ഇന്നലകൾ ശരിക്കും ഒരു ഓർമ്മയാണ്... ഓർമ്മപ്പെടുത്തലാണ്. ഓരോ കാലഘട്ടത്തിലും കടന്നുപോയ ജീവിതങ്ങൾ വരും തലമുറയ്ക്ക് വഴികാട്ടി ആയിരിക്കണം. പലപ്പോഴും സിനിമയെ നാം സമീപിക്കുമ്പോൾ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് പോലെ നമുക്ക് തോന്നും. ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലൂടെയാണ് ഇന്ന് സിനിമാലോകം കടന്നുപോകുന്നത്.
ഏതോ ഒരു മായാ ലോകത്ത് പ്രേക്ഷകനെ കൊണ്ട് ചെന്ന് എത്തിക്കുകയും അതിലൂടെ ലാഭം കൊയ്യുക എന്നതിലുപരി സാമൂഹികമായ ഒരു പ്രതിബദ്ധതയും ഇന്ന് സിനിമയ്ക്കില്ല. ഇതിൽനിന്ന് വ്യത്യസ്തമായിരുന്നു മലയാള സിനിമയുടെ വളർച്ച ആരംഭിക്കുന്ന കാലഘട്ടത്തിലെ ചിത്രങ്ങൾ. ആ കാലഘട്ടത്തിൽ ആ സമൂഹം എങ്ങനെയായിരുന്നോ ആ ജീവിത പശ്ചാത്തലവുമായി ഇണങ്ങിച്ചേർന്ന് നിൽക്കുന്ന കുറേയേറെ ചിത്രങ്ങൾ, കറുപ്പിലും വെളുപ്പിലും നമുക്ക് കാണാൻ സാധിക്കും...
അങ്ങിനെ കണ്ടിട്ടും മറക്കാത്ത കുറച്ച് ചിത്രങ്ങൾ... അവയ്ക്ക് ജീവിതവുമായി ബന്ധമുണ്ട്.... ജീവിത പശ്ചാത്തലവുമായി ബന്ധമുണ്ട്... ഇന്നലെയുടെ ജീവിതങ്ങളുടെ നേർക്കാഴ്ചയായിരുന്നു ആ ചിത്രങ്ങൾ....
കറുപ്പിലും വെളുപ്പിലും നീട്ടി വലിച്ച് കെട്ടിയ വെള്ളത്തുണിയിൽ ഓടി അകന്നു പോകുന്ന നിഴലാട്ടങ്ങളെ അത്ഭുതത്തോടെ കണ്ടിരുന്ന ഒരു ജനത.... അതൊരു തുടക്കമായിരുന്നു. സിനിമ എന്ന അത്ഭുത ലോകത്തിന്റെ തുടക്കം. കാലം കടന്നു പോയപ്പോൾ കറുപ്പിനും വെളുപ്പിനും പകരം വർണ്ണങ്ങൾ ആ വെള്ളത്തുണിയിലേക്ക് വാരി എറിഞ്ഞു... ഒരു സിനിമ രൂപം കൊള്ളാൻ തുടങ്ങുന്നതു മുതൽ ആ ചിത്രത്തെ സ്വപ്നം കണ്ടും, അതിലെ നായകനെ ആരാധിച്ചും ഒരു ജനത വളർന്നുവന്നു . കാലക്രമേണ സിനിമ വളർന്നു. സാങ്കേതികവിദ്യയുടെ ഓരോ പടികൾ ചവിട്ടി കയറി, പ്രേക്ഷകനെ മറ്റൊരു മായാലോകത്തേക്ക് കൊണ്ടുപോയി. ഇന്നലെയുടെ സിനിമകൾ വിസ്മൃതിയിലേക്ക് മടങ്ങി... ജീവിതഗന്ധിയായ ചിത്രങ്ങൾക്കു പകരം നായകന്റെ അതി മാനുഷികതയിലേക്ക് മാത്രം കേന്ദ്രീകരിച്ച് ചിത്രങ്ങൾ പുറത്തു വരാൻ തുടങ്ങി . അതൊരു നഷ്ടപ്പെടൽ ആയിരുന്നു... കുടുംബ സാമൂഹിക ബന്ധങ്ങളുടെ ഒരു നഷ്ടപ്പെടൽ.. ഇന്നലകളിൽ തിരശ്ശീലയിൽ നിറഞ്ഞാടിയ ഒത്തിരി ചിത്രങ്ങളുണ്ട്.. അവയിൽ മലയാളിക്ക് മറക്കാനാവാത്ത കുറച്ചു ചിത്രങ്ങളിലൂടെ ഒരു യാത്ര...
1 - അനുഭവങ്ങൾ പാളിച്ചകൾ (1971) നടൻ സത്യന്റെ മരണശേഷം ഒന്നരമാസം കഴിഞ്ഞ് 1971 ഓഗസ്റ്റ് ആറാം തീയതി പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. തകഴിയുടെ പ്രശസ്തമായ നോവലിന് തിരക്കഥ എഴുതിയത് തോപ്പിൽ ഭാസിയാണ്. സംവിധായകൻ കെ എസ് സേതുമാധവന്റെ മികച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ഈ ചിത്രം. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിന്റെ കഥയാണ് തകഴി തന്റെ നോവലിലൂടെ പറയുന്നത്. കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ചെല്ലപ്പൻ (സത്യൻ). അയാളുടെ ഭാര്യ ഭവാനി( ഷീല) ഒരു തൊഴിലാളി സ്ത്രീയാണ്. ചെറിയ വർക്ക് കോൺട്രാക്ടുകൾ എടുത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന ഗോപാലൻ (നസീർ ) ചെല്ലപ്പന്റെ സുഹൃത്താണ്.
കൂലി കൂടുതൽ ചോദിച്ചതിന് ചെല്ലപ്പനോട് പണിക്ക് വരേണ്ടെന്ന് ചാക്കോ മുതലാളി പറയുന്നു. ഇതുപറഞ്ഞ് മുതലാളിയും ചെല്ലപ്പനും തമ്മിൽ വഴക്കാകുന്നു. ചെല്ലപ്പനെതിരെ പോലീസ് കേസെടുക്കുന്നു. പോലീസിന് പിടികൊടുക്കാതെ ചെല്ലപ്പൻ ഒളിവിൽ പോകുന്നു. ചെല്ലപ്പനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ ഭവാനിയുടെയും രണ്ടു മക്കളുടെയും ജീവിതം വഴി മുട്ടുന്നു. ഗോപാലന്റെ കൂടെയാണ് ഭവാനി പണിയെടുക്കുന്നത്. ഭാര്യ മരിച്ചുപോയ ഗോപാലന് ഭവാനിയെ ഇഷ്ടമാണ്. അയാളുടെ താൽപ്പര്യത്തെ ഭവാനി നിഷേധിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. ഒളിവിൽ കഴിയുന്നതിനിടെ നഗരത്തിലെ ഒരു തൊഴിലാളി പ്രകടനത്തിൽ പങ്കെടുക്കുന്ന ചെല്ലപ്പൻ അവിടെ നടന്ന സംഘർഷത്തിൽ ഇടപെടുന്നു. അതോടുകൂടി ചെല്ലപ്പൻ പോലീസ് പിടിയിലാവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ജയിൽ മോചിതനായ ചെല്ലപ്പൻ കുട്ടനാട്ടിൽ തിരിച്ചെത്തുന്നു. തിരിച്ചെത്തുന്ന ചെല്ലപ്പനെ കാത്തിരുന്നത് സ്വന്തം മകളുടെ മരണവാർത്തയായിരുന്നു. ഭാര്യയാണെങ്കിൽ ഗോപാലനൊപ്പവും. ആകെ തകർന്ന അയാൾ പട്ടണത്തിലേക്ക് തന്നെ മടങ്ങുന്നു. അവിടെവെച്ച് തൊഴിലാളി വിരുദ്ധനായ മുതലാളിയെ കൊലപ്പെടുത്തി ചെല്ലപ്പൻ പോലീസിന് കീഴടങ്ങുന്നു.
സത്യന്റെ മരണശേഷം ചിത്രീകരിച്ച കുറേ രംഗങ്ങൾ ഈ ചിത്രത്തിലുണ്ട്. "അഗ്നിപർവ്വതം പുകഞ്ഞു... " എന്ന ഗാനരംഗം സത്യൻ മരിച്ചതിനുശേഷം ആണ് ചിത്രീകരിച്ചത്. ചെല്ലപ്പൻ എന്ന കഥാപാത്രത്തിലൂടെ സത്യൻ ജീവിക്കുകയായിരുന്നു. തന്റെ രോഗാവസ്ഥ ആരെയും അറിയിക്കാതെ അവസാനശ്വാസം വരെ അഭിനയിച്ചു തീർക്കുകയായിരുന്നു ആ മഹാ നടൻ.
പരുക്കൻ കഥാപാത്രങ്ങളെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ സത്യനെ കഴിയൂ. 1971 ലെ ഏറ്റവും നല്ല നടനുള്ള പരിഗണനയിൽ അനുഭവങ്ങൾ പാളിച്ചുകളിലെ ചെല്ലപ്പൻ എന്ന കഥാപാത്രം കടന്നുവന്നില്ല എന്നത് നിർഭാഗ്യകരം തന്നെയാണ്. എന്നാൽ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് സത്യന് തന്നെയായിരുന്നു. കെ എസ് സേതുമാധവൻ തന്നെ സംവിധാനം ചെയ്ത "കരകാണാക്കടൽ " എന്ന ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു അവാർഡ്.
വയലാർ ദേവരാജൻ ടീമിന്റെ മനോഹരഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. " സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ.. " " പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ... " " അഗ്നിപർവ്വതം പുകഞ്ഞു ഭൂ ചക്രവാളങ്ങൾ ചുവന്നു... " ഇതിൽ ഏറ്റവും മനോഹരമായ എനിക്ക് തോന്നിയ ഗാനം " പ്രവാചകന്മാരെ പറയൂ " എന്നു തുടങ്ങുന്നതായിരുന്നു. ഈ ഗാനരംഗത്ത് സത്യന്റെ മുഖഭാവങ്ങൾ അത്ര ഗംഭീരം ആയിരുന്നു. ഒപ്പം തന്നെ എറണാകുളം നഗരത്തിന്റെ ചില പഴയകാല നേർചിത്രങ്ങൾ ഈ ഗാനരംഗത്ത് നമുക്ക് കാണാൻ സാധിക്കും. കറുപ്പിലും വെളുപ്പിലും തീർത്ത ഒരു മനോഹര ചിത്രം ആയിരുന്നു അനുഭവങ്ങൾ പാളിച്ചകൾ. സത്യൻ എന്ന നടൻ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ശക്തി. സ്വന്തം മകളുടെ മരണവാർത്ത അറിഞ്ഞു കഴിയുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ.. താനെന്ന മഹാനടനെ അദ്ദേഹം ഒരിക്കൽ കൂടി മലയാളികൾക്ക് കാണിച്ചു തന്നു. ഈ അനുഭവങ്ങൾ കണ്ടു കഴിയുമ്പോൾ ഒരിക്കൽ പോലും പ്രേക്ഷകന് ഇതൊരു പാളിച്ചയായി തോന്നുകയില്ല. മറിച്ച് അതൊരു വിങ്ങലായി ഹൃദയത്തിൽ അവശേഷിക്കുമെന്ന കാര്യത്തിൽ സംശയവുമില്ല. അതും സത്യൻ എന്ന ആ വലിയ അഭിനേതാവിലൂടെ... കറുപ്പിലും വെളുപ്പിലും തീർത്ത ഈ ചിത്രം ഇന്നിന്റെ നിറങ്ങളുടെ ആഘോഷങ്ങളിൽ ഒരു പോരായ്മയായി നമുക്ക് തോന്നാം... എന്നാൽ ജീവിതം എന്തെന്ന് അറിയണമെങ്കിൽ ഈ കറുപ്പും വെളുപ്പും നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ.. കാരണം ഇങ്ങനെയൊരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോന്നതെന്ന സത്യം നമുക്കൊരു തിരിച്ചറിവായി മാറും
തുടരും
ജീവിത നൗക (1951)
ജീവിതനൗകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. 1951ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറായി തീക്കുറിശ്ശി സുകുമാരൻ നായർ ജീവിത നൗകയുടെ വിജയത്തോടെ മാറി.
തിരുവനന്തപുരത്ത് ഈ ചിത്രം തുടർച്ചയായി 284 ദിവസം പ്രദർശിപ്പിച്ചു. കണ്ടവർ കണ്ടവർ വീണ്ടും കാണാനായി തീയേറ്ററിലേക്ക് ഓടിയെത്തി. അത്രയേറെ മനോഹരമായിരുന്നു ജീവിതനൗകയുടെ കഥ.
തമിഴ് സിനിമയുടെ പ്രചോദനം ഉൾക്കൊണ്ട് അന്നു പുറത്തിറങ്ങിയിരുന്ന മലയാള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ജീവിത നൗക. ഇത് ശരിക്കും മലയാളത്തനിമയുള്ള ചിത്രമായിരുന്നു. അതുതന്നെയായിരുന്നു ഓരോ മലയാളിയെയും ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചതും.
കെ ആൻഡ് കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ, കെ വി കോശിയും, കുഞ്ചാക്കോയും ചേർന്ന് നിർമ്മിച്ച്, കെ വെമ്പു സംവിധാനം ചെയ്ത ചിത്രമായിരുന്നു ജീവിത നൗക. ഇതിന്റെ കഥാകൃത്ത് മുതുകുളം രാഘവ പിള്ളയായിരുന്നു.
തിക്കുറിശ്ശി, ബി എസ് സരോജ, പങ്കജവല്ലി, എസ് പി പിള്ള, നാണു കുട്ടൻ തുടങ്ങിയവർ ആയിരുന്നു അഭിനേതാക്കൾ.
പാവപ്പെട്ടവളായ ലക്ഷ്മിയും വിദ്യാസമ്പന്നനായ സോമനും തമ്മിലുള്ള പ്രണയ വിവാഹവും തുടർന്നുള്ള സംഭവ വികാസവും ആണ് ജീവിതനൗകയുടെ ഇതിവൃത്തം. താഴ്ന്ന ജാതിക്കാരിയാണ് ലക്ഷ്മി. സമൂഹത്തിന് താഴെത്തട്ടിൽ ഉള്ള ലക്ഷ്മിയെ വിവാഹം കഴിക്കാൻ സോമന് പ്രതിബന്ധങ്ങൾ ഏറെയായിരുന്നു.
"ജാതി രണ്ടേ ഉള്ളൂ... സ്ത്രീയും പുരുഷനും.. " - സോമൻ ഇങ്ങനെ പറഞ്ഞു ലക്ഷ്മിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അന്നത്തെ കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ തീവ്രത സംവിധായകൻ പ്രേക്ഷകനു മുന്നിൽ വരച്ചു കാട്ടുന്നു.
സോമനെ വിവാഹം കഴിച്ചതോടെ ലക്ഷ്മിക്ക് അനുഭവിക്കേണ്ടി വന്നത് നരകയാതനകളായിരുന്നു. ആ വേദന പ്രേക്ഷകർ ഏറ്റെടുത്തതോടെ മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചലച്ചിത്രം പിറവി കൊണ്ടു.
സോമൻ എന്ന കഥാപാത്രത്തെ തിക്കുറിശ്ശിയും, അദ്ദേഹത്തിന്റെ സഹോദരൻ രാജു എന്ന കഥാപാത്രത്തെ അന്നത്തെ നാടക രംഗത്തെ പ്രശസ്ത കലാകാരനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരും അവതരിപ്പിച്ചു.
രാജുവിന്റെ ഭാര്യ ജാനുവിന്റെ വേഷമിട്ടത് പങ്കജവല്ലിയായിരുന്നു. ക്രൂരയായ ചേട്ടത്തിയമ്മയായി പങ്കജവല്ലി മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തു. ലക്ഷ്മി എന്ന കഥാപാത്രത്തെ ബിഎസ് സരോജ ജീവസുറ്റതാക്കി.
മലയാളത്തനിമയുടെ ആഘോഷമായിരുന്നു ജീവിത നൗക. രണ്ട് അണ കൊണ്ട് തിയേറ്ററിൽ എത്തിയവർ നിറഞ്ഞ കണ്ണുകളുമായി തീയേറ്ററിൽ നിന്ന് പുറത്തിറങ്ങി. ലക്ഷ്മിയുടെ വേദനയും, സോമന്റെ നിസ്സഹായ അവസ്ഥയും പ്രേക്ഷക മനസ്സിനെ വേദനിപ്പിച്ചു.
മലയാള സിനിമ എന്താണെന്ന് മലയാളിയെ കാണിച്ചുതന്ന ചിത്രമായിരുന്നു ജീവിതനൗക. തമിഴിലെ പുരാണ ചിത്രങ്ങൾ മൊഴിമാറ്റം നടത്തി നാടകം പോലെ വെള്ളത്തുണിയിൽ പതിഞ്ഞ കാലത്ത്, സ്വന്തം കുടുംബത്തിലെ എന്തൊക്കെയോ പ്രശ്നങ്ങൾ തിരശ്ശീലയിൽ നിറഞ്ഞ ആടിയപ്പോൾ സിനിമ എന്തെന്ന് ഓരോ മലയാളിയും തിരിച്ചറിഞ്ഞു.
തിയേറ്ററിനു മുന്നിലെ ആൾക്കൂട്ടങ്ങൾ മലയാളി ആദ്യം കണ്ടത് ജീവിതനൗകയിലൂടെ ആയിരുന്നു. അന്നത്തെ കാലഘട്ടത്തിലെ സാമൂഹിക അന്തരീക്ഷം നിറഞ്ഞുനിന്ന ചിത്രം ആയിരുന്നു ജീവിതനൗക.
മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.
"അകാലെ ആരു കൈവിടും, നിൻ താനേ നിൻ സഹായം... സതീരം തുടരു നിൻ ഗതി, നീ താനേ നീ സഹായം.. " - ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാലങ്ങൾ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് ഈ ഗാനം. ഇന്നും ഈ ഗാനം നാം കേൾക്കുമ്പോൾ ഒരു പുതുമ എവിടെയോ അവശേഷിച്ചത് പോലെ നമുക്ക് തോന്നും.
"വനഗായികയെ വാനിൽ വരൂ നായികേ.. " എന്ന ഗാനവും ഈ ചിത്രത്തിൽ ആകെയുള്ള 14 ഗാനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.
തീർച്ചയായും ഓരോ മലയാളിയും ഈ ചിത്രം കണ്ടിരിക്കണം. ഒരു കാലഘട്ടത്തെ അടുത്തറിയാൻ, ആ കാലഘട്ടത്തിലെ ജീവിത സമ്പ്രദായങ്ങളെ തൊട്ടറിയാൻ ചിലപ്പോൾ നിങ്ങൾക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു എന്നു വരും.
(തുടരും)
നീലക്കുയിൽ (1954)
954ൽ പി ഭാസ്കരന്റെയും, രാമു കാര്യാട്ടിന്റെയും സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീലക്കുയിൽ. ഇതിന്റെ കഥ ഉറൂബിന്റെ ആയിരുന്നു. ചന്ദ്രതാരയുടെ ബാനറിൽ ടി കെ പരീക്കുട്ടി ആണ് ഈ ചിത്രം നിർമ്മിച്ചത്.
കാലങ്ങൾ കടന്നു പോയാലും നമുക്ക് ഓർത്തിരിക്കാൻ ഒത്തിരി നല്ല ചിത്രങ്ങൾ മലയാള സിനിമ ചരിത്രത്തിൽ ഉണ്ട്. ഓർത്തിരിക്കാൻ ഒന്നുമില്ലാതെ ലാഭം കൊയ്യാൻ വേണ്ടി മാത്രമായി ചിത്രങ്ങൾ പുറത്തുവരുന്ന കാലഘട്ടമാണിത്. ഇതിൽനിന്ന് വ്യത്യസ്തമാണ് പഴയകാല ചിത്രങ്ങൾ. അതുപോലെ ഒരു ചിത്രമാണ് 1954ലെ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള വെള്ളി മെഡൽ നേടിയ നീലക്കുയിൽ.
ശ്രീധരൻ നായർ എന്ന ഉന്നത ജാതിക്കാരൻ ആയ അധ്യാപകനും ആയി പ്രണയത്തിലായ നീലി എന്ന താഴ്ന്ന ജാതിയിൽപ്പെട്ട കർഷക പെൺകുട്ടിയുടെ കഥയാണ് നീലക്കുയിൽ. സത്യൻ, മിസ് കുമാരി, പി ഭാസ്കരൻ, പ്രേമമേനോൻ, മാസ്റ്റർ വിപിൻ, മണവാളൻ ജോസഫ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.
തൊട്ടുകൂടായ്മ, സ്ത്രീകളോടുള്ള അനീതി, മുതലാളിത്ത മേധാവിത്വ വ്യവസ്ഥിതി തുടങ്ങിയ സാമൂഹിക തിന്മകൾക്ക് എതിരായ ഒരു തുറന്ന പുസ്തകം ആയിരുന്നു നീലക്കുയിൽ. ശരിക്കും പറഞ്ഞാൽ അന്നത്തെ വ്യവസ്ഥിതിയോടുള്ള പ്രതിഷേധം ആയിരുന്നു ഈ ചിത്രം.
തിരക്കഥ എഴുതിയ ഉറൂബിന്റെ സംഭാഷണങ്ങൾ അത് ജനഹൃദയങ്ങളിൽ സ്പർശിക്കുക തന്നെ ചെയ്തു. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. ഈണം പകർന്നത് ആകട്ടെ രാഘവൻ മാസ്റ്ററും.
ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒട്ടേറെ മനോഹര ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ.
"എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് ഈ നെഞ്ചിൽ എന്ന്... "
"എങ്ങിനെ നീ മറക്കും കുയിലേ... "
"കടലാസ് വഞ്ചിയിൽ ഏറി... "
"കായലരികത്ത് വലയെറിഞ്ഞപ്പോൾ... "
"കുയിലിനെ തേടി.... "
"മാനെന്നും വിളിക്കില്ല..... "
അങ്ങനെ നീളുന്നു ആ പട്ടിക. മലയാള ഗാന ശേഖരത്തിൽ ഇന്നും മുൻപന്തിയിലാണ് ഈ ഗാനങ്ങൾ.
അധ്യാപകനായ ശ്രീധരൻ നായരും താഴ്ന്ന ജാതിക്കാരിയായ നീലിയും തമ്മിൽ പ്രണയത്തിലാണ്. ഇതിനിടെ നീലി ഗർഭിണിയാകുന്നു. ഉയർന്ന ജാതിക്കാരനായ ശ്രീധരൻ നായർ, നീലിയെ വിവാഹം കഴിക്കാൻ ഭയപ്പെടുന്നു. സമൂഹം തന്നെ എങ്ങനെ നോക്കിക്കാണും എന്ന് അയാൾ ഭയപ്പെട്ടു. സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെടുന്ന നീലി ഒരു കുഞ്ഞിന് ജന്മം നൽകുന്നു. പ്രസവത്തോടെ നീലി മരിക്കുകയും ചെയ്യുന്നു.
ഗ്രാമത്തിലെ പോസ്റ്റുമാൻ ശങ്കരൻ നായർ സമൂഹത്തിന്റെ എതിർപ്പുകളെ അവഗണിച്ച് നീലിയുടെ കുട്ടിയെ ദത്തെടുക്കുന്നു. ഇതിനിടെ ശ്രീധരൻ നായർ, നളിനി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. ശ്രീധരൻ നായരുടെ പൂർവ്വകാലം മനസ്സിലാക്കുന്ന നളിനി, ശങ്കരൻ നായരുടെ പക്കലുള്ള ശ്രീധരൻ നായരുടെ കുഞ്ഞിനെ കുറിച്ച് അറിയുന്നു. ആ കുട്ടിയെ സ്വന്തം കുഞ്ഞായി നളിനിയും, ശ്രീധരൻ നായരും സ്വീകരിക്കുന്നതോടെ ചിത്രം പൂർണ്ണമാകുന്നു.
കറുപ്പിലും വെളുപ്പിലും ഒരു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കാറ്റത്ത് ആടുന്നത് പോലെ ഒരു വെള്ളത്തുണിയിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന കുറെ കഥാപാത്രങ്ങൾ... ആ കഥാപാത്രങ്ങൾ ഇറങ്ങിച്ചെന്നത് പ്രേക്ഷകന്റെ മനസ്സിലേക്ക് ആയിരുന്നു.
1951 ൽ പുറത്തിറങ്ങിയ ജീവിത നൗക യ്ക്ക് ശേഷം വന്ന മലയാളത്തനിമ നിറഞ്ഞ മറ്റൊരു മലയാള ചിത്രമായിരുന്നു നീലക്കുയിൽ. എ വിൻസന്റ് ആയിരുന്നു ഇതിന്റെ ക്യാമറ ചലിപ്പിച്ചിരുന്നത്.
കാലം കടന്നുപോകുമ്പോൾ ഓരോ തലമുറയ്ക്കും ഓരോരോ കഥകൾ പറയാനുണ്ടാകും. അത് വരാൻ പോകുന്ന തലമുറയ്ക്ക് ഒരു പ്രചോദനം ആകണം. തങ്ങൾ കടന്നുവന്ന ജീവിത സാഹചര്യങ്ങളെ കാലം അത് എത്ര കടന്നു പോയാലും നാളെയുടെ ഒരു ഓർമ്മക്കുറിപ്പായി അവതരിപ്പിക്കാൻ അവർക്ക് കഴിയണം. സിനിമ ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറുന്നത് അങ്ങനെയാണ്. ആ ഒരു നേർക്കാഴ്ചയാണ് ഈ നീലക്കുയിൽ.
ഇന്നത്തെ തലമുറയിൽ മുകളിൽ പറഞ്ഞതിന് പ്രസക്തിയുണ്ടോ എന്ന് എനിക്കറിയില്ല. ഇന്നലകളില്ലാത്ത ഒരു തലമുറയാണ് ഇന്ന് കടന്നുപോകുന്നത് എന്ന് തോന്നും. കാരണം ഇന്ന് ജീവിതത്തിന്റെ വേഗത ഏറിയിരിക്കുന്നു. അപ്പോൾ പിന്നെ അവിടെ ഓർമ്മകൾക്ക് സ്ഥാനം ഇല്ലാതായിരിക്കുന്നു.
നീലക്കുയിൽ എന്ന സിനിമ അവതരിപ്പിച്ച സാമൂഹിക പ്രമേയം വർഷങ്ങൾക്കുശേഷവും ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. അഭിനേതാക്കളുടെ കാര്യത്തിൽ മുന്നിൽ നിന്നത് നീലിയായി നിറഞ്ഞുനിന്ന മിസ് കുമാരിയായിരുന്നു. തന്റെ കഥാപാത്രത്തോട് അവർ വളരെയധികം ഇഴകി ചേർന്നതുപോലെ അവരുടെ അഭിനയം കണ്ടാൽ തോന്നും.
കഥയുടെ ആരംഭത്തിൽ ഓടി നടക്കുന്ന ഒരു നീലക്കുയിൽ ആയി അവരെ തോന്നുമെങ്കിലും പിന്നീട് ഒരു ദുഃഖപുത്രിയായി അവർ മാറുകയാണ്. ഈ നീലക്കുയിലിനെ മലയാളക്കര ചേർത്തു പിടിക്കാനുള്ള കാരണവും അവരുടെ മനോഹരമായ അഭിനയം തന്നെയായിരുന്നു.
ശ്രീധരൻ നായരായി അഭിനയിച്ചത് സത്യനായിരുന്നു. ജാതിവ്യവസ്ഥയ്ക്ക് മുന്നിൽ പലപ്പോഴും നിസ്സഹായനായി നിന്നുപോകുന്ന കഥാപാത്രം ആയിരുന്നു ശ്രീധരൻ നായരുടെത്. അതുകൊണ്ടുതന്നെ പലപ്പോഴും തന്റേടിയായ കഥാപാത്രത്തിൽനിന്ന് നിസ്സഹായനായ ഒരു മനുഷ്യനിലേക്ക് ഇറങ്ങി വരേണ്ടി വന്നു.
പിന്നീട് എടുത്തു പറയേണ്ട കഥാപാത്രങ്ങൾ പോസ്റ്റുമാൻ ആയി അഭിനയിച്ച ഭാസ്കരൻ മാഷിന്റെയും, നളിനിയായി വേഷമിട്ട പ്രേമയുടെ കഥാപാത്രവുമാണ്. കഥയുടെ അവസാന ഭാഗത്ത് ഈ രണ്ടു കഥാപാത്രങ്ങൾക്കും വളരെയേറെ പ്രാധാന്യമുണ്ട്.
ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ചയോടെ വെള്ളിത്തിരയിൽ പറന്നിറങ്ങിയതാണ് ഈ നീലക്കുയിൽ... കാലങ്ങൾ കടന്നു പോയിട്ടും മലയാള സിനിമയുടെ നെറുകയിൽ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ട് ഈ നീലക്കുയിൽ.
തുടരും
അടിയൊഴുക്കുകൾ (1984)
കരുണൻ എന്ന പരുക്കനായ മനുഷ്യന്റെ കഥയാണ് എം ടി വാസുദേവൻനായരുടെ രചനയിൽ ഐവി ശശി സംവിധാനം ചെയ്തു 1984ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ എന്ന ചിത്രം.
ഒരു വൻ താരനിരയുണ്ട് ഈ ചിത്രത്തിൽ. മമ്മൂട്ടി,മോഹൻലാൽ, റഹ്മാൻ, സീമ, മേനക, വിൻസന്റ്, സത്താർ, സുകുമാരി, ശങ്കരാടി അങ്ങനെ നീളുന്നു ആ നിര.
കഥയ്ക്കൊപ്പം സഞ്ചരിച്ച കഥാപാത്രങ്ങൾ ആയിരുന്നു ഇവരൊക്കെ. എം ടി വാസുദേവൻ നായരുടെ ശക്തമായ കഥയായിരുന്നു ഈ ചിത്രത്തിന്റെ മുതൽക്കൂട്ട്. എംടിയിൽ നിന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കഥയായിരുന്നു ഈ ചിത്രത്തിന്റേത്. അതിൽ ശക്തമായ സംഭാഷണങ്ങളും ഉണ്ടായിരുന്നു.
"വിളിച്ചിട്ട് കാര്യമില്ലടി... കരുണൻ തിരിച്ചുവന്നപ്പോൾ ഈശ്വരൻ വെണ്ടുരുത്തി പാലം കടന്നുപോയി.... അറിയില്ലേ.... കായലിൽ ശവം പൊന്തുന്നത് കാണാൻ നീയും കാത്തിരിക്കുകയായിരുന്നു അല്ലേടി പൊല..... മോളെ.... "
ഇങ്ങനെയുള്ള സംഭാഷണങ്ങൾ തന്നെ അതിനുദാഹരണം. കരുണൻ നിഷേധിയായ ഒരു മനുഷ്യനാണ്. അയാളുടെ ജയിലിൽ നിന്നുള്ള വരവോടെയാണ് ചിത്രം ആരംഭിക്കുന്നത്. അയാളെ ചുറ്റിപ്പറ്റിയാണ് പിന്നെ കഥ മുന്നോട്ടു പോകുന്നത്. താൻ സ്നേഹിച്ച പെണ്ണ്, താൻ ആർക്കുവേണ്ടിയാണോ ജയിലിൽ പോയത്, ഇന്നവൾ അയാളുടെ ഭാര്യയാണെന്ന് അറിയുമ്പോൾ കരുണൻ അയാളോട് പ്രതികാരത്തിന് ഇറങ്ങുകയാണ്. പക്ഷേ ഇന്ന് അയാൾ വലിയ നിലയിലാണ്. ഇതിനിടെ കരുണനിലേക്ക് എത്തിപ്പെടുന്ന കുറെ കഥാപാത്രങ്ങൾ.... ചന്ദ്രൻ (റഹ്മാൻ), ഗോപി (മോഹൻലാൽ), ദേവയാനി (സീമ) ഇവരിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ടുപോകുന്നത്.
ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുറെ മനുഷ്യർ... അവരുടെ അതിജീവനമാണ് ഈ ചിത്രം.
മനോഹരമായിട്ടാണ് ഐവി ശശി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതു കാലഘട്ടത്തിൽ ഇരുന്ന് നാമീ ചിത്രം കാണുമ്പോഴും ഒരിക്കലും ഈ ചിത്രം ഒരു വിരസത നമുക്ക് സമ്മാനിക്കുകയില്ല. കാരണം അത്രയേറെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. ഗാനങ്ങൾ ഒന്നുമില്ല ഈ ചിത്രത്തിൽ. എന്നാൽ പശ്ചാത്തല സംഗീതത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്.
കരുണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമാണ് ഇത്. 1984ലെ ഏറ്റവും നല്ല നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലൂടെ അദ്ദേഹം നേടുകയുണ്ടായി. അതുപോലെതന്നെ ആ വർഷത്തെ ഏറ്റവും നല്ല ഛായാഗ്രഹകാനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയാനൻ വിൻസെന്റിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.
ഒരു ബോട്ടിൽ അപരിചിതരെ പോലെ ഒരു തുരുത്തിൽ എത്തിപ്പെടുന്ന മൂന്നു മനുഷ്യർ.... അവസാനം സുഹൃത്തുക്കളെ പോലെ പോലീസുകാർക്കൊപ്പം മറ്റൊരു ബോട്ടിൽ ജയിലിലേക്ക് യാത്രയാകുന്നതോടെ ഈ ചിത്രം പൂർണ്ണമാകുന്നു.
ഇന്ന് പുറത്തിറങ്ങുന്ന സിനിമകളിൽ എത്ര സിനിമകൾ നമുക്ക് നാളെയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ ഉണ്ട് ... അതു പതുക്കെ മറവിൽ മാഞ്ഞുപോകും.... കഥയും കാമ്പും ഇല്ലാത്ത ചിത്രങ്ങൾ... മറവിയിൽ മാഞ്ഞു പോകാതെ ഇന്നും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കുറേ ചിത്രങ്ങളുണ്ട്... അവയെ കണ്ടെത്തണമെങ്കിൽ കാലത്തിനൊപ്പം കുറെ പിറകോട്ട് സഞ്ചരിക്കണം... ആ സഞ്ചാരത്തിൽ 'അടിയൊഴുക്കുകൾ' പോലെയുള്ള കുറേ ചിത്രങ്ങളെ നമുക്ക് കണ്ടെത്താൻ സാധിക്കും.
വാണിജ്യപരമായും കലാപരമായും വളരെ മികച്ച വിജയം നേടിയ ചിത്രമാണ് അടിയൊഴുക്കുകൾ. തീർച്ചയായും മലയാള സിനിമയുടെ നല്ല കാലത്തിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകണമെങ്കിൽ, അടിയൊഴുക്കുകൾ പോലുള്ള ചിത്രങ്ങളെ നിറഞ്ഞ മനസ്സോടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
തുടരും
ഓളങ്ങൾ (1982)
ബാലു മഹേന്ദ്ര രചനയും സംവിധാനവും നിർവഹിച്ച്, 1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഓളങ്ങൾ. ഛായാഗ്രഹകൻ, സംവിധായകൻ എന്നീ നിലകളിൽ തമിഴിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള ആദ്യത്തെ കടന്നുവരവായിരുന്നു ഈ ചിത്രം.
ഓളങ്ങൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. കുടുംബത്തെയും, കുടുംബ മൂല്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന മനോഹരമായ സിനിമയാണിത്.
രവിയുടെയും രാധയുടെയും കുടുംബജീവിതം സന്തോഷപൂർണമായിരുന്നു. ഇതിനിടെയാണ് ഫാദർ ജോൺ, രാജു എന്ന കുട്ടിയുമായി അവരുടെ ഇടയിലേക്ക് കടന്നുവരുന്നത്. ആ കുട്ടിയാകട്ടെ രവിക്ക് മറ്റൊരു സ്ത്രീയിൽ ഉണ്ടായ മകനായിരുന്നു. ഇത് രാധ അറിയാതിരിക്കാൻ രാജു, തന്റെ മരിച്ചുപോയ സുഹൃത്തിന്റെ മകനാണെന്ന് പറഞ്ഞ് രാധയെ പരിചയപ്പെടുത്തുന്നു. രാധ അത് വിശ്വസിക്കുകയും ആ കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു.
ഇതിനിടെയാണ് മരിച്ചുപോയ ആ സുഹൃത്ത്, രവിയെ തേടി വീട്ടിലെത്തുന്നത്. രാധ സത്യമെല്ലാം മനസ്സിലാക്കുന്നു. അവിടം മുതൽ രാധയുടെയും രവിയുടെയും ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന താള പിഴകളാണ് ഓളങ്ങൾ...
മനോഹരമായ കഥ.... ശ്രദ്ധേയമായ ഗാനങ്ങൾ.... കഴിവുള്ള അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ... എല്ലാംകൊണ്ടും ശ്രദ്ധേയമായിരുന്നു ഓളങ്ങൾ.
അമോൽ പാലേക്കർ എന്ന ഹിന്ദി നടനായിരുന്നു ഇതിലെ നായക വേഷം ചെയ്തിരുന്നത്. രവി എന്ന കഥാപാത്രം ആ കൈകളിൽ ഭദ്രമായിരുന്നു. രാധ എന്ന കഥാപാത്രം പൂർണ്ണിമ ജയറാമും, കാമുകിയുടെ വേഷം അംബികയും അവതരിപ്പിച്ചു.
കുടുംബ ബന്ധങ്ങളുടെ താള പിഴകളെ, അതിലേറെ ആ ബന്ധങ്ങളിലെ മൂല്യങ്ങളെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്റെ ഓർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഒരു ചിത്രമായിരുന്നു ഓളങ്ങൾ. ചെറുപ്പത്തിൽ ഈ ചിത്രത്തിലെ കഥയെക്കാൾ എന്നെ ആകർഷിച്ചത് ഇതിലെ ഗാനങ്ങൾ ആയിരുന്നു. മൂന്ന് മനോഹര ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.
"വേഴാമ്പൽ കേഴും വേനൽ കുടീരം നീ... "
"കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്.... "
"തുമ്പി വാ തുമ്പ കുടത്തിൽ.... "
ഒ.എൻ.വി യുടെ രചനയിൽ, ഈ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഇളയരാജയായിരുന്നു. ഈ ഗാനങ്ങൾ എവിടെ കേട്ടാലും ഓർമ്മകൾ കുറെ പുറകോട്ടു പായും... അതുകൊണ്ടുതന്നെ ഈ ഗാനങ്ങൾ ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്.
കഥകളെയും കഴിവുള്ള അഭിനേതാക്കളെയും തേടി നടന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്... താരത്തിനു വേണ്ടി സിനിമ നിർമിക്കാതെ,കഥയ്ക്ക് വേണ്ടി, കഥാപാത്രങ്ങൾക്ക് വേണ്ടി താരങ്ങളെ അന്വേഷിച്ച് നടന്ന കാലം.... അങ്ങനെ പിറന്ന സിനിമകൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു.
മണ്ണിന്റെ മണമുള്ള, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ ഉള്ള ചിത്രങ്ങളെ നാം പരതുമ്പോൾ നമുക്ക് കിട്ടുക ഇങ്ങനെയുള്ള കുറെ പഴയ മലയാള സിനിമകൾ ആയിരിക്കും.
തീർച്ചയായും കാണാം ഈ ചിത്രം... നഷ്ടപ്പെട്ട ജീവിത മൂല്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയാകും അത്.
(തുടരും)
അക്ഷരങ്ങൾ (1984)
എം ടി വാസുദേവൻ നായരുടെ രചനയിൽ, ഐവി ശശി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ചിത്രമാണ് അക്ഷരങ്ങൾ. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന കഥകളാണ് പലപ്പോഴും എംടിയുടെ തൂലികയിൽ നിന്ന് പിറക്കാറ്. അത് പലപ്പോഴും ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും ആയിരിക്കും. അത്തരത്തിലുള്ള ഒരു മനോഹര ചിത്രമാണ് അക്ഷരങ്ങൾ.
മനോഹരമായ ഗാനങ്ങൾ, മമ്മൂട്ടി, ഭരത് ഗോപി,സീമ, സുഹാസിനി എന്നീ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയ മുഹൂർത്തങ്ങൾ....
കഥയിലേക്ക് നാം വരുമ്പോൾ ജയദേവൻ എന്ന എഴുത്തുകാരന്റെ ജീവിത കഥയാണ് ഈ ചിത്രം.
ജയദേവൻ അറിയപ്പെടുന്ന എഴുത്തുകാരനാണ്. അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഭാരതിയെയാണ്. ഭാരതിയുടെ ചേട്ടൻ വിപി മേനോൻ പ്രശസ്തനായ എഴുത്തുകാരനാണ്. അയാളിലൂടെയാണ് ജയദേവന്റെ വളർച്ച. എന്നാൽ ജയദേവന് ഒരു കാമുകിയുണ്ട്... ഗീത. പ്രശസ്തിയും, പണവും ജയദേവനെ ഒരു മദ്യപാനി ആക്കി മാറ്റുന്നു.
ഗീതയുടെ കാര്യം പറഞ്ഞ് ഭാരതി അയാളിൽ നിന്ന് അകലുന്നു.
ഇതിനിടെ ജയദേവൻ രോഗിയായി മാറുന്നു. ഭാരതി അപ്പോഴും അയാളോട് അകലം പാലിക്കുന്നു.
രോഗബാധിതനായ ജയദേവന്റെ കാര്യങ്ങൾ ഗീത ഏറ്റെടുക്കുന്നു. മരണക്കിടക്കയിൽ വച്ചുള്ള ജയദേവന്റെയും അയാളോട് ചേർന്ന് നിൽക്കുന്നവരുടെയും ഓർമ്മകളാണ് ഈ ചിത്രം.
അവസാനം ജയദേവൻ എന്ന എഴുത്തുകാരൻ മരണത്തിന് കീഴടങ്ങുമ്പോൾ അത് പ്രേക്ഷകനിൽ നൊമ്പരമുളവാക്കുന്നു.
ജയദേവൻ എന്ന എഴുത്തുകാരന്റെ ഹൃദയ വേദനകളെ, അത് പ്രേക്ഷകനെ സ്പർശിക്കുന്ന തരത്തിൽ അവതരിപ്പിക്കുവാൻ എംടിയുടെ തൂലികയ്ക്ക് കഴിഞ്ഞു.
ജയദേവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. ഈ കഥാപാത്രത്തിന് മുമ്പും പിമ്പും എംടി യുടെ പല കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. 1980 -90 കാലഘട്ടം പലപ്പോഴും അദ്ദേഹത്തെ കുടുംബ നാഥന്റെ റോളിൽ തളച്ചിടുമായിരുന്നു. അദ്ദേഹത്തിന് അതിൽ നിന്ന് പലപ്പോഴും മോചനം ലഭിച്ചിരുന്നത് ഇതുപോലെയുള്ള കഥാപാത്രങ്ങൾ ആയിരുന്നു. ജയദേവൻ എന്ന കഥാപാത്രം തീർച്ചയായും അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് അദ്ദേഹം ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
പിന്നെ എടുത്തു പറയേണ്ടത് സീമയുടെ അഭിനയമാണ്. സീമ അഭിനയിച്ച ഗീത എന്ന കഥാപാത്രം ഒട്ടേറെ അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു. ആ കഥാപാത്രം അവരുടെ കയ്യിൽ ഭദ്രവും ആയിരുന്നു. അതിനുള്ള അംഗീകാരമാണ് 1984ലെ ഏറ്റവും നല്ല നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് അക്ഷരങ്ങളിലൂടെ ലഭിച്ചത്.
1984ലെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്കാരം ഈ ചിത്രത്തിലൂടെ ഒഎൻവി നേടിയെടുത്തു. അദ്ദേഹം രചിച്ച കുറച്ചു നല്ല മനോഹരമായ ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ.
" തൊഴുതു മടങ്ങും സന്ധ്യയും ഏതോ... "
" കറുത്ത തോണിക്കാരാ ... കടത്തു തോണിക്കാരാ ... "
" ഒരു മഞ്ഞുതുള്ളിയിൽ നീലവാനം.... "
എന്നീ മൂന്നു ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആയിരുന്നു.
ജീവിതഗന്ധിയായ രചനകൾ ആയിരുന്നു എംടിയുടെ തൂലികയിൽ നിന്ന് പിറന്നിരുന്നത്. അത് പലപ്പോഴും ഹൃദയത്തെ തൊടുന്ന തരത്തിൽ ആയിരുന്നു. അതു മലയാളികൾ പല ചിത്രങ്ങളിലും തൊട്ടറിഞ്ഞിട്ടുമുണ്ട്.
ഐവി ശശി സംവിധാനം ചെയ്ത ചിത്രങ്ങൾ എടുത്താൽ അതിൽ ഒരു നല്ല ചിത്രമായി അക്ഷരങ്ങളെയും പരിഗണിക്കാം. കലാപരമായും വാണിജ്യപരമായും അക്ഷരങ്ങൾ ഒരു വിജയചിത്രം തന്നെയായിരുന്നു.
ജീവിതഗന്ധിയായ കഥകൾ അന്യമായ ഈ കാലഘട്ടത്തിൽ, മനസ്സിനെ സ്പർശിക്കുന്ന ഒരു ചിത്രം നിങ്ങൾക്ക് കാണണമെങ്കിൽ തീർച്ചയായും അക്ഷരങ്ങളെ തിരഞ്ഞെടുക്കാം.
തുടരും
സിനിമയും ജീവിതവും - പടയോട്ടം
നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രങ്ങളെല്ലാം മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം( തച്ചോളി അമ്പു ), ആദ്യത്തെ ത്രീഡി ചിത്രം( മൈ ഡിയർ കുട്ടിച്ചാത്തൻ ), ആദ്യ 70 എം എം ചിത്രവും എല്ലാം നവോദയ ആണ് നിർമ്മിച്ചത്.
നവോദയ നിർമിച്ച ആദ്യത്തെ 70 എം എം ചലച്ചിത്രമാണ് പടയോട്ടം.
പടയോട്ടം എന്ന സിനിമയുടെ കഥയ്ക്ക് പ്രചോദനമായത് അലക്സാണ്ടറി ഡ്യൂമസിന്റെ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' എന്ന കഥയാണ്. ഇതിന് മലയാളത്തിൽ തിരക്കഥ രചിച്ചിരിക്കുന്നത് എൻ ഗോവിന്ദൻ കുട്ടിയാണ്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ പുന്നൂസും.
ചില കാലഘട്ടങ്ങളിൽ ചില ചിത്രങ്ങൾ നമുക്ക് വിസ്മയങ്ങളായി തോന്നാറുണ്ട്. നമ്മുടെയൊക്കെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് അത് തിരശ്ശീലയിൽ നിറഞ്ഞ ആടുമ്പോൾ അത്ഭുതത്തോടെ നമുക്കത് നോക്കി നിൽക്കാൻ സാധിക്കുകയുള്ളൂ. ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ ആ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വാനോളം ഉയർത്തി കൊണ്ടായിരുന്നു പടയോട്ടം പ്രേക്ഷക മനസ്സുകളിൽ സ്വാധീനം ചെലുത്തിയത്. ഒരു വെള്ളത്തുണിക്ക് മുന്നിൽ ഇരുന്ന് ഒരു ജനത അങ്ങനെ ശ്വാസമടക്കി കണ്ടുതീർത്ത പടമായിരുന്നു പടയോട്ടം. ഗ്രാമപ്രദേശങ്ങളിൽ പോലും ഇതിന്റെ റിലീസിംഗ് പോസ്റ്ററുകൾ നിറഞ്ഞു നിന്നിരുന്നത് ഞാൻ ഓർത്തുപോകുന്നു.
അന്നത്തെ കാലഘട്ടത്തിൽ അത് ഒരു അത്ഭുതം തന്നെയായിരുന്നു. ഇന്നും പടയോട്ടം എന്ന ചിത്രത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലഒരു പ്രതികാര
കഥയാണ് ഈ ചിത്രം പറയുന്നത്. കോലത്തിരി രാജാവിന്റെ (തിക്കുറിശ്ശി) അനന്തിരവന്മാരാണ് ഉദയനും(പ്രേം നസീർ), ദേവനും (മധു). ഇളയവൻ ആയ ഉദയന്റെ ശക്തിയിലും ബുദ്ധിയിലും സംതൃപ്തനായ രാജാവ് തന്റെ പിൻഗാമിയായി ഉദയനെയാണ് കണ്ടിരുന്നത്. ഇതിന് ദേവന് പരിഭവം ഒന്നും ഉണ്ടായിരുന്നില്ല.
ദേവന്റെ മനസ്സിൽ രാജാവിന്റെ മകൾ പാർവതിയോട് ( ലക്ഷ്മി) ഇഷ്ടമുണ്ടായിരുന്നു. ഉദയനെ ആയിരുന്നു. അത് തിരിച്ചറിഞ്ഞ രാജാവ് ഉദയനും ആയിട്ടുള്ള പാർവതിയുടെ വിവാഹത്തിന് സമ്മതം മൂളുന്നു. അനിയനോടുള്ള ഇഷ്ടം കാരണം ദേവനും ആ തീരുമാനത്തിന് എതിര് നിന്നില്ല.
എന്നാൽ ഉദയൻ യുവരാജാവായാൽ തങ്ങളുടെ അഴിമതികൾ പിടിക്കപ്പെടും എന്ന് കമ്മാരനും( മമ്മൂട്ടി), പെരുവന കുറുപ്പും (ഗോവിന്ദൻകുട്ടി ) ഭയപ്പെടുന്നു.പാർവതിയോട് ദേവനുള്ള ഇഷ്ടം മുതലെടുത്ത് ദേവനെ, ഉദയന് നേരെ അവർ തിരിക്കുന്നു. അവരുടെ തന്ത്രത്തിൽ വീഴുന്ന ദേവൻ, ഉദയനു നേരെ തിരിയുന്നു.
ഉദയനെ ചതിയിലൂടെ അവർ അടിമ കച്ചവടക്കാർക്ക് വിൽക്കുന്നു. അങ്ങനെ ഉദയൻ രാജകുമാരൻ കപ്പലിലെ അടിമയായി മാറുന്നു. ഇതിനുശേഷം കഥയിൽ വരുന്ന മാറ്റങ്ങൾ ഉദയന്റെ സഹനങ്ങളുടെയും, ഉയർത്തെഴുന്നേൽപ്പിന്റെതുമാണ്.
കപ്പലിലെ അതിക്രൂരമായ പീഡനങ്ങൾക്കിടയിൽ നിന്ന് അയാൾ രക്ഷപ്പെടുന്നു. പിന്നീട് അദ്ദേഹം ആറേക്കാട് അമ്പാടി തമ്പാൻ എന്ന വ്യാപാരിയായി മാറുകയാണ്. അതിനുശേഷം തന്റെ പ്രതികാരത്തിനായി കോലത്തിരി നാട്ടിലേക്ക് തിരിക്കുന്നു.
സാഹസികത നിറഞ്ഞ ഒരു ചിത്രമായിരുന്നു പടയോട്ടം. അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് സംവിധായകൻ ജിജോ അത് മനോഹരമാക്കിയിട്ടുണ്ട്. ഗ്രാഫിക്സ് ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ തന്റെ ക്യാമറ കൊണ്ട് അതിനെല്ലാം മിഴിവേകുവാൻ ചായാഗ്രാഹകൻ രാമചന്ദ്ര ബാബുവിനു സാധിച്ചിട്ടുണ്ട്.
പിൻകാലത്ത് സംവിധാന പ്രതിഭകൾ ആയി തീർന്ന ഫാസിൽ, സിബി മലയിൽ തുടങ്ങിയവർ ഈ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗുണസിംഗ് ആണ്. മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ പൊതുവേ ഈ ചിത്രത്തിൽ കുറവായിരുന്നു.
മനസ്സിൽ മായാതെ നിൽക്കുന്നത് കാവാലം നാരായണ പണിക്കരുടെ രചനയിൽ, യേശുദാസ് ആലപിച്ച " ആഴിക്ക് അങ്ങേ കരയുണ്ടോ.... " എന്ന ഗാനമായിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക നടീനടന്മാരും ഈ ചിത്രത്തിൽ വേഷം ഇട്ടിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ നവാഗതരായി വന്ന മോഹൻലാൽ, ശങ്കർ, പൂർണിമ ജയറാം എന്നിവർ ഈ ചിത്രത്തിലേക്ക് വീണ്ടും ഒരുമിച്ച് എത്തി.
റിലീസിംഗ് സെന്ററുകളിൽ നിന്ന് 'ബി ','സി ' ക്ലാസുകളിലേക്ക് എത്തുമ്പോൾ ഈ ചിത്രത്തിന് അർഹിച്ച നേട്ടം കൊയ്യാൻ സാധിച്ചോ എന്നുള്ളത് സംശയമാണ്. വടക്കൻ പാട്ട് ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ ഈ ചിത്രത്തിന് നേടാൻ സാധിച്ചോ എന്നുള്ളത് പരിശോധിക്കേണ്ടിയിരിക്കുന്നു.
പ്രേം നസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിട്ടൊന്നും ഈ ആറേക്കാട് അമ്പാടി തമ്പാനെ കാണാൻ സാധിക്കുകയില്ല. ഉദയനും, തമ്പാനും അദ്ദേഹത്തിന് അത്രയേറെ വെല്ലുവിളി ഒന്നും ഉയർത്തിയിരുന്നില്ല. ഇതിലും മികച്ച എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരിണയം ആക്കിയിരിക്കുന്നു.
ഒരു മാറ്റം എപ്പോഴും മലയാളസിനിമയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച സംവിധായകനായിരുന്നു ജിജോ. അദ്ദേഹത്തിന്റെ ഏത് ചിത്രം എടുത്താലും നമുക്കത് മനസ്സിലാക്കാൻ സാധിക്കും. മൂന്നോ നാലോ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത ആ പ്രതിഭയുടെ കഴിവുകൾ, മലയാള സിനിമ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് സഞ്ചരിച്ച ഒരു സംവിധായകനായിരുന്നു ജിജോ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ.
മലയാളത്തിലെ ആദ്യത്തെ 70 എം എം സിനിമ എന്ന നിലയിലാണ് ഈ ചിത്രം ചരിത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുന്നത്. കഥയ്ക്കനുസരിച്ചുള്ള പുതുമയായിരുന്നു അന്ന് പടയോട്ടത്തിന്റെ പ്രത്യേകത. കാലം കടന്നുപോയിട്ടും ആ പുതുമ ഇന്നും നഷ്ടപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ആണ് പടയോട്ടം എന്ന ചിത്രം, മലയാള സിനിമ ചരിത്രത്തിൽ ഇന്നും മറവിയിൽ മാഞ്ഞു പോകാതെ നിൽക്കുന്നത്.
നിർമ്മാല്യം (1973)
എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി, നിർമ്മിച്ച്, സംവിധാനം ചെയ്ത ചലച്ചിത്രമാണ് നിർമ്മാല്യം. 1973ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നിർമ്മാല്യം നേടിയിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഭരത് അവാർഡ് പി ജെ ആന്റണിക്ക് ലഭിച്ചു.
പിജെ ആന്റണി, രവി മേനോൻ, സുകുമാരൻ, കവിയൂർ പൊന്നമ്മ, സുമിത്ര, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.
എം. ടി തന്നെ എഴുതിയ 'പള്ളിവാളും കാൽ ചിലമ്പും' എന്ന കഥയുടെ ചലച്ചിത്രവിഷ്കാരമായിരുന്നു നിർമ്മാല്യം.
ഒരു ഗ്രാമത്തിലെ ദേവി ക്ഷേത്രവും, അവിടത്തെ ശാന്തിക്കാരനും, വെളിച്ചപ്പാടും അവരുടെ ജീവിതവുമാണ് ഈ സിനിമ പറയുന്നത്. ദാരിദ്ര്യം കൊടികുത്തി വാഴുമ്പോഴും മതാനുഷ്ഠാനങ്ങളെ മുറുകെ പിടിച്ച വെളിച്ചപ്പാടാണ് കഥയിലെ നായകൻ. അയാളുടെ ഈ വിശ്വാസം അയാളുടെ കുടുംബത്തെ തകർച്ചയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു.
താൻ ഉപാസിച്ച ദേവി തന്റെ രക്ഷയ്ക്ക് എത്തില്ല എന്ന് മനസ്സിലാക്കുന്ന വെളിച്ചപ്പാട് അവസാനം ദേവി വിഗ്രഹത്തിന് മുന്നിൽ ആത്മഹത്യ ചെയ്യുന്നു.
ഗ്രാമത്തിന്റെ സൗന്ദര്യം ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. ചെറിയ ഇടവഴികളും, ചെമ്മണ്ണ് നിറഞ്ഞ പാതകളും അതിന് ഇരുവശങ്ങളിലെ മുള്ളുവേലികളും, അരയാൽ മരവും, അമ്പലവും അതിനോട് ചേർന്ന അമ്പല കുളവും എല്ലാം ഈ ചിത്രത്തെ ഗ്രാമാന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുന്നു.
മനോഹരമായ ഒരു കഥയെ അതിന്റെ എല്ലാ ഭാവത്തോടും കൂടെ എം. ടി നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നു. ഒരു കഥ ജനിക്കുമ്പോൾ ഒരു കഥാകൃത്ത് അനുഭവിച്ച വികാരത്തെ അതിന്റെ പതിന്മടങ്ങ് ശക്തിയോടെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ഇതിന്റെ കഥാകൃത്തും സംവിധായകനും എംടി വാസുദേവൻ നായർ തന്നെയായിരുന്നു.
പി ജെ ആന്റണി എന്ന അഭിനയ പ്രതിഭയുടെ പകരം വയ്ക്കാനില്ലാത്ത പ്രകടനം ആയിരുന്നു ഈ ചിത്രത്തിലേത്. ഈ വെളിച്ചപ്പാടിന്റെ കഥാപാത്രത്തിലേക്ക് എംടി ആദ്യം ആലോചിച്ചത് ശങ്കരാടിയെ ആയിരുന്നു. എന്നാൽ ശങ്കരാടിയാണ് പിജെ ആന്റണിയെ ഈ കഥാപാത്രത്തിനായി നിർദ്ദേശിച്ചത്. ഒരു പകരക്കാരനായി വന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുക തന്നെ ചെയ്തു പി ജെ ആന്റണി.
എം ടി വാസുദേവൻ നായർ ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി അണിയുന്നത് ഈ ചിത്രത്തിലൂടെയാണ്. അതുപോലെ സുകുമാരന്റെയും സുമിത്രയുടെയും ആദ്യചിത്രം ആയിരുന്നു നിർമ്മാല്യം.
ഈ ചിത്രം ശരിക്കും ഒരു വെളിച്ചപ്പാടിലൂടെയാണ് കടന്നുപോകുന്നത്. അയാളുടെ വിശ്വാസത്തിന്റെയും, വിശ്വാസത കർച്ചയുടെയും കഥയാണിത്.
വിശ്വാസ തകർച്ചയിൽ തകർന്നുപോകുന്ന വെളിച്ചപ്പാട്, ദേവി വിഗ്രഹത്തിന് നേരെ തിരിയുന്ന ഒരു രംഗമുണ്ട്. അയാളുടെ മനസ്സിലെ രോഷം മുഴുവൻ അയാൾ ആ വിഗ്രഹത്തോട് തീർക്കുകയാണ്. ഇന്നത്തെകാലത്തായിരുന്നുവെങ്കിൽ ആ പ്രവർത്തി വലിയ ഒച്ചപ്പാട് വിളിച്ചു വരുത്തുമായിരുന്നു. എന്നാൽ ആ വെളിച്ചപ്പാടിനെയും അയാളുടെ മനസ്സിലെ നൊമ്പരങ്ങളെയും, പ്രേക്ഷകർ അതേ രീതിയിൽ തന്നെ സ്വീകരിച്ചു.
കൂടല്ലൂരിന്റെ സന്തതിയായ എം ടി വാസുദേവൻ നായർ, എന്നും താൻ ജനിച്ചു വളർന്ന തന്റെ ഗ്രാമത്തെയും അതിനോട് ചേർന്നുള്ള കുറേ ജീവിതങ്ങളെയും തന്റെ തൂലികത്തുമ്പിൽ ഒപ്പിയെടുക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. അത് വായനക്കാരിൽ ആയാലും പ്രേക്ഷകനിൽ ആയാലും ആഴത്തിൽ സ്പർശിക്കാൻ പോകുന്ന തരത്തിലുള്ളതായിരുന്നു. മാറുന്ന കാലത്തെ അംഗീകരിക്കാൻ ആകാതെ, പാരമ്പര്യവും, വിശ്വാസവും മുറുകെ പിടിക്കുന്ന ഒരു മനുഷ്യന്റെ നിലവിളിയായിരുന്നു ഈ ചിത്രത്തിൽ മുഴങ്ങിക്കേട്ടത്.
വിശ്വാസത്തിന്റെ ചട്ടക്കൂടിൽ തളയ്ക്കപ്പെടുന്ന ഒരു മനുഷ്യന്റെ വിലാപം.... അതിൽനിന്ന് പുറത്തു കടക്കുമ്പോൾ അയാൾ ഈ സമൂഹത്തിന് നേരെ ഒരു ചോദ്യചിഹ്നമായി മാറുകയാണ്... ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് അയാൾ തന്റെ ജീവിതം ഹോമിച്ചു കൊണ്ടാണ്....
നിർമ്മാല്യം എന്ന ചിത്രം ഇന്നത്തെ കാലത്തും പ്രസക്തമാകുന്നത് ഇതുകൊണ്ട് തന്നെയാണ്.
(തുടരും)
ദേവദാസ് ( 1989)
ക്രോസ് ബെൽറ്റ് മണിയുടെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദേവദാസ്. വേണു നാഗവള്ളി അവതരിപ്പിക്കുന്ന ദേവദാസും, പാർവതി വേഷമിട്ട പാർവതി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെയും ആണ് ഈ ചിത്രം കടന്നുപോകുന്നത്.
ശരത് ചന്ദ്ര ചതോപിയായുടെ കഥയ്ക്ക് തോപ്പിൽ ഭാസിയാണ് ഈ ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഈ കഥ പല ഭാഷകളിലും സിനിമയാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ഇത് മലയാളത്തിലും കടന്നുവരുന്നത്.
ദേവദാസിന്റെയും പാർവതിയുടെയും ദുരന്ത പ്രണയകഥയാണ് ഈ ചലച്ചിത്രം. പക്ഷേ അത് എത്രമാത്രം പ്രേക്ഷകനെ ആസ്വാദനത്തിന്റെ തലത്തിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് സംശയത്തിന് ഇട നൽകുന്നു. കാരണം ഈ കഥ നടക്കുന്ന കാലഘട്ടം തന്നെ സിനിമയിലൂടെ നാം ദർശിക്കുമ്പോൾ അത് പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു.
ദേവദാസിന്റെയും പാർവതിയുടെയും ആഴത്തിലുള്ള പ്രണയം അത് പ്രേക്ഷകന് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കുന്നതും ഇല്ല. അത് പ്രേക്ഷകനെ സ്പർശിക്കുന്ന വിധത്തിൽ ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു.
എവിടെ നിന്നൊക്കെ കടന്നുവരുന്ന കുറെ കഥാപാത്രങ്ങൾ സിനിമയിലൂടെ കടന്നു പോകുന്നു എന്നല്ലാതെ അത് ഒരിക്കലും പ്രേക്ഷകനിലേക്ക് ഇറങ്ങി ചെല്ലുന്നില്ല. ഒരു സംവിധായകന്റെ കയ്യടക്കം ഒരിക്കലും ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നില്ല.
രംഗങ്ങൾക്ക് യോജിച്ച പശ്ചാത്തലമോ, അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സിനിമയിൽ ഇല്ല. നല്ലൊരു കഥയുണ്ടായിട്ടും ആകാംക്ഷയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാതെ, അടുത്ത സീനിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ചിത്രം മുന്നോട്ടു പോകുന്നു. ദേവദാസിന്റെയും പാർവതിയുടെയും ബാല്യകാലം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം. ഏതോ കുന്നിൻ മുകളിലോ, പാർക്കിലോ ചിത്രീകരിച്ച രംഗങ്ങൾ പോലെ അത് തോന്നുമായിരുന്നു.
ആദ്യം പറഞ്ഞതുപോലെ ഒരു ദുരന്ത പ്രണയകഥയാണ് ഈ ചിത്രം. പലയാവർത്തി,പലവിധത്തിൽ ഇത്തരം വിഷയങ്ങൾ മലയാള സിനിമയിൽ വന്നുപോയിട്ടുണ്ട്. പക്ഷേ അത് മനസ്സിനെ സ്പർശിക്കുന്ന വിധത്തിൽ ആണെങ്കിൽ പ്രേക്ഷകൻ തീർച്ചയായും സ്വീകരിക്കും. ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല. കഥയില്ലായ്മ അല്ല ഈ ചിത്രത്തിന്റെ പോരായ്മ. മറിച്ച് ഒരു അടുക്കും ചിട്ടയും ഇല്ലാതെ എന്തൊക്കെയോ തിരശ്ശീലയിൽ വരച്ചിട്ടിരിക്കുന്നു.
സമ്പന്നമായ ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ. മധു, ബാലൻ കെ നായർ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ, പാർവതി,ബഹദൂർ,കവിയൂർ പൊന്നമ്മ അങ്ങനെ നീണ്ട താരനിര... പക്ഷേ പലപ്പോഴും അവരൊക്കെ ഒരു കാഴ്ചക്കാരന്റെ നിലവാരത്തിലേക്ക് മാറ്റപ്പെടുന്നു. നാടക രംഗങ്ങൾ പോലെ ഇടയ്ക്കൊക്കെ മുറിഞ്ഞുപോകുന്ന സീനുകൾ...
അവസാനം ദേവദാസ് ഒരു ദുരന്ത കഥാപാത്രമായി മാറുമ്പോൾ അത് പ്രേക്ഷകനിൽ ഒരു വേദനയും ഉളവാക്കാൻ സാധിക്കുന്നില്ല.
എന്നിരുന്നാലും ഈ ചിത്രത്തിൽ എടുത്തു പറയേണ്ട കാര്യം ഇതിലെ ഗാനങ്ങളാണ്. കെ രാഘവൻ മാഷ്, പി ഭാസ്കരൻ മാഷ്, മോഹൻ സിതാര എന്നിവരുടെ സംഗീതത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ ഉണ്ട് ചിത്രത്തിൽ. അതിൽ എടുത്തു പറയേണ്ട ഒന്നാണ് "സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണമണ്ഡപം..." എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എനിക്ക് തോന്നുന്നു ഈ ഒരൊറ്റ ഗാനം കൊണ്ട് മാത്രമാണ് ഈ ചിത്രം ഓർമ്മിപ്പിക്കപ്പെടുന്നതും.
അവതരണത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ചിത്രമായി ദേവദാസ് മാറിയേനെ. ഈ കഥയുടെ പശ്ചാത്തലം എന്താണെന്ന് പോലും മനസ്സിലാക്കാൻ പ്രേക്ഷകന് സാധിക്കുന്നില്ല. ഗ്രാമീണ പശ്ചാത്തലമാണ് കഥയിലെങ്കിലും ഒരു മുറിക്കുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ പലപ്പോഴും അത് ഒതുങ്ങി പോകുന്നു.
ദേവദാസിൽ എരിയുന്ന പ്രണയത്തിന്റെ നോവ്, അയാളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് മദ്യപാനത്തിലേക്കാണ്. അവസാനം ഒരു ദുരന്ത നായകനായി അയാൾ മരണത്തിന് കീഴടങ്ങുമ്പോൾ ഈ ചിത്രം പൂർണ്ണമാകുന്നു.
മലയാള സിനിമ ചരിത്രത്തിൽ ഒരു വലിയ വിജയം ആവാൻ ദേവദാസിന് കഴിഞ്ഞില്ലെങ്കിലും, ഒരുപിടി നല്ല ഗാനങ്ങൾ ഉള്ള ഈ ചിത്രം ഒരു ആവർത്തി തീർച്ചയായും കാണാം.
തുടരും
ഓടയിൽ നിന്ന് (1965)
പി കേശവദേവ് കഥയും തിരക്കഥയും സംഭാഷണവും എഴുതി, തിരുമുരുകൻ പിച്ചേഴ്സിന്റെ ബാനറിൽ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ഓടയിൽ നിന്ന്. 1965ൽ പുറത്തിറങ്ങിയ ഈ ചിത്രം കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.
സത്യൻ, കെ ആർ വിജയ, കവിയൂർ പൊന്നമ്മ, പ്രേം നസീർ, എസ് പി പിള്ള, അടൂർ ഭാസി, അടൂർ പങ്കജം തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.
ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് വയലാർ - ദേവരാജൻ ടീമാണ്.
സമൂഹത്തിലെ ദുരവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിക്കുന്നത്. ഒരിക്കൽ അയാൾ അറിയാതെ അയാളുടെ റിക്ഷ വണ്ടി തട്ടി ലക്ഷ്മി എന്ന പെൺകുട്ടി ഓടയിൽ വീഴുന്നു. അവിടം മുതൽ ലക്ഷ്മി, പപ്പുവിന്റെ ജീവിതത്തിന്റെ ഭാഗമായി തീരുന്നു. അമ്മ മാത്രമുള്ള ലക്ഷ്മി, പപ്പുവിനെ അമ്മാവൻ എന്നാണ് വിളിക്കുന്നത്. പപ്പുവിന്റെ അധ്വാനം കൊണ്ട് ലക്ഷ്മിയുടെ കുടുംബം പുലരുന്നു. കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗിയായി മാറുന്നു.
കോളേജ് ജീവിതത്തിലേക്ക് കടക്കുന്ന ലക്ഷ്മിക്ക് വെറും റിക്ഷാക്കാരൻ മാത്രമായ പപ്പുവിനോട് അകൽച്ച തോന്നുന്നു. ത്യാഗ സമ്പന്നനായ പപ്പുവിന്റെ മഹത്വം ലക്ഷ്മിയും അമ്മയും തിരിച്ചറിയുമ്പോഴേക്കും അയാൾ ഈ ലോകത്തോട് വിട പറയുന്നു.
പപ്പുവിന്റെ വ്യക്തിത്വമാണ് ഈ ചിത്രത്തിന്റെ കരുത്ത് എന്ന് പറയാം. അദ്ധ്വാനിയും തന്റേടിയും ആണ് പപ്പു. ആരുടെയും മുന്നിൽ തലകുനിക്കാത്ത പ്രകൃതമാണ് പപ്പുവിന്റേത്. ആ ആത്മാഭിമാനമാണ് അയാളെ മുന്നോട്ടു കൊണ്ടു പോകുന്നത്.
മലയാള സാഹിത്യത്തിൽ കേശവദേവിന്റെ കഥകൾക്ക് ഉയർന്ന സ്ഥാനമുണ്ട്. സാധാരണക്കാരന്റെ വേദനകൾ വായനക്കാരൻ തൊട്ടറിഞ്ഞത് ആ കഥകളിലൂടെയാണ്. അതിൽ തൊഴിലാളികൾ ഉണ്ട്.... ഭിക്ഷക്കാരുണ്ട്... വേശ്യകൾ ഉണ്ട്. താഴെത്തട്ടിലുള്ള ഇവരുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു കേശവദേവിന്റെ കഥകളിൽ നിറഞ്ഞുനിന്നത്. അദ്ധ്വാന വർഗ്ഗത്തിന്റെ എഴുത്തുകാരൻ എന്ന് കേശവദേവിനെ നമുക്ക് വിശേഷിപ്പിക്കാം. തന്റെ കഥയായ ഓടയിൽ നിന്ന് ചലച്ചിത്ര രൂപം പ്രാപിക്കുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ അദ്ദേഹം അത് ജനഹൃദയങ്ങളിൽ എത്തിച്ചു.
ആത്മാഭിമാനത്തിന്റെ പ്രതീകമായി പപ്പുവും, തിരിച്ചറിവിന്റെ പ്രതീകമായി ലക്ഷ്മിയും മാറുന്നിടത്താണ് ഓടയിൽ നിന്ന് എന്ന ചിത്രത്തിന്റെ കഥ പൂർണമാകുന്നത്.
അവഗണനയുടെ ഓടയിലേക്ക് തള്ളപ്പെടുന്ന മനുഷ്യനായി പപ്പു മാറുമ്പോൾ പ്രേക്ഷഹൃദയങ്ങളിൽ അത് നൊമ്പരം ഉണർത്തുന്നു. അവസാനം അയാൾ മരണത്തിന്റെ ഓടയിലേക്ക് വലിച്ചെറിയപ്പെടുകയാണ്.
മലയാള സിനിമ കണ്ട കരുത്തുറ്റ നടൻ തന്നെയായിരുന്നു സത്യൻ. ഒരു മഹാനടൻ എന്ന് അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാം. ഈ ചിത്രത്തിലെ പപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. അത്രയേറെ മനോഹരമാണ് അദ്ദേഹത്തിന്റെ അഭിനയ ശൈലി. ഒരു റിക്ഷാക്കാരൻ ആകാൻ അദ്ദേഹം എടുത്തിരിക്കുന്ന കഠിനാധ്വാനം അത് വളരെ വലുതാണ്. രണ്ടു കൈകളിലും റിക്ഷാ വണ്ടിയുടെ ഇരുവശങ്ങളും ചേർത്ത് പിടിച്ച്, കാല് നിലത്തു ഊന്നിക്കൊണ്ട് റോഡിലൂടെ ഓടുന്ന രംഗങ്ങൾ അതിനുദാഹരണമാണ്. ഒരു നടൻ എങ്ങനെ കഥാപാത്രമായി ജീവിക്കണമെന്ന് പപ്പു എന്ന കഥാപാത്രത്തിലൂടെ സത്യൻ കാണിച്ചുതരുന്നു.
സ്വപ്നങ്ങൾ കാണാത്ത പപ്പു സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നത് ലക്ഷ്മി എന്ന പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴാണ്. പക്ഷേ ആ സ്വപ്നങ്ങൾ പാഴ് കിനാവായി മാറുമ്പോൾ ആ മനുഷ്യന് ആരോടും പരിഭവം ഇല്ല.
പഴയകാല മലയാള സിനിമയുടെ കരുത്ത് കഥകൾ ആയിരുന്നു. സാഹിത്യത്തിലെ പ്രശസ്തരുടെ പല കൃതികളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ഉറൂബ്, തകഴി, ബഷീർ,മുട്ടത്തുവർക്കി, കേശവദേവ് അങ്ങനെ നീളുന്നു ആ പട്ടിക..... പൊയ്മു ഖങ്ങളുടെ കൊട്ടി ആഘോഷം ഇല്ലാത്ത കഥയും കഥാപാത്രങ്ങളും.... അവരൊക്കെ സഞ്ചരിച്ചത് പ്രേക്ഷകഹൃദയങ്ങളിലൂടെ ആയിരുന്നു.
തീർച്ചയായും കാണാനായി തിരഞ്ഞെടുക്കാം "ഓടയിൽ നിന്ന്" എന്ന ഈ ചിത്രത്തെ. മനോഹരമായ കഥയും, കഥാപാത്രങ്ങളും, അവരുടെ അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.
തുടരും
ആഭിജാത്യം ( 1971)
1971 ൽ തോപ്പിൽഭാസി തിരക്കഥയും സംഭാഷണവും എഴുതി, ആർ എസ് പ്രഭു നിർമ്മിച്ച് എ വിൻസന്റ് സംവിധാനം ചെയ്ത ചിത്രമാണ് ആഭിജാത്യം. സമ്പന്നയായ ഒരു യുവതി അച്ഛനെ എതിർത്ത് പാവപ്പെട്ട ഒരു യുവാവിനെ വിവാഹം കഴിക്കുന്നതോടെ അവൾ ആ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതും, പിന്നീട് ബന്ധങ്ങളുടെ ആശ്രയം ഇല്ലാതെ അവർ ജീവിതത്തോട് മല്ലിട്ട് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതും ആണ് ഈ ചിത്രം.
പേര് സൂചിപ്പിക്കും പോലെ ഒരു ആഭിജാത്യം നിറഞ്ഞ ചിത്രം തന്നെയായിരുന്നു ഇത്. ഒരു ഗ്രാമാന്തരീക്ഷം ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത് കാണാൻ സാധിക്കും. തുടക്കം സമ്പന്നതയുടെ ആഘോഷത്തോടെയാണെങ്കിലും ചിത്രം പകുതി ആകുമ്പോൾ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് മാറ്റപ്പെടുകയാണ്. അത് ചിത്രീകരിച്ചിരിക്കുന്നത് ആകട്ടെ മനോഹരമായും.
"ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ.... " എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിൽ ഈ ഗ്രാമസൗന്ദര്യം നമുക്ക് ദർശിക്കാൻ ആവും. ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനവും ഇതാണ്.
മധു, ശാരദ, തിക്കുറിശ്ശി, അടൂർ ഭാസി, എസ് പി പിള്ള, രാഘവൻ, ശങ്കരാടി, സുകുമാരി, ഫിലോമിന, കവിയൂർ പൊന്നമ്മ അങ്ങനെ സമ്പന്നമായ ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ.
ധനികനും പ്രതാപിയുമായ ശങ്കര മേനോന്റെ (തിക്കുറിശ്ശി) നാലു മക്കളിൽ രണ്ടാമത്തെ മകളാണ് മാലതി( ശാരദ). മാലതിക്ക്, മാധവനോട് ( മധു) തോന്നുന്ന പ്രണയമാണ് ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. മാധവൻ, ശങ്കര മേനോന്റെ ദയയിലാണ് സംഗീതത്തിൽ ബിരുദം നേടുന്നത്. അനാഥനായ മാധവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതും ശങ്കര മേനോൻ ആണ്.
മാധവനോടുള്ള തന്റെ പ്രണയം മാലതി അച്ഛനോട് തുറന്നുപറയുന്നു. മകളുടെ പിടിവാശിക്ക് മുന്നിൽ ശങ്കരമേനോൻ തോറ്റു പോകുന്നു. വിവാഹം വളരെ ലളിതമായി അയാൾ നടത്തി കൊടുക്കുന്നു.
ധനികനായ ചങ്കരമേനോന്റെ ബംഗ്ലാവിൽ ഒരു ഒറ്റപ്പെട്ട ജീവിതമാണ് തന്റെ ഭർത്താവിന്റേതെന്ന് മാലതി മനസ്സിലാക്കുന്നു. എല്ലാക്കാര്യത്തിലും അച്ഛനും സഹോദരങ്ങളും മാധവനെ അവഗണനയോടെ കാണുന്നു. ഇത് മനസ്സിലാക്കുന്ന മാലതി ഭർത്താവിന്റെ കൈയും പിടിച്ച് തന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നു.
നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് ആണ് അവരുടെ യാത്ര. അവർ എത്തപ്പെടുന്നത് മാധവന്റെ മുത്തച്ഛനിൽ നിന്നും മാധവന് ലഭിച്ച ഒരു മലയോര ഗ്രാമത്തിലെ വീട്ടിലേക്കാണ്. താമസ യോഗ്യമല്ലാത്ത ആ വീടും പരിസരവും നല്ലവരായ ഗ്രാമവാസികളുടെ സഹായത്തോടെ അവർ താമസ യോഗ്യമാക്കുന്നു. വീടിനോട് ചേർന്ന് കാടുപിടിച്ച പറമ്പ് വെട്ടിതെളിച്ച് അവർ കൃഷി ചെയ്യുന്നു. ഇതിനിടെ മാധവന് ഗ്രാമത്തിലെ സ്കൂളിൽ ജോലി കിട്ടുന്നു.
ചിത്രത്തിന്റെ അവസാനം മാലതിയുടെ അമ്മ മരിക്കുന്നു. താൻ ചെയ്ത തെറ്റുകളെ കുറിച്ച് ബോധവാനാകുന്ന മാലതിയുടെ അച്ഛൻ സ്വന്തം വീട് വിട്ട് മാലതിയോടൊപ്പം ആ ഗ്രാമത്തിലേക്ക് താമസിക്കാൻ എത്തുന്നതോടെ ചിത്രം പൂർണ്ണമാകുന്നു.
അഭിനയത്തിന്റെ കാര്യത്തിൽ ഈ ചിത്രത്തിൽ മുന്നിട്ടു നിൽക്കുന്നത് ശാരദയാണെന്ന് തോന്നിപ്പോകും. പലപ്പോഴും നിസ്സഹായനായി നിൽക്കുന്ന മാധവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് മാലതി എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ ശാരദ മികവുറ്റതാക്കി. ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ എല്ലാം ഭർത്താവിന് വെളിച്ചം ആകാൻ മാലതിക്ക് കഴിയുന്നുണ്ട്. പലപ്പോഴും പല ചിത്രങ്ങളിലും ഒരു ദുഃഖപുത്രിയുടെ വേഷത്തിലേക്ക് ശാരദ അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം വഴുതി പോകാറുണ്ട്. എന്നാൽ ഈ കഥാപാത്രം അതിൽ നിന്ന് വ്യത്യസ്തയാണ്.
മധുവും, തിക്കുറിശ്ശിയും, കവിയൂർ പൊന്നമ്മയും എല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.
വിരസത അനുഭവപ്പെടുത്തുന്ന നർമ്മങ്ങളോ അതിഭാവുകത്വം നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളോ ഈ ചിത്രത്തിൽ ഇല്ല. നല്ല ഗാനങ്ങളും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.
എല്ലാം നഷ്ടപ്പെട്ടിട്ടും സ്നേഹബന്ധങ്ങളുടെ ആഴം മനസ്സിലാക്കിയ മാലതിയുടെയും മാധവന്റെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം. ആ അതിജീവനം നിറഞ്ഞ മനസ്സോടെ അന്ന് പ്രേക്ഷകർ ഏറ്റെടുത്തു.
ഇന്നും ഈ ചിത്രം കാണുമ്പോൾ ഒരു വിരസതയും കൂടാതെ നമുക്ക് കണ്ടു തീർക്കാൻ കഴിയും. കാരണം ഇതിൽ നിറഞ്ഞു നിൽക്കുന്നത് കെട്ടുകാഴ്ചകൾ ഇല്ലാത്ത ജീവിതമാണ്.
ആ ജീവിതം ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാം ഈ ചിത്രത്തെ... ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.
തുടരും
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970)
തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച്, കുഞ്ചാക്കോ നിർമ്മിച്ച് 1970 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.
ഒരു കാലഘട്ടത്തിന്റെ വേദനയും കണ്ണീരും മുഴുവൻ നിറഞ്ഞ കെപിഎസിയുടെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ഈ ചിത്രം.
ജാതിയും, ജാതിവ്യവസ്ഥകളും, അയിത്തവും എല്ലാം ഒരു ജനതയെ ചങ്ങലക്കിട്ടിരുന്നു. ആ ചങ്ങല പൊട്ടിച്ചെറിയാൻ ആ വ്യവസ്ഥിതിക്കെതിരായ ഒരു സമരാ ഹ്വാനമായിരുന്നു ഈ ചിത്രം.
സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി, ഉമ്മർ, എസ് പി പിള്ള, കോട്ടയം ചെല്ലപ്പൻ തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ.
പാവപ്പെട്ട ഒരു കർഷകനാണ് പരമുപിള്ള ( സത്യൻ ). അദ്ദേഹത്തിന്റെ ഭാര്യയാണ് കല്യാണി( വിജയകുമാരി ). മകൻ ഗോപാലൻ( പ്രേം നസീർ) മകൾ മീനാക്ഷി( കെപിഎസി ലളിത ).
ചെറിയൊരു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. ഗോപാലൻ കോളേജ് പഠനം നിർത്തി കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. മാത്യു( ഉമ്മർ ) ഗോപാലന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന കർഷക തൊഴിലാളി നേതാവാണ്.
ഈ ഗ്രാമത്തിലെ ജന്മിയാണ് വലിയ വീട്ടിൽ കേശവൻ നായർ ( കോട്ടയം ചെല്ലപ്പൻ ). അയാൾ ക്രൂരനും തന്റെ കീഴിലുള്ളവരെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നവനും ആണ്. ഇതെല്ലാം കാണുന്ന ഗോപാലൻ, കേശവൻ നായരുടെ ശത്രുവായി മാറുന്നു. കേശവൻ നായരുടെ മകൾ സുമാവല്ലി ( ഷീല) ഗോപാലനും ആയി പ്രണയത്തിലാണ്.
ഗ്രാമത്തിലെ കർഷകരുടെ സ്ഥലത്തിന്റെ കൈവശാവകാശം കേശവൻ നായരുടെ കൈകളിലാണ്. പരമു പിള്ളയുടെ ഭൂമിയിലാണ് ഇപ്പോൾ കേശവൻ നായരുടെ കണ്ണ്.
കേശവൻ നായരുടെ ഈ ദുഷിച്ച പ്രവർത്തികൾ ഗോപാലനും കൂട്ടരും ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. കേശവൻ നായരുടെ മുഖ്യ ശത്രുവായി ഗോപാലൻ മാറുന്നു.
പരമപിള്ളയുടെ ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തുന്നതിൽ കേശവൻ നായർ വിജയിക്കുന്നു. മകന്റെയും പാർട്ടിയുടെയും നയങ്ങൾക്ക് എന്നും എതിരായിരുന്ന പരമു പിള്ള തന്റെ അറിവില്ലായ്മ തിരിച്ചറിയുന്നു.
ചെങ്കൊടി ഉയർത്തി ഗ്രാമത്തിലൂടെ നീങ്ങുന്ന പാർട്ടി ജാഥയിൽ പരമു പിള്ള ചേരുന്നു. അങ്ങനെ അയാൾ ഒരു കമ്മ്യൂണിസ്റ്റായി മാറുന്നു.
വയലാർ രചിച്ച് ദേവരാജൻ മാഷ് സംഗീതസംവിധാനം നിർവഹിച്ച മനോഹരമായ ഗാനങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
"എല്ലാരും പാടത്ത് സ്വർണം വിതച്ചു..... "
"കൊതുമ്പു വെള്ളം തുഴഞ്ഞു വരും... "
"അമ്പലപ്പറമ്പിലെ ആരാമത്തിലെ..... "
"പല്ലനയാറിൽ തീരത്ത്......... "
"ഐക്യമുന്നണി ഐക്യമുന്നണി..... "
ഇങ്ങനെ നീളുന്നു ആ പട്ടിക.
ജന്മിത്വത്തിനെതിരായ ഒരു പോരാട്ടം ആയിരുന്നു ഈ ചിത്രം. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിന്റെ നേർക്കാഴ്ച തന്നെയാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.
തന്റെ അഭിനയ ജീവിതത്തിൽ താൻ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് പരമുപിള്ളയിലൂടെ സത്യൻ തെരഞ്ഞെടുത്തത്. ആ കാലത്ത് തിളങ്ങിനിന്ന സത്യനും പ്രേംനസീറും അച്ഛനും മകനുമായി അഭിനയിച്ച ചിത്രമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.ഇതിൽ പരമു പിള്ള എന്ന കഥാപാത്രം സത്യന് ഒരു വെല്ലുവിളി തന്നെയായിരുന്നു.
1952 ലാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ആദ്യമായി നാടകമായി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ഇത് അരങ്ങിൽ അവതരിപ്പിക്കുമ്പോൾ പലതരത്തിലുള്ള ആക്രമണങ്ങളെയും ഇതിന്റെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടി വന്നു. ജന്മിയുടെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ആയിരുന്നു ഈ ആക്രമണങ്ങൾ. അതുകൊണ്ടുതന്നെ ഒരു ചെറുത്തുനിൽപ്പിന്റെ അതിജീവനം കൂടി ഈ നാടകം നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നുണ്ട്.
1970ൽ ഇത് സിനിമയാകുമ്പോൾ ഒരു പ്രതിസന്ധിയും ഇല്ലാതെ ജനങ്ങൾ ഈ ചിത്രം ആസ്വദിച്ചു. മലയാള സിനിമ ചരിത്രത്തിൽ നല്ലൊരു വിജയം ആവുകയും ചെയ്തു ഈ ചിത്രം.
തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. ഒരു കാലഘട്ടത്തിൽ ജനങ്ങൾ അനുഭവിച്ച സഹനങ്ങളും അതിനെ മറികടന്ന് നല്ലൊരു പ്രഭാതത്തിലേക്കുള്ള അവരുടെ ചുവടുവെപ്പും ആണ് ഈ ചിത്രം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയേകിയ ഒരു ചലച്ചിത്രം കൂടിയായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. സഹനത്തിന്റെ പാതയിലൂടെ ഒരു ജനത നേടിത്തന്ന സ്വാതന്ത്ര്യത്തിന് ഇന്നിന്റെ ഈ അവസ്ഥയിൽ എന്താണ് പ്രസക്തി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ആഡംബരത്തിനൊപ്പം പായുന്ന ഇന്നത്തെ നേതാക്കന്മാർക്ക് മുന്നിൽ " നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി " എന്ന മറുചോദ്യം ആരെങ്കിലും ചോദിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
അങ്ങനെ വന്നാൽ ആ നേതാക്കന്മാർ ഒരു ആവർത്തി കൂടി കാണണം "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന ഈ ചലച്ചിത്രം.
തുടരും
ഹൃദയം ഒരു ക്ഷേത്രം (1976)
1976 ൽ പി സുബ്രഹ്മണ്യം നിർമ്മിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. ഈ ചിത്രത്തിന്റെ കഥ സി.വി ശ്രീധറും, തിരക്കഥ ആർ എസ് കുറുപ്പും നിർവഹിച്ചു. തമിഴ് ചിത്രമായ നെഞ്ചിൽ ഒരു ആലയത്തിന്റെ മലയാള പുനരാവിഷ്കാരമാണ് ഹൃദയം ഒരു ക്ഷേത്രം എന്ന ഈ ചലച്ചിത്രം. മധു,രാഘവൻ,ശ്രീവിദ്യ,ബഹദൂർ,പപ്പു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
പ്രശസ്ത ഡോക്ടർ രമേശിന്റെ ( മധു) മുൻപിൽ അർബുദ ചികിത്സയ്ക്കായി ഹരിയും ( രാഘവൻ), അയാളുടെ ഭാര്യ പ്രേമയും ( ശ്രീവിദ്യ) വരുന്നു. രമേശ്, പ്രേമയെ കണ്ടു ഞെട്ടുന്നു. രണ്ടുപേരും കാമുകി കാമുകന്മാരായിരുന്നു. അർബുദ രോഗിയായ തന്റെ ഭർത്താവ് ഹരി ഇത് അറിയുമോ എന്ന് പ്രേമ ഭയപ്പെടുന്നു.
താൻ ജീവിതത്തിലേക്ക് ഇനി തിരിച്ചു വരില്ല എന്ന് ഗോപി പറയുമ്പോൾ രമേശ് അയാൾക്ക് ധൈര്യം പകർന്നു നൽകുന്നു. തനിക്ക് ജീവിതം തിരിച്ചു കിട്ടിയാൽ ഗോപി ഈ ആശുപത്രിക്ക് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. രമേശ് ആ വാഗ്ദാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. കാരണം രമേശിന്റെ മനസ്സിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി എന്നത് സ്വപ്നമായിരുന്നു.
പിരിമുറുക്കങ്ങൾ നിറഞ്ഞ സന്ദർഭങ്ങളിലൂടെയാണ് പിന്നീട് ചിത്രം കടന്നു പോകുന്നത്. അത് ഏറെ കുറെ പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്.
ഒരു ആശുപത്രിക്കുള്ളിൽ ഈ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് ഏറെ ഭാഗവും ഈ ചിത്രം സഞ്ചരിക്കുന്നത്. ആ സഞ്ചാരം വിരസത അനുഭവപ്പെടാത്ത രീതിയിൽ പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുന്നതിന്റെ കാരണം തിരക്കഥയുടെ കരുത്താണ്.
ചിത്രത്തിന്റെ അവസാന ഭാഗത്ത് ഹരി ജീവിതത്തിലേക്ക് തിരിച്ചു വരികയും, രമേശ് മരണത്തെ പുൽകുകയും ചെയ്യുന്നു. രമേശിന്റെ മരണശേഷം ഹരി അദ്ദേഹത്തിന് നൽകിയ വാക്കു പാലിക്കുന്നു. അഞ്ചുലക്ഷം രൂപയ്ക്ക് രമേശിന്റെ ഓർമ്മയ്ക്കായി ഒരു ആശുപത്രി ഹരി നിർമ്മിക്കുന്നു.
സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രകാശം പരത്തിയ ഒരു മനുഷ്യന്റെ കഥയാണ് ഹൃദയം ഒരു ക്ഷേത്രം എന്ന ചലച്ചിത്രം.
ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ജി ദേവരാജൻ മാഷിന്റെ സംഗീത സംവിധാനത്തിൽ പിറന്ന കുറച്ചു നല്ല ഗാനങ്ങൾ ഉണ്ട്.
"മംഗളം നേരുന്നു ഞാൻ മനസ്വനി..... "
"ഒരു ദേവൻ വാഴും ക്ഷേത്രം........ "
എന്നിവയായിരുന്നു ആ ഗാനങ്ങൾ. ഇത് രണ്ടും ആലപിച്ചിരിക്കുന്നത് യേശുദാസ് ആണ്.
ആശുപത്രി കിടക്കയിൽ കിടക്കുന്ന ഭർത്താവിന് മുൻപിൽ ഭാര്യയായും, അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർക്ക് മുന്നിൽ മുൻകാമുകിയുമായി ശ്രീവിദ്യ മനോഹരമായ അഭിനയം കാഴ്ചവച്ചു.
ഒപ്പം തന്നെ ഡോക്ടർ രമേശ് എന്ന കഥാപാത്രം മധുവിന്റെ കയ്യിൽ ഭദ്രമായിരുന്നു.
എപ്പോഴും വേദനയുടെ താളവും പേറി കടന്നുപോകുന്ന നിമിഷങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആ താളത്തിനൊത്ത് പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ അറിയാതെ കണ്ണുകൾ നിറയും.
നൂറുശതമാനവും ഒരു കുടുംബചിത്രമായി ഹൃദയം ഒരു ക്ഷേത്രത്തെ കാണാൻ സാധിക്കും. മനോഹരമായ ഗാനങ്ങളും, മികച്ച അഭിനയ മുഹൂർത്തങ്ങളും, കെട്ടുറപ്പുള്ള കഥയും എല്ലാംകൊണ്ടും ഹൃദയം ഒരു ക്ഷേത്രം എന്ന ചലച്ചിത്രം നമ്മുടെ മനസ്സിന് ഒരു മികച്ച ചലച്ചിത്രാനുഭവം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
തുടരും
14 - വെള്ളം ( 1985 )
എൻ എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കി, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളം.
സംവിധായകൻ രാമു കാര്യാട്ടിന്റെ മരുമകൻ കൂടിയായ നടൻ ദേവൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
മലയാള സിനിമ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ പോയ ഒരു നല്ല ചിത്രമായിരുന്നു വെള്ളം. ആ കാലത്ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പ്രേം നസീറും, മധുവും മുഖ്യ വേഷത്തിൽ എത്തിയ വെള്ളം എന്ന ഈ ചലച്ചിത്രം.
നിർമ്മാണ പ്രവർത്തനങ്ങളിൽ വന്ന കാലതാമസവും, പലയാവർത്തി മാറ്റിവെച്ച റിലീസിംഗും ചിത്രത്തെ പ്രതികൂലമായി തന്നെ ബാധിച്ചു.
എം ടി വാസുദേവൻ നായരുടെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് വെള്ളത്തിന്റെ തിരക്കഥ കൊമേഴ്സ്യൽ ചേരുവകൾ എല്ലാം ചേർന്നതായിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു ചുവടുമാറ്റം ആയി കാണാൻ സാധിക്കുമോ എന്നറിയില്ല. പിന്നീട് വന്ന "അടിയൊഴുക്കുകൾ" പോലുള്ള ചിത്രങ്ങളിൽ ഈ മാറ്റത്തിന്റെ അടയാളപ്പെടുത്തലുകൾ നമുക്ക് കാണാൻ സാധിക്കും.
അന്നത്തെ കാലത്തെ ഒട്ടുമിക്ക നടീനടന്മാരും അഭിനയിച്ച ചിത്രമായിരുന്നു വെള്ളം. പ്രേം നസീർ, മധു,കെ ആർ വിജയ, മേനക,സത്താർ,ബാലൻ കെ നായർ,അടൂർ ഭാസി,ബഹദൂർ, സുകുമാരി, ആറന്മുള പൊന്നമ്മ, ജികെ പിള്ള അങ്ങനെ നീളുന്നു ആ താര നിര.
കവി മുല്ലനേഴിയുടെ വരികൾക്ക് ജി ദേവരാജൻ മാഷ് ആയിരുന്നു സംഗീതസംവിധാനം നിർവഹിച്ചത്.
"കോടനാടൻ മലയിലെ...... "
"സൗരയൂഥ പഥത്തിൽ ഏതോ..... "
തുടങ്ങിയ മനോഹരമായ ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. ഇതിന്റെ പശ്ചാത്തല സംഗീത നിർവഹിച്ചത് ആകട്ടെ സലിം ചൗധരിയും.
ഈ ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ചവർ എല്ലാം കഴിവുറ്റവരായിരുന്നു. ഛായാഗ്രഹണം മെ ല്ലി ഇറാനിയും, കലാസംവിധാനം എസ് കൊന്നനാട്ടും നിർവഹിച്ചു.
ഇത്രയധികം പ്രതിഭകൾ അണിനിരന്നിട്ടും ബോക്സ് ഓഫീസിൽ ചിത്രം കാലിടറി വീണു. വൻ സാമ്പത്തിക ബാധ്യതയാണ് ചിത്രം വരുത്തിവെച്ചത്.
മധു അവതരിപ്പിക്കുന്ന മാത്തുണ്ണി എന്ന കഥാപാത്രമാണ് ഈ ചിത്രത്തിൽ മുന്നിൽ നിൽക്കുന്നത്. മധ്യതിരുവിതാംകൂറിൽ നിന്ന് കുടിയേറി, കൊടുംകാട് വെട്ടിതെളിച്ച്, വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തുന്ന മാത്തുണ്ണി എന്ന കഥാപാത്രത്തിലൂടെ വെള്ളത്തിന് ജീവൻ വയ്ക്കുന്നു.
കോവിലകത്തെ കണക്കെഴുത്തുകാരനായ കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെ പ്രേംനസീർ അവതരിപ്പിക്കുന്നു. ഇയാൾ മാത്തുക്കുട്ടിയുടെ സുഹൃത്താണ്. ഇവർ തമ്മിലുള്ള മത്സരിച്ചുള്ള ഒരു പിടി അഭിനയം മുഹൂർത്തങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.
അവസാന രംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന വെള്ളപ്പൊക്കം അന്നത്തെ കാലത്ത് ഒരു അത്ഭുതം തന്നെയായിരുന്നു. വലിയൊരു കോവിലകം വെള്ളത്തിൽ മുങ്ങുന്നതൊക്കെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് ഒന്നുമില്ലാത്ത കാലഘട്ടമാണെന്ന് ഓർക്കണം.
മലയാള സിനിമ ചരിത്രത്താളുകളിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു ചിത്രം.... പക്ഷേ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി.
ചിലത് അങ്ങനെയാണ്..... കാലം കുറെ കടന്നുപോയി കഴിയുമ്പോൾ ആ മഹത്വം നാം തിരിച്ചറിയും. ഇന്ന് ഈ ചിത്രം കാണുമ്പോൾ ആ തിരിച്ചറിവ് നമ്മളിൽ പലർക്കും ഉണ്ടാകുന്നു.
തുടരും
ദൈവത്തിന്റെ വികൃതികൾ (1992)
എം മുകുന്ദന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. "മയ്യഴിപ്പുഴയുടെ തീരങ്ങളിൽ" വായിച്ചു കഴിഞ്ഞപ്പോൾ കിട്ടിയ സംതൃപ്തി ചിത്രം കണ്ടപ്പോൾ കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ലെന്നേ ഉത്തരം പറയാൻ ആകൂ. ഈ നോവൽ ചലച്ചിത്രമാക്കിയപ്പോൾ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കണ്ടതും. നോവൽ നമ്മൾ വായിക്കുമ്പോൾ മയ്യഴിക്കും അതിലെ കഥാപാത്രങ്ങൾക്ക് ഒപ്പം ആ ദേശത്തിലൂടെ നാം സഞ്ചരിക്കുന്നത് പോലെ തോന്നും. എന്നാൽ സിനിമയിൽ കാലഘട്ടത്തിന് പ്രസക്തി ഇല്ലാത്തതുപോലെ തോന്നിപ്പോകും.
എന്നിരുന്നാലും ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ആവർത്തി തീർച്ചയായും കാണാം.
മായാജാലക്കാരനായ അൽഫോൻസാച്ചന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ഫ്രഞ്ചുകാർ മാഹി വിട്ടു പോയിട്ടും മാഹിയോടുള്ള സ്നേഹത്തെ പ്രതി മാഹിയിൽ തുടരുന്ന അയാൾക്ക് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ..... അതിൽ നിന്നും അഭയം കണ്ടെത്താൻ അയാൾ മദ്യപാനി ആയിത്തീരുന്നു.
അയാളുടെ ഭാര്യ മഗ്ഗി മദാമ്മയ്ക്ക് അയാളോട് എന്നും അമർഷമായിരുന്നു. കാരണം സമൃദ്ധിയുടെ വാഗ്ദത്ത ഭൂമിയായ ഫ്രാൻസിന് പോകാത്തതിന്റെ ദേഷ്യമായിരുന്നു മദാമ്മയുടെ മനസ്സ് മുഴുവൻ. മകൻ മൈക്കിൾ ഒരു അവസരം കിട്ടിയപ്പോൾ ഫ്രാൻസിലേക്ക് കടന്നു. മകൾ എൽസി അവർക്കൊപ്പം കഴിയുന്നു.
ഫ്രഞ്ചുകാർ സ്വദേശത്തേക്ക് മടങ്ങിയപ്പോൾ ദാരിദ്ര്യത്തിലേക്ക് വീണുപോയ നാട്ടുകാർക്ക് മുമ്പിൽ അൽഫോൻസാച്ചന്റെ ജാല വിദ്യകൾ ഏറ്റില്ല. അയാളുടെ കുടുംബം പട്ടിണിയിലേക്ക് നീങ്ങി. മാഹി പഴയ മാഹി അല്ല എന്നുള്ള കാര്യം അയാൾ അറിഞ്ഞില്ല.
കാരണം അയാൾ സ്വയം തീർത്ത ജാലവിദ്യകളുടെ സ്വപ്നലോകത്തായിരുന്നു.
രഘുവരൻ, ശ്രീവിദ്യ,മാളവിക, തിലകൻ, വിനീത്, സുധീഷ്, രാജൻ പി ദേവ് തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. അൽഫോൻസാച്ചനായി രഘുവരനും, മഗ്ഗി മദാമ്മ യായി ശ്രീവിദ്യയും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
1992ലെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ശ്രീവിദ്യ നേടി. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രവും ഇതായിരുന്നു.
ഈ ചിത്രത്തിൽ " ഇരുളിൽ മഹാനിദ്രയിൽ നിന്നും " എന്നു തുടങ്ങുന്ന ഒരു മനോഹരമായ കവിതയുണ്ട്. അത് ആലപിച്ചിരിക്കുന്നത് മധുസൂദനൻ നായരാണ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് ഈ വരികളിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത്.
മയ്യഴിയെ സ്നേഹിച്ച അൽഫോൻസാച്ചനും, അയാളെ പുച്ഛത്തോടെ കാണുന്ന മഗ്ഗി മദാമ്മയും, ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന അവരുടെ മകൾ എൽസിയും, എല്ലാറ്റിനും ഉപരി മയ്യഴി എന്ന ഗ്രാമവും.... ആ ഗ്രാമത്തിലെ മനുഷ്യരും..... ദൈവത്തിന്റെ വികൃതികളിൽ നിറഞ്ഞു നിൽക്കുന്നത് ഇവരൊക്കെയാണ്.
ഒരു നോവൽ ചലച്ചിത്രം ആകുമ്പോൾ നാം ആദ്യം ശ്രദ്ധിക്കേണ്ടത് അത്, ആ, കഥ പറയുന്ന കാലഘട്ടത്തോട് നീതിപുലർത്തുന്നുണ്ടോ എന്നാണ്.... അങ്ങനെയെങ്കിൽ അത് പ്രേക്ഷകന് ആസ്വാദന യോഗ്യമായി തീരും. മറിച്ച് കാലഘട്ടത്തെ മറന്ന് കഥാപാത്രങ്ങളുടെ ജീവിതം മാത്രം സിനിമയിൽ കേന്ദ്രീകരിക്കുമ്പോൾ അത് ആ ചലച്ചിത്രത്തിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തും. അങ്ങനെ ഒരു അനുഭവം ഈ ചിത്രത്തിൽ നിന്ന് ഉണ്ടായതുപോലെ എനിക്ക് തോന്നുന്നു.
വിമർശനത്തെക്കാൾ ഉപരി ഒരു നല്ല സാഹിത്യസൃഷ്ടിയെ തന്റെ പരിമിതികളിൽ നിന്നുകൊണ്ട് മനോഹരമാക്കാൻ സംവിധായകൻ ലെനിൻ രാജേന്ദ്രൻ ശ്രമിച്ചിട്ടുണ്ട്.
ഈ ചിത്രത്തിന്റെ കഥാപാത്രങ്ങൾക്ക് ഒപ്പം ആണ് അദ്ദേഹം സഞ്ചരിച്ചിരിക്കുന്നത്. ആ കഥാപാത്രങ്ങളുടെ നോവ് ഈ ചിത്രം കണ്ടു കഴിയുമ്പോൾ നമ്മുടെ മനസ്സിനെയും നൊമ്പരപ്പെടുത്തും. മയ്യഴിയുടെ സൗന്ദര്യത്തെക്കാൾ ഏറെ, അവിടെ ജീവിച്ച കുറച്ചു മനുഷ്യരുടെ ജീവിതനൊമ്പരങ്ങളാണ് ഈ ചിത്രം പ്രേക്ഷകനു മുന്നിൽ വരച്ചിടുന്നത്.
തുടരും
ഒരു വടക്കൻ വീരഗാഥ (1989)
വടക്കൻ പാട്ടുകളെ ആസ്പദമാക്കി, ഗ്രഹലക്ഷ്മി പ്രൊഡക്ഷന്സിന്റെ ബാനറിൽ, എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി,ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
വടക്കൻ പാട്ടുകൾ ഏറ്റവും കൂടുതൽ ഇറങ്ങിയിരിക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലാണ്. വടക്കൻ പാട്ടുകൾ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം അത് കേരളത്തിന്റെ തനതായ മഹിമ വിളിച്ചോതുന്ന ഒന്നായിരുന്നു. ഒരു മുത്തശ്ശി കഥ പോലെ എന്നും മലയാളികൾ അത് ആസ്വദിച്ചിട്ടുമുണ്ട്.
വടക്കൻ പാട്ടിന്റെ ചരിത്രത്തിൽ നിന്നും ഒരല്പം മാറി ചതിയൻ ചന്തുവിന് മറ്റൊരു മുഖം നൽകുകയാണ് എം. ടി ഈ ചിത്രത്തിലൂടെ ചെയ്തത്. ചതിയനായ ചന്തുവിനെ നീതിയുടെ ഭാഗത്തേക്ക് ചേർത്ത് നിർത്താൻ ഒരു ശ്രമം....
ഈ കഥ മലയാളികൾക്ക് എല്ലാം സുപരിചിതമാണ്. ആരോമൽ ചേകവരെ ചതിയിലൂടെ വക വരുത്തുന്ന ചന്തുവിനെ വടക്കൻ പാട്ടിൽ ചതിയൻ ചന്തു എന്ന ഓമന പേരിട്ടാണ് വിളിക്കുന്നത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമാണ് എം ടി ഈ ചലച്ചിത്രത്തിൽ അവതരിപ്പിക്കുന്ന ചന്തു.
ചന്തുവിന്റെ മാനസിക സംഘർഷങ്ങളാണ് എം ടി വാസുദേവൻ നായർ ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നത്. എന്നാൽ അത് ചരിത്രത്തോട് നീതിപുലർത്തുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നാം. പക്ഷേ സിനിമ കാണുമ്പോൾ ആ ചന്തുവിലും നമുക്ക് എന്തൊക്കെയോ കണ്ടെത്താൻ സാധിക്കും. അയാളും ഒരു മനുഷ്യനാണെന്ന ചിന്തയിൽ പ്രേക്ഷകർക്ക് അയാളെ ഉൾക്കൊള്ളാവുന്ന വിധത്തിലാണ് എം. ടി ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.
ആ രൂപപ്പെടുത്താൻ നൂറു ശതമാനവും എം ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.
മമ്മൂട്ടി, ബാലൻ കെ നായർ,സുരേഷ് ഗോപി, മാധവി,ഗീത, ക്യാപ്റ്റൻ രാജു, സുകുമാരി,ചിത്ര തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.
കെ ജയകുമാർ, കൈതപ്രം എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ബോംബെ രവിയാണ്.
മനോഹര ഗാനങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ ചിത്രം.
"ചന്ദനലേപ സുഗന്ധം...... "
"എന്തിനിവിടം പറയുന്നു അച്ഛാ.... "
"ഇന്ദുലേഖ കൺ തുറന്നു...... "
"കളരി വിളക്ക് തെളിഞ്ഞതാണോ.... "
"ഉണ്ണി ഗണപതി തമ്പുരാനെ...... "
എന്നിവയാണ് ഇതിലെ ഗാനങ്ങൾ. വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തോട് ചേർന്ന് നിൽക്കുന്ന മനോഹരമായ ഗാനങ്ങളാണ് ഇതെല്ലാം.
ചരിത്രത്തിൽ ചന്തു എന്നും ചതിയനാണ്. ആ ചതിക്ക് പുസ്തകത്താളുകളിൽ അതിന്റേതായ തെളിവുകളും ഉണ്ട്. വടക്കൻ മലബാറിന്റെ ചരിത്രത്തിൽ വടക്കൻ പാട്ടുകളിലൂടെ കേൾക്കുന്ന കഥകൾ മുഴുവൻ ചേകവന്മാരുടെ വീരഗാഥകൾ ആണ്. വീര ചേകവന്മാർ വാഴുന്ന നാട്ടിൽ അവരുടെ വീരഗാഥകൾ പാണന്മാർ പാടി നടക്കുന്നതിൽ അത്ഭുതപ്പെടാനില്ല.ചോരത്തിളപ്പിന്റെ ഒത്തിരി കഥകളുമായി തച്ചോളി ഒതേനനും, ആരോമലുണ്ണിയും, കണ്ണപ്പൻ ചേകവരും,അരിങ്ങോടരും,ഉണ്ണിയാർച്ചയും അങ്ങനെ നീളുന്നഒത്തിരിയേറെ പേർ അരങ്ങു വാഴുമ്പോൾ അതിൽ നിന്നെല്ലാം വിഭിന്നമായി ഒരു ചതിയൻ ചന്തു വേറിട്ട് നിൽക്കുന്നു. അയാളുടെ മനസ്സിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ ചിത്രത്തിലൂടെ എം. ടി വരച്ചു കാട്ടുന്നത്.
ഇവിടെ ചന്തുവിന്റെ സ്ഥാനം എന്താണെന്ന് ചോദിച്ചാൽ അതിന് ഒരു ചതിയുടെ കഥ പറയാനുണ്ടാകും. ആ ചന്തുവിന് ഒരു പുനർജന്മം നൽകുകയാണ് എം ടി വാസുദേവൻ നായർ ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.
മമ്മൂട്ടി എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ തന്നെയാണ് ഈ ചിത്രത്തിലെ ചന്തു എന്ന കഥാപാത്രം. സംഭാഷണത്തിൽ അദ്ദേഹം പുലർത്തിയിരിക്കുന്ന ശൈലി എടുത്തു പറയേണ്ടതാണ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന സംഭാഷണ രംഗങ്ങൾ അദ്ദേഹത്തിന്റെ മികവുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ടവയാണ്. 1989 ലെ ഏറ്റവും നല്ല നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ ഈ ചിത്രത്തിലൂടെ അദ്ദേഹം നേടി.
മലയാളത്തിലെ എക്കാലത്തെയും മികച്ച ഈ ക്ലാസിക് ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ നാം ഓർക്കേണ്ട മറ്റൊരു പേരാണ് സംവിധായകൻ ഹരിഹരന്റേത്. അത്രയേറെ കിടയറ്റ രീതിയിലാണ് അദ്ദേഹം ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കാലഘട്ടത്തെ പുനര അവതരിപ്പിക്കുമ്പോൾ അതിനോട് തീർച്ചയായും നീതിപുലർത്തണം. ഈ ചിത്രത്തിലെ കലാസംവിധാനം ചെയ്തിരിക്കുന്ന കൃഷ്ണമൂർത്തിയും, വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന നടരാജനും തങ്ങളുടെ ജോലി ഭംഗിയായി തന്നെ നിർവഹിച്ചു.
അരിങ്ങോടരായി അഭിനയിച്ച ക്യാപ്റ്റൻ രാജുവും, ആരോമൽ ചേകവരായി എത്തിയ സുരേഷ് ഗോപിയും, തങ്ങളുടെ റോളുകൾ മികവുറ്റതാക്കി. സ്ത്രീ കഥാപാത്രങ്ങളിൽ മികച്ചതായി നിന്നത് ഉണ്ണിയാർച്ചയായി അഭിനയിച്ച മാധവി ആയിരുന്നു.
പുതുമുഖങ്ങളെ വെച്ച് തുടങ്ങാനിരുന്ന ഈ ചിത്രം അവസാനം മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളിലേക്ക് എത്തിപ്പെടുകയായിരുന്നു. അങ്ങനെയാണ് ഒരു വടക്കൻ വീരഗാഥ എന്ന ക്ലാസിക് ചിത്രം പിറവിയെടുത്തത്.
ഇന്നും വടക്കൻപാട്ട് ചലച്ചിത്രം എന്ന് കേൾക്കുമ്പോൾ മലയാളി ആദ്യം ഓർക്കുക ഒരു വടക്കൻ വീരഗാഥയെ ആയിരിക്കും. കാരണം മലയാളിയോടും മലയാളത്തോടും അത്രയധികം ചേർന്നു നിൽക്കുന്നതാണ് ഈ വീരഗാഥ.
തുടരും
ദൂരം അരികെ (1980)
1980ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൂരം അരികെ. സുന്ദര രാജന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആലപ്പി ഷെരീഫ് ആണ്. ഈ ചിത്രത്തിൽ എടുത്തു പറയേണ്ടത് ഇതിലെ മനോഹര ഗാനങ്ങൾ ആണ്. അതുതന്നെയാണ് ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചതും.
ഒഎൻവിയുടെ രചനയിൽ ഇളയരാജ സംഗീതം പകർന്ന മൂന്നു ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.
"മലർത്തോപ്പിതിൽ കിളികൊഞ്ചൽ ആയി മണി തെന്നലായി വാ.... "
"അരികെ എന്നാകിലും ഇനി എത്ര ദൂരം... "
"മാൻകിടാവേ എന്നെന്നും ഒരു അമ്പേറ്റ് മുറിഞ്ഞെന്നോ...... "
എന്നിവയാണ് ഇതിലെ ശ്രദ്ധേയമായ മൂന്നു ഗാനങ്ങൾ. രചന വൈഭവം കൊണ്ടും സംഗീതം കൊണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇമ്പമേറിയ ഗാനങ്ങളാണ് ഇവ. ഇളയരാജ എന്ന തമിഴ് സംഗീത സംവിധായകൻ മലയാളത്തിന് നൽകിയ ഒരു പിടി നല്ല ഗാനങ്ങളിൽ മികച്ചവയാണ് ഇതെന്ന് അടിവരയിട്ട് പറയാം..
ഇനി ചിത്രത്തിലേക്ക് വരികയാണെങ്കിൽ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജേസി ആണ്.
ഫാദർ മൈക്കിളിന്റെ ഓർമ്മകളിലൂടെയാണ് ഈ കഥ തുടങ്ങുന്നത്. അദ്ദേഹം തന്റെ പഴയ സഹപാഠി ഷേർളിയെ മദ്യപിച്ച് സമനില തെറ്റിയവളെ പോലെ മറ്റുള്ളവർക്ക് ഒപ്പം കാണുന്നു. ഈ രംഗം അദ്ദേഹത്തെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു.
വേണുവും ജെയിംസും ഷെർലിയും ഒരേ കോളേജിലെ സഹപാഠികൾ ആണ്. വേണുവിന് ഷേർലിയോട് തോന്നുന്ന ഇഷ്ടം അയാൾ തുറന്നു പറയുന്നു. എന്നാൽ ഒരു അന്യമതക്കാരനായ വേണുവിന്റെ പ്രണയം അവൾ നിരസിക്കുന്നു. അവൾക്ക് ഇഷ്ടം ജെയിംസിനെ ആയിരുന്നു. ഷെർലിക്ക് വേണ്ടി വേണു ക്രിസ്ത്യാനിയായി മാറുന്നു. അവിടെയും വേണുവിന്റെ പ്രണയം പരാജയപ്പെടുകയാണ്. അങ്ങനെയാണ് അയാൾ ഫാദർ മൈക്കിൾ ആയി മാറുന്നത്.
കോളേജ് ജീവിതത്തിനുശേഷം ഓരോരുത്തരായി ഓരോ വഴിക്ക് തിരിയുന്നു. പക്ഷേ ഇവിടെ ഷേർളിയുടെയും ജെയിംസിന്റെയും പ്രണയവും പരാജയപ്പെടുകയാണ്. ജെയിംസ് മറ്റൊരു വിവാഹം കഴിക്കുന്നു. എല്ലാം മറക്കാൻ എന്നപോലെ ഷെർലി മദ്യത്തിന് അടിമയാകുന്നു.
ഇന്ന് ഫാദർ മൈക്കിൾ അനാഥരായ കുട്ടികൾക്ക് വേണ്ടി ഒരു അനാഥമന്ദിരം നടത്തുകയാണ്. ഇതിനിടെ ജെയിംസിന്റെ ഒരു കാല് നഷ്ടപ്പെടുന്നു. അവസാനം അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുന്നു. ഈ ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഇവരെല്ലാം വന്നുചേരുന്നത് ഫാദർ മൈക്കിളിന്റെ അടുത്താണ്.
ജെയിംസിന്റെയും ഷെർലിയുടെയും പുനഃ സമാഗമത്തോടെ ഈ ചിത്രം പൂർത്തിയാകുമെന്ന് നാം കരുതുന്നുണ്ടെങ്കിലും അവസാനം ഫാദർ മൈക്കിളിന്റെ മരണത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
നല്ല രീതിയിൽ അവസാനിക്കേണ്ട ഒരു ചിത്രം, അതിനാടകീയ രംഗങ്ങൾ കുത്തിനിറച്ച് അവസാനിപ്പിക്കേണ്ടി വരുന്നതിന്റെ കാരണത്തെപ്പറ്റി നാം പരിശോധിക്കുമ്പോൾ, തീർച്ചയായും സംവിധായകൻ സ്ത്രീ പ്രേക്ഷകരുടെ കണ്ണുനീർ തന്നെയായിരിക്കും ഉദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള രംഗങ്ങൾ പഴയകാല ഒട്ടുമിക്ക ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കും.
ഷെർലിയുടെ കുടുംബാന്തരീക്ഷത്തിലൂടെയും ഈ ചിത്രം കടന്നു പോകുന്നുണ്ട്. അഭിനേതാക്കളുടെ കാര്യത്തിൽ മുന്നിട്ടുനിൽക്കുന്നത് സോമന്റെയും സുകുമാരന്റെയും അഭിനയമാണ്.
തങ്ങൾക്ക് കിട്ടിയ കഥാപാത്രം മനോഹരമായി തന്നെ രണ്ടുപേരും അവതരിപ്പിച്ചിട്ടുണ്ട്.ഈ സമയത്ത് ഇറങ്ങിയ ഇവരുടെ ചിത്രങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇവർക്ക് കിട്ടിയ ഭൂരിഭാഗം കഥാപാത്രങ്ങളും ജ്യേഷ്ഠൻ അനുജന്മാരോ കവല ചട്ടമ്പി മാരോ ഒക്കെ ആയിരിക്കും. അതിൽനിന്ന് വിഭിന്നമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ.
ഷേർളി എന്ന കഥാപാത്രം അംബികയുടെ കയ്യിൽ ഭദ്രമായിരുന്നോ എന്ന് സംശയം തോന്നാം. മദ്യപിച്ചതിനുശേഷം ഉള്ള അവരുടെ അഭിനയം ഇടയ്ക്കിടെ കൈവിട്ടത് പോലെ തോന്നുമായിരുന്നു.
കെ പി ഉമ്മർ, ബഹദൂർ, പപ്പു, ആലംമൂടൻ, ശങ്കരാടി, ശ്രീവിദ്യ കെപിഎസി ലളിത അങ്ങനെ നല്ലൊരു താരനിരയുണ്ട് ഈ ചിത്രത്തിൽ.
ജേസി എന്ന സംവിധായകനെ കുറിച്ച് ഓർക്കുമ്പോൾ അദ്ദേഹം കുറേ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയം വരിച്ച ചിത്രങ്ങൾ കുറവാണ്. ആ കുറവ് പരിഹരിക്കാൻ ഈ ചിത്രത്തിന് ആയോ എന്നറിയില്ല.
ഞാൻ ആദ്യം പറഞ്ഞതുപോലെ ഇതിലെ മനോഹരമായ ഗാനങ്ങളെ പറ്റി കേട്ടതുകൊണ്ടാണ് ഞാൻ ഈ ചിത്രം കാണാൻ ആഗ്രഹിച്ചത് തന്നെ. പിന്നെ ഇളയരാജ എന്ന സംഗീത സംവിധായകന്റെ പേരുകൂടി കേട്ടപ്പോൾ ആ ആഗ്രഹം ഒരു പടി കൂടി വർദ്ധിച്ചു. ഗാനങ്ങളെ മാറ്റി നിർത്തിയാൽ ഈ ചിത്രം പൂർണ്ണ സംതൃപ്തി നൽകിയോ എന്ന് ചോദിച്ചാൽ, ഒരു കൊച്ചു കഥയെ അധികം വിരസത ഒന്നും തോന്നാത്ത വിധത്തിൽ അവതരിപ്പിക്കാൻ ജേസി എന്ന സംവിധായകന് ഈ ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഒരു വാക്ക്,
ബാല്യത്തിൽ സിനിമ എനിക്ക് ഒരു അത്ഭുത ലോകമായിരുന്നു. ഓലമേഞ്ഞ സിനിമ കൊട്ടകക്കുള്ളിൽ വെള്ളത്തുണിയിൽ മാറിമറിയുന്ന രൂപങ്ങളെ ആരാധനയോടെ കണ്ടിരുന്ന കാലം. പണ്ട് സിനിമ കൊട്ടകയിൽ നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയിരുന്ന സിനിമാഗാനങ്ങൾക്ക് വേണ്ടി കാതോർത്ത് ഇരുന്നിട്ടുണ്ട്. ഒരു ഗ്രാമത്തിലുള്ളവരുടെ ഒത്തുചേരൽ ഒക്കെ ഈ സിനിമാ ടാക്കീസുകളിലൂടെ ആയിരുന്നു.
നിലത്തിരുന്ന് സിനിമ കണ്ടിരുന്ന സ്ഥാനത്ത് ബെഞ്ചും കസേരയും പിന്നീട് സ്ഥാനം പിടിച്ചു. സത്യനും നസീറും മധുവും മാറി സുകുമാരനും സോമനും ജയനും കടന്നു വന്നു. അവരെ മറികടന്ന് മമ്മൂട്ടിയും മോഹൻലാലും റഹ്മാനും ഒക്കെ വന്നു... പണ്ട് സ്കൂളിൽ ധന ശേഖരണാർത്ഥം സിനിമ കാണിച്ചിരുന്നത് ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. അങ്ങനെ കണ്ട സിനിമയായിരുന്നു " ഭൂമിദേവി പുഷ്പിണിയായി ".
കറുപ്പും വെളുപ്പും കടന്ന് കളറിന്റെ ലോകത്തിലായി സിനിമ. കാലങ്ങൾ മാറിമറിഞ്ഞപ്പോൾ സിനിമയും ഇന്ന് ഒത്തിരിയേറെ വളർന്നു. ഗ്രാഫിക്സ് കൊണ്ട് മായാജാലങ്ങൾ കാണിക്കുന്ന ലോകത്താണ് ഇന്ന് സിനിമ. പക്ഷേ ഈ വളർച്ചയിലും ജീവിത മൂല്യങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കാൻ പഴമ തേടി പോകണം.
ഇന്നലെകളിലെ നന്മകൾ അന്യമായ ലോകത്ത് ഇന്നിന്റെ പേക്കൂത്തുകൾ തിരശ്ശീലയിൽ നിറഞ്ഞാടുകയാണ്. ഒരു ചിത്രം റിലീസായി കഴിഞ്ഞാൽ ആ സിനിമയെ വിജയിപ്പിക്കുന്നതും നശിപ്പിക്കുന്നതും ഇന്ന് പ്രേക്ഷകർ അല്ല... മറിച്ച് ഇവിടത്തെ യൂട്യൂബ് കാരാണ്. എല്ലാവർക്കും അവരവരുടെ വഴറ്റിപ്പിഴപ്പാണല്ലോ വലുത്.
ആഘോഷങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ ജീവിതബന്ധങ്ങളുടെ ആഴം മനസ്സിലാക്കാനും,കെട്ടുകാഴ്ചകളുടെ ഭാരമില്ലാതെ മനസ്സ് തുറന്ന് ചിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പഴയ ചിത്രങ്ങൾ തിരഞ്ഞെടുക്കാം. ചിലപ്പോൾ ആ തിരഞ്ഞെടുക്കൽ ഇന്നലകളുടെ ഓർമ്മയിലേക്കുള്ള ഒരു മടങ്ങി പോകാലാവും.
പഴയകാല കുറച്ചു ചിത്രങ്ങളെ ഞാനിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തി. തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിനും, ഒപ്പം തന്നെ നൽകിയ പ്രോത്സാഹനത്തിനും നന്ദി... ഇനിയും നല്ല കുറച്ചു ചിത്രങ്ങളുമായി പിന്നീട് നമുക്ക് കാണാം. അതുവരെ ചെറിയൊരു ഇടവേള.