(T V Sreedevi)
ഏകദേശം രാത്രി പത്തു മണിയായിട്ടുണ്ടാകും. ഞാൻ എന്റെ മുറിയിൽ കമ്പ്യൂട്ടറിനു മുൻപിലിരുന്ന് ഒരു അത്യാവശ്യ ജോലി ചെയ്തു തീർക്കുകയായിരുന്നു. അപ്പോഴാണ് എന്റെ ഫോൺ നിർത്താതെ ബെല്ലടിച്ചത്. ഫോണെടുത്ത് "ഹലോ "പറഞ്ഞപ്പോൾ മറു വശത്ത് ഒരു കിളിനാദം.
"ഇതുവരെ ഉറങ്ങിയില്ലേ..?"..ചോദ്യം.
"ഇതാരാണ്?"ഞാൻ ചോദിച്ചു.
"എ വെൽ വിഷർ.."പെൺകുട്ടിയുടെ മറുപടി.
"എന്റെ നമ്പർ എങ്ങനെ കിട്ടി?"ഞാൻ ചോദിച്ചു.
"ഇഷ്ടമുള്ളവരുടെ നമ്പർ കിട്ടാനാണോ വിഷമം?"
ചോദ്യത്തോടൊപ്പം മനം മയക്കുന്ന ഒരു ചിരിയൊച്ച.
"ഓ. കെ. ഗുഡ് നൈറ്റ്."പറഞ്ഞിട്ട് അവൾ ഫോൺ വെച്ചു.
പിന്നെ ഒന്നുകൂടി അങ്ങോട്ട് വിളിക്കാൻ എന്റെ സദാചാരബോധം സമ്മതിച്ചില്ല.
ബാംഗ്ലൂരിലെ പ്രശസ്തമായ ഐ. ബി. എം. കമ്പനിയിലെ സീനിയർ എഞ്ചിനീയർ ആണ് അഭിലാഷ് ജേക്കബ്ബ് എന്ന ഞാൻ.
"മാനേജർമാരുടെ കണ്ണിലുണ്ണി. പ്രൊമോഷൻ വാരിക്കൂട്ടുന്നവൻ."
"വർക്കാഹോളിക്,..സുന്ദരൻ.." ഇങ്ങനെയൊക്കെയാണ് കൂട്ടുകാർ എന്നെ വിശേഷിപ്പിക്കുന്നത്
അവർക്കാകെ വിഷമം, ഞാൻ പെണ്ണുകെട്ടാത്തതാണ്. ആരെയും പ്രേമിക്കാത്തതും. എനിക്ക് ആണും, പെണ്ണും സുഹൃത്തുക്കളുണ്ട്. എന്നാൽ എല്ലാവരും എനിക്ക് ഒരുപോലെയാണ്.ആരോടും.ഇഷ്ടക്കൂടുതലോ, കുറവോ ഇല്ല. കൂടെ ജോലിചെയ്യുന്ന പല പെൺകുട്ടികൾക്കും എന്നെ ഇഷ്ടമാണെന്ന് കൂട്ടുകാർ പറയാറുണ്ട്. എന്നാൽ ഞാൻ പ്രതികരിക്കാത്തത് കൊണ്ടാവാം ഒന്നും മുൻപോട്ടു പോയില്ല.
"മുപ്പത്തിരണ്ട് വയസ്സ് വരെ പെണ്ണ് കെട്ടാൻ തയ്യാറാകാത്തതിൽ അപ്പനും, അമ്മയ്ക്കും, ഇരുപത്തെട്ട് വയസ്സുള്ള അനിയനും അമർഷമുണ്ട്.
അപ്പോഴാണ് ഈ അജ്ഞാത സുന്ദരിയുടെ അരങ്ങേറ്റം. പിന്നെ ജോലി ചെയ്യാൻ തോന്നിയില്ല.
കിടന്നെങ്കിലും നിദ്രാദേവിയും അടുത്തു വന്നില്ല. അവളുടെ സ്വരം എത്ര സ്വീറ്റ് ആണ്. ആളും അങ്ങനെതന്നെ സ്വീറ്റ് ആയിരിക്കും. ഫോണിൽ ഞാൻ അവളുടെ നമ്പർ. .'അജ്ഞാത സുന്ദരി 'എന്ന പേരിൽ സേവ് ചെയ്തു.
"ആരായിരിക്കും അവൾ?"പുതിയതായി ജോലിക്കു ചേർന്ന പലരുടെയും മുഖം ഓർമ്മയിലെത്തി. രണ്ടു ലക്ഷത്തോളം ജോലിക്കാരുള്ള കമ്പനിയിൽ അവളെ എങ്ങനെ കണ്ടുപിടിക്കും?
ചിന്തിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി.
പിറ്റേന്നും അവൾ വിളിച്ചു. "ഉറങ്ങിയില്ലേ?"പതിവ് ചോദ്യം.
പലതും അറിയണമെന്ന് തോന്നിയെങ്കിലും അവൾ പെട്ടെന്ന് ഫോൺ വെച്ചു. പിന്നെ എല്ലാദിവസവും അവൾ വിളിച്ചു.
"എനിക്കൊന്നു കാണണം" "ഒരു ദിവസം ഞാൻ പറഞ്ഞു.
"സമയമാകട്ടെ കാണാം."അവളുടെ മറുപടി.
"കല്ല്യാണം കഴിക്കാത്തതെന്താണ്?"
മറ്റൊരു ദിവസം അവൾ ചോദിച്ചു.
"പറ്റിയ ആളെ കിട്ടിയില്ല "ഞാൻ പറഞ്ഞു.
"ഞാൻ ഒരാളെ തരട്ടേ?"അവൾ ചോദിച്ചു.
എന്റെ മനസ്സ് തുടിച്ചു തുള്ളി.
"ആയിക്കോട്ടെ." ഞാൻ പറഞ്ഞു.
"എങ്കിൽ അടുത്ത സൺഡേ നാട്ടിൽ വന്നോളൂ". അവൾ പറഞ്ഞു.
"ഞാൻ വിളിക്കാം "
പിന്നെ ഒരു കാത്തിരിപ്പായിരുന്നു.
ശനിയാഴ്ച ഞാൻ വീട്ടിലെത്തും, എന്നറിയിക്കാൻ ഫോൺ ചെയ്തപ്പോൾ അപ്പൻ പറഞ്ഞു,
"എടാ നിനക്കൊരു കല്ല്യാണക്കാര്യം വന്നിട്ടുണ്ട്. "നിനക്ക് താൽപ്പര്യമില്ലാത്തത് കൊണ്ട് ഞാൻ അത്ര ഗൗനിച്ചില്ല."
ഞാൻ ഞെട്ടിപ്പോയി. ജീവിതത്തിൽ ആദ്യമായി ഞാൻ അപ്പനെ മനസ്സിൽ "ദുഷ്ടാ.., വഞ്ചകാ." എന്നൊക്കെ വിളിച്ചു." ഇത് അവൾ തന്നെ ".. എന്റെ അജ്ഞാതസുന്ദരി എനിക്കുറപ്പായിരുന്നു.
"അപ്പാ.."എന്റെ വിളിക്ക് ശബ്ദം കൂടിയിട്ടോ എന്തോ.. അപ്പൻ ഞെട്ടിപ്പോയെന്നു തോന്നി.
"എന്തിനാടാ ഇങ്ങനെ അലറുന്നേ?". എന്റെ ചെവി പൊട്ടിപ്പോയല്ലോ.."
"ഒന്നാമത്തെ ചെവിക്ക് കേൾവിയില്ല."അപ്പൻ പരിതപിച്ചു.
"ഞാൻ ശനിയാഴ്ച്ച വീട്ടിലെത്തും "
"ഞായറാഴ്ച്ച പെണ്ണ് കാണാൻ വരും എന്ന് അവരോട് അറിയിച്ചേക്ക്." ഞാൻ അപ്പനോട് പറഞ്ഞു. അപ്പൻ ഒന്നും പറഞ്ഞില്ല.
പിന്നെ അനിയൻ വിളിച്ചു. അവൻ എറണാകുളത്തെ ഇൻഫോ പാർക്കിൽ ഒരു മമൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനീയർ ആണ്.
"ചേട്ടന് പെണ്ണിനെപ്പറ്റി ഒന്നും അറിയണ്ടേ." അവൻ ചോദിച്ചു.
"ചെല്ലുമ്പോൾ ചോദിക്കാം."ഞാൻ പറഞ്ഞു.
"ഇക്കാലത്തും ഇങ്ങനെയുള്ളവർ ഉണ്ടോ?" അവൻ കളിയാക്കി.
എന്റെ അജ്ഞാതസുന്ദരിയെക്കാണാൻ പോകുന്നു വെന്ന ചിന്തയിൽ ഞാൻ നിർവൃതിക്കൊണ്ടു. പിന്നീട് അവൾ വിളിച്ചില്ല.
ഞായറാഴ്ച്ച ഞാനും എന്റെ സമപ്രായക്കാരനായ കസിനും കൂടി പെണ്ണുകാണാൻ പോയി. അവളെ കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. അതി സുന്ദരി..കൊച്ചിയിലെ ഒരു ഐ ടി കമ്പനിയിൽ എഞ്ചിനീയർ. പേര് അഞ്ജു. ബാഗളൂർക്കു മാറ്റം കിട്ടും. എന്തെങ്കിലും ചോദിക്കാനോ, പറയാനോ ഉണ്ടോ എന്ന് അവളുടെ അപ്പൻ ചോദിച്ചപ്പോൾ രണ്ടുപേരും മിണ്ടിയില്ല.
"രണ്ടുദിവസം വിളിക്കാത്തത് എന്താണ്,?"
"എന്റെ നമ്പർ ആരു തന്നു?"
എന്നു ചോദിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടെന്നു വെച്ചു.
മനസ്സ് നിറഞ്ഞാണ് തിരിച്ചു പോന്നത്.
ഒരാഴ്ചത്തെ അവധികൂടി എടുത്തു..
മനസ്സമ്മതം കഴിഞ്ഞ് മടങ്ങി.
അതിനിടയിൽ ഞാൻ അവളുടെ നമ്പറിൽ വിളിച്ചെങ്കിലും പ്രതികരിക്കുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്.
ഒത്തിരി വിളിച്ചു സംസാരിച്ചു പുതുമ കളയണ്ട എന്നായിരിക്കും അവളുടെ അഭിപ്രായം.ഞാൻ അങ്ങനെ കരുതി.
കല്ല്യാണത്തിന്റെ റിസപ്ഷൻ നടക്കുമ്പോൾ അവളുടെ കൂട്ടുകാരികളെ പരിചയപ്പെട്ടു.
"ഇപ്പോൾ നേരത്തെ ഉറങ്ങാറുണ്ടോ?" ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി.
"എന്റെ അജ്ഞാത സുന്ദരിയുടെ സ്വരം"
എന്നാൽ അത് എന്റെ മണവാട്ടി ആയിരുന്നില്ല. ഞാൻ ചുറ്റുംനോക്കി!
എല്ലാവരും ചിരിച്ചു.എനിക്കൊന്നും മനസ്സിലായില്ല.
"അഭിചേട്ടാ.. ഞാൻ അഞ്ജുവിന്റെ ഫ്രണ്ട് ഗ്രീഷ്മ." സ്വരത്തിന്റെ ഉടമ പറഞ്ഞു.
"ചേട്ടന്റെ അനിയനും ഞാനും ഒരേ കമ്പനിയിലാ ജോലി ചെയ്യുന്നത്.
"അഭിചേട്ടന്റെ കല്ല്യാണം കഴിഞ്ഞ് ഞങ്ങള് കല്ല്യാണം കഴിക്കാൻ നോക്കിയിരുന്നിട്ട് കൊല്ലം നാലായി."
"അതുകൊണ്ട് ഞങ്ങൾ എല്ലാവരും ചേർന്ന് ചേട്ടനെ ട്രാപ്പിലാക്കാൻ തീരുമാനിച്ചു."
"അങ്ങനെയാണ് ഞാൻ അഭിചേട്ടനെ വിളിച്ചത്."
"സോറി ചേട്ടാ..ക്ഷമിക്കണം" അവൾ കൈകൂപ്പി.
"എന്റെ ചേട്ടനെ നന്നായിട്ട് നോക്കണം കേട്ടോടീ ".
"അധികം വൈകാതെ ഞാനും അങ്ങോട്ടെത്താം കേട്ടോ" അവൾ പറഞ്ഞു.
അഭിലാഷ് അഞ്ജുവിനെ നോക്കി.
അവൾ അവന് മധുരമുള്ള ഒരു നറുപുഞ്ചിരി സമ്മാനിച്ചു.
"നീ തന്നെ എല്ലാവരിലും സുന്ദരി "
അവൻ സ്വയം പറഞ്ഞു.