ജലപ്പരപ്പിലെ ചുഴി പോലെ സമാധാനം നഷ്ടപ്പെടുത്തിയ ഒരു കാഴ്ച. അതിന്റെ പിറകെ അന്വേഷണയാത്രകൾ. ദുരൂഹതകൾ നിറഞ്ഞ കുറ്റാന്വേഷണ പരമ്പര വായിക്കുക. തീർച്ചയായും ഇതു നിങ്ങൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല.
ദൃക്‌സാക്ഷി
തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാകാം അല്പം വൈകിയാണ് ഉറക്കമുണർന്നത്. ഉണർന്നിട്ടും അല്പനേരം ജനലഴിയിലൂടെ അരിച്ചെത്തി വെളുത്ത ചുമരിൽ തിരതല്ലുന്ന സൂര്യശകലങ്ങളുടെ പ്രതിഫലനം കണ്ട് കിടന്നു. സൂര്യൻ്റെ സ്ഫടിക രാശിയിൽ, മുറിക്കകത്ത് ദൃശ്യഗോചരമല്ലാതിരുന്ന ധൂളികൾ പതുക്കെ ദൃശ്യമാകാൻ തുടങ്ങി. ഒട്ടേറെ തവണ ഇമ തല്ലി മിഴിച്ചപ്പോഴാണ് വെളുത്ത ചുമരിൽ ഒരു വാഹനത്തിൻ്റെ നമ്പർ കോറിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞൊടിയിൽ തലേന്ന് പാതിരാത്രിയിൽ കണ്ട ദൂരകാഴ്ചകൾ എനിക്ക് ഓർമ്മ വന്നു. രാവേറെ ചെന്ന സമയം ഇരുട്ടിനെ കീറി മുറിച്ച് വന്ന വാഹനം. വിജനമായ വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങുന സ്ത്രീയും പുരുഷനും. തുടർന്ന് വാഹനത്തിൽ നിന്നും രണ്ടു പേരും ചേർന്ന് താങ്ങിയെടുത്ത് ഇറക്കിയ ചാക്കുകെട്ട്. അതും കൊണ്ടവർ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. നരച്ച ആ കുറ്റിക്കാടിനപ്പുറം കായലാണ്. വല്ലാതെ ജനനിബിഡമാകുന്ന കേന്ദ്രമല്ല ആ കായലോരവും അതിൻ്റെ പരിസരവും. ഒഴിവു ദിവസങ്ങളിൽ വല്ലപ്പോഴും ഒന്നു രണ്ടാളുകൾ ചൂണ്ടയിടാനായി കുറ്റിക്കാട് പകുത്ത് പോകുന്നത് കാണാറുണ്ട്. ഇടക്കിടെ ഒരഴിഞ്ഞ ഗന്ധം പ്രസരിക്കുന്ന കായലോരത്തു നിന്നും പത്തു മിനിട്ടിനകം തിരിച്ചു വന്ന അവരുടെ കൈവശം ചാക്കുകെട്ടില്ല. ഒന്നുമറിയാത്ത മട്ടിൽ, ധൃതിയിൽ അവരുടെ തിരിച്ചു പോക്ക്. നേരിയ ഇരുട്ടിലും സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞ വാഹനത്തിൻ്റെ നമ്പർ. അതാണ് മറന്ന് തെറ്റിപ്പോകേണ്ടെന്നു കരുതി അപ്പോൾ തന്നെ വെളുത്ത ചുവരിൽ കോറിയിട്ടത്.
ഏതോ ദുരൂഹമായ സംഭവ പരമ്പരകളിലേക്കുള്ള പിടിവള്ളിയെന്ന പോലെ നമ്പരുകൾ വെളുത്ത ചുമരിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്നു. തുടർന്ന് അസ്വസ്ഥമായ മനസ്സോടെ വന്നു കിടന്നപ്പോളാണ് വിതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടത്. ഉൾഭയത്തോടെ കണ്ണടച്ചു കിടന്നപ്പോൾ ശബ്ദം പതുക്കെ കമ്പനം ശമിച്ച് അകന്ന് പോകുന്നതായി അറിഞ്ഞത്. അങ്ങിനെ ക്രമേണ ഉറങ്ങി പോയതാണ്. തലേന്ന് നടന്ന സംഭവങ്ങൾ ഓർക്കുന്തോറും അസ്വസ്ഥത മനസ്സിൽ പെരുകിത്തടിച്ചു. ആ ചാക്കുകെട്ട്. സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ടിൽ എന്തായിരിക്കും? കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കൊണ്ടുപോയിത്തള്ളിയ ആ ചാക്കുകെട്ടിനു പിറകിൽ തീർത്തും അസുഖകരമായ വസ്തുതകളാകാമെന്നത് നൂറു ശതമാനം തീർച്ച തന്നെ. ഒരു ക്രിമിനൽ സംഭവപരമ്പരയിലെ അവസാന രംഗത്തിന് സാക്ഷിയാണോ ഞാൻ? ആ ദുരുഹതയുണർത്തുന്ന രണ്ടു വ്യക്തികളൊ, അല്ലെങ്കിൽ വാഹനത്തിലിരിക്കുന്ന മറ്റാരെങ്കിലോ സാമാന്യം ദൂരെയുള്ള ഫ്ലാറ്റിൽ ജനലഴിക്കു പുറകിൽ നിൽക്കുന്ന എന്നെ കണ്ടു കാണണം. അതായിരിക്കുമോ വന്നു വാതിലിൽ മുട്ടിയത്. കഷ്ടകാലത്തിന് സെക്യൂരിറ്റി നിൽക്കുന്നയാൾ അവധിയിലാണ്. പിന്നെ മറ്റെന്തെങ്കിലും നശീകരണ തീരുമാനം മനസ്സിൽ നിശ്ചയിച്ചു കൊണ്ടായിരിക്കുമോ അവർ സ്ഥലം വിട്ടത്?
മനസ്സിനെ മഥിക്കുന്ന ചിന്തകളുടെ പെരുക്കത്തിന്നവസാനം എഴുന്നേറ്റു. ജനലഴിയിലൂടെ പുറത്തേക്കു നോക്കി. ഉണരാൻ വെമ്പുന്ന ചെറുപട്ടണം. രഹസ്യങ്ങൾ ഒളിപ്പിച്ച കായലിൽ നിന്നും വീശുന്ന വരണ്ട ഉപ്പുമണമുള്ള കാറ്റ്. സൂര്യനെ ഉൾക്കൊണ്ട് പരിസരം ചൂടുപിടിക്കാനൊരുങ്ങുന്നു. ജനാലയടച്ച് മുറിക്കു പുറത്തിറങ്ങി. അടുക്കളയിൽ ചായകൂട്ടുന്ന ട്രീസ. അമ്മ എഴുന്നേറ്റിട്ടില്ല. മുഖം കഴുകി കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചപ്പോൾ മനസ്സിൻ്റെ മുറുക്കം അയഞ്ഞു. ലാഘവത്തിൻ്റെ ശീതളിമ നേടാൻ വെമ്പുന്ന മനസ്സ്. പ്രഭാതത്തിലെ നടത്തം ഉൻമേഷകരമാണ്. അലസതയുടെ കെട്ടുപാടുകൾ തൂത്തെറിഞ്ഞ് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസരിപ്പ് നല്കാൻ അതിനാകും. ചതുരാകൃതിയിൽ കല്ലുപാകിയ നടപ്പു വഴികൾ കുറ്റിക്കാടിനിപ്പറമുണ്ട്. ഒന്നു നടക്കണം. മുത്തുമണി പോലെ വിയർക്കുന്ന ശരീരത്തിൽ കായൽക്കാറ്റേൽക്കുന്നത് ഒരു അവാച്യമായ ആനന്ദാനുഭൂതിയാണ്!. ട്രീസയോടു വിവരം പറഞ്ഞ് പുറത്തിറങ്ങി.
പുലർകാലത്തിലെ ഇളംതണുപ്പുൾക്കൊള്ളുന്ന ഉൻമേഷഭരിതമായ ഇളങ്കാറ്റ്. പ്രഭാതസവാരിക്കിറങ്ങിയ ചുരുക്കം ചിലരൊഴിച്ച് വഴിത്താരയിൽ ഏറെ ആളുകളായിത്തുടങ്ങിയിട്ടില്ല. ഒറ്റപ്പെട്ട ചില വാഹനങ്ങൾ ദൂരയാത്രയുടെ കാലുഷ്യവും മടുപ്പും പേറി ഇടക്ക് കിതച്ചു കൊണ്ട് പോകുന്നതു കാണാം. അല്പദൂരം നടന്ന് ശരീരം ചെറുതായൊന്നു വിയർത്തശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് തലേ രാത്രിയിലെ സംഭവങ്ങൾ പൊടുന്നനെ മനസ്സിലേക്കോടിയെത്തിയത്. ആ പരിസരമൊന്നു വിശദമായി കാണാമെന്ന് നിശ്ചയിച്ച് തലേന്ന് സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ പ്രഭയെ കീറി മുറിച്ചു കൊണ്ട് വന്ന വാഹനം പാർക്കു ചെയ്ത വഴിയിലേക്ക് നടന്നു. അവിടെയെത്തി എൻ്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കൺ പായിച്ചു. ഈ വിദൂരതയിൽ നിന്നും നോക്കുമ്പോൾ തലേന്ന് ഞാൻ മിഴിനട്ടിരുന്ന ജനാല കാണാം. ഇരുട്ടു കൂടിയാകുമ്പോൾ തീർത്തും വ്യക്തമാകില്ല. തീർച്ച. മാത്രവുമല്ല പുറത്തേക്ക് നോക്കുന്ന വേളയിൽ മുറിക്കകത്തെ ലൈറ്റ് ഓഫ് ചെയ്തതായി വ്യക്തമായി ഞാൻ ഓർമ്മിക്കുന്നുമുണ്ട്. എന്നെ ആ സ്ത്രീയോ പുരുഷനോ കണ്ടിട്ടില്ലെന്ന് തീർത്തും പറയാൻ കഴിയും. പിന്നെ എൻ്റെ മുറിയുടെ കതകിൽ മുട്ടിയതാരാണ്? അമ്മയാണോ? ഇത്ര ശക്തിയിൽ മുഴക്കത്തോടെ കതകിൽ തട്ടാൻ അമ്മക്ക് സാധിക്കുമോ എന്ന് സംശയമാണ്. അമ്മയോട് ഇപ്പോൾ തന്നെ പോയി ചോദിച്ച് സംശയ നിവാരണം നടത്താമല്ലോ? അമ്മയല്ലെങ്കിൽ പിന്നെയാര്? തോന്നലായിരിക്കുമോ? അർദ്ധരാത്രിയുടേതായ സമയരാശി തോന്നലുകളുടേതു കൂടിയാണ്.
തുടരും...
കിഴക്കു പോകുന്ന തീവണ്ടി
സ്ട്രീറ്റ് ലൈറ്റിനു താഴെ നിന്ന് പരിസരം വീക്ഷിക്കുമ്പോൾ കായലിനെ തലോടിയെത്തിയ നനഞ്ഞ കാറ്റ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. നിരന്നു മുറ്റി വളർന്നു നിൽക്കുന്ന മുൾച്ചെടിപ്പടർപ്പുകളിലെ സ്ട്രീറ്റ് ലൈറ്റിനു പുറകിലെ ഭാഗം വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നു.
ഇതിലൂടെയാകണം സ്ത്രീയും പുരുഷനും ചാക്കുകെട്ട് താങ്ങിപ്പിടിച്ച് സഞ്ചരിച്ചു കാണുക. ആ മുൾച്ചെടിപ്പടർപ്പിലൂടെ കായൽക്കര വരെ പോയി നോക്കാൻ തീരുമാനിച്ചെങ്കിലും അപ്പോൾ തന്നെ തീരുമാനം മാറ്റി. ഇനിയിവിടെ പോലീസു വരും. മണം പിടിച്ചു കൊണ്ട് പോലീസു നായ വരും. എന്തിന് ആവശ്യമില്ലാത്ത പൊല്ലാപ്പിന് പോകണം. ഈ പ്രദേശത്ത് കായലിന് ഏറെ ആഴമില്ല. ആ ചാക്കുകെട്ടിൽ എൻ്റെ ഊഹമനുസരിച്ചുള്ള വസ്തുവെങ്കിൽ ഒരാഴ്ചക്കകം ഈ പരിസരത്ത് പോലീസുകാണും. ഒരാഴ്ച തികക്കില്ലെന്ന് മനസ്സു പറയുന്നു. കായലിൻ്റെ ഒഴുക്ക് മന്ദഗതിയിലാണ്. എവിടെയും ചെന്ന് ചേരാനുമില്ല. ചാക്കുകെട്ടുമായി പോയ സ്ത്രീയും പുരുഷനും വളരെ ചെറിയ സമയത്തിനുള്ളിൽത്തന്നെ തിരിച്ചു വരികയുണ്ടായി എന്നത് ഞാൻ പ്രത്യേകം നിരീക്ഷിച്ചതാണ്. ഭാരമുള്ള വസ്തു ചാക്കുകെട്ടിനോട് ബന്ധിച്ച് കായലിൽ താഴ്ത്തുവാനുള്ള സമയമൊന്നും അവരെടുത്തിട്ടില്ല. ഏതായാലും ഒന്നു രണ്ടാഴ്ചക്കകം വിവരമറിയാം. വകഞ്ഞൊതുക്കിയ മുൾപ്പടർപ്പിലൂടെ ഒന്നു പോയി നോക്കാനുള്ള അതിയായ ആഗ്രഹം, വരാൻ പോകുന്ന ഭവിഷ്യത്ത് മുൻകൂട്ടിക്കണ്ട് പണിപ്പെട്ട് അടക്കി വീട്ടിലേക്ക് തിരിച്ചു. മനുഷ്യ മനസ്സ് അങ്ങിനെയാണ് നാടോടിക്കഥയിലെ രാജകുമാരിയെപ്പോലെ ഒരിക്കലും തുറക്കരുതെന്ന നിർദേശം ലഭിച്ച വാതിലേ പോയി തുറക്കൂ. ഒരിക്കലും തിരിഞ്ഞു നോക്കാതെ മുൻപോട്ടു പൊയ്ക്കൊള്ളണം എന്നു പറഞ്ഞാൽ തിരിഞ്ഞു നോക്കിയിരിക്കും അന്നും ഇന്നും എന്നും അപ്രവചനീയമായ പ്രഹേളികയായി തുടരുന്ന മനുഷ്യമേധ. വൈരുദ്ധ്യങ്ങളുടെ സങ്കലനം .ഒരിക്കലും കൈപ്പിടിയിലൊതുക കൈപ്പിടിയിലൊതുങ്ങാത്ത കടലാഴങ്ങൾ അടിയൊഴുക്കുകൾ. സഞ്ചാരങ്ങൾ.
ഇഞ്ചിയും തുളസിയും ഇട്ടു തിളപ്പിച്ച ചായ ഊതിക്കുടിക്കുമ്പോൾ അമ്മയെ സാകൂതം ഉറ്റുനോക്കുകയായിരുന്നു ഞാൻ. ട്രീസ ഉണ്ടാക്കിക്കൊടുത്തു കൊണ്ടിരുന്ന നേർത്തുമൊരിഞ്ഞ ദോശ ശ്രദ്ധാപൂർവ്വം ചട്നിയിൽ മുക്കി കഴിക്കുകയായിരുന്നു അമ്മ.
"അമ്മയിന്നലെ നേരെ ഉറങ്ങീലെ?"
അമ്മ തലയുയർത്തി നോക്കി. "പിന്നെ നല്ലോണം ഉറങ്ങി കിടന്നതേ ഓർമ്മള്ളൂ. എണീക്കുമ്പോ സമയം എട്ടര."
ഞാൻ എഴുന്നേറ്റു. മുറിക്കകത്തേക്കു നടന്നു. വെളുത്ത ചുമരിൽ കോറിയിട്ട നമ്പർ ശ്രദ്ധാപൂർവ്വം പേപ്പറിൽ കുറിച്ചെടുത്തു. നമ്പർ പരിശോധിച്ചു. എൻ്റെ ഊഹം തെറ്റിയില്ല. അത്തരമൊരു നമ്പർ മോട്ടാർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ദുരൂഹമായ ആ ചാക്കുകെട്ടിനുള്ളിൽ എന്താണുള്ളതെന്ന എൻ്റെ ഊഹത്തിന് ബലമേറുകയാണ്.
അലസത ആധിപത്യം സ്ഥാപിച്ച ആ ദിവസത്തിൻ്റെ അവസാനമാണ് ട്രീസ ഒരു ജോലിയേൽപ്പിച്ചത്. അല്പം നീണ്ട ഒരു യാത്ര ആവശ്യമായി വരുന്ന ആ ജോലി അവളുടെ ഒരു സുഹൃത്തിനു വേണ്ടിയായിരുന്നു. പേരോ സ്ഥലമോ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിധവയായ അവരുടെ മകൾ ബാംഗ്ലൂരിൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആ പാവം അമ്മയെ വല്ലാത്തൊരു സംശയം പിടികൂടിയിരിക്കുന്നു. മകളുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് അമ്മക്ക് സംശയത്തിന് ഇട നല്കിയത്. ബാംഗ്ലൂരിലെ ഏതൊ ഒരുവനുമായി മകൾ പ്രണയ കുടുക്കിൽ ചെന്നകപ്പെട്ടിട്ടുണ്ടോ എന്നതാണ് അമ്മയെ അലട്ടുന്ന വിഷയം. പ്രണയത്തിനൊന്നും ആ അമ്മ എതിരല്ല. എന്നാൽ ആ പ്രണയം മകൾക്ക് ദോഷകരമായി വരുമോ ആശങ്കയിലാണ് ആ അമ്മ. ഇത്തരം വിഷയത്തിൽ ഒരമ്മയുടെ ആശങ്ക മനസ്സിലാക്കാവുന്നതാണ്. അതു കൊണ്ടു തന്നെ മകളുടെ കാമുകനെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ സംഘടിപ്പിച്ചു നല്കാമെന്ന് അറിയിക്കണമെന്ന് ട്രീസയോട് പറഞ്ഞു. ഒപ്പം മകൾ പഠിക്കുന്ന കോളേജ് വിലാസവും മറ്റു ചില വ്യക്തിഗത വിവരങ്ങൾ നല്കണമെന്നും ആവശ്യപ്പെട്ടു. അതു ലഭിക്കുന്ന മുറക്ക് ബാംഗ്ലൂരിലേക്ക് ഒരു യാത്ര തീരുമാനിക്കാമെന്ന് നിശ്ചയിച്ചു.
തുടർച്ചയായി പെയ്ത മഴയിൽ മൂടിക്കെട്ടിയ അന്തരീക്ഷം പഴുത്ത ഇല ഞെട്ടടർന്ന് കൊഴിയും പോലെ പൊയ്പോയ രണ്ടു ദിവസങ്ങൾ. മൂന്നാം ദിവസം തെളിഞ്ഞ പ്രഭാതം. പ്രകൃതിയുടെ അധിക ജലാംശം വലിച്ചെടുത്ത് തേജോമയമാക്കിയ സൂര്യ രശ്മികൾ.അവയത്രയും ഉൾക്കൊണ്ട് ഊഷ്മളതയിൽ ആറാടി നിന്ന പ്രകൃതി. ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യഭഗവാൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ..
ഇഞ്ചി ചേർത്ത ചായ അല്‌പാൽപ്പം കഴിച്ച് പത്രം ഒന്നോടിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്. കേരളത്തിൽ നിന്നും വിദൂരമായ കിഴക്കൻ പ്രദേശത്തോട്ടുള്ള ഒരു ട്രെയിനിൽ നിന്നും അവകാശികളില്ലാത്ത ഒരു ചാക്കു സഞ്ചി റെയിൽവേ പോലീസ് കണ്ടെത്തിയെന്നായിരുന്നു വാർത്ത. തുണി സഞ്ചിയിൽ ഒരു പുരുഷൻ്റെ വെട്ടിമുറിച്ച് വികൃതമാക്കപ്പെട്ട ശരീരാവശിഷ്ടങ്ങൾ! പൊടുന്നനെ മനസ്സിലൊരു കൊള്ളിയാൻ മിന്നി. കേരളത്തിൽ നിന്നും രണ്ടു ദിവസത്തെ യാത്ര വേണം ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ റെയിൽവേ സ്റ്റേഷനിലേക്ക്. രണ്ടു ദിവസം മുന്നേ പാതിരാത്രിയിൽ കണ്ട ദുരൂഹമായ സംഭവങ്ങൾ മനസ്സിലോടിയെത്തി. പുരുഷൻ്റെ ശരീരാവശിഷ്ടങ്ങളും കായലിലേക്കു തള്ളിയ ചാക്കുകെട്ടും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ ക്രിമിനൽ സംഭവ പരമ്പരകളിലെ ഏക ദൃക്സാക്ഷി ഞാൻ മാത്രമാണ്.
ഒരു സ്ത്രീയും പുരുഷനും. അവരുടെ ശരീരപ്രകൃതിയും മുഖവുമെല്ലാം ഓർത്തെടുക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. അരണ്ട വെളിച്ചത്തിൽ ദൂരെ നിന്നു കണ്ട അവരുടെ പ്രത്യാകതകൾ എന്തെല്ലാമായിരുന്നു? നല്ല ഉയരം ആ സ്ത്രീക്കുണ്ടായിരുന്നതായി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സാരിയായിരുന്നു വേഷം. ഉയരത്തിനനുസരിച്ച് ഒത്ത വണ്ണവും അവർക്കുണ്ടായിരുന്നു. ആ മുഖത്തേക്ക് ഒരു വേള സ്ട്രീറ്റ് ലൈറ്റിൻ്റെ അരണ്ട പ്രകാശം പ്രതിഫലിച്ചില്ലേ? ഉണ്ട് ആ മുഖം ഓർമ്മ വരുന്നു. ദൃഡമായ വെളുത്ത വട്ട മുഖം. ഓർമ്മയുടെ അടരുകളിൽ ദൃഢമായി ആലേഖനം ചെയ്യപ്പെട്ട് ഇടക്കിടെ മനസ്സിൻ്റെ പുറന്തോടിൽ ദൃശ്യമാകുന്ന മുഖം. ഇല്ല. എനിക്കാ മുഖചിത്രം ഒരിക്കലും മറക്കാനാവില്ല. പുരുഷന് മുണ്ടും ഷർട്ടുമായിരുന്നു വേഷം. സ്ത്രീയുടെ അത്ര കണ്ട് ഉയരം അയാൾക്കില്ലായിരുന്നു. എന്തുകൊണ്ടോ അയാൾ നിന്നിരുന്ന ഭാഗത്ത് ഇരുളിമ വന്ന് മൂടിയതിനാലാകാം മുഖം തീർത്തും വ്യക്തമായില്ല. ഞൊടിയിടയിലായിരുന്നു അവരിരുവരും ചേർന്ന് ആ ഒമ്നി വാനിൽ നിന്നും ചാക്കുകെട്ടിറക്കി രണ്ടു പേരും കൂടെ താങ്ങിപ്പിടിച്ച് മുൾച്ചെടിപ്പടർപ്പിൽ മറഞ്ഞത്. തിരിച്ചു വന്ന് നിമിഷാർദ്ധം കൊണ്ടാണ് വാനിൽ കയറി സ്ഥലം വിട്ടതും. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പൗരൻ എന്ന നിലക്ക് കണ്ട വിവരങ്ങൾ എല്ലാം പോലീസിനെ അറിയിക്കുന്നതായിരിക്കും നല്ലത് എന്ന് ആദ്യം ചിന്തിച്ചെങ്കിലും അതിൻ്റെ വരുംവരായ്കകൾ എൻ്റെ സമാധാനം കെടുത്തുമോയെന്ന് ഞാൻ ഭയന്നു. പോലീസിൻ്റെ ഭാഗത്തു നിന്നുള്ള നടപടി ക്രമങ്ങൾക്കും പരിശ്രമങ്ങൾക്കു ശേഷം കായലിൽ നിന്നും കണ്ടെടുക്കാനിടയുള്ള ചാക്കുകെട്ടിനകത്തെ വസ്തു ഞാനുദ്ധേശിച്ചതല്ലെങ്കിൽ തീർത്തും പരിഹാസ്യനാകുന്നതു ഞാൻ മാത്രമാകും . അതു മാത്രമല്ല പോലീസിൻ്റെ ഇടപെടൽ എൻ്റെ സമാധാന ജീവിതത്തിനും ഭംഗം വരുത്തുവാൻ ഇടയുണ്ട്. അതു കൊണ്ട് പ്രായോഗികമായി ചിന്തിച്ചാൽ അല്പം കൂടെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന് എനിക്കു തോന്നി. വേണ്ട സമയത്ത് വ്യക്തമായി അറിയാവുന്ന വസ്തുതകൾ പോലീസിനെ അറിയിക്കാം. അപ്പോൾ സമൂഹത്തോട് പ്രതിബദ്ധത പുലർത്തണമെന്ന എൻ്റെ ആഗ്രഹവും നടപ്പാകും. സ്വവ്യക്തിത്വം മറച്ച് പോലീസിനെ വിവരം ഗ്രഹിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടല്ലോ? കാത്തിരിക്കുക തന്നെയാണ് ഈയവസരത്തിൽ ഉചിതമായിട്ടുള്ളത്.
തുടരും...
ഒരാൾ കൂടി
ഒരാഴ്ചക്കുള്ളിൽ പലപ്പോഴായി ബാംഗ്ലൂരിലേക്ക് ഒരു ടിക്കറ്റ് കരസ്ഥമാക്കാൻ ശ്രമിച്ചെങ്കിലും ശ്രമം ലക്ഷ്യം കണ്ടില്ല ഒടുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സുഹൃത്ത് സോളമൻ എങ്ങിനെയോ ഒരു സ്ലീപ്പർ ടിക്കറ്റ് സംഘടിപ്പിച്ചു തന്നു.
സോളമൻ്റെ ട്രാവൽ ഏജൻസിയിൽ നിന്നുമിറങ്ങി നീട്ടിയടിച്ച ഒരു ചായ കുടിച്ച് ഫ്ലാറ്റിലേക്ക് തിരിയുന്ന വഴിയിൽ എത്തിയപ്പോൾ തെല്ലകലെ ഒരു പോലീസ് ജീപ്പ് കിടക്കുന്നതു കണ്ടു. അതു കണ്ടതും എൻ്റെ മനസ്സൊന്നു പിടച്ചു. എൻ്റെ ഊഹം യഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതിൻ്റെ ഒരു സൂചകമായി ഞാനാ കാഴ്ചയെ കണക്കാക്കി.മിടിക്കുന്ന ഹൃദയത്തോടെ ഞാനാ ജീപ്പിനരികിലേക്ക് നടന്നു. രണ്ടു പോലീസുകാർ അവിടെ നിന്നു സംസാരിക്കുന്നു. ജീപ്പിനിടതുവശത്തെ മുൾപ്പടർപ്പുകൾ വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു. ഒരു നീണ്ട നടപ്പാതയായി അവിടം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒറ്റേറെ ആളുകൾ ഇതിനകം ആ വഴിയിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് വ്യക്തം. ആകാംക്ഷ അടക്കാനാവാതെ, പോലീസുകാരൻ്റെ എങ്ങോട്ടെന്ന ചോദ്യചിഹ്നം പോലുള്ള നോട്ടം അവഗണിച്ച് വകഞ്ഞു മാറ്റപ്പെട്ട മുൾതുറവിലൂടെ ഞാൻ നടന്നു. പൊടുന്നനെ കായലിൽ നിന്നുള്ള അസുഖകരമായുള്ള ഗന്ധം പേറിയുള്ള കായൽകാറ്റ് എന്നെ വട്ടം ചുറ്റി. മുൻപോട്ട് നടക്കുന്തോറും ആ ഗന്ധത്തിൻ്റെ സാന്ദ്രത ഏറി വന്നു. ഞാൻ മൂക്കു പൊത്തി. മുന്നോട്ട് കൺ പായ്ചപ്പോൾ അല്പം ദൂരെ കായൽത്തീരത്ത് ചെറിയൊരാൾക്കൂട്ടവും കുറച്ചു പോലീസുകാരും നിൽക്കുന്നതു കണ്ടു. വേപഥുവോടെ ചെന്നു നോക്കിയപ്പോൾ എൻ്റെ ഊഹങ്ങളെ ശരിവക്കും വിധമുള്ള കാഴ്ചയായിരുന്നു കണ്ടത്! ഒരു ചാക്കുകെട്ട് തുറന്നുള്ള പരിശോധന. മങ്ങിയ പായൽപ്പടർപ്പുകൾ അവിടെങ്ങും ചിതറിക്കിടക്കുന്നു. കറുത്ത ദുർഗന്ധമുള്ള വെള്ളം അവിടവിടെ തളം കെട്ടി കിടന്നു. അസുഖകരമായ മനം മടുപ്പിക്കുന്ന ആ ഗന്ധം ശ്വസിച്ച് തല മന്ദീഭവിച്ച പോലെ എനിക്കനുഭവപ്പെട്ടു. മൂക്കുപൊത്തിയിട്ടും ജീർണഗന്ധം അവിടെങ്ങും തിരതള്ളി. ഞാൻ ആൾക്കൂട്ടത്തിനിടയിൽ കയറി സൗമ്യനെന്നു തോന്നിച്ച ഒരുവനെ നോക്കി സൗഹൃദം ഭാവിച്ച് കാര്യം തിരക്കി. അയാൾ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞേ തീരൂ എന്ന മട്ടിൽ വെമ്പി നിൽക്കുകയായിരുന്നു. അയാൾ പറയാൻ തുടങ്ങി . ദാ ആ കായലിലോട്ട് കയറി നിൽക്കുന്ന ഹോട്ടലു കണ്ടോ? കുടുംബശ്രീക്കാർ നടത്തണതാ. അവിടെ ഉള്ളോര് വല്ലാത്ത സ്മൽ വരുന്നെന്നു പറഞ്ഞ് ഇവിടെ സ്ഥിരം മീൻ പിടിക്കാൻ വരുന്ന പിള്ളേരെക്കൊണ്ട് അന്വേഷിപ്പിച്ചു. അവര് അങ്ങനെ അന്വോഷിക്കുമ്പോഴാണ് കട്ടപായലിൻ്റെ എടക്ക് ചാക്കുകെട്ട് പൊന്തിക്കിടക്കുന്നത് കണ്ടത്.ഈച്ച ആർക്കുന്നുണ്ടായിരുന്നു. സ്മല്ല് സഹിക്കാൻ മേല , വല്ല അറവുശാലക്കാര് കൊണ്ട് തള്ളിയതാണെന്ന് കരുതി കുഴിച്ചിടാമെന്നു കരുതി അവൻമാര് ചാക്കുകെട്ട് തീരത്തടുപ്പിച്ച്. പിന്നെന്തോ പന്തികേട് തോന്നി. എന്തിന് പറയുന്നു. ഇപ്പം പോലീസെത്തി നോക്കിയപ്പോ സംഭവം പ്രശ്നമാ! എന്ത് പ്രശ്നം? കണ്ടാലറിഞ്ഞൂടെ? സംഭവം സീരിയസ്സാണെന്ന് മനുഷ്യൻ്റെ തല മാത്രമ ല്ല പിന്നെയും ചില പാർട്സ് ഒക്കെ ഉണ്ട്. ബാക്കി ഐറ്റംസ് ഒക്കെ എവിടാണാവോ? കൊറച്ചു നേരായി പരിശോധന തൊടങ്ങീട്ട്. എനിക്കൊന്ന് നേരെ കാണണമെന്നുണ്ട് അങ്ങോട്ട് അടുപ്പിക്കുന്നില്ല. അല്ലോ അങ്ങോട്ട് അടുക്കാനും പറ്റിയ പരുവമല്ല. അയാൾ ലാഘവത്തോടെ പറഞ്ഞു. എൻ്റെ കാലിൻ്റെ പെരുവിരലിൽ നിന്നും ഒരു തരിപ്പ് മേലോട്ട് കയറി വന്നു. ഞാൻ നിന്നു വിറച്ചു. സംഭവത്തിൻ്റെ ഒരേ ഒരു ദൃക്സാക്ഷി. ഞാൻ! ഉത്തരവാദിത്വപ്പെട്ട പോലീസ് അധികാരിയോട് ഈ ജീർണിച്ച മൃതഭാഗവുമായി ബന്ധപ്പെട്ട് ഞാൻ കണ്ട കാഴ്ചയെ കുറിച്ച് സംസാരിക്കുവാൻ മനസ്സു തുടിച്ചെങ്കിലും ഉപബോധമനസ്സിൽ നിന്നുള്ള വിവേകത്തിൻ്റെയും യാഥാർത്ഥ്യബോധത്തിനേറെയും കരുത്തുറ്റ നിർദേശം മനസ്സിൻ്റെ തുടിപ്പിനെ ശമിപ്പിച്ചു. പ്രഥമദൃഷ്ടിയിൽ കൊലപാതകമെന്ന് ഉറപ്പെങ്കിലും ഇൻക്വിസ്റ്റ് നടപടിക്രമങ്ങൾ പൂർത്തികരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൊലപാതകം ആണോ അല്ലയോ എന്ന് സ്ഥിതീകരിക്കൂ. കൊലപാതകമല്ലെങ്കിൽ എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ മറ്റവകാശികളൊന്നുമില്ലെങ്കിൽ പൊതുശ്മശാനത്ത് ദഹിപ്പിക്കലാണ് ചട്ടം. ശ്മശാനം നടത്തിപ്പുകാർക്ക് ഇതിനായി പോലീസ് കത്തു കൊടുക്കേണ്ടതുണ്ട്.
പോലീസ് നായ ഉടനെയെത്തുമെന്ന് ആ സഹൃദയനായ സുഹൃത്ത് അറിയിച്ചതോടെ ആ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറിപ്പോകാൻ ഞാൻ തീരുമാനിച്ചു. ഫ്ലാറ്റിലെത്തി ഇളം ചൂടുവെള്ളത്തിൽ കുളിച്ചപ്പോൾ ശരീരത്തിനുണർവ്വ് തോന്നിയെങ്കിലും മനസ്സിലെ കാലുഷ്യം വിട്ടുപ്പോയില്ല. കിടപ്പുമുറിയിലെത്തി കായലിനോട് മുഖം തിരിച്ചുള്ള ജനാലകൾ തുറന്നിട്ടു. ദൂരെ മരങ്ങൾക്കപ്പുറം കായൽ നീണ്ടു നിവർന്നു കിടക്കുന്നു. കറുത്ത നിറമുള്ള കായലിൻ്റെ അകലങ്ങളിൽ ഏതാനും വഞ്ചികളും നീങ്ങിപ്പോകുന്നത് വിദൂരക്കാഴ്ചയായി കാണാം. അവിടെ ആയിരുന്നു മൃതദേഹ അവശിഷ്ടങ്ങൾ കടന്നിരുന്നത്. ശിരസ്സ് അറുത്തുമാറ്റി ഇത്ര മൃഗീയമായി ഒരാളെ കൊന്നു തള്ളണമെങ്കിൽ അതിനു പിന്നിലെ കാരണം ദൃഢവും ശക്തവുമാകണം. അതല്ല എങ്കിൽ മൃഗീയ കൊലപാതകങ്ങൾ നടത്തുന്നതിൽ ആഹ്ളാദം കണ്ടെത്തുന്ന സൈേക്കോ പാത്തുകൾ ഇതിനു പിന്നിൽ ഉണ്ടായിരിക്കണം.ഉറപ്പായും അത്തരം മനോനില തെറ്റിയ സാഡിസ്റ്റ് പ്രവൃത്തികൾക്കു പിന്നിൽ ഒരാളായിരിക്കാനാണ് സാധ്യത. കൊലപാതകം നടത്തുന്നതിലൂടെ ലഭിക്കുന്ന മാനസിക ആനന്ദം പങ്കുവക്കപ്പെടുവാൻ അത്തരം ആളുകൾ ഇഷ്ടപ്പെടുന്നില്ല .ഒരു കൊലപാതകത്തിൽ മാത്രം അവരുടെ ക്രിമിനൽ ചെയ്തികൾ ഒതുങ്ങുകയുമില്ല. അവർ അവസരം പാത്ത് തുടരൻ കൊലപാതകങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഏതാനും സൈക്കോ പാത്തുകളുടെ ചരിത്രം പരിശോധിച്ചപ്പോൾ അവർ ഒറ്റക്കു തന്നെയാണ് കൃത്യം ചെയ്തിരിക്കുന്നതായാണ് കണ്ടത്. ആളുകളെ തലക്കടിച്ച് കൊല്ലുന്നത് ശീലമാക്കിയ ഒരു സൈക്കോ പാത്തിനോട് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ തലക്കടിയേറ്റ് തലയോട് തകരുന്ന ആ ശബ്ദം കേൾക്കുമ്പോഴുള്ള ആനന്ദത്തിനു വേണ്ടിയെന്നാണ്. ആ ഒരു ആനന്ദത്തിനു പകരം വക്കുന്ന ഒന്നുമില്ലെന്നാണ് അയാളുടെ നിലപാട്. അപ്പോൾ അത്തരമൊരു സാധ്യത പൂർണ്ണമായും തള്ളിക്കളയാവുന്നതാണ്.
യാതൊരു വിവരങ്ങളും ഈ സംഭവത്തിൽ ലഭ്യമല്ലാത്ത അവസ്ഥയിൽ മുന്നിലുള്ള ഏക വഴി മാധ്യമങ്ങൾ പരിശോധിച്ച് കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങൾക്കുള്ളിൽ കാണാതായ ആളുകളുടെ ഒരു പട്ടിക തയ്യാറാക്കുക എന്നതാണ്. തുടർന്ന് ഓരോരുത്തരുടേയും വിശദാംശങ്ങൾ തേടേണ്ടി വരും. വിവര സമാഹരണത്തിന് തോമാച്ചനെന്തെങ്കിലും സംഭാവന നല്കാനാകുമോ എന്ന് ആലോചിച്ചപ്പോഴാണ് തോമാച്ചനുമായി സംസാരിച്ച് ഏറെക്കാലമായല്ലോ എന്നോർത്തത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കിക്കൊണ്ട് ബന്ധങ്ങളുണ്ടാക്കി നായകനും. നിർമ്മാതാവും സംവിധായകനും ലഫ്റ്റനൻറ് കേണലുമൊക്കെ ആകാനാഗ്രഹഹിച്ച തോമാച്ചൻ! ഈയിടെ ഒരു യാത്രക്കിടയിൽ ഒരു സിനിമാ ഷൂട്ടിങ്ങ് സെറ്റിൽ വച്ച് കണ്ടിരുന്നു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്ഷീണനായി ഒരിടത്ത് ഒടിഞ്ഞു തൂങ്ങി ഇരിക്കുന്നതാണ് കണ്ടത്.പിന്നീട് തോമാച്ചനെ വിളിച്ചു. വിശേഷങ്ങൾ ആരാഞ്ഞു. തോമാച്ചന് ഏറെ കദനകഥകളുടെ കെട്ടഴിക്കാനുണ്ടായിരുന്നു. അഭിനയമോഹികളായ നൂറോളം പേരുടെ വാട്ട്സ് അപ്പ് ഗ്രൂപ്പുണ്ടാക്കിക്കൊണ്ടായിരുന്നു തോമാച്ചൻ്റെ പ്രവർത്തനം. തുടക്കത്തിൽ സുഗമമായി മുന്നോട്ടു പോയ ഗ്രൂപ്പിൽ ക്രമേണ അസ്വാരസ്യങ്ങൾ ഉടലെടുത്തു. എണ്ണം തികച്ച് ആളുകളെ എത്തിച്ചു നൽകാൻ തോമാച്ചന് കഴിയാതെയായി. സിനിമാ പ്രൊഡക്ഷനിൽ നിന്നും ജൂനിയർ ആർട്ടിസ്റ്റിനു നല്കാനുള്ള തുക പൂർണ്ണമായും തോമാച്ചൻ കൊടുക്കുന്നില്ലെന്ന പരാതി ഉയർന്നു. വാട്ട്സ് അപ്പ് ഗ്രൂപ്പ് ശിഥിലമായി. പ്രൊഡക്ഷൻ മാനേജരെ പഴിചാരി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അതു ഫലപ്രദമായില്ല. നായകനാകാനും ഏറെ ശ്രമിച്ചെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർക്ക് നായക വേഷം പോയിട്ട് ഒരു ഭേദപ്പെട്ട വേഷം പോലും അപ്രാപ്യമായിരുന്നു. ഉയർന്നു വരുന്ന യുവതാരങ്ങളുടെ ഡേറ്റ് കരസ്ഥമാക്കി നിർമാതാവിനെ സമീപിച്ച് പടം ചെയ്യാനുള്ള ശ്രമങ്ങളും പാളി. രണ്ടു കൂട്ടർക്കുമിടയിൽ ഒരു ഇടനിലക്കാരൻ്റെ ആവശ്യം തത്കാലം അവർക്കില്ലായിരുന്നു.
ഒരു ലഫ്റ്റനൻ്റ് കേണലാകാനും ഒരു പാട് കേന്ദ്രങ്ങളിൽ പോയി അന്വോഷിച്ചെങ്കിലും തീർത്തും അപരിചിതമായ ഒരു മാർഗ്ഗം മാത്രമേ ആ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ളൂ എന്നു മനസ്സിലാക്കി ആ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു. നിലവിൽ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് സപ്ലയറുടെ കീഴിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയാണ് തോമാച്ചൻ. ഒരു പാട് വേഷങ്ങൾ കെട്ടിയാടിയ വിപുലമായ തൻ്റെ അനുഭവസമ്പത്തിൻ്റെ വെളിച്ചത്തിൽ ഒരു ഉപദേശം യുവാക്കൾക്കായി തോമാച്ചന് നല്കാനുണ്ട്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും എല്ലാം നല്ലതു തന്നെയാണ്. എന്നാൽ ജീവിതയാത്രയിൽ ഒരൊറ്റ ലക്ഷ്യത്തിലേക്ക് മാത്രമേ മനസ്സുകൊടുക്കാവൂ. പല ലക്ഷ്യങ്ങൾ നമ്മുടെ ചിന്തകളുടെ ഫോക്കസ്സ് നഷ്ടപ്പെടാൻ ഇടയാക്കും. അതു കൊണ്ട് തന്നെ ലക്ഷ്യങ്ങളെല്ലാം അപ്രാപ്യമായിത്തീരും. ഉദാഹരണത്തിന് സച്ചിൻ. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരും കോടീശ്വരനുമായ സച്ചിൻ. ക്രിക്കറ്റല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യമോ അഭീഷ്ടമോ അദ്ധേഹത്തിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്.അതു പോലെ യേശുദാസ് സംഗീതവും അതുമായി ബന്ധപ്പെട്ടുമല്ലാതെ മറ്റെന്തെങ്കിലും പ്രവൃത്തി അദ്ധേഹത്തിൽ നിന്നുണ്ടായിട്ടില്ല എന്നത് ഉറപ്പാണ്. മനസ്സ് എന്നു പറയുന്നത് ഊർജ്ജ രൂപമാണ്. പല ലക്ഷ്യങ്ങളിലേക്ക് ചിതറിപ്പോകുന്ന ഊർജ്ജ പാക്കറ്റുകൾ ലക്ഷ്യം ഭേദിക്കണമെന്നില്ല. ഒരേ ലക്ഷ്യം കണക്കാക്കി പായുന്ന ഊർജ്ജം ലക്ഷ്യത്തെ ഭേദിക്കുക തന്നെ ചെയ്യും. പിന്നേയും പല ലോകമറിയുന്ന വ്യക്തികളെ ഉദാഹരിക്കാൻ തോമാച്ചൻ ശ്രമിച്ചെങ്കിലും ഞാൻ ഇടക്കു കയറി സംസാരിച്ച് ആ ശ്രമം തടഞ്ഞു.
എൻ്റെ വിഷയം എടുത്തിട്ടു. സ്ത്രീയെയും പുരുഷനേയും കണ്ടതൊഴിച്ച് ബാക്കിയെല്ലാം സവിസ്തരം പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട ശേഷം തോമാച്ചൻ തെല്ലിട മൗനത്തിലായി. വേലിയിൽ കിടക്കുന്ന പാമ്പിനെ എന്തിനാണ് കഴുത്തിലിടുന്നതെന്ന് പറഞ്ഞ് അനുഭവസമ്പന്നനായ തോമാച്ചൻ കാര്യമായി ഗുണദോഷിച്ചു. കുറ്റവാളിയെ കണ്ടെത്തുന്നതിന് എന്തെങ്കിലും പാരിതോഷികം പ്രഖ്യാപിച്ചാലല്ലാതെ വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാനാകാത്ത ഈ വിഷയം വിട്ടു കളയാൻ തോമാച്ചൻ ഉപദേശിച്ചു. ആ ഉപദേശം എനിക്ക് ഉൾക്കൊള്ളാനായില്ല. സാമ്പത്തിക നേട്ടങ്ങൾക്കുപരിയായി എൻ്റെ ജിജ്ഞാസ ശമിപ്പിക്കലും ഒപ്പം സമൂഹത്തോടുള്ള പ്രതിബദ്ധത പുലർത്തുക എന്ന ചിന്തക്കു മാണ് ഞാൻ പ്രാമുഖ്യം നല്കിയത്. ഏറെ നേരത്തെ വാക്കുതർക്കങ്ങൾക്കു ശേഷം മനസ്സില്ലാ മനസ്സോടെ തോമാച്ചൻ കഴിയാവുന്ന സഹായങ്ങൾ ചെയ്തു തരാമെന്ന് അറിയിച്ചു. ഒപ്പം ഒരു കർശന നിബന്ധനയും. അയാളെ പോലീസ് സ്റ്റേഷനിൽ കയറുവാനുള്ള ഇട ഞാൻ മൂലം വരുത്തരുത്. ഞാൻ ആ നിബന്ധന അപ്പോൾ തന്നെ സമ്മതിച്ചു.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിവര സമാഹരണത്തിനായി ഏതു മാർഗം അവലംബിക്കണമെന്നതിനെക്കുറിച്ച് ആലോചിച്ച് വിവരം പറയാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വിളി അവസാനിപ്പിച്ചു. പുറത്ത് നേരിയ ചുകന്ന വെയില് പടർന്നു പിടിക്കുന്നു. തീഷ്ണതയില്ലാത്ത ഈ സമയത്തെ വെയിലേൽക്കുന്നത് ആഹ്ളാദകരമാണ്. വഴിത്താരയിൽ സാമാന്യം ആൾത്തിരക്കുണ്ട്.. സൂര്യ ശകലങ്ങൾ തുന്നിച്ചേർത്ത ഊഷ്മളമായ പുതപ്പ് എന്ന വന്നു പൊതിഞ്ഞു. പോർത്തുഗീസ് റസ്റ്ററൻറ് ലക്ഷ്യമാക്കി നടക്കുമ്പോൾ യാതൊരു തുമ്പും എനിക്കീ വിഷയത്തിലില്ലെന്ന് ഖേദത്തോടെ ഓർത്തു. നാളത്തെ പത്രത്തിൽ അല്ലെങ്കിൽ ഇന്നത്തെ സായാഹ്ന പത്രത്തിൽ കായലിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്ത സംഭവത്തിൻ്റെ വിവരണമുണ്ടാകും. സത്യത്തിൽ നിന്നും ഏറെ അന്തരം അത്തരം റിപ്പോർട്ടിൽ ഉണ്ടാകാമെങ്കിലും ഉപയോഗപ്രദമായ എന്തെങ്കിലും വസ്തുതകൾ ലഭിക്കുമെന്ന ചെറിയ പ്രതീക്ഷ ബാക്കി നിൽക്കുന്നു. ഒപ്പം തോമാച്ചനിൽ നിന്നും വിവര സമാഹരണത്തിന് ഉപയുക്തമായ വസ്തുതകൾ ലഭ്യമാകുമെന്ന വിശ്വാസവുമുണ്ട്. നിറം മാറാൻ വെമ്പുന്ന ചുകന്ന വെയിലേറ്റ് നടക്കുമ്പോൾ ഒരു കൊലപാതകത്തിലേക്ക് ഒരു സാധാരണ മനുഷ്യനെ എത്തിച്ചേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും ആ ഒരു ക്രൂരകൃത്യത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളെക്കുറിച്ചും ചിന്തിക്കുകയായിരുന്നു. പ്രഭാതത്തിൽ വെള്ളി വെളിച്ചം വിതറി അന്തരീക്ഷത്തിൽ പടർന്നു പിടിച്ച വെയിലായിരുന്നു. ഉച്ച സമയത്തെ തീക്ഷ്ണതക്കു ശേഷം നിറം മാറാൻ തുടങ്ങി. നേരിയ ചുകപ്പെന്ന പരകായപ്രവേശത്തിനു ശേഷം ചുകപ്പിൻ്റെ സാന്ദ്രത ഏറി ഇരുളാൻ തുടങ്ങി. നിരന്തരം മാറി മറയുന്ന മനുഷ്യ മനസ്സുപോലെ നിറം മാറുന്ന പ്രകൃതി. നിറം കെട്ടുപോകുന്ന പ്രകൃതി .ക്രിമിനൽ പ്രവൃത്തികളിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് ഒരു ഡാറ്റബേസ് തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷം മാധ്യമങ്ങളിലൂടെ വെളിച്ചം കണ്ട കുറ്റകൃത്യങ്ങളും അതിലേക്ക് നയിച്ച വസ്തുതകളുടെയും സമഗ്രമായ വിവരണം വായിച്ചായിരുന്നു ഡാറ്റബേസ് തയ്യാറാക്കിയത് .വ്യക്തമായി മനസ്സിലായ വിവരങ്ങൾ മാത്രമേ അതിൽ ഉൾപ്പെടുത്തിയുള്ളൂ അതിൽ നിന്നും മനസ്സിലായ ഘടകങ്ങളിൽ പ്രധാനമായും മുന്നിട്ടുനിന്നത് ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താൽ നടത്തിയ കൊലപാതകങ്ങൾ, തുടർന്ന് അരാജകത്വജീവിതത്തിൻ്റെ ഭാഗമായ വിഷയസുഖങ്ങളോടുള്ള പ്രതിപത്തി മുഖ്യ കാരണമായ പാതകങ്ങൾ. സദാചാര മര്യാദകളെ തൃണവദ്ഗണിച്ചുള്ള അവിശുദ്ധ ബന്ധങ്ങളുടെ അവശേഷിപ്പായ ദാരുണ സംഭവങ്ങൾ, വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയുള്ള സാമ്പത്തിക വിഷയങ്ങളിലെ ക്രമക്കേടുകൾ അങ്ങിനെ പോകുന്നു കാരണങ്ങൾ.മേൽ പറഞ്ഞവയിൽ ഈയൊരു വിഷയത്തിൽ മുന്നിട്ടു നിൽക്കുന്നത് ഏതായിരിക്കും? മേൽ സൂചിപ്പിച്ചതിൽ ഏതെങ്കിലും ഒന്നാകാം അല്ലെങ്കിൽ എല്ലാമാകാം.
തുടരും...
ലോനപ്പേട്ടൻ എന്ന അത്ഭുതം
പോർത്തുഗീസ് കഫേയിൽ അധികം ആൾത്തിരക്കില്ല. നേർത്ത പാശ്ചാത്യ സംഗീതം പിന്നാമ്പുറങ്ങളിൽ നിന്നെങ്ങോ അലയടിക്കുന്നു. ബിഫാന സാൻവിച്ച് ഓർഡർ ചെയ്ത് ഒരു മസാല ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഞാൻ പരിസരമാകെ വീക്ഷിച്ചു കൊണ്ടിരുന്നു.
ടേബിളിൽ പലതരം ഫാഷൻ മാഗസീനുകളും പേപ്പറുകളും കിടന്നിരുന്നു. ചായ ഊതിക്കുടിക്കുന്നതിനിടെ അലസമായി അവ പരിശോധിക്കുമ്പോൾ അന്നത്തെ സായാഹ്ന പത്രവും കണ്ടു. അതിൽ മുൻ പേജിൽത്തന്നെ വാർത്ത വന്നിട്ടുണ്ട്. എല്ലാം എനിക്കറിയാവുന്ന വിവരങ്ങൾ തന്നെ. ആ വാർത്തയിൽ പുതുതായി ഒന്നും തന്നെ മനസ്സിലാക്കാനില്ല. വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും പ്രതികൾ ഉടനെത്തന്നെ പിടിയിലാകുമെന്നും എഴുതിച്ചേർത്തിരിക്കുന്നു. ആ വാർത്തയിൽ അവസാനം എഴുതിച്ചേർത്ത ഒരു വാചകം എൻ്റെ ശ്രദ്ധയാകർഷിച്ചു.അതിൻ്റെ നിജസ്ഥിതി നേരിട്ടറിയാൻ പത്രമാപ്പീസു വരെ ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു. നഗരഹൃദയത്തിൽ നിന്നും ഏറെ മാറി ജനം പെരുകിത്തടിച്ച വഴിയോരങ്ങൾ. വഴിയുടെ ഇരുവശത്തും കച്ചവടം അരങ്ങു തകർക്കുന്നു. അസുഖകരമായ ഗന്ധം ഈച്ചക്കൂട്ടത്തെപ്പോലെ ഇരമ്പിയാർത്തു. ലോറികളിൽ നിന്നും അരിച്ചാക്കുകൾ ഇറക്കുന്ന യൂണിയൻകാരുടെ ദൈന്യ മുഖങ്ങൾ. ആ വഴി അവസാനിക്കുന്നിടത്താണ് പത്രമാപ്പീസ്. തുരുമ്പുപിടിച്ച ഒരു ഇരുമ്പു ബോർഡ് തുരങ്കത്തിലേക്കുള്ള ചൂണ്ടുപലക പോലെ പത്രമാപ്പീസിൻ്റെ മുന്നിൽ ദ്രവിച്ചു കിടന്നു. ഇടുങ്ങിയ ഇടനാഴി താണ്ടി ചെന്നെത്തിയത് സാമാന്യം ഭേദപ്പെട്ട ഒരു ഹാളിൽ. ഹാൾ പല മുറികളായി തിരിച്ചിട്ടുണ്ട്. എന്നെക്കണ്ട് ഒരു മെലിഞ്ഞ മധ്യവയസ്ക്കൻ എവിടെ നിന്നൊ ഓടി വന്ന് ചോദിച്ചു. പരസ്യം കൊടുക്കാനാണോ? ആ ഒരു പരസ്യം വേണം. അയാളുടെ ഉത്കണ്ഠയാർന്ന മുഖം തെളിഞ്ഞു. വരൂ. എന്നെ ആനയിച്ചു കൊണ്ട് ഒരു മുറിക്കകത്തേക്കു കൂട്ടിക്കൊണ്ടുപോയി. പുരാതനമായ പത്രക്കെട്ടുകൾ ഫയൽ ചെയ്തു വച്ച ആ മുറിയിൽ രണ്ടു മരകസേരകൾ അതിഥികളെ കാത്ത് കിടന്നിരുന്നു. ആ മുറിയിൽ ഒരു മുഷിഞ്ഞ ഗന്ധം തളം കെട്ടി നിന്നിരുന്നു. പൊടി തട്ടി എനിക്കിരിക്കാൻ കസേര നല്കി അയാൾ ഉപചാരപൂർവ്വം ചോദിച്ചു. കുടിക്കാൻ ചായയോ ... എൻ്റെ തൊണ്ട വരണ്ടുണങ്ങിയിരുന്നു. എൻ്റെ മനസ്സിൻ്റെ ആഗ്രഹം മുഖത്തു നോക്കി ഊഹിച്ചെടുത്ത അയാൾ സമീപത്തിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചായ ഗ്ലാസ്സിലേക്കു പകർന്നു. ചായ ഒരിറക്കു കുടിച്ചപ്പോൾ അയാൾ പരിചയപ്പെടുത്തി. പേര് ജോസ്, മാനേജരാണ്. തുടർന്ന് അയാൾ ഒരു ഡയറിയെടുത്തു. അതു കണ്ട് ഞാൻ പറഞ്ഞു.
"ഞാൻ ഒരു ചെറിയ സ്ഥാപനം നടത്തുന്നുണ്ട്. അതിലേക്ക് ഒരു പരസ്യം വേണം. സായാഹ്ന പത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ളത് നിങ്ങളുടെ പത്രത്തിനാണല്ലോ?!
"എന്താ സംശയം .. ഏറ്റവും കൂടുതൽ സർക്കുലേഷൻ ഞങ്ങൾക്കു തന്നെയാണ് പരസ്യച്ചെലവ് ഏറ്റവും കുറവും ഞങ്ങൾക്കാണ്."
"പരസ്യത്തിൻ്റെ ജോലിയാണോ നിങ്ങൾക്ക്? നല്ല ലേഖനങ്ങളും വാർത്തകളും കാണാറുണ്ടല്ലോ അതിലും നിങ്ങൾക്ക് റോളുണ്ടോ?"
"ഞാനിവടുത്തെ ആൾറൗണ്ടർ ആണ്. കഥയെഴുതും ലേഖനമെഴുതും പരസ്യം വാർത്തകൾ എന്തിനേറെ ഏജൻസിയുമുണ്ട്."
"ഞാൻ എല്ലാം വായിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം വന്ന വാർത്ത ഒന്നാന്തരമായിരുന്നു. ഒരു ക്രൈം സ്റ്റോറി വായിക്കുന്ന പ്രതീതി. നല്ല നിലവാരമുള്ള എഴുത്ത്. ഓ പുഴയിൽ കെട്ടിത്താഴ്ത്തിയ ചാക്കുകെട്ട് അതിലെ തലയില്ലാത്ത മൃതദേഹം."
"സുഹൃത്തേ ആ വാർത്ത കൊടുത്തത് ഞാനല്ല." തുടർന്ന് അയാൾ പത്രപ്പരസ്യങ്ങളുടെ നിരക്ക് രേഖപ്പെടുത്തിയ ലാമിനേറ്റു ചെയ്ത ഒരു ഷീറ്റെടുത്ത് എൻ്റെ നേരെ നീട്ടി. തുടർന്നതിനെക്കുറിച്ച് വിശദീകരിക്കാനൊരുങ്ങി. ഞാനതു കേട്ട് ഇടക്കു കയറിപ്പറഞ്ഞു.
"ആരാ പിന്നെ ആ വാർത്ത കൊടുത്തത്?"
"അത് ലോനപ്പേട്ടൻ ഇവിടുത്തെ സ്ഥിരം ജോലിക്കാരനല്ല എഴുതുന്ന കോളത്തിനനുസരിച്ച് പ്രതിഫലം കൊടുക്കും. പക്ഷേ പുള്ളി കണ്ടു പിടിച്ച് കൊണ്ടുവരുന്നത് മിക്കതും പത്രത്തിൽ കൊടുക്കാൻ പറ്റാത്തവയാണ്."
"പരസ്യം നമുക്ക് കളറ് കൊടുത്താലോ? പെട്ടന്ന് എല്ലാരുടേയും കണ്ണിൽ പെടും."
"ശരി കളറുമതി. ഏതായാലും നല്ല ചില സാമ്പിളുകൾ തരൂ ഞാൻ നോക്കി തെരഞ്ഞെടുത്ത് ഉടനെത്തന്നെ അറിയിക്കാം."
അയാൾ സാമ്പിളുകൾ അടുക്കി വച്ച ഫയലെടുത്ത് എനിക്കു നേരെ നീട്ടി. അതു വാങ്ങുന്നതിനിടയിൽ ഞാൻ നിരുൻമേഷത്തോടെ ചോദിച്ചു.
"ഈ ലോനപ്പേട്ടൻ ഇപ്പോൾ എവിടെ കാണും?"
"ആ ഇപ്പോ ആരാധനേൽ കാണും. കൊറച്ചു മുന്നേ കാശ് മേടിച്ച് പോയതല്ലേ?"
"ഏതായാലും ചെറിയ ഒരു പരസ്യം കൊടുത്തു നോക്കാം. പരസ്യം മൂലം ഏതെങ്കിലും പദ്ധതികൾ ഒത്തു വന്നെങ്കിലോ?" ജോസ് നീട്ടിയ ഫയലിൽ നിന്നും ഒരു സാമ്പിൾ തിരഞ്ഞെടുത്ത് ഫയൽ തിരിച്ചു കൊടുത്തു. എൻ്റെ സ്ഥാപന വിവരങ്ങൾ ഡയറിയിൽ എഴുതിച്ചേർക്കുന്നതിനിടെ അയാൾ പലവട്ടം മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ജോസിനോട് യാത്ര പറഞ്ഞ് ഒരു ചെറിയ തുക അഡ്വാൻസ് നല്കി പുറത്തിറങ്ങി.
എത്രയും വേഗം ലോനപ്പേട്ടനെ കണ്ടു പിടിക്കണം. ആരാധനയിലുണ്ടാകുമെന്നാണ് ജോസ് പറഞ്ഞത്. വഴിത്താരയിലെ തിരക്കുകൾ ശമനമില്ലാതെ തുടർന്നു. ഒരോട്ടോയിൽ കയറ്റി ആരാധന പറഞ്ഞപ്പോൾ ഓട്ടോക്കാരൻ്റെ മുഖത്തിൻ്റെ കോണിൽ ഒരു ചിരി വിടർന്നു. മദ്യപൻമാരെ കാണുമ്പോൾ വിരിയുന്ന പരിഹാസച്ചിരി. ആരാധനയിലെത്താൻ അധികം സമയമെടുത്തില്ല. ഒരിടത്തരം ബാർ കം റസ്റ്റോറൻ്റ് ബാറിലെത്തി പരിസരം വീക്ഷിച്ചു കൊണ്ടിരുന്നു.. സ്ഥിരം ഉപഭോക്താക്കളെ ബാർമേൻമാർക്ക് നിശ്ചയമായും അറിയുമായിരിക്കും. ഒരു ഗ്ലാസ്സ് ബിയർ എനിക്കായി പകരുന്നതിനിടെ ലോനപ്പേട്ടനെക്കുറിച്ച് ഞാൻ ആരാഞ്ഞു. ചിരപരിചിതനായ ഒരാളുടെ പേരുകേട്ട മുഖഭാവത്തോടെ ബാർമേൻ പറഞ്ഞു.
"ലോനപ്പേട്ടൻ ഇവടെ വന്നിരുന്നു. പെട്ടെന്നെന്തോ കാര്യത്തിന് പുറത്തു പോയി. പുള്ളി വരും. ക്വോട്ട തിക്കുന്നതു വരെ ഇവിടെ കാണും." ബിയർ നിറച്ച സ്ഥടികവുമായി ഞാൻ ഒരൊഴിഞ്ഞ മൂലയിൽ ചെന്നിരുന്നു. ചെറു കുമിളകൾ വലിയ രൂപം പ്രാപിച്ച് ഗ്ലാസ്സിനു മുകളിൽ പാറിക്കിടന്നു. ഒരെത്തും പിടിയും കിട്ടാത്ത ആധുനിക ചിത്രം പോലെ പ്രശ്നം കെട്ടുപിണഞ്ഞ് കിടക്കുന്നു. ഫ്രാൻസിലെ ഷെർലക് ഹോംസ് എന്നറിയപ്പെടുന്ന ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊക്കാർഡ് പറഞ്ഞിട്ടുള്ളത് ഒരു കുറ്റവാളി സംഭവസ്ഥലത്തേക്ക് എന്തെങ്കിലും കൊണ്ടുവരും എന്തെങ്കിലും അവശേഷിപ്പിക്കുകയും ചെയ്യും എന്ന വസ്തുതയാണ്. ഒപ്പം ഏതെങ്കിലും രണ്ട് വസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ, ഓരോ വസ്തുവിനും ഇടയിൽ പദാർത്ഥത്തിന്റെ കൈമാറ്റം എപ്പോഴും ഉണ്ടായിരിക്കുമെന്ന് അദ്ധേഹം പറഞ്ഞു വക്കുന്നു. സത്യത്തിൽ അതാണല്ലോ ഫോറൻസിക് സയൻസിൻ്റെ അടിസ്ഥാന ശില. ഇവിടെ കുറ്റവാളി അല്ലെങ്കിൽ കുറ്റവാളികൾ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്താണ്? അവശേഷിപ്പിച്ചതെന്താണ്? അതു തന്നെയാണ് കുറ്റവാളിയിലേക്കുള്ള ദിശാ സൂചകം. സംഭവസ്ഥലത്തേക്ക് കൊണ്ടു വന്നത് ചൂടിക്കയർ കൊണ്ട് വരിഞ്ഞു കെട്ടിയ ചാക്കുകെട്ട്. ചാക്കുകെട്ടിൽ ഒരു പുരുഷൻ്റെ ശിരസ്സ്. തീർത്തും തിരിച്ചറിയാനാകാത്ത വിധം വികലമാക്കിയ ശിരസ്സ്. ഇവിടെ കൊണ്ടുവന്നതും അവശേഷിച്ചതും ചാക്കുകെട്ടു തന്നെ. ആ ചാക്കു തന്നെ ദിശാ സൂചകം. ആ ചാക്കുകെട്ടിനെ പിൻതുടർന്നാൽ കുറ്റവാളിയിലേക്കെത്തും എന്ന് മനസ്സു പറയുന്നു. അത് കണ്ടതുമാണ്. വിശേഷ വിധിയായി ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടുമില്ല. തണുത്ത ബിയൽ അല്പാൽപ്പം കഴിച്ചു കൊണ്ടിരിക്കെ ബാർ മാൻ വന്ന് പറഞ്ഞു.
"ദാ അതാണ് നിങ്ങൾ അന്വേഷിച്ച കക്ഷി. ലോനേട്ടൻ." ഞാൻ ആകാംക്ഷാപൂർവ്വം ബാർ മേൻ കണ്ണുകൊണ്ടാംഗ്യം കാണിച്ചിടത്തേക്ക് നോക്കി. വെളുത്ത ജുബ ധരിച്ച് ഒരാൾ തൊട്ടടുത്ത ടേബിളിലിരുന്ന് വിശാലമായ മദ്യപാനത്തിന് വട്ടം കൂട്ടുന്നു. സമയം നഷ്ടപ്പെടുത്താതെ ഉടൻ തന്നെ ലോനപ്പേട്ട നോട് മൗനാനുവാദം വാങ്ങി അയാൾക്കു എതിർവശത്തെ കസേരയിൽ ചെന്നിരുന്നു. അപരിചിതത്വത്തിൻ്റെ മിഴിമുന അയാളിൽ നിന്നും എന്നിലേക്ക് ആഴ്ന്നിറങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ഞാനുടനെ പരിചയപ്പെടലിൻ്റെ ഘട്ടത്തിലേക്ക് നീങ്ങി.
സായാഹ്ന പത്രത്തിൽ പരസ്യം നല്കുന്നതിനായി പോയ കാര്യവും ജോസേട്ടനെ പരിചയപ്പെട്ട കാര്യവുമെല്ലാം പറഞ്ഞിട്ടും ഒരടുപ്പം അയാൾ കാണിക്കുന്നില്ല. ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബാർമേൻ്റെ അടുക്കൽ ചെന്ന് ഒരു ബോട്ടിൽ സിഗ്നേച്ചർ പറഞ്ഞു ഇരിപ്പിടത്തിലേക്ക് നീങ്ങി. ബോട്ടിൽ കൊണ്ടു വച്ചതും ലോനപ്പേട്ടൻ്റെ ചടച്ച മുഖം തിളങ്ങി. നിമിഷങ്ങൾക്കുള്ളിൽ അയാൽ പരിചിതനായി. വാചാലനായി. കഥകൾ പ്രവഹിച്ചു തുടങ്ങി. പഴയ കാല നക്സൽ അനുഭാവിയാണ് ലോനപ്പേട്ടൻ എന്ന് എനിക്ക് തോന്നി. വസന്തത്തിൻ്റെ ഇടിമുഴക്കം വന്നു ഭവിക്കാത്തതും സായുധ വിപ്ളവങ്ങൾ അപ്രായോഗികമായതിൻ്റെ ഇച്ഛാഭംഗവും അയാളുടെ വാക്കുകളിൽ പ്രകടമായിന്നു. പരിമിതികളേറെയുണ്ടെങ്കിലും ഇന്നും ചൂഷക വ്യവസ്ഥിതികളോടുള്ള പോരാട്ടം എഴുത്തുകളിലൂടെയും പ്രവൃത്തികളിലൂടെയും തുടരുന്നു. ചില മനുഷ്യർ അങ്ങിനെയാണ്. എന്തെങ്കിലും സംസാരിച്ചു തുടങ്ങാനാണ് പ്രയാസം. സംസാരം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പെട്ടന്നൊന്നും അവസാനിപ്പിക്കുകയില്ല. ലോനപ്പേട്ടൻ്റെ വീരഗാഥകൾ കാടുകയറിത്തുടങ്ങി. അതു കൊണ്ട് എനിക്ക് വിശേഷിച്ചൊരു ഗുണമില്ലെന്ന് ബോധ്യം വന്നതിനാൽ ഞാൻ സാവകാശം അയാൾ സായാഹ്നപ്പത്രത്തിൽ നല്കിയ വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിച്ചു. മികവുറ്റ സിഗ്നേച്ചർ മദ്യം സ്ഫടിക ഗ്ലാസ്റ്റിലേക്ക് ചിതറി വീണു .അതിൻ്റെ ലഹരിയുൾക്കൊണ്ട് ലോനപ്പേട്ടൻ കളം നിറഞ്ഞു. ഏറെ നിർബന്ധിച്ചപ്പോൾ ആ വാർത്തയും വിശദാംശങ്ങളും കൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ലോനപ്പേട്ടൻ പറഞ്ഞു തുടങ്ങി. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ബൈക്കുകൾ തുടർച്ചയായി മോഷണം പോകുന്നതു സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി പോലീസ് സ്റ്റേഷനിൽ പോയതായിരുന്നു ലോനപ്പേട്ടൻ. അവിടെ പരിചയമുള്ള പോലീസുകാരുണ്ട്. സായാഹ്ന പത്രത്തിൽ കൊടുക്കാൻ പറ്റിയ വാർത്തകൾ അവിടെ നിന്നും പലപ്പോഴും ലഭിക്കാറുണ്ട്. അത്തരം വാർത്തകൾ അല്പം പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുമ്പോൾ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. അന്നൊരു ദിവസം കാര്യമായ വാർത്തകൾ ഒന്നും തടയാതെ പോലീസ് സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരഞ്ഞു നടക്കുമ്പോഴാണ് കായൽ പരിസരത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ട മനുഷ്യ ശിരസ്സ് ചാക്കുകെട്ടിൽ നിന്നും ലഭിച്ചതായുള്ള വാർത്ത പരന്നത്. സമയം കളയാതെ ഉദ്യോഗജനകമായ ഒരു വാർത്ത തടഞ്ഞ ജിജ്ഞാസയിൽ സംഭവ സ്ഥലത്തെത്തി. സംഭവം അടുത്തു നിന്നും കാണാൻ പറ്റി. അർത്ഥശങ്കക്കിടയില്ലാത്ത കൊലപാതകം. കൊലപാതകിക്ക് ഇരയോടുള്ള തികഞ്ഞ പകയും പ്രതികാരവും ഒറ്റ നോട്ടത്തിൽ പകൽ പോലെ വ്യക്തം. കൊലപാതക വാർത്തകൾ റിപ്പോർട്ടു ചെയ്തുള്ള അനുഭവസമ്പത്തും അല്പസ്വല്പം ഭാവനാ ചാതുര്യവും സമാസമം ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി. വായനക്കാർ അത് സ്വീകരിച്ചു. അതു കൊണ്ടാണല്ലോ ആ വാർത്ത വന്ന ദിവസം രണ്ടായിരം കോപ്പിയിലേറെ പത്രം വിറ്റുപോയത്. ലോനപ്പേട്ടൻ്റെ ശുഷ്ക്കിച്ച മുഖത്ത് നേരിയ ചിരി പടർന്നു.
സിഗ്‌നേച്ചർ ബോട്ടിലിലെ നിരപ്പ് താണു. ലോനപ്പേട്ടൻ തീർത്തും ഉല്ലാസവാനായി. ബെയററെ വിളിച്ച് മസാലക്കപ്പലണ്ടി ഓർഡർ ചെയ്തു വരുത്തി. ലോനപ്പേട്ടൻ വിഷയം വിട്ട് വീണ്ടും കാടുകയറാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു.
"വാർത്തയുടെ അവസാനം ബേക്കറിയുമായി ബന്ധപ്പെടുത്തി ഏതാനും വരികൾ കണ്ടിരുന്നല്ലോ? അതെനിക്ക് വ്യക്തമായില്ല!" ഒരിറക്ക് മദ്യം കഴിച്ച് ലോനപ്പേട്ടൻ പൊട്ടിച്ചിരിച്ചു. അതെന്താ സംഭവമെന്ന് അവിടം പരിശോധിച്ച പോലീസുകാർക്കും മനസ്സിലായിട്ടില്ല. ഇപ്പോൾ അവർ മനസ്സിലാക്കിയിട്ടുണ്ടാവും. അത്തരം കാര്യങ്ങളൊക്കെ തിരിച്ചറിയാൻ നിരീക്ഷണബുദ്ധി വേണം അതിനുപരിയായി ജീവിതാനുഭവങ്ങൾ വേണം. ഏറെ മദ്യം അകത്തു ചെന്നിട്ടും ലോനപ്പേട്ടൻ്റെ നാവു കുഴയുന്നില്ലെന്നത് ഞാൻ ശ്രദ്ധിച്ചു. വ്യക്തമായി സ്ഫുടതയോടെ അയാൾ പറഞ്ഞു കൊണ്ടിരുന്നു. നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ജോലിയല്ലേ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ.? ഞാൻ തലകുലുക്കി സമ്മതിച്ചു. ഞാൻ പത്താം വയസ്സിൽ സമ്പാദിച്ചു തുടങ്ങിയ ആളാണ്. കൂലിപ്പണി, സോസാ കമ്പനി, ഹോട്ടൽ, ബേക്കറി ആ പട്ടിക ഏറെയുണ്ട്. ആ അനുഭവപരിചയം കൊണ്ടാണ് ഞാൻ അങ്ങിനെയൊരു നിഗമനത്തിലെത്തി വാർത്ത കൊടുത്തത്. മഹാരാഷ്ട്രയിൽ നിന്നൊക്കെ ഇറക്കുമതി ഉണ്ടെങ്കിലും കേരളത്തിലേക്ക് പഞ്ചസാര പ്രധാനമായും എത്തുന്നത് കർണാടകയിൽ നിന്നാണ്. അത്തരം ചാക്കുകൾ ഞാൻ ഏറെ ചുന്നിട്ടുണ്ട്. വല്ലാത്ത ഭാരമാണ് അവയ്ക്ക്. അവ തിരിച്ചറിയാൻ എനിക്കേറെ സമയം വേണ്ട. ആ മനുഷ്യ ശിരസ്സ് പഞ്ചസാരച്ചാക്കിലാക്കിയാണ് പുഴയിൽ തള്ളിയതെന്നതിന് സംശയം വേണ്ട. പിന്നെ ചാക്കു കണക്കിന് പഞ്ചസാര ഉപയോഗിക്കാറുള്ളത് വൻകിട ബേക്കറി കളിലാണ്. അതു കൊണ്ടാണ് സംശയ നിഴൽ ബേക്കറി ഉടമയിലേക്ക് എന്നൊരു കാച്ചു കാച്ചിയത്. പോലീസ് ലോനപ്പേട്ടനോട് ഇക്കാര്യം ആരാഞ്ഞിരുന്നോ? ഇല്ല. ഇതവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് തോന്നുന്നു. പിന്നെ എൻ്റെ വാർത്തകൾ അവർ കാര്യമായിട്ടെടുക്കാറുമില്ല. ചില മുന്നനുഭവങ്ങൾ ഉണ്ടെന്ന് വച്ചോ. അവരു കണ്ടു പിടിക്കട്ടെന്നെ. ടെക്നോളജിയും മാൻ പവ്വറും ഉണ്ടല്ലോ. സിഗ്‌നേച്ചർ നിരപ്പ് താഴെ തൊട്ടു ഫോൺ നമ്പർ ആവശ്യപ്പെട്ടപ്പോൾ യാതൊരു മടിയും കൂടാതെ തന്നു. മദ്യത്തിൻ്റെ പണം ഞാൻ കൊടുക്കാമെന്ന ഭംഗിവാക്ക് പറഞ്ഞ് ലോനപ്പേട്ടൻ എഴുന്നേറ്റ് പോകാനൊരുങ്ങി. മദ്യം കഴിച്ചവൻ്റെ യാതൊരു ശരീരഭാഷയും ദൃശ്യമാക്കാതെ ലോനപ്പേട്ടൻ പോകുന്നത് ഞാൻ നോക്കി നിന്നു.
തുടരും...
പിടി തരാതെ വീണ്ടും
ബാറിൽ നിന്നും പുറത്തിറക്കുമ്പോൾ സന്ധ്യ ഇരുണ്ടിരുന്നു. ട്രീസ വിളിച്ച് എവിടെയെന്ന് അന്വേഷിച്ചപ്പോൾ ഒരു സുഹൃത്തിനെക്കാണാൻ പോയിരുന്നെന്ന് പറഞ്ഞു. റോഡു മുറിച്ച് ബസ് സ്റ്റേപ്പിലേക്ക് കടക്കാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ വലിയ ജലത്തുള്ളികൾ ശരിരത്തിൽ ആഞ്ഞു പതിച്ചത്.
മഴ! നിനച്ചിരിക്കാതെ വന്ന മഴ .ഒപ്പം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച് മിന്നൽ പിണരും ഇടിനാദവും. റോഡു മുറിച്ചുകടക്കാനൊരുങ്ങിയ ഞാൻ ആ ശ്രമുപേക്ഷിച്ച് തിരികെ ബാറിൻ്റെ റോഡിനോടു ചേർന്നുള്ള മറയിൽ മഴയിൽ നിന്ന് അഭയം തേടി. മഴയുടെ ശക്തി കണെക്കാണെ വർദ്ധിച്ചു വന്നു. പൊടുന്നനെ ചെയ്ത മഴയിൽ ചിതറിയ ജനങ്ങൾ മേലാപ്പ് തേടി പരക്കം പാഞ്ഞു. മിക്കവരും കുട എടുത്തിരുത്തിരുന്നില്ല. സിടീറ്റ് ലൈറ്റിൻ്റെ മഞ്ഞച്ച പ്രകാശത്തിൽ മഴയുടെ നിറം മാറുന്നത് ഞാൻ കണ്ടു. നിറം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതം. നിസാരമായ കാരണങ്ങൾ ചിലരെ കൊലപാതകത്തിലേക്ക് നയിക്കുന്നു. ചില്ലറ തരാത്തതുമായി നടന്ന വഴക്കും കൊലപാതകവും, ബീഫ് കറി തീർന്നതിനാൽ ഹോട്ടലുടമയോട് കയർത്ത് കൊലപാതകം, ലോഡ്ജിൽ മുറി അന്വേഷിച്ചെത്തിയ ആൾ മുറിയില്ലെന്നു പറഞ്ഞ ലോഡ്ജു ജീവനക്കാരനെ കൊലപ്പെടുത്തി ഇങ്ങിനെ തീർത്തും പരിഹാസുമെന്നു തോന്നിയേക്കാവുന്ന കാരണങ്ങളാൽ നടന്നിട്ടുള്ള ഒരു പാട് കൊലപാതകങ്ങൾ. ഇവയിൽ മിക്കതും ലഹരി വസ്തുക്കളുടെ ഉപയോഗത്താൽ വരും വരായ്കകൾ ആലോചിക്കാതെ നടത്തിയ കുടില പ്രവൃത്തികളാണ്. എന്നാൽ സ്വബോധത്തോടെ നിസാര കാരണങ്ങൾ കൊണ്ട് നടത്തുന്ന മാരക പ്രവൃത്തികൾക്ക് പിന്നിലെ ചേതോവികാരമെന്താണ്? ഭൂതകാലത്തിലെ ദുരനുഭവങ്ങൾ കുടിവച്ച, ഒരിക്കലും പിടികിട്ടാത്ത മനുഷ്യ മനസ്സിൻ്റെ ഗതിവിഗതികൾ ഊഹിക്കുക പോലും പ്രയാസകരം തന്നെ. ഒപ്പം സാമാന്യജനങ്ങൾ പിൻതുടരേണ്ട ചില ശീലങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരോട് നയപരമായി പെരുമാറേണ്ട തന്ത്രം സ്വായത്തമാക്കേണ്ടിയിരിക്കുന്നു. തീർത്തും മറ്റുള്ളവരുടെ മുഖത്തടിക്കുന്ന മട്ടിലുള്ള നെഗറ്റീവ് സമീപനങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഏതു പ്രതികൂല അവസ്ഥയിലും സമചിത്തതയോടെ പെരുമാറേണ്ടിയിരിക്കുന്നു.
ഇലക്ട്രിക്ക് ലൈറ്റുകളുടേയും ഫിറ്റിങ്ങുകളുടെ ഷോപ്പു നടത്തുന്ന ഫാഷൻ ഇലക്ട്രിക് ഉടമ ടോണിയുടെ ഇടപെടലുകൾ ഞാൻ ചെറുപ്രായത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ചെറിയ പോക്കറ്റ് മണി സംഘടിപ്പിക്കുന്നതിനായി ഞാൻ ടോണിയുടെ ഷോപ്പിൽ സഹായികളിലൊരാളായി നിൽക്കാറുണ്ടായിരുന്നു. അത്ര മികച്ച ഉല്പന്നങ്ങളല്ല അവിടെ വില്പനക്കു വച്ചിരിക്കുന്നത്. എന്നിട്ടും പലതരം ഡിഫക്ടുകൾ മൂലം കോപാകുലരായി ഷോപ്പടക്കം തകർത്തു കളയുമെന്ന മട്ടിൽ വരുന്ന ഉപഭോക്താക്കളെ ടോണി നയപരമായി കൈകാര്യം ചെയ്ത് സമാധാനത്തിൻ്റെ വെള്ളരിപ്രാവാക്കി പറഞ്ഞു വിടുന്നത് ഞാൻ ഒരു പാട് കണ്ടിട്ടുണ്ട്. സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം വരാതെയാണ് ഇതു ചെയ്യുന്നത് എന്നുള്ളതാണ് എന്നുള്ളതാണ് സവിശേഷമായ വസ്തുത.
മഴ ശമിക്കുന്ന മട്ടില്ല. ആകെ നനഞ്ഞു നിൽക്കുന്ന പരിസരം. ഈറ വെള്ളം പടർന്ന് അൽപ്പാൽപ്പം തണുത്ത വെള്ളം അരിച്ചിറങ്ങുന്ന ദേഹം. കൈ രണ്ടും കൂട്ടിത്തിരമ്പി ഒരു ചൂടു ചായ കിട്ടിയാൽ കൊള്ളാമെന്ന് മോഹിച്ച് പരിസരം വിശദമായി വീക്ഷിക്കുമ്പോൾ മഴ വേഗം ശമിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. മഴ കാല്പനിക ചിന്തകൾ പ്രചോദിപ്പിക്കുന്ന ഒന്നാണ്. ആകുലതകളില്ലാതെ സുഖകരമായ അവസ്ഥയിൽ ഇരിക്കുന്നവർക്കു മാത്രം മഴ വികാരമാണ്. എന്നെപ്പോലെ വിശന്ന് പാതി നനഞ്ഞ് താടിയെല്ലുകൾ കൂട്ടിയിടിച്ച് എങ്ങിനെയെങ്കിലും വീടെത്താൻ വെമ്പൽ കൊള്ളുന്ന എന്നിൽ മഴ കാല്പനിക ഭാവങ്ങളൊന്നും ഉണർത്തുന്നില്ല. ഒരാശ്വാസമായി ഒരു ചായക്കാരൻ രണ്ടു ബിൽഡിംഗ് അപ്പുറം ചായകൂട്ടുന്നതു കണ്ടു. ഏതായാലും നനഞ്ഞു. സ്വല്പദൂരം മഴ നനഞ്ഞ് ഓടിയാൽ ചൂടോടെ ഒരു ചായ കുടിക്കാം. ചൂടു ചായ എന്ന ആ പ്രലോഭനത്തെ ചെറുക്കാൻ എനിക്ക് കഴിഞ്ഞില്ല. പൂർണ്ണമായും നനഞ്ഞെങ്കിലും വയസ്സനായ ചായ വില്പനക്കാരൻ പകർന്നു തന്ന ചായ നല്കിയ ആശ്വാസം ചെറുതല്ലായിരുന്നു. വലിയ രീതിയിൽ ബേക്കറി നടത്തുന്ന ഒരാൾ .ഈ നഗരത്തിൽ തന്നെയുള്ളയാൾ. ഈ നഗരം എന്നുള്ളത് ഒരൂഹമാണ്. കൊല നടന്നിരിക്കാനുള്ള സമയം ലോനപ്പേട്ടൻ ഗണിച്ചെടുത്തതും ശിരസ്സ് പുഴയിൽ കൊണ്ടു തള്ളുവാനുമുള്ള സമയം ഏകദേശം കണക്കാക്കിയെടുത്തതുമാണ്. ഇത്രയേറെ വിസ്തീർണ്ണമുള്ള ഈ ജില്ല വിട്ട് പോകാനും സാധ്യത കുറവാണ്. പഞ്ചസാരച്ചാക്ക് തന്നെയെന്ന് ലോനപ്പേട്ടന് ഇത്ര വ്യക്തമായി പറയാൻ കഴിയും.? അരിച്ചാക്കായിക്കൂടെ ഗോതമ്പായിക്കൂടെ, ഉപ്പായിക്കൂടെ അങ്ങിനെ ചിന്തിക്കുേമ്പോഴാണ് ലോനപ്പേട്ടൻ്റെ അനുഭവസമ്പത്ത് എന്ന ഘടകം മുന്നിലേക്കെത്തുന്നത്. എനിക്കാ അനുഭവസമ്പത്തില്ല. അതു കൊണ്ട് ലോനപ്പേട്ടൻ്റെ അനുഭവസമ്പത്തിനെ മുഖവിലക്കെടുക്കുക മാത്രമാകും എനിക്കു മുന്നിലെ പോംവഴി. ശരി പഞ്ചസാര ചാക്കു തന്നെയെന്ന് കരുതുക. പഞ്ചസാര സ്റ്റോക്കിസ്റ്റുകളെ ഒന്നു പരതേണ്ടി വരും. പിന്നെ വൻകിട ബേക്കറി ഉടമകളെ. അതായത് പലഹാര നിർമ്മാണത്തൊടൊപ്പം മധുര പലഹാരങ്ങളുടെ വിപണന കേന്ദ്രങ്ങളും ഉള്ള വ്യക്തികളെ ഏതായാലും പോലീസ് അന്വേഷണങ്ങളെ ഞാൻ നിരീക്ഷിക്കാൻ പോകുന്നില്ല. ലോനപ്പേട്ടൻ പറഞ്ഞതുപോലെ അവരുടേതായ നവീനമായ സാങ്കേതിക വിദ്യകളും മാനുഷിക ശക്തികളും ഉപയോഗിച്ച് കണ്ടു പിടിക്കട്ടെ. ഇവ രണ്ടും എൻ്റെ കൈവശം ഇല്ല താനും. ലോനപ്പേട്ടൻ എപ്പോഴോ ചോദിച്ചു. യാതൊരു പ്രയോജനവുമില്ലാത്ത ഇതിൻ്റെയൊക്കെ പിന്നാലെ നടക്കുന്നതിനെത്തിനാണെന്ന്? ഞാനൊന്നും പറഞ്ഞില്ല. സാമാന്യ ജനങ്ങൾ ഒരു സിനിമ കാണുന്നത് എന്തെങ്കിലും പ്രയോജനം ലക്ഷ്യം വച്ചാണോ? ഒരു ക്രിക്കറ്റ് മത്സരം കാണുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത്? എങ്കിലും ആളുകൾ സിനിമ കാണുന്നു, ക്രിക്കറ്റ് കാണുന്നു. അതുപോലെ ഞാനും ഇത്തരം വിഷയങ്ങളുടെ ഉത്തരം തേടുന്നു.
മഴ തെല്ലു ശ്രമിച്ചു. പലയിടത്തും മേലാപ്പു തേടിയിരുന്ന ആളുകൾ താന്താങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലായി. ആദ്യം കണ്ട ഓട്ടോയിൽ കയറി യാത്ര തുടങ്ങുമ്പോൾ പുതുമഴയുടെ ഗന്ധം അവിടെങ്ങും പ്രസരിച്ചിരുന്നു.
തുടരും...
മധുരപലഹാരങ്ങൾ
മഞ്ഞ് പുരണ്ട് നനവൂറിയ പുലർകാലം. ഇന്ന് നേരത്തെ ഓഫീസിലെത്തണം തോമാച്ചനോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ച് രണ്ടു ദിവസം കഴിഞ്ഞു. പ്രധാനമായും ജില്ലയിലെ വൻകിട പലഹാര നിർമ്മാണ യൂണിറ്റിൻ്റെ ലിസ്റ്റ്.
ആ യൂണിറ്റ് നടത്തുന്നവരെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങൾ. അതിൽ നിന്നും ഏതെങ്കിലും ഒന്നിലേക്ക് ദുഷ്കർമ്മ പരമ്പരയുടെ പ്രയോക്താവിൻ്റെ അല്ലെങ്കിൽ പ്രയോക്താക്കളിലേക്കുള്ള വാതിലുകൾ തുറക്കപ്പെടും എന്നു തന്നെയാണ് വിശ്വാസം. ശബ്ദിക്കുന്ന ചുറ്റു ഗോവണി കയറി ഓഫീസിലെത്തി. അവിടം അലങ്കോലപ്പെട്ടിരിക്കുന്നതായി കണ്ടു. താഴെ വർക്ക്ഷോപ്പിലെ ബംഗാളി പയ്യനെ വിളിച്ചെങ്കിലും അവൻ തിരക്കു ഭാവിച്ച് ഒഴിവായി. ഒടുവിൽ ആരാൻ്റെ പല്ലിനെക്കാൾ. നല്ലത് സ്വന്തം തൊണ്ണാണെന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കി സ്വയം വൃത്തിയാക്കൽ ആരംഭിച്ചു. ഇടക്കു പോയി പോർച്ചുഗീസ് കഫേയിൽ കയറി ബിഫാനയും കടും കാപ്പിയും കഴിച്ച് തിരിച്ച് ഓഫീസിൽ കയറാനൊരുക്കുമ്പോൾ അവിടെ തോമാച്ചൻ നിൽക്കുന്നു. ക്ഷീണഭാവം. ഉടൻ തന്നെ കഫേയിലെ മണിപ്പൂരിപ്പയ്യന് സന്ദേശമയച്ച് സാൻവിച്ചും ബർഗറുമടങ്ങിയ കോമ്പോ പാക്ക് ബുക്ക് ചെയ്തു. എൻ്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ തോമാച്ചൻ ഏറെ അലഞ്ഞതായി എനിക്കു മനസ്സിലായി. ഏറെ സമയമെടുക്കാതെ കോമ്പോ എത്തിച്ചേർന്നു. ഒപ്പം ചുവന്ന വൈനും. ആ ഒരു ഐറ്റം ഞാൻ ഓർഡർ നല്കിയില്ലെന്ന് ഞാൻ ഓർത്തു. കോമ്പോയൊടൊപ്പമുള്ള കോംപ്ലിമെൻ്റാകാൻ സാധ്യത ഉണ്ട്. ഗ്ലാസ്സിലേക്ക് പകർന്ന നേർത്ത മധുരമുള്ള വൈൻ മൊത്തിക്കുടിക്കുന്നതിനിടയിൽ തോമാച്ചൻ അയാൾ നടത്തിയ അന്വോഷണത്തെക്കുറിച്ച് വിവരിച്ചു.
ബേക്കറി അസോസിയേഷനിൽ തോമാച്ചൻ്റെ സുഹൃത്തുണ്ട്. ഒന്നു രണ്ടു സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അത്തിനെയാണ് തോമാച്ചനുമായി പരിചയം. അയാൾ വഴി അസോസിയേഷനിൽ അംഗത്വം എടുത്തവരുടെ ലിസ്റ്റ് എടുത്തു. പതിനഞ്ചോളം പേർ. ഇതു കൂടാതെ വ്യക്തിപരമായ കാരണങ്ങളാൽ അംഗത്വം ഉപേക്ഷിച്ചവർ മൂന്നു പേർ. അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും മറ്റു വ്യക്തിഗത വിവരങ്ങളും പരിമിതമായ തോതിലേ തോമാച്ചനു ലഭിച്ചുള്ളൂ. അവയൊന്നു കണ്ണോടിച്ചു നോക്കി. നമ്മുടെ വിഷയത്തിലേക്കു വെളിച്ചം വീശുന്ന യാതൊരു സൂചനകളുമില്ല. ഇനി ഈ അസോസിയേഷനിൽ അംഗത്വം എടുക്കാത്തവരുണ്ടെങ്കിലോ? എന്തിനേറെ ഈ പഞ്ചസാര ചാക്ക് ആർക്കും ലഭ്യവുമാണല്ലോ? ബേക്കറി നടത്തിപ്പുകാരെത്തന്നെ പിൻതുടരുന്നതിലെന്തർത്ഥം? സ്വല്പം നിരാശ വന്നു ഭവിച്ച ഞാൻ തോമാച്ചനെ ആഹാരം കഴിക്കാൻ വിട്ട് ജനലിനരികിലേക്കു നീങ്ങി. മത്ത വിരിയിട്ട ജാലകം തുറന്നിട്ടു സൂര്യൻ്റെ ഉഷ്ണ തരംഗങ്ങൾ ഏറ്റിട്ടും തണുപ്പു ശമിക്കാത്ത അന്തരീക്ഷം. കുളിരു പുരണ്ട ഇളങ്കാറ്റ് മുറിക്കുള്ളിലേക്ക് അനസ്യൂതം പ്രവഹിച്ചു.
ശരീരം കുളിരു കോരി റോഡിലൂടെ വാഹനങ്ങൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ഈ ചെറിയ ടൗണിൽ പോലും ഇത്രയധികം വാഹനങ്ങൾ ഈ വാഹനങ്ങളിലെല്ലാം നിയമവിധേയമായ വസ്തുക്കൾ മാത്രമാണെന്ന് എങ്ങനെ പറയാൻ കഴിയും. ആരാണ് ഇതെല്ലാം പരിശോധിക്കാനുള്ളത്. അല്ലെങ്കിൽത്തന്നെ അതൊട്ടും പ്രായോഗികമുമല്ല. ഏതാനും നാൾക്കു മുൻപ് ഈ വഴികളിലേതോ ഒന്നിലാണ് ഒമ്നിയിൽ വികൃതമായ മനുഷ്യ ശിരസ്സു ചാക്കിൽ പൊതിഞ്ഞ് ഒരു സ്ത്രീയും പുരുഷനും കടന്നു പോയിട്ടുണ്ടായിരിക്കുക. പാതിരാത്രിയിൽ സംശയാസ്പദമായി സ്ത്രീയും പുരുഷനും യാത്ര ചെയ്തിട്ടും ആരും വാഹന പരിശോധന നടത്തിയില്ല. വാഹനത്തിലുള്ളവരുടെ ശരീരഭാഷ ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഏതായാലും അറുത്ത ശിരസ്സ് വാഹനത്തിൽ വച്ച് തികഞ്ഞ ശാന്ത ഭാവത്തോടെ ഡ്രൈവ് ചെയ്യാൻ സ്വല്പം വിഷമിക്കേണ്ടി വരും. ഒരു മിന്നായം പോലെ സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെളിച്ചത്തിൽ ആ സ്ത്രീയുടെ മുഖം ഞാൻ കണ്ടതാണ്. ഒരിക്കലും മറക്കാനാകാത്ത വെളുത്ത വട്ട മുഖം! പുരുഷൻ്റെ മുഖം തീർത്തും വ്യക്തമല്ലായിരുന്നു. പഞ്ചസാരച്ചാക്കിനു പിന്നാലെ പോകാതെ ഒമ്നിക്കു പിറകെ എന്തുകൊണ്ട് പൊയ് ക്കൂടാ? ഇക്കാലത്ത് ഏറെ പ്രചാരത്തിലുള്ള വാഹനമല്ല ഒമ്നി. പഴയ കാലത്ത് മുംബൈയിലും മറ്റും അധോലോക സംഘങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്ന വാഹനമാണ് ഒമ്നി എന്നാണറിവ്. സവിശേഷമായ വിൻഡോ ഉപയോഗിച്ച് പെട്ടെന്ന് കാര്യം സാധിച്ച് രക്ഷപ്പെടാൻ കഴിയുമായിരുന്നു.
തോമാച്ചൻ തന്ന പലഹാരക്കച്ചവടക്കാരുടെ ലിസ്റ്റിൽ നിന്നും ഒമ്‌നിയുള്ളവരെക്കുറിച്ച് അന്വേഷിച്ചാൽ ചിലപ്പോൾ ലക്ഷ്യത്തിലെത്താൻ സാധ്യതയുണ്ട്. ചെറിയ മയക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്ന തോമാച്ചനെ തട്ടിയുണർത്തി വിവരം പറഞ്ഞു. ആ വിവരം കണ്ടെത്താൻ വലിയ പ്രയാസമുണ്ടാകില്ലെന്ന് പറഞ്ഞ് തോമാച്ചൻ മുഖം കഴുകി പോകാനൊരുങ്ങി. ചുറ്റു ഗോവണിയിൽ. ശബ്ദമുണ്ടാക്കിക്കൊണ്ട് തോമാച്ചൻ നടന്നു പോകുന്നത് ഞാൻ ആകാംക്ഷയോടെ നോക്കി നിന്നു. ഫ്ലാസ്ക്കിൽ നിന്നും ചൂടു ചായ അല്പാൽപ്പം പകർന്ന് കുടിക്കുന്നതിനിടെ തോമാച്ചൻ തന്ന ലിസ്റ്റിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ഈ പതിനഞ്ചോളം പേരിൽ നിന്നും ഒമ്‌നി എന്ന ഫിൽട്ടർ ഉപയോഗിച്ച് പതിനാലു പേരെ ഒഴിവാക്കേണ്ടതുണ്ട്. സാധ്യതാ പഠനം വച്ച് ഏറിയാൽ ഒരു രണ്ടു പേർക്കേ ഒമ്നി ഉണ്ടായിരിക്കാൻ തരമുള്ളൂ. ഇനിയവർ ഒമ്നി വാടകക്കു വിളിച്ചതാണെങ്കിലോ? ആ സ്ത്രീയുടെ ഒപ്പം കണ്ട പുരുഷൻ ആ വാടകക്കെടുത്ത ഒമ്നിയുടെ ഡ്രൈവറാണെങ്കിലോ? ആ ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ശിരസ്സ് ഹതഭാഗ്യനായ ആ സ്ത്രീയുടെ ഭർത്താവിൻ്റേതായിരിക്കുമോ? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ എൻ്റെ മനസ്സിൽ വന്നു നിറഞ്ഞു. അപ്പോഴാണ് ഒരു കോൾ വന്നത്. സായാഹ്ന പത്രമാപ്പീസിൽ നിന്നാണ്. പത്രത്തിൽ വരാൻ പോകുന്ന പരസ്യത്തിൻ്റെ പൂർണ്ണമായ രൂപം തയ്യാറായിരിക്കുന്നു. അതു പോയി കണ്ട് സമ്മതം നല്കുക. എന്തെങ്കിലും തിരുത്തൽ നിർദേശമുണ്ടെങ്കിൽ അതു നല്കുക. പിന്നെ പണം നല്കുക.
ചൂടു നഷ്ടപ്പെട്ട വെയില്. എന്നിട്ടും ശരീരം വിയർപ്പിൽ കുളിച്ചിരിക്കുന്നു. പത്രമാപ്പിപ്പീസിൻ്റെ ഓഫീസിൽ എത്തിയതും എവിടെ നിന്നോ ഓടി വന്ന ജോസേട്ടൻ കരം ഗ്രഹിച്ചു അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എൻ്റെ സ്ഥാപനത്തിനായി തയ്യാറാക്കി വച്ച പരസ്യത്തിൻ്റെ രണ്ടു മൂന്നു സാമ്പിൾ കാണിച്ചു തന്നു. അതിൽ നിന്നും ശ്രദ്ധിക്കപ്പെടുമെന്നു തോന്നിയ ഒന്നെടുത്ത് ജോസേട്ടനു നല്കി. അപ്പോഴാണ് ലോനപ്പേട്ടനെക്കുറിച്ച് ഓർമ്മ വന്നത്."
"ലോനപ്പേട്ടൻ"? ഞാൻ ആരാഞ്ഞു.
ജോസേട്ടൻ്റ മുഖം മ്ലാനമായി. "അപ്പൊ അതറിഞ്ഞില്ലേ. ലോനപ്പേട്ടൻ മരിച്ചു"
"ഏ?"
"അന്ന് നിങ്ങള് പരസ്യത്തിന് വന്നില്ലേ, അന്ന് രാത്രി ഒരു ഫോൺ കോൾ. ചെന്നപ്പോ ലോനപ്പേട്ടൻ്റെ ബോഡിയാ കാണുന്നത്. അങ്ങിനെ പറയത്തക്ക ബന്ധുക്കളൊന്നും അദ്ധേഹത്തിനില്ല. നട്ടപ്പാതിര മഴയത്ത് റോട്ടീൽ കിടക്കുന്നതു കണ്ട് ആരോ പോയി പോലീസിൽ പറഞ്ഞു. അവര് നോക്കുമ്പോ പെരുമഴയത്ത് റോട്ടിൽ കിടക്കുന്നു. ഹൃദയ സ്തംഭനം. ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാ കാര്യങ്ങളും ഒരുമയത്തിൽ വേണം. ഒരു ശീലവും നമുക്കു മേൽ ആധിപത്യം നേടാൻ അവസരം കൊടുക്കരുത്. എല്ലാം നമ്മുടെ നിയന്ത്രണത്തിൽ വേണം. എങ്കിലേ ജീവിതം രൂപം പോലെ മുന്നോട്ടു പോകൂ."
ലോകത്തുള്ള സർവ്വജനക്കൾക്കുമുള്ള ഒരു മഹദ് വാക്യം എന്ന നിലയിൽ അയാൾ അവസാനം പറഞ്ഞത് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞ ശേഷം ഒരു പേപ്പർ നീട്ടി. ഞാൻ പേപ്പറെടുത്തു നോക്കി. മുൻ പേജിൽ തന്നെയുണ്ട് ലോനപ്പേട്ടൻ്റെ നിര്യാണ വാർത്ത. ഞാൻ അത് വിശദമായി വായിക്കുന്നതിനിടയിൽ ജോസേട്ടൻ്റെ ഒരു ചോദ്യം!
"കഴിഞ്ഞ തവണ വന്നപ്പോ ലോനപ്പേട്ടനെ അന്വേഷിച്ചിരുന്നല്ലോ? അന്നു കണ്ടില്ലേ? ആരാധനയിൽ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ?"
"ഇല്ല കാണാനെത്തില്ല. വലിയ മഴക്കോളു കണ്ട് നേരെ വീട്ടിൽ പോയി." നാളത്തെ പത്രത്തിലെ മുൻ പേജിൽത്തന്നെ പരസ്യം കാണുമെന്ന് ഉറപ്പു നല്കി ജോസേട്ടൻ്റെ ഹസ്തദാനം സ്വീകരിച്ച് മടങ്ങുസോൾ സസ്യയാകാറായിരുന്നു. ഒരു പാട് അനുഭവങ്ങൾ പറഞ്ഞു തന്ന ഒരു പാട് ജീവിതം കണ്ട ലോനപ്പേട്ടൻ. ഇനിയൊരിക്കലും അയാളെ കാണാൻ കഴിയില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. അയാളെ കാണുമ്പോൾ പരിചയപ്പെടുമ്പോൾ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന് ഞാൻ കരുതിയോ? കാടുകയറിയ ചിന്തയിൽ പോലും തോന്നലുണ്ടായില്ല. ചില സിനിമകളിൽ ഒരു സീനിൽ മാത്രം വന്നു പോകുന്ന പ്രാധാന്യമുള്ള കഥാപാത്രത്തെപ്പോലെ ലോനപ്പേട്ടൻ!
തുടരും...
ആരാണവൾ?
സങ്കേതമണയാൻ തിരക്കുപിടിച്ച് പോകുന്ന ജനക്കൂട്ടത്തിലൊരാളായി ഞാനും മറക്കാൻ ശ്രമിക്കുന്തോറും ലോനപ്പേട്ടൻ അനവരതം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. മനസ്സിൽ അകാരണമായ ഒരു ഭീതി വന്നു നിറഞ്ഞു.
പേമാരി പെയ്ത ആ രാതിയിലെ അയാളുടെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത? ബാറിൽ വച്ച് ഒരു പാട് കഥകൾ അയാൾ പങ്കുവച്ചിരുന്നു. ഹൃദയസ്തംഭനം എന്ന് പറയുന്നതൊക്കെ സത്യമാണോ? തീർത്തും കഷ്ടമായിപ്പോയി. ചോദ്യങ്ങൾ മാത്രം മുഴച്ചു നിൽക്കുന്ന എൻ്റെ അന്വേഷണങ്ങളിൽ ഒരു ഉത്തരം ലഭിക്കാനുള്ള ആശ്രയമായിരുന്നു അയാൾ. അപ്രവചനീയത കൊടികുത്തി വാഴുന്ന മനുഷ്യൻ. ആർക്കും ആരേയും ശ്രദ്ധിക്കാൻ സമയമില്ല. തിരക്കുപിടിച്ചു പായുന്ന മനുഷ്യർ.
റോഡു മുറിച്ചു കടക്കുന്നതിനിടയിലാണ് ചെറിയ സൂപ്പർ മാർക്കറ്റിലേക്ക് കയറി പോകുന്ന സ്ത്രീ എൻ്റെ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ഒരു നാലഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുട്ടിയും, അതവരല്ലേ? സ്ട്രീറ്റ് ലൈറ്റിൻ്റെ മങ്ങിയ വെളിച്ചത്തിൽ കണ്ട മുഖം. ഒരിക്കലും മറക്കാൻ കഴിയാത്ത ആ മുഖം. അതെ അതവർ തന്നെ. മറ്റൊന്നും ചിന്തിക്കാതെ അവർക്കു പിറകിലൂടെ ഞാനും സൂപ്പർമാർക്കറ്റിലേക്ക് കയറി. ശാഠ്യം പിടിച്ചു കൊണ്ടു നിന്ന കുട്ടിക്ക് എന്തോ വാങ്ങിക്കൊടുത്ത് അവർ പെട്ടന്നു തന്നെ പുറത്തിറങ്ങി ഒരോട്ടോ കാത്തു നില്ക്കുന്നതു കണ്ടു. അവർ ഓട്ടോയിൽ കയറിയ ഉടനെ മറ്റൊരോട്ടയിൽ ഞാനും അവരെ പിൻതുടർന്നു. എങ്ങനെയെങ്കിലും വീട് കണ്ടു പിടിക്കണം. ബാക്കി അന്വേഷണമെല്ലാം പിന്നീടാകാം ഏറെ തിരക്കില്ലാത്ത നാട്ടിൻ പുറത്തെ കവലയിൽ അവർ ഇറങ്ങി. അല്പദൂരം വെട്ടുവഴിയിലൂടെ നടന്ന് ഒരു ഓടിട്ട വീട്ടിൽ കയറി. മതി വീടു മനസ്സിലായി. തിരിച്ചു വരുമ്പോൾ ആ വീടിൻ്റെ മുൻവശത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇല്ല ഒമ്നി അവിടെങ്ങുമില്ല.
പഞ്ചാര പോലുള്ള ബീച്ചിലെ മണ്ണ്. അതു തട്ടിത്തെറിപ്പിച്ചു കൊണ്ട് പച്ചക്കപ്പലണ്ടി പുഴുങ്ങിയത് കഴിച്ചു കൊണ്ട് ട്രീസയുടെ ഒപ്പം നടക്കുമ്പോൾ എൻ്റെ അന്വേഷണ വിവരങ്ങൾ അവളമായി ഇതു വരെ പങ്കുവച്ചില്ലെന്ന് ഞാൻ ഖേദത്തോടെ ഓർത്തു. വെളുത്തു പതഞ്ഞു തിരതല്ലുന്ന തിരകൾ അനവരതം അലയടിച്ചുക്കൊണ്ടിരിക്കുന്നു. ഒഴിവു ദിവസത്തെ സായംസന്ധ്യ ആഹ്ളാദഭരിതമാക്കാൻ കുട്ടികളൊടൊന്നിച്ചെത്തിയ കുടുംബങ്ങൾ. പുറകോട്ടു വലിയുന്ന തിരക്കൊപ്പം പോയി ആർത്തു വരുന്ന തിരയിൽ മുങ്ങിപ്പൊങ്ങുന്നവർ. തിരയടിച്ചു വരുന്നത് കണ്ട് കണ്ട് പേടിച്ച് ഭയം കലർന്ന മുഖത്തോടെ കുട്ടികൾ. മറ്റൊരിടത്ത് വീശിയടിക്കുന്ന കാറ്റിൽ പ്രയാസപ്പെട്ട് പക്ഷിയുടെ രൂപത്തിലുള്ള പട്ടങ്ങൾ പറപ്പിക്കുന്നവർ എങ്ങും തണലു പടർത്തി നില്ക്കുന്ന മരച്ചോട്ടിലെ നീളത്തിലുള്ള ഇരുമ്പു കസേരയിൽ ഞങ്ങളിരുന്നു. ഞങ്ങൾക്കരികെ വെള്ളരിപ്രാവുകൾ ചുറ്റിത്തിരഞ്ഞു. അല്പം സമയമെടുത്ത് ഞാൻ സംഭവങ്ങളും അന്വേഷണ പുരോഗതിയുമെല്ലാം പറഞ്ഞു കേൾപിച്ചു. എല്ലാം കേട്ട് അവൾ ചോദിച്ചു. "ആ സ്ത്രീയെക്കുറിച്ച് പിന്നീടന്വോഷിച്ചില്ലേ?"
"അന്വേഷിച്ചു. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനി. ഭർത്താവ് ധാന്യങ്ങളും മറ്റും പൊടിച്ചു കൊടുക്കുന്ന മില്ല് നടത്തുന്നു. അയൽപക്കക്കാർക്കെല്ലാം അവരെക്കുറിച്ചും ആ കുടുംബത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായം. ആ നാട്ടിലൊക്കെ പേരു കേട്ട കുടുംബക്കാരും."
"ആ സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ കണ്ടത് ഈ സ്ത്രീ തന്നെയെന്ന് ഉറപ്പാണോ? അല്ല ഇത്ര ദൂരക്കാഴ്ചയിൽ മുഖം അത്ര കണ്ട് വ്യക്തമാകുമോ?" എൻ്റെ മുഖം മ്ലാനമാകുന്നതു കണ്ട് അവൾ പറഞ്ഞു.
"അല്ല ഞാനൊരു സംശയം ചോദിച്ചെന്നേ ഉള്ളൂ."
ഞാൻ ഒന്നു ചിന്തിച്ചു. ഇല്ല ഒരു സംശയവും ഇല്ല എവിടെ വച്ചു വേണമെങ്കിലും തിരിച്ചറിയാനാകുന്ന സ്ത്രീ മുഖം. അതവർ തന്നെ .സ്വല്പം വണ്ണം കൂടുതലുണ്ടോ? ഇല്ല. മനുഷ്യമനസ്സുപോലെത്തന്നെ മനുഷ്യ ശരീരത്തിനും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ കാലം വരുത്തി വക്കാറുണ്ട്. അതും ചുരുങ്ങിയ സമയ സീമക്കുള്ളിൽ ത്തന്നെ. അതിവർ തന്നെ യാതൊരു സംശയമില്ല.
"അവരുടെ സഹോദരീ സഹോദരൻമാരെക്കുറിച്ചാക്കെ ഒന്നു വിശദമായി..." ട്രീസ പറഞ്ഞു മുഴുവനാക്കും മുൻപ് തന്നെ പൊടുന്നനെ ബീച്ചിൻ്റെ ഇടതു വശത്തു നിന്നും ഒച്ചയും ബഹളവും കേട്ടു . സ്ത്രീകളുടെ കരച്ചിലും ആളുകൾ പരിഭ്രാന്തിയോടെ പരക്കം പായുന്നതും കാണുവാൻ തുടങ്ങി. എന്താണ് സംഭവിച്ചതെന്നറിയാൻ ഞാനും ട്രീസയും ആകുലതയോടെ എഴുന്നേറ്റു. ലൈഫ് ജാക്കറ്റുമായി രണ്ടു പേർ മൂന്നു നാലു പേർ ഓടി വരുന്നതു കണ്ടതോടെ കാര്യം മനസ്സിലായി. ആരോ കടൽത്തിരക്കുള്ളിൽ പെട്ടിരിക്കുന്നു. ഉത്കണ്ഠാജനകമായ സമയ രാശികൾക്കു ശേഷം രാക്ഷസത്തിരയിൽ പെട്ട് കടലിലോട്ട് പോകാൻ തുടങ്ങിയ കൗമാരക്കാരനെ ഒരു വിധം കരക്കെത്തിച്ചു. ജീവിതത്തിനും മരണത്തിനുമിടക്കുള്ള അതിർവരമ്പുകൾ എത്ര നേർത്തതാണ്! കടൽ വെള്ളം കുടിച്ച് വയറുന്തിയ ആ പയ്യൻ്റെ മുഖം ഒന്നേ നോക്കിയുള്ളൂ. ഇരുണ്ടു തുടങ്ങിയ ആ അന്തരീക്ഷത്തിൽ പിന്നീട് ഏറെ നേരം അവിടെ നിൽക്കാൻ തോന്നിയില്ല.
തുടരും...
വീണ്ടും സായാഹ്ന പത്രം
ചൂടു പറക്കുന്ന മസാലച്ചായ ഊതിക്കുടിച്ച് തോമാച്ചൻ്റെ സിനിമാ അനുഭവങ്ങൾ കേൾക്കുകയായിരുന്നു ഞാൻ.ഒപ്പം എനിക്കു വേണ്ടി അയാൾ നടത്തിയ അന്വേഷണത്തിൻ്റെ വിവരങ്ങളും തോമാച്ചനൊടൊപ്പം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അഭിനയിച്ചിരുന്ന ഒരു യുവനടനായിരുന്നു തോമാച്ചൻ്റെ ഇര.
ഇന്ന് ഒരു കോടിയിലേറെ പ്രതിഫലം മേടിക്കുന്ന ആ യുവ നടൻ ഒരിക്കൽ സിനിമാ ഷൂട്ടു കഴിഞ്ഞ് തിരികെ വീട്ടിൽ പോകാൻ പൈസയില്ലാതെ അഞ്ഞൂറ് രൂപക്കു വേണ്ടി കെഞ്ചിയത്രേ. പ്രൊഡക്ഷനിൽ ഉള്ളവർ യഥാസമയം നല്കാത്തതിനാൽ ആ തുക സ്വന്തം പോക്കറ്റിൽ നിന്നാണ് തോമാച്ചൻ നല്കിയത്. പണം കിട്ടിയ സന്തോഷത്താലുള്ള യുവനടൻ്റെ വികാരപ്രകടനങ്ങൾ കണ്ടപ്പോൾ തോമാച്ചൻ ഒരു വേള ചിന്തിച്ചു പോയത്ര ഇയാൾ ഒരു നല്ല നടനാകുമെന്ന്. ഇന്നയാൾ മലയാള സിനിമയിലെ മിന്നിത്തിളങ്ങുന്ന താരമായിരിക്കുന്നു. എന്നാൽ ആ നടനുമായി ബന്ധപ്പെട്ട ഒരു വിഷമവും തോമാച്ചന് പങ്കുവക്കാനുണ്ട്.
യുവ നടൻ നായകനായ ഒരു ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ പോയ തോമാച്ചനെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ തീർത്തും അവഗണിച്ചു കളഞ്ഞു. ഇതൊക്കെയാണ് മനുഷ്യരുടെ അവസ്ഥാന്തരങ്ങൾ എന്നാണ് തോമാച്ചൻ പറഞ്ഞു വക്കുന്നത്. മാത്രമല്ല ഒരു പുതിയ പദ്ധതിയും തോമാച്ചനുണ്ട്. സിനിമയിലെ അയാളുടെ അനുഭവങ്ങൾ കോർത്തിണക്കി ഒരു പുസ്തകം എഴുതണം. കുറെശെ എഴുതിത്തുടങ്ങി. 'എൻ്റെ സിനിമാനുഭങ്ങൾ എന്നാണ് പുസ്തകത്തിൻ്റെ പേര്'. യുവനടനുമായി ബന്ധപ്പെട്ട അനുഭവം 'എൻ്റെ സിനിമാനുഭങ്ങളിൽ' തീർച്ചയായും ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു.
തോമാച്ചൻ പോകാനൊരുങ്ങി. അയാൾ എഴുതാൻ പോകുന്ന പുസ്തകത്തിന് എല്ലാ വിജയാശംസകളും നേർന്ന് പുറത്തിറങ്ങുമ്പോൾ സോഡ വിൽക്കുന്ന കടക്കു മുന്നിൽ അന്നത്തെ സായാഹ്നപ്പത്രം തൂങ്ങിക്കിടക്കുന്നതു കണ്ടു. അതു വാങ്ങി വെറുതെ മറിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്. കായലിൽ കണ്ട മനുഷ്യ ശിരസ്സിനു പിന്നിലെ ദുരൂഹതക്ക് ചുരുളഴിയുന്നു. കൊലപാതകത്തിനു പിന്നിലുള്ള കറുത്ത കരങ്ങൾ അതിഥിത്തൊഴിലാളിയുടേതാണ് എന്നു സംശയിക്കുന്നു. ജോലി സ്ഥലത്തു വച്ചുള്ള വാക് തർക്കങ്ങൾക്കൊടുവിലുള്ള ക്രൂര കൃത്യമെന്ന് സംശയം. തമ്മിലടിക്കുന്നത് കണ്ട സാക്ഷികളുണ്ട്. പ്രതി ഉടൻ പിടിയിലാവുമെന്ന് എഴുതിയിരിക്കുന്നു. കൃത്യമായി പ്രതിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചിലപ്പോൾ ഇത്തരം വാർത്തകൾ വരാറുണ്ട്. പോലീസിൻ്റെ അറിവോടെ മാധ്യമങ്ങൾക്കു ലഭിക്കുന്ന വാർത്തകൾക്കു പിന്നിൽ ചില ശാസ്ത്രീയത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരം വാർത്തകൾ പൂർണ്ണമായും സത്യമാകണമെന്നില്ല. എന്നിരുന്നാലും എനിക്ക് വലിയ നിരാശ തോന്നി. നിരാശ തിരതല്ലിയ മനസ്സോടെ ഞാൻ വീട്ടിലേക്കു നടന്നു. കാരണം ആ കൊലപാതകത്തിനു പിന്നിലെ സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്ന വസ്തുതകൾ മിക്കവാറും ഞാൻ കണ്ടെത്തിയിരുന്നു.
പുലർച്ചെ യാത്ര തിരിച്ചതാണ്. ഈയൊരു യാത്രക്കായി രണ്ടു ദിവസമായി തയ്യാറെടുപ്പിലായിരുന്നു. ചങ്ങലയിലെ ചില കണ്ണികൾ ദുർബലമാണ് അതു ശക്തിപ്പെടുത്തണം അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കണം. വീടെത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. നേരിയ ചൂടുവെള്ളം ശരീരത്തെ ബാധിച്ച യാത്രാ ക്ഷീണത്തെ തീർത്തും അവശേഷിപ്പിക്കാതെ മാറ്റിയിരുന്നു. ഇളം ചൂടുള്ള ചപ്പാത്തിക്കും എരിവുള്ള ചിക്കൻ കറിയും കഴിച്ച് ബാൽക്കണിയിൽ നിൽക്കുമ്പോൾ കഥന സ്വഭാവമുള്ള സംഭവപരമ്പരകൾ മനസ്സിൽ അടുക്കടുക്കായി രൂപം കൊള്ളുകയായിരുന്നു. ആ സംഭവ പരമ്പരകളുടെ എന്നിലൂടെയുള്ള തുടക്കം ഈ ബാൽക്കണിയിൽ നിന്നുള്ള ദൂരക്കാഴ്ചയിലൂടെയാണല്ലോ? കായലിനെ തഴുകിത്തലോടിയ ഇളങ്കാറ്റ്. കാറ്റിനെ തണുപ്പിച്ച് അയക്കുന്ന കായൽ. അവിടെയാണ് മനുഷ്യ ശിരസ്സ് കണ്ടത്. പുറമെ ശാന്തമെന്ന് തോന്നുമെങ്കിലും കായലിൽ ചുഴികൾ രൂപപ്പെട്ടു കാണാറുണ്ട്. അവയിൽ നിന്നും മാറി സഞ്ചരിക്കുന്നതാണ് ഉചിതം. കായലാഴങ്ങളിലേക്ക് വലിച്ചെടുക്കുന്ന അത്തരം ചുഴികൾ പ്രകൃതിദത്തമാണ്. ചുഴിയാണെന്നറിഞ്ഞിട്ടും അവയിൽ ചെന്നുപെടുന്നവരുണ്ട്. പെട്ടാൽ ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന തിരിച്ചുഴികൾ. മനുഷ്യൻ സൃഷ്ടിക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവരെ കുടുക്കാനായി ഒരുക്കുന്ന ചുഴികളുണ്ട്. മറ്റുള്ളവർക്കായി ചുഴിയൊരുക്കി സ്വയം ചുഴിയിൽ പെട്ട് അപ്രത്യക്ഷമാകുന്നവരുണ്ട്.
തുടരും...
അഴിയുന്ന ചുരുളുകൾ
ബെഡ് ലാംബിൻ്റെ നേർത്ത അരണ്ട വെളിച്ചം. അപ്പുറത്ത് ട്രീസ ഉറങ്ങുന്നു. ഞാൻ എഴുത്തു മേശക്കരികിലെ കസേരയിൽ ഇരുന്നു. ട്വൂബ് ലൈറ്റ് ഓഫ് ചെയ്ത് സ്റ്റഡി ലാംബ് ഓൺ ചെയ്ത് പേപ്പറെടുത്തു. എഴുതാനിരുന്നു.
"ടു എസ്. ഐ ...
ഞാൻ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഞാൻ ഈ കത്ത് എഴുതുന്നതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇത്തരമൊരു എഴുത്ത് എഴുതേണ്ടി വന്നതിൻ്റെ കാരണങ്ങളെക്കുറിച്ച് ഞാൻ വിശദമായി വിവരിക്കാം. ആദ്യമേ തന്നെ എഴുതട്ടെ കഴിഞ്ഞ മാസം 30-ാം തീയതി - കായൽ പരിസരത്ത് ചാക്കുകെട്ടിൽ കണ്ടെത്തിയ മനുഷ്യ ശിരസ്സുമായി ബന്ധപ്പെട്ട ചില വസ്തുതകൾ വിശദീകരിക്കുവാനാണ് ഈ കത്ത്. ആ സംഭവവുമായി ബന്ധപ്പെട്ട് നിങ്ങൾ അന്വേഷണത്തിലാണെന്നും ഏറെക്കുറെ ആ സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിച്ചത്തു കൊണ്ടുവരുമെന്നും എനിക്കുറപ്പുണ്ട്. അങ്ങിനെയായിരിക്കെ ഈ കത്തിൻ്റെ പ്രസക്തി എന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിതാണ്. നിങ്ങളുടെ അന്വോഷണത്തിൽ നിന്നും എൻ്റെ അന്വേഷണങ്ങളെ വേർതിരിച്ചു നിർത്തുന്ന കണ്ണി. അതെ ഞാൻ ഒരു ദൃക്സാക്ഷിയാണ്. മനുഷ്യ ശിരസ്സ് ഉൾക്കൊണ്ട ചാക്കുകെട്ട് കൊണ്ടുവന്ന വ്യക്തികളെ ഞാൻ കണ്ടതാണ്! അതെ. ഞാൻ ഒരിക്കലും മറക്കാത്ത മുഖം. ആ ദാരുണ കൃത്യത്തിലേക്ക് നയിച്ച സംഭവപരമ്പരകൾ വിശദമാക്കണമെങ്കിൽ ഏതാനും വർഷങ്ങൾക്കു മുൻപുള്ള കാലഘട്ടത്തിലേക്ക് പോകേണ്ടി വരും. ഞാനവ താഴെ ചേർക്കുന്നു.
അരി മില്ലു നടത്തിപ്പുകാരനായ സുരേന്ദ്രന് നാലു മക്കൾ. രണ്ടു പെണ്ണും രണ്ടാണും. അതിൽ രണ്ടു പേർ ഇരടകൾ. ജയയും, ഭാരതിയും. മൊബെൽ ഫോണുകൾ പ്രചുരപ്രചാരം നേടിയിരുന്ന ആദ്യ കാലം. ഇരട്ട സഹോദരിമാരും ഫോൺ കരസ്ഥമാക്കി. ഒരിക്കൽ സഹോദരിമാരിലൊരാൾ അവരെ ഭാരതി എന്നു വിളിക്കാം. ഫോൺ സർവ്വീസിനു വേണ്ടി ടൗണിലെ ഒരു മൊബെൽ ഫോൺ ഷോപ്പിലെക്കു പോയി. അവരുടെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമായിരുന്നു. മൊബെൽ സർവ്വീസ് സെൻ്ററിൻ്റെ ഉടമ ഒരു തികഞ്ഞ സ്ത്രീജിതനായിരുന്നു. അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിൽക്കക്കള്ളിയില്ലാതെ തമിഴ്നാട്ടിൽ നിന്നും വന്നതായിരുന്നു അയാൾ. പേര് രാജേന്ദ്രൻ. മൊബെൽ സർവ്വീസ് സെൻറർ തുടങ്ങിയതിനു പിന്നിലെ ചേതോവികാരവും സ്ത്രീവിഷയ താത്പര്യം മാത്രമായിരുന്നു. ഭാരതിക്ക് അയാൾ മൊബെൽ സർവ്വീസ് ചെയ്തു കൊടുത്തു. ഒപ്പം അവരുടെ ഫോൺ നമ്പർ തന്ത്രപൂർവ്വം അയാൾ കരസ്ഥമാക്കി. പതിവുപോലെ സ്ഥിരം ഫോൺ വിളിയായി പ്രണയാഭ്യർത്ഥനയായി ഒടുവിൽ വിവാഹ വാഗ്ദാനമായി. അയാളുടെ എണ്ണമില്ലാത്ത ഇരകളിലൊരാളാണ് താനെന്ന് ഭാരതി അറിഞ്ഞില്ല. രാജേന്ദ്രനെ പൂർണ്ണമായും വിശ്വസിച്ച അവർ പൂർണ്ണമായും അയാൾക്ക് വഴിപ്പെടുകയായിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ രാജേന്ദ്രൻ ഭാരതിയെ ഒഴിവാക്കാനുള്ള ശ്രമമായി. മറ്റൊരു ഇരയെ അപ്പോഴേക്കും അയാൾക്ക് ലഭിച്ചിരുന്നു.
ഈയൊരു പ്രതിസന്ധിയെ അവർ എങ്ങിനെ തരണം ചെയ്തുവെന്ന് നിശ്ചയമില്ല. പിന്നീട് അവരെ കാണുന്നത് വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്ന ഒരു കുടുംബിനിയായിട്ടാണ്. ബേക്കറി ബിസിനസ്സുകാരനായ വേലുച്ചാമിയെ അവർ വിവാഹം കഴിച്ചിരുന്നു. രാജേന്ദ്രനാകട്ടെ ഓരോ പ്രശ്നങ്ങളിൽ പെട്ട് നാടു വിട്ടു പോയിരുന്നു. സ്നേഹസമ്പന്നനായ വേലുച്ചാമിയുടെ തണലിൽ സമാധാനപൂർണ്ണമായ ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടും ശപിക്കപ്പെട്ട ഒരു ദിവസം ഭാരതിക്കു മുന്നിൽ വന്നെത്തി. ബേക്കറി പലഹാരങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ വേലുച്ചാമിക്കു പോകേണ്ടതിനാൽ ബേക്കറിയിലെ ക്യാഷ് കൗണ്ടറിൽ ഭാരതിക്കു ഇരിക്കേണ്ടതായി വന്നു. ആ ശപിക്കപ്പെട്ട ദിവസത്തെ ബേക്കറിയിലെ ഒരു ഉപഭോക്താവ് രാജേന്ദ്രനായിരുന്നു. ഭാരതിയെ കണ്ടതും വിഷയലമ്പടനായ അയാളിൽ വീണ്ടും ത്വര തിരതല്ലി. കമാവേശം മൂത്ത അയാൾ ഭാരതിയെ അയാൾ താമസിക്കുന്ന ലോഡ്ജിലേക്ക് ക്ഷണിച്ചു. കഴിഞ്ഞതെല്ലാം മറക്കണമെന്നും സമാധാനപരമായ കുടുംബ ജീവിതം നയിക്കുകയാണെന്നും ഒരിക്കൽ നശിപ്പിച്ച ജീവിതം ഇനിയും നശിപ്പിക്കല്ലെന്ന അവളുടെ യാചന അയാൾ ചെവികൊണ്ടില്ല. അയാളുടെ ആഗ്രഹത്തിനു തടസ്സം നിന്നാൽ വേലുച്ചാമിയോട് പഴയ ബന്ധവും മറ്റുമെല്ലാം പറയുമെന്നായിരുന്നു അയാളുടെ ഭീഷണി . തെളിവായി ഭാരതിയൊടൊന്നിച്ചുള്ള ഫോട്ടോയും വീഡിയോയും അയാൾ മൊബെലിൽ ഭാരതിക്കു കാണിച്ചു കൊടുത്തു. നിസ്സഹായയായ അവൾ ഒരു വിധം അയാളെ തിരിച്ചയച്ചു. പിറ്റേന്നും അയാൾ വന്ന് ശല്യപ്പെടുത്താനാരംഭിച്ചു. സഹികെട്ട് അയാളുടെ താത്പര്യങ്ങൾക്ക് വഴങ്ങാമെന്ന് അവൾ രാജേന്ദ്രന് വാക്കു നല്കി. ആ രാത്രി ഏറെ നേരം അവർ ചിന്തിച്ചു. ജീവിതകാലം മുഴുവൻ തൻ്റെ ജീവിതത്തിൽ രാജേന്ദ്രൻ ഉപദ്രവം തുടരുമെന്ന് അവൾക്കു തോന്നി. ജീവിതത്തിലെ ആത്മഹത്യയോടടുത്ത പ്രതിസന്ധി നല്കി ഒരു വിധം അതിൽ നിന്നും കരകയറ്റി കുടുംബ ജീവിതം നയിക്കുന്ന തന്നെ വീണ്ടും ഉപദ്രവിക്കാനൊരുങ്ങുന്ന രാജേന്ദ്രനോടവൾക്ക് കടുത്ത പക തോന്നി. ആ രാത്രി മയങ്ങുന്ന വേളയിൽ അവളൊരു ഉറച്ച തീരുമാനം കൈകൊണ്ടിരുന്നു. ഏതുവിധേനെയെങ്കിലും രാജേന്ദ്രനെ ഇല്ലാതാക്കുക. അതോടു കൂടി തന്നെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം തീരും.
ഭർത്താവിനെ കൂടി ഉൾക്കൊള്ളിച്ച് ഒരു പദ്ധതി അവൾ ആസൂത്രണം ചെയ്തെങ്കിലും നിഷ്കളങ്കനും പരമസാധുവുമായ വേലുച്ചാമിക്ക് ഇത്തരം കൃത്യം ചെയ്യുവാനുള്ള മനക്കരുത്ത് ഇല്ലെന്ന് അവൾക്ക് വ്യക്തമായിരുന്നു. മാത്രമല്ല ഒരാളെ വധിക്കേണ്ടതായ കാരണം എങ്ങിനെ ഭർത്താവിനെ പറഞ്ഞു ധരിപ്പിക്കും എന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു. അങ്ങിനെ തൻ്റെ പദ്ധതി നടപ്പാക്കാനുള്ള പല വിധ ചിന്തയിൽ മുഴുകി ഇരിക്കുമ്പോഴാണ് ബേക്കറിയിലെ പ്രധാന ജോലിക്കാരനായ സുരൻ ഒരാവശ്യവുമായി ഭാരതിയെ സമീപിച്ചത്. അയാളുടെ ഭാര്യയുടെ ചികിത്സക്കായി ഒരു വലിയ തുക ആവശ്യമെന്നും മുതലാളി വേലുച്ചാമിയോട് പറഞ്ഞപ്പോൾ ചെറിയ ഒരു തുക മാത്രമാണ് നല്കിയതെന്നുമായിരുന്നു സുരൻ്റെ പരിവേദനം. ആ ചെറിയ തുകക്ക് ചികിത്സ നടക്കില്ലെന്നും ബാക്കി തുക വല്ലവിധവും തന്നു സഹായിക്കണമെന്നുമായിരുന്നു സുരൻ്റെ അഭ്യർത്ഥന. ഈയൊരു അവസരം തൻ്റെ ആഗ്രഹ പൂർത്തീകരണത്തിനുള്ള നല്ലൊരു അവസരമായി ഭാരതി കണ്ടു. സുരനെ സഹായിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ച അവർ ഒരു പദ്ധതി ആസൂത്രണം ചെയ്തു. രാജേന്ദ്രനെ ഏതു വിധേനയും കൊലപ്പെടുത്തുക എന്ന പദ്ധതി.
സുരൻ്റെ സാമ്പത്തിക അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അയാളെക്കൊണ്ട് കൃത്യം നടത്തിക്കാനായിരുന്നു അവർ ആസൂത്രണം ചെയ്തത്. ആ പദ്ധതി മനസ്സിലാക്കിയ സുരൻ പരമാവധി എതിർപ്പു പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സമാധാനം കെടുത്തിയതിനാൽ അയാൾ സമ്മതം മൂളി. സുരനു മുന്നിൽ താൻ നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ രൂപരേഖ ഭാരതി അവതരിപ്പിച്ചു. അതിപ്രകാരമായിരുന്നു. രാജേന്ദ്രൻ താമസിക്കുന്നിടത്ത് വരാനുള്ള പ്രയാസം അയാളെ അറിയിച്ച് രാത്രിയിൽ ബേക്കറിയിലേക്ക് വരുത്തുക. തുടർന്ന് ബേക്കറിക്കടുത്തുള്ള ഗോഡൗണിലേക്ക് സമാഗമനത്തിന് ഇടം കൊടുക്കുക. അവിടെ വച്ച് മദ്യം നല്കി മയക്കത്തിലാക്കി സുരൻ്റെ സഹായത്തോടെ കൊലപ്പെടുത്തുക. ഭയാശങ്കകളോടെ ഭാരതിയുടെ നിർദ്ദേശങ്ങൾ സുരൻ സമ്മതിച്ചു. തുടന്ന് ബേക്കറി സാമഗ്രികൾ വാങ്ങാൻ വേലുച്ചാമി കർണാടകയിൽ പോകുന്ന ദിവസങ്ങൾക്കായി ഭാരതി കാത്തിരുന്നു. ഒടുവിൽ ആ ദിനം വന്നെത്തി. സ്ഥലകാലബോധം നഷ്ടപ്പെട്ട് കാമാതുരനായി മാറിയ രാജേന്ദ്രനെ ഭാരതി സ്നേഹപൂർവ്വം ഗോഡൗണിലേക്ക് നയിച്ചു. മധുചഷകം നല്കി ഉൻമത്തനാക്കി. പകയുടേയും പ്രതികാരത്തിൻ്റേയും തിരിച്ചുഴിയിൽ ആഴ്ന്ന ഭാരതി കൊലപാതകം നടത്തുന്നതിനായുള്ള പറ്റിയ സമയത്തിനായി ക്ഷമാപൂർവ്വം കാത്തിരുന്നു. ഗോഡൗണിൽ തൽസമയം പതുങ്ങിയിരുന്നിരുന്ന സുരൻ, ഭാരതി ഉടൻ തന്നെ രാജേന്ദ്രനെ കൊല ചെയ്യാൻ നിർബന്ധിച്ചപ്പോൾ അയാൾ പകച്ചു പോയി. ഒടുവിൽ എന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞ് അയാൾ പരിക്ഷീണനായി നിലത്തിരുന്നു. പതുക്കെ സ്വബോധം വീണ്ടെടുക്കാനാരംഭിച്ച രാജേന്ദ്രനെ ഭാരതി രണ്ടും കല്പിച്ച് തലക്കടിച്ചു. വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ച പകയും പ്രതികാരവും നിസ്സഹായതയും അയാളുടെ മുഖത്ത് ചോരച്ചാലുകൾ തീർത്തു. ഒടുവിൽ അയാൾ മരിച്ചെന്ന് ഉറപ്പാക്കി സുരൻ്റെ സഹായത്തോടെ തീർത്തും വികൃതമാക്കിയ രാജേന്ദ്രൻ്റെ ശിരസ് മുറിച്ചെടുത്ത് അവിടെ കണ്ട പഞ്ചസാരയാക്കുകെട്ടിൽ പൊതിഞ്ഞു കെട്ടി. ശേഷിച്ച ഭാഗ്യങ്ങളും അറുത്തുമുറിച്ച് മറ്റൊരു ചാക്കിൽ നിറച്ച് തറ വൃത്തിയാക്കി. ശിരസ്സ് അടങ്ങുന്ന സഞ്ചി, പതിവായി ബേക്കറി ഓർഡറുകൾ നല്കാൻ ഉപയോഗിക്കാറുള്ള ഒമ്നി വാനിൽ കയറ്റി. അതു സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പല സ്ഥലങ്ങൾ അന്വേഷിച്ചു. ഒടുവിൽ ജനവാസ കേന്ദ്രത്തിൽ നിന്നുമകന്ന് കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കെട്ടിത്താഴ്ത്താൻ നിശ്ചയിച്ചു. വല്ലപ്പോഴും ചൂണ്ട മീൻ പിടിക്കാൻ ആളുകൾ വരുന്ന ഇടം. ആരുടേയും ശ്രദ്ധയിൽ പെടാത്ത സ്ഥലം. ആ ഒരു ജോലി സുരനും ഭാരതിയും ചേർന്ന് കൃത്യമായി നടപ്പാക്കി.
തുടർന്ന് രാജേന്ദ്രൻ്റെ മറ്റു ശരീരഭാഗങ്ങൾ മറ്റൊരു പഞ്ചസാരച്ചാക്കിൽ നിറച്ച് അതു വല്ലവിധവും ഒഴിവാക്കാൻ സുരനോട് നിർദേശിച്ച് തീർത്തും പരിക്ഷീണയായ ഭാരതി കളമൊഴിഞ്ഞു. സുരൻ ആ ചാക്കുകെട്ട് മറ്റൊരു വലിയ ബാഗിലാക്കി ഒമ്നിയിൽ കയറ്റി റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. കിഴക്കൻ മേഖലയിലേക്ക് പോകുന്ന വിദൂര ട്രെയിനിലൊന്നിൽ കയറി ബാഗ് മുകളിലെ സീറ്റിലൊന്നിൽ വച്ച് പുറത്തിറങ്ങി വേഗത്തിൽ വീടു പറ്റി. ആ ബാഗിലുള്ള ശരീരാവശിഷ്ടങ്ങളും കായലിൽ കണ്ട മനുഷ്യ ശിരസ്സും ഒരു വ്യക്തിയുടേതാണെന്ന് അനായാസം നിങ്ങൾക്ക് തെളിയിക്കാനാകും.
ഇനി എൻ്റെ അന്വേഷണ വഴികളിലൂടെ ..... ഈ വിഷയത്തിൽ എനിക്കുള്ള മുൻതൂക്കം ഞാൻ കൊലപാതകം നടത്തിയ സ്ത്രീയെ കണ്ടു. എന്നുള്ളതാണ്. കായലിൽ നിന്ന് മനുഷ്യ ശിരസ്സ് ഉള്ള ചാക്കുകെട്ട് കണ്ടെത്തിയതായുള്ള വാർത്തയിൽ നിന്നാണ് എൻ്റെ അന്വോഷണ തുടക്കം. ആ വാർത്തയിൽ പഞ്ചസാര ചാക്കിലാണ് ശിരസ്സ് കണ്ടെത്തിയതെന്ന് എഴുതിയിരുന്നു. ആ ലേഖനത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് യാത്ര തിരിച്ച എനിക്ക് ലേഖന കർത്താവിൽ നിന്നും വിശ്വസനീയമായി ആ ചാക്കുകെട്ട് പഞ്ചസാര നിറക്കാൻ ഉപയോഗിച്ചിരുന്നതാണെന്ന് തെളിഞ്ഞു. പിന്നീട് അതിൻ്റെ ഉത്ഭവസ്ഥലം തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്ന് കുറ്റകൃത്യത്തിനുപയോഗിച്ച ഒമ്നി വാൻ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങൾ കൃത്യമായില്ല. ബേക്കറി ബിസിനസ് നടത്തുന്ന കുടുംബങ്ങളിൽ ഒന്നിലേറെ പേർക്ക് ഒമ്നി വാഹനം ഉണ്ടെന്നതായിരുന്നു കാരണം. അടുത്ത കാലത്ത് കാണാതായ ആളുകളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും മറ്റും ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും ആ ദിശയിലേക്കുള്ള അന്വേഷണം ഒട്ടേറെ സമയം അപഹരിക്കുന്നതായിരുന്നു. കേരളത്തിൽ നിന്നും പുറപ്പെട്ട് ആസ്സാം മേഖലയിലേക്ക് പോയിരുന്ന ട്രെയിനിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംശയാസ്പദമായിരുന്നു. അതിൻ്റെ വിദശാംശങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഒട്ടേറെ വിവരങ്ങൾക്കിടയിൽ ശരീരാവശിഷ്ടങ്ങളുടെ പഴക്കം സൂചിപ്പിച്ചിരുന്നു. ഒരു ദൃക്സാക്ഷിയായി കായൽ പരിസരത്തെ സംഭവപരമ്പരകൾ കണ്ട ദിവസവും ആ ശരീരാവശിഷ്ടങ്ങളുടെ പഴക്കവും ചേർന്നു നിന്നിരുന്നു. എന്നിരുന്നാലും ഇതൊന്നും കൊലപാതകിയിലേക്കെത്തുന്നതിനുള്ള സൂചകമായില്ല. ആധുനികമായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുവാനുള്ള പരിമിതികൾ എനിക്ക് ഏറെയുണ്ട്. എന്നാൽ ചെറിയൊരു ഭാഗ്യത്തിൻ്റെ പിന്തുണ എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടായിരിക്കാം യാദൃശ്ചികമായി ഭാരതിയുടെ ഇരട്ട സഹോദരി ജയയെ ഒരു നാൾ സൂപ്പർ മാർക്കറ്റിൻ്റെ പരിസരത്ത് വച്ച് കണ്ടത്. ഒരിക്കലും മറക്കാനാകാത്ത ആ മുഖം ഞാൻ കുറ്റവാളിയുടേത് തന്നെയെന്ന് ഉറപ്പിച്ചു. എന്നാൽ അവരുടെ കുടുംബ പശ്ചാത്തലം വിശദമായ അന്വോഷണത്തിന് വിധേയമാക്കിയപ്പോൾ ജയയുടെ ഇരട്ട സഹോദരി ഭാരതിയെക്കുറിച്ചും വേലുച്ചാമി യെന്ന ബേക്കറി മുതലാളി അവരെ വിവാഹം കഴിച്ചതായും അറിഞ്ഞത്. വിവാഹപൂർവ്വ പ്രേമവുമെല്ലാം മനസ്സിലാക്കി. അതെല്ലാം നാട്ടുകാർക്ക് നല്ല നിശ്ചയമാണ്. അവരിത്തരം കാര്യങ്ങളൊന്നും അത്ര വേഗം മറക്കുകയില്ലല്ലോ? തുടർന്ന് ഏതാനും വർഷങ്ങൾക്കു മുൻപ് മൊബെൽ ഷോപ്പ് നടത്തിയിരുന്ന ആളെ ക്കുറിച്ച് അന്വോഷണമായി. അക്കാലത്ത് മൊബെൽ സർവ്വീസ് കേന്ദ്രങ്ങൾ ഏറെ ഇല്ലാതിരുന്നതിനാൽ രാജേന്ദ്രൻ്റെ മൊബെൽ സർവ്വീസ് കേന്ദ്രം എവിടെന്ന് കണ്ടെത്താൻ ഏറെ പ്രയാസമുണ്ടായില്ല. എന്നാൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടതിനാൽ അത് മറ്റൊരാൾക്ക്, ലീസിന് കൈമാറി രാജേന്ദ്രൻ സ്ഥലം വിട്ടതായാണ് അറിഞ്ഞത്. മാസം ഒരു തുക രാജേന്ദ്രൻ്റെ അക്കൗണ്ടിൽ ഇടും അതല്ലാതെ അയാളുമായി യാതൊരു കോൺടാക്ടും ഇല്ലെന്ന് ലീസിന് എടുത്തയാൾ ഉറപ്പിച്ചു പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഉള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെത്തി അന്വേഷിച്ചപ്പോൾ അവിടെ രാജേന്ദ്രന് ഭാര്യയും മകനുമുള്ളതായി അറിഞ്ഞു. മാസങ്ങളായി ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുത്തെങ്കിലും അവർ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും അവർ കരഞ്ഞുപറഞ്ഞു. ആ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ചോദിച്ച ഒരു ചോദ്യമാണ്, ആ ചോദ്യമാണ് ഞാൻ ഈയൊരു എഴുത്ത് താങ്കൾക്ക് എഴുതാനുള്ള കാരണം. അല്ലെങ്കിൽ ഞാനീ എഴുത്ത് എഴുതില്ലായിരുന്നു. കാരണം ഈ അന്യോഷണം എൻ്റെ വ്യക്തിപരമായ ഇഷ്ടമാണ്. എൻ്റെ ജിജ്ഞാസയെ ശമിപ്പിക്കലാണ്. നിരന്തരം തന്നെ ശല്യം ചെയ്തിരുന്ന തന്നെ നശിപ്പിച്ച പിന്നീട് എല്ലാം മറന്ന് അല്ലെങ്കിൽ മറന്നെന്ന് നടിച്ച് കുടുംബ ജീവിതം നയിക്കുമ്പോഴും നശീകരണ മനോഭാവവുമായി വന്ന ഒരാളെ ഒരു സ്ത്രീ തീർത്തും ഇല്ലാതാക്കി. ഈ വിഷയത്തിൽ അവർ നിയമത്തിൻ്റെ പരിരക്ഷ തേടണമായിരുന്നു. അതിനു മുതരാതിരുന്നത് കുടുംബ ജീവിതത്തിൻ്റെ കെട്ടുറപ്പിന് ഭീഷണി എന്ന നിലയിലാകാം. കുറ്റകൃത്യം എപ്പോഴും കുറ്റകൃത്യം തന്നെയാണ്. സമാന്യജനങ്ങൾക്ക് ധാർമ്മികതയുടേതായ ചിന്തകൾ ഈയൊരു വിഷയത്തിൽ ഉയർന്നു വരാമെങ്കിലും നിയമത്തിൻ്റെ കാഴ്ചപ്പാടിൽ കുറ്റകൃത്യത്തിൻ്റേതായ ശിക്ഷക്ക് ആനുകൂല്യമൊന്നും ലഭിച്ചു കാണാറില്ല. നിയമ പരിരക്ഷയും ഇല്ല.
ആ വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് ഞാൻ ആ സ്ത്രീയോട് ചോദിച്ച ചോദ്യം രാജേന്ദ്രൻ പറഞ്ഞ കാര്യങ്ങളും പിന്നീട് അയാൾ എപ്പോഴെങ്കിട്ടും വരികയുണ്ടായോ എന്നുമാണ്. അതിനവർ നല്കിയ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. മുക്കിനും മൂലക്കും മൊബൈൽ സർവ്വീസ് ഷോപ്പുകളാണെന്നും അതുകൊണ്ട് ആ ഫീൽഡ് വലിയ ഗുണമില്ല എന്നും ഒരു ബേക്കറിയിൽ ജോലി കിട്ടിയെന്നും രാജേന്ദ്രൻ പറഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും രാജേന്ദ്രൻ ഭാര്യയേയും കുട്ടിയേയും കാണാനെത്തി. ഒരു പാട് മധുര പലഹാരങ്ങൾ കൊണ്ടുവന്നിരുന്നു. അയാൾ വന്ന ദിവസം ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. ആ ഒരു മറുപടിയാണ് താങ്കൾക്ക് ഈയൊരു എഴുത്ത് എഴുതുന്നതിന് പിന്നിലെ ചേതോവികാരം. സ്ത്രീ മനസ്സ് സങ്കീർണ്ണതയും അപ്രവചനീയതയുടേയും സങ്കലനമാണ്. ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും അവർക്ക് അവരുടേതായ ശരികളുണ്ട്. ആ ശരികൾ മുറുകെപ്പിടിക്കുകയും ചെയ്യും. ആ ശരി മുറുകെപ്പിടിക്കുന്നതുമൂലമുള്ള വരും വരായ്കകൾ, അല്ലെങ്കിൽ അനന്തരഫലം എത്ര ഭീതിജനകമെങ്കിലും അവരുടേതാം ശരികൾ നടപ്പിലാക്കിയിരിക്കും.
ഒരു ദൃക്സാക്ഷി എന്ന നിലക്കുള്ള എൻ്റെ അപ്രമാദിത്വം ഉപയോഗിച്ച് ഞാൻ നടത്തിയ അന്വോഷണത്തിനും ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളായിരുന്നു മുകളിൽ. എന്നാൽ തുടരന്വേഷണത്തിൽ ചില തിരുത്തലുകൾ ആവശ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനുള്ള പ്രധാന കാരണം രാജേന്ദ്രൻ്റെ ഭാര്യ പറഞ്ഞ ദിവസം തന്നെ. അതായത് ബേക്കറിയിൽ ജോലി കിട്ടി രാജേന്ദ്രൻ പോയ ദിവസം ആഗസ്റ്റ് 12. മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് തിരിച്ചു പോയ ദിവസം സെപ്റ്റംബർ 10. കായലിൽ ജഢാവശിഷ്ടങ്ങൾ കണ്ട ദിവസം സെപ്റ്റംബർ 8!. അർത്ഥശങ്കക്കിടയില്ലാതെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും രാജേന്ദ്രൻ മരിച്ചിട്ടില്ല. കൊല്ലപ്പെട്ടത് ഹതഭാഗ്യനായ വേലുച്ചാമിയാണെന്ന്. ഞാൻ മുന്നെഴുതിയതിൽ സുരൻ്റെ ജോലി ഏറ്റെടുത്ത് ചെയ്തത് രാജേന്ദ്രനാണ്.! ഭാരതി എന്ന സ്ത്രീ പൂർവ്വ കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് എൻ്റെ അന്വോഷണങ്ങളിൽ നിന്നും വ്യക്തമാണ്. താങ്കൾക്ക് മറ്റു ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിക്കാവുന്നതാണ്. ഈയൊരു നീചമായ സംഭവത്തിൻ്റെ ദൃക്സാക്ഷി എന്ന നിലയിൽ രഹസ്യമൊഴി നല്കാൻ ഞാൻ തയ്യാറുമാണ്. സായാഹ്ന പത്രത്തിൽ വന്ന വാർത്തയടക്കമുള ചില തെളിവുകൾ ഞാനിതൊടൊപ്പം അയക്കുന്നു.
എന്ന് ... "
ഞാൻ പേന താഴെ വച്ചു. രാത്രി ഏറെ വൈകിയിരുന്നു. മുറിക്കകത്ത് ബെഡ് ലാംബിൻ്റെ നേർത്ത അരണ്ട വെളിച്ചം. വെളുത്ത ചുമരുകളിൽ മുറിക്കകത്തെ എന്തിൻ്റെയോ നിഴലുകൾ വികലമായ രൂപം തീർത്തു. ഞാനെഴുന്നേറ്റു വാതായനങ്ങൾക്കരികെ ചെന്ന് ജനാലകൾ തുറന്നിട്ടു. കായലിനെ തലോടി വന്ന കാറ്റിന് നേരിയ തണുപ്പ്. ദൂരക്കാഴ്ചകളിൽ വഴികൾ വഴിയോരങ്ങൾ വഴിയോരങ്ങളിലെ മഞ്ഞച്ച സ്ട്രീറ്റ് ലൈറ്റുകൾ. അവയിൽ നിന്നും ഒരിക്കുന്ന മഞ്ഞരാശി. ഇതുപോലൊരു ദൂരക്കാഴ്ചയിലാണ് ഭാരതി രാജേന്ദ്രനൊടൊപ്പം സ്വഭർത്താവിൻ്റെ വികലമാക്കിയ ശിരസ്സു പൊതിഞ്ഞ ചാക്കുകെട്ടുമായി എത്തിയത്. ഇരുവരും ചേർന്ന് ആ ചാക്കുകെട്ട് കായലിൽ തള്ളിയത്. മാസങ്ങളായി എൻ്റെ മനസ്സിൻ്റെ സമാധാനം കെടുത്തിയത്. പോലീസിന് ചിലപ്പോൾ ഒരു മിസ്സിങ്ങ് പരാതി ലഭിച്ചേക്കാം. 'എൻ്റെ ഭർത്താവ് വേലുച്ചാമി കർണ്ണാടകയിൽ ബേക്കറി സാധനങ്ങൾ എടുക്കാൻ പോയ ശേഷം തിരിച്ചു വന്നില്ലെന്ന്' കാണിച്ച്. ചിലപ്പോൾ പരാതി കൊടുക്കാതിരിക്കാനും മതി.
നഗരം ഉറങ്ങുന്നു. ചിന്തകളുടേയും പദ്ധതികളുടേയും ഭാരത്താൽ ഉറക്കാതിരിക്കുന്നവരും കാണും. ഞാൻ തിരിഞ്ഞു. ബെഡ് ലാമ്പിലെ അരണ്ട വെളിച്ചം. ഇതു വരെ എഴുതിത്തീർത്ത പേപ്പറിരിക്കുന്നു. ഒന്നുകൂടി വായിച്ച് തെറ്റുതിരുത്തി നാളത്തെ തപാലിൽ അയക്കണം. ക്ഷീണമുണ്ട് കണ്ണുകളടക്കുന്നു. ഇരുളുന്നു. വാതിലിൽ ആരോ മുട്ടുന്നു. കനത്ത ശബ്ദം. വാതിലാകമാനം പൊളിഞ്ഞു വീഴുന്ന മട്ടിൽ ശക്തിയേറിയ മുട്ടൽ. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. വാതിൽ തുറന്നു. പുറം തിരിഞ്ഞു നിലക്കുന്ന വെളുത്ത മുണ്ടും ജുബയും ധരിച്ച ഒരു ശുഷ്കിച്ച രുപം. ആരാ.. എൻ്റെ ശബ്ദം വിറങ്ങലിച്ചു തൊണ്ടയിൽ കുടുങ്ങി. പൊടുന്നനെ ആ രൂപം എൻ്റെ നേർക്കു തിരിഞ്ഞു. ഞാൻ മരവിച്ചു പോയി. ലോനപ്പേട്ടൻ! എൻ്റെ സപ്ത നാഡികളും തളർന്നു. കുഴഞ്ഞു വീഴാതിരിക്കാൻ ഞാൻ ആവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. ഘനഗംഭീരമായ ശബ്ദം ഗുഹക്കുള്ളിൽ നിന്നെന്നവണ്ണം മുഴങ്ങിക്കേട്ടു.
"പോലീസു മേധാവിക്കുള്ള എഴുത്തിൽ നീയെൻ്റെ പേര് എന്തുകൊണ്ട് എഴുതിയില്ല? പറയ്."
"നിൻ്റെ അന്വേഷണമെല്ലാം എന്നിൽ നിന്നല്ലേ തുടക്കം? പറ." അതും പറഞ്ഞ് ലോനപ്പേട്ടൻ എൻ്റെ നേരെ പാഞ്ഞടുത്തു. എൻ്റെ നിലവിളി തൊണ്ടക്കുഴിയിലെ പ്രതിബന്ധങ്ങളെ ഭേദിച്ച് പുറത്തേക്ക് പ്രവഹിച്ചു. ഇരുളിമ മാറി കൺമുന്നിൽ വെളിച്ചം പടർന്നു. ശരീരമാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഭയപ്പാടോടെ വെള്ളമൊഴിച്ച ഗ്ലാസ്സ് ട്രീസ എൻ്റെ നേരെ നീട്ടി. ഞാനതു കുടിച്ച് പിന്നേയും ആവശ്യപ്പെട്ടു. ട്രീസ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. അതൊന്നും ഞാൻ കേട്ടില്ല. വെള്ളം വാങ്ങിക്കുടിച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് കിടന്നു.
അവസാനിച്ചു.