ഭാഗം 3
ദേവദത്തൻ നോക്കുന്നത് കണ്ട്, ഗോപു പറഞ്ഞു. "അല്ല..ഞാൻ എന്റെ ഒരു ഊഹം ശരിയാണെങ്കിൽ അങനെ ആകാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. നിനക്ക് ഉറപ്പുണ്ടോ അവൾ വരും എന്ന്."
ഗോപു ചോദിച്ചത് കേട്ട്, അവന്റെ കണ്ണുകൾ കുറുകി..മുഖം ചുവന്നു..
"ഉറപ്പല്ല ഗോപു... വിശ്വാസം അതാണ്. അവൾ വാക്ക് തെറ്റിക്കില്ല എന്ന വിശ്വാസം."
അവന്റെ വാക്കുകളിൽ ദൃഢത ഉണ്ടായിരുന്നു. ഗോപു എഴുന്നേറ്റു.
"വാ..ഇനിയും ഇവിടെ ഇരുന്നാൽ കമ്പനി കാര്യങ്ങൾ ഒന്നും നടക്കില്ല. ഇമ്പോട്ടന്റ് ഫയൽ നീ സൈൈൻ ചെയ്ത് ഇന്ന് തന്നെ മെയില് ചെയ്യാനുണ്ട്."
ഗോപു എഴുന്നേറ്റു.
അപ്പോഴും ദേവദത്തൻ ചിന്തയിൽ തന്നെ ആയിരുന്നു.
"ഗോപു...ഞാൻ ഇന്ന് ഓഫീസിൽ വരുന്നില്ല.എനിക്ക് ഒരു സ്ഥലം വരെ പോകണം."
ദേവദത്തൻ നിറഞ്ഞ മിഴികൾ ഗോപു കാണാതിരിക്കാൻ പാടുപെട്ടു.
"അതെന്താ നീ പറയുന്നത്? എല്ലാം കൂടി എനിക്ക് പറ്റില്ല. അല്ല പിന്നെ..നീ ഉണ്ടെങ്കിൽ ഞാനും ഉണ്ട്..ഇല്ലെങ്കിൽ ഞാനും ഇന്ന് പോകുന്നില്ല.."
ഗോപു അവിടെ തന്നെ ഇരുന്നു.
"ഗോപു, മനസ്സ് ഒരുപാട് ആഗ്രഹിച്ചു പോകുന്നു.. യാമി അവളെ ഒന്ന് കാണാൻ..കൊതിച്ചു പോകുന്നു.അത്ര ഞാൻ സ്നേഹിച്ചു അവളെ..എന്നിട്ടും ...."
ദത്തന്റെ വാക്കുകൾ ഇടറി.കണ്ണുകൾ ചുവന്നു.
"എടാ...നീ വന്നേ..ചുമ്മാ ഓരോന്ന് സംസാരിച്ചു..."
ഗോപു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
"ഞാൻ നിന്നെ ഓഫീസിൽ ഇറക്കാം. ഇമ്പോട്ടന്റ് ഫയൽ സയിൻ ചെയ്യാം.എന്നീ എനിക്ക് കുറച്ചു നേരം തനിയെ ഇരിക്കണം..പ്ലീസ് ഗോപു.."
ദേവൻ അവനെ ദയനീയമായി നോക്കി.
കൂട്ടുകാരനെ തകർന്നു പോകും പോലെ കാണുന്നത് ഒറ്റ വിഷയത്തിൽ മാത്രമാണ്. യാമികയുടെ.
"ശരി... ഇന്ന് ഒരു ദിവസം ഞാൻ നിന്നെ വിടുന്നു.ഇനി ആവർത്തിക്കരുത്.എന്നെ ഓഫീസിൽ വിട്ടിട്ട്.പോ.പഴയ താവളത്തിലേക്കോ? അതോ....വേറെ?"
ഗോപു നിർത്തി കൊണ്ട് അവനെ നോക്കി.
"പഴയ താവളത്തിലേക്ക് തന്നെ.."
ദേവദത്തൻ താഴേക്ക് നോക്കി പറഞ്ഞു.
"അല്ല ഇനി ഫോൺ ഓഫ് ആയിരിക്കും അതുകൊണ്ട് ചോദിച്ചതാണ്."
ഗോപു വണ്ടിയുടെ കീ ചോദിച്ചു വാങ്ങി.
"ഞാൻ ഓടിക്കാം."
ഗോപു സ്റ്റാർട്ട് ആക്കി ബുള്ളറ്റ്. ദേവദത്തൻ പുറകിൽ കയറി ഇരുന്നു. ഓഫീസിൽ എത്തി,അത്യാവശ്യം ചെയ്യേണ്ട ജോലികൾ ചെയ്തു തീർത്ത് ദത്തൻ ഇറങ്ങി.
"അതെ ഓവർ ആകണ്ട കേട്ടോ.. എനിക്ക് വയ്യാ മുല്ലശ്ശേരിക്കാരോട് നുണ പറയാൻ."
ഗോപു ഓർമ്മപ്പെടുത്തി.
"നോക്കാം."
ദേവദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഒടിച്ചു പോയി. ഗോപു ഒരു നിമിഷം നോക്കി നിന്നു.
നീ തന്നെ തുണ ശിവനേ.. കൈ കൂപ്പി കൊണ്ട് തന്റെ കാബിനിൽ വന്നിരുന്നു ഗോപു. തന്റെ ജോലികളിൽ മുഴുകി.
ദേവദത്തൻ നേരേ പോയത് കായലിൽ അരികെ ഉള്ള റിസോർട്ടിലേക്കാണ്. വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തുമ്പോഴേക്കും,
"ചേട്ടാ.."
എന്ന് വിളിച്ചു കൊണ്ട് സെക്യൂരിറ്റി ഓടി വന്നു.
"എന്താ...രാവിലെ തന്നെ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?" അയ്യാൾ ചോദിച്ചു.
"ഇല്ല... മുത്തു...മനസ്സ് ആകെ അസ്വസ്ഥമാണ്. റിലാക്സ് ചെയ്യാൻ വന്നതാണ്."
ദത്തൻ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു. റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി വേഗം എഴുന്നേറ്റു നിന്നു.
"ദത്തൻ സർ.."
പെട്ടന്ന് തന്നെ റൂം കീ കൊടുത്തു അവൾ. അവളെ നോക്കി ചിരിച്ചു കൊണ്ട് ദത്തൻ റൂമിലേക്ക് നടന്നു.101 റൂം തുറന്നു. വലിയ സൂട്ട് റൂം ആയിരുന്നു. കർട്ടൻ മാറ്റി, വിൻഡോ ഓപ്പൺ ആക്കി ദേവൻ.കായലിലേക്ക് കാഴ്ച കിട്ടും വിധത്തിൽ ആയിരുന്നു വിൻഡോ.കായലിൽ നിന്നും വീശിയ കാറ്റിൽ അവന്റെ മുടി പാറി അനുസരണയില്ലാത്ത കുട്ടിയെ പോലെ. ദേവൻ പുറത്തേക്ക് നോക്കി നിന്നു. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി ദത്തൻ.
"സർ..അകത്തേക്ക് വരാമോ?"
ഒരു ട്രേയിൽ ദത്തൻ കഴിക്കുന്ന ബ്രാൻഡ്മദ്യവും,ഗ്ലാസും സോഡയും ആയി ഒരു ചെറുപ്പകാരൻ അകത്തേക്ക് നോക്കി ചോദിച്ചു.
"എസ് കമിൻ." ദേവദത്തൻ പറഞ്ഞു. കയ്യിൽ കൊണ്ട് വന്ന ട്രേ ടേബിളിൽ വെച്ചിട്ട് ആ ചെറുപ്പകാരൻ പോയി.
വാതിൽ ലോക് ആക്കി ദേവദത്തൻ ഗ്ലാസ്സിൽ മദ്യം പകർത്തി.ഒരു സിപ് എടുത്തു കൊണ്ട് വീണ്ടും ജനലഴി പിടിച്ചുകൊണ്ട് പുറത്തേക്കു നോക്കി നിന്നു.
ഓർമ്മകൾ മനസ്സിൽ നിറഞ്ഞു..പഴയ കുട്ടിക്കാലം നൂൽ പൊട്ടിയ പട്ടമായ് മനസ്സിൽ പാറി....
നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി..നീളമുള്ള ചുരുണ്ട കറുത്ത മുടി ഇരുവശവും പിന്നിയിട്ട്, പുരിക കൊടികൾക്കിടയിൽ ഒരു കുഞ്ഞു പൊട്ടും,അതിന് മുകളിൽ ചന്ദനവും, കുങ്കുമവും കലർത്തിയ കുറിയും നീണ്ട വിരലുകളിൽ നഖം വളർത്തി, ഭംഗിയുള്ള നെയിൽ പോളിഷിട്ടും, ഒറ്റനോട്ടത്തിൽ തന്നെ ആരെയും മയക്കുന്ന ചിരിയും,ചിരിക്കുമ്പോൾ ചെറുതായി തെളിഞ്ഞു വരുന്ന നുണക്കുഴികളും, വലിയ കരി മിഴികളും.. കുഞ്ഞ് ചുണ്ടുകളും, മുല്ല മുട്ട് പോലെയുള്ള പല്ലുകളും, കീഴ് ചുണ്ടിന് വലതുവശത്തായി കുഞ്ഞി മറുകും അവളുടെ ഭംഗി കൂട്ടി.ആദ്യമായി സ്കൂളിൽ വെച്ചാണ് അവളെ കാണുന്നത്. എഴാം ക്ലാസ്സിൽ പുതിയ ഒരു കുട്ടി വന്നിട്ടുണ്ട് എന്ത് ഭംഗിയാണ് കാണാൻ എന്ന് ആരോ പറഞ്ഞു എന്നും പറഞ്ഞ് ഗോപു അരികിൽ വന്നപ്പോൾ,അവനെ കണ്ണ് പൊട്ടും വിധത്തിൽ ചീത്ത വിളിച്ചു.എല്ലാവരും അവളെ കുറിച്ച് പറഞ്ഞപ്പോൾ,ദേഷ്യമാണ് തോന്നിയത്.സ്കൂൾ വിട്ട് വരുമ്പോൾ,അവളെ കൊണ്ട് പോകാൻ അച്ഛൻ കാത്തു നിന്നിരുന്നു.അനിയത്തി കുട്ടി ഒന്നാം ക്ലാസ്സിൽ ആയിരുന്നു.അച്ഛന്റെ സ്കൂട്ടറിൽ പുറകിൽ കയറി ഇരിക്കുമ്പോൾ,അവിചാരിതമായി അവള് തിരിഞ്ഞു നോക്കി.നോട്ടം ഹൃദയ അറകൾ തുളച്ച് മിന്നൽ പോലെ കയറി പോയി..ഒറ്റ നോട്ടത്തിൽ തന്നെ അവള് ഹൃദയത്തെ കൊളുത്തി വലിക്കുന്നത് അറിഞ്ഞു.നോട്ടം പെട്ടന്ന് മാറ്റി..എങ്കിലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.വീട്ടിലേക്ക് നടക്കുമ്പോഴും ആ നോട്ടം തന്നെ ആയിരുന്നു മനസ്സിൽ..ഇതുവരെ തോന്നാത്ത എന്തോ ഒരു കാന്തിക തരംഗങ്ങൾ ഉള്ളിൽ പതിച്ചത് പോലെ....
പിറ്റേദിവസം അവധി ആയിരുന്നു. രാവിലെ കുളികഴിഞ്ഞ് അച്ചാച്ചൻ കൂടെ അമ്പലത്തിലേക്ക് പോകുമ്പോഴാണ് വീണ്ടും അവളെ കാണുന്നത്.അച്ചച്ഛൻ അവളുടെ അച്ഛന്റെ അടുത്തേക്ക് നടന്ന് പോകുന്നത് കണ്ടപ്പോൾ,മിഴിച്ച് നിന്നു. അച്ചച്ചൻ അറിയുമോ? ഇവരെ..അപ്പോഴും അവളുടെ കുസൃതി കണ്ണുകൾ തന്നെ തേടി വരുന്നത് അറിഞ്ഞിരുന്നു.. ചുണ്ടിൽ മായതെ പുഞ്ചിരിയും... നോട്ടം നേരിടാൻ ശക്തി പോരാതെ മുഖം വെട്ടിച്ചു. എന്താന്ന് അറിയുന്നില്ല.. അവളുടെ കണ്ണുകളിൽ നോക്കാൻ ശക്തി ഇല്ലാത്തത് പോലെ...ഒരു വിറയൽ ..അച്ചാച്ചൻ അവരുടെ അരികിലേക്ക് വിളിച്ചപ്പോൾ,അറിയാതെ മുട്ട് വിറച്ചു..
"ഇത് എന്റെ കൊച്ചുമകൻ.. ദേവദത്തൻ.മോളുടെ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്.പത്തിൽ."
അച്ചാച്ചൻ പരിചയപെടുത്തി.
"മോനെ ഇത് നമ്മുടെ നാട്ടിലെ കൃഷി ഓഫീസർ ആണ്. സ്ഥലം മാറി വന്നതാണ്." അയ്യാൾ ചിരിയോടെ നോക്കി.
"മോനെ..ഇവരെ ഒന്ന് ശ്രദ്ധിക്കണേ..ഇവിടെ ആരെയും പരിചയമില്ല..അതുകൊണ്ട് ഞാൻ തന്നെ കൊണ്ട് വിടുന്നു. കൂടെ പോകാൻ മോൻ ഉണ്ടെങ്കിൽ ഇവരെ മോന്റെ കൂടെ വിടാം.ചെറിയ മോളെ ആണ് പേടി.."
അയ്യാൾ വളരെ താഴ്മയായി പറഞ്ഞു.
"അതിനെന്താ..സാറേ..മോൻ തിങ്കളാഴ്ച അതുവഴി വരും. സാർ മക്കളെ അവന്റെ കൂടെ വിട്ടാൽ മതി.."
അച്ചാച്ചൻ പറഞ്ഞത് കേട്ട് മനസ്സിൽ വെളിടി വെട്ടി .ഇവളെ നോക്കാൻ തന്നെ പറ്റുന്നില്ല..അപ്പോഴാണ് കൂടെ ഗാർഡിയൻ ആക്കുന്നത്. ഈശ്വരാ..എന്ന വിളി തൊണ്ടയിൽ കുരുങ്ങി.അവള് പുഞ്ചിരിച്ചു കൊണ്ട് നോക്കി.
"മോളുടെ പേര് എന്താ..?"
അച്ചാച്ചൻ ചോദിച്ചു.
"യാമിക യതിന്ദ്രൻ.."
അവള് അതെ പുഞ്ചിരിയോടെ പറഞ്ഞു.
"ഞങൾ യാമി എന്ന് വിളിക്കും..അനിയത്തി നമിക.ഒന്നിൽ ആണ് പഠിക്കുന്നത്." അയ്യാൾ വീണ്ടും പറഞ്ഞു.
"ഇവന് താഴെ മോൾ ആണ് അവള് ഒന്നിൽ ആണ് പഠിക്കുന്നത്.രണ്ടുപേരും ഒരു ക്ലാസ്സിൽ ആകും." അച്ചാച്ചൻ പറഞ്ഞു.
"വീട്ടിൽ ഇനിയും മൂന്ന് ആൺകുട്ടികൾ ഉണ്ട്.ഇവന്റെ പാപ്പന്മരുടെ മക്കൾ എല്ലാവരും ഒരേ സ്കൂളിൽ തന്നെയാണ്.അതുകൊണ്ട് പേടിക്കണ്ട..മോനെ നമ്മുടെ രാമേട്ടന്റെ വീടിന് അടുത്തുള്ള ദിവാകരൻ ചേട്ടന്റെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്, സാറിന്റെ..കേട്ടാലോ..തിങ്കളാഴ്ച മുതൽ നീ ഇവരെ കൂടി കൊണ്ട് പോകണം."
അച്ചാച്ചൻ ഉത്തരവ് ഇറക്കി.
ദിവാകരൻ ചേട്ടൻ ഗൾഫിൽ ആണ്.ഗോപുവിന്റെ വീടിന് ഏതാണ്ട് നാല് വീട് അപ്പുറം.എന്നിട്ടും താൻ ഇതുവരെ കണ്ടില്ലല്ലോ..ദത്തൻ മനസ്സിൽ പറഞ്ഞു.വീണ്ടും അവളെ നോക്കി..അപ്പോഴും അവളുടെ കുസൃതി കണ്ണുകൾ അവനിൽ തന്നെയായിരുന്നു.അവളെ നോക്കും തോറും ഒരു പരവേശം ഉള്ളിൽ ഉണ്ടാകുന്നു..എന്താന്നു ഒരു പിടിയും കിട്ടുന്നില്ല.
"ഇനിയും താമസിച്ചാൽ നട അടയ്ക്കും.. അപ്പോ കാണാം സാറേ..നേരം കിട്ടുമ്പോൾ വീട്ടിലേക്ക് വരണം..കുറച്ചു കൃഷിയും കച്ചവടവും നമ്മുകും ഉണ്ട്."
അച്ചാച്ചൻ ചിരിയോടെ പറഞ്ഞു.
"അതിനെന്താ... വരാം.ഇനി ഒരു അഞ്ചു കൊല്ലത്തേക്ക് ഞാൻ ഇവിടെ തന്നെ കാണും."
യതിന്ദ്രൻ സാർ അത് പറഞ്ഞപ്പോൾ,നെഞ്ചു പിടഞ്ഞത് എന്തിനെന്ന് അന്ന് മനസ്സിലായില്ല.അവളെ ഒന്നുകൂടി നോക്കാതെ തിരിഞ്ഞു നടന്നു.. പിന്നീട് ഓരോ ദിവസവും കാത്തിരിപ്പായിരുന്നു. അവളുടെ നോട്ടം ഹൃദയത്തെ കീഴടക്കിയത് പോലെ... പരസ്പരം മിണ്ടാതെയുള്ള യാത്ര.. അധികം ഒന്നും ഇല്ലെങ്കിലും 15 മിനിറ്റ് ദൂരമുണ്ട് സ്കൂളിലേക്ക്.. പോകുമ്പോഴും വരുമ്പോഴും കിട്ടുന്ന ഇടവേള. ഗോപവും ഗോപികയും. നമിയും, ദേവൂട്ടിയും, പ്രതിയും പ്രവിയും സച്ചിയും.. എല്ലാവരുടെയും മൂത്ത ചേട്ടനായി .. കാവലായി. യാമിയെ കളിയാക്കിയവരെ തല്ലിയും അവരോട് ഉടക്കിയും കഴിഞ്ഞുപോയി കാലം. എന്നാൽ പരസ്പരം മിണ്ടാതെ എങ്ങനെ ഹൃദയത്തിൽ പ്രണയം ഉടലെടുത്തു എന്ന് പറയാൻ വയ്യ. വീട്ടിലേക്ക് നിത്യ സന്ദർശകരായി യാമിയും കുടുംബവും. ഇടയ്ക്ക് അവരുടെ വീട്ടിലും പോകാറുണ്ട്. വീട്ടുകാർ പരസ്പരം അടുത്തു. അധികമാരും ബന്ധുക്കളായി ഇല്ലാത്തതുകൊണ്ടാകാം യതീന്ദ്രൻ സാറിനും ഭാര്യ യമുനയ്ക്കും മുല്ലശ്ശേരി തറവാട്ടിൽ ബന്ധുക്കളെ കിട്ടിയതുപോലെയായി. പത്താം ക്ലാസ് പരീക്ഷക്ക് മുമ്പുള്ള സ്റ്റഡി ഹോളിഡേ വന്നു.സ്കൂളിൽ പോകണ്ട..ഓരോ കള്ളങ്ങൾ പറഞ്ഞ് അവളെ കാണാൻ ശ്രമിച്ചു.തന്നെ കണ്ടില്ലെങ്കിൽ എന്തെങ്കിലും കള്ളം പറഞ്ഞ് അവളും വീട്ടിൽ വരും.പരസ്പരം കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് മനസ്സുകൾ പറഞ്ഞുവെങ്കിലും പരസ്പരം ഒന്നും പറയാതെ തന്റെ സ്കൂൾ ലൈഫ് കഴിഞ്ഞു. അവളുടെ വലിയ കണ്ണുകളിൽ കണ്ണുനീർ തിളക്കം ഇടയ്ക്ക് കണ്ടുവെങ്കിലും ചോദിക്കാതെ തന്നെയെന്തിനാണ് എന്ന് മനസ്സിലായി. പ്രീഡിഗ്രിക്ക് ചേർന്നു. കുറച്ചു മാറിയാണ് കോളേജ് ബസ്സിൽ പോകണം. യാമി സ്കൂളിൽ പോകുന്നതിനു മുൻപ് ഇറങ്ങണം വീട്ടിൽ നിന്ന്.. പലപ്പോഴും അവളെ കാണാൻ പറ്റാറില്ല. പിന്നീട് അമ്പലത്തിലേക്ക് പോകുമ്പോൾ മാത്രമായി കാണൽ. ഇടയ്ക്ക് വീട്ടിലേക്ക് വരുമ്പോഴും. കാലം കടന്നുപോയി. യാമി പത്താം ക്ലാസിൽ നല്ല മാർക്കോടെ ജയിച്ചു. പ്രിഡിഗ്രി ചേർന്നത് തന്റെ അതേ കോളേജിലായിരുന്നു. ബികോം ആയിരുന്നു താനും ഗോപുവും. അത്യാവശ്യം രാഷ്ട്രീയവും മറ്റും കയ്യിൽ ഉണ്ടായിരുന്ന സമയം. കോളേജിൽ സംഘടനകളിൽ സജീവമായിരുന്ന കാലം. ആവർഷത്തെ ഇലക്ഷൻ സമയം. ചൂട് പിടിച്ച രാഷ്ട്രീയ ചർച്ചകളും മറ്റുമായി നീങ്ങുമ്പോഴാണ്, യാമിയെ സീനിയറായ ആൺകുട്ടി തടഞ്ഞുവെക്കുന്നതും ഇഷ്ടമാണെന്ന് പറയുന്നതും. അന്ന് എന്തൊക്കെയാണ് സംഭവിച്ചത് എന്ന് ഇപ്പോഴും ഓർക്കാൻ കഴിയില്ല.. അവനെ തല്ലി ചതച്ചു. അന്നാണ് ആദ്യമായി ദേഷ്യപ്പെട്ട് സംസാരിച്ചത് യാമി. എന്തിനാണ് അവനെ ഉപദ്രവിച്ചത് എന്നതായിരുന്നു ചോദ്യം. ഉത്തരം കിട്ടാതെ പതറി നിന്നു. അന്ന് ഗോപുവാണ് പറഞ്ഞത് . ഇനിയും അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ, അവളെ നഷ്ടപ്പെടുമെന്ന്. ഇഷ്ടം ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതല്ലെന്നും, അവളോട് തുറന്നുപറയാനും പറഞ്ഞു ഗോപു. പറയാൻ മനസ്സ് വെമ്പൽ കൊണ്ടുവെങ്കിലും , അറിയുമ്പോൾ അവളുടെ പ്രതികരണം എന്താകുമെന്ന് ഭയന്നു..ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് താങ്ങാനുള്ള ശേഷി മനസ്സിനില്ല എന്നതായിരുന്നു സത്യം. പിന്നെയും ദിവസങ്ങൾ കടന്നു പോയി..കോളേജ് ഇല്ലക്ഷൻ ജയിച്ച റിസൾട്ട് വന്നപ്പോൾ താൻ ജയിച്ചു..പക്ഷേ അന്ന് അടി കൊണ്ടവൻ പ്രതികാരം ചെയ്തു.അന്നത്തെ അടിയിൽ തലയ്ക്കാണ് അടികൊണ്ടത്. സ്റ്റിച്ചിടുകയും ചെയ്തു . ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. വീട്ടുകാർ എല്ലാവരും വന്നു.പിന്നെ ആകെ ഒരു ബഹളമായിരുന്നു. യാമി വന്നിരുന്നു. അവളുടെ വലിയ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.. അന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞു ഒഴുകിയത് തന്നോടുള്ള പ്രണയമായിരുന്നു എന്ന് അറിയാൻ അധികം സമയം കാത്തിരിക്കേണ്ടി വന്നില്ല.. എല്ലാവരും ഓരോ ആവശ്യങ്ങൾക്കായി പുറത്തേക്ക് പോയപ്പോൾ, യാമി മാത്രമായി അരികിൽ.. അന്ന് അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ, നെറ്റിയിൽ പതിഞ്ഞപ്പോൾ അതുവരെ
പറയാതെ കരുതിവെച്ച പ്രണയം അറിയാതെ ഒഴുകി. പരസ്പരം പറയാതെ കാത്തുവെച്ച പ്രണയം ഒരു ചുംബനത്തിന്റെ അകമ്പടിയോടെ മനസ്സിൽ പെയ്തിറങ്ങുകയായിരുന്നു... പേമാരി പോൽ..
(തുടരും)