തേലും പറയാനുണ്ടെങ്കിൽ ഇവിടെ ആണുങ്ങളില്ലേ... അവർ പറയട്ടെ."
തോമാച്ചേട്ടൻ ദേഷ്യംകൊണ്ട് വിറച്ചു. മോളിക്കുട്ടിയുടെ വാക്കുകൾ വകവെക്കാതെ ഭാര്യയുടെ കൈയും പിടിച്ചുകൊണ്ട് അയാൾ പൂമുഖത്തേയ്ക്ക് കയറി.
അഹങ്കാരത്തിന്റെ മൂർദ്ധാവിൽ അടിയേറ്റ മോളിക്കുട്ടി കോപംകൊണ്ട് ജ്വലിച്ചു. ഉള്ളിലേയ്ക്ക് നോക്കി അവർ അലറി.
"മത്തായിച്ചേട്ടാ... ജോസപ്പേ... ഒന്ന് വേഗം വന്നേ..."
തടിമാടനായ മത്തായിച്ചേട്ടനും ജോസഫും അകത്തുനിന്ന് ഓടിയിറങ്ങിവന്നു. മോളിക്കുട്ടിയുടെ ആജ്ഞപ്രകാരം മത്തായിച്ചേട്ടൻ ഇരുവർക്കും മുന്നിൽ കടന്നു വഴിതടഞ്ഞുനിന്നു. അകത്തുനിന്നും ബഹളംകേട്ട് ഓടിയെത്തിയ ജാൻസിയും വേലക്കാരികളും ഇതുകണ്ടുനിന്നു.
"എന്റെ മേത്തുതൊട്ടാൽ ഏത് വലിയവനായാലും വിവരമറിയും. മര്യാദക്ക് എന്റെ മുന്നിൽനിന്ന് മാറിക്കോ..."
കോപംകൊണ്ട് ഭ്രാന്തുബാധിച്ചതുപോലെ തോമാച്ചേട്ടൻ അലറി. ഉയർത്തിപ്പിടിച്ച മത്തായിച്ചേട്ടന്റെ കൈ അയാൾ തട്ടിമാറ്റി.
"അപ്പച്ചാ... "
അകത്തുനിന്നും നിലവിളിച്ചുകൊണ്ട് തങ്ങൾക്കരികിലേയ്ക്ക് ഓടിയെത്തിയ മകളെ കണ്ടിട്ട് ഇരുവർക്കും മനസ്സിലായില്ല. ഏതാനുംദിവസങ്ങൾകൊണ്ട് അവൾ വല്ലാത്തൊരു കോലമായിക്കഴിഞ്ഞിരുന്നു.
അരുതെന്ന് കണ്ണുനീർ വാർത്തുകൊണ്ട് അവൾ അപ്പനെയും അമ്മയെയും മാറിമാറിനോക്കി. ഭർത്താവിനെ കുളിപ്പിച്ചു ഡ്രസ്സ് മാറ്റുമ്പോഴാണ് പുറത്തുനിലുള്ള ബഹളം കേട്ടത്. കണ്ണുനീർ ഷാളുകൊണ്ട് തുടച്ചിട്ട് ഇടറുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.
"എന്തിനാ അപ്പനും അമ്മയും കൂടി ഇവിടേയ്ക്ക് വന്നത്... വരണ്ടായിരുന്നു."
തോമാച്ചേട്ടൻ അതുകേട്ടില്ല. അയാളുടെ നോട്ടം മത്തായിയുടെയും ജോസഫിന്റേം നേർക്കായിരുന്നു. അവർ എന്താണ് പ്രവർത്തിക്കുന്നതെന്ന് അയാൾ വീക്ഷിച്ചുകൊണ്ട് തറപ്പിച്ചുനോക്കി നിന്നു.
പുറത്തുനിന്നുള്ള ബഹളംകേട്ട് തോമസുമുതലാളി മുറിയിൽ നിന്നിറങ്ങിവന്നു. അയാളുടെ കണ്ണുകളിൽ ദേഷ്യവും നാണക്കേടും നിറഞ്ഞു. നെറ്റിയിൽ ചുളിവുകൾ വീണു. തന്റെ അടുക്കലേയ്ക്ക് നടന്നെത്തുന്ന ഭർത്താവിനെ നോക്കി മോളിക്കുട്ടി ആവലാതികൊണ്ടുകൊണ്ട് പറഞ്ഞു.
"കണ്ടില്ലേ... ഇവറ്റകളുടെ അഹങ്കാരം. മത്തായിച്ചേട്ടനെ കൈവെക്കാന്മാത്രം വളർന്നിരിക്കുന്നു."
തോമസുമുതലാളി മിണ്ടിയില്ല. അയാളുടെ മുഖവും കണ്ണുകളും കോപംകൊണ്ട് ചുവന്നുതുടുത്തു.കൈകൊണ്ട് മത്തായിച്ചേട്ടനോട് വഴിമാറാൻ അയാൾ ആഗ്യം കാണിച്ചു.
ഈ സമയം തോമാച്ചേട്ടൻ സങ്കടം ഉള്ളിലൊതുക്കിക്കൊണ്ട് ബഹുമാനത്തോടെ മുതലാളിയെ നോക്കി ഇടറുന്നശബ്ദത്തിൽ പറഞ്ഞു.
"ഞങ്ങൾ വഴക്കിനൊന്നും വന്നതല്ല... മോളെ ഒന്ന് കണ്ടുപോകാൻ വന്നതാണ്."
"അതിനാണോ ഈ ഒച്ചയും ബഹളവുമൊക്കെ... അയൽക്കാരെക്കൂടി കേൾപ്പിക്കാൻ."
"ഒന്നും ഞങ്ങളായിട്ട് മനഃപൂർവ്വം ഉണ്ടാക്കിയതല്ല."
"ഇത് മാളിയേക്കൽ വീടാണ്. ഇവിടേയ്ക്ക് എപ്പോഴും ആളുകൾ കടന്നുവരും അതിന്റെടേലാണ്..."
"ഒക്കെ ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഇവിടേയ്ക്ക് അഭയംതേടി വന്നതൊന്നുമല്ല... മോളെ ഇവിടേയ്ക്ക് വിവാഹം കഴിച്ചുകൊണ്ടുവന്നിട്ട് അവളെ കാണാനായിട്ട് വന്നതാണ്... അത് പറ്റില്ലെന്നുപറഞ്ഞാൽ എന്താ ചെയ്യുക.?"
തോമാച്ചേട്ടൻ ദേഷ്യംകയറിനിൽക്കുകയാണെന്ന് മുതലാളിക്ക് മനസ്സിലായി. ഇനിയും എതിർക്കാൻ നിന്നാൽ ചിലപ്പോൾ സംഗതി വഷളാവും. അതുകൊണ്ട് എങ്ങനെയും പ്രശ്നം അവസാനിപ്പിക്കുന്നതാണ് നല്ലത്. മുതലാളിയുടെ മുഖത്തൊരു അയവ് വന്നു.
ഈ സമയം ത്രേസ്യാമ്മ മകളുടെ കരംകവർന്നുകൊണ്ട് തേങ്ങിക്കരയുകയാണ്. ഏതാനുംദിവസത്തെ ജീവിതം കൊണ്ട് മകളുടെ രൂപത്തിനുവന്ന മാറ്റം ആ മാതാവിനെ വല്ലാതെ വേദനിപ്പിച്ചു. കണ്ണിലെ നനവുകൾ തുടച്ചുകൊണ്ട് സങ്കടത്തോടെ ചോദിച്ചു.
"നീ സമയത്തിന് ഭക്ഷണവും ഉറക്കവുമൊന്നും ഇല്ലേമോളെ.?"
ഇതുകേട്ടുകൊണ്ട് നിന്ന മോളിക്കുട്ടിയും ജാൻസിയും പരസ്പരം നോക്കികൊണ്ട് ചിറികോട്ടി. എൽസമ്മ കണ്ണുനീരോഴുക്കിക്കൊണ്ട് അങ്ങനെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഈ സമയം തോമാച്ചേട്ടൻ ശബ്ദമുയർത്തി പറഞ്ഞു.
"മോള് എന്താ എടുക്കാനുള്ളത് എന്നുവെച്ചാൽ എടുത്തോ... നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോകാം. ഇവിടുള്ളവരൊന്നും മനുഷ്യരല്ല. എല്ലാം എന്റെ തെറ്റാണ്."
ആരും ഒന്നുംമിണ്ടിയില്ല. ഒരുനിമിഷം അവിടെ നിശബ്ദത നിറന്നു. അമ്മയുടെ കൈയിലുള്ള പിടിവിട്ടുകൊണ്ട് കണ്ണുനീർതുടച്ചിട്ട് അപ്പനെനോക്കി എൽസമ്മ പറഞ്ഞു.
"ഞാൻ വരുന്നില്ല അപ്പച്ച... എന്റെ സുഖമില്ലാത്ത ഭർത്താവിനേം ശുഷ്‌റൂശിച്ചുകൊണ്ട് ഞാനിവിടെ ഒതുങ്ങിക്കഴിഞ്ഞോളാം."
തോമാച്ചേട്ടൻ എന്തുപറയണമെന്നറിയാതെ നിന്നു. ത്രേസ്യാമ്മ വിശ്വാസം വരാത്തതുപോലെ മകളെനോക്കി. മോളിക്കുട്ടിയുടെയും ജാൻസിയുടെയും കണ്ണുകളിൽ പുച്ഛം.
"പൊയ്ക്കോ...കല്യാണം കഴിഞ്ഞിട്ട് ഇത്രദിവസമായില്ലേ. ജോർജുകുട്ടി ഇവിടെ നിന്നോളും. മത്തായിച്ചേട്ടനുണ്ടല്ലോ. പോയി രണ്ടുദിവസം കഴിഞ്ഞിട്ട് വന്നാമതി. ഇനി വീട്ടിൽ വിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞുണ്ടാക്കേണ്ട."
തോമസുമുതലാളി ആജ്ഞപോലെ പറഞ്ഞു. എന്നിട്ട് അകത്തേയ്ക്ക് കയറിപ്പോയി.
വിവാഹം കഴിഞ്ഞുപോയ പെൺകുട്ടികൾ വീട്ടിൽ വിരുന്നുവരുന്നത് സാധാരണയാണ്. പക്ഷേ, ഭർത്താവില്ലാതെ ഒറ്റയ്ക്ക് വീട്ടിലെത്തിയ എൽസമ്മയുടെ വരവ് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിൽ വാർത്തയായി.സഹോദരിമാരും ബന്ധുക്കളും അയൽക്കാരുമൊക്കെ അവളെ കാണാനെത്തി. അവർക്കെല്ലാം ചോദിക്കാനുള്ളത് ഒന്നുമാത്രമായിരുന്നു.
"ജോർജുകുട്ടി എന്താണ് വരാത്തത്. അവനുമായി വഴക്കിട്ടിട്ടാണോ എൽസമ്മ വന്നിരിക്കുന്നത്. ഇനി മടങ്ങിപ്പോകുന്നില്ലേ. ജോർജുകുട്ടിക്ക് കാര്യമായി ഭ്രാന്തുണ്ടോ.?"
എന്തൊക്കെപ്പറഞ്ഞാലും ചിലർക്ക് വിശ്വാസമാകുന്നില്ല. ചിലർക്ക് ഉള്ളിൽ സന്തോഷം. ചിലർക്ക് സഹതാപം.എൽസമ്മയ്ക്ക് എല്ലാവരോടും വെറുപ്പ്‌തോന്നി. പലരുടേയും കളിയാക്കൽ കേട്ടില്ലെന്നുനടിച്ചുകൊണ്ട് അവൾ ഒഴിഞ്ഞുമാറി. വരുന്നവർക്കൊക്കെ ചായയെടുത്തും വിരുന്നൊരുക്കിയും ത്രേസ്യാമ്മയും തോമാച്ചേട്ടനും മടുത്തു.
"പാവം എന്റെ കുട്ടി... കണ്ടാലറിയാത്ത കോലമായി. വെളുത്തുതുടുത്തിരുന്ന പെങ്കൊച്ചിന്റെ ഒരു കോലം...ചാകാറായി."
എൽസമ്മയുടെ ഭർത്താവിന് ഭ്രാന്താണെന്നും മാളിയേക്കൽ തറവാട്ടിൽ അവൾ കണ്ണുനീർ കുടിച്ചുജീവിക്കുകയാണെന്നും അറിഞ്ഞ ലക്ഷ്മിച്ചേച്ചി അടങ്ങാത്ത ആകാംഷയോടെ വീണ്ടും ഓരോന്നുചോദിച്ച് എൽസമ്മയുടെ സങ്കടം കണ്ട് ആനന്തം കൊണ്ടു.
"ജോർജുകുട്ടി ആളുകളെ ഉപദ്രവിക്കുമോ മോളെ.?"
"ഇല്ല..."
"ആ തള്ളയും മരുമകളും മഹാ കൂടിയതാണല്ലേ... അവര് നിന്നോട് പോരെടുക്കുമല്ലേ.?"
"ങ്‌ഹും..."
"അവിടെ നേരത്തിനും കാലത്തിനുമൊക്കെ വല്ലതും തിന്നാൻ കിട്ടുമോ.?"
"കിട്ടും..."
"ഒരുപാട് അനുഭവിച്ചല്ലേ ഇത്രദിവസം കൊണ്ട്... ഇനി അങ്ങോട്ട് പോണില്ലേ മോള്."
"പിന്നെ പോകാതെ..."
അവൾ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ലക്ഷ്മിച്ചേച്ചിയെ ഒഴിവാക്കി വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങി.തന്നെനോക്കി നിച്ഛലം നിൽക്കുന്ന പശുക്കൾ. മുറ്റത്തിനുചുറ്റും താൻ നട്ടുവളർത്തിയ ചെടികൾ. ഒക്കെയും പൂവിട്ടുനിൽക്കുന്നു. പ്രകൃതിയുടെ ആ മനോഹാരിത ആസ്വദിച്ചുകൊണ്ട് എല്ലാം മറക്കാൻ ശ്രമിക്കവേ അവളുടെ മനസ്സിലേയ്ക്ക് ജോർജുകുട്ടിയുടെ മുഖം കടന്നുവന്നു.
മാളിയേക്കൽ വീട്ടിൽ നിന്നും യാത്രപറഞ്ഞുകൊണ്ട് ഇവിടേയ്ക്ക് തിരിക്കും മുൻപുള്ള രംഗം അവൾ ഒരുനിമിഷം മനസ്സിലോർത്തു. ഹൃദയത്തിൽ വല്ലാത്ത നൊമ്പരം പിറവിയെടുക്കുന്നു.
വസ്ത്രംമാറി ബാഗുമെടുത്തുകൊണ്ട് ജോർജുകുട്ടിയോട് പറയാനായി മുറിയിൽ ചെല്ലുമ്പോൾ എല്ലാം കേട്ടുകൊണ്ട് കിടന്ന ഭർത്താവ് അവളെ ദയനീയമായി നോക്കി. എല്ലാം മനസ്സിലാക്കിയതുപോലെ ആ മിഴികൾ ഈറനണിഞ്ഞിരിക്കുന്നു.
"ഞാൻ വീടുവരെ പോയിട്ട് വരാം. അപ്പനും അമ്മയും വന്നിട്ടുണ്ട്."
സങ്കടത്തോടെയാണ് പറഞ്ഞത്. പ്രത്യേകിച്ച് പ്രതികരണം ഒന്നും ഉണ്ടാകില്ലെന്നു കരുതി. പക്ഷേ, പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
തന്റെ വാക്കുകൾകേട്ട് ഒരുനിമിഷം തന്നെ തുറിച്ചുനോക്കി ഇരുന്നിട്ട് പെട്ടെന്ന് കരയാൻ തുടങ്ങി. അമ്മ തനിച്ചാക്കി പോകുന്ന കുഞ്ഞിനെയെന്നോണം.
"നീ പോയാ ഇനി വര്വോ...?"
"തീർച്ചയായും... രണ്ടുദിവസം കഴിഞ്ഞിട്ട് ഞാനിങ്ങു വരും. പോകാൻ ആഗ്രഹമുണ്ടായിട്ടല്ല. എല്ലാരും നിർബന്ധിക്കുമ്പോൾ...ജോർജുകുട്ടിയെ കൂടെ കൊണ്ടുപോകണമെന്നുണ്ട് പക്ഷേ, ഇവിടുള്ളവർ അനുവദിക്കില്ല."
കെട്ടിപ്പിടിച്ചുകൊണ്ട് സ്നേഹത്തോടെ പറഞ്ഞു. ആശ്വാസവാക്കുകൾ കേട്ട് കരച്ചിൽ നിന്നു. പകരം ചുണ്ടിൽ ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.തലകുലുക്കിക്കൊണ്ട് എല്ലാം അനുസരിക്കുന്നു എന്നഭാവം ആ മുഖത്ത് മിന്നി. വല്ലാത്ത സങ്കടം തോന്നി. ഒരിക്കൽക്കൂടി പോകണോ എന്നാലോചിച്ചു.
പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല. പക്ഷേ, ക്രൂരമായ അമ്മായി അമ്മയുടെയും, ചേട്ടത്തിയുടെയും, ഒക്കെ പീഡനത്തിൽ നിന്നും രണ്ടുദിവസം മാറിനിന്നിട്ട് ധൈര്യം വീണ്ടെടുത്തു തിരിച്ചുവരാനൊരാഗ്രഹം.
ഈ സമയം അപ്പനും അമ്മച്ചിയും കൂടി വന്ന് ജോർജുകുട്ടിയോട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് അനുവാദം വാങ്ങി. സങ്കടം ഉള്ളിലൊതുക്കിക്കൊണ്ടെന്നപോലെ എല്ലാവരെയും നോക്കി അവൻ മിണ്ടാതിരുന്നപ്പോൾ...ഒരിക്കൽക്കൂടി യാത്രപറഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി.
പൂച്ചെടികൾ കാറ്റിൽ തലയിളക്കിക്കൊണ്ട് അവളോട് ലോഹ്യം പറഞ്ഞു. തൊഴുത്തിൽ നിന്നുകൊണ്ട് മെല്ലെ കരഞ്ഞ് പശുക്കൾ സ്നേഹം പ്രകടിപ്പിച്ചു. ഒരുനിമിഷം അവളുടെ നോട്ടം തൊഴുത്തിന്റെ സൈഡിലുള്ള വാടകവീടിനുനേർക്ക് നീണ്ടു.
സണ്ണിച്ചന്റെരൂപം മനസ്സിൽ തെളിഞ്ഞെങ്കിലും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഭർതൃമതിയായ താനിന്ന് ഒരന്യപുരുഷനെക്കുറിച്ച് ഓർക്കുന്നത് തന്നെ തെറ്റാണെന്ന് അവൾക്കറിയാമായിരുന്നു.
(തുടരും...)
ഭാഗം - 8
ലക്ഷ്മി ചേച്ചി പോയതിനുപിന്നാലെ അവരുടെ മകൾ 'സിന്ധു' എൽസമ്മയെ കാണാനെത്തി. അമ്മയെപ്പോലെതന്നെ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ മിടുക്കിയാണ് മകളും. എൽസമ്മയുടെ കരുവാളിപ്പ് കലർന്ന മുഖത്തേയ്ക്ക് നോക്കി കളിയാക്കുമ്പോലെ അവൾ ചോദിച്ചു.
"ഇതെന്തൊരു കോലമാണ് പെണ്ണെ... നിനക്ക് എന്താ മാളിയേക്കൽ വീട്ടിൽ അടുക്കളപ്പണിയായിരുന്നോ ഇത്രദിവസവും.?"
"അതെന്താ അടുക്കളപ്പണി ചെയ്യാൻപാടില്ല എന്നുണ്ടോ... അതും ജീവിതത്തിന്റെ ഭാഗമല്ലേ.?"
എൽസമ്മ പുഞ്ചിരിവിരിയിച്ചുകൊണ്ട് ചോദിച്ചു.
"അല്ല ഏതാനും ദിവസം കൊണ്ട് നിന്റെ കോലം വല്ലാതെ മാറിപ്പോയി അതാണ് ചോദിച്ചേ."
"അന്യവീട്ടിൽ സുഖിക്കാൻ പോയതല്ലല്ലോ... ജീവിക്കാൻ പോയതല്ലേ അപ്പോൾ എന്തെല്ലാം ചെയ്യേണ്ടിവരും."
"നിന്റെ കെട്ടിയോൻ എങ്ങനെ ആള്... ഭ്രാന്തിളകി ഉപദ്രവിക്കുകയൊക്കെ ചെയ്യുമോ.?"
"പിന്നെ ഒന്നുപോടീ..."
"ഞാനെന്നും നിന്റെ കാര്യമോർക്കും... വല്ലാത്തസങ്കടത്തോടെ... സുഖമില്ലാത്ത ഭർത്താവിന്റെ കൂടെ നീ എങ്ങനെയാ കഴിയുന്നെ... നിനക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്നൊക്കെ."
ആ ഓർമ്മകളിൽ നടുങ്ങുന്നതുപോലെ സിന്ധുവിന്റെ മുഖത്ത് കൃത്രിമഭാവങ്ങൾ മിന്നിമറഞ്ഞു.
എൽസമ്മ എല്ലാംകേട്ടുകൊണ്ട് മിണ്ടാത്തെ നിന്നു. ഒടുക്കം വിഷയം മാറ്റാണെന്നോണം അവൾ കൂട്ടുകാരിയെനോക്കി ചോദിച്ചു.
"എന്തൊക്കെയുണ്ട് നിന്റെ കോളേജിലെ വിശേഷങ്ങള്.?"
"എന്ത് വിശേഷം... അടിച്ചുപൊളിച്ചു അങ്ങനെ പോകുന്നു. നീ ഇല്ലാത്തതിന്റെ ഒരു കുറവുണ്ട്. പിന്നെ പഠിക്കുന്നില്ല എന്നൊരു കുറവും."
"അതെന്താ പഠിക്കാത്തത്."
"നിനക്കറിയത്തില്ലേ കോളേജിലെ സ്ഥിതി... വായിനോട്ടവും മറ്റും കഴിഞ്ഞിട്ട് എവിടാ ഇതിനൊക്കെ സമയം. പിന്നെ യൂത്തുഫെസ്റ്റിവെൽ വരുവല്ലേ അതിന്റെ തയ്യാറെടുപ്പും മറ്റും നടക്കുന്നു. നീ വരുന്നുണ്ടോ... ഫെസ്റ്റിന്.?"
"ഇല്ല..."
പറഞ്ഞിട്ട് അവൾ എന്തൊക്കെയോ ഓർത്തുകൊണ്ട് അകലേയ്ക്ക് നോക്കി മിണ്ടാത്തെ നിന്നു. സിന്ധു പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ സണ്ണിച്ചനെ കെട്ടാഞ്ഞത് നഷ്ടമായി പോയി എന്നും. എൽസമ്മ എല്ലാം മൂളിക്കേട്ടു. ഒടുവിൽ സന്ധ്യയോടടുത്തപ്പോൾ സിന്ധു യത്രപറഞ്ഞു പോയി.
ഇരുട്ട് വ്യാപിച്ചിരിക്കുന്നു. ത്രേസ്യായമ്മയും മകളുംകൂടി കുരുശുവരച്ചിട്ട് പൂമുഖത്തെത്തുമ്പോഴും തോമാച്ചേട്ടൻ തിരിച്ചെത്തിയിട്ടില്ല. അയാൾ പള്ളിയിൽ അച്ഛനെ കാണാൻ പോയതാണ്. മകളെ കാണാൻ ചെന്നപ്പോൾ മാളിയേക്കൽ വീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും മകളുടെ അവസ്ഥയുമൊക്കെ അച്ഛനെ ധരിപ്പിക്കാൻ. നേരം ഏറെ വൈകിയിട്ടും അയാളെ കാണാഞ്ഞപ്പോൾ അമ്മയുടെയും മകളുടെയും ഉള്ളിൽ ഭയം നിറഞ്ഞു.
"പ്രായമായ മനുഷ്യനാണ്. നൂറുകൂട്ടം അസൂഖങ്ങളും ഉണ്ട്. കർത്താവേ കാത്തുകൊള്ളണമേ..."
ഞെഞ്ചിൽ കൈവെച്ചു പ്രാർത്ഥിച്ചുകൊണ്ട് ത്രേസ്യാമ്മ പുറത്തെ ഇരുട്ടിലേയ്ക്ക് നോക്കിനിന്നു. എതാനുംനിമിഷം കഴിഞ്ഞപ്പോൾ വീടിനുതാഴെ ഒരു ബൈക്ക് വന്നുനിൽക്കുന്ന ശബ്ദം കേട്ടു. ആകാംഷയോടെ അവിടേയ്ക്ക് നോട്ടമയച്ചുനിക്കവേ ഇരുളിന്റെ ഇടയിലൂടെ ഭർത്താവിന്റെ രൂപം നടന്നുവരുന്നത് കണ്ടു. വല്ലാത്തൊരു തളർച്ചയോടെ പൂമുഖത്തെ കസേരയിൽ കടന്നിരുന്നിട്ട് വെള്ളം കൊണ്ടുവരാൻ ഓർഡറിട്ടു അയാൾ. തുടർന്ന് വല്ലാത്തൊരു നെടുവീർപ്പുതിർത്തു.
"നിങ്ങളെന്താ ഇത്ര വൈകിയേ പോയിട്ട് അച്ഛനെ കണ്ടോ..."
"കണ്ടു കാര്യങ്ങൾ പറഞ്ഞു. പക്ഷേ, പള്ളിയും പട്ടക്കാരുമൊക്കെ എന്നും ഉള്ളവന്റെ കൂടെയല്ലേ നിൽക്കത്തൊള്ളൂ..."
"അച്ഛൻ നിങ്ങടെ സുഹൃത്തല്ലേ...?"
"അതുകൊണ്ടെന്താ... എല്ലാം കേട്ടിട്ടും അവരുടെ ഭാഗത്താണ് അയാൾക്ക് ചായിവ് .. ഒടുവിൽ പലതും പറഞ്ഞിരുന്നു രാത്രി ആയതറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോൾ കൂരക്കൂരിരുട്ട്. ഭാഗ്യത്തിന് പള്ളിക്കുമുന്നിൽവെച്ച് ആ പയ്യനെ കണ്ടു...അവനാണ് എന്നെ ബൈക്കിൽ ഇവിടവരെ കൊണ്ടുവിട്ടത്."
"ആര്... ആരാണ് നിങ്ങളെ ഇവിടെവരെ കൊണ്ടുവന്നു വിട്ടത്.?"
"സണ്ണിച്ചൻ... നമ്മുടെ അയൽവക്കത്തു വന്നു താമസിച്ച ആ ട്യൂഷൻ മാസ്റ്റർ."
അപ്പന്റെ വാക്കുകൾ കേട്ട് ത്രേസ്യാമ്മ അത്ഭുതം കൊള്ളുമ്പോൾ എൽസമ്മ അകത്തുനിന്നു നടുങ്ങി. ഉള്ളിൽ വല്ലാത്തൊരു പിടയൽ.
ഗ്ലാസിൽ വെള്ളം കൊണ്ടുവന്നുകൊടുത്തിട്ട് അകത്തേയ്ക്ക് പോകാനൊരുങ്ങിയ എൽസമ്മയെ അപ്പൻ അരികിലേയ്ക്ക് വിളിച്ചു. എന്നിട്ട് സ്നേഹത്തോടെ അവളുടെ കരം പിടിച്ചുകൊണ്ട് മെല്ലെ പറഞ്ഞു.
"മോള് എന്നോട് ക്ഷമിക്കണം. അപ്പനൊരു അബദ്ധം പറ്റി.വല്ലാത്തൊരു നരകത്തിലേയ്ക്കാണ് നിന്നെ ഞാൻ കെട്ടിച്ചയച്ചത്."
"ഓ... അതൊന്നും സാരമില്ല. ഇതെന്റെ വിധിയാണ്."
"അല്ല ഇത് ഞാനായിട്ട് വരുത്തിവെച്ചതാണ്... ജോർജുകുട്ടിക്ക് ചെറിയൊരു മാനസിക പ്രശ്നമേയുള്ളൂ... ഇപ്പോൾ കുഴപ്പമൊന്നുമില്ല. മരുന്നുകൊണ്ട് എല്ലാംമാറി എന്നൊക്കെ കേട്ടപ്പോൾ നിനക്കവിടെ നല്ലൊരു ജീവിതം കിട്ടുമെന്നുകരുതി. പക്ഷേ, അവറ്റകള് നിന്നെ വല്ലാതെ ഉപദ്രവിച്ചു."
"ഓ അതൊന്നും സാരമില്ല. അപ്പൻ ഇതൊന്നുമോർത്തു വിഷമിക്കണ്ട."
വെള്ളം വലിച്ചുകുടിച്ചിട്ട് ഒരിക്കൽക്കൂടി ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് അയാൾ ഉറച്ചശ്ശബ്ദത്തിൽ പറഞ്ഞു.
"ഞാനൊന്നു തീരുമാനിച്ചു... ഇനി മോള് ആ നരകത്തിലേയ്ക്ക് പോകണ്ട."
"പോകാണ്ടു പിന്നെ.?"
എൽസമ്മ നടുങ്ങി.
"അവര് ഈ ബന്ധം ഒഴിവാക്കട്ടെ...നിന്നെ വേറെ കെട്ടിക്കാം."
"വേണ്ട അപ്പാ... ഇനി എനിക്കൊരു വിവാഹം വേണ്ട... എനിക്ക് ജോർജുകുട്ടിയെ മതി."
"അനുസരണക്കേട് പറയാതെ... നന്നായി ആലോചിക്ക്. അവര് ബന്ധം ഒഴിഞ്ഞാൽ നിന്നെ ഞാൻ ഉടൻതന്നെ വേറെ കെട്ടിക്കും."
"ആർക്ക്... ഒന്നാം കെട്ടിനുപോലും വശമില്ലാത്ത അപ്പൻ രണ്ടാംകെട്ടുകാരിയായ എന്നെ ആരെക്കൊണ്ട് കെട്ടിക്കുമെന്നാണ്. വെറുതെ പൊട്ടത്തരം പറയാതെ... ഒരിക്കൽ അബദ്ധം പറ്റി... അതിലും വലിയ പൊട്ടത്തരമാണ് ഇപ്പോൾ പറയുന്നത്. വിവാഹബന്ധം കുട്ടിക്കളിയല്ല അപ്പാ..."
എൽസമ്മ നിറമിഴികൾ തുടച്ചുകൊണ്ട് അകത്തേയ്ക്ക് നടന്നു. ത്രേസ്യാമ്മ ഭർത്താവിനെ കുറ്റപ്പെടുത്തി.
"മോള് പറഞ്ഞതിലും കാര്യമുണ്ട്... തോന്നുമ്പോൾ ചെയ്യാൻ പറ്റുന്നതാണോ... കല്യാണം."
തോമാച്ചേട്ടൻ അസ്വസ്ഥതയോടെ തല ചൊറിഞ്ഞുകൊണ്ട് ആലോചനയിലാണ്ട് ഇരുന്നു.
പിറ്റേന്ന് നേരം വെളുത്തു കാപ്പികുടിക്കുന്ന സമയമായിട്ടും എൽസമ്മ എഴുന്നേറ്റില്ല. സാധാരണ പുലർച്ചെ തന്നെ എഴുന്നേൽക്കാറുള്ളതാണ്. ക്ഷീണം കൊണ്ടും സങ്കടം കൊണ്ടുമൊക്കെ കിടക്കുകയാവും എന്ന് ത്രേസ്യാമ്മ കരുതി. കാപ്പികുടിക്കാൻ വിളിച്ചിട്ടും എഴുന്നേൽക്കാൻ മടിച്ചപ്പോൾ ത്രേസ്യാമ്മയ്ക്ക് ഭയമായി. അവർ മകളുടെ അരികിൽ ചെന്നുകൊണ്ട് കുലുക്കി വിളിച്ചു.
ശരീരത്തിന് നല്ല ചൂട്. നെറ്റിത്തടത്തിൽ തൊട്ടുനോക്കി. ത്രേസ്യാമ്മ ഞെട്ടിപ്പോയി.എൽസമ്മയ്ക്ക് നല്ല പൊള്ളുന്നപനി.
"കർത്താവെ... എന്റെ കുട്ടിക്ക് എന്തുപറ്റി.?"
ആ മാതൃഹൃദയം വല്ലാതെ തേങ്ങി. വല്ലാത്ത വെപ്രാളത്തോടെ അവർ മരുന്ന് തേടി ഓടിനടന്നു. മരുന്നിന്റെ കവറുകളൊക്കെ ഒഴിഞ്ഞുകിടക്കുന്നു. പേരിനുപോലും ഒരു പനിഗുളിക ഇല്ല.ഇനിയെന്തുചെയ്യും. ആസ്വസ്ഥതയോടെ മരുന്നുതേടി അവർ അടുത്തവീട്ടിലേയ്ക്ക് പാഞ്ഞു.
എൽസമ്മയുടെ രോഗവിവരം അറിഞ്ഞ് ലക്ഷ്മിച്ചേച്ചി ത്രേസ്യാമ്മക്കൊപ്പം അവിടേയ്ക്ക് പാഞ്ഞെത്തി. എൽസമ്മയുടെ വാടിയ മുഖത്തേക്കും പനിച്ചുതിണർത്ത കവിളത്തേക്കും ചുവന്നുകലങ്ങിയ കണ്ണുകളിലേക്കും അവർ സൂക്ഷിച്ചുനോക്കി. എന്നിട്ട് അവളുടെ നെറ്റിയിൽ കൈവിരലമർത്തി ചോദിച്ചു.
"തലവേദന ഉണ്ടോ.?"
"ഉം..."
"തല്ക്കാലം ഒരു പാരസെറ്റമോൾ കഴിക്ക്. എന്നിട്ട് ആശുപത്രിയിൽ പോകാൻ നോക്ക്. വെച്ചോണ്ടിരുന്നു പരീക്ഷിക്കണ്ട."
അവർ ഒരു പൊതുതത്വം എന്നകണക്കെ പറഞ്ഞു. മകളുടെ അവസ്ഥ കണ്ടപ്പോൾ ഡോക്ടറെ കാണുന്നത് തന്നെയാണ് നല്ലതെന്ന് ത്രേസ്യാമ്മക്കും തോന്നി.
കാപ്പികുടിച്ച പാത്രങ്ങളും മറ്റും കഴുകിവെച്ചിട്ട് മകളെ എഴുന്നേൽപ്പിച്ച് പല്ലുതേപ്പിച്ച് ഡ്രസ്സുമാറ്റി.പാല് കൊടുത്തിട്ട് മടങ്ങിയെത്തിയ ഭർത്താവിനോട് വിവരം പറഞ്ഞു കുറച്ചുരൂപയും മേടിച്ചുകൊണ്ട് ത്രേസ്യാമ്മ മകളെയും കൂട്ടി മരുന്നിന് പുറപ്പെട്ടു.
ഡോക്ടറെ കണ്ടു ഇഞ്ചക്ഷനെടുത്തു കുറിച്ചുകൊടുത്ത മരുന്നും വാങ്ങി ഹോസ്പിറ്റൽ മുറ്റം കടന്ന് ഓട്ടോറിക്ഷാസ്റ്റാന്റിലേയ്ക്ക് നടക്കുമ്പോഴാണ് പെട്ടെന്ന് ഇരുവർക്കും അരികിലായി ഒരു ബൈക്ക് വന്നുനിന്നത്. ഹെൽമറ്റൂരിമാറ്റിക്കൊണ്ട് തങ്ങളെനോക്കി പുഞ്ചിരിക്കുന്ന സണ്ണിച്ചനെ കണ്ട് ഇരുവരും അത്ഭുതംകൊണ്ടു. എൽസമ്മയുടെ ഉള്ളിൽ ചെറിയൊരു നടുക്കം. എന്തൊക്കെയോ ആസ്വസ്ഥതകൾ ഉള്ളിൽ പിറവിയെടുക്കുന്നു. മുഖത്തെ പരിഭവം പുറത്തുകാണിക്കാതെ അവൾ മുഖംകുനിച്ചു.
കറുത്ത കോലന്മുടി ഒതുക്കിവെച്ചുകൊണ്ട് പുഞ്ചിരിയോടെ ഇരുവരെയും നോക്കി സ്നേഹത്തോടെ അവൻ ചോദിച്ചു.
"രണ്ടാളും കൂടെ ഇതെവിടെപ്പോയതാ.?"
"ഇവൾക്ക് നല്ല പനി. രാവിലെ തുടങ്ങിയതാ... ഡോക്ടറെ ഒന്ന് കാണിച്ചു. മരുന്നുംവാങ്ങി വരുന്ന വഴിയാണ്.... വിശേഷമൊക്കെ അപ്പൻ പറഞ്ഞറിഞ്ഞറിഞ്ഞിട്ടുണ്ടാവുമല്ലോ."
ത്രേസ്യാമ്മ മെല്ലെ പറഞ്ഞു.
"പനി കുറവുണ്ടോ... എന്തായാലും മരുന്ന് വാങ്ങിയത് നന്നായി. ഇപ്പോഴത്തെ പനിയല്ലേ വെച്ചുകൊണ്ടിരിക്കരുത്."
"പനി കുറവുണ്ട്. മോന് എന്തൊക്കെയുണ്ട് വിശേഷങ്ങൾ.?"
"സുഖം... പിന്നെ താമസിയാതെ എന്റെ കല്യാണം ഉണ്ടാവും. എൽസമ്മയുടെ വിവാഹം എന്നെ വിളിച്ചില്ല. എന്നുകരുതി നിങ്ങളെവിളിക്കാൻ ഞാൻ തീർച്ചയായും വരുന്നുണ്ട്."
"ആണോ... നന്നായി എവിടുന്നാ പെണ്ണ്.?"
"നാട്ടിൽ തന്നെയുള്ളതാണ്. എന്നെപ്പോലെ പാവപ്പെട്ട ഒരുവീട്ടിലെ പെൺകുട്ടിയാണ്."
"ദൈവം നല്ലതുവരുത്തട്ടെ...ഞങ്ങൾ പ്രാത്ഥിക്കാം."
പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ സണ്ണിച്ചൻ യാത്രപറഞ്ഞുകൊണ്ട് ബൈക്ക് സ്റ്റാർട്ടുചെയ്തു മുന്നോട്ടുനീങ്ങി.
സണ്ണിച്ചൻ സുന്ദരനാണ്. വിദ്യാസമ്പന്നനാണ്. അതിലുപരി മനുഷ്യനെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്നൊരു മനസ്സുണ്ട്. അങ്ങനുള്ളൊരാളുടെ ഭാര്യയായി വരുന്ന പെൺകുട്ടി ഭാഗ്യവതിയാണ്. മനസ്സിലോർത്തുകൊണ്ട് ഇരുവരും മുന്നോട്ടുനടന്നു.
കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ ഒരിക്കൽക്കൂടി എൽസമ്മയുടെ മനസ്സിൽ മിന്നിമറഞ്ഞു. മൂളിപ്പാട്ടും പാടിക്കൊണ്ട് പുല്ലുവെട്ടാൻ പോയപ്പോൾ അടുത്ത പറമ്പിൽ വെച്ച് സണ്ണിച്ചനെ ആദ്യമായി കണ്ടത്. ദിവസവുമുള്ള ട്യൂഷൻക്ലാസുകൾ. വൈകാതെ പരസ്പരം ഇഷ്ടത്തിലായത്... ഒടുവിൽ വിവാഹലോചനയുമായി പൈലിച്ചേട്ടനെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടത്. അതിനെതുടർന്ന് അപ്പൻ ബഹളമുണ്ടാക്കിയതും സണ്ണിച്ചൻ താമസം മാറിപ്പോയതും എല്ലാം.
ഒടുവിൽ അവളുടെ ചിന്തകൾ മറ്റൊരിടത്തു ചെന്നുനിന്നു. ശൂന്യത നിറഞ്ഞ കണ്ണുകളും ചടച്ച ശരീരവുമായി തന്നെ നോക്കിയിരുന്ന ഭർത്താവിന്റെ വിളറിയമുഖം. അവൾ സങ്കടം കടിച്ചമർത്തി ഓട്ടോയിലിരുന്നു. ഉള്ളിന്റെയുള്ളിൽ നിശബ്ദമായ തേങ്ങലുകൾ ഉയർന്നുപോങ്ങി. അവൾ ഇടയ്ക്കിടെ ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി.ഓട്ടോറിക്ഷ വീട്ടപടിക്കലെത്തി നിന്നു.
ആരൊക്കെയോ പൂമുഖത്തിരുന്നു അപ്പനുമായി സംസാരിക്കുന്നുണ്ട്. ഇരുവരും അത് ശ്രദ്ധിക്കാതെ വീട്ടിനുള്ളിലേയ്ക്ക് കടന്നു. എൽസമ്മ തന്റെ കട്ടിലിൽ കയറി മൂടിപ്പുതച്ചുകിടന്നു. ത്രേസ്യാമ്മ ഒരുനിമിഷം പൂമുഖത്തു നടക്കുന്നത് എന്തെന്നറിയാൻ ആകാംഷയോടെ ചെവിയോർത്തു.
തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിന്റെ പ്രചാരണവും മറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചയാണ് നടക്കുന്നത്. പാർട്ടി അംഗങ്ങൾ പ്രചാരണത്തിന് ഭർത്താവിനെ ക്ഷണിക്കുകയാണ്. പക്ഷേ, താൻ ഒന്നിനും ഇല്ലെന്നുപറഞ്ഞുകൊണ്ട് ഭർത്താവ് പിന്മാറുന്നു. വീണ്ടും അവർ നിർബന്ധിക്കുന്നു.
"ഭരണപാർട്ടിയുടെ അഴിമതികൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. ഇക്കൊല്ലം നമ്മൾ നന്നായി പ്രവർത്തിച്ചാൽ അടുത്തഭരണം നമുക്കാണ്. ഈ സമയത്ത് ചേട്ടൻ ഇങ്ങനെ മടിപറഞ്ഞാൽ.?"
"ആരിലാണ് അഴിമതി ഇല്ലാത്തത്... ഇന്നത്തെക്കാലത്ത് ശരിയും തെറ്റുമൊക്കെ നോക്കി ആര് ഭരിക്കുന്നു. എല്ലാർക്കും അവരവരുടെ മുതലെടുപ്പല്ലേ പ്രധാനം. ഞാൻ ഒന്നിനും ഇല്ല. എനിക്ക് മടുത്തു. പറ്റുന്നകാലത്ത് ഇറങ്ങി... ഇനി നിങ്ങളൊക്കെ നയിക്ക്."
തോമാച്ചേട്ടൻ തീർത്തു പറഞ്ഞു. വന്നവർ ഇറങ്ങിപ്പോകുന്നു.
ഭർത്താവിന്റെ തീരുമാനം നന്നായി എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ത്രേസ്യാമ്മ അടുക്കളയിലേയ്ക്ക് നടന്നു.
പിറ്റേദിവസം പത്തുമണിയായപ്പോൾ തോമാച്ചേട്ടന്റെ വീട്ടുമുറ്റത്ത് മാളിയേക്കൽ വീട്ടിൽ തോമസ് മുതലാളിയുടെ പുത്തൻ ഇന്നോവകാറ് വന്നുനിന്നു. തട്ടിച്ചശരീരവും കുടവയറുമായി മുതലാളി കാറിൽ നിന്നിറങ്ങി വീട്ടിലേയ്ക്ക് നടന്നു. മുണ്ടും ജുബ്ബയുമാണ് വേഷം. മുഖത്ത് പതിവ് ഗൗരവമില്ല.
പൂമുഖത്ത് കടന്നു കസേരയിലിരുന്നുകൊണ്ട്...തോമാച്ചേട്ടനോട് വിശേഷങ്ങൾ തിരക്കുമ്പോൾ അകത്തുനിന്ന് ത്രേസ്യായമ്മയും പൂമുഖത്തേയ്ക്ക് ഓടിയെത്തി.
"ഞാൻ വന്നത് എൽസമ്മയെ കൂട്ടിക്കൊണ്ടുപോകാനാണ്.രണ്ടുദിവസം എന്നുപറഞ്ഞുവന്നിട്ട് ഇപ്പോൾ ദിവസം നാലായില്ലേ... അതാ ഞാൻ തന്നെ തിരക്കി വന്നത്."
തോമാച്ചേട്ടനെ നോക്കി സൗമ്യമായി തോമസുമുതലാളി പറഞ്ഞു. പക്ഷേ, തോമാച്ചേട്ടന്റെ പ്രതികരണം കടുത്തതായിരുന്നു.
"എൽസമ്മ ഇനി നിങ്ങടെ വീട്ടിലേയ്ക്ക് വരുന്നില്ല."
തോമസുമുതലാളിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. വീണ്ടും ശാന്തനായി അയാൾ പറഞ്ഞു.
"ചേട്ടൻ അങ്ങനെ പറയരുത്. എന്തെങ്കിലുമൊക്കെ ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്.അച്ഛൻ വിളിച്ച് എന്നോട് സംസാരിച്ചിരുന്നു."
"എന്ത് സംസാരിച്ചു... ഇനിയും അവളെ അവിടേയ്ക്ക് കൂട്ടിക്കൊണ്ടുപോയി കഷ്ടപ്പെടുത്തിക്കൊള്ളാനോ.?"
"അല്ല... മോളികുട്ടിയും ജാൻസിയുമൊക്കെ ഇത്തിരി ദേഷ്യക്കാരികളാണ്. അതിന്റെ ഒരു കുറവുണ്ട്. അവരായിട്ട് എന്തേലും ചെയ്തിട്ടുണ്ടെങ്കിൽ അതൊക്കെ നമുക്ക് മറക്കാം. ഇനി ഉണ്ടാകാതെ നോക്കാം."
"വേണ്ട... ദേഷ്യക്കാരികളുടെ അടുത്തേയ്ക്ക് ഇനിയും എന്റെ മോളെ ഞാൻ അയക്കില്ല. അയച്ചാൽ അവര് മോളെ കൊല്ലും."
"ഏയ് ഇങ്ങനെ വാശി പിടിക്കരുത്... എൽസമ്മയെ കാണാഞ്ഞിട്ട് ജോർജുക്കുട്ടി അവിടെ ഊണും ഉറക്കവുമൊന്നുമില്ലാണ്ട് കഴിയുവാണ്."
"എന്തൊക്കെ പറഞ്ഞാലും ശരി ഇനി എന്റെ മോള് അവിടേക്കില്ല."
തോമാച്ചേട്ടൻ തീർത്തുപറഞ്ഞു.
"എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... ഞാൻ പോകുന്നു."
തോമസുമുതലാളിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് പുറത്തേയ്ക്ക് ഇറങ്ങാനൊരുങ്ങി. ഈ സമയം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൈയിൽ ഒരു ബാഗുമായി വേഷം മാറി എൽസമ്മ അകത്തുനിന്നും ഇറങ്ങിവന്നു.
"ഞാൻ പോകുന്നു അപ്പ... എനിക്ക് പോകാതിരിക്കാനാവില്ല. എന്റെ ഭർത്താവ് എന്നെ കാത്തിരിക്കുന്നു."
അവൾ ഇറങ്ങിനടന്നു. കാറിന്റെ ഡോർ തുറന്ന് അവൾ കയറിയിരുന്നു. കാർ മെല്ലെ മുന്നോട്ട് നീങ്ങി. ഇരുവരും ഒന്നും മിണ്ടിയില്ല. കാറിനുള്ളിൽ മൗനം തളംകെട്ടിനിന്നു.
എൽസമ്മയുടെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം നിറഞ്ഞു. അപ്പനെയും അമ്മയെയും തന്റെ പ്രവർത്തി വേദനിപ്പിച്ചിട്ടുണ്ടാവും എന്നവൾക്ക് അറിയാമായിരുന്നു. എല്ലാം നല്ലതിനെന്ന് കരുതാം. തന്നെ താലികെട്ടിയ ഭർത്താവിന്റെ അടുക്കലേയ്ക്കാണ് താൻ പോകുന്നത്. അതും തന്റെ സാമീപ്യവും പരിചരണവും ആവശ്യമുള്ള രോഗിയായ ഭർത്താവിന്റെ അടുക്കലേയ്ക്ക്. ധൈവം തന്നോട് പൊറുക്കും.
"പെണ്ണുങ്ങളായാൽ സൗന്ദര്യം മാത്രം പോര... ബുദ്ധിയും ധൈര്യവും വേണം. എൽസമ്മക്ക് അതുണ്ടെന്ന് എനിക്ക് മനസ്സിലായി."
നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് എന്നവണ്ണം തോമസ് പറഞ്ഞു.
"എന്താ അപ്പച്ചൻ അങ്ങനെ പറഞ്ഞത്.?"
"അപ്പനും അമ്മയും എതിർത്തിട്ടും നീ എന്റെകൂടെ നിന്റെ ഭർത്താവിന്റെ അടുക്കലേയ്ക്ക് പുറപ്പെട്ടില്ലേ...അതുതന്നെ."
"കെട്ടിച്ചുവിട്ട ഞാൻ കഴിയേണ്ടത് ഭർത്താവിന്റെ വീട്ടിലല്ലേ... അല്ലാതെ വയസ്സായ മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ട് സ്വന്തം വീട്ടിലല്ലല്ലോ... അതെ ഞാൻ ചിന്തിച്ചുള്ളൂ. പിന്നെ അവർ എതിർക്കുന്നത്...മാതാപിതാക്കൾ എന്നനിലയിൽ എന്നോടുള്ള സ്നേഹംകൊണ്ടും നന്മയെ കരുതിയുമാണെന്ന് എനിക്കറിയാം."
"ശരിയാണ്... എൽസമ്മയുടെ മനസ്സ് എനിക്ക് കാണാനാവും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബജീവിതം എന്തെന്ന് നീ അറിഞ്ഞിട്ടില്ല. എന്റെ മകനൊരു മാനസിക രോഗിയാണ്. ഒരു ഭർത്താവിൽ നിന്നു കിട്ടേണ്ടുന്നതൊന്നും ഇതുവരെ നൽകാൻ അവന് കഴിഞ്ഞിട്ടില്ല. സങ്കടപ്പെടണ്ട... എല്ലാം ശരിയാവും."
ഒരുനിമിഷം മുഖംതിരിച്ച് അയാൾ പിന്നിലേയ്ക്ക് നോക്കി. സദാ ഗൗരവം തുടിക്കുന്ന മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞുനിന്നു. അതുകണ്ട് ഉള്ളിന്റെയുള്ളിൽ ചെറുസന്തോഷം പിറവിയെടുത്തെങ്കിലും അത് പുറത്തുകാണിക്കാതെ അവൾ പറഞ്ഞു.
"അപ്പച്ചൻ മനസ്സുവെച്ചാൽ എല്ലാം ശരിയാവും."
"അതെന്താ...?"
"ജോർജുകുട്ടിയെ ആ മുറിയിൽ അടച്ചിട്ടു ചികിൽസിക്കാതെ പുറത്തിറക്കണം. എന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിപ്പിക്കണം."
"അതുകൊണ്ടൊന്നും കാര്യമില്ല... കുറേ നോക്കിയതാ...ഇംഗ്ലീഷുമരുന്നുകൊണ്ട് ഉള്ള ആരോഗ്യംകൂടി ഇല്ലാതാകും."
"ഒന്നുമില്ല എല്ലാം ശരിയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. മകന്റെ രോഗം മാറി കാണണം എന്നാണ് ആഗ്രഹമെങ്കിൽ അപ്പച്ചൻ ജോർജുകുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അനുവദിക്കണം. ഒരു മകളുടെ അപേക്ഷയായി ഇതിനെ കണക്കാക്കണം."
അവളുടെ ശബ്ദമിടറി. തോമസ് മറുപടിയൊന്നും പറഞ്ഞില്ല. അധികം വൈകാതെ കാർ മാളിയേക്കൽ വീട്ടുമുറ്റത്ത് ചെന്നുനിന്നു.
(തുടരും...)
ഭാഗം - 9
പോർച്ചിൽ നിരനിരയായി കിടക്കുന്ന കാറുകൾ. കൂട്ടിൽ കിടന്നുകൊണ്ട് ഉച്ചത്തിൽ കുരക്കുന്ന നായ. പൂമുഖത്ത് നിന്നുകൊണ്ട് അവജ്ഞായോടെ നോക്കി ചിരിക്കുന്ന മോളിക്കുട്ടിയും ജാൻസിയും. എൽസമ്മ കാറിൽ നിന്നിറങ്ങി നേരെ മുറിയിലേയ്ക്ക് നടന്നു. ബാഗും മറ്റും തന്റെ മുറിയിൽ വെച്ചിട്ട് ഡ്രസ്സുമാറ്റിക്കൊണ്ട് ഭർത്താവിന്റെ മുറിയിലേയ്ക്ക് ചെന്നു.
മുറിയാകെ അലങ്കോലമായികിടക്കുന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയുമൊക്കെ അവശിഷ്ടങ്ങൾ. കൂടാതെ ഊരിമാറ്റിയ മുഷിഞ്ഞ വസ്ത്രങ്ങൾ. എല്ലാംകൂടി മനംമടുപ്പിക്കുന്ന ഗന്ധം മുറിയിൽ തളംകെട്ടി നിൽക്കുന്നു. ജോർജുകുട്ടി കട്ടിലിൽ കമഴ്ന്നു കിടന്ന് ഉറങ്ങുകയാണ്.
അവൾ മുറി തൂത്തു വൃത്തിയാക്കി. എന്നിട്ട് വസ്ത്രങ്ങളും മറ്റും കഴികിയിട്ടു. തുടർന്ന് അടുക്കളയിൽ പോയി ചായ എടുത്തുകൊണ്ടുവന്ന് ജോർജുകുട്ടിയെ വിളിച്ചുണർത്തി.
ജോർജുകുട്ടി എൽസമ്മയെ നിർവികാരമായി നോക്കി. കണ്ണുകളിൽ അനിഷ്ടഭാവം. ചുണ്ടുകൾ എന്തൊക്കെയോ പിറുപിറുത്തു.
"എന്താ ഇങ്ങനെ നോക്കുന്നെ... ഞാൻ മടങ്ങിയെത്തി... സന്തോഷമായില്ലേ."
അവൾ ചായഗ്ലാസ് എടുത്ത് സ്നേഹത്തോടെ അവനുനേർക്ക് നീട്ടി.
"എനിക്ക് വേണ്ട നിന്റെ ചായ..."
ജോർജുകുട്ടി ചായഗ്ലാസ് തട്ടിത്തെറിപ്പിച്ചു. തുടച്ചുവൃത്തിയാക്കിയ തറയിൽ ചായ ചിതറിവീണു.
"എന്താ ഇങ്ങനെ ഞാൻ വരാൻ താമസിച്ചതുകൊണ്ടാണോ... സോറി. ഇനി ഇങ്ങനെ ഉണ്ടാവില്ല."
അവൾ ഭർത്താവിനെ പലതും പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു. എന്നിട്ട് വീണ്ടും ചായ കൊണ്ടുവന്ന് കൊടുത്തിട്ട് തറ തൂത്തുവൃത്തിയാക്കി.
രാത്രി... എല്ലാവരും കിടന്നുകഴിഞ്ഞു. ജോർജുകുട്ടിക്ക് ഭക്ഷണവും മരുന്നും കൊടുത്തിട്ട് ബെഡ്ഡ് നേരെയാക്കി അവനെ കിടത്തിഉറക്കിയിട്ട് തറയിൽ ഷീറ്റ് വിരിച്ച് എൽസമ്മ കിടന്നു. പുറത്ത് വരാന്തയിൽ എടുത്തിട്ട കട്ടിലിൽ നിന്ന് മത്തായിച്ചേട്ടന്റെ കൂർക്കംവലി കേൾക്കാം. ജോർജുകുട്ടിയുടെ മുറിയിൽ നിന്ന് അയാളെ പുറത്താക്കിയെങ്കിലും വാതിൽക്കലുള്ള കാവൽ അയാൾ അവസാനിപ്പിച്ചിട്ടില്ല. ഭാര്യയും ഭർത്താവുമായി അരുതാത്തതെന്തെങ്കിലും ഉണ്ടാകുന്നുണ്ടോ എന്നറിയാനായി മോളികുട്ടി പറഞ്ഞേൽപ്പിച്ചതാണെന്നു തോന്നും.
വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായി. ഇന്നുവരെ ഭർത്താവിനോപ്പം കിടക്കാനായിട്ടില്ല. ഇതുപോലൊരു ദുർവിധി ആർക്കും ഉണ്ടായിട്ടുണ്ടാവില്ല എന്ന് എൽസമ്മക്ക് തോന്നി. പത്യവും മറ്റും തെറ്റിക്കരുതെന്നാണ് ഓർഡർ. ഇതൊക്കെയായാലും ഒരു മുറിയിൽ കഴിയാനും ഭർത്താവിനെ ശുഷ്‌റൂഷിക്കാനും തന്റെ പ്രവർത്തികൊണ്ട് കഴിഞ്ഞല്ലോ അതുതന്നെ വലിയ ഭാഗ്യം. അവൾ സ്വയം ആശ്വസിച്ചു.
മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുന്നു. ഭർത്താവിന്റെ അടുക്കൽ മടങ്ങിയെത്തിയതിന്റെ സന്തോഷം ആവണം കാരണം. അതിലുപരി മോളിക്കുട്ടിയുടെയും ജാൻസിയുടെയും കുത്തുവാക്കുകൾ കേൾക്കാത്തൊരു ദിവസം. മത്തായി ചേട്ടനെ ആട്ടി പുറത്താക്കികൊണ്ട് ഭർത്താവിനോപ്പം കഴിയാനായി. ഇനി രോഗം ചികിൽസിച്ചു ഭേതമാക്കിയിട്ട് വേണം കഴിഞ്ഞതൊക്കെ മറന്നുകൊണ്ട് മധുവിധു ആഘോഷിക്കാൻ. അവൾ ചിന്തിച്ചു.
രാവിന്റെ നിശബ്ദതയെ ഭഞ്ചിച്ചുകൊണ്ട് പുറത്ത് കാറു വന്നുനിൽക്കുന്നതും അതിന്റെ ഡോറടയുന്നതും കേട്ടു. ആരോ വന്നിട്ടുണ്ട്. കൂട്ടിൽ കിടന്നു നായ കുരച്ചു. പെട്ടെന്ന് നായയെ സമാധാനിപ്പിച്ചുകൊണ്ട് ജോസഫിന്റെ ശബ്ദം ഉയർന്നുകേട്ടു. ആരാണ് കാറിൽ വന്നിരിക്കുന്നത്. അപ്പച്ചൻ അല്ല ആണെങ്കിൽ നായകുരക്കില്ല. അതിലുപരി അപ്പച്ചൻ എന്തൊ ബിസിനസ്സ് ആവശ്യത്തിന് പോവുകയാണ് ഇന്ന് മടങ്ങിയെത്തില്ല എന്ന് പറഞ്ഞു വൈകിട്ട് പോയതാണ്. അപ്പോൾ പിന്നെ ആരാണ് പുറത്ത് വന്നിരിക്കുന്നത്...അവൾ കാതോർത്തുകിടന്നു.
വീടിന്റെ പിൻവശത്തുള്ള മുറിയുടെ കതക് തുറക്കുന്നതും ആരൊക്കെയോ വരാന്തയിലൂടെ അവിടേയ്ക്ക് നടന്നുപോകുന്നതും കേട്ടു. ഒപ്പം ആരുടെയൊക്കെയോ അടക്കിപ്പിടിച്ചുള്ള വർത്തമാനങ്ങളും. അല്പസമയം കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു കാൽപെരുമാറ്റം കേട്ടു. ആരോ വാതിലിൽ തട്ടിവിളിക്കുന്നു. അവൾ പിടഞ്ഞെഴുന്നേറ്റു. ഒരു നിമിഷം ജോർജുകുട്ടിയെ വിളിച്ചുണർത്തിയാലോ എന്നവൾ ചിന്തിച്ചു. ശരീരം വല്ലാതെ ഭയംകൊണ്ട് വിറച്ചു. പുറത്തുനിന്നുയർന്ന ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞപ്പോൾ ഭയം കൂടി.
ജോസഫ്. ഭർത്താവിന്റെ ചേട്ടൻ. വാതിൽ തുറക്കണോ...ഒരുനിമിഷം ആലോചിച്ചു. എന്തിനാവും ഈ സമയത്ത് ഇയാൾ തന്നെ വിളിക്കുന്നത്. വല്ല ദുരുദ്ദേശത്തോടെയും ആയിരിക്കുമോ... ഏയ് അതാവില്ല. കാരണം ആരും ഉറങ്ങിയ ലക്ഷണമില്ല. എല്ലാവരും സംസാരിക്കുന്നത് താൻ കേട്ടതാണ്. അപ്പോൾ പിന്നെ എന്തിനാവും... അവൾ വാതിൽ തുറന്നു.
"ജോർജുകുട്ടി ഉറങ്ങിയോ.?"
"ഉറങ്ങി എന്താ.?"
"വരൂ... ഒരാൾ കാണാൻ വന്നിട്ടുണ്ട്."
"അതാരാ ഈ രാത്രിയില്.?"
"അതൊക്കെ പറയാം ആദ്യം നീ വാ... നമുക്ക് വേണ്ടപ്പെട്ട ആളാണെന്ന് തന്നെ കരുതിക്കോളൂ..."
"എന്നുവെച്ചാൽ.?"
"നീ ജോർജുകുട്ടിയെ ചികിൽസിക്കുന്ന കാര്യം അപ്പച്ചനോട് പറഞ്ഞിരുന്നില്ലേ... അതിനെക്കുറിച്ചു ആലോചിക്കാനാണ്. എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്. അവന്റെ അറിവിൽ നല്ലൊരു ഡോക്ടർ ഉണ്ടെന്ന് പറഞ്ഞു... നമുക്കൊന്ന് സംസാരിച്ചു നോക്കാം."
ജോസഫ് പറഞ്ഞത് സത്യമായിരിക്കുമോ. ആരാണ് ഈ രാത്രിയിൽ തന്നെ കാണാൻ വന്നിരിക്കുന്നത്... ഭയം വിട്ടകന്നില്ലെങ്കിലും ഭർത്താവിന്റെ ചികിത്സയെക്കുറിച്ചു കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി. അവൾ വാതിൽ ചാരിയിട്ട് കർത്താവിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഇടനാഴിയിലൂടെ ജോസഫിനുപിന്നാലെ പിൻവശത്തേയ്ക്ക് നടന്നു.
മുറിക്കുള്ളിൽ പ്രകാരം നിറഞ്ഞുനിന്നു. വാതിൽക്കൽ മോളികുട്ടിയും ജാൻസിയുമൊക്കെ നിൽക്കുന്നത് കണ്ടു. ആകാംഷയോടെ മുറിക്കുള്ളിലേയ്ക്ക് കണ്ണുപായിച്ചുകൊണ്ട് മെല്ലെ മുന്നോട്ട് ചുവടുകൾ വെച്ചു.
"ആള് അകത്തുണ്ട്... എൽസമ്മ തന്നെ സംസാരിക്ക്. എന്തൊക്കെയാണെന്ന് വെച്ചാൽ. ഞങ്ങൾ വെളിയിൽ നിൽക്കാം."
ജോസഫ് പറഞ്ഞു. ജാൻസിയുടെയും മോളിക്കുട്ടിയുടെയും മുഖത്ത് പുഞ്ചിരി.
"എന്നുവെച്ചാൽ... ഞാൻ തനിച്ച് എന്ത് സംസാരിക്കാനാണ്. നിങ്ങൾ കൂടി വരൂ..."
അവൾ മൂവരെയും നോക്കി വാതിൽക്കൽ മടിച്ചുനിന്നു.
"എന്തിനാ പേടിക്കുന്നെ എന്നുവെച്ചാ നീ കൊച്ചുകുട്ടിയല്ലേ...ഞങ്ങൾ ഇവിടെത്തന്നെയില്ലേ... പിന്നെ ആവശ്യം നിന്റെയല്ലേ.?"
ഏതാനും നിമിഷം മുറിയിലേയ്ക്ക് കയറണോ വേണ്ടയോ എന്ന് ശങ്കിച്ചുനിന്നു അവൾ. പിന്നെ മെല്ലെ അകത്തേയ്ക്ക് ചുവടുകൾ വെച്ചുകൊണ്ട് ചുറ്റും നോക്കി. പെട്ടെന്നാണ് ജോസഫ് വാതിൽ വലിച്ചടച്ചു ലോക്കിട്ടത്. എൽസമ്മ വല്ലാത്തൊരു ഞെട്ടലോടെ സ്തംഭിച്ചുനിന്നു.
താൻ സ്വപ്നം കാണുകയാണോ എന്നവൾ ചിന്തിച്ചു. മുറിക്കുള്ളിൽ കിടന്ന കട്ടിലിൽ പുഞ്ചിരിതൂകിക്കൊണ്ട് ഒരു തടിച്ച മനുഷ്യനിരിക്കുന്നു. മുണ്ടും ജുബ്ബയുമാണ് വേഷം. കയ്യിൽ എരിയുന്ന സിഗരറ്റ്. തൊട്ടരികിലായി ടേബിളി വിവിധതരം മദ്യക്കുപ്പികളും ഗ്ലാസുകളും.
താൻ വല്ലാത്ത കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. ഒച്ചവെച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. വാതിൽ ലോക്കാണ്. ശബ്ദം പുറത്ത് കേൾക്കില്ല. ഭർത്താവിന്റെ ചേട്ടൻ തന്ത്രപൂർവ്വം തന്നെ കുടുക്കിലാക്കി മാറ്റാരോൾക്ക് കാഴ്ചവെക്കാനുള്ള പുറപ്പാടാണ്. അയാളുടെ ബിസ്സിനസ്സ് ലക്ഷങ്ങളുടെ വിജയത്തിനുവേണ്ടി.
സങ്കടവും ദേഷ്യവും പകയുമെല്ലാം ഒരേസമയം ഉള്ളിൽ പിറവിയെടുത്തു. ഒപ്പം താൻ നിസ്സഹായ ആണെന്ന ബോധവും. ഭയം ശരീരത്തെ വിറകൊള്ളിച്ചു. തന്നെ നോക്കി വെള്ളമിറക്കുന്ന തടിമാടനായ മനുഷ്യൻ തന്നെ പിച്ചിച്ചീന്തുന്നത് അവൾ ഒരുമാത്ര മനസ്സിലോർത്തു. ഹൃദയം വല്ലാതെ മിടിച്ചു.
ലോകരക്ഷിതാവായ കർത്താവിനെ വിളിച്ചു മനസ്സിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു. ഈശോ മിശിഹായെ മനസ്സിലോർത്തുകൊണ്ട് ഈ കെണിയിൽ നിന്നും രക്ഷപ്പെടാനൊരു മാർഗം കാട്ടിത്തരാനായി കേണു.
തുടർന്ന് എന്തൊ തീരുമാനിച്ചുറപ്പിച്ചതുപോലെ അവൾ പുഞ്ചിരിതൂകിക്കൊണ്ട് ബെഡ്ഢിലിരുന്ന തടിമാടന്റെ അരികിലേയ്ക്ക് മെല്ലെ നടന്നു.
"സാറിന്റെ പേരെന്താ... എവിടാ വീട്... ജോസഫ് ഇച്ചായന്റെ സുഹൃത്ത് ആണല്ലേ.?"
എൽസമ്മ നേരിയ പുഞ്ചിരിയോടെ കട്ടിലിലിരുന്ന ആളെ സമീപിച്ചുകൊണ്ട് കൃത്രിമസ്നേഹത്തോടെ ചോദിച്ചു.
"അതെ ഞാൻ ജോസഫിന്റെ സുഹൃത്താണ്...പേര് 'മോഹൻ' ഞങ്ങൾ ഒന്നിച്ചാണ് ബിസിനസ്സ് ചെയ്യുന്നേ... എൽസമ്മ എന്നാണല്ലേ പേര്.?"
"അതെ..."
അവൾ പുഞ്ചിരിച്ചു.
"സാറിന് ഭാര്യയും മക്കളുമൊക്കെ ഇല്ലേ...?"
"ഉണ്ടല്ലോ എന്താ... ജോസഫ് എല്ലാം പറഞ്ഞില്ലേ എൽസമ്മയോട്... ജോർജുകുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്.?"
"പിന്നെ എല്ലാം പറഞ്ഞു... ജോർജുകുട്ടിച്ചായനെ ചികിൽസിക്കാൻ സാറ് വിചാരിച്ചാൽ നടക്കുമെന്നും പറഞ്ഞു. അതല്ലേ ഞാനിങ്ങോട്ട് വന്നത്."
"എന്റെ ജോർജുകുട്ടിച്ചായനെ ചികിൽസിക്കാൻ സഹായിക്കുമെങ്കിൽ സാറ് പറയുന്ന എന്തും ഞാൻ ചെയ്യും."
"ആണോ... ജാൻസി പറഞ്ഞിരുന്നു നീ ബുദ്ധിമതിയും കഴിവുള്ളവളുമാണെന്ന്. എനിക്കിഷ്ടമായി നിന്നെ... പെൺകുട്ടികളായാൽ ഇങ്ങനെ വേണം. ഇങ്ങോട്ട് അടുത്തുവരൂ... എന്നിട്ട് ഒരു ലാർജ് ഒഴിക്കൂ."
"പിന്നെന്താ... തീർച്ചയായും."
അവൾ ഗ്ലാസിൽ മദ്യം പകർന്ന് അയാൾക്ക് കൊടുത്തു തുടരത്തുടരേ... ഒപ്പം ലാസ്യഭാവത്തിൽ നോക്കിക്കൊണ്ട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു. ഏതാനും ലാർജ് അകത്തുചെന്നതും അവൾ പുഞ്ചിരിയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു.
"ഇങ്ങനെ മദ്യം കുടിച്ചിരുന്നാൽ മതിയോ...വന്നകാര്യം നടത്തണ്ടേ...സാറ് ബാത്‌റൂമിലോ മറ്റോ പോകുന്നെങ്കിൽ പോയിട്ട് വരൂ..."
അയാൾ ശരിയെന്നു സമ്മതിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റ് അവളെ അടിമുടിനോക്കി വെള്ളമിറക്കിക്കൊണ്ട് തയ്യാറെടുപ്പ് എന്നതുപോലെ ബാത്ത്‌റൂമിലേയ്ക്ക് നടന്നു.
അയാൾ ബാത്‌റൂമിൽ കടന്നതും പുറത്തുനിന്നും ബാത്ത്‌റൂമിന്റെകതക് പൂട്ടി ഓടാമ്പൽ ഇട്ടു അവൾ. തുടർന്ന് മുറിയുടെ വാതിലും ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു. എന്നിട്ട് കസേരവലിച്ചിട്ടുകൊണ്ട് അതിൽ കയറിനിന്ന് മുറിയുടെ വെന്റിലേഷനോട് മുഖം ചേർത്തുകൊണ്ട് പുറത്തേയ്ക്ക് നോക്കി ഉച്ചത്തിൽ നിലവിളിച്ചു.
"ജോർജുകുട്ടി... ജോർജുകുട്ടീ... ഓടിവരണേ...എന്നെ രക്ഷിക്കണേ..."
രാവിന്റെ നിശബ്ദതയെ ഭഞ്ചിച്ചുകൊണ്ട് അവളുടെ നിലവിളി പുറത്തേയ്ക്ക് ഉയർന്നുപൊങ്ങി. പുറത്തു സംസാരിച്ചുകൊണ്ടുനിന്ന ജോസഫും ജാൻസിയും മോളികുട്ടിയും മത്തായിയുമൊക്കെ ഇതുകേട്ട് ഭയന്നു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. അകത്തുള്ള ആളെ വിളിച്ചിട്ട് പ്രതികരണവുമില്ല. മൊബൈൽ റിങ് ചെയ്യുന്നുണ്ട്. അകത്ത് എന്താണ് സംഭവിച്ചതെന്നറിയാതെ അവർ ഭയന്നുവിറച്ചു. അപ്പോഴും അവളുടെ നിലവിളി ഉയർന്നുകൊണ്ടിരുന്നു.
ഉറക്കത്തിലാണ്ടുകിടന്ന ജോർജുകുട്ടിയുടെ കാതിൽ എൽസമ്മയുടെ നിലവിളിയെത്തി. ഭാര്യയുടെ നിലവിളി മനസ്സിലാക്കിയിട്ടേന്നോണം അവൻ പിടഞ്ഞെഴുന്നേറ്റു. എന്നിട്ട് ചുറ്റും നോക്കിക്കൊണ്ട് വാതിൽ തുറന്നു പുറത്തിറങ്ങി നിലവിളികേട്ട ഭാഗത്തേയ്ക്ക് ഓടി.
അകത്ത് എന്ത് സംഭവിച്ചെന്നറിയാതെ വാതിലിൽ മുട്ടിക്കൊണ്ടിരുന്ന ജോസഫും വീട്ടുകാരും ജോർജുകുട്ടിയുടെ വരവ് കണ്ടില്ല. പിന്നിൽ നിന്നും എൽസമ്മേ...എന്നുള്ള വിളികേട്ട് ഞെട്ടിതിരിഞ്ഞുനോക്കുമ്പോൾ കലികയറിനിൽക്കുന്ന ജോർജുകുട്ടിയെ കണ്ട് അവർ ഭയന്നു.
"എൽസമ്മ... എൽസമ്മ..."
വാതിലിൽ ആഞ്ഞിടിച്ചുകൊണ്ട് ജോർജുകുട്ടി വിളിച്ചു. ഈ സമയം ബാത്ത്‌റൂമിന്റെ വാതിൽ തുറന്നിട്ട് വേഗംവന്ന് മുറിയുടെ വാതിൽ തുറന്നു എൽസമ്മ. വാതിൽ തുറന്നത് അകത്തേയ്ക്ക് കയറിയ ഭർത്താവിനെനോക്കി എൽസമ്മ ബാത്ത്‌റൂമിൽ നിന്നിറങ്ങിവന്ന ആളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"ഇച്ചായാ അയാൾ എന്നെ...ഉപദ്രവിച്ചു."
ജോർജുകുട്ടിയുടെ കണ്ണിൽ കോപം ഇരച്ചുകയറി. ഭ്രാന്ത് മൂർജിച്ചതുപോലെ അവൻ ചുറ്റുംനോക്കി. പൊടുന്നനെ നിലത്തുകിടന്ന കസേരയെടുത്ത് അവൻ അപരിചിതനെ അടിച്ചു.
"അയ്യോ... എന്നെ കൊല്ലുന്നേ..."
അയാൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. തലയിൽ നിന്നും രക്തം ചീറ്റി. വീണ്ടും കസേരയുമായി ജോർജുകുട്ടി അയാളുടെ പിന്നാലെ ഓടിയെത്തിയെങ്കിലും ജോസഫും മത്തായിച്ചേട്ടനും ചേർന്ന് അവനെ തടഞ്ഞു.
കസേര വാങ്ങി ദൂരെ എറിഞ്ഞിട്ട് ജാൻസിയുടെ ശാളുകൊണ്ട് അവന്റെ കൈ പിന്നിലേക്കാക്കി പിടിച്ചുകെട്ടി ഇരുവരും. തുടർന്ന് അവന്റെ ഇരുകവിളിലും ജോസഫ് മാറിമാറി അടിച്ചു.
"അമ്മേ... എന്നെ തല്ലുന്നെ..."
ജോർജുകുട്ടിയിൽ നിന്നും നിലവിളി ഉയർന്നു.ഇതുകണ്ടുകൊണ്ട് ഭയന്നുനിന്ന എൽസമ്മയുടെ ഉള്ളിൽ സങ്കടം നിറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി. ആ കാഴ്ച കാണാനാവാതെ അവൾ മുഖം തിരിച്ചു.
ഇരുവരും ചേർന്ന് ജോർജുകുട്ടിയെ വലിച്ചിഴച്ച് മുറിയിൽകൊണ്ടുചെന്നാക്കി. മുറിയിലടയ്ക്കപ്പെട്ട അവൻ അവിടെകിടന്നുകൊണ്ട് നിലവിളിക്കുകയും ഞരങ്ങുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.
"എന്റെ കർത്താവേ... എനിക്കിതു സഹിക്കാനാവുന്നില്ല."
അവൾ നിലത്തിരുന്നുകൊണ്ട് തേങ്ങിക്കരഞ്ഞു. ഉള്ളിലെ നൊമ്പരം എങ്ങലടിയായി ഉയർന്നുപൊങ്ങി.
"എന്തിനാടി നശിച്ചവളെ ഇരുന്നു മോങ്ങുന്നേ... എല്ലാം വരുത്തിവെച്ചിട്ട്... നിന്റെ ശരീരത്തിൽ ആയാളൊന്നു തൊട്ടാൽ എന്താ ഉരുകിപ്പോകുവോ... നീ മൂലം ഭ്രാന്തനായ ആ പാവത്തിനും കിട്ടിയില്ലേ തല്ല്. അതുമാത്രമോ തല തല്ലിപ്പൊളിച്ച ആളുടെ അവസ്ഥ എന്താകുമെന്ന് ആർക്കറിയാം."
മോളികുട്ടി ശാപവാക്കുകൾപോലെ പറഞ്ഞു. എൽസമ്മ മിണ്ടിയില്ല. ഭർത്താവ് വേദനകൊണ്ട് കരയുമ്പോൾ എങ്ങനെ പ്രതികരിക്കാനാവും.
തലയ്ക്ക് അടിയേറ്റ സുഹൃത്തിനെയും കൊണ്ട് ജോസഫും മത്തായി ചേട്ടനും ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആശുപത്രിയിൽ പോയി തിരിച്ചെത്തിയാൽ ജോസഫ് തന്നോട് പ്രതികാരം ചെയ്യുമെന്ന് അവൾക്കറിയാമായിരുന്നു. ദുഷ്ടാനാണ് അയാൾ. അനിയന്റെ ഭാര്യയെ സ്വന്തം മുതലെടുപ്പിനുവേണ്ടി കൂട്ടിക്കൊടുക്കാൻ തയ്യാറായവൻ. ഇനി എന്ത് ചെയ്യും.
"എൽസമ്മ... എൽസമ്മ..."
അകത്തുനിന്ന് ജോർജുകുട്ടിയുടെ കരച്ചിൽ ഞരക്കമായി മാറിയിരിക്കുന്നു. കരയാൻ പോലും പറ്റാത്തവിധം ഭർത്താവ് തളർന്നുപോയിട്ടുണ്ടെന്ന് അവൾക്ക് തോന്നി.
ഭർത്താവിന്റെ രണ്ടാനമ്മയും ചേട്ടനും ചേട്ടത്തിയുമെല്ലാം ഭൂമിയിൽ പിറവിയെടുത്ത പിശാശാണെന്ന് അവൾക്ക് തോന്നി.സ്വത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാതെ നികൃഷ്ടജന്മങ്ങൾ. മനോരോഗിയായ സഹോദരന്റെ ഭാര്യയെ അന്യനുമുന്നിൽ കാഴ്ചവെച്ചുകൊണ്ട് ബിസിനസ്സ്ലാഭം നേടാൻ കൊതിക്കുന്ന ചേട്ടൻ.... നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചിട്ട് വേണ്ടുന്ന ചികിത്സയും പരിചരണവും കൊടുക്കാതെ കൊന്നുകളഞ്ഞിട്ട് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന രണ്ടാനമ്മയും സഹോദര പുത്രിയും. രക്ഷപെട്ടെ മതിയാവൂ... എങ്ങനെ.?
അവൾ നിലത്തുനിന്നു മെല്ലെ എഴുന്നേറ്റു. സങ്കടപ്പെട്ടതുകൊണ്ടോ തളർന്നിരുന്നതുകൊണ്ടോ കാര്യമില്ല. ബുദ്ധിപൂർവ്വം പ്രവർത്തിച്ചതുകൊണ്ടേ ഫലമുള്ളൂ...ചുരിദാറിന്റെ ശാളുകൊണ്ട് കണ്ണുനീർ തുടച്ചിട്ട് അവൾ വേഗം തന്റെ മുറിയിലേയ്ക്ക് നടന്നു. മുറിയിൽ കയറി വാതിലടച്ചിട്ട് അവൾ മൊബൈലെടുത്ത് വീട്ടിലേയ്ക്ക് വിളിച്ച് എല്ലാം വിശദമായി പറഞ്ഞുകേൾപ്പിച്ചു.
"മോള് തൽക്കാലം ഭയക്കാതെ മുറിയിൽ തന്നെ ഇരുന്നോളൂ... രാവിലെ തന്നെ ഞങ്ങൾ അവിടെത്തും. വേണ്ടുന്നതെന്താണെന്ന് എനിക്കറിയാം."
തോമാച്ചേട്ടൻ മകളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
മകളോട് അങ്ങനെ പറഞ്ഞെങ്കിലും പെട്ടെന്ന് എന്തുചെയ്യുമെന്ന് അയാൾക്ക് ഒരുപിടിയും കിട്ടിയില്ല. സുഹൃത്തുക്കളോടോ പാർട്ടിക്കാരോടോ ഒന്നും ഇത് പറയാനാവില്ല. അഭിമാനക്ഷതമാണ്. അതിലുപരി മാളിയേക്കൽ തറവാട്ടുകാർക്കെതിരെ ഒന്നിനും ഇറങ്ങിത്തിരിക്കാൻ അവരാരും തയ്യാറാവില്ല. പിന്നെ എന്ത് ചെയ്യും... ആരോട് പറയും... ആരെയാണ് കൂടെക്കൂട്ടുക. അയാൾ ആലോചനയിലാണ്ടിരുന്നു.
എല്ലാം കേട്ടുകൊണ്ട് കണ്ണുനീരോഴുക്കിയിരുന്ന ത്രേസ്യാമ്മയുടെ മനസ്സിലേയ്ക്ക് പെട്ടെന്ന് ഒരാളുടെ മുഖം ഓടിയെത്തി. അയാളുടെ വാക്കുകൾ അവരുടെ കാതിൽ ഒരിക്കൽക്കൂടി മുഴങ്ങി.
"ഞാനിവിടുന്നു താമസം മാറിപ്പോയെന്നുകരുതി എന്തെങ്കിലും ആവശ്യമുണ്ടായാൽ പറയാൻ മടിക്കേണ്ട...എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായത്തിനും ഞാനെന്നും ഉണ്ടാവും."
സണ്ണിച്ചന്റെ വാക്കുകൾ... അത് വെറും വാക്കാവില്ല. അവന് തങ്ങളെ സഹായിക്കാനാവും. ത്രേസ്യായമ്മയുടെ മുഖത്ത് പ്രത്യാശതെളിഞ്ഞു. അവർ ഉടൻതന്നെ ചിന്താമഗ്നനായിരുന്ന ഭർത്താവിനെ സമീപിച്ചുകൊണ്ട് ഈ കാര്യം ധരിപ്പിച്ചു.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഭാര്യപറഞ്ഞതിൽ കാര്യമുണ്ടെന്ന് തോമാച്ചേട്ടനും തോന്നി. ഈ പ്രതിസന്ധിഘട്ടത്തിൽ തന്നെ സഹായിക്കാൻ സണ്ണിച്ചനെ കഴിയൂ... ഇവിടെ അഭിമാനം നോക്കിയിരുന്നിട്ട് കാര്യമില്ല. ഉടൻതന്നെ അയാൾ ഫോണെടുത്ത് സണ്ണിച്ചന്റെ നമ്പർ തേടിയെടുത്ത് വിതുമ്പലോടെ തന്റെ സങ്കടങ്ങൾ പറഞ്ഞുകേൾപ്പിച്ചു. ഒപ്പം സഹായിക്കണമെന്ന് അവനോട് അപേക്ഷിച്ചു.
(തുടരും...)
ഭാഗം - 10
എൽസമ്മ രാത്രി ഒട്ടും ഉറങ്ങിയില്ല. ചെറിയൊരു അനക്കമോ നിഴലോ പുറത്തുകണ്ടാൽ ആരെങ്കിലും കതക് ചവിട്ടിത്തുറന്നു തന്നെ ഉപദ്രവിക്കാൻ വരുന്നതാണോ എന്ന ഭയം.
സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് മടങ്ങിയെത്തിയ ജോസഫിന്റെ വാക്കുകൾ അവൾ കേട്ടതാണ്. തന്നെ ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യം ആ വാക്കുകളിൽ നിറഞ്ഞുനിന്നു. നേരം പുലരുന്നതും തന്നെയും ഭർത്താവിനെയും രക്ഷിക്കാൻ വീട്ടിൽ നിന്ന് ആളെത്തുന്നതും കാത്ത് നിമിഷങ്ങളെണ്ണി അവളിരുന്നു.
നേരം പുലർന്നിട്ടും ആരെയും കാണാതിരുന്നപ്പോൾ നിരാശയായി. അതിലേറെ സങ്കടവും. ഭയം മനസ്സിൽ വീണ്ടും തിരയടിച്ചു. വീട്ടിൽ വിളിച്ചപ്പോൾ അപ്പൻ സണ്ണിച്ചനെയും കൂട്ടി ഇവിടേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. എന്നിട്ടെന്താ എത്തിച്ചേരത്തത്. ഈ സമയം ഒരു കാർ മുറ്റത്തുവന്നുനിന്നു. ജോസഫിന്റെ വല്ല സുഹൃത്തുക്കളുമായിരിക്കുമെന്ന് വിചാരിച്ചു. പക്ഷേ, അതിൽ വന്നിറങ്ങിയത് അവൾ കാത്തിരുന്നവർ തന്നെയായിരുന്നു.
സുന്ദരനായ സണ്ണിച്ചനും വേറെ രണ്ട് ചെറുപ്പക്കാരും ആദ്യം കാറിൽ നിന്നിറങ്ങി. പിന്നാലെ തോമാച്ചേട്ടനും. അവളുടെ ഉള്ളം വല്ലാതെ മിടിച്ചു. ഇനി എന്തൊക്കെയാണ് സംഭവിക്കുക. മുറ്റത്ത് തോമാച്ചേട്ടനെയും അപരിചിതരെയും കണ്ട് ജോസഫ് പുറത്തേക്കിറങ്ങിച്ചെന്നു. മോളികുട്ടി പുലർച്ചെ എത്തി ഉറങ്ങാൻ കിടന്ന ഭർത്താവിനെ വിളിക്കാനായി അകത്തേയ്ക്ക് പാഞ്ഞു.
തോമാച്ചേട്ടനൊപ്പം സണ്ണിച്ചനും സുഹൃത്തുക്കളും പൂമുഖത്തേയ്ക്ക് കയറി. സണ്ണിച്ചന്റെ മിഴികൾ ചുറ്റുമൊന്നു പരതി. എന്നിട്ട് ജോസഫിനു മുന്നിലേയ്ക്ക് നീങ്ങിനിന്നുകൊണ്ട് അവൻ ചോദിച്ചു.
"ജോർജുകുട്ടിയുടെ ചേട്ടനാണല്ലേ... ജോസഫ് എന്നല്ലേ പേര്.?"
"അതെ... നിങ്ങളാരാ എന്തുവേണം.?"
"ഈ നിൽക്കുന്ന ആളെ അറിയുമല്ലോ തോമാച്ചേട്ടനെ... നിങ്ങടെ അനിയന്റെ ഭാര്യയുടെ അപ്പനെ... അദ്ദേഹം വിളിച്ചിട്ട് വന്നതാണ് ഞങ്ങൾ. ഇദ്ദേഹത്തിന്റെ ഫാമിലി ഫ്രണ്ടാണ് ഞാൻ പേര് സണ്ണിച്ചൻ. കൂടെയുള്ളത് എന്റെ സുഹൃത്തുക്കളായ അഡ്വ 'രാജീവും', സി ഐ 'സുനിലും'."
"ആണോ... ഇരിക്കൂ... കുടിക്കാൻ എന്താ വേണ്ടത് ചായയോ കാപ്പിയോ...?"
രംഗം പന്തിയല്ലെന്നു മനസ്സിലാക്കിയതും ജോസഫ് സ്നേഹംനടിച്ചുകൊണ്ട് മൂവരെയും നോക്കി പറഞ്ഞു.
"ഇപ്പൊ ഒന്നും വേണ്ട..."
സണ്ണിച്ചൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ജോസഫിന്റെ മുഖം വിളറി. ഈ സമയം തോമസും മോളികുട്ടിയും അവിടേയ്ക്ക് നടന്നെത്തി.
"അപ്പൊ ഞങ്ങൾ വന്ന കാര്യത്തിലേയ്ക്ക് കടക്കാം... പറയാതെ തന്നെ നിങ്ങൾക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്നു കരുതുന്നു. എൽസമ്മയെയും ജോർജുകുട്ടിയെയും ഞങ്ങൾക്കൊന്നു കാണണം."
സണ്ണിച്ചൻ പറഞ്ഞു.
എതിർത്തതുകൊണ്ട് കാര്യമില്ലെന്നു മനസ്സിലാക്കിയ തോമസ് അനുമതി നൽകി. ജോസഫിനു പിന്നാലെ എല്ലാരും അകത്തേയ്ക്ക് നടന്നു. ജോർജുകുട്ടിയെ പൂട്ടിയിട്ട മുറി മത്തായിച്ചേട്ടൻ തുറന്നു.
അലങ്കോലമായി കിടക്കുന്ന ആ മുറിയിൽ ശരീരത്തിലാകെ മുറിവും ചതവുമായി തളർന്നുകിടന്നുറങ്ങുന്ന ജോർജുകുട്ടിയെ കണ്ട് അവരെല്ലാം സ്തംഭിച്ചു നിന്നു. ജോർജുകുട്ടിയുടെ അവസ്ഥ ഇത്രയും ദയനീയമായിരിക്കും എന്ന് അവരാരും ഒരിക്കൽപോലും കരുതിയിരുന്നില്ല.
"ഹെയ് മിസ്റ്റർ... എന്താണിത്. നിങ്ങൾ മനുഷ്യരാണോ.?"
സണ്ണിച്ചന്റെ സുഹൃത്തായ സി ഐ സുനിൽ ആണ് ചോദിച്ചത്.
"സ്വന്തം അനിയന്റെ ഭാര്യയെ മറ്റുള്ളവർക്ക് കൂട്ടികൊടുക്കുക... അതെതിർത്ത അനിയനെ മർദിച്ച് അവശനാക്കി മുറിയിൽ പൂട്ടിയിടുക. ഇതിന്റെയൊക്കെ ശിക്ഷ എന്താണെന്നറിയാമോ... എൽസമ്മയെ കൊണ്ട് ഒരു പരാതി കൊടുപ്പിച്ചാൽ മതി അപ്പനും മക്കളും ആരും കുറച്ചുകാലത്തേയ്ക്ക് പുറംലോകം കാണില്ല."
സി ഐ ഗർജിച്ചു.
മത്തായിച്ചേട്ടൻ ഉടൻതന്നെ ജോർജുകുട്ടിയെ വിളിച്ചുണർത്തി.ഈ സമയം എൽസമ്മയും അവിടേയ്ക്ക് വന്നു. അവളുംകൂടിചേർന്ന് അവനെ കുളിമുറിയിൽ കയറ്റി കുളിപ്പിച്ചു വൃത്തിയാക്കി.
"എൽസമ്മക്കൊപ്പം ജോർജുകുട്ടിയെയും ഞങ്ങൾ കൊണ്ടുപോവുകയാണ്. ഒരു ഹോസ്‌പിറ്റലിലേയ്ക്ക് ചികിൽസിപ്പിക്കാൻ. ഭർത്താവിനെ ചികിൽസിക്കാൻ ഉള്ള അവകാശം ഒരു ഭാര്യക്കുണ്ട്. അതുകൊണ്ട് എതിർക്കാൻ വല്ല തീരുമാനവും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. നമുക്ക് നിയമപരമായി തന്നെ നീങ്ങാം. അപ്പോൾ ആളുകളൊക്കെ അറിഞ്ഞു പ്രശ്നം കൂടുതൽ വഷളവും. എങ്ങനെയാ.? "
വക്കീലായ രാജീവ് കുടുംബാഗങ്ങളെ നോക്കി. ആരും ഒന്നും മിണ്ടിയില്ല. സമ്മതം എന്നഭാവത്തിൽ തലതാഴ്ത്തി നിന്നു.
എൽസമ്മ വേഷംമാറി തന്റെ ബാഗുമെടുത്ത് ഇറങ്ങി. തോമാച്ചേട്ടനും സണ്ണിച്ചനും ചേർന്ന് ജോർജുകുട്ടിയെ മുറിയിൽ നിന്നും പുറത്തിറക്കി വെളിയിലേയ്ക്ക് നടന്നു. അധികം വൈകാതെ എല്ലാവരും കയറിയ കാറ് മുറ്റംകടന്നു പുറത്തേയ്ക്ക് പാഞ്ഞു.
ആ കാറ് നേരേപോയത് ടൗണിലെ പ്രശസ്തമായ മാനസികരോഗ വിദഗ്ധനായ ഡോക്ടർ 'ഈപ്പൻ പുന്നൂസ്' സാറിന്റെ അരികിലേയ്ക്കാണ്. വിവരങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ജോർജുകുട്ടിയെ പരിശോദിച്ചശേഷം ഡോക്ടർ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി.
ദിവസങ്ങൾ കടന്നുപോയി. എൽസമ്മയും തോമാച്ചേട്ടനുമൊക്കെ മാറിമാറി ഹോസ്പിറ്റലിൽ വന്നുപോയി. ഇടക്കിടക്ക് സണ്ണിച്ചനും വന്ന് ഡോക്ടറോട് ജോർജുകുട്ടിയുടെ ചികിത്സവിവരങ്ങൾ തിരക്കി.
ഡോക്ടറുമായുള്ള പരിചയം വഴി എല്ലാം കൃത്യമായി അറിഞ്ഞുകൊണ്ടിരുന്ന മാളിയേക്കൽ വീട്ടുകാർ ഒരിക്കൽ ജോർജുകുട്ടിയെ കാണാൻ ആശുപത്രിയിൽ വരികയും കുറച്ചു രൂപ എൽസമ്മയെ ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവൾ അത് വാങ്ങിയില്ല. തനിക്ക് സ്ത്രീധനമായി കിട്ടിയ സ്വർണ്ണം വിറ്റതുക ചിലവഴിച്ചുകൊണ്ട് അവൾ ഭർത്താവിനെ ചികിൽസിച്ചു.
വിവിധതരത്തിലുള്ള മാനസികാരോഗികളുടെ ലോകത്തുള്ള ജോർജുകുട്ടിയുടെ താമസം ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു. ഭ്രാന്ത് കുറയാൻ പോയിട്ട് കൂടുമോ എന്നുപോലും തോന്നിപ്പോയി. പക്ഷേ, ഡോക്ടർ ഈപ്പൻ സാറിന്റെ സ്നേഹമൂറുന്ന സമീപനവും ചികിത്സയുംകൊണ്ട് ജോർജുകുട്ടിക്ക് അധികംവൈകാതെ നല്ല ആശ്വാസം കിട്ടി.
ആദ്യതവണ ഷോക്കിന്റെയും മരുന്നിന്റെയുമൊക്കെ കടുപ്പംകൊണ്ട് തളർന്നുപോയ അവൻ മെല്ലെമെല്ലെ ഊർജസ്വലനായി. കണ്ണുകളിൽ പഴയപ്രസരിപ്പ് തിരികെ വന്നു. ആരോഗ്യം വീണ്ടെടുത്തു. നീണ്ട മൂന്നുമാസത്തെ ചികിത്സക്കൊണ്ട് ജോർജുകുട്ടി അസൂഖംമാറി പൂർണ്ണ ആരോഗ്യവാനായിമാറി.
ജോർജുകുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ തോമാച്ചേട്ടനും ത്രേസ്യാമ്മയും എൽസമ്മയും കൂടിയാണ് പോയത്.
"ഇനി മനസ്സിന്റെ താളം തെറ്റാതെ നോക്കണം. അതിനിടയാക്കുന്ന തരത്തിലുള്ള നടുക്കങ്ങളോ ദുഃഖങ്ങളോ ഉണ്ടാകാതെ ശ്രമിക്കണം."
ഡോക്ടർ എൽസമ്മയെ ഉപദേശിച്ചു. അവർ ജോർജുകുട്ടിയെയുംകൊണ്ട് തങ്ങളുടെ വീട്ടിലേയ്ക്ക് തിരിച്ചു.
വിവരമറിഞ്ഞു തോമസുമുതലാളിയും മോളികുട്ടിയും ജോർജുകുട്ടിയെ കാണാനെത്തി. അവർ അവനെ മാളിയേക്കൽവീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
എന്റെ അമ്മയില്ലാത്ത ആ വീട്ടിലേയ്ക്ക്...അതിലുപരി സ്വത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത രണ്ടാനമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെ ഉള്ള ആ വീട്ടിലേയ്ക്ക് ഇനി താന്നില്ലെന്നും...എന്റെ വീതം പണംകൊണ്ട് ഞാനൊരു ചെറിയ വീടുവെച്ച് എൽസമ്മയുമൊത്ത് ജീവിച്ചുകൊള്ളാമെന്നും അവൻ കുടുംബാഗങ്ങളോട് തീർത്തുപറഞ്ഞു. അവർ നിരാശയോടെ മടങ്ങി.
തോമാച്ചേന്റെ വീട്ടിൽ ഒരിക്കൽക്കൂടി മണിയറ ഒരുങ്ങി. വിവാഹം കഴിഞ്ഞിട്ട് നാലുമാസങ്ങൾക്ക് ശേഷം ജോർജുകുട്ടിയും എൽസമ്മയും ആ മണിയറയിൽ നവദമ്പതികളായി ആദ്യരാത്രി സ്വർഗീയരാത്രി കൊണ്ടാടി.
നാലുമാസത്തെ കാത്തിരിപ്പിനൊടുവിൽ വന്നുചേർന്ന ആ സുന്ദരനിമിഷത്തിൽ ഇരുവരും പരസ്പരം ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കുവെച്ചു. മനസ്സും ശരീരവും പങ്കുവെച്ചു. അനുഭൂതിയുടെ മയികാലോകത്താറാടി. നിർവൃതിയുടെ ആത്മസംതൃപ്തിയുടെ കാണാലോകങ്ങൾ താണ്ടി.
പുറത്ത് വേനൽച്ചൂട് ക്ഷമിച്ചു. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. വേനൽമഴ കുളിരായി പെയ്തിറങ്ങി. ഇടിമുഴക്കങ്ങൾ നടുക്കം തീർത്തു. ആദ്യരാത്രിക്ക് അനുഭൂതിപകരാൻ വേനൽമഴ സങ്കീർത്തനവുമായി തൊടിയിലും വീടിന്റെമുകളിലുമെല്ലാം കുളിരുവർഷിച്ചുകൊണ്ട് പെയ്തിറങ്ങി.
(അവസാനിച്ചു)