mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

girl

ഭാഗം 2

ആറടി പൊക്കവും, അതിന് ഒത്ത ശരീരവും, നന്നായി വെളുത്ത നിറവും,കട്ടി മീശയും ചെമ്പൻ മിഴികളും, അനുസരണയില്ലാത്ത മുടിയും, കട്ടി താടി മനോഹരമായി സെറ്റ് ചെയ്ത്, വെള്ള ഷർട്ടും, ബ്ലൂ ജീൻസും ആരു കണ്ടാലും ഒന്ന് നോക്കി പോകും. 

ദേവൻ പോകാൻ റെഡി ആയി വന്നതാണ്, താഴേക്ക്. 

ദേവു ദയനീയമായി അവനെ നോക്കി.

"ദേവേട്ടാ...ഞാൻ..ഇത് നല്ല ഡ്രസ്സാ..കണ്ടോ.."

അവള് ഡ്രസ്സ് പിടിച്ചു കൊണ്ട് ഒന്ന് വട്ടം കറങ്ങി. 

"നിനക്ക് ഇത് നല്ല ഡ്രസ്സ് ആകും. പക്ഷേ കാണുന്നവർക്ക് ആകില്ല. എന്റെ ദേവുട്ടി പോയി ഡ്രസ്സ് മാറി വേറെ ഇട്ടിട്ട് പോയാൽ മതി. ഇന്നലെ ജീൻസ് ഇട്ടത് ഞാൻ അറിഞ്ഞില്ല എന്ന് കരുതണ്ട നീയ്‌."

ദേവദത്തൻ ദേഷ്യത്തോടെ നോക്കി.

"ദേവു..നീ വരുന്നുണ്ടോ? വൈകി."

സച്ചി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

"നീ പൊയ്ക്കോ സച്ചി..ഞാൻ കൊണ്ട് വിടാം ഇവളെ.."

ദേവദത്തൻ പറഞ്ഞത് കേട്ട് സച്ചി അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്കു പോയി.

"മോനേ..ദേവാ.. ഇന്ന് അതിട്ട് പോയികൊട്ടെ..നാളെ മുതൽ ഇടരുത് കേട്ടോ ദേവു."

അച്ഛമ്മ ഭാഗം പറയാൻ വന്നു.

"പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ ആളുണ്ട് എന്ന തോന്നൽ ആണ്.ഇവൾക്ക്."

ദേവദത്തൻ അച്ഛമ്മ യെ നോക്കി പറഞ്ഞു.

"താങ്ക്സ് അച്ഛമ്മ.."

ദേവു അച്ചമയെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചു.

"സച്ചി..ഞാനും വരുന്നു..എല്ലാവരോടും ഞാൻ പോയിട്ട് വരാം കേട്ടോ.." പറഞ്ഞു കൊണ്ട് അവള് ഓടി.

അപ്പോഴേക്കും ഉമ്മറത്ത് പേപ്പർ വായിച്ചിരുന്ന  അച്ഛനും പാപന്മരും ചിരി തുടങ്ങി.എന്നും ഉള്ളതാണ് ഇൗ തിരക്ക് പിടിച്ച ഓട്ടം..അവള് പോയാൽ പിന്നെ വീട് ഉറങ്ങി.

"ദേവു..സൂക്ഷിച്ച് .."

കാൽ സ്ലിപ് ആയി വീഴാൻ പോകുന്നത് കണ്ട് ഗോപീകൃഷ്ണൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"ഇല്ലന്നെ..ഞാൻ അങനെ ഒന്നും വിഴില്ല..പാപ്പാ.."

ദേവു ചാടി ഇറങ്ങി സച്ചിയുടെ പിന്നിൽ കയറി ഇരുന്നു.

ഉമ്മറത്ത് നോക്കി ഇരിക്കുന്നവരെ കൈ വീശി കാണിച്ചു കൊണ്ട് ശരിക്ക് ഇരുന്നു ദേവു.

ബൈക്ക് ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു അച്ഛനും,പാപ്പൻ മാരും.

"ഇൗ കൊച്ചിന്റെ ഒരു കാര്യം."

ഗോപി പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. അപ്പോഴേക്കും പാർവതി ഉമ്മറത്തേക്ക് വന്നു.

"കഴിക്കാൻ എടുത്തു വെച്ചു .. വരൂ.."

വാതിൽക്കൽ നിന്ന് പാർവതി വിളിച്ചു.

ബാലകൃഷ്ണനും രവികൃഷ്ണനും അകത്തേക്ക് കയറി. എല്ലാവരും കഴിക്കാൻ ഇരുന്നു.

"എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്."

അച്ഛമ്മ തുടക്കം കുറിച്ചത് എന്തിനാണ് എന്ന് ദേവന് മനസ്സിലായി.

കുറെ നാളായി ഒരേഒരു കാര്യം മാത്രേ ഉള്ളൂ തന്നോട് പറയാൻ.വിവാഹ കാര്യം. താൻ ഓരോന്ന് പറഞ്ഞ് മുടക്കുന്നത് കൊണ്ടാണ് എല്ലാവരെയും ധരിപ്പിക്കാൻ വേണ്ടി പറയുന്നത്.ദേവൻ ഒന്നും മിണ്ടാതെ തലാഴ്ത്തി ഇരുന്നു.

"ഇൗ വീട്ടിൽ ആർക്കെങ്കിലും ദേവന് എത്ര വയസ്സായി എന്നറിയുമോ?"

അച്ഛമ്മ സീരിയസ് ആയി ചോദിച്ചു.

"അതെന്താ അമ്മേ..അങനെ ചോദിക്കുന്നത്..? അവന് അടുത്ത ചിങ്ങം വന്നാൽ 28 തികയും."

ചമ്മന്തി എല്ലാവർക്കും വിളമ്പി കൊടുക്കുന്ന സുനന്ദ പറഞ്ഞൂ.

"അതെ..അതിനെന്താ.."

ബാലകൃഷ്ണൻ അമ്മയെ നോക്കി ചോദിച്ചു.

"അതിനെന്താ..എന്ന് കൊള്ളാം,മകന് പറ്റിയ അച്ഛൻ..നിന്റെ കല്ല്യാണം എത്ര വയസ്സിൽ ആണ് കഴിഞ്ഞത്.?"

അമ്മയുടെ ചോദ്യം കേട്ട് അമ്പരപ്പോടെ നോക്കി അയ്യാൾ.

"ഇരുപത്തഞ്ചു വയസ്സിൽ നിന്റെ വിവാഹം കഴിഞ്ഞു.ഇവിടെ ഉള്ള ആർക്കെങ്കിലും വല്ല വിചാരം ഉണ്ടോ?" അച്ഛമ്മ തറപ്പിച്ച് നോക്കി ദേവനെ.

"നോക്കാം..അമ്മേ അതിന് അവന്റെ കൂടി സമതം വേണ്ടേ..? ആ സുദർശൻ ഒരു ആലോചന കൊണ്ട് വന്നിരുന്നു.അറിയപ്പെടുന്ന തറവാട്ടുകാർ.നല്ല സാമ്പത്തികവും. ഒറ്റ മകളും..ഒന്ന് പോയി കണ്ടിട്ട് വരാം എന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛനും അമ്മയും പോയി കണ്ടോ..എന്നിട്ട് കെട്ടാനും രണ്ടു കൂടെ പോയാൽ മതി എന്നാണ് പറഞ്ഞത്."

ബാലകൃഷ്ണൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

"ചിരികണ്ട..പിന്നാലെ പിന്നാലെ ഓരോരുത്തരും വിവാഹപ്രായം ആയി തുടങ്ങി..പ്രവിയും,പ്രതിയും പഠിപ്പ് കഴിയാറായി..അവരുടെ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോഴേക്കും കല്യാണം നടത്തണം.ഇവൻ മൂത്ത് നരച്ചു നിന്നാൽ ഒരു പെണ്ണും സമ്മതിക്കില്ല. അലെങ്കിൽ തന്നെ പെൺകുട്ടികൾ അവരെക്കാൾ രണ്ടു വയസു വ്യത്യാസം മതി ചെറുക്കന് എന്ന് പറയുന്ന കാലമാണ്.ഇനി ഇവൻ ഇത്ര വയസയിട്ട് ഒന്ന് നോക്കാൻ കൂടി പോകാതെ.. കണ്ടു പിടിച്ചു ഇഷ്ട്ടപെട്ടു വരുമ്പോഴേക്കും സമയം വേറെയും പോകും."

അച്ഛമ്മ വിടാൻ ഭാവമില്ല എന്ന് ഉറപ്പായി ദേവന്.

അവൻ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു.

"മോനേ..കഴിച്ചിട്ട് പോടാ.." പാർവതി പെട്ടന്ന് പറഞ്ഞു.

ആഹാരം കഴിക്കാതെ ആരും പോകുന്നത് അവൾക്ക് ഇഷ്ട്ടമുള്ള കാര്യമല്ല.

"എന്റെ വയറു നിറഞ്ഞു..പിന്നെ ഗോപു കാത്തു നിൽക്കും.ഒരു ഇമ്പോട്ടൻറ് മീറ്റിംഗ് ഉണ്ട്..പാറു അമ്മേ.." അവൻ കൈ തുടച്ചു കൊണ്ട് പറഞ്ഞു.

"ഞാൻ പറഞ്ഞത് കൊണ്ടാണ് നീ മതിയാക്കി പോകുന്നത് എങ്കിൽ എന്റെ മോൻ ഇനി എന്നും മതിയാക്കി എഴുന്നേൽക്കേണ്ടി വരും." അച്ഛമ്മ ഗൗരവത്തിൽ പറഞ്ഞു.

"എന്റെ അച്ഛമ്മ..ഞാൻ ഇപ്പോ പെണ്ണ് കെട്ടാൻ ഉദ്ദേശിക്കുന്നില്ല..എനിക്ക് ഒരു ലക്ഷ്യമുണ്ട്.അത് ഇപ്പോ ആരെയും ബോധിപ്പിക്കാൻ എനിക്ക് കഴിയില്ല..സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കാം.ഇപ്പോ എന്നെ വെറുതെ വിടൂ."

കൈ കൂപ്പി കൊണ്ട് പറഞ്ഞു ദേവദത്തൻ.

എല്ലാവരും അവനെ തന്നെ നോക്കിയിരുന്നു.

ദേവൻ പുറത്തേക്കു നടന്നു.ബുള്ളറ്റ് സ്റ്റാർട്ട് ആക്കുന്ന ശബ്ദം കേട്ടു.

"എന്റെ കൃഷ്ണാ...എന്റെ കുട്ടിടെ കല്ല്യാണം കാണാൻ എനിക്ക് യോഗം ഉണ്ടാക്കുമോ എന്തോ.."

അമ്മ പറഞ്ഞത് കേട്ട് എല്ലാവരും അമ്മയെ നോക്കി .

"എന്തിനാ സരോ നീ വേണ്ടാതീനം പറയുന്നത്? നിനക്ക് ഇപ്പോ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലല്ലോ? ആ ചെറുക്കനെ പിരി കേറ്റി വിട്ടപ്പോൾ,സമാധാനം ആയോ?"

രാധാകൃഷ്ണൻ ഭാര്യയോട് ചൂടായി.

"വന്ന്..വന്നു ഒന്നും പറയാന് പറ്റില്ല എന്ന സ്ഥിതി ആയി..കൊച്ചുമകൻ പെണ്ണ് കെട്ടാതെ മൂത്ത് നരച്ചു നിൽക്കുന്നത് കാണണോ കൃഷ്ണേട്ടന്?"

ഭർത്താവിനെ ദേഷ്യത്തോടെ നോക്കി സരോജിനി.

"ഞാൻ ഒന്നും പറയുന്നില്ല..ഇനി ആർക്കും എന്റെ കുട്ടിയുടെ കാര്യത്തിൽ ഒരു ചിന്തയുമില്ല.. ഭഗവാനെ നീ തന്നെ തുണ."

അവർ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു.

സുനന്ദയ്ക്കും അമ്മയുടെ അതേ അഭിപ്രായം തന്നെയായിരുന്നു. 28 വയസ്സായി ദേവന്. ഇതുവരെ ഒരു ആലോചന പോലും അവൻ സമ്മതിച്ചിട്ടില്ല. ഇനി മനസ്സിൽ ആരെയെങ്കിലും ഉണ്ടവോ? അവരുടെ ചിന്തകൾ പല വഴിക്ക് തിരിഞ്ഞു.


ബുള്ളറ്റ്  അതിവേഗത്തിൽ ഗോപുവിന്റെ വീടിനു മുന്നിൽ നിർത്തി ദേവദത്തൻ. നിർത്താതെ ഫോൺ അടിച്ചു.

"എന്റെ പൊന്നോ.. ഇന്നെന്താണാവോ കുരിശ്?"

ലാപ്ടോപ്പിന്റെ ബാഗ് കഴുത്തിലൂടെ ചുറ്റി. കയ്യിൽ വാച്ച് എടുത്ത് കെട്ടി, മുടി ചീകി ഇറങ്ങുമ്പോഴേക്കും വീണ്ടും ഹോൺ മുഴങ്ങി.

"ദാ..വരുന്നു ദത്ത.."

ഉമ്മറത്ത് നിന്ന് ഷൂ വലിച്ചു കേറ്റി പറഞ്ഞു ഗോപു.

"മോനേ ചായ കുടിക്കാതെ ആണോ പോകുന്നത്?"

അകത്തുനിന്ന് ഓടിവന്ന അമ്മ ചോദിച്ചു.

"ഇനി അതിനും കൂടി നിന്ന് കഴിഞ്ഞാൽ, ആ നിൽക്കുന്ന കാലമാടൻ എൻറെ അന്ത്യകൂദാശ നടത്തും. ഞാൻ പോയിട്ട് വരാം അമ്മേ."

വരാന്തയിൽ ഇരിക്കുന്ന അച്ഛനെ ഒന്നു നോക്കിക്കൊണ്ട്, ഗോപു ഇറങ്ങിയോടി.

"മനുഷ്യ.. നിങ്ങളോ മുല്ലശ്ശേരിക്കാരുടെ പിന്നാലെ ഊണും ഉറക്കവുമില്ലാതെ നല്ല പ്രായം കഴിച്ചു. എൻറെ കുഞ്ഞിനും ഗതി തന്നെ വരുത്തിയല്ലോ നിങ്ങൾ."

അവർ ശപിക്കും പോലെ പറഞ്ഞു.

"എന്റെ ഗായത്രി കാലത്ത് തന്നെ തുടങ്ങിയോ ?"

വരാന്തയിൽ ചാരുകസേരയിൽ കിടന്ന് കൊണ്ട് സുധാകരൻ ചോദിച്ചു.

"അല്ല പിന്നെ ആ ചെറുക്കൻ എന്റെ കുഞ്ഞിനെ നിലം തൊടാതെ ഓടിക്കുന്നത് കണ്ടില്ലേ? ചായ പോലുംകുടിക്കാതെയാ  ഗോപു പോയത്."

ഗായത്രി സങ്കടം പറഞ്ഞു.

"മുല്ലശ്ശേരിയിലെ കുഞ്ഞ്, കൊച്ചിനെ പട്ടിണികിടില്ല. വയറു നിറച്ച് ഭക്ഷണം കൊടുത്ത് തന്നെയാ മുല്ലശ്ശേരിക്കാർക്ക് ശീലം."

സുധാകരൻ ഗൗരവത്തിൽ പറഞ്ഞു.

"ഓ പിടിച്ചില്ല പറഞ്ഞത്.. മുല്ലശ്ശേരിയിൽ ഉള്ളവർ കാണപ്പെട്ട ദൈവങ്ങൾ ആണല്ലോ?"

ഗായത്രി വിടാനുള്ള ഭാവമില്ലായിരുന്നു.

"നീ എൻറെ കയ്യിൽ നിന്നും മേടിക്കും. പോയിക്കോ അപ്പുറത്ത്." സുധാകരന്റെ ശബ്ദം ഉയർന്നു.

ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നി,ഗായത്രി പിൻവാങ്ങി.

ഇത് സുധാകരന്റെ കൊച്ചു കുടുംബം. ഭാര്യ ഗായത്രി,മകൾ ഗോപിക, മകൻ ഗോപകുമാർ.മകൾ ഗോപിക വിവാഹം കഴിഞ്ഞ് ഭർത്താവും ഒത്ത് വിദേശത്താണ്.ഒരു മകൻ ഉണ്ട് സച്ചിൻ. ഭർത്താവ് സുധീഷ്. മുല്ലശ്ശേരി ബാലകൃഷ്ണന്റെ കണക്കെഴുത്തുകാരനാണ് സുധാകരൻ. സുധാകരന്റെ അച്ഛൻ ശിവൻകുട്ടി മുല്ലശ്ശേരിയിലെ കാര്യസ്ഥൻ ആയിരുന്നു. മുല്ലശ്ശേരിയിലെ ആശ്രിതക്കാരാണ് ശിവൻകുട്ടിയും കുടുംബവും. ആ ബന്ധം അങ്ങനെ തുടർന്നു പോവുകയാണ്. ഇപ്പോൾ ഗോപകുമാർ എന്ന ഗോപു ദേവദത്തന്റെ മാനേജരാണ്. കമ്പനി കാര്യങ്ങളിലൊക്കെ വലം കയ്യാണ് ഗോപു. പഠിക്കുമ്പോൾ മുതൽ ഒരുമിച്ചായിരുന്നു രണ്ടുപേരും. ഇണപിരിയാത്ത കൂട്ടുകാർ. ആ സൗഹൃദം വലുതായപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വീട്ടുകാര് തമ്മിൽ നല്ല ബന്ധത്തിലാണ്. എപ്പോഴും അച്ഛനും മകനും മുല്ലശ്ശേരിക്കാരുടെ പിന്നാലെ നടക്കുന്നത്, ഗായത്രിക്ക് ചിലപ്പോൾ ഒന്നും പിടിക്കാറില്ല. അവരോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല.. മകൻ പലപ്പോഴും ഒന്നും കഴിക്കാതെ പോകുന്നതാണ് വിഷമം.

ഈ സമയം ശ്രീ ഭദ്ര വെജിറ്റേറിയൻ ഹോട്ടലിൽ ഇരുന്ന് മസാല ദോശ വെട്ടി വിഴുങ്ങുകയാണ് ഗോപു.

തൊട്ടരികിൽ ദേവദത്തൻ ഉണ്ട് . ചായ കുടിച്ചു കൊണ്ടിരിക്കുന്നു.

"നിനക്ക് ഇനിയും വേണോ?" ദേവദത്തൻ ചോദിച്ചു.

കഴിക്കുന്നതിൽ നിന്നും കോൺസെൻട്രേഷൻ വിടാതെ ഗോപു പറഞ്ഞു.

"ഒന്നുകൂടി ആവാം.."

"വയറ്റിൽ എന്താ കൊക്കപുഴു വല്ലതുമുണ്ടോ?"

ദേവദത്തൻ സീരിയസായി ചോദിച്ചു.

"അതെ..ഉണ്ട്..കാലത്ത് ചായ പോലും കുടിക്കാൻ സമയം തരാതെ വലിച്ചു കൊടുന്നിട്ട്‌, ഇപ്പോൾ കൊക്കപ്പുഴു ഉണ്ടോന്ന്."?

ഒരു മസാല ദോശ കൂടി ഓർഡർ ചെയ്തു ദേവദത്തൻ.

കൊണ്ടുവന്നത് വേഗം കഴിച്ചു കൊണ്ട് കാര്യത്തിലേക്ക് കടന്നു ഗോപു.

"പറ ഇന്നെന്താണാവോ പുതിയ പ്രശ്നം.? വീട്ടിലാണോ അതോ കമ്പനിയിലാണോ.. എന്റെ തലയിലേക്ക് വെച്ചോളൂ..അതുകൂടി ഞാൻ ഏറ്റെടുത്തോളം."

തെല്ലോന്ന് ശിരസ്സ് കുനിച്ചുകൊണ്ട് ഗോപു പറഞ്ഞു.

"നിനക്ക് എപ്പോഴും തമാശയാണ് ഗോപു.എന്റെ അവസ്ഥ നിനക്കറിയില്ല."

ദേവദത്തൻ വിഷമത്തോടെ പറഞ്ഞു.

എന്തോ വിഷമം അവനെ കുറെ നാളായി അലട്ടുന്നുണ്ട് എന്ന് തോന്നിയിരുന്നു.

"എന്താടാ...പറയെടാ.."

ഗോപു അവന്റെ കയ്യിൽ പിടിച്ചു.

"എടാ...അച്ഛമ്മ കല്ല്യാണ കാര്യം പറഞ്ഞ് ബഹളമാണ് ഇതുവരെ എന്നോട് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഇന്നിപ്പോൾ അത് ഊണ് മേശ വരെ എത്തി. നിനക്കറിയാലോ പ്രധാനപ്പെട്ട ചർച്ചകൾ എല്ലാം എല്ലാവരും കൂടി ആഹാരം കഴിക്കാൻ ഇരിക്കുമ്പോഴാ. ഇനി വെറുതെ വിടാൻ ഉദ്ദേശമില്ല എന്ന് തോന്നുന്നു."

സീരിയസ് ആയിട്ടാണ് ദത്തൻ പറയുന്നത് എന്ന് ഗോപുവിന് മനസ്സിലായി.

"എടാ അത് പറയാതിരിക്കുമോ? എന്റെ വീട്ടിലും തിരക്ക് കൂട്ടാൻ തുടങ്ങി.  നിൻറെ പെണ്ണ് ശരിയായാൽ മാത്രമേ ഞാനും പെണ്ണ് നോക്കുമെന്ന് പറഞാണ് ഇത്രകാലം പിടിച്ചുനിന്നത്. ഇപ്പോൾ അമ്മ തുടങ്ങി കഴിഞ്ഞു. അടുത്ത മാസം 28 വയസ്സാകും. നീയും ഞാനും ഒപ്പം അല്ലേടാ.. ഇപ്പോൾ അന്വേഷിച്ച് തുടങ്ങിയാ ഒരു കൊല്ലം കഴിഞ്ഞിട്ടെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം. കൊള്ളാവുന്ന കുട്ടികൾ ആരെയെങ്കിലും നോക്കാമെന്ന് വെച്ചാൽ അതിനെന്തെങ്കിലും ഇറങ്ങിപ്പുറപ്പെടുമ്പോൾ മുട്ട് ഇടിക്കാൻ തുടങ്ങും. പിന്നെ എങ്ങനെ ശരിയാക്കാനാ.."

ഗോപു നിരാശയോടെ പറഞ്ഞു.

"അവളെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. എവിടെയാണെന്ന് പോലും അറിയില്ല.. പോകുന്ന സ്ഥലത്തെല്ലാം കണ്ണുകൾ കൊണ്ട് തിരയും അവളെ... ഇനിയും അവൾ.."

ദത്തൻ വാക്കുകൾ മുറിഞ്ഞു കൊണ്ട് പറഞ്ഞു.

"എടാ നിനക്ക് ഉറപ്പുണ്ടോ അവള് വരുമെന്ന്? ഇതുവരെ ഒരു സൂചന പോലും നിനക്ക് തന്നിട്ടില്ല.. ജസ്റ്റ് എവിടെയുണ്ടെന്ന് പോലും.. നീ കാത്തിരിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? എൻറെ ഓർമ്മ ശരിയാണെങ്കിൽ നമ്മൾ പത്തിൽ പഠിക്കുമ്പോഴാണ് അവൾ സ്കൂളിൽ ചേർന്നത്. ഏഴാം ക്ലാസിലായിരുന്നു അവൾ. എന്തായാലും

നമ്മളെക്കാൾ മൂന്നു വയസ്സിന് താഴെ 25 വയസ്സായി കാണും. കല്യാണം കഴിഞ്ഞ് ചിലപ്പോൾ കുട്ടിയും ഉണ്ടായിട്ടുണ്ടാവും."

ഗോപു പറഞ്ഞത് കേട്ട്, ഞെട്ടിയത് പോലെ അവനെ നോക്കിയിരുന്നു ദേവദത്തൻ. അരുതാത്തത്എന്തോ കേട്ടതുപോലെ.. അവനെതുറിച്ച് നോക്കി...

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ