രസകരമായ ഒരു കാര്യം നിങ്ങൾക്ക് ചെയ്തു നോക്കാം. ഒരു കടലാസിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ വൃത്തം വരയ്ക്കുക. അത് "ഇന്ന്" ( Today ) എന്ന പദത്തെയാണ് സൂചിപ്പിക്കുന്നത് എന്നും കരുതുക. ഇനി നിങ്ങൾ ചെയ്യേണ്ടത്, "നാളെ" (Tomorrew) എന്ന പദത്തെ സൂചിപ്പിക്കാൻ മറ്റൊരു വൃത്തം വരയ്ക്കുക എന്നുള്ളതാണ്. ആദ്യം വരച്ച വൃത്തത്തിന്റെ ഏതു ഭാഗത്തായിരിക്കും നിങ്ങൾ പുതിയ വൃത്തം വരയ്ക്കുക? അതിനു ശേഷം ഇതേ കാര്യം അറബി സംസാരിക്കുന്ന ഒരാളോടോ, മാൻഡറിൻ സംസാരിക്കുന്ന ഒരാളോടോ ആവശ്യപ്പെടുക.
എഴായിരത്തോളം വരുന്ന ലോകഭാഷകളിൽ, അര ശതമാനം മനുഷ്യർ ഉപയോഗിക്കുന്ന നമ്മുടെ ഭാഷ എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കുന്നത് രസാവഹമാകും. ഭാഷ ഉപയോഗിക്കുന്നതിലൂടെ പലതരത്തിലുള്ള വിവരങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നു. വസ്തുതകൾ, വസ്തുക്കളുടെ ഭാവങ്ങൾ, ഗുണങ്ങൾ, നൽകുന്ന വ്യക്തിയുടെ വികാരങ്ങൾ, സ്വീകരിക്കുന്ന ആളിൽ ഉണർത്തേണ്ട വികാരങ്ങളൾ ഒക്കെ ഭാഷയുടെ ക്രയവിക്രയത്തിലൂടെ കടത്തിവിടുന്നു.
ഭാഷകൾ പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. ഓസ്ട്രേലിയൻ അബോറിജിനുകൾ ഉപയോഗിക്കുന്ന ഒരു ഭാഷയിൽ, ഇടതിനും വലതിനും സമാനമായ വാക്കുകളില്ല എന്നത് നമ്മെ അമ്പരപ്പിക്കും. എന്നാൽ മറ്റു ഭാഷ ഉപയോഗിക്കുന്ന മനുഷ്യരേക്കാൾ ദിശാബോധം ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഉണ്ട് എന്നുള്ളത് തെളിയിക്കപ്പെട്ട കാര്യമാണ്. ഇടത് വലത് എന്നീ വാക്കുകൾക്ക് പകരം അവർ ഉപയോഗിക്കുന്നത് കിഴക്ക്, പടിഞ്ഞാറ്, തെക്ക്,വടക്ക് തുടങ്ങി ദിശയെ പ്രതിഫലിപ്പിക്കുന്ന വാക്കുകളാണ്. എസ്കിമോകൾ ഉപയോഗിക്കുന്ന ഭാഷകളിൽ, മഞ്ഞു/ഐസ് എന്ന ആശയം വരുന്ന ധാരാളം പദങ്ങളുണ്ട്. ഒരു പ്രത്യേക വിഭാഗക്കാർ ഉപയോഗിക്കുന്ന ഭാഷയിൽ 70 ൽപ്പരം വാക്കുകൾ ഉണ്ട് എന്നത് നമ്മെ അത്ഭുതപ്പെടുത്തും.
ചില ഭാഷകളിൽ വാക്കുകൾ; പ്രത്യേകിച്ച് നാമപദങ്ങൾ; പുല്ലിംഗമോ സ്ത്രീലിംഗമോ ആയിരിക്കും. അചേതനമായ വസ്തുക്കൾക്ക് പൗരുഷമോ സ്ത്രൈണമോ ആയ ഗുണത്തിന്റെ ഒരു അടരുകൂടി ചേർത്തുകൊണ്ടാണ് ഈ ഭാഷകളിൽ ആശയവിനിമയം നടത്തുന്നത്. നമുക്ക് പരിചയമുള്ള ഭാഷയായ സംസ്കൃതത്തിൽ വാക്കുകൾക്ക് ജെൻഡർ ഉണ്ട്. ഫ്രഞ്ചിനും സ്പാനിഷിനും ജർമ്മനും ഹിബ്രുവിനും ഈ പ്രത്യേകതയുണ്ട്. പക്ഷേ ഇതൊന്നും ഏകതാനമല്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഫ്രഞ്ച് ഭാഷയിൽ സൂര്യൻ പുരുഷനാണെങ്കിൽ, ജർമൻ ഭാഷയിൽ സൂര്യൻ സ്ത്രീയാണ്. ചന്ദ്രമാസത്തിന്റെ ദൈർഖ്യവും, ആർത്തവ ചക്രത്തിന്റെ ദൈർഖ്യവും ഒന്നായതിനാലാണ്, ചില പ്രദേശങ്ങളിൽ ചന്ദ്രനെ സ്ത്രീയായി കാണുന്നതും, അതിനുള്ള പദം സ്ത്രീലിംഗ പദമായി ഉപയോഗിക്കുന്നതും എന്ന് വാദിക്കുന്നവരുണ്ട്.
മലയാളത്തിലെ കർമ്മപദങ്ങൾക്ക് ലിംഗവ്യത്യാസം ഇല്ലെങ്കിലും, ചില പദങ്ങൾക്ക് ലിംഗഭാവം ഉണ്ട്. സൂര്യൻ നമുക്ക് പുരുഷ സ്വഭാവമുള്ള ഒരു വസ്തുവാണ്. ഒരുപക്ഷേ സംസ്കൃതത്തിന്റെ സ്വാധീനം കൊണ്ടാവാം ഇങ്ങനെ സംഭവിച്ചത്. അല്ലെങ്കിൽ, ദയാരഹിതനായി ജ്വലിക്കുന്നത് കൊണ്ടാവാം സൂര്യൻ പുരുഷനായി കണക്കാക്കപ്പെടുന്നത്. പുഴ നമുക്ക് സ്ത്രീയാണ്. അലസഗമനയായതുകൊണ്ടാകാം പുഴയെ നാം 'അവൾ' എന്നു വിളിക്കുന്നത്. പുഴയെ നമ്മൾ അവൻ എന്ന് വിളിച്ചാൽ ഭാഷാപരമായി ആരും അതിനെ ചോദ്യം ചെയ്യില്ല. സൂര്യന് സ്ത്രൈണത ചാർത്തിക്കൊടുത്താൽ ആരുമത് തെറ്റായിപ്പോയി എന്ന് പറയില്ല. അത് നമ്മുടെ ഭാഷ അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്.
ഒരേ കാര്യം പല ഭാഷകളിൽ പല രീതിയിലാണ് മനസ്സിലാക്കപ്പെടുന്നത്. അതിന് സാംസ്കാരികമായിട്ടുള്ള ബന്ധങ്ങളുണ്ട് എന്നതും കാരണമാണ്. വ്യത്യസ്തമായ രീതിയിൽ ഭാഷ ഉപയോഗിച്ച് തുടങ്ങിയാൽ, നമ്മുടെ ചിന്തകളെ പുതിയൊരു രീതിയിലേക്ക് മാറ്റുവാൻ കഴിയും എന്നും പഠനങ്ങളുടെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്നു.
ഭാഷ വികസിക്കുന്നത് മറ്റു ഭാഷകളിൽ നിന്ന് വാക്കുകൾ കടംകൊള്ളുമ്പോഴാണ്. നമ്മുടെ ഭാഷയിൽ മറ്റു പല ഭാഷകളിൽ നിന്നും ധാരാളം വാക്കുകൾ വന്നു ചേർന്നിട്ടുണ്ട്. ദ്രാവിഡ ഭാഷയായ തമിഴിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതുകൊണ്ട് ധാരാളം തമിഴ് പദങ്ങളും, പിന്നീട് സംസ്കൃതവുമായി ഉണ്ടായ ബന്ധത്തിലൂടെ അനേകം സംസ്കൃത പദങ്ങളും, നമ്മുടെ നാട്ടിൽ വന്നു പോയ വിദേശികളുടെ ഭാഷകളിൽ നിന്നുള്ള പദങ്ങളും ഇന്ന് മലയാള പദങ്ങളായി മാറിയിട്ടുണ്ട്. നാം അറിയുന്നില്ല എങ്കിലും നമ്മുടെ ഭാഷയിൽ അനുദിനം മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പദങ്ങൾക്ക് പുതിയ അർത്ഥതലങ്ങൾ ഉണ്ടായി വരുന്നു. മറ്റു ഭാഷകളിൽ നിന്നുള്ള വാക്കുകൾ മലയാളഭാഷയിലേക്ക് കടന്നു കയറുന്നു. ചില വാക്കുകൾ സ്വീകാര്യമല്ലാതായിത്തീരുന്നു. അനവസരങ്ങളിൽ ധാരാളമായി ഉപയോഗിച്ച് ചില വാക്കുകളും പ്രയോഗങ്ങളും വളരെ ബോറായി മാറുന്നു. ചില വ്യവഹാരങ്ങൾ ഇല്ലാതെവരുമ്പോൾ, അതുമായി ബന്ധപ്പെട്ട പദങ്ങൾ അരങ്ങൊഴിയുന്നു. 'ഡാറ്റ'യും, 'സിംകാർഡും', അടുത്തകാലത്തു കുടിയേറിയ വാക്കുകളാണ്.