ഭാഗം 4
പതിഞ്ഞ ചുണ്ടുകൾ അകന്നു മാറരുതേ എന്ന് മനസ്സു പറഞ്ഞുവെങ്കിലും, യാമി നിവർന്നു. തന്റെ കണ്ണുകളിൽ അത്ഭുതം നിറയുന്നത് അവൾ വിടരുന്ന കണ്ണുകളോടെ നോക്കി നിന്നു. അപ്പോഴും കവിളിണകളെ ചുംബിച്ചുകൊണ്ട്, മിഴിനീർ ഒഴുകി ഇറങ്ങിയിരുന്നു അവളിൽ. ശരീരവും മനസ്സും ഒരുപോലെ ചൂടുപിടിച്ച നിമിഷങ്ങൾ ആയിരുന്നു. അമ്മയും അച്ഛനും അകത്തേക്ക് വന്നപ്പോഴാണ് യാമി അരികിൽ നിന്നും മാറി നിന്നത്. ഒരു ദിവസം ഹോസ്പിറ്റലിൽ കിടന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നു. ഓരോ ദിവസവും കടന്നു പോയി. പ്രണയം എന്തെന്നു അറിയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.
യാമിയുടെ പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ്. വെള്ളിടി പോലെ ആ വാർത്ത അറിഞ്ഞത്.ഗോപു ഓടി കിതച്ചു വന്ന് അത് പറയുമ്പോൾ,ഹൃദയം പൊടിഞ്ഞു പോകുന്നത് അറിയുകയായിരുന്നു. യാമിയുടെ അച്ഛന് സ്ഥലം മാറ്റം കിട്ടി.അവർ തിരിച്ചു പോകുന്നു എന്ന്.ഗോപു റേഷൻ കടയിൽ പോകുമ്പോൾ യാമിയുടെ അമ്മ പറഞ്ഞു..എന്നിട്ടും എന്തെ അവള് വരാതിരുന്നത് എന്ന് സ്വയം ചോദിച്ചു.തകർന്നു പോയ നിമിഷങ്ങൾ ആയിരുന്നു.. ഗോപു പോയപ്പോൾ വാതിൽ അടച്ച് അകത്തു കയറി..ചുടു കണ്ണുനീർ തുള്ളികൾ നിലത്ത് വീണു ചിതറി..ഇനി എന്ത് എന്നറിയാതെ കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു.. യാമി അവളെ കാണാതെ ഇരിക്കാൻ പറ്റുമോ?അവൾക്ക് തന്നെ വിട്ട് പോകാൻ പറ്റുമോ?ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പൊങ്ങി ഉയർന്നു... അവളെയും കൊണ്ട് എവിടെയെങ്കിലും നാടുവിട്ടാലോ? എന്ന് വരെ ചിന്തിച്ചു. എല്ലാത്തിനും ഉത്തരമായി യാമിയെ കാണാൻ തന്നെ തീരുമാനിച്ചു.
വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് യാമി നീളൻ വരാന്തയിലൂടെ നടന്നുവരുന്നത് കണ്ടത്.മുകളിലുള്ള തന്റെ റൂമിലേക്ക് ആദ്യമായാണ് അവൾ കയറി വരുന്നത്. കൺമഷി പരന്നു കണ്ണീരുണങ്ങിയ പാടുകൾ കവിളിൽ കാണാമായിരുന്നു. അവളെ കണ്ടു ഒരു നിമിഷം തറച്ചു നിന്നുപോയി. വേദനയുടെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.
വാതിലിൽ ചാരി നിൽക്കുന്ന തന്റെ അരികിലേക്ക് അവള് വന്നു നിന്നു.
"ദേവേട്ടാ......അച്ഛന്.."
വാക്കുകൾ ഇടറി മുറിഞ്ഞു കൊണ്ട് അവള് പറഞ്ഞു.
"ഗോപു...ഇപ്പോ വന്നിരുന്നു.. ഞാനറിഞ്ഞു. യാമിയെ കാണാൻ വരികയായിരുന്നു ഞാൻ.."
നിലത്തേക്ക് നോക്കി അത് പറയുമ്പോൾ, കണ്ണുനീർ നിലത്ത് വീണത് അവൾ കാണാതിരിക്കാൻ പാടുപെട്ടു.
"ദേവേട്ടാ....ഞാൻ എന്ത് വേണം..? പറയുന്നതുപോലെ എന്തും ചെയ്യാം..പക്ഷേ വീട്ടുകാർ അറിഞ്ഞാൽ..എന്ത് സംഭവിക്കും എന്നറിയില്ല. പേടിയാകുന്നു എനിക്ക്."
അതേ അവസ്ഥ തന്നെയായിരുന്നു തനിക്കും. പഠിപ്പ് മുഴുവനായിട്ടില്ല. ഇത്രയും വലിയ തറവാട്ടുകാരായിട്ട് അവർക്ക് അപമാനം ഉണ്ടാക്കിവയ്ക്കുന്നത് എങ്ങനെ ? ചിന്തകൾ കാട് കയറി.
"യാമി നീയില്ലാതെ...എനിക്ക് പറ്റില്ല.."
പറഞ്ഞു തീരും മുമ്പ് അവളെ രണ്ടു കൈകൊണ്ടും ചുറ്റി വരിഞ്ഞു മാറോട് ചേർത്തു പിടിച്ചു.ഒരു നിമിഷം ഞെട്ടിയ പോലെ നിന്നു അവൾ.. പിന്നെ കുതറി മാറി. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവള് പറയുന്നത് കേട്ട് നിന്നു.
നാളെ കാലത്ത് പോകും.മ റ്റന്നാൾ അച്ഛന് അവിടെ ജോലിക്ക് കയറണം. ഇന്ന് വൈകീട്ട് കാവിൽ വരണം.. ഞാൻ കാത്തു നിൽക്കും.അതും പറഞ്ഞു കൊണ്ട് അവള് താഴേക്ക് ഇറങ്ങി പോകുന്നത് നോക്കി നിന്നു താൻ വൈകീട്ട് കാവിലേക്ക് നടന്നു.
കാവിൽ അധികം ആരും പോകാറില്ല..ഇടവഴി നിറയെ വള്ളിയും പടർപ്പും നിറഞ്ഞു കിടക്കുന്നു...കുറച്ച് ദൂരം ചെന്നപ്പോൾ കണ്ടു, പാല മരത്തിന് താഴെ തല കുനിച്ച്,കാൽമുട്ടിൽ തലവെച്ച് ഇരിക്കുന്ന യാമി. മുടി അഴിഞ്ഞു ചിതറി മുഖം മറച്ചു കൊണ്ടാണ് ഇരിക്കുന്നത്.
യാമി വിളിച്ചു കൊണ്ട് അവളുടെ അരികിൽ ഇരുന്നു. അവള് തല ഉയർത്തി നോക്കി..കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ സ്ഥാനം പിടിച്ചിരിക്കുന്നു. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..അവള് തോളിൽ തല വെച്ച് ഇരുന്നു.
"ദേവേട്ടാ...."
അവളുടെ വിളി ഹൃദയത്തെ കീറി മുറിച്ചു.
"നമ്മുക്ക് ദൂരെ എവിടെ എങ്കിലും പോകാം യാമീ.. നിന്നെ പിരിയാൻ എനിക്ക് പറ്റില്ല.. എനിക്ക് വേണം നിന്നെ "
പറഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു..അവള് തിരിച്ചും.കണ്ണുനീർ നെഞ്ചില് വീണ് കുതിർന്നു..അവളുടെ നെറ്റിയിൽ അധരം പതിച്ചപ്പോൾ,അവളുടെ കണ്ണുകൾ കൂബി അടഞ്ഞു.ചുണ്ടുകൾ വിറപൂണ്ടു.നെറ്റിയിൽ നിന്ന് അധരം സ്ഥാനം മാറി അവളുടെ ചുണ്ടുകളെ കവർന്നപ്പോൾ, അവളുടെ ശരീരം വിറച്ചു..വിരലുകൾ ആഴത്തിൽ പുറത്ത് പതിഞ്ഞു..ശ്വാസം വിലങ്ങിയപ്പോൾ, അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി..
"സോറി..."
അത് പറയുമ്പോൾ,കുറ്റബോധം തോന്നി.
"ദേവേട്ടാ...ലോകത്തിന്റെ ഏതു കോണിൽ പോയാലും ദേവട്ടൻ അല്ലാതെ എന്റെ മനസ്സിൽ ആരും ഉണ്ടാവില്ല.ഞാൻ വരും..ദേവേട്ടാ, എപ്പോഴാണോ ദേവേട്ടൻ എന്നെ കൂടുതൽ ആഗ്രഹിക്കുന്നത് ആ നിമിഷം ഞാൻ വരും.അതുവരെ ദേവേട്ടൻ കാത്തിരിക്കണം.. യാമി ജീവനോടെ ഉണ്ടെങ്കിൽ, ഞാൻ വരും . എന്റെ ഏട്ടന്റെ പെണ്ണാകാൻ.എന്റെ കഴുത്തിൽ ഒരു താലി കെട്ടണം ദേവേട്ടൻ."
അവൾ അതു പറയുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. വാക്കുകളിൽ അത്രയ്ക്ക് ദൃഢത ഉണ്ടായിരുന്നു.
"യാമി... ഞാൻ കാത്തിരിക്കും. നിന്റെ വരവിനായി. ദേവൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടുന്നുണ്ടെങ്കിൽ അത് നിന്റേത് മാത്രമായിരിക്കും."
യാമി രണ്ടു കൈ കൊണ്ടും കവിളിൽ അമർത്തിപ്പിടിച്ചു പെരുവിരൽ നിലത്തു ഊന്നി ഒന്ന് പൊങ്ങി ഉയർന്നു.. തന്റെ നെറ്റിയിലും കണ്ണുകളും മാറിമാറി അവൾ ചുംബിച്ചു.
"ഇത് ഞാൻ തിരിച്ചു വരുമ്പോൾ എനിക്ക് തിരികെ നൽകണം..കേട്ടോ.."
അവൾ പുഞ്ചിരിയോടെ പറഞ്ഞു.
കുസൃതിയോടെ അവൾ അതു പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി. "പോകാം ദേവേട്ടാ ഇരുട്ടായി.. നാളെ കാലത്ത് പോകും. ദേവേട്ടനെ കണ്ടിട്ട് വേണം എനിക്ക് പോകാൻ.. വരില്ലേ?"
അവളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.
"വരും...നീ പോകുന്നത് കണ്ണിൽ നിന്നും മറയുന്നത് വരെ എനിക്ക് കാണണം."
അവളുടെ കൈയിൽ കൈ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു . കൈകൾ കോർത്തു പിടിച്ചുകൊണ്ടുതന്നെ കാവിൽ നിന്നും പുറത്തേക്ക് നടന്നു.
"യാമി ഒന്ന് നിന്നേ.."
അതും പറഞ്ഞു കൊണ്ട് കഴുത്തിൽ കിടന്ന ഏലസ്സും ചരടും ഊരി ..അവളുടെ കഴുത്തിൽ കെട്ടി.."ഇത് നിന്റെ കഴുത്തിൽ കിടക്കട്ടെ..ഞാൻ എപ്പോഴും അടുത്തുണ്ട് എന്ന് നിനക്ക് തോന്നാൻ..നിന്റെ കഴുത്തിൽ ഇതിന് പകരം ഒരു താലി ചാർത്തുമ്പോൾ, ഇത് ഊരി മാറ്റാം."
അവളിൽ അമ്പരപ്പായിരുന്നു ആ നിമിഷം.
"വീട്ടിൽ കണ്ടാൽ എന്ത് പറയും?" യാമി ചോദിച്ചു.
"ഒരു കാര്യം ചെയ്യു..നീ അത് ഊരി സൂക്ഷിച്ചു വെച്ചോ.."
അവളത് ഊരി ബ്ലൗസിന്റെ ഉള്ളിലേക്ക് ഒളിപ്പിച്ചു.അവളത് ചെയ്യുമ്പോൾ,നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ച് നടന്നു.റോഡിൽ എത്തും വരെ.അവളെ വീട്ടിലാക്കി..തിരിച്ചു വന്നു.പിറ്റേദിവസം എല്ലാവരും കൂടിയാണ് പോയത് അവളുടെ വീട്ടിൽ... എല്ലാവർക്കും വളരെ സങ്കടമായിരുന്നു. കുടുംബത്തിലെ ആരോ പോകുന്ന അവസ്ഥ തന്നെയായിരുന്നു. നമിയും, ദേവൂട്ടിയും കരച്ചിൽ ആയിരുന്നു. കൂട്ടുകാരിയുടെ വേർപിരിയൽ അവളെയും വേദനിപ്പിച്ചിരുന്നു. അവരുടെ സാധനങ്ങൾ കയറ്റിയ ലോറി മുന്നിലും,കാർ പിന്നിലും പുറപ്പെടുമ്പോൾ, മനസ്സുകൾ തേങ്ങുന്നത് മറ്റാരും കണ്ടില്ല. പ്രിയപ്പെട്ടത് എന്തോ കൈവിട്ട കലും പോലെയായിരുന്നു.. അവിടെത്തന്നെ തറഞ്ഞുനിന്നു.. ചുമലിൽ ഗോപു പിടിച്ചപ്പോൾ ആണ് സ്ഥലകാല ബോധം തിരിച്ചു വന്നത്.കാലം ഒരുപാട് മുന്നോട്ട് പോയി..ഇനിയും അവള് വരാത്തത് എന്തെന്ന് അറിയുന്നില്ല...അവള് പോയ അന്ന് മുതൽ ആഗ്രഹിക്കുന്നു അവളുടെ തിരിച്ചു വരവ്...ഓരോ ദിവസവും പ്രതീക്ഷിക്കും.. ഒരു കത്തോ ഫോൺ കോളോ എന്തെങ്കിലും..ഇതുവരെ ഉണ്ടായില്ല.. അന്വേഷിച്ചു പോകാമെന്ന് വെച്ചാൽ, എവിടെയാണ് എന്താണ് ഒരു വിവരവുമില്ല. പിന്നെ എന്തു ചെയ്യും.. അവളുടെ വാക്കാണ് വിശ്വാസം.വരും...തന്റെ യാമി.
ഗ്ലാസിലെ മദ്യം ഉണ്ടായിരുന്നത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. ദേവദത്തൻ.ഓർമ്മകൾ പുറകോട്ട് സഞ്ചരിച്ചപ്പോൾ,നേരം പോയത് അറിഞ്ഞില്ല..ഫോൺ ഓഫ് ആക്കി വെച്ചത് കൊണ്ട് ആരു വിളിച്ചു എന്നും അറിയില്ല. ഇന്ന് ഓവറാണ്.ഇൗ അവസ്ഥയിൽ വീട്ടിലേക്ക് പോകാൻ പറ്റില്ല..ദേവദത്തൻ ഫോൺ ഓൺ ആക്കി, ഗോപുവിനെ വിളിച്ചു.
"എടാ....എനിക്ക്..ഞാൻ ഇന്ന് വരില്ലെന്ന്..നീ വീട്ടിൽ പോയി പറയണം..എന്തെങ്കിലും നുണ പറഞ്ഞോ..അത് നിന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. ല്ലെ.." നാവു കുഴഞ്ഞു കൊണ്ട് അത്രേം പറഞ്ഞൊപ്പിച്ചു.ദത്തൻ.
"എടാ...നീ ഇന്നും പൂസായി അല്ലേ?ഞാൻ ഇത് നിന്റെ വീട്ടിൽ പറയും.എവിടെയോ കിടക്കുന്ന പെണ്ണിനെ ചൊല്ലി ഒരുത്തൻ കുടിച്ച് ചാകാൻ ഇറങ്ങിയിരിക്കുന്നു. ഇതിന് ഞാൻ കൂട്ട് നിൽക്കില്ല.നിന്റെ സുഹൃത്ത് ഒക്കെ തന്നെയാണ്.പക്ഷേ ഇതിന് ഞാൻ കൂടെ ഇല്ല.എന്നെ വിട്ടേക്ക്. താൻ തന്നെ പറഞ്ഞാല് മതി ."
പറഞ്ഞു കൊണ്ട് ഫോൺ വെച്ചു ഗോപു.
"ഈശ്വരാ.. ഇന്ന് മുല്ലശ്ശേരിക്കാരോട് എന്തു നുണ പറയും? എന്നും എറണാകുളം സൈറ്റിൽ പോയി എന്ന് പറയാൻ പറ്റുമോ പോരാത്തതിന് കാറിലും അല്ല ദത്തൻ പോന്നത്.. ഫോണിനെ ഒരു സ്വൈര്യവും ഉണ്ടാവില്ല ഏഴുമണി കഴിഞ്ഞാൽ.. എല്ലാവരെയും നുണ പറഞ്ഞ് വിശ്വസിപ്പിക്കാം.. പക്ഷേ ഒരു ചീള കടു ഉണ്ട്.. ദേവൂട്ടി. എന്തു നുണ പറഞ്ഞാലും കൈയോടെ അവള് പൊക്കും. എന്തു മന്ത്രവാദമാണ് പെണ്ണിന് എന്നറിയില്ല.. ഇവന്റെ ഒടുക്കത്തെ പ്രേമം കാരണം ഞാൻ പാപങ്ങൾ വാങ്ങി കൂട്ടുകയാണല്ലോ ഈശ്വരാ.." ഗോപു തനിയെ ഇരുന്ന് പറഞ്ഞു.
ഒന്നുകൂടി വിളിച്ചു നോക്കട്ടെ കാലമാടനെ..ഫോൺ ഓഫാക്കിയോ എന്തോ.. ഗോപു ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് കിട്ടിയത്. ഇത് എന്നെ കുരിശിൽ കയറ്റാനുള്ള പരിപാടി തന്നെയാണ്.പോയി നോക്കാം.ജോലി വേഗം തീർത്തിട്ട്. ഗോപു പെട്ടെന്ന് ജോലികൾ ചെയ്തുതീർക്കാൻ തുടങ്ങി.
ഫോൺ സ്വിച്ച് ഓഫ് ആക്കി ദേവദത്തൻ.
വീണ്ടും മദ്യഗ്ലാസ് നുരഞ്ഞു പൊങ്ങി. റൂ ബോയ് വന്ന് കഴിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു.വേണ്ടെന്ന് ദത്തൻ പറഞ്ഞു..ഇപ്പോ കഴിച്ചാൽ ഒന്നും ഇറങ്ങില്ല. അത് നന്നായി അറിയാം അവന്. മദ്യ കുപ്പി കാലിയായി..ബെഡിൽ കുഴഞ്ഞു വീഴുമ്പോൾ,അവന്റെ കണ്ണുകൾ നിറഞ്ഞു. യാമി ഞാൻ ആഗ്രഹിക്കുന്ന നിമിഷം എൻറെ മുൻപിൽ ഉണ്ടാവുമെന്ന് പറഞ്ഞു പോയതല്ലേ നീ... നിന്നെ ആഗ്രഹിക്കാത്ത ഒരു നിമിഷം പോലുമില്ല..എന്നിട്ടും..നീ...അവന്റെ വാക്കുകൾ ഇടറി പോയി..വിരഹത്തിന്റെ വേദന അവന്റെ ഹൃദയത്തെ കീറിമുറിച്ചു.
"മോളെ നീ കാവശേരി തന്നെ ജോലിക്ക് പോകണം എന്ന് പറയുന്നത് എന്തിനാ..നിനക്ക് ഇവിടെ ട്രൈ ചെയ്തു കൂടെ?"
യമുന ചോദിച്ചു.
"അമ്മേ ചേച്ചി അവിടെ ആരെയോ കണ്ട് വെച്ചിട്ടുണ്ട്..അതാണ് അവിടെ പോകണം എന്ന് പറയുന്നത്."
നമി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
"ദേ പെണ്ണേ വലിയ വായിൽ ഓരോന്ന് പറഞ്ഞാല് നിന്റെ തലയ്ക്ക് കിഴുക്ക് തരും ഞാൻ.."
മുടി വിടർത്തി ഇട്ടു കൊണ്ട് യാമി പറഞ്ഞു.
"അമ്മേ..പാലക്കാട് ഫസ്റ്റ് ചോയ്സ് കൊടുത്താൽ എളുപ്പമാണ് ജോലി കിട്ടാൻ.അതാണ്.പിന്നെ എനിക്ക് ഞാൻ പഠിച്ച സ്കൂളിൽ ജോലി കിട്ടണം എന്നത് വലിയ ആഗ്രഹമാണ്.അവിടെ പ്ലസ് ടു പഠിപ്പിക്കുന്നത്, അവിടത്തെ പൂർവ്വ വിദ്യാർത്ഥി ആണെന്ന് പറയുന്നത് ഒരു അഭിമാനം അല്ലേ.."
"പിന്നെ..ഇത്ര ദൂരം പോയി..പഠിപ്പിക്കാൻ വട്ടാണ്.എന്തായാലും പോയി വരാൻ പറ്റില്ല.സ്ഥിരമായി നിനക്ക് ജോലി കിട്ടില്ല അവിടെ.."
അമ്മ വീണ്ടും പറഞ്ഞു.
"അമ്മേ..എനിക്ക് ഒരു ലക്ഷ്യമുണ്ട്..അത് സമയം ആകുമ്പോൾ ഞാൻ പറയാം.എന്നെ തടയരുത്.ആദ്യം ഞാൻ പോയി സ്കൂളിൽ സംസാരിക്കട്ടെ..അവിടെ ഹോസ്റ്റൽ കാണും.പിന്നെ മുല്ലശ്ശേരിക്കാർ ഉണ്ടല്ലോ അവിടെ.. പേടിക്കാൻ ഒന്നുമില്ല."
അത് പറയുമ്പോൾ,അവളുടെ കണ്ണുകൾ തിളങ്ങിയത് ആരും കണ്ടില്ല.
"മോളേ.. മുല്ലശ്ശേരിക്കാർ നമ്മളോട് മന്യമായിട്ടാണ് പെരുമാറിയത്.എന്ന് വെച്ച് ബന്ധുക്കൾ ഒന്നുമില്ല അവർ.നിനക്ക് ഇപ്പോൾ എത്ര വയസ്സായി എന്ന് വല്ല വിചാരവും ഉണ്ടോ? പണ്ടത്തെപ്പോലെ കുട്ടി അല്ല നീ.. ശങ്കരമാമ കൊണ്ടുവന്ന ആലോചന നല്ലതാണെന്ന് അച്ഛൻ പറയുന്നു. അവരോട് കാണാൻ വരാൻ പറയട്ടെ."
അമ്മ പറഞ്ഞത് കേട്ട് യാമി ഒന്ന് ഞെട്ടി എങ്കിലും പുറമേ കാണിച്ചില്ല.
"ഞാൻ പറഞ്ഞല്ലോ ആദ്യം ജോലി..എന്നിട്ട്.."
ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് കണ്ട് യാമി റൂമിലേക്ക് നടന്നു. അവളുടെ കൈ കഴുത്തിൽ കിടന്ന മാലയുടെ അറ്റത്തെ ഏലസ്സില്‍ പിടിമുറുക്കി...
അത് പുറത്തു എടുത്തു ഒന്നു മുത്തിക്കൊണ്ട് അവള് ഒന്ന് പുഞ്ചിരിച്ചു.. സമയമായി ദേവേട്ടാ.. ഞാൻ വരുന്നു.. ദേവേട്ടന്റെ അരികിലേക്ക്..
(തുടരും)