ഒരാൾ കൂടി
ഒരാഴ്ചക്കുള്ളിൽ പലപ്പോഴായി ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ലക്ഷ്യം കണ്ടില്ല ഒടുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സുഹൃത്ത് സോളമൻ എങ്ങിനെയോ ഒരു സ്ലീപ്പർ ടിക്കറ്റ് സംഘടിപ്പിച്ചു തന്നു.
സോളമൻ്റെ ട്രാവൽ ഏജൻസിയിൽ നിന്നുമിറങ്ങി നീട്ടിയടിച്ച ഒരു ചായ കുടിച്ച് ഫ്ലാറ്റിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ തെല്ലകലെ ഒരു പോലീസ് ജീപ്പ് കിടക്കുന്നതു കണ്ടു. അതു കണ്ടതും എൻ്റെ മനസ്സൊന്നു പിടച്ചു. എൻ്റെ ഊഹം യഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതിൻ്റെ ഒരു സൂചകമായി ഞാനാ കാഴ്ചയെ കണക്കാക്കി.മിടിക്കുന്ന ഹൃദയത്തോടെ ഞാനാ ജീപ്പിനരികിലേക്ക് നടന്നു. രണ്ടു പോലീസുകാർ അവിടെ നിന്നു സംസാരിക്കുന്നു. ജീപ്പിനിടതുവശത്തെ മുൾപ്പടർപ്പുകൾ വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. ഒരു നീണ്ട നടപ്പാതയായി അവിടം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒറ്റേറെ ആളുകൾ ഇതിനകം ആ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തം. ആകാംക്ഷ അടക്കാനാവാതെ, പോലീസുകാരൻ്റെ എങ്ങോട്ടെന്ന ചോദ്യചിഹ്നം പോലുള്ള നോട്ടം അവഗണിച്ച് വകഞ്ഞു മാറ്റപ്പെട്ട മുൾതുറവിലൂടെ ഞാൻ നടന്നു. പൊടുന്നനെ കായലിൽ നിന്നുള്ള അസുഖകരമായുള്ള ഗന്ധം പേറിയുള്ള കായൽകാറ്റ് എന്നെ വട്ടം ചുറ്റി. മുൻപോട്ട് നടക്കുന്തോറും ആ ഗന്ധത്തിൻ്റെ സാന്ദ്രത ഏറി വന്നു. ഞാൻ മൂക്കു പൊത്തി. മുന്നോട്ട് കൺ പായ്ചപ്പോൾ അല്പം ദൂരെ കായൽത്തീരത്ത് ചെറിയൊരാൾക്കൂട്ടവും കുറച്ചു പോലീസുകാരും നിൽക്കുന്നതു കണ്ടു. വേപഥുവോടെ ചെന്നു നോക്കിയപ്പോൾ എൻ്റെ ഊഹങ്ങളെ ശരിവക്കും വിധമുള്ള കാഴ്ചയായിരുന്നു കണ്ടത്! ഒരു ചാക്കുകെട്ട് തുറന്നുള്ള പരിശോധന. മങ്ങിയ പായൽപ്പടർപ്പുകൾ അവിടെങ്ങും ചിതറിക്കിടക്കുന്നു. കറുത്ത ദുർഗന്ധമുള്ള വെള്ളം അവിടവിടെ തളം കെട്ടി കിടന്നു. അസുഖകരമായ മനം മടുപ്പിക്കുന്ന ആ ഗന്ധം ശ്വസിച്ച് തല മന്ദീഭവിച്ച പോലെ എനിക്കനുഭവപ്പെട്ടു. മൂക്കുപൊത്തിയിട്ടും ജീർണഗന്ധം അവിടെങ്ങും തിരതള്ളി. ഞാൻ ആൾക്കൂട്ടത്തിനിടയിൽ കയറി സൗമ്യനെന്നു തോന്നിച്ച ഒരുവനെ നോക്കി സൗഹൃദം ഭാവിച്ച് കാര്യം തിരക്കി. അയാൾ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞേ തീരൂ എന്ന മട്ടിൽ വെമ്പി നിൽക്കുകയായിരുന്നു. അയാൾ പറയാൻ തുടങ്ങി . ദാ ആ കായലിലോട്ട് കയറി നിൽക്കുന്ന ഹോട്ടലു കണ്ടോ? കുടുംബശ്രീക്കാർ നടത്തണതാ. അവിടെ ഉള്ളോര് വല്ലാത്ത സ്മൽ വരുന്നെന്നു പറഞ്ഞ് ഇവിടെ സ്ഥിരം മീൻ പിടിക്കാൻ വരുന്ന പിള്ളേരെക്കൊണ്ട് അന്വേഷിപ്പിച്ചു. അവര് അങ്ങനെ അന്വോഷിക്കുമ്പോഴാണ് കട്ടപായലിൻ്റെ എടക്ക് ചാക്കുകെട്ട് പൊന്തിക്കിടക്കുന്നത് കണ്ടത്.ഈച്ച ആർക്കുന്നുണ്ടായിരുന്നു. സ്മല്ല് സഹിക്കാൻ മേല , വല്ല അറവുശാലക്കാര് കൊണ്ട് തള്ളിയതാണെന്ന് കരുതി കുഴിച്ചിടാമെന്നു കരുതി അവൻമാര് ചാക്കുകെട്ട് തീരത്തടുപ്പിച്ച്. പിന്നെന്തോ പന്തികേട് തോന്നി. എന്തിന് പറയുന്നു. ഇപ്പം പോലീസെത്തി നോക്കിയപ്പോ സംഭവം പ്രശ്നമാ! എന്ത് പ്രശ്നം? കണ്ടാലറിഞ്ഞൂടെ? സംഭവം സീരിയസ്സാണെന്ന് മനുഷ്യൻ്റെ തല മാത്രമ ല്ല പിന്നെയും ചില പാർട്സ് ഒക്കെ ഉണ്ട്. ബാക്കി ഐറ്റംസ് ഒക്കെ എവിടാണാവോ? കൊറച്ചു നേരായി പരിശോധന തൊടങ്ങീട്ട്. എനിക്കൊന്ന് നേരെ കാണണമെന്നുണ്ട് അങ്ങോട്ട് അടുപ്പിക്കുന്നില്ല. അല്ലോ അങ്ങോട്ട് അടുക്കാനും പറ്റിയ പരുവമല്ല. അയാൾ ലാഘവത്തോടെ പറഞ്ഞു. എൻ്റെ കാലിൻ്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മേലോട്ട് കയറി വന്നു. ഞാൻ നിന്നു വിറച്ചു. സംഭവത്തിൻ്റെ ഒരേ ഒരു ദൃക്സാക്ഷി. ഞാൻ! ഉത്തരവാദിത്വപ്പെട്ട പോലീസ് അധികാരിയോട് ഈ ജീർണിച്ച മൃതഭാഗവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട കാഴ്ചയെ കുറിച്ച് സംസാരിക്കുവാൻ മനസ്സു തുടിച്ചെങ്കിലും ഉപബോധമനസ്സിൽ നിന്നുള്ള വിവേകത്തിൻ്റെയും യാഥാർത്ഥ്യബോധത്തിനേറെയും കരുത്തുറ്റ നിർദേശം മനസ്സിൻ്റെ തുടിപ്പിനെ ശമിപ്പിച്ചു. പ്രഥമദൃഷ്ടിയിൽ കൊലപാതകമെന്ന് ഉറപ്പെങ്കിലും ഇൻക്വിസ്റ്റ് നടപടിക്രമങ്ങൾ പൂർത്തികരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൊലപാതകം ആണോ അല്ലയോ എന്ന് സ്ഥിതീകരിക്കൂ. കൊലപാതകമല്ലെങ്കിൽ എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ മറ്റവകാശികളൊന്നുമില്ലെങ്കിൽ പൊതുശ്മശാനത്ത് ദഹിപ്പിക്കലാണ് ചട്ടം. ശ്മശാനം നടത്തിപ്പുകാർക്ക് ഇതിനായി പോലീസ് കത്തു കൊടുക്കേണ്ടതുണ്ട്.
പോലീസ് നായ ഉടനെയെത്തുമെന്ന് ആ സഹൃദയനായ സുഹൃത്ത് അറിയിച്ചതോടെ ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറിപ്പോകാൻ ഞാൻ തീരുമാനിച്ചു. ഫ്ലാറ്റിലെത്തി ഇളം ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ ശരീരത്തിനുണർവ്വ് തോന്നിയെങ്കിലും മനസ്സിലെ കാലുഷ്യം വിട്ടുപ്പോയില്ല. കിടപ്പുമുറിയിലെത്തി കായലിനോട് മുഖം തിരിച്ചുള്ള ജനാലകൾ തുറന്നിട്ടു. ദൂരെ മരങ്ങൾക്കപ്പുറം കായൽ നീണ്ടു നിവർന്നു കിടക്കുന്നു. കറുത്ത നിറമുള്ള കായലിൻ്റെ അകലങ്ങളിൽ ഏതാനും വഞ്ചികളും നീങ്ങിപ്പോകുന്നത് വിദൂരക്കാഴ്ചയായി കാണാം. അവിടെ ആയിരുന്നു മൃതദേഹ അവശിഷ്ടങ്ങൾ കടന്നിരുന്നത്. ശിരസ്സ് അറുത്തുമാറ്റി ഇത്ര മൃഗീയമായി ഒരാളെ കൊന്നു തള്ളണമെങ്കിൽ അതിനു പിന്നിലെ കാരണം ദൃഢവും ശക്തവുമാകണം. അതല്ല എങ്കിൽ മൃഗീയ കൊലപാതകങ്ങൾ നടത്തുന്നതിൽ ആഹ്ളാദം കണ്ടെത്തുന്ന സൈേക്കോ പാത്തുകൾ ഇതിനു പിന്നിൽ ഉണ്ടായിരിക്കണം.ഉറപ്പായും അത്തരം മനോനില തെറ്റിയ സാഡിസ്റ്റ് പ്രവൃത്തികൾക്കു പിന്നിൽ ഒരാളായിരിക്കാനാണ് സാധ്യത. കൊലപാതകം നടത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക ആനന്ദം പങ്കുവക്കപ്പെടുവാൻ അത്തരം ആളുകൾ ഇഷ്ടപ്പെടുന്നില്ല .ഒരു കൊലപാതകത്തിൽ മാത്രം അവരുടെ ക്രിമിനൽ ചെയ്തികൾ ഒതുങ്ങുകയുമില്ല. അവർ അവസരം പാത്ത് തുടരൻ കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഏതാനും സൈക്കോ പാത്തുകളുടെ ചരിത്രം പരിശോധിച്ചപ്പോൾ അവർ ഒറ്റക്കു തന്നെയാണ് കൃത്യം ചെയ്തിരിക്കുന്നതായാണ് കണ്ടത്. ആളുകളെ തലക്കടിച്ച് കൊല്ലുന്നത് ശീലമാക്കിയ ഒരു സൈക്കോ പാത്തിനോട് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ തലക്കടിയേറ്റ് തലയോട് തകരുന്ന ആ ശബ്ദം കേൾക്കുമ്പോഴുള്ള ആനന്ദത്തിനു വേണ്ടിയെന്നാണ്. ആ ഒരു ആനന്ദത്തിനു പകരം വക്കുന്ന ഒന്നുമില്ലെന്നാണ് അയാളുടെ നിലപാട്. അപ്പോൾ അത്തരമൊരു സാധ്യത പൂർണ്ണമായും തള്ളിക്കളയാവുന്നതാണ്.
യാതൊരു വിവരങ്ങളും ഈ സംഭവത്തിൽ ലഭ്യമല്ലാത്ത അവസ്ഥയിൽ മുന്നിലുള്ള ഏക വഴി മാധ്യമങ്ങൾ പരിശോധിച്ച് കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങൾക്കുള്ളിൽ കാണാതായ ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതാണ്. തുടർന്ന് ഓരോരുത്തരുടേയും വിശദാംശങ്ങൾ തേടേണ്ടി വരും. വിവര സമാഹരണത്തിന് തോമാച്ചനെന്തെങ്കിലും സംഭാവന നല്കാനാകുമോ എന്ന് ആലോചിച്ചപ്പോഴാണ് തോമാച്ചനുമായി സംസാരിച്ച് ഏറെക്കാലമായല്ലോ എന്നോർത്തത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കിക്കൊണ്ട് ബന്ധങ്ങളുണ്ടാക്കി നായകനും. നിർമ്മാതാവും സംവിധായകനും ലഫ്റ്റനൻറ് കേണലുമൊക്കെ ആകാനാഗ്രഹഹിച്ച തോമാച്ചൻ! ഈയിടെ ഒരു യാത്രക്കിടയിൽ ഒരു സിനിമാ ഷൂട്ടിങ്ങ് സെറ്റിൽ വച്ച് കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്ഷീണനായി ഒരിടത്ത് ഒടിഞ്ഞു തൂങ്ങി ഇരിക്കുന്നതാണ് കണ്ടത്.പിന്നീട് തോമാച്ചനെ വിളിച്ചു. വിശേഷങ്ങൾ ആരാഞ്ഞു. തോമാച്ചന് ഏറെ കദനകഥകളുടെ കെട്ടഴിക്കാനുണ്ടായിരുന്നു. അഭിനയമോഹികളായ നൂറോളം പേരുടെ വാട്ട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കിക്കൊണ്ടായിരുന്നു തോമാച്ചൻ്റെ പ്രവർത്തനം. തുടക്കത്തിൽ സുഗമമായി മുന്നോട്ടു പോയ ഗ്രൂപ്പിൽ ക്രമേണ അസ്വാരസ്യങ്ങൾ ഉടലെടുത്തു. എണ്ണം തികച്ച് ആളുകളെ എത്തിച്ചു നൽകാൻ തോമാച്ചന് കഴിയാതെയായി. സിനിമാ പ്രൊഡക്ഷനിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റിനു നല്കാനുള്ള തുക പൂർണ്ണമായും തോമാച്ചൻ കൊടുക്കുന്നില്ലെന്ന പരാതി ഉയർന്നു. വാട്ട്സ് അപ്പ് ഗ്രൂപ്പ് ശിഥിലമായി. പ്രൊഡക്ഷൻ മാനേജരെ പഴിചാരി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അതു ഫലപ്രദമായില്ല. നായകനാകാനും ഏറെ ശ്രമിച്ചെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർക്ക് നായക വേഷം പോയിട്ട് ഒരു ഭേദപ്പെട്ട വേഷം പോലും അപ്രാപ്യമായിരുന്നു. ഉയർന്നു വരുന്ന യുവതാരങ്ങളുടെ ഡേറ്റ് കരസ്ഥമാക്കി നിർമാതാവിനെ സമീപിച്ച് പടം ചെയ്യാനുള്ള ശ്രമങ്ങളും പാളി. രണ്ടു കൂട്ടർക്കുമിടയിൽ ഒരു ഇടനിലക്കാരൻ്റെ ആവശ്യം തത്കാലം അവർക്കില്ലായിരുന്നു.
ഒരു ലഫ്റ്റനൻ്റ് കേണലാകാനും ഒരു പാട് കേന്ദ്രങ്ങളിൽ പോയി അന്വോഷിച്ചെങ്കിലും തീർത്തും അപരിചിതമായ ഒരു മാർഗ്ഗം മാത്രമേ ആ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ളൂ എന്നു മനസ്സിലാക്കി ആ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു. നിലവിൽ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയറുടെ കീഴിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയാണ് തോമാച്ചൻ. ഒരു പാട് വേഷങ്ങൾ കെട്ടിയാടിയ വിപുലമായ തൻ്റെ അനുഭവസമ്പത്തിൻ്റെ വെളിച്ചത്തിൽ ഒരു ഉപദേശം യുവാക്കൾക്കായി തോമാച്ചന് നല്കാനുണ്ട്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം നല്ലതു തന്നെയാണ്. എന്നാൽ ജീവിതയാത്രയിൽ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രമേ മനസ്സുകൊടുക്കാവൂ. പല ലക്ഷ്യങ്ങൾ നമ്മുടെ ചിന്തകളുടെ ഫോക്കസ്സ് നഷ്ടപ്പെടാൻ ഇടയാക്കും. അതു കൊണ്ട് തന്നെ ലക്ഷ്യങ്ങളെല്ലാം അപ്രാപ്യമായിത്തീരും. ഉദാഹരണത്തിന് സച്ചിൻ. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരും കോടീശ്വരനുമായ സച്ചിൻ. ക്രിക്കറ്റല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യമോ അഭീഷ്ടമോ അദ്ധേഹത്തിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്.അതു പോലെ യേശുദാസ് സംഗീതവും അതുമായി ബന്ധപ്പെട്ടുമല്ലാതെ മറ്റെന്തെങ്കിലും പ്രവൃത്തി അദ്ധേഹത്തിൽ നിന്നുണ്ടായിട്ടില്ല എന്നത് ഉറപ്പാണ്. മനസ്സ് എന്നു പറയുന്നത് ഊർജ്ജ രൂപമാണ്. പല ലക്ഷ്യങ്ങളിലേക്ക് ചിതറിപ്പോകുന്ന ഊർജ്ജ പാക്കറ്റുകൾ ലക്ഷ്യം ഭേദിക്കണമെന്നില്ല. ഒരേ ലക്ഷ്യം കണക്കാക്കി പായുന്ന ഊർജ്ജം ലക്ഷ്യത്തെ ഭേദിക്കുക തന്നെ ചെയ്യും. പിന്നേയും പല ലോകമറിയുന്ന വ്യക്തികളെ ഉദാഹരിക്കാൻ തോമാച്ചൻ ശ്രമിച്ചെങ്കിലും ഞാൻ ഇടക്കു കയറി സംസാരിച്ച് ആ ശ്രമം തടഞ്ഞു.
എൻ്റെ വിഷയം എടുത്തിട്ടു. സ്ത്രീയെയും പുരുഷനേയും കണ്ടതൊഴിച്ച് ബാക്കിയെല്ലാം സവിസ്തരം പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട ശേഷം തോമാച്ചൻ തെല്ലിട മൗനത്തിലായി. വേലിയിൽ കിടക്കുന്ന പാമ്പിനെ എന്തിനാണ് കഴുത്തിലിടുന്നതെന്ന് പറഞ്ഞ് അനുഭവസമ്പന്നനായ തോമാച്ചൻ കാര്യമായി ഗുണദോഷിച്ചു. കുറ്റവാളിയെ കണ്ടെത്തുന്നതിന് എന്തെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാലല്ലാതെ വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാനാകാത്ത ഈ വിഷയം വിട്ടു കളയാൻ തോമാച്ചൻ ഉപദേശിച്ചു. ആ ഉപദേശം എനിക്ക് ഉൾക്കൊള്ളാനായില്ല. സാമ്പത്തിക നേട്ടങ്ങൾക്കുപരിയായി എൻ്റെ ജിജ്ഞാസ ശമിപ്പിക്കലും ഒപ്പം സമൂഹത്തോടുള്ള പ്രതിബദ്ധത പുലർത്തുക എന്ന ചിന്തക്കു മാണ് ഞാൻ പ്രാമുഖ്യം നല്കിയത്. ഏറെ നേരത്തെ വാക്കുതർക്കങ്ങൾക്കു ശേഷം മനസ്സില്ലാ മനസ്സോടെ തോമാച്ചൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു തരാമെന്ന് അറിയിച്ചു. ഒപ്പം ഒരു കർശന നിബന്ധനയും. അയാളെ പോലീസ് സ്റ്റേഷനിൽ കയറുവാനുള്ള ഇട ഞാൻ മൂലം വരുത്തരുത്. ഞാൻ ആ നിബന്ധന അപ്പോൾ തന്നെ സമ്മതിച്ചു.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവര സമാഹരണത്തിനായി ഏതു മാർഗം അവലംബിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് വിവരം പറയാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വിളി അവസാനിപ്പിച്ചു. പുറത്ത് നേരിയ ചുകന്ന വെയില് പടർന്നു പിടിക്കുന്നു. തീഷ്ണതയില്ലാത്ത ഈ സമയത്തെ വെയിലേൽക്കുന്നത് ആഹ്ളാദകരമാണ്. വഴിത്താരയിൽ സാമാന്യം ആൾത്തിരക്കുണ്ട്.. സൂര്യ ശകലങ്ങൾ തുന്നിച്ചേർത്ത ഊഷ്മളമായ പുതപ്പ് എന്ന വന്നു പൊതിഞ്ഞു. പോർത്തുഗീസ് റസ്റ്ററൻറ് ലക്ഷ്യമാക്കി നടക്കുമ്പോൾ യാതൊരു തുമ്പും എനിക്കീ വിഷയത്തിലില്ലെന്ന് ഖേദത്തോടെ ഓർത്തു. നാളത്തെ പത്രത്തിൽ അല്ലെങ്കിൽ ഇന്നത്തെ സായാഹ്ന പത്രത്തിൽ കായലിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്ത സംഭവത്തിൻ്റെ വിവരണമുണ്ടാകും. സത്യത്തിൽ നിന്നും ഏറെ അന്തരം അത്തരം റിപ്പോർട്ടിൽ ഉണ്ടാകാമെങ്കിലും ഉപയോഗപ്രദമായ എന്തെങ്കിലും വസ്തുതകൾ ലഭിക്കുമെന്ന ചെറിയ പ്രതീക്ഷ ബാക്കി നിൽക്കുന്നു. ഒപ്പം തോമാച്ചനിൽ നിന്നും വിവര സമാഹരണത്തിന് ഉപയുക്തമായ വസ്തുതകൾ ലഭ്യമാകുമെന്ന വിശ്വാസവുമുണ്ട്. നിറം മാറാൻ വെമ്പുന്ന ചുകന്ന വെയിലേറ്റ് നടക്കുമ്പോൾ ഒരു കൊലപാതകത്തിലേക്ക് ഒരു സാധാരണ മനുഷ്യനെ എത്തിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ആ ഒരു ക്രൂരകൃത്യത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളെക്കുറിച്ചും ചിന്തിക്കുകയായിരുന്നു. പ്രഭാതത്തിൽ വെള്ളി വെളിച്ചം വിതറി അന്തരീക്ഷത്തിൽ പടർന്നു പിടിച്ച വെയിലായിരുന്നു. ഉച്ച സമയത്തെ തീക്ഷ്ണതക്കു ശേഷം നിറം മാറാൻ തുടങ്ങി. നേരിയ ചുകപ്പെന്ന പരകായപ്രവേശത്തിനു ശേഷം ചുകപ്പിൻ്റെ സാന്ദ്രത ഏറി ഇരുളാൻ തുടങ്ങി. നിരന്തരം മാറി മറയുന്ന മനുഷ്യ മനസ്സുപോലെ നിറം മാറുന്ന പ്രകൃതി. നിറം കെട്ടുപോകുന്ന പ്രകൃതി .ക്രിമിനൽ പ്രവൃത്തികളിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഒരു ഡാറ്റബേസ് തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷം മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ട കുറ്റകൃത്യങ്ങളും അതിലേക്ക് നയിച്ച വസ്തുതകളുടെയും സമഗ്രമായ വിവരണം വായിച്ചായിരുന്നു ഡാറ്റബേസ് തയ്യാറാക്കിയത് .വ്യക്തമായി മനസ്സിലായ വിവരങ്ങൾ മാത്രമേ അതിൽ ഉൾപ്പെടുത്തിയുള്ളൂ അതിൽ നിന്നും മനസ്സിലായ ഘടകങ്ങളിൽ പ്രധാനമായും മുന്നിട്ടുനിന്നത് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താൽ നടത്തിയ കൊലപാതകങ്ങൾ, തുടർന്ന് അരാജകത്വജീവിതത്തിൻ്റെ ഭാഗമായ വിഷയസുഖങ്ങളോടുള്ള പ്രതിപത്തി മുഖ്യ കാരണമായ പാതകങ്ങൾ. സദാചാര മര്യാദകളെ തൃണവദ്ഗണിച്ചുള്ള അവിശുദ്ധ ബന്ധങ്ങളുടെ അവശേഷിപ്പായ ദാരുണ സംഭവങ്ങൾ, വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയുള്ള സാമ്പത്തിക വിഷയങ്ങളിലെ ക്രമക്കേടുകൾ അങ്ങിനെ പോകുന്നു കാരണങ്ങൾ.മേൽ പറഞ്ഞവയിൽ ഈയൊരു വിഷയത്തിൽ മുന്നിട്ടു നിൽക്കുന്നത് ഏതായിരിക്കും? മേൽ സൂചിപ്പിച്ചതിൽ ഏതെങ്കിലും ഒന്നാകാം അല്ലെങ്കിൽ എല്ലാമാകാം.
തുടരും...