ഭാഗം 8
ഗോപു ദേഷ്യത്തിൽ ഇറങ്ങി കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും.യാമി ഇറങ്ങി മുന്നിലേക്ക് ഇരുന്നപ്പോൾ,അവൻ ബാക്ക് സീറ്റിൽ കയറി ഇരുന്നു.
"ഇപ്പോ ഒക്കെയായി."
കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി ദേവൻ.
"നീ ചിരിച്ചോ...നിനക്ക് ആഘോഷിക്കാനുള്ള ദിവസമല്ലേ ഇന്ന്!!"
ഗോപു ദേഷ്യഭാവത്തിൽ പറഞ്ഞു.അവൻ്റെ മനസ്സിലും സന്തോഷം തന്നെയായിരുന്നു.തൻ്റെ ഉറ്റസുഹൃത്ത് ദേവൻ്റെ കാത്തിരിപ്പിന് അവസാനം കണ്ട ദിവസം !! അത് ആഘോഷിക്കാൻ ഉള്ളത് തന്നെയാണ് അവനും തനിക്കും.
ഇടയ്ക്ക് യാമിയുടെ വലത് കൈ തൻ്റെ ഇടതു കൈ കൊണ്ട് പിടിച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു ദേവൻ.യാമി ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോൾ,അവളെ നോക്കി ഒറ്റ കണ്ണിറുക്കി കാണിച്ചു അവൻ.
"അതെ...ഞാൻ കണ്ടാൽ കുഴപ്പമില്ല പക്ഷേ ഈ നാട്ടിലെ ചില ഞരമ്പ് രോഗികൾ ഉണ്ട് അവി എന്ന് കേട്ടാൽ അവിഹിതം എന്നാക്കി നാട്ടിൽ കാറ്റിൻ്റെ വേഗതയിൽ പടർത്തുന്നവർ.അതുകൊണ്ട് മുല്ലശ്ശേരി ദേവദത്തൻ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്."
സീരിയസ് ആയി ഗോപു പറഞ്ഞപ്പോൾ യാമി പെട്ടന്ന് കൈകൾ വലിച്ച് ശരിക്ക് ഇരുന്നു.
"അതെ നിൻ്റെ ഉപദേശം ഒന്നും എനിക്ക് വേണ്ട കേട്ടോ..പറഞ്ഞു പരത്തുന്നവർ എന്ത് പറഞ്ഞാലും അതിനെ നേരിടാൻ ചങ്കുറപ്പുള്ളവൻ തന്നെയാണ് ഈ മുല്ലശ്ശേരി ദേവദത്തൻ.നിനക്ക് ഇതൊന്നും കാണണ്ട എങ്കിൽ ഇവിടെ ഇറങ്ങി നിൽക്ക്..പോയിട്ട് വരുമ്പോൾ കയറിയാൽ മതി."
ദേവൻ അതെ ഗൗരവത്തിൽ വാക്കുകൾ കൊണ്ട് തിരിച്ചടിച്ചു.
"ഞാൻ ഉണ്ടായിട്ട് തന്നെയുണ്ട് ഇങ്ങനെ..ഇനി ഞാൻ ഇറങ്ങിയിട്ട് വേണം ഈ കാറ് നിങ്ങളുടെ മണിയറയാക്കാൻ അല്ലേ? നടക്കില്ല മോനെ.."
ഗോപു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ,നാണിച്ചു തല താഴ്ത്തി യാമിക. അവൻ അങ്ങനെ പറയും എന്ന് പ്രതീക്ഷിച്ചില്ല ദേവനും.അവനും ചെറുതായി ലജ്ജ്ജ തോന്നി.ഇരു വശവും പച്ച പട്ട് വിരിച്ച് നിൽക്കുന്ന വയലിലേക്ക് കണ്ണുകൾ പായിച്ച് മിണ്ടാതെ ഇരുന്നു യാമി.
"ഡോ..താൻ അവൻ പറയുന്ന കാര്യം ഒന്നും സീരിയസ് ആയി എടുകണ്ട കേട്ടോ.ഇവൻ ഓരോ മണ്ടത്തരം പറയുന്നതാണ്."
ദേവൻ നിശബ്ദത ഭേദിച്ച് കൊണ്ട് പറഞ്ഞു.
"എനിക്കറിയാം..ദേവേട്ടാ.."
പുഞ്ചിരിയോടെ പറഞ്ഞു അവള്.
"പിന്നെ തൻ്റെ ഫോൺ നമ്പർ ഇതിൽ സേവ് ചെയ്യൂ.."
പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവളുടെ കയ്യിൽ കൊടുത്തു ദേവൻ.
അവള് ഫോൺ വാങ്ങി. പാസ്സ് വേഡ് ലോക്ക് ഉണ്ടായിരുന്നു ഫോണിൽ.
"ഇതിൻ്റെ ലോക്ക്?"
യാമി അവനെ നോക്കി ചോദിച്ചു.
"ദേവയാമി."
അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു അവൻ.
ആശ്ചര്യം കൊണ്ട് വിടർന്ന കണ്ണുകളാൽ അവനെ നോക്കി അവള്.
"എന്താടോ...ഈ ദേവൻ്റെ പേരിനോട് തൻ്റെ പേര് കൂട്ടി വെച്ചത് ഇഷ്ടപ്പെട്ടില്ല എന്നുണ്ടോ? അതോ അങ്ങനെ എഴുതി ചേർക്കാൻ സമയമായില്ല എന്ന് തോന്നുന്നുണ്ടോ തനിക്ക്?" അവളെ നോക്കി ചോദിച്ചു അവൻ.
"ഒരിക്കലും ഇല്ല ദേവേട്ടാ...വർഷങ്ങൾക്ക് മുമ്പ് ഈ രണ്ട് പേരുകൾ ഹൃദയത്തില് എഴുതി ചേർത്തത് നമ്മൾ രണ്ടു പേരും ചേർന്നാണ്. ദേവനുള്ളതാണ് യാമി എന്നും യാമിക്കുള്ളതാണ് ദേവൻ എന്നും.എന്നാലും ലോക്ക് വേഡ് അതായപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു മനസ്സിൽ.."
യാമി പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു ദേവൻ്റെ.ഫോണിൽ നമ്പർ സേവ് ചെയ്ത് അവന് തിരികെ നൽകി ഫോൺ അവള്.ടീച്ചറുടെ വീടിന് മുന്നിലെ റോഡിൽ വണ്ടി നിർത്തി ഒതുക്കുകൾ കയറി മൂന്ന് പേരും.കാളിംഗ് ബെൽ അടിച്ചു കാത്തു നിന്നു അവർ.ടീച്ചറുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന പ്രായമായ ചേച്ചിയാണ് വാതിൽ തുറന്നത്.
"ടീച്ചർ ഉണ്ടോ?" ദേവൻ വിനയത്തോടെ ചോദിച്ചു അവരോട്.
"ഉണ്ട്..കിടക്കുകയാണ്.വിളിക്കാം."
പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയി.കുറച്ചു സമയം കഴിഞ്ഞപ്പോൾ ടീച്ചർ ഇറങ്ങി വന്നു.പണ്ടത്തേക്കാൽ ഒന്ന് കൂടി തടിച്ചിടുണ്ട് ടീച്ചർ.മുഖത്ത് എപ്പോഴും തെളിഞ്ഞു കാണുന്ന നിറ പുഞ്ചിരി.
"ആരാ ഇത് ദേവനോ? എന്താ പതിവില്ലാത്ത വരവ്? ഉത്സവം ആയില്ലല്ലോ?" അർത്ഥം വെച്ച് ചിരിച്ച് കൊണ്ട് ചോദിച്ചു ടീച്ചർ.
"അല്ല അതെന്താ ടീച്ചറെ അങ്ങനെ ചോദിച്ചത്? അല്ലാതെ ഞാൻ വരാറില്ല എന്ന് ഉദ്ദേശിച്ചാണ് അല്ലേ?" ദേവനും പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു.
"അതെ...അത് തന്നെ അല്ലാതെ താൻ ഈ വഴിക്ക് വരില്ലല്ലോ അതാ ചോദിച്ചത്. ഇരിക്ക്..ഇതാരാ ദേവാ മനസ്സിലായില്ല.." ദേവൻ്റെ തൊട്ട് പിന്നിൽ നിൽക്കുന്ന യാമിയെ നെറ്റി ചുളിച്ചു നോക്കി കൊണ്ട് ചോദിച്ചു ടീച്ചർ.
"ടീച്ചർക്ക് എന്നെ മനസ്സിലായില്ല അല്ലേ? ഞാനാ ടീച്ചറെ യമികാ യതിന്ദ്രൻ." ടീച്ചറുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് പറഞ്ഞു യാമിക.
"കുട്ടിയോ കണ്ടിട്ട് മനസ്സിലായില്ല..കേട്ടോ..പിന്നെ അത്രക്ക് ഓർമ്മ കിട്ടിയില്ല.ഇപ്പോഴാ മുഖം ഓർമ്മ വന്നത്..അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ പോയതല്ലേ പിന്നെ ഒരു വിവരവും ഇല്ലായിരുന്നു.." ടീച്ചർ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
"അതെ...." യാമി പറഞ്ഞു.
"പിന്നെ ഇപ്പോ വന്നതിന് പിന്നിൽ ഒരു ഉദ്ദേശം കൂടിയുണ്ട് ടീച്ചറെ..നമ്മുടെ സ്കൂളിൽ പ്ലസ് ടൂ ടീച്ചർ ആയി അടുത്ത മാസം ജോയിൻ ചെയ്യുകയാണ് യാമിക.റാങ്ക് ലിസ്റ്റ് വന്നിട്ടുണ്ട് മിക്കവാറും ഇവിടെ തന്നെയാകും കിട്ടുക.എന്തായാലും ടീച്ചർക്ക് അഭിമാനിക്കാം.ടീച്ചർ പഠിപ്പിച്ച കുട്ടി തന്നെ സ്കൂളിൽ ടീച്ചറായി വന്നു എന്ന്."
ദേവൻ പറഞ്ഞത് കേട്ടപ്പോൾ അൽഭുതം കൊണ്ട് കണ്ണുകൾ മിഴിഞ്ഞ് ടീച്ചർ അവളെ നോക്കി.
"അതെയോ....ഇവിടെ ജോയിൻ ചെയ്യാൻ വന്നതാണോ?" ടീച്ചർ ആകാംഷയുടെ മുൾമുനയിൽ ആയി കൊണ്ട് ചോദിച്ചു.
"അതെ അടുത്ത മാസം കയറാൻ ആണ്.ലീവ് എടുക്കുന്ന ടീച്ചർക്ക് പകരം ആറ് മാസത്തേക്ക്.അപ്പോഴക്കും ലിസ്റ്റ് അനുസരിച്ച് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു." യാമി പറഞ്ഞു.
"നല്ല കാര്യം.മോൾക്ക് തമസിക്കാൻ സൗകര്യം ശരിയായില്ല എങ്കിൽ ഇവിടെ നിൽക്കാം.എനിക്കും അതൊരു കൂട്ടാക്കും.ഒറ്റപ്പെടലിൻ്റെ വേദന അത് ഇത്ര ഭീകരത നിറഞ്ഞതാണ് എന്ന് ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുകയാണ് ടീച്ചർ."
അത് പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറയുന്നത് കണ്ടു ദേവനും യാമിയും കണ്ടു. പിന്നെയും കുറെ സമയം സംസാരിച്ച് ഇരുന്നു ചായയും കുടിച്ചാണ് അവർ ഇറങ്ങിയത്.
വഴി നീളെ സംസാരിച്ചു കൊണ്ടിരുന്നു ദേവൻ.വീട്ടിലേക്ക് തിരിയുന്ന വഴി എത്തി യപ്പോൾ ദേവൻ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് അവൻ്റെ അധരത്തിൽ ചേർത്ത് പിടിച്ച് ചുംബിച്ചു.
"ഇനി അടുത്ത മാസം തമ്മിൽ കാണും വരെ എനിക്കും നിനക്കും ഓർത്തിരിക്കാൻ.." പതിയെ അവളുടെ കാതിൽ പറഞ്ഞു അവൻ.
വീട്ടിൽ തിരികെ എത്തി അവർ അപ്പോഴേക്കും അച്ഛനും അമ്മയും പോകാൻ തിടുക്കം കൂട്ടിയിരുന്നു.വിവരം അറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.യാത്ര പറയും നേരം കണ്ണുകൾ കൊണ്ട് സംസാരിച്ചു ദേവനും യാമിയും.അടുത്ത മാസം ജോയിൻ ചെയ്യാൻ വരാം എന്ന് പറഞ്ഞ് ഇറങ്ങി അവർ.അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു ദേവൻ.
(തുടരും)