മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Sajith N Kumar)

വിശാലമായ നീലാകാശ തോപ്പിൽ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങളെ നോക്കി കൈകൾ രണ്ടും പറവകളെപ്പോലെ വിടർത്തി വൈകുന്നേരത്തെ ഇളംകാറ്റിനെ ആവോളം നുകർന്ന്, താഴേക്കിറങ്ങി വരുന്ന ഗോവണിപ്പടിയിൽ ബാലൻസ് ചെയ്തു നിന്നുകൊണ്ട് വരുൺ പറഞ്ഞു

" ഹാ ... എന്തൊരു സുഖം, പകുതി ക്ഷീണം പോയി. ഇന്ന് മുഴുവൻ പിരീഡും ക്ലാസുണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാത്തതിനാൽ വീർപ്പിച്ചു നിൽക്കുന്ന വയറിന്റെ പിണക്കം ഇനി ഒന്നു മാറ്റണം."
" ഓ ...വയറിന്റെ പിണക്കമൊക്കെ നമുക്ക് തീർക്കാം ... നീ വാ " ഞാനവന് വാക്കുകളാൽ ഊർജ്ജം നൽകി മുന്നോട്ട് നടന്നു.
മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങ് സെന്ററിൽ പുതുതായി ചാർജെടുത്ത ഫിസിക്സ് അദ്ധ്യാപകനാണ് വരുൺ. ശരിക്കും പറഞ്ഞാൽ ആളൊരു ബി. ടെക് ബിരുദദാരിയാണ്. കട്ടപ്പനയാണ് സ്വദേശം. രണ്ട് ദിവസം മുമ്പ് ജോയിൻ ചെയ്ത വരുണിനെ കുറിച്ച് ഇത്രയേ എനിക്കറിയാവൂ.
ഒരു ട്രാഫിക്ക് പോലീസുകാരന്റെ കരവിരുതോടെ കൈകളുയർത്തി, പുക തുപ്പി ഒഴുകുന്ന വാഹനങ്ങളുടെ ഇടയിലൂടെ മെയിൽ റോഡ് മുറിച്ച് കടന്ന് ഞങ്ങൾ ചെറിയ ഇടവഴിയിലേക്ക് കയറി. ഇടവഴി എന്നത് കൊണ്ട് വിവക്ഷിക്കുന്നത് കരിയിലകൾ നിറഞ്ഞ, തളിർത്ത ഇല്ലിക്കാടുകൾ തണൽ ക്കുട വിരിച്ച് കാട്ടപ്പയും കൈതയും കൊടിത്തൂവയും തണ്ണീർ കുടിയനും ശീമക്കൊന്നയും അതിര് കാക്കുന്ന പഴയ ഇടവഴിയല്ല മറിച്ച് നഗരത്തിലെ മറ്റു വഴികളെ അപേക്ഷിച്ച് അല്പം തിരക്ക് കുറഞ്ഞ കൂറ്റൻ കൽമതിലുകൾ അതിരുകാക്കുന്ന മണ്ണിന്റെ ഗന്ധമില്ലാത്ത നന്മയുടെ നറുമണം നഷ്ടമായ ആധുനിക ഇടവഴിയാണ്. 
മതിലോരം ചേർന്നൊഴുകുന്ന മഴച്ചാലുകളുടെ അരികു ചേർന്ന് നിറയെ പൂത്തിരിക്കുന്ന ലില്ലി പൂക്കൾ ഒരു നിമിഷം മസസ്സ് കാലം മായിച്ച ഓർമ്മകളെ ഓർത്തെടുത്തു. ചിരി തൂകി തലയാട്ടി നിൽക്കുന്ന ലില്ലി പൂക്കളെ ചൂണ്ടി ഞാനവനോട് ചോദിച്ചു
"മണ്ണാഴങ്ങളിൽ ഒളിച്ചിരുന്ന് മഴയിൽ വിരിയുന്ന ലില്ലി പൂക്കളെ കാണുമ്പോൾ ഹൃദയാന്തരങ്ങളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഇഷ്ടങ്ങൾ ചിലപ്പോഴൊക്കെ തല പൊക്കി നോക്കാറുണ്ട് അല്ലേ "
പെട്ടന്നുള്ള സാഹിത്യഭാഷയിലേക്കുള്ള എന്റെ പകർന്നാട്ടത്തിൽ ഞെട്ടിയ അവൻ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.

"മാഷിന്റെ മനസ്സറകളിൽ ഒരായിരം ഓർമ്മകൾ ഒളിച്ചു വെച്ചിട്ടുണ്ടല്ലേ? മാഷിന്റെ കണ്ണുകൾ കളവ് പറയില്ല. പഴയ കഥകൾ ഒക്കെ പറയ്യ് ഞാൻ ആരോടും പറയില്ല. പ്രണയാനന്ദം ഒന്നുകൂടെ സ്പന്ദിക്കട്ടെ "

നിറഞ്ഞൊരു ചിരി അവനു മറുപടിയായി നല്കി. ഓർമ്മകളുടെ തിരുശേഷിപ്പുകളിൽ ഒട്ടും സ്പർശിക്കാതെ ഞാനവനോട് പറഞ്ഞു,
"പഴങ്കഥകൾ അവിടെ നിൽക്കട്ടെ . നിന്റെ ഈ യുവഹൃത്തിനുള്ളിൽ എന്തൊക്കെയോ മൂടി വെച്ചിട്ടുണ്ട്. അല്ലേ?"
അവന്റെ കണ്ണുകളിൽ ആനന്ദകല്ലോലിനികളുടെ ഒരു ഒഴുക്കുണ്ടായിരുന്നു. ലില്ലി പൂക്കളെ ഒന്നു കൂടെ നോക്കി അവനെന്റെ നേരെ വീണ്ടും തിരിഞ്ഞു.
"മാഷ് ശിറൂയി ലില്ലി പൂക്കളെ കുറിച്ച് കേട്ടിരുന്നോ?
കളിയാക്കിയാതാണോ എന്ന് തിരിച്ചറിയാതെ അല്പം ഗൗരവത്തിൽ പുരികം വളച്ചുയർന്ന എന്റെ മുഖം കണ്ട് അവൻ പറഞ്ഞു.
"അങ്ങ് മണിപ്പൂരിലെ ശിറൂയി കുന്നുകളിൽ മെയ് മാസം മാത്രം വിരുന്നു വരുന്ന ഒത്തിരി കഥകൾ പേറുന്ന സുന്ദരികളാണവർ. ഞാനിതുവരെ ആ സുന്ദരി പൂക്കളെ കണ്ടിട്ടില്ല. പക്ഷേ എനിക്കാ പ്രണയ സമ്പന്നകളായ സുന്ദരി പൂക്കളെ അടുത്തു തന്നെ കാണാൻ കിട്ടും"
"എന്താ മണിപ്പൂർ ടൂർ വല്ലതും പ്ലാൻ ചെയ്യുന്നുണ്ടോ ?"
"ഇല്ല മാഷെ ഉടനെയൊന്നും ഉണ്ടാവില്ല"
"പിന്നെ നിന്റെ ഹൃദയം കവർന്ന ആരെങ്കിലും കൊണ്ടുവന്നു തരുമോ?" ഞാൻ കളിയാക്കി ചോദിച്ചു.
"അയ്യോ" പെട്ടന്നാണ് അവന്റെ മുഖം ചുവന്നത്. അരുതാത്തത് എന്തോ കേട്ടത് പോലെ.
"മാഷെ, ശിറൂയി പൂവും ഞാനുമായുള്ള ബന്ധം ഒറ്റ വാക്കിൽ പറഞ്ഞാൽ തീരില്ല. വിശദമായി തന്നെ പറയാം."

അപ്പോഴേക്കും ഞങ്ങൾ കുമാരേട്ടന്റെ ചായക്കടയിൽ നടന്ന് എത്തിയിരുന്നു. കാലം കൊണ്ടുവന്ന മാറ്റങ്ങളെ പുൽകാതെ പഴമയെ മുറകെ പിടിച്ചു നിൽക്കുന്ന മൂന്നു ജോഡി ബെഞ്ചും ഡെസ്കും കരി തേച്ചു വാർത്തെടുത്ത അടുപ്പുകളുമുള്ള 'വിശാലമായ ' കുമാരേട്ടന്റെ ചായക്കട എന്നും വേറിട്ടു നിന്നിരുന്നു.
'വരീൻ... ഒരു ചായ കുടിച്ചിട്ട് പോകാം..."
എന്ന കുമാരേട്ടന്റെ സ്നേഹത്തോടെയുള്ള വിളിയിൽ, വേണ്ടെങ്കിലും നമ്മളോട് ഒരു ചായ അറിയാതെ കുടിച്ചു പോകും. പാതി തുറന്നു വെച്ചരിക്കുന്ന കറി പാത്രങ്ങളിൽ നിന്ന് മൂക്കിലരിച്ചു കയറുന്ന മണം ആസ്വദിച്ചിരുന്ന ഞങ്ങളുടെ അടുത്ത് സ്വതസിദ്ധമായ ചിരിയോടെ കുമരേട്ടൻ എത്തി. കടയുടെ മദ്ധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന നിയോൺ ലാംബിൽ നിന്ന് വരുന്ന മഞ്ഞ വെളിച്ചത്തിൽ ചിരിച്ചു കൊണ്ട് ഈണത്തിൽ പറഞ്ഞ വിഭവങ്ങൾക്കും ഉണ്ടായിരുന്നു ഒരു മനസ്സടുപ്പവും രുചിയും. പട്ടികയിൽ നിന്ന് ചില വിഭവങ്ങൾ ഓർഡർ ചെയ്തു.

കുമാരേട്ടൻ പോയതിനു ശേഷം ഞാൻ വരുണിന്റെ മുഖത്ത് നോക്കി. എന്റെ നോട്ടം വായിച്ചറഞ്ഞിതുപോലെ പോലെ അവൻ പറഞ്ഞു തുടങ്ങി.

"മാഷെ പോലെ നല്ല നീളമുണ്ട് എന്റെ അച്ഛനും. ആള് പോലീസുകാരനാ അതിന്റെ ഒരു ഗൗരവവും ചിട്ടയും വീട്ടിലുണ്ട്. എന്നാലും അച്ഛനെ പേടിപ്പിക്കുന്ന രണ്ടാളുകളുണ്ട് വീട്ടിൽ അപ്പുവും ചേട്ടനും "
മുഖമുയർത്തി ഞാനവനെ ഒന്ന് നോക്കി.
"അപ്പു എന്റെ ഇളയ അനുജനാണ് UKG യിൽ പഠിക്കുന്നു." അതു പറയുമ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ വാത്സല്യവും സ്നേഹവും ദർശിച്ച എന്റെ കണ്ണുകളിലെ ആശ്ചര്യം ശ്രദ്ധിച്ചവൻ തുടർന്നു.
"അച്ഛന് അധികം പ്രായമൊന്നുമില്ല. കണ്ടാൽ എന്റെ ചേട്ടൻ എന്നേ പറയൂ. 24ാം മത്തെ വയസ്സിൽ അമ്മ മീരക്കുട്ടിയെ പ്രണയിച്ച് കെട്ടിയ വീരനായകനാണേ... എനിക്കൊരു ചേട്ടനുണ്ട് വിശാൽ. പേരു പോലെ വിശാല ഹൃദയ നൊന്നുമല്ല അവൻ"
"ചേട്ടൻ എന്താ ചെയ്യുന്നത് ? "
"അവന് കാര്യമായ ജോലിയൊന്നുമില്ല. ഇപ്പോ കട്ടപ്പന ആശുപത്രിയിൽ താത്ക്കാലികമായി ഡാറ്റാ എൻട്രി അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നുണ്ട്. അച്ഛനോട് എപ്പോഴും തറുതലയേ പറയൂ എന്തോരു ദേഷ്യമാണ് എല്ലാവരോടും. അപ്പു ജനിച്ചതിനു ശേഷം വന്ന മാറ്റം ആണ് . അവൻ കൂട്ടുകാരുടെ ഇടയിൽ നാണം കെട്ടു പോയ് പോലും. അച്ഛനോടും അമ്മയോടും വാശി തീർക്കുന്നതു പോലെയാണ് അവന്റെ ഇപ്പോഴത്തെ പെരുമാറ്റം. പക്ഷേ അപ്പുവിനെ ആൾക്ക് വല്യ ഇഷ്ടമാണ്. " അതു പറയുമ്പോൾ നൈരാശ്യത്തിന്റെ നിഴൽ തുള്ളികൾ വരുണിന്റെ മുഖത്തുണ്ടായിരുന്നു.

വരുൺ പറഞ്ഞു നിർത്തിയപ്പോഴേക്കും കുമാരേട്ടൻ മേശമേൽ ഓർഡർ ചെയ്ത വിഭവങ്ങൾ നിരത്തിയിരുന്നു. ആവി പറക്കുന്ന ഒരു കഷ്ണം പുട്ടും കിഴങ്ങ് കറിയും അകത്താക്കിയതിനുശേഷമാണ് വരുൺ മുഖമുയർത്തി എന്നെ നോക്കിയത്. മുഖത്ത് ഫിസിക്സിലെ പത്ത് ഡെറിവേഷനുകൾ കുട്ടികളെ പഠിപ്പിച്ചതിന്റെ ഒരു സംതൃപ്തിയുണ്ടായിരുന്നു .

"ഹാവൂ .. ന്റെ മാഷേ .. ഇപ്പോഴാ ഒന്നാശ്വാസമായത് "
ഞാനവനെ നോക്കി ചിരിച്ചു. പുട്ടിന്റെ പാത്രം അവന്റെ നേരെ നീക്കി വെച്ചു കൊടുത്തു.

"രണ്ട് മാസം മുമ്പ് അപ്പുവിന്റെ ജന്മദിനാഘോഷമായിരുന്നു. അപ്പു കേക്ക് മുറിക്കാൻ തുടങ്ങുമ്പോഴാണ് ചേട്ടൻ ഉള്ളിൽ കടന്നത് പിന്നാലെ കൂട്ടംതെറ്റി പേടിച്ചൊരു മാൻപേടയെ പോലെ ബാഗുമായി ചേട്ടന്റെ നിഴൽ പറ്റി ഒരു പെൺകുട്ടിയും. 

പെൺകുട്ടിയുടെ മുഖമാണ് എല്ലാരെയും ഏറെ അമ്പരപ്പിച്ചത്. വട്ട മുഖവും പതിഞ്ഞ മൂക്കും ഇറുകിയ കണ്ണുകളും കുറുകിയ ശരീരവുമുള്ള ഒരു കൊച്ചു സുന്ദരി... ഒരു ചൈനാക്കാരി.
അപ്പു ഓടിപ്പോയി കേക്കിന്റെ ഒരു കഷ്ണം അവർക്ക് കൊടുത്തു. അവർ ബാഗ് തുറന്ന് അവന് പ്രിയപ്പെട്ട ഒരു റിമോട്ട് കാർ കൊടുത്തു നെറ്റിയിൽ ഒരുമ്മയും നൽകി അവനെ ചേർത്തു നിർത്തി.

"എന്റെ ഭാര്യയാണ് ഇന്ന് വിവാഹം കഴിഞ്ഞു. മണിപ്പൂർ കാരിയാണ് " അതും പറഞ്ഞ് ചേട്ടൻ മുകളിലെത്തെ മുറിയിലേക്ക് നടന്നു.

അച്ഛൻ ദേഷ്യത്തോടെ ചേട്ടന്റെ അരികിലേക്ക് നീങ്ങുന്നത് കണ്ടതും. ഞാൻ കണ്ണടച്ചു. പക്ഷേ അച്ഛൻ മുഷ്ടിചുരുട്ടി ദേഷ്യം തീർത്ത് മുറ്റത്തേക്കിറങ്ങി.

മുഖ പുസ്തകവും വാട്സ് അപ്പും ജീവിതത്തിന്റെ ഭാഗമാക്കി കൈയില്‍ ഐഫോണും ബാഗില്‍ ഐപാഡുമായി ആധുനിക സുഖസൗകര്യങ്ങളുടെ ശീതളച്ചായയില്‍ നീരാടുന്ന പുതു തലമുറയോട് എങ്ങിനെ ഇഷ്ടപ്പെട്ടു എന്ന ചോദ്യത്തിനു പ്രസക്തിയില്ലാലോ മാഷേ. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ആരും ചോദിച്ചില്ല.

പിറ്റേ ദിവസം ചേട്ടൻ പുറത്ത് പോയപ്പോൾ അവർ താഴെ വന്നു നേരെത്തെ പരിചയമുള്ള വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നു അവരുടെ പെരുമാറ്റം

"നതാലി എന്നാണ്‌ അവരുടെ പേര്. മണിപ്പൂരിലെ തങ്കനൂൽ എന്ന ഗോത്രവർഗ്ഗത്തിൽപ്പെട്ടതാണ്. ഒത്തിരി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ഒരു ഗോത്രവർഗ്ഗമാണ്. അവരാരും ഗോത്രത്തിൽ പുറമേ നിന്ന് കല്യാണം കഴിക്കില്ല. അഥവാ കഴിച്ചാൽ അവളും അവളുടെ കുടുംബവും ഗോത്രത്തിൽ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറത്താക്കപ്പെടും. ഒത്തിരി പീഢനങ്ങൾക്ക് വിധേയമാകേണ്ടിവരും ഇവൾക്ക് താഴെ മൂന്ന് പെൺകുട്ടികളുണ്ട് അവരുടെ വിവാഹവും നടക്കില്ല. ഗോത്രം വിട്ട് പോകേണ്ടി വരും. ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴായിരുന്നു ചേട്ടനുമായി പരിചയപ്പെട്ടത്. കോഴ്സ് കഴിഞ്ഞു നാട്ടിൽ പോയാൽ വിവാഹം കഴിച്ചേ മതിയാവൂ അതു കൊണ്ട് കേരളത്തിൽ ജോലി കിട്ടി എന്നാണ് അവൾ അവിടെ അറിയിച്ചത്".

"വരുണേ കൈ ഉണങ്ങി. നമുക്കാ മരത്തിന്റെ ചുവട്ടിലേക്കു നീങ്ങാം" ഞാൻ പറഞ്ഞു.
കുമാരേട്ടനോട് പറ്റ് ബുക്കിൽ കുറിക്കാൻ പറഞ്ഞ് ഞങ്ങൾ കടയുടെ മുമ്പിലുള്ള ആൽമരച്ചോട്ടിലേക്ക് നടന്നു.
"ങാ വരുണേ ബാക്കി കൂടെ പറയൂ" വരുണിന്റെ അരികിലേക്ക് നീങ്ങി നിന്നു പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞ് ചെറിയ ഒരു റിസപ്ഷൻ നടന്നു എല്ലാവരും പുതിയ പെണ്ണിനെ നോക്കി കുശുകുശുക്കുന്നുണ്ടായിരുന്നു. പലരും അവരുടേതായ രീതിയിൽ പലതരം കഥകൾ മെനഞ്ഞു. കാരണം പുതുപ്പെണ്ണിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഒരുത്തരം കൊടുക്കാൻ ഞങ്ങൾക്കാർക്കും കഴിഞ്ഞിരുന്നില്ല. ആലീസ് ഇൻ വണ്ടർലന്റായി ചേട്ടത്തിയമ്മയും ആട്ടത്തിൽ പങ്കാളിയായി. ചേട്ടത്തിയമ്മയുടെ ഭാഗത്ത് നിന്ന് അവരുടെ ഒരു കൂട്ടുകാരി മാത്രമേ റിസപ്ഷനിൽ പങ്കെടുത്തുള്ളൂ. ചേട്ടൻ ഭയങ്കര സന്തോഷത്തിലായിരുന്നു അച്ഛനോടും അമ്മയോടും പക വീട്ടുന്നതിന്റെ ഒരാനന്ദം .

പക്ഷേ മാഷേ കുറച്ച് ദിവസം കൊണ്ട് ഞങ്ങളുടെ വീട് മാറുകയായിരുന്നു. വീട്ടിൽ ഒരു ഒരു തെളിച്ചം വന്നു. അപ്പുവിന്റെ ഇഷ്ടനിഷ്ടങ്ങള്‍ കണ്ട റിഞ്ഞ് പെരുമാറുകയും സ്നേഹവാത്സല്യങ്ങള്‍ ആവോളം നല്‍കുകയും ചെയ്ത ചെയ്ത ഏട്ടത്തി അവന്റെ പ്രിയപ്പെട്ട ചേച്ചിയമ്മയായി. അപ്പുവിന് പരാതി പറയാനും കൂടെ നടക്കാനും കളിക്കാനും ഒരു അമ്മയെ കൂടെ കിട്ടി.
മാഷിനറിയാമോ അച്ഛമ്മക്ക് അംനീഷ്യയുടെ (മറവി രോഗം ) പ്രാരംഭമാണ്. അച്ഛമ്മയ്ക്ക് സമയാസമയങ്ങളിൽ മരുന്നും ഭക്ഷണവും കൊടുക്കുന്ന ചുമതല ഏട്ടത്തി സ്വയം ഏറ്റെടുത്തു. അച്ഛമ്മയുടെ വായിൽ സ്നേഹത്തോടെ ഭക്ഷണം വെച്ചു കൊടുക്കുന്ന ഏട്ടത്തിയെ നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന അച്ഛനെ പലപ്പോഴും ഞാൻ കണ്ടിരുന്നു..

പെൺകുട്ടികൾ ഇല്ലാത്ത അച്ഛനും അമ്മയ്ക്കും സ്വന്തം മോളെ കിട്ടിയതു പോലായാ ഇപ്പോ. ആകെ ചെറിയ ഒരു പരിഭവം ഉണ്ടെങ്കിൽ അത് ചേട്ടന് മാത്രമാണ് ചേട്ടന്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ ഏട്ടത്തിക്ക് സമയമില്ലെന്ന്. അവൻ പലപ്പോഴും കുടിച്ച് വന്ന് ചേച്ചിയെ വഴക്ക് പറയുമായിരുന്നു. പാവം മാറി നിന്നു കുറേ കരയും. ശരിക്കും ഏട്ടത്തിയോട് അവന് ഇഷ്ടമാണ് പക്ഷേ അവളെ വേദനിപ്പിച്ചാൽ അച്ഛനും അമ്മയും സങ്കടപ്പെടും എന്ന് അവനറിയാമായിരുന്നു.

ഏട്ടത്തി എനിക്ക് ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്. അമ്മയോട് സംസാരിക്കുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് ഏട്ടത്തിയോടും. കൂടെ പഠിച്ച മെറീനയോടുള്ള എന്റെ ഏകദിശാ പ്രണയത്തെ കുറിച്ച് ആദ്യം പറഞ്ഞതും ഏട്ടത്തിയോടാ. ഏതോ ഒരു നിമിഷത്തിൽ തോന്നിയ ഇഷ്ടം, തുറന്നു പറഞ്ഞപ്പോൾ ഒരു നീണ്ട ‘നോ…’ ആയിരുന്നു മെറീനയുടെ മറുപടി പിന്നീടും രണ്ടു മൂന്നു തവണ ഇഷ്ടം പറഞ്ഞു ചെന്നെങ്കിലും അവളുടെ നിലപാടിൽ മാറ്റമില്ലായിരുന്നു".
"നിനക്ക് അവളോട് അത്രയും ഇഷ്ടമാണെങ്കിൽ ഒരിക്കൽ അവൾ അത് തിരിച്ചറിയും. നീ അവൾക്ക് ശിറൂയി പൂക്കൾ സമ്മാനിക്കണം. നിന്റെ പ്രണയം സത്യമാണെങ്കിൽ അത് സാക്ഷാത്കരിക്കപ്പെടും. എന്നു പറഞ്ഞു ഏട്ടത്തിയെനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.

ഏട്ടത്തിയുടെ നാട്ടിൽ മെയ് മാസത്തിൽ വിടരുന്ന ശിറൂയി ലില്ലി പൂക്കൾ ശുദ്ധ പ്രണയത്തിന്റെ ത്യാഗ പ്രതീകമായി അവർ വിശ്വസിക്കുന്നു. ജീവിച്ചു കൊതിതീരാതെ
അത്മഹത്യ ചെയ്യേണ്ടി വന്ന യുവമിഥുനങ്ങളുടെ ആത്മാവാണ് ശി റൂയി ലില്ലി പൂക്കൾ. പ്രണയിക്കുന്നവരെ ഒരുമിപ്പിക്കാനാണ് ഇവർ ലില്ലി പൂക്കളായി പുനർജനിച്ചത് എന്നാണ് വിശ്വാസം.

"മെറീനയോടുള്ള എന്റെ പ്രണയ സാഫല്യത്തിനായ് ഏട്ടത്തി ശിറൂയ് ലില്ലി പൂക്കൾ എനിക്ക് എത്തിച്ചു തരാം എന്ന് വാക്ക് തന്നിട്ടുണ്ട്."
വരുൺ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു "മാഷ് ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? "
ഞാനവനെ നോക്കി പുഞ്ചരിച്ചു. ഒരു നിമിഷം കൊണ്ട് മനസ്സ് ഒത്തിരി കാതം പിന്നോട്ട് പോയി. പണ്ട് വയാനാട്ടിൽ ചമ്പ്ര മലയിൽ പ്രണയ സാഫല്യത്തിനായി നീലക്കുറിഞ്ഞി പൂക്കൾ കാണാൻ പോയ കാര്യവും എവിടെയോ ഇന്ന് സന്തോഷമായി ജീവിക്കുന്ന പ്രേയസിയും മനസ്സിനെ ഒന്നു സ്പർശിച്ചു മറഞ്ഞു. "കാണുന്നതിലും കേൾക്കുന്നതിലും പ്രത്യാശയുടെ പൂക്കാലം ദർശിക്കാൻ വെമ്പുന്ന ഒരു മനസ്സുണ്ടാവും ഏല്ലാ പ്രണയിതാക്കൾക്കും വരുണേ."

ഏട്ടത്തി ഇപ്പോ വീട്ടിലില്ല അതാ എന്റെ വിഷമം
"എന്താ നാട്ടിൽ പോയോ" ഞാൻ ചോദിച്ചു.
"ഇല്ല ഏട്ടത്തി പഠിച്ചത് ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ ആണ്. അവിടെ എന്തൊക്കെയോ പേപ്പറുകൾ ശരിയാക്കാനും സ്കോളർഷിപ്പ് സെറ്റിൽ ചെയ്യാനും പോയതാണ്."
"ഒറ്റയ്ക്കാണോ പോയത് "
"ഓ ഏട്ടത്തിയുടെ കുറേ കൂട്ടുകാർ അവിടെ ഉണ്ട് "
"മാഷിന് എന്റെ ഏട്ടത്തിയുടെ ഫോട്ടോ കാണണ്ടേ?"
മനസ്സിലാഗ്രഹിച്ചത് അവൻ ചോദിച്ചപ്പോൾ സന്തോഷമായി.
"ഓ തീർച്ചയായും"
അവൻ പാന്റ്സിന്റെ കീശയിൽ നിന്ന് മൊബൈലെടുത്തു തുറന്നു .
"അയ്യോ അച്ഛന്റെ കുറേ മിസ്ഡ് കോളുകൾ. ക്ലാസിൽ കയറുമ്പോൾ സൈലന്റ് മോഡിൽ വെച്ചതായിരുന്നു."
അവൻ ഉടനെ അച്ഛനെ തിരിച്ചു വിളിച്ചു. വരുണിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളിൽ എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് തോന്നി. ഞാനവന്റെ തോളിൽ പിടിച്ചു.
"മാഷേ ഏട്ടത്തിക്ക് കുറച്ച് മുമ്പ് ഒരു ആക്സിഡന്റ് . നടന്നു പോകുമ്പോൾ ഒരു സ്കൂട്ടർ പിന്നിലിടിച്ചതാ."
"ഓ ചെറിയ എന്തെങ്കിലും പരുക്കായിരിക്കാം വരുണേ. നീ ഇങ്ങിനെ പേടിക്കാതെ."
"അല്ല മാഷേ കുറച്ച് സീരിയസ് ആണ്. ഏട്ടത്തിക്കിതുവരെ ഓർമ്മ വന്നിട്ടില്ല.
ഐ .സി .യു വിലാണുള്ളത് "
ഞാൻ വരുണിന്റെ തോളിൽ ഒന്നൂടെ അമർത്തി പിടിച്ചു. 
"ഞങ്ങൾ ഹൈദ്രബാദിലേക്ക് പോവുകയാണ്. അച്ഛനും ചേട്ടനും നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തും. നാളെ രാവിലെയാണ് ഫ്ളൈറ്റ്. റൂമിൽ പോയി ബാഗ് എടുക്കണം "
അവൻ ഓട്ടോസ്റ്റാന്റിലേക്ക് ഓടി.
"ഞാനും വരാം. നിന്റെ കൈയ്യിൽ കാശു ഉണ്ടോ" എന്നൊക്കെ ചോദിച്ചു ഞാൻ പിന്നാലെ ഓടിയെങ്കിലും അവൻ ഓട്ടോയിൽ കയറി പിന്നെ വിളിക്കാം എന്ന് ആംഗ്യം കാണിച്ചു.
വർഷാരംഭത്തിന്റെ സൂചന നല്കി കൊണ്ട് ചിണുങ്ങി പെയ്ത മഴ നല്ലോണം കനത്തിരുന്നു. വലിയ മഴത്തുള്ളികളെ മണ്ണ് ആർത്തിയോടെ പുണരുന്നുണ്ടായിരുന്നു ... അന്നു രാത്രി കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ ഉറങ്ങാൻ ശ്രമിച്ചെങ്കിലും വരുണിന്റെ ഏട്ടത്തിയമ്മയും അവൻ പറഞ്ഞ കാര്യങ്ങളും ആയിരുന്നു മനസ്സു മുഴുവനും .

പിന്നീടുള്ള ഒരാഴ്ച വരുണിനെ ഫോണിൽ ബന്ധപ്പെടാൻ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല. ഒരാഴ്ചക്കു ശേഷം രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോഴായിരുന്നു വരുണിന്റെ ഫോൺ

"വരുണേ നീ എവിടെയാ.
ഏട്ടത്തിക്ക് എങ്ങിനെയുണ്ട്"
"മാഷേ ഞാനിവിടെ റൂമിലുണ്ട്. ഒന്നിങ്ങോട്ട് വരുമോ?"
ഞാൻ അവന്റെ റൂമിലെത്തുമ്പോൾ വരുൺ കിടക്കയിൽ കിടന്ന് കറങ്ങുന്ന ഫാനിൽ നോട്ടമർപ്പിച്ച് കിടക്കുകയായിരുന്നു. എന്നെകണ്ടതും നിയന്ത്രിക്കാനാവാതെ അവൻ പൊടിക്കരഞ്ഞു പോയി. ഒന്നും പറയാനാകാതെ അരികിലിരുന്നു ഞാൻ അവന്റെ കൈ മുറുകെ പിടിച്ചു.
"ഏട്ടത്തി ഞങ്ങളെ വിട്ടു പോയി."
മനസ്സൊന്നു തേങ്ങി. 
"ഞങ്ങളവിടെ എത്തുമ്പോഴേക്കും ഏട്ടത്തി വിട പറഞ്ഞിരുന്നു"
ഏട്ടത്തിയുടെ അമ്മാവനും അച്ഛനും നാട്ടിൽ നിന്ന് അവിടെ വന്നിരുന്നു. അവർക്ക് ഞങ്ങളെ ഏട്ടത്തി പെയിങ് ഗെസ്റ്റ് ആയി താമസിച്ച വീട്ടിലെ ആളുകളാണെന്നാണ് പരിചപ്പെടുത്തിയത്.
ഏട്ടത്തിയുടെ കല്യാണം കഴിഞ്ഞത് അവരിതുവരെ അറിഞ്ഞിരുന്നില്ലല്ലോ. 

ഒന്നു തൊടാനാവാതെ, ഒന്നാ നെഞ്ചിൽ വീണ് പൊട്ടിക്കരയാനാവാതെ, കരളിന്റെ പാതി മുറിഞ്ഞകലുന്ന വേദന കടിച്ചമർത്തി ആശുപത്രിയുടെ നീളൻ വരാന്തയിൽ നിഴലിനെ നോക്കി അന്യനെ പോലെ ചേട്ടൻ മാറി നിന്നു. വിരൽ തുമ്പിലൂടെ എന്നിലേക്ക് അരിച്ചു കയറിയ തണുപ്പിൽ മരവിച്ചു പോയിരുന്നു ഞാൻ. ഏട്ടത്തി ഞങ്ങളെ വിട്ടു പോയെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കുമായിട്ടില്ല. അച്ഛമ്മ എപ്പോഴും ചേച്ചിയെ പോയി കൊണ്ടുവരാൻ ചേട്ടനെയും അച്ഛനെയും ശകാരിക്കുന്നു.

അപ്പു ഇടയ്ക്കിടെ ഏട്ടത്തിയുടെ മുറിയിൽ പോയി എവിടെയാ ഒളിച്ചിരിക്കുന്നത്? അപ്പുവിനെ പറ്റി കേണ്ട എന്നു പറയും. ചേച്ചിയമ്മയെ കാണിച്ചു കൊടുക്കണം എന്ന് വാശി പിടിച്ചു കരയും. ഏട്ടത്തി അവനു നൽകിയ കാറും കെട്ടിപിടിച്ചാണ് അവൻ ഉറങ്ങാറ്. ചേട്ടൻ ഒന്നും പറയാതെ മുറിയിൽ അടച്ചിരിക്കുന്നു. അവന്റെന്റെ പഴയ വാശിയും ദേഷ്യവും എവിടെയോ പോയി മറഞ്ഞു. പാവം ഏട്ടത്തിയുടെ ഓർമ്മകളുമായി മുറിയിൽ തന്നെ ഒതുങ്ങിക്കൂടി. അവൻ എങ്ങിനെ സഹിക്കും മാഷേ

"എല്ലാം മറന്ന് ഒന്ന് പൊട്ടികരായാനാണ് മാഷേ ഞാൻ വേഗം ഇങ്ങോട്ട് പോന്നത്. " മുഖം താഴ്ത്തിയിരിക്കുന്ന അവനെ, ഒന്നു ആശ്വസിപ്പിക്കാനാവാതെ ഞാൻ നോക്കി നിന്നു.

കുറച്ച് സമയം കഴിഞ്ഞ് അവനെഴുന്നേറ്റ് ബാഗ് തുറന്ന് ഒരു പാർസൻ പൊതി എടുത്തു മുമ്പിൽ വെച്ചു. 
"ഇന്നലെ ഞാൻ ഇങ്ങോട്ട് വരുമ്പോൾ ബസ്സ് സ്റ്റാന്റിൽ ഏട്ടത്തിയുടെ ഒരു ഫ്രണ്ട് കൊണ്ടുവന്നു തന്നതാണ് "
അവൻ പൊതി തുറന്ന് നീലയും പിങ്കും ദളങ്ങളുള്ള. പൂക്കൾ പുറത്തെടുത്തു വെച്ചു
"മാഷേ ഇതാണ് ശിറൂയി ലില്ലി പൂക്കൾ" പ്രണയത്തെ പ്രാണനായ് പ്രണയിക്കുന്ന പ്രണയിതാക്കളുടെ പരിവേഷമണിഞ്ഞ ശിറൂയി ലില്ലി പൂക്കൾ യൌവ്വനത്തിന്റെ പ്രസരിപ്പും തുടിപ്പുമെല്ലാം ചേര്‍ന്ന ഒരു ശാലീന പെണ്‍കുട്ടിയെ പോലെ തോന്നി എനിക്ക്. ജീവതത്തിൽ സ്നേഹവും നന്മയും മാത്രം വിതറിയ വരുണിന്റെ ഏട്ടത്തി ശിറൂയ് ലില്ലി പൂക്കളായ് പുനർജനിക്കും എന്നാശ്വസിച്ചു കൊണ്ട് ശൂന്യമായ മനസ്സോടെ വരുണിനോട് വിട പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു.
"മാഷേ ഒന്നു നിൽക്കണേ"
വരുണിന്റെ പിന്നിൽ നിന്നുള്ള വിളി കേട്ട് ഞാൻ നിന്നു.
"ഞാനിന്നു തന്നെ തിരിച്ചു പോകും. ഇയൊരവസരത്തിൽ വീട് വിട്ടു നിൽക്കാൻ എനിക്കാവില്ല."
ഒന്നും പറയാതെ ഞാൻ തലയാട്ടി "നീ ഇടയ്ക്കൊക്കെ വിളിക്കണേ."
"പിന്നെ മഷേ ഇന്നലെ എന്നെ മെറീന വിളിച്ചിരുന്നു. ഏട്ടത്തി പറഞ്ഞ പോലെ ശിറൂയി പൂക്കൾ ഞങ്ങളെ ഒന്നിച്ചതായിരിക്കുമോ?"
അതു പറയുമ്പോൾ അവന്റെ മുഖത്തിരച്ചു കയറിയ വികാരത്തിന്റെ നിറം മനസ്സിലാക്കാനാവാതെ ഞാനവന്റെ കൈകളിലെ ശിറൂയി ലില്ലി പൂക്കളിൽ നോക്കി. അനശ്വര പ്രണയത്തിന്റെ പ്രതികമായ ശിറൂയി പൂക്കളിൽ ഞാനിതുവരെ കാണാത്ത വരുണിന്റെ ഏട്ടത്തിയുടെ മന്ദസ്മിതം നിറഞ്ഞു കണ്ടു.

പ്രാണനകന്ന് പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്നതിനായി തളിർക്കുകയും, വിരഹത്തിലും പവിത്രമായ സ്നേഹത്തിന്റെ വിത്തുകൾ ഒളിപ്പിച്ചു വെക്കുന്ന ശിറൂയി ലില്ലി പൂക്കൾ മനസ്സിൽ നിറയെ പൂത്തിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ