ഇന്നലകൾ ശരിക്കും ഒരു ഓർമ്മയാണ്... ഓർമ്മപ്പെടുത്തലാണ്. ഓരോ കാലഘട്ടത്തിലും കടന്നുപോയ ജീവിതങ്ങൾ വരും തലമുറയ്ക്ക് വഴികാട്ടി ആയിരിക്കണം. പലപ്പോഴും സിനിമയെ നാം സമീപിക്കുമ്പോൾ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് പോലെ നമുക്ക് തോന്നും. ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലൂടെയാണ് ഇന്ന് സിനിമാലോകം കടന്നുപോകുന്നത്.
ഏതോ ഒരു മായാ ലോകത്ത് പ്രേക്ഷകനെ കൊണ്ട് ചെന്ന് എത്തിക്കുകയും അതിലൂടെ ലാഭം കൊയ്യുക എന്നതിലുപരി സാമൂഹികമായ ഒരു പ്രതിബദ്ധതയും ഇന്ന് സിനിമയ്ക്കില്ല. ഇതിൽനിന്ന് വ്യത്യസ്തമായിരുന്നു മലയാള സിനിമയുടെ വളർച്ച ആരംഭിക്കുന്ന കാലഘട്ടത്തിലെ ചിത്രങ്ങൾ. ആ കാലഘട്ടത്തിൽ ആ സമൂഹം എങ്ങനെയായിരുന്നോ ആ ജീവിത പശ്ചാത്തലവുമായി ഇണങ്ങിച്ചേർന്ന് നിൽക്കുന്ന കുറേയേറെ ചിത്രങ്ങൾ, കറുപ്പിലും വെളുപ്പിലും നമുക്ക് കാണാൻ സാധിക്കും...
അങ്ങിനെ കണ്ടിട്ടും മറക്കാത്ത കുറച്ച് ചിത്രങ്ങൾ... അവയ്ക്ക് ജീവിതവുമായി ബന്ധമുണ്ട്.... ജീവിത പശ്ചാത്തലവുമായി ബന്ധമുണ്ട്... ഇന്നലെയുടെ ജീവിതങ്ങളുടെ നേർക്കാഴ്ചയായിരുന്നു ആ ചിത്രങ്ങൾ....
കറുപ്പിലും വെളുപ്പിലും നീട്ടി വലിച്ച് കെട്ടിയ വെള്ളത്തുണിയിൽ ഓടി അകന്നു പോകുന്ന നിഴലാട്ടങ്ങളെ അത്ഭുതത്തോടെ കണ്ടിരുന്ന ഒരു ജനത.... അതൊരു തുടക്കമായിരുന്നു. സിനിമ എന്ന അത്ഭുത ലോകത്തിന്റെ തുടക്കം. കാലം കടന്നു പോയപ്പോൾ കറുപ്പിനും വെളുപ്പിനും പകരം വർണ്ണങ്ങൾ ആ വെള്ളത്തുണിയിലേക്ക് വാരി എറിഞ്ഞു... ഒരു സിനിമ രൂപം കൊള്ളാൻ തുടങ്ങുന്നതു മുതൽ ആ ചിത്രത്തെ സ്വപ്നം കണ്ടും, അതിലെ നായകനെ ആരാധിച്ചും ഒരു ജനത വളർന്നുവന്നു . കാലക്രമേണ സിനിമ വളർന്നു. സാങ്കേതികവിദ്യയുടെ ഓരോ പടികൾ ചവിട്ടി കയറി, പ്രേക്ഷകനെ മറ്റൊരു മായാലോകത്തേക്ക് കൊണ്ടുപോയി. ഇന്നലെയുടെ സിനിമകൾ വിസ്മൃതിയിലേക്ക് മടങ്ങി... ജീവിതഗന്ധിയായ ചിത്രങ്ങൾക്കു പകരം നായകന്റെ അതി മാനുഷികതയിലേക്ക് മാത്രം കേന്ദ്രീകരിച്ച് ചിത്രങ്ങൾ പുറത്തു വരാൻ തുടങ്ങി . അതൊരു നഷ്ടപ്പെടൽ ആയിരുന്നു... കുടുംബ സാമൂഹിക ബന്ധങ്ങളുടെ ഒരു നഷ്ടപ്പെടൽ.. ഇന്നലകളിൽ തിരശ്ശീലയിൽ നിറഞ്ഞാടിയ ഒത്തിരി ചിത്രങ്ങളുണ്ട്.. അവയിൽ മലയാളിക്ക് മറക്കാനാവാത്ത കുറച്ചു ചിത്രങ്ങളിലൂടെ ഒരു യാത്ര...
1 - അനുഭവങ്ങൾ പാളിച്ചകൾ (1971) നടൻ സത്യന്റെ മരണശേഷം ഒന്നരമാസം കഴിഞ്ഞ് 1971 ഓഗസ്റ്റ് ആറാം തീയതി പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. തകഴിയുടെ പ്രശസ്തമായ നോവലിന് തിരക്കഥ എഴുതിയത് തോപ്പിൽ ഭാസിയാണ്. സംവിധായകൻ കെ എസ് സേതുമാധവന്റെ മികച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ഈ ചിത്രം. കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിന്റെ കഥയാണ് തകഴി തന്റെ നോവലിലൂടെ പറയുന്നത്. കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ചെല്ലപ്പൻ (സത്യൻ). അയാളുടെ ഭാര്യ ഭവാനി( ഷീല) ഒരു തൊഴിലാളി സ്ത്രീയാണ്. ചെറിയ വർക്ക് കോൺട്രാക്ടുകൾ എടുത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന ഗോപാലൻ (നസീർ ) ചെല്ലപ്പന്റെ സുഹൃത്താണ്.
കൂലി കൂടുതൽ ചോദിച്ചതിന് ചെല്ലപ്പനോട് പണിക്ക് വരേണ്ടെന്ന് ചാക്കോ മുതലാളി പറയുന്നു. ഇതുപറഞ്ഞ് മുതലാളിയും ചെല്ലപ്പനും തമ്മിൽ വഴക്കാകുന്നു. ചെല്ലപ്പനെതിരെ പോലീസ് കേസെടുക്കുന്നു. പോലീസിന് പിടികൊടുക്കാതെ ചെല്ലപ്പൻ ഒളിവിൽ പോകുന്നു. ചെല്ലപ്പനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ ഭവാനിയുടെയും രണ്ടു മക്കളുടെയും ജീവിതം വഴി മുട്ടുന്നു. ഗോപാലന്റെ കൂടെയാണ് ഭവാനി പണിയെടുക്കുന്നത്. ഭാര്യ മരിച്ചുപോയ ഗോപാലന് ഭവാനിയെ ഇഷ്ടമാണ്. അയാളുടെ താൽപ്പര്യത്തെ ഭവാനി നിഷേധിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. ഒളിവിൽ കഴിയുന്നതിനിടെ നഗരത്തിലെ ഒരു തൊഴിലാളി പ്രകടനത്തിൽ പങ്കെടുക്കുന്ന ചെല്ലപ്പൻ അവിടെ നടന്ന സംഘർഷത്തിൽ ഇടപെടുന്നു. അതോടുകൂടി ചെല്ലപ്പൻ പോലീസ് പിടിയിലാവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്നു. ജയിൽ മോചിതനായ ചെല്ലപ്പൻ കുട്ടനാട്ടിൽ തിരിച്ചെത്തുന്നു. തിരിച്ചെത്തുന്ന ചെല്ലപ്പനെ കാത്തിരുന്നത് സ്വന്തം മകളുടെ മരണവാർത്തയായിരുന്നു. ഭാര്യയാണെങ്കിൽ ഗോപാലനൊപ്പവും. ആകെ തകർന്ന അയാൾ പട്ടണത്തിലേക്ക് തന്നെ മടങ്ങുന്നു. അവിടെവെച്ച് തൊഴിലാളി വിരുദ്ധനായ മുതലാളിയെ കൊലപ്പെടുത്തി ചെല്ലപ്പൻ പോലീസിന് കീഴടങ്ങുന്നു.
സത്യന്റെ മരണശേഷം ചിത്രീകരിച്ച കുറേ രംഗങ്ങൾ ഈ ചിത്രത്തിലുണ്ട്. "അഗ്നിപർവ്വതം പുകഞ്ഞു... " എന്ന ഗാനരംഗം സത്യൻ മരിച്ചതിനുശേഷം ആണ് ചിത്രീകരിച്ചത്. ചെല്ലപ്പൻ എന്ന കഥാപാത്രത്തിലൂടെ സത്യൻ ജീവിക്കുകയായിരുന്നു. തന്റെ രോഗാവസ്ഥ ആരെയും അറിയിക്കാതെ അവസാനശ്വാസം വരെ അഭിനയിച്ചു തീർക്കുകയായിരുന്നു ആ മഹാ നടൻ.
പരുക്കൻ കഥാപാത്രങ്ങളെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ സത്യനെ കഴിയൂ. 1971 ലെ ഏറ്റവും നല്ല നടനുള്ള പരിഗണനയിൽ അനുഭവങ്ങൾ പാളിച്ചുകളിലെ ചെല്ലപ്പൻ എന്ന കഥാപാത്രം കടന്നുവന്നില്ല എന്നത് നിർഭാഗ്യകരം തന്നെയാണ്. എന്നാൽ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് സത്യന് തന്നെയായിരുന്നു. കെ എസ് സേതുമാധവൻ തന്നെ സംവിധാനം ചെയ്ത "കരകാണാക്കടൽ " എന്ന ചിത്രത്തിലെ അഭിനയത്തിന് ആയിരുന്നു അവാർഡ്.
വയലാർ ദേവരാജൻ ടീമിന്റെ മനോഹരഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. " സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ.. " " പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ... " " അഗ്നിപർവ്വതം പുകഞ്ഞു ഭൂ ചക്രവാളങ്ങൾ ചുവന്നു... " ഇതിൽ ഏറ്റവും മനോഹരമായ എനിക്ക് തോന്നിയ ഗാനം " പ്രവാചകന്മാരെ പറയൂ " എന്നു തുടങ്ങുന്നതായിരുന്നു. ഈ ഗാനരംഗത്ത് സത്യന്റെ മുഖഭാവങ്ങൾ അത്ര ഗംഭീരം ആയിരുന്നു. ഒപ്പം തന്നെ എറണാകുളം നഗരത്തിന്റെ ചില പഴയകാല നേർചിത്രങ്ങൾ ഈ ഗാനരംഗത്ത് നമുക്ക് കാണാൻ സാധിക്കും. കറുപ്പിലും വെളുപ്പിലും തീർത്ത ഒരു മനോഹര ചിത്രം ആയിരുന്നു അനുഭവങ്ങൾ പാളിച്ചകൾ. സത്യൻ എന്ന നടൻ തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ശക്തി. സ്വന്തം മകളുടെ മരണവാർത്ത അറിഞ്ഞു കഴിയുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ.. താനെന്ന മഹാനടനെ അദ്ദേഹം ഒരിക്കൽ കൂടി മലയാളികൾക്ക് കാണിച്ചു തന്നു. ഈ അനുഭവങ്ങൾ കണ്ടു കഴിയുമ്പോൾ ഒരിക്കൽ പോലും പ്രേക്ഷകന് ഇതൊരു പാളിച്ചയായി തോന്നുകയില്ല. മറിച്ച് അതൊരു വിങ്ങലായി ഹൃദയത്തിൽ അവശേഷിക്കുമെന്ന കാര്യത്തിൽ സംശയവുമില്ല. അതും സത്യൻ എന്ന ആ വലിയ അഭിനേതാവിലൂടെ... കറുപ്പിലും വെളുപ്പിലും തീർത്ത ഈ ചിത്രം ഇന്നിന്റെ നിറങ്ങളുടെ ആഘോഷങ്ങളിൽ ഒരു പോരായ്മയായി നമുക്ക് തോന്നാം... എന്നാൽ ജീവിതം എന്തെന്ന് അറിയണമെങ്കിൽ ഈ കറുപ്പും വെളുപ്പും നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ.. കാരണം ഇങ്ങനെയൊരു ഇരുണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോന്നതെന്ന സത്യം നമുക്കൊരു തിരിച്ചറിവായി മാറും
തുടരും