14 - വെള്ളം ( 1985 )
എൻ എൻ പിഷാരടിയുടെ നോവലിനെ ആസ്പദമാക്കി, എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളം.
സംവിധായകൻ രാമു കാര്യാട്ടിന്റെ മരുമകൻ കൂടിയായ നടൻ ദേവൻ ആണ് ഈ ചിത്രം നിർമ്മിച്ചത്.
മലയാള സിനിമ ചരിത്രത്തിൽ അർഹിക്കുന്ന ഇടം കിട്ടാതെ പോയ ഒരു നല്ല ചിത്രമായിരുന്നു വെള്ളം. ആ കാലത്ത് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു പ്രേം നസീറും, മധുവും മുഖ്യ വേഷത്തിൽ എത്തിയ വെള്ളം എന്ന ഈ ചലച്ചിത്രം.
നിർമ്മാണ പ്രവർത്തനങ്ങളിൽ വന്ന കാലതാമസവും, പലയാവർത്തി മാറ്റിവെച്ച റിലീസിംഗും ചിത്രത്തെ പ്രതികൂലമായി തന്നെ ബാധിച്ചു.
എം ടി വാസുദേവൻ നായരുടെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് വെള്ളത്തിന്റെ തിരക്കഥ കൊമേഴ്സ്യൽ ചേരുവകൾ എല്ലാം ചേർന്നതായിരുന്നു. അത് അദ്ദേഹത്തിന്റെ ഒരു ചുവടുമാറ്റം ആയി കാണാൻ സാധിക്കുമോ എന്നറിയില്ല. പിന്നീട് വന്ന "അടിയൊഴുക്കുകൾ" പോലുള്ള ചിത്രങ്ങളിൽ ഈ മാറ്റത്തിന്റെ അടയാളപ്പെടുത്തലുകൾ നമുക്ക് കാണാൻ സാധിക്കും.
അന്നത്തെ കാലത്തെ ഒട്ടുമിക്ക നടീനടന്മാരും അഭിനയിച്ച ചിത്രമായിരുന്നു വെള്ളം. പ്രേം നസീർ, മധു,കെ ആർ വിജയ, മേനക,സത്താർ,ബാലൻ കെ നായർ,അടൂർ ഭാസി,ബഹദൂർ, സുകുമാരി, ആറന്മുള പൊന്നമ്മ, ജികെ പിള്ള അങ്ങനെ നീളുന്നു ആ താര നിര.
കവി മുല്ലനേഴിയുടെ വരികൾക്ക് ജി ദേവരാജൻ മാഷ് ആയിരുന്നു സംഗീതസംവിധാനം നിർവഹിച്ചത്.
"കോടനാടൻ മലയിലെ...... "
"സൗരയൂഥ പഥത്തിൽ ഏതോ..... "
തുടങ്ങിയ മനോഹരമായ ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ. ഇതിന്റെ പശ്ചാത്തല സംഗീത നിർവഹിച്ചത് ആകട്ടെ സലിം ചൗധരിയും.
ഈ ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ചവർ എല്ലാം കഴിവുറ്റവരായിരുന്നു. ഛായാഗ്രഹണം മെ ല്ലി ഇറാനിയും, കലാസംവിധാനം എസ് കൊന്നനാട്ടും നിർവഹിച്ചു.
ഇത്രയധികം പ്രതിഭകൾ അണിനിരന്നിട്ടും ബോക്സ് ഓഫീസിൽ ചിത്രം കാലിടറി വീണു. വൻ സാമ്പത്തിക ബാധ്യതയാണ് ചിത്രം വരുത്തിവെച്ചത്.
മധു അവതരിപ്പിക്കുന്ന മാത്തുണ്ണി എന്ന കഥാപാത്രമാണ് ഈ ചിത്രത്തിൽ മുന്നിൽ നിൽക്കുന്നത്. മധ്യതിരുവിതാംകൂറിൽ നിന്ന് കുടിയേറി, കൊടുംകാട് വെട്ടിതെളിച്ച്, വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തുന്ന മാത്തുണ്ണി എന്ന കഥാപാത്രത്തിലൂടെ വെള്ളത്തിന് ജീവൻ വയ്ക്കുന്നു.
കോവിലകത്തെ കണക്കെഴുത്തുകാരനായ കൃഷ്ണനുണ്ണി എന്ന കഥാപാത്രത്തെ പ്രേംനസീർ അവതരിപ്പിക്കുന്നു. ഇയാൾ മാത്തുക്കുട്ടിയുടെ സുഹൃത്താണ്. ഇവർ തമ്മിലുള്ള മത്സരിച്ചുള്ള ഒരു പിടി അഭിനയം മുഹൂർത്തങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.
അവസാന രംഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന വെള്ളപ്പൊക്കം അന്നത്തെ കാലത്ത് ഒരു അത്ഭുതം തന്നെയായിരുന്നു. വലിയൊരു കോവിലകം വെള്ളത്തിൽ മുങ്ങുന്നതൊക്കെ മനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാഫിക്സ് ഒന്നുമില്ലാത്ത കാലഘട്ടമാണെന്ന് ഓർക്കണം.
മലയാള സിനിമ ചരിത്രത്താളുകളിൽ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു ചിത്രം.... പക്ഷേ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി.
ചിലത് അങ്ങനെയാണ്..... കാലം കുറെ കടന്നുപോയി കഴിയുമ്പോൾ ആ മഹത്വം നാം തിരിച്ചറിയും. ഇന്ന് ഈ ചിത്രം കാണുമ്പോൾ ആ തിരിച്ചറിവ് നമ്മളിൽ പലർക്കും ഉണ്ടാകുന്നു.
തുടരും