ഭാഗം 6
യാമി ക്ഷേത്രത്തിലെത്തി. അധികം ആളുകൾ ഇല്ല. അതുകൊണ്ട് തന്നെ ശ്രീകോവിലിനു മുന്നിൽ തൊഴുതു നിന്നു അവൾ. കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. തൻ്റെ ജീവിതാഭിലാഷം പൂർത്തിയാകാൻ പോകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദേവേട്ടൻ്റെ അരികിലേക്ക്.!! നെറ്റിയിൽ ചന്ദനം തൊട്ടപ്പോൾ, നെറ്റിയിലെ ചന്ദനത്തിൻ്റെ കുളിർമ്മ മനസ്സിലും പടർന്നു അവളുടെ. വഴിപാടുകൾ കഴിച്ച് ഉപ ദൈവങ്ങളെയും തൊഴുതിറങ്ങി യാമി. വീട്ടിൽ എത്തുമ്പോൾ അമ്മ സിറ്റൗട്ടിൽ തന്നെ കാത്തു നിൽക്കുന്നത് കണ്ടു അവള്. അമ്മയ്ക്ക് പുഞ്ചിരി നൽകി കൊണ്ട് ഇല ചീന്തിലെ പ്രസാദം എടുത്ത് അമ്മയുടെ നെറ്റിയിൽ തൊട്ട് കൊടുത്തു.
"വാ...മോളെ."
അമ്മ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് അകത്തേക്ക് നടന്നു.
പതിവിലും സന്തോഷത്തിൽ ആയിരുന്നു യാമി.നാളെ അവസാനിക്കുന്ന തൻ്റെ കാത്തിരിപ്പ് അതായിരുന്നു അവളുടെ മനസ്സിൽ..ദേവൻ്റെ മുഖം അവളുടെ മനസ്സിൽ ഒളി മങ്ങാതെ തെളിമയിൽ തെളിഞ്ഞു.
"ചേച്ചി...പോയി വന്നോ?"
ചോദിച്ചു കൊണ്ട് സ്റ്റയർ ഇറങ്ങി വന്നു നമി.
"പോയി വന്നു..ദാ കുളിച്ചിട്ട് തൊട്ടാൽ മതി കേട്ടോ..അമ്മേ ഞാൻ സാരി മാറി വരാം."
പറഞ്ഞു കൊണ്ട് യാമി തൻ്റെ റൂമിലേക്ക് നടന്നു.അന്നത്തെ ദിവസം പെട്ടന്ന് കഴിഞ്ഞ് പോകണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന.. ദേവേട്ടൻ തന്നെ കാണുമ്പോൾ എന്തായിരിക്കും ആ മുഖത്തെ വികാരം? ദേഷ്യം ആയിരിക്കുമോ? അതോ കണ്ണുകളിൽ കത്തി നിൽക്കുന്ന പ്രണയമോ? അതോ...വിരഹത്തിൻ വേദനയോ?
അവളുടെ കവിളിൽ ചുവപ്പ് പടർന്നു..വലതു കരം മാറിൽ ചേർന്ന് കിടക്കുന്ന എല്ലസ്സിൽ പിടി മുറുക്കി യാമി..മനസ്സ് കൊണ്ട് അന്നേ ദേവൻ്റെ പെണ്ണായി മാറിയിരുന്നു യാമിക ..ആ ഓർമയിൽ പോലും ശരീരം വിറച്ചു അവളുടെ.സാരി മാറി ചുരിദാർ ഇട്ടു കൊണ്ട് താഴേക്ക് ഇറങ്ങി അവള്.അമ്മയെ അടുക്കളയിൽ സഹായിച്ചു..ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ എടുത്തു വെച്ചു അപ്പോഴേക്കും അച്ഛനും നമിയും കുളി കഴിഞ്ഞ് വന്നിരുന്നു.ഒന്നിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.
"വെളുപ്പിന് പുറപ്പെടാം.എന്നാലേ ഉച്ചയോടെ അവിടെ എത്തൂ.തിരിച്ച് വരും വഴി ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്ന് കയറിയിട്ട് തിരിച്ചു വരാം."
അച്ഛൻ പറഞ്ഞപ്പോൾ അമ്മയുടെ മുഖം വിടർന്നു..കുറെ ആയി കരുതുന്നു കണ്ണനെ കാണാൻ പോകണം എന്ന്.
"എന്നാ പിന്നെ അമ്മായിയുടെ വീട്ടിൽ നാളെ നിന്നിട്ട് മറ്റന്നാൾ രാവിലെ തിരിച്ചു പോരാം.കുറെ ആയി മാമൻ വയ്യാതെ ഇരിക്കുന്നു.ഗുരുവായൂർ വരുമ്പോൾ വരാം എന്നാണ് പറഞ്ഞിരുന്നത്.ഒരു ദിവസം ലീവ് എടുക്കാം ഏട്ടാ."
അമ്മ അച്ഛനെ നോക്കി കെഞ്ചി പറയുന്നത് കേട്ട് യാമിയും നമിയും പരസ്പരം നോക്കി കണ്ണിറുക്കി.
അമ്മ ഒരുപാട് നിർബന്ധിച്ചപ്പോൾ അച്ഛൻ സമ്മതിച്ചു. അന്ന് പതിവിലും ഉത്സഹത്തിൽ ആയിരുന്നു യാമി.പതിവ് ജോലികൾ എല്ലാം ഒതുക്കി റൂമിൽ പോയി യാമി കൊണ്ടുപോകാനുള്ള ഡ്രസ്സ് എടുത്തു വെക്കാൻ.എന്തായാലും അമ്മായിയുടെ വീട്ടിൽ ഒരു രാത്രി നിൽക്കാം എന്ന് അച്ഛൻ സമ്മതം മൂളി.
ഇതേ സമയം ഓഫീസിൽ എത്തിയിരുന്നു ദേവദത്തൻ. ഓരോ ജോലികളും ചെയ്തു തീർത്തു അവൻ.രണ്ട് മണിക്ക് അല്ലെയിൻ ഗ്രൂപ്പുമായി നടക്കാൻ ഇരിക്കുന്ന മീറ്റിംഗ് ഒന്നുകൂടി മനസ്സിൽ ഓർത്തു വെച്ചു ദേവൻ.ലാപ് ടോപ്പിൽ എന്തൊക്കെയോ മെയിൽ വന്നത് ചെക്ക് ചെയ്തു ദേവൻ. ഗോപു ക്യബിനിലേക്ക് കയറി വന്നു.
"നിൻ്റെ ഫോൺ ഓഫ് ആണ് അല്ലേ? വീട്ടിൽ നിന്ന് അച്ചാച്ചൻ വിളിച്ചു എന്നെ വരദക്ക് വന്ന ആലോചന അവർക്ക് ഇഷ്ട്ടമായി എന്ന്..ഒന്നുകൂടി അന്വേഷിക്കാൻ പറഞ്ഞു.തൃശൂരിൽ ഉള്ള അവരുടെ ചുറ്റുപാട്.അടുത്ത ആഴ്ച്ച അവർ എല്ലാവരും നാട്ടിൽ വരുന്നുണ്ട് എന്ന്.തറവാട്ടിൽ വെച്ച് ഔദ്യോഗികമായ പെണ്ണുകാണൽ നടത്താനാണ് തീരുമാനം. അവിടെ വിളിച്ച് അന്വേഷിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അന്വേഷിക്കാൻ പറഞ്ഞിട്ടാണ് വിളിച്ചത്."
ഗോപു പറയുന്നത് മൂളി കേട്ടിരുന്നു ദേവദത്തൻ.
"ആദ്യം മീറ്റിംഗ് കഴിയട്ടെ..എന്നിട്ട് ബാക്കി."
ദേവൻ റിവോൾവിങ് ചെയറിൽ ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.
"ശരി..ഞാൻ അക്കൗണ്ട് ഒന്ന് സെറ്റ്ആക്കി വരാം."
പറഞ്ഞു കൊണ്ട് ക്യബിനിൽ നിന്നും ഇറങ്ങി ഗോപു.
പതിവില്ലാത്ത വിധം കണ്ണുകൾ തുടിക്കുന്നത് അറിഞ്ഞു ദേവൻ.ആരെയോ കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു..യാമീ...ഇനിയും വയ്യ പെണ്ണേ.. ഈ കാത്തിരിപ്പ് !! ദേവൻ്റെ മിഴികളിൽ ഒരു തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി ചെന്നിയിൽ കൂടി ഒഴുകി താഴേക്ക് പതിച്ചു.
സമയം ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ കടന്ന് പോയി.അലെയിൻ ഗ്രൂപ്പ് എംഡി അലീന കൃത്യ സമയത്ത് തന്നെ എത്തി.ബെൻസ് കാർ ഒഴുകി വന്നു നിന്നു കൃഷ്ണ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ പാർക്കിങ്ങിൽ.ബ്ലാക്ക് സിൽക്ക് സാരി ഉടുത്തു സുന്ദരിയായ യുവതി ഇറങ്ങി.സ്ലീവ് ലെസ് ബ്ലൗസിൽ അവളുടെ ശരീരത്തിൻ്റെ ഉയർച്ച താഴ്ച്ച്കൾ മുഴച്ചു നിന്നു..ചെമ്പൻ മുടി ഇഴകൾ നെറ്റിയിൽ വീണ്,ചുമലിലേക്ക് ഒഴുകി കിടന്നു..കറുത്ത റെ ബാൻ ഗ്ലാസ്സ് നെറ്റിക്ക് മുകളിൽ കയറ്റി വെച്ച്, നീണ്ട വെളുത്ത കഴുത്തിൽ പറ്റി കിടക്കുന്ന റോസ് ഗോൾഡ് നേർത്ത ചെയിൻ..കയ്യിൽ വില കൂടിയ വാച്ച്..പുഞ്ചിരിച്ചു കൊണ്ട് അലീന ഫിലിപ്പ് കൃഷ്ണ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിലെക്ക് വലതു കാൽ വെച്ച് കയറി..തൻ്റെ ഓഫീസ് റൂമിലെ കേമറയിൽ അലീന ഫിലിപ്പിൻ്റെ ആഡംബര വരവ് കണ്ട് പുച്ഛത്തോടെ ഇരുന്നു ദേവദത്തൻ.അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം..മനസ്സിൽ പറഞ്ഞു കൊണ്ട് മീറ്റിംഗ് ഹാളിലേക്ക് നടന്നു ദേവൻ.തൻ്റെ ലാപ്പും എടുത്തു കൊണ്ട്.. ഗോപു അപ്പോഴേക്കും എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞിരുന്നു. തൻ്റെ സീറ്റിൽ ഇരുന്നു ദേവൻ.
"മേ ഐ കമിൻ.?"
അലീന അനുവാദം ചോദിച്ചു.
"എസ്...കമിൻ."
ദേവൻ മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട് എഴുനേറ്റു അവൾക്ക് നേരെ കൈ നീട്ടി.അവൻ്റെ കയ്യിൽ വലതു കരം ചേർത്തു അലീന.
"ടെക്ക് യുവർ സീറ്റ്."
അലീന പുഞ്ചിരിച്ചു കൊണ്ട് അവന് എതിർവശത്തിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു.
തൻ്റെ കമ്പനി ഡീറ്റെയിൽസ് എല്ലാം അവൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ,അവളുടെ കാമ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അറിഞ്ഞു ദേവൻ. ദേഷ്യം കൊണ്ട് പലപ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവൻ്റെ കാലുകൾ നിലത്ത് അമർത്തി ഞെരിച്ചു കൊണ്ടിരുന്നു.
" സി മിസ്റ്റർ ദത്തൻ ഇത്ര വിശദീകരണത്തിന്റെ ആവശ്യകത ഇല്ല. കൃഷ്ണ ബിൽഡേഴ്സ് ഉം ആയി എഗ്രിമെൻ്റ് സൈൻ ചെയ്യാനാണ് ഞാൻ വന്നത്. എൻ്റെ ബിൽഡിങ്ങിന്റെ കൺസ്ട്രക്ഷൻ ദത്തനെ ഏൽപ്പിച്ചു കഴിഞ്ഞു ഞാൻ."
കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു അലീന.
"ശരി..ഇനി എല്ലാം സ്റ്റാഫ് സംസാരിക്കും." പറഞ്ഞു കൊണ്ട് ദേവൻ എഴുന്നേറ്റു.
"ഗോപു മരത്തിന് ഡീറ്റെയിൽസ് കൊടുത്ത് എഗ്രിമെൻറ് സൈൻ ചെയ്തോളൂ."
പറഞ്ഞു കൊണ്ട് ദേവദത്തൻഹാളിൽ നിന്നിറങ്ങി.
അന്നത്തെ പകലും വിടവാങ്ങാൻ ഒരുങ്ങി. ദേവൻ വീട്ടിൽ എത്തി.അതിനിടയ്ക്ക് അച്ചാച്ചൻ പറഞ്ഞ അഡ്രസിൽ അന്വേഷിക്കാൻ ആളെ ഏർപ്പാടാക്കി ദേവൻ. അത്താഴം കഴിഞ്ഞ് വരദയുടെ കല്യാണക്കാര്യം ആയിരുന്നു ചർച്ചാവിഷയം. അന്നത്തെ രാത്രിയും വിടവാങ്ങി.
അതിരാവിലെ തന്നെ യതീന്ദ്രനും കുടുംബവും കാവശ്ശേരിയിലേക്ക് പുറപ്പെട്ടു. യാമികയുടെ ഹൃദയം തുടിച്ചു തൻ്റെ പ്രാണനെ കാണാൻ.!! പാലക്കാട് ബോർഡ് കണ്ടപ്പോഴേ ഹൃദയമിടിപ്പ് കൂടി അവളുടെ. ഇനി അധിക സമയമില്ല ദേവേട്ടാ അരികിലെത്താൻ..
മുല്ലശ്ശേരിയിൽ ഞായറാഴ്ച ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അടുക്കളയിൽ ഊണിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ദേവൻ മുകളിലെ തന്റെ റൂമിലാണ്. ലാപ്ടോപ്പിൽ എന്തൊക്കെയോ സെയിൽസ് ഡീറ്റെയിൽസ് നോക്കുകയാണ്. പർച്ചേസിംഗ് കൊട്ടേഷനും എല്ലാം മെയിൽ ചെയ്യാനുണ്ട്. അതെല്ലാം നോക്കുകയായിരുന്നു ദേവൻ. ഒരു വെള്ള ഷിഫ്റ്റ് കാർ മുറ്റത്ത് വന്നു നിന്നു. അച്ചാച്ചൻ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ആൺമക്കളും. കാറിൽ നിന്നിറങ്ങി യതീന്ദ്രനും ഭാര്യ യമുനയും പിന്നിലെ ഡോറ് തുറന്നു യാമികയും നമികയും. യാമിക ആകാംക്ഷയോടെ ചുറ്റും നോക്കി.. പോർച്ചിൽ നിരത്തിയിട്ടിരിക്കുന്ന കാറുകളും വിലകൂടിയ ബൈക്കും ബുള്ളറ്റും.. എല്ലാവരും വീട്ടിൽ ഉണ്ടെന്നു തോന്നുന്നു.. തന്റെ ദേവേട്ടനും.. അവളുടെ മിഴികൾ മട്ടുപ്പാവിലേക്ക് നീണ്ടു.. ഇടനാഴിയുടെ അറ്റത്തെ മുറിയാണ് ദേവേട്ടന്റെ. അവളുടെ ഹൃദയം പെരുമ്പാറ മുഴക്കി.
"അല്ല ആരിത്? അച്ഛനു മനസ്സിലായില്ലേ? നമ്മുടെ യതീന്ദ്രൻ സാർ."
ഗോപീകൃഷ്ണൻ പറഞ്ഞപ്പോഴാണ് അച്ചാച്ചന്റെ മുഖത്തെ സംശയ ഭാവം മാറിയത്.
"അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലേ?"
ചിരിച്ചുകൊണ്ട് പൂമുഖത്തേക്ക് കയറിക്കൊണ്ടു പറഞ്ഞു യതീന്ദ്രൻ.
"ഒരു വരൂ മക്കളെ എന്താ അവിടെ തന്നെ നിന്നത് വലിയ കുട്ടികളായി കേട്ടോ!!"
അച്ചാച്ചൻ കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു. അപ്പോഴേക്കും അകത്തുനിന്ന് അച്ഛമ്മയും സുനന്ദയും ഇറങ്ങിവന്നു. മുറ്റത്ത് പൂമുഖത്ത് നിൽക്കുന്ന അപരിചിതരെ ആദ്യം നോക്കി പിന്നീടാണ് അവരുടെ മുഖം മാറിയത്..
"യമുന..."
സുനന്ദ ചിരിച്ചുകൊണ്ട് യമുനയുടെ കയ്യിൽ പിടിച്ചു.
"ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ? നിങ്ങളെ പലപ്പോഴും ഓർക്കാറുണ്ട്. ഫോൺ നമ്പർ പോലും ഇല്ലാതെ എങ്ങനെ അന്വേഷിക്കാനാണ്?"
അച്ഛമ്മ പരിഭവം പോലെ പറഞ്ഞു.
"യാമി മോൾക്ക് ഒരു മാറ്റവും ഇല്ല.. നമീ ആകെ ഉരുണ്ടു."
സുനന്ദ പറഞ്ഞത് കേട്ടപ്പോൾ നമിയുടെ മുഖം മാറി.എന്നാലും ചിരി വരുത്തി അവള്.
"അവരെ അകത്തേക്ക് ഇരുത്തു.."
അച്ചാച്ചൻ പറഞ്ഞത് കേട്ടപ്പോൾ, അച്ഛമ്മ അവരെ കൈപിടിച്ച് അകത്തേക്ക് കയറ്റി.അപ്പോഴേക്കും അടുക്കളയിൽ നിന്നും എല്ലാവരും എത്തി. "ദേവൂ..."
ദേവനന്ദയെ കണ്ടപ്പോൾ നമി വിളിച്ചുകൊണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.
" ചേച്ചി... യാമി ചേച്ചിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല.."
ദേവു ഓടി വന്ന് യാമിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവരെയും വലിച്ചു കൊണ്ട് അടുക്കളപ്പുറത്തെ വരാന്തയിലേക്ക് ഇറങ്ങി..
"നിനക്ക് ഏറ്റവും ഇഷ്ടമുള്ള കുളപ്പടവിലേക്ക് പോകാം.."
യാമിയും നമിയും ദേവുവിനൊപ്പം കുളപ്പടവിലേക്ക് നടന്നു.. പടിക്കെട്ടുകൾ ഓരോന്നായി ഇറങ്ങി അവസാനത്തെ പടിയിലെത്തി യാമി.. വെള്ളത്തിൽ കാൽ തൊട്ടപ്പോൾ നട്ടുച്ചയ്ക്കും കുളിരു തോന്നി അവൾക്ക്.. ദേവു എന്തൊക്കെയോ നമിയോട് പറയുന്ന തിരക്കിലായിരുന്നു. യാമിയുടെ ഓർമ്മകൾ പിന്നിലേക്ക് ഊളെയിട്ടു. ആരും കാണാതെ ദേവേട്ടനൊപ്പം തോളോട് തോൾ ചാരിയിരുന്ന പടവുകൾ.!!
"ചേച്ചി ഞങ്ങൾ അങ്ങോട്ട് പോവുകയാണ് ചേച്ചി വരുന്നുണ്ടോ?"
ദേവു ചോദിച്ചപ്പോൾ യാമി ഇല്ലെന്നു തലയാട്ടി.
"വെള്ളം കണ്ടല്ലോ ഇനിയിപ്പോൾ ചേച്ചി വരില്ല.."
നമിയും കളിയാക്കി കൊണ്ട് പറഞ്ഞു.
രണ്ടുപേരും പടവുകൾ കയറി പോകുന്നത് നോക്കി നിന്നു യാമി.
തൻ്റെ പ്രാണൻ തന്നെ തേടി വന്നതറിയാതെ അപ്പോഴും ലാപ്ടോപ്പിൽ എന്തൊക്കെയോ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു ദേവദത്തൻ.
വാതിലിൽ ശക്തിയായി ആരോ മുട്ടുന്നത് കേട്ട് കസേര വലിച്ചിട്ട് എഴുന്നേറ്റു ദേവൻ.
"ഏട്ടാ താഴേക്ക് വരാൻ പറഞ്ഞു അച്ചാച്ചൻ.. അവിടെ ആരൊക്കെയോ വന്നിട്ടുണ്ട്."
സച്ചി പറഞ്ഞുകൊണ്ട് പെട്ടെന്ന് താഴേക്ക് ഇറങ്ങിപ്പോയി.
ദേവൻ ഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി. ഹാളിൽ ഇരിക്കുന്നവരെ കണ്ടപ്പോൾ അവൻ്റെ കാലുകളുടെ ചലനശക്തി നഷ്ടപ്പെട്ടു.
"മോനേ ആരാണെന്ന് മനസ്സിലായോ?"
അച്ചാച്ചൻ ചോദിച്ചപ്പോൾ, ദേവൻ ചിരിക്കാൻ ശ്രമിച്ചു.. താൻ ഇത്ര കാലം തേടി നടന്ന മുഖങ്ങൾ.. പക്ഷേ ഏറെ താൻ കാണാൻ ആഗ്രഹിച്ച ആ മുഖം മാത്രമില്ല..!!! തന്റെ യാമിയുടെ..!!
യതീന്ദ്രൻ സാറും യമുന ആന്റിയും നാമികയും മുന്നിലിരിക്കുന്നത് കണ്ടപ്പോൾ, പെട്ടെന്ന് ദേവന്റെ മുഖം മാറി.. ഒരു നിമിഷം ഗോപു പറഞ്ഞ കാര്യം അവന്റെ മനസ്സിലേക്ക് ഓടിയെത്തി. യാമിയുടെ കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടികളായി കാണും..!!!
ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവന്.
ആരൊക്കെ തന്റെ മുന്നിലുണ്ടോ ആരൊക്കെ കേൾക്കുമെന്നോ എന്നൊന്നും ശ്രദ്ധിക്കാതെ ദേവൻ യതീന്ദ്രൻ സാറിനെ നോക്കി ചോദിച്ചു.
"യാമിക യാമിക എവിടെ?"
അവൻ്റെ ചോദ്യം കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.
"അത് ശരി നീ അവളെ മറന്നിട്ടില്ല അല്ലേ? മൂന്ന് പേരെയും കണ്ടപ്പോൾ യാമി മോളെ ഓർത്തു അവൻ."
അച്ഛമ്മ പറഞ്ഞത് കേട്ടപ്പോഴാണ്, തന്റെ ചോദ്യം ആസ്ഥാനത്തായിരുന്നു എന്ന് മനസ്സിലായത് ദേവദത്തന്. എന്നാലും യാമിയെ കുറിച്ച് അറിയാൻ അതിയായി ആഗ്രഹിച്ചു അവൻ.
"ഏട്ടാ ചേച്ചി കുളപ്പടവിൽ ഉണ്ട്.. പണ്ടത്തെപ്പോലെ തന്നെയാണ് ഇപ്പോഴും. കുളം കണ്ടാൽ പിന്നെ എല്ലാം മറക്കും."
ദേവു പറഞ്ഞത് കേട്ടപ്പോൾ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി അവന്.
"ഞാനൊന്ന് കണ്ടിട്ട് വരട്ടെ.."
പറഞ്ഞതും പൂമുഖത്തേക്ക് ഇറങ്ങി ചെരുപ്പ് പോലും ഇടാതെ പടിഞ്ഞാറുവശത്തെ തൊടിയിലേക്ക് ഇറങ്ങി ഓടി ദേവൻ.. കാലിൽ എന്തൊക്കെയോ തട്ടി മുറിഞ്ഞു. അതൊന്നും അറിഞ്ഞില്ല അവൻ.. കുളപ്പടവിലേക്ക് ഇറങ്ങുമ്പോഴേ കണ്ടു താഴത്തു നിന്ന് രണ്ടാമത്തെ പടിയിലിരുന്ന് കാലുകൾ വെള്ളത്തിലിട്ട് കളിക്കുന്ന യാമിയെ..
" യാ മി.."
എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും തൊണ്ടയിൽ കുരുങ്ങി വാക്കുകൾ അവൻ്റെ.
തൊട്ടരികിൽ കാൽ പെരുമാറ്റം കേട്ട് ചിന്തയിൽ നിന്നുണർന്നു യാമി. പിന്നിൽ ദേവനെ കണ്ടതും ചാടി എഴുന്നേറ്റു അവൾ. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒന്നും പറയാതെ യാമിയെ കെട്ടിപ്പിടിച്ചു..അവൻ്റെ കൈകൾ അവളുടെ പുറത്തെ ഞെരിച്ചു.. ഒന്നും പറയാതെ തന്നെ അവൻറെ ഹൃദയം പലതും അവളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു..
"ദേവേട്ടാ..."
വിളിച്ചുകൊണ്ട് അവൻ്റെ മാറിലേക്ക് മുഖം ചേർത്തു അവൾ. അവൻ്റെ നെഞ്ചിലെ രോമക്കൂട്ടിൽ അവളുടെ കണ്ണുനീർ തുള്ളികൾ വീണലിഞ്ഞു.
പെട്ടെന്ന് അവളുടെ മുഖം പിടിച്ചു ഉയർത്തി ഇരുകൈ കൊണ്ടും..ദേവൻ. അവളുടെ കൺപോളകളിൽ മാറിമാറി അമർത്തി ചുംബിച്ചു.
"നീ വരുമ്പോൾ തിരിച്ചു തരാൻ പറഞ്ഞിരുന്നില്ലേ?"
ചോദിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് തന്റെ അധരം ചേർത്തു അവൻ..!!!
(തുടരും)