mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Pearke Chenam

കാറിന്റെ ഡിക്കിയില്‍ നിന്നും അയാള്‍ പഴയ പാര്‍ട്‌സുകളെല്ലാം എടുത്ത് കാര്‍പോര്‍ച്ചിനരുകിലെ അരമതിലില്‍ നിരത്തി. എത്ര നന്നായി ഇതെല്ലാം ഇങ്ങോട്ടെടുത്തത്. സാധാരണ പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരുമ്പോള്‍ പഴയതെല്ലാം വര്‍ക്ക്‌ഷോപ്പില്‍ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്.

മാറ്റിയ പാര്‍ട്‌സുകളെപ്പറ്റിയായിരുന്നു കഴിഞ്ഞ തവണത്തെ വീട്ടിലെ തര്‍ക്കങ്ങള്‍. ഏതൊരു കാര്യത്തിന് പണവുമായി പോയാലും വീട്ടിലെത്തി കണക്കുപറയുമ്പോള്‍ തര്‍ക്കമാണ്. വിശ്വാസം ഇല്ലെങ്കില്‍ എന്തിനാണ് തന്നെ ഇതെല്ലാം ഏല്പിക്കുന്നത്? എല്ലാം സ്വന്തമായി അങ്ങ് ചെയ്താല്‍ പോരേ... ഇത്തവണ പഴയ പാര്‍ട്‌സുകള്‍ പെറുക്കിക്കൂട്ടിയപ്പോള്‍ മെക്കാനിക്ക് പ്രത്യേകം ചോദിച്ചു.

'എന്തുപറ്റി? സാധാരണ ഇതൊന്നും കൊണ്ടുപോകാറില്ലല്ലോ?'
'കഴിഞ്ഞ തവണ മാറ്റിയ പാര്‍ട്ടുകളെപ്പറ്റി പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ കുറേ വിയര്‍ത്തു. കള്ളക്കണക്ക് കൊടുത്തതാണെന്നു വരെ പറഞ്ഞു.'
'സ്വന്തം വീട്ടുമുതല്‍ കുടുംബനാഥന്‍ മോഷ്ടിക്കേ?...'
'എന്തു ചെയ്യാം... ഓരോ കഷ്ടപ്പാടുകളേ...'

ഇത്തരം കാര്യങ്ങള്‍ മറ്റൊരാളോട് പറയേണ്ടി വരുന്നത് മഹാഅപരാധമാണ്. പക്ഷെ എന്തുചെയ്യാം. തന്റെ തലവിധി അതായാല്‍പ്പിന്നെ മറ്റു മാര്‍ഗ്ഗങ്ങളില്ലല്ലോ... ഇപ്പോള്‍ സ്വന്തമായി വരുമാനമില്ലാത്തതിന്റെ പ്രയാസങ്ങള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. അതിനായി പരിശ്രമിക്കുന്നതുപോലും ഭാര്യക്കും മകനും കുറ്റമാണല്ലോ... മകനെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുന്നു എന്നാണ് ഭാര്യയുടെ ഭാഷ്യം. ആകെ അറിയാവുന്ന പണി ഡ്രൈവര്‍ പണിയാണ്. അതിനാണെങ്കില്‍ വീട്ടില്‍ വിലക്കും. എന്നാല്‍ സ്വന്തം ചിലവുകള്‍ക്കുള്ളത് എന്തെങ്കിലും തന്നു കൂടെ... അതു പറയുമ്പോഴാണ് കൂടുതല്‍ പ്രശ്‌നം. നിങ്ങള്‍ക്ക് എന്താണ് ചിലവ്. നേരാനേരം ഭക്ഷണം ഇവിടെ കഴിക്കുന്നില്ലേ... ആവശ്യത്തിന് വസ്ത്രങ്ങള്‍ എടുത്തുതരുന്നില്ലേ... മരുന്നുകള്‍... എല്ലാം... എല്ലാം... എല്ലാം... ഇനി എന്തിനാണ് നിങ്ങള്‍ക്ക് പണം.
ഓരോ പാര്‍ട്‌സിന്റെയും ബില്ലുകള്‍ ക്രമത്തില്‍ അടുക്കിവെച്ച് ഒരു വെള്ളപേപ്പറില്‍ നിരനിരയായി എഴുതി. അതെല്ലാം കൂട്ടി അതിനുതാഴെ കൊണ്ടു പോയ സംഖ്യകൂടി എഴുതി കിഴിച്ച് ബാക്കി എത്രയാണെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് അവളുടെ മുന്നില്‍ വെച്ചപ്പോള്‍ അവളുടെ കൂര്‍ത്ത മിഴികള്‍ ആ ബില്ലുകളേയും സാധനങ്ങളേയും പരതിപ്പരതി നിന്നു. പിന്നെ എത്ര നോക്കിയിട്ടും ശരിയാകാത്തപോലെ ഒരു ചോദ്യം.
'ഇതെല്ലാം വെറും തുണ്ടുപേപ്പറുകളാണല്ലോ... ഇതിലേതാണ് ബില്ല്...' അവളുടെ സംശയകണ്ണുകള്‍ ആ സ്ലിപ്പുകളില്‍ ഉടക്കി നിന്നു. ഒപ്പം അതൃപ്തിയുടെ കുന്തമുനകൊണ്ട് അയാളെയും തോണ്ടി.
'അതേ... ഒറിജിനല്‍ ബില്ലു വാങ്ങിയാല്‍ എത്രയാ ജി എസ് ടി കൊടുക്കേണ്ടി വരികെന്നറിയോ... പാര്‍ട്‌സുകള്‍ക്കും സേവനത്തിനും പതിനെട്ടു ശതമാനം കൂടി ചേര്‍ത്താല്‍ എത്രയാ വര്വാന്ന് അറിയോ?' അയാളുടെ ന്യായീകരണം അവള്‍ ശ്രദ്ധിച്ചില്ല.

'അതല്ല. ഇതൊക്കെ നമ്മുടെ വണ്ടിക്ക് വാങ്ങിയതുതന്നെയാണോന്ന്... അതോ എന്നെ പറ്റിക്കാന്‍ നോക്കുകയാണോ.' അവളുടെ നോട്ടത്തിന് പരുഷത തോന്നി. നെഞ്ചില്‍ കുത്തിയിറക്കിയ കാരിരുമ്പിന്റെ ആണിപ്പോലെ വേദനിച്ചു. ജീവിതത്തില്‍ ഇത്രയും നിസ്സഹായമായ അവസ്ഥ ഉണ്ടായിട്ടില്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞു.
'എന്താ സുമൂ, നിനക്കെന്നെ വിശ്വാസമില്ലാതായോ.' അയാള്‍ക്ക് നൊമ്പരം താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. ഇത്രയും കാലം ഒന്നായി ജീവിച്ചിട്ട്, മകന്‍ കാര്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ സ്വന്തം ഭാര്യയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹത്തില്‍ അയാള്‍ക്കു മനം മടുത്തു. ഹൃദയത്തില്‍ ആ വേദന കിടന്നു കുറുകിക്കുറുകി നീറി പടര്‍ന്നു.
'നിങ്ങള്‍ക്കിപ്പം കള്ളത്തരങ്ങള്‍ അല്പം കൂടുതലാ...' അവള്‍ ആവര്‍ത്തിച്ചു. വിശ്വാസമില്ലായ്മയുടെ അലോസരങ്ങള്‍ ഒരിക്കല്‍കൂടി അവള്‍ പ്രകടമാക്കി. അവളും തന്നെ കയ്യൊഴിഞ്ഞുക്കൊണ്ടിരിക്കുന്നതായി അയാള്‍ മനസ്സിലാക്കി.

'ഞാനെന്ത് അനാമത്ത് ചെലവുകളാണ് ഇവിടെ ഉണ്ടാക്കുന്നത്. ഈ വീട് പണിതുയര്‍ത്തിയത് എന്റെ അദ്ധ്വാനം കൊണ്ടായിരുന്നില്ലേ... തരിശുപടവിലെ കോള്‍നിലവും ഞാനീവളയം പിടിച്ചുണ്ടാക്കിയതല്ലേ... പുതിയ കാറ് വാങ്ങിയപ്പോള്‍ ഞാനെന്റെ പഴയ ടാക്‌സികാറ് വിറ്റു. അതു വില്ക്കാന്‍ നിങ്ങള്‍ രണ്ടുപേരും നിര്‍ബന്ധിച്ചു. വഴിയില്‍ ഇടയ്ക്കിടെ നിന്നു പോകുന്ന ആ കാറ് മാറ്റി പുതിയത് ഓടിക്കാലോന്ന് ഞാനും കരുതി. അതാ ഇപ്പം അബദ്ധായത്. ഒന്ന് വാടകക്ക് ഓടാന്‍കൂടി പറ്റാണ്ടായി. എന്റെ തൊഴില്‍ അതോടെ എനിക്ക് ഇല്ലാതായി. എന്റേതായ ചിലവുകള്‍ക്കെങ്കിലും കിട്ടിയിരുന്ന എന്റെ വരുമാനം നിലച്ചു. ഞാനിപ്പം നിന്റേയും മകന്റേയും ഡ്രൈവര്‍. ഭക്ഷണം മാത്രം കൂലി ലഭിക്കുന്ന ഒരു കാവലാള്‍. മകന്‍ നല്ലൊരു അല്‍സേഷ്യന്‍ നായയെ വാങ്ങി കൂട്ടിലിട്ടിട്ടുണ്ടല്ലോ... വീട്ടുകാവലിന് അവന്‍ പോരെ...
പുതിയ വണ്ടി വാങ്ങിയപ്പോള്‍ ടാക്‌സിപെര്‍മിറ്റ് കൂടി ഞാന്‍ വാങ്ങിയതായിരുന്നു. അത് മകന്‍ പറഞ്ഞ് വേണ്ടെന്ന് വെപ്പിച്ചു. അതില്‍ യാത്ര അവന് കുറച്ചിലാണത്രേ... മരുമകന്‍ ടാക്‌സി കാറില്‍ വീട്ടിലേക്കു വരുന്നത് അവന്റെ അമ്മാനച്ഛന് കുറച്ചിലാണത്രേ... ഇത്രയും കാലം ഈ വീടുപോറ്റിയത് എന്റെ ടാക്‌സികാറിന്റെ മഹത്വം കൊണ്ടായിരുന്നില്ലേ... അന്നൊന്നും ഇല്ലാത്ത അഭിമാനബോധം ഇപ്പോഴെവിടെ നിന്നു വന്നു. അതൊക്കെ മറക്കാന്‍ പറ്റ്വോ... പുതിയ വണ്ടിക്ക് മുതല്‍ മുടക്കിയത് അവനാണല്ലോ... ഈ ജീവിതം തീരുവോളം ആരേം ആശ്രയിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കുള്ള തുകയെങ്കിലും ഉണ്ടാക്കണമെന്നുണ്ടായിരുന്നു. അതാണിപ്പോള്‍ ഇല്ലാതായത്. ഇനിയിപ്പോള്‍ അവനെ അനുസരിക്കാതെ നിവൃത്തിയില്ലല്ലോ... അവനാണല്ലോ ഇപ്പോള്‍ എല്ലാം നോക്കി നടത്തുന്നത്.'
'നിങ്ങളിനി ഒരിടത്ത് അടങ്ങിയൊതുങ്ങിയിരുന്നാല്‍ മതി. സമയാസമയം ഭക്ഷണത്തിന് പഞ്ഞമൊന്നും ഇല്ലല്ലോ... പിന്നെ കൂട്ടുകൂടി പണം ചിലവാക്കാനും വെള്ളമടിക്കാനൊന്നും ഞങ്ങള് പണം തരില്ല. ഇത്രയും കാലം നിങ്ങളുടെ ഇഷ്ടത്തിന് നടന്നില്ലെ... ഇനി അതെല്ലാം മറന്നേക്ക്. ഇപ്പഴ് വീടുനോക്കുന്നത് മകനാണ്. അവനെ അനുസരിക്കുക. അവന്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും സ്‌പെഷലായി വേണമെന്നുണ്ടെങ്കില്‍ അവന് ബോധ്യപ്പെട്ടാല്‍ അവന്‍ വാങ്ങിത്തരും. അങ്ങനൊക്കെ കഴിഞ്ഞാല്‍ മതി.'

അയാള്‍ വണ്ടിയുടെ തകരാറുകള്‍ തീര്‍ത്തതിന്റെ കണക്കുകള്‍ ഭാര്യക്കുമുന്നില്‍ നിരത്തി. മകനുവേണ്ടി ആ കര്‍ത്തവ്യം അനുഷ്ഠിക്കുന്നത് അവളാണ്. വീട്ടുചിലവുകള്‍... പാടത്തെ കൃഷിപ്പണികള്‍ക്ക് വേണ്ടതായ ചിലവുകള്‍... ഒന്നും അയാളെ ഏല്പിക്കാറില്ല. എല്ലാം മകനുവേണ്ടി അയാളുടെ ഭാര്യ ഏറ്റെടുത്തു. വണ്ടിയുടെ കാര്യത്തിലെങ്കിലും തന്നെ ഏല്പിക്കുമെന്ന് അയാള്‍ ആഗ്രഹിച്ചു. അതിലും അവളുടെ കണ്ണ് ശക്തമായിരുന്നു. അവള്‍ക്ക് തന്നോട് ഒരു ദയയുമില്ലാതായല്ലോ... അയാളുടെ ഹൃദയം നെഞ്ചിന്‍കൂടിനകത്ത് കിടന്ന് പിടച്ചു. ചിലവുകള്‍ കഴിച്ച് ബാക്കി വന്ന തുകയെല്ലാം അവളെ ഏല്‍പ്പിച്ച് അയാള്‍ തനിക്കുള്ള മുറിയിലേക്ക് നടന്നു. അതില്‍ നിന്നും കുറച്ചു സംഖ്യയെങ്കിലും അയാള്‍ക്ക് വേണമെന്നുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോള്‍ ഒരു ചായ കുടിക്കാന്‍... കൂട്ടുകാരോടൊത്തുചേരുമ്പോള്‍ ഒരു പെഗ്ഗ് കഴിക്കാന്‍... അങ്ങനെയങ്ങനെ ചെറിയചെറിയ കുറച്ചു സ്വപ്നങ്ങള്‍... എപ്പോഴും കൂട്ടുകാരുടെ സൗജന്യം കൈപ്പറ്റുന്നത് എങ്ങനെ? ഇടക്കെങ്കിലും അവര്‍ക്ക് അങ്ങോട്ടും എന്തെങ്കിലും വാങ്ങികൊടുക്കണ്ടേ... ഇപ്പോള്‍ തന്നെ തനിക്ക് പിശുക്കാണെന്ന് അവര്‍ പറഞ്ഞു തുടങ്ങി. അതും നാട്ടിലെ സമ്പന്നമായ കുടുംബത്തിലെ തന്നെപ്പറ്റി. അയാള്‍ നിരാശയോടെ അതെല്ലാം ഓര്‍ത്തു. അതിനൊന്നും ഇനി പരിഹാരമില്ലെന്നും അയാളറിഞ്ഞു.

അയാളോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. താനും തന്റെ അച്ഛന് എന്തെല്ലാം സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട്. കൂടപ്പിറപ്പുകള്‍ക്ക് ആര്‍ക്കെങ്കിലും എന്തെങ്കിലും നല്‍കിയിട്ടുണ്ടോ...
ഓര്‍മ്മകളില്‍ ഒന്നും തെളിച്ചമുള്ളതായി തോന്നിയില്ല. നല്ലത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലല്ലേ നല്ല തിളക്കമുള്ള ഓര്‍മ്മകളുണ്ടാവൂ. ഒന്നുമാത്രം എപ്പോഴും ഉണര്‍ന്നു നില്‍ക്കും. വളരെ തിരക്കിട്ടു നടന്ന തന്റെ വിവാഹം. അതൊരിക്കലും മറക്കാനാവാത്തവിധം നാടകീയമായിരുന്നു.

വീട്ടില്‍ തനിക്ക് വിവാഹാലേചനകള്‍ നടക്കുന്ന സമയം. മുംബൈയിലെ ജോലി മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ നാളുകളായിരുന്നു. നാട്ടില്‍ ജോലിയൊന്നും ഇല്ല. ഡ്രൈവര്‍ പണിക്ക് കുറേ അന്വേഷിച്ചു നടന്നു. അവസാനം വട്ടിപ്പണക്കാരന്‍ കൗണ്ടറുടെ കാറില്‍ രാത്രി ഓട്ടം ഓടാന്‍ അവസരം കിട്ടി. പകല്‍ അയാളുടെ പ്രധാന ഡ്രൈവറാണ് ഓട്ടം പോവുക. പേരിന് ഒരു പണി അങ്ങനെ കിട്ടി. പലപ്പോഴും രാത്രിയില്‍ ടാക്‌സിപേട്ടയില്‍ വണ്ടിക്കകത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങി. വിവാഹാലോചനകളുമായി വരുന്നവരോട് ബ്രോക്കര്‍ മമ്മദ് പറയും.
'ചെക്കന്‍ ഡ്രൈവറാ, ചന്തയിലെ പേട്ടയിലാ ടാക്‌സി ഓട്ടിക്കുന്നേ...' അത് കേള്‍ക്കുമ്പോള്‍ ഒന്ന് മനസ്സ് ചൂളും. ആരുടെയെങ്കിലും ഒരു കാറില്‍ പകല്‍ ഡ്രൈവറായി ജോലി ചെയ്യുന്നത് സ്വപ്നം കാണും. മുംബൈയിലെ ജെംസ് റെസ്റ്റോറന്റിലെ സപ്ലൈയര്‍ ആയിരുന്നു. ഒഴിവുസമയങ്ങളില്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോകും. പിന്നെ അവിടത്തെ പേട്ടയിലെ പകരക്കാരനായി. ആരെങ്കിലും ഒരാള്‍ക്ക് ലീവ് ആവശ്യമാകുമ്പോള്‍ അയാള്‍ക്ക് പകരം വണ്ടി ഓടിക്കാന്‍ പോകും. ഹോട്ടല്‍ പണിയില്‍ നിന്നും ഡ്രൈവറിലേക്കുള്ള പരിണാമം അങ്ങനെയാണ് നടന്നത്.
നാട്ടില്‍ വന്നു നിന്നപ്പോള്‍ വീട്ടുകാര്‍ വിവാഹാലോചനകള്‍ നടത്താന്‍ തുടങ്ങി. മമ്മദ് ഓരോ തലക്കുറികളുമായി നിത്യവും വരും. വീട്ടുകാര്‍ അതിലൊന്ന് തിരഞ്ഞെടുക്കും. പിന്നെ നിര്‍ബന്ധിക്കലാണ് പെണ്ണുകാണാന്‍ പോകുന്നതിന്. നാട്ടില്‍ ഒരാളോട് പ്രണയമുണ്ടെന്ന് പറയാന്‍ മടി കാരണം വിമ്മിഷ്ടപ്പെട്ടു നടക്കുകയായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയമാണ്. മദ്രാസിലേക്ക് ജോലി തേടി പോയപ്പോഴും ആ പ്രണയമങ്ങനെ കിടന്നു. പിന്നെ മുംബൈയിലെത്തിയപ്പോഴും കത്തുകളിലൂടെ അത് വളര്‍ന്നു.

വിവാഹാലോചനകള്‍ തുടരെത്തുടരെ വരാന്‍ തുടങ്ങിയപ്പോള്‍ സുമിത്രയാണ് അതിന് പരിഹാരം കണ്ടെത്തിയത്. അവള്‍ അവളുടെ വീട്ടില്‍ ബഹളം വെക്കാന്‍ തുടങ്ങി. ബഹളം കേട്ട് ആദ്യം അയല്‍ക്കാര്‍ ഓടിക്കൂടി. വന്നവരെല്ലാം മൂക്കത്ത് വിരല്‍ വെച്ച് നിന്നു. അവളുടെ അച്ഛന്‍ അവളെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു.
'എന്റെ സുമീ, നമുക്ക് അവന്റെ വീട്ടുകാരെ വിളിച്ചു വരുത്തി സംസാരിക്കാം.'

'ഇല്ല. അതൊന്നും പറ്റില്ല. എനിക്ക് ഇന്ന് തന്നെ വിവാഹം നടത്തിത്തരണം.' അവള്‍ പിടിച്ച പിടിയാലെ വാശിയോടെ നിലവിളിച്ചു. അവള്‍ കരയുന്നതിനിടെ വിളിച്ചു പറഞ്ഞു. 'ഇന്നുതന്നെ വിവാഹം നടന്നില്ലെങ്കില്‍ അവന്‍ ആത്മഹത്യ ചെയ്യും.' അതുകേട്ട് ആളുകള്‍ ചിരിച്ചു. അച്ഛന്‍ വീണ്ടും സമാധാനശ്രമങ്ങള്‍ തുടര്‍ന്നു.
'നമുക്കവനെ ഇവിടെ വിളിച്ചു വരുത്താം. അവനോടു കൂടി ആലോചിച്ച് നമുക്ക് തീരുമാനമെടുക്കാം.'

'ഇല്ല. അതൊന്നും പറ്റൂല. ഞങ്ങള്‍ടെ വിവാഹം ഈ നിമിഷം നടത്തിത്തരണം. അല്ലെങ്കില്‍ അവന്‍ ആത്മഹത്യ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ ഞാനുംണ്ടാവില്ല.' അവള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അമ്മയും അച്ഛനും സമാധാനിപ്പിക്കാനാവാതെ കുഴങ്ങി. ഏകമകളുടെ ഇഷ്ടങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ അച്ഛനുമമ്മയും എപ്പോഴും മുന്നില്‍ തന്നെയായിരുന്നു. എന്നാല്‍ അങ്ങനെയല്ലല്ലോ വിവാഹകാര്യം. അവളുടെ ബാലിശമായ വാശിയും ബഹളവും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം നേരമ്പോക്കായി മാറി.
'ഇന്നോ... ഇന്ന് ഞായറാഴ്ചയല്ലേ... നാളെയാവട്ടെ നമുക്ക് രജിസ്റ്ററാഫീസില്‍ പോയി വിവാഹം രേഖയാക്കാം.' അച്ഛന്‍ വീണ്ടും സമാധാനം കണ്ടെത്താന്‍ ശ്രമിച്ചു. അതിലൊന്നും അവള്‍ സമാധാനം കണ്ടെത്തിയില്ല. അവള്‍ ബഹളം കൂട്ടിക്കൊണ്ടേയിരുന്നു.
'നാളെയൊന്നും പറ്റൂല. എനിക്കിപ്പോ തന്നെ കല്ല്യാണം നടത്തിത്തരണം.' അവള്‍ നെഞ്ചത്തലച്ച് കരയാന്‍ തുടങ്ങി.
'അതെങ്ങനെ...'

അച്ഛന് വെപ്രാളമായി. അങ്ങേര്‍ക്ക് ഒരു ബുദ്ധിയും തെളിഞ്ഞുവന്നില്ല. അവള്‍ വീണ്ടും നിലവിളിക്കാന്‍ തുടങ്ങി. അച്ഛന്‍ വീണ്ടും അവളോട് യാചിച്ചു.
'ഇന്നുതന്നെ എങ്ങന്യാ മോളേ... ആരേയെങ്കിലുമൊക്കെ അറിയിക്കാനും മറ്റും അല്പം സാവകാശം വേണ്ടേ...'
'ആരെയൊന്നും അറിയിക്കൊന്നും വേണ്ട. അതിനൊന്നും നേരംല്ല്യ. ഇപ്പോള്‍ തന്നെ അമ്പലത്തില്‍ പോയി എനിക്ക് മാലയിടണം.'
'ശരി... ശരി... നീയൊന്ന് ബഹളം വെക്കാതിരിയ്ക്ക്. നാട്ടുകാര് കളിയാക്കി ചിരിക്കുന്നതുകാണുന്നില്ലേ...'
'അവര് എന്തുവേണമെങ്കിലും ആയിക്കോട്ടെ... എനിക്കിപ്പം തന്നെ കല്ല്യാണം വേണം.' അവള്‍ വാശി തുടര്‍ന്നു.
'ശരി... ശരി... ഇപ്പോ തന്നെ അവന് ആളെ വിടാം. അവരുടെ വീട്ടുകാരോടും വരാന്‍ പറയാം. എന്നിട്ട് ഏതെങ്കിലും അമ്പലത്തില്‍ പോയി മാലയിടാം.' അതുകേട്ട് സുമിത്ര ശബ്ദം താഴ്ത്തി. അപ്പോഴേക്കും ചെക്കനെ വിളിച്ചു കൊണ്ടു വരാന്‍ ആരൊക്കെയോ പോയിട്ടുണ്ടായിരുന്നു. നാട്ടുകാര്‍ അടക്കം പറഞ്ഞു.
'ഒന്നേ ഉള്ളെങ്കില്‍ ഒലക്ക കൊണ്ടടിച്ചു വളര്‍ത്തണംന്നാ പ്രമാണം. വളര്‍ത്തു ദോഷം... അല്ലാതെന്താ പറയാ... അല്ലെങ്കില്‍ ഇങ്ങനെയുണ്ടാക്വോ പെണ്ണുങ്ങള്. കൂടുതല്‍ ഓമനിച്ചതിന്റെ ദോഷം അല്ലാതെന്താ ഇതിനൊക്കെ ഇപ്പം പറയ്വാ...'

ചെക്കനെ അയല്‍ക്കാര് വിളിച്ചോട്ടു വന്നു. കൂടെ ചെക്കന്റെ അച്ഛനും ആള്‍ക്കാരും. പടിഞ്ഞാറേതിലെ രമേശന്‍ രണ്ടു ടാക്‌സി കാറുകള്‍ വിളിച്ചുകൊണ്ടുവന്നു. ചെക്കനും പെണ്ണും അവരുടെ അച്ഛന്മാരും ഒരു കാറില്‍ കയറി. മറ്റു സുഹൃത്തുക്കള്‍ രണ്ടാമത്തെ കാറില്‍ കയറി. രണ്ടു വീട്ടുകാരും ചേര്‍ന്ന് തിരുവുള്ളക്കാവിലെ ക്ഷേത്രത്തില്‍ പോയി മാലയിട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്, സുമിത്രയുടെ ബഹളം അന്ന് ശമിച്ചത്.

ആ സംഭവം കാരണം കുറച്ചുകാലത്തേക്ക് നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ അയാള്‍ക്ക് മടിയായിരുന്നു. നാട്ടുകാര് അതെല്ലാം മറന്നുപോയപ്പോഴും മനസ്സില്‍ അത് മായാതെ കിടന്നു. എപ്പോഴും പുറകോട്ട് ചിന്തിക്കുമ്പോള്‍ ഓടിയെത്തുന്ന ഓര്‍മ്മയായി അത് മാറി. അയാളുടെ ചിന്തകള്‍ വീണ്ടും മുറുകി. സ്വന്തം കാര്യം മാത്രം നോക്കി നടന്നതിന്റെ ശിക്ഷയായിരിക്കും. അതല്ലാതെ തരമില്ല. അനുഭവിക്കുകതന്നെ. ഹൈസ്‌കൂള്‍ കഴിഞ്ഞ് കുറേ കാലം തെണ്ടി നടന്നു. പിന്നെ വീട് വിട്ട് മഹാനഗരത്തിലേക്ക് ചേക്കേറി. അവിടെ പണിയെടുത്തതെല്ലാം സുന്ദരമായി ചിലവഴിച്ച് സന്തോഷത്തോടെ നടന്നു. ഇടയ്ക്കിടെ ഓരോ കത്തയക്കുമെന്നല്ലാതെ ഒരു സംഖ്യയും അച്ഛനായി അയച്ചില്ല. ഒരു തുകയും അമ്മയുടെ കയ്യില്‍ കൊടുത്തില്ല. വീട്ടിലാര്‍ക്കും ഒരു ചില്ലിക്കാശിന്റെ സഹായം നല്‍കിയില്ല. വിവാഹവും ചിലവൊന്നും വരുത്താതെ നടന്നു. അപ്പോഴും ആര്‍ക്കും ഒരില ചോറുകൊടുക്കാന്‍ പോലും പണം ചിലവായില്ല. സുമിത്രയുടെ വീട്ടുകാര്‍ എല്ലാവരേയും വിളിച്ച് ഒരു പാര്‍ട്ടി നടത്തി.

അതെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ മുന്നില്‍ വന്നു നില്‍ക്കുന്നു. അന്നെല്ലാം അവള്‍ക്ക് എന്തൊരു സ്‌നഹമായിരുന്നു. മറ്റു മക്കളൊന്നുമില്ലാത്തതിനാല്‍ അവളോടൊത്ത് അവളുടെ വീട്ടില്‍ത്തന്നെയായിരുന്നു വാസവും. ഡ്രൈവര്‍ ജോലി തേടി നടന്ന അയാള്‍ക്ക് അവളുടെ അച്ഛന്‍ ഒരു പഴയ ടാക്‌സി കാറ് വാങ്ങിക്കൊടുത്തു. അതോടെ അതിന്റെ ഡ്രൈവറും മുതലാളിയും ആയി ജീവിതം കുറേ ഓടി നടന്നു. അതിനിടെ തരിശുപടവിലെ കോള്‍പാടത്ത് പത്തു പറയ്ക്ക് നിലം വാങ്ങി. പിന്നെ വീട് പുതുക്കി പണിതു. മകന്റെ പഠനം നടത്താന്‍ ആവശ്യമായതെല്ലാം നടത്തി. ബിടെക് കഴിഞ്ഞ് വിദേശത്തുപോയി നല്ല വരുമാനമുള്ള ജോലി നേടി. ആവശ്യമുള്ള വരുമാനമുണ്ടാക്കി നാട്ടിലെത്തി വിവാഹം കഴിച്ചു. ഇപ്പോള്‍ അവനും കുടുംബവും നാട്ടിലും വിദേശത്തുമായി ഓരോ ആറുമാസവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അച്ഛന്റെ നാട്ടിലെ പെരുമാറ്റങ്ങളില്‍ അനിഷ്ടം തോന്നിയ മകന്‍ എല്ലാം അമ്മ വഴി നിയന്ത്രിക്കുന്നു. അത് അയാളുടെ സ്വതന്ത്രമായ വിഹാരത്തിന് തടസ്സമായി മാറിയിരിക്കുന്നു. വാര്‍ദ്ധക്യം കൂടി വഴി തടയാന്‍ തുടങ്ങിയതോടെ അയാള്‍ തീര്‍ത്തും മാനസികമായി അവശനായിക്കഴിഞ്ഞിരുന്നു. സ്വന്തം ഭാര്യപോലും ഒപ്പമില്ലെന്ന അറിവ് അയാളെ വിട്ടില്‍ അന്യനാക്കിത്തീര്‍ത്തു.

രാത്രി ഒരു പോള അയാള്‍ക്ക് കണ്ണടക്കാനായില്ല. ചിന്തകള്‍ക്ക് കനംവെച്ച് തല പെരുത്തുകയറി വന്നു. ഒരു കാവലാളായി ഇനിയും എത്രനാള്‍ ഇവിടെ കഴിയണം. ഇഷ്ടത്തിനനുസരിച്ച് ഒരു ചായ കുടിക്കാന്‍ വരെ ആശ്രയിക്കേണ്ടി വരുന്ന ജീവിതത്തോട് വിരക്തി തോന്നി. അയാള്‍ എണീറ്റ് മുഖം കഴുകി. ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു. ഇരുട്ട് അപ്പോഴും കനംവെച്ചു കിടക്കുകയായിരുന്നു. ഒച്ചയുണ്ടാക്കാതെ വാതില്‍ തുറന്ന് പുറത്തു കടന്നു. സ്വാതന്ത്ര്യത്തിന്റെ പുലരി തേടി അയാള്‍ കനച്ചു കിടന്ന ഇരുട്ടിലേക്കിറങ്ങി നടന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ