(Vasudevan Mundayoor)
ഉത്സവപ്പറമ്പിൽ പഞ്ചവാദ്യം മുറുകുകയാണ്. ഹർഷാരവങ്ങളോടെ താളത്തിനൊത്ത് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുകയും,തുള്ളിയാടുകയും, താളം പിടിക്കുകയും ചെയ്യുന്ന ഒരായിരം കൈത്തിരകൾ. പല വർണ്ണങ്ങളായി ചുവന്ന പൊടിപടലങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്ന മനുഷ്യമഹാസമുദ്രം. ബലൂൺ വില്പനക്കാരുടെയും, കളിപ്പാട്ട വാണിഭക്കാരുടെയും ശബ്ദ കോലാഹലങ്ങൾ.
പത്ത് ആനകൾ നെറ്റിപ്പട്ടവും, പട്ടുകുടയും, ആലവട്ടവും, വെഞ്ചാമരവുമായി നിരന്നു നിൽക്കുന്നു. ആന ഇടഞ്ഞാൽ മയക്കുവെടി വെച്ച് തളക്കാൻ തയ്യാറായി നിന്ന സംഘത്തിന്‍റെ കൂടെ നിൽക്കുമ്പോൾ എല്ലാം ശാന്തവും സമാധാനപൂർണ്ണവുമായിരുന്നു.
പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. എഴുന്നള്ളത്തിനിടയിൽ നാലാമതായി നിന്ന ആന മൂന്നാമതായി നിന്ന ആനയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തി. കുത്തുകൊണ്ട ആന വിറളിപൂണ്ട് ചിന്നംവിളിയോടെ പിൻതിരിഞ്ഞ് ഓടാൻ തുടങ്ങി. മറ്റ് ആനകളും പേടിയോടെ എങ്ങോട്ടെന്നില്ലാതെ തെന്നിമാറി. ജനം പരിഭ്രാന്തരായി നിലവിളിച്ചുകൊണ്ട് നാലുപാടും ചിതറി ഓടി. ഇടഞ്ഞ ആന ആനപ്പുറത്തിരിക്കുന്നവരെ കുടഞ്ഞു വീഴ്ത്താൻ ശ്രമിക്കുകയും പാപ്പാന്മാർക്കു നേരെ തിരിയുകയും ചെയ്തു. പാപ്പാന്മാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.
ആന അമ്പലത്തിനരികിലേക്കാണ് പിന്നീട് നീങ്ങിയത്. ഇടഞ്ഞോടുന്ന ആനക്കുപിറകിൽ മയക്കുവെടി സംഘവും കുതിച്ചു. ആനപ്പുറത്ത് കുടപിടിച്ചിരുന്നയാൾ ചാഞ്ഞു നിന്ന ആൽമരക്കൊമ്പിൽ ഒരു അഭ്യാസിയെപ്പോലെ തൂങ്ങി രക്ഷപ്പെട്ടു. അനപ്പുറത്തിരുന്ന കോലക്കാരനും വെഞ്ചാമരക്കാരനും ആന ക്ഷേത്ര മതിലിനരികിൽ എത്തിയപ്പോൾ മതിലിലേക്കു ചാടി ഭീതിയോടെ മതിലിൽ അള്ളിപ്പിടിച്ചിരുന്നു. ആലവട്ടക്കാരൻ രണ്ടുംകൽപ്പിച്ച് ആനപ്പുറത്ത് നിന്ന് ചാടി കാര്യമായ പരിക്കുകളില്ലാതെആ ഓടി മറഞ്ഞു. ആന രക്ഷപ്പെടുന്നവരെ ആക്രമിക്കാൻ ശ്രമിച്ചതേയില്ല.
വെഞ്ചാമരക്കാരൻ അത്ര സാഹസികനായിരുന്നില്ല. അയാൾ പ്രാണഭീതിയോടെ നിലവിളിക്കുകയും, സഹായത്തിനായി ആരെയോ വിളിക്കുകയും ചെയ്തു. ആന ചിന്നംവിളിച്ചുകൊണ്ട് പുറത്തേക്ക് മണ്ണുവാരി എറിയുകയും ശക്തമായി ശരീരം കുടഞ്ഞുകൊണ്ട് അയാളെ വീഴ്ത്താൻ കഠിനമായി ശ്രമിക്കുകയും ചെയ്തു.
പിന്നീട് ആന ക്ഷേത്രക്കുളത്തിനരികിലൂടെ നീങ്ങുമ്പോൾ അയാൾ നിലവിളിയോടെ കുളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.
ആന സ്വാതന്ത്ര്യത്തിന്‍റെ ലഹരിയിൽ വഴിയരികിലെ ഒരു തെങ്ങ് കുത്തി മറിച്ചിട്ടു. ക്ഷേത്രമതിലിന്‍റെ ഒരു ഭാഗം ഇടിച്ചു തകർത്തുകൊണ്ട് ആന ക്ഷേത്രത്തിനു പുറകിലുള്ള നിബിഢ മരങ്ങളുള്ള കാവിലേക്കു കയറി നിലയുറപ്പിച്ചു.
തക്കം പാർത്ത് മയക്കുവെടി സംഘവും മരങ്ങൾക്കിടയിൽ മറഞ്ഞു നിന്നു. ആന ചുറ്റും സംഭവിക്കുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരോ പിൻതുടരുന്ന സൂചന അത് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പെട്ടെനനാണ് അരികിൽ പതുങ്ങിയിരുന്ന സുഹൃത്തിന്‍റെ മൊബൈൽ അടിക്കാൻ തുടങ്ങിയത്.
“അരുത്..മൊബൈൽ ഓഫ് ചെയ്യൂ..”എന്ന് പതുങ്ങിയിരുന്നവർ പതുക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ പരിഭ്രമത്തിനിടയിൽ സുഹൃത്തിന് മൊബൈൽ ഓഫാക്കാൻ കഴിയുന്നില്ല. മൊബൈൽ ഉറക്കെ ശബ്ദിച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് ആന തിരിഞ്ഞു നിന്നു. അതിന്‍റെ കണ്ണുകളിൽ ക്രൌര്യം തിളങ്ങി. ശബ്ദം കേട്ടിടം ലക്ഷ്യമാക്കി അത് നടന്നടുക്കാൻ തുടങ്ങി. മൊബൈൽ അപ്പോഴും ശബ്ദിച്ചുകോണ്ടേയിരുന്നു.
സ്വപ്നസുഷുപ്തിയിൽ നിന്നും കണ്ണു തുറക്കുമ്പോൾ മോബൈൽ അടിച്ചു കൊണ്ടിരിക്കുന്നത് ഡോക്ടർ പ്രയാഗ് കേട്ടു. മൊബൈൽ സ്ക്രീനിൽ പാപ്പച്ചൻ എന്ന അക്ഷരങ്ങൾ ഡോക്ടർ വായിച്ചു.
“ഡോക്ടർ..ഒന്ന് പെട്ടെന്ന് വരണം..അമ്മിണീടെ പ്രസവം തെടങ്ങി, ക്ടാവിന്‍റെ കാല് മാത്രേ പെറത്ത് വന്നിട്ടുള്ളു..എന്‍റെ ഈശോയേ..ഇനി എന്താ ചെയ്യാ..ഒന്നു വേഗം വരണം ഡോക്ടർ..”പാപ്പച്ചന്‍റെ ശബ്ദം ചിലമ്പി.
ഡോക്ടറുടെ കണ്ണുകളിൽ കൂടുകൂട്ടിയിരുന്ന ഉറക്കം പറന്നകന്നിരുന്നില്ല. നീലച്ചിറകുള്ള ഒരു നിമിഷ ശലഭം നാല് മുപ്പത്തി രണ്ടിന്‍റെ സൂചിയിൽ നിന്നും പറന്നുയരുന്നത് ഡോക്ടർ കണ്ടു. ഡോക്ടറുടെ ഭാര്യയും പത്തു വയസ്സുള്ള മകനും ഗാഢനിദ്രയിലായിരുന്നു.
ഡോക്ടർ വാഷ് ബേയ്സിനിൽ പോയി മുഖം കഴുകുമ്പോൾ ലൈററ് തെളിയിച്ചുകൊണ്ട് “ചായയുണ്ടാക്കട്ടെ” എന്ന് ഡോക്ടറുടെ ഭാര്യ ഉറക്കച്ചടവോടെ ചോദിച്ചു “വേണ്ട..ഞാൻ വേഗം വരാം.”.എന്നു പറഞ്ഞ് വീടിനു പുറത്തിറങ്ങിയ ഡോക്ടർ കാറുമായി പുലർവെളിച്ചം വീഴാത്ത നാട്ടുപാതയിലൂടെ സഞ്ചരിച്ചു.അപ്പോൾ പുള്ളിച്ചിറകളുള്ള നിമിഷ ശലഭം നാല് അമ്പത്തിനാലിൽ നിന്നും പറന്നുയരുകയും നാല് അമ്പത്തിയഞ്ചിനു മുൻപ് ചിറകുകൊഴിഞ്ഞു വീഴുകയും മഞ്ഞച്ചിറകുള്ള നാല് അമ്പത്തിയഞ്ചിന്‍റെ ശലഭം പറന്നുയരുകയും ചെയ്തു.
നേരിയ മഴമഞ്ഞ് പുതഞ്ഞു കിടന്ന വഴിയോരങ്ങളിൽ വിടരാൻ വെമ്പി നിൽക്കുന്ന മഞ്ഞ കോളാമ്പിപ്പൂക്കളിൽനിന്നും മഴയുടെ ജലകണം അടർന്നു വീഴുന്നത് ഡോക്ടർ കണ്ടു.
പാപ്പച്ചന്‍റെ വീട്ടിലെത്തുമ്പോൾ നിമഷശലഭം അഞ്ച് പതിനാറിൽ നിന്നും പറന്നുയർന്നിട്ടുണ്ടായിരുന്നു. കാറിന്‍റെ ശബ്ദം കേട്ട് ഉറക്കച്ചടവും പരിഭ്രമവും കലർന്ന മുഖവുമായി പാപ്പച്ചനും ഭാര്യയും തൊഴുത്തിൽ നിന്നും ഇറങ്ങി വന്നു.
“ഇന്നലെ രാത്രി പന്ത്രണ്ടു മണി മൊതല് ഉറക്കമൊളച്ച് കാത്തിരിക്ക്യാണ് ഡോക്ടറെ..ഇപ്പോ ..ദാ.. കാല് മത്രേള്ളോ..”പാപ്പച്ചന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്ന ആകാംക്ഷ ഡോക്ടർ തിരിച്ചറിഞ്ഞു.
ഡോക്ടർ തൊഴുത്തിനുള്ളിലേക്ക് കയറി. അരണ്ട വെളിച്ചത്തിൽ പശുക്കുട്ടിയുടെ കൈകൾ മാത്രം പുറത്ത് വന്ന് പ്രസവിക്കാനാകാതെ നിൽക്കുന്ന ചെമ്പൻ നിറമുള്ള ഒരു ജേഴ്സി പശുവിനെ ഡോക്ടർ കണ്ടു.
“നല്ല വേദനയുണ്ട്. എന്തെങ്കിലും ചെയ്യൂ ഡോക്ടർ..” എന്ന് നിശ്ശബ്ദമായി ആ പശു പറയുന്നതുപോലെ ഡോക്ടർക്കു തോന്നി.
പാപ്പച്ചനും ഭാര്യയും പ്രായമായരും അവശരുമായിരുന്നു.
“ഈ വീട്ടിൽ വെറേ ആരുമില്ലേ ?” ഡോക്ടർ ചോദിച്ചു.
“കുട്ടികൾ ഉറക്കമാണ്. വിളിച്ചാൽ ഉണരുമെന്ന് തോന്നുന്നില്ല” അല്പം നിരാശയോടെയാണ് അവർ പറഞ്ഞത്
“എങ്കിലും വിളിച്ചു നോക്കൂ. പശുക്കുട്ടിയെ വലിച്ച് എടുക്കേണ്ടി വരും”
എന്നു ഡോക്ടർ പറഞ്ഞപ്പോൾ “നോക്കട്ടെ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞ് അവർ അകത്തേക്ക് കയറി പോയി.
കുറച്ചു കഴിഞ്ഞപ്പോൾ കണ്ണു തിരുമ്മിക്കൊണ്ട് ബർമുഡയും ബനിയനും ധരിച്ച, ചപ്ര തലമുടിയുള്ള രണ്ട് കൌമാരക്കാർ മൊബൈൽ ഫോൺ നോക്കിക്കൊണ്ട് മനസ്സില്ലാ മനസ്സോടെ പുറത്തു വന്നു.
“വാലു പിടിച്ചോളൂ..” ഡോക്ടർ അങ്ങിനെ പറഞ്ഞപ്പോൾ മോബൈൽ നോക്കികൊണ്ട് അവർ വളരെ അശ്രദ്ധമായി പശുവിന്‍റെ വാലു പിടിച്ചു കൊണ്ട് മറ്റേതോ ലോകത്തിൽ ലയിച്ചു നിന്നു,
ഗർഭാശയ പരിശോധനയിൽ പശുക്കുട്ടിയുടെ തല ഒരു വശത്തക്ക് ചരിഞ്ഞിരിക്കുന്നത് ഡോക്ടർ കണ്ടെത്തി.
പശു വാലൊന്ന് കുടഞ്ഞ് വീശിയപ്പോൾ ചാണകത്തിലും മൂത്രത്തിലും മുങ്ങിയ വാലിലെ ജലകണങ്ങൾ കൌമാരക്കാരുടെ ഷർട്ടിലും മുഖത്തും പനിനീർ പോലെ വീണു ചിതറി. അവരുടെ മുഖങ്ങൾ അസഹ്യതയോടെ ചുളിയുന്നതും വിവർണ്ണമാകുന്നതും ഡോക്ടർ കണ്ടു.
പശുക്കുട്ടിയുടെ രണ്ടു കൈകളിലും ചരടു കെട്ടി കൈകൾ ഗർഭാശയത്തിനുള്ളിലേക്ക് തള്ളിയ ശേഷം തല ശരിയാക്കിയ പശുക്കുട്ടിയെ ഡോകടർ വലിച്ചു പുറത്തെടുത്തു.
ശ്വസിക്കാൻ കഴിയാത്ത പശുക്കുട്ടിക്ക് പ്രഥമശുശ്രൂഷ നൽകിയപ്പോൾ അത് ശ്വസിക്കാൻ തുടങ്ങുകയും അമ്മപശുവിന്‍റെ പാൽ കുടിക്കാൻ തുടങ്ങുകയും ചെയ്തു. പശു സന്തോഷത്തോടെ ഡോക്ടറെ നോക്കി.
അപ്പോൾ ഡോക്ടറുടെ മൊബൈൽ വീണ്ടും ശബ്ദിക്കാൻ തുടങ്ങി.
“ഡോക്ടർ പശൂന്‍റെ ബയറ് ബലൂൺപോലെ വീർത്ത് വീർത്ത് വരണ് പശു തീറ്റൂല കുടീല, .ഒന്ന് വെക്കം വരണം ഡോട്ടർ സർ”, പരിഭ്രമം കലർന്ന അഹമ്മദിന്‍റെ ശബ്ദം ഡോക്ടർ കേട്ടു. വെള്ളച്ചിറകുള്ള നിമിഷ ശലഭം ആറ് പത്തിൽ നിന്നും ആറ് പതിനൊന്നിലേക്ക് പറന്നകലുകയായിരുന്നു അപ്പോൾ.
അഹമ്മദിന്‍റെ വീട് ഒരു കുന്നിൻ ചരുവിലായിരുന്നു.കുന്നിന്‍റെ അടിവാരം വരെ മാത്രമേ കാർ പോകുമായിരുന്നുള്ളു. താഴ്വാരത്ത് അസ്വസ്ഥനായി അഹമ്മദ് കാത്തു നില്പുണ്ടായിരുന്നു.
കുന്നു കയറുമ്പോൾ പ്രഭാതകിരണങ്ങൾ വീണു തിളങ്ങുന്ന ഈറനണിഞ്ഞ പച്ചിലച്ചാർത്തുകൾക്കിടയിൽ ചാകേരതിപക്ഷികൾ അലസമായി പറന്നു നടന്നു. കുന്നിൻ ചെരുവിൽ ചെങ്കല്ല് കളിമണ്ണിൽ പൊത്തി പടുത്തുയർത്തയ പനയോല മേഞ്ഞ ഒരു വീടായിരുന്നു അഹമ്മതിന്‍റേത്. വീടിന്‍റെ പുറകു വശത്ത ചായ്പ്പിലായിരുന്നു പശു നിന്നിരുന്നത്. പശുവിന്‍റെ ഇടതു വശത്തെ വയറ് വായു നിറഞ്ഞ് വീർത്ത് പന്തുപോലെ ആയിട്ടുണ്ടായിരുന്നു. കണ്ണു തുറിപ്പിച്ച്, അയവിറക്കാതെ ആ പാവം നാടൻപശു നിന്നു.
“വയറ് വേദനിക്കുന്നു. ശ്വാസം മുട്ടലൂണ്ട്” എന്ന് ഡോക്ടർക്ക് മാത്രം മനസ്സിലാകുന്ന ശരീരഭാഷയിൽ പശു പറഞ്ഞു.
“തീറ്റ എന്തെങ്കിലും മാറ്റി കൊടുത്തോ?” എന്ന ഡോക്ടറുടെ ചോദ്യത്തിന് അഹമ്മദ് ഉത്തരം നൽകിയില്ല. അഹമ്മദിന് കേൾവിക്കുറവുണ്ടായിരുന്നു.
“ഒരു ചക്ക മുഴുവൻ വെട്ടി തിന്നാൻ തന്നു ഡോക്ടർ.” പശു വീണ്ടും നിശ്ശബ്ദമായി പ്രതികരിച്ചു.
ഡോക്ടർ പശുവിന്‍റെ വീർത്ത വയറിൽ സൂചി കുത്തിയിറക്കി വായു പുറത്തു കളഞ്ഞു. ഗ്യാസും ആസിഡും ഇല്ലാതാക്കുന്ന മരുന്ന് നൽകിയപ്പോൾ അയവിറക്കിക്കൊണ്ട് പശു നന്ദി പറഞ്ഞു.
കുന്നിറങ്ങുമ്പോൾ നിമിഷ ശലഭം എട്ടുമണിയിലേക്ക് പറന്നകലുന്നത് ഡോക്ടർ ശ്രദ്ധിച്ചു. ഡോക്ടർ തിരിച്ച് വീട്ടിലെത്തുമ്പോൾ തവിട്ടു ചിറകുള്ള നിമിഷശലഭം എട്ട് മുപ്പതിൽ വന്നിരുന്നു ചിറകടിച്ചു. ഒൻപത് മണിക്ക് ആശുപത്രിയിൽ എത്തേണ്ടതുള്ളതിനാൽ പതിനഞ്ച് മിനിറ്റുകൊണ്ട് കുളിയും പ്രഭാത കർമ്മങ്ങളും ഭക്ഷണവും കഴിച്ചെന്നു വരുത്തി എട്ട് നാല്പത്തിയഞ്ചിൽ നിന്ന് വെളുപ്പിൽ നീലപ്പുള്ളികളുള്ള നിമിഷശലഭം പറന്നുയരുമ്പോൾ ഡോക്ടർ ആശുപത്രിയിലേക്കു പോകാൻ കാർ സാറ്റാർട്ടു ചെയ്തു. പത്രം അനാഥമായി പോർട്ടിക്കോയിൽ കിടപ്പുണ്ടായിരുന്നു. അതൊന്ന് ഓടിച്ചു നോക്കണമെന്നുണ്ടായിരുന്നു,ഡോക്ടർക്ക്.
“ഇന്ന് ഉച്ചക്ക് ഉണ്ണാൻ വരണം. മകന്‍റെ പിറന്നാളാണ്. വൈകീട്ടു വരുമ്പോൾ കേയ്ക്ക് വാങ്ങാൻ മറക്കണ്ട “ ഭാര്യ ഓർമ്മിപ്പിച്ചു.
ആശുപത്രിയിൽ നല്ല തിരക്കുള്ള ഒരു ദിവസമായിരുന്നു അന്ന്. കാറുകളിലും ഓട്ടോറിക്ഷകളിലുമായി നിരവധി ആളുകൾ പൂച്ചകളെയും നായ്ക്കളെയും കൊണ്ട് ആശുപത്രി പരിസരത്ത് കാത്തു നില്പുണ്ടായിരുന്നു.
ചിറകിൽ കറുത്തപുള്ളികളുള്ള നിമിഷശലഭം പറന്ന് പറന്ന് ഒമ്പത് ഒന്നിൽ പറന്നിറങ്ങി. ഒ.പി യിൽ ഇരിക്കുമ്പോൾ ഒട്ടനവധി ശലഭങ്ങൾ അതു വഴി ഒന്നിനു പുറകെ ഒന്നായി പറന്നു പോയ്ക്കൊണ്ടിരുന്നത് ഡോക്ടർ അറിഞ്ഞതേയില്ല. പതിനൊന്ന് മുപ്പതിന് വയലറ്റ് നിറമുള്ള നിമിഷശലഭം പറന്നുയർന്നപ്പോൾ കാലിൽ ചെറിയ മുടന്തുള്ള ഓഫീസ് സഹായി ശിവരാമൻ വന്ന് ചായ കുടിക്കാൻ വിളിച്ചു. അപ്പോഴാണ് തിരക്കിനിടയിലൂടെ അനന്തപത്മനാഭൻ മാറോട് ചേർത്തു പിടിച്ച ഒരു പുവ്വൻ കോഴിയുമായി കടന്നു വന്നത്. കുട്ടികളുടെ പ്രകൃതമായിരുന്നു അയാൾക്ക് . നിഷ്ക്കളങ്കനായ ഒരു മൃഗസ്നേഹി.
പൂവൻ കോഴിയുടെ ഒടിഞ്ഞ ഇടതു കാൽ നീട്ടിപിടിച്ചുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു, "ഡോക്ടർ, ആരോ എന്‍റെ കുട്ടൂസിന്‍റെ കാൽ എറിഞ്ഞൊടിച്ചുകളഞ്ഞൂ. ഇവൻ വേദന കാരണം ഒന്നും കഴിക്കുന്നില്ല സർ... പാവം എന്‍റെ കുട്ടു."
ഡോക്ടർക്ക് അനന്തപത്മനാഭനെ നന്നായിട്ടറിയാം. എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ഉടനെ കുട്ടികളെപ്പോലെ അയാൾ കരയാൻ തുടങ്ങും.
ഡോക്ടർ കോഴിയുടെ കാലു പരിശോധിച്ചു. അത് ഒടിഞ്ഞിട്ടുണ്ടായിരുന്നു.
നിസ്സഹായതയോടെ പൂവൻ കോഴി ഡോക്ടറെ നോക്കി. അതിന്‍റെ കണ്ണുകളിൽ വേദന പടർത്തിയ ചുവന്ന രേഖകൾ ഡോക്ടർ കണ്ടു.
“ഇത് പ്ളാസ്റ്ററിടേണ്ടി വരും..” ഡോക്ടർ അങ്ങിനെ പറഞ്ഞപ്പോൾ അനന്തപത്മനാഭൻ തലകുലുക്കി.
“എന്തു വേണമെങ്കിലും ചെയ്യാം ഡോക്ടർ.. എത്ര പൈസ ചെലവായാലും കുട്ടുവിന്‍റെ കാൽ ശരിയാക്കിത്തരണം.”
അയാളുടെ ഉത്തരം കേട്ട് ഒരു ലാബ്രഡോർ നായയുമായി വന്ന് ഊഴം കാത്ത് അക്ഷമയോടെ നിന്ന തടിയനായ ഒരാൾ ഉറക്കെ പ്രതികരിച്ചു
“അതിനെ കൊന്ന് കറിവെച്ച് കഴിക്കെന്‍റെ ചങ്ങാതീ. വെറുതെ മറ്റുള്ളോരടെ സമയം മെനക്കെടുത്താതെ..”
ഇതു കേട്ട് കൂടി നിന്നവർ പതിയെ ചിരിച്ചു.
വ്യത്യസ്തരായ മനുഷ്യരുടെ മുൻഗണനകളും വ്യത്യസ്തമാണെന്ന് ഡോക്ടർക്കു തോന്നി.
വളരെ ക്ഷമയോടെ ഡേക്ടർ അതിന്‍റെ കാലിൽ പ്ളാസ്റ്റിറിട്ട ശേഷം വേഗം സുഖം പ്രാപിക്കാനുള്ള മരുന്നു നൽകി അയാളെ തൃപ്തനാക്കി അയക്കുമ്പോൾ പുറത്ത് പശുക്കളെയും ആടുകളെയും കൊണ്ട് വീണ്ടും ആളുകൾ വന്നുകൊണ്ടിരുന്നു.
ഡോക്ടർ തണുത്തുപോയ ചായകുടിച്ചുകൊണ്ട് ജാലകത്തിലൂടെ പുറത്തേക്കു നോക്കി. ചെറിയ കുന്നിൻ മുകളിലുള്ള ആശുപത്രിക്കു പുറകിൽ തേക്കു മരക്കാടുകളായിരുന്നു. അതിനുമപ്പുറം താഴെ നുരയും പതയുമായി ഒഴുകുന്ന പുഴയുമുണ്ടായിരുന്നു. ദൂരെ, വലിയ തേക്കുമരങ്ങൾക്കിടയിലൂടെ കാണാവുന്ന പുഴയുടെ പാൽ നിറമുള്ള നീരൊഴുക്കു നോക്കി നിൽക്കുമ്പോൾ പച്ച വർണ്ണത്തിലുള്ള നിമിഷ ശലഭം ഡോക്ടറുടെ കൈ വെള്ളയിൽ ഇരിക്കാനായി പറന്നു വന്നു.
അപ്പോഴാണ് ശിവരാമൻ കടന്നു വന്നത്. “സാറെന്താണ് ഇത്ര കാര്യമായി നോക്കി നിൽക്കുന്നത്? നല്ല തിരക്കുള്ള ദിവസമാണിന്നെന്ന് തോന്നുന്നു അല്ലേ? “ എന്ന് പറഞ്ഞ് അയാൾ അടുത്തു വന്നു നിന്നു. അയാളെന്തോ ആടിനെപ്പോലെ ചവക്കുന്നുണ്ടായിരുന്നു.
“ശിവരാമൻ ഈ കാഴ്ച കണ്ടോ ? “ എന്ന ഡോക്ടറുടെ ചോദ്യം കേട്ട് നീണ്ട കഴുത്തു നീട്ടി അയാൾ ജാലകത്തിലൂടെ പുറത്തേക്കു നോക്കി. അയാളുടെ കഴുത്തിലെ ഞരമ്പുകൾ പാമ്പുകളെപ്പോലെ പിണഞ്ഞു കിടന്നു.
“ഓ..നല്ല വണ്ണമുള്ള തേക്കുമരങ്ങൾ.. വെട്ടി വിറ്റാ നല്ല വില കിട്ടും. അല്ലേ സർ..” എന്നു പറഞ്ഞ് നിർവികാരനായി തേക്കു മരങ്ങളെ നോക്കി അയാൾ നിന്നു. അപ്പോൾ തേക്കു മരത്തിന്‍റെ ഇലകൾ കാറ്റിൽ ഇളകിയാടി.
പച്ച നിമിഷശലഭം പിടഞ്ഞു വീണു മരിക്കുകയും പതിനൊന്ന് നാല്പത്തിയെട്ടിന്‍റെ മഞ്ഞ നിറമുള്ള നിമിഷശലഭം പറക്കാനാരംഭിക്കുകയും ചെയ്തു. വീണ്ടും തിരക്കിലേക്കിലേക്ക് ഡോക്ടർ വലിച്ചെറിയപ്പെട്ടു. ജീവിതോപാധിയായി മൃഗങ്ങളെ വളർത്തുന്ന ക്ഷമാശീലരായ പരമ്പരാഗത കർഷകരും, നാഗരികതയുടെ പാരമ്പര്യം പേറുന്ന അക്ഷമരും അസംതൃപ്തരുമായ വളർത്തുമൃഗങ്ങളെ വളർത്തുന്നവരും തമ്മിൽ ഊഴം കാത്തു നിൽക്കുമ്പോൾ പരസ്പരം കലഹിക്കുന്നത് നിസ്സഹായനായി ഡോക്ടർക്കു നോക്കി നിൽക്കേണ്ടി വന്നു.
ഇടക്കെപ്പോഴോ അടച്ചുവെച്ച രണ്ട് പെട്ടികളുമായി കാത്തു നിന്നിരുന്ന ഡാനിഷ് കടന്നു വന്നു. നീണ്ടു മെലിഞ്ഞ ശരീരവും, മൂർച്ചയുള്ള നോട്ടവും, ചലനങ്ങളിൽ അസാമാന്യ വേഗതയുമുള്ള, വിചിത്ര സ്വഭാവമുള്ള ഒരു മനുഷ്യനായിരുന്നു അയാൾ.
ആദ്യത്തെ പെട്ടി തുറന്ന് ഒരു മൂർഖൻ പാമ്പിനെയാണ് അയാൾ പുറത്തെടുത്തത്. അതിന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. മുറിവ് ഡ്രസ് ചെയ്ത് സ്റ്റിച്ചിട്ട് കൊടുത്തപ്പോൾ അയാൾ അടുത്ത പെട്ടി തുറന്നു. അതിനുള്ളിൽ ഒരു കീരിയായിരുന്നു. വളരെ അനുസരണയോടെ കീരി അയാളുടെ കൈയിലിരുന്നു. അതിന്‍റെ ശരീരത്തിലൊരു പഴുപ്പൊലിക്കുന്ന വൃണമുണ്ടായിരുന്നു. വൃണം വൃത്തിയാക്കി മരുന്നു പുരട്ടി വേഗം ഉണങ്ങാനുള്ള മരുന്ന് നൽകിയപ്പോൾ ഡാനിഷ് നീണ്ട നഖങ്ങളുളള കൈകൾ കൂപ്പുകയും മൂർച്ചയുള്ള മഞ്ഞപ്പല്ലുകൾ കാട്ടി ചിരിക്കുകയും ചെയ്തു.
“ഇന്ന് എന്തിനെയാണാവോ ഇയാൾ തിന്നാൻ പോകുന്നത്? “ അയാൾ പോയപ്പോൾ ശിവദാസൻ ആരോടെന്നില്ലാതെ പറഞ്ഞു.
ഡാനിഷ് ഭക്ഷണത്തിനു മുൻപ് എന്തെങ്കിലും പ്രാണിയെ ജീവനെ പിടിച്ചു തിന്നാറുണ്ടെന്ന് നാട്ടുകാർ പറയുന്നത് ഡോക്ടർ കേട്ടിരുന്നു.
ഡോക്ടർ ഒരിക്കൽ അതിനെപ്പറ്റി അയാളോട് നേരിട്ട് ചോദിച്ചിരുന്നു. അതിനുളള മറുപടി വളരെ വിചിത്രമായിരുന്നു.” ഒരു അപ്പിറ്റൈസർ” എന്നാണ് അയാൾ അന്ന് ചിരിച്ചുകൊണ്ട് മറുപടിപറഞ്ഞത്. പാറ്റയോ, പല്ലിയോ, തവളയോ എന്തിനെ കിട്ടിയാലും ജീവനോടെ പിടിച്ചു തിന്നാറുണ്ടെന്നും അതിന് നല്ല സ്വാദാണെന്നും അന്നയാൾ പറഞ്ഞു.
ചുവന്ന നിമിഷശലഭം പന്ത്രണ്ട് മുപ്പതിലെത്തിയപ്പോഴാണ് അവശ നിലയിലായ ഒരു ആട്ടിൻകുട്ടിയുമായി രാജമ്മ വന്നത്. വലിപ്പമാകുന്നതിനു മുൻപ് ഗർഭിണിയാകേണ്ടി വന്ന ഒരു പാവം ആട്ടിൻക്കുട്ടിയായിരുന്നു അത്. അത് പതിഞ്ഞ ശബ്ദത്തിൽ കരയുന്നുണ്ടായിരുന്നു. അതിന്‍റെ കണ്ണിലെക്കു നോക്കിയപ്പോൾ കളിച്ചു നടക്കുന്ന പ്രായത്തിൽ ജീവിതസങ്കീർണ്ണതയിലേക്ക് വീണു പോയതിന്‍റെ നിസ്സാഹയതയും രക്തക്കുറവിന്‍റെ വിളർച്ചയും ഡോക്ടർ ഒരുപോലെ കണ്ടു.
“എന്തൊരു ലോകമാണിത്..? “ ആട്ടിൻ കുട്ടി ഡോക്ടറോട് ചോദിച്ചു.
“സാരമില്ല.എല്ലാം ശരിയാവും” എന്നു പറഞ്ഞ് ശിരസിൽ തലോടിക്കൊണ്ട് ഡോക്ടർ അതിനെ ആശ്വസിപ്പിച്ചു
സാധാരണ പ്രസവം നടത്താനാവാത്തതിനാൽ സിസേറിയൻ നടത്താനാണ് ഡോക്ടർ തീരുമാനിച്ചത്.
സിസേറിയൻ നടന്നുകൊണ്ടിരുന്നപ്പോൾ തുടരെ തുടരെ യാതൊരു ദയയുമില്ലാതെ ഡോക്ടറുടെ മൊബൈൽ ശബ്ദിച്ചുകൊണ്ടിരുന്നു.
സിസേറിയൻ കഴിഞ്ഞപ്പോൾ വളർച്ചയെത്താതെ ഗർഭാശയത്തിൽ വെച്ചു തന്നെ മരണപ്പെടേണ്ടി വന്ന രണ്ട് ആട്ടിൻകുഞ്ഞുങ്ങളുടെ ദുരന്തം ഡോക്ടറുടെ മനസ്സിനെ കുറച്ചു നേരം അസ്വസ്ഥമാക്കി.
നിമിഷശലഭം ഘടികാരത്തിലെ രണ്ട് നാല്പതിനു മുകളിൽ വന്നിരിക്കുമ്പോൾ നായ്ക്കളുമായി നാല് പേരും പൂച്ചകളുമായി ആറു പേരും അകിടു വീക്കം ചികത്സിക്കാനായി ഒരു ക്ഷീര കർഷകനും അക്ഷമയോടെ പുറത്ത് കാത്തു നില്പുണ്ടായിരുന്നു. ഇതിനും പുറമെ രണ്ട് വെറ്ററിനറി മെഡിക്കൽ റപ്പുകൾ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് തലകാണിച്ച് വെളുക്കെ ചിരിച്ചു. ഡോക്ടർക്ക് നല്ലപോലെ വിശക്കൻ തുടങ്ങിയിരുന്നു. മകന്‍റെ പിറന്നാളിന് വീട്ടിൽപോയി ഭക്ഷണം കഴിക്കാൻ ഇനി സമയമില്ലെന്ന് ഡോക്ടർക്കു മനസ്സിലായി. തന്നെപ്പോലെ ഭക്ഷണം കഴിക്കാതെ കാത്തുനിൽക്കുന്നവരെ കണ്ട ശേഷം എന്തെങ്കിലും കഴിക്കാമെന്ന് ഡോക്ടർ തീരുമാനിച്ചു.
മൊബൈലിൽ പതിനഞ്ചോളം മിസ്ഡ് കോളുകൾ കണ്ട് ഡോക്ടർ ഞട്ടി. വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കഴിക്കാൻ താനിന്ന് വരില്ലെന്ന് ഡോക്ടർ പറഞ്ഞു.’ഹാപ്പി ബർത്ത് ഡേ ‘ പറയുമ്പോൾ മകന്‍റെ ശബ്ദത്തിലെ പിണക്കം ഡോക്ടർ തിരിച്ചറിഞ്ഞിരുന്നു.മകനോട് കേക്ക് വാങ്ങി നേരത്തെ വരാമെന്ന് പറഞ്ഞുകൊണ്ടാണ് ഡോക്ടർ അവന്‍റെ പിണക്കം മാറ്റിയത്.
രേഖകൾ അറ്റസ്റ്റു ചെയ്യാനെത്തിയ രണ്ട് പേർ ഞങ്ങൾ കുറേ നേരമായി ഇവിടെ കാത്തു നില്ക്കുകയാണ് എന്ന സൂചിപ്പിച്ചുകൊണ്ട് അക്ഷമരായി മുറിക്കു മുന്നിലൂടെ അങ്ങോട്ടിമിങ്ങോട്ടും നടക്കുന്നത് ഡോക്ടർ നിസ്സഹായതയോടെ കണ്ടു. അപ്പോൾ വീണ്ടും മോബൈൽ ഭീഷണി മുഴക്കാൻ തുടങ്ങി. അത് ഡോക്ടറുടെ അമ്മാവനായിരുന്നു. ശബ്ദത്തിൽ നിന്നും അമ്മാവൻ നല്ല ‘കലിപ്പി’ലാണെന്ന് ഡോക്ർക്കു മനസ്സിലായി.
“ഞാൻ എത്ര തവണ നിന്നെ ഫോണിൽ വിളിച്ചെന്നോ? നിനക്ക് എന്‍റെ ഫോൺ എടുക്കാനുള്ള സമയമില്ല അല്ലേ?“, അമ്മാവൻ പരിഭവപ്പെട്ടു.
“ഞാൻ ഒരു സിസേറിയൻ ചെയ്യുകയായിരുന്നു, അതു കൊണ്ടാണ് ഫോൺ എടുക്കാൻ കഴിയാതിരുന്നത്. എന്തിനാണ് വിളിച്ചത് ? “ ഡോക്ടർ ചോദിച്ചു
“ഓ.. വെറുതെ വിളിച്ചതാ.. നീ യെന്താ ഈയിടായീ ഇങ്ങോട്ടൊന്നും ഇറങ്ങാത്തത്? അവിടെ മഴയൊക്കെയുണ്ടോ?“, അമ്മാവൻ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.
മേലാഫീസിലേക്ക് ഇന്‍റർനെറ്റു വഴി അടിയന്തരമായി റിപ്പോർട്ട് അയക്കാൻ നിരന്തരം ശ്രമിച്ചിട്ടും കഴിയാത്തതിൽ നിരാശനായി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ധനപാലൻ അക്ഷമയോടെ അകത്തു വന്നത് അപ്പോഴാണ്. “നെറ്റ് കിട്ടുന്നില്ല സർ എനി എന്തു ചെയ്യും?“ ധനപാലൻ വരണ്ട സ്വരത്തിൽ ചോദിച്ചു.
തിരക്കിനിടയിലും ഡോക്ടർ കമ്പ്യൂട്ടറിനു മുന്നിൽ ചെന്നിരുന്നു. നെറ്റ് കറങ്ങി കറങ്ങി നിന്നു. തന്‍റെയും തല കറക്കുന്നതു പോലെ ഡോക്ടർക്കുതോന്നി.
അപ്പോഴാണ് പഞ്ചായത്തിൽ നടക്കുന്നുകൊണ്ടിരിക്കുന്ന യോഗത്തിൽ ഡോക്ടർ പങ്കെടുക്കാൻ വരാത്തതെന്തെന്ന് അന്വേഷിച്ചുകൊണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് ഫോൺ വന്നത്. അമ്മാവൻ അപ്പോഴും വർത്തമാനം നിർത്തിയിട്ടുണ്ടായിരുന്നില്ല. ഇരുപത്തി നാലിലെ വെള്ളപ്പൊക്കക്കത്തെക്കുറിച്ചാണ് അപ്പോൾ അമ്മാവൻ സംസാരിച്ചുകൊണ്ടിരുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ ഇന്‍റർനെറ്റ് ഡോക്ടറോട് കരുണ കാണിച്ചു. റിപ്പോർട്ട് അയച്ച ശേഷം ഡോക്ടർ വീണ്ടും ഓ പി യിലേക്ക് പോയി. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറെ യോഗത്തിൽ പങ്കെടുക്കാൻ പഞ്ചായത്തിലേക്ക് പറഞ്ഞയച്ചു.
വീട്ടിലേക്ക് വരണമെന്നും വരുമ്പോൾ പശുക്കുട്ടിക്ക് പറ്റിയ കാൽസ്യ ത്തിന്‍റെ സാമ്പിൾ കിട്ടിയത് കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അമ്മാവൻ തന്‍റെ ദീർഘനേര ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
മൂന്നരയിൽ കറുപ്പു നിറമുള്ള നിമിഷശലഭം പറന്നിറങ്ങിയപ്പോഴാണ് ഓടിക്കിതച്ചുകൊണ്ട് ലീലാവതിയെത്തിയത്. വന്നയുടനെ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
“എന്‍റെ മാളു പോയീ സാറേ..എന്തു നല്ല സ്നേഹള്ള പശ്വയിരുന്നു. പറഞ്ഞിട്ടെന്താ..പോയില്ലേ." കരഞ്ഞ് കരഞ്ഞ് അവർ നിലത്ത് തളർന്നിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് പശു കഴുത്തിൽ കയർ കുരുങ്ങി ചത്തുപോയ കാര്യം അവർ പറയുന്നത്. ഇൻഷൂറൻസുള്ള പശുവായതിനാൽ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടുകൊണ്ടുള്ള വരവായിരുന്നു അത്.
തിരക്കിട്ട് അവരുടെ വീട്ടിലെത്തിയപ്പോൾ മരണ വീടുപോലെ അവിടം മൂകമായിരുന്നു.പാൽ വിറ്റു ജീവിക്കുന്ന ആ വീട്ടുകാരുടെ വേദന അവർ പൊഴിക്കുന്ന കണ്ണീരിൽ തെളിയുന്നുണ്ടായിരുന്നു.
പോസ്റ്റുമോർട്ടം കഴിയുമ്പോൾ നാല് ഇരുപതിൽ നിന്നും നിമിഷശലഭം പറന്നുയർന്നു. മനസ്സിനും ശരീരത്തിനും വല്ലാത്ത ഒരു ക്ഷീണം ഡോക്ടർക്ക് അനുഭവപ്പെട്ടു.
നിമിഷശലഭം നാലരയിൽ വന്നിരുനിനപ്പോഴാണ് അവസാനമായി വന്ന അന്തോണിയുടെ അകിടുവീക്കം ബാധിച്ച പശുവിനെ ഡോക്ടർ പരിശോധിക്കാൻ തുടങ്ങിയത്. പശുവിന്‍റെ അകിടിൽ നല്ല നീരും ചൂടുമുണ്ടായിരുന്നു. പാൽ അതിന്‍റെ സ്വാഭാവിക ഗുണം നഷ്ടപ്പെട്ട് പച്ച വെള്ളം പോലെ ആയി മാറിക്കഴിഞ്ഞിരുന്നു.
“സാറൊന്നും കഴിച്ചില്ലാലേ.. ഇത് കഴിച്ചോളൂ..” കൈയ്യിൽ കരുതിയ രണ്ട് വണ്ണമുള്ള നാടൻ നേന്ത്രപഴം നീട്ടിക്കൊണ്ട് അന്തോണി പറഞ്ഞു.
അതു വരെ മറ്റാരും ഡോക്ടർ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുകപോലും ചെയ്തിരുന്നില്ല. എല്ലാവരും സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കാൻ തുടങ്ങിയ കാലത്തിലൂടെ യാന്ത്രികമായി കടന്നു പോകുകയായിരുന്നു.
മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്ന അവസ്ഥ കുറഞ്ഞു വരികയാണെന്നാണ് പഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഡോക്ടർ ചിന്തിച്ചത്.
അന്താണിയുടെ പശുവിനെ ചികത്സിക്കുമ്പോൾ നീല വർണ്ണമുള്ള നിമിഷശലഭം അഞ്ചുമണിയിലേക്ക് പറന്നടുക്കുകയായിരുന്നു. അപ്പോഴാണ് വെളുക്കെ ചിരിച്ചുകൊണ്ട് കവലയിൽ കച്ചവടം നടത്തുന്ന ദിവാകരൻ കടന്നു വന്നത്. ക്ഷീരകർകരിൽ നിന്നും കുറഞ്ഞ വിലക്ക് പാല് വാങ്ങി എൈസ്ക്രീമും സിപ്പപ്പും ഉണ്ടാക്കി വിൽക്കുന്ന ഒരു സംരംഭം അയാൾ അടുത്തിടെ തുടങ്ങിയിട്ടുണ്ടായിരുന്നു.
“അടുത്ത തിങ്കളാഴ്ച ഒരു ആദരിക്കൽ ചടങ്ങുണ്ട്, ഡോക്ടർ വരണം”
അയാൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“ആരെയാണ് ആദരിക്കുന്നത് ? “ ഡോക്ടർ ചോദിച്ചു
“എന്നെത്തന്നെ, ക്ഷീരമേഖലക്ക് സമഗ്രസംഭാവന നൽകുന്നയാളെ ആദരിക്കുന്ന ചടങ്ങാണ്. ചടങ്ങിൽ ഡോക്ടർ എന്നെ ഒരു പൊന്നാട അണിയിക്കണം.”
കൈ കൂപ്പിക്കൊണ്ട് അയാൾ വീണ്ടും ചിരിച്ചു നോക്കട്ടെ.. ഡോക്ടർ ചിരിച്ചുകൊണ്ട് തലയാട്ടി.
“എന്‍റെ പശുവിന് എന്നാണാവോ പൊന്നാട കിട്ടാൻ പോകുന്നത്?“, ദിവാകരൻ പോകുന്നത് നോക്കി അന്തോണി പ്രതികരിച്ചു.
അന്തോണിയുടെ വാക്കുകളിൽ അമർഷം പുകയുന്നത് ഡോക്ടർ തിരിച്ചറിഞ്ഞു. അന്തോണി പഴയ ഒരു വിപ്ളവകാരിയായിരുന്നു.
“ഇത്തരം പ്രഹസനങ്ങൾക്കെതിരെ ഡോക്ടർ എന്താ പ്രതികരിക്കാത്തത്?”
അന്തോണിയുടെ ചോദ്യം കേട്ട് ഡോക്ടർ ശാന്തമായി ചിരിച്ചു.
“ഞങ്ങളിതൊന്നും ശ്രദ്ധിക്കാറില്ല, അന്തോണി. ചികത്സിച്ചു ഭേദമാക്കിയ മൃഗങ്ങളുടെ നന്ദി തുളുമ്പുന്ന നോട്ടം, നിങ്ങളെ പോലുള്ള നന്മയുള്ള കർഷകർ നൽകുന്ന കറയില്ലാത്ത സ്നേഹം. അതിനെക്കാൾ വിലയുള്ളതായിട്ട് ഒന്നും തന്നെയില്ല. കച്ചവടവൽക്കരിക്കപ്പെട്ട ലോകത്ത് സ്വയം പരസ്യപ്പെടുത്തുന്ന ദിവാകരനെപ്പോലുള്ളവരുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്.” ഡോക്ടർ പശുവിനെ തലോടിക്കൊണ്ട്പറഞ്ഞു.
അന്തോണി എല്ലാം ശരിയാണെന്നമട്ടിൽ തലകുലുക്കുക മാത്രം ചെയ്തു. വേദന കുറഞ്ഞ ആശ്വാസത്തിൽ അന്തോണിയുടെ പശുവും നന്ദിയോടെ തലകുലുക്കി. ഡോക്ടർ ഡയറി നോക്കി. നാല് ചെനക്കുള്ള കുത്തിവെയ്പും, ഒരു ഇൻഷൂറൻസും വീടുകളിൽ പോയി ചെയ്യാനുണ്ടായിരുന്നു. അതു കഴിഞ്ഞാൽ മകന്‍റെ പിറന്നാൾ കേയ്ക്കു വാങ്ങി വീട്ടിലേക്കു പോകാമെന്ന് ഡോക്ടർ കണക്കുകൂട്ടി. തിരക്കിട്ട് ജോലി ചെയത് തീർത്ത് ആറ് പത്തിലേക്ക് ഇളം മഞ്ഞ ചിറകുള്ള നിമിഷശലഭം പറന്നുയർന്നപ്പോൾ ഡോക്ടർ കേയ്ക്കു വാങ്ങി കടയിൽ നിന്നും പുറത്തിറങ്ങി. പെട്ടെന്ന് ഡോക്ടറുടെ മുന്നിൽ ഒരു ജീപ്പ് സഡൺ ബ്രേക്കിട്ട് നിർത്തി അതിൽ നിന്നും മാത്തപ്പൻ ചാടിയിറങ്ങി.
ഒരു പ്രസവമുണ്ട് ഡോക്ടർ. കടീഞ്ഞൂലാ.. ഡോക്ടറൊന്ന് വേഗം വരണം. മാത്തപ്പന്‍റെ ജീപ്പിനു പിന്നാലെ ഡോക്ടർക്ക് അതിവേഗം കാറോടിച്ചു പോകേണ്ടി വന്നു.
മാത്തപ്പന്‍റെ വീട്ടിലെ കാഴ്ച ഭീകരമായിരുന്നു. പ്രസവത്തിൽ പശുക്കുട്ടിയുടെ തല മാത്രമേ പുറത്തുക്ക വന്നിരുന്നുള്ളു. നാലഞ്ചാളുകൾ പശുക്കുട്ടിയുടെ കഴുത്തിൽ കയറുകെട്ടി ആവേശത്തോടെ വലിക്കുയാണ്. എങ്ങനെയെങ്കിലും പശുക്കുട്ടിയെ പുറത്തേക്ക് വലിച്ചിടുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് തോന്നി.
പശുക്കുട്ടി ചത്തിരുന്നു എന്നു മാത്രമല്ല നീരു കെട്ടി അതിന്‍റെ തല വലുതായിരുന്നു . പശു വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നു. അതിന്‍റെ ഗർഭാശയത്തിൽ നിന്നും രക്തം വരാൻ തുടങ്ങിയിരുന്നു.
“നിർത്തൂ. ഇത് കമ്പവലി മത്സരമല്ല. ഒരു ജീവനുള്ള മൃഗമാണിതെന്ന് ഓർക്കണം..ഇതിനും വേദനിക്കും“ ഡോക്ടറുടെ വാക്കുകൾ കേട്ട് അവർ അർത്ഥമില്ലാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു.
പശുക്കുട്ടിയെ പല കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയല്ലാതെ പശുവിനെ രക്ഷിക്കാൻ വെറെ വഴിയില്ലായിരുന്നു.
സമയം ഇരുളാൻ തുടങ്ങിയിരുന്നു. കറുത്ത ചിറകുള്ള നിമിഷശലഭം ഏഴ് രണ്ടിൽ പറന്നിറങ്ങി. ആകാശത്ത് മറ്റൊരു മഴക്കായി കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും എങ്ങും ഇരുട്ടിന്‍റെ കരിമ്പടത്താൽ മൂടപ്പെടുകയും ചെയ്തു.
മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിൽ പശുവിന് പരിക്കേൽക്കാതെ പശുക്കുട്ടിയെ കഷ്ണം കഷ്ണമായി മുറിച്ചു മാറ്റുന്ന ശ്രമകരമായ ജോലി പൂർത്തിയാക്കുമ്പോൾ രാവിന്‍റെ ചിറകിലേറി വെളുത്ത നിമിഷശലഭം പറക്കുമ്പോൾ എട്ടര പിന്നിട്ടു കഴിഞ്ഞിരുന്നു.
വീട്ടിൽ എത്തിയപ്പോഴെക്കും ഒൻപതു മണിയിലേക്ക് നീല നിമിഷശലഭം പറന്നിറങ്ങിയിരുന്നു.
മകന്‍റെ ബെർത്ത് ഡേ കേയ്ക്കുമായി വീട്ടിലെത്തിയ ഡോക്ടർ കണ്ടത് സ്വീകരണ മുറിയിലെ സോഫയിൽ കിടന്ന് ഉറങ്ങുന്ന മകനെയായാണ്.
“കാത്തിരുന്ന് കാത്തിരുന്ന് കരഞ്ഞുകൊണ്ട് അവൻ ഉറങ്ങി. ഇനി അവനെ ഉണർത്തണ്ട. ചിലപ്പോൾ വീണ്ടും കരയാൻ തുടങ്ങും, അവന് അത്രക്ക് വിഷമായീട്ട്ണ്ട്..”ഡോക്ടറുടെ ഭാര്യ തെല്ലു പരിഭവത്തോടെയാണ് പറഞ്ഞത്. സോഫയിൽ തളർന്നുറങ്ങുന്ന മകനരികിൽ ഡോക്ടർ ഒരു നിമിഷം ഇരുന്നു. സാവകാശം അവന്‍റെ നെറ്റിയിൽ തലോടുമ്പോൾ നഷ്ട പ്പെട്ടു പോകുന്ന സ്വകാര്യ നിമിഷങ്ങളെക്കുറിച്ചോർത്ത് ഡോക്ടർ വ്യകുലപ്പെട്ടു.
‘എന്‍റെയല്ലെന്‍റയല്ലീ നിമിഷശലഭങ്ങൾ..’ പഴയ ഒരു കവിതയോടു ചേർന്ന വരികളാണപ്പോൾ ഡോക്ടറുടെ മനസ്സിലൂറിയത്. പക്ഷേ എന്തു കൊണ്ടോ ആ വരികൾ പൂർത്തിയാക്കാൻ ഡോക്ടർക്കു കഴിഞ്ഞില്ല. മനസ്സിൽ പെയ്യാനാകാത്ത നൊമ്പരത്തിന്‍റെ ഒരു കാർമേഘം ഉരുണ്ട് കയറുന്നത് ഡോക്ടർ അറിഞ്ഞു.
ബാത്ത് റൂമിൽ ഷവറിനു താഴെ നിൽക്കുമ്പോൾ ഡോക്ടർ തനിക്കിഷ്ടപ്പെട്ട പഴയ ഗാനങ്ങൾ പാടൻ ശ്രമിച്ചു. നിമിഷശലഭങ്ങൾ തനിക്കു ചുറ്റും പറക്കാൻ തുടങ്ങുന്നതു പോലെ ഡോക്ടർക്കപ്പോൾ അനുഭവപ്പെട്ടു. എന്നിട്ടുമെന്തോ പിടി നൽകാതെ ദൂരത്തേക്കവ പറന്ന് പറന്ന് പോയിക്കൊണ്ടിരുന്നു.
രാത്രിഭക്ഷണം കഴിക്കുമ്പോൾ അനിയന്ത്രിതമായി ഉറക്കം കണ്ണുകളിൽ പറന്നിറങ്ങാൻ തുടങ്ങിയതിനാൽ വേഗത്തിൽ ഭക്ഷണം കഴിച്ച് ഡോക്ടർ ബെഡ് റൂമിലേക്ക് നടന്നു. കുറേ കാലമായി വായിക്കാൻ ആഗ്രഹിച്ച് എടുത്തു വെച്ച രണ്ട് മാഗസിനുകൾ വായിക്കുവാനായി എടുത്തെങ്കിലും ഉറക്കത്തിന്‍റെ വേലിയേറ്റത്തിൽ ഡോക്ടർക്കാ മോഹം ഉപേക്ഷിക്കേണ്ടി വന്നു. അറിയാതെ എവിടെയെങ്കിലും വീണ് ഉറങ്ങിപ്പോകുമെന്ന് തോന്നി, ഡോക്ടർക്ക്.
പകൽ സമയത്തെ വിശ്രമമില്ലാത്ത ജോലിയുടെ ക്ഷീണം ശരീരത്തെയും മലസ്സിനെയും അത്രമാത്രം തളർത്തിക്കളഞ്ഞിരുന്നു.
പെട്ടെന്ന് ഡോക്ടറുടെ മൊബൈൽ ശബ്ദിച്ചു. അങ്ങേ തലക്കൽ ചിരപരിചിതമായ സത്യനേശന്‍റെ പരിഭ്രമം കലർന്ന സ്വരം ഡോക്ടറെ ക്ഷീണത്തിൽ നിന്നും ഉണർത്തി.
"വീട്ടിലെ എരുമ പ്രസവിച്ചു , പ്രസവത്തോടെപ്പം അതിന്‍റെ ഗർഭാശയം മുഴുവൻ പുറത്തു ചാടി കിടക്കാണ്. നല്ല ബ്ളീഡിങ്ങൂണ്ട്.
ഇവിടെ ഞാൻ മാത്രേള്ളു . ഭാര്യ സുഖല്യാണ്ട് കെടക്കാണ്..
ഈ നേരത്ത് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ വെഷമ്ണ്ട്. ഇനി എന്താ ചെയ്യാ..? "
സത്യനേശൻ ഡോക്ടറുടെ പഴയ ചങ്ങാതിയായിരുന്നു. എന്തിനും എപ്പോഴും കൂടെ നില്ക്കുന്നയാൾ.
"ഞാൻ വരാം' ഭാര്യയോട് പ്രശ്നത്തിന്‍റെ ഗൌരവം മനസ്സിലാക്കിക്കൊടുത്ത ശേഷം ഡോക്ടർ കാറുമായി പുറത്തേക്കിറങ്ങി.
ഉറക്കം കാരണം വഴികൾ അവ്യക്തമാകുന്നതു പോലെ ഡോക്ടർക്കു തോന്നി. കർമ്മങ്ങളാൽ ബന്ധിതനായ ഒരു മനുഷ്യന്‍റെ നിസ്സുഹായത ഡോക്ടറെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. സമൂഹം തിരിച്ചറിയാതെ പോകുന്ന ചില മനുഷ്യരുടെ കർമ്മപഥങ്ങൾ സ്വന്തമാക്കാനാകാത്ത സമയയാനങ്ങളിലെ സമാന്തര യാത്രകളാണെന്ന് ഡോക്ടർക്കു തോന്നി. പങ്കുവെക്കപ്പെടാത്ത ആത്മനൊമ്പരങ്ങളുടെ അശാന്ത യാത്രകൾ. ഹെഡ് ലൈറ്റിന്‍റെ പ്രകാശത്തിൽ വെളുപ്പിൽ കറുത്തപുള്ളികളുള്ള പതിനൊന്ന് നാല്പതിന്‍റെ നിമിഷശലഭം പറന്നകന്നു.
മഴതുള്ളികൾ വീഴാൻ തുടങ്ങിയപ്പോൾ ഡോക്ടർ പാട്ടുപാടാൻ ആരംഭിച്ചു. മഴയും കാറ്റും ഇടിമിന്നലും ലയിച്ച രാത്രിയിൽ, പാട്ടിന്‍റെ ലഹരിയുമായി കാർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇരു വശവും വിശാലമായ പാടമുള്ള റോഡിലൂടെ പോകുമ്പോൾ ഹെഡ് ലൈറ്റിലെ പ്രകാശം തേടി ഈയാംപാറ്റകൾ പറന്നു വന്നു. പുറത്ത് മഴയുടെയും കാറ്റിന്‍റെയും ഇടക്കിടെ വെട്ടുന്ന ഇടിയുടെയും ഭ്രമാത്മകമായ സംഗീതത്തിന് ഡോക്ടർ കാതോർത്തു. പതിയെ ഗ്ളാസു താഴ്ത്തിയപ്പോൾ കാറ്റിനോടൊപ്പം തണുത്ത മഴത്തുള്ളികളും കാറിനുള്ളിലേക്ക് അനുവാദം കൂടാതെ കടന്നു വന്നു. കാറു നിർത്തി, ഹെഡ് ലൈറ്റ് അണച്ച് ഡോക്ടർ ഇരുട്ടിന്‍റെ സൌന്ദര്യം ആസ്വദിച്ചു. പിന്നെ പതുക്കെ ഡോർ തുറന്ന് മഴയിലേക്കിറങ്ങി. കാറ്റും മഴയും ആദ്യമായി ആസ്വദിക്കുന്നതുപോലെ തോന്നി ഡോക്ടർക്ക്.
ഡോക്ടർ ഉറക്കെയുറക്കെ പാട്ടുകൾ പാടി. പതുക്കെ നൃത്തം വെച്ചു. കാറ്റും മഴയും കൂട്ടു ചേർന്ന ആ തണുത്ത രാത്രിയിൽ, സ്വയം മറന്ന് പാട്ടുപാടി നൃത്തം ചെയ്യുന്ന ഡോക്ടർക്കു ചുറ്റും ബന്ധനത്തിനുള്ളിൽ നിന്നും മോചിതമായ ചിറകു നനഞ്ഞ നിമിഷശലഭങ്ങൾ സ്വന്തമാക്കാനാകാത്തതെങ്കിലും അലസമായി പറന്നു നടന്നു.