mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ningalenne communistakki

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)

തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച്, കുഞ്ചാക്കോ നിർമ്മിച്ച് 1970 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. 

ഒരു കാലഘട്ടത്തിന്റെ വേദനയും കണ്ണീരും മുഴുവൻ നിറഞ്ഞ കെപിഎസിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ഈ ചിത്രം.

ജാതിയും, ജാതിവ്യവസ്ഥകളും, അയിത്തവും എല്ലാം ഒരു ജനതയെ ചങ്ങലക്കിട്ടിരുന്നു. ആ ചങ്ങല പൊട്ടിച്ചെറിയാൻ ആ വ്യവസ്ഥിതിക്കെതിരായ ഒരു സമരാ ഹ്വാനമായിരുന്നു  ഈ ചിത്രം.

സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി, ഉമ്മർ, എസ് പി പിള്ള, കോട്ടയം ചെല്ലപ്പൻ തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.

പാവപ്പെട്ട ഒരു കർഷകനാണ് പരമുപിള്ള ( സത്യൻ ). അദ്ദേഹത്തിന്റെ ഭാര്യയാണ് കല്യാണി( വിജയകുമാരി ). മകൻ ഗോപാലൻ( പ്രേം നസീർ) മകൾ മീനാക്ഷി( കെപിഎസി ലളിത ).

ചെറിയൊരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ഗോപാലൻ കോളേജ് പഠനം നിർത്തി കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. മാത്യു( ഉമ്മർ ) ഗോപാലന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന കർഷക തൊഴിലാളി നേതാവാണ്.

ഈ ഗ്രാമത്തിലെ ജന്മിയാണ് വലിയ വീട്ടിൽ കേശവൻ നായർ ( കോട്ടയം ചെല്ലപ്പൻ ). അയാൾ ക്രൂരനും തന്റെ കീഴിലുള്ളവരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നവനും ആണ്. ഇതെല്ലാം കാണുന്ന ഗോപാലൻ, കേശവൻ നായരുടെ ശത്രുവായി മാറുന്നു. കേശവൻ നായരുടെ മകൾ സുമാവല്ലി  ( ഷീല) ഗോപാലനും ആയി പ്രണയത്തിലാണ്.

ഗ്രാമത്തിലെ കർഷകരുടെ സ്ഥലത്തിന്റെ കൈവശാവകാശം കേശവൻ നായരുടെ കൈകളിലാണ്. പരമു പിള്ളയുടെ ഭൂമിയിലാണ് ഇപ്പോൾ കേശവൻ നായരുടെ  കണ്ണ്.

കേശവൻ നായരുടെ ഈ ദുഷിച്ച പ്രവർത്തികൾ ഗോപാലനും കൂട്ടരും ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. കേശവൻ നായരുടെ മുഖ്യ ശത്രുവായി ഗോപാലൻ മാറുന്നു.

പരമപിള്ളയുടെ ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തുന്നതിൽ കേശവൻ നായർ വിജയിക്കുന്നു. മകന്റെയും പാർട്ടിയുടെയും നയങ്ങൾക്ക് എന്നും എതിരായിരുന്ന പരമു പിള്ള തന്റെ അറിവില്ലായ്മ തിരിച്ചറിയുന്നു.

ചെങ്കൊടി ഉയർത്തി ഗ്രാമത്തിലൂടെ നീങ്ങുന്ന പാർട്ടി ജാഥയിൽ പരമു പിള്ള ചേരുന്നു. അങ്ങനെ അയാൾ ഒരു കമ്മ്യൂണിസ്റ്റായി മാറുന്നു.

വയലാർ രചിച്ച് ദേവരാജൻ  മാഷ് സംഗീതസംവിധാനം നിർവഹിച്ച മനോഹരമായ ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

"എല്ലാരും പാടത്ത് സ്വർണം വിതച്ചു..... "

"കൊതുമ്പു വെള്ളം തുഴഞ്ഞു വരും... "

"അമ്പലപ്പറമ്പിലെ ആരാമത്തിലെ..... "

"പല്ലനയാറിൽ തീരത്ത്......... "

"ഐക്യമുന്നണി ഐക്യമുന്നണി..... "

ഇങ്ങനെ നീളുന്നു ആ പട്ടിക.

ജന്മിത്വത്തിനെതിരായ ഒരു പോരാട്ടം ആയിരുന്നു ഈ ചിത്രം. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

തന്റെ അഭിനയ ജീവിതത്തിൽ താൻ  ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് പരമുപിള്ളയിലൂടെ സത്യൻ തെരഞ്ഞെടുത്തത്. ആ കാലത്ത് തിളങ്ങിനിന്ന സത്യനും പ്രേംനസീറും അച്ഛനും മകനുമായി അഭിനയിച്ച ചിത്രമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.ഇതിൽ പരമു പിള്ള എന്ന കഥാപാത്രം സത്യന് ഒരു വെല്ലുവിളി തന്നെയായിരുന്നു.

1952 ലാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആദ്യമായി നാടകമായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ഇത് അരങ്ങിൽ  അവതരിപ്പിക്കുമ്പോൾ പലതരത്തിലുള്ള ആക്രമണങ്ങളെയും ഇതിന്റെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വന്നു. ജന്മിയുടെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ആയിരുന്നു ഈ ആക്രമണങ്ങൾ. അതുകൊണ്ടുതന്നെ ഒരു ചെറുത്തുനിൽപ്പിന്റെ അതിജീവനം കൂടി ഈ നാടകം നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നുണ്ട്.

1970ൽ ഇത് സിനിമയാകുമ്പോൾ ഒരു പ്രതിസന്ധിയും ഇല്ലാതെ ജനങ്ങൾ ഈ ചിത്രം ആസ്വദിച്ചു. മലയാള സിനിമ ചരിത്രത്തിൽ നല്ലൊരു വിജയം ആവുകയും ചെയ്തു ഈ ചിത്രം.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. ഒരു കാലഘട്ടത്തിൽ ജനങ്ങൾ അനുഭവിച്ച സഹനങ്ങളും അതിനെ മറികടന്ന് നല്ലൊരു പ്രഭാതത്തിലേക്കുള്ള അവരുടെ ചുവടുവെപ്പും ആണ് ഈ ചിത്രം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയേകിയ ഒരു ചലച്ചിത്രം കൂടിയായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. സഹനത്തിന്റെ പാതയിലൂടെ ഒരു ജനത നേടിത്തന്ന സ്വാതന്ത്ര്യത്തിന് ഇന്നിന്റെ  ഈ അവസ്ഥയിൽ എന്താണ് പ്രസക്തി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആഡംബരത്തിനൊപ്പം പായുന്ന ഇന്നത്തെ നേതാക്കന്മാർക്ക് മുന്നിൽ " നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി " എന്ന മറുചോദ്യം ആരെങ്കിലും ചോദിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

അങ്ങനെ വന്നാൽ ആ നേതാക്കന്മാർ ഒരു ആവർത്തി കൂടി കാണണം  "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന ഈ ചലച്ചിത്രം.

തുടരും

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ