mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മധുരപലഹാരങ്ങൾ

മഞ്ഞ് പുരണ്ട് നനവൂറിയ പുലർകാലം. ഇന്ന് നേരത്തെ ഓഫീസിലെത്തണം തോമാച്ചനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞു. പ്രധാനമായും ജില്ലയിലെ വൻകിട പലഹാര നിർമ്മാണ യൂണിറ്റിൻ്റെ ലിസ്റ്റ്.

ആ യൂണിറ്റ് നടത്തുന്നവരെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ. അതിൽ നിന്നും ഏതെങ്കിലും ഒന്നിലേക്ക് ദുഷ്കർമ്മ പരമ്പരയുടെ പ്രയോക്താവിൻ്റെ അല്ലെങ്കിൽ പ്രയോക്താക്കളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടും എന്നു തന്നെയാണ് വിശ്വാസം. ശബ്ദിക്കുന്ന ചുറ്റു ഗോവണി കയറി ഓഫീസിലെത്തി. അവിടം അലങ്കോലപ്പെട്ടിരിക്കുന്നതായി കണ്ടു. താഴെ വർക്ക്ഷോപ്പിലെ ബംഗാളി പയ്യനെ വിളിച്ചെങ്കിലും അവൻ തിരക്കു ഭാവിച്ച് ഒഴിവായി. ഒടുവിൽ ആരാൻ്റെ പല്ലിനെക്കാൾ. നല്ലത് സ്വന്തം തൊണ്ണാണെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി സ്വയം വൃത്തിയാക്കൽ ആരംഭിച്ചു. ഇടക്കു പോയി പോർച്ചുഗീസ് കഫേയിൽ കയറി ബിഫാനയും കടും കാപ്പിയും കഴിച്ച് തിരിച്ച് ഓഫീസിൽ കയറാനൊരുക്കുമ്പോൾ അവിടെ തോമാച്ചൻ നിൽക്കുന്നു. ക്ഷീണഭാവം. ഉടൻ തന്നെ കഫേയിലെ മണിപ്പൂരിപ്പയ്യന് സന്ദേശമയച്ച് സാൻവിച്ചും ബർഗറുമടങ്ങിയ കോമ്പോ പാക്ക് ബുക്ക് ചെയ്തു. എൻ്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ തോമാച്ചൻ ഏറെ അലഞ്ഞതായി എനിക്കു മനസ്സിലായി. ഏറെ സമയമെടുക്കാതെ കോമ്പോ എത്തിച്ചേർന്നു. ഒപ്പം ചുവന്ന വൈനും. ആ ഒരു ഐറ്റം ഞാൻ ഓർഡർ നല്കിയില്ലെന്ന് ഞാൻ ഓർത്തു. കോമ്പോയൊടൊപ്പമുള്ള കോംപ്ലിമെൻ്റാകാൻ സാധ്യത ഉണ്ട്. ഗ്ലാസ്സിലേക്ക് പകർന്ന നേർത്ത മധുരമുള്ള വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ തോമാച്ചൻ അയാൾ നടത്തിയ അന്വോഷണത്തെക്കുറിച്ച് വിവരിച്ചു.

ബേക്കറി അസോസിയേഷനിൽ തോമാച്ചൻ്റെ സുഹൃത്തുണ്ട്. ഒന്നു രണ്ടു സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അത്തിനെയാണ് തോമാച്ചനുമായി പരിചയം. അയാൾ വഴി അസോസിയേഷനിൽ അംഗത്വം എടുത്തവരുടെ ലിസ്റ്റ് എടുത്തു. പതിനഞ്ചോളം  പേർ. ഇതു കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ അംഗത്വം ഉപേക്ഷിച്ചവർ മൂന്നു പേർ. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും മറ്റു വ്യക്തിഗത വിവരങ്ങളും പരിമിതമായ തോതിലേ തോമാച്ചനു ലഭിച്ചുള്ളൂ. അവയൊന്നു കണ്ണോടിച്ചു നോക്കി. നമ്മുടെ വിഷയത്തിലേക്കു വെളിച്ചം വീശുന്ന യാതൊരു സൂചനകളുമില്ല. ഇനി ഈ അസോസിയേഷനിൽ അംഗത്വം എടുക്കാത്തവരുണ്ടെങ്കിലോ? എന്തിനേറെ ഈ പഞ്ചസാര ചാക്ക് ആർക്കും ലഭ്യവുമാണല്ലോ? ബേക്കറി നടത്തിപ്പുകാരെത്തന്നെ പിൻതുടരുന്നതിലെന്തർത്ഥം? സ്വല്പം നിരാശ വന്നു ഭവിച്ച ഞാൻ തോമാച്ചനെ ആഹാരം കഴിക്കാൻ വിട്ട്  ജനലിനരികിലേക്കു നീങ്ങി. മത്ത വിരിയിട്ട ജാലകം തുറന്നിട്ടു സൂര്യൻ്റെ ഉഷ്ണ തരംഗങ്ങൾ ഏറ്റിട്ടും തണുപ്പു ശമിക്കാത്ത അന്തരീക്ഷം. കുളിരു പുരണ്ട ഇളങ്കാറ്റ് മുറിക്കുള്ളിലേക്ക് അനസ്യൂതം പ്രവഹിച്ചു.

ശരീരം കുളിരു കോരി റോഡിലൂടെ വാഹനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ഈ ചെറിയ ടൗണിൽ പോലും ഇത്രയധികം വാഹനങ്ങൾ ഈ വാഹനങ്ങളിലെല്ലാം നിയമവിധേയമായ വസ്തുക്കൾ മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും. ആരാണ് ഇതെല്ലാം പരിശോധിക്കാനുള്ളത്. അല്ലെങ്കിൽത്തന്നെ അതൊട്ടും പ്രായോഗികമുമല്ല. ഏതാനും നാൾക്കു മുൻപ് ഈ വഴികളിലേതോ ഒന്നിലാണ് ഒമ്നിയിൽ വികൃതമായ മനുഷ്യ ശിരസ്സു ചാക്കിൽ പൊതിഞ്ഞ് ഒരു സ്ത്രീയും പുരുഷനും കടന്നു പോയിട്ടുണ്ടായിരിക്കുക. പാതിരാത്രിയിൽ സംശയാസ്പദമായി സ്ത്രീയും പുരുഷനും യാത്ര ചെയ്തിട്ടും ആരും വാഹന പരിശോധന നടത്തിയില്ല. വാഹനത്തിലുള്ളവരുടെ ശരീരഭാഷ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഏതായാലും  അറുത്ത ശിരസ്സ് വാഹനത്തിൽ വച്ച് തികഞ്ഞ  ശാന്ത ഭാവത്തോടെ  ഡ്രൈവ് ചെയ്യാൻ സ്വല്പം വിഷമിക്കേണ്ടി വരും. ഒരു മിന്നായം പോലെ സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെളിച്ചത്തിൽ ആ സ്ത്രീയുടെ മുഖം ഞാൻ കണ്ടതാണ്. ഒരിക്കലും മറക്കാനാകാത്ത വെളുത്ത വട്ട മുഖം! പുരുഷൻ്റെ മുഖം തീർത്തും വ്യക്തമല്ലായിരുന്നു. പഞ്ചസാരച്ചാക്കിനു പിന്നാലെ പോകാതെ ഒമ്നിക്കു പിറകെ എന്തുകൊണ്ട് പൊയ് ക്കൂടാ? ഇക്കാലത്ത് ഏറെ പ്രചാരത്തിലുള്ള വാഹനമല്ല ഒമ്നി. പഴയ കാലത്ത് മുംബൈയിലും മറ്റും അധോലോക സംഘങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്ന വാഹനമാണ് ഒമ്നി എന്നാണറിവ്. സവിശേഷമായ വിൻഡോ ഉപയോഗിച്ച് പെട്ടെന്ന് കാര്യം സാധിച്ച് രക്ഷപ്പെടാൻ കഴിയുമായിരുന്നു.

തോമാച്ചൻ തന്ന പലഹാരക്കച്ചവടക്കാരുടെ ലിസ്റ്റിൽ നിന്നും ഒമ്‌നിയുള്ളവരെക്കുറിച്ച് അന്വേഷിച്ചാൽ ചിലപ്പോൾ ലക്ഷ്യത്തിലെത്താൻ  സാധ്യതയുണ്ട്. ചെറിയ മയക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്ന തോമാച്ചനെ തട്ടിയുണർത്തി വിവരം പറഞ്ഞു. ആ വിവരം കണ്ടെത്താൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് പറഞ്ഞ് തോമാച്ചൻ മുഖം കഴുകി പോകാനൊരുങ്ങി. ചുറ്റു ഗോവണിയിൽ. ശബ്ദമുണ്ടാക്കിക്കൊണ്ട് തോമാച്ചൻ നടന്നു പോകുന്നത് ഞാൻ ആകാംക്ഷയോടെ നോക്കി നിന്നു. ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായ അല്പാൽപ്പം പകർന്ന് കുടിക്കുന്നതിനിടെ തോമാച്ചൻ തന്ന ലിസ്റ്റിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ഈ പതിനഞ്ചോളം പേരിൽ നിന്നും ഒമ്‌നി എന്ന ഫിൽട്ടർ ഉപയോഗിച്ച് പതിനാലു പേരെ ഒഴിവാക്കേണ്ടതുണ്ട്. സാധ്യതാ പഠനം വച്ച് ഏറിയാൽ ഒരു രണ്ടു പേർക്കേ ഒമ്നി ഉണ്ടായിരിക്കാൻ തരമുള്ളൂ. ഇനിയവർ ഒമ്നി വാടകക്കു വിളിച്ചതാണെങ്കിലോ? ആ സ്ത്രീയുടെ ഒപ്പം കണ്ട പുരുഷൻ ആ വാടകക്കെടുത്ത ഒമ്നിയുടെ ഡ്രൈവറാണെങ്കിലോ? ആ ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ശിരസ്സ് ഹതഭാഗ്യനായ ആ സ്ത്രീയുടെ ഭർത്താവിൻ്റേതായിരിക്കുമോ?  ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ എൻ്റെ മനസ്സിൽ വന്നു നിറഞ്ഞു. അപ്പോഴാണ് ഒരു കോൾ വന്നത്. സായാഹ്ന പത്രമാപ്പീസിൽ നിന്നാണ്. പത്രത്തിൽ വരാൻ പോകുന്ന പരസ്യത്തിൻ്റെ പൂർണ്ണമായ രൂപം തയ്യാറായിരിക്കുന്നു. അതു പോയി കണ്ട് സമ്മതം നല്കുക. എന്തെങ്കിലും തിരുത്തൽ നിർദേശമുണ്ടെങ്കിൽ അതു നല്കുക. പിന്നെ പണം നല്കുക. 

ചൂടു നഷ്ടപ്പെട്ട വെയില്. എന്നിട്ടും ശരീരം വിയർപ്പിൽ കുളിച്ചിരിക്കുന്നു. പത്രമാപ്പിപ്പീസിൻ്റെ ഓഫീസിൽ എത്തിയതും എവിടെ നിന്നോ ഓടി വന്ന ജോസേട്ടൻ കരം ഗ്രഹിച്ചു അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എൻ്റെ സ്ഥാപനത്തിനായി തയ്യാറാക്കി വച്ച പരസ്യത്തിൻ്റെ  രണ്ടു മൂന്നു സാമ്പിൾ കാണിച്ചു തന്നു. അതിൽ നിന്നും ശ്രദ്ധിക്കപ്പെടുമെന്നു തോന്നിയ ഒന്നെടുത്ത് ജോസേട്ടനു നല്കി. അപ്പോഴാണ് ലോനപ്പേട്ടനെക്കുറിച്ച് ഓർമ്മ വന്നത്."

"ലോനപ്പേട്ടൻ"? ഞാൻ ആരാഞ്ഞു. 

ജോസേട്ടൻ്റ മുഖം മ്ലാനമായി. "അപ്പൊ അതറിഞ്ഞില്ലേ. ലോനപ്പേട്ടൻ മരിച്ചു"

"ഏ?"

"അന്ന് നിങ്ങള് പരസ്യത്തിന് വന്നില്ലേ, അന്ന് രാത്രി ഒരു ഫോൺ കോൾ. ചെന്നപ്പോ ലോനപ്പേട്ടൻ്റെ ബോഡിയാ കാണുന്നത്. അങ്ങിനെ പറയത്തക്ക ബന്ധുക്കളൊന്നും അദ്ധേഹത്തിനില്ല. നട്ടപ്പാതിര മഴയത്ത് റോട്ടീൽ കിടക്കുന്നതു കണ്ട് ആരോ പോയി പോലീസിൽ പറഞ്ഞു. അവര്  നോക്കുമ്പോ പെരുമഴയത്ത് റോട്ടിൽ കിടക്കുന്നു. ഹൃദയ സ്തംഭനം. ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാ കാര്യങ്ങളും ഒരുമയത്തിൽ വേണം. ഒരു ശീലവും നമുക്കു മേൽ ആധിപത്യം നേടാൻ അവസരം കൊടുക്കരുത്. എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വേണം. എങ്കിലേ ജീവിതം രൂപം പോലെ മുന്നോട്ടു പോകൂ."

ലോകത്തുള്ള സർവ്വജനക്കൾക്കുമുള്ള ഒരു മഹദ് വാക്യം എന്ന നിലയിൽ അയാൾ അവസാനം പറഞ്ഞത് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞ ശേഷം ഒരു പേപ്പർ നീട്ടി. ഞാൻ പേപ്പറെടുത്തു നോക്കി. മുൻ പേജിൽ തന്നെയുണ്ട് ലോനപ്പേട്ടൻ്റെ നിര്യാണ വാർത്ത. ഞാൻ അത് വിശദമായി വായിക്കുന്നതിനിടയിൽ ജോസേട്ടൻ്റെ ഒരു ചോദ്യം!

"കഴിഞ്ഞ തവണ വന്നപ്പോ ലോനപ്പേട്ടനെ അന്വേഷിച്ചിരുന്നല്ലോ? അന്നു കണ്ടില്ലേ? ആരാധനയിൽ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ?"

"ഇല്ല കാണാനെത്തില്ല. വലിയ മഴക്കോളു കണ്ട് നേരെ വീട്ടിൽ പോയി." നാളത്തെ പത്രത്തിലെ മുൻ പേജിൽത്തന്നെ പരസ്യം കാണുമെന്ന് ഉറപ്പു നല്കി ജോസേട്ടൻ്റെ ഹസ്തദാനം സ്വീകരിച്ച് മടങ്ങുസോൾ സസ്യയാകാറായിരുന്നു. ഒരു പാട് അനുഭവങ്ങൾ പറഞ്ഞു തന്ന ഒരു പാട് ജീവിതം കണ്ട ലോനപ്പേട്ടൻ.  ഇനിയൊരിക്കലും അയാളെ കാണാൻ കഴിയില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. അയാളെ കാണുമ്പോൾ പരിചയപ്പെടുമ്പോൾ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് ഞാൻ കരുതിയോ? കാടുകയറിയ ചിന്തയിൽ പോലും തോന്നലുണ്ടായില്ല.  ചില സിനിമകളിൽ ഒരു സീനിൽ മാത്രം വന്നു പോകുന്ന പ്രാധാന്യമുള്ള കഥാപാത്രത്തെപ്പോലെ  ലോനപ്പേട്ടൻ!

തുടരും...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ