വായനയുടെ വസന്തം
3. ജൂലൈ - രാപ്പാടി പാടുമ്പോൾ
- Details
- Written by: Shikha P S
- Category: Novel
- Hits: 499
3 ജൂലൈ - രാപ്പാടി പാടുമ്പോൾ
അടുത്ത രാത്രിയിൽ അവൾ വീണ്ടും വരുമോ എന്ന് അവർക്കു സംശയമുണ്ടായിരുന്നു. മോഷണത്തിനു മുമ്പേ പിടിക്കപ്പെട്ടതുകൊണ്ട് തന്ത്രപരമായി അവൾ രക്ഷപെട്ടതല്ലേ എന്ന് അവർ ചിന്തിക്കാതിരുന്നില്ല. എങ്കിലും മറക്കാനാവാത്ത ഒരനുഭവമായി അവരതു പകൽ മുഴുവൻ കൊണ്ടുനടന്നു. അതിന്റെ ആകസ്മികത്വം, സംഭവങ്ങളുടെ അനുവർത്തനം, റിഹേഴ്സൽ ചെയ്ത ഒരു നാടകത്തിന്റെ പെർഫെക്ഷൻ, ഒക്കെയും അവരുടെ ചർച്ചയ്ക്കുള്ള വിഷയങ്ങളായിത്തീർന്നിരുന്നു.
മഹേഷും ദക്ഷയും 6
ഭാഗം 6
"ഹലോ..."
തന്റെ മുഖത്തിന് നേർക്ക് വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് ദക്ഷ കണ്ണ് ചിമ്മി, ജീൻസും ടോപ്പുമിട്ട ആണിനെപ്പോലെ മുടി മുറിച്ചിട്ട ഒരുത്തി, കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം മുഖത്തേക്ക് ഇര ച്ചുകയറി...
"അതേ മെറ്റൽ എവിടേക്കാ ഡമ്പ് ചെയ്യണ്ടത്... കുട്ടീ നിന്നോടാ ചോദിച്ചത്... ചെവി കേൾക്കില്ലേ?"
ഹൃദയലിഖിതം പ്രണയാതുരം
- Details
- Written by: Ruksana Ashraf
- Category: Love letter
- Hits: 600
നിന്നോടുള്ള പ്രണയാസക്തികൊണ്ട്
ഞാൻ എന്നെ തന്നെ കീറി മുറിച്ചു
ആ രക്തതുള്ളികൾ കൊണ്ട്-
ഹൃദയലിഖിതത്തിൽ കോറിയിട്ട ആ
കടലാഴങ്ങളിലേക്ക്
ഒരിക്കൽ കൂടി മുങ്ങിത്തപ്പണം.
തിരിച്ചുപോകാൻ ഒരിടം
- Details
- Written by: Sunil Mangalassary
- Category: prime experience
- Hits: 537
മഹേഷും ദക്ഷയും
അഗ്നി എരിയുന്നു.... താപം സഹിക്കാൻ കഴിയാതെ ദീനരോദനങ്ങൾ.... ഭൂമിയെ അപ്പാടെ കുലുക്കിമറിക്കാൻ പോന്ന ചുവടുകൾ വയ്ക്കുന്ന മഹാദേവൻ.... സതിയുടെ വിയോഗത്തോടെ ഉഗ്രകോപിയായി മാറിയ ദേവൻ സർവ്വനാശത്തിനെന്ന പോലെ താണ്ഡവം തുടർന്നു.... ദേവന്മാരുൾപ്പടെ ഭൂമിയിലെ സകല ജീവജാലങ്ങളും ഭയന്നു വിറച്ചു...
ജൂലൈ
- Details
- Written by: Shikha P S
- Category: Novel
- Hits: 1139
മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന നോവൽ ആരംഭിക്കുന്നു. കഥപറച്ചിലിന്റെ പതിവ് ശൈലിയിൽ നിന്നും ഈ നോവൽ അൽപ്പം വഴിമാറി സഞ്ചരിക്കുന്നു. വായനക്കാർക്ക് ഇത് പുതിയ ഒരു അനുഭവമായിരിക്കും. Plagiarism is a crime. Contact mozhi for film adaptation.
1 - ജൂലൈ 13
മുറിയിലെ അലമാര തുറക്കുന്ന നേരിയ ശബ്ദം അയാളെ ജാഗരൂഗനാക്കി. എത്രയോ നേരമായി ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. അരികിൽ ഏതാണ്ട് അഅതേ അവസ്ഥയിൽ അയാളുടെ ഭാര്യയും. അല്ലങ്കിലും ജൂലൈ പതിമൂന്നിന്റെ രാവുകളിൽ അവർക്കു രണ്ടാൾക്കും ഉറങ്ങാൻ കഴിയുകയില്ലല്ലോ! നേരിയ ആലസ്യത്തിലേക്കു വഴുതി വീഴുകയായിരുന്നു, അപ്പോളാണ് ...
പ്രണയലേഖനം - ചകിതമീ ആദ്യാക്ഷരങ്ങൾ
- Details
- Written by: Mekhanad P S
- Category: Love letter
- Hits: 696
പുതിയ സാഹിത്യശാഖയായ 'പ്രണയലേഖന' ത്തിലെ ആദ്യരചന ഇവിടെ പ്രസിദ്ധം ചെയ്യുന്നു.
തൃശൂർ
28.04.1992
സ്നേഹം നിറഞ്ഞ പൈങ്കിളിക്ക്,
എന്റെ പ്രിയപ്പെട്ടവളെ ഞാനും അങ്ങനെ തന്നെ വിളിക്കാം. അതിനാണല്ലോ കുറച്ചു കൂടി കാല്പനികതയുടെ സൗരഭ്യമുള്ളത്. ഇതെന്റെ ആദ്യ പ്രണയലേഖനമാണ്. ഇങ്ങനെയൊന്നു സ്വീകരിക്കാൻ മറ്റൊരാൾ എനിക്കുണ്ടായിരുന്നില്ല. കത്തെഴുതാൻ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ഇന്നു ഞാൻ ശരിക്കും മനസ്സിലാക്കി. അപക്വമായി എന്തെങ്കിലും എഴുതിക്കൂട്ടി, തന്നെ അമ്പരപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. പുഴയിൽ നിന്നും വെള്ളാരംകല്ലുകൾ പെറുക്കിയെടുക്കും പോലെ, ഓരോ വാക്കും തിരിച്ചും മറിച്ചും നോക്കി, തനിക്ക് ഇഷ്ടമാകാതിരിക്കുമോ എന്നു സംശയിച്ചു സംശയിച്ചു്, എത്ര സാവധാനമാണ് ഇതെഴുതിപ്പോകുന്നത്! എങ്കിലും ഈ ബുദ്ധിമുട്ട് എനിക്കൊരുപാടു സന്തോഷം പകരുന്നു. ഇതെന്നെ ഉന്മാദിയാക്കുന്നു.
ദ്വിജൻ
- Details
- Written by: Mekhanad P S
- Category: Experience serial
- Hits: 8066
1. ഇതാ ഒരു സാധാരണ വ്യക്തി
2024 മെയ് 13.
ഓർമ്മയുള്ള കാലം മുതൽ ഒരു സായന്തനക്കാരനയിരുന്നു ഞാൻ. അല്പം വൈകി ഉണരുക, ഏകദേശം മദ്ധ്യാഹ്നം ആകുമ്പോളേയ്ക്കും സജീവമാകുക, സായന്തനങ്ങളിൽ പൂർണമായി വിടരുക, രാത്രിയിൽ കർമ്മോത്സുകനാവുക, ഇരുട്ടു മുറുകുമ്പോൾ, അന്നു ചെയ്യേണ്ടിയിരുന്ന പലകാര്യങ്ങളും 'നാളെ ചെയ്യാം' എന്നു കുറ്റബോധത്തോടെ തീരുമാനിക്കുക, വൈകി ഉറങ്ങുക; ഇതായിരുന്നു പതിവ്. വെളുപ്പാംകാലത്ത് ഉണരുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ കാലഘട്ടത്തിലാണ്, എന്റെ വീട്ടിൽ ഒരു ടൈംപീസ് വാങ്ങുന്നത്. കാലത്തെ ഉണർന്നു ഞങ്ങൾ പഠിക്കട്ടെ എന്നതായിരുന്നു ഈ ക്രൂരകൃത്യത്തിനു പിന്നിലുള്ള അച്ഛന്റെ ഗൂഢോദ്ദേശം. ഒന്നു രണ്ടു ദിനങ്ങളിൽ, പുതുമയുടെ കൗതുകത്തിൽ അഞ്ചുമണിക്ക് അലാം വച്ച് ഉണരുകയും, പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട്, ടേബിൾലാംപിന്റെ വെളിച്ചത്തിൽ തുറന്നുവച്ച പാഠപുസ്തകത്തിനു മുന്നിൽ, ഉറക്കം തൂങ്ങിയിരിക്കുന്ന എന്നെ ആണ് ഇപ്പോൾ ഓർക്കാൻ കഴിയുന്നത്. ഇപ്പോഴും എന്റെ ശരീരം പ്രഭാതങ്ങളെ ആഹ്ലാദത്തോടെ സ്വീകരിക്കാൻ തയാറായിട്ടില്ല. എങ്കിലും, ഇക്കഴിഞ്ഞ വെളുപ്പിന് നാലു മണി കഴിഞ്ഞപ്പോൾ, ജീവിത മദ്ധ്യാഹ്നം പിന്നിട്ട ഞാൻ, പതിവുള്ളതുപോലെ ഉണർന്നു. പതിവുപോലെ ടോയ്ലെറ്റിൽ പോയശേഷം വീണ്ടും കിടന്ന എന്നെ ചിന്തകൾ ഉറങ്ങാൻ അനുവദിച്ചില്ല. ഗതകാലത്തിലെ നിർണ്ണായകമായ പല സന്ദർഭങ്ങളും മനസ്സിലൂടെ കടന്നുപോയി. ചെയ്യണ്ട കാര്യങ്ങൾ അനന്തമായ ഒരു ക്യൂ പോലെ എനിക്കു മുന്നിൽ വായ പൊളിച്ചു നിൽക്കുന്നതായി തോന്നി. മുറിയിലെ തണുപ്പിനെ വകവയ്ക്കാതെ ശരീരത്തിൽ ചെറുതായി വിയർപ്പു പൊടിഞ്ഞു തുടങ്ങിയിരുന്നു. അപ്പോൾ മനസ്സിൽ വളരെ ശക്തമായി ഉരുത്തിരിഞ്ഞു വന്ന പദമായിരുന്നു "ദ്വിജൻ". അലസവും, അനിശ്ചിതവുമായ ഒരു ചര്യയിൽ നിന്നും ഊർജ്ജസ്വലവും, സുനിശ്ചിതവുമായ ഒരു പാത ഒരുക്കുന്ന ദ്വിജാവസ്ഥയിലേക്കുള്ള പറിച്ചുനടീൽ അനിവാര്യയാണെന്ന ചിന്ത വളരെ ശക്തമായിരുന്നു.
ഓരോ ശരീരത്തിലും നടക്കുന്ന അനേകം ജീവരസതന്ത്രപരമായ പ്രവർത്തനങ്ങൾ ശരീരത്തെ നിലനിൽക്കാൻ തയാറാക്കുന്നത് ഒരേ തരത്തിലല്ല. ശരീരവുമായി ചേർന്നു പ്രവർത്തിക്കുന്ന മനസ്സും, മറ്റൊരു മനസ്സുപോലെയല്ല പ്രവർത്തിക്കുന്നത്. അതുകൊണ്ടൊക്കെയാണ് നാം വ്യത്യസ്തരായിരിക്കുന്നത്. ഞാൻ സായന്തനക്കാരനാകുന്നതിന്റെയോ മറ്റൊരാൾ അങ്ങനെ അല്ലാതാകുന്നതിന്റെയോ കാരണം ഈ വ്യത്യാസം കൊണ്ടാണ്. മനസ്സ് ആഗ്രഹിച്ചാലും, ചില കാര്യങ്ങളിൽ ശരീരം വഴങ്ങുകയില്ല. ജീവഘടികാരത്തിന്റെ സൂചികൾ ഒരേ ആവേഗത്തിലല്ല ചലിക്കുന്നത്.
എങ്കിലും പരീക്ഷിക്കുക എന്നതായിരുന്നു എന്റെ തീരുമാനം. രാത്രി പതിനൊന്നര കഴിഞ്ഞിട്ടാണ് ഉറങ്ങാൻ കിടന്നത്. വെളുപ്പിന് നാലു കഴിഞ്ഞപ്പോൾ ഉണരുകയും ചെയ്തു. ആവശ്യത്തിനുള്ള ഉറക്കം ശരീരത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും പുലരും വരെ ഉറങ്ങില്ല എന്നും, വേണമെങ്കിൽ ക്ഷീണം തീർക്കാൻ പകൽ അല്പനേരം ഉറങ്ങാം എന്നും തീരുമാനിച്ചു. അങ്ങനെ ആദ്യദിനം അതു പ്രാവർത്തികമാക്കി.
(തുടരും)
2 അന്വേഷണങ്ങൾ
വിചിത്രമായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ. അടുത്ത ദിവസമായ മെയ് 14നു കാലത്ത് 5 മണിക്കുണർന്നു. ഒന്നു മനസ്സിലായത്, നേരത്തെ ഉണർന്നാൽ, 'സമയമില്ല' എന്നുള്ള പരാതി കുറഞ്ഞു വരും എന്നുള്ളതാണ്. അതിനുള്ള കാരണം നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചോദനകൾ ആ സമയത്തു നമ്മുടെ ചുറ്റുപാടുകളിൽ കുറവായിരിക്കും എന്നതാണ്.
ഈ രണ്ടു ദിവസങ്ങളിലും പകൽ ഉറങ്ങിയിരുന്നില്ല. രാത്രി നേരത്തെ ഉറങ്ങാൻ ശ്രമിച്ചെങ്കിലും അതു നടന്നില്ല. അങ്ങനെ ബിൽഡ് അപ്പ് ചെയ്ത ഉറക്കക്ഷീണം അടുത്ത രാത്രിയിൽ എന്നെ തളർത്തിയിരുന്നു. 15 നു പതിവുപോലെ 6 മണിക്കാണ് ഉണരാൻ കഴിഞ്ഞത്. അവിടെ മനസ്സു തോറ്റു, ശരീരം ജയിച്ചു.
അടുത്ത ദിവസമായ 16 നു മനസ്സു ജയിച്ചു. വെളുപ്പിന് 4 മണിക്ക് അലാം ഇല്ലാതെതന്നെ ഉണരാൻ കഴിഞ്ഞു. പക്ഷെ അന്നു രാത്രി പതിനൊന്നര കഴിഞ്ഞാണ് ഉറങ്ങാൻ കഴിഞ്ഞത്. കിടന്ന ശേഷം വീടിന്റെ പിന്നിലുള്ള തോട്ടത്തിൽ വിചിത്രമായ ചില ശബ്ദങ്ങൾ കേട്ടതു കാരണം അതിന്റെ ഹേതു അന്വേഷിച്ചു പുറത്തിറങ്ങി. തണുപ്പുണ്ടായിരുന്നു. (കഴിഞ്ഞ ആഴ്ച പരിസരത്തുള്ള ഒരു വീടിന്റെ മുറ്റത്തു നിന്നും രാത്രിയിൽ ഒരു കാർ മോഷണം പോയിരുന്നു. അതുകാരണം അല്പം ജാഗ്രതയിൽ ആയിരുന്നു.) അങ്ങനെ വീണ്ടും ഉറങ്ങാൻ വൈകി. തന്നെയുമല്ല വെളുപ്പിനു 3.30 ആയപ്പോൾ ഞാൻ ഞെട്ടി ഉണർന്നു. വായ വരണ്ടുണങ്ങിയിരുന്നു. (dry mouth). രാത്രിയിൽ പുറത്തിറങ്ങി തണുപ്പടിച്ചതുകാരണം മൂക്കടഞ്ഞിട്ടുണ്ടാവാം, വായിൽക്കൂടി ശ്വസിച്ചിട്ടും ഉണ്ടാകാം. അടുക്കളയിൽ പോയി വെള്ളം ചൂടാക്കി കുടിച്ചു. വരൾച്ചയും ദാഹവും മാറിയെങ്കിലും, ഉറക്കക്ഷീണം നന്നായി ഉണ്ടായിരുന്നു. പിന്നെ ഉണർന്നത് കാലത്ത് ആറു മണിക്കാണ് (തീയതി: 17). വീണ്ടും ശരീരം ജയിച്ചു, മനസ്സു തോറ്റു.
തോൽക്കാൻ കച്ചകെട്ടിയിറങ്ങിയ മനസ്സിനെ ആ നിലപാടിലേക്ക് എത്തിക്കുന്നത് എന്തായിരിക്കാം? തീർച്ചയായും കാരണങ്ങൾ ഉണ്ടാകും. അപാരമായ സാദ്ധ്യതകളും, കഴിവുകളും ഉള്ള ഒന്നായിട്ടാണ് മനസ്സിനെ കരുതിപ്പോകരുന്നത്. പക്ഷെ സാധാരണക്കാരന്റെ നിത്യജീവിതത്തിൽ മനുഷ്യനെ അവന്റെ / അവളുടെ മനസ്സ് നിരന്തരം പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തെ സമഗ്രമായി മനസ്സിലാക്കാൻ കഴിഞ്ഞാൽ ഒരു പക്ഷെ ഇതിന്റെ കാരണങ്ങൾ മനസ്സിലാക്കാനും ഇതു പരിഹരിക്കാനും കഴിഞ്ഞേക്കും.
കാലാകാലങ്ങളായി പല ചിന്തകരും അന്വേഷിച്ചിരുന്നു, ജീവിതത്തിന്റെ അർത്ഥമെന്ത് എന്ന്? അറിഞ്ഞും അറിയാതെയും എന്തിനുവേണ്ടിയാണ് മനുഷ്യർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്? പല ഉത്തരങ്ങളും ആധ്യാത്മിക തലങ്ങൾ തേടി തലയ്ക്കു മുകളിലൂടെ പറന്നുപോകുമ്പോൾ, നമുക്കു് ഈ ഭൂമിയിൽ ലഭിക്കുന്ന ഉത്തരം ആരായാം. മണ്ണിൽ ചവിട്ടിനിൽക്കുന്ന ആർക്കും ലഭിക്കുന്ന ഉത്തരം വളരെ ലളിതമാണ്. 'സുഖം'.
നാമെല്ലാം ശ്രമിക്കുന്നത് സുഖമായ അവസ്ഥ കൈവരിക്കാനാണ്. ആഹാരം കഴിക്കുന്നതും, യുദ്ധം ചെയ്യുന്നതും, കഷ്ടപ്പാടുകൾ സഹിക്കുന്നതുപോലും കൈയിൽ ഇല്ലാത്ത സുഖം സ്വായത്തമാക്കുന്നതിനു വേണ്ടിയാണ്. സുഖം ആപേക്ഷികവും വ്യക്തിനിഷ്ഠവുമാണ്. അതുകൊണ്ടാണ് ഒരാൾക്ക് ദുഃഖമെന്നു തോന്നുന്നത്, മറ്റൊരാൾക്ക് സുഖമായി ഭവിക്കുന്നത്. നടന്നു പോകുന്ന വ്യക്തിക്ക്, സൈക്കിളിൽ പോകുന്നതു സുഖമാണ്. നിരന്തരം സൈക്കിളിൽ പോകുന്ന വ്യക്തിക്ക് സുഖം കാറിൽ പോകുന്നതാണ്. ആരോഗ്യത്തിനു പ്രാധാന്യം കൽപ്പിക്കുന്ന കാറുടമയ്ക്ക് നടന്നുപോകുന്നതാണ് സുഖം.
പല മതങ്ങളുടെയും ആഹ്വാനം പരലോകത്തുള്ള സുഖത്തിനായി പരിശ്രമിക്കണമെന്നാണ്. സുഖങ്ങളുടെ സമ്മേളനനഗരിയായിട്ടാണ് സ്വർഗ്ഗം എന്ന സങ്കൽപത്തെ മതങ്ങൾ പരിചയപ്പെടുത്തുന്നത്. ഏറ്റവും വലിയ സുഖാവസ്ഥ ലഭിക്കുന്ന ഇടമാണ് സ്വർഗ്ഗം എന്നാണല്ലോ മതങ്ങൾ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. അതൊക്കെ ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, എന്നാൽ അതിലൊക്കെ അടങ്ങിയിരിക്കുന്ന സത്യം, സുഖാവസ്ഥയോടുള്ള മനുഷ്യമനസ്സിന്റെ അടങ്ങാത്ത ആകർഷണമാണ്, ആർത്തിയാണ്. വടക്കുനോക്കി യന്ത്രം പോലെ മനസ്സ് എപ്പോഴും സുഖത്തിലേക്കു തിരിഞ്ഞിരിക്കുന്നു. നാം പൊതുവെ മനസ്സിലാക്കിയിരിക്കുന്നതുപോലെ സുഖവും ദുഃഖവും ശരീരത്തെ ബാധിക്കുന്ന അവസ്ഥകളല്ല. മറിച്ചു ശരീരത്തിലൂടെ മനസ്സിനെ ബാധിക്കുന്ന അവസ്ഥകളാണ്. ത്വക്ക് ഉൾപ്പടെയുള്ള ഇന്ദ്രിയങ്ങൾ ഉപകരണങ്ങൾ മാത്രമാണ്. രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ നാക്കല്ല സന്തോഷിക്കുന്നത്. അമിതമായി എരിവ് കഴിച്ചാൽ നാക്കിനു ഹാനി ഉണ്ടാകുമെങ്കിലും, ദൂഖിക്കുന്നത് മനസ്സാണ്. അപ്പോൾ പാഠം ഒന്ന് ഇതാണ്'; സുഖവും ദുഃഖവും മനസ്സിന്റെ അവസ്ഥകളാണ്. ഈ കാര്യങ്ങൾ എനിക്കു മനസ്സിലായതുപോലെ ആർക്കും മനസ്സിലാവുന്നതാണ്.
നമ്മൾ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ചോദ്യം ഇതാണ്; 'ദൂരെയുള്ള ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാൻ എങ്ങനെ നമുക്കു കഴിയും?' ഇത്രയും നമ്മൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ ചോദ്യത്തെ നമ്മൾ rephrase ചെയ്യുന്നു. ദൂരെയുള്ള ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമ്മുടെ മനസ്സിനെ എങ്ങനെ പാകമാക്കാം?
മനസ്സ് വളരെ തന്ത്രശാലിയാണ്. എങ്ങനെയെങ്കിലും മനസ്സിനെ പാകപെടുത്താം എന്നു നമ്മൾ കരുതിയെങ്കിൽ അതു നടക്കാത്ത കാര്യമാണ്. നമ്മൾ തെളിച്ചിടുന്ന വഴിയിലൂടെ കുറെ ദൂരം സഞ്ചരിച്ച ശേഷം, ഒരു ചാട്ടത്തിന് മനസ്സ് പഴയ കളത്തിൽ ചെന്നിരിക്കും. ഒന്നാലോചിച്ചു നോക്കൂ. എത്രയോ തവണ ഇത് നമ്മുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു. നമ്മൾ എടുത്ത തീരുമാനങ്ങൾ എത്രയോ തവണ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിട്ടുണ്ട്. അപ്പോൾ മനസ്സിന് തിരിച്ചു പോകാൻ കഴിയാത്ത വിധം ആകർഷകമായ വഴിയിലൂടെ അതിനെ സാവധാനം നയിച്ചാൽ മാത്രമേ അതിനെ നാം ഉദ്ദേശിക്കുന്ന ഇടത്തിൽ എത്തിക്കാൻ കഴിയുകയൊള്ളു. അപ്പോൾ ആകർഷകമായ വഴിക്കുള്ള ചേരുവകൾ എന്തൊക്കെയാണ്?
(അന്വേഷണം തുടരും...)
3 ഒരു തുറന്ന കത്ത്
പ്രിയപ്പെട്ട മനസ്സേ,
ഇത്രയും ദിവസങ്ങളിലെ എന്റെ നിരീക്ഷണത്തിൽ നിന്നും ഞാനറിഞ്ഞത് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഏത്രയോ നാളുകളായി ഞാൻ കരുതിയിരുന്നത്, നീ ആണ് ഞാൻ എന്നായിരുന്നു. ഇപ്പോൾ മനസ്സിലായി നീ എന്നോടൊപ്പം കൂടിയ കൗശലക്കാരനാണെന്ന്. ആ കൗശലം കൊണ്ടാണല്ലോ നീ ആണു ഞാൻ എന്നു പോലും തെറ്റിദ്ധരിക്കപ്പെട്ടത്.
സുഖങ്ങളുടെ ആവശ്യം എനിക്കായിരുന്നില്ല. സുഖങ്ങളുടെ ആവശ്യം എന്റെ ശരീരത്തിനായിരുന്നില്ല. പ്രിയപ്പെട്ട മനസ്സേ എല്ലാ സുഖങ്ങളുടെയും ആവശ്യം നിനക്കായിരുന്നു. എന്നെ ആസക്തിയുടെ ഭ്രഹ്മലോകത്തേക്കു വലിച്ചടുപ്പിച്ചിരുന്നത് നീ ആയിരുന്നു. ദുഃഖങ്ങളിൽ നിന്നും അകന്നു നിൽക്കാൻ നീ പ്രേരിപ്പിച്ചതിനാൽ ശരീരം ക്ഷതങ്ങളിൽ പെടാതെ രക്ഷപ്പെട്ടുപോന്നു. അതു ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നാൽ ചില ദുഃഖങ്ങൾ ഏറ്റെടുത്തെങ്കിൽ മാത്രമേ വലിയ ചില സൗകര്യങ്ങളിൽ എത്തിച്ചേരാൻ കഴിയുകയൊള്ളു എന്നത് നീ എന്നിൽ നിന്നും മറച്ചുവച്ചു. ചില ദുഃഖങ്ങൾ ഞാൻ ഏറ്റെടുത്തെങ്കിൽ മാത്രമേ ചില പൊതുനന്മകൾ എന്റെ സമൂഹത്തിൽ ഉണ്ടാവുകയുള്ളു എന്നതും നീ മറന്നു. ഒടുവിൽ ഒടുവിൽ എന്റെ പണി, നിന്നെ സുഖിപ്പിക്കുക എന്നതായി മാറി എന്നു പറഞ്ഞാൽ അതു നിരാകരിക്കാൻ നിനക്കാവില്ല. ആലസ്യങ്ങളുടെ നെടുങ്കൻ രാപകലുകളിൽ വൈകിക്കലുകളും, നീട്ടിവയ്പുകളും, മാറ്റിവയ്പുകളും, ഒഴിവാക്കലുകളും കൊണ്ട് അലങ്കോലമായ എന്റെ ഭൂമിക ഒരു വൃത്തിഹീനമായ ഇടമായി പരിണമിച്ചിരിക്കുന്നു. കൂട്ടിയിട്ടിരിക്കുന്ന നിറവേറ്റപ്പെടാത്ത കർമ്മങ്ങളുടെ കൂമ്പാരത്തിൽ എനിക്ക് എന്നെത്തന്നെ നഷ്ടമായിരിക്കുന്നു.
പ്രിയപ്പെട്ട മനസ്സേ, ആവർത്തിക്കട്ടെ, നിന്നെ സുഖിപ്പിക്കുക എന്നതല്ല എന്റെ പണി. എനിക്കു സുഖാസുഖങ്ങൾ ഒരുപോലെയാണ്. അതെന്നെ ബാധിക്കില്ല. ഞാൻ നിർമ്മമനാണ്. ശരീരത്തിനു മുറിവേറ്റാൽ നീ ദുഃഖിക്കും, ശരീരത്തിൽ സുഗന്ധതൈലം കൊണ്ടു തഴുകിയാൽ നീ സന്തോഷിക്കും. ഇതു രണ്ടും എനിക്ക് ഒരുപോലെയാണ്.
ഇന്നു ഞാൻ തിരിച്ചറിയുന്നു. ഞാൻ യജമാനനും, നീ എന്റെ സഹായിയും മാത്രമാണ്. സുഖങ്ങൾക്ക് പുറകെ പാഞ്ഞുപോകുന്ന നിന്റെ കടിഞ്ഞാൺ ഇത്രയും നാൾ എന്നെ വലിച്ചുകൊണ്ടു പോവുകയായിരുന്നു. ഇനി അതിനു മാറ്റമുണ്ടാകും. കാരണം, നിന്നെ സുഖിപ്പിക്കലല്ല എന്റെ പണി എന്നു ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതു ഞാൻ എല്ലാ ദിവസവും നിരന്തരമായി ഉരുവിട്ടുകൊണ്ടിരിക്കും. അങ്ങനെ നീയും അതു ഉൾക്കൊള്ളും. ഈ ലോകത്തു ചെയ്തു തീർക്കാൻ എനിക്കു വേറെ ഒരുപാടു പണികളുണ്ട്.
സ്നേഹത്തോടെ
ഞാൻ
(തുടരും)
4 മാറ്റങ്ങളുടെ പ്രഭാകിരണങ്ങൾ
തുറന്നു പറയട്ടെ, ഇതൊരു വലിയ മാറ്റമാണ്. പരാജയങ്ങളുടെ എത്രയോ കഥകളാണ് എനിക്കു പറയാനുള്ളത്. ആരംഭശൂരത്വം കൊണ്ട് നിറവേറ്റപ്പെടാതെപോയ എത്രയോ സംരംഭങ്ങളാണ് എനിക്കു പിന്നിലുള്ളത്. പരാജയങ്ങൾക്കു പിന്നാലെ വന്നെത്തിയ പരാജയങ്ങൾ എന്നിലുള്ള വിശ്വാസം എനിക്കു നഷ്ടപ്പെട്ടു. ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ചുരുണ്ടുകൂടാൻ ആയിരുന്നു താല്പര്യം. അധികം അറിയപ്പെടാതെയിരിക്കുവാൻ ആയിരുന്നു ആഗ്രഹിച്ചത്.
ഇതൊരു വലിയ മാറ്റമാണ്. ഒരു പക്ഷെ ആർക്കും സ്വന്തം ജീവിതത്തിൽ നടപ്പിലാക്കാൻ കഴിയുന്ന സമഗ്രമായ മാറ്റം.
മനസ്സിനു കത്തെഴുതിക്കഴിഞ്ഞുള്ള അഞ്ചാമത്തെ ദിവസമാണ് ഇന്ന്. ഇത്രയും ദിവസങ്ങൾ ഞാൻ നിരന്തരമായി നിരീക്ഷിക്കുകയായിരുന്നു. ബാഹ്യചോദനകൾ, ഉദ്ദീപനങ്ങൾ എല്ലാ വശ്യതയോടും എന്നെ ആകർഷിക്കുന്നു. അതിന്റെ മാദകത്വം എന്റെ മുന്നിൽ ഇപ്പോളും അനാവൃതമാക്കുന്നു. ആന്തരിക ചോദനകൾ ഓർമ്മയിലെ സുഖാവസ്ഥയുടെ പിൻബലത്തോടെ എന്നിലെ ആസക്തികൾക്കു തിരികൊളുത്തുന്നു. എന്റെ ബാഹ്യവും ആന്തരികവും ആയ ചുറ്റുപാടുകൾ പഴയതുപോലെ ഇന്നും തുടരുന്നു.
പക്ഷെ അവയെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ നോക്കിക്കാണാൻ ഏറെക്കുറെ എനിക്കിപ്പോൾ കഴിയുന്നു. മാറിയതു ഞാനാണ്. ഞാൻ വർത്തമാനകാലത്തിലേക്കു പ്രതിഷ്ഠിക്കപ്പെട്ടിടിക്കുന്നു. കണ്ണും കാതും തുറന്നു ജീവിക്കുമ്പോളും ഭൂത, ഭാവി കാലങ്ങളിൽ ആയിരുന്നു ഞാൻ രമിച്ചിരുന്നത്. പോയകാലത്തിന്റെ നെല്ലും പതിരും നിരന്തരമായി വേർതിരിച്ചുകൊണ്ടിരുന്നു. പതിരുകൾ വിളഞ്ഞതിനു സൂര്യനെയും മഴയെയും കുറ്റം പറഞ്ഞുകൊണ്ട്, അസംതൃപ്തമായ ഋണാവസ്ഥയിൽ ജീവിതം തള്ളി നീക്കിയിരുന്നു. അസംബന്ധജഡിലമായ സ്വപ്നങ്ങൾ നെയ്തുകൂട്ടി, അതിന്റെ നടുവിൽ, ഒരു എട്ടുകാലിയെപ്പോലെ ഭാഗ്യം കൊണ്ടെത്തിക്കുന്ന ഇരയേയും കാത്തുകാത്ത്, നിഷ്ക്രിയത്വത്തിന്റെ കരിമ്പടം പുതച്ചിരിക്കയായിരുന്നു.
പക്ഷെ ഞാൻ വർത്തമാനകാലത്തിലേക്കു ഉണർന്നിരിക്കുന്നു. ഏർപ്പെടുന്ന പ്രവർത്തികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ നിരന്തരമായി ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. മാറ്റം എനിക്കാണ് സംഭവിക്കുന്നത്. ബാഹ്യവും ആന്തരികവുമായ ഉത്തേജനങ്ങളെ, ഉദ്ദീപനങ്ങളെ വിവേചനബുദ്ധിയോടെ നോക്കിക്കാണാൻ എനിക്കു കഴിയുന്നു.
ഏതൊരു മനുഷ്യനും സുസാധ്യമായ മാറ്റം മാത്രമാണിത്. ചുറ്റുമുള്ള ആകർഷണങ്ങളിൽ നനസ്സു തുള്ളുമ്പോൾ ഞാൻ പറയും, "പ്രിയപ്പെട്ട മനസ്സേ, ഇതുകൊണ്ടു നിനക്കല്ലേ സന്തോഷം ഉണ്ടാകുന്നത്? അത് ലഭിക്കാതെ വരുമ്പോൾ നിനക്കല്ലേ ദുഃഖമുണ്ടാകുന്നത്? എനിക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ലല്ലോ. അതിനാൽ, പ്രിയ മനസ്സേ, തിരിച്ചുപോരു." അനുസരണയുള്ള ഒരു ശ്വാവിനെപ്പോലെ തല താഴ്ത്തി എന്നിലേക്കു മടങ്ങിയെത്തുന്ന ആസക്തികളിൽ ഞാൻ ഇപ്പോൾ സംതൃപ്തനാണ്.
മനസ്സേ, നിന്റെമേൽ വിജയശ്രീലാളിതനായി എന്ന അഹങ്കാരം എന്നിൽ ലവലേശമില്ല. അതൊക്കെ എന്നോ ഒഴിഞ്ഞുപോയിരിക്കുന്നു. നിന്റെമേൽ വിജയം വരിച്ചു എന്നല്ല ഞാൻ കരുതുന്നത്. മറിച്ചു്, വൈകിയാണെങ്കിലും നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണു ഞാൻ കരുതുന്നത്. അതായിരുന്നു പണ്ടേ വേണ്ടിയിരുന്നത്. കഠിനമായ പ്രവർത്തികളുടെ, ശരീരത്തെ തീക്ഷ്ണമായി പീഡിപ്പിച്ചുകൊണ്ടു മനസ്സിനുമേൽ ആധിപത്യം സ്ഥാപിക്കുക എന്നതല്ല ശരിയായ മാർഗ്ഗം എന്നു ഞാൻ വിശ്വസിക്കുന്നു. വളരെ സാവധാനം മനസ്സിനെ നിരീക്ഷിച്ചുകൊണ്ട്, അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നു അറിയുക എന്നതാണ് ശരിയായ മാർഗ്ഗം. അതു മനസ്സിലാക്കിക്കഴിഞ്ഞാൽ നാം ആവശ്യപ്പെടുന്നതുപോലെ മനസ്സു പ്രവർത്തിച്ചുകൊള്ളും. ഒരു ചെറുതൂവലിനെ ഇളംകാറ്റു മറിച്ചിടുംപോലെ അനായാസമായി മനസ്സിനെ നിയന്ത്രിക്കാൻ കഴിയും.
ഇപ്പോഴും നീ തന്നെയാണ് എന്ന മുന്നോട്ടു നയിക്കുന്നത്. പക്ഷെ, അത് എനിക്കാവശ്യമുള്ള വഴിയിലൂടെ ആണെന്നു മാത്രം. എന്റെ ആവശ്യങ്ങൾ അറിഞ്ഞു നീ പ്രവർത്തിക്കുന്നു. പഞ്ചേന്ദ്രിയങ്ങളായ അശ്വങ്ങളെ പൂട്ടിയ സുവർണ്ണ രഥം തെളിക്കുന്ന നീയാണ് എന്റെ ഏറ്റവും വലിയ സുഹൃത്ത്. എത്ര പ്രശാന്തസുന്ദരമായ രഥ്യകളിലൂടെയാണ് നീ എന്നെ ലക്ഷ്യത്തിലേക്കു നയിക്കുന്നത്! പ്രിയപ്പെട്ട മനസ്സേ, നീയാണ് എന്റെ കാവൽക്കാരൻ, നീയാണ് എന്റെ തേരാളി.
(തുടരും)
5 ചില കണ്ടെത്തലുകൾ
സുപ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരുക എന്ന ലക്ഷ്യവുമായി പടനയിച്ച ഞാൻ എത്തിച്ചേർന്നത് വളരെ വിചിത്രമായ മറ്റൊരു ഭൂമികയിലാണ്. ഉറങ്ങുന്നതോ ഉണരുന്നതോ അല്ല പ്രസക്തമായ കാര്യം എന്നുള്ള തിരിച്ചറിവാണ് അതെനിക്ക് സമ്മാനിച്ചത്.
"തടി കുറയ്ക്കാൻ എളുപ്പമാർഗം." "കോടീശ്വരനാകാൻ ഒറ്റമൂലി" "പുകവലി നിറുത്താൻ പത്തു മിനിറ്റ്".
ഇത്തരം ശീർഷകങ്ങളോടുകൂടി പ്രത്യക്ഷപ്പെടുന്ന ഒറ്റമൂലി പരിഹാരങ്ങൾ ഇന്നു ധാരാളമായി ചുറ്റുപാടും ലഭ്യമാണ്. യൂട്യൂബ് നിറയെ ഇത്തരത്തിലുള്ള എളുപ്പവഴികളുടെ വീഡിയോകളാണ്. പുസ്തകശാലകളിൽ പ്രചോദനപരമായ പുസ്തകങ്ങൾക്ക് പ്രത്യക അലമാരകൾ ഉണ്ട്. പക്ഷെ നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോയോ പുസ്തകമോ വഴി ലഭിക്കുന്ന ഒറ്റമൂലി പ്രയോഗങ്ങൾ ശ്രമിച്ചു നോക്കൂ. പലപ്പോഴും നിങ്ങൾക്ക് ആവശ്യമുള്ള ഫലം നല്കണമെന്നില്ല. എന്താണ് കാരണം? ആലോചിച്ചുനോക്കൂ. പല പരിഹാരങ്ങളും നമ്മുടെ അടിസ്ഥാന പ്രശത്തെ സമീപിക്കുന്നില്ല. അടിസ്ഥാന പ്രശ്നത്തിനു പരിഹാരം നൽകുന്നില്ല.
നോൺ പ്രാക്ടിസിങ് അഡ്വൈസർ (NPA) എന്നു കേട്ടിട്ടുണ്ടോ? ഞാൻ അത്തരക്കാരനല്ല. സ്വയം പ്രവർത്തിച്ചതിന്റെ ഫലമാണ് ഞാൻ നിങ്ങളോടു പങ്കിടുന്നത്. ഇതെന്റെ പച്ചയായ അനുഭവമാണ്.
ജീവിതത്തിന്റെ ഏതു കാര്യത്തിലാണെങ്കിലും ബോധപൂർവമായ മാറ്റം വരുത്തുവാൻ അടിസ്ഥാനപരമായി ചെയ്യേണ്ട ഒന്നുണ്ട്. നിങ്ങളുടെ പൊണ്ണത്തടി കുറക്കുന്ന കാര്യമാണെങ്കിലും, ലഹരി ഉപയോഗത്തിൽ നിന്നും രക്ഷപ്പെടുന്ന കാര്യമാണെങ്കിലും, പരീക്ഷകളിൽ വിജയം വരിക്കുന്ന കാര്യമാണെങ്കിലും, ഇഷ്ടമുള്ള ജോലി സാമ്പാദിക്കുന്ന കാര്യമാണെങ്കിലും നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ മനസ്സിനെ അറിയുക എന്നതാണ്. മറ്റൊരാളായി മാറി നിന്നുകൊണ്ട് സ്വന്തം മനസ്സിനെ നിരീക്ഷിക്കുക. നമ്മൾ ആഗ്രഹിക്കുന്നതിനെയും, നമ്മൾ എടുക്കുന്ന തീരുമാനത്തെയും നമ്മുടെ മനസ്സ് എങ്ങിനെയാണ് തകിടം മറിക്കുന്നതെന്നു തിരിച്ചറിയുക. ആ തിരിച്ചറിവ് വലിയ ഒരു പാഠമാണ്. നമ്മുടെ മനസ്സിന്റെ പൂർണ്ണ സഹകരണം ഇല്ലാതെ അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യവും നേടാൻ നമുക്കു കഴിയില്ല. ഇത് പല അന്വേഷികളും പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്റെ കണ്ടുപിടിത്തമല്ല. പക്ഷെ എനിക്കു ബോദ്ധ്യം വന്നതാണ്.
സ്വന്തം മനസ്സിനെ അറിഞ്ഞുകഴിഞ്ഞാൽ ആ മനസ്സിനോട് ഒരു സുഹൃത്തിനോടെന്നപോലെ സംവദിക്കുക. "സുഹൃത്തേ, എനിക്കു വേണ്ടത് ഇതാണ്, പക്ഷെ നീ എനിക്കു തരുന്നത് മറ്റൊന്നാണ്. അതിനി നടക്കില്ല." നമ്മൾ നിരന്തരം മബസ്സിനോട് ഇങ്ങനെ പറഞ്ഞാൽ മനസ്സു നമ്മോടൊപ്പം നിൽക്കും. എന്തു കാര്യവും നമുക്കു നേടിയെടുക്കുവാൻ കഴിയും.
മുൻപ് വിവരിച്ചതുപോലെ, ഞാൻ എന്റെ മനസ്സിനെ നിരീക്ഷിച്ചു. കൊച്ചു കൊച്ചു സുഖങ്ങൾ കാട്ടി, വലിയ തീരുമാനങ്ങളിൽ നിന്നും എന്നെ നിരന്തരം പിന്തിരിപ്പിച്ചിരുന്ന മനസിനോട് ഞാൻ പറഞ്ഞു, "മനസ്സേ, സുഖം വേണ്ടത് നിനക്കാണ്, നിന്നെ സുഖിപ്പിക്കലല്ല എന്റെ പണി. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുന്നതുപോലെ എന്നോടൊപ്പം നിന്നു പ്രവർത്തിക്കുക." നിരന്തരമായ ഇത്തരം സംവാദങ്ങൾ പ്രയോജനം ചെയ്തു തുടങ്ങിയിരിക്കുന്നു. നിർദ്ദോഷമായ ചില ശീലങ്ങളിൽ നിന്നും ഞാൻ വിടുതൽ പ്രാപിച്ചു വരുന്നു. അതെന്നിൽ ആത്മവിശ്വാസം വളർത്തുന്നു.
ബഹുഭൂരിപക്ഷത്തെയുംപോലെ സ്വാദിഷ്ടമായ ഭക്ഷണം എനിക്കും ഒരു ദൗർബല്യമായിരുന്നു. ഇഷ്ടപ്പെട്ടത് സമയകാലങ്ങൾ നോക്കാതെ വലിച്ചുകേറ്റി ദഹനക്കേടിൽ തുടങ്ങി ഉറക്കനഷ്ടത്തിൽ കലാശിച്ച എത്രയോ എപ്പിസോഡുകൾ എനിക്കുണ്ടായിട്ടുണ്ട്. ഇത്തരം അനുഭവം നിങ്ങളിൽ ഭൂരിപക്ഷത്തിനും ഉണ്ടായിക്കാണും.
ഇന്നൊരു പാർട്ടി ഉണ്ടായിരുന്നു. പല പ്ലാറ്ററുകളിൽ രുചികരമായ സ്നാക്കുകൾ, പാനീയങ്ങൾ ഒക്കെ നിർലോഭം എടുത്തു കഴിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഞാൻ മനസ്സിനോട് പറഞ്ഞു, "എടേ, നീ ഇതെല്ലാം കൂടി എന്നെക്കൊണ്ട് തീറ്റിച്ചാൽ എന്റെ വയറ് കഷ്ടപ്പെടും. എന്റെ ഉറക്കം കുളമാകും, എന്റെ കൊളസ്ട്രോൾ ലെവൽ കുതിച്ചു കേറും. എനിക്കു കുറ്റബോധം ഉണ്ടാകും. ഞാൻ വിഷാദിയാകും. നീ ഉപദേശിക്കും 'ചുമ്മാ കിട്ടുന്നതല്ലേ, തട്ടിക്കൊ, വൈകിട്ട് അര മണിക്കൂർ വർക്ക് ഔട്ട് ചെയ്തു പരിഹാരം നേടാനാവും' എന്നൊക്കെ. എനിക്കറിയാം വൈകുന്നേരമാകുമ്പോൾ നീ എന്നെ വിദഗ്ധമായി ഫേസ്ബുക് റീലുകളിലേക്ക് തിരിച്ചു വിടും. അതുകൊണ്ട് നിന്റെ ഉപദേശം തൽക്കാലം എനിക്കു വേണ്ട."
ഇന്നു ഞാൻ പറഞ്ഞത് മനസ്സു കേട്ടു. എന്നെ അവൻ അധികം നിർബന്ധിച്ചില്ല. അല്പം കഴിച്ചു. അതുകൊണ്ട് ഞാൻ ഇപ്പോഴും അസുഖാവസ്ഥയിൽ എത്താതെയിരിക്കുന്നു. അതല്ലേ സുഖം? നാക്കിലൂടെ കൂടുതൽ സുഖം നേടിയിട്ട്, വയറിലൂടെ ദുഃഖക്കയത്തിൽ വീഴുന്നതിലും എത്രയോ നല്ലതാണ്, കുറച്ചു സുഖം നാക്കിലൂടെ നേടി, അതു നിലനിർത്തുക എന്നത്. ഞാൻ എന്തായാലും പാഠം പഠിച്ചു, നിങ്ങളോ?
ദോഷമുണ്ടാക്കുന്ന ചില ദുശീലങ്ങളിൽ നിന്നും പിൻതിരിയാനും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം അതിന്റെ ഗതി നിങ്ങളുമായി പങ്കിടാം.
അപ്പോൾ പ്രിയപ്പെട്ട ചേട്ടന്മാരെ, ചേച്ചിമാരെ, ഞാൻ ശ്രമിച്ചതുപോലെ സ്വന്തം മനസ്സിനെ അറിയാൻ ശ്രമിക്കുക. നിർദേശങ്ങൾ സ്നേഹത്തോടെ മനസ്സിനും നൽകുക. അതു നിങ്ങളെ അനുസരിക്കും. അതു നിങ്ങളെ വിജയത്തിലെത്തിക്കും; പൊണ്ണത്തടി കുറയ്ക്കുന്ന കാര്യമാണെങ്കിലും ശരി കോടീശ്വരൻ ആകുന്ന കാര്യമാണെങ്കിലും ശരി.
(തുടരും)
6 വെറും കാഴ്ചക്കാരനാകുമ്പോൾ
മറവി എന്നാൽ എന്താണ്? അല്ലെങ്കിൽ പോകട്ടെ, ഓർമ്മ എന്നാൽ എന്താണ്?
വളരെ ബുദ്ധിമുട്ടാണ് ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയാത്ത ഒന്നിനെ നിർവ്വചിക്കുക എന്നത്. മനസ്സിന്റെ പ്രവർത്യുന്മുഖമായ വർത്തമാന മണ്ഡലത്തിൽ ഉള്ള ഒന്നിനെ ഓർമ്മ എന്നു വിളിക്കാമോ? ഇതെന്റെ മാത്രമായ ഒരു നിർവ്വചനമായിരിക്കാം. അതുകൊണ്ട്, മറ്റാരുടെയെങ്കിലും നിർവ്വചനവുമായി താരതമ്യം ചയ്തു വിഷയത്തിൽ നിന്നും അകന്നുപോകണ്ട കാര്യമില്ല.
അപ്പോൾ മറവി എന്നാൽ എന്താണ്?
മനസ്സിന്റെ പ്രവർത്യുന്മുഖമായ വർത്തമാന മണ്ഡലത്തിൽ ഉണ്ടായിരിക്കണം എന്നു നമ്മൾ ആഗ്രഹിക്കുന്ന എന്തോ ഒന്ന്, ഇല്ലാതിരിക്കുന്ന അവസ്ഥയെ മറവി എന്നു സൗകര്യപൂർവ്വം വിളിക്കാം.
അതുപോകട്ടെ, ഇപ്പോൾ മറവിയും ഓർമ്മയും വിഷയമാക്കാൻ എന്താണു കാരണം?
കാരണമുണ്ട്. ഏതാണ്ട് രണ്ടു മാസം ആയിരിക്കുന്നു ഞാൻ എന്റെ പരീക്ഷണങ്ങൾ തുടങ്ങിയിട്ട്. കഴിഞ്ഞ അദ്ധ്യായം എഴുതിയിട്ട് അഞ്ചാഴ്ച കഴിഞ്ഞിരിക്കുന്നു. എഴുത്തു നിറുത്തിയശേഷം ഞാൻ എന്നെ നിരീക്ഷിക്കുകയായിരുന്നു. ഇതുവരെ എഴുതിക്കൂട്ടിയത് എന്താണെന്ന് എനിക്ക് വ്യക്തമായി ഇപ്പോളും അറിയാം. എടുത്ത തീരുമാനങ്ങൾ എന്തെന്നും അറിയാം. ചിട്ടയോടെ കാര്യങ്ങൾ നീക്കണമെന്ന് എന്റെ ഉള്ളിലിരുന്നുകൊണ്ട് ആരോ എന്നോടു ഇടയ്ക്കിടയ്ക്കു മന്ത്രിക്കുന്നുണ്ട്. "ദ്വിജൻ" ഇപ്പോളും എന്റെ മനസ്സിലുണ്ട്. പക്ഷെ, അതു മനസ്സിന്റെ പ്രവർത്യുന്മുഖമായ വർത്തമാന മണ്ഡലത്തിൽ ഉണ്ടോ എന്ന് എനിക്കു സംശയമുണ്ട്. പ്രവർത്യുന്മുഖമല്ലാത്ത വർത്തമാന മണ്ഡലത്തിലാണ് അതിപ്പോൾ ഉള്ളത്! പൂർണമായ മറവിയല്ല. മറവിയെ അല്ല! പക്ഷെ പ്രവർത്തിയിലേക്കു ശരീരത്തെ നയിക്കാൻ പര്യാപ്തമായ ഊർജ്ജം ആ 'സാധനത്തിന് ' ഇല്ല.
ഇനി നമുക്കു 'സാധനം' എന്നു ചൂണ്ടിക്കാണിച്ചത് എന്തിനെയാണ് എന്നു വിശകലനം ചെയ്യാം. അക്ഷരങ്ങൾ ഉപയോഗിച്ച് അതിനെ വളരെ ചുരുക്കി പ്രകടിപ്പിക്കുന്നത് ഇങ്ങനെയാവാം.
"അതൊരു തീരുമാനമാണ്".
'പ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരണം' എന്നതായിരുന്നു ആ തീരുമാനം. ജീവിതം കുറച്ചു കൂടി ചിട്ടയിൽ കൊണ്ടുവരണം എന്ന ആഗ്രഹമാണ് ഈ തീരുമാനത്തിനു പിന്നിലുള്ളത് എന്ന് ആർക്കും മനസ്സിലാകും. സത്യത്തിൽ ഈ തീരുമാനം അറിവിന്റെ (knowledge) ചെറിയ ഒരു അംശമെല്ലെ?
അറിവിനെ കൃത്യമായി അളക്കുവാനും, അറിവിന്റെ ഏറ്റവും ചെറിയ ഘടകം എന്തെന്നു ചൂണ്ടിക്കാണിക്കാനും ചിലരൊക്കെ ചരിത്രത്തിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും, അതൊന്നും പൊതുധാരയിൽ എത്തപ്പെടുകയോ, സാർവലൗകികമായി അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു നമുക്ക് അറിവിന്റെ അംശം എന്നോ അറിവിന്റെ കഷണമെന്നോ വിളിച്ചു തൃപ്തിപ്പെടാം.
നമ്മുടെ വ്യവഹാരം എന്തെന്നു മനസ്സിലാക്കി, ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാനായിട്ട്, നമ്മൾ നിർമ്മിച്ച അറിവിന്റെ അംശമാണ്, 'പ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരണം' എന്ന തീരുമാനം. ഇതാണ് മനസ്സിന്റെ പ്രവർത്യുന്മുഖമല്ലാത്ത വർത്തമാന മണ്ഡലത്തിലേക്ക് ദയനീയമായി തരം താഴ്ത്തപ്പെട്ടത്.
ഇനി, ഈ കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ എന്താണ് എനിക്കു സംഭവിച്ചത് എന്നു വിശദമാക്കാം.
ശരീരത്തെ ക്ലേശിപ്പിക്കുന്ന ഒന്നും ചെയ്യരുത് എന്നു തീരുമാനിച്ചിരുന്നു. ആത്യന്തികമായി സന്തോഷത്തിന്റെ (സുഖത്തിന്റെ) വലിയ ഉയർച്ചകൾ ആസക്തിയോടെ ഓടിക്കയറരുത് എന്നു തീരുമാനിച്ചിരുന്നു. ഈ രണ്ടു തീരുമാനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടു ഒരു മാസത്തോളം വെറും ഒരു കാഴ്ചക്കാരനായി എന്നെ നോക്കിക്കാണാൻ തീരുമാനിച്ചിരുന്നു.
ജീവിതം സുഖ-ദുഃഖ സമ്മിശ്രമായിരുന്നു. അത്യാഹ്ലാദങ്ങൾക്കായുള്ള 'തലമറന്ന എണ്ണതേക്കൽ' ഉണ്ടായില്ല എങ്കിലും സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്ന സന്തോഷാനുഭവങ്ങളുടെ തുടർച്ച അവിരാമമായി നിലനിൽക്കാൻ ഞാൻ എന്നെപ്പോലും മറന്നുകൊണ്ട് കുറച്ചൊക്കെ മല കയറിപ്പോയി. ദൈനംദിന ജീവിതത്തിലെ ചില ചെറിയ 'പരാജയങ്ങൾ', 'സാരമില്ല' എന്നു സമാധാനിച്ചുകൊണ്ട് അവഗണിക്കാൻ കഴിഞ്ഞു. തുടർച്ചയായി വ്യാകുലപ്പെട്ടുകൊണ്ടിരുന്ന ഒരു പ്രത്യേക കാര്യത്തിൽ മൂന്നു തവണ ഞാൻ വിഷാദത്തിന്റെ വക്കോളമെത്തി. അതിനുള്ള quick solution കണ്ടെത്താനായി അല്പം പരക്കം പാഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ മല കയറിയതിനുള്ള പൂരകമായ കുഴിയിലിറക്കം കൃത്യമായി ലഭിച്ചു. പഠിച്ച പാഠം ഇതാണ്. "സമതലമാണ് സുന്ദരം". സമതുലതാവസ്ഥയാണ് (equilibrium) മനസ്സിനു വേണ്ടത്.
ഇത്രത്തോളം ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ അടുത്ത ഘട്ടം ഇന്നുമുതൽ ആരംഭിക്കുകയാണ്.
(തുടരും)
7 ബിരിയാണി കിട്ടിയാലോ?
അധികം അദ്ധ്വാനിക്കാതെ, ചുളുവിൽ നേട്ടങ്ങൾ കൈവരിക്കുക എന്നത് നമുക്കേവർക്കുമുള്ള ആഗ്രഹമാണ്. വെറുതെ ചോദിച്ചുനോക്കുക, അഥവാ ബിരിയാണി കിട്ടിയാലോ? അങ്ങനെയുള്ളവരെ കുറ്റപ്പെടുത്തിയോ, ആക്ഷേപിച്ചോ അല്ല ഇതു പറഞ്ഞത്. കാരണം ഏവരും വ്യത്യസ്തരാണ്. ഒരാളിന്റെ മാനസികവും ശാരീരികവുമായ കഴിവു മറ്റൊരാളിൽ നിന്നും പല കാരണങ്ങളാൽ വ്യത്യാസപ്പെട്ടിരിക്കുന്നു. നമുക്ക് ആരെയും പൂർണമായി അറിയില്ല. എന്തിന്, നമുക്കു നമ്മെത്തന്നെ പൂർണ്ണമായി അറിയാൻ കഴിഞ്ഞിട്ടില്ലല്ലോ!
ഇനി മറ്റൊരു കൂട്ടരുണ്ട്. അദ്ധ്വാനിക്കുന്നുണ്ടായിരിക്കും. എന്നല്ല അമിതമായി അദ്ധ്വാനിക്കുന്നുണ്ടായിരിക്കും. പക്ഷെ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാകാറില്ല. അവരും കരുതും "ബിരിയാണി കിട്ടിയാലോ?" എന്ന്. എന്തുകൊണ്ടാണ് അദ്ധ്വാനിക്കുന്നുണ്ടെങ്കിലും ഫലമുണ്ടാകാതെ പോകുന്നത്?
അദ്ധ്വാനം പല കാര്യങ്ങളിലാണ് ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കുന്ന ഫലത്തിൽ എത്തിച്ചേരാൻ വേണ്ട അദ്ധ്വാനമായിരിക്കില്ല അയാൾ ചെയ്തത്. ഒരു ഉദാഹരണം പറയാം. കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം കോരണം. ഒരാൾ തൊട്ടിയും കയറുമായി കിണറ്റിനരികിൽ വന്നു. കയറിന്റെ ഒരറ്റം കപ്പിയിൽ കടത്തി. കയറിന്റെ മറ്റേ അറ്റം തൊട്ടിയുമായി ബന്ധിച്ചു. അപ്പോളാണ് കിണറ്റിനു മുകളിലേക്ക് പടർന്നു കിടക്കുന്ന മരക്കൊമ്പിൽ നിന്നും ഒരു പഴുത്ത ഇല കിണറ്റിലേക്ക് അടർന്നു വീഴുന്നത് അയാൾ കാണുന്നത്. ഉടനെതന്നെ അയാൾ അടുക്കളയിൽ പോയി മരക്കമ്പു മുറിക്കാനുള്ള കത്തി തിരഞ്ഞു. വീടു മുഴുവൻ ഒരു മണിക്കൂർ കൊണ്ട് അരിച്ചു പെറുക്കിയിട്ടും കത്തി ലഭിച്ചില്ല. അയാൾ രണ്ടു കിലോമീറ്റർ അകലെയുള്ള കടയിലേക്ക് സൈക്കിൾ ചവിട്ടിപ്പോയി. കത്തി വാങ്ങി തിരികെ വീട്ടിലെത്തി. ആ കത്തികൊണ്ട് കിണറ്റിനു മുകളിലേക്ക് പടർന്നു കിടന്ന ശാഖ മുറിച്ചു മാറ്റി. ഏതാണ്ട് മൂന്നു മണിക്കൂർ കൊണ്ട് അയാൾ വളരെ അദ്ധ്വാനിച്ചു. അയാൾക്കു തൊട്ടിയിൽ വെള്ളം ലഭിച്ചുവോ? ഇല്ല. അമ്പതു തൊട്ടി വെള്ളം കോരുന്നതിനു സമാനമായ അദ്ധ്വാനം അയാൾ ചെയ്തു. വെള്ളം ലഭിച്ചുവോ? ഇല്ല. അയാൾ എന്തെങ്കിലും ദുഷ്പ്രവർത്തിയാണോ ചെയ്തത്? അല്ല, നല്ല കാര്യങ്ങൾ മാത്രമാണയാൾ ചെയ്തത്. മരത്തിന്റെ ശാഖ മുറിച്ചതുകൊണ്ട് ഭാവിയിൽ മലിനമാകാത്ത ജലം ലഭിക്കും. സൈക്കിൾ ചവിട്ടിയതുകൊണ്ട് അയാൾക്ക് മെച്ചമായ ആരോഗ്യം ഉണ്ടാകും. കത്തി വാങ്ങിയതു കാരണം ഭാവിയിൽ ഉപയോഗിക്കാനുള്ള ഒരു ഉപകരണം എന്നെത്തേക്കുമായി സ്വന്തമാക്കി. ഇത്രയും ഒക്കെ ഒരുപാടു സമയം കൊണ്ട് ചെയ്തെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായോ? ഇല്ല. എന്താണ് ഇങ്ങനെ സംഭവിച്ചത്?
അയാൾക്ക് ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ ആ ലക്ഷ്യത്തിലേക്കുള്ള ആത്മ സമർപ്പണം ഇല്ലായിരുന്നു. അതുകൊണ്ടാണ് വെള്ളം കോരുന്ന സമയത്തു് അയാളുടെ ശ്രദ്ധ അടർന്നു വീഴുന്ന ഇലയിലേക്കും, കത്തിയിലേക്കും തിരിഞ്ഞു പോയത്. അങ്ങനെയുള്ളവരും കാണിക്കയിട്ടിട്ടു പരാതി പറയും. "ദൈവമേ, ഞാൻ എന്തുമാത്രം കഷ്ടപ്പെട്ടു. എന്തുമാത്രം അദ്ധ്വാനിച്ചു. എന്താണ് നീ എനിക്കു ബിരിയാണി തരാത്തത്?"
മാറിനിന്നു ഞാൻ എന്നെ നിരീക്ഷിച്ചപ്പോൾ ഈ കലപ്പയിൽ വച്ചുകെട്ടാൻ പാകത്തിനുള്ള ഒരു ഉരുവാണ് ഞാൻ എന്ന് എനിക്കു മനസ്സിലായി.
ഇനിയുള്ളത് മൂന്നാമത്തെ തരത്തിൽ പെട്ട ആളുകളാണ്. അവർ ചെയ്യുന്ന അദ്ധ്വാനമെല്ലാം ലക്ഷ്യത്തിലേക്കു മാത്രം ഉള്ളതായിരിക്കും. ചിലപ്പോൾ ശരീരത്തിനു ബലം കുറവാണെകിലും അത്തരക്കാരുടെ മനസ്സിന് അപാരമായ ബലമുണ്ടായിരിക്കും. വണ്ടിയിൽ ബന്ധിക്കുന്ന കുതിര വശങ്ങളിലേക്കു നോക്കാതിരിക്കാൻ കണ്ണുകൾക്ക് മറയിടാറുണ്ട്. അത്തരം ഒരു മറ അവരുടെ മനസ്സിലുണ്ട്. ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ആ മറ അവരെ നിരന്തരം സംരക്ഷിക്കും.
ഇനി നിങ്ങൾ അല്പം ഒന്നു മാറിനിന്നുകൊണ്ട് നിങ്ങളെ നിരീക്ഷിക്കു. ഏതു തരത്തിൽ പെട്ട ആളാണ് നിങ്ങൾ?
(തുടരും)
8 പെൻഡുലമല്ലോ ജീവിതം!
ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ മനസ്സിലായിത്തുടങ്ങുന്ന കാര്യമാണിത്. ചിലർക്ക് കുറച്ചു നേരത്തെ തോന്നിത്തുടങ്ങും, ചിലർക്ക് വളരെ താമസിച്ചാവും ഈ തോന്നൽ ഉണ്ടാവുക. "പെൻഡുലമല്ലോ ജീവിതം!"
ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സുഖങ്ങൾ അനുഭവിക്കുന്നതിലൂടെ ലഭിക്കുമെന്നു കരുതുന്ന സംതൃപ്തിക്കായുള്ള നിരന്തര പ്രവർത്തനം. രണ്ട്, ഈ പ്രവർത്തനങ്ങൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിപ്രവർത്തനം. ഐസക് ന്യൂട്ടന്റെ മൂന്നാം ചലനനിയമം പോലെയാണ് ഈ പ്രതിപ്രവർത്തനം സംഭവിക്കുന്നത്. മനസ്സ് ഏകപക്ഷീകമായി സുഖകാമനകൾക്ക് പിൻപേ പോകുന്നു. ചെറുതും വലുതുമായ സുഖാവസ്ഥകൾക്കായുള്ള നിരന്തരമായ പരിശ്രമമാണ് ജീവിതം. ഇവിടെ സൂചിപ്പിച്ച പ്രതിപ്രവർത്തനത്തെയാണ് നമ്മൾ ദുഃഖമായി ചിത്രീകരിക്കുന്നത്. ജീവിതം ഇങ്ങനെ സുഖത്തിനും ദുഖത്തിനും ഇടയിൽ ഒരു പെൻഡുലം പോലെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വയലാർ രാമവർമ്മയുടെ പ്രശസ്തമായ ഒരു ഗാനമുണ്ട്.
"സുഖമൊരു ബിന്ദു, ദുഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു
പെൻഡുലമാടുന്നു,
ജീവിതം ഇതു ജീവിതം"
എത്രമാത്രം സുഖത്തിന്റെ തീവ്രത കൂടുന്നുവോ, അതിനു ആനുപാതികമായി ദുഖത്തിന്റെയും തീവ്രത കൂടിയിരിക്കും. സുഖവും ദുഖവും മനസ്സിനുള്ള കാര്യങ്ങളാണ് എന്നും ശരീരത്തിന്റെ കാര്യങ്ങളല്ല എന്നും നാം ഇതിനു മുൻപ് കണ്ടുകഴിഞ്ഞതാണ്. അതുകൊണ്ട് പുറമെ നിൽക്കുന്ന ഒരാൾക്ക് ഇതു കണ്ടെത്താൻ കഴിയില്ല. ചിരിച്ചുകൊണ്ട് നടക്കുന്നു എന്നുകരുതി ഒരാൾ സുഖാവസ്ഥയിൽ ആയിരിക്കണമെന്നില്ല. മറ്റുള്ളവരെ കബളിപ്പിക്കുന്ന കാര്യത്തിൽ നാമെല്ലാം കള്ളന്മാരും കള്ളികളുമാണ്.
സുഖത്തിന്റെ പിന്നെ പോകുമ്പോൾ നാമെല്ലാം ആഗ്രഹിക്കുന്ന ഒരുകാര്യം, ദുഃഖം ഉണ്ടാകാതിരിക്കുക എന്നതു മാത്രമാണ്. പ്രപഞ്ച നിയമം അനുസരിച്ചു, ഇതു രണ്ടും ഒന്നിച്ചുള്ളതാണ്. ഒന്നെടുത്താൽ മറ്റേതു കൃത്യമായി ലഭിച്ചിരിക്കും. എപ്പോൾ ലഭിക്കും എന്നതിൽ മാത്രമാണ് കൃത്യത ഇല്ലാത്തത്. അപ്പോൾ പിന്നെ ദുഃഖങ്ങൾ ഒഴിവാക്കാൻ എന്താണ് പോംവഴി?
ഉത്തരം വളരെ ലളിതമാണ്.
സുഖത്തിനു പിന്നാലെ പോകാതിരിക്കുക.
പക്ഷെ ഈ ഉത്തരവും കൊണ്ട് നമുക്കു ജീവിക്കാൻ പറ്റുമോ?
സാധ്യമല്ല.
എങ്കിൽ പിന്നെ എന്താണ് പോംവഴി?
പെൻഡുലത്തിന്റെ ആട്ടത്തെ നമുക്ക് ഒന്നു വിശകലനം ചെയ്താൽ ചില പ്രായോഗിക ഉത്തരങ്ങൾ ലഭിക്കും. ഒരു ദിശയിലേക്ക് എത്രമാത്രം ഉയരത്തിൽ പെൻഡുലം പോകുന്നുവോ, അത്രമാത്രം ഉയരത്തിൽ പെൻഡുലം എതിർദിശയിലേക്കും യാത്ര ചെയ്യും. അപ്പോൾ ആദ്യ ദിശയിലേക്ക് ഒരുപാട് ഉയരത്തിൽ പോകാതിരുന്നാൽ മതിയല്ലോ! ജീവിതത്തിൽ അങ്ങേയറ്റത്തെ ദുഃഖങ്ങൾ ഒഴിവാക്കാനായി അങ്ങേയറ്റത്തെ സുഖങ്ങൾ ഒഴിവാക്കിയാൽ മതി. ലഹരിമരുന്നുകളുടെ ഉപയോഗം ശ്രദ്ധിച്ചാൽ മതി, അല്ലെങ്കിൽ മദ്യപാനത്തിന്റെ അവസ്ഥ അന്വേഷിച്ചാൽ മതി. ആദ്യമായി ഒരു യൂണിറ്റ് ഉപയോഗിച്ചാൽ ചെറിയ ഒരു കിക്ക് കിട്ടും. അതൊരു സന്തോഷമാണ്. ദുഃഖങ്ങൾ മറക്കാൻ കഴിയും. കൂടുതൽ സന്തോഷിക്കാനായി കൂടുതൽ യൂണിറ്റുകൾ ഉപയോഗിച്ചാൽ അതിന്റെ പിന്നാലെ അപകടങ്ങളും, ആരോഗ്യപ്രശ്നങ്ങളും തേടിയെത്തും. അതു ദുരന്തത്തിൽ പോലും കലാശിക്കാം. (ചെറിയ യൂണിറ്റിൽ ഇവയൊക്കെ ഉപയോഗിക്കാം എന്നു പരോക്ഷമായി ഇവിടെ സൂചിപ്പിക്കുന്നില്ല.)
അപ്പോൾ വലിയ ദുഃഖങ്ങൾ ഒഴിവാക്കാനായി, വലിയ സുഖങ്ങൾ ത്യജിക്കുക.
ശരി അതുപേക്ഷിക്കുന്നു. പക്ഷെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളോ? അതൊക്കെയല്ലേ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അതും ഒഴിവാക്കണമെന്നാണോ പറഞ്ഞുവരുന്നത്?
തീർച്ചയായും അല്ല.
കുതിരയെ മുന്നോട്ടു നയിക്കുന്നത്, അതിനു മുന്നേ നീങ്ങിക്കൊണ്ടിരിക്കുന്ന കാരറ്റാണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്നതു തന്നെ മുൻപിലുള്ള സുഖങ്ങളാണ്. സുഖാവസ്ഥയിൽ എത്തിച്ചേരാനാനയുള്ള പ്രവർത്തികൾ മാത്രമാണ് സ്വാഭാവികമായി നാമെല്ലാം ചെയ്യുന്ന പ്രവർത്തികൾ. പക്ഷെ അറിയേണ്ടത് സുഖത്തോടൊപ്പം ദുഖവും ഉണ്ടെന്നുള്ളതാണ്. ദുഖമുണ്ടാകുമ്പോൾ അതിൽ നാം തകർന്നുപോകാതെയിരിക്കണം. അതാണ് പ്രധാനപ്പെട്ട കാര്യം.
അപ്പോൾ ചെറിയ ദുഖങ്ങളോ? അതൊഴിവാക്കാൻ എന്താണു മാർഗ്ഗം?
ഒഴിവാക്കാൻ ഒരു മാർഗ്ഗവുമില്ല. പക്ഷെ അതിനെ നമുക്ക് മാനേജ് ചെയ്യാൻ കഴിയും. അതാണ് നമ്മൾ അറിയേണ്ടതും, പരിശീലിക്കേണ്ടതും.
ചെറിയ ഒരു ഉദാഹരണത്തിൽ നിന്നും തുടങ്ങാം. യാത്ര ചെയ്യാനായോ നമ്മൾ ബസിലോ തീവണ്ടിയിലോ കയറി. റിസേർവേഷൻ ഇല്ലാത്ത വാഹനമാണെന്നും കരുതുക. ഇരുന്നു പോവുക എന്നത് ഒരു സൗകര്യമാണ്. രണ്ടുപേർക്കിരിക്കാവുന്ന സീറ്റുകൾ അധികവും ഒഴിഞ്ഞു കിടക്കുന്നു. അതിലൊന്നിൽ നാം ഇരിക്കുന്നു. നമ്മൾ സംതൃപ്തരായി. ജാലകത്തിലൂടെ പുറംകാഴ്ചകൾ കാണാം എന്നതിനാൽ നമുക്കു കൂടുതൽ സന്തോഷം. കുറച്ചു കഴിഞ്ഞപ്പോൾ അധിക വണ്ണമുള്ള ഒരാൾ വന്ന് അടുത്തിരുന്നു. നമ്മൾ ജാലകത്തിനു അരികിലേക്ക് മാറി. ഞെരുക്കമാണ്. നമ്മുടെ സന്തോഷം കുറഞ്ഞു. എന്നുവച്ചാൽ ദുഃഖം ഉണ്ടായി. ദുഖത്തെ ഒഴിവാക്കാനായി നമ്മൾ ഒഴിഞ്ഞുകിടന്ന മറ്റൊരു സീറ്റിൽ ഇരുന്നു. നമുക്ക് സന്തോഷമുണ്ടായി. പക്ഷെ മുന്നിലിരിക്കുന്ന ആൾ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വഴക്കു പറയുകയും ചീത്ത വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. അതു നമ്മളെ അലോസരപ്പെടുത്തുന്നു. അപ്പോൾ നമ്മൾ ദുഖത്തിലേക്കു പോയി. ആ ദുഃഖത്തിൽ നിന്നും രക്ഷപ്പെടാനായി നമ്മൾ നമ്മുടെ മൊബൈൽ ഫോണിൽ നിന്നും പാട്ടു കേൾക്കാൻ തുടങ്ങി. ഇയർ ഫോൺ വച്ചതോടെ ശബ്ദ ശല്യത്തിൽ നിന്നും രക്ഷപ്പെട്ടു. മറ്റൊരു സുഖത്തിലേക്ക് നാം കടന്നു. ഈ സാഹചര്യം ഇതുപോലെ വിശകലനം ചെയ്തു എത്രവേണമെങ്കിലും മുന്നോട്ടു പോകാം. പക്ഷെ നാം മനസ്സിലാക്കേണ്ടത്, ചെറിയ ചെറിയ നീക്കുപോക്കുകളിലൂടെ (അഡ്ജസ്റ്മെന്റ്) ചെറിയ ദുഃഖാവസ്ഥയിൽ നിന്നും നമുക്കു ഒഴിഞ്ഞുമാറിപ്പോകാൻ കഴിയും എന്നാണ്. പക്ഷെ, അവിടെയും നമ്മെ കാത്തിരിക്കുന്നത് സുഖത്തിനു പിറകെയെത്തുന്ന ദുഃഖമാണ് എന്ന കാര്യവും മറക്കാതിരിക്കാം.
അപ്പോൾ അടുത്ത മാർഗ്ഗം എന്താണ്?
ഉണ്ട്. മാർഗ്ഗമുണ്ട്.
മനസ്സിന്റെ ശ്രദ്ധ മറ്റൊന്നിലേക്കു തിരിച്ചുവിടുക.
മരുന്നു കുത്തിവയ്ക്കുന്ന അവസരത്തിൽ, സൂചിയിൽ നോക്കിയിരുന്നു കൊണ്ട് ''ഇപ്പോൾ കുത്തും, ഇപ്പോൾ കുത്തും" എന്നു ചിന്തിച്ചാൽ നമ്മൾ വേദന നന്നായി അറിയും. അത് ഇമ്മിണി വലിയ വേദനയായി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ സൂചിയിൽനിന്നു പിൻവലിച്ച കണ്ണുകളെ സുന്ദരമായ മറ്റെന്തെങ്കിലേക്കും മേയാൻ വിടുക. കഴിഞ്ഞ ദിനത്തിലെ സന്തോഷമുണ്ടാക്കിയ ഒരനുഭവത്തിലേക്കു മനസ്സിനെ മേയാൻ വിടുക. തീർച്ചയായും സൂചി കുത്തിയിറക്കുമ്പോൾ നമുക്ക് വലിയ വേദന അനുഭവിക്കേണ്ടിവരില്ല. നിത്യ ജീവിതത്തിൽ ഇതു നമുക്കു സംഭവിച്ചിട്ടുണ്ട്. അവിചാരിതമായി സംഭവിച്ച അപകടങ്ങളിൽ ശരീരത്തുണ്ടായിട്ടുള്ള മുറിവുകൾ ചിലപ്പോൾ കുറച്ചു കഴിഞ്ഞിട്ടാവും നമ്മൾ അറിയുകപോലും ചെയ്തിട്ടുള്ളത്. വേദന ഉണ്ടാകാഞ്ഞതല്ല കാരണം. പിന്നെന്താണ് കാരണം? മനസ്സ് മറ്റെവിടെയോ ആയിരുന്നു.
ഇതാണ് രണ്ടാമത്തെ പ്രായോഗിക പദ്ധതി. ദുഃഖങ്ങളിൽ നിന്നും മനസ്സിനെ അടർത്തിമാറ്റി മറ്റൊന്നിൽ പതിപ്പിക്കുക. മനസ്സിനെ അലട്ടുന്ന വ്യഥയുണ്ടങ്കിൽ, മുറിക്കു പുറത്തിറങ്ങി അല്പം നടക്കുക. ദുരന്തം ഉണ്ടായാൽ ഒരു തീർത്ഥയാത്ര നടത്തുക. മരണാന്തരം ബന്ധുക്കൾ അസ്ഥിയും ചാരവുമായി യാത്ര ചെയ്യുന്നു. ദൂരെയുള്ള പുഴയിലോ, കടലിലോ അതുപേക്ഷിക്കുന്നതിലൂടെ മുക്തിയുണ്ടാകുന്നത് യാത്ര ചെയ്യുന്ന ബന്ധുക്കൾക്കാണ്. അവർ ആ ദുഃഖത്തിന്റെ അതിതീവ്രതയിൽ നിന്നും മുക്തരാകുന്നു. മരിച്ചആളോട് പ്രത്യുപകാരം ചെയ്യാൻ കഴിയാഞ്ഞതിലുള്ള കുറ്റബോധം കുറഞ്ഞുകിട്ടുന്നു.
അപ്പോളും നമ്മൾ പൂർണ്ണമായി ദുഖങ്ങളിൽ നിന്നും മുക്തരാകുന്നില്ല. ഇതിനർത്ഥം പരിഹാരം ഇല്ല എന്നാണോ?
അല്ല.
പരിഹാരമുണ്ട്. പെൻഡുലം ആടാതെ സൂക്ഷിക്കുക എന്നതാണ് പരിഹാരം.
ജീവിതത്തിൽ ഇത് സാധ്യമാണോ?
സാധ്യമാണ്, പരിശ്രമിക്കണം. നിരന്തരം. നിരന്തരം. നിരന്തരം.
ജീവിതത്തിന്റെ ഏതു വലിയ സൗകര്യത്തിലും, സന്തോഷത്തിലും, സുഖത്തിലും എത്തിച്ചേരുമ്പോൾ മനസ്സിനെ കയറൂരി വിടാതിരിക്കാൻ ശീലിക്കുക. അങ്ങനെ ശീലിച്ചാൽ ജീവിതത്തിലെ ഏതു വലിയ ദുഃഖത്തെയും കൈകാര്യം ചെയ്യാൻ കഴിയും.
ചുറ്റും വർണ്ണങ്ങളും, സുഗന്ധങ്ങളും, കാമോദ്ദീപക കാഴ്ചകളും, സംഗീതവും, രുചി പകരുന്ന വിഭവങ്ങളും, ലഹരിയിലൂടെ പറുദീസ ഒരുക്കുന്ന പാനീയങ്ങളും, സുഖോന്മാദത്തിലെത്തിക്കുന്ന വസ്തുക്കളും ഉണ്ടാകട്ടെ, ഒരു ചെറു ചിരിയോടെ അതിനെ വീക്ഷിക്കുകയും, എന്നാൽ അതുണ്ടാക്കുന്ന ആസക്തിയുടെ ആഴങ്ങളിൽ മനസ്സിനെ കുഴിച്ചിടാതിരിക്കുകയും ചെയ്യാൻ കഴിയുമോ?
കഴിയണം.
കഴിയുമോ?
കഴിയും. പരിശ്രമിക്കണം. നിരന്തരം. നിരന്തരം. നിരന്തരം.
ജീവിതത്തെപ്പറ്റി നിരന്തരം ചിന്തിച്ചാൽ, സുഖദുഃഖങ്ങളുടെ നൈരന്തര്യതയെ പൂർണമായി മനസ്സിലാക്കിയാൽ, സ്വാഭാവികമായി നാം ഇങ്ങനെയുള്ള ഒരു തലത്തിൽ എത്തിച്ചേരും. സ്ഥിതപ്രജ്ഞനായി മാറും. അവിടെ നാം എല്ലാ വ്യവഹാരങ്ങളുടെയും മദ്ധ്യേ നിലകൊണ്ടാലും, അതു നൽകുന്ന സുഖദുഃഖങ്ങളിൽ നിന്നും വിമുക്തരായിരിക്കും. പ്രവർത്തിക്കാതെ ജീവിക്കാൻ സാധ്യമല്ല. പക്ഷെ പ്രവർത്തി നൽകുന്ന ഫലങ്ങളിൽ നിന്നും അകന്നു നില്ക്കാൻ നമുക്കു കഴിയും. മനോഹരമായ ഒരു ചിത്രം വരച്ചു. അതു സോഷ്യൽ മീഡിയായിലൂടെ നാം പ്രചരിപ്പിച്ചു. നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അവർക്കു സന്തോഷമുണ്ടായിട്ടോ നമ്മെ സന്തോഷിപ്പിക്കാനായിട്ടോ നമ്മെ അനുമോദിക്കുകായും പുകഴ്ത്തുകയും ചെയ്യുന്നു. നമുക്കതു സന്തോഷം പകരുന്നു. എന്നാൽ ഈ അനുമോദനത്തിലും പുകഴ്ത്തലിലും അധികം അഭിരമിക്കാതിരുന്നാൽ നമുക്കുതന്നെയാണ് നല്ലത്. കാരണം ആരെങ്കിലുമൊക്കെ നമ്മുടെ ചിത്രത്തെ ഇകഴ്ത്തി പറഞ്ഞെന്നിരിക്കും, നമുക്കതു ദുഃഖമുണ്ടാക്കും. ഈ ദുഃഖം ഉണ്ടാകാതിരിക്കാനായി ചിത്രം വരയ്ക്കാതിരിക്കുകയോ, അതു പോസ്റ്റു ചെയ്യാതിരിക്കുകയോ അല്ല വേണ്ടത്. മറിച്ചു അനുമോദനങ്ങളിൽ ഹാലിളകാതിരിക്കാൻ ശീലിക്കുക. അപ്പോൾ നമുക്കെതിരെ മാലിന്യം വാരിയെറിയുന്നതു കണ്ടാലും വലിയ പരുക്കുകൾ കൂടാതെ മുന്നോട്ടു പോകാൻ നമുക്ക് കഴിയും.
ഇങ്ങനെ ഫലങ്ങളിൽ നിന്നും അകന്നു വർത്തിക്കണം എന്നു തീരുമാനിക്കുന്നത് ദുഃഖത്തെ ഭയന്നിട്ടാവരുത്; മറിച്ചു ജീവിതത്തെ നന്നായി മനസ്സിലാക്കിയിട്ടാവണം. (ജീവിതത്തിന്റെ നിരർത്ഥകതയെ മനസ്സിലാക്കിയിട്ടാവണം എന്നു ഞാൻ പറയുന്നില്ല. ജീവിതത്തിനു നിശ്ചയമായും ഒരർത്ഥമുണ്ട്. അതു പിന്നീട് ചർച്ച ചെയ്യാം.)
അപ്പോൾ എങ്ങനെയാണ് ജീവിതത്തെ മനസ്സിലാക്കേണ്ടത്?
(തുടരും)
9 എന്നെ പറ്റിക്കുന്ന ഞാൻ!
നന്നായിക്കളയാം എന്നു കരുതി ചില തീരുമാനങ്ങൾ എടുക്കുന്നു. അതു നടപ്പിലാക്കാതിരിക്കാൻ കഴിവതും ശ്രമിക്കുന്നു. ഇതു രണ്ടും ചെയ്തത് ഞാൻ തന്നെയാണ്. എങ്ങനെയുണ്ട് എന്റെ കാര്യം?
ഇതു വായിക്കുന്ന നിങ്ങൾക്ക് തോന്നുകയാണ്, നിങ്ങളും ഇങ്ങനെതന്നെയാണല്ലോ എന്ന്. കുറ്റബോധം തോന്നി മുറി അടച്ചു ഇരുട്ടിൽ ഇരിക്കാനായി എഴുതിയതല്ല. നമ്മളെല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ്. ഇതാണ് മനുഷ്യജന്മം.
എടുക്കുന്ന തീരുമാനങ്ങൾ പൊളിക്കാനായി നമ്മൾ തന്നെ വിചിത്രമായി വഴികൾ കണ്ടെത്തുന്നു. അതുവരെ അപ്രസക്തമായതൊക്കെ പ്രസക്തവും, പ്രധാനപ്പെട്ടതുമായി തോന്നിത്തുടങ്ങുന്നു. പിന്നെ അതിന്റെ പിറകെപോയി സമയം തീർക്കുന്നു. ഉറങ്ങാനും, ഭക്ഷണം കഴിക്കാനും എന്തായാലും നമ്മൾ സമയം കണ്ടെത്തും. ബാക്കിയുള്ള സമയത്തിന്റെ കാര്യമാണ് പറഞ്ഞത്. എങ്ങനെ പോയാലും ശരാശരി എട്ടു മണിക്കൂർ, വേണ്ടതും വേണ്ടാത്തതും ഒക്കെ ചെയ്യാനായി ഒരു ശരാശരി മനുഷ്യന് ലഭിക്കും. ഇങ്ങനെയുള്ള സമയത്താണ് മനസ്സിനെ ഹാപ്പിയാക്കാനായി ചില പ്രയോജനരഹിതമായ കാര്യങ്ങൾ നാം ചെയ്തുകൂട്ടുന്നത്.
കഴിഞ്ഞ കുറെ ആഴ്ചകളായി ഞാൻ എന്നെ നിരീക്ഷിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ ചുരുക്കിപ്പറയാം. ജീവിതത്തിൽ ഒരു വഴിത്തിരിവാകട്ടെ എന്നു കരുതി, ഏറെ വിചിന്തനത്തിനുശേഷം ഒരു തീരുമാനമെടുത്തു. ദിവസവും കുറഞ്ഞപക്ഷം 20 മിനിറ്റ് എങ്കിലും ധ്യാനിക്കുക, 20 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക, 20 മിനിറ്റ് എങ്കിലും വീടിനുപുറത്ത് നടക്കുക. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഓരോ ആഴ്ചയും 2 മണിക്കൂർ 20 മിനിട്ടു വീതം ഈ മൂന്നു കാര്യങ്ങളും ചെയ്യുക. ഇപ്പറഞ്ഞ മൂന്നു പ്രവർത്തികളെയും പറ്റി അടുത്ത അധ്യായത്തിൽ കൂടുതൽ വിശദമാക്കുന്നുണ്ട്.
ഓരോ ദിവസവും ഇത് രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇനി ഇതുവരെയുള്ള ആഴ്ചകളിലെ കണക്കുകൾ നോക്കുക:
Week 29: 1.35, 0.40, 2.50
Week 30: 2.10, 1.00, 2.50
Week 31: 3.35, 2.00, 5.30
Week 32: 0.45, 1.00, 4.00
കൂടുതൽ വിശദീകരിക്കുന്നില്ല. ഞാൻ എടുത്ത തീരുമാനം എങ്ങനെ ഞാൻ തന്നെ പൊളിച്ചു എന്നതിന്റെ തെളിവാണ് മുകളിൽ കൊടുത്തിരിക്കുന്ന കണക്കുകൾ. ഇതിൽ നടപ്പിൽ മാത്രം ലക്ഷ്യം കണ്ടെത്തി. ധ്യാനവും വ്യായാമവും ലക്ഷ്യത്തിൽ എത്താതെപോയി. അപ്പോൾ ഇനിയെന്താണ് എന്നൊരു ചോദ്യം അവശേഷിക്കുന്നു.
വിടമാട്ടാ... എന്തായാലും 20 മിനിറ്റിന്റെ ഈ തീരുമാനവുമായി ഞാൻ മുന്നോട്ടു പോവുകയാണ്. അടുത്ത നാലാഴ്ചകൾ കഴിഞ്ഞുള്ള കണക്കുകളുമായി നിങ്ങളുടെ മുന്നിൽ വീണ്ടുമെത്താം. നിങ്ങളും തുടങ്ങുകയല്ലേ ഈ 20 മിനിറ്റിന്റെ പരിപാടി?
(തുടരും)
10 റൂൾ ഓഫ് 20
ചില നിരീക്ഷണങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും ഞാൻ എത്തിച്ചേർന്ന ഒരു താവളമാണ് Rule of 20, അഥവാ ഇരുപതിന്റെ നിയമം. 24 മണിക്കൂർ ഓരോ ദിവസവും ലഭിക്കുന്ന എനിക്ക്, അതിൽ നിന്നും 20 മിനിറ്റ് സ്വസ്ഥമായി ഇരുന്നു ധ്യാനിക്കാനും, 20 മിനിറ്റ് വ്യായാമം ചെയ്യാനും, 20 മിനിറ്റ് വീടിനു വെളിയിൽ നടക്കാനും ഉപയോഗിക്കണം എന്നു തീരുമാനിച്ചത് എന്റെയും, എനിക്കു ചുറ്റുമുള്ളവരുടെയും നന്മയ്ക്കു വേണ്ടിയാണ്.
ഈ ഒരു തീരുമാനം നടപ്പിലാക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്ന് ഇതിനു മുൻപുള്ള അദ്ധ്യായങ്ങൾ വായിച്ച നിങ്ങൾക്കു മനസ്സിലായിക്കാണും. ചിട്ടയായ ജീവിത ചര്യകളോട് വെറുപ്പുള്ള, ഒഴുകിയ ചാലിലൂടെ വീണ്ടും ഒഴുകാൻ വിമുഖതയുള്ള എനിക്ക് ഇതു വളരെ പ്രയാസമുള്ള ഒന്നായിരുന്നു. എനിക്ക് ഇത്തരത്തിൽ ആയിരുന്നു സംഭവിച്ചത് എന്നുകരുതി മറ്റൊരാൾക്ക് ഇങ്ങനെ ആയിരിക്കണമെന്നില്ല. നാമെല്ലാം വ്യത്യസ്തരാണല്ലോ. അതുകൊണ്ട് ഞാൻ എന്നോടു ക്ഷമിക്കുന്നു. ഈ മൂന്നു പ്രവർത്തികളും വളരെ പ്രാധാന്യമുള്ളതായി എന്റെ മനസ്സിൽ ഉറപ്പിക്കാനും വേണ്ടിവന്നു കുറെ ആഴ്ചകൾ. ഇത്രയും കാര്യങ്ങൾ ചെയ്താലും എനിക്കു മറ്റു കാര്യങ്ങൾ ചെയ്യാൻ ഓരോ ദിവസവും 23 മണിക്കൂറുകൾ ഉണ്ട് എന്നതിൽ ആശ്വാസമുണ്ട്.
മനസ്സും ശരീരവും ഒരുപോലെ ആരോഗ്യമുള്ളതാണെങ്കിൽ മാത്രമേ 'സുഖം' എന്ന അവസ്ഥയിൽ എത്തിച്ചേരുകയുള്ളു. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയൊള്ളു. അതുപോലെ ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലെ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയൊള്ളു. ഭക്ഷണം ഇതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. പക്ഷെ ഞാൻ അക്കാര്യം വിശദീകരിക്കുന്നില്ല. വിശപ്പ് എന്ന അഗ്നി ശരീരത്തിൽ പുലരുന്നതിനാൽ നാം എങ്ങനെയെങ്കിലും ഭക്ഷണം കഴിച്ചിരിക്കും. അമിതമായി കഴിക്കുക, അലക്ഷ്യമായി കഴിക്കുക, എന്താണ് കഴിക്കുന്നത് എന്നു അറിയാൻ ശ്രമിക്കാതെ കഴിക്കുക, രുചിയുടെ പിന്നാലെ പോയി ഗുണമുള്ള ഭക്ഷണപദാർഥങ്ങൻ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ നമ്മുടെ മനസ്സിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അതു പരിഹരിക്കാൻ കൂടി സഹായിക്കുന്നതാണ് ഇരുപതു മിനിറ്റു നേരമുള്ള ധ്യാനം.
ഇപ്പോൾ ഞാൻ റൂൾ ഓഫ് 20 ഏകദേശം ഭംഗിയായി പാലിക്കുന്നുണ്ട്. ഈ മൂന്നു പ്രവർത്തികളിൽ ഏറ്റവും പ്രയാസമുള്ളതായി എനിക്കനുഭവപ്പെട്ടത് ധ്യാനമാണ്. ധ്യാനത്തെ വൈകിക്കുമ്പോൾ (നീട്ടിക്കൊണ്ടു പോകുമ്പോൾ / Procrastinate ചെയ്യുമ്പോൾ) ഞാൻ സ്വയം പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. "എനിക്ക് എന്നെ നന്നാക്കിയെടുക്കാൻ കഴിയുന്ന അവസാനത്തെ ആയുധമാണ് ധ്യാനം. മറ്റൊരാൾ വന്ന് എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ചില പരിമിതികൾ ഉണ്ട്. എന്നാൽ ഏറ്റവും ഫലപ്രദമായി എല്ലാ പരിമിതികൾക്കും ഉപരിയായി എന്നെ ഉയർത്താൻ 20 മിനിറ്റിന്റെ ധ്യാനം കൊണ്ടു കഴിയും. എനിക്ക് എന്നോടു തരിമ്പെങ്കിലും സ്നേഹമുണ്ടെങ്കിൽ ഞാൻ നിശ്ചയമായും 20 മിനിറ്റ് ധ്യാനിച്ചിരിക്കും. ഞാൻ എന്നെ സ്നേഹിക്കുന്നു എന്നു തെളിയിക്കാൻ ഞാൻ 20 മിനിറ്റു ധ്യാനിച്ചിരിക്കും."
20 മിനിറ്റ് വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് 20 മിനിറ്റ് നടക്കുന്നത് എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകാം. ഒരർത്ഥത്തിൽ നേടാത്ത വ്യായാമം ആണല്ലോ. ഇതിനുള്ള ഉത്തരം ഇങ്ങനെയാണ്. വീടിനുള്ളിൽ നടക്കുന്നത് വ്യായാമം തന്നെയാണ്. എന്നാൽ വീടിനു പുറത്തിറങ്ങി കണ്ടും കേട്ടും നടക്കുക എന്നത് വേറെ ഒരു ലവലിലുള്ള കാര്യമാണ്. അത് മനസ്സിനു ഉന്മേഷം നൽകും. എന്തെകിലും കാരണത്താൽ മനസ്സ് ഉറഞ്ഞുപോയി എന്നിരിക്കട്ടെ. വീടിനു പുറത്തിറങ്ങി അല്പം നടന്നു തിരിച്ചു വരുമ്പോളേക്കും ആ അവസ്ഥ മാറിയിട്ടുള്ളതായി എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്. നിങ്ങൾക്കും ഉണ്ടായിരിക്കും എന്നു കരുതുന്നു.
വ്യായാമത്തിനായി ഞാൻ ചെയ്യുന്നത് കാർഡിയാക് എക്സർസൈസും അല്പം റെസിസ്റ്റൻസ് എക്സർസൈസും ആണ്. ഹൃദയ വ്യായാമം ചെയ്യുന്നതുകൊണ്ട് രക്തചംക്രമണം കൂടി ശരീര ചൈതന്യം വർദ്ധിക്കും. റെസിസ്റ്റൻസ് വ്യായാമം കൊണ്ട് കൊണ്ട് മാംസപേശികളുടെ ശക്തി വർധിക്കും. വീടിനുപുറത്തുള്ള നടത്തം പോലെ ഇതും മനസ്സിനു ഉന്മേഷം നൽകും.
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് 'ധ്യാനം'. പലപ്പോഴും അത് മതങ്ങളുമായോ, ഈശ്വരനുമായോ ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുക. എന്റെ സ്വന്തം നിഘണ്ടുവിൽ 'ധ്യാനം' എന്നതിന് 'പ്രാർത്ഥന' എന്ന് അർത്ഥമില്ല. 'ദൈവവിചാരം' എന്നും അർത്ഥമില്ല. ഭൂമിയിലെ ഏതെങ്കിലും മതവുമായി അതിന് ഒട്ടും തന്നെ ബന്ധമില്ല. ഒരു പക്ഷെ മതങ്ങൾ ഏതെങ്കിലും കാര്യത്തിനായി ആ വാക്ക് ഉപയോഗിച്ചിട്ടുണ്ടാവാം. ചില മതങ്ങൾ ധ്യാനമാർഗ്ഗങ്ങൾ വിശദീകരിക്കുന്നുമുണ്ടാവാം. മനുഷ്യരാശിയുടെ ഗതികേടാണ്, പൊതുസ്വത്തായ പലതും മതസ്വത്തായി മാറിയത്. ഭൂമിയോ, അതിലുള്ള കെട്ടിടങ്ങളോ കുൽസിതമാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തുന്നതുപോലെയല്ല ആശയങ്ങളെ വളഞ്ഞുപിടിച്ചു വേലിക്കെട്ടിലാക്കുന്നത്. 'ധ്യാനം' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന ആശയത്തിന് അങ്ങനെ ഒരു വിപര്യയം ഉണ്ടായിപോയി.
എന്റെ അനുഭവത്തിൽ ധ്യാനത്തിന് രണ്ടു കാര്യങ്ങൾ ഉണ്ട്. അതു രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നാമത്തേത് ശരീരത്തെ ശാന്തമാക്കുക. രണ്ടാമത്തേത് മനസ്സിനെ ശാന്തമാക്കുക. ഒന്നു ശാന്തമാകാതെ രണ്ടാമത്തേത് ശാന്തമാകില്ല. ആദ്യമായി, പ്രത്യക്ഷത്തിലുള്ള ശരീരത്തെ ശാന്തമാക്കാൻ നമുക്കു ശ്രമിക്കാം. ബാഹ്യമായ ഉത്തേജനങ്ങൾ കുറവുള്ള ഒരിടം തെരഞ്ഞെടുക്കുക. വലിയ ഒച്ചപ്പാടോ, ബഹളങ്ങളോ, ആൾത്തിരക്കോ ഇല്ലാത്ത ഒരിടം തെരഞ്ഞെടുക്കുക. അവിടെ കുറച്ചുനേരം വെറുതെ ഇരിക്കുക. ആയാസരഹിതമായി കുറച്ചുനേരം കഴിച്ചുകൂട്ടാൻ സാധിക്കുന്ന ഒരു ഇരിപ്പുസ്ഥിതി (posture, ആസനം) പരീക്ഷണങ്ങളിലൂടെ കണ്ടെത്താവുന്നതാണ്. നിലത്തോ, കസേരയിലോ, നിരപ്പുള്ള എവിടെ വേണമെങ്കിലുമോ ഇതാകാം. മനസ്സിന്റെ ശ്രദ്ധ ക്ഷണിക്കുന്ന ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സമയവും സ്ഥലവും ധ്യാനത്തിനായി തെരഞ്ഞെടുക്കേണ്ടതാണ്.
രണ്ടാമത്തേത് മനസ്സിനെ ശാന്തമാക്കുന്ന കാര്യമാണ്. മനസ്സിലെ ചിന്തകളെ ഉപമിക്കുന്നത് കടൽത്തിരകളോടാണ്. അത് വന്നുകൊണ്ടേയിരിക്കും. 'ഞാൻ കുറച്ചുനേരത്തേക്കു ചിന്തിക്കില്ല' എന്നു തീരുമാനിച്ചാൽ ചിന്തകൾ ഇല്ലാതെയാകില്ല. ചിന്തകളുടെ ബാഹുല്യം കുറയ്ക്കാൻ പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ മാത്രമായി ശ്രദ്ധിക്കാൻ പരിശീലിക്കുക എന്നതാണ് ഒന്നാമത്തെ മാർഗ്ഗം. മുന്നിലിരിക്കുന്ന ഏതെങ്കിലും ഒരു വസ്തുവിലോ, അല്ലെങ്കിൽ സ്വന്തം ശ്വാസഗതിയിലോ, അല്ലെങ്കിൽ ചെവിയിൽ മുഴങ്ങുന്ന ശബ്ദത്തിലോ, മനസ്സിൽ മുഴങ്ങുന്ന ശബ്ദത്തിലോ തീവ്രമായി ശ്രദ്ധിക്കുക.
ഒന്നിലും ശ്രദ്ധിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. ആദ്യത്തെ മാർഗ്ഗത്തെക്കാൾ പ്രയാസകരമാണ് ഈ മാർഗ്ഗം. രണ്ടു മാർഗ്ഗവും പരിശീലനം കൊണ്ട് സ്വായത്തമാക്കാവുന്നതാണ്.
ഇനിയും എന്റെ അനുഭവം വിവരിക്കാം. പ്രഭാതങ്ങൾ ആണ് പൊതുവെ ഞാൻ തിരഞ്ഞെടുത്ത സമയം. വെളിച്ചം പരക്കും മുൻപേ ഇപ്പോൾ ഞാൻ തനിയെ ഉണരാറുണ്ട്. നിലത്തു വിരിച്ച യോഗോ മാറ്റിനു പുറത്തു് കുഷ്യൻ ഉണ്ടാവും. അതിനു പുറത്തു് സുഖാസനത്തിൽ നിവർന്നിരിക്കും. ചിന്തകളുടെ തേരോട്ടമായിരുന്നു ആദ്യ കാലങ്ങളിൽ. പലപ്പോഴും കടിഞ്ഞാൺ വിട്ട് ഏറെ ദൂരം പോയശേഷമാണ്, കാടുകയറിപ്പോയി എന്നു തിരിച്ചറിയുന്നതു പോലും. കുതിരയെ മെല്ലെ തിരികെ കൊണ്ടുവരും. വീണ്ടും അതു കാടു കയറും, ഒരു മന്ദഹാസത്തോടെ വീണ്ടും തിരികെ കൊണ്ടുവരും. അങ്ങനെ അങ്ങനെ കുതിര കാടു കയറുന്നതു വല്ലപ്പോഴുമാകും. ഇപ്പോൾ ഈ അവസ്ഥവരെ മാത്രമേ എത്തിയിട്ടൊള്ളു. തൽക്കാലം അങ്ങനെ പോകട്ടെ. കുതിരയ്ക്കു ശിക്ഷ നൽകി, അതിനെ വരച്ച വരയിൽ നിറുത്താൻ താല്പര്യമില്ല. അതു ശരിയാണെന്നും തോന്നുന്നില്ല.
Rule of 20 നിങ്ങൾക്കായി ഞാൻ ശുപാർശ ചെയ്തുകൊള്ളുന്നു. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ഇത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. ഉറപ്പാണ്.
(തുടരും)
11 ഞാൻ പരാജയപ്പെട്ട സുദിനം
ഇരുപത്തിയൊമ്പതാമത്തെ (29) ആഴ്ചയിൽ തുടങ്ങിയ 'റൂൾ ഓഫ് 20' പദ്ധതി ഇന്ന് നാല്പതാമത്തെ ആഴ്ച (40) പൂർണ്ണമാക്കിയിരിക്കുന്നു. കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു. എല്ലാ ആഴ്ചകളിലും മൂന്നു പ്രവർത്തികളിലും പൂർണ്ണമായ ലക്ഷ്യം കണ്ടെത്തിയിട്ടില്ലെങ്കിലും, മനസ്സിന്റെ മുകൾത്തട്ടിൽ എപ്പോഴും ഈ മൂന്നു കാര്യങ്ങളും ചെയ്തിരിക്കണം എന്ന ചിന്ത ഉണ്ടായിരുന്നു. അത്രയും എന്നെക്കൊണ്ട് കഴിയുന്നുണ്ടല്ലോ! ഞാൻ എന്നെ അനുമോദിക്കുന്നു.
'റൂൾ ഓഫ് 20' യുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യം മനസ്സിനെ അറിയുക എന്നതാണ്. ആ അറിവിൽ, മനോസാമർഥ്യങ്ങളുടെ അറിവും മനോവൈകല്യങ്ങളുടെ അറിവും ഉണ്ട്. ഓരോ വൈകല്യവും നമുക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും. തിരിച്ചറിയപ്പെട്ട വൈകല്യങ്ങളെ പരിഹരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നാം എപ്പൊഴോ തുടങ്ങുന്നു. ഓരോ വൈകല്യത്തെയും നാം അതിജീവിക്കുമ്പോൾ നമ്മുടെ മനോസാമർഥ്യം കൂടുന്നു. ജീവിതമല്ലെ! പുതിയ വൈകല്യങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുകൂടാം. അതിനെ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. തിരിച്ചറിഞ്ഞാൽ, അതിനെ പരിഹരിക്കാൻ ശ്രമം തുടങ്ങാം. എന്റെ 'റൂൾ ഓഫ് 20' യാത്രയിൽ പല വൈകല്യങ്ങളും തിരിച്ചറിയപ്പെട്ടു. ചിലതിനെ അതിന്റെ പാട്ടിനു വിട്ടു. മറ്റു ചിലതിനെ പരിഹരിക്കാൻ ശ്രമം തുടങ്ങി. അതിലൊന്ന് മറ്റുള്ളവരോട് 'മര്യാദയായി' പെരുമാറുക എന്നതായിരുന്നു. (Rude ആകാതെയിരിക്കുക).
പൊതുവെ മറ്റുള്ളവരോടു മര്യാദയായിട്ടായിരുന്നു ഞാൻ പെരുമാറിയിരുന്നത്. വളരെ അപൂർവ്വമായി മനസ്സിന്റെ നിയന്ത്രണം വിട്ട് മറ്റുള്ളവരോട് ക്ഷുഭിതനായിട്ടുണ്ട്. അങ്ങനെ പറ്റിപ്പോയതിൽ ഞാൻ നിർവ്യാജമായി, പരസ്യമായും ചിലപ്പോൾ രഹസ്യമായും ക്ഷമ ചോദിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങൾ ഉണങ്ങാത്ത മുറിവുകളായി എക്കാലവും അവശേഷിക്കുന്നു എന്നത് ഞാൻ തിരിച്ചറിയുന്നു. ഓരോ തവണയും അത്തരം ഓർമ്മകൾ എന്നെ വേദനിപ്പിക്കുകയും ചെയ്യുന്നു. മതങ്ങൾ പറയുന്ന 'നരകം' ഇതുപോലുള്ള വേദനകളാണ് എന്ന് എനിക്കു ബോദ്ധ്യമുണ്ട്.
ഈ പറഞ്ഞ കലാപരിപാടിക്കു രണ്ടു വശങ്ങളുണ്ട്. പ്രത്യക്ഷവും, നിഗൂഢവും. പ്രത്യക്ഷമായുള്ളതിൽ വാക്കും പ്രവർത്തിയും ഉണ്ട്. ഗൂഢമായതിൽ ചിന്ത അഥവാ മനോഭാവം ഉണ്ട്. പുറമെ ഉള്ള പാച്ചുവർക്കിനെക്കാൾ ഉത്തമം അകമേയുള്ള പരിഹാരക്രിയയാണ്. മനോഭാവത്തിലും ചിന്തയിലും മാറ്റം വരുത്തിയാൽ, പുറമെയുള്ള വാക്കിലും പ്രവർത്തിയിലും സ്ഥായിയായ മാറ്റം വരും. ഇല്ലെങ്കിൽ നാം അറിയാതെ ഉള്ളിലുള്ള മനോഭാവം എപ്പോളെങ്കിലും പുറത്തു ചാടും. ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അകമേയുള്ള മാറ്റമായിരുന്നു. എല്ലാവരും എന്നെപ്പോലെയാണ്. എല്ലാവരും പ്രാധാനപ്പെട്ടവരാണ്, അതുകൊണ്ട് ആരും മോശമായ പെരുമാറ്റം എന്നിൽനിന്നും അർഹിക്കുന്നില്ല. ഇതു ഞാൻ എന്നെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു. തുറന്നു പറയട്ടെ. കഴിഞ്ഞ ദിവസം ഞാൻ പരാജയപ്പെട്ടുപോയി. വളരെ വേണ്ടപ്പെട്ട ഒരാളോട്, എന്റെ പ്രശ്നങ്ങൾ ഏറ്റവും നന്നായി അറിയാവുന്ന ഒരാളോട് അല്പം ഈർഷ്യയോടെ സംസാരിച്ചു തുടങ്ങി. ഉടനെ തന്നെ അതു ഞാൻ തിരിച്ചറിഞ്ഞു. സോറി പറഞ്ഞു. എങ്കിലും അങ്ങനെ സംഭവിച്ചുപോയി.
ഞാൻ എന്നെ ശിക്ഷിക്കുന്നില്ല. പകരം സ്നേഹത്തോടെ ഉപദേശിച്ചു, ഇനിയും ആവർത്തിക്കരുത് എന്ന്.
എന്തിനാണ് മനുഷ്യജന്മം? ഞാൻ മനസ്സിലാക്കിയത് ഇതാണ്. ജീവിതത്തിലൂടെ നാം ചിലതൊക്കെ പഠിക്കുകയാണ്. പഠനത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ നാം അമാനുഷരായിത്തീരും. അതാണ് മനുഷ്യപരിണാമത്തിന്റെ അടുത്ത ഘട്ടം. അവിടെ രൂപപരിണാമമല്ല സംഭവിക്കുന്നത്. പ്രത്യുത, ആന്തരികപരിണാമം ആണ് സംഭവിക്കുന്നത്.
(തുടരും)
ദ്വിജൻ 12 - പരിണാമത്തിന്റെ വഴിയിൽ
ജീവിതത്തിന്റെ അർത്ഥം എന്തെന്നറിയാനുള്ള ആകാംഷ പുരാതനകാലം മുതൽ ഉണ്ടായിരുന്നു. ജീവിതത്തിന് ഒരർത്ഥവും ഇല്ല എന്നും, അതു തേടി സമയം കളയുന്നത് അനർത്ഥമാണെന്നുമുള്ള വാദം ഒരുവശത്തുണ്ട്. നമുക്കു മറുവാദങ്ങളിലേക്കു പോകാം. ഭാരതീയ വിചാരധാരകളിൽ മായാവാദവും, കർമ്മസിദ്ധാന്തവും, ശക്തിയോടെ ഇന്നും നിലനിൽക്കുന്നു. സ്വർഗത്തിലേക്കുള്ള തെരഞ്ഞെടുപ്പുകേന്ദ്രമാണ് (recruitment centre) ഭൂമി എന്ന സെമറ്റിക് മതങ്ങളുടെ സങ്കല്പവും ശക്തമായി കളത്തിലുണ്ട്. എന്തായാലും വാദങ്ങൾക്കൊക്കെ കൃത്യമായ തെളിവുകൾ ലഭിക്കുന്നതുവരെ ഈ ചർച്ച അഭംഗുരം തുടരും. പുതിയ വാദങ്ങൾ ജനിക്കുകയും ചെയ്യും. അതിൽ എനിക്കു താല്പര്യമില്ല.
വളരെ സങ്കീർണ്ണമായ ചില സന്ദർഭങ്ങളിൽ നമ്മളിൽ ഓരോരുത്തരും ചിന്തിച്ചിരിക്കും എന്താണ് ജീവിതം എന്ന്. സ്വയം ആഗ്രഹിക്കാതെ എന്തിനാണ് ഞാൻ ജനിച്ചത്? അതോ ഞാൻ അങ്ങനെ ആഗ്രഹിച്ചിരുന്നോ? മരണം കഴിഞ്ഞാൽ എന്തു സംഭവിക്കുന്നു? ജനിക്കുന്നതിനു മുൻപ് എന്റെ അവസ്ഥ എന്തായിരുന്നു? ഗർഭപാത്രത്തിൽ കഴിഞ്ഞിരുന്ന അവസ്ഥ എനിക്ക് ഓർക്കാൻ കഴിയുന്നില്ലല്ലോ!
മേൽ നിരത്തിയ എല്ലാ കാര്യങ്ങളും പല സന്ദർഭങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട്. തൃപ്തികരമായ ഉത്തരങ്ങൾ ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അധികം ചിന്തിക്കേണ്ട എന്നു ഞാൻ തീരുമാനിച്ചു. അതിനു പകരമായി, ലഭിച്ച ജീവിതം അതുല്യമാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് വേണ്ടത് എന്നാണ് ഇപ്പോളുള്ള നിലപാട്. ഭൂമിയെ സ്വർഗ്ഗമായി കാണാനുള്ള വേറിട്ട കാഴ്ചപ്പാട് വികസിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. സഹജീവികളുമായി ഏറ്റവും രമ്യതയിൽ വർത്തിക്കുവാനുള്ള നിലപാട് വികസിപ്പിക്കുവാനാണ് ശ്രമിക്കുന്നത്.
ജീവപരിണാമത്തിന്റെ ഉത്തുംഗ നിലയിലാണ് മനുഷ്യർ എന്നു ശാസ്ത്രജ്ഞാനികൾ പറയുന്നു. പക്ഷെ നമുക്കറിയാം, പരിണാമത്തിൽ ഇനിയും സാധ്യതകൾ ഉണ്ട് എന്ന്. മനുഷ്യനും അപ്പുറത്തുള്ള ജീവികൾ ഉണ്ടാകാനുള്ള അനന്തമായ സാധ്യത മുന്നിലുണ്ട്. ഒരു പക്ഷെ കാലാന്തരത്തിൽ മനുഷ്യരേക്കാൾ മികച്ച മറ്റൊരു ജീവി ഉണ്ടായേക്കാം. അഥവാ ഭൗമേതര വ്യാപ്തിയിൽ ഇപ്പോൾത്തന്നെ ഉണ്ടായിരിക്കാം. പക്ഷെ ബാഹ്യമായ പരിണാമം ഈ ശരീരത്തിനു സാധ്യമല്ലെങ്കിലും, ആന്തരികമായ പരിണാമത്തിനുള്ള സാധ്യതകൾ നമുക്കു മുന്നിൽ ഉണ്ട്. അത് ഈ ജന്മത്തിൽ തന്നെ സാധ്യമാണ് താനും. നമുക്കും സമൂഹത്തിനും ഗുണകരമായേക്കാവുന്ന അത്തരം ആന്തരിക പരിണാമങ്ങൾക്കാണ് നാം ശ്രമിക്കേണ്ടത് എന്നാണ് ഞാൻ കരുതുന്നത്. അതാവണം അമാനുഷൻ. നിയന്ത്രണം വിട്ടു താഴേക്കു നിപതിക്കുന്ന വ്യോമയാനം കൈകളിൽ താങ്ങിയെടുത്തു കരഘോഷം നേടിയെടുക്കുന്നയാളല്ല സൂപ്പർമാൻ. നിലവിട്ട് അലഞ്ഞുലയുന്ന സ്വന്തം ജീവിതത്തെ ഭദ്രമാക്കി, തനിക്കും സമൂഹത്തിനും ഉപകാരം ചെയ്യുന്ന ആളാണ് സൂപ്പർമാൻ.
(തുടരും)
13. വീണ്ടും ചലിക്കുന്ന സൂര്യൻ
നാല്പത്തിയൊന്നാമത്തെ ആഴ്ച കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആഴ്ച 5 മണിക്കൂർ ധ്യാനത്തിൽ മുഴുകാൻ കഴിഞ്ഞു. രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം 13 ആഴ്ചകൾ ഇതിനോടകം കഴിഞ്ഞിരിക്കുന്നു. കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ട ഒരു കാര്യം ഇതാണ്.
ധ്യാനനിരതമായ ആദ്യത്തെ ഇരുപത്തിയഞ്ചു മണിക്കൂറുകൾ കടന്നുകിട്ടാൻ പത്തു് ആഴ്ചകൾ വേണ്ടിവന്നു. വളരെ ശ്രമകരമായ ദിനരാത്രങ്ങൾ ആയിരുന്നു അത്. ഞാൻ എന്നെത്തന്നെ പിടിച്ചിരുത്തുകയായിരുന്നു. ശരീരം ഏറെക്കുറെ സ്വസ്ഥമായിരിക്കുമ്പോളും ഒരു നിയന്ത്രണവുമില്ലാതെ മനസ്സ് നൂറു നൂറു വിഷയങ്ങളിൽ വ്യാപരിക്കുകയായിരുന്നു. 25 മണിക്കൂറുകൾ കടന്നതോടെ എനിക്കാവേശമായി. അത്രയും നേടിയെടുക്കാൻ എനിക്കായല്ലോ എന്ന് ചിന്തിച്ചു ഞാൻ അഭിമാനിക്കാൻ ശ്രമിക്കുന്നു. അതിൽക്കൂടുതൽ എനിക്കു ചെയ്യാനാകും എന്ന ആത്മവിശ്വാസം എന്നിൽ നിറയുന്നു. മണിക്കൂറുകൾ അമ്പതോ, നൂറോ, ആയിരമോ എത്തിക്കുന്നതിനുപരി വിശ്വസൗന്ദര്യത്തെ ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ ഒരു സമയം 40 മിനിറ്റിൽ കൂടുതൽ ഏറെക്കുറെ ചാഞ്ചല്യമില്ലാതെ കഴിയാൻ സാധിക്കുന്നുണ്ട്. ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. എങ്കിലും ഞാൻ എന്നെ അനുമോദിക്കാൻ ഈ അവസരം വിനയപൂർവ്വം വിനിയോഗിക്കാട്ടെ.
മനസ്സു കെട്ടുപോയി ജഡത്വം (intertia) ബാധിച്ച ഒരവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഞാനീ പരീക്ഷണം തുടങ്ങിയത്. വിഷാദത്തിന്റെ (depression) പിന്നാമ്പുറങ്ങളിൽ മാറ്റിവയ്ക്കൽ (procrastination) കുഞ്ഞുങ്ങളെ പെറ്റു കിടക്കുകയായിരുന്നു ഞാൻ. മടിയായിരുന്നു മൊത്തത്തിൽ. അലസമായ രാപകലുകൾ. ഊർജ്ജം നഷ്ടപ്പെട്ട്, വെറും ചണ്ടിയായ കരിമ്പിൻ തണ്ടുപോലെ ജീവിതം മാറിക്കൊണ്ടിരുന്നു. മറ്റുള്ളവരോട് താല്പര്യമില്ലായ്മ, ശുണ്ഠി, ദേഷ്യം, പഴിചാരൽ അങ്ങനെ പോയി കലാപരിപാടികൾ. കുറച്ചു കഴിഞ്ഞെങ്കിലും ആ അവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് ഭാഗ്യമായി കരുതുന്നു. പരീക്ഷണം പരാജയപ്പെട്ടാൽ പ്രൊഫഷണൽ സഹായം തേടാൻ തീരുമാനിച്ചിരുന്നു. മരുന്നുകൾക്കു മുമ്പേ ഒരു വഴി തുറന്നുകിട്ടുമോ എന്നു നോക്കി.
പ്രഭാതങ്ങളിൽ അല്പം നേരത്തെ ഉണരുക എന്ന ലക്ഷ്യവുമായി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും തുടങ്ങിയ ഞാൻ Rule of 20 വികസിപ്പിച്ചു. ഒരു പുനർജ്ജന്മത്തിന്റെ പ്രസരിപ്പോടെ പ്രഭാതങ്ങളെ സുപ്രഭാതങ്ങൾ ആക്കിക്കൊണ്ട് ഞാൻ ഇപ്പോൾ നേരത്തെ ഉണരുന്നു. നേരത്തെ ഉണരുക എന്നത് ഇപ്പോൾ എനിക്കൊരു വിഷയമല്ല. അതിനും അപ്പുറത്തുള്ള വിശാലലക്ഷ്യങ്ങളിലേക്കാണ് എന്റെ പാദങ്ങൾ ചലിക്കുന്നത്.
എന്റെ സൂര്യൻ വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു. അണഞ്ഞുപോയതിൽ നിന്നും പ്രകാശനാളങ്ങൾ പുനർജ്ജനിച്ചിരിക്കുന്നു. അതിൽ നിന്നെത്തുന്ന ഊർജ്ജം എന്നെ കർമ്മനിരതനാക്കുന്നു. എന്റെ വഴികളിൽ സുഗന്ധവാഹിയായ പുഷ്പങ്ങൾ വീണ്ടും വിടരുന്നു. ഇലകൾ ഇളകുന്നു, കുയിലുകൾ പാടുന്നു. ഇളം തെന്നൽ എന്നെ തഴുകി കടന്നു പോകുന്നു. ചലനത്തിന്റെ മഹാപ്രവാഹത്തിൽ അകർമ്മത്തിന്റെ ജഡാവസ്ഥയിൽ നിന്നും ഞാൻ ഉയിർത്തെഴുനേൽക്കുന്നു.
(അവസാനിച്ചു)