mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അഴിയുന്ന ചുരുളുകൾ 

ബെഡ് ലാംബിൻ്റെ നേർത്ത അരണ്ട വെളിച്ചം. അപ്പുറത്ത് ട്രീസ ഉറങ്ങുന്നു. ഞാൻ എഴുത്തു മേശക്കരികിലെ കസേരയിൽ ഇരുന്നു. ട്വൂബ് ലൈറ്റ് ഓഫ് ചെയ്ത് സ്റ്റഡി ലാംബ് ഓൺ ചെയ്ത് പേപ്പറെടുത്തു. എഴുതാനിരുന്നു.

"ടു എസ്. ഐ ...

ഞാൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഞാൻ ഈ കത്ത് എഴുതുന്നതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇത്തരമൊരു എഴുത്ത് എഴുതേണ്ടി വന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് ഞാൻ വിശദമായി വിവരിക്കാം. ആദ്യമേ തന്നെ എഴുതട്ടെ കഴിഞ്ഞ മാസം 30-ാം തീയതി - കായൽ പരിസരത്ത് ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ശിരസ്സുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വിശദീകരിക്കുവാനാണ് ഈ കത്ത്. ആ സംഭവവുമായി ബന്ധപ്പെട്ട് നിങ്ങൾ അന്വേഷണത്തിലാണെന്നും ഏറെക്കുറെ ആ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിച്ചത്തു കൊണ്ടുവരുമെന്നും എനിക്കുറപ്പുണ്ട്. അങ്ങിനെയായിരിക്കെ ഈ കത്തിൻ്റെ പ്രസക്തി എന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിതാണ്. നിങ്ങളുടെ അന്വോഷണത്തിൽ നിന്നും എൻ്റെ അന്വേഷണങ്ങളെ വേർതിരിച്ചു നിർത്തുന്ന കണ്ണി. അതെ ഞാൻ ഒരു ദൃക്സാക്ഷിയാണ്. മനുഷ്യ ശിരസ്സ് ഉൾക്കൊണ്ട ചാക്കുകെട്ട് കൊണ്ടുവന്ന വ്യക്തികളെ ഞാൻ കണ്ടതാണ്! അതെ. ഞാൻ ഒരിക്കലും മറക്കാത്ത മുഖം. ആ ദാരുണ കൃത്യത്തിലേക്ക് നയിച്ച സംഭവപരമ്പരകൾ വിശദമാക്കണമെങ്കിൽ ഏതാനും വർഷങ്ങൾക്കു മുൻപുള്ള കാലഘട്ടത്തിലേക്ക് പോകേണ്ടി വരും. ഞാനവ താഴെ ചേർക്കുന്നു.

അരി മില്ലു നടത്തിപ്പുകാരനായ സുരേന്ദ്രന് നാലു മക്കൾ. രണ്ടു പെണ്ണും രണ്ടാണും. അതിൽ രണ്ടു പേർ ഇരടകൾ. ജയയും, ഭാരതിയും. മൊബെൽ ഫോണുകൾ പ്രചുരപ്രചാരം നേടിയിരുന്ന ആദ്യ കാലം. ഇരട്ട സഹോദരിമാരും ഫോൺ കരസ്ഥമാക്കി. ഒരിക്കൽ സഹോദരിമാരിലൊരാൾ അവരെ ഭാരതി എന്നു വിളിക്കാം.  ഫോൺ സർവ്വീസിനു വേണ്ടി ടൗണിലെ ഒരു മൊബെൽ ഫോൺ ഷോപ്പിലെക്കു പോയി. അവരുടെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമായിരുന്നു. മൊബെൽ സർവ്വീസ് സെൻ്ററിൻ്റെ ഉടമ ഒരു തികഞ്ഞ സ്ത്രീജിതനായിരുന്നു. അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ തമിഴ്നാട്ടിൽ നിന്നും വന്നതായിരുന്നു അയാൾ. പേര് രാജേന്ദ്രൻ. മൊബെൽ സർവ്വീസ് സെൻറർ തുടങ്ങിയതിനു പിന്നിലെ ചേതോവികാരവും സ്ത്രീവിഷയ താത്പര്യം മാത്രമായിരുന്നു. ഭാരതിക്ക് അയാൾ മൊബെൽ സർവ്വീസ് ചെയ്തു കൊടുത്തു. ഒപ്പം അവരുടെ ഫോൺ നമ്പർ തന്ത്രപൂർവ്വം അയാൾ കരസ്ഥമാക്കി. പതിവുപോലെ സ്ഥിരം ഫോൺ വിളിയായി പ്രണയാഭ്യർത്ഥനയായി ഒടുവിൽ വിവാഹ വാഗ്ദാനമായി. അയാളുടെ എണ്ണമില്ലാത്ത ഇരകളിലൊരാളാണ് താനെന്ന് ഭാരതി അറിഞ്ഞില്ല. രാജേന്ദ്രനെ പൂർണ്ണമായും വിശ്വസിച്ച അവർ പൂർണ്ണമായും അയാൾക്ക് വഴിപ്പെടുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാജേന്ദ്രൻ ഭാരതിയെ ഒഴിവാക്കാനുള്ള ശ്രമമായി. മറ്റൊരു ഇരയെ അപ്പോഴേക്കും അയാൾക്ക് ലഭിച്ചിരുന്നു.

ഈയൊരു പ്രതിസന്ധിയെ അവർ എങ്ങിനെ തരണം ചെയ്തുവെന്ന് നിശ്ചയമില്ല. പിന്നീട് അവരെ കാണുന്നത് വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനിയായിട്ടാണ്‌. ബേക്കറി ബിസിനസ്സുകാരനായ വേലുച്ചാമിയെ അവർ വിവാഹം കഴിച്ചിരുന്നു. രാജേന്ദ്രനാകട്ടെ  ഓരോ പ്രശ്നങ്ങളിൽ പെട്ട് നാടു വിട്ടു പോയിരുന്നു. സ്നേഹസമ്പന്നനായ വേലുച്ചാമിയുടെ തണലിൽ സമാധാനപൂർണ്ണമായ ഏതാനും  വർഷങ്ങൾക്കു ശേഷം വീണ്ടും ശപിക്കപ്പെട്ട ഒരു ദിവസം ഭാരതിക്കു മുന്നിൽ വന്നെത്തി. ബേക്കറി പലഹാരങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ വേലുച്ചാമിക്കു പോകേണ്ടതിനാൽ ബേക്കറിയിലെ ക്യാഷ് കൗണ്ടറിൽ ഭാരതിക്കു ഇരിക്കേണ്ടതായി വന്നു. ആ ശപിക്കപ്പെട്ട ദിവസത്തെ ബേക്കറിയിലെ ഒരു ഉപഭോക്താവ് രാജേന്ദ്രനായിരുന്നു. ഭാരതിയെ കണ്ടതും വിഷയലമ്പടനായ അയാളിൽ വീണ്ടും ത്വര തിരതല്ലി. കമാവേശം മൂത്ത അയാൾ ഭാരതിയെ അയാൾ താമസിക്കുന്ന ലോഡ്ജിലേക്ക് ക്ഷണിച്ചു. കഴിഞ്ഞതെല്ലാം മറക്കണമെന്നും സമാധാനപരമായ കുടുംബ ജീവിതം നയിക്കുകയാണെന്നും ഒരിക്കൽ നശിപ്പിച്ച ജീവിതം ഇനിയും നശിപ്പിക്കല്ലെന്ന അവളുടെ യാചന അയാൾ ചെവികൊണ്ടില്ല. അയാളുടെ ആഗ്രഹത്തിനു തടസ്സം നിന്നാൽ വേലുച്ചാമിയോട് പഴയ ബന്ധവും മറ്റുമെല്ലാം പറയുമെന്നായിരുന്നു അയാളുടെ ഭീഷണി . തെളിവായി ഭാരതിയൊടൊന്നിച്ചുള്ള ഫോട്ടോയും വീഡിയോയും അയാൾ മൊബെലിൽ ഭാരതിക്കു കാണിച്ചു കൊടുത്തു. നിസ്സഹായയായ അവൾ ഒരു വിധം അയാളെ തിരിച്ചയച്ചു. പിറ്റേന്നും അയാൾ വന്ന് ശല്യപ്പെടുത്താനാരംഭിച്ചു. സഹികെട്ട് അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങാമെന്ന് അവൾ രാജേന്ദ്രന് വാക്കു നല്കി. ആ രാത്രി ഏറെ നേരം അവർ ചിന്തിച്ചു.  ജീവിതകാലം മുഴുവൻ തൻ്റെ ജീവിതത്തിൽ രാജേന്ദ്രൻ ഉപദ്രവം തുടരുമെന്ന് അവൾക്കു തോന്നി. ജീവിതത്തിലെ ആത്മഹത്യയോടടുത്ത പ്രതിസന്ധി നല്കി ഒരു വിധം അതിൽ നിന്നും കരകയറ്റി കുടുംബ ജീവിതം നയിക്കുന്ന തന്നെ വീണ്ടും ഉപദ്രവിക്കാനൊരുങ്ങുന്ന രാജേന്ദ്രനോടവൾക്ക് കടുത്ത പക തോന്നി. ആ രാത്രി മയങ്ങുന്ന വേളയിൽ അവളൊരു ഉറച്ച തീരുമാനം കൈകൊണ്ടിരുന്നു. ഏതുവിധേനെയെങ്കിലും രാജേന്ദ്രനെ ഇല്ലാതാക്കുക. അതോടു കൂടി തന്നെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം തീരും.

ഭർത്താവിനെ കൂടി ഉൾക്കൊള്ളിച്ച് ഒരു പദ്ധതി അവൾ ആസൂത്രണം ചെയ്തെങ്കിലും നിഷ്കളങ്കനും പരമസാധുവുമായ വേലുച്ചാമിക്ക് ഇത്തരം കൃത്യം ചെയ്യുവാനുള്ള മനക്കരുത്ത് ഇല്ലെന്ന് അവൾക്ക് വ്യക്തമായിരുന്നു. മാത്രമല്ല ഒരാളെ വധിക്കേണ്ടതായ കാരണം എങ്ങിനെ ഭർത്താവിനെ പറഞ്ഞു ധരിപ്പിക്കും എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. അങ്ങിനെ തൻ്റെ പദ്ധതി നടപ്പാക്കാനുള്ള പല വിധ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് ബേക്കറിയിലെ പ്രധാന ജോലിക്കാരനായ സുരൻ ഒരാവശ്യവുമായി ഭാരതിയെ സമീപിച്ചത്. അയാളുടെ ഭാര്യയുടെ ചികിത്സക്കായി ഒരു വലിയ തുക ആവശ്യമെന്നും മുതലാളി വേലുച്ചാമിയോട് പറഞ്ഞപ്പോൾ ചെറിയ ഒരു തുക മാത്രമാണ് നല്കിയതെന്നുമായിരുന്നു സുരൻ്റെ പരിവേദനം. ആ ചെറിയ തുകക്ക് ചികിത്സ നടക്കില്ലെന്നും ബാക്കി തുക വല്ലവിധവും തന്നു സഹായിക്കണമെന്നുമായിരുന്നു സുരൻ്റെ അഭ്യർത്ഥന. ഈയൊരു അവസരം തൻ്റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള നല്ലൊരു അവസരമായി ഭാരതി കണ്ടു. സുരനെ സഹായിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ച അവർ ഒരു പദ്ധതി ആസൂത്രണം ചെയ്തു. രാജേന്ദ്രനെ ഏതു വിധേനയും കൊലപ്പെടുത്തുക എന്ന പദ്ധതി.

സുരൻ്റെ സാമ്പത്തിക അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അയാളെക്കൊണ്ട് കൃത്യം നടത്തിക്കാനായിരുന്നു അവർ ആസൂത്രണം ചെയ്തത്. ആ പദ്ധതി മനസ്സിലാക്കിയ സുരൻ പരമാവധി എതിർപ്പു പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സമാധാനം കെടുത്തിയതിനാൽ അയാൾ സമ്മതം മൂളി. സുരനു മുന്നിൽ താൻ നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ രൂപരേഖ ഭാരതി അവതരിപ്പിച്ചു. അതിപ്രകാരമായിരുന്നു. രാജേന്ദ്രൻ താമസിക്കുന്നിടത്ത് വരാനുള്ള പ്രയാസം അയാളെ അറിയിച്ച് രാത്രിയിൽ  ബേക്കറിയിലേക്ക് വരുത്തുക. തുടർന്ന് ബേക്കറിക്കടുത്തുള്ള ഗോഡൗണിലേക്ക് സമാഗമനത്തിന് ഇടം കൊടുക്കുക. അവിടെ വച്ച് മദ്യം നല്കി  മയക്കത്തിലാക്കി സുരൻ്റെ സഹായത്തോടെ കൊലപ്പെടുത്തുക. ഭയാശങ്കകളോടെ ഭാരതിയുടെ നിർദ്ദേശങ്ങൾ സുരൻ സമ്മതിച്ചു. തുടന്ന് ബേക്കറി സാമഗ്രികൾ വാങ്ങാൻ വേലുച്ചാമി കർണാടകയിൽ പോകുന്ന ദിവസങ്ങൾക്കായി ഭാരതി കാത്തിരുന്നു. ഒടുവിൽ ആ ദിനം വന്നെത്തി. സ്ഥലകാലബോധം നഷ്ടപ്പെട്ട് കാമാതുരനായി മാറിയ രാജേന്ദ്രനെ ഭാരതി സ്നേഹപൂർവ്വം ഗോഡൗണിലേക്ക് നയിച്ചു. മധുചഷകം നല്കി ഉൻമത്തനാക്കി. പകയുടേയും പ്രതികാരത്തിൻ്റേയും തിരിച്ചുഴിയിൽ ആഴ്ന്ന ഭാരതി കൊലപാതകം നടത്തുന്നതിനായുള്ള പറ്റിയ സമയത്തിനായി ക്ഷമാപൂർവ്വം കാത്തിരുന്നു. ഗോഡൗണിൽ തൽസമയം പതുങ്ങിയിരുന്നിരുന്ന സുരൻ, ഭാരതി ഉടൻ തന്നെ രാജേന്ദ്രനെ കൊല ചെയ്യാൻ നിർബന്ധിച്ചപ്പോൾ അയാൾ പകച്ചു പോയി. ഒടുവിൽ എന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞ് അയാൾ പരിക്ഷീണനായി നിലത്തിരുന്നു. പതുക്കെ സ്വബോധം വീണ്ടെടുക്കാനാരംഭിച്ച രാജേന്ദ്രനെ ഭാരതി രണ്ടും കല്പിച്ച് തലക്കടിച്ചു. വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ച പകയും പ്രതികാരവും നിസ്സഹായതയും അയാളുടെ മുഖത്ത് ചോരച്ചാലുകൾ തീർത്തു. ഒടുവിൽ അയാൾ മരിച്ചെന്ന് ഉറപ്പാക്കി സുരൻ്റെ സഹായത്തോടെ തീർത്തും വികൃതമാക്കിയ രാജേന്ദ്രൻ്റെ ശിരസ് മുറിച്ചെടുത്ത് അവിടെ കണ്ട പഞ്ചസാരയാക്കുകെട്ടിൽ പൊതിഞ്ഞു കെട്ടി. ശേഷിച്ച ഭാഗ്യങ്ങളും അറുത്തുമുറിച്ച് മറ്റൊരു ചാക്കിൽ നിറച്ച് തറ  വൃത്തിയാക്കി. ശിരസ്സ് അടങ്ങുന്ന സഞ്ചി, പതിവായി ബേക്കറി ഓർഡറുകൾ നല്കാൻ ഉപയോഗിക്കാറുള്ള ഒമ്നി വാനിൽ കയറ്റി. അതു സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പല സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ ജനവാസ കേന്ദ്രത്തിൽ നിന്നുമകന്ന്‌ കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കെട്ടിത്താഴ്ത്താൻ നിശ്ചയിച്ചു. വല്ലപ്പോഴും ചൂണ്ട മീൻ പിടിക്കാൻ ആളുകൾ വരുന്ന ഇടം. ആരുടേയും ശ്രദ്ധയിൽ പെടാത്ത സ്ഥലം. ആ ഒരു ജോലി സുരനും ഭാരതിയും ചേർന്ന് കൃത്യമായി നടപ്പാക്കി.

തുടർന്ന് രാജേന്ദ്രൻ്റെ മറ്റു ശരീരഭാഗങ്ങൾ മറ്റൊരു പഞ്ചസാരച്ചാക്കിൽ നിറച്ച് അതു വല്ലവിധവും ഒഴിവാക്കാൻ സുരനോട് നിർദേശിച്ച് തീർത്തും പരിക്ഷീണയായ ഭാരതി കളമൊഴിഞ്ഞു. സുരൻ ആ ചാക്കുകെട്ട് മറ്റൊരു വലിയ ബാഗിലാക്കി ഒമ്നിയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. കിഴക്കൻ മേഖലയിലേക്ക് പോകുന്ന വിദൂര ട്രെയിനിലൊന്നിൽ കയറി ബാഗ് മുകളിലെ സീറ്റിലൊന്നിൽ വച്ച് പുറത്തിറങ്ങി വേഗത്തിൽ വീടു പറ്റി. ആ ബാഗിലുള്ള ശരീരാവശിഷ്ടങ്ങളും കായലിൽ കണ്ട മനുഷ്യ ശിരസ്സും ഒരു വ്യക്തിയുടേതാണെന്ന് അനായാസം നിങ്ങൾക്ക് തെളിയിക്കാനാകും.

ഇനി എൻ്റെ അന്വേഷണ വഴികളിലൂടെ ..... ഈ വിഷയത്തിൽ എനിക്കുള്ള മുൻതൂക്കം ഞാൻ കൊലപാതകം നടത്തിയ സ്ത്രീയെ കണ്ടു. എന്നുള്ളതാണ്. കായലിൽ നിന്ന് മനുഷ്യ ശിരസ്സ് ഉള്ള ചാക്കുകെട്ട് കണ്ടെത്തിയതായുള്ള വാർത്തയിൽ നിന്നാണ് എൻ്റെ അന്വോഷണ തുടക്കം. ആ വാർത്തയിൽ പഞ്ചസാര ചാക്കിലാണ് ശിരസ്സ് കണ്ടെത്തിയതെന്ന് എഴുതിയിരുന്നു. ആ ലേഖനത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര തിരിച്ച എനിക്ക് ലേഖന കർത്താവിൽ നിന്നും വിശ്വസനീയമായി ആ ചാക്കുകെട്ട് പഞ്ചസാര നിറക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന് തെളിഞ്ഞു. പിന്നീട് അതിൻ്റെ ഉത്ഭവസ്ഥലം തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്ന് കുറ്റകൃത്യത്തിനുപയോഗിച്ച ഒമ്നി വാൻ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ കൃത്യമായില്ല. ബേക്കറി ബിസിനസ് നടത്തുന്ന കുടുംബങ്ങളിൽ ഒന്നിലേറെ പേർക്ക് ഒമ്നി വാഹനം ഉണ്ടെന്നതായിരുന്നു കാരണം. അടുത്ത കാലത്ത് കാണാതായ ആളുകളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും ആ ദിശയിലേക്കുള്ള അന്വേഷണം ഒട്ടേറെ സമയം അപഹരിക്കുന്നതായിരുന്നു. കേരളത്തിൽ നിന്നും പുറപ്പെട്ട് ആസ്സാം മേഖലയിലേക്ക് പോയിരുന്ന ട്രെയിനിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംശയാസ്പദമായിരുന്നു. അതിൻ്റെ വിദശാംശങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഒട്ടേറെ വിവരങ്ങൾക്കിടയിൽ ശരീരാവശിഷ്ടങ്ങളുടെ പഴക്കം സൂചിപ്പിച്ചിരുന്നു. ഒരു ദൃക്സാക്ഷിയായി കായൽ പരിസരത്തെ സംഭവപരമ്പരകൾ കണ്ട ദിവസവും ആ ശരീരാവശിഷ്ടങ്ങളുടെ പഴക്കവും ചേർന്നു നിന്നിരുന്നു. എന്നിരുന്നാലും ഇതൊന്നും കൊലപാതകിയിലേക്കെത്തുന്നതിനുള്ള സൂചകമായില്ല. ആധുനികമായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുവാനുള്ള പരിമിതികൾ എനിക്ക് ഏറെയുണ്ട്. എന്നാൽ ചെറിയൊരു ഭാഗ്യത്തിൻ്റെ പിന്തുണ എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടായിരിക്കാം യാദൃശ്ചികമായി ഭാരതിയുടെ ഇരട്ട സഹോദരി ജയയെ ഒരു നാൾ സൂപ്പർ മാർക്കറ്റിൻ്റെ പരിസരത്ത് വച്ച്  കണ്ടത്. ഒരിക്കലും മറക്കാനാകാത്ത ആ മുഖം ഞാൻ കുറ്റവാളിയുടേത് തന്നെയെന്ന് ഉറപ്പിച്ചു. എന്നാൽ അവരുടെ കുടുംബ പശ്ചാത്തലം വിശദമായ അന്വോഷണത്തിന് വിധേയമാക്കിയപ്പോൾ ജയയുടെ ഇരട്ട സഹോദരി ഭാരതിയെക്കുറിച്ചും വേലുച്ചാമി യെന്ന ബേക്കറി മുതലാളി അവരെ വിവാഹം കഴിച്ചതായും അറിഞ്ഞത്. വിവാഹപൂർവ്വ പ്രേമവുമെല്ലാം മനസ്സിലാക്കി. അതെല്ലാം നാട്ടുകാർക്ക് നല്ല നിശ്ചയമാണ്. അവരിത്തരം കാര്യങ്ങളൊന്നും അത്ര വേഗം മറക്കുകയില്ലല്ലോ? തുടർന്ന് ഏതാനും വർഷങ്ങൾക്കു മുൻപ് മൊബെൽ ഷോപ്പ് നടത്തിയിരുന്ന ആളെ ക്കുറിച്ച് അന്വോഷണമായി. അക്കാലത്ത് മൊബെൽ സർവ്വീസ് കേന്ദ്രങ്ങൾ ഏറെ ഇല്ലാതിരുന്നതിനാൽ രാജേന്ദ്രൻ്റെ മൊബെൽ സർവ്വീസ് കേന്ദ്രം എവിടെന്ന് കണ്ടെത്താൻ ഏറെ പ്രയാസമുണ്ടായില്ല. എന്നാൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടതിനാൽ അത് മറ്റൊരാൾക്ക്, ലീസിന് കൈമാറി രാജേന്ദ്രൻ സ്ഥലം വിട്ടതായാണ് അറിഞ്ഞത്. മാസം ഒരു തുക രാജേന്ദ്രൻ്റെ അക്കൗണ്ടിൽ ഇടും അതല്ലാതെ അയാളുമായി യാതൊരു കോൺടാക്ടും ഇല്ലെന്ന് ലീസിന് എടുത്തയാൾ ഉറപ്പിച്ചു പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെത്തി  അന്വേഷിച്ചപ്പോൾ അവിടെ രാജേന്ദ്രന് ഭാര്യയും മകനുമുള്ളതായി അറിഞ്ഞു. മാസങ്ങളായി ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തെങ്കിലും അവർ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും അവർ കരഞ്ഞുപറഞ്ഞു. ആ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ചോദിച്ച ഒരു ചോദ്യമാണ്, ആ ചോദ്യമാണ് ഞാൻ ഈയൊരു എഴുത്ത് താങ്കൾക്ക് എഴുതാനുള്ള കാരണം. അല്ലെങ്കിൽ ഞാനീ എഴുത്ത് എഴുതില്ലായിരുന്നു. കാരണം ഈ അന്യോഷണം എൻ്റെ വ്യക്തിപരമായ ഇഷ്ടമാണ്. എൻ്റെ ജിജ്ഞാസയെ ശമിപ്പിക്കലാണ്. നിരന്തരം തന്നെ ശല്യം ചെയ്തിരുന്ന തന്നെ നശിപ്പിച്ച പിന്നീട് എല്ലാം മറന്ന് അല്ലെങ്കിൽ മറന്നെന്ന് നടിച്ച് കുടുംബ ജീവിതം നയിക്കുമ്പോഴും നശീകരണ മനോഭാവവുമായി വന്ന ഒരാളെ ഒരു സ്ത്രീ തീർത്തും ഇല്ലാതാക്കി. ഈ വിഷയത്തിൽ അവർ നിയമത്തിൻ്റെ പരിരക്ഷ തേടണമായിരുന്നു. അതിനു മുതരാതിരുന്നത് കുടുംബ ജീവിതത്തിൻ്റെ കെട്ടുറപ്പിന് ഭീഷണി എന്ന നിലയിലാകാം. കുറ്റകൃത്യം എപ്പോഴും കുറ്റകൃത്യം തന്നെയാണ്. സമാന്യജനങ്ങൾക്ക് ധാർമ്മികതയുടേതായ ചിന്തകൾ ഈയൊരു വിഷയത്തിൽ ഉയർന്നു വരാമെങ്കിലും നിയമത്തിൻ്റെ കാഴ്ചപ്പാടിൽ കുറ്റകൃത്യത്തിൻ്റേതായ ശിക്ഷക്ക് ആനുകൂല്യമൊന്നും ലഭിച്ചു കാണാറില്ല. നിയമ പരിരക്ഷയും ഇല്ല.

ആ വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ്  ഞാൻ ആ സ്ത്രീയോട് ചോദിച്ച ചോദ്യം  രാജേന്ദ്രൻ പറഞ്ഞ കാര്യങ്ങളും പിന്നീട് അയാൾ  എപ്പോഴെങ്കിട്ടും വരികയുണ്ടായോ എന്നുമാണ്. അതിനവർ നല്കിയ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. മുക്കിനും മൂലക്കും മൊബൈൽ സർവ്വീസ് ഷോപ്പുകളാണെന്നും അതുകൊണ്ട് ആ ഫീൽഡ് വലിയ ഗുണമില്ല എന്നും ഒരു ബേക്കറിയിൽ ജോലി കിട്ടിയെന്നും രാജേന്ദ്രൻ പറഞ്ഞു. ഒരു മാസം  കഴിഞ്ഞ് വീണ്ടും രാജേന്ദ്രൻ ഭാര്യയേയും കുട്ടിയേയും കാണാനെത്തി. ഒരു പാട് മധുര പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അയാൾ വന്ന ദിവസം ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. ആ ഒരു മറുപടിയാണ് താങ്കൾക്ക് ഈയൊരു എഴുത്ത് എഴുതുന്നതിന് പിന്നിലെ ചേതോവികാരം. സ്ത്രീ മനസ്സ് സങ്കീർണ്ണതയും അപ്രവചനീയതയുടേയും സങ്കലനമാണ്. ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും അവർക്ക് അവരുടേതായ ശരികളുണ്ട്. ആ ശരികൾ മുറുകെപ്പിടിക്കുകയും ചെയ്യും. ആ ശരി മുറുകെപ്പിടിക്കുന്നതുമൂലമുള്ള വരും വരായ്കകൾ, അല്ലെങ്കിൽ അനന്തരഫലം എത്ര ഭീതിജനകമെങ്കിലും  അവരുടേതാം ശരികൾ നടപ്പിലാക്കിയിരിക്കും.

ഒരു ദൃക്സാക്ഷി എന്ന നിലക്കുള്ള എൻ്റെ അപ്രമാദിത്വം ഉപയോഗിച്ച് ഞാൻ നടത്തിയ അന്വോഷണത്തിനും ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളായിരുന്നു മുകളിൽ. എന്നാൽ തുടരന്വേഷണത്തിൽ ചില തിരുത്തലുകൾ ആവശ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനുള്ള പ്രധാന കാരണം രാജേന്ദ്രൻ്റെ ഭാര്യ പറഞ്ഞ ദിവസം തന്നെ. അതായത് ബേക്കറിയിൽ ജോലി കിട്ടി രാജേന്ദ്രൻ പോയ ദിവസം ആഗസ്റ്റ് 12. മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് തിരിച്ചു പോയ ദിവസം സെപ്റ്റംബർ 10. കായലിൽ ജഢാവശിഷ്ടങ്ങൾ കണ്ട ദിവസം  സെപ്റ്റംബർ 8!. അർത്ഥശങ്കക്കിടയില്ലാതെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും രാജേന്ദ്രൻ മരിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഹതഭാഗ്യനായ വേലുച്ചാമിയാണെന്ന്. ഞാൻ മുന്നെഴുതിയതിൽ സുരൻ്റെ ജോലി ഏറ്റെടുത്ത് ചെയ്തത് രാജേന്ദ്രനാണ്.! ഭാരതി എന്ന സ്ത്രീ പൂർവ്വ കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് എൻ്റെ അന്വോഷണങ്ങളിൽ നിന്നും വ്യക്തമാണ്. താങ്കൾക്ക് മറ്റു ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്. ഈയൊരു നീചമായ സംഭവത്തിൻ്റെ ദൃക്സാക്ഷി എന്ന നിലയിൽ രഹസ്യമൊഴി നല്കാൻ ഞാൻ തയ്യാറുമാണ്. സായാഹ്ന പത്രത്തിൽ വന്ന വാർത്തയടക്കമുള ചില തെളിവുകൾ ഞാനിതൊടൊപ്പം അയക്കുന്നു.

എന്ന് ... "

ഞാൻ പേന താഴെ വച്ചു. രാത്രി ഏറെ വൈകിയിരുന്നു. മുറിക്കകത്ത് ബെഡ് ലാംബിൻ്റെ നേർത്ത അരണ്ട വെളിച്ചം. വെളുത്ത ചുമരുകളിൽ മുറിക്കകത്തെ എന്തിൻ്റെയോ നിഴലുകൾ വികലമായ രൂപം തീർത്തു. ഞാനെഴുന്നേറ്റു വാതായനങ്ങൾക്കരികെ ചെന്ന് ജനാലകൾ തുറന്നിട്ടു. കായലിനെ തലോടി വന്ന കാറ്റിന് നേരിയ തണുപ്പ്. ദൂരക്കാഴ്ചകളിൽ വഴികൾ വഴിയോരങ്ങൾ വഴിയോരങ്ങളിലെ മഞ്ഞച്ച സ്ട്രീറ്റ് ലൈറ്റുകൾ. അവയിൽ നിന്നും ഒരിക്കുന്ന മഞ്ഞരാശി. ഇതുപോലൊരു ദൂരക്കാഴ്ചയിലാണ് ഭാരതി രാജേന്ദ്രനൊടൊപ്പം സ്വഭർത്താവിൻ്റെ വികലമാക്കിയ ശിരസ്സു പൊതിഞ്ഞ ചാക്കുകെട്ടുമായി എത്തിയത്. ഇരുവരും ചേർന്ന് ആ ചാക്കുകെട്ട് കായലിൽ തള്ളിയത്. മാസങ്ങളായി എൻ്റെ മനസ്സിൻ്റെ സമാധാനം കെടുത്തിയത്. പോലീസിന് ചിലപ്പോൾ ഒരു മിസ്സിങ്ങ് പരാതി ലഭിച്ചേക്കാം. 'എൻ്റെ ഭർത്താവ് വേലുച്ചാമി കർണ്ണാടകയിൽ ബേക്കറി സാധനങ്ങൾ എടുക്കാൻ പോയ ശേഷം തിരിച്ചു വന്നില്ലെന്ന്' കാണിച്ച്. ചിലപ്പോൾ പരാതി കൊടുക്കാതിരിക്കാനും മതി.

നഗരം ഉറങ്ങുന്നു. ചിന്തകളുടേയും പദ്ധതികളുടേയും ഭാരത്താൽ ഉറക്കാതിരിക്കുന്നവരും കാണും. ഞാൻ തിരിഞ്ഞു. ബെഡ് ലാമ്പിലെ അരണ്ട വെളിച്ചം. ഇതു വരെ എഴുതിത്തീർത്ത പേപ്പറിരിക്കുന്നു. ഒന്നുകൂടി വായിച്ച് തെറ്റുതിരുത്തി നാളത്തെ തപാലിൽ അയക്കണം. ക്ഷീണമുണ്ട് കണ്ണുകളടക്കുന്നു. ഇരുളുന്നു. വാതിലിൽ ആരോ മുട്ടുന്നു. കനത്ത ശബ്ദം. വാതിലാകമാനം പൊളിഞ്ഞു വീഴുന്ന മട്ടിൽ ശക്തിയേറിയ മുട്ടൽ. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വാതിൽ തുറന്നു. പുറം തിരിഞ്ഞു നിലക്കുന്ന വെളുത്ത മുണ്ടും ജുബയും ധരിച്ച ഒരു ശുഷ്കിച്ച രുപം. ആരാ.. എൻ്റെ ശബ്ദം വിറങ്ങലിച്ചു തൊണ്ടയിൽ കുടുങ്ങി. പൊടുന്നനെ ആ രൂപം എൻ്റെ നേർക്കു തിരിഞ്ഞു. ഞാൻ മരവിച്ചു പോയി. ലോനപ്പേട്ടൻ! എൻ്റെ സപ്ത നാഡികളും തളർന്നു. കുഴഞ്ഞു വീഴാതിരിക്കാൻ ഞാൻ ആവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. ഘനഗംഭീരമായ ശബ്ദം ഗുഹക്കുള്ളിൽ നിന്നെന്നവണ്ണം മുഴങ്ങിക്കേട്ടു.

"പോലീസു മേധാവിക്കുള്ള എഴുത്തിൽ നീയെൻ്റെ പേര് എന്തുകൊണ്ട് എഴുതിയില്ല? പറയ്."

"നിൻ്റെ അന്വേഷണമെല്ലാം എന്നിൽ നിന്നല്ലേ തുടക്കം? പറ." അതും പറഞ്ഞ് ലോനപ്പേട്ടൻ എൻ്റെ നേരെ പാഞ്ഞടുത്തു. എൻ്റെ നിലവിളി തൊണ്ടക്കുഴിയിലെ പ്രതിബന്ധങ്ങളെ ഭേദിച്ച് പുറത്തേക്ക് പ്രവഹിച്ചു. ഇരുളിമ മാറി കൺമുന്നിൽ വെളിച്ചം പടർന്നു. ശരീരമാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഭയപ്പാടോടെ വെള്ളമൊഴിച്ച ഗ്ലാസ്സ് ട്രീസ എൻ്റെ നേരെ നീട്ടി. ഞാനതു കുടിച്ച് പിന്നേയും ആവശ്യപ്പെട്ടു. ട്രീസ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു.  അതൊന്നും ഞാൻ കേട്ടില്ല. വെള്ളം വാങ്ങിക്കുടിച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് കിടന്നു.

അവസാനിച്ചു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ