mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Patayottam

Binobi

സിനിമയും ജീവിതവും - പടയോട്ടം

നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രങ്ങളെല്ലാം മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം( തച്ചോളി അമ്പു ), ആദ്യത്തെ ത്രീഡി ചിത്രം( മൈ ഡിയർ കുട്ടിച്ചാത്തൻ ), ആദ്യ 70 എം എം ചിത്രവും എല്ലാം നവോദയ ആണ് നിർമ്മിച്ചത്.

നവോദയ നിർമിച്ച ആദ്യത്തെ 70 എം എം ചലച്ചിത്രമാണ് പടയോട്ടം.

പടയോട്ടം എന്ന സിനിമയുടെ കഥയ്ക്ക് പ്രചോദനമായത് അലക്സാണ്ടറി ഡ്യൂമസിന്റെ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' എന്ന കഥയാണ്. ഇതിന് മലയാളത്തിൽ തിരക്കഥ രചിച്ചിരിക്കുന്നത് എൻ ഗോവിന്ദൻ കുട്ടിയാണ്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ പുന്നൂസും.

ചില കാലഘട്ടങ്ങളിൽ ചില ചിത്രങ്ങൾ നമുക്ക് വിസ്മയങ്ങളായി തോന്നാറുണ്ട്. നമ്മുടെയൊക്കെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് അത് തിരശ്ശീലയിൽ നിറഞ്ഞ ആടുമ്പോൾ അത്ഭുതത്തോടെ നമുക്കത് നോക്കി നിൽക്കാൻ സാധിക്കുകയുള്ളൂ. ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ ആ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയർത്തി കൊണ്ടായിരുന്നു  പടയോട്ടം പ്രേക്ഷക മനസ്സുകളിൽ സ്വാധീനം ചെലുത്തിയത്. ഒരു വെള്ളത്തുണിക്ക് മുന്നിൽ ഇരുന്ന് ഒരു ജനത അങ്ങനെ ശ്വാസമടക്കി കണ്ടുതീർത്ത പടമായിരുന്നു പടയോട്ടം. ഗ്രാമപ്രദേശങ്ങളിൽ പോലും ഇതിന്റെ റിലീസിംഗ് പോസ്റ്ററുകൾ നിറഞ്ഞു നിന്നിരുന്നത് ഞാൻ ഓർത്തുപോകുന്നു.

അന്നത്തെ കാലഘട്ടത്തിൽ അത് ഒരു അത്ഭുതം തന്നെയായിരുന്നു. ഇന്നും പടയോട്ടം എന്ന ചിത്രത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലഒരു പ്രതികാര

കഥയാണ് ഈ ചിത്രം പറയുന്നത്. കോലത്തിരി രാജാവിന്റെ (തിക്കുറിശ്ശി) അനന്തിരവന്മാരാണ് ഉദയനും(പ്രേം നസീർ), ദേവനും  (മധു). ഇളയവൻ ആയ ഉദയന്റെ ശക്തിയിലും ബുദ്ധിയിലും സംതൃപ്തനായ രാജാവ് തന്റെ പിൻഗാമിയായി ഉദയനെയാണ് കണ്ടിരുന്നത്. ഇതിന് ദേവന് പരിഭവം ഒന്നും ഉണ്ടായിരുന്നില്ല.

ദേവന്റെ മനസ്സിൽ രാജാവിന്റെ മകൾ പാർവതിയോട് ( ലക്ഷ്മി) ഇഷ്ടമുണ്ടായിരുന്നു. ഉദയനെ ആയിരുന്നു. അത് തിരിച്ചറിഞ്ഞ രാജാവ് ഉദയനും ആയിട്ടുള്ള പാർവതിയുടെ വിവാഹത്തിന് സമ്മതം മൂളുന്നു. അനിയനോടുള്ള ഇഷ്ടം കാരണം ദേവനും ആ തീരുമാനത്തിന് എതിര് നിന്നില്ല.

എന്നാൽ ഉദയൻ യുവരാജാവായാൽ തങ്ങളുടെ അഴിമതികൾ പിടിക്കപ്പെടും എന്ന് കമ്മാരനും( മമ്മൂട്ടി), പെരുവന കുറുപ്പും (ഗോവിന്ദൻകുട്ടി ) ഭയപ്പെടുന്നു.പാർവതിയോട് ദേവനുള്ള ഇഷ്ടം മുതലെടുത്ത് ദേവനെ, ഉദയന് നേരെ അവർ തിരിക്കുന്നു. അവരുടെ തന്ത്രത്തിൽ വീഴുന്ന ദേവൻ, ഉദയനു നേരെ തിരിയുന്നു.

ഉദയനെ ചതിയിലൂടെ അവർ അടിമ കച്ചവടക്കാർക്ക് വിൽക്കുന്നു. അങ്ങനെ ഉദയൻ രാജകുമാരൻ കപ്പലിലെ അടിമയായി മാറുന്നു. ഇതിനുശേഷം കഥയിൽ വരുന്ന മാറ്റങ്ങൾ ഉദയന്റെ സഹനങ്ങളുടെയും, ഉയർത്തെഴുന്നേൽപ്പിന്റെതുമാണ്.

കപ്പലിലെ അതിക്രൂരമായ പീഡനങ്ങൾക്കിടയിൽ നിന്ന് അയാൾ രക്ഷപ്പെടുന്നു. പിന്നീട് അദ്ദേഹം ആറേക്കാട് അമ്പാടി തമ്പാൻ എന്ന വ്യാപാരിയായി മാറുകയാണ്. അതിനുശേഷം തന്റെ പ്രതികാരത്തിനായി കോലത്തിരി നാട്ടിലേക്ക് തിരിക്കുന്നു.

സാഹസികത നിറഞ്ഞ ഒരു ചിത്രമായിരുന്നു പടയോട്ടം. അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് സംവിധായകൻ ജിജോ അത് മനോഹരമാക്കിയിട്ടുണ്ട്. ഗ്രാഫിക്സ് ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ തന്റെ ക്യാമറ കൊണ്ട് അതിനെല്ലാം മിഴിവേകുവാൻ ചായാഗ്രാഹകൻ രാമചന്ദ്ര ബാബുവിനു സാധിച്ചിട്ടുണ്ട്.

പിൻകാലത്ത് സംവിധാന പ്രതിഭകൾ ആയി തീർന്ന ഫാസിൽ, സിബി മലയിൽ തുടങ്ങിയവർ ഈ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗുണസിംഗ് ആണ്. മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ പൊതുവേ ഈ ചിത്രത്തിൽ കുറവായിരുന്നു.

മനസ്സിൽ മായാതെ നിൽക്കുന്നത് കാവാലം നാരായണ പണിക്കരുടെ രചനയിൽ, യേശുദാസ് ആലപിച്ച " ആഴിക്ക് അങ്ങേ കരയുണ്ടോ.... " എന്ന ഗാനമായിരുന്നു.

മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാരും ഈ ചിത്രത്തിൽ വേഷം ഇട്ടിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നവാഗതരായി വന്ന മോഹൻലാൽ, ശങ്കർ, പൂർണിമ ജയറാം എന്നിവർ ഈ ചിത്രത്തിലേക്ക് വീണ്ടും ഒരുമിച്ച് എത്തി.

റിലീസിംഗ് സെന്ററുകളിൽ നിന്ന് 'ബി ','സി ' ക്ലാസുകളിലേക്ക്  എത്തുമ്പോൾ ഈ ചിത്രത്തിന് അർഹിച്ച നേട്ടം കൊയ്യാൻ സാധിച്ചോ എന്നുള്ളത് സംശയമാണ്. വടക്കൻ പാട്ട് ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഈ ചിത്രത്തിന് നേടാൻ സാധിച്ചോ എന്നുള്ളത് പരിശോധിക്കേണ്ടിയിരിക്കുന്നു.

പ്രേം നസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിട്ടൊന്നും ഈ ആറേക്കാട് അമ്പാടി തമ്പാനെ കാണാൻ സാധിക്കുകയില്ല. ഉദയനും, തമ്പാനും അദ്ദേഹത്തിന് അത്രയേറെ വെല്ലുവിളി ഒന്നും ഉയർത്തിയിരുന്നില്ല. ഇതിലും മികച്ച എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരിണയം ആക്കിയിരിക്കുന്നു.

ഒരു മാറ്റം എപ്പോഴും മലയാളസിനിമയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച സംവിധായകനായിരുന്നു ജിജോ. അദ്ദേഹത്തിന്റെ ഏത് ചിത്രം എടുത്താലും നമുക്കത് മനസ്സിലാക്കാൻ സാധിക്കും. മൂന്നോ നാലോ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത  ആ പ്രതിഭയുടെ കഴിവുകൾ, മലയാള സിനിമ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് സഞ്ചരിച്ച  ഒരു സംവിധായകനായിരുന്നു ജിജോ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ.

മലയാളത്തിലെ ആദ്യത്തെ 70 എം എം സിനിമ എന്ന നിലയിലാണ് ഈ ചിത്രം ചരിത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുന്നത്. കഥയ്ക്കനുസരിച്ചുള്ള പുതുമയായിരുന്നു അന്ന് പടയോട്ടത്തിന്റെ പ്രത്യേകത. കാലം കടന്നുപോയിട്ടും ആ പുതുമ ഇന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആണ് പടയോട്ടം എന്ന ചിത്രം, മലയാള സിനിമ ചരിത്രത്തിൽ ഇന്നും മറവിയിൽ മാഞ്ഞു പോകാതെ  നിൽക്കുന്നത്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ