(T V Sreedevi )
"സംഗീതമേ... അമര സല്ലാപമേ..." അവൾ നീട്ടിപ്പാടി. അവളുടെ മധുരസ്വjരത്തിന്റെ അലകൾ ഓഡിറ്റോറിയത്തിന്റെ നാലു ചുവരുകളിൽ ത്തട്ടി അലയടിച്ചുകൊണ്ടിരുന്നു. പാട്ട് കഴിഞ്ഞതും നിറുത്താത്ത കരഘോഷം മുഴങ്ങി. അതിനു പിന്നാലെ സമൂഹഗാനം പോലെ...
"കാക്കക്കുയിലേ...ചൊല്ലൂ കൈ നോക്കാനറിയാമോ?"എന്ന പാട്ട് കുറേ വിരുതന്മാർ ചേർന്ന് ഉച്ചത്തിൽ പാടി. തികട്ടി വന്ന കരച്ചിൽ അമർത്തിപ്പിടിച്ചുകൊണ്ടാണ് അവൾ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയത്.
കോളേജിലെ വാർഷികദിനാഘോഷം നടക്കുകയായിരുന്നു.
മേഘയുടെ പാട്ടാണ് കഴിഞ്ഞത് 'മേഘ സുരേഷ്' ക്യാമ്പസ്സിന്റെ വാനമ്പാടിയാണ്. എന്നാൽ അവളുടെ കറുപ്പു നിറം മൂലമാണ് അവൾക്ക് 'കാക്കക്കുയിൽ' എന്ന ഇരട്ടപ്പേര് വീണത്. അതിൽ അവൾ ഏറെ ദുഖിതയുമാണ്. ക്ലാസ്സിലെ ഏറ്റവും കറുത്ത പെൺകുട്ടിയും അവളായിരുന്നു. ക്ലാസ്സിലെ വെളുത്തു തുടുത്ത പെൺകുട്ടികളെ അവൾ അവരറിയാതെ നോക്കി നിൽക്കാറുണ്ട്. 'എന്നെ മാത്രം എന്തിനാ ദൈവമേ ഇത്രയും കറുപ്പ് പുരട്ടി സൃഷ്ടിച്ചത്?' അവൾ സ്വയം ചോദിക്കാറുണ്ട്.
കറുപ്പിനഴക്...എന്ന പാട്ട് അവൾക്ക് ഒരു പാടിഷ്ടമായതും അതുകൊണ്ടാണ്. അന്ന് വീട്ടിൽ ചെന്നിട്ടും അവൾക്ക് യാതൊരു ഉന്മേഷവും തോന്നിയില്ല. അത്രയും കരഘോഷങ്ങൾക്കിടയിൽ നിന്നും കേട്ട "കാക്കക്കുയിലേ... എന്ന കോറസ് അവളുടെ മനസ്സിനെ പോറലേൽപ്പിച്ചിരുന്നു.
മേഘയുടെ ചേട്ടൻ മാധവ് നന്നേ വെളുത്തിട്ടാണ്. അച്ചനും അമ്മയും വെളുത്തതാണ്. മേഘക്ക് അച്ചാച്ചന്റെ നിറമാണ് കിട്ടിയിരിക്കുന്നത് എന്ന് എല്ലവരും പറയും. ബി.എ ഫൈനൽ പരീക്ഷ കഴിഞ്ഞ ഉടനെ തന്നെ മേഘയുടെ രണ്ടുകൂട്ടുകാരികളുടെ കല്യാണം നടന്നു. വെളുത്തു തുടുത്ത അശ്വതിയുടെയും, ഉർമ്മിളയുടെയും കല്ല്യാണച്ചെക്കന്മാരെ കണ്ടപ്പോൾ മേഘ അദ്‌ഭുതപ്പെട്ടുപോയി. നല്ല കറുപ്പാണ് രണ്ടുപേർക്കും.
താൻ അവരെക്കാൾ വെളുത്തതാണെന്നും അവൾക്ക് തോന്നി.അതോടൊപ്പം ഒരു ചെറിയ സന്തോഷ വും... മേഘയെ 'കാക്കക്കുയിൽ' എന്ന് ആൺകുട്ടികൾ വിളിക്കുമ്പോൾ കേട്ട് ചിരിക്കാറുള്ളവരിൽ മുൻപന്തിയിൽ നിൽക്കുന്നതും അശ്വതിയും ഊർമ്മിളയും ആയിരുന്നു. ഇനിക്കാണുമ്പോൾ എന്തായിരിക്കും ഈ പൊങ്ങച്ചക്കാരികൾ പറയുന്നത്?
"എന്റെ ഏട്ടന്റെ നിറം ലേശം കറുപ്പാണെങ്കിലും മനസ്സ് നല്ല വെളുത്തതാ... എന്നെ പൊന്നുപോലെയാ നോക്കുന്നെ..." എന്നൊക്ക പറയുമായിരിക്കും. ഓർത്തപ്പോൾ മേഘ ചിരിച്ചു പോയി.
"എനിക്ക് പി ജി ക്കു പോണം" എന്ന മേഘയുടെ വാശി അച്ഛൻ ചെവിക്കൊണ്ടില്ല.
"വേണ്ട...അമ്മയും പറഞ്ഞു. "കല്ല്യാണം കഴിഞ്ഞാലും പഠിക്കാലോ!"
അങ്ങനെ കേരളാ മാട്രിമോണിയിലും ബ്രോക്കർമാരുടെ കൈയിലും മേഘയുടെ പ്രൊഫൈൽ കൊടുത്തു. ആലോചകൾ പലതു വന്നെങ്കിലും ഒന്നും ശരിയായില്ല. മേഘയുടെ കറുപ്പ്‌നിറം തന്നെ ആയിരുന്നു ഒന്നാമത്തെ തടസ്സം.
"മാധവന്റെ നിറം മേഘക്കും അവനു ഇവളുടെ നിറവും ആയിരുന്നെങ്കിൽ മതിയായിരുന്നു." അച്ഛമ്മ പറഞ്ഞു.
"കറുകറുത്ത അച്ചാച്ചന് വെളു വെളുത്ത അച്ഛമ്മയെ കീട്ടിയല്ലോ അല്ലേ...?" മേഘ കളിയാക്കി.
"എന്തായാലും അച്ഛമ്മയുടെ ആ കറമ്പൻ ഹസ്ബൻഡാണ് എല്ലാറ്റിനും കാരണം!" അവൾ പറഞ്ഞു.
"പോടീ... കുറുമ്പി... " അച്ഛമ്മ അവളെ അടിക്കാൻ കയ്യോങ്ങി.
"കുറുമ്പിയല്ല അച്ഛമ്മേ കറമ്പി! കറമ്പിപ്പാറു..." കേട്ടുകൊണ്ട് വന്ന മാധവ് പറഞ്ഞു.
"നിനക്ക് എന്നേക്കാൾ കറമ്പി പ്പെണ്ണിനെ മാത്രേകിട്ടുള്ളു. നോക്കിക്കോ... ദൈവമേ. ഇവന് വെളുത്ത പെണ്ണിനെ കൊടുക്കരുതേ..."
മേഘ കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിച്ചു.
"ഹ.. ഹ.. ഹാ.. എന്ത് നടക്കാത്ത ആഗ്രഹം...!" മാധവ് പൊട്ടിച്ചിരിച്ചു.
"ഒന്നുപോടാ...എന്റെ മോള് കുറച്ചു കറുത്തിട്ടായാലും എന്തു ഭംഗിയാ കാണാൻ!" അപ്പോൾ അങ്ങോട്ട് വന്ന അമ്മ പറഞ്ഞു.
"നല്ല വിടർന്ന കണ്ണുകളും, മുല്ലപ്പൂ പോലത്തെ പല്ലും, ചുവന്ന ചുണ്ടും, മുട്ടൊപ്പം മുടിയും..."
"നീ വെളുത്തതാണെന്നല്ലേ ഉള്ളു. ചന്തം കൂടുതൽ അവൾക്കാ!" അമ്മ അവളുടെ രക്ഷക്കെത്തി.
"ഓ... പിന്നേ....അല്ലേലും കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്നല്ലേ ചൊല്ല്. അല്ലേ അച്ചമ്മേ "മാധവ് പറഞ്ഞു.
"കുഞ്ഞിനെ അങ്ങനെ കളിയാക്കാതെടാ. അവൾക്ക് നല്ല ചെക്കനെത്തന്നെ കിട്ടും. സമയമാകുമ്പോൾ വരും." അച്ഛമ്മ പറഞ്ഞു.
രണ്ടാഴ്ച്ച കഴിഞ്ഞപ്പോളായിരുന്നു അവിടത്തെ കൃഷ്ണന്റെ അമ്പലത്തിലെ ഉത്സവം. എല്ലാവർഷത്തെയും പോലെ മേഘയെ സംഗീതം പഠിപ്പിച്ച വാര്യരു മാഷിന്റെ നേതൃത്വത്തിൽ ആ വർഷവും ഭഗവാന്റെ മുൻപിൽ സംഗീതാർച്ചന ഉണ്ടായിരുന്നു. സംഗീതക്കച്ചേരിക്ക് ശേഷം ഗാനമേളയും ഉണ്ടായിരുന്നു.
"കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ..."എന്ന ഗാനം ശ്രുതി മധുരമായി മേഘ പാടി. സദസ്സ് നിശ്ശബ്ദമായി.സംഗീതത്തിൽ മുഴുകിയിരുന്നു.പാടിത്തീർന്നപ്പോൾ നീണ്ട കരഘോഷങ്ങളും ചൂളം വിളികളും കൊണ്ട് സദസ്സ് ഇളകി മറിഞ്ഞു.
"ഒരുപാട്ടുകൂടി... പ്ലീസ്." സദസ്സിൽ നിന്നും ധാരാളം പേർ ആവശ്യപ്പെട്ടു.
"മഞ്ഞൾ പ്രസാദം.. പാടിയാൽ മതി." ആരൊക്കെയോ ആവശ്യപ്പെട്ടു.
അത് കഴിഞ്ഞ് ഒരു പഴയ പാട്ട് എന്ന ആവശ്യം ഉയർന്നു.
"മധുര പ്രതീക്ഷ തൻ പൂങ്കാവിൽ വെച്ചൊരു, മണിവേണു ഗായകനെ കണ്ടുമുട്ടി."
എന്ന മനോഹരഗാനം മേഘ പാടിയത് താളം പിടിച്ചുകൊണ്ടാണ് സദസ്സ് ശ്രവിച്ചത്. എല്ലാവരുടെയും മനം നിറച്ച ഗാനമേളയായിരുന്നു അത്. ഉത്സവം കൊടിയിറങ്ങിയതിന്റെ മൂന്നാം നാൾ മേഘക്ക് ഒരു കല്ല്യാണാലോചന വന്നു.
വരൻ ഇൻഫോപാർക്കിൽ ഒരു പ്രശസ്ത കമ്പനിയിൽ എഞ്ചിനീയർ ആണ്. വാര്യര് മാഷിനോടാണ് വിവരങ്ങൾ തിരക്കിയത്. പയ്യൻ പെൺകുട്ടിയെ കണ്ടിട്ടുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ടു വന്ന ആലോചനയാണ്.
അച്ഛൻ വീണ്ടും ചോദിച്ചു,"അല്ല മാഷേ... എന്റെ മോളെക്കണ്ട് ഇഷ്ടപ്പെട്ടു വന്നെന്നാണോ?"
"എന്നാ പറഞ്ഞത്."മാഷ് പറഞ്ഞു.
"പയ്യന്റെ ഒരു കൂട്ടുകാരൻ ഇന്നലെ വീട്ടിൽ വന്നിരുന്നു."
"എന്നാലും ഞങ്ങൾക്ക് പയ്യനെ ഒന്ന് കാണണ്ടേ മാഷേ."
"സൗകര്യം നോക്കി ഒരുദിവസം വരാൻ പറയു".. അച്ഛൻ പറഞ്ഞു.
അങ്ങനെ പിന്നത്തെ ഞായറാഴ്ച്ച, പയ്യനും കൂട്ടുകാരനും മേഘയുടെ വീട്ടിൽ വന്നു.
"ഇതാണ് ഹരി പ്രസാദ്." കൂട്ടുകാരൻ പയ്യനെ പരിചയപ്പൊയെടുത്തി.
ഞങ്ങൾ ഒരുമിച്ച് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചവരാണ്. ഏറ്റുമാനൂരിനടുത്തു നീണ്ടൂർ എന്ന സ്ഥലത്താണ് വീട്. മേഘയുടെ അച്ഛൻ നോക്കി നിന്നുപോയി.
"അതി സുന്ദരനായ പയ്യൻ!"
അവരോട് ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു.
"ദേവീ... അവരെത്തി കേട്ടോ."
കുളിച്ചുവന്ന് ഡ്രസ്സ് ചെയ്തുകൊണ്ടിരുന്ന മേഘ അദ്‌ഭുതപ്പെട്ടു.
"ഇത്ര നേരത്തെ എത്തിയോ?
മണി ഒൻപതല്ലേ ആയുള്ളൂ."
അപ്പോഴേക്കും അച്ഛൻ ചോദിക്കുന്നതു കേട്ടു...
"അപ്പൊ എങ്ങനെയാ എന്റെ മോളെ കണ്ടിട്ടുണ്ടെന്നു പറഞ്ഞത്?"
മേഘ ശ്രദ്ധിച്ച് നിന്നു,.
ഉത്തരം പറഞ്ഞത് ഹരിപ്രസാദാണ്.
"ഞങ്ങൾ അമ്പലത്തിലെ ഉത്സവത്തിനു വന്നപ്പോൾ കണ്ടതാണ്."
"മേഘയുടെ പാട്ടും കെട്ടു."
"ആങ്ങനെയാണല്ലേ...?"
പിന്നെ അച്ഛൻ അമ്മയെ വിളിച്ചു,
"ദേവീ, മാധവ് എവിടെ?"
"അമ്മയെയും വിളിക്കു. മേഘമോളോടുംവരാൻ പറയു." അച്ഛൻ നിർദേശിച്ചു.
അത് കേട്ടപ്പോൾ മേഘ വേഗം ഒരുങ്ങാൻ തുടങ്ങി.ഇളം കളറിലുള്ള ഒരു ചുരിദാറും ടോപ്പും ധരിച്ച്, മിതമായ മേക്കപ്പ് ചെയ്തപ്പോഴേക്കും അമ്മ എത്തി.
"വരൂ മോളെ...അവർക്ക് ചായ കൊടുക്കാം."
"രാവിലെ ആയതുകൊണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടുണ്ടാവില്ല." അച്ഛൻ പറഞ്ഞു.
അപ്പോഴേക്കും അമ്പലത്തിൽ നിന്നും മാധവ് തിരിച്ചെത്തി. പിന്നെ എല്ലാവരും കൂടി ഡൈനിംഗ് റൂമിൽ ചായകുടിക്കാനിരുന്നു.വിളമ്പാൻ മേഘയും ഉണ്ടായിരുന്നു.
"മേഘ, ഹരിപ്രസാദിനെകണ്ടില്ലേ?". എന്ന് മാധവ് ചോദിച്ചപ്പോൾ മേഘ തലയുയർത്തി നോക്കി.
അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.
"എ വെരി ഹാൻഡ്‌സം മാൻ!" അവൾ മനസ്സിൽ പറഞ്ഞു.
അവൾ അയാളുടെ പാത്രത്തിൽ ഒരിഡ്ഡലിയും കൂടി വച്ചു കൊടുത്തു. ചിരിച്ചുകൊണ്ട് അയാൾ അത് സാമ്പാറിൽ മുക്കി കഴിക്കുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം നിറഞ്ഞു.
ഭക്ഷണം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, "ഇനി നിങ്ങൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം."
മാധവ് അവന്റെ മുറിയിലേക്ക് അവരെ വിളിച്ചിരുത്തിയിട്ട് പുറത്തിറങ്ങിപ്പോയി.
"മേഘ,..എന്നെ ഇഷ്ട്മായോ?" ഹരി ചോദിച്ചു.
"ഇതെന്തു ചോദ്യം? ഇതു ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്. വെളുത്തു ചുവന്ന ആൾക്ക് കാക്കക്കുയിലായ ഞാൻ എങ്ങനെ ചേരും?"
മനസ്സിൽ തികട്ടി വന്ന ചോദ്യം മേഘ അടക്കി വെച്ചു.
"മേഘയുടെ പാട്ടു കേൾക്കാൻ ഞാനും ഉണ്ടായിരുന്നു അമ്പലത്തിൽ." ഹരി പറഞ്ഞപ്പോൾ മേഘ മുഖമുയർത്തി.
"പഴയ പാട്ടുപാടാൻ ആവശ്യപ്പെട്ടത് ഞാനാണ്."
"അപ്പോൾ മേഘ പാടിയ പാട്ട്... മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു...എന്ന ഗാനം എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്!
എന്റെ അമ്മ എപ്പോഴും പാടാറുള്ള പാട്ടാണത്.അത് തന്നെ മേഘ പാടിയത് എന്നെ അദ്‌ഭുതപ്പെടുത്തി."
"ഏട്ടന്റെ അമ്മ?" മേഘ അറിയാതെ ചോദിച്ചു പോയി.
"എന്റെ അമ്മ മരിച്ചുപോയിട്ട് പത്തു വർഷങ്ങൾ കഴിഞ്ഞു." അവന്റെ കണ്ണുകൾ നിറഞ്ഞു.
"ഞാൻ അമ്മയുടെ ഒറ്റ മോനായിരുന്നു! മേഘ പാടിയപ്പോൾ എനിക്ക് അമ്മയെ ഓർമ്മ വന്നു. മേഘയെ എനിക്ക് നഷ്ടപ്പെട്ടു പോകാതിരിക്കാനാണ് ഞാൻ പെട്ടന്ന് ഈ ആലോചനയുമായി വന്നത്."
"പക്ഷേ..." മേഘ മുഴുവൻ പറയാതെ നിറുത്തി.
"പക്ഷേ മേഘ കറുത്തതല്ലേ...എനിക്ക് ചേരുമോ എന്നല്ലേ സംശയം.?" ഹരി ചോദിച്ചു.
"എനിക്ക് കറുത്തവരെയാണ് ഇഷ്ടം.. ഞാൻ ഒരു കൃഷ്ണ ഭക്തനാണ്. എന്റെ അമ്മയും കറുത്തിട്ടായിരുന്നു"
ഹരി പറഞ്ഞതു കേട്ട് മേഘയുടെ ഹൃദയം നിറഞ്ഞു! പിന്നെ അവർ ധാരാളം സംസാരിച്ചു. മേഘയെ ആൺകുട്ടികൾ "കാക്കക്കുയിലേ..."എന്നാണ് വിളിക്കുന്നതെന്ന് കേട്ട് ഹരി പൊട്ടിച്ചിരിച്ചു.
മേഘയുടെ വിവാഹത്തിന് ക്ലാസ്സിലുണ്ടായിരുന്ന മുഴുവൻ സഹപാഠികളേയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. മേഘയുടെ വരനെക്കണ്ട അവർ അദ്‌ഭുതം കൂറി. പിന്നെ വധൂവരന്മാരെ ആശിർവദിക്കാൻ സ്റ്റേജിൽ കയറിയ ആൺകുട്ടികളോട് ഹരി പ്രസാദ് പറഞ്ഞു,
"നിങ്ങളുടെ കാക്കക്കുയിലിനെ ഞാനിങ്ങെടുത്തു.
ഇനി മുതൽ ഇവളെന്റെ മണിക്കുയിലാണ്." മേഘയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.