(Krishnakumar Mapranam)
"സാർ…സാറിനെ കാണാൻ കുറെനേരമായി...ഒരാൾ പുറത്തിരിക്കുന്നുണ്ട്…വിളിക്കട്ടെ...."
ക്ളാർക്ക് ശിവൻ വന്നു ചോദിച്ചു
"വരാൻ പറയൂ…." കളക്ടർ പറഞ്ഞു
അതവളായിരുന്നു…
കളക്ടറുടെ എതിരെ സീറ്റിൽ അവളിരുന്നു. അവളെ അദ്ദേഹം ശ്രദ്ധിച്ചു.
കളക്ടർ പറഞ്ഞു
"വിവരങ്ങൾ...ഞാനറിഞ്ഞു… സുഖമാണോയെന്നു...ചോദിക്കുന്നില്ല…"
അവളൊന്നും മിണ്ടിയില്ല. അവളെന്തോ ആലോചിക്കുകയായിരുന്നിരിക്കാം. അദ്ദേഹവും പഴയ ചിലകാര്യങ്ങൾ ഓർത്തുപോയി.
"നീയെന്തിനാ എപ്പോഴും ഇങ്ങിനെ എൻ്റെ പിറകെ നടക്കണത്"
അവൾ ചോദിച്ചു
"എനിക്ക് നിന്നെ ഇഷ്ടമാണ്"
അവൻ പറഞ്ഞു "എൻ്റെ പിറകെ നടക്കേണ്ട...എനിക്ക് ഇഷ്ടമല്ല…"
"നുണ..എനിക്കറിയാം...നിനക്ക്..ഇഷ്ടമാണെന്ന്.."
"എങ്ങിനെ..?"
"ഞാൻ തന്ന പ്രേമലേഖനം..നീ വാങ്ങിച്ചതല്ലെ…"
"അതു ഞാൻ വാങ്ങിച്ചതു ശരി തന്നെ...പക്ഷെ ഞാൻ വായിച്ചില്ല…"
"വെറുതെ…"
"വെറുതെയല്ല...ഞാനത് കീറികളഞ്ഞു.."
"എന്തിനാണ്...നീയിങ്ങനെ എന്നെ...കളിപ്പിയ്ക്കുന്നത്...എനിയ്ക്കറിയാം…"
"ദേ...എന്നെകൊണ്ടൊന്നും പറയിപ്പിയ്ക്കല്ലേ…എനിയ്ക്ക് ദേഷ്യം…വരണുണ്ടെട്ടോ…"
"അതു കാണാൻ...നല്ല...ഭംഗീണ്ട്…."
"ഒന്നു പോവുണുണ്ടോ...നീയ്....എനിയ്ക്ക് പഠിക്കാനുണ്ട്..."
"എനിയ്ക്കുംണ്ട്…എന്നാലും...ഇഷ്ടാന്ന് പറയാനെന്താ...മടി."
"ഈ ചെക്കനെന്താ...എനിയ്ക്കൊരിഷ്ടവും..തോന്നണില്ല…"
"നിൻ്റെയിഷ്ടം കിട്ടാൻ ഞാനിനി...എന്തായിപ്പോ...ചെയ്യംണ്ടേ..."
"ഒന്നും...ചെയ്യണ്ട...പിന്നാലെ വരാതിരുന്നാൽ മാത്രം മതി…" അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു.
അവളോടുള്ള പ്രണയം എഴുതി അറിയിക്കാൻ പിന്നെയും അവൻ എത്രയോ കത്തുകളെഴുതി. എല്ലാം കൈമാറാൻ കഴിയാതെ അവൻ സൂക്ഷിച്ചുവച്ചു. അവളോട് എന്നും അവന് ഇഷ്ടമായിരുന്നു.
അവളെ പോലെ തന്നെ പഠനത്തിൽ മിടുക്കനായിരുന്നു അവനും. അവൻ സിവിൽ സർവ്വീസിന് പ്രിപ്രയർചെയ്തു. കുറച്ചുവർഷങ്ങൾക്കു ശേഷം സിവിൽ സർവ്വീസ് ലഭിച്ച് അവൻ സബ്ബ് കളക്ടറായി ചാർജെടുത്തു.
നാട്ടിൽ അവൻ്റെ പ്രണയം അറിയാവുന്ന സുഹൃത്താണ് അവളുടെ വിവാഹം കഴിഞ്ഞെന്നുള്ള വിവരം അവനോട് പറഞ്ഞത്. എന്നാൽ അവളുടെ ദാമ്പത്യം അത്ര സുഖപ്രദമല്ലെന്നും അവളിപ്പോൾ സ്വന്തം വീട്ടിലാണെന്നുള്ള വിവരവും ചങ്ങാതി അറിയിച്ചു.
അയാൾ ഒരു കളക്ടറായ കാര്യം അവളറിഞ്ഞിരുന്നു. തന്നെ ഓർക്കുക പോലും ചെയ്യില്ലെന്നാണ് അവൾ വിചാരിച്ചത്. തന്നെ കുറിച്ചുള്ള കാര്യങ്ങൾ കളക്ടർ മനസ്സിലാക്കിയെന്നറിഞ്ഞപ്പോൾ അവൾ വിഷമിച്ചു.
അവളുടെ കൺപീലികൾ നനഞ്ഞിരിക്കുന്നു. അവളുടെ കൈയ്യിൽ നാലു മടക്കായി ചുരുട്ടിയ ഒരു കടലാസ്സുണ്ട്. അത് കളക്ടർക്കായി നീട്ടി. കളക്ടർ ആ കടലാസ്സുകണ്ടതും പഴയൊരു കുട്ടിയായി.
"നീ...അന്നതു...കീറികളഞ്ഞിരുന്നില്ലാലേ… എന്നിട്ടും...നീ…ഇഷ്ടമല്ലെന്ന് പറഞ്ഞ്...മാറിനിന്നു...എന്തിന്…." കളക്ടർ ചോദിച്ചു
അവൾ അയാൾക്കു മുന്നിൽ നിശബ്ദയായി ഇരുന്നു. കണ്ണുനിറഞ്ഞു വരുന്നത് കാണാതിരിക്കാൻ അവൾ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല.