mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 7

Read Full

ദേവൻ്റെ അധരത്തിൻ തണുപ്പിൽ മിഴികൾ കൂമ്പി അടച്ചു നിന്നു യാമി. അവളുടെ കവിളിൽ ഇരു കൈകളും കൊണ്ട് പിടിച്ച് കണ്ണുകളിലേക്ക് നോക്കി ദേവൻ.

"യാമീ..നിന്നെ പോകുന്ന വഴികളിൽ എല്ലാം തിരഞ്ഞു ഞാൻ..എന്തേ നീ ഇത്ര വൈകിയത്? ഇനിയും താമസിച്ചു പോയിരുന്നെങ്കിൽ...എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുമായിരുന്നു.. ഞാൻ ആഗ്രഹിക്കുന്ന നിമിഷം എൻ്റെ അടുത്ത്  എത്താമെന്ന് പറഞ്ഞു പോയിട്ട് ... നിനക്ക് എന്നെ കണ്ടുപിടിക്കാൻ വളരെ എളുപ്പമായിരുന്നിട്ടും....നീ..?"

അവൻ കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ അവളോട് ചോദിച്ചു. ദേവൻ എത്ര മാത്രം അവളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്ന് അവൻ്റെ കണ്ണുകൾ അവളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

"ദേവേട്ടാ... എനിക്ക് കണ്ടുപിടിക്കാമായിരുന്നു ഇന്നത്തെ സോഷ്യൽ മീഡിയ ഉപയോഗിച്ച്. പക്ഷേ അങ്ങനെ കണ്ടുപിടിച്ചിരുന്നെങ്കിൽ, ഇന്ന് ഞാൻ ആഗ്രഹിക്കുന്ന പ്രണയം ഈ കണ്ണുകളിൽ ഒരിക്കലും കാണാൻ സാധിക്കുമായിരുന്നില്ല!! ദേവേട്ടനിലുള്ള ഈ ലഹരിക്ക് ഇത്ര മധുരം ഉണ്ടായിരിക്കില്ല!! ഇപ്പോൾ ഒരു അവസരം കിട്ടി.. ഞാൻ വന്നത് കാവശ്ശേരിയിൽ നമ്മൾ പഠിച്ച സ്കൂളിൽ ജോയിൻ ചെയ്യാനാണ്. അടുത്തമാസം ഇൻറർവ്യൂവിന് ഹാജരാകണം. അതിനുമുമ്പ് ദേവേട്ടനെ കാണണമെന്ന് തോന്നി."

യാമി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി അവന്.

അപ്പോഴും അവൻ്റെ ഇരു കൈകളും അവളുടെ  കവിളിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.

"അതെയോ? നീ...ഇവിടെ..."

സന്തോഷംകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു ദേവൻ.

" ഡാ..."

കുളപടവിനു മുകളിൽ നിന്ന് ഗോപു വിളിച്ചപ്പോൾ, ഞെട്ടി പിന്മാറി ദേവനും യാമിയും.

" ഹൊ.. പ്രണയ ജോഡികൾ  ദീർഘകാലത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ പ്രണയം കൈമാറൽ ആയിരിക്കും..!! എല്ലാ നല്ലതുതന്നെ. എനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ, ഇപ്പോൾ രണ്ടിനെ അടിച്ചു പുറത്താക്കിയേനെ.."  

ചിരിച്ചുകൊണ്ട് പറഞ്ഞു പടികൾ ഇറങ്ങി വരുന്ന ഗോപുവിനെ കണ്ടു ചിരിച്ചു മാറിനിന്നു യാമി.

"എടോ തനിക്ക് ഒരു മാറ്റവും ഇല്ലല്ലോ? ഇപ്പോഴും പഴയതുപോലെതന്നെ."  

യാമിയെ അടി മുടി നോക്കിക്കൊണ്ട് പറഞ്ഞു ഗോപു. ചുരിദാറിന്റെ ഷോൾ പിടിച്ചു നേരെ ഇട്ടു യാമി.

"നിന്നെ ആരാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുക്കാൻ വിളിച്ചത്? എന്തിനും ഇടയിൽ കയറി വരും..."

അമർഷത്തോടെ ദേവൻ, ഗോപുവിനെ നോക്കി.

"അതു കൊള്ളാം.. എനിക്കറിയാമായിരുന്നു ഇവിടെ എന്തെങ്കിലും നടക്കുമെന്ന്. അതുകൊണ്ടാണ് ചാടി പുറപ്പെടാൻ നിന്ന ദേവൂട്ടിയെ അവിടെ പിടിച്ചിരുത്തി ഞാൻ ഇങ്ങോട്ട് ഓടി വന്നത്. എനിക്കിത് തന്നെ കിട്ടണം. ഇത് അവർ ആരെങ്കിലും കാണേണ്ടതായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച എന്നെ വേണം പറയാൻ."

ഗോപു പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി യാമി.

"അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇവൻ നല്ല മോങ്ങലും കരച്ചിലും ഒക്കെയായിരുന്നു മിനിഞ്ഞാന്ന് രാത്രി. യാമികയ്ക്ക് വല്ല ദിവ്യദൃഷ്ടിയും ഉണ്ടോ? ഇന്ന് തന്നെ ഇങ്ങോട്ടേക്ക് വരാൻ?"

ഗോപു ചിന്താവിഷ്ടനായി നിന്നുകൊണ്ട് ചോദിച്ചു

"എനിക്കറിയാം എന്റെ ദേവേട്ടൻ എന്നെ അതിയായി കാണാൻ ആഗ്രഹിക്കുന്നു എന്ന്.. അതാണ് പെട്ടെന്ന് ഇവിടേക്ക് വരാൻ തോന്നിയത്."

ദേവനെ നോക്കിക്കൊണ്ട് പറഞ്ഞു യാമി.

അവൻ അവളെ നോക്കിക്കാണുകയായിരുന്നു അപ്പോൾ. വെളുത്തു മെലിഞ്ഞ് ഒതുങ്ങിയ ശരീരം.. തന്റെ നെഞ്ചോരം മാത്രമേ ഉയരമുള്ളൂ!! കുറച്ചു നീണ്ടു വളഞ്ഞ മൂക്കിൻ്റെ  അറ്റത്ത് തിളങ്ങുന്ന വൈരക്കൽ മൂക്കുത്തി അവളുടെ മുഖത്തിന്റെ മനോഹാരിത കൂട്ടി. ചുണ്ടിന് മുകളിൽ വലതുവശത്തായി കുഞ്ഞു മറുകും,വലിയ മാൻ മിഴിയിൽ   കരിമഷിയുടെ കറുപ്പും, നെറ്റിയിൽ പാതി മാഞ്ഞ ചന്ദനക്കുറിയും.. പുറത്തെ മറച്ചു കിടക്കുന്ന നീണ്ട മുടിയും, ചന്ദന നിറമുള്ള ചുരിദാറിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചു നിന്നു.

ദേവനെ നോക്കുകയായിരുന്നു യാമിയും. നീണ്ടു മെലിഞ്ഞ കട്ടി ഇല്ലാത്ത താടി ഇല്ലാത്തവനല്ല ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്. ബ്ലാക്ക് ഷർട്ടിൽ ജിമ്മിൽ പോയി ബിൽഡപ്പ് ചെയ്ത ശരീരം!! നല്ല വെളുത്ത നിറം അല്ലെങ്കിലും മുഖത്ത് നിറഞ്ഞുനിൽക്കുന്ന പൗരഷം. ഷർട്ടിൻ്റെ ബട്ടൻ തുറന്നു കിടക്കുന്നത് കൊണ്ട്  തന്നെ  മുഴച്ചു നിൽക്കുന്ന ആദംസ് ആപ്പിളും, രോമാവൃതമായ നെഞ്ചില്  പറ്റിച്ചേർന്ന് കിടക്കുന്ന രുദ്രാക്ഷമാലയും തെളിഞ്ഞ് കാണാം.

"അല്ല കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാനാണോ പരിപാടി? അവിടെ എല്ലാവരും അന്വേഷിക്കുന്നു വാ പോകാം."

ഗോപു പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

യാമിയുടെ ഇടതു കൈയിൽ തന്റെ വലതു കൈകൊണ്ട് പിടിച്ചു ദേവൻ. ഞെട്ടിയതുപോലെ ഒന്ന് നോക്കി അവൾ.

"പേടിക്കണ്ട എന്തായാലും എല്ലാവരും അറിയേണ്ടതല്ലേ? ഇനിയും കാത്തിരിക്കാൻ വയ്യ പെണ്ണേ.. ഇന്ന് തന്നെ എല്ലാവരോടും പറയും ഞാൻ. അച്ഛമ്മ എനിക്കുവേണ്ടി പെണ്ണ് നോക്കി കഷ്ടപ്പെടുകയാണ്. ഇതാണ് എൻ്റെ പെണ്ണെന്നു പറഞ്ഞ് അവർക്കു മുന്നിലേക്ക് നിർത്തും നിന്നെ ഞാൻ."

സന്തോഷത്തോടെ പറഞ്ഞു ദേവദത്തൻ.

"അയ്യോ ചതിക്കല്ലേ ദേവേട്ടാ.. ഇന്ന് തന്നെ വളരെ കഷ്ടപ്പെട്ടാണ് അച്ഛനെയും അമ്മയെയും ഇവിടേക്ക് കൂട്ടി കൊണ്ടുവന്നത്. ഇപ്പോൾ ഒന്നും പറയണ്ട അടുത്തമാസം സ്കൂളിൽ ജോലിക്ക് കയറിയിട്ട് സാവധാനം പറയാം ഒരുപക്ഷേ അച്ഛൻ സമ്മതിച്ചില്ലെങ്കിൽ, പോയാൽ പിന്നെ ഇവിടേക്ക് ഒരു മടക്കം സാധിക്കില്ല. എല്ലാം സാവധാനം പറഞ്ഞു മനസ്സിലാക്കാം. ഇനി കുറച്ചു ദിവസം ഒന്ന് ക്ഷമിക്ക് ദേവേട്ടാ.."

യാമി പറഞ്ഞത് കേട്ടപ്പോൾ ഗോപു തിരിഞ്ഞു നിന്നു.

"അതെ പ്രണയിച്ചു നടക്കാനാണ് ഭാവമെങ്കിൽ, ഞാൻ കൂട്ടുനിൽക്കില്ല കേട്ടോ.. ഇപ്പോൾ തന്നെ മൂക്കിൽ പല്ലു മുളയ്ക്കാൻ തുടങ്ങി.. നിനക്ക് പെണ്ണിനെ കിട്ടി. ഇതുവരെ കാത്തുനിന്ന ഞാൻ മണ്ടനും. രണ്ടുപേരുംകൂടി എനിക്ക് പെണ്ണിനെ തപ്പി കൊണ്ടുവാ.. എന്നിട്ടു മതി നിങ്ങളുടെ വിവാഹം.."

ഗോപു കൃത്രിമ ഗൗരവം അഭിനയിച്ചു കൊണ്ട് പറഞ്ഞു.

"അതു കൊള്ളാം നിനക്കും കൂടി പെണ്ണിനെ കണ്ടു പിടിച്ചിട്ട് വേണം ഞങ്ങൾക്ക് കെട്ടാൻ അല്ലേ? അമ്മ അന്ന് പറഞ്ഞിരുന്നല്ലോ ആ കേസ് തന്നെ നോക്കി ക്കോ.. ഇനി ഒന്നിനും ഞാൻ എതിര് പറയില്ല."

ദേവൻ പറഞ്ഞു കൊണ്ട് യാമിയെ നോക്കി കണ്ണിറുക്കി കാണിച്ചു.

താഴേക്ക് നോക്കി പടികൾ കയറിയ യാമി അപ്പോഴാണ് ദേവൻ്റെ കാലിൽ നിന്നും ചോര കിനിഞ്ഞിറങ്ങുന്നത് കണ്ടത്.

"ദേവേട്ടാ കാലു മുറിഞ്ഞിരിക്കുന്നല്ലോ?"

പെട്ടെന്ന് കുനിഞ്ഞ് യാമി അവൻ്റെ മുറിവിൽ തൊട്ടു.

"ഏയ് അതൊന്നും സാരമില്ല. ആ തൊട്ടവടി മുള്ള് കൊണ്ടതാ.. ചെരുപ്പിടാതെ ഓടിയിറങ്ങി വന്നപ്പോൾ."

അവളെ  പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് പറഞ്ഞു ദേവൻ. കുമ്പിട്ട് നിവർന്ന യാമിയുടെ ചുരിദാർ ടോപ്പിനുള്ളിൽ കിടന്ന മാല പുറത്തേക്ക് കണ്ടു ദേവൻ. അതിനറ്റത്തു കിടന്ന ഏലസ്സ് കണ്ടു ദേവൻ.

"ഇത് നീ കഴുത്തിൽ നിന്നും ഊരി മാറ്റിയിട്ടില്ല അല്ലേ?"

അവൾക്ക് അഭിമുഖം നിന്ന് ആ മാലയുടെ അറ്റത്തെ ഏലസ്സ് പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു ദേവൻ.

"അന്ന് ദേവേട്ടൻ കഴുത്തിൽ കെട്ടി തന്നതല്ലേ? വിശ്വാസം അനുസരിച്ചാണെങ്കിൽ നമ്മൾ ഇത് കെട്ടിയത് കാവിൽ വെച്ചാണ്. മനസ്സറിഞ്ഞ് തന്നെയാണ് അന്ന് ഈ ഏലസ്സ് കെട്ടാൻ തല കുനിച്ച് നിന്നത് യാമി.. അന്ന് തൊട്ട് ഇന്ന് വരെ എൻ്റെ മനസ്സിൽ ദേവേട്ടൻ ചാർത്തിയ താലിയാണ് ഇത്.!! എൻ്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇതിൽ തൊട്ട് കണ്ണിൽ വെച്ചുകൊണ്ടാണ്..."

യാമി അതു പറഞ്ഞപ്പോൾ, രാജ്യം വെട്ടിപ്പിടിച്ച രാജാവിൻ്റെ മുഖമായിരുന്നു ദേവന്.

"ആഹാ അതുകൊള്ളാലോ? എന്തായാലും നന്നായിട്ടുണ്ട് രണ്ടുപേരുടെയും അഭിനയം. മുല്ലശ്ശേരിയിൽ ഉള്ളവർ ഇതെല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്താകും എന്ന് ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു."

ഗോപു ഇടയ്ക്ക് തിരിഞ്ഞുനോക്കി കൊണ്ട് പറഞ്ഞു.

"നീ കരിനാക്ക് എടുത്ത് വളയ്ക്കാതെ.എൻ്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല മുല്ലശ്ശേരിയിലെ ആരും."

ദേവദത്തൻ ഉറപ്പോടെ പറഞ്ഞു.

"എടാ ഇനിയും നിന്ന് ചുറ്റിക്കളിച്ചാൽ, അവിടെനിന്ന് പട തന്നെ ഇളകി വരും. വാടാ പോകാം." പറഞ്ഞുകൊണ്ട് തിടുക്കത്തിൽ പടികൾ കയറി ഗോപു.

പിന്നാലെ ദേവനും യാമിയും.

അവർ തിരികെ വരുമ്പോൾ അവർക്ക് കഴിക്കാനുള്ള ആഹാരം എടുത്ത് വെച്ച് കഴിഞ്ഞിരുന്നു ടേബിളിൽ. ദേവൂട്ടിയുടെ കണ്ണുകളിൽ സംശയ തിളക്കം കണ്ടു ദേവൻ.

"മോനേ നമ്മുടെ സ്കൂളിൽ മോള് ജോലിക്ക് കയറുകയാണ് എന്ന്. നീ ഒരു കാര്യം ചെയ്യ് ആ ലളിത ടീച്ചറുടെ അടുത്തേക്ക് ഒന്ന് കൊണ്ടുപോ മോളെ. മോള് ഒന്നുകൊണ്ടും പേടിക്കേണ്ട നമുക്ക് മാനേജ്മെൻറ് ഉള്ള സ്കൂൾ ആണ്. ഗവൺമെൻറ് അംഗീകാരത്തിൽ ആണെന്ന് മാത്രം. ലളിത ടീച്ചറാണ് ഇപ്പോഴത്തെ ഇൻ ചാർജ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു നിങ്ങൾ പോയി ഒന്ന് കണ്ടിട്ട് വാ. നിങ്ങളെയും പഠിപ്പിച്ച ടീച്ചർ ആണല്ലോ. യാമിക ഇവിടെ ജോയിൻ ചെയ്യാനാണ് വന്നത് എന്നറിഞ്ഞ ടീച്ചർക്കും സന്തോഷമാകും. ടീച്ചർ പഠിപ്പിച്ച കുട്ടിയാണല്ലോ.."

അച്ചാച്ചൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അവന്. യാമിയെ കൂട്ടി പുറത്തേക്ക് പോകാനുള്ള അവസരം.

"പിന്നെ സാറേ ഒരു പേടിയും പേടിക്കണ്ട മോള് ഇവിടെ നിന്നോട്ടെ.. മോൾ ഇവിടെ നിൽക്കുന്നത് ഞങ്ങൾക്കൊരു ഭാരമല്ല കേട്ടോ."

അച്ഛമ്മ പറഞ്ഞപ്പോൾ യാമി ഞെട്ടിക്കൊണ്ട് ദേവനെ നോക്കി. അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

"അയ്യോ അതൊന്നും വേണ്ട.. ഇവിടെ ഏതെങ്കിലും വീട് കിട്ടുമെങ്കിൽ അവിടെ നിൽക്കാം അല്ലെങ്കിൽ ടീച്ചർമാർ ആരെങ്കിലും ഉണ്ടാവുമല്ലോ  പെയിങ് ഗസ്റ്റ് ആയി നിൽക്കാം. അല്ലെങ്കിൽ അതൊക്കെ ബുദ്ധിമുട്ടായിരിക്കും." യമുന പറഞ്ഞപ്പോൾ ദേവന്റെ മുഖം മങ്ങി.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അച്ഛൻ പറഞ്ഞതനുസരിച്ച് യാമി ദേവൻ്റെ കൂടെ പോകാൻ പുറപ്പെട്ടു. കൂടെ ഗോപുവും. യമുന ഭർത്താവിനെ ഒന്ന് ഇരുത്തി നോക്കിയെങ്കിലും കാണാത്ത ഭാവം നടിച്ചു  യതീന്ദ്രൻ.

ഗോപു കോ ഡ്രൈവിംഗ് സീറ്റിലും യാമിക  പിൻസീറ്റിലും കയറി ഇരുന്നു. ദേവൻ വണ്ടി സ്റ്റാർട്ട് ആക്കി. മുല്ലശ്ശേരിയുടെ ഗേറ്റ് കടന്ന് കാർ പുറത്തേക്ക് ഒഴുകി ദേവൻ്റെ കാർ. കുറച്ചു ദൂരം പോയപ്പോൾ ദേവൻ.

"അതെ അങ്ങനെ ഇപ്പോൾ നീ മുന്നിലിരിക്കേണ്ട കേട്ടോ.. പോയി ബാക്കിൽ കയറിയിരിക്കണം മിസ്റ്റർ. മിസ്സിസ് ദേവദത്തൻ ഫ്രണ്ടിലേക്ക് കയറിയിരിക്കൂ.."

ദേവൻ പിന്നിലേക്ക് നോക്കി പറഞ്ഞപ്പോൾ, വായും തുറന്നിരുന്നു പോയി ഗോപു . ചിരിയടക്കാൻ കഴിഞ്ഞില്ല യാമികയ്ക്ക്.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ