( Divya Reenesh)
ടൗണിൽ ആദ്യം കണ്ട ടെക്സ്റ്റെയ്ൽ ഷോപ്പിൽ കയറുമ്പോൾ അയാൾക്ക് ചോറക്കറ പുരണ്ട തൻ്റെ കുപ്പായം ഒന്നു മാറ്റണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഒരു ഷേട്ട്" അയാൾ കേറിയപാടേ പറഞ്ഞു.
"സാറേ ജെൻ്റ്സ് ഐറ്റം മുകളിലാ."
എൻട്രൻസിൽ നിന്നിരുന്ന പെൺകുട്ടി അയാളുടെ നേരെ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു. മുകളിലെക്കുള്ള സ്റ്റെപ്പുകൾ കയറാൻ തുടങ്ങവേ അയാൾക്ക് മുന്നിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നു വന്നു.
"സർ ലിഫ്റ്റ് ഉപയോഗിക്കാം."
അപരിചിതനായ ആ ചെറുപ്പക്കാരനൊപ്പം അയാൾ ലിഫ്റ്റിലേക്ക് കയറി. ലിഫ്റ്റിൻ്റെ വാതിൽ അടഞ്ഞു. രണ്ടാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് താനെ നിന്നു. വാതിൽ തുറക്കപ്പെട്ടു. അയാൾ തിടുക്കത്തിൽ ഇറങ്ങാൻ ശ്രമിക്കവേ ചെറുപ്പക്കാരൻ വീണ്ടുമയാളെ തടഞ്ഞു കൊണ്ടു പറഞ്ഞു.
"സാറിനിറങ്ങേണ്ടത് നെക്സ്റ്റ് ഫ്ലോറിലാണ്."
രണ്ടാം നില ലേഡീസ് സെക്ഷനാണ്. മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും കൈനിറയെ കവറുകളുമായി ലിഫ്റ്റിലേക്ക് കയറി. ലിഫ്റ്റ് ഇളകാൻ തുടങ്ങിയതും കുട്ടികൾ രണ്ടുപേരും അവരുടെ അമ്മയുടെ സാരിയിൽ പിടിമുറുക്കാൻ തുടങ്ങി. വിളറിയ ചിരിയോടെ അവർ അയാളെയും ടെക്സ്റ്റൈൽസിലെ ജീവനക്കാരനേയും മാറിമാറി നോക്കാൻ തുടങ്ങി. ലിഫ്റ്റ് മൂന്നാം നിലയിൽ എത്തിയപ്പോഴേക്കും ചെറുപ്പക്കാരനും കുട്ടികളും തമ്മിൽ നല്ല ചങ്ങാത്തത്തിലായിരുന്നു.
അവരെല്ലാവരും ഒരുമിച്ചാണ് മൂന്നാമത്തെ ഫ്ലോറിലേക്ക് കയറിയത്. കുറച്ചു നേരം അയാൾ അവിടമാകെ നോക്കി നിന്നു. വിശാലമായ മൂന്നാം നിലയുടെ ഏതോ കോണിൽ നിന്നും നേരിയ ശബ്ദത്തിൽ അയാൾക്ക് പരിചിതമല്ലാത്ത ഭാഷയിലുള്ള ഒരു പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു. ഏസിയുടെ തണുപ്പ് ശരീരത്തോടൊപ്പം അയാളുടെ മനസ്സിനേയും തണുപ്പിക്കാൻ തുടങ്ങിയിരുന്നു. പുരുഷ സൗന്ദര്യം വിളിച്ചോതുന്ന മൂന്നാല് ആൾരൂപങ്ങൾ സ്യൂട്ടണിഞ്ഞ് അവിടവിടായി നിൽപ്പുണ്ട്.
അയാളാദ്യമായാണ് അത്തരമൊരു കടയിൽ കയറുന്നതു തന്നെ. അന്ധാളിപ്പോടെ ചുറ്റും നോക്കി നിൽക്കേ പതിഞ്ഞമൂക്കുകളുള്ള ഒരു മധ്യവയസ്കൻ അയാളുടെ നേരെ നടന്നടുത്തു.
"സർ എന്താണ് വേണ്ടത്?."
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
"എനിക്ക്… എനിക്കൊരു ഷേട്ട് വേണം."
അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
"അലക്സാണ്ടർ ഇദ്ദേഹത്തിനൊരു സേട്ട്"
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ലിഫ്റ്റിനു നേരെ നടന്നകന്നു. ഇത്തവണ അയാളുടെ ശബ്ദം പരുഷമായിരുന്നു.
ഉയരം കൂടി വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ഒരല്പം ഭയത്തോടെ അയാൾക്ക് നേരെ നടന്നടുത്തു.
"സർ വരൂ എത്രയാ സൈസ്.?"
അയാൾ തിടുക്കത്തിൽ ചോദിച്ചു.
"നാല്പത്തി രണ്ട്"
അയാൾ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. അലക്സാണ്ടർ അയാളെയും കൂട്ടി മുന്നോട്ട് നടന്നു. ഷേട്ടുകൾ നിരത്തി വെച്ച അട്ടിയിൽ നിന്നും ഒരഞ്ചാറെണ്ണം വലിച്ചെടുത്ത് അയാളുടെ മുന്നിലേക്ക് നിരത്തി വെച്ചു. ഭവ്യതയോടെ മാറി നിന്നു. അയാളാലോചിച്ചു.
അലക്സാണ്ടർ, നല്ല പേര്. അയാളുടെ ഓർമ്മ ശരിയാണെങ്കിൽ അതൊരു കുതിരയുടെ പേരാണ്. നീണ്ട കഴുത്തും മെലിഞ്ഞു വെളുത്ത ശരീരവുമുള്ള അയാൾക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണത്
"സർ ഏതാണിഷ്ടപ്പെട്ടത്?."
അലക്സാണ്ടർ അയാൾക്ക് നേരെ പുരികമുയർത്തികൊണ്ട് ചോദിച്ചു. സത്യം പറയട്ടേ അലക്സാണ്ടർ എന്ന പേരിൽ കുടുങ്ങി അയാൾ ഷേട്ടിൻ്റെ കാര്യം മറന്നു പോയിരുന്നു.
മെറൂൺ കളറുള്ള ഒരു ഷേട്ടിൽ അയാളുടെ കണ്ണുകൾ ഉടക്കി നിന്നു.
"ഇതു മതി"
അയാളാ ഷേട്ടിൽ തൊട്ടുകൊണ്ടു പറഞ്ഞു.
"ബില്ല് റെഡിയാക്കട്ടേ?"
ചെറുപ്പക്കാരൻ വീണ്ടുമയാളെ നോക്കിക്കൊണ്ട് ചോദിച്ചു. സമ്മത ഭാവത്തിൽ അയാൾ തല കുലുക്കി.
പാക്ക് ചെയ്ത ഷേട്ട് കയ്യിൽ പിടിച്ച് അയാളൊരു നിമിഷം നിന്നു.
"ഇത് ഞാനിട്ടോട്ടെ"
പതുക്കെ അയാൾ അലക്സാണ്ടറോട് ചോദിച്ചു.
"ഓ ഷുവർ സർ അതാണ് ഡ്രസ്സിംഗ് റൂം."
അയാൾ പതുക്കെ അതിനുള്ളിലേക്ക് നടന്നു. കഷ്ടിച്ച് രണ്ടു പേർക്ക് നിൽക്കാനുള്ള സ്ഥലം അതിനുള്ളിലുണ്ടായിരുന്നു. ചുറ്റോടും കണ്ണാടിച്ചുമരുള്ള ചെറീയോരു കൂട്. അയാൾ ഇട്ടിരുന്ന ഷേട്ട് അഴിച്ചു മാറ്റി കവറിലേക്കിട്ടു. വലതു കൈമടക്കിനുള്ളിൽ നിറയെ ചോരയായിരുന്നു. കുപ്പായത്തിനുള്ളിലിട്ട ബനിയനിലും ചോരച്ചുവപ്പ് പതുക്കെപ്പടരാൻ തുടങ്ങിയിട്ടുണ്ടായിരുന്നു. പുതിയ ഷർട്ട് ധരിച്ച് അയാൾ പുറത്തേക്കിറങ്ങി.
"സർ ബില്ല് താഴെ കാണിച്ചാൽ മതി."
അലക്സാണ്ടർ അയാൾക്കൊപ്പം ലിഫ്റ്റിൽ കയറി. ഗ്രൗണ്ട് ഫ്ലോറിൽ പണമടച്ച് അയാൾ പുറത്തേക്കിറങ്ങി. റോഡിൽ നല്ല വെയിലായിരുന്നു. അയാൾ വാച്ചിലേക്ക് നോക്കി സമയം പത്തരയാവാൻ അഞ്ച് മിനുട്ട് കൂടി ബാക്കിയുണ്ട്. അയാൾ റോഡിനപ്പുറത്ത് കടന്നു മുന്നോട്ട് നടന്നു. ആദ്യം കണ്ട ഹോട്ടലിൽ കയറി. തിരക്കു കുറഞ്ഞൊരു ഹോട്ടലായിരുന്നു അത്. വെയ്റ്ററാണെന്ന് തോന്നിപ്പിക്കുന്നൊരാൾ അയാളുടെ മുന്നിൽ വന്നു നിന്നു.
"ന്താ വേണ്ടത്?."
അഴിഞ്ഞു വീണ ലുങ്കിയുടെ അറ്റം ഉയർത്തിപ്പിടിച്ച് അലക്ഷ്യഭാവത്തിൽ അയാൾ ചോദിച്ചു.
"എന്തൊക്കെയുണ്ട്?"
എന്നൊരു മറു ചോദ്യമെറിഞ്ഞയാൾ സപ്ലയെറെത്തന്നെ നോക്കി നിന്നു.
"ഇടിയപ്പം ഇലയട പത്തിരി വെള്ളേപ്പം ചപ്പാത്തി പൂരി ദോശ അട വട ബോണ്ട മുട്ടക്കറി കടലക്കറി ബാജിക്കറി…"
അതങ്ങനെ നീണ്ടു പോയി.
"രണ്ട് വെള്ളേപ്പോം മുട്ടക്കറീം."
വെയ്റ്റർ അകത്തേക്ക് നടന്നു. മുട്ടക്കറിക്ക് വല്ലാത്ത പുളിപ്പുണ്ടായിരുന്നു. അത് ഗൗനിക്കാതെ മുഴുവനും കഴിച്ച് അയാൾ എഴുന്നേറ്റു. പണം കൊടുക്കുന്നുണ്ടേൽ എന്തും പരമാവധി മുതലാക്കുക എന്നത് അയാൾക്ക് പണ്ടേ ശീലമായിരുന്നു. കൈകഴുകി ബില്ലടച്ച് അയാൾ പുറത്തിറങ്ങി. ബസ്സ് സ്റ്റോപ്പിലേക്ക് അലസമായി നടക്കുമ്പോൾ അയാൾ ചിന്തിച്ചത് മുഴുവൻ ആ പെൺകുട്ടിയെക്കുറിച്ചായിരുന്നു… കഷ്ടിച്ച് അവൾക്കൊരു പന്ത്രണ്ട് വയസ്സുകാണും…
ബസ്സ്സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല. പതിനൊന്ന് മണിക്കാണ് തെരുവത്തേക്കുള്ള അടുത്ത ബസ്സ്. മണി പതിനൊന്നാകാൻ ഇനിയും പത്ത് മിനിട്ടുകൂടിയുണ്ട്. അഞ്ച് വർഷമായി ഈ ദിവസം പുലർച്ചെ ആറിനുള്ള യാത്ര ഇന്ന് മാത്രമാണ് മുടങ്ങിപ്പോയത്. അതിലയാൾക്ക് കുറച്ചൊന്നുമല്ല ഖേദം തോന്നിയത്. പതിനൊന്നിൻ്റെ ബസ്സിൽ നല്ല തിരക്കായിരുന്നു. ഇനി രണ്ട് മണിക്കൂർ കഴിഞ്ഞേ ഈ റൂട്ടിലേക്ക് ബസ്സുള്ളൂ. കമ്പിയിൽ പിടിച്ച് അയാൾ തൻ്റെ ചിന്തകൾക്കൊപ്പം തൂങ്ങി നിന്നു. കണ്ടക്ടർ വന്ന മുറയ്ക്ക് തെരുവം പള്ളി എന്നയാൾ പതുക്കെ പറഞ്ഞു. നീണ്ട പാടവും കുന്നും റബ്ബർ തോട്ടങ്ങളും കടന്ന് ബസ്സ് തെരുവത്തെത്തുമ്പഴേക്കും സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. പള്ളിക്കുമുന്നിലുള്ള കടയിൽ നിന്നും വെളുത്ത റോസാ പൂക്കൾ വാങ്ങി അയാൾ പള്ളിമേടയിലേക്ക് കയറി.അവിടെ അച്ചൻ അയാളെ കാത്തെന്നോണം നിൽപ്പുണ്ടായിരുന്നു.
"വൈകിപ്പോയി അച്ചോ"
അയാൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു
"എനിക്കറിയാമായിരുന്നു എത്ര വൈകിയാലും നീ വരുമെന്ന്."
അച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"നീ ചെല്ല് അവൾ നിന്നെ കാത്തിരിക്കുന്നുണ്ടാകും."
അയാൾ കയ്യിലെ പൂക്കൾ മുറുകെ പിടിച്ചു കൊണ്ട് പള്ളി സെമിത്തേരിയിലേക്ക് കടന്നു.
പതുക്കെ തെക്കുഭാഗത്തെ ശ്മശാനത്തിലേക്ക്... അവസാനത്തെ വരിയിലെ രണ്ടാമത്തെ കല്ലറയ്ക്ക് മുന്നിൽ മുട്ടുകുത്തി നിന്നു. മരിയ മരിച്ചിട്ട് ഇന്നേക്ക് അഞ്ചു വർഷം തികയുന്നു. മരിയ അയാളുടെ മകളായിരുന്നു. വെളുത്ത റോസാപ്പൂക്കൾ അവൾക്കേറ്റവും പ്രീയ്യപ്പെട്ടവയായിരുന്നു. അവളുടെ ശവക്കല്ലറയ്ക്ക് മുകളിൽ പൂക്കൾ വച്ച് അയാൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു. വൈകിവന്നതിൽ അവളോട് ക്ഷമാപണം നടത്തി. അടച്ചു വച്ച അയാളുടെ കണ്ണുകൾക്കുള്ളിൽ അന്നത്തെ ദിവസം തെളിഞ്ഞു നിന്നു…
രാവിലെ ആറു മണിക്കുള്ള ബസ്സ് പിടിക്കാൻ സ്റ്റോപ്പിലേക്ക് വന്നതായിരുന്നു അയാൾ. പെട്ടെന്നായിരുന്നു ഒരു പെൺകുട്ടി ചുറ്റും ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തത്.അപ്രതീക്ഷിതമായാണ് വേഗത്തിൽ ഒരു സ്കോർപിയോ പാഞ്ഞു വന്ന് അവളെ തട്ടിയിട്ടു കളഞ്ഞതും.പെൺകുട്ടിയുടെ ബോധം പോയിരുന്നു. ശരീരത്തിലെവിടെയും മുറിവുകളുണ്ടായിരുന്നില്ല.മരിയയ്ക്കും അങ്ങനെ തന്നെയായിരുന്നല്ലോ. ആശുപത്രിയിലെത്തും വരെയും അവളുടെ ചെവിയിൽ നിന്നും ഒഴുകി വന്ന ചോരയുടെ ചൂട് അയാളറിഞ്ഞിരുന്നില്ല.
"പേടിക്കാനൊന്നുമില്ല. ചെറിയ മുറിവുകൾ മാത്രമേ ഉള്ളൂ. ഇൻ്റേണൽ ഇൻച്വറി ഒന്നും തന്നെയില്ല."
ഡോ ചിരിച്ചു കൊണ്ട് പറഞ്ഞു...
അയാൾക്ക് നല്ല ഓർമ്മയുണ്ടായിരുന്നു. അന്നൊരു വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനും മൂന്നരയ്ക്കുമിടയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പഴാണ് കവലയിലൊരാൾക്കൂട്ടം. അയാൾ അതിനുള്ളിലേക്ക് നൂണ്ടു കയറി.
"ന്തേ?"
തൊട്ടടുത്ത് നിൽക്കുന്ന ആളിനോട് കാര്യം തിരക്കി.
"അതൊരു വണ്ടി തട്ടീട്ടതാ. വണ്ടി നിർത്താതെ പോയി. കുട്ടിക്ക് കാണാൻ കുഴപ്പോന്നൂല്ല."
"അയ്യോ ന്ന്ട്ട് നെങ്ങളാരും കുട്ടിനെ ആശൂത്രീല് കൊണ്ടോയില്ലേ."
മുന്നിലേക്ക് തള്ളിക്കയറി അയാൾ റോഡിനു നടുവിലേക്ക് കയറിനിന്നു. പെട്ടന്ന് അയാൾക്ക് തളർച്ച തോന്നി. അവളുടെ മഞ്ഞപ്പാവാട ടാറിട്ട റൊഡിൽ വിരിഞ്ഞു കിടന്നിരുന്നു.
"മരിയാ എഴുന്നേൽക്കൂ…"
അയാളാർത്തു വിളിച്ചു കൊണ്ട് അവളെ വാരിയെടുത്തു…
"അരമണിക്കൂർ മുമ്പ് കൊണ്ടു വന്നിരുന്നു വെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു."
ഡോക്ടർ പറയുന്നുണ്ടായിരുന്നു. ആശുപത്രി വരാന്തയിൽ അയാൾ തളർന്നിരുന്നു. കുഞ്ഞു മരിയ അയാളുടെ ഓർമ്മകളിൽ നിറഞ്ഞു നിന്നു. അയാൾ പതുക്കെ കണ്ണുകൾ തുറന്നു. തിരിച്ചു നടക്കുമ്പോൾ എണ്ണമയമില്ലാത്ത അയാളുടെ മുടിയിഴകളിൽ തഴുകി ഒരു കാറ്റ് പതുക്കെ വീശുന്നുണ്ടായിരുന്നു.