mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

വീണ്ടും സായാഹ്ന പത്രം

ചൂടു പറക്കുന്ന മസാലച്ചായ ഊതിക്കുടിച്ച് തോമാച്ചൻ്റെ  സിനിമാ അനുഭവങ്ങൾ കേൾക്കുകയായിരുന്നു ഞാൻ.ഒപ്പം എനിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണത്തിൻ്റെ വിവരങ്ങളും തോമാച്ചനൊടൊപ്പം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചിരുന്ന ഒരു യുവനടനായിരുന്നു തോമാച്ചൻ്റെ ഇര.

ഇന്ന് ഒരു കോടിയിലേറെ പ്രതിഫലം മേടിക്കുന്ന ആ യുവ നടൻ ഒരിക്കൽ സിനിമാ ഷൂട്ടു കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ പൈസയില്ലാതെ അഞ്ഞൂറ് രൂപക്കു വേണ്ടി കെഞ്ചിയത്രേ. പ്രൊഡക്ഷനിൽ ഉള്ളവർ യഥാസമയം നല്കാത്തതിനാൽ ആ തുക സ്വന്തം പോക്കറ്റിൽ നിന്നാണ് തോമാച്ചൻ നല്കിയത്. പണം കിട്ടിയ സന്തോഷത്താലുള്ള യുവനടൻ്റെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ തോമാച്ചൻ ഒരു വേള ചിന്തിച്ചു പോയത്ര ഇയാൾ ഒരു നല്ല നടനാകുമെന്ന്. ഇന്നയാൾ മലയാള സിനിമയിലെ മിന്നിത്തിളങ്ങുന്ന താരമായിരിക്കുന്നു. എന്നാൽ ആ നടനുമായി ബന്ധപ്പെട്ട ഒരു വിഷമവും തോമാച്ചന് പങ്കുവക്കാനുണ്ട്.

യുവ നടൻ നായകനായ ഒരു ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ പോയ തോമാച്ചനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ തീർത്തും  അവഗണിച്ചു കളഞ്ഞു. ഇതൊക്കെയാണ് മനുഷ്യരുടെ അവസ്ഥാന്തരങ്ങൾ എന്നാണ് തോമാച്ചൻ പറഞ്ഞു വക്കുന്നത്. മാത്രമല്ല ഒരു പുതിയ പദ്ധതിയും തോമാച്ചനുണ്ട്. സിനിമയിലെ അയാളുടെ അനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതണം. കുറെശെ എഴുതിത്തുടങ്ങി. 'എൻ്റെ സിനിമാനുഭങ്ങൾ എന്നാണ് പുസ്തകത്തിൻ്റെ പേര്'. യുവനടനുമായി ബന്ധപ്പെട്ട അനുഭവം  'എൻ്റെ സിനിമാനുഭങ്ങളിൽ' തീർച്ചയായും ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.

തോമാച്ചൻ പോകാനൊരുങ്ങി. അയാൾ എഴുതാൻ പോകുന്ന പുസ്തകത്തിന് എല്ലാ വിജയാശംസകളും നേർന്ന് പുറത്തിറങ്ങുമ്പോൾ സോഡ വിൽക്കുന്ന കടക്കു മുന്നിൽ അന്നത്തെ സായാഹ്നപ്പത്രം തൂങ്ങിക്കിടക്കുന്നതു കണ്ടു. അതു വാങ്ങി വെറുതെ മറിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്. കായലിൽ കണ്ട മനുഷ്യ ശിരസ്സിനു പിന്നിലെ ദുരൂഹതക്ക്‌ ചുരുളഴിയുന്നു. കൊലപാതകത്തിനു പിന്നിലുള്ള കറുത്ത കരങ്ങൾ അതിഥിത്തൊഴിലാളിയുടേതാണ് എന്നു സംശയിക്കുന്നു. ജോലി സ്ഥലത്തു വച്ചുള്ള വാക് തർക്കങ്ങൾക്കൊടുവിലുള്ള ക്രൂര കൃത്യമെന്ന്‌ സംശയം. തമ്മിലടിക്കുന്നത് കണ്ട സാക്ഷികളുണ്ട്. പ്രതി ഉടൻ പിടിയിലാവുമെന്ന് എഴുതിയിരിക്കുന്നു. കൃത്യമായി പ്രതിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചിലപ്പോൾ ഇത്തരം വാർത്തകൾ വരാറുണ്ട്. പോലീസിൻ്റെ അറിവോടെ മാധ്യമങ്ങൾക്കു ലഭിക്കുന്ന വാർത്തകൾക്കു പിന്നിൽ ചില ശാസ്ത്രീയത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരം വാർത്തകൾ പൂർണ്ണമായും സത്യമാകണമെന്നില്ല. എന്നിരുന്നാലും എനിക്ക് വലിയ നിരാശ തോന്നി. നിരാശ തിരതല്ലിയ മനസ്സോടെ ഞാൻ വീട്ടിലേക്കു നടന്നു. കാരണം ആ കൊലപാതകത്തിനു പിന്നിലെ സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ മിക്കവാറും ഞാൻ കണ്ടെത്തിയിരുന്നു.

പുലർച്ചെ യാത്ര തിരിച്ചതാണ്. ഈയൊരു യാത്രക്കായി രണ്ടു ദിവസമായി തയ്യാറെടുപ്പിലായിരുന്നു. ചങ്ങലയിലെ ചില കണ്ണികൾ ദുർബലമാണ് അതു ശക്തിപ്പെടുത്തണം അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. വീടെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. നേരിയ ചൂടുവെള്ളം ശരീരത്തെ ബാധിച്ച യാത്രാ ക്ഷീണത്തെ തീർത്തും അവശേഷിപ്പിക്കാതെ മാറ്റിയിരുന്നു. ഇളം ചൂടുള്ള ചപ്പാത്തിക്കും  എരിവുള്ള ചിക്കൻ കറിയും കഴിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോൾ കഥന സ്വഭാവമുള്ള സംഭവപരമ്പരകൾ മനസ്സിൽ അടുക്കടുക്കായി രൂപം കൊള്ളുകയായിരുന്നു. ആ സംഭവ പരമ്പരകളുടെ എന്നിലൂടെയുള്ള തുടക്കം ഈ ബാൽക്കണിയിൽ നിന്നുള്ള ദൂരക്കാഴ്ചയിലൂടെയാണല്ലോ?  കായലിനെ തഴുകിത്തലോടിയ ഇളങ്കാറ്റ്. കാറ്റിനെ തണുപ്പിച്ച് അയക്കുന്ന കായൽ. അവിടെയാണ് മനുഷ്യ ശിരസ്സ് കണ്ടത്. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും കായലിൽ ചുഴികൾ രൂപപ്പെട്ടു കാണാറുണ്ട്. അവയിൽ നിന്നും മാറി സഞ്ചരിക്കുന്നതാണ് ഉചിതം. കായലാഴങ്ങളിലേക്ക് വലിച്ചെടുക്കുന്ന അത്തരം ചുഴികൾ പ്രകൃതിദത്തമാണ്. ചുഴിയാണെന്നറിഞ്ഞിട്ടും അവയിൽ ചെന്നുപെടുന്നവരുണ്ട്. പെട്ടാൽ ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തിരിച്ചുഴികൾ. മനുഷ്യൻ സൃഷ്ടിക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവരെ കുടുക്കാനായി ഒരുക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവർക്കായി ചുഴിയൊരുക്കി സ്വയം ചുഴിയിൽ പെട്ട് അപ്രത്യക്ഷമാകുന്നവരുണ്ട്.

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ