(Sathish Thottassery)
‘ആദ്യമവര്‍ ജുതന്മാരെ തേടി വന്നു, ജുതനല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല, പിന്നെ അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു, കമ്മ്യൂണിസ്റ്റല്ലാത്തതിനാല്‍ ഞാന്‍ മിണ്ടിയില്ല. പിന്നെ അവര്‍ തൊഴിലാളി നേതാക്കളെ തേടി വന്നു, ഞാന്‍ തൊഴിലാളി നേതാവല്ലാത്തതിനാല്‍ മിണ്ടിയില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
പക്ഷെ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’ ഇത്രയും വായിച്ച് അയാൾ മാര്‍ട്ടിന്‍ നീമൊല്ലെറുടെ പുസ്തകം അടച്ചു വെച്ചു. പലർക്കും നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെ പൊള്ളിക്കുന്ന യാഥാർഥ്യങ്ങളാണെന്ന് ബോധ്യപ്പെടുത്തുന്ന എഴുത്തു കാരന്റെ ഇന്ദ്രജാലത്തിൽ അയാൾ ഒരു നിമിഷം വിസ്മയിച്ചിരുന്നുപോയി.
നാളെ സ്വാതന്ത്ര്യ ദിനമാണ്. എത്രയെത്ര ധീര ദേശാഭിമാനികളുടെ സ്വപ്നമായിരുന്നു സ്വാതന്ത്ര്യം. ആ സ്വപ്ന സാക്ഷാത്കാരത്തിനായി ജാതിയും മതവും, വർണ്ണവും വർഗ്ഗവും മറന്ന് ദേശീയ പതാക മുറുകെ പിടിച്ച അസംഖ്യം ആത്മാവുകൾ ഒരുപക്ഷെ ഇപ്പോൾ ദുഖിക്കുന്നുണ്ടാകാം. തങ്ങൾ നേടിയെടുത്ത സ്വാതന്ത്ര്യം വൃഥാവിലായോ എന്ന വേവലാതി അയാളുടേതു കൂടെയായിരുന്നു.
ചിന്തകളിൽ മുഴുകി എപ്പോഴോ കണ്ണുകളടഞ്ഞുപോയ അയാൾ ഞെട്ടി ഉണർന്നപ്പോൾ വിയർത്തൊലിച്ചുകൊണ്ട് ഉഷ്ണക്കാറ്റ് വമിക്കുന്ന ഫാനിനു താഴെ കിടക്കുകയായിരുന്നു. അടിവസ്ത്രമൊഴികെയുള്ള തുണികളെല്ലാം പറിച്ചെറിഞ്ഞു കിടക്കുമ്പോഴും ശരീരത്തിന്റെ അകംപുറങ്ങൾ വേവുന്നതായും, തലച്ചോർ മൺകലത്തിലെ തിള ചോറായി മാറുന്നതായും തോന്നി. അർധരാത്രിക്ക് ശേഷം എപ്പോഴോ ബോധാബോധങ്ങൾക്കിടയിൽ കണ്ണുകളടഞ്ഞപ്പോഴാണ് നനഞ്ഞൊട്ടിയ കിടക്കയിൽ അവൾ വന്നിരുന്നത്. തല പൊക്കി അവളെ നോക്കാനുള്ള അദമ്യമായ ആഗ്രlഹം പൂർത്തീകരിക്കാനാകാതെ നിസ്സഹായനായി കണ്ണുകൾ തുറക്കാനാകാതെ കിടന്ന അയാളുടെ ശിരസ്സിൽ അവളുടെ മൃദുലമായ നീണ്ട കൈവിരലുകൾ പതുക്കെ നീങ്ങി.അപ്പോൾ എന്തെന്നില്ലാത്ത നിർവൃതി ഉണ്ടായതായും മനസ്സിൽ കയറ്റി വെച്ച വലിയ ഒരു മഞ്ഞുകട്ട പതുക്കെ അലിഞ്ഞില്ലാതാകുന്നതായും തോന്നി.
അവൾ. രഹന. കവുങ്ങിൻ പൂക്കുല പോലെ നിറമുള്ള മെലിഞ്ഞ ശരീരം. സുറുമയിട്ട കണ്ണുകൾ. കാതുകളിലെ വെള്ളി ചിറ്റുകൾ. കാലിലെ പാദസരങ്ങൾ അവളുടെ ഭൂമിയിലെ ഓരോ പാദസ്പർശങ്ങൾക്കും കിലുകിലാരവം മുഴക്കി. നിഷ്കളങ്കബാല്യത്തിന്റെ നിറസാന്നിധ്യമായി അയാൾ താമസിച്
പട്ടാള വണ്ടി അന്ന് അവരെ അടുത്തുള്ള തീവണ്ടി ആപ്പീസിലേക്കാണ് കൊണ്ടുപോയത്. അവിടെ വിശപ്പും, ദാഹവും, മർദ്ദനവും കൊണ്ട് തളർന്ന് അവശരായ ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ കുട്ടികളെയും മാതാ പിതാക്കളെയും തിരഞ്ഞു കൊണ്ട് നടക്കുന്നതും, തറയിൽ ഇരുന്നും കിടന്നും വിലപിക്കുന്നതും, കാണാനുണ്ടായിരുന്നു. പട്ടാളക്കാരോട് കയർക്കുന്ന പുരുഷന്മാരെ അവർ നിർദ്ദയം തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു വീഴ്ത്തുകയും ബൂട്സിട്ട കാലുകൊണ്ട് തൊഴിക്കുകയും ചെയ്തിരുന്നു. 70 ബോഗികളുള്ള വണ്ടി സ്റ്റേഷനിൽ വന്നതും ദൈന്യത തളം കെട്ടിയ മനുഷ്യ കൂട്ടത്തെ കന്നുകാലികളെയെന്നോണം അടിച്ചും, തൊഴിച്ചും അതിൽ കുത്തി നിറച്ചു. വേണ്ട ഭക്ഷണമോ കുടി വെള്ളം പോലുമോ ഇല്ലാതെ ആ ദുരിതയാത്ര രണ്ടു നാൾ നീണ്ടു. പ്രേതഭൂമി പോലെ തോന്നിച്ച ഒരു പ്രദേശത്തുള്ള സ്റ്റേഷനിൽ വണ്ടിച്ചക്രങ്ങൾ സീൽക്കാരമുതിർത്തുകൊണ്ടു നിന്നു. അവശരായ ജനങ്ങളെ പിന്നീട് നാലു മണിക്കൂർ നേരം കത്തുന്ന വെയിൽ ചൂടിൽ നടത്തിച്ചു. പലരും വിശപ്പും ദാഹവും കൊണ്ട് വഴിയിൽ വേച്ചു വേച്ചു വീണിരുന്നു.
"തൊഴിലെടുക്കൂ സ്വാതന്ത്ര്യം നേടൂ" എന്നെഴുതി വെച്ച വലിയ കവാടമുള്ള, അഞ്ഞൂറോളം ഏക്കർ വിസ്താരം വരുന്ന, കൂറ്റൻ മതിൽ കെട്ടുകളും അവക്ക് മേൽ മുൾവേലികളും അതിര് തീർത്ത ഒരു തടവറയിലേക്കാണ് അവർ എത്തിപ്പെട്ടത്. ആ കവാടത്തിലെ ഫലകം മരണത്തിലേക്കുള്ള സ്വാതത്ര്യം വിളിച്ചോതുമ്പോലെ തോന്നിച്ചു. പിന്നീട് പീഡനത്തിന്റെ നാളുകളായിരുന്നു. ഒരു രാത്രി ഒരു പട്ടാളക്കാരൻ രഹനയെ തന്റെ മുറിയിലേക്ക് കൊണ്ടുവന്നു. മൃഗീയമായി അവളുടെ വസ്ത്രങ്ങൾ വലിച്ചു കീറി. അവശയായ അവളുടെ ബലഹീനമായ ചെറുത്തുനിൽപ്പുകളെ തോല്പിച്ചുകൊണ്ട് ഒരു കാട്ടുമൃഗത്തെ പോലെ അവളെ തള്ളി താഴത്തിട്ടു. തലയും കൈകാലുകളും നിലത്തമർത്തി ഞെരിച്ചുകൊണ്ട് അവളിലെ കുഞ്ഞു സ്ത്രീത്വത്തെ രക്തത്തിൽ മൂടുവോളം കുത്തിക്കീറി.
മറ്റു സ്ത്രീകളും കുട്ടികളും സമാനമായ അനുഭവങ്ങളുടെ രക്ത സാക്ഷികളായി. ക്രൂരമായ പീഡനങ്ങളും, ഭക്ഷണ കുറവും, രോഗപീഡയും കാരണം ആ തടവറയിലെ തങ്ങൾ ചെയ്ത കുറ്റമെന്താണെന്ന് ഇനിയും അറിയാത്ത ആയിരങ്ങൾ അറവു മാടുകളെ പോലെ എല്ലും തോലുമായ മനുഷ്യ കീടങ്ങളായി രൂപാന്തരപ്പെട്ടു. അവസാനം അടച്ചു മൂടപ്പെട്ട ആ വലിയ ഹാളിലേക്ക് അവരെയെല്ലാം വിവസ്ത്രരാക്കി തള്ളിക്കയറ്റി. കുളിപ്പിക്കാനാണെന്നു തെറ്റിദ്ധരിപ്പിച്ചു. ഹാളിലെ ചുമരുകളിൽ ഘടിപ്പിക്കപ്പെട്ട ഷവറുകളിൽ നിന്നും കുളിർമ്മയുള്ള ജലപ്രവാഹം പ്രതീക്ഷിച്ചു നിന്ന നഗ്നദേഹികളായ, ദാഹാർത്തരായ അവർക്കു പിന്നീട് കാണാൻ കഴിഞ്ഞത് ഷവറുകളിലൂടെ ചീറ്റി വരുന്ന, ഹാൾ മുഴുവൻ നിറഞ്ഞു കവിയുന്ന വിഷപ്പുകയാണ്. ശരീരങ്ങൾ ഒന്നിന് മേലെ ഒന്നായി വീണു. നാലഞ്ചു നിമിഷത്തെ കൂട്ട പിടച്ചിൽ. ജഡങ്ങളുടെ കൂമ്പാരങ്ങൾ കൊണ്ട് ഹാൾ നിറഞ്ഞു. ആ ശവക്കൂമ്പാരങ്ങളിൽ ഒന്ന് രഹനയുടേതായിരുന്നു. അങ്ങിനെയാണ് അവൾ ജനിച്ചു വളർന്ന, പതിമൂന്നു കൊല്ലം ജീവിച്ച ഈ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടത്. ഉറക്കം മുറിഞ്ഞ അയാൾ നെഞ്ചിടിപ്പോടെ കണ്ണ് തുറന്നുകൊണ്ട് അടുത്തിരുന്ന പാതി തീർന്ന വെള്ള കുപ്പിയിലേക്ക് കൈ നീട്ടി.