mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

'മരണം 'എപ്പോഴും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ആദ്യ നടുക്കം വിട്ട് യാഥാർത്ഥ്യത്തിലേക്ക് വന്നു കഴിയുമ്പോൾ പക്വതയുള്ളവർ 'ഇനി ചെയ്യേണ്ടുന്ന കാര്യങ്ങളെ'ക്കുറിച്ച് ആലോചിച്ച് തുടങ്ങും. മരണാനന്തര ക്രിയകളുടെ ആകെ മൊത്തം ചേർന്നൊരു വിളിപ്പേരാണ് 'കാരിയം'.

ആചാരങ്ങളുടെ അനുഷ്ഠാനങ്ങൾ പാരമ്പര്യങ്ങളെ നിലനിർത്തി പോരുന്നു. സംസ്കാരങ്ങളുടെ പഴമയെ വിളിച്ചോതുന്നിടത്ത് ഹെറിട്ടേജ് പദവികൾ നൽകപ്പെടാറുണ്ട്.

തമിഴ് സിനിമകളിൽ 'മരണവീട്' രംഗങ്ങൾ കാണുമ്പോൾ, ഇതൊക്കെ അല്പം ഓവർ അല്ലേ...? ഇങ്ങനെയൊക്കെ ഇക്കാലത്തും ഉണ്ടോ...!? എന്നൊക്കെ തോന്നിപ്പോവുക സാധാരണമാണ്. എന്നാൽ തമിഴന്മാർ  ഇത്തരം ആചാര മര്യാദകളെ ഇന്നും വളരെ നിഷ്ടയോടെ അനുവർത്തിച്ചു വരുന്നുണ്ടെന്നുള്ളതാണ് വാസ്തവം.

മരണവാർത്ത 'അറിഞ്ഞാൽ', ചടങ്ങിന് എത്തുക എന്നത് ഓരോരുത്തരുടെയും മേൽ ഇടപെട്ടിരിക്കുന്ന ഉത്തമ ഉത്തരവാദിത്വമാകുന്നു. എന്നാൽ കല്യാണം,മറ്റ് ചടങ്ങുകൾക്ക് ഒക്കെ വെത്തല പാക്ക് വച്ച് അഴച്ചേ മതിയാകൂ...! ഇന്നിപ്പോൾ, മൊബൈൽ ഫോണിൻറെ വരവോടെ മരണവാർത്തകൾ മണിക്കൂറുകൾക്കകം എല്ലാവരും അറിയുമെന്നായിട്ടുണ്ട്.

'കണ്ണീർ അഞ്ജലി' പോസ്റ്റർ ഒട്ടിച്ച് നാടാകെ വിവരമറിയിക്കുന്നത് കൂട്ടുകാരുടെ കർത്തവ്യമാണ്. നൻപന്മാരുടെ സ്നേഹബന്ധത്തിന്റെ വലിയൊരു ചിത്രമാണ്  ഇത് വിളിച്ചറിയിക്കുന്നത്. ഇപ്പോഴാകട്ടെ പോസ്റ്ററുകൾക്ക് പകരം ഫേസ്ബുക്ക് വാട്സ്ആപ്പ് പോസ്റ്റുകൾ ആയിരിക്കുന്നു .

ഞെട്ടലും, കണ്ണീരുമൊക്കെയടങ്ങി യാഥാർത്ഥ്യത്തിലേക്ക് വന്നു കഴിയുമ്പോൾ "..ഇനി ആക വേണ്ടിയ കാരിയത്തെ പാറ്..." എന്ന് കാരണവന്മാർ ഉത്തരവിടും.

വീട്ടുമുറ്റത്ത് മൃതശരീരം പട്ടുകൾ പുതപ്പിച്ച് കിടത്തും. ചുറ്റിനും കസേരകളിട്ട് സ്ത്രീജനങ്ങൾ ഒപ്പാരി പാടി കരയും. മരിച്ചയാളുടെ ഗുണഗണങ്ങൾ വിശേഷ താളത്തിൽ വിളിച്ചുപറഞ്ഞ്, "ഞങ്ങളെ വിട്ടു പോയല്ലോ..." എന്ന് ഗാനരൂപത്തിൽ വിലാപമാലപിക്കുന്നതാണ് ഒപ്പാരിപ്പാട്ട്. ഒപ്പാരി പാടാൻ കഴിവുള്ളവരെ, തൊഴിലാക്കിയിരിക്കുന്നവരെ, പന്തലു പണിക്കാർ കൊണ്ടുവന്നു കൊള്ളും.

വീട്ടുകാരുടെ നിലവാരത്തിനനുസരിച്ച് പന്തലുകളും, അനുസാരികളും, എല്ലാം ചെലവേറിയതും അല്ലാത്തതുമായി ലഭ്യമാണ്. അറുപത് വയസ്സിന് മുകളിലുള്ളവരാണ് മരിച്ചതെങ്കിൽ കൊട്ടും പാട്ടും കൂടിയേ തീരൂ.. ഈ ഭൂമിയിലെ ജീവിതം ആസ്വദിച്ച്, മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയും കണ്ട പാട്ടന്മാരെയും പാട്ടികളെയും, താള വാദ്യ മേളങ്ങളോടെ 'മരിച്ചവരുടെ ലോകത്തേക്ക്' യാത്രയയക്കുന്നതാണ് വഴക്കം.

നേരത്തോട് നേരത്തിനകം അല്ലെങ്കിൽ ഇരുപത്തുനാല് മണിക്കൂറിനുള്ളിൽ 'കാരിയം' മുടിക്കേണ്ടതുണ്ട്. ദൂരെയുള്ളവർ എത്രയും വേഗം വന്നില്ലായെങ്കിൽ 'അവസാനമായി ഒരു നോക്ക് കാണാനായില്ല' എന്നു വരും.

അവസാന യാത്ര പൂമഞ്ചത്തിലേറിയാണ്.. -ചുടുകാട്ടിലേക്ക് ! ഭാര്യക്കും പെൺമക്കൾക്കും പുരയിടത്തിന്റെ അതിർത്തി വരയേ മൃതദേഹത്തെ അനുഗമിക്കാൻ കഴിയുകയുള്ളൂ. കർമ്മങ്ങൾ അനുഷ്ഠിക്കേണ്ട ആൺമക്കൾക്ക് , ശ്മശാനംവരെ പിൻചെല്ലാം.  ' മരിച്ചവരുടെ ലോകത്തേക്ക്' ഒറ്റയ്ക്കാണല്ലോ ഓരോരുത്തരും കടന്നു ചെല്ലേണ്ടത്..!

ഓലകൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ച ശവമഞ്ചത്തിൽ മരിച്ചയാളെ ഇരുത്തിയാണ് ഊർവലം വെക്കുന്നത്. നെറ്റിയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന ഒറ്റ രൂപ നാണയം, മരിച്ചയാൾ ധനവാനാണെന്ന് സൂചിപ്പിക്കുന്നു. 'മരിച്ചവരുടെ ലോകത്ത്' എത്തുന്നത്ര നാൾ പട്ടിണിയില്ലാതെ കഴിയാൻ  വാഴയിലയിൽ ഉരുട്ടി നേദിക്കുന്ന ചോറുരുളകൾ സഹായിക്കുന്നു... വഴിനീളെ വിതറുന്ന പൂക്കൾ, 'ഇനിയുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയുള്ളതല്ല' എന്ന് വിളിച്ചു പറയുന്നു.

 ഇരുട്ടുമുറിയിൽ വച്ച് മുളപ്പിച്ച്, ഏഴു നാളുകൾക്ക് ശേഷം പുറത്തെടുക്കുന്ന 'മുളപ്പാരി' ചെടികൾ, കുഴിമാടത്തിൽ എത്തിച്ച് പാലൊഴിക്കുന്നതോടെ  മരണാനന്തരം, 'ഇനിയും ഒരു ജീവിതമുണ്ടെന്ന്' ഓർമ്മിപ്പിക്കുകയാണ്..!

മരിച്ചടക്കിന് ശേഷം തിരികെ വീട്ടിലെത്തിയവർ, കുളിച്ചതിനുശേഷമേ ഭക്ഷണം കഴിക്കുകയുള്ളൂ. ഭാര്യ ,ഭർത്താവ്, മക്കൾ ,മരുമക്കൾ എന്നിവരൊന്നും അടുക്കളയിൽ കയറുകയില്ല. അയൽപക്കത്തുകാർ നൽകുന്ന ഭക്ഷണം കഴിച്ചാണ് തുടർന്നുള്ള ദിവസങ്ങൾ..! മൂന്ന്, ഏഴ്, ഇരുപത്തിയൊന്ന്.. തുടങ്ങി മരണാനന്തര ചടങ്ങുകളും നോയമ്പുകളുമൊക്കെ പലവിധത്തിലാണുള്ളത്. പരേതന്റെ, അങ്ങേ ലോകത്തിലെ  സ്വസ്ഥതകൾക്ക് വേണ്ടിയാണ് ഈ 'കാരിയ'ങ്ങളെല്ലാം വേണ്ടതുപോലെ ചെയ്യുന്നത്. 

നൂറുകണക്കിന് പട്ടു വസ്ത്രങ്ങൾ മൃതദേഹത്തിന്മേൽ ചാർത്തപ്പെട്ടു ..പരേതന്റെ ഇഷ്ട ഭക്ഷണങ്ങളെല്ലാം കുഴിമാടത്തിൽ നേദിക്കപ്പെട്ടു ..ഒപ്പാരി പാട്ടുകാർ അവരുടെ ഗുണഗണങ്ങളെല്ലാം പാടിക്കൊണ്ടേയിരുന്നു.. ബന്ധുമിത്രാദികൾ മണിക്കൂറുകളോളം മരണവീട്ടിൽ ചിലവഴിച്ചു .. ഇതെല്ലാം ജീവനോടെ ഇരിക്കുമ്പോൾ അവർക്ക് ലഭിച്ചിരുന്നുവെങ്കിലോ ...?!

പലപ്പോഴും നല്ല വസ്ത്രങ്ങളൊന്നും അവർ ജീവിതത്തിൽ ധരിച്ചിട്ടുണ്ടാവുകയില്ല.! സ്വാദ് ഭോജനങ്ങൾ ആരാണ് അവർക്ക് വാങ്ങി കൊടുത്തിട്ടുണ്ടായിരിക്കുക.? മക്കളും കൂടപ്പിറപ്പുകളുമെല്ലാം അവരുടെതായ ലോകങ്ങളിലേക്ക് ചുരുങ്ങിയപ്പോൾ, ഒപ്പമിരിക്കാൻ, സംസാരിക്കാൻ ..ആരാണ് അല്പസമയമെങ്കിലും അവർ ജീവിച്ചിരുന്നപ്പോൾ മാറ്റിവെച്ചിട്ടുണ്ടായിരിക്കുക..? ആരും ഉണ്ടാവില്ല എന്നതാണ് സത്യം ..!'കാരിയ'ങ്ങൾക്ക് അർത്ഥമില്ലാതാവുന്നത് അവിടെയാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ