ഭാഗം 5
യാമി റൂമിൽ എത്തി അവളുടെ വിരലുകൾ എലസ്സിൽ മുറുകി.ദേവേട്ടാ എനിക്കിനിയും പിടിച്ചു നിൽക്കാൻ കഴിയില്ല.വരേണ്ട സമയം ആയി.യാമി ദേവൻ്റെ ഓർമകളിൽ ബെഡിൽ കിടന്നു.അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.ദേവൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു കിടന്നു. വിളക്ക് വെക്കുന്ന സമയം ആയതു കൊണ്ട് തന്നെ പെട്ടന്ന് എഴുന്നേറ്റിരുന്നു യാമി.താഴെ അച്ഛൻ്റെ സംസാരം കേൾക്കുന്നുണ്ട്.അമ്മ അച്ഛനും ആയി ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ട്.ഇനി അച്ഛനോട് വിവാഹ കാര്യം പറഞ്ഞു തർക്കിക്കുന്നത് കേൾക്കാനും ഉണ്ട്.ഇനിയും ഇരുന്നാൽ ശരിയാകില്ല.യാമി മുഖം അമർത്തി തുടച്ചു കൊണ്ട് മുടി ഒതുക്കി കെട്ടി താഴേക്ക് ഇറങ്ങി.അച്ഛൻ റൂമിൽ ആണ് ഫ്രഷ് ആകാൻ കയറിയതായിരിക്കും. നമി വിളക്ക് വെക്കാനുള്ള ഒരുക്കത്തിൽ ആണ്.
"ചേച്ചി...ഇന്ന് നീ വിളക്ക് വെക്ക്. എത്ര ദിവസമായി നിൻ്റെ നാമ ജപം കേട്ടിട്ട്..പ്ലീസ്..ചേച്ചി."
വിളക്ക് തുടച്ചു മിനുക്കി കൊണ്ട് പറഞ്ഞു നമി.
"നീ തന്നെ വെച്ചാൽ മതി."
യാമി ദേഷ്യത്തിൽ പറഞ്ഞു നേരത്തെ അമ്മയുടെ ഒപ്പം കൂടി അവള് പറഞ്ഞ ദേഷ്യത്തിൽ പറഞ്ഞതാണ് യാമി.
"ഓ...വല്യ ജാഡയാന്നെങ്കിൽ വേണ്ട.." മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു നമി.
"മത്സരം ആണെങ്കിൽ രണ്ടുപേരും വയ്ക്കേണ്ട. ഈശ്വരാ കാര്യത്തിൽ വേണ്ട നിങ്ങളുടെ പോർ വിളി." അമ്മയുടെ സ്വരം അടുക്കളയിൽ നിന്നും ഉയർന്നു.
വിലേജ് ഓഫീസർ ആയ യതിന്ദ്രൻ സ്വന്തം അധ്വാനം കൊണ്ട് പണിത ഇരുനില വീടാണ് ചന്ദ്രകമലം. അത്യാവശ്യം സ്ഥലവും ഉണ്ട്. 40 സെൻ്റ് സ്ഥലവും വീടും. രണ്ടു പെൺമക്കൾ ആയതുകൊണ്ട് തന്നെ കുറച്ചു നീക്കിയിരിപ്പുണ്ട്.ഒരു ആൺകുട്ടി ഇല്ലല്ലോ തനിക്ക് ഒരു കൈ സഹായത്തിന്. അമ്മയും അനിയനും നാട്ടിലാണ് തറവാട്ട് വീട്ടിൽ. വിദേശത്ത് ആയിരുന്നു അനിയൻ അവിടുത്തെ ജോലി മതിയാക്കി പോന്നു.കൃഷിയും മറ്റുമായി ഇപ്പോ മുന്നോട്ട് പോകുന്നു.രണ്ട് ആൺ കുട്ടികൾ ആണ് അനിയൻ രാജേന്ദ്രന് ഭാര്യ സുനന്ദ.രണ്ട് മക്കളും എഞ്ചിനീയറിങ് പഠിക്കുകയാണ് ഒരാള് അവസാനം വർഷവും മറ്റൊരാൾ ആദ്യവർഷവും.അമ്മ വീട് വിട്ട് മാറി നിൽക്കില്ല.അതുകൊണ്ട് ഒഴിവ് ദിവസം കിട്ടിയാൽ നാട്ടിൽ പോകുകയാണ് പതിവ്. യമുനയുടെ വീട്ടിലും രണ്ട് പെൺമക്കളാണ്. യമുനയ്ക്ക് ഒരു അനിയത്തിയാണ് ഗംഗ. ഗംഗയുടെ ഭർത്താവ് വിദേശത്താണ് അതുകൊണ്ടുതന്നെ അമ്മയുടെ സഹായത്തിന് ഗംഗയാണ് നിൽക്കുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് ഗംഗക്ക് പഠിക്കുന്ന മക്കൾ.യമുന ഇടയ്ക്ക് പോകാറുണ്ട് വീട്ടിൽ ദൂര കൂടുതൽ ആയതുകൊണ്ട് പോക്ക് ചുരുക്കമാണ്. എം എ ബിഎഡ് കഴിഞ്ഞ് ടെസ്റ്റ് എഴുതുകയാണ് യാമിക.ലിസ്റ്റില് പേരും വന്നിട്ടുണ്ട്. താമസിയാതെ തന്നെ ജോലി കിട്ടും എന്ന് ഉറപ്പാണ്. പഠിക്കാൻ മിടുക്കിയാണ് യാമിക. ടീച്ചർ ആവുക എന്നതാണ് സ്വപ്നം. അതും പ്ലസ്ടുവിന് പഠിപ്പിക്കുന്ന ടീച്ചർ. താഴെ നമിക ബിഎസ്സി ഫിസിക്സ് ഫ്‌സ്റ്റ്ഇയർ. യാമിയുടെ വിവാഹ ആലോചനയാണ് നടക്കുന്നത്.
യതിന്ദ്രൻ കുളി കഴിഞ്ഞു വരുമ്പോൾ തന്നെ മുഖവും വീർപ്പിച്ചു പിടിച്ച് യമുന ഇരിക്കുന്നുണ്ട്.നമി ഉമ്മറത്ത് വിളക്ക് വെച്ച് അകത്തേക്ക് വന്നു. യാമി അച്ഛനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സെറ്റിയിൽ ഇരുന്നു. ഭാര്യയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് യതിന്ദ്രൻ രണ്ട് പെൺമക്കളെയും മാറി മാറി നോക്കി.സംഗതി ഗൗരവമുള്ളതാണെന്ന് മനസ്സിലായി അയാൾക്ക്.
യാമി അച്ഛനെ നോക്കാതെ ടിവിയിൽ വാർത്ത വായിക്കുന്നത് ശ്രദ്ധിച്ചു.
"എന്താടോ താൻ ഒന്നും മിണ്ടാത്തത്?" ഭാര്യയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു അയാൾ.
"ഏട്ടൻ മക്കളുടെ താളത്തിന് നിൽക്കുന്നതുകൊണ്ടാണ് അവർക്ക് ഇത്ര അഹങ്കാരം. പെൺകുട്ടികളാണെന്ന് ഒരു വിചാരം പോലുമില്ല.!! യാമിക്ക് എത്ര വയസ്സായി എന്നറിയാമോ?"
ഭാര്യ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചപ്പോൾ, യതിന്ദ്രൻ ഒന്നും മനസ്സിലാകാത്ത രീതിയിൽ അവളെ നോക്കി.
"എനിക്ക് അറിയാം..ഇപ്പോ എന്താ നിൻ്റെ പ്രശ്നം?" ചായ കുടിച്ചു കൊണ്ട് ചോദിച്ചു അയാൾ.
"ശങ്കരമാമ പറഞ്ഞ ആലോചനയുമായി മുന്നോട്ടു പോകാം. എന്നാണ് എൻ്റെ അഭിപ്രായം. അടുത്തമാസം ഇവൾക്ക് 25 വയസ്സ് തികയും. ഇനിയെന്നാണ്? രണ്ടു പെൺകുട്ടികളും കല്യാണ പ്രായമായവരാണ്. ജോലി കിട്ടുക എന്നതൊക്കെ ഭാഗ്യം പോലെയിരിക്കും. ഗവൺമെൻറ് ജോലി കിട്ടാൻ കാത്തിരുന്നിട്ടല്ലേ? ഏതെങ്കിലും പ്രൈവറ്റ് സ്കൂളിൽ പോയാലും ജോലി കിട്ടില്ലേ? ഗവൺമെൻറ് ജോലി കാത്തിരുന്ന് എന്ന് കിട്ടാനാണ്.? അതുവരെ വിവാഹം വേണ്ടെന്ന് വെക്കാനാണോ തീരുമാനം.?"
ഭാര്യ പറയുന്നതിലും കാര്യമുണ്ടെന്ന് മനസ്സിലായി അയാൾക്ക്.
യാമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് കയറുന്നുണ്ട്.അച്ഛൻ അവളെ ഒന്ന് നോക്കി കൊണ്ട് എഴുന്നേറ്റു.
"മോളെ യാമി അമ്മ പറയുന്നതിലും കാര്യമുണ്ട്. ഇന്നത്തെ കാലത്ത് ഗവൺമെൻറ് ജോലി കിട്ടുക എന്നത് പ്രയാസം തന്നെയാണ് റാങ്ക് ലിസ്റ്റിൽ പേരുള്ളതുകൊണ്ട് ജോലി എന്തായാലും കിട്ടും. അവർ വന്നിട്ട് കണ്ടിട്ട് പോകട്ടെ. കല്യാണം കഴിഞ്ഞാലും ജോലിക്ക് പോകാമല്ലോ? ചെറുക്കനു ഗവൺമെൻറ് ജോലിയാണ്. തരക്കേടില്ലാത്ത ചുറ്റുപാടും. രണ്ട് ആൺമക്കളിൽ ഇളയവനാണ്. മൂത്തവൻ വിവാഹം കഴിഞ്ഞ് സെറ്റിലാണ് ദുബായിൽ. ഫാമിലിയും അവിടെത്തന്നെ. അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു. അമ്മ റിട്ടയേഡ് ടീച്ചറും. എന്തുകൊണ്ടും നമുക്ക് യോജിച്ച ബന്ധമാണ്. ഇങ്ങോട്ട് അന്വേഷിച്ചു വന്നതല്ലേ? നല്ലതാണെന്ന് തോന്നുന്നു എനിക്കും."
അച്ഛനും കൂടി അമ്മയുടെ ഒപ്പം നിന്നപ്പോൾ, തൻ്റെ എതിർപ്പുകൾ വിഫലമാകുമോ എന്ന് തോന്നി അവൾക്ക്.
"ജോലി കിട്ടിയിട്ട് മാത്രേ വിവാഹം കഴിക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ, അച്ഛൻ സമ്മതിച്ചതായിരുന്നല്ലോ? ഇപ്പോൾ ലിസ്റ്റ്റിൽ പേരുമുണ്ട്. എന്തായാലും അധികം താമസിയാതെ ജോലി കിട്ടും. പിന്നെ കാവശ്ശേരിയിൽ ഒരു വർഷം എങ്കിലും ജോലി ചെയ്യണമെന്ന് എൻ്റെ ഒരു ആഗ്രഹമാണ്. ഗവൺമെൻറ് ജോലി എവിടെയാണ് കിട്ടുക എന്ന് അറിയില്ല. ഓപ്ഷൻ പാലക്കാട് തന്നെയാണ് ഞാൻ കൊടുത്തിരിക്കുന്നത്. പ്ലസ് ടു പഠിച്ച സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുക എന്നത് എൻ്റെ സ്വപ്നമാണ്. അച്ഛൻ എതിര് പറയരുത്. എനിക്കൊരു ലക്ഷ്യമുണ്ട്. കാവശ്ശേരിയിൽ പോകുന്നത് വരെ അത് പറയാൻ പറ്റില്ല. അധികം താമസിയാതെ ഞാൻ എല്ലാവരോടും പറയാം. അതുവരെ ഈ വിവാഹാലോചന നിർത്തിവയ്ക്കണം." പരമാവധി താഴ്ന്നുകൊണ്ട് പറഞ്ഞു യാമിക
"അത് അച്ഛാ ചേച്ചിയുടെ ഒരു ആഗ്രഹമല്ലേ.. എനിക്കും ഒന്ന് പോകണമെന്നുണ്ട്. കാവശ്ശേരിയിൽ. മുല്ലശ്ശേരിയിലേക്ക്. ദേവൂട്ടിക്ക് ഓർമ്മയുണ്ടോ എന്തോ.."
നമി കൂട്ടുകാരിയായ ദേവനന്ദയെ ഓർത്തു കൊണ്ട് പറഞ്ഞു.
"ശരി നിൻ്റെ ആഗ്രഹം നടക്കട്ടെ. കാവശ്ശേരി ഇൻറർവ്യൂവിന് നമുക്ക് പോകാം. ഒരു വർഷം മാത്രം അത് കഴിഞ്ഞാൽ നീ ഞങ്ങൾ പറയുന്നത് അനുസരിക്കണം. സമ്മതമാണെങ്കിൽ നമുക്ക് ഞായറാഴ്ച അവിടെ പോകാം."
അച്ഛൻ പറഞ്ഞപ്പോൾ ആശ്വാസമായി അവൾക്ക്. രണ്ടുദിവസം.. രണ്ട് യുഗം പോലെ ആയിരിക്കും തനിക്ക്.. ദേവേട്ടന്റെ അടുത്തെത്താൻ. അവളുടെ മനസ്സിൽ സന്തോഷം തിര തല്ലി.
"ഇപ്പോ അച്ഛനും മക്കളും ഒന്നായി.. ഞാൻ പുറത്ത്."
യമുന ദേഷ്യത്തിൽ പറഞ്ഞു.
"താൻ ചൂടാകാതെ മക്കളുടെ ആഗ്രഹം അല്ലേ നമ്മുടെ സന്തോഷം. ഒരുവർഷം. അതുകൂടി കഴിയട്ടെ."
ഭർത്താവ് തീരുമാനം പറഞ്ഞപ്പോൾ, അതിനു നേരെ ഒന്നും പറയാൻ കഴിയില്ല എന്ന് മനസ്സിലായി അവർക്ക്.
യാമി അച്ഛനെ വട്ടം പിടിച്ചു കൊണ്ട് കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.
"താങ്ക്സ് അച്ഛാ..." പറഞ്ഞു കൊണ്ട് ഓടി റൂമിലേക്ക്.
"ഈ ചേച്ചിക്ക് എന്ത് പറ്റി?" നമി ആലോചിച്ച് നിന്നു.
"പോയി പഠിക്കാൻ നോക്കടി."
അമ്മ ചൂടായി പറഞ്ഞപ്പോൾ, അവളും റൂമിലേക്ക് പോയി.
ഇതേ സമയം ഹോട്ടലിൽ ദേവന് കാവൽ ആയി ഇരിക്കുകയാണ് ഗോപു.
"എന്നാലും ഇത്ര അടിച്ച് കിണ്ടി ആയ ഇവനെ മുല്ലശ്ശേരിയിലേക്ക് കൊണ്ടുപോയാൽ പച്ചക്ക് കത്തിക്കും തന്നെ അവിടെയുള്ളവർ. ഈ അവസ്ഥയിൽ ഇവനെ തനിച്ചാക്കി പോകാനും കഴിയില്ല. എന്തായാലും വിളിച്ചു പറയാം. താനും എറണാകുളത്തേക്ക് പോയി എന്ന്." ഫോണെടുത്ത് കുറച്ചു മാറിനിന്നു വിളിച്ചു ഗോപു.
അച്ഛനെയാണ് വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ, ശരി എന്നു പറഞ്ഞു അങ്കിൾ.
"ഒക്കെ അങ്കിൾ നാളെ ഞങ്ങൾ വരും."
പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ ഫോൺ വെച്ചു അവൻ.
ഒരു കടമ്പ കഴിഞ്ഞു ഇനി തന്റെ വീട്ടിലേക്ക്. അമ്മയുടെ ചോദ്യമാണ് സഹിക്കാൻ കഴിയാത്തത്.. അതുകൊണ്ട് അച്ഛനെ വിളിച്ച് തന്നെ പറയാം.. അമ്മ സീരിയലിൽ ഒഴുകി കരഞ്ഞു കൊണ്ടിരിക്കുകയായിരിക്കും..മനസ്സിൽ ഓർത്തു കൊണ്ട് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഗോപു. പ്രതീക്ഷിച്ചതു പോലെ അച്ഛൻ തന്നെയാണ് ഫോൺ എടുത്തത്. കാര്യം പറഞ്ഞു ഫോൺ വെച്ചു അവൻ.
കുടിച്ച് ബോധം ഇല്ലാതെ കിടക്കുന്ന കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പ് പോലെയായ കൂട്ടുകാരനെ കണ്ടപ്പോൾ, അവൻ്റെ ഉള്ളം വേദനിച്ചു. എവിടെയാണ് എന്താണെന്നറിയാത്ത ഒരുവളെ ഓർത്താണ് ഇവിടെ ഒരുത്തൻ കുടിച്ചു നശിക്കുന്നത്.. ഓർക്കുമ്പോൾ വേദന തോന്നി അവന്.. ബെഡിൽ വിലങ്ങനെ കിടക്കുന്ന ദേവനെ നേരെ കിടത്തി അവൻ.. അപ്പോഴും അബോധാവസ്ഥയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ദേവൻ
ഗോപു താഴെ പോയി ഭക്ഷണം കഴിച്ച് വന്നു. ലൈറ്റ് ഓഫ് ആക്കി കിടന്നു അവനും. അന്നത്തെ രാത്രിയും വിട വാങ്ങി.നേരത്തെ എഴുന്നേറ്റ ദേവന് തല വെടി പൊളിയുന്ന വേദനയുണ്ടായിരുന്നു. അടുത്തുകിടക്കുന്ന ഗോപുവിനെ കണ്ടപ്പോൾ, അൽഭുതം തോന്നി അവന്.
"ഇവൻ ഇന്നലെ ഇവിടെയാണോ കിടന്നത്? അപ്പോൾ മുല്ലശ്ശേരിയിൽ പോയി വിവരം പറഞ്ഞില്ലായിരിക്കുമോ.? ഡാ... എഴുന്നേൽക്കെടാ.."
ഉറക്കെ ഗോപുവിനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു ദേവൻ.
വിളി കേട്ട് ഞെട്ടി ഉണർന്നു ഗോപു.
"മനുഷ്യനെ ഉറങ്ങാനും വിടില്ല.."
കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചു അവൻ.
"ഡാ ഇന്നലെ നീ വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ലേ?" ദേവൻ ചോദിച്ചു.
"അതൊക്കെ ഞാൻ പറഞ്ഞു. നിന്റെ കൂടെ ഞാനും ഇപ്പോൾ എറണാകുളത്ത് അല്ലേ?" വീണ്ടും കിടന്നു കൊണ്ട് പറഞ്ഞു ഗോപു.
"ഓ അത് ശരി. അപ്പോൾ കാലത്ത് ഓഫീസിൽ പോകാനുള്ള ചാൻസ് ഇല്ല അല്ലേ? എറണാകുളത്തു നിന്നും തിരിച്ചു വരണ്ടേ?" ഗോപുവിനെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു ദേവൻ.
"അതെ നേരത്തെ എറണാകുളത്തു നിന്ന് പോന്നാൽ കഷ്ടി മൂന്നു മണിക്കൂറിനുള്ളിൽ പാലക്കാട് എത്തും. അതുകൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ പുറപ്പെടാം. നിന്നെ ഇവിടെ നിർത്തി പോയാൽ, നീ ഇന്നും കുടിച്ചു ബോധമില്ലാതെ ഇരിക്കും. അലൈൻ ഗ്രൂപ്പുമായുള്ള മീറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ്. കിട്ടിയാൽ ഗോൾഡൻ ചാൻസാണ്. കൃഷ്ണ ബിൽഡേഴ്സ് എന്ന നമ്മുടെ സ്ഥാപനത്തിന്. അതുകൊണ്ട് പൊന്നുമോൻ ഇനിയും മോങ്ങി ഇരിക്കണ്ട. കുറച്ചുകൂടെ കഴിഞ്ഞാൽ നമുക്ക് ഇറങ്ങാം." ഗോപു പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.
" ഇവനെ എൻ്റെ കൂട്ടുകാരൻ ആക്കാൻ ഏത് നേരത്താന്നോ തോന്നിയത്...ബാധ കൂടിയത് പോലെ കൂടി ഇരിക്കുകയല്ലേ?" ദേവൻ സ്വയം പറഞ്ഞു.
"അതെ.... അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് നീ ഇപ്പോൾ ഈ പരുവത്തിൽ ഇരിക്കുന്നത്. ഇല്ലെങ്കിൽ വല്ല മെന്റൽ ഹോസ്പിറ്റലിലും ആയേനെ ഇപ്പോൾ. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് എൻ്റെ കൂടെ കൂടിയപ്പോൾ നിൻ്റെ അവസ്ഥ."
ഗോപു സ്വയം ചിരിച്ചു കൊണ്ട് പറഞ്ഞു
"ഡാ.. ഒരു ലെമൺ ടീ കൊണ്ടുവരാൻ പറ വല്ലാത്ത തലവേദന."
നെറ്റിയിൽ ഇരു കൈകൊണ്ടും പിടിച്ചുകൊണ്ട് പറഞ്ഞു ദേവൻ.
"എന്തിനാ ലെമൺ ടീ? ഇന്നലെ കഴിച്ചതിന്റെ ബാക്കി ഇരിപ്പുണ്ട്.. ഒരു ലേശം. അത് എടുക്കാം. അതാകുമ്പോൾ പെട്ടെന്ന് തലവേദന മാറും."
പരിഹസിച്ചു കൊണ്ട് പറഞ്ഞു ഗോപു.
"എടാ.. കാലത്ത് തന്നെ എന്റെ വായിലിരിക്കുന്നത് കേൾക്കാതെ."
ദേവൻ ദേഷ്യപ്പെട്ടപ്പോൾ എഴുന്നേറ്റു ഗോപു.ഫോൺ എടുത്തു വിളിച്ചു പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ടീ വന്നു.കുടിച്ചപ്പോൾ ചെറിയ ആശ്വാസം തോന്നി അവന്.
നേരത്തെ തന്നെ ഉണർന്നു യാമി.ക്ഷേത്രത്തിൽ പോകണം എന്ന് തോന്നി അവൾക്ക്.നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ ക്ഷേത്രത്തിലേക്ക്.അതുകൊണ്ട് തന്നെ നമിയെ വിളിച്ചില്ല അവള്.സെറ്റ് സാരി ഉടുത്ത് ഒരുങ്ങി താഴേക്ക് വരുമ്പോൾ അമ്മ അടുക്കളയിൽ കയറുന്നതേ ഉള്ളൂ.സെക്കൻ്റ് സാറ്റർഡേ ആയതു കൊണ്ട് പോകണ്ട അതാണ് അമ്മ എഴുനേൽക്കാൻ വൈകിയത്.
"നീ ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ."
തലേ ദിവസത്തെ ദേഷ്യം ഒന്നും അമ്മയ്ക്ക് ഇല്ല ഇപ്പോ എന്ന് മനസ്സിലായി അവൾക്ക്.
"വേണ്ട അമ്മേ ഞാൻ പോയിട്ട് വരാം..നിർമാല്യം തൊഴാൻ ആണ്."
പറഞ്ഞു കൊണ്ട് വേഗത്തിൽ പോകാൻ ഇറങ്ങി യാമി.
"സൂക്ഷിച്ച് പോകണം കേട്ടോ.." അമ്മ പിന്നാലെ വന്ന് ഓർമ്മപ്പെടുത്തി.
" ശരി അമ്മേ.."
പറഞ്ഞു കൊണ്ട് വേഗത്തിൽ നടന്നു അവള്.
(തുടരും)