ഭാഗം 9
നിറഞ്ഞ മനസ്സോടെയാണ് ദേവദത്തൻ റൂമിലേക്ക് തിരികെ പോന്നത് അപ്പോഴും നടന്നതൊക്കെ വിശ്വസിക്കാൻ മനസ്സ് പാകപ്പെടാത്തത് പോലെ തോന്നി അവന്. അന്ന് വിട പറഞ്ഞു പോകുമ്പോൾ യാമി പറഞ്ഞ വാക്കുകൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
"ദേവേട്ടൻ എന്നെ കാണണമെന്ന് അതിയായി ആഗ്രഹിക്കുമ്പോൾ, ഞാൻ ഉണ്ടാകും ദേവേട്ടനരികിൽ.."
വീണ്ടും വീണ്ടും ആ വാചകം ആരോ ഉറക്കെ വിളിച്ചു പറയുന്നതുപോലെ തോന്നി അവന്. അതെ താൻ യാമിയെ ഏറെ കാണാൻ ആഗ്രഹിച്ച ദിവസങ്ങളാണ് കുറച്ചു മുന്നേ കടന്നുപോയത്. അവളെ കാണാതെ ഒരു നിമിഷം പോലും കഴിയാൻ ആകില്ലെന്ന അവസ്ഥ വരെ എത്തി.!! ഒട്ടും പ്രതീക്ഷിക്കാതെയാണ് യാമിയുടെ വരവ്.!! അതും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്. കഴിഞ്ഞുപോയത് സ്വപ്നമാണോ എന്നുപോലും കരുതിപ്പോയി ദേവൻ. ലാപ്ടോപ്പിൽ പകുതി തീർത്ത വർക്ക് വീണ്ടും എടുത്തു നോക്കി അവൻ. അല്ല സത്യം തന്നെയാണ്.. വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചി വന്നു വിളിച്ചതും താഴേക്ക് പോയത്. യാമിയുടെ ഓരോ വാക്കുകളും വീണ്ടും വീണ്ടും മനസ്സിൽ ഓർത്തെടുത്തു ദേവൻ.
യാത്രയിൽ ഉടനീളം നമി മുല്ലശ്ശേരിക്കാരെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നുണ്ട്. അമ്മയും അവരാരും തങ്ങളെ മറന്നിട്ടില്ല എന്നതായിരുന്നു ഏറെ സന്തോഷം. ഒരാള് മാത്രം തന്നെ ഒരിക്കലും മറക്കില്ലെന്ന പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു യാമിക്ക്. തൻ്റെ സ്വന്തം ദേവേട്ടന്. മറ്റാരു മറന്നാലും ദേവേട്ടനു തന്നെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് വിശ്വാസമുണ്ടായിരുന്നു അവൾക്ക്. ദേവൻ്റെ ഓർമ്മയിൽ കണ്ണുകൾ ചേർത്ത് അടച്ച് പതിയെ ബാക്ക് സീറ്റിലേക്ക് ചാരിയിരുന്നു യാമിക.അവൻ്റെ ഓരോ ചുംബനങ്ങളും തന്നിൽ നിറഞ്ഞു നിന്നു.ദേവൻ്റെ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം തൻ്റെ വസ്ത്രങ്ങളിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞു യാമി. അമ്മയുടെ മാമൻ്റെ വീട്ടിലെത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ഇരുട്ടിന് കനം വെച്ച് തുടങ്ങിയിരുന്നു. അവരെ കാത്ത് ഇരുന്നിരുന്നു മാമനും വീട്ടുക്കാരും. വർഷങ്ങൾക്കുശേഷമാണ് അനന്തരവളുടെ വരവ് അതുകൊണ്ടുതന്നെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കുളി കഴിഞ്ഞ് വേഷം മാറി ആഹാരം കഴിച്ചു എല്ലാവരും.അമ്മാവനും അമ്മായിയും ഒരു ജോലിക്കാരിയും മാത്രമായിരുന്നു ആ വലിയ വീട്ടിൽ താമസിക്കുന്നത്.ആഹാരം കഴിഞ്ഞ്,വിശേഷങ്ങൾ ചോദിച്ചറിയുകയും മറ്റുമായി മുതിർന്നവരുടെ സംസാരം നീണ്ടു പോയി. കാലത്തെ മുതലുള്ള യാത്രയായതുകൊണ്ട് തന്നെ യാമിക്കും നമിക്കും ഉറക്കം വന്നു തുടങ്ങിയിരുന്നു. അവരുടെ മുഖം കണ്ടപ്പോൾ തന്നെ അച്ഛന് കാര്യം മനസിലായി.
"യമുന കിടക്കാൻ നോക്കാം. നാളെ നേരത്തെ ക്ഷേത്രത്തിൽ പോയി തൊഴാൻ ഉള്ളതല്ലേ? മാത്രമല്ല യാത്ര ചെയ്തിട്ട് വല്ലാത്ത ക്ഷീണം."
അച്ഛൻ പറഞ്ഞപ്പോൾ അമ്മ അമ്മായിയെ നോക്കി.
"മോളെ ചെല്ല് മുകളിലെ റൂം ഒരുക്കിയിട്ടുണ്ട്. മക്കൾ വരുമ്പോൾ മാത്രമാണ് അവിടെയൊക്കെ ഉപയോഗിക്കുക പതിവ്. ഇപ്പോൾ ഞാനും മാമനും ഒറ്റയ്ക്കായില്ലേ എല്ലാവരും അവരുടെതായ കാര്യങ്ങൾ നോക്കി പോയി. കുറ്റം പറയാൻ കഴിയില്ല മക്കളെ വലിയ വലിയ പഠിപ്പ് ഒക്കെ പഠിപ്പിക്കുമ്പോൾ വയസ്സുകാലത്ത് നമ്മളെ നോക്കാൻ ആരും കാണില്ല. അവർക്ക് നമ്മുടെ നാട്ടിലുള്ള ജോലി ഒന്നും പിടിക്കുകയുമില്ലല്ലോ.. എന്ത് ചെയ്യാനാണ് ഇങ്ങനെ പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കുക തന്നെ."
അമ്മായിയുടെ വാക്കുകളിൽ മക്കൾ അടുത്ത് ഇല്ലാത്തതിന്റെ ദുഃഖം നന്നായി നിഴലിച്ചു കാണുന്നുണ്ടായിരുന്നു.
"പോയി കിടക്കൂ മക്കളെ...മുകളിൽ രണ്ട് മുറികൾ ഉണ്ട്.എല്ലാം വൃത്തിയാക്കി ഇട്ടിടുണ്ട്.പോയി കിടന്നോ.." അമ്മായി മക്കളെ നോക്കി പറഞ്ഞു.
കേൾക്കേണ്ട താമസം രണ്ടുപേരും എഴുനേറ്റു.പിന്നാലെ അച്ഛനും.അമ്മ പിന്നെയും അവിടെ തന്നെ സംസാരിച്ചിരുന്നു. നമി കിടന്നപ്പോൾ തന്നെ ഉറങ്ങി.അവള് ഉറങ്ങുന്നത് കാത്തിരുന്നു യാമി. ദേവന് മെസ്സേജ് അയക്കാൻ വേണ്ടി. പതിയെ ഫോൺ എടുത്തു ദേവൻ്റെ നമ്പറിൽ മെസ്സേജ് അയച്ചു അവള്.ഓൺലൈൻ ദേവൻ ഇല്ലായിരുന്നു.നിരാശയോടെ യാമി ഫോൺ സൈലൻ്റ് ആക്കി എടുത്തു വെച്ചു.
ഈ സമയം മുല്ലശ്ശേരി വീട്ടിൽ ശ്രീകല വിളിച്ച് സംസാരിക്കുകയായിരുന്നു. എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ട്.ഫോൺ വെച്ച് അച്ചാച്ചൻ സെറ്റിയിൽ ഇരുന്നു.
"കല പറയുന്നത് വരദ മോൾക്ക് തൃശ്ശൂരിൽ നിന്നും വന്ന ആലോചനയുടെ കാര്യം പറയാനാണ്. അവർക്ക് താൽപര്യം ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു എന്ന്.ദേവാ നിൻ്റെ ഫോണിൽ അമ്മായി ഡീറ്റെയിൽസ് അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കാര്യമായി അന്വേഷിക്കണം. നമ്മുടെ മോളുടെ ഭാവിയാണ്.അന്വേഷിച്ച് വിവരം പറയാം എന്ന് പറഞ്ഞിട്ടുണ്ട്.എന്നിട്ട് ബാക്കി കാര്യങ്ങൽ അവരോട് പറയാം."
അച്ചാച്ചൻ പറഞ്ഞപ്പോൾ ദേവൻ അന്വേഷിക്കുന്ന കാര്യം ഏറ്റു.
" ഞാൻ നാളെ തന്നെ ഏർപ്പാട് ചെയ്യാം.വേണമെങ്കിൽ നേരിട്ട് പോയി അന്വേഷിക്കാം.തൃശൂർ അല്ലേ അമ്മായി ഡീറ്റെയിൽസ് അയക്കട്ടെ. ഫോൺ റൂമിൽ ആണ്.നോക്കട്ടെ."
പറഞ്ഞു കൊണ്ട് ദേവൻ റൂമിലേക്ക് പോയി.ഫോൺ നോക്കിയപ്പോൾ തന്നെ അമ്മായി അയച്ച അഡ്രസ്സ് വന്ന് കിടക്കുന്നുണ്ട്.കൂടാതെ യാമിയുടെ മെസ്സേജും ആദ്യം യാമിയുടെ മെസ്സേജ് വായിച്ചു. എപ്പോഴാണ് അവിടെ എത്തിയതെന്നും ഗുഡ് നൈറ്റ് ഇമേജും. തിരിച്ചു ഗുഡ് നൈറ്റ്ആൻഡ് സ്വീറ്റ് ഡ്രീംസ് അയച്ചു ദേവൻ പുഞ്ചിരിയോടെ.
അമ്മായി അയച്ചുകൊടുത്ത അഡ്രസ്സ് വായിച്ചു ദേവൻ.
ഡോക്ടർ നിവേദ് കൃഷ്ണ. സൺ ഓഫ് കൃഷ്ണകുമാർ. അയ്യന്തോൾ പി ഓ. തൃശ്ശൂർ. ന്യൂറോ സ്പെഷലിസ്റ്റ് അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ.
"ഡോക്ടർ ആണോ? എന്തായാലും ഡോക്ടറും എഞ്ചിനീയറും ചേരുമോ? എന്തായാലും നോക്കാം."
സ്വയം പറഞ്ഞുകൊണ്ട് ഫോൺ എടുത്തു വെച്ചു ദേവൻ. യാമിയോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് ഓർത്ത് എപ്പോഴോ മയക്കത്തിലേക്ക് വഴുതിവീണു അവൻ.
കിഴക്കുവെള്ള കീറി വരുന്നതിനു മുൻപ് തന്നെ യമുന എഴുന്നേറ്റ് മക്കളെ വിളിച്ചുണർത്തി. ക്ഷേത്രത്തിലേക്ക് പോകാനുള്ളതുകൊണ്ട്. കുറച്ചുകാലങ്ങൾക്ക് ശേഷമാണ് ഗുരുവായൂരപ്പന്റെ നടയിലേക്ക് വീണ്ടും ഒരു പോക്ക്. അതിൻറെ ഉത്സാഹത്തിൽ ആയിരുന്നു യമുന. ഉറക്കച്ചടവോടെ നമി എഴുന്നേറ്റു. അപ്പോഴേക്കും കുളിക്കാൻ കയറിയിരുന്നു യാമി. എല്ലാവരും കുളിച്ചു വസ്ത്രം മാറി. അമ്മാവൻറെ വീട്ടിൽ നിന്ന് അധിക ദൂരമില്ല നടക്കാനുള്ള ദൂരമേ ഉള്ളൂ. അതുകൊണ്ടുതന്നെ നാലുപേരും നടന്നാണ് പോയത്. പവിത്രമായ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക്. ക്ഷേത്രത്തിനോട് അടുക്കുമ്പോൾ തന്നെ പരിസരം ആകെ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം നിറഞ്ഞു നിന്നിരുന്നു. മനസ്സിന് കുളിർമ പടർത്തുന്ന അന്തരീക്ഷം!!! നിശബ്ദത നിറഞ്ഞ അവിടുത്തെ കാറ്റ് പോലും കൃഷ്ണനാമം ഭജിക്കുന്നത് പോലെ തോന്നി യാമിക്ക്!! ഭഗവാൻ്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. നിശബ്ദതയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുറച്ച് സമയം അവിടെ ഇരുന്നു അവർ. നിർമാല്യത്തിനുള്ള സമയം ആവുന്നതേയുള്ളൂ. ഭഗവാൻറെ സന്നിധിയിൽ കുറച്ചുസമയം ഇരിക്കാൻ കഴിയുന്നത് വലിയ കാര്യമെന്നാണ് അമ്മ പറയുന്നത്. അതുപോലെ തന്നെയായിരുന്നു യാമിക്കും. ഇഷ്ട്ടദൈവങ്ങളിൽ പ്രിയമുള്ളയാൾ ഭഗവാൻ കൃഷ്ണൻ തന്നെയാണ്!!അതുകൊണ്ടുതന്നെ എത്ര അവിടെ ഇരുന്നാലും അത്രയും നല്ലതാണ് എന്ന ചിന്തയാണ് അവർക്ക്. അത്യാവശ്യം തിരക്കുണ്ട് നടയിൽ. മുന്നിൽ നിന്ന് തന്നെ തൊഴുതു അവർ. മനസ്സ് നിറഞ്ഞുകൊണ്ട് തന്നെ. വഴിപാടുകൾ എല്ലാം കഴിച്ചാണ് മടങ്ങിയത്. പാൽപ്പായസവും വാങ്ങി. ഗുരുവായൂര് പാൽപ്പായസം വലിയ ഇഷ്ടമാണ് രണ്ടുപേർക്കും. എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു. ദേവന്റെ മിസ്കോൾ കണ്ടുവെങ്കിലും യാമി തിരിച്ചു വിളിച്ചില്ല. നമി കൂടെയുള്ളതുകൊണ്ട്. ഉച്ചയൂണ് കഴിഞ്ഞു പോയാൽ മതിയെന്ന അമ്മാവൻറെ നിർബന്ധത്തിനു മുന്നിൽ വഴങ്ങേണ്ടിവന്നു അവർക്ക്. ഉച്ച ഭക്ഷണം കഴിഞ്ഞാണ് യമുനയും കുടുംബവും പുറപ്പെട്ടത്.
ദേവനും അന്ന് നല്ല തിരക്കിൽ തന്നെയായിരുന്നു.തിങ്കളാഴ്ച ആയതു കൊണ്ട് തന്നെ ഓഫീസിൽ ജോലി കൂടുതലായിരുന്നു.ഉച്ചയ്ക്ക് ശേഷം ഗോപുവിനെ കൂട്ടി തൃശ്ശൂർക്ക് പുറപ്പെട്ടു ദേവൻ. നിവേദ്കൃഷ്ണയെ കുറിച്ച് അന്വേഷിക്കാൻ. ഡോക്ടർ ആയതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നറിയാമായിരുന്നു അവന്. തൃശ്ശൂരിലെത്തി നേരെ ഹോസ്പിറ്റലിലേക്ക് ആണ് പോയത്. കാന്റീനിൽ നിന്ന് തന്നെ അന്വേഷണം ആദ്യം തുടങ്ങാം എന്ന് വിചാരിച്ചു ദേവൻ. ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് പോലെ ഇരുന്നു കൊണ്ട് സപ്ലൈസ്നോടാണ് ആദ്യം അന്വേഷിച്ചത്. പതിവായി ഭക്ഷണം കഴിക്കാൻ വരുന്ന ഡോക്ടറെ അവർക്ക് അറിയാതിരിക്കില്ലല്ലോ.. അവർക്ക് എല്ലാം വളരെ നല്ല അഭിപ്രായമാണ് ഡോക്ടറെ കുറിച്ച്. ഹോസ്പിറ്റലിലെ സെക്യൂരിറ്റിക്കാരനോട് നിവേദ് ഡോക്ടറെ കുറിച്ച് അന്വേഷിച്ചു ദേവൻ. കുറ്റമായി ആരും ഒന്നും പറഞ്ഞില്ല. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ഒപി ഉള്ളതുകൊണ്ട് അന്നത്തെ ദിവസം ഹോസ്പിറ്റലിൽ ഡോക്ടർ ഇല്ലായിരുന്നു. ഡോക്ടറെ കൂടി ഒന്ന് കാണാനുള്ള ദേവന്റെ ആഗ്രഹം അതോടെ അസ്തമിച്ചു. അന്വേഷണം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി ദേവനും ഗോപുവും.
(തുടരും)