mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(അബ്ബാസ് ഇടമറുക്)

നഗരമധ്യത്തിലുള്ള ആ ഓഡിറ്റോറിയത്തിന്റെ മുറ്റത്ത് ബൈക്ക് നിറുത്തി ഇറങ്ങുമ്പോൾ അവന്റെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടു. ആറുവർഷങ്ങൾക്കുമുൻപ് അവളുടെ വിവാഹത്തിൽ പങ്കെടുത്തുകൊണ്ട് ഈ ഓഡിറ്റോറിയം വിട്ടുപോകുമ്പോഴുണ്ടായ അതെ പിടച്ചിൽ.

ബൈക്ക് ഒതുക്കിവെച്ചിട്ട് ബലൂണുകൾകൊണ്ട് അലങ്കരിച്ച ഓഡിറ്റോറിയത്തിന്റെ കാവടത്തിലേയ്ക്ക് നടന്നു. ഒരേനിറത്തിലുള്ള ഡ്രസ്സുകൾ അണിഞ്ഞ ക്യാറ്ററിംഗ് ഗ്രൂപ്പിലെ ചെറുപ്പക്കാർ, വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിവിധപ്രായത്തിലുള്ള വേറെയും ആളുകൾ.

ചെറുക്കനും പെണ്ണിനും ഇരിക്കാനായി അലങ്കരിക്കപ്പെട്ടുള്ള സ്റ്റേജിനുനേർക്ക് നോക്കി അവനൊരുനിമിഷം നിന്നു. കണ്ണുകൾ മെല്ലെ അടച്ചു... ഓർമ്മകൾ ഹൃദയാന്തരത്തിൽ വിങ്ങൽ പടർത്തുന്നു.

മെല്ലെ പുറത്തിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. അവൾ എത്തിച്ചേർന്നിട്ടുണ്ടോ... ഉണ്ടാവില്ല. പറഞ്ഞസമയം ആയിട്ടില്ല. പത്തുമണിക്ക് വീട്ടിൽനിന്നിറങ്ങും എന്നാണ് പറഞ്ഞത്. നേരത്തേ ഇറങ്ങാൻ കഴിയില്ലത്രേ... അത്രമേൽ ജോലി വീട്ടിൽ ഉണ്ട്‌.

വിവിധവർണ്ണങ്ങളിലുള്ള ഡ്രസ്സുകൾധരിച്ച പെൺകുട്ടികൾ പൊട്ടിച്ചിരിച്ചും, വർത്തമാനം പറഞ്ഞും, ഫോണിൽ സെൽഫിയെടുത്തുമെല്ലാം ആസ്വദിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. കുട്ടികളുമായി വന്ന രണ്ടു സ്ത്രീകൾ കുട്ടികളുടെ വസ്ത്രങ്ങളിലെ ചുളിവുകളും, മുഖത്തെ വിയർപ്പുകണങ്ങളുമൊക്കെ തൂത്ത് വൃത്തിയാക്കുന്നു.

ക്യാറ്ററിക്കാർ വാഹനത്തിൽനിന്ന് എന്തൊക്കെയോ എടുത്തുകൊണ്ട് ടേബിളിൽ സെറ്റുചെയ്യാനായി കൊണ്ടുപോകുന്നുണ്ട്. അവൻ മെല്ലെ ഗെയറ്റിനുനേർക്ക് നടന്നു. കട്ടടൈൽ വിരിച്ച മുറ്റത്തിനരികിലെ വാകമരത്തണലിൽ നിൽക്കവേ... അതുവഴി നടന്നുവന്ന ഒരു പെൺകുട്ടി നോക്കി ചിരിച്ചപ്പോൾ... അവനൊന്നു വിസ്മയിച്ചു. ഇതവളാണോ 'റൈഹാന...' ആകാംഷയോടെ അവൾ അടുത്തെത്തുന്നതും കാത്ത് പുഞ്ചിരിയോടെ നിൽക്കുമ്പോൾ അവൾ മുന്നിലൂടെ വന്ന് തൊട്ടപ്പുറത്തുനിന്ന യുവാവിന്റെ അടുക്കലേയ്ക്ക് പോയി.

ഉച്ചവെയിലിന്റെ ചൂടിന് ആശ്വാസം പകർന്നുകൊണ്ട് ഇളംകാറ്റ് വീശിയടിച്ചപ്പോൾ വാകമരത്തിൽ നിന്ന് പൂക്കൾ ഉതിർന്നുവീണു. നീണ്ട ആറുവർഷത്തിനുശേഷം വാട്സാപ്പിൽ വന്ന ഒരു സന്ദേശം.

"സഹപാഠിയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ടൗണിലെ ഓഡിറ്റോറിയത്തിൽ വരുന്നുണ്ട്. അവിടെ നീയും വരണം... ഒന്നുകാണണം."

സന്ദേശത്തിന് മറുപടിയായി കാണാം എന്നെഴുതി അയക്കുമ്പോൾ... കാണുന്നത് എന്തിനെന്നുപോലും ചോദിച്ചില്ല. ഇത്രയുംകാലം പരസ്പര ബന്ധങ്ങൾ ഒന്നുംതന്നെയില്ലാതിരുന്നിട്ടും ഈ ഒരു വിളിക്കായി... ഒരു കണ്ടുമുട്ടലിനായി അവൻ കാത്തിരിക്കുകയായിരുന്നോ.

ഈ സമയം ഒരു ഓട്ടോറിക്ഷ അവന്റെ അരികിലായി കവാടത്തിനുമുന്നിൽ വന്നുനിന്നു. അവളാകുമോ... ഓട്ടോയിൽ വന്നത്... ആകാംഷയോടെ നോക്കുമ്പോൾ...പിന്നിൽ നിന്ന് സാരിയുടുത്ത തടിച്ചൊരു സ്ത്രീയും, മകളും പുറത്തിറങ്ങി പൈസകൊടുത്തിട്ട് ഓഡിറ്റോറിയത്തിനുനേർക്ക് ഗൗരവത്തിൽ നടന്നുപോയി. കൊടുത്ത കൂലി കുറഞ്ഞുപോയിട്ടോ എന്തോ... ഓട്ടോ ഡ്രൈവർ പുച്ഛത്തോടെ ഒരുനിമിഷം അവരെനോക്കിയിട്ട് ഓട്ടോ സ്റ്റാർട്ടാക്കി ഓടിച്ചുപോയി.

ഒരുപാടുകാലത്തെ അവന്റെ പ്രണയിനിയൊന്നുമായിരുന്നില്ല റൈഹാന. പഠനം കഴിഞ്ഞ് പെയ്ന്റിഗ് ജോലിയുമായി നടന്നകാലത്തെ ഒരു കണ്ടുമുട്ടൽ. സൗഹൃദം സ്ഥാപിക്കൽ. അന്ന് അവൾ പ്ലസ്റ്റൂവിന്‌ പഠിക്കുകയാണ്. ആദ്യകാഴ്ചയിൽ തന്നെ എന്തുകൊണ്ടോ ഒരു മായാത്തചിത്രമായി അവൾ അവന്റെ മനസ്സിൽ പതിയുകയായിരുന്നു. പരിചയപ്പെടൽ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോൾ...വിവാഹം കഴിക്കുന്നതിനു സമ്മതമാണോ... ആണെങ്കിൽ ആ വിവരം വീട്ടിൽ അറിയിക്കട്ടെ എന്ന് അവളോട്‌ ചോദിക്കുകയും ചെയ്തു.

ഇപ്പോൾ വേണ്ടാ... കുറച്ചുനാൾ കഴിയട്ടെ. സമയം ആകുമ്പോൾ ഞാൻ പറയാം എന്നിട്ടുമതി. അവൾ അന്ന് പുഞ്ചിരിയോടെ മറുപടി നൽകി.

റൈഹാനയുടെ ഭാഗത്തുനിന്നുള്ള മറുപടിയും കാത്ത് പാതിരാവുകളിൽ തുറന്നിട്ടജനാലയിലൂടെ നിലാവുംനോക്കി കിടന്ന ദിനങ്ങൾ ആഴ്ചകളും മാസങ്ങളും കടന്നുപോയപ്പോൾ അവൻ പലവട്ടം ഫോണിലൂടെയും മറ്റുമായി അവളോട്‌ കാര്യമുണർത്തിച്ചു. ഒന്നിനും അവൾ വ്യക്തമായ മറുപടി തരാഞ്ഞപ്പോൾ അവൾ കമ്പ്യൂട്ടർ പഠിക്കുന്ന ക്ലാസിൽ പോയി അവളെ നേരിട്ടുകണ്ടു. ടൗണിലെ ബേക്കറിഷോപ്പിൽ കയറി കോഫി കുടിച്ചുകൊണ്ട് വിവാഹക്കാര്യത്തേക്കുറിച്ചും മറ്റുപലതിനേയും കുറിച്ചും സംസാരിച്ചു.

ഒരുപാടുനേരം സംസാരിച്ചിട്ടും, പലവട്ടം ഓർമ്മപ്പെടുത്തിയിട്ടും വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് അവൾ അനുകൂലമായി ഒന്നും പറഞ്ഞില്ല. കുറച്ചുകൂടി പഠിക്കണം, കഴിയുംപോലെ ജോലിക്ക് ശ്രമിക്കണം .പിന്നെ പെയ്ന്റു പണിക്കൊണ്ട് ജീവിതം മികച്ചതാക്കി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ... 'റിഷാനും' ആഗ്രഹമില്ലേ നല്ലൊരു ജോലി വേണമെന്ന്.? അവളുടെ ആ ചോദ്യങ്ങൾ ന്യായമാണെന്ന് അവനുതോന്നി. അതിലുപരി ഈ കാരണങ്ങൾ പറഞ്ഞ് അവൾ തന്നെ ഒഴിവാക്കുകയാണെന്നും അവന് മനസ്സിലായി.പിന്നീട് ഇരുവരും തമ്മിൽ അകന്നു. വൈകാതെ പരസ്പരം യാതൊരു ബന്ധവുമില്ലാതായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൻ കേട്ടു... അവളുടെ വിവാഹം ആയെന്നും ഏതോ ഒരു സമ്പന്നനായ ഗൾഫുകാരനാണ് അവളെ വിവാഹം കഴിക്കാൻ പോകുന്നതെന്നുമൊക്കെ.പിന്നീട് അവളുടെ ക്ഷണപ്രകാരം വിവാഹത്തിൽ പങ്കെടുക്കാൻ അവൻ പോവുകയും ചെയ്തു.എന്തൊക്കെത്തന്നെയായാലും ആദ്യപ്രണയം സമ്മാനിച്ച നോവ്... മറ്റു വിവാഹലോചനകൾ സ്വീകരിക്കാനോ, വിവാഹം കഴിക്കണമെന്നു ചിന്തിക്കാനോ അവന് തോന്നിയില്ല. അങ്ങനെ വിവാഹത്തിലെത്തുമ്പോൾ വർഷങ്ങൾ കടന്നുപോയിരുന്നു.

ഓടിറ്റോറിയത്തിലേയ്ക്ക് ആളുകൾ കൂട്ടമാറ്റും ഒറ്റയായും വന്നുനിറയാൻ തുടങ്ങി. അവൻ മൊബൈൽ എടുത്തുനോക്കി. സമയം പതിനൊന്നര ആവുന്നു. എന്തേ ഇതുവരെ അവൾ വരാത്തത്. ഇനി വരാതിരിക്കുമോ... വരുമെന്ന് തന്നെ കളിപ്പിക്കാൻ പറഞ്ഞതാണെങ്കിലോ... ഏയ്‌ വരാതിരിക്കില്ല. രാവിലെയും കൂടി വാട്സാപ്പിൽ സന്ദേശം അയച്ചതാണ് ഓഡിറ്റോറിയത്തിൽ വരുമ്പോൾ കാണാമെന്ന്.

എന്തെകിലും കാര്യമായി സംസാരിക്കാനുണ്ടെങ്കിൽ പുറത്തെവിടെയെങ്കിലും വെച്ച് പിന്നീട് വിശദമായി കാണാമെന്നുപറഞ്ഞപ്പോൾ...

അതുവേണ്ട വെറുതേ ഒന്നുകണ്ടാൽ മാത്രം മതി... അത് അവസാനമായി കണ്ടുപിരിഞ്ഞ സ്ഥലത്തുവെച്ച് തന്നെയാവട്ടെ...എന്നാണ് അവൾ പറഞ്ഞത്.

നീണ്ട ആറുവർഷത്തെ അകൽച്ചയ്ക്കുശേഷം എന്തിനാണ് ഇപ്പോൾ തന്നെ കാണണമെന്ന് അവൾക്ക് തോന്നിയത്.സ്നേഹസമ്പന്നനും, സമ്പന്നനുമായ ഭർത്താവും, കുട്ടികളുമൊക്കെയായി കഴിയുന്ന അവൾക്ക് ഇപ്പോൾ തന്നെ കണ്ടിട്ട് എന്താണ് ആവശ്യം. അവന്റെയുള്ളിൽ പലവിചിന്തകൾ കാടുകയറി.

കവാടത്തിന്റെ മുന്നിൽ വന്നുനിന്ന കാറിൽ നിന്ന് ഒരു മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ കല്യാണപ്പെണ്ണ് ഇറങ്ങി ഓടിറ്റോറിയത്തിലേയ്ക്ക് കയറിപ്പോയി. അവൾക്കൊപ്പം പൂക്കളിലെ സൗരഭ്യം നുകരാൻ പൂമ്പാറ്റകളെന്നോണം വേറെയും കുറേ തരുണീമണികൾ.ഈ നയനമനോഹരമായ കാഴ്ച നോക്കി ആസ്വദിച്ചുകൊണ്ട് നിൽക്കവേ പിന്നിൽനിന്ന് ഒരു വിളികേട്ടു.

"ഹലോ..."

ആകാംഷയോടെ തിരിഞ്ഞുനോക്കുമ്പോൾ ചുണ്ടിലൊളിപ്പിച്ച ആ പഴയ മന്ദഹാസവുമായി റൈഹാന.ഉയർന്നുപൊങ്ങിയ ഹൃദയമിടിപ്പുകൾക്കിടയിൽ ഉള്ളിൽ നിന്നൊരു വിളിയുണർന്നു അള്ളാ...ഏഴുവർഷങ്ങൾക്കുമുൻപ് പെയ്ന്റടിക്കാൻ പോയപ്പോൾ കണ്ട ചുരിദാറണിഞ്ഞ മെലിഞ്ഞുണങ്ങിയ ആ പെണ്ണാണോ തന്റെ മുന്നിൽ നിൽക്കുന്നത്. അവൾ പഴയതിലും സുന്ദരിയായിരിക്കുന്നു. തടിച്ചുരുണ്ട്... കവിളുകളൊക്കെ ചുവന്നുതുടുത്ത്... കണ്ണുകളിൽ വല്ലാത്ത തിളക്കം. വിലകൂടിയ മെറൂൺകളർ ചുരിദാറാണ് അവൾ അണിഞ്ഞിരിക്കുന്നത്.

"എനിക്കൊരു ശങ്കയുണ്ടായിരുന്നു വരാതിരിക്കുമോ എന്ന്.എന്നെക്കാത്ത് നിൽക്കുകയായിരുന്നല്ലേ ... ഒരുനിമിഷം നിന്നെക്കണ്ടിട്ട് എനിക്ക് മനസ്സിലായില്ല.തടിച്ചുരുണ്ട് താടിയൊക്കെ വെച്ച്.. "അവൾ കുസൃതിയോടെ അവനെ നോക്കി.

"കാലത്തിനൊത്ത് കോലം മാറണ്ടേ ..."അവൻ ചിരിച്ചു.

"പിന്നെ വേണം... എന്തായാലും നിന്റെ ഈ ന്യൂ ലുക്ക് നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ടമായി." അവൾ വീണ്ടും ചിരിച്ചു.

നെറ്റിയിലേയ്ക്ക് ഇറങ്ങിയുള്ള മുടിയിഴകളിലേയ്ക്കും, തുടുത്തകവിളുകളിലേയ്ക്കും, വലതുചുണ്ടിന് ചേർന്നുള്ള മറുകിലേയ്ക്കുമൊക്കെ... അവനൊരുനിമിഷം നോക്കി. ആചിരിയും, നോട്ടവും, സംസാരവും എല്ലാം പഴയതുപോലെ ഒട്ടും മാറ്റമില്ല.

"എന്തേ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ... ഞാൻ ഒരുപാട് മാറിയിട്ടുണ്ടോ..?"

"ഏയ്‌ ഇല്ല... അൽപ്പം തടിച്ചിട്ടുണ്ട് അത്രമാത്രം. പിന്നെ എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്.?"

"കാണണമെന്നുപറഞ്ഞത് വെറുതേ കാണാൻ മാത്രം. ഇതുപോലെ പരസ്പരം നോക്കി വല്ല മാറ്റങ്ങളും വന്നിട്ടുണ്ടോ എന്നറിയാൻ..."അവൾ വീണ്ടും ചിരിച്ചു.

"പോകാൻ ദൃതിയൊന്നുമില്ലല്ലോ... അല്ലേ...ഞാൻ ജസ്റ്റ് വിവാഹവേദിയിലൊന്നു മുഖം കാണിച്ചിട്ട് വരാം.എന്നിട്ടാവാം വിശേഷങ്ങൾ പങ്കിടുന്നത്.അതുവരെ എനിക്കുവേണ്ടി ക്ഷമിക്കുമല്ലോ അല്ലേ.?"അവളുടെ നോട്ടത്തിൽ കുസൃതി നിറഞ്ഞുനിന്നു.

"ഓ... പിന്നെന്താ... ഇത്രനേരം കാത്തുനിന്ന എനിക്ക് അൽപനേരം കൂടി ക്ഷമിക്കാൻ യാതൊരു മടിയുമില്ല."അവൻ പുഞ്ചിരി തൂകി.

അവൾ ഓഡിറ്റോറിയത്തിലേയ്ക്ക് കയറി. അൽപം ഭക്ഷണം കഴിച്ചെന്നുവരുത്തിയിട്ട് സുഹൃത്തിനെ കണ്ട് വിഷ് ചെയ്തിട്ട് പുറത്തിറങ്ങി.

"എന്തൊക്കെ പ്രശ്നങ്ങൾ തരണം ചെയ്തിട്ടാണ് ഞാൻ ഇപ്പോൾ ഇവിടെ എത്തിച്ചേർന്നതെന്നറിയാമോ... ഇക്കാ ഇപ്പോഴും കൂടി ഫോണിലേയ്ക്ക് വിളിച്ചതേയുള്ളൂ. കല്ല്യാണം കഴിഞ്ഞ് വേഗത്തിൽ മടങ്ങിയെത്തണം സുഹൃത്തുക്കളുമായി കിന്നാരം പറഞ്ഞുകൊണ്ട് നിൽക്കരുത് എന്നും പറഞ്ഞ്.ആള് നാട്ടിൽ തന്നെയുണ്ട്.കുട്ടികളെ ഇക്കയുടെ മാതാപിതാക്കളെ ഏൽപ്പിച്ചിട്ടാണ് ഞാൻ വന്നത്. അവർക്കും ഇഷ്ടമല്ല ഞാൻ പുറത്തുപോകുന്നതും മറ്റും.വാ നമുക്ക് പോകാം. ഇവിടെനിന്ന് സംസാരിക്കേണ്ട... കല്യാണത്തിന് വന്നവരിൽ പരിചയക്കാർ ആരെങ്കിലും കാണും."അവൾ ഗെയ്റ്റിന് പുറത്തേയ്ക്ക് നടന്നു.

ബൈക്ക് സ്റ്റാർട്ടാക്കി അവളെ പിന്നിൽ കേറ്റിക്കൊണ്ട് ഓഡിറ്റോറിയത്തിന്റെ സൈഡിലുള്ള റോഡിലൂടെ അവൻ ബൈക്ക് പായിച്ചു. ആളുകളേയും വാഹനങ്ങളേയും മറികടന്ന് ബൈക്ക് മുന്നോട്ട് നീങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ പരിഭ്രമത്തിന്റെ തിരതള്ളൽ അവൻ കണ്ണാടിയിലൂടെ നോക്കിക്കണ്ടു.

"എന്താ... ഭയമുണ്ടോ... കാണണമെന്ന് പറഞ്ഞപ്പോഴുള്ള ആ ധൈര്യമൊക്കെ ചോർന്നുപോയോ.?" അവനൊന്നു ചിരിച്ചു.

"വഴിയിലെങ്ങാനും പരിചയക്കാരുണ്ടാകുമോ... എന്നൊരു പേടി."സ്പ്പീഡിലോടുന്ന ബൈക്കിനൊപ്പം അവളുടെ മിഴികൾ ചുറ്റുവട്ടത്തെ തിരക്കുകളിൽ പരതിക്കൊണ്ടിരുന്നു.

"ഷാഹിനയും മോളും സുഖമായിരിക്കുന്നോ... അവളിപ്പോൾ ഷോപ്പിൽ പോകുന്നുണ്ടോ.?"ഇല്ല എന്ന അർത്ഥത്തിൽ അവൻ ചുമൽ കൂച്ചി.

"കല്യാണത്തിന് പങ്കെടുക്കാൻ അവളെക്കൂടി കൂട്ടാമായിരുന്നു... ഞാൻ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞുകൂടായിരുന്നോ.?"അവൾ കുണുങ്ങി ചിരിച്ചു.

"എങ്കിൽ നന്നായേനെ... എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ."അവൻ ഒരു ദീർഘനിശ്വാസം ഉതിർത്തു.

ഈ സമയം ബൈക്ക് നഗരത്തിന്റെ ഒഴിഞ്ഞകോണിലുള്ള ഒരു കോഫീ സെന്ററിന്റെ മുന്നിൽ ചെന്നുനിന്നു.

"ആഹാ... ഞാനുദ്ദേശിച്ച സ്ഥലത്തുതന്നെ നീ വന്നുനിന്നു. ഈ കോഫീ ഹൗസ് അങ്ങനെ മറക്കാനാവില്ലല്ലോ... അല്ലേ.?"പറഞ്ഞുനിറുത്തിയ അവളുടെ ചുണ്ടിൽ കഴിഞ്ഞകാല ഓർമ്മകളുടെ ഒരു പുഞ്ചിരി വിടർന്നു.

ആൾതിരക്കില്ലാത്ത ഒഴിഞ്ഞകോണിലെ ടേബിളിനു മുന്നിൽ ഇരുവരും ഇരുന്നു.ഏതാനുംനിമിഷം ഇരുവരും മുഖത്തോട് മുഖം നോക്കി മിണ്ടാതെ അങ്ങനെ ഇരുന്നു.

"പറയൂ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ... ഹസ്ബൻഡ് എങ്ങനെ സുഖമായിരിക്കുന്നോ...ഇനി ഗൾഫിലേയ്ക്ക് പോകുന്നില്ലേ.?"

"ആർക്കറിയാം... പോകുന്നുണ്ടെന്നും ഇല്ലെന്നുമൊക്കെ പറയുന്നുണ്ട്... ദാ ഇതാണ് ആൾ."ലാഘവത്തോടെ പറഞ്ഞിട്ട് അവൾ കൈയിലിരുന്ന ഫോൺ അവനുനേരെ നീട്ടി.

അവൻ ഫോൺവാങ്ങി നോക്കി. സ്‌ക്രീനിൽ സുമുഖനായ ഭർത്താവിന്റെയും, രണ്ടു പെൺകുട്ടികളുടെയും ചിത്രങ്ങൾ.ആൾ ഗൗരവക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവന് തോന്നി.

"കൊള്ളാം... ഹസ്ബൻഡ് ഇപ്പോഴും സുന്ദരൻ ആണ്. കുട്ടികൾ റൈഹാനയെ പോലുണ്ട്."അവൻ ഫോൺ തിരികെ കൊടുത്തു.

"ആണോ... എല്ലാരും പറയുന്നത് മക്കൾക്ക് അദ്ദേഹത്തിന്റെ ഛായയാണെന്നാണ്."അവൾ ചിരിച്ചു.

"പിന്നെ... റിഷാന്റെ വൈഫിന്റെ ഫോട്ടോ കാണിച്ചില്ലല്ലോ... എവിടെ കാണട്ടെ."

അവൻ ഫോൺ ഓണാക്കി ഗ്യാലറിയിൽ നിന്ന് ഭാര്യയും മോളും ഒന്നിച്ചുള്ള ഒരു ചിത്രമെടുത്ത് അവളെ കാണിച്ചു.

"കൊള്ളാം... സുന്ദരിതന്നെ. കണ്ണുകളിൽ പ്രണയം ഒളിപ്പിച്ചുവെച്ചതുപോലെയുണ്ട്.എന്നെക്കാളും സുന്ദരിതന്നെ.മോൾ ശരിക്കും നീ തന്നെ."

"പിന്നെ... സുന്ദരി... സൗന്ദര്യം ഉണ്ടായതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ... മനസ്സ് നന്നാവണ്ടേ... ഉള്ളുനിറച്ചും നിങ്ങൾ പെണ്ണുങ്ങൾക്കുള്ള അസൂയയും, കുശുമ്പും, സംശയവുമൊക്കെ ആണെന്നുമാത്രം."അവൻ ചിരിച്ചു .

"ആണോ...അതൊക്കെ സർവ്വ സാധാരണയല്ലേ... എന്തായാലും എന്റെയത്ര മോശമായിരിക്കില്ലല്ലോ അവൾ."ഫോണിലെ ചിത്രത്തിലേയ്ക്ക് വീണ്ടും നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

അവൻ മറുപടിയൊന്നും പറഞ്ഞില്ല. ടേബിളിൽ ഇരുന്ന കോഫി എടുത്ത് ഒരിരക്ക് കുടിച്ചു.

"റിഷാന് എന്നോട് നല്ല വെറുപ്പ് ഉണ്ടാകുമല്ലേ... സോറി. എല്ലാം എന്റെ അതിമോഹം കൊണ്ട് സംഭവിച്ചതാണ്. എന്റെ കൂട്ടുകാർക്കൊക്കെ നിന്നെ എന്തിഷ്ടമായിരുന്നെന്നോ... അവരൊക്കെ എന്നെ ഒരുപാട് നിർബന്ധിച്ചതാണ് നിന്നെ വിവാഹം കഴിക്കാൻ. പക്ഷേ, ഞാൻ സമ്പത്തിന്റെയും ജോലിയുടേയുമൊക്കെ പിറകേ പോയി. കുടുംബജീവിതത്തിൽ എന്തിനെക്കാളും വലുത് പരസ്പരം സ്നേഹിക്കുന്ന മനസ്സാണെന്നു ഞാൻ അറിയാതെപോയി."അവൾ ചായ കപ്പിലേയ്ക്ക് മുഖം കുനിച്ചിരുന്ന് ഒരു നിശ്വാസമുതിർത്തു.

"ഏയ്‌... റൈഹാനയുടെ ഭാഗത്ത്‌ തെറ്റുണ്ടെന്നു ഞാൻ പറയില്ല. അന്നത്തെ ആ പരിതസ്ഥിതിയിൽ ഏതൊരുപെൺകുട്ടിയും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമൊക്കെയേ നീയും ചെയ്തുള്ളൂ. പഠിപ്പുണ്ടായിട്ടും നല്ലൊരു ജോലിക്ക് ശ്രമിക്കാതെ കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു നടന്ന എന്നെ ഒരുപെൺകുട്ടിയും ഇഷ്ടപ്പെടില്ല. ജോലി മാത്രമോ കയറിക്കിടക്കാൻ നല്ലൊരു വീടുപോലും എനിക്കുണ്ടായിരുന്നില്ലല്ലോ...അന്ന് അത് നടക്കാതിരുന്നത് നിന്റെ ഭാഗ്യമെന്നുവേണം പറയാൻ."അവൻ ചായകുടിച്ചു.

ഏതാനും നിമിഷത്തെ നിശബ്ദത ഇരുവർക്കുമിടയിൽ വന്നുചേർന്നു. അവൾ ഒരുമാത്ര പിന്നിട്ട നാളുകളിലേയ്ക്ക് തിരിഞ്ഞുനോക്കി.

കുടുംബത്തിലെ ഇളയസന്തതി ആയതുകൊണ്ടുതന്നെ ഒരുപാട് ലാളനകൾ ഏറ്റാണ് വളർന്നത്. അടിച്ചുപൊളിച്ചു കടന്നുപോയ സ്കൂൾ കോളേജു പഠനകാലങ്ങൾ. ആൺകുട്ടികളും അവരുമായുള്ള പ്രണയബന്ധങ്ങളുമൊക്കെ ഒരു നേരമ്പോക്ക് മാത്രമായിരുന്നു. ഒന്നിനും ഒരു സീരിയസ്സ്നസ് കൊടുത്തിരുന്നില്ല. എന്നിട്ടും ഒരുനാൾ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ...റിഷാനുമായുള്ള സൗഹൃദം പ്രണയമായി മാറിയപ്പോൾ മറ്റുള്ളതിൽ നിന്നെല്ലാം ഒരു പ്രത്യേകത ഈ ബന്ധത്തിനുള്ളതുപോലെ തോന്നി.അവനും തന്നെ ജീവനുതുല്യം സ്നേഹിക്കുന്നെന്നറിഞ്ഞപ്പോൾ ഒരുമാത്ര ഞെട്ടിപ്പോയി. പിന്നെങ്ങനെ ഇതിൽനിന്ന് ഒഴിവാകാം എന്നതായി ചിന്ത. ഒടുവിൽ ഓരോരോ ഞായങ്ങൾ പറഞ്ഞ് അവനെ ഒഴിവാക്കി.പിന്നീട് മറ്റൊരാളുമൊത്ത് ജീവിതം തുടങ്ങുമ്പോൾ താൻ ചിന്തിച്ചിരുന്നില്ല അവന്റെ ഓർമകൾ ഒരുശാപം കണക്കെ ജീവിതത്തിൽ പിന്തുടരുമെന്ന്. ഓർമ്മകൾക്ക് വിടനല്കിക്കൊണ്ട് അവൾ ചോദിച്ചു.

"റിഷാന് ഓർമ്മയുണ്ടോ... നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ദിനം... ഞാൻ ഇന്നും ഓർക്കുന്നുണ്ട്.അപ്പോഴെല്ലാം നിന്റെ നന്മക്കായി പ്രാർത്ഥിക്കാറുണ്ട്."

"ആണോ... ഞാനതൊക്കെ മറന്നുപോയിരിക്കുന്നു."അവൻ നിസ്സാരമട്ടിൽ പറഞ്ഞു.

അവന്റെ മറുപടിയിൽ അവളുടെ വാക്കുകൾ ഒലിച്ചുപോയി. അവൾ വിളറിയ പുഞ്ചിരിയോടെ അവനെനോക്കി.

"ഇന്ന് മെയ്മാസം പതിനാറാം തിയതി. ഈ ദിവസത്തിന്റെ പ്രത്യേകത അറിയുമോ...ഇന്നെന്റെ വിവാഹവാർഷികമാണ്.ആരുവർഷങ്ങൾക്കുമുൻപ് ഇതേ ദിവസമാണ് അവസാനമായി നമ്മൾ തമ്മിൽ കണ്ടത്. എന്റെ വിവാഹത്തിന്റെ അന്ന്... അൽപം മുൻപ് നമ്മൾ കല്ല്യാണത്തിനുപോയ ഓടിറ്റോറിയത്തിൽ വെച്ച്. അന്ന് എനിക്ക് മംഗളങ്ങൾ നേർന്നുകൊണ്ട് നീ പോയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടഞ്ഞുപോയി. വീണ്ടും അതേദിവസം അതെ ഓടിറ്റോറിയത്തിൽ വെച്ച് കൂട്ടുകാരിയുടെ വിവാഹം വന്നപ്പോൾ നിന്നെക്കുറിച്ച് ഞാൻ ഓർത്തു. ഒന്നുകൂടി കാണണമെന്ന് തോന്നി. അതാണ് അവിടെ തന്നെ വരാൻ പറഞ്ഞത്."അവൾ അവന്റെ മിഴികളിലേയ്ക്ക് നോക്കി.

അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ചിരിതൂകുമ്പോൾ അവൻ മനസ്സിൽ ഓർക്കുകയായിരുന്നു.കഴിഞ്ഞതൊക്കെയും ഇവൾ എത്രകൃത്യമായി ഓർത്തിരിക്കുന്നു. എന്തിനാണത്...

"ഒരുകാര്യം ഞാൻ ചോദിക്കട്ടെ... റിഷാന് എന്നെ പിരിയാൻ കഴിയാഞ്ഞിട്ട് തന്നെയാണോ ഞാൻ അവഗണിച്ചു നടന്നിട്ടും അന്ന് കമ്പ്യൂട്ടർ ക്ലാസിൽ വന്ന് എന്നെ കണ്ടതും അവസാനതീരുമാനം എന്തെന്ന് ചോദിച്ചതുമൊക്കെ.?"ചായ കുടിച്ച ഗ്ലാസ് അവൾ സൈഡിലേയ്ക്ക് ഒതുക്കിവെച്ചു.

അവനൊരുനിമിഷം മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അങ്ങനെതന്നെയിരുന്നു. അവളുടെ വാക്കുകളിൽ എത്രമാത്രം ആത്മാർത്ഥത ഉണ്ടെന്ന് അവൻ നോട്ടത്തിലൂടെ അളന്നെടുക്കുകയായിരുന്നു.

"റൈഹാനയെ പിരിയാൻ കഴിയാഞ്ഞിട്ടൊന്നുമല്ല അന്ന് അങ്ങനെ വന്ന് ചോദിച്ചത്. അവസാനമായി നിന്റെ തീരുമാനം എന്തെന്ന് അറിയണമെന്ന് തോന്നി. അതിനും മുൻപേ നിന്റെ തീരുമാനം ഇതായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ആദ്യമായി നിന്നെ കണ്ടുമുട്ടിയ നിമിഷം എന്റെ മനസ്സിൽ പതിഞ്ഞ നിന്റെ ചിത്രം എന്നിൽ ചെറിയൊരു പ്രതീക്ഷ ബാക്കിനിറുത്തിയിരുന്നു. അതാണ് ഒരിക്കൽക്കൂടി നിന്നോട് ചോദിച്ച് ഉറപ്പുവരുത്താൻ വന്നത്."

ടേബിളിനുമുകളിൽ കൈകൾ ചേർത്ത് അതിന്റെ ഉള്ളിലേയ്ക്ക് തന്നെ നോട്ടമയച്ചിരുന്ന അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ... കഴിഞ്ഞകാല ഓർമ്മകളിലേയ്ക്ക് ഒരുനിമിഷം മടങ്ങിപ്പോയ അവന് മനസ്സിലായി അത് കുറ്റബോധത്തിന്റെ കണ്ണുനീരാണെന്ന്.

"റിഷാണ് എന്നോട് വെറുപ്പുണ്ടോ..."അവൾ പൊടുന്നനെ മൗനം ഭഞ്ചിച്ചു.

"എന്തിന്... അതിന്റെ ആവശ്യം ഇല്ലല്ലോ... എന്താ അങ്ങനൊരു ചോദ്യം...കുറ്റബോധം തോന്നുന്നുണ്ടോ.?"

"ഉണ്ട് ഒരുപാട്... പക്ഷേ, എന്നോട് വെറുപ്പില്ലെന്നറിയുമ്പോൾ എനിക്ക് ആശ്വാസമുണ്ട്. അതിലേറെ സന്തോഷവും. സമയം ഒരുപാട് ആയോ ... നമുക്ക് മടങ്ങിയാലോ..?"

"മടങ്ങാം...ഭയക്കണ്ട...സമയം അധികമൊന്നും ആയിട്ടില്ല."അവൻ വാച്ചിലേയ്ക്ക് നോക്കിക്കൊണ്ട് മെല്ലെ പറഞ്ഞു.

"ആണോ... എങ്കിൽ നമുക്ക് കുറച്ചുകൂടി സംസാരിച്ചിരിക്കാം. ഒരുപാട് കാലം കൂടി പരസ്പരം കണ്ടതല്ലേ... കാണണമെന്ന് പറയുമ്പോൾ വെറുതേ ഒന്ന് കാണാൻ മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ... പക്ഷേ, ഇപ്പോൾ... എന്തൊക്കെയോ ഒരുപാട് പറയാനുള്ളതുപോലെ."അവൾ അവനെനോക്കി പുഞ്ചിരിതൂകി.

"റൈഹാനയുടെ കുടുംബജീവിതത്തിൽ ഇടയ്ക്ക് എന്തൊക്കെയോ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായെന്നും കുറച്ചുനാൾ വീട്ടിൽ വന്നുനിന്നതായും ഒക്കെ കേട്ടിരുന്നു... എന്തായിരുന്നു സംഭവം...വിരോധമില്ലെങ്കിൽ അറിഞ്ഞാൽ കൊള്ളാമായിരുന്നു."

"ങ്ഹാ... അതോ... അതൊക്കെ റിഷാൻ അറിഞ്ഞിരുന്നോ...അതിനെക്കുറിച്ച്‌ എന്താണിപ്പോൾ പറയുക... വെറുതേ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഉള്ള സൗന്ദര്യപ്പിണക്കങ്ങൾ. ഞാൻ ആദ്യമേ പറഞ്ഞില്ലേ...ഇക്കാ ആളൊരു പാവമാണെങ്കിലും ദേഷ്യവും, എടുത്തുചാട്ടവുമൊക്കെ കൂടുതലാണ്. പിന്നെ ചില ആണുങ്ങൾക്കുള്ളതുപോലെ ഭാര്യയെന്നാൽ വീട്ടിൽ തന്നെ ജോലിയെടുത്ത് ഒതുങ്ങിക്കഴിയണ്ട യന്ത്രമാണെന്നുള്ള പിടിവാശിയും. നിസ്സാരകാര്യം മതി പുള്ളിക്കാരന് ദേഷ്യം വരാൻ. വീടുവിട്ട് ഞാൻ എവിടേയും പോകുന്നത് ഇഷ്ടമല്ല...എന്റെ വീട്ടിലാണെങ്കിൽ കൂടിയും.എപ്പോഴും കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലെ കഴിഞ്ഞോണം.ഇക്കാടെ വീട്ടുകാരും ഇതേ ചിന്താഗതിക്കാരാണ്. ഒരിക്കൽ അവധിക്കു വന്നപ്പോൾ ഇതും പറഞ്ഞ് വഴക്കുണ്ടായി. അന്ന് അതിന്റെപേരിൽ പിണങ്ങി ഞാൻ കുറച്ചുനാൾ വീട്ടിൽ വന്നുനിന്നു. പിന്നീട് പുള്ളിക്കാരൻ തന്നെ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി."

"ആണോ... സ്നേഹക്കൂടുതലുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ എന്നുവേണമെങ്കിൽ പറയാമല്ലേ.?"അവൻ പുഞ്ചിരിച്ചു.

"അങ്ങനാണോ... ആർക്കറിയാം... ഇതെന്തായാലും വല്ലാത്തൊരു അവസ്ഥയായിപ്പോയി. പിന്നെ റിഷാന്റെ കുടുംബജീവിതത്തിലും ചില സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടായതായി ഞാനും കേട്ടിരുന്നു... അതെന്താണ്.?"

അവളുടെ ചോദ്യം കേട്ട് അവനൊരുനിമിഷം ഞെട്ടി. തന്റെ കുടുംബരഹസ്യങ്ങൾ ഒരിക്കലും റൈഹാന അറിഞ്ഞുകാണുമെന്ന് അവൻ കരുതിയതല്ല. മുഖത്തെ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അവൻ മെല്ലെ പുഞ്ചിരിതൂകി.

"ഷാഹിനയുടെ കാര്യവും ഏതാണ്ട് തന്റെ ഭർത്താവിന്റെ അതേ അവസ്ഥതന്നെയാണ്. ഓരോ സമയത്ത് ഓരോരോ വാശികൾ. അത് സാധിച്ചുകൊടുത്തില്ലെങ്കിൽ പിന്നെ അതുമതി പിണങ്ങാനും മുഖവീർപ്പിച്ചുനടക്കാനും. പുതിയ ഡ്രസ്സുകൾ, ആഭരണങ്ങൾ, യാത്രകൾ ഇലെല്ലാം അവൾക്കൊരു വീക്നസാണ്.പിന്നെ അവൾക്ക് മറ്റൊരു സ്വഭാവംകൂടിയുണ്ട്...ചെറിയ സംശയരോഗം . ഞാൻ മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നതോ,ഇടപഴകുന്നതോ,അവരുടെ വീട്ടിൽ പോകുന്നതോ അവൾക്കിഷ്ടമല്ല. എപ്പോഴും എന്റെ ഫോണും ഡയറിയുമൊക്കെ അവൾ പരിശോദിച്ചുകൊണ്ടിരിക്കും. എന്തെങ്കിലും രഹസ്യഇടപാടുകൾ നടക്കുന്നുണ്ടോ എന്നറിയാൻ."

"അള്ളാഹുവേ... അത് വല്ലാത്തൊരു അവസ്ഥയാണല്ലോ."

"ഏയ്‌... കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവൾക്ക് എന്നെ ജീവനാണ്. ഒരുനിമിഷംപോലും പിരിഞ്ഞിരിക്കാൻ കഴിയില്ല. ഈ സ്നേഹക്കൂടുതൽ തന്നെയാവാം അവളെ സംശയരോഗിയാക്കുന്നതും.എന്തായാലും ഇണങ്ങിയും പിണങ്ങിയും മൂന്നുവർഷങ്ങൾ കടന്നുപോയി.ഇതിനിടയിൽ മോളുണ്ടായി."അവൻ പറഞ്ഞുനിറുത്തി.

"ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ രണ്ടാളുടേയും ജീവിതം ഏതാണ്ട് ഒരുപോലെയൊക്കെത്തന്നെയാണ്. എല്ലാം വിധി അല്ലാതെന്താണ്."അവൾ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞിട്ട് എഴുന്നേറ്റുപോയി കൈ കഴുകി.

ഈ സമയം ബില്ല് വന്നിരുന്നു. ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് പോക്കറ്റിൽ വെച്ചിട്ട്... അവൻ എഴുന്നേറ്റുപോയി കൈ കഴുകി... തുടർന്ന് ബില്ല് പേ ചെയ്തു.

"എങ്കിൽ നമുക്ക് ഇറങ്ങാം..."അവൻ പറഞ്ഞു.

"ഉം..."അവൾ ടവ്വലിൽ കൈ തുടച്ചിട്ട് എഴുന്നേറ്റ് അവനൊപ്പം പുറത്തേയ്ക്ക് നടന്നു.

"ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരുമൊന്ന് മയങ്ങാൻ കിടക്കും. ആ ഒരു ഉറപ്പിലാണ് ഞാൻ ഇത്രനേരവും ചിലവഴിച്ചത്. ഉറക്കമുണരുമ്പോൾ അവിടെ എത്തണം. ഇല്ലെങ്കിൽ പിന്നെ അതുമതി ഇന്നത്തേയ്ക്ക്. നിന്റെയൊരു കല്യാണത്തിനുപോക്ക് എന്നുംപറഞ്ഞു തുടങ്ങും... എരികേറ്റാൻ വീട്ടുകാരും കൂടും."അവൾ മുഖത്തെ മാസ്ക് വലിച്ച് നേരെയിട്ടുകൊണ്ട് പുറത്തേയ്ക്ക് നടക്കുമ്പോൾ ആവലാതിയോടെ പറഞ്ഞു.

അവനൊരുനിമിഷം അവളെ സ്നേഹത്തോടെ നോക്കി. ആ കണ്ണുകളിലെ ആകുലത അവനെ നൊമ്പരപ്പെടുത്തി .

"ഒരു പരിധിവരെ മാസ്ക് ഉപകാരമായി അല്ലേ...പെട്ടെന്ന് ആരും തിരിച്ചറിയില്ലല്ലോ.?"

"അത് സത്യമാണ്..."അവൾ പുഞ്ചിരിതൂകി.

"എങ്കിൽ ഇനി വൈകണ്ട പുറപ്പെടാം.എങ്ങനെയാണ് മടങ്ങുക...എന്റെയൊപ്പം വീടുവരെ ബൈക്കിൽ വരുന്നോ... ഞാൻ കൊണ്ടുവിടട്ടെ.?"അവൻ കുസൃതിയോടെ അവളെനോക്കി.

"അതുവേണോ... വേണ്ടാ... ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചു പോയ്കൊള്ളാം.എന്നെ ഓട്ടോസ്റ്റാൻഡിൽ വിട്ടാൽ മതി."അവൾ ചിരിച്ചു.

കൂൾബാറിന്റെ മുറ്റത്തുനിന്ന വാകമരത്തിലെ ഞെട്ടറ്റപൂക്കളിൽ ചിലത് അവളുടെ തലയിലെ തട്ടത്തിൽ വന്നുപതിച്ചു.

അതാ...കൂൾബാറിന്റെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടി അസൂയയോടെയെന്നവണം തങ്ങളെനോക്കുന്നു.

ഇരുവരും ബൈക്കിൽ കയറി.നഗരത്തിലെ ചുട്ടുപഴുത്ത ടാറിങ് റോഡിലെ പൊടിപടലങ്ങൾക്കിടയിലൂടെ ഓട്ടോറിക്ഷ സ്റ്റാൻഡ് ലക്ഷ്യമാക്കി ബൈക്ക് പാഞ്ഞു .

"എല്ലാ അർത്ഥത്തിലും സ്‌നേഹസമ്പൂർണ്ണമായ ഒരു ജീവിതം ആര്ക്കും ഉണ്ടാവില്ലല്ലോ അല്ലേ... കുറേയൊക്കെ സ്നേഹവും, പിണക്കവും, അകൽച്ചയും, സംശയവുമൊക്കെ കൂടിക്കലർന്നതാണല്ലോ മനുഷ്യ ജീവിതം."അവൾ ബൈക്കിന്റെ പിന്നിലിരുന്ന് മുഖം അവന്റെ തോളിന്റെ വലതുവശത്തേയ്ക്ക് നീട്ടിക്കൊണ്ട് പറഞ്ഞു .

"അതെ, അതാണ് ജീവിതം... അല്ലാത്തതിന് ജീവിതമെന്നു പറയാനാവില്ലല്ലോ..!"അവൻ ബൈക്കിന്റെ കണ്ണാടിയിൽ പതിഞ്ഞ അവളുടെ മുഖം നോക്കിക്കൊണ്ട് പറഞ്ഞു.

നഗരത്തിന്റെ ഒഴിഞ്ഞകോണുകൾ പിന്നിട്ട് തിരക്കുപിടിച്ച സ്ഥലത്തെ കവലയിലെത്തിയപ്പോൾ സൈഡുചേർത്ത് അവൻ ബൈക്ക് നിറുത്തി.

"ഇതാ... ഓട്ടോ സ്റ്റാൻഡ് എത്തി. ഇറങ്ങിക്കോളൂ..."

അപ്പോഴാണ് അവൾ അറിഞ്ഞത് ബൈക്ക് സ്റ്റാൻഡിലെത്തിയെന്ന്. അവൾ മറ്റേതോ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നു അതുവരെ. ബൈക്കിൽ നിന്നിറങ്ങി സൈഡിലേയ്ക്ക് മാറിനിന്നുകൊണ്ട് അവൾ അവനെനോക്കി. ഒരുപാട് നാളുകളായി ആഗ്രഹിച്ചിരുന്ന കാര്യം നിറവേറ്റിയതുപോലെ അവളുടെ മുഖം സന്തോഷമണിഞ്ഞിരുന്നു.

"ആദ്യമായി നമ്മൾ കണ്ടുമുട്ടിയ നിമിഷം എന്നും ഞാൻ മനസ്സിൽ ഓർക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നില്ലേ... ഇന്നുമുതൽ ആ ഓർമ്മകൾ ഞാൻ മനസ്സിൽ നിന്നും മായ്ച്ചുകളയുകയാണ്.പകരം ഒരുപാടുകാലങ്ങൾക്കുശേഷം നമ്മൾ പരസ്പരം കണ്ടുമുട്ടിയ ഹൃദയങ്ങൾ പങ്കുവെച്ച ഈ നിമിഷങ്ങൾ ഞാൻ മനസ്സിൽ എഴുതിച്ചേർക്കുന്നു. നഷ്ടപ്രണയവും നൊമ്പരങ്ങളും ഞാൻ മറക്കുന്നു... പകരം പുതിയ ഓർമ്മകൾ മനസ്സിൽ ചേർക്കുന്നു എന്ന്.ഇനിമുതൽ പുതിയ ഈ ഓർമ്മകൾ... ഈ നിമിഷങ്ങൾ മതിയെനിക്ക്."

എതൊക്കെയാണ് ഇവൾ പറയുന്നത് എന്നഭാവത്തിൽ അവൻ അവളെനോക്കി.

മനസ്സിലുള്ളതത്രയും പങ്കുവെച്ചുകഴിഞ്ഞതുകൊണ്ടോ എന്തോ അവളുടെ മുഖം വീണ്ടും ചുവന്നുതുടുത്തു. കണ്ണുകളിൽ വീണ്ടും ആ പഴയ കുസൃതി വിളങ്ങിനിന്നു.

"ഇനി ഇതുപോലെ നമ്മൾ കണ്ടുമുട്ടുമോ.?"

"അറിയില്ല..."അവൻ മെല്ലെ പറഞ്ഞു.

ഓട്ടോസ്റ്റാൻഡിൽ നിരന്നുകിടക്കുന്ന ഓട്ടോറിക്ഷകളിൽ ഇരുന്നുകൊണ്ട് ആളുകൾ തങ്ങളെ ശ്രദ്ധിക്കുന്നതുപോലെ അവൾക്കു തോന്നി. പരിഭ്രമത്തോടെ അവൾ പറഞ്ഞു.

"എങ്കിൽ ഇനി യാത്ര പറച്ചിലില്ല. ഞാൻ പോകുന്നു."അവന്റെ മാസ്കണിഞ്ഞ മുഖത്തെ മിഴികളുടെ അഴങ്ങളിലേയ്ക്ക് നോക്കി അവൾ വേദനകലർന്നൊരു ചിരിചിരിച്ചു.

എന്തിനാണ് ആ മിഴികൾ നിറഞ്ഞതെന്നു ചോദിക്കണമെന്ന് തോന്നിയെങ്കിലും വേണ്ടാ എന്നവൻ തീരുമാനിച്ചു. പണ്ടും ഇതുപോലെ ആയിരുന്നല്ലോ.നിസ്സാരക്കാരണങ്ങൾക്ക് അവളുടെ മിഴികൾ നിറഞ്ഞിരുന്നു.അവളുടെ ആർദ്രമിഴികളിലൂറിയ നീർക്കണങ്ങൾ അവന്റെ ഹൃദയത്തിലെ തുടിപ്പുകളുടെ ഓളങ്ങളായി.

ചുവപ്പ് ചുരിദാറണിഞ്ഞു ചിത്രശലഭം പോലെ പാറിനടന്ന വെളുത്തുമെലിഞ്ഞൊരു പെൺകുട്ടിയെക്കുറിച്ച് അവൻ ഒരിക്കൽക്കൂടി ഓർത്തു. പിന്നീട് വിധിയുടെ വിളയാട്ടം കണക്കെ ആ പൂമ്പാറ്റ തന്നെവിട്ട് മറ്റുപൂക്കൾ തേടി അകന്നുപോയി.

ആത്മനൊമ്പരങ്ങളിലൂടെ കടന്നുപോയ നാളുകളിൽ നീറി നീറി ആർജിച്ചെടുത്ത മനക്കരുത്തുമായി ഒരിക്കൽക്കൂടി അവളെനോക്കി യാത്രപറഞ്ഞിട്ട് അവൻ ബൈക്ക് സ്റ്റാർട്ടാക്കി നഗരവീഥിയിലെ തിരക്കുകളിലൂടെ വീട് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ